অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൃക്കരോഗങ്ങള്‍

വൃക്കകള്‍

അതി സങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്‍ക്കും.
സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. ഒപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗീരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യും. രക്തം വൃക്കകളിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്.
ശരീരത്തിലെ ജലാംശത്തിന്‍െറ അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. കുടിക്കുന്ന വെള്ളത്തിന്‍െറ അളവിനനുസരിച്ച് മൂത്രം നേര്‍പ്പിക്കാനും കട്ടി കൂട്ടാനും വൃക്കകള്‍ക്കാകും. ശരീരത്തിലെ ലവണങ്ങളുടെ അളവ് ക്രമീകരിക്കുന്നതിലും വൃക്കകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഹാരത്തിലെ മത്സ്യത്തിന്‍െറ രാസപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന യൂറിയ, ക്രിയറ്റിനിന്‍ തുടങ്ങിയവയെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യുന്നതും വൃക്കകളാണ്. അമ്ള-ക്ഷാരങ്ങളുടെ അളവ് ക്രമീകരിക്കുന്നതും വൃക്കകളുടെ ജോലിയാണ്.
രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതിനാവശ്യമായ ഹോര്‍മോണുകള്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്‍ച്ചക്കും ആവശ്യമുള്ള ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനത്തിനും വൃക്കകള്‍ കൂടിയേ തീരൂ. എല്ലിന്‍െറയും പല്ലിന്‍െറയും വളര്‍ച്ചക്ക് ആവശ്യമായ വിറ്റാമിന്‍ ഡി വൃക്കയില്‍ വെച്ചാണ് കാര്യക്ഷമമാകുന്നത്.

വൃക്കരോഗങ്ങള്‍


ചെറിയ പ്രശ്നങ്ങളും പ്രയാസങ്ങളും വൃക്കകള്‍ കാര്യമാക്കാറില്ല. തകരാറുകള്‍ പരിഹരിക്കാന്‍ വൃക്കകള്‍ കഠിന ശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വീണ്ടും കുറയുമ്പോള്‍ ആണ് പ്രത്യക്ഷമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം അവസ്ഥയെ വൃക്ക പരാജയം എന്ന് പറയുന്നു. പ്രധാനമായും രണ്ട് തരത്തില്‍ വൃക്ക പരാജയം ഉണ്ടാകാം.
1) പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം.
2) സ്ഥായിയായ വൃക്ക പരാജയം.

പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം


ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, വൃക്കയിലുണ്ടാകുന്ന അണുബാധ, പാമ്പുകടി, തേനീച്ചക്കുത്ത്, വിഷമദ്യം തുടങ്ങിയ കാരണങ്ങളാല്‍ വൃക്കകളുടെ പ്രവര്‍ത്തനക്ഷമത പൊടുന്നനെ കുറയുന്ന അവസ്ഥയാണിത്.

സ്ഥായിയായ പരാജയം


അമിത രക്ത സമ്മര്‍ദം, അനിയന്ത്രിതമായ പ്രമേഹം, കൊളസ്ട്രോള്‍, മദ്യപാനം, മാംസാഹാരത്തിന്‍െറ അമിതോപയോഗം, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയ ഘടകങ്ങളാല്‍ കാലക്രമേണ വൃക്കകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതെ ആയിത്തീരുന്ന അവസ്ഥയാണ് സ്ഥായിയായ വൃക്കപരാജയം.
* ജനിതകപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍
* വൃക്കകളിലെ മുഴകള്‍
* വലുപ്പമേറിയ ഗര്‍ഭാശയ മുഴകള്‍
* പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ചമൂലം ഉണ്ടാകുന്ന വൃക്കകളിലെ പ്രവര്‍ത്തന തടസ്സങ്ങള്‍.
* കുട്ടികളിലെ തുടര്‍ച്ചയായ കരപ്പന്‍
* തുടര്‍ച്ചയായ അണുബാധകള്‍
ഇവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി വൃക്ക പരാജയത്തിനിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയോടെ കാണേണ്ടതാണ്.

പ്രാരംഭലക്ഷണങ്ങള്‍


ശരീരത്തിലെ ജലാംശം നമ്മുടെ ആവശ്യമനുസരിച്ച് ക്രമപ്പെടുത്താനുള്ള വൃക്കകളുടെ കഴിവ് നഷ്ടമാകുന്നതോടുകൂടി രാത്രികാലങ്ങളില്‍ കൂടെകൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. കൂടാതെ മൂത്രം കൂടുതലായി പതയുക, വായും നാവും വരളുക, വിളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദി ഇവയും ആരംഭത്തില്‍ ഉണ്ടാകാം.

ശരീരത്തിലെ നീര്‍ക്കെട്ട്

അടുത്ത ഘട്ടത്തില്‍ ലവണങ്ങളെ ക്രമപ്പെടുത്താനുള്ള കഴിവുകളും ജലാംശം പുറന്തള്ളാനുള്ള കഴിവും വൃക്കകള്‍ക്ക് നഷ്ടമാകും. ഉപ്പ് ശരീരത്തില്‍ തങ്ങി നില്‍ക്കാനും മൂത്രത്തിന്‍െറ അളവ് കുറയാനും ഇതിനിടയാക്കും. തുടര്‍ന്ന് ശരീരത്തില്‍ കണ്ണിന് ചുറ്റും കണങ്കാലുകളിലും ദേഹത്ത് പല ഭാഗങ്ങളിലുമായി നീര്‍ക്കെട്ടുണ്ടാകും.

ശ്വാസം മുട്ടല്‍

വൃക്കത്തകരാറുകള്‍ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടികിടക്കാന്‍ ഇടയാക്കും. ഇത് ശ്വാസകോശത്തിന്‍െറ ഓക്സിജന്‍ സ്വീകരിക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്ത് വിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മൂത്രത്തിലൂടെ മാംസ്യം നഷ്ടപ്പെടുന്നത് കൂടുന്തോറും നീര് കൂടുതലാകും. നീര് ശ്വാസകോശത്തെ ബാധിക്കുന്നതോട് കൂടി ശ്വാസം മുട്ടല്‍ അനുഭവപ്പെടും.

അസ്ഥി രോഗങ്ങള്‍ കൂടുന്നു

വൃക്കത്തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ പൊള്ളയാവുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്കിത് വഴിവെക്കും.

ഹൃദ്രോഗം

ഹൃദയത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഹൃദയധമനികളില്‍ കൊഴുപ്പും മറ്റും അടിയുന്ന അവസ്ഥ വൃക്കരോഗമുള്ളവരില്‍ കൂടുതലായിരിക്കും. വൃക്കരോഗികളില്‍ ധമനികളുടെ ഉള്ളിലെ പാളികള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടാകുന്നതോടൊപ്പം ധമനികള്‍ക്ക് വഴക്കവും, മൃദുലതയും നഷ്ടമാകുന്നു. ധമനികളുടെ ജരിതാവസ്ഥ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ ധമനികള്‍ കൂടുതല്‍ ഇടുങ്ങിയതും കട്ടിയുള്ളതുമായി മാറിയിട്ടുണ്ടാകും.

ചര്‍മ്മം വരളുന്നു

വിളറിയ വരണ്ട ചര്‍മ്മം, ചാരനിറം, രക്തം കെട്ടി നില്‍ക്കുന്ന പാടുകള്‍, ചൊറിയുമ്പോള്‍ പാടുകള്‍ ഇവ വൃക്കത്തകരാറുകള്‍ ഉള്ളവരില്‍ കാണാറുണ്ട്. കൈകള്‍, നാക്ക്, കണ്‍പോളകളുടെ ഉള്‍വശം തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ വിളര്‍ച്ച കാണപ്പെടും. വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകാറുമുണ്ട്.

വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം


* രക്ത സമ്മര്‍ദം, പ്രമേഹം ഇവ കര്‍ശനമായും നിയന്ത്രിച്ച് നിര്‍ത്തുക.
* പാരമ്പര്യവും വൃക്ക രോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. രക്ത ബന്ധമുള്ളവര്‍ക്ക് വൃക്ക രോഗമുണ്ടെങ്കില്‍ വൃക്ക പരിശോധന അനിവാര്യമാണ്.
* കൊഴുപ്പ്, ഉപ്പ്, ഫാസ്റ്റ് ഫുഡുകള്‍ ഇവ പരമാവധി കുറയ്ക്കുക.
* പുകവലി, മദ്യം, ലഹരി വസ്തുക്കള്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കുക.
ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹപാനം, അവഗാഹം, പിണ്ഡസ്വേദം, ഉപനാഗം തുടങ്ങിയ വിശേഷ ചികിത്സകളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഏകനായകം, കോവല്‍വേര്, തേറ്റാമ്പരല്‍, നീര്‍മരുത്, ഞെരിഞ്ഞില്‍, നീര്‍മാതളവേര്, തെച്ചിവേര്, ചെറൂള, മുരിക്കിന്‍തൊലി, ത്രിഫല, വയല്‍ച്ചുള്ളി, അമൃത്, കരിങ്ങാലി, പാച്ചോറ്റി തുടങ്ങിയവ വൃക്കകള്‍ക്ക് കരുത്തേകുന്ന ഒൗഷധികളില്‍പ്പെടുന്നു.

കടപ്പാട് : ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

ഇന്ന് ആരോഗ്യരംഗത്ത് വ്യാപകമായി ചര്‍ച്ചചെയ്തുവരുന്നത് ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചാണ്. പ്രമേഹം, കൊളസ്ട്രാള്‍, രക്തസമ്മര്‍ദ്ദം തുടങ്ങി നാം ജീവതശൈലീ രോഗങ്ങെളെന്ന കരുതുന്ന രോഗങ്ങളുടെ കൂടെ പലപ്പോഴും വൃക്കരോഗങ്ങള്‍ കാണാറില്ല. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇന്ന് സമൂഹത്തില്‍ ഭയാനകമായ തോതില്‍ വര്‍ധിച്ചു വരുന്ന വൃക്കരോഗങ്ങളുടെ പിറകില്‍ വില്ലനായി നില്‍ക്കുന്നത് നമ്മുടെ ജീവിതശൈലിതന്നെയാണെന്ന് കാണാം. ഏതൊരു രോഗത്തെയും വൈദ്യശാസ്ത്രം നേരിടേണ്ടത് രോഗകാരണം കണ്ടത്തെി അവ തിരുത്തികൊണ്ടുള്ള ചികിത്സയിലൂടെയാണ്.

വൃക്കരോഗങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടോ നമ്മുടെ നാട്ടിലെ പ്രധാന ചികിത്സാശാസ്ത്രങ്ങളൊന്നും അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. മറിച്ച് രോഗികള്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ആരോഗ്യ വിദഗ്ധരും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വൃക്കകളെ നശിപ്പിക്കുന്നതില്‍ രാസവസ്തുക്കള്‍ക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ക്കറിയാം. പക്ഷെ എന്തുകൊണ്ടോ അത്തരം ഒരു ബോധവല്‍ക്കരണം നാട്ടില്‍ നടക്കുന്നില്ല.

ഗള്‍ഫിന്‍െറ സ്വാധീനം മൂലം ഭക്ഷണസംസ്കാരത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ എത്തുന്ന റെഡിമെയ്ഡ് ഭക്ഷണ വസ്തുക്കളാണ് ഇന്ന് നമ്മൂടെ തീന്‍മേശകളില്‍ അധികവുമത്തെുന്നത്. മദ്യത്തില്‍ ഒരു തരത്തിലുള്ള രാസനിറങ്ങളും ചേര്‍ക്കാന്‍ പാടില്ല എന്നു നിയമമുള്ള നമ്മുടെ നാട്ടില്‍ പിഞ്ചുകുട്ടികളുടെ ഭക്ഷണത്തില്‍ പോലും രാസനിര്‍മ്മിതമായ നിറങ്ങളും മണങ്ങളും രുചികളും ചേര്‍ക്കാനനുവദിക്കുന്നു.

അതിഥികള്‍ക്ക് കുടിക്കാന്‍ സംഭാരവും കഞ്ഞിവെള്ളവും ചായയും കാപ്പിയും കൊടുത്തിരുന്ന സംസ്കാരത്തില്‍ നിന്ന് മാറി നമ്മളിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത പാനീയങ്ങള്‍ കൊടുത്താണ് അവരെ സല്‍ക്കരിക്കുന്നത്. ഓരോ അതിഥിയോടൊപ്പവും വീട്ടിലെ കുട്ടികളും ഈ പാനീയം കുടിക്കുന്നു. ആഘോഷദിനങ്ങളില്‍ വെല്‍ക്കം ഡ്രിംഗ് എന്ന പേരില്‍ കലക്കിവക്കുന്ന രാസ കളറുവെള്ളത്തില്‍ പ്രധാനഭാഗവും കുടിച്ചുതീര്‍ക്കുന്നത് കുട്ടികള്‍ തന്നെ.

ബേക്കറിപലഹാരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കറുപ്പും ചുവപ്പും മഞ്ഞയുമൊക്കെയായി വിവിധ നിറങ്ങളും രുചികളും മണങ്ങളുമായി നമ്മുടെ മുന്നിലത്തെുന്ന ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് രാസവസ്തുക്കളുടെ സഹായത്താലാണ്. മുന്‍തലമുറയില്‍ വല്ലപ്പോഴും അല്പം മാത്രമായി കിട്ടിയിരുന്ന ഈ രാസപലഹാരങ്ങളെല്ലാം പുതിയ തലമുറക്ക്് ഒരു പ്രധാന ആഹാരമായി തീര്‍ന്നിരിക്കുന്നു. 
ഇത്തരം രാവസ്തുക്കള്‍ നാം അറിഞ്ഞുകൊണ്ട് കഴിക്കുമ്പോള്‍ അറിയാതെയും ചില രാസവസ്തുക്കള്‍ അകത്താക്കുന്നുണ്ട്. കുടിവെള്ളത്തില്‍ ബാക്ടീരിയകളും മറ്റു രോഗാണുക്കളും വരുന്നതിനെക്കുറിച്ച് നാട്ടുകാര്‍ക്കറിയാം. പക്ഷെ രാസവസ്തുക്കള്‍ എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള അറിവുകള്‍ വേണ്ടത്രയില്ല. അടുത്തകാലം വരെ വസ്ത്രം കഴുകാന്‍ സോപ്പുപയോഗിച്ചിരുന്ന നമ്മളിന്ന് പകരം രാസനിര്‍മ്മിതമായ പൊടികള്‍ ഉപയോഗിക്കുന്നു. വാഷിങ്ങ് മിഷീനിലും അല്ലാതെയും വസ്ത്രം കഴുകാന്‍ ഉപയോഗിച്ച ഈ രാസവെള്ളം മുറ്റത്തൊഴിക്കുകയും അവ മഴവെള്ളത്തോടൊപ്പം കിണറ്റിലെ കുടിവെള്ളത്തിലേക്കത്തെിച്ചേരുകയും ചെയ്യുന്നു.

സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തിലും രാസവസ്തുക്കളുണ്ട്. സര്‍ക്കാരിന്‍്റെ കുടിവെള്ള ശ്രോതസ്സ് പുഴകളാണ്. വേനല്‍ക്കാലത്ത് പുഴയോരങ്ങളില്‍ പച്ചക്കറികൃഷി പതിവാണ്. ഇവിടെ രാസവളങ്ങളും കീടനാശിനികളും വാരിവിതറുന്നു. അതും ഒഴുകിയത്തെുന്നത് കുടിവെള്ളത്തിലേക്കാണ്

ചാരവും ചകിരിയുമപയോഗിച്ച് പാത്രങ്ങള്‍ വൃത്തിയാക്കിയിരുന്ന നമ്മളിന്ന് രാസവസ്തുക്കള്‍ ഉപയോഗിച്ച് പാത്രങ്ങല്‍ കഴുകുന്നു. അണുക്കളോടുള്ള ഭയത്തിലുപരി പരസ്യക്കാരന്‍്റെ വഞ്ചനയും ഇതിന് പ്രേരകമാകുന്നു. ലിക്വിഡും ബാറും ഉപയോഗിച്ച് പാത്രം കഴുകുമ്പോള്‍ എത്ര കഴുകിയാലും ചെറിയൊരു ഭാഗം പാത്രത്തിലവശേഷിക്കുന്നുണ്ടെന്നും അത് ഭക്ഷണത്തോടൊപ്പം വയറ്റിലത്തെുന്നു എന്നും ഇവരറിയുന്നില്ല.

ഇതിനെല്ലാം പുറമെയാണ് വേദനാ സംഹാരികളും മറ്റുമരുന്നുകളും വൃക്കകള്‍ക്ക് വരുത്തുന്ന ക്ഷതങ്ങള്‍. പ്രമേഹം രക്തസമ്മര്‍ദ്ദം പോലുള്ള സ്ഥായീ രോഗങ്ങള്‍ വൃക്കകളെ കേടുവരുത്തും എന്നതുപോലെ അതിനു കഴിക്കുന്ന മരുന്നുകളും വൃക്കകളെ നശിപ്പിക്കും. രോഗചികിത്സയുടെ ഭാഗമായിട്ടു മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിന്‍്റെ പേരില്‍ കഴിക്കുന്ന മരുന്നുകളും വൃക്കകളെ നശിപ്പിക്കും.
ചെറിയ ജലദോഷത്തിനും തുമ്മലിനുമെല്ലാം നിരവധി മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന പിഞ്ചുകുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ വൃക്കകള്‍ക്ക് താങ്ങാവുന്നതിലുമധികം രാസവസ്തുക്കള്‍ അകത്താക്കുന്നു. അങ്ങനെ ജീവന്‍ രക്ഷിക്കാനായുള്ള ചികിത്സതന്നെ ജീവനു ഭീക്ഷണിയായിത്തീരുന്നു.

ചുരുങ്ങിയത് നാല് ആയുസ്സെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അവയവങ്ങളാണ് വൃക്കകള്‍. ഏത് വിഷമഘട്ടത്തെയും അതിജീവിക്കാനുള്ള കരുത്തുള്ള വൃക്കകളുമായാണ് നാം ജനിക്കുന്നത്. ഒരു വൃക്കകൊണ്ടുതന്നെ ഒരായുസ്സ് മുഴുവനും ജീവിക്കാമെന്നിരിക്കെയാണ് രണ്ടു വൃക്കകളുമുണ്ടായിരുന്നിട്ടും ഒരായുസ്സിന്‍െറ പാതി വഴിയില്‍വച്ചോ അതിനുമുമ്പോ രണ്ടു വൃക്കകളും നശിച്ച് ഒരാള്‍ രോഗിയായി മാറുന്നത്.

വൃക്കകളുടെ ജോലി രക്തത്തെ ശുദ്ധീകരിച്ചു കൊണ്ടിരിക്കലാണ്. അതിനായി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തശുദ്ധീകരണത്തിനായുള്ള അരിക്കല്‍ വൃക്കകളുടെ അരിപ്പകള്‍ക്ക് താങ്ങാവുന്നതിലും കൂടുതലായാല്‍ പിന്നെ അതിന് ക്ഷീണം സംഭവിക്കും. ഇക്കാര്യത്തില്‍ ഏറെ ജോലിഭാരം ഉണ്ടാക്കുന്നത് രാസമാലിന്യങ്ങളാണ്.

ആധുനിക ജീവിതചര്യയുടെ ഭാഗമായി നിരവധി മാര്‍ഗങ്ങളിലൂടെ രക്തത്തിലേക്ക് രാസവസ്തുക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു. രാവസ്തുക്കള്‍ പുറം തള്ളുന്ന ജോലി വൃക്കകളുടേതാണ്. ഭക്ഷണത്തിലൂടെയും മരുന്നുകളിലൂടെയും നിരന്തരം ശരീരത്തിനുള്ളിലത്തെുന്ന രാസവസ്തുക്കള്‍ വൃക്കകളെ സംബന്ധിച്ചേടത്തോളം നിശ്ശബ്ദ കൊലയാളികളാണ്. അതുകൊണ്ടുതന്നെ ഭക്ഷണമായാലും മരുന്നുകളായാലും അവ കഴിക്കുന്നതിന് മുമ്പായി നാം ഇത്തരം കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

രാസമാലിന്യങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ശരീരത്തിന് ഹിതകരമായ ആഹാരം മാത്രം കഴിക്കുകയും നിത്യജീവത്തില്‍ നിന്ന് കഴിയുന്നത്ര രാസവസ്തുക്കളെ പടിക്ക് പുറത്ത് നിര്‍ത്തുകയും നിസാര രോഗങ്ങള്‍ക്ക് പോലും മരുന്നുകള്‍ കഴിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ജീവന്‍റ കാവലാളായ വൃക്കകളെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുകയുള്ളു.

(ലേഖകന്‍ തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ നേച്വറല്‍ ഹൈജീനിസ്റ്റാണ്)

അവസാനം പരിഷ്കരിച്ചത് : 7/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate