অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉത്കണ്ഠാ രോഗം

ഉത്കണ്ഠാരോഗ ചികിത്സ

ഉത്കണ്ഠാരോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സാരീതികളുണ്ട്. ഇത്തരം രോഗങ്ങള്‍ വളരെ സാവധാനത്തിലേ ഭേദമാകൂ. അതുകൊണ്ടുതന്നെ രോഗിക്കും ചികിത്സകനും ക്ഷമ ആവശ്യമാണ്. മനഃശാസ്ത്രചികിത്സയും ഔഷധചികിത്സയും സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയാണ് അഭികാമ്യം. ഫോബിയ, ഒബ്‌സസ്സീവ് കം പല്‍ സീവ് ഡിസോര്‍ഡര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ബിഹേവിയര്‍ തെറാപ്പി എന്ന പെരുമാറ്റ ചികിത്സയും നല്‍കാറുണ്ട്. 

രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഏതുതരം ചികിത്സയാണ് നല്‍കേണ്ടത് എന്ന് ഒരു മനോരോഗ വിദഗ്ധന് നിശ്ചയിക്കാന്‍ പറ്റും. ഈ രോഗങ്ങള്‍ക്ക് പെട്ടെന്ന് ഫലം കിട്ടുന്ന മരുന്നുകള്‍ ഉണ്ടെങ്കിലും അവ മാത്രം കഴിച്ചാല്‍ താത്കാലിക ശമനം മാത്രമേ ഉണ്ടാവുകയുള്ളൂ. മാത്രമല്ല ഇവ ദീര്‍ഘകാലം കഴിച്ചാല്‍ അത്തരം മരുന്നിന് അടിമപ്പെടാനും സാധ്യതയുണ്ട്. ദീര്‍ഘകാലം കഴിക്കാവുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ നവീന ഔഷധങ്ങള്‍ ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ന് ലഭ്യമാണ്. 

മിക്കവാറും ഇത്തരം അസുഖങ്ങളില്‍ മനശാ:സ്ത്ര-ഔഷധ-പെരുമാറ്റ സമഗ്രചികിത്സകൊണ്ട് ആറുമാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ രോഗശമനം ഉണ്ടാകാറുണ്ട്. രോഗം തുടങ്ങുമ്പോള്‍തന്നെ ചികിത്സയും തുടങ്ങിയാല്‍ രോഗത്തിന്റെ സങ്കീര്‍ണാവസ്ഥയില്‍ നിന്നു രക്ഷപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ ജീവിതംതുടരാന്‍ സാധിക്കും. ചിലര്‍ക്ക് രോഗശമനം ഉണ്ടായാലും വീണ്ടും രോഗം വരാതിരിക്കുന്നതിന് തുടര്‍ചികിത്സ വേണ്ടിവന്നേക്കാം.

ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍

ഒരാളുടെ മനസ്സിലേക്ക് അയാളിഷ്ടപ്പെടാതെയും അയാള്‍ക്ക് സ്വയം തടയാന്‍ കഴിയാതെയും നുഴഞ്ഞുകയറുന്നതോ പേടിപ്പെടുത്തുന്നതോ വെറുപ്പുളവാക്കുന്നതോ ആയ ചിന്തകളെയാണ് ഒബ്‌സഷന്‍സ് എന്നു പറയുന്നത്. ശരീരത്തില്‍ ചെളി, പൊടി, രോഗാണുക്കള്‍ ഉണ്ടോ എന്ന അമിതമായ പേടി, പ്രിയപ്പെട്ട ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചുപോകുമോ എന്ന ഭയം എന്നിവ സാധാരണയായി കാണപ്പെടുന്ന ഒബ്‌സഷന്‍സ് ആണ്. ഇതിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് രോഗിക്ക് ബോധമുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് രോഗിക്ക് പറയാന്‍ കഴിയുകയില്ല. 

ഇത്തരത്തിലുള്ള ഒബ്‌സഷന്‍സ് ഉണ്ടാകുമ്പോള്‍ അതില്‍നിന്നുള്ള ഉത്കണ്ഠ ഒഴിവാക്കാനായി രോഗി ചെയ്യുന്ന പ്രവര്‍ത്തികളാണ് 'കംപല്‍ഷന്‍സ്' എന്നു പറയുന്നത്. ശരീരം വൃത്തിയായില്ലെന്നു തോന്നുന്ന ആള്‍ വീണ്ടും വീണ്ടും കുളിക്കുന്നത്, ഗ്യാസ് അടച്ചോ എന്നു സംശയമുള്ളയാള്‍ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തുന്നത് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അമിതമായ ശുചിത്വം, അമിത പരിശോധന, താന്‍ ആരെയെങ്കിലും ഉപദ്രവിച്ചുപോകുമോ എന്ന ഭയം, ആവര്‍ത്തിച്ചുള്ള എണ്ണല്‍, സാധനങ്ങള്‍ സംഭരിച്ചു വെക്കല്‍, കുറ്റബോധം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ലോക ജനസംഖ്യയില്‍ 2 മുതല്‍ 3 ശതമാനം വരെ ആളുകള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്തും കൗമാരദശയിലുമാണ് അസുഖത്തിന്റെ ആരംഭം. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ അപേക്ഷിച്ച് അസുഖം നേരത്തെ ആരംഭിക്കുന്നു. ക്ലോമിപ്രമിന്‍ (Clomipramin), എസ്.എസ്.ആര്‍.ഐ.എസ്. (SSRIS) എന്നീ ഔഷധങ്ങള്‍ കൂടാതെ ബിഹേവിയര്‍ തെറാപ്പിയും ഈ രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമാണ്. രോഗിയുടെ ചിന്തകള്‍, അനുഷ്ഠാന ക്രമങ്ങള്‍ അവയ്ക്ക് വേണ്ടിവരുന്ന സമയം, എത്ര പ്രാവശ്യം ചെയ്യേണ്ടിവരുന്നു എന്നിവ രോഗി കൃത്യമായി വിവരിച്ചെങ്കില്‍ മാത്രമേ ഡോക്ടര്‍ക്ക് സഹായിക്കാനാകൂ.

സംഭ്രാന്തിരോഗം

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പൊടുന്നനെ ഉണ്ടാകുന്ന തീവ്രമായ ഭയം, നെഞ്ചിടിപ്പ്, വിയര്‍ക്കല്‍, തൊണ്ടവരള്‍ച്ച, ശ്വാസതടസ്സം, ഇപ്പോള്‍ മരിച്ചുപോകുമോ അല്ലെങ്കില്‍ ഭ്രാന്തു പിടിച്ചുപോകുമോ എന്ന ആശങ്ക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. 5 മുതല്‍ 10 മിനുട്ടുവരെ ഈ അവസ്ഥ നിലനില്‍ക്കാം. തനിയെ മാറുകയും ചെയ്യുന്നു. പക്ഷേ വീണ്ടും ഈ അവസ്ഥ എപ്പോള്‍ വേണമെങ്കിലും വരാം. ചിലപ്പോള്‍ ഒരു ദിവസം പല പ്രാവശ്യം ഈ അവസ്ഥ അനുഭവപ്പെടാം. പലപ്പോഴും ഈ അവസ്ഥയില്‍ ഉണ്ടാകുന്ന കഠിനമായ ഭീതിമൂലം ഹൃദയാഘാതമാണോ എന്നു തെറ്റിദ്ധരിച്ച് രോഗി അടിയന്തര ചികിത്സയ്ക്കായി അത്യാഹിതവിഭാഗത്തില്‍ അഭയം തേടാറുണ്ട്. എന്നാല്‍ ശാരീരികപരിശോധനകളില്‍ ഒരു തകരാറും കണ്ടെത്താന്‍ കഴിയാറില്ല. 

അടിക്കടി ഈ അവസ്ഥ ഉണ്ടാകുമ്പോള്‍ രോഗിയില്‍ ഈ അവസ്ഥ വീണ്ടും എപ്പോഴാണ് ഉണ്ടാകുക എന്ന ഭീതിക്ക് കളമൊരുക്കുന്നു (Anticipatory anxiety). ചിലരാകട്ടെ പുറത്തുവെച്ചെങ്ങാനും ഇത്തരം അനുഭവം ഉണ്ടാകുമോ എന്ന് ഭയന്ന് ദൂരയാത്രകള്‍ ഒഴിവാക്കുന്നു. ഈ ആശങ്ക സംഭ്രാന്തിരോഗത്തിന്റെ കൂടെ അഗോറോ ഫോബിയ കൂടി ഉണ്ടാക്കാനുള്ള സാധ്യതയുണ്ടാക്കുന്നു.

സംഭ്രാന്തിരോഗം സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ ഏതുസമയത്തും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. സംഭ്രാന്തിരോഗംതന്നെയാണ് രോഗിക്ക് ഉള്ളത് എന്ന് തീരുമാനിക്കും മുന്‍പ് ഇതേ ലക്ഷണങ്ങള്‍ കാണിക്കുന്ന ശാരീരിക അസുഖങ്ങള്‍ രോഗിക്ക് ഇല്ല എന്ന് വിവിധ പരിശോധനകളിലൂടെ ഉറപ്പാക്കേണ്ടതാണ്. ഉദാഹരണത്തിന് ഹൃദ്രോഗം, ഹൈപ്പര്‍ തൈറോയിഡിസം, രക്തത്തില്‍ പഞ്ചസാര കുറയുക, കാപ്പി, ചായ, പുകയില മുതലായവയുടെ അമിത ഉപയോഗം, മദ്യപാനം, ആംഫിറ്റമിന്‍ മുതലായ മരുന്നുകളുടെ ഉപയോഗം എന്നിവ സംഭ്രാന്തി അവസ്ഥ ഉണ്ടാക്കും.

എന്തിനും ഏതിനും ഉത്കണ്ഠ

ഈ രോഗത്തിന്റെ പ്രധാന ലക്ഷണം നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും ഉണ്ടാകുന്ന വല്ലാത്ത ഉത്കണ്ഠയും എപ്പോഴും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയുമാണ്. മുന്‍പു പറഞ്ഞ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് പുറമെ തളര്‍ച്ച, പെട്ടെന്ന് ദേഷ്യം, വയറിളക്കം, ഉറക്കക്കുറവ്, വലിഞ്ഞുമുറുകിയ മാംസപേശികള്‍, തുറിച്ച കണ്ണുകള്‍, അസ്വസ്ഥതയോടെയുള്ള നടത്തം, ഇരിപ്പുറക്കായ്ക എന്നിവയും ഇവര്‍ക്കുണ്ടാകാം. 

നിസ്സാരകാര്യങ്ങള്‍ക്കുപോലും അമിതപ്രാധാന്യം കൊടുത്ത് ഇവര്‍ വേവലാതിപ്പെടും. നല്ലവണ്ണം പഠിച്ചാല്‍പോലും പരീക്ഷയ്ക്ക് ജയിക്കുമോ എന്ന പേടി, ഒരു യാത്ര പുറപ്പെട്ടാല്‍ ബസ്സ് കിട്ടുമോ എന്ന ആവലാതി എന്നിങ്ങനെ നൂറുകൂട്ടം ആശങ്കകള്‍ ഇവരെ മഥിച്ചുകൊണ്ടിരിക്കും. പലപ്പോഴും ഇത്തരം രോഗി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ഏതു പ്രായത്തിലും ഈ അസുഖം ആരംഭിക്കാം. ഉത്കണ്ഠയോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം പലപ്പോഴും മറ്റു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് ഇവര്‍ ആദ്യം കാണുക. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം അധികമായി രോഗിക്ക് നിത്യജീവിതം പോലും പ്രയാസമായിത്തീരും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate