অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്തനാര്‍ബുദം കണ്ടെത്താം

Help
Breast Cancer

സ്തനാര്‍ബുദം

ജീവനുള്ള കോശങ്ങളുടെ സുഗമമായ നിലനില്‍പ്പിന് കോശവിഭജനം അനിവാര്യമാണ്. ഇത് അനുസ്യൂതം തുടരുന്നതുമാണ്. വിവിധ കാരണങ്ങളാല്‍ കോശവിഭജനത്തില്‍ ഉണ്ടാകുന്ന അനിയന്ത്രിതവും അസ്വാഭാവികവുമായ മാറ്റം അര്‍ബുദം എന്ന രോഗാവസ്ഥയിലേക്കെത്തിക്കാറുണ്ട്. അര്‍ബുദം എന്ന പദത്തിന് സംസ്കൃതത്തില്‍ "ബഹുകോടി" എന്നാണര്‍ഥം. ക്രമത്തിലധികമായി ഉണ്ടാകുകയും, വളരുകയും, വ്യാപിക്കുകയും ചെയ്യുന്നത് അര്‍ബുദകോശങ്ങളുടെ പ്രത്യേകതയാണ്.

പ്രകടമാകുന്ന ലക്ഷണങ്ങളിലൂടെ സ്വയം കണ്ടെത്താന്‍കഴിയുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. നിര്‍ഭാഗ്യവശാല്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ഗണ്യമായി ഉയരുന്നു. ലക്ഷണങ്ങളെ അവഗണിക്കുകയും, വേണ്ടത്ര ചികിത്സ തേടാതിരിക്കുകയും ചെയ്യുന്നത് രോഗവ്യാപനത്തിന് ഇടയാക്കും.

സ്തനാര്‍ബുദം- സാധ്യതകള്‍

സ്തനാര്‍ബുദം- സാധ്യതകള്‍ പാരമ്പര്യ ഘടകങ്ങള്‍ വലിയൊരളവുവരെയും സ്തനാര്‍ബുദ സാധ്യത കൂട്ടാറുണ്ട്. അമ്മ, സഹോദരി തുടങ്ങിയവരില്‍ സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ 12 വയസ്സിനുമുമ്പ് ആര്‍ത്തവം വന്നവര്‍, ആദ്യ പ്രസവം വൈകുന്നവര്‍, കുട്ടികളില്ലാത്തവര്‍, പാലൂട്ടാത്തവര്‍, പാലൂട്ടല്‍ ദൈര്‍ഘ്യം കുറയ്ക്കുന്നവര്‍, ആര്‍ത്തവവിരാമശേഷം തടികൂടുന്നവര്‍ എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷണങ്ങള്‍ സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകളാണ് സ്തനാര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം.

സ്തനത്തിലെയും കക്ഷത്തിലെയും മുഴകള്‍, തൊലിയിലെ വ്യത്യാസം, പ്രത്യേകിച്ച് ചുരുങ്ങിയിരിക്കുക, പൊറ്റപോലെ കാണുക, കട്ടികൂടിയിരിക്കുക, തടിപ്പ്, നിറംമാറ്റം, വിള്ളലുകള്‍ ഇവ അവഗണിക്കരുത്. നിറമില്ലാത്തതോ, കട്ടന്‍ചായയുടെ നിറമുള്ളതോ, വെള്ളനിറമുള്ളതോ ആയ സ്രവങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും അര്‍ബുദമല്ലെന്ന് ഉറപ്പാക്കുകയും വേണം. ആര്‍ത്തവശേഷം ഒരാഴ്ച കഴിഞ്ഞശേഷം നിര്‍ബന്ധമായും സ്ത്രീകള്‍ സ്വയം സ്തനപരിശോധന നടത്തണം. നേരത്തെ കണ്ടെത്താനായില്ലെങ്കില്‍ ഇത്തരം മുഴകള്‍ വലുതാകുകയും ലിംഫ് ഗ്രന്ഥികളിലൂടെയോ, ധമനികളിലൂടെയോ രോഗം ബാധിച്ച കോശഭാഗങ്ങളില്‍നിന്ന് ശ്വാസകോശം, അസ്ഥികള്‍, തലച്ചോര്‍ തുടങ്ങിയ ഏതെങ്കിലും ഭാഗത്തേക്ക് അര്‍ബുദം ബാധിക്കാനും ഇടയാക്കും.

കാരണങ്ങൾ

ജീവിതശൈലിയും സ്തനാര്‍ബുദവും കൊഴുപ്പും കൃത്രിമ നിറവും കലര്‍ന്ന ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡുകള്‍, അമിതവണ്ണം, വ്യായാമക്കുറവ്, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ തോതിലുള്ള ഉപയോഗം, അന്തരീക്ഷ മലിനീകരണം, കീടനാശിനികളുടെ ഉപയോഗം, തെറ്റായ രീതിയിലുള്ള ഭക്ഷണസംസ്കരണം തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്തനാര്‍ബുദത്തിനു കാരണമാകാറുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും സ്തനാര്‍ബുദവും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനദൈര്‍ഘ്യം കൂടുന്നത് സ്തനാര്‍ബുദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ആര്‍ത്തവം ആദ്യം തുടങ്ങിയ പ്രായം, ആര്‍ത്തവം നിന്ന പ്രായം തുടങ്ങിയ ഘട്ടങ്ങള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുമായി ഏറെ ബന്ധമുണ്ട്. ആര്‍ത്തവചക്രം വൈകി ആരംഭിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത താരതമ്യേന കുറവാണ്.

അതുപോലെ വൈകി ആര്‍ത്തവവിരാമം വരുന്നവരില്‍ അര്‍ബുദസാധ്യത കൂടുതലാണ്. ആര്‍ത്തവം തുടങ്ങി ആദ്യ പ്രസവംവരെ കാലയളവ് കൂടുന്നതിനനുസരിച്ച് സ്തനാര്‍ബുദസാധ്യതയും കൂടാറുണ്ട്. അതിനാല്‍ ആദ്യപ്രസവം എന്തുകൊണ്ടും 25-26 വയസ്സിനുള്ളില്‍ കഴിയുന്നതാണ് ഉചിതം. കൂടാതെ മറ്റു പല കാരണങ്ങള്‍ക്കും ഹോര്‍മോണ്‍ ചികിത്സ തേടുന്നവരിലും രോഗസാധ്യത ഏറും.

ചികിത്സ

ചികിത്സ ചികിത്സയുടെ വിജയം എത്രയും നേരത്തെ അര്‍ബുദം കണ്ടെത്തുന്നതുമായി ഏറെ ബന്ധമുണ്ട്. ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം, രോഗപ്രതിരോധത്തിന് സഹായകവുമാകുന്ന വിധത്തിലുള്ള ചികിത്സകളാണ് ആയുര്‍വേദം നല്‍കുക. അര്‍ബുദത്തിന്റെ തുടക്കംമുതല്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കുന്നവരും, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനായി ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നവരും ഉണ്ട്.

അര്‍ബുദചികിത്സയുടെ വിജയത്തിന് സാന്ത്വനചികിത്സയും അനിവാര്യമാണ്. എല്ലായ്പ്പോഴും സുഖാവസ്ഥ നിലനിര്‍ത്തി, ആത്മവിശ്വാസം കൂട്ടാനും ആയുസ്സു നീട്ടാനും സാന്ത്വനചികിത്സക്ക് കഴിയാറുണ്ട്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഔഷധം ഉപയോഗിക്കാനും അര്‍ബുദരോഗി പ്രത്യേകം ശ്രദ്ധിക്കണം. സ്തനാര്‍ബുദം പ്രതിരോധിക്കാം ശരീരഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. മദ്യം, പുകയില ഇവ തീര്‍ത്തും ഉപേക്ഷിക്കണം. ഉപ്പും ഉപ്പു ചേര്‍ത്ത് സംസ്കരിച്ച ഭക്ഷ്യവിഭവങ്ങളും പരമാവധി കുറയ്ക്കുക. മാനസികസമ്മര്‍ദം ലഘൂകരിക്കുക. ലഘു വ്യായാമത്തിലൂടെ സംഘര്‍ഷം കുറയ്ക്കാനാവും. തൈര് നിത്യവും ഉപയോഗിക്കരുത്. വെണ്ണ നീക്കിയ മോര്, ഇളനീര് ഇവ ശീലമാക്കാം. ചുവന്ന മുളക്, അച്ചാറുകള്‍, ഉപ്പു ചേര്‍ത്ത് പുകയേല്‍പ്പിച്ചതും കരിഞ്ഞതുമായ ഭക്ഷണം, പൂപ്പല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവ ഒഴിവാക്കുക.

നിത്യവും ആറുമണിക്കൂറെങ്കിലും ഉറങ്ങുക. ചെറുമത്സ്യങ്ങള്‍ കറിയാക്കി കഴിക്കുക. ജീവകങ്ങള്‍ കൂടുതലും കൊഴുപ്പ് കുറവുമായതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ പെടുത്തുക. കോളിഫ്ളവര്‍, കാബേജ്, മധുരക്കിഴങ്ങ്, കാരറ്റ്, ചീരത്തണ്ട്, ബീറ്റ്റൂട്ട്, മുരിങ്ങയില, വാഴക്കൂമ്പ്, വെളുത്തുള്ളി, മഞ്ഞള്‍, ചുവന്നുള്ളി, കുരുമുളക്, ഗ്രാമ്പു, ഇഞ്ചി, തവിടു കളയാത്ത ധാന്യങ്ങള്‍ ഇവ ചേരുന്ന നാടന്‍ ഭക്ഷണങ്ങള്‍ അര്‍ബുദത്തെ പ്രതിരോധിക്കും. ഓറഞ്ച്, പേരക്ക, നേന്ത്രപ്പഴം, തക്കാളി ഇവയും ഏറെ നല്ലതാണ്. ശക്തമായ നിരോക്സീകാരിയാണ് മഞ്ഞള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന "കുര്‍കുമിന്‍" എന്ന ഘടകത്തിന് സ്തനാര്‍ബുദം പ്രതിരോധിക്കാന്‍ കഴിയും.

അര്‍ബുദത്തിന്റെ പാരമ്പര്യസാധ്യതകളെ തടയുന്നതോടൊപ്പം, അര്‍ബുദ മുഴകളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കാതെ തടയാനും മഞ്ഞളിനാകും. അതുപോലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ചുരുക്കാന്‍ ഇഞ്ചിയും ഗുണകരമാണ്. ഭക്ഷണത്തില്‍ ചേര്‍ത്തുള്ള ഇവയുടെ മിതമായ ഉപയോഗം നല്ല ഫലം തരാറുണ്ട്. ബോധവല്‍ക്കരണമാണ് മികച്ച പ്രതിരോധം. സ്കൂള്‍തലത്തിലേ തുടങ്ങുന്ന ബോധവല്‍ക്കരണത്തിലൂടെ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും.

കടപ്പാട് : ഡോ.പ്രിയ ദേവദത്ത്,കോട്ടക്കൽ ആര്യവൈദ്യശാല,മാന്നാർ

(State Medicinal Plant Board Member,Kerala)

അവസാനം പരിഷ്കരിച്ചത് : 6/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate