കേരളത്തില്‍ കുട്ടികള്‍ക്കിടയിലും മദ്യപാനം വര്‍ദ്ധിച്ചുവരികയാണ്. നിങ്ങളുടെ മകനോ മകളോ ഒരു ദിവസം മദ്യപിച്ചു വന്നാല്‍ എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്...? ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഇതാ......
സ്ക്കുളില് യുവജനോത്സവം നടക്കുന്നതിനാല്‍, തിരികെ വീട്ടില്‍ വരാന്‍ വൈകുമെന്ന് എട്ടാംക്ലാസുകാരനായ മകന് പറഞ്ഞിരുന്നതാണ് . എന്നാല്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞിട്ടും മകനെ കാണാതായപ്പോള്‍ അമ്മയ്ക്ക് ആധിയായി.മകന്റെ ഏറ്റവുമടുത്ത കൂട്ടുകാരന്റെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ അവനും വീട്ടിലെത്തിയിട്ടില്ല!മറ്റു പല കൂട്ടുകാരുടെയും വീടുകളിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ അവരൊക്കെ ആറുമണിക്കു മുന്‍പുതന്നെ വീട്ടിലെത്തിയിട്ടുണ്ട്.സ്കൂളിലെ കലാപരിപാടികളൊക്കെ അഞ്ചുമണിക്കു തന്നെ തീര്‍ന്നെന്ന് അവര്‍ പറഞ്ഞു. പരിഭ്രാന്തരായ അച്ഛനുമമ്മയും മകനെ തിരക്കി സ്ക്കുളിലെത്തി.ക്ലാസ്മുറിയിലും സ്ക്കുളിന്റെ പരിസരത്തും ഗ്രൗണ്ടിലുമെല്ലാം അവര്‍ മകനെ അന്വേഷിച്ചു.ഒടുവില്‍ ഒന്‍പതുമണിയോടെ സ്ക്കൂള് ഗ്രൗണ്ടിന്റെ ഏറ്റവും പിറകിലുള്ള മതിലിനടുത്ത് മകനും അവന്റെ സുഹൃത്തും ബോധരഹിതരായി കിടക്കുന്നത് കണ്ട് അവര്‍ ഞെട്ടി.പൊട്ടിയ മദ്യക്കുപ്പിയും സിഗരറ്റ് പാക്കറ്റും പരിസരത്തുണ്ടായിരുന്നു.സ്വന്തം മകന്റെ ശരീരത്തില്‍ നിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം വമിക്കുന്നത് മനസ്സിലാക്കിയ അമ്മയുടെ കണ്ണുകള്‍നിറഞ്ഞു.
പിറ്റേന്ന് ബോധംതെളിഞ്ഞ ശേഷം മകനെ ചോദ്യംചെയ്ത രക്ഷിതാക്കള്‍ക്കു മുന്നില്‍ കൂസലില്ലാതെ നിന്ന് ആ മകന് പറഞ്ഞു."ഞങ്ങളുടെ സ്ക്കൂളിലെ പല ചേട്ടന്മാരും കുടിക്കാറുണ്ട്.അവരുടെയൊന്നും വീട്ടില്‍ അത് പ്രശ്നമാകുന്നില്ലല്ലോ.അല്ലെങ്കില്‍തന്നെ,അച്ഛന് എന്നും വീട്ടില്‍ കുടിച്ചിട്ടല്ലേ വരുന്നത്.അച്ഛന് ചെയ്യുന്ന കാര്യമല്ലേ ഞാനും ചെയ്തുള്ളൂ."പതിമൂന്നുകാരനായ മകന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടിപ്പോയി അവന്റെ അച്ഛന്.
കുട്ടികള്‍ക്കിടയിലെ മദ്യപാനവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും കൂടിവരുന്നതായി സമീപകാലാനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ശരാശരി പന്ത്രണ്ടര വയസ്സില്‍തന്നെ കുട്ടികളില്‍ മദ്യപാനശീലം ആരംഭിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.കേരളത്തിലെ തെക്കന്‍ ജില്ലകളിലെ ചില ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ആണ്‍കുട്ടികളില്‍ ഈലേഖകന് നടത്തിയ ഒരു സര്‍വേയില്‍നിന്നു വ്യക്തമായത് കുട്ടികളില്‍ 50 ശതമാനത്തിലേറെ പേര് മദ്യം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ്.
അഞ്ചുശതമാനത്തോളം കുട്ടികള്‍ ഇടയ്ക്കിടെ മദ്യം ഉപയോഗിക്കുകയും അതു കാരണമുള്ള ശാരീരിക-മാനസിക പ്രശ്നങ്ങളനുഭവിക്കുകയും ചെയ്യുന്ന 'പ്രശ്നക്കാരായ മദ്യപന്മാ'രാണ്(Problem drinkers).ഈ പ്രശ്നക്കാരായ മദ്യപന്മാരില് ബഹുഭൂരിപക്ഷവും 13 വയസ്സിനു മുന്‍പുതന്നെ മദ്യം രുചിച്ചു നോക്കിയവരാണ്.ചെറുപ്രായത്തില്‍തന്നെ മദ്യോപയോഗം ആരംഭിക്കുന്നവര്‍, മറ്റുള്ളവരെ അപേക്ഷിച്ച് മദ്യത്തിന് അടിമകളാകാനുള്ള സാധ്യത നാലിരട്ടിയാണെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തുകൊണ്ട് മദ്യപാനം?
സമീപകാലത്ത് നടന്ന നിരവധി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് മദ്യാസ്ക്തി ജനിതകകാരണങ്ങള്‍കൊണ്ട് പാരമ്പര്യമായി പകര്‍ന്നുകിട്ടാവുന്ന ഒരു രോഗമാണെന്നാണ്.മദ്യാപന്മാരുടെ മക്കള്‍, അച്ഛ്നമ്മമാരോടൊപ്പം താമസിക്കുന്നില്ലെങ്കില്‍ പോലും ചെറിയപ്രായത്തില്‍ മദ്യം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.എന്നാല്‍ ഇതിനെക്കളേറെ പ്രാധാന്യം ഉള്ള കാര്യമാണ്, മുതിര്‍ന്നവര്‍ മദ്യം ഉപയോഗിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ ഈ ശീലം അനുകരിക്കാന്‍ സാധ്യതയേറെയാണെന്നത്.മദ്യോപയോഗം സ്വാഭാവികജീവിതത്തിന്റെ ഭാഗമാണെന്നു ധരിക്കുന്ന കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിച്ച് മദ്യോപയോഗം തുടങ്ങുന്നു.പൊതുസമൂഹത്തില്‍ മദ്യത്തോടുള്ള മനോഭാവം മാറിവരുന്നതു കുട്ടികള്‍ക്ക് പ്രേരണയാകുന്നുണ്ട്.കല്യാണം,മരണം, ആഘോഷവേളകള്‍ എന്നിവയിലൊക്കെ മദ്യം വിളമ്പുന്നത് സര്‍വസാധാരണമായിരുക്കുന്നു. മദ്യം ആരോഗ്യത്തെ നശിപ്പിക്കുന്ന പദാര്‍ത്ഥമെന്ന നിലയില്‍നിന്ന് നിര്‍ദോഷകരമായ ഒരു വിനോദമാര്‍ഗ്ഗമെന്ന നിലയിലേക്ക് സമൂഹകാഴച്ചപ്പാട് മാറിയിരിക്കുന്നു.സിനിമകളും മറ്റു മാദ്ധ്യമങ്ങളും മദ്യത്തെ പൗരുഷലക്ഷണമായി ചിത്രീകരിക്കുമ്പോള്‍ കുട്ടികള്‍ വേഗം അതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.സ്ത്രീകളുടെ ഇടയിലും മദ്യത്തോട് അല്പം"മൃദുസമീപനം" വര്‍ദ്ധിച്ചുവരുന്നതായി കാണാം.കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ ലേഖകന്‍ നടത്തിയ ഒരു സര്‍വേയില്‍ നിങ്ങളുടെ ജീവിതപങ്കാളിയില്‍ നിങ്ങള്‍ കാണാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്? എന്ന ചോദ്യത്തിന് "മദ്യപാനം"എന്ന് ഉത്തരമെഴുതിയവര്‍ പത്തുശതമാനം പേര് മാത്രമായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്ക്കുളില് മദ്യപിച്ച് സമനില തെറ്റിയ പ്ലസ് വണ്‍കാരികളായ മൂന്നു പെണ്‍കുട്ടികള്‍ കാട്ടിയ വിക്രിയകള്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഞെട്ടിച്ചത് അടുത്തകാലത്താണ്.
പരീക്ഷണസ്വാഭാവം കൂടുതലായി കണ്ടുവരുന്ന കൗമാരപ്രായത്തില്‍, അവസരം കിട്ടിയാല്‍ മദ്യം കുടിക്കാന്‍ പലരും മുതിര്‍ന്നേക്കും. അതിനുള്ള സാഹചര്യങ്ങള്‍ അനായാസമായി ലഭിച്ചാല്‍ പ്രശ്നം രൂക്ഷമാകും.വീട്ടില്‍ മദ്യക്കുപ്പികള്‍ സൂക്ഷിക്കുകയും കുട്ടികളുടെ മുന്പില് വെച്ച് കുടിക്കുകയും ചെയ്യുന്ന രക്ഷിതാക്കളാണ് ഈക്കാര്യത്തില്‍ പ്രധാന പ്രതികള്‍.ആഘോഷവേളകളില്‍ കുട്ടികള്‍ക്ക് അല്പം മദ്യം പകര്‍ന്നു നല്കുന്ന മാതാപിതാക്കളുമുണ്ട്!
ശ്രദ്ധക്കുറവും അമിതവികൃതിയും കൂടുതലായുള്ള ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍(Hyper kinetic disorder),കുറ്റവാസനകള്‍ പ്രകടിപ്പിക്കുന്ന കണ്‍ഡക്ട് ഡിസോര്‍ഡര്‍(Conduct disorder)എന്നീ മാനസിക രോഗാവസ്ഥകളുള്ള കുട്ടികളില്‍ മദ്യമുപയോഗിക്കാനുള്ള പ്രവണത ചെറുപ്രായത്തില്‍തന്നെ പ്രകടമായിരിക്കും.ആത്മനിയന്ത്രണം കുറവുള്ള ഈ കുട്ടികള്‍ മദ്യപാനത്തോടൊപ്പം പുകവലി, ലൈംഗിക പരീക്ഷണങ്ങള്‍,അക്രമവാസനകള്‍ എന്നിവയിലും ചെറുപ്രായത്തിലേ ഏര്‍പ്പെട്ടിന്നിരിക്കും.
സമപ്രായക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങി മദ്യപാനമാരംഭിക്കുന്ന കുട്ടികളും ധാരാളം. തന്റെ സുഹൃത്ത് തനിക്കിഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍, 'പറ്റില്ല' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനുള്ള കഴിവില്ലാത്ത കുട്ടികള്‍ക്കാണ് ഇങ്ങനെ പറ്റുന്നത്. സ്ക്കൂളിലെ വളരെ സജീവമായ ഒരു 'ഗാങ്ങില്‍' അംഗത്വം നേടാന്‍ മദ്യമുപയോഗിച്ച് പൗരുഷം തെളിയിക്കണമെന്ന വ്യവസ്ഥ വെക്കുന്ന കുട്ടികളുമുണ്ട്.സുഹൃത്തുക്കളുടെ നിര്ബദ്ധത്തിനു വഴങ്ങാത്തപക്ഷം അവര്‍ തന്നോട് മിണ്ടാതാകുമോ എന്ന ആശങ്കയാണ് കുട്ടികളെ ഇത്തരം ശീലങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
വീട്ടില്‍നിന്ന് വേണ്ടത്ര സ്നേഹവും വൈകാരിക സുരക്ഷിതത്വവും കിട്ടാതെ വരുന്നത് കുട്ടികളെ മദ്യപാനത്തിലേക്ക് നയിക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ വഴക്ക്, മാതാപിതാക്കളുടെ സ്വാഭാവദൂഷ്യങ്ങള്‍, കുട്ടികളോടോത്ത് വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയാതെ പോകുന്നത് എന്നിവയൊക്കെ ഈ പ്രശ്നത്തിന് കാരണമാകാം. വീട്ടില്‍നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്ത കുട്ടികള്‍, വീടിനുപുറത്ത് സൗഹൃദങ്ങള്‍ തേടിപ്പോകുന്നത് സ്വാഭാവികം. പ്രായത്തില്‍ കൂടിയ കുട്ടികളുമായുള്ള സൗഹൃദം പല കുഞ്ഞുങ്ങളെയും മദ്യപാനമുള്‍പ്പെടെയുള്ള ദൂശ്ശീലങ്ങളിലേക്ക് നയിക്കാം.
ജീവിതത്തിലുണ്ടാകുന്ന വിഷമഘട്ടങ്ങളെ തരണംചെയ്യാന്‍ മദ്യം പരീക്ഷിക്കുന്ന കുട്ടികളുമുണ്ട്. മദ്യം മനപ്രയാസത്തെ ഇല്ലാതാക്കുമെന്ന ധാരണ സിനിമകളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നിമൊക്കെയായിരിക്കും ഇവര്‍ക്ക് കിട്ടിയിട്ടുണ്ടാകുക. ഇങ്ങനെ തുടങ്ങുന്ന മദ്യപാനശീലം ക്രമേണ കൂടിക്കൂടിവന്ന്, ആ വ്യക്തി മദ്യത്തിനടിമയാകാന്‍ സാധ്യതയേറെയാണ്. സ്വതവേ ഉത്കണ്ഠാകുലരും ആതമവിശ്വാസക്കുറവുള്ളവരുമായ കുട്ടികള്‍ സുഹൃത്തുക്കളുടെ ഉപദേശം കേട്ട് ധൈര്യം കൂടാന്‍ മദ്യപിച്ചു തുടങ്ങുന്നതായും കണ്ടുവരുന്നുണ്ട്.
ജീവിതം തകര്‍ക്കുന്ന മദ്യപാനം
മുതിര്‍ന്നവരെ അപേക്ഷിച്ച്, മദ്യപാനത്തിന്റെ തോത് നിയന്ത്രിക്കാനുള്ള കഴിവ് കുട്ടികള്‍ക്ക് കുറവായിരിക്കാനാണ് സാധ്യത.അതുകൊണ്ടുതന്നെ, അളവില്‍ കൂടുതല്‍ മദ്യം കഴിച്ച് അബോധാവസ്ഥയിലാകുന്ന കുട്ടികളുടെ കഥകള്‍ കൂടുതലായി കേട്ടുവരുന്നുണ്ട്. ചെറുപ്രായത്തിലാരംഭിക്കുന്ന മദ്യപാനശീലം തലച്ചോറിലെ ഓര്‍മശക്തിയെ നിയന്ത്രിക്കുന്ന പ്രാധാന ഭാഗങ്ങളിലൊന്നായ ഹിപ്പോകാമ്പസ്സിന്റെ (Hippocampus) പ്രവര്‍ത്തനത്തെ ബാധിക്കും. ഇതുമൂലം ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങള്‍, ഓര്‍മക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.
മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന പെരുമാറ്റവൈകല്യങ്ങളും കുട്ടികളില്‍ സങ്കീര്‍ണമാണ്. അമിതദേഷ്യം, അക്രമസ്വഭാവം, അശ്ശീല ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ പ്രശ്നം സൃഷ്ടിക്കാറുണ്ട്.തുടക്കത്തില്‍ ചെറിയ അളവില്‍ മദ്യം കഴിച്ച് ആസ്വദിക്കുന്ന കുട്ടികള്‍, ക്രമേണ വേണ്ടത്ര 'ഇഫെക്റ്റ്' കിട്ടാത്തതിനാല്‍ മദ്യോപയോഗത്തിന്റെ അളവ് കൂട്ടിക്കൊണ്ടുവരാറുണ്ട്. മദ്യം കഴിക്കുമ്പോള്‍ ചില ആഹ്ലാദാനുഭവങ്ങളുണ്ടാകുന്നത് തലച്ചോറിലെ ചില മേഖലകളില്‍ 'ഡോപ്പമിന്‍' (Dopamine) എന്ന രാസപദാര്‍തഥത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതുകൊണ്ടാണ്.എന്നാല്‍ മദ്യം കിട്ടാത്ത ദിവസങ്ങളില്‍ ഡോപ്പമിന്റെ അളവു കുറഞ്ഞുനില്‍ക്കുന്നത് ഇവരില്‍ ഉത്കണ്ഠയും അസ്വസ്ഥതയുമുണ്ടാക്കും. ഇതിനെ മറികടക്കാനായി വീണ്ടും മദ്യത്തെ അഭയംപ്രാപിക്കുന്ന ഇവര്‍ ക്രമേണ മദ്യത്തിന് അടിമകളായി മാറുന്നു.
മദ്യോപയോഗം ആരംഭഘട്ടത്തില്‍ ലൈംഗികതാത്പര്യം കൂട്ടാറുണ്ട്.ഇത്കുട്ടികളുടെ ഭാഗത്തുനിന്ന് പലവിധ പെരുമാറ്റദൂഷ്യങ്ങള്‍ക്കും കാരണമാകാറുണ്ട്. ചെറുപ്പത്തിലെ മദ്യമുപയോഗിച്ചുതുടങ്ങുന്ന കുട്ടികള്‍ അപകടകരമായ ലൈംഗികപരീക്ഷണങ്ങളിലേര്‍പ്പെട്ട് ലൈംഗിക രോഗങ്ങള്‍ പിടിപെടുന്ന അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. ഇക്കൂട്ടരില്‍ ഇന്റര്‍നെറ്റ്അടിമത്തം, മയക്കുമരുന്നുകളുടെ ദുരുപയോഗം എന്നിവയും ഉണ്ടാകാന്‍ സാധ്യതായേറെയാണ്.കരളിന്റെയും ശരീരത്തിലെ പുരുഷഹോര്‍മോണുകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുക വഴി ക്രമേണ മദ്യപാനം ലൈംഗികശേഷിക്കുറവിന് കാരണമാകുന്നു. ചെറുപ്പത്തിലെ മദ്യപാനശീലം ആരംഭിക്കുന്നവര്‍ക്ക് യൗവനത്തില്‍ തന്നെ ഉദ്ധാരണശേഷിക്കുറവുപോലെയുള്ള പ്രശ്നങ്ങളുണ്ടാകാം.കുടലില്‍ വ്രണമുണ്ടാകുന്ന പെപ്റ്റിക് അള്‍സര്‍,കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത്മൂലമുള്ള സിറോസിസ്,ഹെപ്പാറ്റിക് ഫെയിലിയര്‍ എന്നീ പ്രശ്നങ്ങള്‍ വഷളായാല്‍ മരണത്തിനുവരെകാരണമാകാം. ആഗ്നേയഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന 'അക്യുട്ട് പാന്‍ക്രിയാറ്റൈറ്റിസ്' (Acute pancreatitis) എന്ന രോഗവും ഏറെ അപകടകരമാണ്.
ചെറുപ്രായത്തിലാരംഭിക്കുന്ന മദ്യപാനശീലം വിവിധ മാനസിക രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. തലച്ചോറിലെ ഡോപ്പമിന്‍ ക്രമാതീതമായി വര്‍ധിക്കുന്നതുമൂലം വിഭ്രാന്തിരോഗങ്ങള്‍(Psychosis), സംശയരോഗം(Delusional disorder) എന്നിവയമുണ്ടാകാം. കടുത്ത അക്രമസ്വഭാവത്തിനും ആത്മഹത്യാപ്രവണതയ്ക്കും ഇത് കാരണമാകാം. വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മരവിരോഗമുള്‍പ്പെടെയുള്ള സാരമായ പ്രശ്നങ്ങള്‍ക്കും ഈ ദൂശ്ശീലം കാരണമാകാം. മദ്യപിച്ച അവസ്ഥയിലുണ്ടാകുന്ന തലയ്ക്ക് പരിക്കേല്‍ക്കുന്നതും ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാം.
കുട്ടിക്കുടിയന്മാരെ എന്തുചെയ്യണം?
എന്റെ മകന് ഒരിക്കലും തെറ്റു ചെയ്യുകയില്ല എന്ന മുന്‍വിധി ഒരു രക്ഷിതാവും വെച്ചുപുലര്‍ത്താന്‍ പാടില്ല. എന്നാല്‍ തെറ്റുചെയ്ത കുട്ടിയെ കഠിനമായി ശിക്ഷിച്ചും അവഹേളിച്ചും മാനസികമായി തളര്‍ത്തുന്നതും നന്നല്ല.കുട്ടികള്‍ക്കനുവദിക്കാവുന്ന സ്വതന്ത്രത്തിന് ആരോഗ്യകരമായ ഒരു പരിധി ആവശ്യമാണ്.
മകന് മപിച്ചുവെന്ന മനസ്സിലാക്കിയ രക്ഷിതാവ് കുട്ടിയോട് അതേക്കുറിച്ച് തുറന്ന് സംസാരിക്കുവാന്‍ തയ്യാറാകണം. കുട്ടിയെ ഈ സാഹചര്യങ്ങളിലേക്കു നയിച്ച കാര്യങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.സമസംഘങ്ങളുടെ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള 'സ്വാഭാവദൃഢത' (Assertiveness) കുട്ടികള്‍ക്കുണ്ടാകേണ്ടത് ആവശ്യമാണ്. അനാരോഗ്യകരമായ സൗഹൃദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ഉറ്റസുഹൃത്തുക്കളാണെങ്കില്‍പോലും മദ്യപാനത്തിന് ക്ഷനിക്കുന്നവരോട് 'എനിക്ക് താല്പര്യമില്ല' എന്ന് തീര്‍ത്തുപറയാനുമുള്ള കഴിവ് കുട്ടികള്‍ക്കുണ്ടാകണം. കുട്ടികള്‍ക്ക് തെറ്റായ മാതൃകകളാകുന്ന വീട്ടിലിരുന്നുള്ള മദ്യപാനം, മദ്യപിച്ചു വന്ന് വഴക്കിടുന്ന ശീലം എന്നിവ ഉപേക്ഷിക്കാന്‍ രക്ഷിതാക്കളും തയ്യാറാകണം. 'ഞാന്‍ നന്നാകില്ല, പക്ഷേ എന്റെ മകന് നന്നായേപറ്റൂ' എന്ന നിലപാട് വിജയം കണ്ടെന്നുവരില്ല. മദ്യത്തിനടിമയായ അച്ഛന് മദ്യമുപയോഗിച്ച മകനെ ഉപദേശിക്കാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെടുകയാണെന്നോര്‍ക്കുക.
ഒരിക്കല്‍ മദ്യപിച്ചുപോയ മകന് ഒരു ' മഹാപാപം' ചെയ്തുവെന്ന മട്ടില്‍ സംസാരിക്കുന്നത് നന്നാവില്ല. അതുപോലെ വീട്ടിലെത്തുന്ന അതിഥികളോട് ഈ വിഷയത്തെപ്പറ്റി പറഞ്ഞ് കുട്ടിയെ പരിഹസിക്കുന്നതും ഒഴിവാക്കണം. മകന്റെ പെരുമാറ്റം തങ്ങളെ വളരെയേറെ വിഷമിപ്പിച്ചുവെന്നു വാക്കുകളിലുടെയും പ്രവൃത്തിയിലുടെയും അവനെ ബോധ്യപ്പെടുത്തണം. അനുബന്ധ പെരുമാറ്റപ്രശ്നങ്ങളായ ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍, വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ ചികിത്സ തേടാനും ശ്രമിക്കണം. പരിഹാരമില്ലാത്ത പ്രശ്നമില്ലെന്നും പക്ഷേ, പ്രശ്നപരിഹാരത്തിന് അവന്‍തന്നെ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും മകനെ ബോധ്യപ്പെടുത്താം.
കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്താകാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത് ഇത്തരം പ്രശ്നങ്ങളിലേക്ക് കുട്ടികള്‍ പോകാതിരിക്കാനും സഹായിക്കും. ദിവസേന അരമണിക്കൂറെങ്കിലും കുട്ടിയോട് തുറന്നുസംസാരിക്കാന്‍ സമയം കണ്ടെത്താം. ഈ സമയത്ത് കുറ്റപ്പെടുത്തലോ ഗുണദോഷങ്ങളോ ഒഴിവാക്കി, അവന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാം. ജീവിതത്തിലുണ്ടാകുന്ന ഏതു സംഭവത്തെപ്പറ്റിയും ചര്‍ച്ചചെയ്യാന്‍ അവനെ പ്രേരിപ്പിക്കാം. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് രക്ഷിതാക്കള്‍ ശ്രമിച്ചാല്‍, അവര്‍ സംശയനിവൃത്തിക്കായി അശാസ്ത്രീയമായ സ്രോതസ്സുകള്‍ തേടിപ്പോകില്ല. പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതത്തില്‍ ലക്ഷ്യബോധം വികസിപ്പിക്കാനും ' ജീവിത നൈപുണ്യ വിദ്യാഭ്യാസം' (Lifeskills Education) പോലെയുള്ള പരിശീലനപരിപാടികളും കുട്ടികളെ സഹായിക്കും.
ഡോ.സ്മിത. സി.എ.
അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ സ്നേഹത്തോടെയൂട്ടുന്ന അമ്മ. പാല്പ്പുഞ്ചിരിയോടെ അതു മുഴുവനും കഴിക്കുന്ന കുഞ്ഞ് —കുട്ടികള്‍ക്ക് ആഹാരം കൊടുക്കുന്നതിനെപ്പറ്റി പലരുടെയും മനസ്സിലുള്ള ഒരു സ്വപ്നചിത്രമാണിത്. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ ദൂരെയാണെന്ന് അനുഭവസ്ഥര്‍ സമ്മതിച്ചുതരും. അടിയും ഇടിയും കരച്ചിലും ബഹളവുമായാണ് പലപ്പോഴും നമ്മുടെ കുട്ടികള്‍ ആഹാരം കഴിക്കാറ്. കുഞ്ഞിനെന്തു നല്‍കണം, എപ്പോൾ, എത്ര അളവിൽ നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ മിക്ക രക്ഷിതാക്കളും ആകുലരുമാണ്. ഈ അവസ്ഥകള്‍ക്കുള്ള പരിഹാരമാർഗ്ഗങ്ങള്‍ തിരിച്ചറിയാൻ ശ്രമിക്കുകയാണിവിടെ.
ഒരു മുതിർന്ന വ്യക്തിയുടെ ഭക്ഷണശീലങ്ങളിലധികവും അയാൾ ആര്‍ജിക്കുന്നത് കുഞ്ഞുപ്രായത്തിലാണ്. അതുകൊണ്ടുതന്നെ, നല്ല ഭക്ഷണരീതികൾ പരിശീലിപ്പിക്കുന്നതിലൂടെ രക്ഷിതാക്കൾ പണിതുയര്‍ത്തുന്നത് ഒരായുഷ്ക്കാലത്തിന്റെ ആരോഗ്യസംരക്ഷണത്തിനുള്ള അടിത്തറയാണ്.
വാവയ്ക്കിത്ര മതി..!
മുലയൂട്ടലിൽ മാത്രമൊതുങ്ങുന്ന ആദ്യമാസങ്ങൾ കഴിഞ്ഞാൽ രുചിലോകത്തിന്റെ വൈവിധ്യത്തിലേക്ക് ഓരോ കുഞ്ഞും പിച്ചവെച്ചു തുടങ്ങും. വളർച്ചയുടെ ഓരോ നാഴികക്കല്ലും പിന്തള്ളുന്നതോടൊപ്പം സ്വയം ഊട്ടാനും മറ്റെന്തിലെയും പോലെ ഭക്ഷണകാര്യത്തിലും സ്വന്തം അഭിരുചികൾ പ്രകടിപ്പിക്കാനും കുഞ്ഞിന് സാധിക്കും. ഒന്നു മുതൽ മൂന്നു വരെയുള്ള വർഷങ്ങൾ ആഹാരശീലങ്ങളുടെ കാര്യത്തിൽ നിർണായകമാണ്. വളർച്ചാത്തോതിലും അതുകൊണ്ടുതന്നെ ഭക്ഷണേച്ഛയിലും അടിക്കടി മാറ്റങ്ങളുണ്ടാകുന്ന ഈ കാലഘട്ടത്തിൽ തന്നെയാണ് പോഷണ ആത്മനിയന്ത്രണം എന്ന കഴിവും (feeding self-regulation) കുഞ്ഞ് സ്വായത്തമാക്കുന്നത്. സ്വന്തം ആഹാരാവശ്യങ്ങളെ വിവേചിച്ചറിയാനും ഭക്ഷണരീതികളെ നിയന്ത്രിക്കാനുമുള്ള ഈ ചോദന ആദ്യ മൂന്നു വര്‍ഷത്തിനിടയില്‍ കുഞ്ഞ് പ്രകടിപ്പിക്കാൻ തുടങ്ങും. ഈ നിർണയശേഷി പരിരക്ഷിക്കപ്പെട്ടാൽ അത് കുഞ്ഞിന്റെ ആരോഗ്യത്തിനായുള്ള ഒരു ആജീവനാന്തനിക്ഷേപമായിരിക്കും. ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളിൽ അച്ഛനമ്മമാരുടെ അനാരോഗ്യകരമായ പല ഇടപെടലുകളും കുഞ്ഞുങ്ങളുടെ ഈ സഹജശേഷിയെ മുളയിലേ നുള്ളിക്കളയുന്നുണ്ട്. കുഞ്ഞിന്റെ ഭക്ഷണശീലങ്ങളിൽ സ്വാദിന്റെയും സാഹചര്യങ്ങളുടെയും വികാരവിക്ഷോഭങ്ങളുടെയും സ്വാധീനം അമിതമാകാൻ ഇത് ഇടവരുത്തുന്നുമുണ്ട്.
കുഞ്ഞുങ്ങൾ സ്വായത്തമാക്കുന്ന ഭക്ഷണശീലങ്ങളെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ പ്രകൃതിഗുണങ്ങള്‍ (temperament), കുടുംബാംഗങ്ങളുടെ ഭക്ഷണരീതികള്‍, കുടുംബത്തിന്റെ സാമൂഹ്യ സാമ്പത്തിക നില എന്നിവ ഉദാഹരണങ്ങളാണ്. ഇതിലെ ആദ്യ രണ്ടു ഘടകങ്ങളും മാതാപിതാക്കൾ ഒരല്പം മനസ്സുവച്ചാൽ ക്രമീകരിക്കാനാവുന്നവയുമാണ്.
പ്രകൃതിഗുണങ്ങളുടെ സ്വാധീനത്തെക്കുറിച്ച് കൂടുതലറിയാം.
വാവ ഇങ്ങനെയാ!...
കുഞ്ഞിന്റെ പെരുമാറ്റത്തെ രൂപവൽക്കരിക്കുകയും വ്യക്തിത്വത്തിന് അടിത്തറ പാകുകയും ചെയ്യുന്ന ജന്മസിദ്ധമായ ചില ഘടകങ്ങളാണ് പ്രകൃതിഗുണങ്ങൾ.
അവയെന്തെല്ലാമാണെന്നുനോക്കാം.
ഈ ഘടകങ്ങളൊന്നിനെയും നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിക്കാനാവില്ല. ഇവയിലെ വ്യതിയാനങ്ങൾ ഓരോ കുഞ്ഞിന്റെയും ഭക്ഷണരീതിയടക്കമുള്ള ശീലങ്ങളില്‍ വ്യതിരിക്തതകള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് അവയെ പ്രസക്തമാക്കുന്നത്. ചുറ്റുപാടുകളുമായുള്ള കുഞ്ഞുങ്ങളുടെ ഇടപഴകലുകളെ വലിയൊരുപങ്കും നിര്‍ണയിക്കുന്നത് അവരുടെ ഇപ്പറഞ്ഞ പ്രകൃതിഗുണങ്ങളാണ്. അച്ഛനമ്മമാർ കുഞ്ഞിനോടിടപഴകുന്ന രീതിയെയും ഇവ സ്വാധീനിക്കുന്നുണ്ട്. സ്വന്തം കുഞ്ഞുങ്ങള്‍ ഈ ഘടകങ്ങളോരോന്നിലും എന്തു സവിശേഷതകളാണ് പുലര്‍ത്തുന്നത് എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കുണ്ടായിരിക്കുന്നത് നല്ല ആഹാരശീലം വളര്‍ത്തിയെടുക്കുന്ന ചുമതല ഒരു പരിധി വരെ ആയാസരഹിതമാക്കും.
ഉദാഹരണത്തിന്, വികാരങ്ങളെ തീവ്രതയോടെ മാത്രം പ്രകടിപ്പിക്കുകയും എല്ലാറ്റിനും അതിശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന തരം കുഞ്ഞുങ്ങള്‍ക്ക് ആഹാരം നൽകുമ്പോൾ കൂടുതൽ എതിർപ്പുകളും പരാതിയും പ്രതീക്ഷിക്കാം. സമചിത്തതയോടും ക്ഷമയോടെയും ഇത്തരം കുട്ടികളെ സമീപിക്കാൻ മാതാപിതാക്കന്മാർ പരിശീലിക്കണം. മറിച്ച്, സ്ഥിരോത്സാഹശീലത്തിലും പുതിയ സാഹചര്യങ്ങളോടിണങ്ങാനുള്ള പാടവത്തിലും മുന്നില്‍ നില്ക്കുന്ന കുഞ്ഞുങ്ങളെ ഭക്ഷണശീലങ്ങൾ പരിശീലിപ്പിക്കുക താരതമ്യേന എളുപ്പവുമായിരിക്കും. പെരുമാറ്റരീതിയിൽ പരസ്പരപൂരകങ്ങളാകാൻ കുഞ്ഞിനെയും രക്ഷകർത്താക്കളെയും നിർബന്ധിതരാക്കുന്നു എന്നതാണ് പ്രകൃതിഗുണങ്ങളുടെ ഏറ്റവും വലിയ സവിശേഷത. എന്നാൽ മറുവശത്ത്, സമയലാഭത്തിനും സമ്മർദ്ദമൊഴിവാക്കാനും വേണ്ടി ശരിതെറ്റുകൾ നോക്കാതെ കുഞ്ഞിന്റെ എല്ലാ താല്പര്യങ്ങളും നടപ്പിലാക്കിക്കൊടുക്കുന്ന നിലപാടുകളെടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ വേണം.
തിരഞ്ഞു കഴിക്കുന്ന കുറുമ്പുകാർ
ചില പ്രത്യേക ഭക്ഷണം മാത്രമേ കഴിക്കൂ എന്ന വാശി കുഞ്ഞുകുട്ടികളില്‍ സർവസാധാരണമാണല്ലോ. രണ്ടു മുതൽ അഞ്ചുവയസ്സു വരെയുള്ള കാലത്തിൽ പുതിയ ഭക്ഷണങ്ങളോട് ചില കുഞ്ഞുങ്ങൾ വിമുഖത കാണിക്കുമെന്നത് സ്വാഭാവികം മാത്രം. ”Picky eaters” എന്ന്പാശ്ചാത്യർ വിളിക്കുന്ന ഇക്കൂട്ടർ മാതാപിതാക്കളുടെ മനസ്സമാധാനം ഒട്ടൊന്നുമല്ല കളയാറുള്ളത്. ഇത്തരക്കാരെ നേരിടാന്‍ പല വിദ്യകളും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
പരിചയപ്പെടുത്താനുദ്ദേശിക്കുന്ന പുതിയ ആഹാരപദാര്‍ത്ഥം ഓരോ ഭക്ഷണവേളയിലും കുഞ്ഞുങ്ങളുടെ പാത്രത്തിൽ വെച്ചുകൊടുത്ത് അവരുടെ ശ്രദ്ധയാകര്‍ഷിക്കാം. പലപ്പോഴും പത്തോ ഇരുപതോ തവണ ഇങ്ങിനെ ചെയ്താലേ അതൊന്ന് തൊട്ടു നോക്കാനെങ്കിലും അവര്‍ തയ്യാറായേക്കൂ. ആഹാരത്തിന്റെ പുതുസംവേദനങ്ങളെ — അത് രുചിയാവട്ടെ, ഘടനയാവട്ടെ — അറിയാനും അംഗീകരിക്കാനും കുഞ്ഞിന് വേണ്ടത്ര സമയംഅനുവദിച്ചേ പറ്റൂ.
കുഞ്ഞിന്റെ നിലവിലുള്ള പ്രിയഭക്ഷണത്തോടൊപ്പം പുതിയ രുചികളും ചേർത്തുനല്‍കുന്നതും ഗുണം ചെയ്യും. ഉദാഹരണത്തിന്, ഓംലെറ്റ് ഇഷ്ടമുള്ള കുഞ്ഞിന് അതിൽ പച്ചക്കറികൾ ചേർത്ത്നല്കി ശീലിപ്പിക്കാം.
ഏറെ വൈകാരികസംയമനവും ശ്രദ്ധയും പാലിക്കേണ്ട ഒരു സന്ദർഭമാണ് ഭക്ഷണസമയം. ബലപ്രയോഗവും ശക്തിപരീക്ഷകളും തീർത്തും ഒഴിവാക്കേണ്ടതുണ്ട്. ഒട്ടും നിർബന്ധം ചെലുത്താതെ, കുറഞ്ഞ അളവിൽ നൽകുന്ന പുതുരുചികളെ അല്പം വൈകിയാണെങ്കിൽപ്പോലും കുഞ്ഞുങ്ങൾ കൈനീട്ടി സ്വീകരിക്കും. ഈയൊരു രീതി കൈക്കൊണ്ടാൽ സ്ക്കൂൾപ്രായമാകുമ്പോഴേക്കും ഏതാണ്ടെല്ലാ രുചികളോടും കുഞ്ഞ് മനസ്സമ്മതം മൂളും. നേരെമറിച്ചു ബലപ്രയോഗത്തിലൂടെയും ശിക്ഷിച്ചുമൊക്കെ ഭക്ഷണം നല്കാൻ ശ്രമിക്കുന്നത് വിപരീതഫലമേ ഉളവാക്കൂ.
പങ്കുവെക്കാം, ചുമതലകളെ
മറ്റേതു നല്ല ശീലം വളർത്തിയെടുക്കുന്നതിലെയും പോലെ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം രൂപീകരിക്കുന്നതിലും ഉത്തരവാദിത്ത വിഭജനം സുപ്രധാനമാണ്.
മാതാപിതാക്കളുടെ ചുമതലകൾ
അടികൊള്ളേണ്ട “അമ്മത്തരങ്ങൾ”
മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ഭക്ഷണശീലത്തെ കൈകാര്യം ചെയ്യുന്ന ചില രീതികൾ ആഹാരത്തോടുള്ള കുഞ്ഞുങ്ങളുടെ മനോഭാവത്തെ മോശമായി സ്വാധീനിക്കാറുണ്ട്:
ഡോ. സുരേഷ് കുമാര്‍ പി.എന്‍.
1943-ല്‍ ലിയോ കാനര്‍ എന്ന മനോരോഗവിദഗ്ദ്ധനാണ് കുട്ടികളില്‍ അപൂര്‍വ്വമായി കാണുന്ന ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്. അതുവരെ സ്കീനോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുളള പതിനായിരം കുട്ടികളില്‍ ഏകദേശം 2 മുതല്‍ 5 വരെ പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നുവയസ്സിനു മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പക്ഷേ ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്.
ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആണ്‍കുട്ടികളില്‍ രോഗസാധ്യത. പെണ്‍കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ അത് കൂടുതല്‍ ഗുരുതരമായി കാണപ്പെടുന്നു. ഓട്ടിസം താരതമ്യേന സമ്പന്ന കുടുംബങ്ങളില്‍ മാത്രമായി കാണുന്ന അസുഖമെന്നായിരുന്നു പഴയ ധാരണ. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഈ രോഗം നിരവധി സാധുകുടുംബങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഓട്ടിസത്തെക്കുറിച്ച് സമീപകാലത്തുണ്ടായ ബോധവത്കരണമാകാം ഈ തിരിച്ചറിവിനു കാരണം.
ലക്ഷണങ്ങള്‍
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ വെച്ച് അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം (Infantile Autism) ഉളള കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. മറ്റുളളവരാകട്ടെ ഏകദേശം 15-18 മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഓരോന്നായി കുറഞ്ഞുവരികയും ചെയ്യുന്നു. ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ, പരിചയത്തോടെയുള്ള ചിരിയോ, എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില ഓട്ടിസ്റ്റിക്ക് കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ, ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. സ്ക്കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ ഓട്ടിസ്റ്റിക് കുട്ടികളില്‍ അപൂര്‍വ്വമായിരിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ, അതില്‍ സഹതപിക്കുവാനോ ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് കഴിയില്ല. സ്വത:സിദ്ധമായ ഉള്‍വലിയല്‍ മൂലം ആഗ്രഹമുണ്ടെങ്കില്‍പോലും സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ഇവര്‍ക്കു കഴിയില്ല. ഇതുകൊണ്ടു തന്നെ ലൈംഗികവികാരങ്ങള്‍ ഉണ്ടെങ്കിലും ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രയാസമാണ്. ഓട്ടിസക്കാര്‍ വളരെ അപൂര്‍വ്വമായേ വിവാഹം കഴിക്കാറുള്ളൂ.
സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്.
ഓട്ടിസത്തിന്റെ മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഓട്ടിസ്റ്റിക് കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതു തന്നെ വൈകിയായിരിക്കും. വളരെ മിതമായേ ഇത്തരക്കാര്‍ സംസാരിക്കൂ. ഉച്ചാരണത്തില്‍ പല ശബ്ദങ്ങളും ഇവര്‍ വിട്ടുകളയും. വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ഒഴുക്കന്‍മട്ടിലാണ് ഇവര്‍ സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവര്‍ എന്താണ് ഇവരോടു പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇവര്‍ക്കില്ല. വാക്കുകളോ വാചകങ്ങളോ തന്നെ ഇവര്‍ സംസാരിക്കുമ്പോള്‍ വിട്ടുപോകാം. ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. അതേസമയം ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തില്‍ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകള്‍ ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. അപൂര്‍വ്വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. 'ഹൈപ്പര്‍ലെക്സിയ' (hyperlexia) എന്നാണ് ഇതിനെ പറയുന്നത്.
ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകള്‍ ഉണ്ട്. പാവകളോടും മൃഗങ്ങളോടും ഇവര്‍ക്ക് താല്പര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കി വെക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങള്‍. ദൈനംദിന കാര്യങ്ങള്‍ ഒരേ മാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ളേറ്റ്, ഇരിക്കുവാന് ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും, പുതിയ സ്ഥലത്തേക്ക് താമസം മാറല്‍, ഗൃഹോപകരണങ്ങള്‍ മാറ്റല്‍, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.
ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാല്‍ പോലും ഓട്ടിസ്റ്റിക് കുട്ടികള്‍ കരയില്ല. വട്ടം കറങ്ങല്, ഊഞ്ഞാലാടല്, പാട്ട്, വാച്ചിന്റെ ടിക്-ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികള്‍ അതിരുകവിഞ്ഞ കമ്പം കാണിക്കും. ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വെറുപ്പ്, വസ്ത്രങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യുക എന്നീ പ്രശ്നങ്ങളും ഓട്ടിസത്തില്‍ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളില്‍ മൂന്നില്‍രണ്ടു ഭാഗത്തിന് ബുദ്ധിവളര്‍ച്ച കുറവായിരിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD) എന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.
കാരണങ്ങള്‍
ഓട്ടിസ്റ്റിക് കുട്ടികളില്‍ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഈ കുട്ടികളുടെ വളര്‍ച്ചയിലുണ്ടായിട്ടുളള വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓട്ടിസ്റ്റിക് കുട്ടികളില്‍ ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്. മാത്രമല്ല തലച്ചോറിന്റെ പരിശോധനകളായ സി.ടി.സ്കാന്‍, എം.ആര്.ഐ, ഇ.ഇ.ജി എന്നിവയിലും ഇവരുടെ മസ്തിഷ്കത്തിന് സാധാരണ കുട്ടികളുടേതിനെ അപേക്ഷിച്ച് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ തലച്ചോറില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുതലാണ്. പാരമ്പര്യ ഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്. ഓട്ടിസ്റ്റിക് കുട്ടികളുടെ സഹോദരനോ സഹോദരിക്കോ ഈ അസുഖം പിടിപെടാനുള്ള സാധ്യത മറ്റുളളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. ഒരേ കോശത്തില്‍ നിന്ന് ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചാല്‍ മറ്റേയാള്‍ക്ക് പിടിപെടാനുള്ള സാധ്യത 36 മുതല്‍ 96 ശതമാനമാണ്. ഓട്ടിസ്റ്റിക് രോഗിയുടെ സഹോദരീ സഹോദരന്മാര്ക്കും നേരിയ തോതിലുള്ള ഭാഷാവൈകല്യങ്ങളും ബുദ്ധിവളര്‍ച്ചയിലും ചിന്താശക്തിയിലും വ്യതിയാനങ്ങളും ഉണ്ടാകാറുണ്ട്.
കുട്ടികളെ വളര്ത്തുന്നതിലുള്ള പലവിധ പ്രശ്നങ്ങള്‍ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളില്‍ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തിന്റെ തീവ്രത കൂട്ടുന്നു.
പ്രായം കൂടുമ്പോള്‍ എന്തു സംഭവിക്കും?
ഓട്ടിസം പരിപൂര്‍ണ്ണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. ഇവരില്‍ ബുദ്ധിവളര്‍ച്ച കൂടിയവര്‍ക്ക് കൂടുതല്‍ സുഖപ്രാപ്തി ലഭിക്കാം. പ്രായപൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍രണ്ടു ഭാഗമെങ്കിലും മാനസികവൈകല്യം ബാധിച്ചവരും, ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയാത്തവരുമായിത്തീരുന്നു. ചെറിയൊരു വിഭാഗത്തിന് മാത്രമേ സ്വന്തമായി തൊഴില്‍ ചെയ്ത് ജീവിക്കാനാകൂ. ഏകദേശം പകുതിയോളം പേര്‍ക്ക് പ്രായമാകുമ്പോള്‍ അപസ്മാരം പിടിപെടാം. സ്വയം മുറിവേല്‍പ്പിക്കല്‍, അമിത ദേഷ്യപ്രകടനം എന്നിവ ഇവര്‍ക്ക് പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങളാണ്.
ചികിത്സയും പ്രതിവിധിമാര്‍ഗ്ഗങ്ങളും
ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്നങ്ങള്‍ക്കല്ലാതെ ഓട്ടിസത്തിനുവേണ്ടി പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല.
ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്നങ്ങള്‍ക്കല്ലാതെ ഓട്ടിസത്തിനുവേണ്ടി പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല. അക്രമവാസന, അമിത ബഹളം, ഉറക്ക പ്രശ്നങ്ങള്‍, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. ചികിത്സ എത്രയും നേരത്തെ ആരംഭിക്കുന്നുവോ അത്രയും തന്നെ ഫലപ്രാപ്തി ലഭിക്കുന്നു. ഓട്ടിസം ഉണ്ടോ എന്ന് ചെറിയ സംശയം ഉടലെടുക്കുമ്പോള്‍ തന്നെ പ്രതിവിധികളും സ്വീകരിച്ചു തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. വേറൊരു വസ്തുത, ചികിത്സയിലൂടെ കുട്ടിക്ക് ഉണ്ടാകുന്ന പുരോഗതി ചിലപ്പോള്‍ വളരെ മന്ദഗതിയിലായിരിക്കും. എന്നിരുന്നാലും അതില്‍ തന്നെ ഉറച്ചുനിന്ന് ചികിത്സ തുടര്‍ന്നുകൊണ്ട് പോകുന്നത് കുട്ടിക്ക് കൈവരിക്കാന്‍ സാധിക്കുന്ന അത്രയും കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ അവനെ സഹായിക്കുന്നു. ഇവരുടെ പെരുമാറ്റ രൂപീകരണത്തിനുളള പരിശീലനം വീട്ടില്‍വച്ചും, സ്കൂളില്‍വച്ചും നല്‍കേണ്ടി വരുന്നു. മാതാപിതാക്കള്‍ക്ക് ഇവരെ കൈകാര്യം ചെയ്യുന്നതിനുളള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.
ചികിത്സയില്‍ ഊന്നല്‍ കൊടുക്കേണ്ട കാര്യങ്ങള്‍
പരിശീലനം നല്കുമ്പോള് - മാതാപിതാക്കള്‍ക്കായുളള സന്ദേശം
ഓട്ടിസത്തിന്റെ ചികിത്സ വളരെ വൈവിധ്യമാര്‍ന്ന മേഖലയാണ്. ഇതിന് സൈക്യാട്രിസ്റ്റ്, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഡവലപ്പ്മെന്റല്‍ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ഒരു സംഘത്തിന്റെ കൂട്ടായ ചികിത്സ ആവശ്യമാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ മറ്റ് ശാരീരിക അസുഖങ്ങള്‍ മൂലമല്ല എന്നുറപ്പാക്കലാണ് ആദ്യകര്‍ത്തവ്യം. ഇ.എന്‍. ടി വിദഗ്ദ്ധര്‍ ശ്രവണശക്തി പരിശോധിച്ച് കുട്ടിക്ക് ബധിരത ഇല്ലെന്ന് ഉറപ്പാക്കണം. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിനെകൊണ്ട് ബുദ്ധിമാന്ദ്യം എത്രയുണ്ടെന്ന് മനസ്സിലാക്കണം. അസുഖത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കലാണ് അടുത്ത പ്രധാനകാര്യം. ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് മാത്രമായുള്ള സ്കൂളുകള്‍ കേരളത്തില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ പഠനത്തോടൊപ്പം കുട്ടിയുടെ പെരുമാറ്റവൈകല്യങ്ങള്‍ ശരിയാക്കി എടുക്കുന്നതിനുള്ള പ്രത്യേക പരിശീലനം (ബിഹേവിയര്‍ തെറാപ്പി), വൈജ്ഞാനിക ശക്തി, ഭാഷ, പഠനരീതി എന്നിവ മെച്ചപ്പെടുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ നല്കിവരുന്നു. ഹാലോപെരിഡോള്‍, റിസ്പെരിഡോണ്‍, ഒലാന്‍സിപൈന്‍, ക്ളോസപ്പിന്, നാല്‍ട്രെക്സോണ്‍, ലിതിയം എന്നീ ഔഷധങ്ങള്‍ ഓട്ടിസത്തിന്റെ ചികിത്സയ്ക്ക് ഇന്ത്യയില്‍ ലഭ്യമാണ്.
ഡോ. സുരേഷ് കുമാര്‍ പി.എന്‍.
സ്കൂളില്‍ നിന്നുളള നിരവധി പരാതികള്‍ കാരണം പതിനഞ്ച് വയസ്സുളള രാജേഷിനെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ദ്ധന്റെ അടുത്തെത്തിക്കുന്നു. 2-3 വര്‍ഷങ്ങള്‍ മുമ്പ് വരെ സ്കൂള്‍ അധികൃതര്‍ക്കോ മാതാപിതാക്കള്‍ക്കോ അവനെക്കുറിച്ച് യാതൊരു പരാതികളുമുണ്ടായിരുന്നില്ല. മോശപ്പെട്ട കൂട്ടുകാരുമൊത്ത് ക്ളാസ്സ് കട്ട് ചെയ്ത് കവളികളിലും സിനിമാ തിയേറ്ററിലും മറ്റും കറങ്ങി നടക്കുന്നതിനാല്‍ കുട്ടിയുടെ പഠനനിലവാരം കുറഞ്ഞു വന്നിരുന്നു. ചില രാത്രികളില്‍ അവന് വീട്ടിലേക്ക് വരാതെ സുഹൃത്തുക്കളുമൊത്ത് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുകയും ചെയ്തു. തന്റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലെന്ന് രാജേഷ് പറയുക മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നുണ പറയുന്നതും പതിവായിരുന്നു. താന്‍ ശരിയായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അവന് പറയുന്നു. സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കുവാനാണ് സ്ക്കൂള് ഒഴിവാക്കുന്നതെന്നും വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് ബൈക്ക് ഓടിക്കാറുണ്ടെന്നും, ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും ഇടക്കിടെ ഭക്ഷണം കഴിക്കുന്നുണ്ടെന്നും, അശ്ലീല സിനിമകള്‍ കാണാറുണ്ടെന്നും അവന് ഡോക്ടറോട് പറഞ്ഞു. തന്റെ ഗ്രേഡിനെക്കുറിച്ചൊന്നും അവന് ഉത്കണ്ഠ ഉണ്ടായിരുന്നില്ല. തന്റെ യൌവനം ആസ്വദിക്കുവാന്‍ വല്ലപ്പോഴുമൊക്കെ അനുവദിക്കണമെന്നായിരുന്നു മാതാപിതാക്കളോടുളള അവന്റെ ആവശ്യം. വല്ലപ്പോഴുമൊക്കെ ചില പാര്‍ട്ടികളില്‍ നിന്നുളളതൊഴിച്ചാല്‍ മദ്യവും, ലഹരി വസ്തുക്കളും ഉപയോഗിക്കുന്നില്ലെന്ന് അവന് ആണയിട്ട് പറഞ്ഞു. അവന്റെ ചീത്ത പ്രവൃത്തികളെക്കുറിച്ച് ഉപദേശിച്ചാല്‍ വീട്ടുകാരുമായി വഴക്കിടുകയും ചില സന്ദര്‍ഭങ്ങളില്‍ അച്ഛനമ്മമാരെ ഉപദ്രവിക്കുകയും പതിവായിരുന്നു.
തന്റെ പ്രായത്തിലുളള ഒരു സംഘത്തിനുളളില്‍ ഒരു വ്യക്തിയുടെ സമൂഹം അംഗീകരിക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളെയും പെരുമാറ്റരീതികളെയുമാണ് സ്വഭാവം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 18 വയസ്സിനു താഴെയുളള കുട്ടികളില്‍ സമൂഹത്തിലെ നിയമസംഹിതകള്‍ക്ക് നിരക്കാത്തതായി തുടര്‍ച്ചയായി കണ്ടുവരുന്ന അസാധാരണമായ പെരുമാറ്റത്തെയാണ് സ്വഭാവദൂഷ്യരോഗം (Conduct Disorder) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവ ഇളംപ്രായക്കാരുടെ കുസൃതിയോ കേവലം വാശിയോ അല്ല.
കാരണം മനസ്സിലാക്കാന്‍ വളരെയേറെ പ്രയാസമുള്ള ഒരു മാനസികരോഗമാണ് സ്വഭാവദൂഷ്യരോഗം. കളവ് പറയല്‍, മോഷണം, ഒളിച്ചോടല്‍, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നേരെ അക്രമം കാട്ടുക, മറ്റു കുട്ടികളെ ഭീഷണിയിലൂടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിക്കുക, രാത്രിയില്‍ വീടുവിട്ടിറങ്ങുക, സ്കൂളില്‍ പോകുന്നതിനുള്ള കടുത്ത മടി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എന്നിവയാണ് സ്വഭാവ ദൂഷ്യരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ . ഇത്തരം സ്വഭാവമുള്ളവര്‍ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, സഹപാഠികള്‍ എന്നിവരുമായി നിരന്തരം കലഹിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യും. സാമൂഹിക നിയമങ്ങള്‍ക്കും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും പുല്ലുവില കല്‍പ്പിക്കുന്നവരാണ് സ്വഭാവദൂഷ്യക്കാര്‍ .
സ്വഭാവദൂഷ്യരോഗം 10 വയസ്സിനു താഴെയുള്ളവരിലും 10 വയസ്സിനു മുകളിലുള്ള കൌമാരക്കാരിലും രണ്ടു തരത്തിലാണ് കണ്ടുവരുന്നത്.
സ്വഭാവദൂഷ്യരോഗം 10 വയസ്സിനു താഴെയുള്ളവരിലും 10 വയസ്സിനു മുകളിലുള്ള കൌമാരക്കാരിലും രണ്ടു തരത്തിലാണ് കണ്ടുവരുന്നത്. ആദ്യവിഭാഗത്തെ ബാധിക്കുന്ന രോഗാവസ്ഥയെ “ചൈല്‍ഡ്ഹുഡ് - ഓണ്‍സെറ്റ് ടൈപ്പ്” (Childhood onset type) എന്നും രണ്ടാമത്തെ വിഭാഗത്തെ “അഡോളസന്റ് - ഓണ്‍സെറ്റ് ടൈപ്പ്”(Adolescent onset type) എന്നും പറയുന്നു.
ചൈല്‍ഡ്ഹുഡ് - ഓണ്‍സെറ്റ് വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ വളരെ കൂടിയ അക്രമസ്വഭാവം കാട്ടുന്നവരാണ്. അത്തരക്കാരില്‍ അമിതവികൃതി - ശ്രദ്ധക്കുറവ് എന്ന രോഗവും (Attention Deficit Hyperactivity Disorder) ഈ രോഗത്തോട് കൂടെ കണ്ടുവരാറുണ്ട്. ഒന്നിലും ശ്രദ്ധയില്ലായ്മ, കൂടിയ വികൃതി, അച്ചടക്കമില്ലായ്മ, മറ്റുള്ളവര്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ പറ്റാത്ത വിധത്തിലുള്ള പ്രതികരണം എന്നിവയാണ് ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ . ഇവര്‍ക്ക് കുടുംബാംഗങ്ങളുമായും സഹപാഠികളുമായും നല്ല ബന്ധം പുലര്‍ത്താനാകില്ല. ചിലപ്പോള്‍ കൌമാരത്തിനു ശേഷവും തുടരുന്ന ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളെ സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടാനും പ്രേരിപ്പിക്കുന്നു.
കൌമാരപ്രായത്തില്‍ ആരംഭിക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍ പൊതുവെ അക്രമസ്വഭാവം കുറഞ്ഞവരും സുഹൃത്ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ തല്പരരുമായിരിക്കും. അത്തരക്കാരുടെ സ്വഭാവദൂഷ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികളാണ് മിക്കപ്പോഴും അവരുടെ സുഹൃത്കൂട്ടായ്മകള് . ADHD ഇത്തരക്കാരില്‍ കൂടുതലായി കാണാറില്ല. രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.
രോഗത്തിന്റെ ആധിക്യം
18 വയസ്സിനു താഴെയുള്ള 6-16 ശതമാനം ആണ്‍കുട്ടികള്‍ക്കും 2-9 ശതമാനം പെണ്‍കുട്ടികള്‍ക്കും ഈ പ്രശ്നമുണ്ട്. സ്വഭാവദൂഷ്യരോഗം പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് കൂടുതലായി കാണുന്നത്. ഈ രോഗാവസ്ഥയുടെ ആണ് - പെണ് അനുപാതം 4-12: 1 ആണ്.
കാരണങ്ങള്‍
കുട്ടിയുടെ സാമൂഹ്യവിരുദ്ധസ്വഭാവത്തിന്നു പിന്നില്‍ വെറും ഒരു കാരണം മാത്രമാകില്ല, മറിച്ച് ഒരു കൂട്ടം ജൈവ-മാനസിക-സാമൂഹിക പ്രശ്നങ്ങളാകാം.
സ്വഭാവദൂഷ്യരോഗത്തിന്റെ കാരണങ്ങളെ പൊതുവെ നാലായി വിഭജിക്കാം.
സ്വഭാവദൂഷ്യരോഗത്തിന്റെ വിവിധഘട്ടങ്ങള്‍
ശൈശവകാലം
രണ്ടു വയസ്സുള്ള ഒരു കുട്ടി രക്ഷിതാക്കളുടെ സ്നേഹവും വാത്സല്യവും വേണ്ട വിധത്തില്‍ ലഭിക്കാതെ, അശ്രദ്ധയോടെ വളരാനിടയായാല്‍ ആ കുട്ടി പില്ക്കാലത്ത് ചില സ്വഭാവദൂഷ്യങ്ങള്‍ പ്രകടിപ്പിക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍, ദാമ്പത്യപ്രശ്നങ്ങള്‍ എന്നീ കാരണങ്ങളാലും രക്ഷിതാക്കള്‍ക്ക് കുട്ടികളെ അവരുടെ വികാര-വിചാരങ്ങളെ പരിഗണിച്ച് വളര്‍ത്തിയെടുക്കാന്‍ കഴിയാതെ വരുന്നു.
കുട്ടികളുടെ സ്വഭാവദൂഷ്യപ്രശ്നങ്ങള് കാരണം അസ്വസ്ഥരാകുന്ന രക്ഷിതാക്കള്‍ കുട്ടികളെ അവരുടെ വഴിക്കു വിടുകയോ അവര്‍ക്കെതിരെ കൂടുതല്‍ കഠിനമായ ശിക്ഷാരീതികള്‍ സ്വീകരിക്കുകയോ ചെയ്യാറുണ്ട്. സ്വഭാവദൂഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഈ രണ്ടു പ്രവൃത്തികളും ഒരുപോലെ ദോഷകരമാണ്. അതിലൂടെ സ്വഭാവം കൂടുതല്‍ മോശമാകുന്ന കുട്ടികള്‍ ചിലപ്പോള്‍ ശാരീരികാതിക്രമങ്ങള്‍ക്കും മുതിര്‍ന്നേക്കാം എന്നതാണ് കാരണം.
ഇത്തരം സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ മിക്ക രക്ഷിതാക്കളും കുട്ടികളെ പൊതുസ്ഥലങ്ങളിലും ബന്ധുവീടുകളിലും കൊണ്ടുപോകുന്നതില്‍ നിന്നും പിന്തിരിയുന്നു. അങ്ങനെ രക്ഷിതാക്കള്‍ കുട്ടികളോടൊത്തു ചെലവഴിക്കുന്ന സമയം വളരെ പരിമിതമാകുന്നു. ഇക്കാരണത്താല്‍ സ്വഭാവദൂഷ്യക്കാര്‍ക്ക് തങ്ങളുടെ തെറ്റുകള്‍ മറ്റുള്ളവരില്‍ നിന്നും മനസ്സിലാക്കാനും സ്വയം നിയന്ത്രിച്ച് പരിഹരിക്കാനുമുള്ള സാഹചര്യം നഷ്ടപ്പെടുന്നു.
പ്രാഥമിക വിദ്യാഭ്യാസകാലം
സ്വഭാവദൂഷ്യമുള്ളവര്‍ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ കൂട്ടുകാരുമായും അധ്യാപകരുമായും മറ്റും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു. അവര്‍ക്ക് മറ്റു കുട്ടികളുമായി ഇടപഴകുന്നതിനുള്ള സാമൂഹികമായ കഴിവ് ഉണ്ടാകില്ല. സാമൂഹികമായ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ സഹപാഠികളെ മിക്കപ്പോഴും ശത്രുക്കളായി തെറ്റിദ്ധരിക്കുന്നു. ഇക്കൂട്ടര്‍ കൌമാരത്തിന്റെ ആദ്യഘട്ടത്തിലെത്തുമ്പോള് നിസ്സാരമായ തര്‍ക്കങ്ങളില്‍ പോലും സഹപാഠികളുടെ നേരെ ശാരീരികാതിക്രമങ്ങള്‍ക്കു മുതിരുകയും അവരുടെ കുഴപ്പം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും പറഞ്ഞ് സഹപാഠികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
അപ്പര്പ്രൈമറി & ഹൈസ്കൂള്‍ കാലം
സ്വഭാവദൂഷ്യമുള്ളവര്‍ അപ്പര്പ്രൈമറി-ഹൈസ്കൂള്‍ ക്ളാസുകളിലെത്തുന്നതോടെ പ്രശ്നങ്ങളും കൂടുന്നു. അവരില്‍ മൂന്നു തരത്തിലുള്ള പെരുമാറ്റരീതികളാണ് സാധാരണയായി കണ്ടുവരുന്നത് :-
കുട്ടികളുടെ മോശം പെരുമാറ്റം കാരണം രക്ഷിതാക്കള്‍ അവരോട് കൂടുതല്‍ ഇടപഴകാത്തതും പഠനവിഷയങ്ങളില്‍ ശ്രദ്ധിക്കാത്തതുമാണ് പഠനനിലവാരത്തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം.
സ്വഭാവദൂഷ്യക്കാര്‍ ഹൈസ്കൂളിലേക്ക് വരുന്നതോടെ അവരും അധ്യാപകരും തമ്മില്‍ പ്രശ്നങ്ങളും പതിവാകുന്നു. അത്തരക്കാര്‍ വീട്ടിലും സ്കൂളിലും വച്ച് മറ്റുള്ളവരുമായി വേണ്ട വിധത്തില്‍ ഇടപഴകുകയുമില്ല. സ്വഭാവദൂഷ്യമുള്ളവരുടെ പഠനനിലവാരവും പൊതുവെ മോശമായിരിക്കും. കുട്ടികളുടെ മോശം പെരുമാറ്റം കാരണം രക്ഷിതാക്കള്‍ അവരോട് കൂടുതല്‍ ഇടപഴകാത്തതും പഠനവിഷയങ്ങളില്‍ ശ്രദ്ധിക്കാത്തതുമാണ് പഠനനിലവാരത്തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. ഇതിനുപുറമെ ചില കുട്ടികളില്‍ കാണപ്പെടുന്ന ADHD എന്ന രോഗവും, പഠനവൈകല്യരോഗങ്ങളും പഠനത്തിനു തടസ്സമാകുന്നു.
മോശം പെരുമാറ്റവും മറ്റു കുട്ടികളെ ഉപദ്രവിക്കുന്ന സ്വഭാവവും സ്വഭാവദൂഷ്യക്കാരെ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും അകറ്റുന്നു. സഹപാഠികള്‍ തമ്മിലുള്ള നല്ല ബന്ധം തുടങ്ങേണ്ട അവസരത്തിലാണിതെന്നോര്ക്കണം. സ്വഭാവദൂഷ്യക്കാരുടെ പ്രവൃത്തികള്‍ അതിരു കടന്നാല്‍ അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും അവരെ പാടെ അവഗണിക്കുന്നു. അതോടെ രക്ഷിതാക്കള്‍ ഇക്കൂട്ടരെ കൂടുതല്‍ വെറുക്കുകയും അവരുടെ കൂട്ടുകാരെയും പ്രവൃത്തികളെയും യാതൊരു താല്പര്യവുമില്ലാതെ അവഗണിക്കുകയും ചെയ്യുന്നു. ഈ സമീപനം പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സഹായിക്കൂ.
സ്വഭാവദൂഷ്യപ്രശ്നങ്ങളാല് സ്കൂളില്‍ മോശം പഠനനിലവാരം കാഴ്ചവെക്കുന്ന കുട്ടികള്‍ എല്ലാവരാലും അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പഠനത്തിലുള്ള താല്പര്യം തീരെ നശിച്ച്, തങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന വിചാരത്തില്‍ മുഴുകി വിഷാദരോഗികളായി മാറിയേക്കാം. ഇക്കൂട്ടരെ വേണ്ട വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അവര്‍ കുടുംബം, സ്കൂള്‍, സമൂഹം എന്നീ മേഖലകളില്‍ നിന്നും ഒറ്റപ്പെട്ട് തികഞ്ഞ ഏകാകികളായി മാറുന്നു. ഇങ്ങനെ ഒറ്റപ്പെടുന്നവരാണ് പിന്നീട് ക്രിമിനല്‍ സ്വഭാവവും, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗശീലവുമുള്ള ക്രിമിനല്‍ സംഘങ്ങളായി മാറുന്നത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള ജയിലുകളിലും മറ്റും അവര്‍ക്ക് കഴിയേണ്ടി വന്നേക്കാം. അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട് ദുര്‍ഗുണപരിഹാരപാഠശാലകളില്‍ കഴിയുന്നവര്‍ അവിടെ വെച്ച് അവരേക്കാള്‍ മോശമായ മറ്റു കുട്ടികളുമായി ബന്ധം സ്ഥാപിച്ച് സ്ഥിതി കൂടുതല്‍ മോശമാകാനാണ് സാധ്യത എന്നതാണ് ദൌര്‍ഭാഗ്യകരമായ വസ്തുത.
ചികിത്സ
സ്വഭാവദൂഷ്യരോഗം ചികിത്സിച്ചു മാറ്റാന്‍ വളരെയേറെ പ്രയാസമാണ്. രോഗാവസ്ഥ ആദ്യമേ മനസ്സിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. മരുന്ന്, വിദ്യാഭ്യാസം, കുടുംബം, മനസ്സ് എന്നീ ഘടകങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തുള്ള ഒരു സമഗ്ര ചികിത്സാരീതിയാണാവശ്യം. ഇക്കാരണത്താല്‍ അത്തരം ചികിത്സകള്‍ ഒരു വിദഗ്ദ്ധ സംഘത്തിന്റെ നിയന്ത്രണത്തിലായിരിക്കണം നടക്കേണ്ടത്. മരുന്നു ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍, രക്ഷിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമുള്ള മന:ശാസ്ത്രപരമായ നിര്‍ദ്ദേശങ്ങള്‍, സ്കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍, പഠനകാര്യങ്ങളിലുള്ള സഹായം, വ്യക്തിഗത ഉപദേശങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഒരു വലിയ പദ്ധതിയാണ് അത്തരം ചികിത്സകള്‍.
ആദ്യമായി ADHD രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് ഒരു മന:ശാസ്ത്രവിദഗ്ദ്ധന്റെ പരിശോധനയിലൂടെ തിരിച്ചറിയേണ്ടതാണ്. സ്റ്റിമുലന്റ് മെഡിസിന് (മീതൈല്‍ ഫിനഡേറ്റ്) ADHD-യുടെ ലക്ഷണങ്ങളായ ശ്രദ്ധക്കുറവ്, അമിതവികൃതി, അച്ചടക്കമില്ലായ്മ, മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള പ്രതികരണം എന്നിവ നിയന്ത്രിക്കുന്നതില്‍ ഫലവത്താണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വഭാവദൂഷ്യരോഗത്തിന് മാത്രമായി ഫലപ്രദമായ മരുന്നുകള്‍ ഒന്നും തന്നെ ഇല്ല. ലിതിയം, കാര്‍ബമാസിപൈന്‍, ക്ളോണിഡിന്‍ എന്നീ മരുന്നുകള്‍ സ്വഭാവദൂഷ്യക്കാരുടെ അക്രമവാസന, എടുത്തുചാട്ടം എന്നിവ ലഘൂകരിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്.
മന:ശാസ്ത്ര ചികിത്സ
മന:ശാസ്ത്രചികിത്സകളില് പേരന്റ് മാനേജ്മെന്റ് ട്രെയിനിംഗ് (Parent Management Training) എന്ന രീതിക്ക് കുട്ടികളിലെ സ്വഭാവദൂഷ്യങ്ങള്‍ മാറ്റിയെടുക്കുന്നതില്‍ വളരെ വലിയ പങ്കുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ മാറ്റിയെടുക്കാന്‍ രക്ഷിതാക്കളെ പരിശീലിപ്പിക്കുന്ന രീതിയാണിത്. കുട്ടികളും രക്ഷിതാക്കളും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കാത്തതാണ് സ്വഭാവദൂഷ്യപ്രശ്നങ്ങള്ക്കുള്ള കാരണമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രീതി. പേരന്റ് മാനേജ്മെന്റ് ട്രെയിനിംഗ് ശുഭകരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ലഘുവായ ശിക്ഷകളിലൂടെ കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ മാറ്റിയെടുക്കാനും രക്ഷിതാക്കളെ സഹായിക്കുന്നു.
ഇതോടനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാര ചികിത്സകളും, ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ചുള്ള സൈക്കോതെറാപ്പികളും കുടുംബം, സ്കൂള്‍, സമൂഹം, എന്നീ മേഖലകളില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമാണ്.
വേണ്ടരീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില്‍?
സ്വഭാവദൂഷ്യമുള്ളവര്ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ അവര്‍ പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ കൂടുതലായ ഉപയോഗം, ലൈംഗികാതിക്രമങ്ങള്‍, ആത്മഹത്യാശ്രമങ്ങള്‍, സാമൂഹ്യവിരുദ്ധസ്വഭാവം എന്നിവ പ്രകടമാക്കുന്നു.
ഡോ. സുരേഷ് കുമാര്‍ പി.എന്‍.
ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പലതും പരിഹരിക്കുവാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മൂന്നോ നാലോ ക്ളാസ്സുകളില്‍ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ത്തന്നെയും കണ്ടെന്നുവരാം. ഇതിന് പലകാരണങ്ങളുണ്ട്.
ശാരീരിക പ്രശ്നങ്ങള്‍
കാഴ്ചശക്തിയും കേള്‍വിയും ഭാഗികമായി കുറവുള്ള കുട്ടികള്‍ക്കാണ് ഇങ്ങനെ പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാകുന്നത്. കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ ഈ വൈകല്യങ്ങളോടെ അവര്‍ വളരും. ഇവര്‍ മന്ദബുദ്ധികളായി, അല്ലെങ്കില്‍ മടിയന്മാരായി കരുതപ്പെടുന്നു. പക്ഷേ ഇത്തരം വൈകല്യങ്ങള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സകൊണ്ട് ഈ അവസ്ഥ കുറേയൊക്കെ പരിഹരിക്കാന്‍ കഴിയും.
ബുദ്ധിമാന്ദ്യം
ഇത് പല കുട്ടികളിലും നേരത്തേ കണ്ടെത്താറുണ്ട്. ഇവര്‍ ഇരിക്കാനും നില്‍ക്കാനും നടന്നു തുടങ്ങാനുമെല്ലാം വൈകുന്നു. ശരാശരിയില്‍ താഴെ മസ്തിഷ്കവളര്‍ച്ചയുള്ള ഈ കുട്ടികള്‍ക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും പ്രകടമാകും. അടങ്ങിയിരിക്കാന്‍ കഴിയായ്ക പ്രധാന ലക്ഷണമായ എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍)) എന്ന രോഗമുള്ളവരിലും വിദ്യാഭ്യാസം ഒരു പ്രശ്നമായിരിക്കും. ഈ കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ഏതാനും സെക്കന്റുകള്‍ക്കപ്പുറം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ല. ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാനുമാവില്ല. പഠനത്തില്‍ പിറകിലാകുമെന്നു മാത്രമല്ല, ക്ളാസ്സില്‍ ഇയാള്‍ ഒരു ശല്യക്കാരനുമാകും. ഇവര്‍ക്ക് സാധാരണയോ അതില്‍കൂടുതലോ ബുദ്ധിശക്തിയുണ്ടാകാം.
വൈകാരികപ്രശ്നങ്ങളും മനോരോഗങ്ങളും
ഉത്കണ്ഠ, ഭയം, വിരക്തി, അച്ചടക്കമില്ലാത്ത വിദ്യാലയാന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, അച്ഛനമ്മമാരെ പിരിയാനുള്ള ഭയം (separation anxiety), സ്കൂളില്‍ പോകാന്‍ മടി, വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍, വിഷാദരോഗം, ഉന്മാദരോഗം, പലതരം ഉത്കണ്ഠരോഗങ്ങള്‍ ഇവയൊക്കെ പഠനം മോശമാകാന്‍ കാരണമായേക്കാം.
പഠനവൈകല്യം (Learning Disability)
പഠനവൈകല്യം ഒരു പ്രത്യേക ആതുരാവസ്ഥയാണ്. ഇത് ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ്. വിവിധ കഴിവുകള്‍ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഈ വൈകല്യമുള്ളവര്‍ക്കു കഴിയില്ല. വായനയിലെ വൈകല്യത്തെ ഡിസ് ലെക്സിയ (dyslexia) എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ ഡിസ്ഗ്രാഫിയ (dysgraphia) എന്നും കണക്കുസംബന്ധമായ വൈകല്യത്തെ ഡിസ്കാല്ക്കുലിയ (dyscalculia) എന്നും പറയും.
ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്, ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ചിത്രകാരന് ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികള്‍ക്ക് സാവധാനമേ പഠിക്കാനാകൂ. പക്ഷെ അവര്‍ക്ക് ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിരിക്കും. പലപ്പോഴും മാതാപിതാക്കളുടെ പരാതി കുട്ടിക്ക് സ്പെല്ലിംഗ് വഴങ്ങുന്നില്ല, സ്പെല്ലിംഗ് മനഃപാഠം പഠിക്കുകയും ആവര്‍ത്തിച്ച് എഴുതി പഠിക്കുകയും ചെയ്തിട്ടും തെറ്റുകള്‍ വരുത്തുന്നു, എന്നൊക്കെയാണ്. ഇത്തരം കുട്ടികള്‍ എപ്പോഴും ആശയക്കുഴപ്പത്തിലാകും. കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശയിലായിരിക്കും ഇവര്‍ .
പലപ്പോഴും ഇത്തരം വൈകല്യങ്ങള്‍ ആദ്യം കണ്ടുപിടിക്കുക അധ്യാപകരാണ്. ഒരു ക്ളാസ്സിലെ പല കുട്ടികളുടെ പഠനത്തിലെ കഴിവുകള്‍ താരതമ്യം ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഒന്നും രണ്ടും ക്ളാസ്സുകളില്‍ വായിക്കുക, എഴുതുക, സ്പെല്ലിംഗ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകള്‍ ശീലിക്കാന്‍ പൊതുവെ സാധാരണ കുട്ടികള്‍ക്കും പ്രയാസമുണ്ടാകും. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാല്‍ കുട്ടികള്‍ ഇതില്‍ വൈദഗ്ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവില്‍ വൈദഗ്ധ്യം പോരെങ്കില്‍ അവന് പഠനവൈകല്യം ഉണ്ടെന്നു കരുതാം. സാധാരണ ബുദ്ധിശക്തിയുള്ള ഒരു കുട്ടിയുടെ ക്ളാസ്സിലെ പ്രകടനം വളരെ മോശമാണെങ്കില്‍ പ്രശ്നം വൈകല്യമാണെന്നു കരുതാം. മൂര്‍ത്തമായ ചിന്തകളും ആശയങ്ങളും ഇവര്‍ക്ക് പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കില്ല. തന്മൂലം ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനും അവര്‍ക്ക് കഴിയില്ല. ഏഴു വയസ്സു മുതല്ക്കാണ് ഇത്തരം വൈകല്യങ്ങള്‍ കുട്ടികളില്‍ പ്രകടമായി കാണാറുള്ളത്.
കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.
അതുകൊണ്ടാണ് ഇവര്‍ പലപ്പോഴും അഞ്ച്, ആറ് ക്ളാസ്സുകള്‍ക്കുശേഷം പഠനത്തില്‍ മോശമാവാന്‍ തുടങ്ങുന്നത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും ഇവരെ 'ഉഴപ്പന്മാ' രെന്നാവും വിളിക്കുക. ചെറിയ ക്ളാസ്സുകളില്‍ നല്ല മാര്‍ക്ക് വാങ്ങിയിരുന്ന കുട്ടി ഇപ്പോള്‍ പിന്നിലാവുന്നെങ്കില്‍ കാരണം മറ്റെന്താണ് എന്നാണ് അവരുടെ ചോദ്യം. കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ദിവസേനയുള്ള എഴുത്തുജോലികളില്‍ ആവര്‍ത്തിക്കുന്ന തെറ്റുകള്‍ കാരണം ഇത്തരം കുട്ടികളുടെ ആത്മവിശ്വാസവും തന്നോടുതന്നെയുള്ള ബഹുമാനവും നഷ്ടപ്പെടും. തന്റെ കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശ മൂലം പലവിധ മാനസികരോഗങ്ങളും ഇവര്‍ക്കുണ്ടാകും.
വൈകല്യം വായനയില്‍ (Dyslexia)
വായിക്കുന്നത് ഡിസ് ലെക്സിക് കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്തി മെല്ലെ അറച്ചറച്ചാവും അവന്റെ വായന. അക്ഷരങ്ങള്‍ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേര്‍ക്കുക, വിരാമചിഹ്നങ്ങള്‍ ശ്രദ്ധിക്കായ്ക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ഇവരുടെ പ്രത്യേകതകള്‍. ഉദാഹരണത്തിന് സമത്വം എന്ന പദം അവന് സമാധാനം എന്നു വായിച്ചെന്നിരിക്കും. Proportion എന്ന പദം അവന് Portion ആവും. വരിയും വാക്കുകളും ഇവര്‍ക്ക് നഷ്ടപ്പെട്ടുപോകാം. ചിലപ്പോള്‍ നേരത്തെ വായിച്ച വരികള്‍ വീണ്ടും വായിച്ചെന്നുവരും. ഇവര്‍ ഒരേ താളത്തില്‍ വായിക്കുകയാണ് പതിവ്.
വൈകല്യം എഴുത്തില്‍ (Dysgraphia)
ഇത്തരം കുട്ടികളുടെ പേടിസ്വപ്നമാണ് എഴുത്ത് . വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയില്‍ പെന്‍സില്‍ പിടിക്കുക, വരികള്‍ക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങള്‍ ഇടാതിരിക്കുക, വലിയക്ഷരങ്ങള്‍, ദീര്‍ഘം, വള്ളി എന്നിവ വിട്ടുപോവുക എന്നിവയാണ് ലക്ഷണങ്ങള്‍ . ഡിസ്ഗ്രാഫിക് കുട്ടിക്ക് ക്ളാസ്നോട്ട്സ് പൂര്‍ണമായി എഴുതാന്‍ കഴിയുകയില്ല. ബോര്‍ഡില്‍നിന്ന് പകര്‍ത്തുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. സ്പെല്ലിംഗും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും.
ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാരണം. ചിലര്‍ സ്വന്തമായി സ്പെല്ലിംഗ് ഉണ്ടാക്കാറുണ്ട്. Would-ന് wud എന്നും guess-ന് guss എന്നും എഴുതും. അക്ഷരങ്ങളുടെ ക്രമം തെറ്റി എഴുതുന്നവരാണ് ചിലര്‍ . Animal- ന് അവര്‍ aminal എന്നെഴുതിയെന്നുവരും.
വൈകല്യം കണക്കില്‍ (Dyscalculia)
ഇവര്‍ക്ക് എട്ടു വയസ്സിനു ശേഷവും കൈവിരലുകള്‍ ഉപയോഗിച്ചേ കണക്കുകൂട്ടാന്‍ കഴിയൂ. സങ്കലന, ഗുണന പട്ടികകള്‍ ഓര്‍ത്തുവെയ്ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. സംഖ്യകള്‍ ഇവര്‍ മറിച്ചാവും വായിക്കുക. 16 അവര്‍ക്ക് 61 ആയി മാറിപ്പോകും. 43-8 =43 എന്ന് അവര്‍ എഴുതിയെന്നുവരും. മുന്നില്‍ നിന്ന് എട്ടു കുറയ്ക്കാന്‍ പറ്റില്ല എന്നവര്‍ ചിന്തിക്കുകയില്ല. ഉത്തരക്കടലാസിന്റെ ഒരുഭാഗത്ത് ക്രിയചെയ്ത് ഉത്തരം 82496 എന്ന് കിട്ടിയാല്‍ എടുത്തെഴുതുമ്പോള്‍ 84269 എന്നായേക്കാം.
മറ്റു വൈകല്യങ്ങള്‍
അമൂര്‍ത്തമായ ആശയങ്ങള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവില്ലായ്മയാണ് മറ്റൊരു പ്രശ്നം. സമയം നോക്കിപ്പറയലാണ് ഇവര്‍ക്ക് ബുദ്ധിമുട്ടുള്ള വേറൊരു കാര്യം. ടീച്ചറുടെ പേരോര്‍ക്കാനും ഭൂപടം ഉപയോഗിക്കാനും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഒന്നിലേറെ നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്കിയാല് അതവര്‍ക്ക് മനസ്സിലാകില്ല. സ്വന്തം വിലാസവും ഫോണ്‍നമ്പറും പോലും ഇവര്‍ മറന്നെന്നുവരും. പക്ഷെ മറ്റുള്ളവര്‍ക്ക് ആവശ്യമെന്നു തോന്നാത്ത പല കാര്യങ്ങളും ഓര്‍ത്തിരിക്കുകയും ചെയ്യും. ഇവര്‍ക്ക് അടുക്കും ചിട്ടയും ഉണ്ടാകാറില്ല. പുസ്തകവും പേനയും എപ്പോഴും നഷ്ടപ്പെടും. ഗൃഹപാഠം ചെയ്യാന്‍ മറന്നുപോകും. ഇവരുടെ മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കും. പലപ്പോഴും ഷര്‍ട്ടിന്റെ ബട്ടന് പോലും ഇവര്‍ നേരെ ഇടാറില്ല.
പഠനവൈകല്യങ്ങള്‍ക്കുള്ള കാരണങ്ങള്‍
ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.
ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. തന്മൂലം അതിന്റെ പ്രവര്‍ത്തനം പ്രത്യേക രീതിയിലാവുന്നു. ജനിതകപരവും പരിസ്ഥിതിപരവുമായ കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. 85 ശതമാനം ലേണിംഗ് ഡിസെബിലിറ്റി രോഗികളുടെയും അടുത്ത ബന്ധുക്കള്‍ക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികളിലാണ് ഈ വൈകല്യം കൂടുതല്‍ (സ്ത്രീപുരുഷ അനുപാതം 3:1). തലച്ചോറില്‍ അപകടവും രോഗവും കൊണ്ട് ഉണ്ടാകുന്ന ക്ഷതങ്ങള്‍ മൂലവും പഠനവൈകല്യങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാലത്തും പ്രസവകാലത്തും പ്രസവിച്ചതിനു തൊട്ടുപിമ്പേയുമുള്ള വൈറസ് അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം.
മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളുടെ പരസ്പരപൂരക പ്രവര്‍ത്തനങ്ങള്‍ വഴിയാണ് മനസ്സിന്റെ എല്ലാ പ്രവര്‍ത്തനവും സാധ്യമാകുന്നത്. മസ്തിഷ്കത്തിന് രണ്ട് അര്‍ധഗോളങ്ങളുണ്ട്. ചിത്രരചനയും സംഗീതവും പോലെ അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലത്തേ അര്‍ധഗോളത്തിലാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അര്‍ധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേള്‍ക്കുകയും വഴിയുള്ള അപഗ്രഥനവും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇതേ അര്‍ധഗോളത്തിലാണ് നടക്കുന്നത്. കോര്‍പസ് കലോസം എന്ന ഭിത്തി വഴിയാണ് രണ്ട് അര്‍ധഗോളത്തില്‍നിന്നും ദൃശ്യവും ഗ്രാഹ്യവുമായ സന്ദേശങ്ങള്‍ വിവിധ ഭാഷാ കേന്ദ്രങ്ങളില്‍ നിന്ന് പരസ്പരം കൈമാറുന്നത്. ഇതില്‍ പിഴവുകള്‍ വരുമ്പോഴാണ് പഠനവൈകല്യങ്ങള്‍ ഉണ്ടാകുന്നത്.
പഠനവൈകല്യങ്ങള്‍ എങ്ങനെ ചികിത്സിക്കാം?
സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അധ്യാപകര്‍, സ്പീച്ച് തെറാപ്പിസ്റ് എന്നിവരുള്‍പ്പെടുന്ന ഒരു സംഘമാണ് പഠനവൈകല്യമുള്ള കുട്ടികളെ പരിശോധിക്കേണ്ടത്. കുട്ടിയുടെ പ്രശ്നങ്ങളുടെ ചരിത്രം, അധ്യാപകരുടെ വിശദമായ റിപ്പോര്‍ട്ട്, വിദഗ്ധമായ ശാരീരിക മാനസിക പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍, മറ്റു കഴിവുകള്‍ എന്നിവയാണ് ആദ്യമായി നോക്കേണ്ട കാര്യങ്ങള്‍ . വായിക്കാനും സ്പെല്ലിംഗ് മനസ്സിലാക്കാനും കണക്കു കൂട്ടാനുമുള്ള കുട്ടിയുടെ കഴിവുകള്‍ ഇതോടൊപ്പം അളക്കും. ദീര്‍ഘസംഭാഷണവും തെറ്റുകളുടെ അപഗ്രഥനവും വഴിയാണ് ഇത് സാധിക്കുക. ഇതിന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. റെമഡിയല്‍ എഡ്യൂക്കേഷനാണ് (തെറ്റുതിരുത്തല്‍ വിദ്യാഭ്യാസ ചികിത്സ) ഇതില്‍ പ്രധാനം. ഇതില്‍ വൈദഗ്ധ്യം ലഭിച്ച അധ്യാപകര്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. ഇതിനു പുറമേ പഠനവൈകല്യം മൂലം മറ്റു മാനസികവിഷമങ്ങള്‍ ബാധിച്ചവരെ അതിനും ചികിത്സിക്കേണ്ടതായി വരും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അസുഖത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചുമുള്ള കൌണ്സലിങ്ങും ചികിത്സയില്‍ ഉള്‍പ്പെട്ടതാണ്.
ഇത്തരം കുട്ടികള്‍ക്ക് ഭാഷാവിഷയങ്ങളില്‍ പ്രത്യേക പരിഗണന നല്കാന് സ്കൂളുകള്‍ തയ്യാറാകണം. ഒന്നിലധികം ഭാഷ പഠിക്കുന്നതില്‍ നിന്ന് അവരെ ഒഴിവാക്കുക, എഴുത്തുപരീക്ഷയില്‍ കേട്ടെഴുത്തുകാരെ ഉപയോഗിക്കാന്‍ ഇവരെ അനുവദിക്കുക എന്നിവയാണ് സര്‍ക്കാറില്‍ നിന്നും ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ . ഇവരുടെ ആത്മവിശ്വാസവും സ്വയമുള്ള മതിപ്പും വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകരും മാതാപിതാക്കളും ശ്രമിക്കണം. കുട്ടിയുടെ പ്രകടനത്തെ കുറ്റപ്പെടുത്തരുത്. കുട്ടിക്ക് കൂടുതല്‍ സ്നേഹവും പരിഗണനയും നല്‍കണം. അത് എഴുത്തുപരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് എന്ന് കുട്ടിക്ക് തോന്നുകയുമരുത്. ഈ കുട്ടികളുമായി ആത്മബന്ധം പുലര്‍ത്താന്‍ അധ്യാപകനു കഴിയണം. കുട്ടിയുടെ പ്രകടനം മോശമായാലും അവന്റെ പ്രയത്നത്തെ പ്രശംസിക്കുക, ക്ളാസ്സില്‍ ഉറക്കെ വായിപ്പിക്കാതിരിക്കുക, അവന്റെ കഴിവുകള്‍ കണ്ടെത്തി അവ വികസിപ്പിക്കുക എന്നിവയാണ് മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ .
ഡോ. സി. ജെ. ജോണ്‍
മക്കളെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണമെന്നു തന്നെയാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. പോഷകാഹാരങ്ങളും പ്രതിരോധ കുത്തിവെപ്പുകളുമൊക്കെ നല്കി ആരോഗ്യമുള്ളവര്‍ ആക്കണമെന്ന വിചാരം ഏതാണ്ടെല്ലാവര്‍ക്കുമുണ്ട്. പത്തു കാശു സമ്പാദിച്ച് സ്വന്തം കാലില്‍ നില്ക്കാന് സഹായിക്കുന്ന വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തിലും തര്‍ക്കമില്ല. അവര്‍ക്ക് നല്ല കല്യാണവും കുടുംബവുമൊക്കെ ഉണ്ടാകണമെന്നും ആഗ്രഹിക്കും. അറിഞ്ഞോ അറിയാതെയോ വളര്‍ത്തലിന്റെ രീതികള്‍ ഈ പരിമിതവൃത്തത്തില്‍ ഒതുങ്ങിപ്പോവാറുണ്ട് പലപ്പോഴും. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രകൃതമെന്തായിരിക്കണം? എല്ലാവിധ സംരക്ഷണത്തിന്റെയും ഉത്തരവാദിത്തമുള്ളതു കൊണ്ട് അധികാരിയോ ഉടമയോ ആയി മാറാന്‍ അവര്‍ക്കു കഴിയുമോ? തീര്‍ച്ചയായും അതു പാടില്ല. വേണ്ടത് സ്നേഹനിര്‍ഭരമായ ചങ്ങാത്തമാണ്. ഇതു സാധിക്കണമെങ്കില്‍ മക്കളുടെ വളര്‍ച്ചയ്ക്കൊപ്പം ശൈശവത്തിന്റെയും ബാല്യത്തിന്റെയും കൌമാരത്തിന്റെയുമൊക്കെ ചൂടും തണുപ്പും അറിഞ്ഞനുഭവിച്ച് ഓരോ മാതാപിതാക്കളും അവര്‍ക്കൊപ്പം കടന്നുപോകേണ്ടതുണ്ട്. എങ്കിലേ പ്രായത്തിനനുസരിച്ചുള്ള ആശയസംവേദനം നടക്കുകയുള്ളൂ, മനസ്സിലാക്കല്‍ പൂര്‍ണമാവുകയുള്ളൂ. മക്കളുടെ മനസ്സിലെ സന്തോഷവും സന്താപവും ആശയക്കുഴപ്പങ്ങളുമൊക്കെ അപ്പൊഴേ പെട്ടെന്ന് വായിച്ചെടുക്കാനാവുകയുള്ളൂ. ഉരിയാടാതെ തന്നെ ഉള്ളറിയാന്‍ പോന്ന അടുപ്പവും ഏതു പ്രതിസന്ധിയിലും കുറ്റപ്പെടുത്താതെ നേര്‍വഴി കാട്ടുമെന്ന വിശ്വാസവുമാണ് മക്കള്‍ക്കു നല്‍കേണ്ടത്. അതിനെക്കാള്‍ വലിയ ശക്തി വേറെ നല്കാനില്ല അവര്‍ക്ക്.
വളര്ത്തുദോഷങ്ങള്
അമ്മ പെറ്റ് അച്ഛന് വളര്‍ത്തണം എന്നാണ് പഴമൊഴി. അമ്മയുടെ അളവില്ലാത്ത സ്നേഹവും അച്ഛന്റെ സ്നേഹശിക്ഷണങ്ങളുമാണ് മക്കളെ വളര്‍ത്തുന്നതില്‍ പ്രധാനം എന്നര്‍ത്ഥം. മാതാപിതാക്കളുടെ ബന്ധത്തിന്റെ ഇഴയടുപ്പവും പ്രധാനം. എത്രയധികം വളര്‍ത്തുദോഷങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുന്നത്! ചില മാതാപിതാക്കള്‍ മക്കളുടെ ജീവിതത്തില്‍ അമിതമായി ഇടപെടും. മക്കളുടെ ആഗ്രഹങ്ങളും അഭിരുചികളും മനസ്സിലാക്കാതെ സ്വന്തം ആഗ്രഹങ്ങളും മോഹങ്ങളും അവരുടെ തലയില്‍ അടിച്ചേല്പിക്കാന് ശ്രമിക്കും. മക്കള്‍ എന്തു തന്നെ ആവശ്യപ്പെട്ടാലും അല്പം പോലും താമസിക്കാതെ അതൊക്കെ സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാരും കുറവല്ല. മക്കളുടെ ആവശ്യങ്ങളെക്കുറിച്ച് ഒട്ടും വിവേചനബുദ്ധി പ്രകടിപ്പിക്കാത്ത ഇക്കൂട്ടരുടെ വികലമായ സ്നേഹപ്രകടനങ്ങള്‍ മക്കളെ നശിപ്പിക്കുകയേ ഉള്ളൂ. ശരിതെറ്റുകളെക്കുറിച്ചുള്ള ബോധമൊന്നും പകരാതെ മക്കളെ തോന്നിയപടി വളര്‍ത്തുന്നവരുണ്ട്. ഇനിയൊരു കൂട്ടരുടെ വിചാരം പിള്ളേരോട് തുറന്ന് ഇടപഴകുകയോ സ്നേഹം പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്താല്‍ അവര്‍ വഷളായിപ്പോകുമെന്നാണ്. മക്കളുടെയടുത്ത് അവര്‍ മസിലുപിടിച്ച് ഗൌരവം നടിച്ചിരിക്കും. അടക്കിയൊതുക്കി കര്‍ശനമായ ശിക്ഷാവിധികള്‍ക്കകത്തു വളര്‍ത്തുന്ന ചിലരുമുണ്ട്. ഇളംമനസ്സു കാണാന്‍ ശ്രമിക്കാതെയുള്ള ഇത്തരം ഇടപെടലുകളൊക്കെ അവരില്‍ പെരുമാറ്റവൈകല്യങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കുകയാണ് ചെയ്യുക.
കുഞ്ഞു കൌതുകങ്ങള്‍
അമ്മേ... ഇന്ന് ഞങ്ങടെ ക്ളാസ്സിലേ ഒരു വെല്യേ കാര്യവൊണ്ടായി... പറയട്ടേ.. ആറുവയസ്സുകാരി നികിത വീട്ടിലേക്കെത്തിയ പാടേ കൌതുകം അടക്കാനാവാതെ ഓടിച്ചാടിയാണെത്തിയത്. സ്കൂളിലെ സംഭവം അറിയാന്‍ അമ്മയ്ക്കും ആകാംക്ഷ!- എന്താ മോളേ വെല്യേ സംഭവം. അതേ.. ഞങ്ങടെ ക്ളാസ്സിലേക്ക് ഒരു പൂമ്പാറ്റ ദേ ഇങ്ങനെ പാറിപ്പാറി... അതു കേട്ടതും അമ്മയുടെ മുഖത്തെ ആകാംക്ഷ ഫ്യൂസായി! മല പോലെ വന്നത് എലിപോലെ പോയി. ആഹാ! ഇതാണോ ഇത്ര വല്യ കാര്യം!കുഞ്ഞിന്റെ വലിയ കൌതുകങ്ങളോട് വലിയൊരു വിഭാഗം അച്ഛനമ്മമാരുടെയും പ്രതികരണം ഇങ്ങനെ തണുപ്പനായിരിക്കും. ചിലര്‍ ആഹാ! എന്നിട്ടോ മോളേ എന്നു ചോദിക്കും. അത്ര തന്നെ. അതിലപ്പുറം പോകാത്തവരാണ് 90 ശതമാനം അമ്മമാരും. ആ.. ശരി ശരി വന്ന് പാലു കുടിക്ക് എന്ന് വലിയൊരു ഗ്ളാസ്സ് പാല് കുട്ടിയെക്കൊണ്ട് കുടിപ്പിച്ച് അതു കണ്ട് സന്തോഷിക്കാനാവും മിക്ക അമ്മമാര്‍ക്കും താല്പര്യം. തങ്ങളുടെ കൌതുകങ്ങള്‍ പറയാനും അത് തികഞ്ഞ താല്പര്യത്തോടെ കേള്‍ക്കാനും ആളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏതാണ്ടെല്ലാ കുഞ്ഞുങ്ങളും. എന്തിന്! പറയുന്നത് താല്പര്യത്തോടെ കേള്‍ക്കാനൊരാളുണ്ടായാല്‍ എന്തു സംതൃപ്തിയാണ് മുതിര്‍ന്നയാളുകള്‍ക്കുമുള്ളത്. കുഞ്ഞുങ്ങളുടെ കൌതുകങ്ങള്‍ വളര്‍ത്താനും അവര്‍ പറയുന്നതു കേള്‍ക്കാനും സമയവും സന്മനസ്സുമുള്ള അച്ഛനമ്മമാര്‍ കുറവാണ്. അവര്‍ പറയുന്നതു കേള്‍ക്കുക എന്നത് അവരോടു പറഞ്ഞു കൊടുക്കുന്നതു പോലെ തന്നെ പ്രധാനമാണ്.
ക്ളാസ്സിലേക്കു പറന്നു വന്നത് അച്ഛന് പൂമ്പാറ്റയാണോ അമ്മപ്പൂമ്പാറ്റയാണോ അതോ കുഞ്ഞിപ്പൂമ്പാറ്റയാണോ എന്നു ചോദിക്കാന്‍, അത് മഞ്ഞയാണോ പച്ചയാണോ നീലയാണോ എന്ന് അന്വേഷിക്കാന്‍, അത് നിങ്ങളെപ്പോലെ പഠിക്കാന്‍ കൊതിയായിട്ട് പാറിപ്പറന്നു വന്നതാണോ എന്നു തിരക്കാന്‍ ഒക്കെ താല്പര്യം കാണിക്കാന്‍ അച്ഛനമ്മമാര്‍ക്കു കഴിഞ്ഞാല്‍ അതായിരിക്കും കുഞ്ഞിനു കിട്ടുന്ന വലിയ അംഗീകാരവും പരിശീലനവും. അപ്പോളാണ് അവരുടെ കണ്ണും കാതും മനസ്സും വിശാലമാകുന്നത്, അവരുടെ ഭാവന വിരിയുന്നത്. അപ്പോളാണ് ഓരോ ചെറുചെറുവസ്തുവിലും വിരല്‍ തൊട്ടുതൊട്ട് അങ്ങനെ കൌതുകം കൊള്ളാനുള്ള കഴിവ് അവര്‍ക്കുണ്ടാകുന്നത്. ഉള്ളമറിയുന്ന മാതാപിതാക്കളുണ്ടെന്ന വിശ്വാസം മൊട്ടിടുന്നതും.
ഏതാണ്ടൊരു പതിനാലു പതിനഞ്ചു വയസ്സാകുമ്പോള്‍ ഒരു പെണ്‍കുട്ടിയോട് കൂട്ടുകാരന്, എന്തു ഭംഗിയാണ് നിന്നെക്കാണാന്‍ എന്നു പറഞ്ഞാല്‍, നിന്റെ ചുരിദാര്‍ സ്റ്റൈലാണല്ലോ എന്നു പറഞ്ഞാല്‍ ആ കൌതുകവും ആ കൂട്ടുകാരനോടുള്ള മനോഭാവവും വീട്ടിലെത്തി അമ്മയോടു പങ്കു വെക്കുന്നത് ഏതു കുട്ടിയായിരിക്കുമെന്ന് ഓര്‍ത്തു നോക്കൂ! താന്‍ പറയുന്നത് താല്പര്യത്തോടെ കേള്‍ക്കുമെന്നും അതിന്റെ കൌതുകങ്ങള്‍ തനിക്കൊപ്പം പങ്കുവച്ച് അഭിപ്രായമെന്തെങ്കിലും പറയുമെന്നും ഉറപ്പുള്ള അച്ഛനമ്മമാരോടു മാത്രമേ കുട്ടി ഉള്ളു തുറക്കുകയുള്ളൂ. അല്ലാത്ത കുട്ടികള്‍ തനിക്ക് എവിടെ നിന്നെങ്കിലും കിട്ടുന്ന അംഗീകാരത്തിലും പരിഗണനയിലും സ്നേഹപ്രകടനത്തിലും രഹസ്യമായി അഭിരമിക്കുകയേ ഉള്ളൂ. ചിലപ്പോള്‍ അവര്‍ ആ പുതിയ അനുഭവത്തിനു മുന്നില്‍ പകച്ച് അങ്കലാപ്പിലാവുകയും ചെയ്യാം. ചതിക്കുഴികളില്‍ വീണെന്നും വരാം. മക്കള്‍ എല്ലാം തുറന്നു പറയുന്നവരാകണമെങ്കില്‍ അവര്‍ പറയുന്നതെല്ലാം എപ്പോഴും താല്പര്യത്തോടെ കേള്‍ക്കുന്നവരാകണം അച്ഛനമ്മമാര്‍..
മക്കളോടൊപ്പം അവരുടെ കൌതുകങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വളരാന്‍ അച്ഛനമ്മമാര്‍ക്കു കഴിയണം. വാസ്തവത്തില്‍ ആ പ്രായത്തിലൂടെ വീണ്ടുമൊരു കടന്നു പോക്കിനു കിട്ടുന്ന സന്ദര്‍ഭമാണ് മക്കളെ വളര്‍ത്തുമ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടാകുന്നത്. മുതിര്‍ന്ന മനസ്സോടെയും ആത്മവിശ്വാസത്തോടെയും ശൈശവവും ബാല്യവും കൌമാരവും വീണ്ടും അനുഭവിക്കാനുള്ള അവസരം. ആ മനോഹരമായ അവസരം തിരിച്ചറിഞ്ഞ് മക്കള്‍ക്കൊപ്പം വളരുക. അതാണ് മക്കളെ വളര്‍ത്തലിന്റെ കല.
റിസല്‍ട്ടു വന്നോ? തോറ്റോ?
അച്ഛാ പരീക്ഷയുടെ റിസല്റ്റു വന്നു എന്നു പറഞ്ഞാല്‍ ഗൌരവത്തോടെ ഒന്നു മൂളി ങാ.. എന്നിട്ട്..? തോറ്റോ..? എന്ന് ചോദിക്കുന്ന അച്ഛന്മാര് കുറവായിരുന്നില്ല പഴയ തലമുറയില്‍... കുറ്റപ്പെടുത്തിയും പരിഹസിച്ചും ശിക്ഷിച്ചും മാത്രമേ കുഞ്ഞുങ്ങളെ നേരെയാക്കാനാവൂ എന്നു തെറ്റിദ്ധരിച്ചിരുന്നവര്‍.......... കുറ്റപ്പെടുത്തലുകളും ശിക്ഷകളും ഒരാളെയും മികവിലേക്കെത്തിക്കുകയില്ല. തെറ്റും കുറ്റവും ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കണം. ശിക്ഷണം വേണ്ടിടത്ത് നല്‍കാം. പക്ഷേ, കുട്ടികളോടുള്ള പൊതുസമീപനം പ്രോല്‍സാഹനത്തിന്റേതു തന്നെ ആയിരിക്കണം. ലോപമില്ലാതെ പ്രോല്‍സാഹിപ്പിക്കുക, അഭിനന്ദിക്കുക. അതാകട്ടെ എല്ലാ കാര്യത്തിലും നമ്മുടെ ശീലം. ഒരു കാര്യവുമില്ലാതെ, എന്റെ കുഞ്ഞാണ് ഈ ലോകത്തില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന പൊങ്ങച്ചപ്പുകഴ്ത്തലുകളല്ല വേണ്ടത്. അവരുടെ ഓരോ ചെറിയ നേട്ടവും അംഗീകരിക്കണം, അഭിനന്ദിക്കണം. അവരെ വിമര്‍ശിക്കുകയും തെറ്റു പറയുകയും ചെയ്യുന്നതിന്റെ മൂന്നു മടങ്ങ് പ്രോല്‍സാഹനവും അംഗീകാരവും അഭിനന്ദനവും നല്‍കണം.
ശിക്ഷണത്തിന്റെ ധര്‍മോമീറ്റര്‍
ഈ തെറ്റു ചെയ്തതു കൊണ്ട് ഇന്നു കാര്‍ട്ടൂണ്‍ കാണിക്കില്ല എന്നു പറയുന്നത്, അങ്ങനെ ചെയ്തതിനാല്‍ ഇന്നു കഥ പറഞ്ഞു തരില്ലെന്നു പറയുന്നത് ഒക്കെ നല്ല ശിക്ഷാരീതികളാണ്.
ഒരു ലോപവുമില്ലാതെ കുട്ടികളെ പ്രോല്‍സാഹിപ്പിക്കണം എന്നു പറയുന്നതിനര്‍ത്ഥം അവര്‍ക്ക് ശിക്ഷയോ ശിക്ഷണമോ പാടില്ല എന്നല്ല. ശിക്ഷണം വേണം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കുന്ന ശിക്ഷകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കിഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങള്‍- അത് കളിയോ ടെലിവിഷന്‍ കാഴ്ചകളോ ഒക്കെയാകാം- തല്‍ക്കാലത്തേക്കു വിലക്കുന്നതും ശിക്ഷയാണ്. ഈ തെറ്റു ചെയ്തതു കൊണ്ട് ഇന്നു കാര്‍ട്ടൂണ്‍ കാണിക്കില്ല എന്നു പറയുന്നത്, അങ്ങനെ ചെയ്തതിനാല്‍ ഇന്നു കഥ പറഞ്ഞു തരില്ലെന്നു പറയുന്നത് ഒക്കെ നല്ല ശിക്ഷാരീതികളാണ്. ഇത്തരം കാര്യങ്ങള്‍ ഭാവനാപൂര്‍ണമായി ചെയ്യുന്നതിലാണ് മിടുക്കു കാട്ടേണ്ടത്.
അവരുടെയുള്ളില്‍ ഒരു ധര്‍മോമീറ്റര്‍ സെറ്റു ചെയ്യുകയാവണം ശിക്ഷണത്തിന്റെ ലക്ഷ്യം. അച്ഛനമ്മമാരെ പേടിച്ച് തെറ്റു ചെയ്യാതിരിക്കുകയല്ല, മറിച്ച് ശരിയല്ലാത്ത കാര്യങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാനുള്ള ധാര്‍മിക ബോധമാണുണ്ടാവേണ്ടത്. അതിനു പറ്റിയ വിധത്തിലുള്ളതാവണം ശിക്ഷണം. ചൊല്ലുവിളിയോടെ വളര്‍ത്തണം എന്ന് പറയും. ചൊല്ലിക്കൊട്, നുള്ളിക്കൊട് എന്നാണ് പണ്ടുള്ളവര്‍ പറയുക. നമുക്ക് ചൊല്ലിക്കൊടുക്കാം, കാണിച്ചു കൊടുക്കാം, ബോധ്യപ്പെടുത്തിക്കൊടുക്കാം പിന്നെയും പിന്നെയും. നല്ലതു ചെയ്യുമ്പോള്‍ നന്നായി പ്രോല്സാഹിപ്പിച്ചാല് ചീത്ത ചെയ്യുമ്പോളുണ്ടാകുന്ന ചെറിയ ശിക്ഷണങ്ങള്‍ക്കു പോലും ഫലം കൂടും.
ശിക്ഷകള്‍ വേണ്ടിവരും. എന്നാല്‍, എന്തിനാണ് ശിക്ഷിക്കുന്നത് എന്ന് അവര്‍ക്ക് പൂര്‍ണബോധ്യമുള്ള തരത്തിലാവണം അത്. മുമ്പെപ്പൊഴോ ചെയ്ത തെറ്റിന്റെ കണക്ക് എഴുതി വെച്ച് പിന്നീട് ശിക്ഷ നല്കുന്ന പരിപാടി ശരിയല്ല. കുട്ടി ചെയ്യുന്ന തെറ്റിന് ആനുപാതികമായി ഉചിതമായ ചെറിയ ശിക്ഷകള്‍ നല്‍കുക. ഒരേ തെറ്റിന് എപ്പോഴും ഒരേ തരം ശിക്ഷയേ പാടുള്ളൂ. അച്ഛനമ്മമാരുടെ ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാവരുത്. ശിക്ഷകള്‍.. വരച്ച വരയില്‍ നിര്‍ത്തുന്ന രീതിയല്ല വേണ്ടത്. അത്തരക്കാരാണ് ആദ്യം കിട്ടുന്ന അവസരത്തില്‍ ആഘോഷമായി വര മുറിച്ചു കടന്നുപോകുന്നത്. എന്നാല്‍ ഒരു ശിക്ഷണവുമില്ലാതെ വളയമില്ലാതെ ചാടുന്ന രീതിയും ശരിയല്ല. വരച്ച വരയിലൂടെയുള്ള നടത്തയാകാനും പാടില്ല, വളയമില്ലാത്ത ചാട്ടമാകാനും പാടില്ല. അതെ, മക്കളെ നന്നായി വളര്‍ത്തുന്നത് നല്ല ഉത്തരവാദിത്തമുള്ള പണി തന്നെയാണ്.
ഉത്കൃഷ്ടവേളകള്‍
കുഞ്ഞിനു വേണ്ടി എത്ര സമയമാണെന്നോ ചെലവഴിക്കുന്നത്... എന്നു കരുതുന്ന അച്ഛനമ്മമാരുണ്ട്. അവരുറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്ന് ഹോംവര്‍ക്കും പ്രൊജക്റ്റും ചെയ്ത്, ടോയ് ലറ്റിലിരിക്കുന്ന കുഞ്ഞിന്റെ സമയം കളയാതെ പുറത്തു നിന്ന്ഗൃഹപാഠങ്ങള്‍ ചോദിച്ച്, ട്യൂഷന് ക്ളാസ്സില്‍ ഒപ്പം പോയി പുറത്തിരുന്ന്... അങ്ങനെ സദാ കുഞ്ഞിനെ മേച്ചു നടക്കുന്നവര്‍ . ജീവിതം മുഴുവന്‍ മക്കള്‍ക്കു വേണ്ടി ചെലവിട്ടു എന്നാവും ഇവരൊക്കെ മേനി പറയുക. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടത് ഇതാണോ? അച്ഛനമ്മമാരുടെ മുഴുവന്‍ സമയവും ഇങ്ങനെ മക്കളുടെ പുറകേ നടന്നു തീര്‍ത്തിട്ട് എന്തുകാര്യം? എത്രയേറെ സമയം നല്കുന്നു എന്നതല്ല, എത്ര നല്ല രീതിയില്‍ സമയം ചെലവഴിക്കുന്നു എന്നതാണ് കാര്യം. കുഞ്ഞുങ്ങള്‍ക്കു വേണ്ടത് ഉത്കൃഷ്ടവേളകളാണ് (Quality time). അവരോടൊപ്പം അവര്‍ക്ക് ആഹ്ളാദകരമായ വിധത്തില്‍ ചെലവഴിക്കുന്ന സമയം. മക്കളുടെ പ്രായത്തിനു ചേര്‍ന്ന കളിചിരി നേരം, സൊറ പറച്ചില്, വിശേഷം പങ്കുവെക്കല്‍ ഇവയൊക്കെ വേണം. പേടിയോ സങ്കോചമോ ഇല്ലാതെ എന്തും പറയാവുന്ന, സന്തോഷത്തോടെ മാത്രം ഇടപെടാവുന്ന ആഹ്ളാദനേരങ്ങളാണ് ഉത്കൃഷ്ടവേളകള്‍. . ഇത്തരം നേരങ്ങളില്‍ ആവശ്യാനുസരണം ചേര്‍ന്ന് പഠിപ്പു പോലുള്ള കാര്യങ്ങളില്‍ മക്കളെ ഉത്തേജിപ്പിക്കാനും കഴിയും.
നിധിതേടല്‍
അവരുടെയുള്ളിലെ വലിയ നിധികള്‍ അവഗണിച്ചിട്ട് അച്ഛനമ്മമാരുടെ ചെറിയ മോഹങ്ങളുടെ കുറ്റിയില്‍ അവരെ കൊണ്ടുചെന്നു കെട്ടുകയാണ് പലരും ചെയ്യാറുള്ളത്.
ഓരോ കുഞ്ഞിന്റെയും ജീവിതം ഒരു നിധിതേടലാണ്. ഉള്ളിലൊളിഞ്ഞിരിക്കുന്ന അഭിരുചികളുടെയും വൈഭവങ്ങളുടെയും നിധികള്‍ . ആ നിധിയിലേക്കാവണം അവര്‍ വളര്‍ന്നെത്തേണ്ടത്. അവരുടെ ജീവിതം അവര്‍ക്കുള്ളതാണെന്ന തിരിച്ചറിവ് അച്ഛനമ്മമാര്‍ക്കുണ്ടെങ്കിലേ നിധിയിലേക്കുള്ള യാത്രയില്‍ മക്കള്‍ക്കു തുണയാകാന്‍ കഴിയൂ. അച്ഛനമ്മമാരുടെ ആഗ്രഹം പോലെ ഒരു എഞ്ചിനീയറിങ് സീറ്റ് വാങ്ങിയിട്ടോ എം ബി എക്കു ചേര്‍ത്തിട്ടോ എന്തു കാര്യം. അവരുടെയുള്ളിലെ വലിയ നിധികള്‍ അവഗണിച്ചിട്ട് അച്ഛനമ്മമാരുടെ ചെറിയ മോഹങ്ങളുടെ കുറ്റിയില്‍ അവരെ കൊണ്ടുചെന്നു കെട്ടുകയാണ് പലരും ചെയ്യാറുള്ളത്. ഓരോ കുഞ്ഞും ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ സ്വജീവിതത്തിലെ നിധിയിലേക്കു മുന്നേറട്ടെ.
‘പൊന്നുപോലെ' വളര്‍ത്തേണ്ട
കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിത്തന്നെ വളര്‍ത്താം. പൊന്നു പോലെ വളര്‍ത്തേണ്ട. ഏതാനും വര്‍ഷം മുമ്പ് 10-11 വയസ്സുള്ള ഒരു കുട്ടിയെയും കൊണ്ട് അച്ഛനമ്മമാര്‍ വന്നു. ഒറ്റ മകന് . മകനെ വളര്‍ത്താനായി ഉഴിഞ്ഞു വെച്ചതാണ് അച്ഛനമ്മമാരുടെ ജീവിതം. ട്യൂഷനു പോകുമ്പോള്‍, പാട്ടുക്ളാസ്സില്‍ പോകുമ്പോള്‍ ഒക്കെ അമ്മയോ അച്ഛനോ ഒപ്പമുണ്ടാകും. ഒരു മിനിറ്റു പോലും പാഴാക്കാതെ പഠിച്ച് കുഞ്ഞ് പരീക്ഷകളില്‍ ജയിച്ചു പോന്നു. നല്ല മാര്‍ക്കു വാങ്ങി മിടുക്കനാവുക മാത്രമാണ് കുട്ടിയുടെ ഉത്തരവാദിത്തം. പകരമായി അവന് ചോദിക്കുന്നതെന്തും കൊടുക്കും. ഒരു വിലക്കുമില്ല. പ്രോല്സാഹനമല്ല, തികഞ്ഞ സ്തുതികള്‍ മാത്രം കേട്ടാണ് വളരുന്നത്. മകന് വയസ്സായതോടെ ആവശ്യങ്ങള്‍ വലുതായി. അച്ഛനമ്മമാരുടെ പിടിയില്‍ നില്ക്കാതായി. ചോദിച്ചയുടന്‍ ബൈക്ക് കിട്ടാതെ വന്നപ്പോള്‍ കൈയില്‍ കിട്ടിയതെല്ലാം എറിഞ്ഞുടച്ചു. പിന്നെപ്പിന്നെ അച്ഛനമ്മമാരെ വകവെക്കാതായി. അവരോട് പകയായി. കിട്ടുന്ന അവസരങ്ങളിലൊക്കെ മനപ്പൂര്‍വം അവരെ വേദനിപ്പിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ പൊന്നുപോലെ വളര്‍ത്തിയതാണെന്നറിയാമല്ലോ, മോനെ തിരിച്ചു കിട്ടാന്‍ എന്തു ചെയ്യണം എന്ന് സങ്കടമായി അച്ഛനുമമ്മയും. എന്തു ചെയ്യാനാണ്. അവന് വന്ന പാളത്തിലൂടെ മുന്നേറാനല്ലാതെ മാറിയോടാനാവില്ലല്ലോ! മക്കളെ പൊന്നുപോലെ വളര്‍ത്തുന്ന അച്ഛനമ്മമാര്‍ക്കൊക്കെ പാഠമാണ് ആ ജീവിതങ്ങള്‍ . അവരവരുടെ സാഹചര്യങ്ങളും പരിമിതികളും മനസ്സിലാക്കി, ജീവിതത്തിന്റെ ചൂടും ചൂരും അറിഞ്ഞു വേണം മക്കള്‍ വളരാന്‍ . എന്നാലേ പൊന്നിനെക്കാള്‍ മൂല്യമുള്ള സ്വഭാവ ഗുണമുണ്ടാവൂ. മക്കളെ പൊന്നു പോലെയാക്കി അമിത സംരക്ഷണത്തിന്റെ ചിറകില്‍ വളര്‍ത്തിയാല്‍ പിന്നെ ലോക്കറില്‍ വെക്കുക തന്നെ വേണ്ടി വരും. സങ്കീര്‍ണമായ സമൂഹത്തില്‍ ജീവിക്കാന്‍ അവര്‍ക്കു കഴിയാതെ വരുമെന്ന അപകടവുമുണ്ട്.
ആത്മാഭിമാനത്തോടെ വളര്‍ത്താം
ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പഠിക്കാന്‍ പറഞ്ഞിട്ടു പറ്റുന്നില്ലേ! അയ്യയ്യേ.. പത്തു തവണ പറഞ്ഞിട്ടും പതിനൊന്നാമത് പിന്നെയും തെറ്റിക്കുന്നല്ലോ! നിനക്കു വല്ല കാളപൂട്ടുകാരന്റെയും ഹെല്‍പ്പറുടെ പണിയേ കിട്ടൂ... എന്ന മട്ടില്‍ നിരന്തരം ശകാരിച്ചും കുറ്റം പറഞ്ഞും ഇപ്പം ശരിയാക്കിയെടുക്കാം എന്ന് തെറ്റിദ്ധരിക്കുന്നവരാണ് അച്ഛനമ്മമാരിലൊരു വിഭാഗം. കുട്ടി നന്നായിക്കൊള്ളും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നത്. ഓരോ തവണ കുറ്റപ്പെടുത്തുമ്പൊഴും കുഞ്ഞ് കുറേശ്ശെ നന്നായി നന്നായി വരും എന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. കുഞ്ഞുങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്ന ഓരോ കുറ്റപ്പെടുത്തലും ഓരോ കളിയാക്കലും അവരുടെ കുതിപ്പിനു മേല്‍ ഏല്പിക്കുന്ന ആഘാതങ്ങളാണ്. കുറ്റവും കുറവും കേട്ടു കേട്ട് അവരുടെ ഉള്ളിന്റെ ഉള്ളില്‍ സ്വയമൊരു ധാരണ വരും - താന്‍ വല്ലാതെ മോശപ്പെട്ടവനാണെന്ന്. അവരവരുടെ വില മനസ്സിലാക്കാന്‍ കഴിയാതെ വളരാന്‍ ഇടയാക്കും ഇത്തരം വളര്‍ത്തു രീതികള്‍ . കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ധനം ആത്മാഭിമാനവും ആത്മവിശ്വാസവുമാണ്. അതില്ലാതെ അവര്‍ക്ക് എവിടെയുമെത്താനാവില്ല.
എന്തിന് മക്കളെ വളര്‍ത്തണം
ആടു തേക്ക് മാഞ്ചിയം പരിപാടികള്‍ പോലെ വയസ്സു കാലത്ത് നമ്മെ സംരക്ഷിക്കാന്‍ സഹായകമാകുന്ന ഒരു ദീര്‍ഘകാലനിക്ഷേപമാണ് മക്കള്‍ എന്നാണ് ചിലര്‍ കരുതുന്നത്. മക്കള്‍ പഠിച്ചു മിടുക്കരായി (കഴിയുമെങ്കില്‍ വിദേശത്ത്) നല്ല ജോലി വാങ്ങി സമ്പന്നതയില്‍ കഴിയണം എന്നതായിരിക്കും ചിലരുടെ ലക്ഷ്യം. എന്നാല്‍ വലിയ ബിരുദമോ വലിയ ജോലിയോ കിട്ടിയതു കൊണ്ടുമാത്രം ജീവിതത്തില്‍ വിജയമാകുന്നില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഐ.ഐ.ടി.യില്‍ നിന്ന് ബിരുദം നേടിയശേഷം ഐഐഎമ്മില്‍ ബിരുദാനന്തര പഠനം നടത്തിയിരുന്ന ഒരു വിദ്യാര്‍ഥി, എല്ലാവര്ക്കും കാണാനായി വെബ്ക്യാമില്‍ തന്റെ മരണം റെക്കോഡു ചെയ്യാന്‍ വെച്ച ശേഷം ഒരു മുഴം കയറില്‍ ജീവനൊടുക്കിയത് അടുത്ത കാലത്തായിരുന്നു. പഠിച്ച ക്ളാസ്സുകളിലൊക്കെ റാങ്കു വാങ്ങിയിട്ടുള്ള, ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസനിലവാരമുള്ള ആളാണ്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം! ജീവിക്കാനറിയില്ല! പരീക്ഷകള്‍ പാസ്സാകുന്നതിനെക്കാള്‍ പ്രധാനമാണ് ജീവിക്കാന്‍ പഠിക്കുക എന്നത്. മക്കളെ കണ്ടും മാമ്പൂവു കണ്ടും മദിക്കേണ്ട എന്നു പറയാറുണ്ടല്ലോ. വലിയ ഉദ്യോഗസ്ഥരോ വലിയ സമ്പന്നരോ ആവുക എന്നതിനെക്കാള്‍ എത്രയോ പ്രധാനമാണ് നല്ല മനുഷ്യരാവുക എന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല മനുഷ്യരായി വളരട്ടെ.
സാംസ്കാരിക മലിനീകരണകാലം
വീട്ടില്‍ വഴക്കും മറ്റു പ്രശ്നങ്ങളുമൊക്കെയുളള പ്രശ്നക്കാരായ അച്ഛനമ്മമാരുടെ മക്കളാണ് വഴി തെറ്റിപ്പോവുകയും വളര്‍ത്തുദോഷം കൊണ്ട് പ്രശ്നത്തിലാവുകയുമൊക്കെ ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് നല്ല അച്ഛനമ്മമാരുടെ മക്കള്‍ക്കും വഴിതെറ്റാനുള്ള സാധ്യത വളരെയധികമാണ്. അവര്‍ ജീവിക്കുന്നത് സര്‍വവിധത്തിലുമുള്ള സാംസ്കാരിക മലിനീകരണത്തിന്റെ കാലത്താണെന്നതു തന്നെ കാരണം. കേവലം മല്‍സരത്തില്‍ അധിഷ്ഠിതമായ ജീവിത രീതി, സകലതും വാങ്ങി ഉപയോഗിച്ച് ഉപഭോഗത്തിന്റെ ധാരാളിത്തത്തില്‍ അമര്‍ന്നു പോകുന്ന സാഹചര്യങ്ങള്‍, അമിത മദ്യപാനത്തിന്റെ പ്രശ്നങ്ങള്‍, പ്രലോഭകമായ അതിലൈംഗികതയുടെ പ്രസരം,ധാര്‍മിക മൂല്യങ്ങളില്‍ അനുദിനമുണ്ടാവുന്ന മാറ്റം മറിച്ചിലുകള്‍ എന്നിങ്ങനെ പലതും. അവര്‍ വീട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പമായിരിക്കുമ്പോള്‍ പോലും പുതിയ കാലത്തെ ജീവിതരീതികള്‍ സാംസ്കാരിക മലിനീകരണത്തിന്റെ പ്രസരം ശക്തിയായിത്തന്നെ അവരിലെത്തിക്കും. അതിനാല്‍ അച്ഛനമ്മമാര്‍ക്ക് മുമ്പത്തെക്കാളധികം ജാഗ്രത കൂടിയേ തീരൂ. പുതിയ ലോകത്തിന്റെ പ്രലോഭനങ്ങളെ നേരിടാനുള്ള വകതിരിവു നല്കാന് ശ്രദ്ധിച്ചേ മതിയാകൂ. മക്കളെ ഈ മലിനീകരണ കാലത്ത് കരുതലോടെയും കരുത്തോടെയും ജീവിക്കാന്‍ പ്രാപ്തരാക്കണ്ടേ? അവര്‍ നല്ല മനുഷ്യരായി വളരേണ്ടേ?
ഡോ. സുരേഷ് കുമാര്‍ പി.എന്‍.
സ്ക്കൂള് ഫോബിയ, സ്ക്കൂളില്‍ പോകാനുളള മടി എന്നീ വാക്കുകള്‍ ചില കുട്ടികളില്‍ കണ്ടുവരുന്ന യുക്തിരഹിതവും സ്ഥിരവുമായ സ്ക്കൂള് പേടിയെ സൂചിപ്പിക്കുന്നു. അഡ്ലൈഡ് ജോണ്സണ് 1941-ല്‍ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടരെയും പഠിക്കാന്‍ താല്പ്പര്യമില്ലാതെ പഠനമുപേക്ഷിച്ചുപോകുന്നവരെയും ഒരേ ഗണത്തില്‍പെടുത്താനാകില്ല. പഠനമുപേക്ഷിച്ചു പോകുന്നവരെ അവരുടെ വഴിക്കു വിടാമെങ്കിലും സ്ക്കൂള് ഫോബിയക്കാരെ രക്ഷിതാക്കളും മറ്റും നല്ലവണ്ണം ശ്രദ്ധിക്കണം. കാരണം ഇവര്‍ മിക്കപ്പോഴും ആകാംക്ഷാഭരിതരും പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരുമായിരിക്കും. സ്ക്കൂള് ഫോബിയയുളള കുട്ടികള്‍ സ്ക്കൂളില്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍തന്നെ പരിഭ്രാന്തിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാറുണ്ട്.
സ്ക്കൂള്‍ഭയമുളള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ 59% പേര് അഞ്ച് മുതല്‍ ഏഴ് വരെ പ്രായമുളളവരും, 32% പേര് എട്ട് മുതല്‍ പത്ത് വരെ പ്രായമുളളവരും 9% പേര് പതിനൊന്നോ അതില്‍ കൂടുതലോ പ്രായമുളളവരുമാണെന്ന് കാണിക്കുന്നു. വീടുവിട്ടുനില്‍ക്കാനുളള പേടി ഒന്നര മുതല്‍ രണ്ട് വയസ്സുവരെ പ്രായമുളള കുട്ടികളിലാണ് സാധാരണ കണ്ടുവരുന്നത്. അക്കാലത്ത് മാതാപിതാക്കളില്‍നിന്നും വിട്ടുനില്ക്കുമ്പോള് കുട്ടികള്‍ കരയുകയും മറ്റും ചെയ്യും. എന്നാല്‍ കുട്ടികള്‍ വളരുന്തോറും ഈ പ്രശ്നവും നിലനിന്നാല്‍ അതൊരു രോഗാവസ്ഥയായി മാറുന്നു. ഇക്കൂട്ടരുടെ രക്ഷിതാക്കള്‍ മിക്കപ്പോഴും വളരെ സ്നേഹവും ശ്രദ്ധയുമുളളവര്‍ ആയിരിക്കുമെങ്കിലും അവര്‍ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെപ്പറ്റി സാധാരണയില്‍ കൂടുതലായി ചിന്തിക്കുന്നവരാകും. രക്ഷിതാക്കളുടെ ഈ സ്വഭാവം കാരണം ചില കുട്ടികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്ക്കൂള് ജീവിതവുമായി പൊരുത്തപ്പെടാനാകാതെ വരുന്നു. പെണ്‍കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്ന ഈ ഭയം ഉയര്‍ന്ന സാമ്പത്തിക വര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഏറ്റവും ഇളയകുട്ടികളിലും സഹോദരങ്ങളില്ലാത്ത ഒറ്റ കുട്ടികളിലും ഗുരുതരമായ ശാരീരിക രോഗമുളളവരിലുമാണ് സ്ക്കൂള് ഫോബിയ ഏറ്റവും കൂടുതലായി കാണുന്നത്.
സ്ക്കൂള് ഫോബിയക്കാര്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും സ്ക്കൂളില്‍ പോകാന്‍ മടിക്കുന്നതുകൊണ്ട് ഒട്ടേറെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നു. സ്ക്കൂളില്‍ പോകുന്നതിനെക്കുറിച്ച് പറയുമ്പോള്‍തന്നെ പേടിയും സങ്കടവും കാണിക്കുന്നവരെയും പലതരത്തിലുളള അസുഖലക്ഷണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരെയും രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കണം.
സ്ക്കൂള് ഫോബിയയുടെ ലക്ഷണങ്ങള്‍
കാരണങ്ങള്‍
സ്ക്കൂള് ഫോബിയയുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ വീടിനെയും സ്ക്കൂളിനെയും ഒരേപോലെ കണക്കിലെടുക്കണം.
വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍
സ്ക്കൂളിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍
സാധാരണയായി രക്ഷിതാക്കള്‍ കര്‍ശനമായി നിര്‍ബന്ധിക്കുന്നതു വരെ മാത്രമേ സ്ക്കൂളില്‍ പോകില്ലെന്ന് കുട്ടികള്‍ വാശിപിടിക്കാറുളളൂ. എന്നാല്‍ ഈ പ്രശ്നം തുടര്‍ന്നും നിലനില്ക്കുന്നുവെങ്കില് രക്ഷിതാക്കള്‍ സ്ക്കൂള് അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കണം. ഇതു വൈകിയാല്‍ കുട്ടികള്‍ക്ക് മോശമായ പഠനനിലവാരം, മറ്റു കുട്ടികളുമായി ഇടപഴകാന്‍ കഴിയായ്ക, ദൈനംദിന പ്രവൃത്തികളിലെ പോരായ്മകള്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഭാവിയില്‍ അതിമ ഉത്കണഠാരോഗം, പാനിക് അറ്റാക്ക്, മറ്റു മാനസിക രോഗങ്ങള്‍ എന്നിവ ഉണ്ടാവുകയും ചെയ്യാം. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളില്‍ കാണപ്പെടുകയാണെങ്കില്‍ അത് സ്ക്കൂള് ഫോബിയയാണെന്ന് നേരത്തെ തന്നെ കണ്ടെത്തുകയും, പ്രശ്നത്തിന്റെ കാരണം കണ്ടെത്തുകയുമാണ് പരിഹാരത്തിനുളള ഏക മാര്‍ഗം. രക്ഷിതാക്കളും സ്ക്കൂള് അധികൃതരും യോജിച്ചു ചെയ്യേണ്ട കാര്യമാണിത്.
രക്ഷിതാക്കള്‍ക്ക് ചെയ്യാനുളളത്
സ്ക്കൂള് അന്തരീക്ഷം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍
വീട്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍
സ്ക്കൂള് ഫോബിയക്കാരെ വീടുകളില്‍ സാധാരണ കുട്ടികളെ പോലെത്തന്നെ വേണം പരിഗണിക്കാന്‍..
സ്ക്കൂള് ഫോബിയക്കാരെ വീടുകളില്‍ സാധാരണ കുട്ടികളെ പോലെത്തന്നെ വേണം പരിഗണിക്കാന്‍ . എന്നാല്‍ ഇത്തരക്കാര്‍ മിക്കവാറും തന്നെ രക്ഷിതാക്കളോടൊപ്പമല്ലാതെ പുറത്തിറങ്ങില്ല. അത്തരക്കാരെ രക്ഷിതാക്കള്‍ പുറത്തു കൊണ്ടുപോയില്ലെങ്കില്‍ അവരുടെ ലോകം വീടിനുളളില്‍തന്നെ ഒതുങ്ങിപ്പോകും. സ്ക്കൂള് ഫോബിയക്കാരെ രക്ഷിതാക്കളുടെകൂടെയോ അല്ലാതെയോ കുറച്ചുസമയമെങ്കിലും പുറത്തു കൊണ്ടുപോകുന്നത് താഴെപറയുന്ന വിധത്തില്‍ അവരെ സഹായിക്കും.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ഇനിയും ചില കാര്യങ്ങള്‍ -
കുട്ടിയെ എല്ലാ ദിവസവും സ്ക്കൂളില്‍ എത്തിക്കലാണ് ഈ പ്രവൃത്തികളുടെയെല്ലാം ലക്ഷ്യം. കുട്ടിക്ക് സ്ക്കൂളിനോട് ഇഷ്ടമുണ്ടാക്കുന്ന പ്രവൃത്തികളിലൂടെ സ്വാഭാവികമായും കുട്ടിക്ക് സ്ക്കൂളില്‍ പോകാനുളള താല്പര്യമുണ്ടാകും. ഇതുകൊണ്ടൊന്നും പ്രയോജനമില്ലെങ്കില്‍ ഒരു സൈക്കോളജിസ്റിന്റെയോ സൈക്യാട്രിസ്റിന്റെയോ സഹായം തേടുന്നതാകും നല്ലത്.
കാലം ചെല്ലുന്തോറും സ്ക്കൂള് ഫോബിയ ചികിത്സിച്ചു ഭേദമാക്കാനും വിഷമമാണ്.
കാലം ചെല്ലുന്തോറും സ്ക്കൂള് ഫോബിയ ചികിത്സിച്ചു ഭേദമാക്കാനും വിഷമമാണ്. സ്ക്കൂള് ഫോബിയക്കാരെ ചികിത്സിക്കാന്‍ ഒട്ടേറെ ചൈല്‍ഡ്, അഡോളസന്റ് മെന്റല്‍ ഹെല്‍ത്ത് സേവന കേന്ദ്രങ്ങള്‍ ഇന്നുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയുടെ അദ്ധ്യാപകരോ, കുടുംബ ഡോക്ടറോ അവരെ ഇത്തരം സേവനകേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കേണ്ടത് അനിവാര്യമാണ്.
ഡോ. സുരേഷ് കുമാര്‍ പി.എന്‍.
എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന് നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല.
അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യമെന്നതിന് സ്വല്പം വിശദീകരണം വേണം. നിങ്ങള്‍ എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം ഡോക്ടറോ, എഞ്ചിനീയറോ, കളക്ടറോ ആവുകയായിരിക്കും. ഈ ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തില്‍ മുന്നേറണം. ഇപ്പോള്‍ പഠിക്കുന്ന ക്ളാസില്‍ മികച്ച വിജയം കൈവരിക്കുക, അതോടൊപ്പം ദീര്‍ഘകാലം പ്രയോജനപ്പെടുന്ന ഭാഷാസാമര്‍ത്ഥ്യവും, പൊതുവിജ്ഞാനവും, വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആര്‍ജ്ജിക്കുക എന്നതാണ് തത്കാല ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ വര്‍ഷാരംഭത്തില്‍ തന്നെ മൂന്നു കാര്യങ്ങല്‍ കണ്ടെത്തണം.
സിലബസ് തയ്യാറാക്കുന്ന കാര്യത്തില്‍ ഉയര്‍ന്ന ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ വീഴ്ച വരുത്തിക്കൂടാ. പല കാരണങ്ങളാലും അദ്ധ്യാപകര്‍ സിലബസ് മുഴുവന്‍ പഠിപ്പിച്ചു തീര്‍ക്കാത്ത സാഹചര്യമുണ്ടാകും. കാലേകൂട്ടി സ്വയം പഠനം നടത്തുകയും ക്ളാസ് റൂം അദ്ധ്യാപനം വഴി നേരത്തേ പഠിച്ച പാഠങ്ങള്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യുക എന്ന രീതി പഠനം മെച്ചപ്പെടുത്തും. ഒപ്പം തന്നെ റഫറന്‍സ് പുസ്തകങ്ങള്‍ നോക്കി സംശയങ്ങള്‍ പരിഹരിക്കുന്ന രീതിയും വളര്‍ത്തിയെടുക്കുക. വാക്കുകളുടെ അര്‍ത്ഥമറിയാന്‍ മാതാപിതാക്കളോടോ അദ്ധ്യാപകരോടോ ചോദിക്കുന്നതിന് പകരം നിഘണ്ടു നോക്കുക. വിദഗ്ദ്ധസംഘങ്ങള്‍ ദീര്‍ഘകാല പ്രയത്നങ്ങള്‍ കൊണ്ടു രൂപപ്പെടുത്തിയ ഡിക്ഷനറികള്‍ക്ക് പകരം നില്ക്കാന് ഒരു വ്യക്തിക്കും സാധ്യമല്ല. വാക്കിന്റെ വ്യത്യസ്ത അര്‍ത്ഥങ്ങള്‍, പ്രയോഗരീതികള്‍, മുതലായ പലതും കൃത്യതയോടെ പകര്ന്നുതരാന് നിഘണ്ടുകള്‍ക്ക് കഴിയും.
ടൈംടേബിള്‍
ഏതു കാര്യത്തിലും നാം ചിട്ട പുലര്‍ത്തുന്നത് പ്രവര്‍ത്തനക്ഷമത ഉയര്‍ത്തും. പഠനത്തിന് തക്കതായ ടൈംടേബിള്‍ ഉണ്ടാക്കുന്നത് നമ്മുടെ ഗതിയെ ശരിയായ പാതയിലൂടെ നയിക്കും. ടൈംടേബിള്‍ ഉണ്ടാക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ വെക്കണം. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാകണം ടൈംടേബിള്‍.. ഇടയ്ക്കിടെ ഇടവേളകള്‍ വേണം. പത്രങ്ങളും വാരികകളും വായിക്കാനും, ടി. വി. കാണാനും, വീട്ടുജോലികള്‍ ചെയ്യാനും, ഭക്ഷണം കഴിക്കാനും മറ്റും സമയം വകയിരുത്തണം. വിഷമമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. പഠിക്കാന്‍ അവരവര്‍ക്ക് ചേര്‍ന്ന സമയം തിരഞ്ഞെടുക്കുക. ചിലര്‍ക്ക് വെളുപ്പിന് പഠിക്കുന്നതാകും ഇഷ്ടം. മറ്റ് ചിലര്‍ക്ക് രാത്രി വൈകും വരെ പഠിക്കാനാകും ഇഷ്ടം. ഇന്ന സമയത്ത് പഠിച്ചാലേ ശരിയാകൂ എന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുത്. പ്രവര്‍ത്തി ദിവസത്തിനും അവധി ദിവസത്തിനും വേവ്വെറെ ടൈംടേബിള്‍ തയ്യാറാക്കണം. പ്രതിദിന ടൈംടേബിളിനു പുറമേ പ്രതിമാസ ടൈംടേബിളും പ്രതിവര്‍ഷ ചാര്‍ട്ടും മുന്‍കൂര്‍ തയ്യാറാക്കുക. ഒരു വര്‍ഷത്തെ പഠന പുരോഗതി ഈ ചാര്‍ട്ടില്‍ പ്രതിഫലിക്കട്ടെ. ഓരോ മാസവും ടൈംടേബിള്‍ പരിഷ്ക്കരിക്കേണ്ടിവന്നേക്കാം. നേട്ടങ്ങളുടെ ക്രമം വിലയിരുത്തി ചില വിഷയങ്ങള്‍ക്കുള്ള സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താം.
കാണാതെ പഠിക്കണോ?
കാണാതെ പഠിക്കണോ എന്ന ചോദ്യത്തിനുള്ള ഉത്തരം വേണ്ട എന്നുതന്നെയാണ്. പാഠങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഹൃദിസ്ഥമാക്കി പഠിക്കുന്നതിന് പകരം പഠിക്കുമ്പോള്‍ ആശയങ്ങളെയാണ് നാം ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ പദസമൂഹങ്ങളെയല്ല. അങ്ങനെ ഉള്‍ക്കൊണ്ടു പഠിച്ചാല്‍ മാത്രമേ ആശയങ്ങള്‍ വേണ്ടപ്പോള്‍ വേണ്ട സ്ഥലത്ത് പ്രയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വിവരണങ്ങളും ഉപന്യാസങ്ങളും മറ്റും മന:പാഠമാക്കാന്‍ ഏറെ നേരം നാം ചിലവാക്കേണ്ടിവരും. മറ്റു പലതിനും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നേരം പാഴാക്കുകയാകും നാം ഇതുമൂലം ചെയ്യുന്നത്. എന്നാല്‍ നിശ്ചയമായും നാം കാണാപാഠം പഠിക്കേണ്ട ചിലതുണ്ട് (ഉദാഹരണത്തിന് നിര്‍വ്വചനങ്ങള്‍, സയന്‍സിലെ നിയമങ്ങള്‍, കവിതകള്‍, മഹദ്വചനങ്ങള്‍ എന്നിവ.)
വായിക്കേണ്ടത് എങ്ങനെ?
പഠനത്തിന്റെ നല്ല പങ്ക് വായന തന്നെയാണ്. തീരെ ചെറിയ കുട്ടികള്‍ ഉറക്കെ വായിച്ചു കൊള്ളട്ടെ. മറ്റുള്ളവര്‍ ഉറക്കെ വായിക്കുന്നത് അശാസ്ത്രീയമായ രീതിയാണ്. തുടര്‍ച്ചയായി ഉറക്കെ വായിക്കുന്നതുമൂലം ഉണ്ടാകുന്ന ഊര്‍ജ്ജനഷ്ടം കൊണ്ടുളള തളര്‍ച്ചകാരണം ഇവര്‍ക്ക് ദീര്‍ഘനേരം വായിക്കാന്‍ കഴിയുകയില്ല. നോക്കി വായിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ പലതാണ്. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗം വരുമ്പോള്‍ വായനയുടെ വേഗം വേണ്ടും വിധം കുറയ്ക്കാം. കണ്ണു പിന്നോട്ടു പായിക്കാം. വളരെ എളുപ്പമുള്ള ഭാഗങ്ങളാകുമ്പോള്‍ വേഗം കടന്നുപോകാം. എല്ലാ അക്ഷരങ്ങളും വായ കൊണ്ട് ഉറക്കെ വായിച്ചു കഴിയുന്നതു വരെ കാത്തുനിന്ന് നേരം പാഴാക്കേണ്ടതില്ല.
അതുപോലെ ഇടയ്ക്കിടെ വായന നിര്‍ത്തി അതുവരെ വായിച്ച കാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞെന്ന് ഉറപ്പു വരുത്തണം. സംശയമുള്ള ഭാഗം വീണ്ടും വായിക്കാന്‍ ഒരിക്കല്‍ പിന്നിട്ട വരികളിലേക്ക് മടങ്ങിച്ചെല്ലാം. ഇത്രയൊക്കെ പറഞ്ഞാലും ചിലത് ഉറക്കെ വായിക്കുകതന്നെ വേണം. പദങ്ങളുടെ ഉച്ചാരണം ശുദ്ധമാക്കാന്‍, കാവ്യഭാഗങ്ങള്‍ ആസ്വദിക്കാന്‍ എന്നിവയ്ക്ക് ഉച്ചത്തില്‍ വായിക്കുകതന്നെ വേണം.
ശാസ്ത്രീയമായ വായനക്ക് പല രീതികളുണ്ട്. അവയിലൊന്നാണ് 4R സമ്പ്രദായം (Read, Recall, Reflect and Review).
Read: ഒഴുക്കനായി വായിക്കാതെ പുസ്തകത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ മനസ്സിലാക്കി ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്ത് ഉത്തരം കണ്ടെത്തി ആശയം ബോധ്യപ്പെട്ട് വരികളിലൂടെ കടന്നുപോകുന്നതിനെയാണ് Read എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
Recall: ഒരു ഖണ്ഡികയോ പാഠഭാഗമോ വായിച്ച് കഴിഞ്ഞാല്‍ പുസ്തകമടച്ച് വായിച്ച കാര്യം കൃത്യതയോടെ ഓര്‍ക്കാന്‍ ശ്രമിക്കുക. ഫോര്‍മുലയും നിര്‍വ്വചനവും ശാസ്ത്രീയ നിയമവും ഓര്‍മ്മയില്‍നിന്ന് എഴുതാന്‍ കഴിയണം. ആശയം ചോര്‍ന്നുപോയെന്ന് തോന്നിയാല്‍ വീണ്ടും വായിച്ച് ആശയം മനസ്സിലാക്കുക. ആവശ്യമെങ്കില്‍ നോട്ട് കുറിച്ച് വയ്ക്കുകയുമാകാം.
Reflect: പുതുതായി പഠിച്ച കാര്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സമയം കിട്ടുമ്പോള്‍ ആഴത്തില്‍ ചിന്തിച്ച് പഴയ അറിവുകളുമായി കോര്‍ത്തിണക്കി മനസ്സില്‍ ബലമായി ഉറപ്പിക്കുക. പഠനത്തെ പോഷിപ്പിക്കാനും പുതിയ അറിവ് ആവശ്യാനുസരണം പ്രയോഗിക്കാനും ഇതു വഴി കഴിയും.
Review: മുന്‍പു വായിച്ച പുസ്തകമോ സ്വയം തയ്യാറാക്കിയ കുറിപ്പുകളോ വല്ലപ്പോഴുമൊക്കെ നോക്കുന്നത് മറന്നുപോയ കാര്യങ്ങളെ മനസ്സിലാക്കി കൊണ്ടുവന്ന് പഠനത്തെ അരക്കിട്ടുറപ്പിക്കുന്നു.
ഓര്‍മ്മ വെയ്ക്കാന്‍ ടെക്നിക്കുകള്‍
ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പറയുന്നവരുണ്ട്. ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലുറപ്പിക്കാന്‍ ശ്രമിക്കണം. നന്നായി ഓര്‍മ്മിക്കുവാന്‍ പ്രാസമോ മറ്റോ സ്വീകരിക്കുന്നതും നല്ലതാണ്. സ്മാരകസൂത്രങ്ങള്‍ അഥവാ acronyms വഴിയും ഇതു സാധിക്കും. ഉദാഹരണത്തിന് vibgyor എന്ന സൂത്രംകൊണ്ട് സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങളെ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ ഓര്‍മ്മവയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങള്‍ നമുക്ക് തന്നെ ഉണ്ടാക്കാം. അല്‍പ്പം പ്രാസവും താളവുമൊക്കെ ഉണ്ടെങ്കില്‍ ഓര്‍മ്മിക്കാന്‍ എളുപ്പമാകും.
ഹ്രസ്വകാല ഓര്‍മ്മയെ ദീര്‍ഘകാല ഓര്‍മ്മയായി പരിവര്‍ത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി.
ഒരു കാര്യം വായിച്ചാലുടന്‍ നമുക്ക് ഓര്‍മ്മയുണ്ടാകും. ഹ്രസ്വകാല ഓര്‍മ്മയെ ദീര്‍ഘകാല ഓര്‍മ്മയായി പരിവര്‍ത്തനം ചെയ്യുന്നതാണ് പഠനത്തിലെ വെല്ലുവിളി. അതിന് ഇത്തരം സൂത്രങ്ങളടക്കം പല മാര്‍ഗ്ഗങ്ങളുണ്ട്.
ഉപന്യാസങ്ങള്‍
ഉപന്യാസങ്ങള്‍ പഠിച്ചുറക്കാന്‍ ഏറെ സമയം പാഴാക്കുന്നവര്‍ ധാരാളം. പക്ഷേ ശരിയായ തന്ത്രം സ്വീകരിച്ചാല്‍ സമയം ഏറെ ലാഭിക്കാം. ഓരോ മാസവും ഒരേ ഉപന്യാസം ആവര്‍ത്തിച്ചു വായിക്കുകയും അങ്ങിനെ ചെലവിടുന്ന സമയമത്രയും താന്‍ പഠിക്കുകയുമാണെന്ന് കരുതുന്നവരുണ്ട്. എന്നിട്ടും പരീക്ഷക്ക് ചെല്ലുമ്പോള്‍ പോയിന്റുകളത്രയും മുറക്ക് എഴുതാന്‍ കഴിയാറില്ല.
ശരിയായ തന്ത്രം സ്വീകരിക്കുകയാണെങ്കില്‍ ഏത് ഉപന്യാസമായാലും ഒരു തവണ വായിച്ചാല്‍ മതി.
ശരിയായ തന്ത്രം സ്വീകരിക്കുകയാണെങ്കില്‍ ഏത് ഉപന്യാസമായാലും ഒരു തവണ വായിച്ചാല്‍ മതി. പക്ഷേ അത് കഴിയുന്നത്ര മനസ്സിരുത്തി പഠിക്കണം. ഉപന്യാസത്തിലെ ഓരോ പോയിന്റും ശ്രദ്ധയോടെ വേര്‍തിരിച്ചെടുത്ത് കുറിച്ചുവെക്കുക. പോയിന്റിനെപ്പറ്റി സൂചന കിട്ടിയാല്‍ അത് സ്വയം വിവരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക. ക്രമത്തിന് എഴുതിവെച്ച പോയിന്റുകള്‍ ചേര്‍ത്ത് രസകരമായ ഒരു സ്മാരകസൂത്രം ഉണ്ടാക്കാനും ചിലപ്പോള്‍ കഴിയും. ചിലപ്പോള്‍ ഏതെങ്കിലുമൊരു വാക്ക് ഏത് പോയിന്റിനേയാണ് സൂചിപ്പിക്കുന്നത് എന്ന് മറന്നുപോയാല്‍ പുസ്തകത്തിലേക്ക് മടങ്ങി സംശയം ദൂരീകരിക്കുക.
സ്റാര്‍ട്ടിങ്ങ് ട്രബിളിനെ പരാജയപ്പെടുത്തുക
ചിട്ടയൊപ്പിച്ച് ടൈംടേബിള്‍ ഉണ്ടാക്കി പഠനം തുടങ്ങാന്‍ നല്ല ദിവസം നോക്കേണ്ട ആവശ്യമില്ല. ദിവസങ്ങള്‍ നീട്ടിവെക്കുന്നത് അലസന്മാരുടെ ശീലമാണ്. ചില വിഷയങ്ങള്‍ കഠിനമാണെന്ന ധാരണ മൂലമാകാം നാം അറച്ചുനില്‍ക്കുന്നത്. ഒരു വിഷയവും കഠിനമോ ലളിതമോ എന്ന് വകയിരുത്തേണ്ട. എനിക്കിപ്പോള്‍ പഠിക്കാന്‍ മൂഡില്ല എന്ന് പറയുന്നത് ഫാഷനാക്കുന്ന ചിലരുണ്ട്. മടിയുടെ മറ്റൊരു മുഖം തന്നെയാണിത്. മൂഡില്ല എന്ന് പറഞ്ഞ് പഠിക്കാന്‍ വിമുഖത കാണിക്കുന്നത് നിരുത്തരവാദിത്വമാണ്. വളരെയേറെ പഠിക്കാനുള്ള വിഷയമോ, തടിയുള്ള പുസ്തകമോ കണ്ടു ഭയപ്പെടുന്നവരുണ്ട്. അതൊക്കെ ഒന്നായി കണ്ടു പേടിക്കാതിരിക്കുക. വിഷയത്തെ മുഴുവന്‍ ഒന്നിച്ചു നോക്കാതെ അതിനെ പലതായി വിഭജിക്കുന്ന അദ്ധ്യായങ്ങളെ ഓരോന്നായി ശ്രദ്ധിക്കുക.
പഠിക്കാന്‍ കഴിയുന്നത്ര ഒതുക്കമുള്ള സ്ഥലം കണ്ടെത്തുക. മേശപ്പുറം ചിട്ടയായി വയ്ക്കുക, ടെക്സ്റ് ബുക്കുകള്‍, നോട്ട് ബുക്കുകള്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, റഫറന്‍സ് പുസ്തകങ്ങള്‍ മുതലായവയ്ക്ക് ഓരോ സ്ഥാനം നിശ്ചയിച്ച് അടുക്കിവയ്ക്കുക, നിത്യവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മേശപ്പുറം വൃത്തിയാക്കി സാധനങ്ങള്‍ അടുക്കുക എന്നിവ പഠനത്തോടനുബന്ധിച്ച് അനാവശ്യമായി സമയം പാഴാക്കുന്നത് ലാഭിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ മേശയും പുസ്തകങ്ങളുമെല്ലാം സമഗ്രമായി ശുചിയാക്കി ക്രമപ്പെടുത്തിവെയ്ക്കുക. ഇടയ്ക്ക് മുന്‍ ചോദ്യക്കടലാസുകളിലെ ചോദ്യങ്ങള്‍ പരീക്ഷാഹാളിലെ അന്തരീക്ഷം സങ്കല്പിച്ച് ഉത്തരങ്ങള്‍ സമയബന്ധിതമായി എഴുതി നോക്കുക. പഠിക്കുമ്പോള്‍ ആകാശത്തോളം സ്വപ്നം കാണുക. കുന്നോളം സ്വന്തമാക്കാം. സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കുക, അങ്ങിനെയെങ്കില്‍ ലക്ഷ്യങ്ങള്‍ വിജയമായി മാറും.
ഡോ. ഷാഹുല്‍ അമീന്
സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും, ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുവാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്. പല രാജ്യങ്ങളിലായി നടന്ന അമ്പതോളം പഠനങ്ങളില്‍ ശരാശരി 15.8 ശതമാനം കുട്ടികള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍
കുട്ടികളുടെ മാനസികാരോഗ്യം വിലയിരുത്തുമ്പോള്‍ കണക്കിലെടുക്കേണ്ട വസ്തുതകള്‍
ചില കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങള്‍ അവരുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെ പ്രതിഫലനമാവാം.
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍
കുട്ടികളോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതു കൊണ്ട് അവര്‍ തങ്ങളെ വകവെക്കാതാവുമെന്ന് ഭയക്കേണ്ടതില്ല.
ഡോ. ഷാഹുല്‍ അമീന്
മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ശക്തമായ ദുസ്സ്വാധീനം ചെലുത്താനാവുമെന്ന് ആദ്യമായി വ്യക്തമാവുന്നത് ഏകദേശം ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അക്കാലത്ത് പുറത്തിറങ്ങിയ ഗഥേയുടെ “ദി സോറോസ് ഓഫ് യങ്ങ് വെര്‍തര്‍” എന്ന നോവല്‍ വായിച്ച നൂറുകണക്കിനാളുകള്‍ ആത്മഹത്യ ചെയ്തതോടെ അതുകാരണം പല യൂറോപ്യന്‍ രാജ്യങ്ങളും ആ നോവല്‍ നിരോധിക്കേണ്ടി വരികയുമുണ്ടായി. അങ്ങിനെയാണ് മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകളെ ശാസ്ത്രജ്ഞര്‍ “വെര്‍തര്‍ എഫക്റ്റ്” എന്നു വിളിച്ചുതുടങ്ങിയത്. അധികം പഴക്കമില്ലാത്ത ചരിത്രത്തിലെ മറ്റൊരു ഉദാഹരണം ഹോളിവുഡ് സുന്ദരി മെര്ലിന് മണ്‍റോവിന്റെ ആത്മഹത്യ ടെലിവിഷനില്‍ക്കണ്ട അനേകം പേര് ആത്മഹത്യ ചെയ്തതാണ്. പത്തൊമ്പതുകാരനായ നായകന് തീവണ്ടിക്കുമുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുള്ള ഒരു സീരിയല്‍ ആദ്യമായി കാണിച്ചപ്പോഴും പുനസംപ്രേഷണം ചെയ്തപ്പോഴും ജര്‍മനിയില്‍ വളരെയധികം ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി.
ടെലിവിഷനില്‍ ആക്രമണരംഗങ്ങള്‍ കണ്ടതിനു ശേഷം കളികളിലേര്‍പ്പെടുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ആക്രമണോത്സുകത കാണിക്കുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ടെലിവിഷനില്‍ ആക്രമണരംഗങ്ങള്‍ കണ്ടതിനു ശേഷം കളികളിലേര്‍പ്പെടുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ആക്രമണോത്സുകത കാണിക്കുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിയൊന്നില്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് ആണ് മാധ്യമങ്ങളിലെ അക്രമങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തിലെ അതുവരെ നടന്ന ശാസ്ത്രീയപഠനങ്ങളെയെല്ലാം സൂക്ഷ്മപരിശോധന നടത്തുകയും, മാധ്യമങ്ങളിലെ അക്രമചിത്രങ്ങളും ദൃശ്യങ്ങളും കുട്ടികള്‍ വളരെയധികം അനുകരിക്കുന്നുണ്ടെന്ന അനുമാനത്തിലെത്തുകയും ചെയ്തു.
കുട്ടികളിലെ അക്രമവാസനയുടെ ഏകകാരണം ടെലിവിഷന്‍ ആണെന്ന് ഇതിനര്‍ത്ഥമില്ല. അതേസമയം, സ്വതവെ ആക്രമണോത്സുകരായ കുട്ടികളെ കൂടുതല്‍ അക്രമങ്ങളിലേക്കും മറ്റു ദുസ്വഭാവങ്ങളിലേക്കും നയിക്കാന്‍ ടെലിവിഷനു കഴിയുന്നുണ്ടെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടിട്ടുണ്ട്.
ടെലിവിഷന്‍ കുട്ടികളെ ഇത്രയധികം സ്വാധീനിക്കാന്‍ കഴിയുന്നതെങ്ങനെ?
വളര്‍ന്നു വരുന്ന കുട്ടികള്‍ വിവിധ അറിവുകള്‍ സ്വായത്തമാക്കുന്ന രീതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് Social Learning. മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ നിരീക്ഷിച്ച് ആ പെരുമാറ്റരീതികളെ അനുകരിക്കാന്‍ തുടങ്ങുന്ന രീതിയാണ് Social Learning. മുതിര്‍ന്നവരുടെ ശീലങ്ങളും ആചാരങ്ങളുമൊക്കെ കുട്ടികള്‍ പഠിച്ചെടുക്കുന്നത് Social Learning-ലൂടെയാണ്. ഇതേ രീതിയിലുള്ള അനുകരണമാണ് പലപ്പോഴും ടെലിവിഷനില്‍ നിന്ന് ആക്രമണരീതികളും ആത്മഹത്യാമാര്‍ഗങ്ങളുമൊക്കെ കണ്ടുമനസ്സിലാക്കി അതാവര്‍ത്തിക്കാന്‍ നോക്കുന്ന കുട്ടികളും കാണിക്കുന്നത്. ആത്മഹത്യ അനുകരിക്കുന്നതിനിടയില്‍ മരിച്ചുപോയ പല കുട്ടികള്‍ക്കും മരിക്കണമെന്ന ആഗ്രഹം തീരെ ഇല്ലായിരുന്നുവെന്ന കണ്ടെത്തലുകള്‍ ഈ അനുകരണപ്രവണതയുടെ തെളിവുകളാണ്. തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് യാതൊരു ബോദ്ധ്യവുമില്ലാതെയുള്ള ഇത്തരം അനുകരണങ്ങള്‍ പ്രൈമറിതലത്തിലുള്ള കുട്ടികളിലാണ് കൂടുതലായി കാണുന്നത്. കൌമാരപ്രായക്കാര്‍ പലപ്പോഴും ഈ അനുകരണങ്ങളുടെ ഗൌരവം ശരിക്കും ഉള്‍ക്കൊണ്ടുതന്നെയാണ് അക്രമങ്ങളും ആത്മഹത്യാശ്രമങ്ങളുമൊക്കെ നടത്തുന്നത്.
ടെലിവിഷനിലെ മറ്റു ദൃശ്യങ്ങളെ അപേക്ഷിച്ച് ആക്രമണദൃശ്യങ്ങള്‍ കുട്ടികളെ കൂടുതലായി സ്വാധീനിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞന്മാര് ചില വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്.
ടെലിവിഷനിലെ മറ്റു ദൃശ്യങ്ങളെ അപേക്ഷിച്ച് ആക്രമണദൃശ്യങ്ങള്‍ കുട്ടികളെ കൂടുതലായി സ്വാധീനിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞന്മാര് ചില വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. മറ്റു ദൃശ്യങ്ങളെ അപേക്ഷിച്ച് ആക്രമണദൃശ്യങ്ങള്‍ക്ക് കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലുള്ള പശ്ചാത്തലശബ്ദങ്ങളും സംഗീതങ്ങളും ഉണ്ടായിരിക്കും. പെട്ടെന്നുപെട്ടെന്നു മാറുന്ന ദൃശ്യങ്ങളും (rapid cuts) കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഇത്തരം രംഗങ്ങളുടെ ഒരു സവിശേഷതയാണ്. ഇത്തരം രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളിലും സീരിയലുകളിലും മറ്റും ഒരു പക്ഷേ ആ ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണങ്ങളോ അല്ലെങ്കില്‍ ആ അക്രമങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പിന്നീട് കിട്ടുന്ന ശിക്ഷകളോ ഒക്കെ ചിത്രീകരിച്ചിട്ടുണ്ടാവാം. പക്ഷേ നേരത്തേ പറഞ്ഞ പശ്ചാത്തലശബ്ദങ്ങളും മറ്റും കുട്ടികളുടെ ശ്രദ്ധയെ ആക്രമണരംഗങ്ങളിലേക്കു മാത്രമേ തിരിക്കുന്നുള്ളൂ എന്നതിനാല്‍ ഈ കാരണങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം അവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു.
ടെലിവിഷനില്‍ തുടര്‍ച്ചയായി ആക്രമണദൃശ്യങ്ങള്‍ കാണുന്നതുവഴി യഥാര്‍ത്ഥജീവിതത്തിലെ ഹിംസാത്മകസംഭവങ്ങളെയും നിര്‍വികാരതയോടെ മാത്രം വീക്ഷിക്കാനുള്ള ഒരു ശീലവും ഈ കുട്ടികളില്‍ വളര്‍ന്നുവന്നേക്കാം.
രക്ഷിതാക്കള്‍ക്ക് ഈ വിഷയത്തില്‍ എന്തുചെയ്യാന്‍ കഴിയും?
ടെലിവിഷനിലെ ദൃശ്യങ്ങളും യഥാര്‍ത്ഥജീവിതവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചെറുപ്രായത്തിലേ രക്ഷിതാക്കള്‍ കുട്ടികളെ ബോധവാന്മാരാക്കേണ്ടതാണ്. തങ്ങളുടെ കുട്ടികള്‍ ടെലിവിഷനില്‍ എന്തൊക്കെയാണു കാണുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കുട്ടികള്‍ കാണുന്ന പരിപാടികളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ അവരോട് സംസാരിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ദൃശ്യങ്ങള്‍ കുട്ടികളില്‍ വിഷമം സൃഷ്ടിക്കുന്നുണ്ടോ, അക്രമങ്ങളോ മരണമോ കാണിക്കുന്ന ദൃശ്യങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ടോ എന്നെല്ലാം രക്ഷകര്‍ത്താക്കള്‍ ജാഗരൂകരായിരിക്കേണ്ടതാണ്. ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍ അവരുടെ ചിന്താരീതികളെയും അഭിപ്രായങ്ങളെയും കുറിച്ച് അവരോട് തുറന്നു സംസാരിക്കേണ്ടതാണ്.
പ്രൈമറിതലം വരെയുള്ള കുട്ടികളെ കഴിയുന്നതും ഇത്തരം ദൃശ്യങ്ങളുള്ള പ്രോഗ്രാമുകള്‍ കാണുന്നതു തടയുന്നതു തന്നെയാണ് ഇവയുടെ ദുസ്സ്വാധീനം തടയാനുള്ള ഏറ്റവും നല്ല വഴി. ആക്രമണദൃശ്യങ്ങളുടെ പൊള്ളത്തരം കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതും ഉപകാരപ്രദമാണ്.
കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളോടാവട്ടെ, ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതും അവരുടെ തെറ്റിദ്ധാരണകള്‍ രക്ഷിതാക്കള്‍ തന്നെ തിരുത്തുന്നതുമാണ് ഏറ്റവും നല്ലത്. കൌമാരപ്രായക്കാരോട് ടെലിവിഷന്‍പ്രോഗ്രാമുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായുന്നതും അവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അവ അകറ്റിക്കൊടുക്കുന്നതും നല്ലതാണ്. ഇതുവഴി കുട്ടികളെ ടെലിവിഷന്‍പ്രോഗ്രാമികളുടെയും മറ്റു മാധ്യമങ്ങളുടെയും ഉള്ളടക്കങ്ങളെ വിലയിരുത്തുവാനുള്ള കഴിവുള്ളവരായും അങ്ങനെ ഇത്തരം ദൃശ്യങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റാത്തവരായും വളര്‍ത്തിയെടുക്കാന്‍ കഴിയും.
ഡോ. ഷാഹുല്‍ അമീന്
മാനസികരോഗങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ക്കു പങ്കുണ്ടാവാറുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിര്‍ണയിക്കുന്നതില്‍ അയാളുടെ ജനിതകഘടനക്കും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യ സാഹചര്യങ്ങള്‍ക്കും ഏകദേശം തുല്യ പ്രാധാന്യമാണുള്ളത്. കുട്ടികളില്‍ മാനസികാസുഖങ്ങള്‍ക്ക് വഴിതെളിക്കാറുള്ളതെന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ള കുടുംബസാഹചര്യങ്ങള്‍ഏതൊക്കെയാണെന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
കണ്ടക്റ്റ് ഡിസോര്‍ഡര്‍
കുടുംബത്തിലെ പൊരുത്തക്കേടുകള്‍, കുട്ടികളെ വളര്‍ത്തിയെടുക്കുന്ന രീതിയിലെ പിഴവുകള്‍, മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ വഴക്കുകള്‍ എന്നിവ കണ്ടക്റ്റ് ഡിസോര്‍ഡറിനു കാരണമാവാറുണ്ട്. മാതാപിതാക്കളിലെ അമിതമദ്യപാനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, സൈക്കോട്ടിക് അസുഖങ്ങള്‍ തുടങ്ങിയ മാനസികരോഗങ്ങളും അമ്മമാരിലെ വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളും മക്കളില്‍ കണ്ടക്റ്റ് ഡിസോര്‍ഡറിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ വിവാഹമോചനവും, അമ്മമാര്‍ക്ക് അധികം പ്രായമില്ലാതിരിക്കുന്നതും, അഛനമ്മമാരില്‍ ആരുടെയെങ്കിലും അസാന്നിദ്ധ്യവും ചിലപ്പോള്‍ കുട്ടികളെ ഈ അസുഖത്തിലേക്കു നയിക്കാറുണ്ട്.
കുട്ടികളുടെ പെരുമാറ്റങ്ങളെ മാതാപിതാക്കള്‍ തീരെ ശ്രദ്ധിക്കാതിരിക്കുന്നതും അതീവകര്‍ക്കശമായി അച്ചടക്കം പാലിക്കുന്ന പ്രവണതയും ഒരു പോലെ അപകടകരമാണ്. മാതാപിതാക്കളും മക്കളും തമ്മില്‍ തുടര്‍ച്ചയായി വഴക്കുകളുണ്ടാവുന്നതും കണ്ടക്റ്റ് ഡിസോര്‍ഡറിനു കാരണമാവാറുണ്ട്. ഈ വഴക്കുകളില്‍ കുട്ടികള്‍ക്ക് പരിക്കുകളേല്‍ക്കുന്നതും, അവര്‍ ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങള്‍ക്കു വിധേയരാകുന്നതും ആണ് കണ്ടക്ട് ഡിസോര്‍ഡറിന്റെ സാദ്ധ്യത ഏറ്റവുമധികം വര്‍ദ്ധിപ്പിക്കുന്ന കുടുംബസാഹചര്യങ്ങള്‍.
ഡിപ്രഷന് (വിഷാദരോഗം)
വിഷാദരോഗമുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പലപ്പോഴും ഡിപ്രഷനോ മറ്റു വൈകാരികാസുഖങ്ങളോ കാണപ്പെടാറുണ്ട്. അവരുടെ മക്കളിലേക്ക് ഈ രോഗം പകരുന്നത് ജനിതകകാരണങ്ങളിലൂടെ മാത്രമല്ല. രോഗബാധിതരായ മാതാപിതാക്കളുടെ വികലമായ ചിന്താരീതികള്‍ കുട്ടികള്‍ അനുകരിക്കുന്നതും, കുട്ടികളുമായുള്ള ഇടപെടലുകളില്‍ ഈ അഛനമ്മമാര്‍ നിസംഗതയോ നിര്‍വികാരതയോ ആക്രമണോത്സുകതയോ പ്രകടിപ്പിക്കുന്നതും ആ കുട്ടികളില്‍ വിഷാദരോഗത്തിന്റെ വിത്തുകള്‍ പാകിയേക്കാം. അമ്മമാരുടെ വിഷാദരോഗത്തിന്റെ ദൈര്‍ഘ്യവും കാഠിന്യവും കൂടുന്നതിനനുസരിച്ച് കുട്ടികളില്‍ രോഗോന്മുഖമായ ചിന്താരീതികള്‍ വളര്‍ന്നുവരാനും അവര്‍ക്ക് വിഷാദരോഗം പിടിപെടാനും അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കാനുമുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നുണ്ട്. മാതാപിതാക്കളിലെ മദ്യപാനം പോലുള്ള മാനസികപ്രശ്നങ്ങള്‍, ക്രിമിനല്‍ മനസ്ഥിതി എന്നിവയും കുട്ടികള്‍ക്ക് വിഷാദരോഗത്തിനുള്ള സാദ്ധ്യത കൂട്ടുന്നുണ്ട്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ കുട്ടികളെ വിഷാദരോഗത്തിലേക്കു നയിക്കാറുണ്ട്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ കുട്ടികളെ വിഷാദരോഗത്തിലേക്കു നയിക്കാറുണ്ട്. മാതാപിതാക്കളും സഹോദരങ്ങളുമായി കുട്ടിക്കുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതും, ഈ ബന്ധങ്ങളില്‍ സ്നേഹവാത്സല്യങ്ങളുടെ അഭാവമുണ്ടാവുന്നതും, മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ മരണവും കുട്ടികളില്‍ വിഷാദരോഗത്തിനു കാരണമാവാറുണ്ട്.
ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന കുട്ടികള്‍ക്ക് വളരെ ചെറിയ പ്രായത്തിലേ വിഷാദരോഗമോ മറ്റ് മാനസികപ്രശ്നങ്ങളോ വരാനുള്ള സാദ്ധ്യത ഏറെയാണ്. ഇത്തരം കുട്ടികളില്‍ ചികിത്സ ഫലം ചെയ്യാതിരിക്കാനും അസുഖം വീണ്ടും വീണ്ടും വരാനുമുള്ള സാദ്ധ്യതകളും കൂടുതലാണ്.
കുടുംബവും സ്കൂളുമായുള്ള അടുത്ത ബന്ധം, പഠനത്തില്‍ മികവുകാണിക്കാനുള്ള ഉത്സാഹം, പെരുമാറ്റവൈകല്യങ്ങളില്ലാത്ത കുട്ടികളുമായുള്ള കൂട്ടുകെട്ട് എന്നിവ കുട്ടികളെ വിഷാദരോഗത്തില്‍ നിന്നും ആത്മഹത്യാപ്രവണതയില്‍ നിന്നും സംരക്ഷിക്കുന്ന ഘടകങ്ങളാണ്.
ആല്‍ക്കഹോളിസം
കുട്ടികളും കൌമാരപ്രായക്കാരും മാതാപിതാക്കളെയും സഹോദരങ്ങളെയും മാതൃകയാക്കുകയും ലഹരിപദാര്‍ത്ഥങ്ങളോടും മദ്യത്തോടുമുള്ള അവരുടെ സമീപനത്തെ സ്വാംശീകരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുന്നത് സഹോദരങ്ങള്‍ക്കാണെന്നും, അഛന്മാരുടെ മദ്യപാനത്തെക്കാള്‍ അമ്മമാരിലെ മദ്യപാനശീലമാണ് കുട്ടികള്‍ കൂടുതല്‍ അനുകരിക്കാറുള്ളതെന്നും സൂചനകളുണ്ട്. മാതാപിതാക്കളിലെ മദ്യപാനം കുട്ടികളിലേക്കു പടരാനിടയാക്കുന്ന ചില കാരണങ്ങള്‍ താഴെപ്പറയുന്നു:
നല്ല കെട്ടുറപ്പുള്ള കുടുംബാന്തരീക്ഷവും കുട്ടികള്‍ക്ക് തക്കസമയത്ത് വിവരങ്ങളും വിദഗ്ദ്ധസഹായവും ലഭ്യമാക്കുന്നതും അവരെ മദ്യപാനത്തിലേക്കു വഴുതാതെ പിടിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ്.
സൊമാറ്റോഫോം അസുഖങ്ങള്‍
ഈ അസുഖങ്ങളുടെ ആവിര്ഭാവത്തില് കുടുംബപരമായ കാരണങ്ങള്‍ ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ട്. സൊമാറ്റോഫോം അസുഖങ്ങളുള്ള കുട്ടികളുടെ കുടുംബങ്ങളില്‍ മാറാരോഗങ്ങളുള്ളവരും വിട്ടുമാറാത്ത ശാരീരികലക്ഷണങ്ങളുള്ളവരും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. പലപ്പോഴും ഇവരുടെ ലക്ഷണങ്ങളെ കുട്ടി അനുകരിച്ചു തുടങ്ങുകയാണു ചെയ്യുന്നത്.
മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതിരിക്കുക, നേട്ടങ്ങളെക്കുറിച്ച് അമിതപ്രതീക്ഷ പുലര്‍ത്തുക, ശാരീരികബുദ്ധിമുട്ടുകള്‍ക്ക് വേണ്ടതില്‍ക്കവിഞ്ഞ പ്രാധാന്യം നല്‍കുക തുടങ്ങിയ പ്രശ്നങ്ങളും, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, കഠിനമായ വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്‍ തുടങ്ങിയ മാനസികരോഗങ്ങളും ഇത്തരം കുടുംബങ്ങളില്‍ കൂടുതലായി കണ്ടുവരാറുണ്ട്. തങ്ങളുടെ ശാരീരികബുദ്ധിമുട്ടുകള്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാക്കുന്നതായി മനസ്സിലാക്കുന്ന കുട്ടികള്‍ ആ ലക്ഷണങ്ങളെ പെരുപ്പിച്ചുകാണിക്കാനും കൈവിട്ടുകളയാതിരിക്കാനും തുടങ്ങാറുണ്ട്.
ജെന്റർ ഐഡന്റിറ്റി ഡിസോർഡർ
മാതാപിതാക്കളിലെ ചില പെരുമാറ്റവൈകല്യങ്ങളാണ് പലപ്പോഴും ഈ അസുഖത്തിനു കാരണമാകുന്നത്. ഈ രോഗമുള്ള കുട്ടികളില്‍ 34 മുതല്‍ 85 വരെ ശതമാനത്തിന്റെ വീടുകളില്‍ അഛന്മാരുടെ അസാന്നിദ്ധ്യമുണ്ടെന്നും, അഥവാ സ്ഥലത്തുണ്ടെങ്കില്‍ത്തന്നെ അവര്‍ വളര്‍ന്നുവരുന്ന ആണ്‍കുട്ടികളോടൊത്ത് വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കാറുണ്ടായിരുന്നുള്ളൂ എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഈ കുടുംബങ്ങളിലെ അമ്മമാര്‍ പുരുഷന്മാരോട് ശത്രുതാമനോഭാവമുള്ളവരും തങ്ങളുടെ ഭര്ത്താക്കന്മാര് ആക്രമണോത്സുകരും ആത്മനിയന്ത്രണമില്ലാത്തവരുമാണെന്ന ധാരണ പുലര്‍ത്തുന്നവരുമാണെന്ന് സൂചനകളുണ്ട്. ഇവര്‍ ആണ്‍കുട്ടികളെ “ആണത്തം” വേണ്ട കളികളില്‍ നിന്നു വിലക്കാറുണ്ടായിരുന്നെന്നും, മക്കളോട് സ്വേഛാധിപത്യപരമായും കര്‍ക്കശമനോഭാവത്തോടെയും പെരുമാറുന്നവരാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ അമ്മമാരില്‍ പലരും ചെറുപ്പത്തില്‍ ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാകാം. അങ്ങിനെ പുരുഷന്മാരുടെ ആക്രമണോത്സുകതയെക്കുറിച്ചുള്ള ആശങ്കയും, തങ്ങള്‍ അനുഭവിക്കുന്ന കടുത്ത മാനസികസമ്മര്‍ദ്ദവും, തങ്ങളുടെ അഛന്‍മാരുമായി അവര്‍ക്കുള്ള അത്ര നല്ലതല്ലാത്ത ബന്ധങ്ങളുമെല്ലാം ഈ അമ്മമാരെ തങ്ങളുടെ ആണ്മക്കളെ പെണ്‍കുട്ടികളെപ്പോലെ വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാവാം. ഈ കുട്ടികള്‍ എതിര്‍ലിംഗത്തിന്റെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയ സമയത്ത് അവരുടെ മാതാപിതാക്കള്‍ അതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാറുണ്ടായിരുന്നില്ലെന്നും സൂചനകളുണ്ട്.
അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍
മാതാപിതാക്കളില്‍ ആരുടെയെങ്കിലും അസാന്നിദ്ധ്യം, നഗരപ്രദേശങ്ങളിലെ താമസം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, കുത്തഴിഞ്ഞ കുടുംബാന്തരീക്ഷം എന്നിവ എ.ഡി.എഛ്.ഡി.ക്കു കാരണമാവാമെന്ന് ഒണ്ടാറിയോ ഹെല്‍ത്ത് സ്റ്റഡി എന്ന പഠനം കണ്ടെത്തുകയുണ്ടായി.
ബൈപോളാർ ഡിസോർഡർ
ഈ അസുഖം ബാധിക്കുവരില്‍ ചെറുപ്പം തൊട്ടേ മുന്‍കോപം, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പ്രകടമാവാറുണ്ട്. ഇത്തരം പെരുമാറ്റവൈകല്യങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്ന തരം കുടുംബപശ്ചാത്തലമുള്ളവരിലും അമിതമായ വികാരപ്രകടനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരിലും ഈ സ്വഭാവവൈകല്യങ്ങള്‍ ബൈപോളാര്‍ ഡിസോര്‍ഡറിലേക്കു വളരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് അക്കിസ്കാലിനെപ്പോലുള്ള വിദഗ്ദ്ധര്‍ സമര്‍ത്ഥിക്കുന്നുണ്ട്. അതേ സമയം, കൂടുതല്‍ ശ്രദ്ധാവാത്സല്യങ്ങളൊരുക്കുന്നതും അധികം പ്രകോപനങ്ങള്‍ സൃഷ്ടിക്കാത്തതുമായ ഒരു കുടുംബാന്തരീക്ഷത്തിന് ബൈപോളാര്‍ ഡിസോര്‍ഡറിന്റെ ആവിര്‍ഭാവത്തെ തടയാനോ വൈകിക്കാനോ കഴിയുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.
ഈറ്റിങ്ങ് ഡിസോര്‍ഡേഴ്സ്
ഈറ്റിങ്ങ് ഡിസോര്‍ഡേഴ്സ് ഉള്ള അമ്മമാരുടെ കുട്ടികളിലേക്ക് ഈ രോഗങ്ങള്‍ വ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ അമ്മമാര്‍ ആഹാരസമയത്ത് വേണ്ട അടുക്കുംചിട്ടയും പാലിക്കാത്തവരോ അല്ലെങ്കില്‍ ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ പാലിക്കുന്നവരോ ആണെന്ന് സൂചനകളുണ്ട്. ആഹാരത്തെ കുടുംബപ്രശ്നങ്ങള്‍ക്കും വൈകാരികബുദ്ധിമുട്ടുകള്‍ക്കുമുള്ള ഒരു പരിഹാരമെന്ന രീതിയില്‍ ഉപയോഗിക്കുന്നതും, ഗൃഹാന്തരീക്ഷത്തില്‍ ആഹാരം, ശരീരഭാരം, ആരോഗ്യം, വ്യായാമം, ആഹാരനിയന്ത്രണം തുടങ്ങിയവക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നതും ഈ അസുഖങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കാറുണ്ട്.
മാതാപിതാക്കളിലാരെങ്കിലും കുട്ടിയുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുകയും, അങ്ങിനെ കുട്ടിയുടെ ആഗ്രഹങ്ങളെയും രക്ഷിതാവിന്റെ ആവശ്യങ്ങളെയും വേര്‍തിരിച്ചറിയാന്‍ പറ്റാതെ വരുന്നത്ര കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയും ചെയ്യുമ്പോള്‍ തന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ഒരു അറ്റകൈപ്രയോഗമെന്ന നിലക്ക് കുട്ടി ഈ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം.
ഉത്ക്കണ്ഠാരോഗങ്ങള്‍
കുട്ടിയെപ്പറ്റി മാതാപിതാക്കള്‍ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും, അവരുടെ നേട്ടങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുന്നതും, കുട്ടികള്‍ക്ക് അര്‍ഹിക്കുന്നതില്‍ക്കൂടുതല്‍ സ്വാതന്ത്ര്യങ്ങളനുവദിക്കുന്നതുമൊക്കെ അവരില്‍ ഉത്ക്കണ്ഠാരോഗങ്ങള്‍ ഉടലെടുക്കാനുള്ള സാദ്ധ്യത കൂട്ടാറുണ്ട്. ഭീതിയുളവാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണതയെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നത് ബാല്യസഹജമായ പേടികള്‍ കാലക്രമത്തില്‍ ഫോബിയ പോലുള്ള രോഗങ്ങളിലേക്കു വളരാന്‍ കാരണമാവാറുണ്ട്.
ഭീതിയുളവാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണതയെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നത് ബാല്യസഹജമായ പേടികള്‍ കാലക്രമത്തില്‍ ഫോബിയ പോലുള്ള രോഗങ്ങളിലേക്കു വളരാന്‍ കാരണമാവാറുണ്ട്.
പാരാഫീലിയകള്‍
ചെറുപ്പത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് കാലക്രമത്തില്‍ പാരാഫീലിയകളുടെ ആവിര്‍ഭാവത്തിനു വഴിവെക്കാറുണ്ട്.
സ്കിസോഫ്രീനിയ
സ്കിസോഫ്രീനിയാ രോഗികളുടെ മാതാപിതാക്കള്‍ മക്കളുമായുള്ള ആശയവിനിമയത്തില്‍ ചില പ്രത്യേക പിഴവുകള്‍ വരുത്താറുണ്ടെന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ ആശയവിനിമയരീതികള്‍ നേരിട്ട് അസുഖകാരണമാകുന്നുണ്ടോ എന്നത് അവ്യക്തമാണ്. സ്കിസോഫ്രീനിയയുള്ള കുട്ടികളോടോ മുതിര്‍ന്നവരോടോ അവരുടെ മാതാപിതാക്കള്‍ അമിതമായി കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതും അതിവൈകാരികമായ സമീപനങ്ങളോ ആക്രമണോത്സുകതയോ പ്രകടിപ്പിക്കുന്നതും അവരുടെ അസുഖം വഷളാവുന്നതിന് ഇടയാക്കാറുണ്ട്.
സ്കൂള്‍ റെഫ്യൂസല്‍
പാനിക്ക് ഡിസോര്‍ഡര്‍, അഗോറാഫോബിയ തുടങ്ങിയ ഉത്ക്കണ്ഠാരോഗങ്ങളുള്ളവരുടെ മക്കളില്‍ സ്കൂള്‍ റെഫ്യൂസല്‍ കൂടുതലായി കാണപ്പെടാറുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം സ്ഥലത്തുള്ള കുടുംബങ്ങളിലെ കുട്ടികളിലും ഈ അസുഖം കൂടുതലായി കണ്ടുവരാറുണ്ട്.
സെപ്പറേഷന്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍
പുതിയ സ്ഥലത്തേക്ക് താമസം മാറ്റുന്നതും, കുറേക്കാലം സ്കൂളില്‍ പോകാതിരിക്കുന്നതും, പുതിയതായി ഒരു സ്കൂളില്‍ ചേരുന്നതും, കുടുംബാംഗങ്ങള്‍ക്ക് രോഗം പിടിപെടുന്നതും, അടുപ്പമുള്ള ആരെങ്കിലും മരണപ്പെടുന്നതുമൊക്കെ ഈ അസുഖത്തിനു നിമിത്തമാകാറുണ്ട്.
നിദ്രാരോഗങ്ങള്‍ (സ്ലീപ്പ് ഡിസോര്‍ഡേഴ്സ്)
കുടുംബാംഗങ്ങളിലെ അപകടങ്ങള്‍, അസുഖങ്ങള്‍ എന്നിവയും, മാതാപിതാക്കളുടെ കൂടെ ഉറങ്ങുന്ന ശീലവും, അമ്മമാര്‍ പതിവില്ലാതെ പകല്‍സമയത്ത് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതുമൊക്കെ കുട്ടികളെ നിദ്രാരോഗങ്ങളിലേക്കു നയിക്കാറുണ്ട്. നിദ്രാരോഗങ്ങളുള്ള കുട്ടികളുടെ അമ്മമാര്‍ വിഷാദരോഗമുള്ളവരാകാനും കുട്ടികളുമായി വൈകാരികമായി അടുപ്പമില്ലാത്തരാവാനും സാദ്ധ്യത കൂടുതലാണ്.
സോഷ്യല്‍ ഫോബിയ
മാതാപിതാക്കളില്‍ നിന്നുള്ള അതിരുകവിഞ്ഞ കുറ്റപ്പെടുത്തലുകളും അമിതമായ നിയന്ത്രണവും ഈ അസുഖത്തിനു കാരണമാവാറുണ്ട്.
ഈ വിവരങ്ങളുടെ പ്രസക്തി
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുള്ള എല്ലാ വീടുകളിലെയും കുട്ടികള്‍ മാനസികരോഗികളാവാന്‍ വിധിക്കപ്പെട്ടവരാണെന്ന് ഈ ലേഖനം അര്‍ത്ഥമാക്കുന്നില്ല. അംഗങ്ങളിലാര്‍ക്കെങ്കിലും മാനസികരോഗമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ വരാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളത്. അങ്ങിനെയല്ലാത്ത കുടുംബങ്ങളിലും ഈ പ്രശ്നങ്ങള്‍ അതിരുവിടുന്നത് കുട്ടികളെയും മുതിര്‍ന്നവരെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കുന്നതും, കുടുംബപ്രശ്നങ്ങള്‍ കൂട്ടായ ചര്‍ച്ചകളിലൂടെയും കൌണ്സലിങ്ങിലൂടെയും പരിഹരിക്കുന്നതും, രോഗലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങുമ്പോഴേ വിദഗ്ദ്ധസഹായം തേടുന്നതുമൊക്കെ പ്രശ്നങ്ങള്‍ പരിധി വിടാതിരിക്കാന്‍ സഹായകരമാകാറുണ്ട്.
ഡോ. അരുണ്‍ ബി. നായര്‍
നിങ്ങളുടെ കുട്ടിയുടെ വികൃതികള്‍ അതിരു കടക്കുന്നുണ്ടോ? ശാസിച്ചിട്ടും ശിക്ഷിച്ചിട്ടും പ്രയോജനമില്ലേ? എ.ഡി.എച്ച്.ഡി. അഥവാ ഹൈപ്പര്‍കൈനറ്റിക് തകരാറാകാം വില്ലന്‍...
ഒന്‍പതു വയസ്സുകാരന് നിതിന്‍.. ക്ലാസ്സ് നടക്കുമ്പോള്‍ മറ്റു കുട്ടികളെ ശല്യപ്പെടുത്തുക, റ്റീച്ചര്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, കൂട്ടുകാരുമായി വഴക്കിടുക, പേനയും പുസ്തകങ്ങളും എവിടെയെങ്കിലും മറന്നുവയ്ക്കുക, ഇടവേളയില്‍ സ്കൂള്‍മതിലില്‍ ചാടിക്കയറി താഴേയ്ക്കു ചാടുക തുടങ്ങിയവയാണ് ആശാന്റെ ഇഷ്ടവിനോദങ്ങള്‍... വീട്ടിലാകട്ടെ, ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും ബഹളംവച്ച് ഓടിച്ചാടി നടക്കും. എന്തെങ്കിലും ആവശ്യപ്പെട്ടിട്ട് ഉടനടി കിട്ടിയില്ലെങ്കില്‍ അമിത ദേഷ്യവും.
സ്കൂളില്‍ നിന്നു ടീച്ചര്‍മാരുടെ പരാതി പതിവാണ്. മാതാപിതാക്കളാകട്ടെ, നിതിന്റെ വിക്രിയകള്‍ സഹിക്കാനാകാതെ നിരന്തരം അടികൊടുത്ത് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മാത്രമല്ല, സ്വഭാവം കൂടുതല്‍ വഷളായെന്നു മാത്രം.
ഹൈപ്പര്‍ കൈനറ്റിക് ഡിസോഡര്‍
നിതിന്റെ പിരുപിരുപ്പിനും വികൃതികള്‍ക്കും കാരണമെന്താണ് ? നിതിന്‍ ഇതൊന്നും മനഃപൂര്‍വ്വം ചെയ്യുന്നതല്ല. ഈ പ്രശ്നം ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍ (Hyperkinetic disorder) അഥവാ അറ്റന്ഷന് ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (Attention Deficit Hyperactivity Disorder-ADHD) എന്നാണ് അറിയപ്പെടുന്നത്.
ശ്രദ്ധ, ഏകാഗ്രത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങളെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിന്റെ മധ്യഭാഗത്തുള്ള മസ്തിഷ്കകാണ്ഡത്തിന്റെയും പാര്‍ശ്വഭാഗത്തുള്ള റ്റെമ്പോറല്‍ കാണ്ഡം (Temporal lobe), മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍ കാണ്ഡം (Frontal lobe) എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും കാലതാമസവുമാണു ഹൈപ്പര്‍കൈനറ്റിക് കുട്ടികളുടെ പ്രശ്നം.
മസ്തിഷ്കത്തിന്റെ സവിശേഷതരത്തിലുള്ള വളര്‍ച്ചയിലെ മാന്ദ്യവും പ്രവര്‍ത്തനതകരാറുമാണു ഈ രോഗത്തിന്റെ ശാരീരികാടിസ്ഥാനം.
മസ്തിഷ്കത്തിലെ അവശ്യരാസവസ്തുക്കളായ ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍, സിറോട്ടോണിന് എന്നിവയുടെ അസന്തുലിതാവസ്ഥയും രോഗകാരണമാണ്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, തീരെ ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേട്, അഛന്റെ മദ്യപാനശീലം, ചില ഹോര്‍മോണ്‍ തകരാറുകള്‍ എന്നിങ്ങനെ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഇല്ലാത്ത കുട്ടികളിലും ഈ രോഗം കണ്ടിട്ടുണ്ട്. മസ്തിഷ്കത്തിന്റെ സവിശേഷതരത്തിലുള്ള വളര്‍ച്ചയിലെ മാന്ദ്യവും പ്രവര്‍ത്തനതകരാറുമാണു ഈ രോഗത്തിന്റെ ശാരീരികാടിസ്ഥാനം.
സ്കൂള്‍വിദ്യാര്‍ഥികളില്‍ ഏകദേശം മൂന്നു ശതമാനത്തിനും ഈ രോഗമുണ്ടെന്നു ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണു കൂടുതല്‍..
ലക്ഷണങ്ങള്‍ മൂന്നു തരം
ഈ രോഗലക്ഷണങ്ങളെ അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തിരിക്കാം.
അമിത വികൃതി
ശ്രദ്ധക്കുറവ്
എടുത്തുചാട്ടം
ഇത്തരം കുട്ടികള്‍ പക്ഷേ, ടിവിക്കു മുന്നില്‍ കാര്ട്ടൂണുകള് കണ്ടും കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ കണ്ടും ദീര്‍ഘനേരം ഇരുന്നെന്നുവരാം. ഇത്തരം കാര്യങ്ങള്‍ക്കു നിരന്തര ശ്രദ്ധ ആവശ്യമില്ലാത്തതുകൊണ്ടാണിത്.
രോഗനിര്‍ണ്ണയം എങ്ങനെ?
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ആറുമാസം നീണ്ടുനിന്നാല്‍ എഡിഎച്ച്ഡി ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികളെ ഒരു മനോരോഗവിദഗ്ദ്ധനെയോ ശിശുരോഗവിദഗ്ദ്ധനെയോ കാണിച്ച് രോഗമുണ്ടോയെന്നു ഉറപ്പുവരുത്തണം. പലപ്പോഴും 6 വയസ്സിനുമുമ്പ് തന്നെ ഇത്തരം കുട്ടികള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. പലപ്പോഴും ഈ കുട്ടികളെ നിരന്തരം അടിച്ചും കഠിനമായി ശാസിച്ചും ക്ലാസ്സിനു പുറത്തു നിര്‍ത്തിയും നേരെയാക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കാറുണ്ട്. ഇതുകൊണ്ടൊന്നും കാര്യമായ പ്രയോജനമുണ്ടാവാറില്ല. മാത്രമല്ല കുട്ടികള്‍ക്കു മാനസികവിഷമവും നിഷേധാത്മക സ്വഭാവവും ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ക്രമേണ പഠനം മോശമാവുകയും കൌമാരപ്രായമെത്തുമ്പോള്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗം, ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നുപെടുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.
ഭാവിയില്‍ സംഭവിക്കുന്നത്
50 ശതമാനം പേരില്‍ പ്രായപൂര്‍ത്തിയായ ശേഷവും ഈ രോഗലക്ഷണങ്ങള്‍ നിലനില്ക്കാം.
പഠനത്തില്‍ പിന്നോട്ടു പോകുന്നതും മറ്റുള്ളവരുമായുള്ള ഇടപെടലില്‍ പോരായ്മകള്‍ സംഭവിക്കുന്നതുമാണ് ഹൈപ്പര്‍കൈനറ്റിക് രോഗത്തിന്റെ പരിണതഫലങ്ങള്‍ . 50 ശതമാനം പേരില്‍ പ്രായപൂര്‍ത്തിയായ ശേഷവും ഈ രോഗലക്ഷണങ്ങള്‍ നിലനില്ക്കാം. ഇതിനോടനുബന്ധിച്ച് മോഷണം, കളവുപറച്ചില്‍, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളുള്ളവര്‍ ഭാവിയില്‍ സാമൂഹ്യവിരുദ്ധരാകാനും സാദ്ധ്യതയുണ്ട്.
മാതാപിതാക്കള്‍ ചെയ്യേണ്ടത്
വേണം നല്ലൊരു ടൈംടേബിള്‍
ഹൈപ്പര്‍ കൈനറ്റിക്കായ കുട്ടിക്ക് ഒരു ദിവസം മുഴുവന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് ഒരു ടൈംടേബിള്‍ ചിട്ടപ്പെടുത്തുക. അതു കൃത്യമായി പാലിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക. കളിക്കാനും ഗൃഹപാഠം ചെയ്യാനുമൊക്കെ കൃത്യ സമയം നിശ്ച്ചയിക്കണം. ഓരോ കാര്യവും ചെയ്തു കഴിയുമ്പോൾ അതു ടൈംടേബിളിൽ രേഖപ്പെടുത്താനും കുട്ടിയെ ശീലിപ്പിക്കണം 'എന്തു ചെയ്യരുത്' എന്നു പറയുന്നതിനു പകരം എന്തു ചെയ്യണം എന്നു പറഞ്ഞു കൊടുക്കുക. ഓടരുത് എന്നു പറയുന്നതിനു പകരം നടക്കൂ എന്നു പറയണം.
വികൃതി കുറയ്ക്കും ചികിൽസ
എത്രയും നേരത്തേ ചികിൽസ തുടങ്ങുന്നത് രോഗം നിയന്ത്രിക്കാൻ സഹായകമാണ്. കുട്ടിയെ കൈകാര്യം ചെയ്യേണ്ട രീതികളേപ്പറ്റി മാതാപിതാക്കൾക്കു കൌൺസലിങ്ങ് നല്‍കുന്നത് ചികിൽസയുടെ ആദ്യപടിയാണ്. (Parent Management Training). പലപ്പോഴും രോഗം മൂർച്ചിക്കുന്നത് വരെ സൈക്യാട്രിസ്റ്റിനെ കാണാൻ മാതാപിതാക്കൾ തയ്യാറാവില്ല. മരുന്നുകളെക്കുറിച്ചുള്ള അബദ്ധധാരണകളും ചികിൽസ തേടാനുള്ള നാണക്കേടും കാര്യങ്ങൾ വഷളാക്കാറുണ്ട്.
പാർശ്വഫലങ്ങൾ കുറഞ്ഞ പലതരം ഫലപ്രദ ഔഷധങ്ങൾ ഈ രോഗത്തിന് ഇന്നുണ്ട്. മീതയിൽ ഫെനിഡേറ്റ് പോലെയുള്ള ഉത്തേജക ഔഷധങ്ങൾ (stimulants) അറ്റൊമൊക്സെറ്റിൻ, ക്ളോണിഡിൻ, ഗ്വാന്ഫാസിൻ തുടങ്ങിയ മരുന്നുകൾ ലഭ്യമാണ്. റിസ്പെരിഡോൺ പോലെയുള്ള ആന്റി-സൈക്കോട്ടിൿ ഔഷധങ്ങളും ലിഥിയം പോലെയുള്ള മൂഡ് സ്റ്റബിലൈസർ വിഭാഗത്തില്‍പെട്ട ഔഷധങ്ങളും ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം.
കുട്ടിയുടെ പ്രായവും ശാരീരികാരോഗ്യവും രോഗലക്ഷണങ്ങളുടെ സവിശേഷതയും മനസിലാക്കിയ ശേഷമാണ് ഇന്ന ഔഷധം വേണമെന്ന് തീരുമാനിക്കുന്നത്. ഔഷധങ്ങളോടൊപ്പം ടൈം ഔട്ട് പോലെയുള്ള സ്വഭാവ ചികിൽസാരീതികളും (behavioral therapy) ഉപയോഗിക്കാം. പ്രത്യേക വിദ്യാഭാസം, ഒക്കുപ്പേഷൻ തെറാപ്പി തുടങ്ങിയ രീതികളും ഉപയോഗിക്കാം. ശ്രദ്ധ കൂട്ടാൻ സഹായിക്കുന്ന പരിശീലനങ്ങളും റിലാക്സേഷന് വ്യായാമങ്ങളും പ്രയോജനം ചെയ്തേക്കാം.
കുട്ടികളുടെ രോഗലക്ഷണങ്ങൾ പലപ്പോഴും ആദ്യം ശ്രദ്ധിക്കുന്നത് അദ്ധ്യാപകരാണ്. ഹൈപ്പർ കൈനറ്റിൿ കുട്ടികളോട് ഇടപെടേണ്ട രീതികളെക്കുറിച്ച് ഇപ്പോൾ അദ്ധ്യാപകർക്ക് പരിശീലനം നല്‍കുന്നുണ്ട്. രോഗലക്ഷണങ്ങൾ ആരംഭിച്ച് അധികം വൈകാതെ ചികിൽസ ആരംഭിച്ചാൽ എഡിഎച്ച്ഡി ബാധിച്ച കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും പുരോഗതി നേടാവുന്നതേയുള്ളൂ.
ഡോ. അരുണ്‍ ബി. നായര്‍
ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം 10 മുതൽ 19 വയസുവരെയുള്ള കാലഘട്ടത്തെയാണ് കൌമാരം (Adolesence) എന്നു വിളിക്കുന്നത്. ഒരു വ്യക്തിയടെ ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത് അതിനാൽ ഈ പ്രായത്തിൽ സംഭവിക്കുന്ന അസ്വസ്ഥതകൾ ജീവിതത്തിൽ ദൂര വ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു.
കൌമാരപ്രായക്കാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ മാനസിക അസ്വസ്ഥതയാണ് 'ഉത്കണ്ഠാ രോഗങ്ങൾ' (Anxiety Disorders) എന്ന പേരിലറിയപ്പെടുന്ന ഒരു കൂട്ടം രോഗങ്ങൾ. സമൂഹത്തിലെ കൌമാരപ്രായക്കാരിൽ ഏകദേശം 15 ശതമാനം പേർക്ക് ഇത്തരം രോഗങ്ങളുണ്ട്. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന മിക്കവാറും എല്ലാ ഉത്കണ്ഠാരോഗങ്ങളുടെയും ആരംഭം കൌമാര പ്രായത്തിലാണെന്നതും ശ്രദ്ധേയമാണ്. ഫലപ്രദമായി ചികിൽസിക്കാത്തപക്ഷം ഇവ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.
സോഷ്യല്‍ ഫോബിയ
സമൂഹത്തിലെ 10 ശതമാനത്തോളം കൌമാരക്കാർക്ക് വിവാഹ ചടങ്ങുകൾ മറ്റു പൊതുചടങ്ങുകള്‍ എന്നിവയിലൊക്കെ പങ്കെടുക്കുമ്പോൾ കഠിനമായ ഉത്കണ്ഠ അനുഭവപ്പെടാറുണ്ട്. പൊതുവേദികളിൽ പ്രസങ്ങിക്കുക, അപരിചിതരുമായി പ്രത്യേകിച്ച് എതിർലിംഗത്തില്‍പ്പെട്ടവരുമായി സംസാരിക്കുക എന്നിവയൊക്കെ ഇവർക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇത്തരക്കാർ പൊതുചടങ്ങുകളിൽ നിന്നൊഴിഞ്ഞുനില്ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രമിക്കും. ഈ അവസ്ഥയെ സോഷ്യൽ ഫോബിയ (Social Phobia) എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർ തങ്ങളെ നിരന്തരം നിരീക്ഷിക്കുകയാണ് എന്ന ചിന്തയാണ് ഇക്കൂട്ടർക്ക്. ഉത്കണ്ടയുണ്ടാക്കുന്നത്. ഈ സാഹചര്യങ്ങളിൽ അമിതമായ നെഞ്ചിടിപ്പ്, വിറയൽ, നാക്കും, ചുണ്ടുകളും ഉണങ്ങുക അമിത വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഇവർക്കുണ്ടാകും. എതിർലിംഗത്തില്‍പ്പെട്ടവരോട് ഇടപെടേണ്ടിവരുമ്പോൾ മേല്‍പ്പറഞ്ഞ ലക്ഷണങ്ങൾ തീവ്രമാകാറുണ്ട്.
ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി പൊതു ചടങ്ങുകൾ ഒഴിവാക്കി കഴിവതും വീട്ടിൽത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവർക്ക് താല്പര്യം. സോഷ്യൽ ഫോബിയ ഉള്ള കുട്ടികളിൽ പൊതുവെ അപകർഷതാബോധം കൂടുതലായിരിക്കും. മാതാപിതാക്കൾ ഇവരെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു പരിഹസിക്കുന്നത് സ്ഥിതി വഷളാക്കും. ഏകദേശം 12 വയസ്സുപ്രായമുള്ളപ്പൊഴാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതെങ്കിലും വളരെ വൈകിമാത്രമെ ഇതൊരു പ്രശ്നമായി കുടുംബങ്ങൾക്ക് തോന്നുകയുള്ളൂ. ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറെക്കുറെ തുല്യമായ തോതിൽ ഇതു കണ്ടുവരുന്നുണ്ട്. ഭാവിയിൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിര്‍വഹിക്കാൻ കഴിയാതെ വരിക, മൽസരപരീക്ഷകളിലും മറ്റും പ്രകടനം മോശമാകുക, ഇന്റെര്‍വ്യുകളിൽ പങ്കെടുക്കാൻ മടി തോന്നുക എന്നിവയൊക്കെ ഇവർക്ക് വന്നു ഭവിക്കാൻ സാധ്യതയുണ്ട്.
സ്പെസിഫിക് ഫോബിയ
ചില കുട്ടികൾ, പരീക്ഷ അടുക്കുമ്പോൾ കഠിനമായ ഉത്കണ്ഠ അനുഭവിക്കാറുണ്ട്. മറ്റുള്ള സമയങ്ങളിൽ തികച്ചും ആഹ്ലാദത്തോടെ കഴിയുന്ന ഇവർക്ക് പരീക്ഷ അടുക്കുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. പഠിച്ചിരുന്ന കാര്യങ്ങൾ മറന്നു പോകുന്നതുമൂലം മാർക്കു കുറയുക, പരീക്ഷ എഴുതാതിരിക്കുക, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടാകാം. ഇങ്ങനെയൊരു പ്രത്യേകമായ സാഹചര്യത്തിൽ മാത്രം, അഥവാ, സവിശേഷമായ ഒരു സംഗതിയുമായി ബന്ധപ്പെട്ടുമാത്രം കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫിൿ ഫോബിയ (specific phobia)
സവിശേഷമായ ഒരു സംഗതിയുമായി ബന്ധപ്പെട്ടുമാത്രം കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫിൿ ഫോബിയ
ചിലർക്ക് ഇഴജന്തുക്കളെ കാണുക മൃങ്ങളുമായി ഇടപെടുക ഇരുട്ട്, അടച്ചിട്ട മുറി, ഉയരത്തിൽ നില്ക്കുക, ഇടിയും മിന്നലും തുടങ്ങിയ എതെങ്കിലും സാഹചര്യത്തിലായിരിക്കും ഉത്കണ്ഠ തീവ്രമാകുന്നത്. കൂടുതലായി ആണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഈ അവസ്ഥ കൌമാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ തുടങ്ങാറുണ്ട്. രക്തം കണ്ടാൽ തലകറങ്ങിവീഴുന്നവരും പാറ്റയെ കണ്ടാൽ ഭയപ്പെട്ടോടുന്നവരും നമ്മുടെ സമൂഹത്തിൽ കുറവല്ലല്ലോ.
ഒബ്സെസീവ് കമ്പൽസീവ് ഡിസോർഡർ
ഭക്ഷണം കഴിച്ചിട്ടു കൈകഴുകുമ്പോൾ കൈ വൃത്തിയായില്ലെന്നു തോന്നി ആവർത്തിച്ചു കഴുകിക്കൊണ്ടിരിക്കുക, വീടിന്റെ കതകിന്റെ കൊളുത്തിട്ടശേഷം വീണ്ടും സംശയിച്ച് കൊളുത്തു വീണിട്ടുണ്ടോയെന്നു പലവട്ടം പോയി പരിശോധിക്കുക തുടങ്ങിയ സ്വഭാവങ്ങളുള്ള ചില കൌമാര പ്രായക്കാരുണ്ട്. ഇങ്ങനെ ആവർത്തന സ്വഭാവമുള്ള പ്രവർത്തങ്ങൾ ചെയ്യുന്നവർക്ക് ഒബ്സെസീവ് കമ്പൽസീവ് ഡിസോർഡർ (Obsessive Compulsive Disorder) എന്ന രോഗമാകാൻ സാധ്യതയുണ്ട്.
മനസിലുള്ളിലേക്ക് ആവർത്തിച്ചു കടന്നുവരുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളും (obsessions), ഈ ചിന്തകളുണ്ടാക്കുന്ന ഉത്കണ്ഠയെ അതിജീവിക്കാൻ ആ വ്യക്തി ചെയ്യുന്ന ആവർത്തന - സ്വഭാവമുള്ള പ്രവൃത്തികളും (compulsions) ചേര്‍ന്നതാണ് ഈ രോഗം. സമൂഹത്തിൽ 2 ശതമാനത്തോളം പേർക്കുള്ള ഈ രോഗം, കൌമാരത്തിന്റെ അവസാനഘട്ടത്തിലാണ് ആരംഭിച്ചു കാണുന്നത്. അമിതമായ വൃത്തി, അടുക്കും ചിട്ടയും പാലിക്കുന്നതിൽ അമിത ശ്രദ്ധ, മനസിലേക്ക് കടന്നുവരുന്ന, അസ്വസ്ഥതയുണ്ടാക്കുന്ന, ലൈംഗിക സ്വഭാവമോ അക്രമ സ്വഭാവമോ ഉള്ള ദൃശ്യങ്ങൾ ഈ രോഗത്തിന്റെ ലക്ഷണമാകാം.
പാനിക് ഡിസോർഡർ
വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ശക്തമായ നെഞ്ചുവേദന, ശ്വാസം മുട്ടൽ, നെഞ്ചിടിപ്പ്, അമിതവിയർപ്പ്, കണ്ണുകളിൽ ഇരുട്ടുകയറുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായി, 'ഉടന്‍ തന്നെ മരിച്ചുപോകും' എന്ന രീതിയിലുള്ള ഭീതി അനുഭവപ്പെടുന്ന അവസ്ഥ ചിലർക്കുണ്ടാകാറുണ്ട്. ആവർത്തിച്ചുള്ള ശാരീരിക പരിശോധനകളിലും, ടെസ്റ്റുകളിലും ശാരീരികമായ ഒരു രോഗത്തിന്റേയും ലക്ഷണങ്ങൾ കാണാറില്ലെങ്കിലും മേല്പറഞ്ഞ ലക്ഷണങ്ങൾ ആവർത്തിച്ചുണ്ടായിക്കൊണ്ടിരിക്കും. ഈ അവസ്ഥയെ പാനിക് ഡിസോർഡർ (Panic Disorder) എന്നുവിളിക്കുന്നു. ശരാശരി 15 വയസുള്ളപ്പോൾ ഇതിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നതായി കണ്ടുവരുന്നു. സമൂഹത്തിൽ ഏകദേശം 3 ശതമാനം പേർക്ക് ഈ രോഗമുണ്ട്.
മനോജന്യ ശാരീരിക രോഗലക്ഷണങ്ങൾ
ആവർത്തിച്ചുള്ള ശാരീരിക വേദനകൾ, ഛർദ്ദി, ശ്വാസം മുട്ടൽ അകാരണമായ ക്ഷീണം എന്നിവയും ഉത്കണ്ഠയുടെ ലക്ഷണമാവാം. ശരീര പരിശോധനയും ടെസ്റ്റുകളും നടത്തിയിട്ടും രോഗമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഇത്തരക്കാരെ ഒരു മനോരോഗ വിദഗ്ധന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. മാനസിക സംഘർഷങ്ങളുണ്ടാകുന്ന സന്ദർഭങ്ങളുമായി ബന്ധപ്പെട്ട് വയറുവേദന, നടുവേദന, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ, കൌമാരക്കരിൽ കാണാറൂണ്ട്. ഇത്തരം രോഗവസ്ഥയെ 'സൊമറ്റൊഫോം ഡിസോർഡർ' (Somatoform Disorder) എന്ന പേരിലാണ് വിളിക്കുന്നത്.
ചികിൽസ
മസ്തിഷ്കത്തിലെ ചില രാസപദാർഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഉത്കണ്ഠാരോഗങ്ങൾക്ക് കാരണമാവുന്നത്.
മസ്തിഷ്കത്തിലെ ചില രാസപദാർഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഉത്കണ്ഠാരോഗങ്ങൾക്ക് കാരണമാവുന്നത്. ജനിതകകാരണങ്ങൾ, ജീവിത സാഹചര്യങ്ങൾ, ചെറുപ്പത്തിലുണ്ടാകുന്ന ദുരനുഭവങ്ങൾ തുടങ്ങിയ പലതും ഉത്കണ്ഠാരോഗങ്ങൾക്ക് കാരണമായേക്കാം. ഔഷധങ്ങളും മനശാസ്ത്രചികിൽസയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിൽസയാണ് എറ്റവും ഫലപ്രദമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സോഷ്യൽ ഫോബിയ, സ്പെസിഫിക് ഫോബിയ തുടങ്ങിയവ ആരംഭഘട്ടത്തിൽ മനശാസ്ത്ര ചികിൽസകൾ കൊണ്ടുതന്നെ തരണം ചെയ്യാൻ കഴിയും. എന്നാൽ ഉത്കണ്ഠാരോഗങ്ങൾ പഴക്കം ചെന്നതോ തീവ്രസ്വഭാവമോ ഉള്ളതോ ആണെങ്കിൽ മരുന്നുകളും വേണ്ടിവരാറുണ്ട്. എസ്.എസ്.ആർ.ഐ (S.S.R.I.) വിഭാഗത്തില്‍പ്പെട്ട മരുന്നുകൾ താരതമ്യേന പാർശ്വ ഫലങ്ങൾ കുറഞ്ഞവയും ഫലപ്രദവുമാണ്. ക്ളോമിപ്രമീൻ, വെൻലാഫാക്സീൻ, ഡുലോക്സറ്റിൻ തുടങ്ങിയ ഔഷധങ്ങളും ഫലപ്രദമാണ്. റിലാക്സേഷൻ വ്യായാമങ്ങൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപി (C.B.T.) തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കാറുള്ള മനശാസ്ത്ര ചികിൽസാ രീതികൾ. എക്സ്പോഷർ & റെസ്പോൺസ് പ്രിവെൻഷൻ (E.R.P.), സിസ്റ്റമാറ്റിക് ഡീ സെൻസിറ്റൈസേഷൻ, ബ്രയിൻ ലോക്ക്, അക്സെപ്റ്റൻസ് ആന്റ് കമിറ്റ്മെന്റ് തെറാപ്പി എന്നിവയും, ഉത്കണ്ഠാരോഗങ്ങൾക്ക് ഉപയോഗിക്കാറുള്ള മനശാസ്ത്ര രീതികളാണ്. രോഗാവസ്ഥ എറെ പഴകുന്നതിനു മുമ്പ് ചികിൽസിച്ചാൽ ഇവയെ വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ള 'ജീവിതനൈപുണ്ണ്യ പരിശീലനം' (Life Skill Training) ഉത്കണ്ഠാ സ്വഭാവമുള്ള കുട്ടികൾക്ക് എറെ ഗുണകരമാണ്.
കടപ്പാട് : manasikarogyam.com
അവസാനം പരിഷ്കരിച്ചത് : 2/16/2020
മദ്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരി...
ഉത്കണ്ഠാ രോഗം - കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍