অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗർഭകാല സംരക്ഷണം

ദന്ത സംരക്ഷണം ഗര്‍ഭിണികളില്‍

അമ്മയാകാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? എങ്കില്‍ സംശയങ്ങളും വേവലാതികളും അനേകമുണ്ടാകും. ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി എന്ത് ചെയ്യണം? എന്ത് കഴിക്കണം? എങ്ങിനെ കിടക്കണം? ഇതൊക്കെയാവും നിങ്ങളുടെ മനസ്സില്‍. എന്നാല്‍, ഗര്‍ഭകാലത്തെ ദന്തസംരക്ഷണത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, അറിഞ്ഞോളൂ, ഗര്‍ഭകാലത്തെ ദന്തസംരക്ഷണം ആരോഗ്യകരവും സന്തോഷകരവുമായ ഗര്‍ഭകാലത്തിനു അത്യന്താപേക്ഷിതമാണ്. 

നാഡികളും സിരകളും ധമനികളും അടങ്ങുന്ന ഒരു ശരീരഭാഗം തന്നെയാണ് പല്ലുകള്‍. അതുകൊണ്ട് തന്നെ മറ്റേതു ശരീരഭാഗത്തിനും കൊടുക്കുന്ന അതേ പ്രാധാന്യവും കരുതലും ഇവയ്ക്കും ആവശ്യമാണ്.

നിങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ദന്തരോഗങ്ങള്‍ ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങള്‍ ഉള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രിമച്വര്‍ ബര്‍ത്ത് അഥവാ അകാല പിറവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, കുഞ്ഞുങ്ങളുടെ തൂക്കക്കുറവിനും മോണരോഗങ്ങള്‍ കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 

രോഗാണുക്കള്‍ രക്തത്തില്‍ കലരുകയും അവ പുറപ്പെടുവിക്കുന്ന എന്‌ടോ ടോക്‌സിനുകള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും ചെയ്യും. മോണവീക്കവും മോണരോഗങ്ങളും ചികിത്സിക്കതെയിരുന്നാല്‍ ക്രമേണ അവ ഗുരുതരമായി ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, അസ്ഥികള്‍ തുടങ്ങിയവയെ ബാധിച്ചേക്കാം.

ഗര്‍ഭകാലത്ത് സാധാരണയായി കാണുന്ന ദന്തരോഗങ്ങള്‍


ദന്തക്ഷയം


പല്ലിലും മോണയിലും പറ്റിപ്പിടിക്കുന്ന ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്ക്രോസ് തുടങ്ങിയ അന്നജങ്ങള്‍ രോഗാണുക്കളുടെ പ്രവര്‍ത്തനഫലമായി വിഘടിച്ച് ബ്യൂട്ടറിക്, ലാക്റ്റിക്, ഫോര്‍മിക് തുടങ്ങിയ അമ്ലങ്ങള്‍ രൂപപ്പെടുന്നു. അവ പല്ലിന്റെ കടുപ്പം കൂടിയ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങളെ നിര്‍ലവണീകരണത്തിനു വിധേയമാക്കുന്നു. അന്നജത്തിന്റെ ഘടകങ്ങളും അണുക്കളും ചേര്‍ന്നുണ്ടാകുന്ന പ്ലാക്കിനടിയില്‍ ഉണ്ടാകുന്ന അമ്ലങ്ങള്‍ക്ക് ഉമിനീരുമായി കലര്‍ന്ന് സാന്ദ്രത കുറയാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഇവ പല്ലുകളെ ക്രമേണ ദ്രവിപ്പിക്കുന്നു. ഇതിനെയാണ് ദന്തക്ഷയം എന്ന് നാം വിളിക്കുന്നത്.

കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ക്രമേണ അണുക്കള്‍ പല്ലിന്റെ മജ്ജയിലേക്ക് കടക്കുകയും കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ വേദന ആരംഭിച്ച പല്ലുകളെ നിലനിര്‍ത്തുന്നതിന് താരതമ്യേന ചിലവുകൂടിയ ചികിത്സകള്‍ക്കു (ഉദാഹരണത്തിന്, റൂട്ട് കനാല്‍ ചികിത്സ) വിധേയമാകേണ്ടി വരും. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ദന്തക്ഷയത്തില്‍ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് ചര്‍ദ്ദി ഉണ്ടാവുക സ്വാഭാവികമാണ്. ചര്‍ദ്ദിയിലൂടെ വായിലെത്തുന്ന ആസിഡ് പല്ലുകളില്‍ പ്രവര്‍ത്തിക്കുന്നതും ദന്തക്ഷയത്തിനു കാരണമാകാറുണ്ട്.

മോണരോഗങ്ങള്‍

ഗര്‍ഭകാലത്ത് പ്രോജെസ്‌റ്റെറോണ്‍ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കൂടുതലായിരിക്കും. ഇത് മോണയെ കൂടുതല്‍ മൃദുലമാക്കുകയും മോണയിലേക്കുള്ള രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ആരോഗ്യവും ശുചിത്വവും ഉള്ള മോണകളില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാറില്ലെങ്കിലും ജിന്ജിവൈറ്റിസ് അഥവാ മോണ വീക്കം ഉള്ള ഗര്‍ഭിണികളില്‍ മോണയില്‍ നിന്നുള്ള അമിത രക്തസ്രാവത്തിന് ഇത് കാരണമാകും. പല്ലുകളില്‍ ഉണ്ടാകുന്ന പ്ലേക്ക് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും.

ഇതിനു പുറമേ, ഗര്‍ഭകാലം പൊതുവേ രോഗപ്രതിരോധ ശേഷി കുറഞ്ഞ സമയമായതിനാല്‍ അണുബാധയ്ക്കും മോണരോഗങ്ങള്‍ക്കും ഉള്ള സാധ്യത വളരെ കൂടുതലാണ്. ചികിത്സിക്കതെയിരുന്നാല്‍ ജിന്‍ജിവൈറ്റിസ് ക്രമേണ കൂടുതല്‍ ഗുരുതരമായ പെരിയോഡോന്റൈറ്റിസ് എന്ന അവസ്ഥയിലെത്തുന്നു. പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന സ്‌നായുക്കള്‍ പഴുത്ത് പല്ലിനും മോണയ്ക്കും ഇടയില്‍ ചെറു അറകള്‍ രൂപപ്പെടും. ഇത് പല്ല് കൊഴിഞ്ഞു പോകുന്നതിനു പോലും കാരണമാകാറുണ്ട്.

ചുവന്നതും മൃദുലവുമായ മോണകള്‍,വായ്‌നാറ്റം, പല്ല് തേക്കുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ

ചുരുക്കം ചില ഗര്‍ഭിണികളില്‍ കാണപ്പെടുന്ന ഒരു വായ രോഗമാണ് ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ. മോണയിലെ കോശങ്ങള്‍ സാധാരണയിലും കൂടുതലായി വിഭജിക്കുന്നതാണ് ഇതിനു കാരണം. ഗര്‍ഭകാല ട്യൂമര്‍ എന്നറിയപ്പെടുന്ന ഇവ അര്‍ബുദമല്ലാത്ത ചെറു മുഴകള്‍ പോലെ കാണപ്പെടുന്നു. പ്ലേക്കും, ഉമിനീരിലെ മിനറലുകള്‍ പ്ലേക്കില്‍ ഒട്ടിപിടിച്ചുണ്ടാകുന്ന കാല്ക്കുലസും തന്നെയാണ് ഇതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്പം ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും രോഗത്തെ സ്വാധീനിക്കുന്നു. വായ വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ് ഇതിനുള്ള പ്രതിവിധി. പലപ്പോഴും പ്രസവാനന്തരം മോണ പൂര്‍വ്വസ്ഥിതിയില്‍ എത്താറുണ്ട്.

ഗര്‍ഭകാല എപുലിസ്

ഗര്‍ഭകാലത്ത് വായില്‍ ഉണ്ടാകുന്ന അര്‍ബുദജന്യമല്ലാത്ത മുഴകളാണ് ഇത്. നാവിലോ വായുടെ മറ്റു ഭാഗങ്ങളിലോ വളര്‍ന്നുവരുന്ന മൃദുലമായ മുഴയാണ് എപുലിസ്. പ്രഗ്‌നന്‌സി ഗ്രാനുലോമ എന്ന പേരിലും ഇതറിയപ്പെടുന്നു. രക്തസ്രാവമുള്ള, എന്നാല്‍ വേദനയില്ലാത്ത ചുമന്ന മുഴകളായാണ് ഇവ കാണപ്പെടുന്നത്. അധികം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സാധാരണ ഇവ പ്രസവശേഷം ചുരുങ്ങി ഇല്ലാതെയാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ചികിത്സിക്കേണ്ടി വരും.

പല്ലുകളുടെ സൂക്ഷ്മസംവേദനക്ഷമത

ഗര്‍ഭകാലത്ത് പല്ലുകള്‍ കൂടുതല്‍ സെന്‌സിറ്റീവ് ആകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്തെ ചര്‍ദ്ദി മൂലം വായിലെത്തുന്ന ആസിഡും വായ വൃത്തിയായി സൂക്ഷിക്കാത്തത് മൂലം അണുക്കള്‍ ഉണ്ടാക്കുന്ന ആസിഡും ആണ് ഇതിനു പ്രധാന കാരണം. ഭക്ഷണശേഷം പല്ല് ബ്രഷ് ചെയ്യതെയിരുന്നാല്‍ പല്ലിലെ ഡെന്റല്‍ പ്ലാക്കിലുള്ള അണുക്കള്‍ ഭക്ഷണപദാര്‍ഥങ്ങളുമായി പ്രവര്‍ത്തിക്കുന്നു. ഇതുമൂലമുണ്ടാകുന്ന ആസിഡിന്റെ പ്രവര്‍ത്തനം മൂലം ഇനാമല്‍ നശിച്ചു ഡെന്റിനുകള്‍ പുറത്തു വരുന്നതിനാലാണ് പല്ലുകള്‍ കൂടുതല്‍ സെന്‌സിറ്റീവ് ആകുന്നത്.

മുന്‍കരുതലുകള്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പേ

ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ ദന്ത സംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് ഉത്തമം. അതോടൊപ്പം തന്നെ, ദന്ത രോഗങ്ങളോ മോണരോഗങ്ങളോ ഇല്ലെന്നു ഒരു ദന്തരോഗ വിദഗ്ധനെ കണ്ടു ഉറപ്പു വരുത്തുകയും വേണം. ഈ അവസരത്തില്‍ പല്ലുകള്‍ ഡോക്ടറുടെ സഹായത്തോടെ വൃത്തിയാക്കേണ്ടതാണ്. രോഗങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തെ തന്നെ അവ ചികിത്സിച്ചു ഭേദമാക്കണം.

ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം

ഭക്ഷണത്തിന് ശേഷം എല്ലായ്‌പ്പോഴും പല്ല് ബ്രഷ് ചെയ്യുവാന്‍ ശ്രദ്ധിക്കുക. അണുബാധ തടയുവാനും മോണരോഗങ്ങള്‍ ഒഴിവാക്കുവാനും ഇത് സഹായിക്കും. പല്ലുതേയ്ക്കുന്നത് ഗര്‍ഭകാലത്ത് പ്രഭാത അസ്വസ്ഥതകള്‍ക്ക് കാരണമാകുമെങ്കില്‍ രുചിയില്ലാത്ത പേസ്റ്റുകള്‍ ഉപയോഗിക്കുക.
ദന്ത സംരക്ഷണത്തില്‍ ഫ്ലോസ്സിങ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പല്ലുകളുടെ ഇട വൃത്തായാക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശരിയായ രീതിയില്‍ ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. പല്ലുകളുടെ ഇടയില്‍ ഫ്ലോസ്സിങ് ചെയ്യുമ്പോള്‍ പല്ലിടകളുടെ മുകള്‍ ഭാഗവും വശങ്ങളും ഉള്‍പ്പടെ വൃത്തിയാക്കുക.

പല്ലുകള്‍ മാത്രം വൃത്തിയാക്കിയാല്‍ പോര. വായ സംരക്ഷണത്തില്‍ പല്ലുകളും, മോണയും, നാക്കും ഒക്കെ ഉള്‍പ്പെടും. നാക്കു വൃത്തിയാക്കലും പ്രധാനം തന്നെയാണ്. ടങ് ക്ലീനറുകള്‍ ഉപയോഗിക്കുമ്പോള്‍ നാക്ക് പൊട്ടാനും ചോര വരാനും സാധ്യത ഉണ്ട്. മാത്രമല്ല രുചിയറിയുവാനുള്ള സൂക്ഷ്മ മുകളങ്ങള്‍ക്ക് നാശം സംഭവിക്കുകയും രുചിയറിയാനുള്ള കഴിവ് ക്രമേണ നശിക്കുകയും ചെയ്യും. അതിനാല്‍ ടൂത്ത് ബ്രഷ് കൊണ്ടു തന്നെ നാക്കും വൃത്തിയാക്കാം.
ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കുക. ഗര്‍ഭ കാലത്ത് ശരീരത്തിന് ധാരാളം കാത്സ്യം ആവശ്യമുള്ളതിനാല്‍ കാത്സ്യം അടങ്ങിയ ആഹാരം കഴിക്കുക. ഇത് പല്ലുകള്‍ ബലമുള്ളതാക്കുവാന്‍ സഹായിക്കും.പാലും പാലുത്പന്നങ്ങളായ വെണ്ണ, തൈര് എന്നിവയും കഴിക്കുന്നത് വളരെ നല്ലതാണ്. ഡോക്ടറുടെ നിര്‌ദേശ പ്രകാരം കാത്സ്യം സപ്ലിമെന്റുകളും കഴിക്കേണ്ടതാണ്. കാത്സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ അ , ഇ , ഉ തുടങ്ങിയവ അടങ്ങിയ ഭക്ഷണം നിങ്ങളുടെ മാത്രമല്ല ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ദന്താരോഗ്യത്തിനും സഹായകമാണ്. 

ഗര്‍ഭിണികള്‍ക്ക് മധുര പലഹാരങ്ങള്‍ കഴിക്കാനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍, ഗര്‍ഭ കാലത്ത് കഴിവതും മധുര പലഹാരങ്ങള്‍ കുറയ്ക്കുക. വായിലെ ബാക്ടീരിയ പഞ്ചസാരയെ വിഘടിപ്പിപ്പിച്ച് ആസിഡ് ആക്കുകയും ഇത് പല്ലുകളെ നശിപ്പിക്കുകയും ചെയ്യും. മധുര പലഹാരങ്ങള്‍ കഴിക്കുകയാണെങ്കില്‍ ഭക്ഷണശേഷം പല്ല് തേയ്ക്കുവാന്‍ മറക്കരുത്.

ഗര്‍ഭിണികളിലെ ദന്ത ചികിത്സ

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ദന്തഡോക്ടറെ സന്ദര്‍ശിക്കുകയാണെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയിക്കുക. കാരണം കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആദ്യ മാസങ്ങളില്‍ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന മരുന്നുകളോ ചികിത്സാരീതികളോ ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാലത്തെ ആദ്യത്തെ ഒന്നര മാസവും അവസാനത്തെ ഒന്നര മാസവും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ പല്ല് പറിക്കുന്നത് പോലെയുള്ള ചികിത്സാരീതികള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. എന്നിരുന്നാലും മറ്റു അസ്വസ്ഥതകള്‍ ഒന്നുമില്ലെങ്കില്‍ റുട്ടീന്‍ ആയി ചെയ്യുന്ന ദോഷകരമല്ലാത്ത ദന്തസംരക്ഷണ മാര്‍ഗങ്ങളും ചികിത്സകളും ചെയ്യുന്നതിന് വിമുഖത കാണിക്കേണ്ട ആവശ്യമില്ല .

കേടു വന്ന പല്ലുകള്‍ ഗര്‍ഭകാലത്ത് അടയ്‌ക്കേണ്ടി വന്നാല്‍ വെള്ളി ഉപയോഗിച്ചുള്ള അടയ്ക്കല്‍ രീതി ഒഴിവാക്കേണ്ടതാണ്. പകരം താരതമ്യേന സുരക്ഷിതമായ കോമ്പസിറ്റ് ഫില്ലിങ്ങുകള്‍ ഉപയോഗിക്കുന്നതില്‍ തകരാറില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ എക്‌സ് റേ പരിശോധനയോ മറ്റോ ആവശ്യം വന്നാല്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഗര്‍ഭിണിക്ക് വേണ്ട സംരക്ഷണം ഉറപ്പാക്കി ചെയ്യാവുന്നതാണ്. 

വായ്ക്കുള്ളിലെ ഏതു തരം അണുബാധയും തുടക്കത്തില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അവ രക്തത്തില്‍ കലര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളാക്കും. എന്നാല്‍ അടിയന്തിര സ്വഭാവമില്ലാത്തതും ദന്തല്‍ ചെയറില്‍ ഏറെ നേരം തുടര്‍ച്ചയായി ചിലവഴിക്കേണ്ടി വരുന്നതുമായ സൌന്ദര്യവര്‍ദ്ധക ചികിത്സകള്‍ പോലെയുള്ളവ പ്രസവ ശേഷം മാത്രം ചെയ്യുന്നതാണ് ഉത്തമം. 

ടെട്രാസൈക്ലിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകളും മറ്റു ചിലതരം മരുന്നുകളും ഗര്‍ഭകാലത്ത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഗര്‍ഭിണിയാണെങ്കിലോ ഗര്‍ഭിണിയാകാന്‍ സാധ്യത ഉണ്ടെങ്കിലോ അത് ദന്തഡോക്ടറെ അറിയിക്കേണ്ടതാണ്. 

ഗര്‍ഭകാലത്തെ ചെറിയ ചെറിയ മുന്‍കരുതലുകള്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വൃത്തിയുള്ള വായും നല്ല പല്ലുകളും സൌന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വി. എന്‍ മനോജ് കുമാര്‍

കണ്‍സല്‍ട്ടന്റ് ദന്തല്‍ സര്‍ജന്‍
ഡോ. മനോജ്‌സ് ദന്തല്‍ ക്ലിനിക് 
ഗുരുവായൂര്‍ റോഡ്, പട്ടാമ്പി

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടത്‌

 

ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ചിലത് ചര്‍മം, ശ്വാസകോശം, അന്നനാളം എന്നിവയിലൂടെ ഉള്ളിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റേഡിയേഷന്‍, പുകവലി, മദ്യപാനം, കീടനാശിനികള്‍, രാസപദാര്‍ഥങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും.


റേഡിയേഷന്‍


അക്‌സ്‌റേയും സിടി സ്‌കാനും അയേണൈസിങ് റേഡിയേഷന്‍ പുറത്തുവിടുന്നു, ഉയര്‍ന്ന അളവില്‍ അയേണൈസിങ് റേഡിയേഷന്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് അംഗവൈകല്യം, വളര്‍ച്ചക്കുറവ,് ഭാവിയില്‍ ലുക്കിമിയ സാധ്യത തുടങ്ങിയവയ്ക്ക് വഴിവെക്കും. സാധാരണ എക്‌സ്‌റേയിലും സിടി സ്‌കാനിലും പരിശോധനയ്ക്ക് നിശ്ചയിച്ച അളവില്‍ (diagnostic dose) മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഒറ്റതവണ ചെയ്യുന്ന എക്‌സ്‌റേയോ സിടി സ്‌കാനോ സുരക്ഷിതമാണ്.


മദ്യപാനവും പുകവലിയും


മദ്യം എത്ര ചെറിയ തോതിലായാലും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാനമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസന്റ വഴി മദ്യം കുഞ്ഞിന്റെ രക്തത്തിലെത്തുന്നു. മദ്യത്തിലെ ചില രാസവസ്തുക്കള്‍ fetal alcohol syndrome എന്ന പ്രത്യേക തരം രോഗം കുഞ്ഞിനുണ്ടാക്കുന്നു. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ലേണിങ് പ്രശ്‌നങ്ങള്‍, ഹൃദയ വാല്‍വ് തകരാറ്, നാഡീ വൈകല്യങ്ങള്‍ തുടങ്ങിയവയും കാണുന്നു.

ഗര്‍ഭിണിക്ക് പുകവലി ശീലമില്ലെങ്കിലും ഭര്‍ത്താവിന്റെ പുകവലി തത്തുല്യമായ ദോഷം ചെയ്യും. പുകവലിക്കുന്നവരുടെ സാമീപ്യം അപകടകരം തന്നെ. മറുപിള്ള നേരത്തെ വിട്ടു പോകുക, മാസം തികയാതെ പ്രസവിക്കുക, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകാം. പ്ലാസ്റ്റിക്കും റബ്ബറും കത്തുന്ന പുക ശ്വസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. കഴിയുന്നതും വീട്ടിനടുത്ത് വെച്ച് ഇവ കത്തിക്കരുത്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അവിടെനിന്നും മാറി നില്‍ക്കുക.


അണുബാധകള്‍


ഗര്‍ഭിണികള്‍ക്ക് പിടിപെടുന്ന അണുബാധയുടെ തീവ്രത വളരെ കൂടുതലുമായിരിക്കും. ചില അണുബാധ അമ്മയെ വലുതായി ബാധിച്ചില്ലെങ്കിലും കുഞ്ഞിന് വളരെ ഹാനികരമാകും. ഉദാഹരണത്തിന് ടോക്‌സോപ്ലാസ്‌മോസിസ് (toxoplasmosis). ഇത് അണുബാധയേറ്റ വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജന വസ്തുക്കളില്‍ നിന്നോ, മാംസഭക്ഷണത്തില്‍ നിന്നോ പകരുന്നു. ഇത് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ വന്നാല്‍ കുഞ്ഞിനെ കണ്‍ജനിറ്റല്‍ ടോക്‌സോപ്ലാസ്‌മോസിസ് (congenital toxoplasmosis) എന്ന രോഗം ബാധിക്കുന്നു. കുഞ്ഞിന്റെ തലയില്‍ വെള്ളം കെട്ടിക്കിടക്കുക, അന്ധത, ജന്നി, കുഞ്ഞിന് തൂക്കക്കുറവ്, തുടങ്ങിയവ കാണുന്നു. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം, ആഹാരത്തിനു മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക, നന്നായി പാകം ചെയ്ത മാംസം മാത്രം ഭക്ഷിക്കുക. ഗര്‍ഭിണികള്‍ വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.


കീടനാശിനികള്‍


കീടനാശിനിയുടെ അംശം ശരീരത്തിലെത്തുന്നത്, ഗര്‍ഭമലസല്‍, കുഞ്ഞിന് വളര്‍ച്ചകുറവ് , നേരത്തേയുള്ള പ്രസവം, വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് വഴിവെക്കുന്നു, ജൈവ വളമിട്ട് ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക, നാടന്‍ കപ്പയും പയറും മുരിങ്ങയിലയും ഭക്ഷണത്തിലുള്‍പ്പെടുത്തുക.

ഡോ. ഷീലാമണി

സിസേറിയന് ശേഷം ദേഹരക്ഷ

 

സിസേറിയനിലൂടെ പ്രസവിക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികം വര്‍ധിച്ചിരിക്കുന്നു. 20-25% സ്ത്രീകള്‍ ഇന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്കുന്നത്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യസ്ഥിതി പ്രതികൂലമായി വരുന്ന സാഹചര്യങ്ങളിലാണ് സിസേറിയന്‍ വേണ്ടിവരുന്നത്.


സിസേറിയന് ശേഷം


സിസേറിയന് ശേഷം നല്കുന്ന പരിചരണം, ചികിത്സ, കരുതല്‍, പ്രസവരക്ഷ എന്നിവ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓപ്പറേഷന്‍ ചെയ്യേണ്ടിവരുന്ന സാഹചര്യം, അമ്മയുടെ ആരോഗ്യസ്ഥിതി, ഓപ്പറേഷന്‍ സമയത്തുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവ അവയില്‍ പ്രധാനപ്പെട്ട ചിലതാണ്.

ഗര്‍ഭകാലത്തേക്കാളും അധികം ശ്രദ്ധയും പരിചരണവും അവശ്യം വേണ്ട ദിനങ്ങളാണ് പ്രസവശേഷമുള്ള കാലഘട്ടം. മുറിവു മൂലമുണ്ടാകുന്ന അതികഠിനമായ വേദന പലര്‍ക്കും താങ്ങാനാവാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മുലപ്പാലിലൂടെ ഇത് കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും നവജാതശിശുവിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

ആദ്യത്തെ 12 മണിക്കൂറിനുശേഷം പതുക്കെ എണീറ്റ് നടക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍. ആദ്യം എണീക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടാം. അല്പം ശ്രദ്ധിച്ചാല്‍ മാത്രം മതി. ഏതെങ്കിലും വശത്തേക്ക് ചരിഞ്ഞ് എണീക്കുന്നതാണ് ഉത്തമം. അതുമൂലം തയ്യലിലുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനാവും. ചുമയ്ക്കുകയോ മറ്റോ ചെയ്യേണ്ടിവന്നാല്‍ തയ്യലിന്റെ ഭാഗത്ത് കൈകൊണ്ട് താങ്ങ് നല്കാവുന്നതാണ്. മൂന്നാം ദിവസം മുറിവിന്റെ പുറത്തുള്ള ഡ്രസിംഗ് മാറ്റിക്കഴിഞ്ഞാല്‍ കുളിക്കാം. വൃത്തിയുള്ള തുണിയുപയോഗിച്ച് തയ്യലിന്റെ ഭാഗത്തുള്ള ഈര്‍പ്പം തുടച്ച് ഉണക്കുകയും വേണം. ഉപ്പുവെള്ളം കൊണ്ട് മുറിവിന്റെ ഭാഗം കഴുകുന്നത് മുറിവുണങ്ങാന്‍ സഹായിക്കും.
ഓപ്പറേഷന് ശേഷം സാധാരണ പ്രസവശേഷമുള്ളതുപോലെ രക്തസ്രാവം ഉണ്ടാവാം. അതുകൊണ്ടുതന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള തുണിയോ പാഡോ ഉപയോഗിക്കണം. 6 മണിക്കൂറിനിടയ്ക്ക് അത് മാറ്റുകയും വേണം.

ആഹാരക്രമം


ഓപ്പറേഷനുശേഷം ആദ്യത്തെ 12 മണിക്കൂറിനുശേഷം വെള്ളവും മറ്റു പാനീയങ്ങളും ഉപയോഗിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാവണം എന്നുമാത്രം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പിറ്റേ ദിവസം കട്ടി കുറഞ്ഞ ആഹാരം കഴിച്ചുതുടങ്ങാം. മൂന്നാം ദിവസം മുതല്‍ സാധാരണ ആഹാരം കഴിക്കാം. മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. ഗര്‍ഭകാലത്തു കഴിച്ചതുപോലുള്ള പോഷകമൂല്യമുള്ള ആഹാരം കഴിക്കണം. വെള്ളം ധാരാളം കുടിക്കണം. വെള്ളം കുടിക്കാതിരുന്നാല്‍ ദോഷങ്ങള്‍ പലതാണ്, പ്രത്യേകിച്ചും മൂത്രാശയരോഗങ്ങള്‍. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ മൂത്രാശയത്തില്‍ പഴുപ്പും അതുമൂലം പനിയും മൂത്രമൊഴിക്കുമ്പോള്‍ വേദനയും മറ്റു പ്രശ്‌നങ്ങളുമുണ്ടാകുന്നു.

പ്രസവത്തിനുശേഷം എത്രയും നേരത്തേ മുലയൂട്ടുന്നുവോ അത്രയും നല്ലത്. ശരിയായ രീതിയിലും അളവിലും മുലപ്പാലുണ്ടാവാന്‍ നേരത്തേ തന്നെ കുഞ്ഞിനെ മുലയൂട്ടണം. 

5-6 ദിവസങ്ങള്‍ക്കുള്ളില്‍ വയറിലുള്ള മുറിവുണങ്ങും. എന്നാലും ഗര്‍ഭപാത്രത്തിലുള്ള മുറിവുണങ്ങാന്‍ ആറ് ആഴ്ചയെങ്കിലും എടുക്കാം. അതുകൊണ്ട് ഈ സമയത്ത് ആയാസകരമായ ജോലിയില്‍ ഏര്‍പ്പെടുന്നത് നല്ലതല്ല. 

രക്തം ഉണ്ടാവാനുള്ള അയണ്‍ ഗുളിക, കാത്സ്യം ഗുളിക എന്നിവയല്ലാതെ മറ്റൊന്നും കഴിക്കേണ്ട ആവശ്യമില്ല. മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ഗുളികകള്‍ കഴിക്കണം. ആറാഴ്ച കഴിഞ്ഞശേഷം യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ കൂടി നിര്‍ബന്ധമായും ഡോക്ടറെ കാണണം. അടുത്ത ഗര്‍ഭധാരണം രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ടാകുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. അതുകൊണ്ടുതന്നെ യോജിച്ച ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കണം.

കടപ്പാട് ; മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 1/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate