ഒരു വ്യക്തിയുടെ ആരോഗ്യത്തിന്‍െറ അടിത്തറ രൂപപ്പെടുന്നത് ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവശേഷവും ആ വ്യക്തിയുടെ അമ്മ കഴിക്കുന്ന ഭക്ഷണത്തെയും വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ലഭിക്കുന്ന ആഹാരത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഗര്‍ഭത്തിലിരിക്കുമ്പോള്‍ അമ്മയുടെ രക്തത്തെയും പ്രസവാനന്തരം അമ്മയുടെ മുലപ്പാലിനെയും ആശ്രയിച്ചാണ് ഒരു കുഞ്ഞ് വളരുന്നത്. അമൃതിന് തുല്യമാണ് അമ്മിഞ്ഞപ്പാല്. കുഞ്ഞിന് ഒരായുസ്സിനുവേണ്ട പ്രതിരോധശേഷി ലഭിക്കുന്നത് മുലപ്പാലിലൂടെയാണ്. അത് ദുഷിക്കുന്നതുമൂലം നവജാത ശിശുക്കളില്‍ ജലദോഷം, ഛര്‍ദി, പനി, വയറിളക്കം, തുമ്മല്‍, ന്യൂമോണിയ തുടങ്ങി അപസ്മാരം പോലും ഉണ്ടാക്കുന്നു. മാത്രമല്ല, പ്രതിരോധശേഷിയും ആരോഗ്യവും കുഞ്ഞിലേ നഷ്ടപ്പെടാനും ഇടയാക്കുന്നു.
ഇതിന് കാരണം പലതാണ്. പ്രസവരക്ഷ എന്നപേരില്‍ നമ്മുടെ നാട്ടില്‍ പിന്തുടരുന്ന അശാസ്ത്രീയ ഭക്ഷണക്രമങ്ങളാണ് പലപ്പോഴും മുലപ്പാലിനെ ദുഷിപ്പിക്കുന്നത്. അമ്മയുടെ മുലപ്പാല്‍ അവരുടെ ശരീരത്തിലെ രക്തത്തെയും രക്തം ഭക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നു. ഗര്‍ഭവും പ്രസവവും രോഗമാണെന്ന തെറ്റായ ധാരണമൂലം ഗര്‍ഭരക്ഷയും പ്രസവരക്ഷയും എന്നപേരില്‍ അനാവശ്യമായ ചികിത്സയും ഒൗഷധങ്ങളും അനാരോഗ്യകരമായ ഭക്ഷണവുമാണ് ഇന്ന് ഗര്‍ഭിണിക്കും പ്രസവശേഷം അമ്മക്കും നല്‍കിവരുന്നത്.
മനുഷ്യവര്‍ഗം ഭക്ഷണം തെരഞ്ഞെടുക്കുന്നത് നൈസര്‍ഗിക വിജ്ഞാനം ഉപയോഗിച്ചല്ല. മറിച്ച്, ആര്‍ജിത വിജ്ഞാനത്തെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ അബദ്ധങ്ങള്‍ പിണയുന്നു. ഓര്‍മവെച്ചു വരുമ്പോള്‍തന്നെ ശീലിപ്പിക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങള്‍ സാന്ദ്രീകരിച്ചതും സംസ്കരിച്ചതും, രാസപദാര്‍ഥങ്ങളും പെട്രോളിയം ഉല്പന്നങ്ങളുമുള്പ്പെട്ട കൃത്രിമ രുചിയുമൊക്കെയാണ്. വേവിച്ച് പോഷകം നഷ്ടപ്പെടുത്തിയ ഒരാഹാരം സ്വാഭാവിക പ്രതിരോധ ശേഷിയെ ചോര്‍ത്തിക്കളയുന്നു. ഇത് രക്തത്തിന്‍െറ സാന്ദ്രത തെറ്റിക്കുകയും വ്യക്തിയുടെ ആരോഗ്യം കുറയാനും കാരണമാകുന്നു. ഇതുമൂലം ധാതുലവണങ്ങളുടെ ദാരിദ്ര്യത്തിന് കാരണമാവുകയും തുടക്കം മുതലേ പല അവയവങ്ങളുടെയും വളര്‍ച്ചക്ക് സാരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്നു.
സമൃദ്ധവും അത്യാവശ്യവുമായ കാറ്റിനെയും വെളിച്ചത്തെയും ആധുനിക മനുഷ്യന് തുടക്കം മുതലേ പേടിക്കുന്നു. പല വീടുകളിലും പ്രസവിച്ചുകിടക്കുന്നത് കാറ്റും വെളിച്ചവും വേണ്ടത്ര കടക്കാത്ത ഇരുട്ട് മുറിയിലായിരിക്കും. ജനിച്ച നാള് മുതല്‍ തുടങ്ങുന്ന തുണിയില്‍ പൊതിയല്‍ പിന്നെ വസ്ത്രധാരണമെന്ന പേരില്‍ കോട്ടും പാന്റ്സും സാരിയും ചുരിദാറുമൊക്കെയായി മാറുന്നു.
രോഗ പ്രതിരോധശേഷിയും ആരോഗ്യവും ലഭിക്കാന്‍ മരുന്നുകളെയോ ചികിത്സകളെയോ ആശ്രയിക്കുന്നതിന് പകരം ആരോഗ്യപ്രദമായ ജീവിതശൈലിയും ഭക്ഷണശീലവും പിന്തുടര്ന്നാല് മതിയാവും.
പ്രകൃതിജീവനത്തിന്െറ തത്ത്വമനുസരിച്ച് താഴെപറയുന്ന കാര്യങ്ങള്‍ പിന്തുടര്ന്നാല് ഒരു വ്യക്തിക്ക് സ്വാഭാവിക ആരോഗ്യം കൈവരിക്കാനാവും.
1.ഗര്‍ഭിണിയും പ്രസവിച്ച സ്ത്രീയും ഒരുവിധ കൃത്രിമ ഭക്ഷണങ്ങളും കഴിക്കാതിരിക്കുക.
2.കുഞ്ഞിന് രണ്ട് വയസ്സുവരെയെങ്കിലും മുലപ്പാല്‍ കൊടുക്കുകയും ശൈശവം പിന്നിടുന്നത്രയെങ്കിലും അമ്മയും കുഞ്ഞും തമ്മില്‍ അകലാതിരിക്കുകയും വേണം.
3.ചെറുപ്പത്തിലേ ആഹാരത്തില്‍ പഴവര്‍ഗങ്ങള്‍ക്ക് നല്ളൊരു സ്ഥാനം നല്‍കുക. അത് ധാതുലവണങ്ങളുടെ കമ്മി ഒഴിവാക്കും.
4.ലളിതമായ വസ്ത്രധാരണരീതി ചിട്ടപ്പെടുത്തുകയും ദിവസത്തില്‍ അല്പസമയം കഴിയുന്നത്ര ശരീരത്തില്‍ സൂര്യപ്രകാശവും ശുദ്ധവായുവും തട്ടാന്‍ അവസരം ഉണ്ടാക്കുകയും വേണം.
5.ഭക്ഷണം മൂന്നുനേരം മാത്രമാക്കുകയും അതില്‍തന്നെ ഒരു നേരത്തെ ആഹാരം വേവിക്കാത്ത വിഭവങ്ങളായ പഴവര്‍ഗങ്ങള്‍, പച്ചക്ക് കഴിക്കാവുന്ന പച്ചക്കറികള്‍, അണ്ടിവര്‍ഗങ്ങള്‍ എന്നിവയിലേതെങ്കിലും ശീലിക്കാന്‍ ശ്രമിക്കുക.
6.ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കഴിയുന്നത്ര മസാലകളും മുളകും ഉപ്പും എണ്ണയും കുറക്കുക. ഭംഗിക്കും രുചിക്കും വേണ്ടി ചേര്‍ക്കുന്ന കൃത്രിമ വസ്തുക്കള്‍ വര്‍ജിക്കുക.
7.ഒരു ദിവസത്തെ 24 മണിക്കൂറില്‍ 14 മണിക്കൂര്‍ ജോലിയും മറ്റു കാര്യങ്ങളും ചെയ്യുക. ശേഷിച്ച 10 മണിക്കൂര്‍ ഉറക്കം ഉള്‍പ്പെടെ വിശ്രമത്തിനായി നീക്കിവെക്കുക.
8.ദിവസേന അരമണിക്കൂര്‍ വ്യായാമം ചെയ്യുക.
9.സമയം നോക്കിയുള്ള ആഹാരശീലം ഒഴിവാക്കുകയും വിശക്കുമ്പോള്‍ മാത്രം ഭക്ഷിക്കുകയും ചെയ്യുക
മാതൃത്വത്തിലേക്കുള്ള ആഹ്ളാദപൂര്‍ണമായ തയ്യാറെടുപ്പാണ് ഗര്‍ഭകാലം. ഒപ്പം നിരവധി ആകുലതകളും പരിഭ്രമവും നിറഞ്ഞ കാലവും.ആരോഗ്യപരമായി ഏറെ പ്രാധാന്യമുള്ള പ്രായമാണ് യൌവനം. ഗര്‍ഭം ധരിക്കാനും പാലൂട്ടാനും ശരീരത്തെ സജ്ജമാക്കേണ്ട പ്രായമാണിത്. ഗര്‍ഭകാലസങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ ആദ്യപ്രസവം 25–26 വയസ്സില്‍ നടക്കാനും ഗര്‍ഭിണിയാകുന്നതിനു മുമ്പേ പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ് ഇവയുടെ നിലവാരം അറിയാനും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രസവങ്ങളെല്ലാം 30 വയസ്സിനുമുമ്പ് കഴിയുന്നതാണ് സ്ത്രീയുടെ ആരോഗ്യത്തിനുചിതം. സ്ത്രീയുടെ കൂടിയ പ്രായം വന്ധ്യതയ്ക്കിടയാക്കുന്ന പ്രധാന ഘടകമാണ്.
ഗര്‍ഭകാല പ്രമേഹം
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭകാല പ്രമേഹം. ഇത് രണ്ടുതരത്തില്‍ വരാം. നേരത്തെതന്നെ പ്രമേഹബാധയുള്ള സ്ത്രീ ഗര്‍ഭിണിയാവുക, ഗര്‍ഭാവസ്ഥയില്‍ മാത്രം പ്രമേഹം കണ്ടുവരിക എന്നിങ്ങനെ. കുഞ്ഞിന് ഗുരുതരമായ ജനനവൈകല്യങ്ങള്‍ക്കിടയാക്കുന്ന പ്രമേഹത്തെ ഏറെ ശ്രദ്ധയോടെ കാണണം. മരുന്നും ക്രമപ്പെടുത്തിയ ജീവിതശൈലിയും ലഘുവ്യായാമങ്ങളും പ്രമേഹനിയന്ത്രണത്തിന് അനിവാര്യമാണ്.
തൈറോയ്ഡ് രോഗങ്ങള്‍
ഗര്‍ഭിണിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളുടെ ജനനം, മാസം തികയാത്ത പ്രസവം, പ്രസവാനന്തരം രക്തസ്രാവം ഇവയ്ക്ക് വഴിയൊരുക്കാറുണ്ട്.
രക്തസമ്മര്‍ദം
ഗര്‍ഭകാലത്ത് കാലിലും സന്ധികളിലും ഉണ്ടാകുന്ന നീര്, തലവേദന, മൂത്രത്തിന്റെ അളവ് കുറയുക ഇവ ഏറെ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ സൂചനകളാണിവ. കൃത്യമായ ഔഷധ–ആഹാര നിയന്ത്രണങ്ങളിലൂടെ രക്തസമ്മര്‍ദം ഗര്‍ഭിണിക്ക് നിയന്ത്രിക്കാനാകും.
ഗര്‍ഭം അലസല്‍
ഗര്‍ഭധാരണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണ് ഗര്‍ഭമലസല്‍ കൂടുതലായി കാണുന്നത്. ഗര്‍ഭാശയമുഴകള്‍, അണ്ഡത്തിന്റെയോ ബീജത്തിന്റെയോ ചെറുതകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമ്മയുടെ അനാരോഗ്യം ഇവയൊക്കെ ഗര്‍ഭം അലസാന്‍ ഇടയാക്കാറുണ്ട്. ഔഷധങ്ങള്‍ക്കൊപ്പം ഉചിതമായ പാല്‍ക്കഷായങ്ങള്‍ കഴിക്കുന്നത് ഗര്‍ഭമലസല്‍ തടയും. മൂത്രത്തിലെ അണുബാധ, അഞ്ചാംപനി തുടങ്ങിയ പ്രശ്നങ്ങളെയും ഗര്‍ഭിണി കരുതിയിരിക്കേണ്ടതാണ്.
ഗര്‍ഭിണിയും മാനസികസമ്മര്‍ദവും
ഗര്‍ഭകാലം ശാന്തവും സമാധാനപൂര്‍ണവും ആകേണ്ടത് കുഞ്ഞിന്റെ ശാരീരിക–മാനസിക ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ഗര്‍ഭകാലത്തെ മാനസിക പിരിമുറുക്കം ഗര്‍ഭിണിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ഗര്‍ഭിണി ബോധപൂര്‍വം സമ്മര്‍ദം ഒഴിവാക്കേണ്ടതാണ്. ഇടവേളകളില്‍ പുസ്തകവായന, പാട്ട് കേള്‍ക്കല്‍, ഡോക്ടറുടെ നിര്‍ദേശാനുസരണം ലഘുവ്യായാമം ഇവ തെരഞ്ഞെടുക്കാം.
ഗര്‍ഭകാലത്ത് സമീകൃത ഭക്ഷണം
ഗര്‍ഭധാരണത്തിനു മുമ്പും ശേഷവും സമീകൃതമായി ഭക്ഷണം കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഏറെ ഗുണംചെയ്യാറുണ്ട്. ഗര്‍ഭകാലത്ത് ഭക്ഷണം വലിയ അളവില്‍ മൂന്നുനേരം കഴിക്കുന്നതിനു പകരം ഇടവിട്ട് ആറുതവണയായി കഴിക്കുന്നതാണുചിതം. അമ്മമാര്‍ പാല്, മുട്ട, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍, നെല്ലിക്ക, മാതളം, ഉണക്കപ്പഴങ്ങള്‍, പാവയ്ക്ക, ചേന, ചുമന്നുള്ളി, മോര്, പയര്‍വര്‍ഗങ്ങള്‍, നാടന്‍ കോഴിയിറച്ചി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഫാസ്റ്റ്ഫുഡ്, കൃത്രിമ പാനീയങ്ങള്‍ ഇവ ഒഴിവാക്കാനും ശ്രദ്ധിക്കണം.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്
ഗര്‍ഭത്തിന്റെ ക്രമാനുഗതമായ വൃദ്ധിക്കും ഗര്‍ഭരക്ഷയ്ക്കും ആയുര്‍വേദം നിര്‍ദേശിക്കുന്ന ഫലപ്രദമായ ചികിത്സയാണ് പാല്‍ക്കഷായങ്ങള്‍. 15 ഗ്രാം മരുന്ന് ചതച്ച് 150 മില്ലി പാലും 600 മില്ലി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് 150 മില്ലി ആക്കി കഴിക്കുകയാണ് വേണ്ടത്.
1–ാം മാസംകുറുന്തോട്ടി, 2–ാം മാസംതിരുതാളിയോ പുഷ്ക്കരമൂലമോ, 3–ാം മാസം പുത്തരിച്ചുണ്ടയും കണ്ടകാരിച്ചുണ്ടയും ചേര്‍ത്ത,്,
4–ാം മാസംഓരില വേര്, 5–ാം മാസംചിറ്റമൃത്, 6–ാം മാസം കണ്ടകാരിച്ചുണ്ട, 7–ാം മാസം യവം, 8–ാം മാസംപെരുംകുരുമ്പവേര്, 9–ാംമാസംശതാവരിക്കിഴങ്ങ്. എല്ലാമാസവും കുറുന്തോട്ടി മാത്രമായാലും മതി.
പ്രസവാനന്തര ശുശ്രൂഷകള്‍ അനിവാര്യം
പ്രസവം കഴിഞ്ഞുള്ള ആദ്യ മൂന്നുമാസങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് നല്കുന്ന ഔഷധങ്ങളും പരിചരണങ്ങളും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ അമ്മയെയും കുഞ്ഞിനെയും പ്രാപ്തരാക്കും. അമ്മയ്ക്കുണ്ടാകുന്ന ക്ഷീണം, വിളര്‍ച്ച, വേദന ഇവയെ കുറയ്ക്കാനും ഇവ പര്യാപ്തമാണ്.
പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിട് മാറ്റാത്ത ധാന്യങ്ങള്‍ ഇവ അമ്മയുടെ ഭക്ഷണത്തില്‍ പെടുത്തേണ്ടതാണ്. മാംസം ഇഷ്ടമുള്ളവര്‍ക്ക് ചെറുമത്സ്യങ്ങള്‍, ആട്ടിറച്ചി, നാടന്‍കോഴിയിറച്ചി അവ കൊഴുപ്പ് കുറച്ച് കറിയാക്കി നല്‍കാവുന്നതാണ്.
മുലപ്പാല്‍ ജീവനീയം
ആയുര്‍വേദം മുലപ്പാലിനെ ജീവനീയം എന്നാണ് വിശേഷിപ്പിക്കുന്നത്. പിറന്നുവീഴുന്ന കുഞ്ഞിന്റെ ആദ്യഭക്ഷണം മുലപ്പാലാണ്. കുഞ്ഞിന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. സ്തനങ്ങളില്‍നിന്ന് ആദ്യം സ്രവിച്ചുവരുന്ന പോഷകസമ്പന്നമായ കൊളസ്ട്രം കുഞ്ഞിന് രോഗപ്രതിരോധശേഷി നല്‍കും. എളുപ്പം ദഹിക്കുന്ന തരത്തിലുള്ള പ്രോട്ടീനുകളാണ് മുലപ്പാലിലുള്ളത്. ടോറിന്, സിസ്റ്റീന്‍ തുടങ്ങിയ അമിനോ ആസിഡുകള്‍, ലിനോളിക് ആസിഡ്, ലാക്ടോല്‍ബുമിന്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ തുടങ്ങിയ ഘടകങ്ങളാണ് മുലപ്പാലില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മുലപ്പാല്‍ കുടിച്ചുവളരുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്.
തിരിച്ചറിയാം ഈ രോഗങ്ങളെ
യൌവനത്തില്‍ തൈറോയ്ഡ് രോഗങ്ങള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയമുഴകള്‍ ഇവ ബാധിക്കുന്നവരുടെ എണ്ണവും ഇന്ന് വളരെ കൂടുതലാണ്. ഈ മൂന്നു രോഗങ്ങള്‍ക്കും പാരമ്പര്യമായി അടുത്ത ബന്ധമുണ്ട്.
സ്തനാര്‍ബുദം: സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകളാണ് സ്തനാര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. സ്തനങ്ങളിലുണ്ടാകുന്ന കല്ലിപ്പുകള്‍, തടിപ്പുകള്‍, ആകൃതി മാറിവരുന്ന അരിമ്പാറകള്‍, പൊറ്റകള്‍, ഇവ ശ്രദ്ധയോടെ കാണണം. കുട്ടികളില്ലാത്തവര്‍, നേരത്തെ ആര്‍ത്തവം തുടങ്ങിയവര്‍, ആദ്യപ്രസവം വൈകുന്നവര്‍, പാലൂട്ടാത്തവര്‍, പാലൂട്ടല്‍ ദൈര്‍ഘ്യം കുറഞ്ഞവര്‍ എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. ആര്‍ത്തവശേഷം എല്ലാ സ്ത്രീകളും 10–ാം ദിവസംമുതല്‍ ഒരുദിവസം കണ്ണാടിയുടെ മുമ്പില്‍നിന്ന് സ്വയം സ്തനം പരിശോധിക്കുന്നതിലൂടെ സ്തനത്തിലെ മാറ്റങ്ങള്‍ കണ്ടെത്താനാകും. ആര്‍ത്തവവിരാമം വന്നവരും സ്തനങ്ങള്‍ ഏതെങ്കിലും ഒരുദിവസം മാസത്തില്‍ പരിശോധിക്കണം.
ഗര്‍ഭാശയമുഴകള്‍: സ്ത്രീവന്ധ്യതയില്‍ 20 ശതമാനം കാരണവും ഗര്‍ഭാശയമുഴകളാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാന ലക്ഷണം. മുഴകളുടെ എണ്ണം, സ്ഥാനം, വലുപ്പം ഇവയ്ക്കനുസരിച്ച് ലക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ടാകാം. അമിതരക്തസ്രാവം, കടുത്തവേദന, നീണ്ടുനില്‍ക്കുന്ന രക്തസ്രാവം, രക്തം കലര്‍ന്ന വെള്ളപോക്ക്, മൂത്രതടസ്സം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, ക്ഷീണം, വിളര്‍ച്ച ഇവ ശ്രദ്ധിക്കണം. പെട്ടെന്നുണ്ടാകുന്ന വലുപ്പമുള്ള മുഴകള്‍ അര്‍ബുദകാരികളല്ലെന്ന് ഉറപ്പുവരുത്തണം.
ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നതും വിവിധ സ്ത്രീരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.
കടപ്പാട് : ഡോ. പ്രിയ ദേവദത്ത്
അവസാനം പരിഷ്കരിച്ചത് : 5/28/2020
കൂടുതല്‍ വിവരങ്ങള്‍
ആർത്തവം കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
ഗർഭ കാല ആരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം