অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അസ്ഥിക്ഷയം

അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോ പോറോസിസ്. ‘സുഷിരമുള്ള എല്ലുകള്‍ ഉള്ള അവസ്ഥ’ എന്നാണ് ഓസ്റ്റിയോ പോറോസിസ് എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. ആരോഗ്യാവസ്ഥയില്‍ എല്ലുകളുടെ സുഷിരങ്ങള്‍ ചെറുതും ഭിത്തികള്‍ കട്ടിയുള്ളവയുമാണ്. എന്നാല്‍, അസ്ഥിക്ഷയം ബാധിക്കുന്നതോടെ സുഷിരങ്ങള്‍ വലുതായി ഭിത്തികളുടെ കനം കുറയും. എല്ലുകളുടെ കരുത്തും സാന്ദ്രതയും കുറയുന്നതിനത്തെുടര്‍ന്ന് വളരെ പെട്ടെന്ന് അസ്ഥികള്‍ ഒടിയുന്നതാണ് പ്രധാന രോഗലക്ഷണം. അസ്ഥി ക്ഷയം ഗുരുതരമാകുന്നതോടെ ചെറിയ ക്ഷതങ്ങള്‍പോലും സങ്കീര്‍ണമായ ഒടിവുകള്‍ക്കിടയാക്കും.

അസ്ഥിക്ഷയം ഉണ്ടാകുന്നതെങ്ങനെ?


അനേകകോടി കോശങ്ങള്‍കൊണ്ട് നിര്‍മിതമാണ് അസ്ഥികള്‍. മാംസ്യം, കാല്‍സ്യം,ഫോസ്ഫേറ്റ് എന്നീ ധാതുക്കള്‍, എല്ലുകളുടെ നിര്‍മാണത്തിന് സഹായകമാകുന്ന കോശങ്ങള്‍ (osteoblast), പഴയ അസ്ഥികോശങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന കോശങ്ങള്‍ (osteoclast) എന്നീ ഘടകങ്ങളാണ് അസ്ഥികോശങ്ങളെ ബലവും വഴക്കമുള്ളതാക്കി ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്. പുതിയ അസ്ഥികോശങ്ങള്‍ ഉണ്ടാവുകയും പഴയവയെ ആഗിരണം ചെയ്യുന്നതുമായ പ്രക്രിയകള്‍ ജീവിതത്തിലുടനീളം ശരീരത്തില്‍ നടക്കുന്നുണ്ട്. അസ്ഥികോശങ്ങളുടെ രൂപവത്കരണവും വിനാശവും വിവിധ ഹോര്‍മോണുകളുടെയും ജീവകം ‘ഡി’യുടെയും നിയന്ത്രണത്തിലാണ്. സാധാരണഗതിയില്‍ ഇത് തുലനാവസ്ഥയിലുമാണ്.
സ്ത്രീകളിലും പുരുഷന്മാരിലും അസ്ഥികള്‍ അതിന്‍െറ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത് 20/ 25 വയസ്സിലാണ്. അസ്ഥികളുടെ സാന്ദ്രത ഈ അവസരത്തില്‍ ഏറ്റവും കൂടുതലായിരിക്കും. ഈ അവസ്ഥ പത്തു വര്‍ഷത്തോളം തുടരാറുണ്ട്. എന്നാല്‍ തുടര്‍ന്ന് 0.3 ശതമാനം മുതല്‍ 0.5 വരെ അസ്ഥിക്ഷയം ആരംഭിക്കുന്നു. വിവിധ കാരണങ്ങളാല്‍ അസ്ഥി കോശങ്ങളുടെ ആഗിരണത്തിന് കാരണമാകുന്ന കോശങ്ങളുടെ പ്രവര്‍ത്തനം അധികരിക്കുമ്പോഴാണ് അസ്ഥിക്ഷയം ഉണ്ടാകുന്നത്.

അസ്ഥിക്ഷയം സാധ്യത ആര്ക്കൊക്കെ?


* പാരമ്പര്യമായി അസ്ഥിക്ഷയം ഉള്ളവര്‍
* പ്രായാധിക്യം
* സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറയും പുരുഷന്മാരില്‍ ടെസ്റ്റിസ്റ്റിറോണിന്‍െറയും കുറവ് വന്നാല്‍.
* ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം.
* ചെറുപ്പത്തില്‍ എല്ലിന് ഗുണകരമായ ഭക്ഷണം കഴിക്കാത്തവര്‍.
* പുകവലി, മദ്യപാനം ഇവ ശീലമാക്കിയവര്‍
* പോഷകക്കുറവ് ഉള്ളവര്‍
* ശരീരഭാരം വളരെ കൂടുതലലോ തീരെ കുറവോ ഉള്ളവര്‍
* അലസമായ ജീവിതശൈലി സ്വീകരിച്ചവര്‍.

തുടങ്ങിയവരില്‍ അസ്ഥിക്ഷയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
സത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് അസ്ഥിക്ഷയം കൂടുതലായി കാണുന്നത്. താമസിച്ച് ആര്‍ത്തവം ആരംഭിച്ചവര്‍, ഗര്‍ഭാശയവും അണ്ഡാശയങ്ങളും നീക്കം ചെയ്യുകയോ നേരത്തെ ആര്‍ത്തവ വിരാമത്തിലത്തെുകയോ ചെയ്തവര്‍, കൂടുതല്‍ തവണ ഗര്‍ഭം ധരിച്ചവര്‍ തുടങ്ങിയവരില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറ അപര്യാപ്തത അസ്ഥിക്ഷയത്തിനിടയാക്കും. ആര്‍ത്തവ വിരമത്തെ തുടര്‍ന്നുള്ള 5/7 വര്‍ഷങ്ങളില്‍ അസ്ഥിക്ഷയം മൂന്നു മുതല്‍ അഞ്ചു ശതമാനം എന്ന തോതില്‍ അധികരിക്കാറുണ്ട്.

ലക്ഷണങ്ങള്പ്രകടമല്ല
അസ്ഥിക്ഷയം വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ പ്രകടമാക്കാറില്ല. കൈകാലുകള്‍ ചെറുതായി തട്ടുകയോ മടങ്ങുകയോ ചെയ്യുക, ഭാരം ഉയര്‍ത്തുക തുടങ്ങിയ ലഘുവായ ആഘാതങ്ങളില്‍ എല്ലുകള്‍ക്കുണ്ടാകുന്ന ഒടിവുകളാണ് രോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. നട്ടെല്ലിനുണ്ടാകുന്ന ചെറിയ ഒടിവുകള്‍ നടുവേദനക്കും പൊക്കക്കുറവിനും കാരണമാകാറുണ്ട്. നെഞ്ചിന്‍ കൂടിന് പൊട്ടലുണ്ടാകുന്ന ഘട്ടത്തില്‍ ശ്വാസതടസ്സം ഉണ്ടാകും. ഇടുപ്പെല്ല്, തുടയെല്ല്, കൈക്കുഴ തുടങ്ങിയ ഭാഗങ്ങളിലും അസ്ഥിക്ഷയം മൂലം പൊട്ടലുണ്ടാകാറുണ്ട്. വയര്‍ ചാടല്‍, കൂന്, മുടികൊഴിയല്‍, പല്ലിളകിക്കൊഴിയല്‍ തുടങ്ങിയവയും അസ്ഥിക്ഷയവുമായി ബന്ധപ്പെട്ട് വരാറുണ്ട്.

വാര്ധക്യം കരുതലോടെ....
അസ്ഥി കോശങ്ങളുടെ നിര്‍മാണത്തേക്കാള്‍ കോശനാശമാണ് വാര്‍ധക്യത്തില്‍ ഉണ്ടാവുക. എല്ലുകളുടെ കട്ടി ഈ ഘട്ടത്തില്‍ കുറവായിരിക്കും. പ്രായമാകുന്തോറും തലച്ചോറ്, നാഡികള്‍, പേശികള്‍ ഇവയുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതോടൊപ്പം അവയുടെ ഏകോപന പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും കുറയുന്നതിനാല്‍ ശരീരത്തിന്‍െറ ബാലന്‍സ് നഷ്ടപ്പെട്ട് വീഴ്ചകള്‍ക്കും ഒടിവുകള്‍ക്കും ഇടയാക്കാറുണ്ട്. പര്‍ക്കിന്‍സണ്‍ രോഗം, പക്ഷാഘാതം, പ്രമേഹം നാഡികളെ ബാധിക്കുക, മറവി, കാഴ്ചക്കുറവ്, കേള്‍വിക്കുറവ് ഇവയൊക്കെ വീഴ്ചകള്‍ക്കിടയാക്കാറുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണ്ടതാണ്.

പ്രതിരോധം നേരത്തേ...
അസ്ഥിക്ഷയത്തെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗം ബാല്യം മുതല്‍ വേണ്ടത്ര ശ്രദ്ധ നല്‍കി 18/25 വയസ്സിനുള്ളില്‍ പരമാവധി അസ്ഥി സാന്ദ്രത നേടുക എന്നതാണ്. ബാല്യത്തിലും കൗമാരത്തിലും അസ്ഥികോശങ്ങളുടെ രൂപവത്കരണത്തിനാവശ്യമായ കോശങ്ങളുടെ പ്രവര്‍ത്തനം നശീകരണത്തിനുള്ള കോശങ്ങളേക്കാള്‍ സജീവമാണ്. ഈ ഘട്ടത്തില്‍ എല്ലിന് ഗുണകരമായ ഭക്ഷണങ്ങളും, വ്യായാമവും ശീലമാക്കുന്നതിലൂടെ അസ്ഥികളുടെ സാന്ദ്രത പരമാവധിയില്‍ എത്തിക്കാനാകും. ഒപ്പം മിതതായി സൂര്യപ്രകാശമേല്‍ക്കുന്ന തരത്തില്‍ വീടിന് പുറത്ത് കളികളില്‍ ഏര്‍പ്പെടുകയും വേണം. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ ചര്‍മത്തിലാണ് ജീവകം ‘ഡി’ ഉല്‍പാദിപ്പിക്കുന്നത്. മത്സ്യം, മുട്ട തുടങ്ങിയവയിലും ജീവകം ‘ഡി’ സമൃദ്ധമായുണ്ട്.

എല്ലിന് പോഷക ഭക്ഷണം അനിവാര്യം


എല്ലിന്‍െറ വളര്‍ച്ചക്കും ആരോഗ്യത്തിനും എള്ള്, എള്ളെണ്ണ, കൂവരക്, മത്തപ്പൂവ്, മത്തനില, മോര്, പാല്‍, തൈര്, തേങ്ങ, ചൂട, വാള, മത്തി, തവിട് കളയാത്ത അരി, പയര്‍ വര്‍ഗങ്ങള്‍, മുരിങ്ങക്ക, ചീര, മുരിങ്ങയില, ചേന, ചേമ്പ്, കാച്ചില്‍ ഇവ ഭക്ഷണത്തില്‍പ്പെടുത്തണം.

ഉപ്പ്, ഉപ്പിലിട്ടത്, കൃത്രിമ പാനീയങ്ങള്‍ ഇവ പരിമിതപ്പെടുത്തണം.

വ്യായാമം അസ്ഥിക്ഷയം തടയും
ബാല്യം മുതല്‍ വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് അസ്ഥിക്ഷയത്തെ ഫലപ്രദമായി തടയും. അസ്ഥി നിര്‍മാണ കോശങ്ങളുടെ പ്രവര്‍ത്തനത്തെ വ്യായാമം മെച്ചപ്പെടുത്തും. വ്യായാമം ശരീര ചലനങ്ങള്‍ അനായാസകരമാക്കുന്നത് വീഴ്ചയെ തടയും. ചെറിയ ഭാരം ചുമന്നുള്ള നടത്തം, വേഗത്തിലുള്ള നടത്തം, ഓട്ടം, ചാട്ടം ഇവ ചെറുപ്പത്തിലേ ശീലമാക്കണം.

പുകവലി, മദ്യപാനം ഇവ ഒഴിവാക്കാം
പുകവലി, മദ്യപാനം ഇവ അസ്ഥിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പുകവലി കാത്സ്യത്തിന്‍െറ ആഗീകരണത്തെ തടസ്സപ്പെടുത്തുകയും അസ്ഥികളെ സംരക്ഷിക്കുന്ന ഹോര്‍മോണുകളുടെ അളവിനെ കുറയ്ക്കുകയും ചെയ്യും. പുകയില ഉപയോഗിക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെ എത്തും.
മദ്യപാനികളില്‍ പോഷകാഹാരക്കുറവിനെ തുടര്‍ന്ന് കാത്സ്യം, ജീവകം ‘ഡി’, ഇവയുടെ അഭാവം ഉണ്ടാകും. പുകവലി, മദ്യപാനം ഇവ ഒഴിവാക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് അനിവാര്യമാണ്.

ചികിത്സ

അസ്ഥികോശങ്ങളുടെ ജീര്‍ണത തടയുക, അസ്ഥികളുടെ കട്ടികൂടുക, അസ്ഥിക്ഷയം പ്രതിരോധിക്കുക, അസ്ഥികളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയവക്കുള്ള ഒൗഷധങ്ങളാണ് ആയുര്‍വേദം പ്രധാനമായും നല്‍കാറുള്ളത്. ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹനം, സ്വേദനം, പിചു തുടങ്ങിയ വിശേഷ ചികിത്സകളും നല്‍കാറുണ്ട്. ധന്വന്തരം, തൈലം, ധന്വന്തരം കുഴമ്പ്, മുറിവെണ്ണ ഇവയിലൊന്ന് പുറമെ പുരട്ടുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. എള്ള്, പാച്ചോറ്റി, മുരള്‍,കട്ഫലം, കുറുന്തോട്ടി, കുമ്പിള്‍, അമുക്കുരം, പാടക്കിഴങ്ങ്, മുക്കൂറ്റി, ഇരട്ടിമധുരം, മൂവില, ഇലവിന്‍പശ, താതിരിപ്പൂവ് ഇവ അസ്ഥികള്‍ക്ക് കരുത്തേകുന്ന ഒൗഷധികളില്‍പ്പെടുന്നു.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate