ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് 'അമ്മയാകുക' എന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളില്‍ പല സ്ത്രീകള്‍ക്കും മാനസികസംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. ഭൂരിപക്ഷം പേരിലും ഈ പ്രശ്നങ്ങള്‍ കുറച്ചുദിവസങ്ങള്‍കൊണ്ട് മാറുമെങ്കിലും ചെറിയൊരു ശതമാനം പേരില്‍ ഇത് ചികിത്സ ആവശ്യമുള്ള മനോരോഗങ്ങളായി മാറാറുണ്ട്.
പോസ്റ്റ് നേറ്റല്‍ ബ്ലൂസ്
പ്രസവം കഴിഞ്ഞ് നാലഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ലഘുവായ മാനസികപ്രശ്നങ്ങളെയാണ് 'പോസ്റ്റ്നേറ്റല്‍ ബ്ലൂസ്' എന്നു വിശേഷിപ്പിക്കുന്നത്. ആദ്യപ്രസവം കഴിഞ്ഞ അമ്പതുശതമാനത്തിലേറെ സ്ത്രീകള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഉത്കണ്ഠ, മനഃപ്രയാസം, പെട്ടെന്ന് കരച്ചില് വരിക, അമിതദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രസവം കഴിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടുതുടങ്ങുന്ന ലക്ഷണങ്ങള്‍ മിക്കവാറും രണ്ടാഴ്ചകൊണ്ട് മാറാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ക്ക് പ്രത്യേകമായ ചികിത്സ ആവശ്യമില്ല. വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള സ്നേഹപൂര്‍ണമായ സമീപനവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാല്‍ ഈ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറാറുണ്ട്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അസ്വസ്ഥതകള്‍ നിലനില്ക്കുന്നുവെങ്കില് ഡോക്ടറെ സമീപിക്കണം.
പ്രസവത്തെത്തുടര്‍ന്ന് ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവില്‍ പൊടുന്നനെയുണ്ടാകുന്ന കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇസ്ട്രജന്‍, പ്രൊജസ്ട്രോണ്‍, പ്രൊലാക്ടിന്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം.
വിഷാദരോഗം
പത്തുശതമാനം സ്ത്രീകള്‍ക്ക് പ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗം ഉണ്ടാകാറുണ്ട്. പ്രസവം കഴിഞ്ഞ് നാലാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, ജോലികള്‍ ചെയ്യാനുള്ള താത്പര്യമില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. തന്റെ കുട്ടി സുഖമായി ഉറങ്ങുന്ന സമയത്തുപോലും ഈയവസ്ഥ ബാധിച്ച അമ്മമാര്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. കുട്ടിയെ താന്‍ ഉപദ്രവിക്കുമോ എന്ന ചിന്തയും ഇവരെ ഇടയ്ക്കിടെ അലട്ടും. ഒരു കാരണവുമില്ലാതെ ഉറക്കെ കരയുക, ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയും കണ്ടെന്നുവരാം. ചികിത്സിക്കാത്തപക്ഷം ഇവര്‍ ആത്മഹത്യ ചെയ്യാനും കുട്ടിയെ കൊന്നുകളായാനുമുള്ള സാധ്യതയുമുണ്ട്.
പാരമ്പര്യമായി വിഷാദരോഗസാധ്യത കൂടുതലുള്ളവരില്‍ പ്രസവാനന്തര വിഷാദം കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, ജീവിതപങ്കാളിയുമായുള്ള പൊരുത്തക്കേടുകള്‍, കുടുംബാംഗങ്ങളില്‍നിന്ന് പിന്തുണയില്ലാത്ത അവസ്ഥ, മനസ്സിന് ഏറെ വിഷമമുണ്ടാക്കുന്ന ഗൃഹാന്തരീക്ഷം, ഗര്‍ഭം ധരിക്കാന്‍ താത്പര്യമില്ലായ്മ എന്നിവയൊക്കെ ഈയസ്ഥയ്ക്ക് വഴിതെളിച്ചേക്കാം. ആദ്യപ്രസവത്തെത്തുടര്‍ന്ന് വിഷാദരോഗമുണ്ടായ സ്ത്രീകള്‍ക്ക് പിന്നീടുള്ള പ്രസവങ്ങളില്‍ ഇതാവര്‍ത്തിക്കാന്‍ അമ്പതു ശതമാനത്തോളം സാധ്യതയുണ്ട്. നേരത്തേ വിഷാദരോഗം വന്നിട്ടുള്ള സ്ത്രീകള്‍ക്കും പ്രസവാനന്തരവിഷാദം വരാന്‍ സാധ്യത കൂടുതലാണ്.
മനസ്സിലെ ചിന്തകളെ ക്രമീകരിക്കാന്‍ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, വിഷാദവിരുദ്ധ ഔഷധങ്ങള്‍, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ് എന്നിവയാണ് പ്രധാന ചികിത്സ. രോഗലക്ഷണങ്ങള്‍ തീവ്രമാകുകയും രോഗി ആത്മഹത്യാപ്രവണത പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ ഔഷധചികിത്സ ആവശ്യമാകും.
അപൂര്‍വമായി രോഗി ഭക്ഷണം കഴിക്കാതെയോ മരുന്നുകഴിക്കാതെയോ ഇരിക്കുന്ന സ്ഥിതി വന്നാല്‍ 'ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പി' അഥവാ 'ഷോക്ക് ചികിത്സ' വേണ്ടിവന്നേക്കാം. തൊണ്ണൂറ് ശതമാനം പേരിലും ഒരു മാസത്തിനുള്ളില്‍ രോഗം മാറുന്നതായാണ് കാണുന്നത്.
പ്രസവാനന്തര വിഷാദം ബാധിച്ചിട്ടുള്ള സ്ത്രീകള്‍ അടുത്ത തവണ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് ഒരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നത് ഈയവസ്ഥ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ചില സ്ത്രീകള്‍ക്ക് കടുത്ത മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഈയവസ്ഥയ്ക്ക് 'പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്' അഥവാ 'പ്രസവാനന്തര വിഭ്രാന്തി' എന്നാണ് പറയുന്നത്. സ്ഥായിയായ ഉറക്കക്കുറവ്, അമിതദേഷ്യം, അകാരണമായ ഭയം, അക്രമസ്വഭാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇക്കൂട്ടര്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ താത്പര്യം കാണിക്കാറില്ല. ചിലപ്പോള്‍ ഇവര്‍ക്കു ചുറ്റും ആരുമില്ലാത്ത സമയങ്ങളില്പ്പോലും ആരോ അവരോട് സംസാരിക്കുന്നതുപോലെയുള്ള 'അശരീരിശബ്ദങ്ങള്‍' കേള്‍ക്കാന്‍ കഴിയും.
ഇത്തരം അശരീരികള്‍ കുഞ്ഞിനെ കൊന്നുകളയാന്‍ പറയുന്നതുകേട്ട് കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മമാര്വരെയുണ്ട്. ആരോ തന്നെയും തന്റെ കുഞ്ഞിനെയും കൊല്ലാന്‍ വരുന്നുണ്ട് എന്ന മട്ടിലുള്ള മിഥ്യാവിശ്വാസങ്ങളും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. ഇവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. അമ്മയുടെ മാനസികനില സാധാരണമാകുന്നതുവരെ കുട്ടിയെ അമ്മയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാവും നല്ലത്. മോശമായ കുടുംബാന്തരീക്ഷവും ജീവിതപങ്കാളിയുടെ അസാന്നിധ്യവും ഈ പ്രശ്നത്തിന് കാരണമായേക്കാം.
മാനസികവിഭ്രാന്തി മാറ്റാന്‍ സഹായിക്കുന്ന ആന്റിസൈക്കോട്ടിക് ഔഷധങ്ങളും മനസ്സിന്റെ വൈകാരികാവസ്ഥ ക്രമപ്പെടുത്താന്‍ സഹായിക്കുന്ന മൂഡ് സ്റ്റെബിലൈസര്‍ ഔഷധങ്ങളും ഉപയോഗിച്ചാണ് ചികിത്സ നടത്തേണ്ടത്. ഔഷധചികിത്സയോടൊപ്പം കൃത്യമായ ഭക്ഷണവും വിശ്രമവും ലഭിക്കേണ്ടതും അനിവാര്യമാണ്.
ചെറിയ മാനസിക അസ്വാസ്ഥ്യം തുടങ്ങി ഗുരുതരമായ വിഷാദരോഗം വരെ ഉണ്ടാകാവുന്ന സമയമാണ് പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ രണ്ടോ മൂന്നോ മാസം. സാധാരണയായി കണ്ടുവരുന്ന ലഘുവായ ഒരു മാനസികാവസ്ഥയാണ് 'മെറ്റേണല്‍ ബ്ലൂസ്'. പ്രസവം കഴിഞ്ഞ് മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്നു. പത്തു ദിവസത്തിനകം മാറുകയും ചെയ്യും. ലഘുവായ മാനസികപ്രശ്നമാണിത്. വലിയ ചികിത്സയുടെ ആവശ്യം വേണ്ടിവരാറില്ല. ദേഷ്യം, സങ്കടം, ഉറക്കക്കുറവ്, ഉന്മേഷമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.
എന്നാല്‍, പത്തു ദിവസത്തിനുശേഷവും മാറാത്ത രോഗലക്ഷണങ്ങള്‍ കാര്യമായി എടുക്കേണ്ടതാണ്. കാരണം, വിഷാദരോഗം (Postpartum depression) പല സ്ത്രീകള്‍ക്കും പ്രസവാനന്തരം പ്രകടമാവുന്നു. മുന്‍പ് ചെറിയ തോതിലെങ്കിലും വിഷാദരോഗമുണ്ടായിട്ടുള്ളവര്ക്ക് പ്രസവശേഷം രോഗം വീണ്ടും വരാനും മൂര്‍ച്ഛിക്കാനുമുള്ള സാധ്യത വളറെ കൂടുതലാണ്. മിക്കവാറും പ്രസവശേഷം ആറാഴ്ചയ്ക്കുള്ളിലാവും രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക. കുഞ്ഞിനെക്കുറിച്ചുള്ള അധിക ഉത്കണ്ഠ, താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലര്‍ കുഞ്ഞിനെ ശ്രദ്ധിക്കാറില്ല, മുലയൂട്ടാറില്ല. ഗുരുതരമായ വിഷാദരോഗം ബാധിച്ചവരില്‍, അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടത്തിലാവാം.
ഇതിലും ഗുരുതരമായ മറ്റൊരവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് (Postpartum Psychosis). മിക്കവാറും ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടിവരുന്ന അപകടകരമായ മാനസികരോഗമാണിത്. പാരമ്പര്യമായി മാനസികരോഗമുള്ള കുടുംബത്തില്‍ ജനിച്ചവര്‍, നേരത്തെ മാനസികരോഗമുള്ളവര്‍, കടുത്ത മാനസിക പരിമുറുക്കത്തിന് അടിമപ്പെട്ടവര്‍ എന്നിവരിലാണ് ഇത്തരം രോഗലക്ഷണങ്ങള്‍ ഉണ്ടാവുന്നത്.
കാരണങ്ങള്‍
മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക കുടുംബ സാഹചര്യങ്ങള്‍ കൂടിയ മാനസിക സമ്മര്‍ദത്തിന് വഴിയൊരുക്കുന്നു. കൂട്ടുകുടുംബങ്ങളില്‍ നിലനിന്നിരുന്ന സുരക്ഷിതത്വബോധം അണുകുടുംബങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
അതുകൊണ്ടുതന്നെ ആനന്ദകരമാവേണ്ട ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തര കാലം എന്നിവ ആശങ്കയുടെ കാലമായി മാറുന്നു. ചെറിയ ആശങ്കകള്‍പോലും രോഗമായി മാറുന്നു. അവഗണനയും പീഡനവും നിറഞ്ഞ ഗൃഹാന്തരീക്ഷം ഗര്‍ഭിണിക്ക് ഒരിക്കലും യോജിച്ചതല്ല.
ഭര്‍ത്താവ് അടുത്തില്ലാതെ കഴിയേണ്ടിവരുന്നത് പ്രസവിച്ച സ്ത്രീക്ക് കടുത്ത മാനസികവേദന സമ്മാനിക്കുന്നുണ്ട്. ഗര്‍ഭകാലത്തും പ്രസവസമയത്തും ഭര്‍ത്താവിന്റെ സാമീപ്യം സ്ത്രീ ആഗ്രഹിക്കുന്നു. നവജാതശിശുവിനെ ഭര്‍ത്താവിനെ കാണിച്ച് സന്തോഷം പങ്കിടാനാഗ്രഹിക്കുന്ന സ്ത്രീക്ക് അതിനാവാതെ വരുമ്പോള്‍ അടക്കിവെക്കുന്ന വേദന മാനസികപ്രശ്നമായി മാറുന്നു.
ഗര്‍ഭകാലത്ത് മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവരും മാസം തികയാതെ പ്രസവിക്കുന്നവരും ശിശുവിന് ആരോഗ്യപ്രശ്നമുള്ളവരും മാനസികരോഗത്തിന് അടിമപ്പെടാം. ശരിയായി മുലയൂട്ടാനറിയാത്ത അമ്മമാരും കടുത്ത മാനസികസമ്മര്‍ദത്തിന് അടിപ്പെടാം. ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇതിന് ആക്കംകൂട്ടുന്നു. ഇക്കാലത്ത് മാത്രമുണ്ടാകുന്ന ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിശ്ശേഷം ഇല്ലാതാവുന്നതും ഒരു കാരണമായി കണക്കാക്കപ്പെടുന്നു. ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണവും മാനസികസമ്മര്‍ദം ഉണ്ടാക്കും.
പ്രതിവിധി
കുടുംബത്തിന്റെ സംരക്ഷണവും കരുതലുമുള്ള അമ്മമാരില്‍ മാനസികപ്രശ്നങ്ങള്‍ കുറവാണ്. പ്രസവത്തെക്കുറിച്ച് അമിത ഉത്കണ്ഠ ഉണ്ടാക്കാവുന്ന കഥകളും വിവരണങ്ങളും പറയാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം. രോഗശമനം ഉണ്ടായശേഷം അടുത്ത ഗര്‍ഭധാരണം ഡോക്ടറുടെ വിദഗ്ധാഭിപ്രായം അറിഞ്ഞ ശേഷം മതി.
ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും കിട്ടിയിരുന്ന കരുതലും ശുശ്രൂഷയും പ്രസവശേഷം കുഞ്ഞിലേക്കു മാത്രം തിരിയുന്നു. യഥാര്‍ത്ഥത്തില്‍ ഗര്‍ഭ, പ്രസവ പൂര്വകാലഘട്ടത്തിലെന്നപോലെ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രസവശേഷം അമ്മയ്ക്കു വേണ്ട പരിചരണം ഏറ്റവും അത്യാവശ്യമാണ്.
ആദ്യ ദിവസങ്ങളില്‍
പ്രസവത്തിനു ശേഷമുള്ള ആദ്യത്തെ 24 മണിക്കൂര്‍ വളരെ പ്രധാനമാണ്. ഗര്‍ഭപാത്രം ചുരുങ്ങി അമിത രക്തപ്രവാഹം തടയപ്പെടുന്ന സമയമാണ്. മാത്രമല്ല അപകടകരമായ പല പ്രശ്നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ള സമയവുമാണ് ആദ്യത്തെ ഒന്നുരണ്ടു ദിവസം. ഒപ്പം മുലയൂട്ടാനുള്ള പ്രധാന സമയവുമാണ്.
പ്രസവിച്ച ഉടനെതന്നെ മുലയൂട്ടല്‍ തുടങ്ങണം. ആദ്യ പ്രസവമാവുമ്പോള് പലപ്പോഴും മുലയൂട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. ആദ്യ ദിവസങ്ങളില്‍ പാല് അധികം ഉണ്ടായി എന്നു വരില്ല. കുഞ്ഞു വലിച്ചു കുടിച്ചാല്‍ മാത്രമേ കൂടുതല്‍ പാല് ഉണ്ടായിവരികയുള്ളു. കുഞ്ഞിനെ ഇടക്കിടയ്ക്ക് കുടിപ്പിക്കുന്നത് വളരെ പ്രധാനമാണ്.
മുലയൂട്ടുമ്പോഴുള്ള വസ്ത്രധാരണം വളരെ പ്രധാനമാണ്. ഇന്ന് സര്‍വസാധാരണമായ 'നൈറ്റി' അമ്മയ്ക്കു സൗകര്യപ്രദമാവാം. പക്ഷേ, അതില്‍ക്കൂടിയുള്ള മുലയൂട്ടല്‍ കുഞ്ഞിന് വളരെ അസൗകര്യമാണ്. കാരണം ചെറിയ ഭാഗം മാത്രം തുറന്ന ഈ വസ്ത്രത്തിലൂടെ മുലക്കണ്ണു മാത്രം കുഞ്ഞിന്റെ വായിലേക്കു തിരുകികയറ്റിയുള്ള ഇന്നത്തെ മുലയൂട്ടല്‍ രീതി ഒട്ടും ശരിയല്ല. കുഞ്ഞിന് ശരിക്കും വലിച്ചു കുടിക്കാന്‍ പറ്റാതെയാവുമ്പോള്‍ വീണ്ടും പാലുണ്ടാവുന്നത് തടസ്സപ്പെടുന്നു. മാത്രമല്ല, അമ്മയുടെ മാറോടു ചേര്‍ത്തു പിടിച്ച് കുഞ്ഞിന് അമ്മയുടെ ശരീരസ്പര്ശനവും ചൂടും വളരെ പ്രധാനമാണ്. മുലയൂട്ടലിന്റെ മറ്റൊരു തലമായ അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം ഈ ശരീരസ്പര്ശനത്തിലൂടെയാണ് ലഭിക്കുന്നത്. കുഞ്ഞിന് സുരക്ഷിതത്വബോധമുണ്ടാവാനും ഇത് അതിപ്രധാനമാണ്. ഈയൊരു യീിറശിഴ ആണ് പുതിയതരം നൈറ്റിയിലൂടെ നാം കുഞ്ഞിനു നിഷേധിക്കുന്നത്.
ആഹാരക്രമം
പ്രസവത്തിനു ശേഷമുള്ള ആഹാരം വളരെ പ്രധാനമാണ്. ഗര്‍ഭകാലത്തു കഴിയുന്നതുപോലെയുള്ള പോഷകസമൃദ്ധമായ ആഹാരമാണ് ഈ സമയത്തും നല്‍കേണ്ടത്. ആഹാരം ഒരുതരത്തിലും നിയന്ത്രിക്കയുമരുത്. ചോറ്, പയര്‍വര്‍ഗങ്ങള്‍, മീന്‍, ഇറച്ചി മുതലായവ ഉള്‍പ്പെടുത്തണം. മുട്ട കഴിക്കുന്നതും നല്ലതാണ്. നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമായ പച്ചക്കറികളും പ്രത്യേകിച്ച് ചീര, മുരിങ്ങ തുടങ്ങിയ നാടന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം ഉപയോഗിക്കണം. മൂന്നു നേരമായി ആഹാരം കഴിക്കുന്നതിനേക്കാള്‍ ചെറിയ അളവിലുള്ള ഇടവിട്ടുള്ള ആഹാരരീതിയാണ്; വേണ്ട ആഹാരം 5 പ്രാവശ്യമായി നല്‍കുന്നതാണ്, നല്ലത്.
വെള്ളം ധാരാളം കുടിക്കണം
പ്രസവശേഷമുള്ള കാലയളവില്‍ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട ധാരാളം അബദ്ധധാരണകളുണ്ട്. പ്രസവശേഷം വെള്ളം കഴിച്ചാല്‍ വയറ് ചാടുമെന്നും കുടല് വീര്ക്കുമെന്നുള്ള തെറ്റിദ്ധാരണകള്‍ക്ക് അടിസ്ഥാനമില്ല. ധാരാളം വെള്ളം കുടിക്കുന്നത് മൂത്രം ശരിയായി പോകുന്നതിന് സഹായിക്കുന്നു, മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
വിശ്രമം, വ്യായാമം
പ്രസവത്തിന്റെ ബുദ്ധിമുട്ടില്‍ നിന്ന് ശരിയായ ആരോഗ്യം വീണ്ടെടുക്കാന്‍ വിശ്രമം വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ആദ്യത്തെ ഒരു മാസമെങ്കിലും വിശ്രമിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.
വയറിനും യോനിക്കു ചുറ്റുമുള്ള പേശികളുടെ ശരിയായ ബലത്തിന് വ്യായാമം ആവശ്യമാണ്. വയറിലെ പേശികള്‍ ദൃഢമാകുന്നതിനുള്ള ലഘുവായ എക്സര്‍സൈസ്. ഉദാ: ശ്വാസം ഉള്ളിലേക്കു വലിച്ച് വയറിലെ പേശി ബലവത്താക്കുന്ന രീതി പ്രസവം കഴിഞ്ഞ് എന്നു വേണമെങ്കിലും തുടങ്ങാം. ഒരാഴ്ച കഴിഞ്ഞുടനേ തുടങ്ങുന്നതാണ് നല്ലത്.
അമ്മയാകുക, സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമാണിത്. കുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന നിഷ്കളങ്കമായ മുഖം കാണുമ്പോള്‍ അതുവരെ അനുഭവിച്ച കഷ്ടപ്പാടും വേദനയുമൊക്കെ അമ്മ മറക്കും. ഇനി അറിയേണ്ടത് പ്രസവം കഴിഞ്ഞുള്ള ദിനങ്ങളില്‍ അമ്മയ്ക്ക് ആവശ്യമായ പരിചരണത്തെപ്പറ്റിയാണ്.
എപ്പോള്‍ ആസ്പത്രി വിടാം?
സാധാരണ പ്രസവം കഴിഞ്ഞ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തികച്ചും നോര്മലാണെങ്കില് 48 മണിക്കൂറിനുശേഷവും സിസേറിയനാണെങ്കില്‍ 4-5 ദിവസങ്ങള്‍ക്കു ശേഷവും ഡിസ്ചാര്‍ജ് ചെയ്യാം.
അമ്മയുടെ രക്ത ഗ്രൂപ്പ് നെഗറ്റീവും കുഞ്ഞിന്റേത് പോസിറ്റീവുമാണെങ്കില്‍ പ്രസവം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ അമ്മയ്ക്ക് ആന്റി ഡി കുത്തിവെപ്പ് നല്‍കണം. ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യമുണ്ടാക്കുന്ന റുബെല്ലാ ബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പും ഈയവസരത്തില്‍ അമ്മയ്ക്ക് നല്‍കണം. പിന്നീടുണ്ടാകുന്ന കുട്ടികള്‍ക്ക് രോഗബാധ വരാതിരിക്കാനുള്ള മുന്‍കരുതലാണിത്.
നവജാത ശിശുവിന് 'ഹെപ്പറ്റൈറ്റിസ് ബി വാക്സിന്' (ഒലുമശേശേ െആ ഢമരരശില), ബി.സി.ജി, ഓറല്‍ പോളിയോ വാക്സിന് എന്നിവയുടെ ആദ്യത്തെ ഡോസും ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പേ കൊടുക്കാം.
ആസ്പത്രി വിട്ടശേഷം ശ്രദ്ധിക്കേണ്ട എന്തെങ്കിലുമുണ്ടോ?
എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.
അമിത രക്തസ്രാവം - ഗര്‍ഭാശയത്തിലെ അണുബാധ മൂലമോ പറ്റിപ്പിടിച്ചിരിക്കുന്ന മറുപിള്ളയുടെ അംശം മൂലമോ ആകാം.
പനി, വിറയല്‍, വയറുവേദന ദുര്‍ഗന്ധത്തോടെയുള്ള പഴുപ്പ് പോകല്‍ - ഗര്‍ഭാശയത്തിലെ അണുബാധയുടെ ലക്ഷണം ആകാം.
പനി, വയറുവേദന, മൂത്രം തരിപ്പ്, കൂടെക്കൂടെ മൂത്രം പോക്ക് - മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണം, തലവേദന, കാഴ്ച മങ്ങല്‍ (പ്രസവിച്ച് 72 മണിക്കൂറിനകം) - അമിത രക്തസമ്മര്‍ദം മൂലമാകാം.
കാല്‍വണ്ണയില്‍ വേദനയും നീരും (പ്രത്യേകിച്ചും ഒരു കാലില്‍ മാത്രം) - കാലിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന അവസ്ഥ മൂലമാകാം.
പെട്ടെന്നുള്ള ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ നെഞ്ചുവേദന - ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലിന്റെ ബ്ലോക്ക് ആവാം.
മേല്‍പ്പറഞ്ഞ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ ആസ്പത്രിയില്‍ എത്തി വിദഗ്ധ ചികിത്സ എടുക്കേണ്ടതാണ്.
ഏതൊക്കെ അവസരങ്ങളിലാണ് കൂടുതല്‍ ദിനങ്ങള്‍ ആസ്പത്രിയില്‍ കിടക്കേണ്ടത്?
പ്രസവം കഴിഞ്ഞ് അമ്മയ്ക്ക് അമിത രക്തസ്രാവം, പനി, മുറിവില്‍ പഴുപ്പ്, ബ്ലഡ് പ്രഷര്‍, ഹൃദ്രോഗം, വിളര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകള്‍ ഉള്ളപ്പോഴും കുഞ്ഞിനെ മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍, രോഗാണുബാധ തുടങ്ങിയ അവസരങ്ങളിലും കൂടുതല്‍ ചികിത്സയ്ക്കായി ഹോസ്പിറ്റലില്‍ തങ്ങേണ്ടിവരും. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ വീട്ടില്‍ പോകാവൂ.
വീട്ടില്‍ വന്ന ശേഷം വീണ്ടും പരിശോധിക്കേണ്ടതുണ്ടോ?
തീര്‍ച്ചയായും ആറാഴ്ച കഴിഞ്ഞ് പരിശോധന അത്യാവശ്യമാണ്. ഈ സമയം കൊണ്ട് അമ്മയുടെ ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയില്‍ ആയോ, അണുബാധ വല്ലതും ഉണ്ടോ, കുഞ്ഞിന് ആവശ്യത്തിന് പാല് കിട്ടുന്നുണ്ടോ എന്നൊക്കെ ഡോക്ടര്‍ പരിശോധിച്ചുറപ്പാക്കും.
ഗര്‍ഭാവസ്ഥയില്‍ പ്രമേഹം, പ്രഷര്‍, വിളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവരുടെ ബ്ലഡ് ഷുഗര്‍, പ്രഷര്‍, ഹീമോഗ്ലോബിന്‍ തുടങ്ങിയവ ഇപ്പോള്‍ നോര്‍മലാണോ എന്ന് പരിശോധിക്കണം. സാധാരണ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളില്‍ രക്തസമ്മര്‍ദം നോര്‍മലാകും. രക്തസമ്മര്‍ദം കൂടുതലുണ്ടെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.
ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടായിരുന്ന 50% പേര്‍ക്കും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ഇവര്‍ക്കുള്ള കൗണ്‍സലിങ് ഡോക്ടര്‍ നല്‍കും.
കുഞ്ഞിനെ മുലയൂട്ടേണ്ടതെപ്പോള്‍?
പ്രസവം കഴിഞ്ഞ് കഴിയുന്നതും നേരത്തെ മുലയൂട്ടല്‍ തുടങ്ങണം. സാധാരണ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിലും സിസേറിയനുശേഷം മയക്കം വിട്ടു കഴിഞ്ഞും പാല് കൊടുത്തു തുടങ്ങാം. ആദ്യത്തെ രണ്ടുദിവസം കൊഴുത്ത മഞ്ഞ നിറത്തിലുള്ള പാലാണ് ഉണ്ടാകുന്നത്. ഇതിന് കൊളോസ്ട്രം എന്നു പറയും. ഇതില്‍ കുഞ്ഞിന് പ്രതിരോധശക്തി ഉണ്ടാക്കുന്ന ഘടകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?
വ്യക്തിശുചിത്വവും ഒപ്പം സ്തനങ്ങളുടെ ശുചിത്വവും പാലിക്കുക. രണ്ടു സ്തനങ്ങളില്‍ നിന്നും മാറിമാറി പാലു കൊടുക്കണം. കുഞ്ഞിന്റെ ആവശ്യമനുസരിച്ച് പാല് കൊടുക്കുന്നതാണ് നല്ലത്. ചില കുഞ്ഞുങ്ങള്‍ എപ്പോഴും ഉറങ്ങും. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ഉണര്‍ത്തി പാല് കുടിപ്പിക്കണം. മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയാണെങ്കില്‍ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ മുലഞെട്ട് വിണ്ടുകീറിയേക്കാം. ഇതിനുള്ള ലേപനങ്ങള്‍ മുലയൂട്ടലിനുശേഷം പുരട്ടാം. ഓരോ തവണയും പാല് കൊടുത്തുകഴിഞ്ഞ് കുഞ്ഞിനെ തോളത്ത് കമിഴ്ത്തിക്കിടത്തി പതുക്കെത്തട്ടി ഉള്ളിലുള്ള വായു കളയണം. മടിയില്‍ കമിഴ്ത്തിക്കിടത്തിയും ഇങ്ങനെ തട്ടിക്കൊടുക്കാം.
സ്തനങ്ങളില്‍ വേദനയുണ്ടാകുന്നത് എന്തുകൊണ്ടാണ്?
മൂന്നാം ദിവസം മുതല്‍ പാല് നല്ലതുപോലെ വന്നു തുടങ്ങും. കുഞ്ഞിനെ നന്നായി മുലയൂട്ടിയില്ലെങ്കില്‍ പാല് കെട്ടിനിന്ന് നീരും വേദനയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നവരിലും വിണ്ടുകീറിയിരിക്കുന്നവരിലും ഇങ്ങനെ സംഭവിക്കാം. എപ്പോഴും ബ്രസ്റ്റ് സപ്പോട്ടിങ്ങ് ബ്രാ ഉപയോഗിക്കുക. കുഞ്ഞ് കുടിച്ചുകഴിഞ്ഞ് അധികമുള്ള പാല് പിഴിഞ്ഞുകളയുക. ചിലപ്പോള്‍ സ്തനങ്ങളില്‍ പാല് കെട്ടി നില്‍ക്കുന്നതിനോടൊപ്പം നീരും വേദനയും പനിയും വിറയും അനുഭവപ്പെടാം. ഇത് അണുബാധ മൂലമാണ്. ഇതിന് വിദഗ്ധ ചികിത്സ ആവശ്യമാണ്.
മുലയൂട്ടുമ്പോള്‍ ആഹാര രീതി എങ്ങനെയാണ്?
മുലയൂട്ടുമ്പോള്‍ അധിക പോഷണം ആവശ്യമാണ്. ആഹാരത്തില്‍ കൂടുതല്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ഉള്‍പ്പെടുത്തി യാല്‍ ഈ സമയത്തെ മലബന്ധവും മാറിക്കിട്ടും. അതുപോലെത്തന്നെ ധാരാളം വെള്ളം കുടിക്കുകയും 4-5 തവണ മൂത്രമൊഴിക്കുകയും വേണം. അയണ്‍ ഗുളികകള്‍ മൂന്നുമാസം വരെ കഴിക്കണം.
മുലയൂട്ടുമ്പോള്‍ അമ്മ മരുന്നുകള്‍ ഉപയോഗിക്കാമോ?
അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിന് ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരു മരുന്നും ഈ സമയം കഴിക്കരുത്.
മുലപ്പാല്‍ കൊടുക്കരുതാത്തത് എപ്പോഴാണ്?
അമ്മയ്ക്ക് ക്ഷയരോഗം, പ്രസവം കഴിഞ്ഞ് മനോരോഗം, കാന്‍സര്‍ ചികിത്സ, ബ്രസ്റ്റ് കാന്‍സര്‍, എയിഡ്സ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമുണ്ടെങ്കില്‍ മുലയൂട്ടുന്നത് സുരക്ഷിതമല്ല.
പ്രസവശേഷം ശരീരഭാരം കുറയ്ക്കാനുള്ള നല്ല മാര്‍ഗം ഏതാണ്?
മിക്കവാറും സ്ത്രീകളും പ്രസവം കഴിഞ്ഞ് പെട്ടെന്ന് തൂക്കം കുറച്ച് പഴയ രൂപത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഒന്‍പത് മാസം കൊണ്ടാണല്ലോ തൂക്കം കൂടിയത്. ഒരാഴ്ച അരക്കിലോയില്‍ കൂടുതല്‍ തൂക്കം കുറയ്ക്കാന്‍ ശ്രമിക്കേണ്ട. ആദ്യത്തെ ആഴ്ചയില്‍തന്നെ ലഘു വ്യായാമങ്ങള്‍: (ഡീപ് ബ്രീത്തിങ്, കുറേശ്ശെ നടത്തം തുടങ്ങിയവ) ചെയ്യാം. കാലില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഇതു നല്ലതാണ്.
പിന്നീട് വയറിലെ പേശികള്‍ മുറുകാനുള്ള വ്യായാമം എല്ലാ ദിവസവും 3- 4 തവണ ചെയ്യാം. പ്രസവംമൂലം അയവു കൂടിയ ഭഗപേശികളുടെ മുറുക്കം വര്‍ധിപ്പിക്കാന്‍ 'കെഗല്സ്' വ്യായാമം ചെയ്യാം. ചിലര്‍ക്ക് പ്രസവശേഷം അറിയാതെ മൂത്രം പോകും; ഈ പ്രശ്നത്തിന് ഈ വ്യായാമം ഒരു പരിഹാരമാണ്.
മൂന്നു മാസമാകുമ്പോഴേക്കും എയ്റോബിക്സ്, നീന്തല്‍, എന്നിവയൊക്കെ ചെയ്യാം. യോഗയും നല്ലതാണ്. ഈ സമയം കൊണ്ടേ പേശികളും സന്ധികളും പൂര്‍വസ്ഥിതിയിലാകുകയുള്ളൂ.
കുഞ്ഞിനെ പാലൂട്ടുന്നതിന് മുമ്പ് വ്യായാമം ചെയ്യാമോ?
മുലയൂട്ടുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നത് സ്തനങ്ങളില്‍ വേദനയുണ്ടാക്കും. പാലൂട്ടല്‍ കഴിഞ്ഞതിനുശേഷം വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഈ സമയം സ്പോര്‍ട്സ് ബ്രാ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
ഏതുതരം ഗര്‍ഭനിരോധന മാര്‍ഗമാണ് അഭികാമ്യം?
ആസ്പത്രി വിടുന്നതിന് മുമ്പുതന്നെ ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റി ചോദിച്ചറിയണം. ആവശ്യത്തിന് കുട്ടികളുള്ളവര്‍ക്ക് കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ പ്രസവത്തോടെ നിര്‍ത്തുകയോ, ആറാഴ്ചകള്‍ക്കു ശേഷം പ്രസവം നിര്‍ത്തുകയോ ചെയ്യാം.
ആദ്യത്തെ കുട്ടിയുടെ ജനനത്തിനുശേഷം ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷത്തിനുശേഷം വേണം അടുത്ത കുഞ്ഞ് ജനിക്കാന്‍. ഈ സമയത്ത് പല തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. മുലപ്പാലിന്റെ അളവിനെ ബാധിക്കാത്ത മാര്‍ഗമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കാവുന്ന കോപ്പര്‍ ടി പോലുള്ളവയോ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്ന നിരോധന മാര്‍ഗങ്ങളോ ഉപയോഗിക്കാം. ഗര്‍ഭനിരോധന ഉറകളും ഉപയോഗിക്കാം. പക്ഷേ, ഇതിന് പരാജയത്തോത് കൂടുതലാണ്. അതുപോലെ ബീജം ഉള്ളില്‍ പോകാതെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതും ഫലപ്രദമായ മാര്‍ഗമല്ല.
മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധനമാര്‍ഗമായി കരുതാമോ.
മുഴുവന്‍ സമയവും മുലപ്പാല്‍ മാത്രം കുട്ടിക്കു നല്കുന്ന ഒരു സ്ത്രീക്ക് ആദ്യത്തെ നാലുമുതല്‍ ആറ് ആഴ്ചവരെ ഗര്‍ഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ഇത് 100 ശതമാനം നല്ല മാര്‍ഗമല്ല.
പ്രസവശേഷം ആറാഴ്ചയ്ക്കു മുമ്പായി സെക്സില്‍ ഏര്‍പ്പെടാമോ.
ആറാഴ്ചയ്ക്കു മുമ്പ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അഭികാമ്യമല്ല. മുറിവ് നല്ലവണ്ണം ഉണങ്ങിയിട്ടില്ലെങ്കില്‍ സെക്സ് വേദനാജനകമായിരിക്കും. കാലക്രമേണ ലൈംഗികതയോട് ഭയമുണ്ടാകുകയും ചെയ്യും. ഇതുമൂലം അണുബാധയ്ക്കും സാധ്യത ഏറെയാണ്.
മറ്റൊരു പ്രധാന കാര്യം കുട്ടിക്ക് കുപ്പിപ്പാല് കൊടുക്കുന്ന അമ്മയാണെങ്കില്‍ ആറാഴ്ചയ്ക്കു മുമ്പുള്ള ലൈംഗികബന്ധം മൂലം ഗര്‍ഭിണിയാകാനുള്ള സാധ്യതയുമുണ്ട്.
പ്രസവം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എന്തൊക്കെ.
മലമൂത്ര വിസര്‍ജനത്തിനു ശേഷം മുമ്പില്‍നിന്നും പിറകിലേക്കു വേണം കഴുകാന്‍. ഇത് അണുബാധ കുറയ്ക്കാന്‍ വേണ്ടിയാണ്. ദിവസേന സാനിറ്ററി പാഡുകള്‍ മൂന്നു തവണയെങ്കിലും മാറ്റണം. മുറിവില്‍ ആവി പിടിപ്പിക്കുന്നതും ഉപ്പിട്ട ചെറു ചൂടുവെള്ളത്തില്‍ ഇരിക്കുന്നതും നീരും അസ്വസ്ഥതയും മാറ്റാന്‍ സഹായിക്കും. സാധാരണ മൂന്നാഴ്ചകൊണ്ട് തയ്യല്‍ ഉണങ്ങും.
പ്രസവം കഴിഞ്ഞ് എപ്പോഴാണ് ആര്‍ത്തവം കൃത്യമായി അണ്ഡവിസര്‍ജനം ഉണ്ടാകുന്നത്.
കുഞ്ഞിന് നല്ലവണ്ണം പാല് കൊടുത്തിട്ടില്ലെങ്കില്‍ ആറ് - എട്ട് ആഴ്ചയ്ക്കകം ആര്‍ത്തവം വരും. ചിലര്‍ക്ക് ഒന്നര വര്‍ഷം വരെയും ആര്‍ത്തവം വരാതെയിരിക്കാം. ആറാഴ്ചയ്ക്കുശേഷം അണ്ഡവിസര്‍ജനം നടക്കാനും ഗര്‍ഭിണിയാകാനും സാധ്യതയുണ്ട്.
അവസാനം പരിഷ്കരിച്ചത് : 4/1/2020
ആർത്തവം കൂടുതൽ വിവരങ്ങൾ
വിവിധ ഗർഭകാല ആരോഗ്യ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്റെയും (പത്തിന...