കാമുകനുമായി ചാറ്റ് ചെയ്യുക യായിരുന്നു ആ പെണ്‍കുട്ടി. പെട്ടെന്ന് ആ സംഭാഷണത്തിന്റെ രസം മുറിഞ്ഞു. കാമുകിയും കാമുകനും പരസ്പരം കുറ്റപ്പെടുത്തി സംഭാഷണം തുടങ്ങി. ആ വഴക്ക് കുറച്ചു സമയം നീണ്ടു. പിന്നീട് സംഭവിച്ചത് ഇങ്ങനെയാണ്. പെണ്‍കുട്ടി വെബ്ക്യാം ഓണ്‍ ചെയ്ത് മുറിയിലേക്ക് കാഴ്ച തിരിച്ചു. കാമുകന് തന്റെ ചെയ്തികള്‍ കാണത്തക്കവിധം. എന്നിട്ട് കട്ടിലിനു മുകളില്‍ ഒരു കസേരയിട്ടു. മുകളിലെ ഫാനില്‍ കുരുക്കിട്ടു. കാമുകനെ സാക്ഷിനിര്‍ത്തി ചുരിദാറിന്റെ ഷാളില്‍ ആ പെണ്‍കുട്ടി തൂങ്ങിയാടി.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ അരങ്ങേറിയ ഒരു സംഭവത്തിന്റെ ഏകദേശ വിവരണമാണ് ഇത്. മരിച്ച പെണ്‍കുട്ടി ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയായിരുന്നു എന്ന് അറിയുമ്പോഴാണ് ഈ സംഭവത്തിന്റെ സങ്കീര്‍ണത ബോധ്യപ്പെടുന്നത്. കേരളത്തിന്റെ മാനസികാരോഗ്യരംഗത്ത് കാറ്റു വീഴ്ച തുടങ്ങിയിട്ട് നാളേറെയായി. വേഷം മാറിയെത്തിയ വിഷാദമാണ് ഇവിടെ വില്ലനാകുന്നത്. വിഷാദം എന്നത് മനോരോഗ ലക്ഷണങ്ങളോടുകൂടിയ വലിയ രോഗം എന്ന അവസ്ഥയില്‍ നിന്ന് കൊച്ചുകൊച്ചു മാനസികാസ്വസ്ഥതകള്‍ എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അതു നമുക്കു ചുറ്റുമുണ്ട്. ചിലപ്പോള്‍ ഒരു കൈപ്പാട് അകലെ മാത്രം.
വേഷം മാറിയെത്തുന്ന വിഷാദം ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തുന്നത് സ്ത്രീകളെയാണ്. രണ്ടു സ്ത്രീക്ക് ഒരു പുരുഷന് എന്ന അനുപാതത്തിലാണ് വിഷാദത്തിന്റെ പുതിയ മുഖങ്ങള്‍ സ്ത്രീകളെ ബാധിച്ചിരിക്കുന്നത്. നേരത്തെ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ട ഒരു പ്രശ്നമാണിത്. പെണ്‍ജീവിതങ്ങളെ സങ്കടക്കടലില്‍ താഴ്ത്തുന്ന ഈ പ്രവണത എന്തുകൊണ്ടാണ്? അത് എങ്ങനെ നേരിടാം.
പുതിയ തലമുറയ്ക്ക് വേദനയുണ്ടോ? നിങ്ങള്‍ക്ക് ഉറക്കം കൂടുതലാണോ? അമിതമായ വിശപ്പ്, ദേഷ്യം തുടങ്ങിയവയുണ്ടോ? മറ്റൊരാളിന് തിരിച്ചറിയാന്‍ കഴിയാത്ത വിഷാദത്തിന്റെ ലക്ഷണമാകാം അത്. ചെറുപ്പക്കാരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതല്‍. വിട്ടുമാറാത്ത നടുവേദന, കഴുത്ത് വേദന, തലവേദന, കൈകാലുകള്‍ക്ക് പെരുപ്പ്, മരവിപ്പ്, തലചുറ്റല്‍, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍, ലൈംഗിക താത്പര്യക്കുറവ് അല്ലെങ്കില്‍ താത്പര്യക്കൂടുതല്‍ തുടങ്ങിയ ലക്ഷണങ്ങളും ചെറുപ്പക്കാരെ ബാധിക്കുന്നു. വേഷം മാറിയെത്തുന്ന വിഷാദത്തിന്റെ ഒരു മുഖമാണ് അത്. മുമ്പ് ആരോടും ഒന്നും സംസാരിക്കാതിരിക്കുന്നതായിരുന്നു വിഷാദത്തിന്റെ ലക്ഷണമെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ സമയവും കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത് വിഷാദത്തിന്റെ സൂചനയാവാം.
ഒന്നിലും താല്പര്യമില്ലായ്മ, അമിതമായ ക്ഷീണം, സ്ഥായിയായി നിലനില്‍ക്കുന്ന വിഷാദം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, നിരാശ, ആത്മഹത്യാപ്രവണത തുടങ്ങിയവയൊക്കെ വിഷാദത്തിന്റെ പാരമ്പര്യ ലക്ഷണങ്ങളായി നമ്മള് കരുതുന്നു. എന്നാല്‍, പുതിയ കാലത്ത് പുതിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. പലരും അത് തിരിച്ചറിയുന്നില്ലെന്നു മാത്രം.
പന്ത്രണ്ട് വയസ് വരെ പെണ്‍കുട്ടികളുടെ ചിന്തകള്‍ വ്യത്യസ്തമാണ്. കേള്‍ക്കുന്നതും കാണുന്നതും അതുപോലെ സ്വീകരിക്കുന്ന ചിന്തകളാണ് അവ. എന്നാല്‍ പന്ത്രണ്ടു വയസിനുശേഷം ചിന്തകളുടെ സ്വഭാവം മാറുന്നു. കാണുന്നതിലും കേള്‍ക്കുന്നതിലും ശരിയേത് തെറ്റേത് എന്ന് സംശയം ഉണ്ടാകുന്ന കാലം. അബ്സ്ട്രാക്റ്റ് എന്ന് മനശാസ്ത്രം വിളിക്കുന്നത് ഈ കാലത്തെ ചിന്തകളെയാണ്. അതായത് മുന്നിലുള്ള കാഴ്ചയോ കേള്‍വിയോ സ്വീകരിക്കണോ വേണ്ടയോ എന്ന് സംശയം ഉണ്ടാകുന്ന കാലം. ഈ പ്രായങ്ങളില്‍ ഉണ്ടാകുന്ന അനുഭവങ്ങളും കാഴ്ചയും കേള്‍വിയുമൊക്കെ യഥാര്‍ഥത്തില്‍ പിന്നീടുള്ള ജീവിതത്തില്‍ അടിത്തറയിടുകയാണു ചെയ്യുന്നത്. ഇന്നത്തെ ചുറ്റുപാടില്‍ ഉണ്ടാകുന്ന വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ ദോഷകരമായി സ്വാധീനിക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ടെന്നു കാണാം. അതുകൊണ്ടു തന്നെ കാലം കൊടുക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്.
നിത്യേനയുള്ള വാര്‍ത്തകള്‍ മാത്രം മതി ഒരു പെണ്‍കുട്ടിയെ വിഷാദത്തിലേക്കു തള്ളിവിടാന്‍.ഇക്കാലത്ത് പെണ്‍കുട്ടികളെ നല്ല സൗഹൃദത്തിലേക്ക് നയിക്കാത്തതും എന്തും തുറന്നു പറയാവുന്ന ആരോഗ്യകരമായ സൌഹൃദങ്ങള്‍ ഇല്ലാത്തതും വിഷാദത്തിന് കാരണമാകുന്നു. വീടിന്റെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയാതെ വരികയും അത് വിഷാദത്തിനു കാരണമാവുകയും ചെയ്യുന്നു. സുഹൃത്തുക്കള്‍ കുറയുന്നത് സ്വാഭാവികമായും വിഷാദത്തിലേക്കു നയിക്കുന്നു.
രണ്ടു കാരണങ്ങള്‍ കൊണ്ട് പെണ്‍കുട്ടികള്‍ വിഷാദത്തിന് ഇരയാകുന്നു. ഒന്ന് അവരവരുടെ ശരീരസംബന്ധിയായ കാരണങ്ങള്‍. രണ്ട് സാമൂഹിക സാഹചര്യങ്ങള്‍. ഈ രണ്ടു കാരണങ്ങള്‍ ചെറുതും വലുതുമായ വിഷാദാവസ്ഥയ്ക്ക് കാരണമാകുന്നു. വൈദ്യശാസ്ത്രം ഇതിനെ ടു ഹിറ്റ് ഹൈപ്പോതെസിസ് എന്നു വിളിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ കൂടുന്നതു കൊണ്ട് ഇത്തരം വിഷാദാവസ്ഥ സാധാരണമാണ്. സ്ത്രീകളുടെ വിഷാദാവസ്ഥയ്ക്ക് ജൈവികമായ കാരണങ്ങള്‍ പ്രധാനമാണ്. തലച്ചോറിലുള്ള സിറട്ടോണിന്, നോര്‍എപിനെഫ്രിന്‍ എന്നീ ഘടകങ്ങളുടെ കുറവ് വിഷാദത്തിന്റെ കാരണമാകുന്നു. പാരമ്പര്യ ഘടകങ്ങള്‍, ഗര്‍ഭാവസ്ഥയിലുള്ള പോഷകാഹാരക്കുറവ്, ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിക്കുന്ന മരുന്നുകള്‍ തുടങ്ങി പല ഘടകങ്ങള്‍ ഇതിനു കാരണമാകാം.ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിയാത്തതാണ് പല പ്രശ്നങ്ങളുടെയും തുടക്കം. വിദേശികള്‍ക്ക് പൊതുവേ ബന്ധങ്ങളില്‍ സത്യസന്ധതയുണ്ട്. എന്നാല്‍, മലയാളികള്‍ പലരും മൂല്യങ്ങളുടെ വക്താക്കളാവുകയും രഹസ്യമായി വിവാഹേതര ബന്ധങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളുടെ മാനസികാവസ്ഥയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷമാണ് പലപ്പോഴും പിന്നീട് വിഷാദമായി വളരുന്നത്.
വിഷാദം വീട്ടമ്മമാര്‍ മുന്നില്‍ വേഷം മാറിയെത്തുന്ന വിഷാദം കൂടുതല്‍ ബാധിച്ചിട്ടുള്ളത് വീട്ടമ്മമാരെത്തന്നെയാണ്. അതിനു പ്രധാന കാരണങ്ങള്‍ ലക്ഷ്യബോധം ഇല്ലായ്മയും വ്യായാമക്കുറവുമാണ്. കൂടുതല്‍ നേരം ഏകാന്തതയുണ്ടാവുകയും ക്രിയാത്മകമായി മറ്റൊന്നും ചെയ്യാനില്ലാത്തതും ഇവരെ വിഷാദത്തിലേക്കു നയിക്കുന്നു. വീട്ടമ്മമാരെ വിഷാദം ബാധിക്കുന്നത് പ്രായഭേദമില്ലാതെയാണ്. അതായത് ഏകാന്തതയില്‍ കൂടുതല്‍ സമയം കഴിയുന്ന ന്യൂജനറേഷന് വനിതകള്‍ ഇന്റര്‍നെറ്റിനെയോ ടെലിവിഷനെയോ കൂടുതല്‍ ആശ്രയിക്കുകയും ഇവിടെ നിന്നും വിഷാദത്തിലേക്ക് എത്തുകയും ചെയ്യുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്കിടയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ അസുന്തലനം വളരെ കൂടുതലാണ്. ഹൈപ്പോതൈറോയ്ഡിസമാണ് മിക്കവരെയും ബാധിച്ചിരിക്കുന്നത്. ഇത് അനിയന്ത്രിതമായ ദേഷ്യം ഉള്‍പ്പെടെയുള്ള സ്വഭാവവൈകല്യങ്ങള്‍ പലപ്പോഴും വിഷാദത്തിനു കാരണമാകാറുണ്ട്. തൈറോയ്ഡ് പ്രശ്നം ഉള്ളവര്‍ യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ അത് വിഷാദത്തിനു കാരണമാവുകയും ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യാറുണ്ട്. ഹോര്‍മോണ്‍ തുലനം ഇല്ലായ്മ പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും സാരമായി കാണപ്പെടുന്നുണ്ട്. ഇത്തരം വിഷാദങ്ങള്‍ ന്യൂജനറേഷന്റേതും കൂടിയാകുന്നു. കാരണം, പ്രായഭേദമില്ലാതെയാണ് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എല്ലാവരെയും ബാധിക്കുന്നത്.
തിങ്കള്‍ മുതല്‍ വെള്ളി വരെ വിഷാദം ഇന്നത്തെ സീരിയലുകളിലെ പല കഥാപാത്രങ്ങളും വിഷാദരോഗത്തിന് അടിമപ്പെട്ടവരാണ്. അസാധാരണമായ പെരുമാറ്റം, പ്രതികാരമനോഭാവം, കുതന്ത്രങ്ങള്‍, അസൂയ ഇതെല്ലാം കാഴ്ചക്കാരെ സ്വാധീനിക്കാറുണ്ട്. ഇത് പ്രത്യക്ഷമായിരിക്കണമെന്നില്ല. സീരിയല്‍ എഴുതുന്നവരോ അഭിനയിക്കുന്നവരോ കാണുന്നവരോ ഇതിനെക്കുറിച്ച് ബോധ്യമുള്ളവരാകണമെന്നില്ല. എന്നാല്‍ സീരിയലിലെ ഇഷ്ടകഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങള്‍ സ്വാധീനിക്കുക സ്വാഭാവികമാണ്. ഇത് വിഷാദത്തിന് കാരണമാകുന്നു. സീരിയലുകള്‍ ഒരു ലഹരിയായി കാണുന്നവരില്‍ കൂടുതല്‍ പേരും ഇത്തരം വിഷാദത്തിന് കീഴടങ്ങിയവരാണ്. ഇത്തരം വിഷാദം അനുഭവിക്കുന്ന ആളിനോ ചിലപ്പോള്‍ വീട്ടുകാര്‍ക്കു പോലുമോ ഇത് തിരിച്ചറിയാന്‍ കഴിയണമെന്നില്ല. മനശാസ്ത്രജ്ഞര്‍ ഇതിനെ ഫ്രൈഡേ ഡിപ്രഷന് എന്നു വിളിക്കുന്നു.ഇന്റര്‍നെറ്റ്, ചാറ്റിങ്, ടെലിവിഷന്‍ തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവര്‍ അതില്‍ നിന്നു വിടുതല്‍ നേടാന്‍ ശ്രമിക്കുമ്പോള്‍ വിടുതല്‍ പ്രശ്നങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. മദ്യലഹരിക്ക്
അടിമപ്പെട്ടവര്‍ മദ്യപാനം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ ലക്ഷണങ്ങള്‍... തലവേദന, കൈകാലുകള്‍ക്ക് വിറയല്‍, ശരീരത്തിന് ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ന്യൂജനറേഷന് വിഷാദത്തിനു കാരണമാകുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ ക്രമേണ മാറുകയും ആരോഗ്യകരമായ ജീവിതത്തിലേക്ക് അവര്‍ തിരിച്ചുവരികയും ചെയ്യും.
വെയിലും വിഷാദവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അനിഷേധ്യമായ തെളിവുകള്‍ നിരത്തി വൈദ്യശാസ്ത്രം പറയുന്നത് വെയിലും വിഷാദവും തമ്മില്‍ ബന്ധമുണ്ടെന്നാണ്. പോഷകാഹാരക്കുറവ് പലപ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താറുണ്ട്. ഒരാളുടെ മാനസിക തുലനാവസ്ഥയ്ക്ക് പോഷകങ്ങള്‍ അവശ്യഘടകമാണെന്നിരിക്കെ പോഷകാഹാരക്കുറവ് ഒരു പരിധി വരെ മാനസികനിലയെ സ്വാധീനിക്കും.
വിഷാദരോഗവുമായി എത്തുന്നവരോട് ധാരാളം പച്ചക്കറികള്‍ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം ആരോഗ്യകരമാക്കുന്നതിനാണ് ഇത്. അതുപോലെ തന്നെ വിറ്റാമിന്‍ ഡിയുടെ അഭാവം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇളംവെയില്‍ ശരീരത്തില്‍ നേരിട്ട് ഏല്‍ക്കാത്തത് വിറ്റാമിന്‍ ഡിയുടെ അഭാവത്തിനു കാരണമാകുന്നു. സൗന്ദര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായും നിറം മങ്ങുമോ എന്ന ഭയം കൊണ്ടും നമ്മുടെ പെണ്‍കുട്ടികള്‍ വെയിലുകൊള്ളാന്‍ തയാറാകുന്നില്ല. അത് വിഷാദത്തിനു കാരണമാകുന്നു. അതുകൊണ്ട് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നതു കേള്‍ക്കൂ. വല്ലപ്പോഴും ഇളം വെയില് കൊള്ളൂ.സന്തോഷത്തോടെയിരിക്കൂ....
പുതിയ രൂപം, ഭാവം. 1. ഒരാള്‍ക്ക് ഒരു ദിവസം ശരാശരി അരമണിക്കൂര്‍ മതിയാവും ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെടാന്‍. അതില്‍ കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുമ്പോള്‍ മാനസിക അനാരോഗ്യത്തിന് സാധ്യതയുണ്ട്.
ഇന്റര്‍നെറ്റ് അറിവിന്റെ അക്ഷയ പാത്രമാണ്. നമുക്ക് അറിയാനുള്ളതും ഉപയോഗിക്കേണ്ടതുമായ വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ഒരാള്‍ക്ക് ഒരു ദിവസം ശരാശരി ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട ആവശ്യം സാധാരണ ഉണ്ടാകാറില്ല. അതില്‍ കുടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ മറ്റൊന്നിലും ശ്രദ്ധിക്കാതെ കൂടുതല്‍ സമയം നെറ്റില്‍ ചെലവിടാന്‍ തോന്നുകയോ ചെയ്യുന്നത് മനശാസ്ത്രജ്ഞന്റെ കണ്ണില്‍ ഒരുതരം അഡിക്ഷനാണ്.
സൈബര്‍ ലൈംഗികതയില്‍ സംതൃപ്തി കണ്ടെത്തുന്ന ന്യൂജനറേഷന് യുവത്വത്തിന്റെ എണ്ണം കൂടി വരുന്നു. ഇതില്‍ പുരുഷന്മാരെക്കാള് സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ഇത് പരിമിതപ്പെടുത്തുക.
ന്യൂജന്‍ വിഷാദം തിരിച്ചറിയുക, ചികിത്സിക്കുക 1. പ്രാരംഭപ്രശ്നങ്ങള്‍ വേണ്ടപ്പെട്ടവരുമായി തുറന്നു പറയുക. കാര്യമായ വിഷാദലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ ഡോക്ടറെ നിര്‍ബന്ധമായും കാണണം.
ആത്മഹത്യാപ്രവണത ന്യൂജനറേഷന് വിഷാദത്തിലും കാണുന്നു. അതുകൊണ്ട് ആത്മഹത്യകളെക്കുറിച്ച് പറയുന്നവരെ സൂക്ഷിക്കുക. അവരുമായി പ്രശ്നങ്ങള്‍ സംസാരിക്കുക. തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ ഉണ്ട്.
ചിന്താവൈകല്യങ്ങള്‍ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുക. ബൌദ്ധികപെരുമാറ്റ ചികിത്സാരീതികള്‍ നിലവിലുണ്ട്. വിഷാദത്തിന് മരുന്നില്ലാത്ത ഇത്തരം ചികിത്സാരീതികള്‍ ഫലപ്രദമാണ്.
ഹോര്‍മോണ്‍ വ്യത്യാസം സ്ത്രീകളില്‍ വിഷാദാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഈ വ്യത്യാസങ്ങള്‍ മനസിലാക്കി പ്രത്യേക പരിഗണന നല്‍കുക.
വിഷാദാവസ്ഥയ്ക്കുള്ള ചികിത്സ തുടങ്ങുന്നത് വീട്ടില്‍ നിന്നു തന്നെയാണ്. വീട്ടിലുള്ള അംഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും ദൃഢമായ ബന്ധവും വളര്‍ത്തിക്കൊണ്ടുവരുക.
ദിവസം അരമണിക്കൂറെങ്കിലും ക്വാളിറ്റി ടൈം ആയി ഉപയോഗിക്കുക. വിശേഷങ്ങള്‍ പറയുക. കുറ്റപ്പെടുത്തലും ശാസനകളും ഒഴിവാക്കുക. കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്ന് മറ്റുള്ളവര്‍ക്ക് അറിയാനുള്ള അവസരം ഉണ്ടാക്കുക.
സ്ഥിരമായി ചെയ്യുന്ന ജോലിയല്ലാതെ മറ്റൊരു ഹോബി കണ്ടുപിടിക്കുക. ദിവസം അരമണിക്കൂര്‍ എങ്കിലും അതിനുവേണ്ടി സമയം കണ്ടെത്തുക.
നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. അവരുമായി നല്ല ബന്ധം സ്ഥാപിക്കുക. ഇത് തുറന്നുപറച്ചിലിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നു. ഇന്റര്‍നെറ്റ്, ടെലിവിഷന്‍ ഉപയോഗം പരിമിതപ്പെടുത്തുക.
സംഘടിത പ്രവര്‍ത്തനങ്ങളില്‍ ഉദാഹരണത്തിന് റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുക. ഇത് നമ്മുടെ ആത്മവിശ്വാസം കൂട്ടാനും അതുവഴി വിഷാദത്തെ പ്രതിരോധിക്കാനും പ്രാപ്തിയുണ്ടാക്കുന്നു.
ഇന്റര്‍നെറ്റ്, ടെലിവിഷന്‍ തുടങ്ങിയവ ഒരു ലഹരിയായിക്കഴിഞ്ഞവര് അത് ഒഴിവാക്കി വേറെ ഏതെങ്കിലും മേഖലകളിലേക്ക് മാറ്റുക. മദ്യപാനം പോലെ അപകടകരമാണ് ടെലിവിഷന്‍ ലഹരിയും.
രാത്രി ചുരുങ്ങിയത് ആറു മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക. പകല്‍ ഉറക്കം ഒഴിവാക്കുക.
രാവിലെയോ വൈകുന്നേരമോ നടക്കുക. അല്ലെങ്കില്‍ കൃഷി പോലെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.
വിവരങ്ങള്‍ക്കു കടപ്പാട് ഡോ. അരുണ്‍ ബി. നായര്‍, അസി. പ്രഫസര്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ഡോ. അനിത കുമാരി, അസി. പ്രഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളജ്, കോഴിക്കോട് ഡോ. സന്ദീപ് പി. ടി. , ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് ക്ളിനിക്ക്, കോഴിക്കോട്
ഇക്കാലത്ത് മിക്കവരും നേരിടുന്ന അവസ്ഥയാണ് വിഷാദ രോഗം. ഒന്നിനോടും താത്പര്യമില്ലാത്ത എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണതയാണ് വിഷാദ രോഗത്തിന്റെ ലക്ഷണം. ഒരു തരത്തില്‍ ഈ നെഗറ്റീവിസം ഡിപ്രഷന്‍തന്നെയാണ്.
അത്തരക്കാര്‍ ഏത് കാര്യത്തിനും നെഗറ്റീവായേ മറുപടി നല്‍കൂ. വിഷാദരോഗം കഠിനമാകുമ്പോള്‍ ആത്മഹത്യാപ്രവണത ഉണ്ടാകാം.
വിഷാദം ഉണ്ടാകുന്നതിനു നിരവധി കാരണങ്ങളുണ്ട്. സിറോടോണിന് പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ വരുന്ന വ്യതിയാനം,
ഹോര്‍മോണുകളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും സ്ട്രെസ്, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളുമെല്ലാം വിഷാദത്തിന് കാരണമാണ്.
പിരിമുറുക്കം, ടെന്‍ഷന്‍, അസ്വസ്ഥത, ആത്മഹത്യാപ്രവണത, കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍പോലുമാകാത്ത അവസ്ഥ, തുടങ്ങി നിരവധി ലക്ഷണങ്ങള്‍ വിഷാദത്തിനുണ്ട്.
വിഷാദരോഗത്തിന് നടത്തംപോലുള്ള വ്യായാമമുറകള്‍ ഫലപ്രദമാണ്. സൈക്കിള്‍ സവാരി, പൂന്തോട്ട നിര്‍മാണം, നീന്തല്‍ എന്നിവ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നിന് ഏറെ സഹായകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ചികിത്സക്കായി ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം നടത്തം പോലുള്ള വ്യായാമമുറകള്‍ ശീലിക്കുന്നതാണ് ഉത്തമമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ജീവിതത്തെ അങ്ങേയറ്റം പോസിറ്റീവായി സ്വാഗതം ചെയ്യാനാണ് ആദ്യം പഠിക്കേണ്ടത്. വിഷാദം രോഗമായി ബാധിച്ചവര്‍ക്ക് സൈക്കോ തെറാപ്പിയോ ഔഷധചികിത്സയോ അനിവാര്യമാണ്.
നിങ്ങള്‍ വിഷാദമനുഭവിക്കുന്നുണ്ടോ? ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
വിഷാദം മാറ്റി എങ്ങിനെ ആരോഗ്യമുള്ള ഒരു മാനസികാവസ്ഥ മെച്ചപ്പെടുത്താമെന്ന് ചിന്ത ഓരോരുത്തര്‍ക്കും ഉണ്ടാകും. ശരീരവും മനസും ആരോഗ്യമുളളതാക്കി മാറ്റുന്നതിമെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മാനസികാരോഗ്യ വിദ്ഗ്ധര് പറയുന്നത് ശ്രദ്ധിക്കൂ.
മാനസികാരോഗ്യമെന്നത് ഒരു സങ്കീര്‍ണമായ വിഷയമാണ്. ഇതിനെ വിശദീകരിക്കുന്നത് വളരെ പ്രയാസമുള്ളതും , കഠിനവുമാണ്. മാനസികാരോഗ്യം കൈവരിക്കുകയെന്നത് വിവിധ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
മാനസികാരോഗ്യം നിലനിര്‍ത്താന്‍ ലളിതമായ ചില ചുവടുവെപ്പുകളാണ് ജീവിതത്തില്‍ ആവശ്യമെന്നും അത് നമ്മള് കൃത്യമായി പാലിക്കുന്നതിലൂടെ നല്ല ആരോഗ്യമുള്ള ഒരു മനസ് സ്വന്തമാക്കാമെന്നും ഡോക്ടമാര്‍ പറയുന്നു.
ഇതിനായി താഴെ പറയുന്ന ചില വിദ്യകള്‍ പരിശീലിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് മാനസികരാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
1. വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
ഉറക്കം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്കുന്നു
2. എന്താണോ നിങ്ങള്‍ക്ക് തോന്നുന്നത് അത് അനുഭവിക്കുക
നിങ്ങളുടെ തോന്നലുകള്‍ മാറികൊണ്ടിരിക്കുകയോ,നിയന്ത്രിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുതരുത്. നമ്മുടെ തോന്നലുകളെയും ചിന്തകളും പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുക.
3. ഭൂതകാലത്തിലെ നമ്മുടെ തെറ്റുകള്‍ക്ക് നമ്മോടു തന്നെ ക്ഷമാപണം നടത്തുക.
ഭൂതകാലത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ ജീവിതത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു തിരുത്താനും അതു വഴി അത് മറക്കാനും ശ്രമിക്കുക. മാനസികാരോഗ്യത്തിന് ഈ തിരിച്ചറിവ് അത്യാവശ്യമാണ്.
6.നല്ലൊരു കേള്‍വിക്കാരനെ കണ്ടെത്തുക
നിങ്ങള്‍ക്ക് തുറന്നു സംസാരിക്കാനും വിശ്വസിക്കാനും പറ്റുന്ന ഒരാളെ കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം വളരെയധികം കുറയും. പരസ്പരം തുറന്നുസംസാരിക്കുന്ന രണ്ടുപേര്‍ക്കു മാനസിക സമ്മര്‍ദ്ദം വളരെ കുറയുന്നതായി പഠനം തെളിയിക്കുന്നു.
7.ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ ആഘോഷിക്കുക
നിങ്ങളുടെ ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കുക. ഇത് നിങ്ങളെ വിഷാദത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരുന്നതിന് ഏറെ സഹായകരമാകും.
8.നല്ലൊരു പിന്തുണ കണ്ടെത്തുക
ചിലപ്പോള്‍ അത് നിങ്ങളുടെ കുടംബമാകാം, സുഹൃത്തുകളാകാം, മതസ്ഥാപനങ്ങളാകാം. നിങ്ങളെ സ്നേഹിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നത് ആരാണോ അങ്ങിനെ ഒരാളെ കണ്ടെത്തുന്നത് നിങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിക്കും.
9. ആരോഗ്യദായകമായ ഭക്ഷണം ഉറപ്പുവരുത്തുക
ഏതെല്ലാം ഭക്ഷണമാണ് നിങ്ങളെ ഉഷാറാക്കുന്നതെന്നും ഏതെല്ലാമാണ് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതെന്നും കണ്ടെത്താന്‍ കുറച്ചു സമയം നീക്കി വെക്കുക. ഭക്ഷണക്രമീകരണം ആരോഗ്യമുള്ള മനസ് നേടിയെടുക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. സ്വയം മെച്ചപ്പെടുത്തുന്നതിനും സ്വയം പ്രചോദിപ്പിക്കുന്നതിനും ഇത് സഹായകരമാണ്.
10.വ്യായാമം
സ്ഥിരമായിട്ടുള്ള വ്യായാമം മാനസിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടു വരുന്നു. നിങ്ങളുടെ ശരീരത്തിലും ജോലിയിലും വ്യായാമം ഊര്ജ്ജസ്വലത പ്രദാനം ചെയ്യുന്നു. ഇത് തലച്ചോറിനും വളരെ ഗുണപ്രദമാണ്
11. സൂര്യ പ്രകാശം കൊള്ളുക
സൂര്യപ്രകാശം നമ്മെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. ഇത് വിഷാദത്തെ പ്രതിരോധിക്കുന്നു.
12.വിനോദത്തിനായി സമയം കണ്ടെത്തുക
10.ലഹരി പദാര്‍ത്ഥങ്ങള്‍ നിര്‍ത്തുക
13 . മറ്റുള്ളവരെ സഹായിക്കുക
14. അച്ചടക്കം ഉണ്ടാക്കുക
15.പുതിയ അറിവ് നേടുക
16.കലാ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചിലവഴിക്കുക
17.16.സുഹൃത്തുക്കളെ നിലനിര്‍ത്തുക
18.ആശങ്കയില്ലാതെ തീരുമാനമെടുക്കുക
അവസാനം പരിഷ്കരിച്ചത് : 2/15/2020
മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരി...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഉത്കണ്ഠാ രോഗം - കൂടുതൽ വിവരങ്ങൾ