അപ്പന്‍ഡിസൈറ്റിസ്
അപ്പന്‍ഡിക്സിനുണ്ടാകുന്ന വീക്കമാണ് അപ്പന്‍ഡിസൈറ്റിസ് എന്ന് അറിയപ്പെടുന്നത്. വന്‍കുടലിനോട് ചേര്‍ന്ന് വിരലിന്റെ ആകൃതിയില്‍ സഞ്ചി പോലെ കാണപ്പെടുന്ന അവയവമാണ് അപ്പന്‍ഡിക്സ്. ശരാശരി 10 സെ.മീ. നീളമുണ്ടാകും.
അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണങ്ങള്‍ പലരിലും പലതായിരിക്കും. പ്രായമായവരുലും കൊച്ചുകുട്ടികളിലും ഗര്‍ഭിണികളിലും ഈ രോഗം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. നാഭിക്ക് ചുറ്റും വേദനയാണ് സാധാരണ കാണുന്ന ആദ്യ ലക്ഷണം. ആദ്യം വേദന അവ്യക്തമായിരിക്കും. പക്ഷേ പിന്നീടിത് തീവ്രമാകും. വിശപ്പു കുറയും. ഓക്കാനവും ചര്‍ദ്ദിയുമുണ്ടാകും. നേരിയ പനിയും അനുഭവപ്പെടും.
വീക്കം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വേദന വയറിന്റെ താഴെ വലതുഭാഗത്തായി കൃത്യം അപ്പന്‍ഡിക്സിന്റെ മുകള്‍ഭാഗത്തായി(മക്ബര്‍ണീസ് പോയന്റ്) കേന്ദ്രീകരിക്കും. വീക്കം വര്‍ദ്ധിച്ച് അപ്പന്‍ഡിക്സ് പൊട്ടിയാല്‍ വേദന കുറഞ്ഞതായി അനുഭവപ്പെടും. പക്ഷേ ഇത് പെരിറ്റോണൈറ്റിസിന്( വയറ്റിലെ പെരിറ്റോണിയം എന്ന സ്ഥരത്തിന് വീക്കമുണ്ടാകുന്ന അവസ്ഥ) കാരണമായാല്‍ വേദന കൂടുകയും വ്യക്തി രോഗിയാവുകയും ചെയ്യും.
നടക്കുമ്പോഴും ചുമക്കുമ്പോഴും വയറ് വേദന വര്‍ദ്ധിക്കും. ചെറു ചലനം പോലും വേദനയുണ്ടാക്കുന്നതുമൂലം രോഗി എപ്പോഴും കിടക്കാന്‍ ഇഷ്ടപ്പെടും. പിന്നീട് ഉണ്ടാകുന്ന ലക്ഷണങ്ങള്‍
.പനി
.വിശപ്പില്ലായ്മ
.ഓക്കാനം
.ചര്‍ദ്ദി
.മലബന്ധം
.വയറിളക്കം
. കുളിരും വിറയലും
സങ്കീര്‍ണ്ണതകള്‍
.പെരിറ്റോണൈറ്റിസ്
.അണുബാധമൂലം വയറ്റിലുണ്ടാകുന്ന പഴുപ്പ്
.ഫിസ്റ്റുല
.മുറിവില്‍ അണുബാധ
ഡോക്ടറെ കാണേണ്ടതെപ്പോള്
വയറിന്റെ വലതുഭാഗത്ത് താഴെ വേദനയോ അപ്പന്‍ഡിസൈറ്റിസിന്റെ മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെട്ടാലുടന്‍ ഡോക്ടറെ സമീപിക്കണം
രോഗപൂര്‍വ്വ നിരൂപണം
അപ്പന്‍ഡിക്സ് പൊട്ടുന്നതിനുമുമ്പ് ചികില്‍സിച്ചാല്‍ ശസ്ത്രക്രിയയിലൂടെ താരതമ്യേന എളുപ്പത്തില്‍ രോഗശമനം സാധ്യമാകും. എന്നാല്‍ ശസ്ത്രക്രിയക്ക് മുമ്പ് അപ്പന്‍ഡിക്സ് പൊട്ടിയാല്‍ രോഗശമനം വൈകും. പഴുപ്പുണ്ടാകാനും സാധ്യതയുണ്ട്.
. അപ്പന്‍ഡിസൈറ്റിസ് ഉള്ള ഒരാളുടെ വയറ്റില്‍ ശക്തിയായി അമര്‍ത്തിയ ശേഷം വിടുമ്പോള്‍ വേദന വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടും. പെരിറ്റോണൈറ്റിസ് ഉണ്ടെങ്കില്‍ വയറ്റില്‍ ചെറുതായി സ്പര്‍ശിക്കുമ്പോള്‍ തന്നെ വയറ്റിലെ പേശികളില്‍ കോച്ചിപ്പിടുത്തം അനുഭവപ്പെടും. വയറ്റിലോ ശരീരത്തിന്റെ വലതുഭാഗത്തോ വേദനയുണ്ടെങ്കില്‍ മലദ്വാര പരിശോധനയിലൂടെ ഇത് കണ്ടെത്താനാവും.
. രോഗി നല്കുന്ന ലക്ഷണങ്ങളുടെ വിവരണം, ശരീര പരിശോധന, ലബോറട്ടറി പരിശോധനകള്‍ എന്നിവയിലൂടെയാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തുന്നത്. ചില പ്രത്യേക കേസുകളില്‍ അധിക പരിശോധനകള്‍ ആവശ്യമായി വന്നേക്കാം. അവയില്‍ ചിലത് ഇവയാണ്:
. വയറിന്റെ അള്‍ട്രാസൗണ്ട്
. വയറിന്റെ സി റ്റി സ്കാന്‍
. രോഗനിര്‍ണ്ണയത്തിനുള്ള ലാപ്രോസ്കോപ്പി പരിശോധന
രോഗാവസ്ഥയുണ്ടെങ്കിലും ലക്ഷണങ്ങളൊന്നും കാണിക്കാത്ത അഞ്ച് വയസ്സില്‍ കൂടുതലുള്ള രോഗികളില്‍ അപ്പന്‍ഡിസൈറ്റിസ് കണ്ടെത്താനുള്ള ഇമേജിങ് പരിശോധനകള്ക്കുപയോഗിക്കുന്ന ന്യൂട്രോസ്പെക് എന്ന മരുന്ന് മാരകമായ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് 2005 ല്‍ അമേരിക്കയിലെ എഫ്.ഡി എ പിന്‍വലിക്കുകയുണ്ടായി.
വയറ്റില്‍ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുന്ന പ്രധാന കാരണങ്ങളിലൊന്നാണ്
അപ്പന്‍ഡിസൈറ്റിസ്.ദഹനപ്രക്രിയക്കിടയിലുണ്ടാകുന്ന മാലിന്യങ്ങള്‍, മറ്റ് അന്യ വസ്തുക്കള്‍, അപൂര്‍വ്വമായി ട്യൂമര്‍ എന്നിവ മൂലം അപ്പന്‍ഡിക്സില്‍ തടസ്സം നേരിടുമ്പോഴാണ് അപ്പന്‍ഡിസൈറ്റിസ് ഉണ്ടാവുന്നത്.
സാധാരണ സങ്കീര്‍ണ്ണമല്ലാത്ത കേസുകളില്‍ രോഗനിര്‍ണ്ണയത്തിനുശേഷം അപ്പന്‍ഡിക്സ് നീക്കുന്നതിനുള്ള ചെറു ശസ്ത്രക്രിയയായ അപ്പന്ഡെക്ടമി നിര്‍ദ്ദേശിക്കുകയാണ് ചെയ്യാറ്. പക്ഷേ ഇത് വയറ് തുറന്നുള്ള ശസ്ത്രക്രിയ ആയതിനാല്‍ ഓപ്പറേഷന്റെ സാമാന്യം വലിയ പാട് വയറ്റത്ത് അവശേഷിക്കും. എന്നാല്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കാമറ കടത്തി ചെയ്യുന്ന ലാപ്രോസ്കോപ്പിക് സര്‍ജറി ചെയ്താല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാവും.
ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അപ്പന്‍ഡിക്സ് നോര്മലാണെങ്കില് അപ്പന്‍ഡിക്സ് നീക്കിയ ശേഷം വയറ് വേദനയ്ക്ക് മറ്റുവല്ലകാരണങ്ങളുണ്ടോ എന്നുകൂടി നോക്കും. സി റ്റി സ്കാനിങ്ങില്‍ പൊട്ടിയ അപ്പന്‍ഡിക്സില്‍ പഴുപ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ചികില്‍സയിലൂടെ അണുബാധയും വീക്കവും മാറ്റിയശേഷമായിരിക്കും അപ്പന്‍ഡിക്സ് നീക്കം ചെയ്യുക.
അവസാനം പരിഷ്കരിച്ചത് : 3/12/2020
കൂടുതല്‍ വിവരങ്ങള്‍
ആസ്ത്മയെ സംബന്ധിക്കുന്ന വിവരങ്ങൾ
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...