ഹൃദയാഘാതം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍? വന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? പ്രശസ്ത ഹൃദ്രോഗവിദഗ്ധന് ഡോ. ജി. വിജയരാഘവന് (കിംസ്, തിരുവനന്തപുരം) വിശദീകരിക്കുന്നു...
ഒരു തവണ ഹൃദയാഘാതം വന്നാല്‍ ജീവിതം തീര്‍ന്നു എന്നു കരുതുന്നവരാണ് പലരും. 'ഇനി എത്ര കാലം ഞാന്‍ ജീവിച്ചിരിക്കും ഡോക്ടര്‍?' എന്നാണ് രോഗികള്‍ ആദ്യം ചോദിക്കുക. രോഗം ഭേദമായി സാധാരണ ജീവിതം നയിക്കുന്നവരേയും ആരും വെറുതെ വിടില്ല, 'എത്രാമത്തെ അറ്റാക്കായിരുന്നു?'. ഒന്നാമത്തെ എന്നു പറഞ്ഞാല്‍ ഉടന്‍ പറയും 'അപ്പോള്‍ ഇനി രണ്ടു ചാന്‍സുകൂടിയുണ്ട്.' എന്നാല്‍ ഇതൊന്നുമല്ല കാര്യം. ഹൃദയത്തിന് ഏതുതരത്തിലുള്ള ആഘാതം വന്നാലും ജീവിതചിട്ടയും കൃത്യമായി മരുന്നു കഴിക്കാനുമുള്ള സന്മനസുമുണ്ടെങ്കില് ആര്‍ക്കും ഈ രോഗാവസ്ഥയെ മറികടക്കാന്‍ കഴിയും.
എന്റെ ചികിത്സാനുഭവങ്ങളില്‍ നിന്ന് ഒരു കഥ പറയാം. 1976ലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞാന്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച കാലം. അതുവരെ ഞാന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു. ഒരു ദിവസം തിരുവനന്തപുരത്തുകാരനായ ഒരു ഡോക്ടര്‍ എന്നെ കാണാന്‍ വന്നു. 38 വയസ്സേയുള്ളൂ പുള്ളിക്ക്. കാഴ്ചയില്‍ നല്ല ആരോഗ്യവാന്‍. രണ്ട് നാള് മുമ്പ് വളരെ ഗുരുതരമായ ഒരു ഹാര്‍ട്ട് അറ്റാക്ക് വന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാനദ്ദേഹത്തെ വിശദമായി പരിശോധിച്ചു. ഹൃദയത്തിന്റെ ഒരു ഭാഗം മുഴുവനായി തകര്‍ന്നുപോയിരിക്കുന്നു. രക്തസമ്മര്‍ദ്ദവും ഭീകരമാംവിധം കുറവ്. ശ്വാസംമുട്ടലും ഉണ്ട്. പത്ത് ദിവസം ഐ.സി.യു.വില്‍ കിടത്തി ചികിത്സിച്ചു. കാര്യമായ പുരോഗതി ഉണ്ടായി. എങ്കിലും എനിക്ക് വിശ്വാസക്കുറവ് തോന്നി, 'ഇത്രയും സാരമായ അറ്റാക്ക് വന്ന ഒരാളെ എത്രനാള്‍ നമുക്ക് കൊണ്ടുപോകാന്‍ പറ്റും?' അന്ന് ആഞ്ചിയോഗ്രാമോ, ബൈപാസ് സര്‍ജറിയോ ആഞ്ചിയോപ്ലാസ്റ്റിയോ ഇല്ലാത്ത കാലമാണ്.
എന്നാല്‍ ആഹാരത്തിലും വ്യായാമത്തിലും മരുന്നു കഴിക്കുന്ന കാര്യത്തിലും ചിട്ടകളൊക്കെ കൃത്യമായി പാലിച്ചപ്പോള്‍ അദ്ദേഹം അപകടസ്ഥിതിയില്‍ നിന്ന് മെല്ലെമെല്ലെ പുറത്തുവന്നു. 1980ലാണ് എക്കോമെഷീന്‍ ആദ്യമായി കേരളത്തില്‍ വരുന്നത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. ഞാന്‍ ഡോക്ടറെ വരുത്തി എക്കോ പരിശോധിച്ചു. ഹാര്‍ട്ട് മസിലൊക്കെ നശിച്ച് പോയിരുന്നു. 30 ശതമാനത്തില്‍ താഴെ മാത്രമാണ് പമ്പിങ്. മാനസികമായി ഒരാള്‍ വേദനിക്കുന്നത് ചികിത്സയെ ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനദ്ദേഹത്തോട് ഇക്കാര്യമൊന്നും പറഞ്ഞില്ല.
1984വരെ മരുന്നിന്റേയും ജീവിതചിട്ടയുടേയും കരുത്തില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ പോയി. 84-ല്‍ ഹൃദയമിടിപ്പ് 160 വരെ ഉയര്‍ന്ന അവസ്ഥയില്‍ അദ്ദേഹം എന്റെയടുത്ത് വന്നു. ഇത്തവണ എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഇന്ത്യയില്‍ ഇറങ്ങിയ ഒരു മരുന്ന് - അമിയോഡെറോണ്‍ - കൊടുത്തപ്പോള്‍ ഹൃദയമിടിപ്പ് സാധാരണ അവസ്ഥയിലെത്തി. അപകടസ്ഥിതിയാണെന്ന് നമ്മള് കരുതുന്ന പല സാഹചര്യവും അങ്ങനെയല്ലെന്ന് എനിക്ക് ബോധ്യമായി.
1993-ല്‍ ഞാന്‍ വിദേശയാത്രയിലായിരുന്ന വേളയില്‍ പുലര്‍ച്ചെ നാട്ടില്‍ നിന്നൊരു ഫോണ്‍കോള്‍. ഡോക്ടറുടെ മകനാണ്, 'അച്ഛന് വളരെ ഗുരുതരാവസ്ഥയിലാണ്. ഓപ്പറേഷന് ഉടനെ വേണമെന്ന് പരിശോധിച്ച ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.' ഞാനുടന്‍ നാട്ടിലേക്ക് തിരിച്ചു. ആഞ്ചിയോഗ്രാം വന്ന കാലമാണ്. ആഞ്ചിയോഗ്രാം ചെയ്തു. ഒരു കാര്യം വ്യക്തമായി. ഓപ്പറേഷന് ചെയ്യുകയാണെങ്കില്‍ രോഗി ടേബിളില്‍ വെച്ചേ മരിക്കും. കാരണം ആവശ്യത്തിന് ഹൃദയപേശികള്‍ ഇല്ല. അത് ശരിയാക്കി എടുക്കാമെന്നുവെച്ചാല്‍ ഹൃദയത്തിലേക്കുള്ള മൂന്ന് രക്തക്കുഴലുകളില്‍ ഒന്ന് അടഞ്ഞിരിക്കുന്നു. അടവുള്ള കുഴലിന് പേശികളൊന്നും ബാക്കിയില്ല. അതിന്റെ ബ്ലോക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. ഹൃദയപേശികള്‍ക്ക് ഉത്തേജനം കൊടുക്കുന്നതരം മരുന്ന് നല്കി. അത് വിജയമായിരുന്നു. പുള്ളിക്കാരന് വീണ്ടും ഉഷാറായി. അതിനുശേഷവും പലതവണ ഓരോരോ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് വന്നു. വിളര്‍ച്ച ബാധിച്ചു, രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു, ഒരിക്കല്‍ കടുത്ത മലേറിയ വന്നു. എല്ലാം അദ്ദേഹം തരണം ചെയ്തു.
ഇപ്പോള്‍ അദ്ദേഹത്തിന് 71 വയസ്സായി. പ്രാക്ടീസ് മുടക്കിയിട്ടില്ല. രണ്ടു തവണ വിദേശയാത്ര നടത്തി. ദൈനംദിന ജീവിതത്തിലെ ഒരാവശ്യവും രോഗകാരണം പറഞ്ഞ് അദ്ദേഹം മുടക്കാറില്ല. മാനസികമായ ധൈര്യവും ചിട്ടയായ ജീവിതശൈലിയും വ്യായാമത്തിലും മരുന്നു കഴിക്കുന്നതിലും കാണിച്ച കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുത്തത്. ബൈപാസ് സര്‍ജറിയോ ആഞ്ചിയോപ്ലാസ്റ്റിയോ ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹം ജീവിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് ജീവിതാവസാനമല്ല എന്നതിന് ഉദാഹരണമായി ഞാനീകഥ എന്റെ രോഗികളോടെല്ലാം പറയാറുണ്ട്.
ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ
ഹാര്‍ട്ട് അറ്റാക്കിന്റെ വേദന പലരിലും പലതരത്തിലാണ് ഉണ്ടാവുക. 15 മിനുട്ടില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നെഞ്ചുവേദനയെ ഹൃദയാഘാതത്തിന്റെ വേദനയായി കാണാം. അങ്ങനെയെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. ആദ്യത്തെ ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ ചികി ത്സ നല്കാനായാല് അസുഖത്തിന്റെ തീവ്രത വളരെ കുറയ്ക്കാന്‍ കഴിയും.
ഹൃദയാഘാതത്തിന്റെ വേദനയും ഗ്യാസ് പ്രശ്നം മൂലമുള്ള വേദനയും തിരിച്ചറിയാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്നം. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്നതിന് കാരണമിതാണ്. വേദന തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. വേദന വരുന്ന ആള്‍ക്ക് കിടക്കുമ്പോഴാണ് കൂടുതല്‍ ആശ്വാസം തോന്നുന്നത് എങ്കില്‍ അത് ഗ്യാസ്ട്രബിളിന്റെ ലക്ഷണമാണ്. ഇരിക്കുമ്പോഴാണ് വേദനക്ക് ആശ്വാസം തോന്നുന്നതെങ്കില്‍ അത് ഹൃദയാഘാതമാകാന്‍ ഇടയുണ്ട്. അമ്പതു ശതമാനം രോഗികളിലും നെഞ്ചുവേദനയോടൊപ്പം ഓക്കാനവും ഛര്‍ദിയും ഉണ്ടാകാറുണ്ട്. നന്നായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടല്‍, വയറിളക്കം, തളര്‍ച്ച, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ചിലര്‍ക്ക് ഉണ്ടാകാറുണ്ട്.
ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദനയേ ഉണ്ടാകാത്ത അവസ്ഥയും കാണാറുണ്ട്. 'സൈലന്റ് അറ്റാക്ക്' എന്നാണിത് അറിയപ്പെടുന്നത്. പ്രമേഹമുള്ളവരിലാണ് ഇതിന് കൂടുതല്‍ സാധ്യത. പ്രമേഹമുള്ളവരില്‍ ഞരമ്പുകളുടെ സംവേദനശേഷി നശിച്ചുപോകാനിടയുണ്ട്. അതുകൊണ്ട് ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാതെ പോവുകയാണ് ചെയ്യുന്നത്.
ഹൃദയാഘാതം വരാനുള്ള സാധ്യത ലക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ പ്രയാസമാണ്. എങ്കിലും നടക്കുമ്പോള്‍ നെഞ്ചില്‍ വേദന തോന്നുകയോ, കയറ്റം കയറുമ്പോഴും സ്പീഡില്‍ നടക്കുമ്പോഴും അമിതമായി കിതയ്ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്താലോ ഹൃദയാഘാതത്തിന്റെ ലക്ഷണമായി എടുക്കാം.
ഹൃദ്രോഗം വന്നാല്‍
ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം നല്കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദ്രോഗത്തിന് കാരണം. ഹൃദ്രോഗത്തിന് കാരണങ്ങള്‍ പലതുണ്ട്. എങ്കിലും കൊളസ്ട്രോള്‍ നിയന്ത്രിച്ചാല്‍ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാം. എന്നാല്‍ എല്ലാ കൊഴുപ്പും കൊളസ്ട്രോളല്ല. ശരീരത്തിലെ പലതരം കൊഴുപ്പുകളില്‍ ഒരിനം മാത്രമാണ് കൊളസ്ട്രോള്‍. ക്രമത്തിലധികമായി വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നമാകുന്നത് കൊളസ്ട്രോള്‍ എന്ന കൊഴുപ്പാണ്. പ്രത്യേക ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ മൊത്തം കൊളസ്ട്രോള്‍ 200-ല്‍ താഴെയാകണം. ഹൃദയാഘാതം വന്ന ഒരാള്‍ക്കാണെങ്കില്‍ 160ല്‍ കൂടാന്‍ പാടില്ല. ചീത്ത കൊളസ്ട്രോള്‍ (ഘഉഘ) ആണ് രക്തക്കുഴലുകളില്‍ പോയി നിക്ഷേപിക്കപ്പെടുന്നത്. ഇതിന്റെ അളവ് 130-ല്‍ കുറവായിരിക്കണം. ഹൃദയത്തിന് അസുഖമുള്ളവര്‍ക്ക് ഇത് 70ല്‍ താഴെയാകണം. ഒരുപാട് താഴ്ന്നാലും കുഴപ്പമില്ല. ഹൃദയത്തിന് അസുഖമില്ലാത്തവരാണ്, എന്നാല്‍ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഹൃദ്രോഗമുണ്ട് എങ്കില്‍ ഇത് നൂറില്‍ കൂടാതെ നോക്കണം. നല്ല കൊളസ്ട്രോള്‍ (ഒഉഘ) എത്ര കൂടുന്നുവോ അത്രയും നല്ലത്. ഇത് 50ല്‍ കൂടുതലെങ്കിലും വേണം. ഹൃദ്രോഗകാരണങ്ങളില്‍ എളുപ്പം കണ്ടുപിടിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പ്രശ്നമാണ് കൊളസ്ട്രോള്‍.
കൊളസ്ട്രോള്‍ കൂടുതലാണെന്ന് കണ്ടാല്‍ ഉടന്‍ കുറച്ചുകളയാമെന്ന് വിചാരിച്ച് മരുന്ന് വാങ്ങി കഴിക്കുന്നത് നല്ലതല്ല. വ്യായാമം ശീലിക്കുക, നാരുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുക, വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക എന്നിവവഴി തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കാവുന്നതേയുള്ളൂ. ദിവസം രണ്ട് ഗ്ലാസ് (12 ഔണ്‍സ്) റെഡ് വൈന്‍ കഴിക്കുന്നത് രക്തക്കുഴലില്‍ കൊഴുപ്പടിയാതിരിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായി മദ്യത്തെ കാണരുത്.
വ്യായാമം എങ്ങനെ
ചിട്ടയായ വ്യായാമമാണ് ഒരു ഹൃദ്രോഗിയുടെ ജീവന് എത്ര കാലത്തേക്കുകൂടി എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗികള്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കണം. ശരീരത്തിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നുന്നില്ലെങ്കില്‍ ദിവസവും അര മണിക്കൂര്‍ നടക്കാം. സമയമില്ലാത്തവര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ രണ്ട് സ്റ്റോപ്പ് മുമ്പേ ഇറങ്ങി നടക്കുക. ധ്യാനം, യോഗ എന്നിവയും ഗുണം ചെയ്യും. കൂടുതല്‍ നിലകളുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നത് ദോഷമേ ഉണ്ടാക്കൂ. എന്നാല്‍ ഒന്നോ രണ്ടോ നിലയുള്ള കെട്ടിടമാണെങ്കില്‍ പടികള്‍ കയറുന്നതും നല്ല വ്യായാമമാണ്. പ്രമേഹമുള്ളവരും അമിതരക്തസമ്മര്‍ദമുള്ളവരും ഡോക്ടറുടെ നിര്‍ദേശപ്രകാരമേ വ്യായാമം ചെയ്യാവൂ.
ലൈംഗികത എപ്പോള്‍
പങ്കാളികളിലൊരാള്‍ക്ക് ഹൃദ്രോഗമുണ്ടെങ്കില്‍ സെക്സ് വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതിമാരുണ്ട്. കാരണം ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് ഹൃദയമിടിപ്പിന്റെ നിരക്കും ബി.പി.യും കൂടും. ഇത് ഹൃദയത്തിന് പ്രശ്നമാകുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. ഹൃദയാഘാതമോ ഹൃദയശസ്ത്രക്രിയയോ കഴിഞ്ഞയാളാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് സെക്സ് തുടരാവുന്നതാണ്.സാധാരണ ഹൃദയാഘാതത്തിന് മൂന്നാഴ്ചക്ക് ശേഷം സ ുഖകരമായ ലൈംഗികജീവിതം സാധ്യമാകാറുണ്ട്.ലൈംഗികബന്ധത്തിനിടയില്‍ നെഞ്ചുവേദന തോന്നുന്നുണ്ടെങ്കില്‍ ഹൃദയത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നുണ്ട് എന്ന് മനസ്സിലാക്കാം. ഈ സമയത്തെ വേദന അവഗണിക്കരുത്. സെക്സിനുശേഷം അമിതക്ഷീണം തോന്നുന്നുണ്ടെങ്കിലും ഡോക്ടറോട് വിവരം പറയണം.
കുടവയറും ഹൃദയാഘാതവും
അരവണ്ണം നോക്കി ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്ന് പ്രവചിക്കാന്‍ കഴിയുമെന്ന് പറയാറുണ്ട്. ഇത് കുറച്ചെങ്കിലും ശരിയാണ്. കാരണം കുടവയറും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കേരളത്തിലെ പതിനായിരം പേരില്‍ ഞാനൊരു പഠനം നടത്തി. ഇതില്‍ കണ്ടത് അമിതവണ്ണമുള്ളവര്‍ 12 ശതമാനം പേരേ ഉള്ളൂ. പക്ഷേ, കുടവയര്‍ 30 ശതമാനം പേര്‍ക്കുണ്ട്. കുടവയര്‍ വരുന്നത് അമിതവണ്ണം കൊണ്ട് മാത്രമല്ല. പ്രയോജനമില്ലാത്തതരം ഇന്‍സുലിന്‍ ശരീരത്തില്‍ കൂടുമ്പോള്‍ അതിന്റെ ഭാഗമായി വയറ്റില്‍ കൊഴുപ്പടിയുന്നതുകൊണ്ടാണ് കുടവയര്‍ ഉണ്ടാകുന്നത്. അത് ഹൃദയാഘാതത്തിന് വളരെയധികം കാരണമാകും.
രക്തസമ്മര്‍ദവും ഹൃദയാഘാതവും
രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാതെ വിട്ടാല്‍ അത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ബി.പി. കൂടുന്നത് രക്തപ്രവാഹത്തെ ബാധിക്കും. ഇത് ഹാര്‍ട്ട് അറ്റാക്കിന് കാരണമാണ്. അമിതരക്തസമ്മര്‍ദം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ മരുന്നില്ലാതെ തന്നെ നിയന്ത്രിക്കാം. വ്യായാമക്കുറവ്, തെറ്റായ ഭക്ഷണക്രമം, കൊഴുപ്പിന്റെ ആധിക്യം, മാനസികസമ്മര്‍ദം, ശരീരമനങ്ങാത്ത ജീവിതരീതി എന്നിവയൊക്കെ രക്തസമ്മര്‍ദം കൂടാന്‍ ഇടയാക്കുന്നു. ഏതു പ്രായക്കാരായാലും 120-80 ആണ് നോര്‍മല്‍ ബി.പി. ബി.പി. ഈ അളവില്‍ നിയന്ത്രിച്ചു നിര്ത്തുകായണെങ്കില് ഹൃദയാഘാതം വരുന്നത് ഒരുപരിധിവരെ തടയാന്‍ കഴിയും. ബി.പി. 140-90ല്‍ കൂടുന്നത് അപകടമാണ്. പ്രമേഹമുള്ളവരാണെങ്കില്‍ 130-80 തന്നെ പേടിക്കേണ്ട അവസ്ഥയാണ്.
പരിശോധനകള്‍ മുടക്കരുത്
ഹാര്‍ട്ട് അറ്റാക്ക് വന്ന് ഭേദമായവര്‍ വര്‍ഷത്തിലൊരിക്കല്‍ ഫുള്‍ ചെക്കപ്പ് നടത്തണം. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളവരാണെങ്കില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പ് നടത്തണം. ഹൃദയസംബന്ധമായ ആസുഖങ്ങള്‍ ഉള്ളവര്‍ രണ്ട് മാസത്തിലൊരിക്കല്‍ ചെക്കപ്പ് ആവാം. വര്‍ഷത്തിലൊരിക്കല്‍ ട്രെഡ്മില് ടെസ്റ്റ് നടത്തുന്നത് എല്ലാവര്ക്കും നല്ലതാണ്. ട്രെഡ്മില്ലില് നടക്കുമ്പോള്‍ ആവരുടെ ആരോഗ്യസ്ഥിതി മെഷീന് രേഖപ്പെടുത്തുന്ന ടെസ്റ്റാണിത്.
ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടത്
ദിവസവും ഒരു മണിക്കൂര്‍ നടക്കുക.
ആഹാരം കഴിച്ചു കഴിഞ്ഞാല്‍ അല്പസമയം വിശ്രമിക്കണം. ലളിതമായ ഭക്ഷണമേ കഴിക്കാവൂ.
അഞ്ച് കിലോയില്‍ കൂടുതല്‍ ഭാരം വഹിക്കരുത്.
ദിവസവും രാത്രി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം
വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കരുത്. വെണ്ണ, നെയ്യ്്, ഡാല്‍ഡ, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍ എന്നിവ പരമാവധി കുറച്ച് ഉപയോഗിക്കുക.
മട്ടണ്‍, ബീഫ്, പോര്‍ക്ക് ഇറച്ചി കഴിക്കാതിരിക്കുക. മീനോ തൊലി കളഞ്ഞ കോഴിയിറച്ചിയോ മിതമായി കഴിക്കാം.
കിഴങ്ങല്ലാത്ത മലക്കറികള്‍ ധാരാളം കഴിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കണം.
കിതപ്പുണ്ടാകുന്ന ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുക.
പ്രമേഹമില്ലെങ്കില്‍ മൂന്ന് നാല് തവണയായി പഴവര്‍ഗങ്ങള്‍ കഴിക്കാം.
അസുഖത്തിന് കുറവുണ്ടെന്ന് കരുതി മരുന്നു കഴിക്കുന്നതില്‍ വീഴ്ച വരുത്തരുത്.
ഈ നമ്പറുകള്‍ ശ്രദ്ധിക്കുക
മൊത്തം കൊളസ്ട്രോള്‍ 200mgയില്‍ കുറവായിരിക്കണം.
ചീത്ത കൊളസ്ട്രോള്‍ (LDL) - 130mg-യില്‍ കുറവ്
നല്ല കൊളസ്ട്രോള്‍ (HDL) - സ്ത്രീകള്‍ക്ക് 50ാഴ-യില്‍ കൂടുതല്‍
- പുരുഷന്മാര്ക്ക് 40mg-യില്‍ കൂടുതല്‍
ഷുഗര്‍ - 100 mgയില്‍ കുറവ്
രക്തസമ്മര്‍ദം
പൂര്‍ണആരോഗ്യമുള്ള ആള്‍ക്ക് -120/80
അരവണ്ണം - സ്ത്രീകള്‍ക്ക് 90 cm-ല്‍ കുറവ്
-പുരുഷന് 100 cm--ല്‍ കുറവ്
(കുടുംബത്തില്‍ ഹൃദ്രോഗികള്‍ ഉണ്ടെങ്കില്‍ ആകെ കൊളസ്ട്രോളിന്റെ അളവ് 160ല്‍ താഴെയും ഘഉഘ-ന്റെ അളവ് 70ല്‍ താഴെയും നിലനിര്‍ത്തുന്നതാണ് നല്ലത്)
ചുമ, ജലദോഷം, ദഹനക്കേട് തുടങ്ങി പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്കുപോലും പ്രകൃതിയില്‍തന്നെ പരിഹാരമുണ്ട്. വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന കുറേ ഒറ്റമൂലികളിതാ...
ചെറിയ ദഹനക്കേട് വന്നാല്‍ പണ്ട് മുത്തശ്ശി ഉണ്ടാക്കിത്തന്നിരുന്ന കാച്ചിയ മോര് ഓര്‍മയില്ലേ? ഇഞ്ചിയും മഞ്ഞളും കറിവേപ്പിലയുമിട്ട നല്ല സുഗന്ധമുള്ള മോര്? ചില്ലറ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത്തരം ഔഷധക്കൂട്ടുകള്‍ പരമ്പരാഗതമായി നമുക്ക് ലഭിച്ചിട്ടുണ്ട്. വീട്ടുപറമ്പുകളില്‍ വളരുന്ന വിവിധതരം ഫലമൂലങ്ങളും ഔഷധസസ്യങ്ങളുമാണ് ഇങ്ങനെ ഒറ്റമൂലികളായെത്തി നമ്മെ സുഖപ്പെടുത്തിക്കൊണ്ടിരുന്നത്.
ഒറ്റമൂലികള്‍ ഔചിത്യത്തോടെ മാത്രമേ പ്രയോഗിക്കാവൂ. പ്രകൃതിയില്‍നിന്നുള്ള എല്ലാ ഔഷധങ്ങളും എല്ലാവര്ക്കും ഒരുപോലെ ഫലപ്രദമാകണമെന്നില്ല. ഇവയില്‍ ചിലത് ചിലരില്‍ പാര്‍ശ്വഫലങ്ങള്‍പോലും ഉണ്ടാക്കാം.
പരമ്പരാഗത ഔഷധങ്ങളുടെ ശാസ്ത്രീയവശം തെളിയിച്ച് അവയെ ആധുനിക വൈദ്യവുമായി യോജിപ്പിക്കുന്നതിന് ലോകാരോഗ്യസംഘടനതന്നെ മുന്കൈയെടുത്തിരിക്കുകയാണിപ്പോള്.
തുമ്മലിന് ഇഞ്ചിനീരും തേനും
കുളി കഴിഞ്ഞ ഉടന്‍ തുമ്മലും ജലദോഷവും വരാറുണ്ടോ? ''ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിക്കുന്നത് ചെറിയ ജലദോഷം മാറാന്‍ നല്ലതാണ്.'' കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. പി. മോഹനന് വാര്യര്‍ പറയുന്നു. ഇഞ്ചിയും തേനും ആന്റി ഓക്സിഡന്റ് ഘടകങ്ങളുള്ളവയാണ്. രണ്ടും ചേരുമ്പോള്‍ മികച്ച ഫലം ലഭിക്കുന്നു.
നമ്മുടെ നാടന്‍ നെല്ലിക്ക (അധികം വലുപ്പം ഇല്ലാത്ത ചെറിയ ഇനം) വൈറ്റമിന്‍ സിയുടെ വലിയ ഒരു സ്രോതസ്സാണ്. നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്പൂണ്‍ വീതം നിത്യവും കഴിക്കുന്നത് പൊതുവായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മഞ്ഞള്‍ ഒരേസമയം ആന്റി ഓക്സിഡന്റും ആന്റി ഇന്‍ഫക്ടീവ് പ്രോപ്പര്‍ട്ടി ഉള്ളതുമായതാണ്. പച്ച മഞ്ഞള്‍നീരില്‍ പകുതി തേന്‍ചേര്‍ത്ത് കഴിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
കല്‍ക്കണ്ടവും കുരുമുളക്പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത് ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്ക്കും.
''സാധാരണ ജലദോഷത്തിന് ആവി പിടിക്കുന്നത് വളരെ ഗുണം ചെയ്യും. വൈറല്‍ബാധയാണ് ജലദോഷമായി വരുന്നത്. ഇപ്പോള്‍ 'എച്ച് വണ്‍ എന്‍ വണ്‍' അടക്കമുള്ള അപകടകരമായ പകര്‍ച്ചവ്യാധികള്‍ പടരുന്നതിനാല്‍ സാധാരണ ജലദോഷംപോലും ഗൗരവത്തോടെ എടുക്കേണ്ടിയിരിക്കുന്നു. സാധാരണ ജലദോഷത്തിന് തുമ്മലും മൂക്കടപ്പും മൂക്കൊലിപ്പുമാണ് ലക്ഷണങ്ങള്‍. ഇവ മിക്കവാറും ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നില്ല. അലര്‍ജികൊണ്ട് ഉണ്ടാവുന്ന ജലദോഷമാണെങ്കില്‍ തൊണ്ട ചൊറിച്ചില്കൂടി കാണും. ഇത് പ്രത്യേകം ശ്രദ്ധിക്കുകയും ചികിത്സിക്കുകയും വേണം''-കൊച്ചി പി.വി.എസ്. ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി. ഡോക്ടര്‍ വിനോദ് ബി. നായര്‍ പറയുന്നു.
ജലദോഷം പിടിച്ച ഉടന്‍ ഡോക്ടറെ കാണേണ്ടതില്ല. ആവിപിടിച്ചും വിശ്രമം എടുത്തും അസുഖം മാറ്റുക. കഫത്തില്‍ മഞ്ഞനിറം ഉണ്ടെങ്കില്‍ അതിനര്‍ഥം അണുബാധ ഉണ്ടെന്നാണ്. അപ്പോള്‍ പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
''എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പനികളുടെ ആദ്യലക്ഷണം ജലദോഷവും തുമ്മലും ആയതിനാല്‍ ഈ സ മയത്ത് ഒറ്റമൂലി പരീക്ഷിക്കാതെ വേഗം ചികിത്സിക്കുന്നതാണ് നല്ലത്''-ഡോ. വിനോദ് ബി. നായര്‍ മുന്നറിയിപ്പു നല്കുന്നു.
''വിശ്രമത്തോളം പ്രധാനമാണ് തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടത്. രാവിലെ വളരെ നേരത്തെ ഉണര്‍ന്നുള്ള കുളിയും ഒഴിവാക്കണം.''
പ്രമേഹവും കൊളസ്ട്രോളും
'കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, പയര്‍, കടല, പരിപ്പ് തുടങ്ങിയവ നിത്യാഹാരത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹരോഗത്തെ കുറയ്ക്കാന്‍ സഹായിക്കും''-ഡോ. പി. മോഹനന്‍വാര്യര്‍ പറയുന്നു.
തവിട് കളയാത്ത അരിയാണ് പണ്ട് മലയാളികള്‍ ഉപയോഗിച്ചിരുന്നത്. നാര് ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുവാണ് തവിട്. നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും നല്ലതാണ്.
കടല, ചെറുപയര്‍ എന്നിവ മുളപ്പിച്ച് കഴിക്കുമ്പോള്‍ അവയിലെ പ്രോട്ടീന്‍ കൂടുതല്‍ കിട്ടുന്നു. അതുപോലെ പുളിരസമുള്ള (സിട്രസ്) പഴങ്ങള്‍ - ഓറഞ്ച്, പൈനാപ്പിള്‍ - പ്രമേഹം കുറയ്ക്കും. ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുന്നതിന് ഇവയ്ക്ക് കഴിവുണ്ട്.
കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്ട്രോള്‍ പ്രശ്നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് ചേര്‍ക്കാം.
നെല്ലിക്ക, ചുക്ക്, കുരുമുളക്, ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ സമം അളവിലെടുത്ത് അരച്ച് സൂക്ഷിക്കുക. ദിവസവും ഒരു ടീസ്പൂണ്‍ വീതം ഇത് കഴിക്കുന്നത് പ്രമേഹത്തിനും കൊളസ്ട്രോള്‍ പ്രശ്നത്തിനും നല്ലതാണ്.
കറിവേപ്പില, പച്ചമഞ്ഞള്‍, നെല്ലിക്ക എന്നിവ അരച്ച് ദിവസവും ഓരോ സ്പൂണ്‍ വീതം കഴിക്കുന്നത് പ്രമേഹത്തെ നശിപ്പിക്കും.
ചര്‍മസൗന്ദര്യത്തിന് എട്ട് ഗ്ലാസ് വെള്ളം
'ശുദ്ധജലമാണ് ചര്‍മസൗന്ദര്യത്തിന്റെ പ്രധാന രഹസ്യം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. ചര്‍മത്തിന്റെ ആരോഗ്യവും ഓജസ്സും കൂടും''-തിരുവനന്തപുരം ഡോ. കെ. യോഗിരാജ് സെന്റര്‍ ഫോര്‍ ഡര്‍മറ്റോളജി ആന്‍ഡ് കോസ്മറ്റോളജിയിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. രാഖീനായര്‍ പറയുന്നു.
രണ്ട ചര്‍മമുള്ളവര്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കണം. പാലും തൈരും മുഖത്ത് പുരട്ടുന്നത് ഈ ഫലം തരും. പക്ഷേ, ചിലരില്‍ ഇവ മുഖക്കുരു വളരാന്‍ ഇടയാക്കും.
ചര്‍മത്തിന് സൗന്ദര്യം ലഭിക്കാന്‍ ഇരുമ്പുസത്ത് അടങ്ങിയ മുരിങ്ങയില, ചീര തുടങ്ങിയ ഇലക്കറികളും പയര്‍വര്‍ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കാരറ്റ് പച്ചയായി കഴിക്കുന്നതും ഗുണം ചെയ്യും.
വരണ്ട ചര്‍മമുള്ളവര്‍ സോപ്പിന് പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.
എപ്പോഴും പൊടിയും പുകയുമേറ്റ് എളുപ്പം ചര്‍മസൗന്ദര്യം നഷ്ടമാവുക മുഖത്തും കൈകാലുകളിലുമാണ്. പഴുത്ത പപ്പായ അരച്ചുപുരട്ടുന്നത് ചര്‍മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. നാര് അടങ്ങിയ ഓട്സ് അരച്ച് പുരട്ടുന്നതും ചര്‍മകാന്തി വര്‍ധിപ്പിക്കും.
വൃശ്ചികമിങ്ങെത്തി. മഞ്ഞ് കാലത്തിന്റെ വരവായി. തുലാമഴയ്ക്ക് കാലം തെറ്റിയെങ്കിലും വൃശ്ചികത്തിന് കാലം തെറ്റിയില്ലെന്ന് പ്രഭാതത്തിലെ കുളിര് തന്നെ തെളിവ്. പകല്‍ കത്തിക്കാളുന്ന വെയിലും ചൂടും, രാത്രി കടുത്ത തണുപ്പും. നിരത്തുകളിലാവട്ടെ പാറിപ്പറക്കുന്ന പൊടിയുടെ സമുദ്രവും. കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ രോഗങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പനിയും അലര്‍ജി രോഗങ്ങളുമൊക്കെ വ്യാപകമാവുന്നത് പൊടുന്നനെ കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നത് കൊണ്ടാണ്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ അകറ്റിനിര്‍ത്താവുന്നതേയുള്ളൂ ഈ സീസണല്‍ രോഗങ്ങളെ. ആസ്ത്മ, ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ്, വൈറല്‍ പനി, ചെങ്കണ്ണ് തുടങ്ങിയ ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനും വന്നാല്‍ ഗുരുതരമാവാതിരിക്കാനും സ്വീകരിക്കേണ്ട ചില ആരോഗ്യനിര്ദേശങ്ങളാണ് ചുവടെ.
ആസ്ത്മ
കാലാവസ്ഥാ മാറ്റങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന രോഗാവസ്ഥയാണ് ആസ്ത്മ. മൂക്കില്‍ നിന്ന് ശ്വാസകോശങ്ങളിലെ നേര്‍ത്ത അറകളിലേക്ക് വായു എത്തിക്കുന്ന ശ്വാസക്കുഴല്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണിത്. പലവിധത്തില്‍ ശ്വാസക്കുഴല്‍ ചുരുങ്ങുന്ന ഈ അവസ്ഥയുണ്ടാകും. ശ്വാസനാളി ഭിത്തികള്‍ മുറുകിച്ചുരുങ്ങിയും നീര്‍വീക്കം വന്ന് ശ്വാസനാളി ഭിത്തിക്ക് കനം കൂടിയും കഫക്കെട്ട് മൂലവും ഒക്കെ ഇങ്ങനെ ശ്വാസതടസ്സം അനുഭവപ്പെടും. ശ്വാസമെടുക്കുമ്പോള്‍ ചൂളം വിളിക്കുന്നതുപോലുള്ള ശബ്ദം, ശ്വാസംമുട്ട്, കുറുകലും ചുമയും എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ജീവിത സാഹചര്യങ്ങളിലെ പൊടി, പുക തുടങ്ങി അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങളാണ് പ്രധാനമായി ആസ്ത്മയ്ക്ക് കാരണമാകുന്നത്. രോഗം തീവ്രമാക്കുന്ന പ്രേരകഘടകങ്ങളുമുണ്ട്.
ശ്രദ്ധിക്കേണ്ടത്
അലര്‍ജിക് റൈനൈറ്റിസ്
കാലാവസ്ഥ മാറുമ്പോള്‍ വ്യാപകമായി കാണുന്ന അലര്‍ജിമൂലമുണ്ടാകുന്ന മറ്റൊരു രോഗാവസ്ഥയാണിത്. പൂമ്പൊടി, പൊടി, പുക തുടങ്ങിയവയോടൊക്കെ ചിലരുടെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ പെട്ടെന്ന് പ്രതികരിച്ച് ആന്റിബോഡി ഉണ്ടാക്കുന്നതാണ് ഇതിന് കാരണം. പനി, മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണിന് ചൊറിച്ചിലും ചുവപ്പ് നിറവും തുടങ്ങിയവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്
ചെങ്കണ്ണ്
ഏത് കാലാവസ്ഥയിലും വരാമെങ്കിലും പൊടിപടലങ്ങള്‍ കൂടുതലുള്ള സമയത്താണ് ഈ അസുഖം വ്യാപകമായി കാണപ്പെടുന്നത്. കണ്ണില്‍ തരിതരിപ്പ്, ചുവപ്പ്, വേദന, പുകച്ചില്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ കണ്ണില്‍ പീളയടിയുന്നതും കാണാറുണ്ട്. അലര്‍ജിക് റിയാക്ഷന്, വൈറസ്, ബാക്ടീരിയ അണുബാധ തുടങ്ങിയവയാണ് ചെങ്കണ്ണ് എന്ന കണ്ജെക്ടിവൈറ്റിസിന് കാരണമാകുന്നത്. കണ്ണിന്റെ വെള്ളയിലും കണ്പോളകളിലുമുള്ള നേര്‍ത്ത പാടയായ കണ്ജക്ടൈവയെ ബാധിക്കുന്ന അണുബാധയാണിത്. പൊടി, പുക, പുഴു എന്നിവയില്‍ നിന്നുള്ള അലര്‍ജിമൂലവും ചെങ്കണ്ണുവരാം. കണ്ണുനീര് ഉത്പാദനം കുറവുള്ളവരില്‍ ചെങ്കണ്ണ് വരാന്‍ സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ടത്
ടോണ്‍സിലൈറ്റിസ്
ടോണ്‍സിലൈറ്റിസ് മൂലമുള്ള തൊണ്ടവേദന തണുപ്പുകാലത്ത് കൂടുതലാണ്. പ്രത്യേകിച്ച് കുട്ടികളില്‍. അണ്ണാക്കിന് ഇരുവശങ്ങളിലുമുള്ള ലിംഫ് നോഡുകള്‍ക്കുണ്ടാകുന്ന അണുബാധയാണിത്. തൊണ്ടവേദന, ആഹാരവും ഉമിനീരും ഇറക്കാന്‍ ബുദ്ധിമുട്ട്, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. സ്ട്രെപ്റ്റോ കോക്കസ് ബാക്ടീരിയ, വൈറസുകള്‍ എന്നിവ ടോണ്‍സിലൈറ്റിസിന് കാരണമാകാം. മുതിര്‍ന്നവരില്‍ ടോണ്സിലൈറ്റിസിനേക്കാള് കൂടുതല്‍ ഫാരിന്ജൈറ്റിസാണ് കാണുന്നത്. ഇതില്‍ ടോണ്‍സിലൈറ്റിസ് ലക്ഷണങ്ങളോടൊപ്പം ശബ്ദവ്യത്യാസവും ഉണ്ടാകാം.
ശ്രദ്ധിക്കേണ്ടത്
വൈറല്‍ പനി
കാലാവസ്ഥ മാറുമ്പോള്‍ വ്യാപകമായി കാണുന്ന ഒന്നാണ് വൈറല്‍പ്പനി. വൈറസിന്റെ സ്വഭാവമനുസരിച്ച് രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടാകും. പനി, ക്ഷീണം, ശരീരവേദന, തലവേദന, സന്ധിവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പനിയോടൊപ്പം ഉണ്ടാകാം.
ശ്രദ്ധിക്കേണ്ടത്
സൈനസൈറ്റിസ്
മൂക്കിന് ചുറ്റും കണ്ണിന് താഴെയുള്ള വായു അറകളെ (സൈനസുകള്‍) ബാധിക്കുന്ന അണുബാധ, നീര്‍ക്കെട്ട് എന്നിവയാണ് സൈനസൈറ്റിസ്. ഈ അറകളില്‍ നിന്ന് സ്രവങ്ങള്‍ ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് പഴുപ്പുണ്ടാകുമ്പോഴാണ് സൈനസ് ഗുരുതരമാകുന്നത്. അലര്‍ജി, ബാക്ടീരിയ, വൈറസ് ബാധകള്‍ എന്നിവ സൈനസൈറ്റിസിന് കാരണമാകും. പനി, തലവേദന, മൂക്കടപ്പ്, മഞ്ഞ നിറത്തിലുള്ള കഫം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്
ബ്രോങ്കൈറ്റിസ്
ശ്വാസനാളിയെ ബാധിക്കുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ബ്രോങ്കൈറ്റിസ് വരുത്തുന്നത്. വിട്ടുമാറാത്ത ചുമ, കഫം, കുറുകല്‍, നെഞ്ചില്‍ അസ്വസ്ഥത തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പൊടി, രാസവസ്തുക്കള്‍ എന്നിവ കഫക്കെട്ട് വര്‍ധിക്കാന്‍ ഇടയാക്കും.
ശ്രദ്ധിക്കേണ്ടത്
സ്നേഹവചനങ്ങള്‍ കേള്ക്കാതാവുന്നതോടെ നമ്മുടെ മനസ്സില്‍ ഒരു മരുഭൂമി വളരുകയാണ്. അതോടെ പൊട്ടിച്ചിരികളും തമാശകളും നഷ്ടമാവുന്നു. മനസ്സിന്റെ ഭാരം കളയാനുള്ള വഴികള്‍ വിശദീകരിക്കുകയാണ് മൈന്‍ഡ് ട്രെയിനറായ ഡോ. പി.പി. വിജയന്...
ഒരിക്കല്‍ കണ്ണൂര്‍ സ്വദേശിയായ വീട്ടമ്മ എന്നെ കാണാന്‍ വന്നു. ഒരാള്‍ വീട്ടില്‍ രാത്രി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നുവെന്നതാണ് അവരുടെ പ്രശ്നം. ഭര്‍ത്താവില്ലാത്ത സമയത്താണ് അയാളുടെ 'ഫ്ളെര്ട്ടിംഗ്'. മേലില്‍ തന്നെ വിളിക്കരുതെന്ന് പലവട്ടം താക്കീത് ചെയ്തിട്ടും അയാള്‍ക്ക് നിര്‍ത്താന്‍ ഭാവമില്ല. ഇനി എന്തുചെയ്യണമെന്നാണ് അവര്‍ക്ക് അറിയേണ്ടത്.
ഞാന്‍ പറഞ്ഞതിതാണ്. അങ്ങനെയൊരു ഫോണ്‍ കോള്‍ നമുക്ക് വരുന്നേയില്ലെന്ന് സങ്കല്‍പ്പിക്കുക. ഫോണടിച്ചുകൊണ്ടിരിക്കുമ്പോഴും അങ്ങനെയൊരു കോള്‍ വരുന്നില്ലെന്ന് മനസില്‍ ഉറപ്പിക്കണം. വിളിക്കുന്നയാളുടെ മുഖം മനസില്‍ നിന്ന് മായിക്കുക. കമ്പ്യൂട്ടറില്‍ ചെയ്യുന്നതുപോലെ ആ മുഖം ബ്ലാക്ക് ഔട്ട് ചെയ്യുക. ധ്യാനം (മെഡിറ്റേഷന്‍) ചെയ്യുന്നതുവഴിയാണ് ഇത് സാധ്യമാകുക. കുറച്ചുകാലത്തിനുശേഷം ആ സ്ത്രീയെ വീണ്ടും കണ്ടു. ഇപ്പോള്‍ ഫോണിലൂടെയുള്ള ശല്യപ്പെടുത്തല്‍ ഇല്ലെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ കൊടുത്ത നിര്‍ദേശം ഒരാഴ്ച പ്രാക്ടീസ് ചെയ്തപ്പോള്‍ അയാളുടെ വിളി നിന്നു. പിന്നെ വിളിച്ചിട്ടേയില്ല. ഇവര്‍ക്കത് സാധ്യമായത് ഉപബോധമനസ്സിനെ പരിവര്‍ത്തനപ്പെടുത്തിയത് വഴിയാണ്. മുമ്പ് അവര്‍ എതിര്‍പ്പോടെയാണ് ഫോണ്‍ എടുത്തിരുന്നത്. പക്ഷേ ഉപബോധമനസ്സില്‍ ചില ആകര്ഷണങ്ങള് ഉണ്ടായിരുന്നു താനും. അത് വിളിക്കുന്നയാള്‍ക്കും തിരിച്ചറിയാന്‍ പറ്റി. അതയാളെ പിന്നെയും വിളിക്കാന്‍ പ്രേരിപ്പിച്ചു. മനസില്‍ നിന്ന് അയാളുടെ രൂപം മായിച്ചതോടെ, ഉപബോധമനസ്സ് കൃത്യമായി.
നമുക്ക് രണ്ടുതരം മനസ്സുണ്ട്. ഒന്ന് ബോധ മനസ്സ്. രണ്ടാമത്തേത് അബോധ മനസ്സ്. നാം ഉണര്‍ന്നിരിക്കുമ്പോള്‍ പ്രവര്‍ത്തനനിരതമാകുകയും ഉറങ്ങുമ്പോള്‍ നിഷ്ക്രിയമാകുകയും ചെയ്യുന്നതാണ് ബോധമനസ്സ്. എന്നാല്‍ ഉപബോധമനസ്സാകട്ടെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന നിരതമാണ്. നമ്മുടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം കിടക്കുന്നത് അവിടെയാണ്. ഉപബോധമനസ്സിന്റെ ശക്തികൊണ്ട് ആരോഗ്യവും സമ്പത്തും ആനന്ദവും നേടാന്‍ നമുക്കാവും. ധ്യാനം പോലുള്ള നടപടികളിലൂടെ ഉപബോധമനസിലെ ചിന്തകളെ മാറ്റിക്കളയാം.
ഉപബോധമനസിന്റെ ശക്തിയെപ്പറ്റി പറയാന്‍ രണ്ട് ഉദാഹരണങ്ങള്‍ കൂടി പറയാം. എന്റെ ഭര്‍ത്താവ് മോശമാണ്, മറ്റു പലരെക്കാള്‍ കുറവുകളുണ്ട് എന്ന് ഒരു ഭാര്യ സ്ഥിരം ചിന്തിക്കുന്നു. നന്മയെപ്പറ്റി പറയുന്നതേയില്ല. ഭര്‍ത്താവിന്റെ കുറവുകളെപ്പറ്റി കുറ്റപ്പെടുത്തി സംസാരിക്കുന്നു. അത് ഉപബോധമനസ്സില്‍ കിടന്നു വലുതാകും. ഒടുവില്‍ ഭര്‍ത്താവുമായി മാനസികമായി അകന്ന് പിരിയേണ്ട വക്കിലെത്തും. തിരിച്ച് എന്റെ ഭര്‍ത്താവാണ് നല്ലത്, മറ്റെല്ലാവരേക്കാളും നല്ല ഗുണങ്ങളുണ്ട് എന്ന് മനസില്‍ ഉരുവിടുകയും അത് ഉറപ്പിക്കുകയും ചെയ്തുനോക്കൂ. ഭര്‍ത്താവുമായുള്ള ബന്ധം ഊഷ്മളവും കുടുംബബന്ധം കെട്ടുറപ്പുള്ളതുമാവും.
ഇനി ഒരു നല്ലവീടും കുറേ സൗകര്യങ്ങളും വേണമെന്ന് ആഗ്രഹിക്കുക. ഉപബോധമനസ്സും അതനുസരിച്ച് ക്രമപ്പെട്ടുവന്നാല് നിസംശയം ഉറപ്പിക്കാം ആ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന്. ഗള്‍ഫില്‍ നൂറിലധികം നിലകളുള്ള കെട്ടിടം പണിതുയര്‍ത്തിയ ഒരാളെപ്പറ്റി പറയാം. അയാളുടെ കൈയില്‍ പണം ഇല്ല. പക്ഷേ അയാള്‍ നൂറിലധികം നിലകളുള്ള കെട്ടിടം ആത്മാര്‍ത്ഥമായി സ്വപ്നം കാണുകയായിരുന്നു. അതിന്റെ ഡിസൈനുകളും അതിലെ ഉപബോധമനസും അതനുസരിച്ച് ക്രമപ്പെട്ടു. ബാക്കിയെല്ലാ ഘടകങ്ങളും വന്നുചേരുകയും അതെല്ലാം അയാള്‍ കൃത്യമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതോടെ കെട്ടിടം ഉയര്‍ന്നു.
പറഞ്ഞുവരുന്നത് മനസ്സിന്റെ അപരിമിതമായ വലിയ ശക്തിയെപ്പറ്റിയാണ്. ജനിക്കുന്ന നിമിഷം മുതല്‍ നിഷേധവികാരങ്ങളും വിചാരങ്ങളും നിക്ഷേപിക്കപ്പെടുന്ന മാലിന്യപ്പെട്ടിയായി നമ്മളിതിനെ മാറ്റരുത്. മനസ് എന്ന വജ്രത്തെ പൊതിഞ്ഞ് അഴുക്കിന്റെ കനത്ത ആവരണം രൂപപ്പെടുകയായി. അഭിനന്ദനവും പ്രോത്സാഹനവും ദുര്‍ലഭമാകുമ്പോള്‍ മനസില്‍ ഒരു മരുഭൂമി വളര്‍ന്നു വരികയായി. മറ്റുള്ളവരോട് നല്ല വാക്ക് ഉരിയാടാന്‍ നമുക്ക് കഴിയാതാവുന്നു. നന്മകള് കണ്ടാല്‍ സന്തോഷം തോന്നാതാകുന്നു. പൊട്ടിച്ചിരികളും തമാശകളും നഷ്ടമാകുന്നു. മനസില്‍ വലിയ ഭാരം പേറി ജീവിക്കുന്ന ഒരവസ്ഥ. ഈ അഴുക്ക് കഴുകിക്കളഞ്ഞ് ആദ്യം മനസിനെ ശുദ്ധീകരിക്കണം.
കേരളത്തിലെ സ്ത്രീകളില്‍ 35 മുതല്‍ 40 വരെ ശതമാനം പേരും ഇന്ന് തൈറോയിഡിന്റെ പിടിയിലാണ്. ഇതിലേറെയും 35 വയസ്സ് കഴിഞ്ഞവരാണ്. പക്ഷേ, ഇതിനെ കാര്യമായെടുക്കുന്നവര്‍ കുറവാണെന്നത് പ്രശ്നമാകുന്നുണ്ട്. ശരീരത്തിന്റെ മറ്റു പല പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.
തൈറോയിഡ് പ്രധാനമായും അഞ്ച് വിധമുണ്ടെന്ന് ഡോക്ടേഴ്സ് ഡയഗേ്നാസ്റ്റിക് ന്യൂക്ലിയര്‍ മെഡിസിന് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. കെ. അജിത് ജോയ് പറയുന്നു. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത താഴേക്കു പോകുന്ന ഹൈപോ തൈറോയിഡിസം ആണ് ആദ്യത്തേത്. തലച്ചോറിന്റെ നിയന്ത്രണത്തില്‍ നിന്ന് തൈറോയിഡ് ഗ്രന്ഥി പുറത്തു ചാടുകയും ടി 3, ടി 4 ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് രണ്ടാം തരം. ഇതിന് ഹൈപര്‍ തൈറോയിഡിസം എന്നു പറയാം. തൈറോയിഡ് ഗ്രന്ഥികളില്‍ നീര് കെട്ടുന്നതാണ് തൈറോഡൈറ്റ്. ഇതില്‍ ഹൈപര്‍ - ഹൈപോ തൈറോയിഡിസത്തിന്റെ ലക്ഷണം ഒരുപോലെ പ്രകടമാണെങ്കിലും ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത താഴേക്കു തന്നെയാണ്. തൈറോയിഡിനെ ബാധിക്കുന്ന അര്‍ബുദമാണ് നാലാം തരം. കണ്ജനിറ്റിയല് ഹൈപോ തൈറോയിഡിസവും പ്രശ്നമാണ്. ജന്മനാ തൈറോയിഡ് ഗ്രന്ഥി ഇല്ലാതിരിക്കുന്നതോ പ്രവര്‍ത്തനരഹിതമായതോ ആയ അവസ്ഥയാണിത്.
ഏതെങ്കിലും കാരണം കൊണ്ട് ഗ്രന്ഥിയുടെ ശേഷി കുറയുകയാണെങ്കില്‍ ആവശ്യമായ തോതില്‍ ഹോര്‍മോണ്‍ നല്കി പ്രശ്നം പരിഹരിക്കാം. എന്നാല്‍ ഹൈപര്‍ തൈറോയിഡിസം ചികിത്സിച്ചു ഭേദമാക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്. ആന്റി തൈറോയിഡ് മരുന്നുകള്‍ സ്വീകരിക്കുകയാണ് ആദ്യ മാര്‍ഗ്ഗം. റേഡിയോ ആക്ടീവ് 131 അയഡിന്‍ ഒരു പ്രാവശ്യം ഉപയോഗിച്ച് തൈറോയിഡ് നിയന്ത്രിക്കാം. 90 ശതമാനം പേരിലും ഒരു തവണത്തെ പ്രയോഗത്തിലൂടെ തൈറോയിഡ് ഭേദമാകും. ബാക്കി 10 ശതമാനത്തില്‍ രണ്ടാമതൊരു തവണ കൂടി വേണ്ടി വന്നേക്കാം. കഴുത്തില്‍ മുഴ പോലെ കെട്ടിയിട്ടുള്ള തൈറോയിഡ് നീക്കാന്‍ ശസ്ത്രക്രിയയും ആവശ്യമായി വരാറുണ്ട്. മുമ്പ് കേരളത്തില്‍ വ്യാപകമായുണ്ടായിരുന്ന രോഗമായിരുന്നു അയഡിന്‍ ഡെഫിഷ്യന്‍സി ഗോയിറ്റര്‍. എന്നാല്‍ അയഡൈസ്ഡ് ഉപ്പ് ഉപയോഗിച്ചു തുടങ്ങിയതോടെ ഇത് ഇല്ലാതായി. തമിഴ്നാട്ടിലൊക്കെ ഈ രോഗമുള്ളവരെ ഇപ്പോഴും കാണാം.
മൂന്നു മാസത്തിലൊരിക്കല്‍ മുറപോലെ കേരളത്തില്‍ വരുന്ന വൈറല്‍ പനിയും ജലദോഷവും തൈറോയിഡിന് വലിയൊരു പരിധിവരെ കാരണമാണ്. അമിതവണ്ണം, രക്തസമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയും തൈറോയിഡിന് കാരണങ്ങളാകുന്നു.
സ്ത്രീകളെയാണ് തൈറോയിഡ് കൂടുതലായി ബാധിക്കുന്നത്. ഹൈപോ തൈറോയിഡ് പലപ്പോഴും പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് എന്ന രോഗത്തിനു വഴിവെയ്ക്കും. വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് കാരണം തൈറോയിഡ് ബാധിക്കുന്ന കേസുകളും കുറവല്ല.
തൈറോയിഡിനെ പ്രതിരോധിക്കുക എളുപ്പമല്ല. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ ചികിത്സിക്കുകയാണ് മാര്‍ഗ്ഗം. അമിതവണ്ണം തടയുക എന്നത് തൈറോയിഡിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇതില്‍ വ്യായാമത്തിനുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഭക്ഷണം ക്രമീകരിക്കുകയാണ് മറ്റൊരു വഴി. മത്സ്യം നല്ലൊരു ഭക്ഷ്യവസ്തുവാണ്. അയഡിന്‍ അടങ്ങിയ ഉപ്പ് ആവശ്യമായ അളവില്‍ ഉപയോഗിക്കുക. ഉപ്പിന്റെ ഉപയോഗം കൂടുന്നതും നല്ലതല്ല. അത് അമിത രക്തസമ്മര്‍ദ്ദത്തിനു വഴിവെയ്ക്കും. അതുവഴി തൈറോയിഡിനും.
പനി ഒരുവിധം വിട്ടൊഴിഞ്ഞെങ്കിലും അതുണ്ടാക്കിയ അനുബന്ധ അസുഖങ്ങളില്‍ മുടന്തുകയാണ് കേരളം. പനിക്ക് ശേഷമുണ്ടാകുന്ന രോഗങ്ങള്‍ക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ. എ.വി. രത്നകുമാരി ചികിത്സ നിര്‍ദേശിക്കുന്നു...
പനി തത്കാലത്തേക്കെങ്കിലും മാറിയെന്ന് ആശ്വസിക്കുകയാണ് നമ്മളെല്ലാവരും. എന്നാല്‍ പനി മാത്രമാണ് മാറിയത്. പനിയോടനുബന്ധിച്ചുവന്ന സന്ധിവേദനയും ക്ഷീണവും മറ്റുമായി ഒരുപാട് പേര് ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്.
സന്ധിവേദന, പേശിവേദന, സന്ധികളില്‍ വീക്കം, നീര്‍ക്കെട്ട്, കൈകാലുകള്‍ക്ക് ബലക്കുറവ്, തൊലിപ്പുറത്ത് തിണര്‍പ്പും നിറഭേദവും, ഉറക്കക്കുറവ്... പലരുടേയും പ്രശ്നങ്ങള്‍ പല തരത്തില്‍. എങ്കിലും മിക്കവര്‍ക്കും സന്ധിവേദനയാണ് പ്രധാന രോഗം. ചിലരില്‍ ദിവസങ്ങള്‍കൊണ്ടുതന്നെ വേദനയും വീക്കവും മാറുന്നുണ്ട്. എന്നാല്‍ നല്ലൊരു വിഭാഗം ആളുകളിലും പ്രശ്നം മാസങ്ങളോളം നീളുന്നു. കണങ്കാല്, കാല്‍മുട്ട്, ചുമല്, മണിബന്ധം, കൈവിരലുകള്‍ എന്നിവിടങ്ങളിലാണ് വേദനയും വീക്കവും കൂടുതല്‍ കാണുന്നത്.
വര്‍ഷകാലത്ത് കാണുന്ന പകര്‍ച്ചവ്യാധികളില്‍ പ്രധാനപ്പെട്ടത് പനിയാണ്. പനിയും അതുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങളും അതിജീവിക്കാനുള്ള വഴികള്‍ ആയുര്‍വേദത്തിലെ ഋതുചര്യയില്‍ വിവരിക്കുന്നുണ്ട്. ജലദോഷം, കഫക്കെട്ട്, മുറിവ്, വയറിളക്കം, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളോടനുബന്ധമായി പനി ഉണ്ടാകുന്നു. ഇപ്പോഴത്തെ പനി ഉള്ളവരില്‍ പിത്തജ്വര ലക്ഷണമാണ് പ്രകടമാകുന്നത്. അതുകൊണ്ട് പിത്തദോഷത്തിനുള്ള ചികിത്സയാണ് പനിക്കും അനുബന്ധപ്രശ്നങ്ങള്‍ക്കും ആയുര്‍വേദം ഉപദേശിക്കുന്നത്.
സന്ധി വേദനയും നീര്‍ക്കെട്ടും
ശരീരവേദന, സന്ധികളില്‍ വീക്കം, നിറവ്യത്യാസം എന്നിവയ്ക്ക് സന്ധിവാതചികിത്സാക്രമങ്ങളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. മുരിങ്ങയില ഉപ്പുചേര്‍ത്ത് അരച്ച് വേദനയും നീര്‍ക്കെട്ടുമുള്ള ഭാഗത്ത് കാല് ഇഞ്ച് കനത്തില്‍ പുരട്ടുന്നത് വേദനക്ക് നല്ല ആശ്വാസം നല്‍കും. ഉലുവ പാലില്‍ പുഴുങ്ങി അരച്ച് വെണ്ണചേര്‍ത്ത് പുരട്ടുന്നതും കാഞ്ഞിരക്കുരു അരച്ച് പുരട്ടുന്നതും വേദന ശമിക്കാന്‍ നല്ലതാണ്.
മുരിങ്ങയില അല്പം വാട്ടി കിഴികെട്ടി, ഈ കിഴി ചൂടാക്കി വേദനയുള്ള ഭാഗങ്ങളില്‍ ഉഴിയുന്നത് ആശ്വാസമുണ്ടാക്കും. ഉമ്മത്തിന് ഇലയും ആവണക്കിലയും കിഴികെട്ടി ചൂടാക്കിയും ഇന്തുപ്പ് വറുത്തുപൊടിച്ച് കിഴികെട്ടിയും ഇതുപോലെ ചെയ്യാം. ആവണക്കെണ്ണ ഒരൗണ്‍സ് അല്പം ചൂടുവെള്ളത്തിലൊഴിച്ച് രാത്രി പതിവായി കഴിക്കുന്നതും വേദന കുറയ്ക്കും. ചിറ്റമൃത് കഷായംവെച്ച് ഗുല്ഗുലു ചേര്‍ത്ത് സേവിക്കുന്നതും വൈദ്യനിര്‍ദേശപ്രകാരം ചെയ്യാവുന്ന ചികിത്സയാണ്. അമൃതാരിഷ്ടം, കൈശോരഗുല്ഗുല് ഗുളിക ചേര്‍ത്തോ, വെട്ടുമാറല് ഗുളിക ചേര്‍ത്തോ കഴിക്കുന്നതും പനിഅനുബന്ധ അസ്വസ്ഥതകള്‍ ഒരുപരിധിവരെ ശമിപ്പിക്കും. മുരിങ്ങാത്തൊലി കാടിവെള്ളം ചേര്‍ത്തരച്ച് പുരട്ടുന്നത് നല്ലൊരു വേദനാസംഹാരിയാണ്.
ധാര നല്ല ആശ്വാസം
വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ വേദനയും നീര്‍ക്കെട്ടുമുള്ള ഭാഗങ്ങളില്‍ ധാര ചെയ്യുന്നത് നല്ല ചികിത്സയാണ്. കമ്യൂണിസ്റ്റ് അപ്പ, പുളിയില ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ വേദനയുള്ള ഭാഗം മുക്കിവെക്കുന്നതും, ധാരചെയ്യുന്നതും ആശ്വാസമേകാറുണ്ട്. ദശമൂലം ഇട്ട് തിളപ്പിച്ച പാല്, പിണ്ഡതൈലം, ദശമൂലം കഷായം ഇവകൊണ്ടും ധാരകോരുന്നത് നല്ലതാണ്. ചുട്ടുനീറ്റല്‍, ചൂട്, ചുവപ്പുനിറം ഇവ മാറാന്‍ അരിക്കാടിയോ, പുളിച്ച കാടിയോ, തൈരിന്വെള്ളമോ (തൈര് വച്ചിരുന്നാല്‍ മുകളില്‍ അടിയുന്ന വെള്ളം) ധാര ചെയ്യുന്നത് നല്ലതാണ്.
വേപ്പില സ്വല്പം ഇന്തുപ്പ് ചേര്‍ത്ത് അരച്ചതോ, എള്ളും ശതകുപ്പയും പാല് ചേര്ത്തരച്ചതോ കാല് ഇഞ്ച് കനത്തില്‍ വേദനയും വീക്കവുമുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് ആവണക്കിലയോ വാഴയിലയോ വാട്ടിവെച്ച് കെട്ടുന്നത് വേദന കുറയാന്‍ സഹായിക്കും.
ചൊറിച്ചില്‍, മൂക്കിന് കറുപ്പുനിറം
പനി ബാധിച്ചവര്‍ക്ക് രക്തശുദ്ധിക്കുറവിന്റെ പ്രശ്നങ്ങളും കാണാറുണ്ട്. ഈ അസുഖത്താല്‍ പിത്തദോഷം കോപിച്ച് രക്തധാതുവിനെ ദുഷിപ്പിക്കുന്നു. അതിനാലാണ് ത്വക്കില്‍ ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകുന്നത്. പലരിലും കവിളിലും മൂക്കിന്മേലുമാണ് നിറവ്യത്യാസം കാണുന്നത്. ഏലാദിചൂര്‍ണം മോരില്‍ ചേര്‍ത്ത് പുരട്ടുന്നതും രക്തചന്ദനം അരച്ചുപുരട്ടുന്നതും മൂക്കിന്റെ കറുപ്പുനിറം മാറാന്‍ സഹായിക്കും.
ചൊറിച്ചില്‍ മാറാന്‍ വേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) ഇട്ട് തിളപ്പിച്ച വെള്ളംകൊണ്ട് ശരീരം കഴുകുന്നതും നന്നായിരിക്കും. ക്ഷീണം മാറ്റാന്‍ ദശമൂലാരിഷ്ടം, മൃതസജ്ജീവനി എന്നിവ സമാസമം ചേര്‍ത്ത് ഒരു ഔണ്‍സ് വീതം രണ്ടുനേരം ഭക്ഷണശേഷം കഴിക്കുന്നത് നന്നായിരിക്കും. വിശപ്പില്ലായ്മയ്ക്കും ഇത് നല്ല മരുന്നാണ്.
വ്യായാമവും വിശ്രമവും
സന്ധികളിലെ ചലനശേഷി വീണ്ടെടുക്കാനും കൈകാലുകള്‍ അനായാസമായി പ്രവര്‍ത്തിപ്പിക്കാനും മിതമായി വ്യായാമം ചെയ്യുന്നത് നന്നായിരിക്കും. ചെറിയരീതിയില്‍ ഫിസിയോതെറാപ്പിയും ആവാം. വ്യായാമം ആരംഭത്തില്‍ അല്പം വേദന കൂട്ടുമെങ്കിലും തുടര്‍ച്ചയായി ശീലിക്കുമ്പോള്‍ പ്രയാസങ്ങള്‍ കുറഞ്ഞുവരും. നടത്തം, കിടന്നുകൊണ്ടുള്ള ചെറുവ്യായാമങ്ങള്‍, ഉദാഹരണമായി കാല്‍മുട്ട് മടക്കുക, നിവര്‍ത്തുക, കൈവിരലുകള്‍ തുടര്‍ച്ചയായി ചലിപ്പിക്കുക പോലുള്ള വ്യായാമങ്ങള്‍ അസ്വസ്ഥത വളരെയേറെ കുറയാന്‍ സഹായിക്കും. കൈകാലുകള്‍ പെട്ടെന്ന് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യരുത്. പെട്ടെന്നുള്ള ചലനങ്ങള്‍ വേദന കൂട്ടും.
രോഗാവസ്ഥയുടെ തീവ്രതയനുസരിച്ചാണ് വിശ്രമം എത്രയാകാമെന്ന് നിശ്ചയിക്കുന്നത്. പകലുറക്കം, രാത്രി ഉറക്കമൊഴിക്കല്‍ എന്നിവ ദോഷം ചെയ്യും. പകല്‍ ഉറങ്ങുമ്പോള്‍ കഫം വര്‍ധിക്കുകയും മന്ദത ഉണ്ടാവുകയും ചെയ്യും. രാത്രി ഉറക്കമൊഴിക്കുമ്പോള്‍ വാതം വര്‍ധിക്കുന്നതു കാരണം വേദന, നീര്, ചുട്ടുനീറ്റല്‍ എന്നിവ ഉണ്ടാവുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും. ആരോഗ്യമുള്ള ഒരാള്‍ രാത്രി ആറു മണിക്കൂര്‍ ഉറങ്ങണം. ഉറക്കമൊഴിക്കേണ്ടിവന്നാല് പിറ്റേന്ന് ഭക്ഷണം കഴിക്കാതെ ഉറക്കമൊഴിച്ചതിന്റെ പകുതിസമയം പകല്‍ ഉറങ്ങണം. വിശ്രമിക്കുന്ന സമയങ്ങളില്‍ കാല് തൂക്കിയിടാതെ നിവര്‍ത്തിവെക്കുന്നത് നീര്‍ക്കെട്ടും വേദനയും കുറയാന്‍ സഹായിക്കും.
പനിക്കുശേഷമുള്ള അസ്വസ്ഥതകള്‍ കൊണ്ട് ശരീരബലം കുറഞ്ഞ അവസരങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ശരീരത്തെ ക്ഷീണിപ്പിക്കും. കഴിയുന്നതും ഈ സമയത്ത് സെക്സ് ഒഴിവാക്കുന്നതാണ് ഉചിതം. കഠിനമായ ജോലികള്‍ ചെയ്യുന്നതും, ഭാരം ചുമക്കുന്നതും, പടികള്‍ കയറുന്നതും ശാരീരികാധ്വാനം കൂടുതല്‍ ആവശ്യമായിവരുന്ന കായികവിനോദങ്ങളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
ആഹാരകാര്യത്തില്‍ ശ്രദ്ധ
പനിക്കുശേഷം ചിലര്‍ക്ക് വിശപ്പ് കൂടുന്നതും ചിലര്‍ക്ക് വിശപ്പില്ലായ്മയും കാണാറുണ്ട്. ഈ സമയത്ത് വയറ് സ്തംഭനം വരാതെ നോക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. എളുപ്പം ദഹിക്കുന്ന ഭക്ഷണമേ കഴിക്കാവൂ. എണ്ണമയമുള്ള ഭക്ഷണം കഴിവതും കുറയ്ക്കണം. എളുപ്പം ദഹിക്കുന്ന പൊടിയരിക്കഞ്ഞി, മലര്‍ക്കഞ്ഞി എന്നിവ ഈ സമയത്ത് ശീലിക്കുന്നത് നല്ലതാണ്. എരിവ്, പുളി, ഉപ്പ്, മസാല എന്നിവ അധിമാകു ന്നത് രക്തദുഷ്ടിക്ക് കാരണമാകും. വെള്ളരി, കുമ്പളം, പടവലം, കയ്പക്ക, മുന്തിരി, വാഴപ്പഴം, കക്കിരിക്ക എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. പഴച്ചാറുകളും മുളപ്പിച്ചു വേവിച്ച ധാന്യങ്ങളും പയറുകളും കഴിക്കുന്നത് നല്ലതാണ്. മത്സ്യമാംസാദികള്‍ ഒഴിവാക്കുന്നതാണ് ഉചിതം. മദ്യവും കോളയും കുടിക്കുന്നത് നന്നല്ല. ഇത് രോഗാവസ്ഥ ദീര്‍ഘിപ്പിക്കും. ബേക്കറി പലഹാരങ്ങളും കുറച്ചുകാലത്തേക്ക് ഒഴിവാക്കുന്നത് നന്നായിരിക്കും.
തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്. മൂത്രത്തോടൊപ്പം ശരീരത്തിലെ അനാവശ്യ നീരുകളും ഒഴുക്കിക്കളയുമെന്നതാണ് കാരണം. കൃത്യമായ ശോധനയ്ക്കും ഇത് സഹായിക്കും.
വെയിലും മഴയും പ്രശ്നം
ശരീരബലം പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കും. ഈ കാലമത്രയും കഠിനമായ വെയിലോ മഴയോ ഏല്‍ക്കുന്നത് ഒഴിവാക്കണം. കുളിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. തലകുളിക്കുന്നത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ മതി. ദിവസവും ശരീരം കഴുകാന്‍ വേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നത് നന്നായിരിക്കും. ഫാനിന്റെ കാറ്റ് നേരിട്ട് തട്ടുന്നിടത്തും എ.സി. മുറിയിലും അധികസമയം കഴിയുന്നത് രോഗാവസ്ഥ വര്‍ധിപ്പിക്കും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ അരമണിക്കൂര്‍ കൂടുമ്പോഴെങ്കിലും എണീറ്റ് അല്പസമയം നടക്കുന്നത് നന്നായിരിക്കും. ഒരേ ഇരുപ്പ് കണങ്കാലില്‍ നീര്‍ക്കെട്ടും വേദനയും കൂട്ടും.
രോഗപ്രതിരോധം
പനി ഒരു രോഗമല്ല. രോഗത്തിന്റെ മുന്നറിയിപ്പാണ്. അതുകൊണ്ട് അസുഖം കണ്ടുതുടങ്ങുമ്പോഴേ രോഗപ്രതിരോധത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ശരിയായ രീതി. അങ്ങനെയാകുമ്പോള്‍ പനിക്ക് ഒപ്പമോ, പനിക്കുശേഷമോ വരാവുന്ന അനുബന്ധരോഗങ്ങളെ തടയാന്‍ കഴിയും. ഇതിന് ആഹാരകാര്യത്തിലെ ചിട്ടയാണ് പ്രധാനം.
പനിക്കുശേഷം ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒന്നോ രണ്ടോ തവണ വയറിളക്കുന്നത് നന്നായിരിക്കും. അവിപത്തിചൂര്ണമോ, ആവണക്കെണ്ണയോ അല്പം കഴിച്ചാല്‍ മതി. രോഗാവസ്ഥ പൂര്‍ണമായും സുഖമാകുന്നതുവരെ അല്പം അഷ്ടചൂര്‍ണം മോരില്‍ കലക്കി ദിവസവും ആഹാരത്തിനു മുന്‍പ് കഴിക്കുന്നത് ശരിയായ ദഹനത്തിന് സഹായിക്കും.
പഴകിയ പൊടിയരി, ഗോതമ്പ്, ചെറുപയര്‍, മുതിര, പച്ചക്കറിസൂപ്പ്, ഉപ്പിലിട്ട മാങ്ങ, പുളിയിഞ്ചി എന്നിവ കഴിക്കുന്നത് നല്ലതാണ്. തിപ്പലി, ചുക്ക്, തുവര്‍ച്ചിലയുപ്പ് ഇവ ചേര്‍ത്ത് തയ്യാറാക്കിയ തൈരിന്‍വെള്ളം കുടിക്കുന്നതും നന്ന്. ഉണക്കമുന്തിരി, ഈത്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ് എന്നിവ മിതമായി ശീലിക്കാം.
ചുക്ക്, തുളസി, കുരുമുളക് ഇവ ചതച്ചിട്ട് കഷായംവെച്ച് കഴിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും. കഷായത്തില്‍ വില്വാദിഗുളികയും വെട്ടുമാറല് ഗുളികയും മേമ്പൊടി ചേര്‍ക്കുന്നത് നല്ല ഫലം ചെയ്യും. ചിറ്റമൃത്, മുത്തങ്ങ, ചന്ദനം, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം ഇവ സമം കഷായം വെച്ച് (അമൃതാഷഡംഗം കഷായം) കഴിക്കുന്നതും നല്ലതാണ്.
രോഗം ഒരിക്കല്‍ ചികിത്സിച്ചു മാറ്റിയാല്‍ തന്നെയും തണുപ്പ് കാലാവസ്ഥയും ജീവിതരീതിയിലുള്ള മാറ്റവും കൊണ്ട് വീണ്ടും വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചിലരില്‍ തുടര്‍ച്ചയായ ചികിത്സയും പഥ്യമായ ആഹാരരീതിയും അനുവര്‍ത്തിക്കേണ്ടി വരാറുണ്ട്.
നമ്മുടെ ഭക്ഷണശീലത്തില്‍ ഗുരുതരമായ പിശകുകളുണ്ടെന്ന് വിദഗ്ധര്‍. അവ പരിഹരിച്ച് നമ്മള് സ്വീകരിക്കേണ്ട ആരോഗ്യകരമായ ഒരു ഭക്ഷണക്രമത്തെക്കുറിച്ചാണ് ഡോ. കെ. മാലതി എഴുതുന്നത്...
ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം ലോകത്തെവിടെയുമുണ്ടാകുന്ന മാറ്റം ഏറ്റുവാങ്ങുന്നവരാണ് നമ്മള് കേരളീയര്‍. അതിന്റെ നന്മതിന്മകളെക്കുറിച്ച് ആലോചിക്കാന്‍പോലും മിനക്കെടാതെ പുതിയ വിഭവങ്ങളിലേക്കും ഭക്ഷണചര്യയിലേക്കും കൂപ്പുകുത്തുന്ന കേരളം, ഇന്ന് വന്‍ വില കൊടുത്തു വാങ്ങുന്ന പോഷണദാരിദ്ര്യത്തിന്റെ നടുവിലാണ്. നൂറ്റാണ്ടുകള്‍കൊണ്ട് സ്ഫുടം ചെയ്തെടുത്ത കുറ്റമറ്റ ഒരു ഭക്ഷണ പാരമ്പര്യം കേരളത്തിനുണ്ടായിരുന്നു. അതു നമുക്കിന്ന് അന്യമായിത്തീര്‍ന്നോ എന്നു സംശയം.
ഭക്ഷണത്തെക്കുറിച്ച് വ്യവസ്ഥാപിതമായ പോഷണശാസ്ത്രം ഉണ്ടാകുന്നതിനുമെത്രയോ മുന്‍പുതന്നെ നമ്മുടെ ഭക്ഷണം സമീകൃതമായിരുന്നു. ആ ഭക്ഷണശൈലിയില്‍ ഓരോ സമയത്തെയും ഭക്ഷണം സമീകൃതമായിരുന്നു. ഓരോ വിഭവവും സംപുഷ്ടമായിരുന്നു. ശരീരരക്ഷയും ദേഹപുഷ്ടിയും മാനസികാരോഗ്യവും മുന്നില്‍ കണ്ടുകൊണ്ട് ആസൂത്രണം ചെയ്തവയായിരുന്നു ആ ഭക്ഷണവിഭവങ്ങള്‍. അവ നമ്മളിന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പരീക്ഷിച്ചുനോക്കുന്നു. അതിലൊന്നാണ് തിരുവോണം നാളിലെ സദ്യ. സാമ്പാറും പരിപ്പും അവിയലും എരിശേരിയും പുളിശേരിയും പച്ചടിയും കിച്ചടിയും തോരനുമൊക്കെ ഓര്‍മയുടെ അക്ഷയപാത്രത്തില്‍ നിന്നെടുത്ത് പാകം ചെയ്തു വിളമ്പുന്നു. ആ സന്ദര്‍ഭങ്ങളൊഴിവാക്കിയാല്‍ നമ്മുടെ തനതായ ഭക്ഷണവിഭവങ്ങളില്‍ നിന്നൊക്കെ എത്രയോ അകലെയാണ് നാം.
പ്രാതലിന് പഴമക്കാര്‍ക്ക് കഞ്ഞിയും പുഴുക്കുമായിരുന്നു പ്രധാനം. ആധുനിക ജീവിതശൈലീരോഗങ്ങളായ പ്രമേഹത്തെയും രക്താതിസമ്മര്‍ദത്തെയും കുറയ്ക്കാന്‍ ആ പ്രാതലിന് ഇപ്പോഴും കഴിയും. അതു കഴിഞ്ഞ് കാപ്പിയും പലഹാരവുമായി നമ്മളുടെ പ്രാതല്‍. അപ്പോഴും കുഴപ്പമൊന്നുമില്ലായിരുന്നു. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, പുട്ടും പയറും പഴവും, അപ്പവും കൂട്ടുകറിയും - ഇങ്ങനെയുള്ള പ്രാതല്‍ മുതിര്‍ന്നവര്‍ക്ക് ജോലി ചെയ്യാനും കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പോഷണമൂല്യങ്ങള്‍ വേണ്ടത്ര നല്‍കിയിരുന്നു. ഏതാണ്ട് 12 മണിക്കൂര്‍ നീളുന്ന നിരാഹാരത്തിനു ശേഷം കഴിക്കുന്ന പ്രാതലാണ് വ്യക്തിക്ക് ആ ദിവസത്തേക്കാവശ്യമായ ശേഷിയും ഊര്‍ജവും നല്‍കുന്നത്.
ഇന്ന് ചെറിയ കുട്ടികള്‍പോലും പ്രാതല്‍ ഒഴിവാക്കുകയോ സാഹചര്യ സമ്മര്‍ദങ്ങള്‍മൂലം കഴിച്ചെന്നു വരുത്തുകയോ ചെയ്യുന്നു. രണ്ടു കഷണം ബ്രെഡും പൊതുവിതരണശൃംഖലയില്‍ ലഭിക്കുന്ന ഒരു ഗ്ലാസ് പാലും അതാവും പ്രാതല്‍. ലഞ്ചും അതുതന്നെയാവും. വൈകീട്ട് സ്കൂള്‍ വിട്ട് തിരിച്ചെത്തുമ്പോഴും പോഷണദാരിദ്ര്യമുള്ള കേക്കോ, ബിസ്കറ്റോ, ചീറ്റോസോ ഒക്കെയാവും ഭക്ഷണം. വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ ശരീരത്തിനാവശ്യമായ ഊര്‍ജമോ, മാംസ്യമോ, ലവണങ്ങളോ, ജീവകങ്ങളോ വലിയ വിലകൊടുത്ത് വാങ്ങുന്ന ഈ ഭക്ഷണസാധനങ്ങള്‍ നല്‍കുന്നില്ല.
കൊഴുപ്പ് കൂടുതലടങ്ങിയ ഫാസ്റ്റ് ഫുഡിന്റെ അടിമകളായി മാറിയിരിക്കുന്നു ഇന്നത്തെ തലമുറ. ഈ സൗകര്യ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പാകപ്പെടുത്തണ്ട, പാത്രങ്ങള്‍ കഴുകണ്ട, എപ്പോഴും ലഭ്യം. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഫുഡ്ഷോകളിലും മധുരവും കൊഴുപ്പും ധാരാളം ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളാണധികവും. ഇവയെല്ലാംകൂടെ ചേര്‍ന്നതാണ് ഇന്ന് കേരളത്തിന്റെ പൊതു സമ്പത്തായി മാറിയിരിക്കുന്ന ദുര്‍മേദസ്സും മറ്റു ജീവിതശൈലീരോഗങ്ങളും. മനുഷ്യശരീരത്തിന് പട്ടിണിയെ അതിജീവിക്കാനുള്ള അസാമാന്യമായ കഴിവുണ്ട്. എന്നാല്‍, ഭക്ഷണ ധാരാളിത്തത്തെ അതിജീവിക്കാനാവില്ല.
പച്ചക്കറികള്‍ കേടു വരാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികള്‍ക്കു പുറമേയാണ് കച്ചവടക്കാരുടെ കീടനിയന്ത്രണം. മത്സ്യ വും മാംസവും ഇത്തരം പ്രയോഗങ്ങള്‍ കഴിഞ്ഞാണ് നമ്മുടെ മുന്നിലെത്തുന്നത്. അതുപോലെതന്നെയാണ് കമ്പോളത്തില്‍ ലഭിക്കുന്ന പലതരം കറിപ്പൊടികളും. സംരക്ഷിത ജലം പത്തു ശതമാനം പേര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ.
യുവജനങ്ങളുടെ ഇടയില്‍ മദ്യം ഒരു ഭക്ഷണവിഭവത്തിന്റെ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. പ്രാതല്‍ ഒഴിവാക്കി 11 മണിക്ക് ഒരു ഹെവി ബ്രഞ്ച് കഴിക്കുകയും വെള്ളം കുടിക്കുന്ന ലാഘവത്തോടെ ബിയറും മറ്റു ലഹരിപാനീയങ്ങളും കഴിക്കുകയും ചെയ്യുന്നത് കൗമാരപ്രായക്കാരുടെ ഇടയില്‍പോലും ഒരു രീതിയായി മാറിയിട്ടുണ്ട്. മുതിര്‍ന്നവരുടെ ഇടയിലാണെങ്കില്‍ 'ചൂടന്‍' പാര്‍ട്ടികള്‍ സാധാരണമായി. മദ്യമില്ലാതെ എന്താഘോഷം എന്നു കരുതുന്ന കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് മറുനാട്ടിലെ കേരളീയരെപ്പോലും ലജ്ജിപ്പിക്കുന്നു. ഫലമോ? കരള്‍രോഗങ്ങള്‍ക്കടിമയാകുന്നു കേരളം. നമ്മളിന്ന് അനുകരിക്കുന്ന പടിഞ്ഞാറന്‍ ഭക്ഷ്യസംസ്കാരം കേരളത്തിലേക്കു നുഴഞ്ഞു കയറാന്‍ തുടങ്ങിയിട്ട് 20-25 വര്‍ഷമേ ആയിട്ടുള്ളു. നമുക്കു തിരിച്ചുപോകാന്‍ ഇനിയും സമയമുണ്ട്.
മാതൃകാഭക്ഷണക്രമം
കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പിന്തുടരാന് പറ്റിയ ഒരു ഭക്ഷണക്രമം.
കാപ്പി/ചായ (ഒരു കപ്പ്)
ഇഡ്ഡലി, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ദോശ, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ചപ്പാത്തി, കൂട്ടുകറി, ചായ/കാപ്പി
പുട്ട്, കടലക്കറി, ചായ/കാപ്പി
പുട്ട്, പയറ്, പഴം, ചായ/കാപ്പി
കഞ്ഞി, ചെറുപയര്‍ തോരന്‍
കഞ്ഞി, പുഴുക്ക്
ചോറ് രണ്ട് കപ്പ്
സാമ്പാര്‍/പരിപ്പുകറി/മീന്‍ കറി/ഇറച്ചിക്കറി
അവിയല്‍
സാലഡ്
മോര്
ചെറുപഴം 1/തക്കാളി 1/ ഓറഞ്ച് 1/ മുന്തിരിങ്ങ (10 എണ്ണം)
കാപ്പി/ചായ ഒരു കപ്പ്
കഞ്ഞി, ചെറുപയര്‍ കടുക് വറുത്തത്
ചോറ്, അവിയല്‍, രസം
ചപ്പാത്തി, കൂട്ടുകറി, സാലഡ്
കടപ്പാട്-channelkeralalzone.blogspot.in
അവസാനം പരിഷ്കരിച്ചത് : 1/11/2022
കൂടുതല്‍ വിവരങ്ങള്‍
വിവിധ ഗർഭകാല ആരോഗ്യ വിവരങ്ങൾ
ആർത്തവം കൂടുതൽ വിവരങ്ങൾ
ഗർഭ കാല ആരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം