ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗര്‍ഭകാല പരിചരണത്തില്‍ ആയുര്‍വേദത്തിന് പ്രഥമ സ്‌ഥാനമാണുള്ളത്.
ഗര്‍ഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുമ്പ് തന്നെ ഗര്‍ഭിണീപരിചരണം ആരംഭിക്കണം. ഈ ഘട്ടത്തില്‍ സേവിക്കേണ്ട പ്രധാന ഔഷധം തിരുതാളിയാണ്. ഇത് ആദ്യമാസം പാലില്‍ അരച്ച് സേവിക്കുന്നത് ഗര്‍ഭത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
പേരാല്‍ മൊട്ട് പാലില്‍ അരച്ച് സേവിക്കുന്നതും ജീവന്‍ത്യാദി ഗണത്തിലെ മരുന്നുകള്‍ ശരീരത്തിന് പുറത്തും അകത്തും ഉപയോഗിക്കുന്നതും നല്ലതാണ്. വെണ്ണ, നെയ്യ്, പാല് മുതലായ ശരീരപോഷണങ്ങളായ വസ്‌തുക്കള്‍ ധാരാളം ഉപയോഗിക്കുന്നതും ഉത്തമമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭകാലത്ത് അമിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും അത്യധ്വാനം ചെയ്യുന്നതും ഒഴിവാക്കണം. ഗര്‍ഭിണികള്‍ കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഉറക്കമിളയ്‌ക്കുന്നതും പകല്‍ അമിതമായി ഉറങ്ങുന്നതും നല്ലശീലമല്ല. കുത്തിയിരിക്കുന്നതും മലര്‍ന്നുകിടന്ന് ഉറങ്ങുന്നതും പാടില്ല.
ഗര്‍ഭിണികളുടെ മാനസികാരോഗ്യവും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ഗര്‍ഭിണികളായ സ്‌ത്രീകളെ സങ്കടപ്പെടുത്തുകയോ അവരോട് ദേഷ്യപ്പെടുകയോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിണം. നടുക്കമുണ്ടാക്കുന്ന വാര്‍ത്തകള്‍ ഗര്‍ഭിണികള്‍ കേള്‍ക്കാന്‍ ഇടവരരുത്. പട്ടിണി കിടക്കുന്നതും ദീഘദൂരയാത്ര ചെയ്യുന്നതും ഒഴിവാക്കണം.
കട്ടിയുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതും മലബന്ധമുണ്ടാക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. വസത്രധാരണത്തില്‍ പോലും പ്രത്യേകം ശ്രദ്ധിക്കണം.
ലളിതവും അയഞ്ഞതും കടുംനിറം അല്ലാത്തവയുമായിരിക്കണം ഗര്‍ഭിണികള്‍ ധരിക്കേണ്ട വസ്‌ത്രങ്ങള്‍. രോഗങ്ങള്‍ ഉണ്ടായാലും വളരെ മൃദുവായ ഔഷധങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
അസ്വസ്‌ഥതകള്‍ക്ക് പരിഹാരം
ഗര്‍ഭകാല ലക്ഷണങ്ങള്‍ പ്രകടമാകുന്നത് രണ്ടാം മാസത്തിലാണ്. ഛര്‍ദിയും വിശപ്പില്ലായ്‌മയും ഈ മാസത്തെ പ്രധാന പ്രശ്‌നങ്ങളാണ്. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാന്‍ കഴിയുന്നതുമായ ആഹാരങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍.
ഇളനീര്‍ വെള്ളം, മലര്‍ വെന്ത വെള്ളം, ജീരകവെള്ളത്തില്‍ കല്‍ക്കണ്ടം ചേര്‍ത്തത് മുതലായവ ധാരാളം നല്‍കുന്നത് ഛര്‍ദിയും ഭക്ഷണക്കുറവുകൊണ്ടുള്ള ക്ഷീണവും ഇല്ലാതാക്കാന്‍ സഹായിക്കും.
മാവിന്‍ തളിര്, ഇഞ്ചി, കൂവളവേര് എന്നിവ ഓരോ നുള്ളും മലരും ഇട്ട് വെള്ളം തിളപ്പിച്ച് ഓരോ ധാന്വന്തരം ഗുളികയും ചേര്‍ത്ത് രണ്ടു മൂന്നു നേരമായി നല്‍കുന്നത് അത്യധികമായ ഛര്‍ദി ശമിക്കാന്‍ സഹായിക്കുന്നു. വില്വാദി ലേഹ്യവും ഈ ഘട്ടത്തില്‍ വൈദ്യ നിര്‍ദേശപ്രകാരം സേവിക്കുന്നത് ഗുണകരമാണ്.
ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുക
ഈ സമയത്ത് പരമാവധി ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുക എന്നതാണ് നാട്ടു നടപ്പ്. അഹിതമായ ആഹാരമാണ് ആവശ്യപ്പെടുന്നതെങ്കിലും അത് ഗര്‍ഭിണികള്‍ക്ക് നല്‍കണം.
ഇതോടൊപ്പം അഹിതമായ ആഹാരത്തിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഹിതകരങ്ങളായ ദ്രവ്യങ്ങള്‍ കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം എന്നു മാത്രം.
ഓരോ മാസവും ഔഷധം
ഓരോ മാസത്തിലും പ്രത്യേകം പ്രത്യേകം ഔഷധങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ഗര്‍ഭിണിയുടെ ആരോഗ്യസ്‌ഥിതി, ദഹനശക്‌തി, ശരീരഭാരം, ശീലങ്ങള്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് മരുന്നുകള്‍ നിര്‍ദേശിക്കേണ്ടത്.
അതിനാല്‍ ഒരു അംഗീകൃത വൈദ്യന്റെ നിര്‍ദേശപ്രകാരമുള്ള ഔഷധങ്ങള്‍ മാത്രമേഗര്‍ഭിണി ശീലമാക്കാവു. ഗര്‍ഭിണികള്‍ മാനസിക സമ്മര്‍ദം പരമാവധി ഒഴിവാക്കേണ്ടതാണ്.
അമ്മയുടെ ആരോഗ്യം കുഞ്ഞിന്റെയും
മാതാവിന്റെ വികാരവിചാരങ്ങള്‍ ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുന്നു. മാതാവിന് ഉത്‌കണ്‌ഠയും ദു:ഖവും ഉണ്ടായാല്‍ കുഞ്ഞ് ഭീരുവായിത്തീരാന്‍ സാധ്യതയുണ്ട്. അമിതമായ വെറുപ്പ് കുഞ്ഞിന് ക്രുരസ്വഭാവം കൈവരാന്‍ കാരണമായേക്കാം.
ഗര്‍ഭിണി അമിതമായി ഉറങ്ങിയാല്‍ കുഞ്ഞ് അലസനാകും. മധുരം കൂടുതല്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് പ്രമേഹം പിടിപെടാന്‍ സാധ്യതയുമുണ്ട്. പുളി അമിതമായി ഉപയോഗിച്ചാല്‍ ശിശുവിന് ത്വക്ക്‌രോഗവും ഉപ്പ് അമിതമായി ഉപയോഗിച്ചാല്‍ അകാലനരയ്‌ക്കും കഷണ്ടിക്കും സാധ്യതയുണ്ട്. എരിവ് അധികമായാല്‍ വന്ധ്യതയ്‌ക്കും സാധ്യതയുണ്ട്.
ആഹാരത്തില്‍ ശ്രദ്ധ
ഗര്‍ഭസ്‌ഥശിശുവിനായി ഓരോ മാസത്തിലും പ്രത്യേകം ആഹാരവസ്‌തുക്കള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഒന്നാമത്തെ മാസത്തില്‍ തണുത്ത പാലും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.
രണ്ടാം മാസത്തില്‍ മധുര ദ്രവ്യങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാലും മൂന്നാം മാസത്തില്‍ നെയ്യ്, തേന്‍, പാല് നാലാം മാസത്തില്‍ പാലും വെണ്ണയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
അഞ്ചാം മാസത്തില്‍ പാലും നെയ്യും ആറാം മാസത്തില്‍ മധുര ദ്രവ്യങ്ങള്‍ ചേര്‍ത്ത് കാച്ചിയ പാലും നെയ്യും ഏഴാം മാസത്തില്‍ പാലും നെയ്യും എട്ടാം മാസത്തില്‍ നെയ്യ് ചേര്‍ത്ത പാല്‍ക്കഞ്ഞിയും നല്‍കണം. ഒന്‍പതാം മാസം ഇത് ആവര്‍ത്തിക്കാവുന്നതുമാണ്.
ആദ്യമാസത്തില്‍ പാലിനും അവസാന മാസത്തില്‍ നെയ്യ്‌ക്കും ഗര്‍ഭിണി പരിചരണത്തില്‍ ഒഴിവാക്കാനാവാത്ത പ്രാധാന്യമാണുള്ളത്‌്്. ഔഷധങ്ങളിലാകട്ടെ ആദ്യമാസങ്ങളില്‍ ശതാവരിക്കും അവസാനമാസങ്ങളില്‍ കുറുന്തോട്ടിക്കും പ്രത്യേക പ്രാധാന്യമുണ്ട്.
എന്നാല്‍ ഈ ജീവിത ചര്യകളൊക്കെ കഠിനാധ്വാനികളായിരുന്ന, വേണ്ടത്ര വിശ്രമമില്ലാത്ത, ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്ത പഴയകാല സ്‌ത്രീകളെ ഉദ്ദേശിച്ചാണ്.
ഇന്ന് കായികാധ്വാനം വളരെകുറഞ്ഞ്, അമിതഭാരം പേറിയിരിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇവയൊക്കെ അതേപടി ശീലിക്കാനാവില്ല. അംഗീകൃത വൈദ്യന്റെ മേല്‍നോട്ടത്തിലും നിര്‍ദേശപ്രകാരവും വേണം ജീവിതചര്യകള്‍ തിരഞ്ഞെടുക്കേണ്ടത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ നിന്നും തികച്ചും സൗജന്യമായി ഗര്‍ഭിണി പരിചരണത്തിന് നിര്‍ദേശം ലഭിക്കും.
എണ്ണ നിറച്ചുവച്ചപാത്രം തുളുമ്പിപ്പോകാതെ കൊണ്ടുനടക്കുന്നതുപോലെ പ്രയാസമുള്ളതാണ് ഗര്‍ഭിണി പരിചരണം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന ചൊല്ല് അന്വര്‍ഥമാകുന്ന അവസ്‌ഥയാണ് ഗര്‍ഭകാലം.
പലതരത്തിലുള്ള ആയുര്‍വേദ പരിചരണം ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ക്ക് നല്‍കാറുണ്ട്. ഗര്‍ഭകാലത്ത് ആയുര്‍വേദ പരിചരണം സ്വീകരിക്കുന്നവര്‍ ആയുര്‍വേ ഡോക്‌ടറുടെ നിര്‍ദേശം തേടേണ്ടതാണ്.
എണ്ണതേപ്പ്
ഗര്‍ഭിണികള്‍ എട്ടാം മാസം മുതല്‍ ശരീരത്തില്‍ എണ്ണതേച്ച് തലോടുന്നത് പ്രസവം സുഗമമാക്കാന്‍ സഹായകമാണ്. പ്രധാനമായും ധാന്വന്തരം തൈലമാണ് ഉപയോഗിക്കേണ്ടത്. വയറ്റിലും തുടകളിലും യോനീദ്വാരത്തിലും പ്രത്യേകം എണ്ണതേയ്‌ക്കണം.
അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഇതിനുവേണ്ടി വിനിയോഗിക്കണം. കുറുന്തോട്ടിയിട്ട് തിളപ്പിച്ച ചെറു ചൂടുവെള്ളമാണ് കഴുകാന്‍ ഉപയോഗിക്കേണ്ടത്. മൃദുവായ തലോടല്‍ മാത്രമേ ആവശ്യമുള്ളു. ഒരു കാരണവശാലും അമിത ബലം പ്രയോഗിക്കരുത്.
നെയ്യ് സേവിക്കല്‍
ഗര്‍ഭകാലപരിചരണത്തില്‍ നെയ്യ് സേവിക്കല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. രോഗിയുടെ ദഹനശക്‌തി ശരീരഭാരം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ആശ്രയിച്ചാണ് ഏതുതരം നെയ്യ് വേണമെന്ന് ചികിത്സകന്‍ തീരുമാനിക്കുന്നത്.
അഞ്ച,് ആറ് മാസങ്ങളില്‍ മഹാകല്യാണകം നെയ്യ്, ഏഴ്,എട്ട് മാസങ്ങളില്‍ സുകുമാരകം നെയ്യും ഒന്‍പതാം മാസം മുതല്‍ സുഖപ്രസൂദി നെയ്യ് എന്നിവയാണ് സാധാരണയായി ഗര്‍ഭകാലത്ത് സേവിക്കുന്നത്.
ശിശുവിന്റെയും മാതാവിന്റെയും പോഷണത്തില്‍ നെയ്യ് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഇവ യഥാവിധി ഔഷധങ്ങള്‍ ചേര്‍ത്ത് സംസ്‌കരിച്ച് ഉപയോഗിച്ചാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കാം.
പാല്‍ക്കഷായങ്ങള്‍
ഓരോ മാസത്തിനും ഓരോ പാല്‍ക്കഷായങ്ങളാണ് വിധിക്കുന്നത്. ഇരട്ടി മധുരം കൊണ്ട് ഒന്നാം മാസത്തിലും നന്നാറികൊണ്ട് മൂന്നാം മാസത്തിലും കൊടിത്തൂവ നാലാം മാസത്തിലും ചെറുപൂളകൊണ്ട് അഞ്ചാം മാസത്തിലും ഓരിലകൊണ്ട് ആറാം മാസത്തിലും പേരാല്‍മൊട്ടുകൊണ്ട് ഏഴാം മാസത്തിലും പാല്‍ക്കഷായംവച്ചു നല്‍കണം.
എട്ട് ഒന്‍പതു മാസത്തിലും പ്രസവം വരെയും കുറുന്തോട്ടിയിട്ട് കുറുക്കിയ പാലാണ് നല്ലത്. ഇതോടൊപ്പം ഓരോ മഹാധാന്വന്തരം ഗുളികയും ചേര്‍ത്തുനല്‍കുന്നത് നല്ലതാണ്. ആയിരം കുറുന്തോട്ടി ചെന്നാല്‍ ആവു എന്നു പറയുമ്പോഴേക്കും പ്രസവിക്കും എന്ന നാടന്‍ പഴമൊഴി അര്‍ഥവത്താണ്.
വസ്‌തി
ഏഴാം മാസം മുതല്‍ സ്‌നേഹ ദ്രവ്യങ്ങള്‍ ധാന്വന്തരം തൈലം മുതലായവകൊണ്ട് വസ്‌തി ചെയ്യുന്നത് ഗര്‍ഭിണികളില്‍ സാധാരണ കാണുന്ന മലബന്ധം തടയാന്‍ സഹായിക്കും.
വ്യായാമം
ആദ്യമാസങ്ങളില്‍ ശരീരത്തിന് പരമാവധി വിശ്രമം നല്‍കണം. നാലാം മാസം മുതല്‍ സാധാരണ രീതിയില്‍ ചെയ്യാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാവുന്നതാണ്. ഒരു യോഗാവിദഗ്‌ധന്റെ മേല്‍നോട്ടത്തില്‍ അരക്കെട്ടിനും വയറിലെ പേശികള്‍ക്കും ഉചിതമായ വ്യായാമ മുറകള്‍ പരീശീലിക്കുന്നത് നല്ലതാണ്.
മുറ്റമടിക്കുക, ഉരലിടിക്കുക മുതലായവ ചെയ്‌തിരുന്ന സ്‌ത്രീകള്‍ക്ക് ഇത്തരം വ്യയായാമങ്ങള്‍ സ്വയം കിട്ടിയിരുന്നതാണ്. എന്നാല്‍ ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തില്‍ ശരിയായ വ്യായാമങ്ങള്‍ പരിശീലിച്ച് ചെയ്യുന്നത് ആവശ്യമാണ്. എന്നാല്‍ ഇത് അമിതമാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
കടപ്പാട്: ഡോ. കൃഷ്‌ണദാസ്, പാലക്കാട്
ഗര്‍ഭിണികള്‍ കിടക്കയില്‍ കിടന്നുള്ള പൂര്‍ണ വിശ്രമം എടുക്കേണ്ട ആവശ്യമില്ല. അപകടസാധ്യത ഉണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കണം എന്നു മാത്രം.
രാത്രിയില്‍ എട്ട് മണിക്കൂറും പകല്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറും ഉറങ്ങാം. അധികം ആയാസമുണ്ടാക്കാത്ത വീട്ടു പണികള്‍ ചെയ്യാം .
ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകള്‍ അസ്വസ്‌ഥതകള്‍ നിറഞ്ഞതാവും. ഇത്തരം ബുദ്ധിമുട്ടുകളാണ് ഗര്‍ഭിണികളെ ഏറെ വലയ്‌ക്കുന്നത്. ഇതൊഴിവാക്കാന്‍ തുടക്കം മുതല്‍ ജീവിതരീതിയിലും ഭക്ഷണരീതിയിലും ശ്രദ്ധിക്കണം.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യുന്നതിലും മരുന്നുകള്‍ കഴിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണങ്ങളെല്ലാം ഗര്‍ഭകാലത്തെ അസ്വസ്‌ഥതകളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ്.
മരുന്നുകളുടെ ഉപയോഗം
ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ആദ്യത്തെ മൂന്നുമാസം ഫോളിക് ആസിഡ് ഗുളികകളും രണ്ടാം മൂന്നുമാസം അയണ്‍, കാത്സ്യം, ഫോളിക് ആസിഡ്, വിറ്റമിന്‍ ബി കോംപ്ലസ് ഗുളികകളും കഴിച്ചു തുടങ്ങണം. സ്വയം ഫാര്‍മസിയില്‍ നിന്ന് ഏതെങ്കിലും മരുന്നുകള്‍ വാങ്ങി കഴിക്കാന്‍ പാടില്ല.
ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അത് നിര്‍ത്താനും സുരക്ഷിതമായ മറ്റ് മരുന്നുകള്‍ തുടങ്ങാനും ഡോക്‌ടറുടെ ഉപദേശം തേടുക. കാരണം മിക്ക മരുന്നുകളും ഗര്‍ഭസ്‌ഥ ശിശുവിന് അപകടകാരിയായേക്കാം.
യാത്രകള്‍ സുരക്ഷിതമാവണം
ശരീരത്തിന് കുലുക്കമുണ്ടാകുന്ന യാത്രകളും ദീര്‍ഘയാത്രകളും ഒഴിവാക്കണം. പ്രത്യേകിച്ച് ആദ്യത്തെ മൂന്നു മാസങ്ങളില്‍. കുണ്ടും കുഴികളും ഉള്ള റോഡുകള്‍ ഒഴിവാക്കണം.
സൈക്കിള്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയില്‍ യാത്ര ചെയ്യരുത്. ബസില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ മുന്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുക.
ഏറ്റവും പിന്നില്‍ കുലുക്കം കൂടുതലായിരിക്കും. തീവണ്ടിയിലും വിമാനത്തിലുമുള്ള യാത്രയാണ് ഏറ്റവും സുരക്ഷിതം.
കാറില്‍ ആണ് യാത്ര ചെയ്യുന്നതെങ്കില്‍ കുറഞ്ഞ വേഗത്തില്‍ ഓടിക്കുകയും ഇടയ്‌ക്കിടെ കാര്‍ നിര്‍ത്തി വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടരുകയും വേണം. ഒന്‍പത് മാസത്തിന് ശേഷം എപ്പോള്‍വേണമെങ്കിലും പ്രസവമോ രക്‌തസ്രാവമോ ഉണ്ടാകാം. എന്നതിനാല്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
വിശ്രമവും വ്യായാമവും
ഗര്‍ഭിണികള്‍ കിടക്കയില്‍ കിടന്നുള്ള പൂര്‍ണ വിശ്രമം എടുക്കേണ്ട ആവശ്യമില്ല. അപകടസാധ്യത ഉണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കണം എന്നു മാത്രം.
രാത്രിയില്‍ എട്ട് മണിക്കൂറും പകല്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറും ഉറങ്ങാം. അധികം ആയാസമുണ്ടാക്കാത്ത വീട്ടു പണികള്‍ ചെയ്യാം. എല്ലാ ദിവസവും അല്‌പം നടക്കുന്നത് നല്ലതായിരിക്കും.
ധ്യാനം, പ്രാണായാമം, ലഘുവ്യായാമങ്ങള്‍ എന്നിവ ഡോക്‌ടറുമായി ചര്‍ച്ച ചെയ്യ്‌ത ശേഷം ചെയ്യാവുന്നതാണ്. കഠിന വ്യായാമങ്ങള്‍, ഭാരമുള്ള വസ്‌തുക്കള്‍ എടുത്ത് നടക്കുക, പടികള്‍ ഇടയ്‌ക്കിടെ കയറിയിറങ്ങുക എന്നിവ ചെയ്യരുത്. വ്യായാമം ചെയ്‌ത ശേഷം ധാരാളം വെള്ളം കുടിക്കണം.
വ്യക്‌തി ശുചിത്വവും വസ്‌ത്രധാരണവും
ഗര്‍ഭിണികള്‍ എല്ലാ ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയും വേണം. കൈകാലുകളിലെ നഖങ്ങള്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. നെയില്‍ പോളിഷ് ഒഴിവാക്കുക. എണ്ണ തേച്ചു കുളി നല്ലതാണ്. യോനി വൃത്തിയായി വയ്‌ക്കുക. രണ്ടു നേരം പല്ലു തേയ്‌ക്കുക.
പൊടിപിടിച്ച റോഡുകളില്‍ യാത്ര ചെയ്യാതിരിക്കുക. പച്ചക്കറികളിലും പഴങ്ങളിലും കീടാശിനികള്‍ ഉണ്ടാവാം എന്നതിനാല്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
ഭക്ഷണത്തിന് മുന്‍പും ശേഷവും കൈ വൃത്തിയായി സോപ്പിട്ട് കഴുകണം. പനി, ജലദോഷം, മറ്റ് പകര്‍ച്ച വ്യാധികള്‍ എന്നിവയുള്ളവരുമായി അടുത്ത് ഇടപെടാതിരിക്കുക.
തിരക്കുള്ള സ്‌ഥലങ്ങളില്‍ പോകാതിരിക്കുക. മുലയൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ സ്‌തനങ്ങളും മുലകണ്ണുകളും വൃത്തിയായി വയ്‌ക്കുക.
രോഗാണുക്കള്‍ പകരാനിടയുള്ളതിനാല്‍ ചര്‍മം, കണ്ണുകള്‍, പല്ലുകള്‍, നഖങ്ങള്‍, ജനനേന്ദ്രിയം എന്നിവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പല്ലുതേക്കുമ്പോള്‍ മോണയില്‍ നിന്നും കൂടുതല്‍ രക്‌തം വന്നാല്‍ ദന്ത ഡോക്‌ടറെ കാണുക.
അയഞ്ഞതും കോട്ടണ്‍ കൊണ്ടുണ്ടാക്കിയതുമായ വസ്‌ത്രങ്ങള്‍ ധരിക്കുക. സ്‌തനങ്ങള്‍ക്ക് താങ്ങ് നല്‍കുന്നതും അധികം ഇറുക്കമില്ലാത്തതുമായ ബ്രാ ധരിക്കണം. വൃത്തിയുള്ള അടിവസ്‌ത്രങ്ങള്‍ ധരിക്കുക. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കരുത്. പരന്ന പ്രതലമുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുക.
ചര്‍മ്മ സംരക്ഷണം
ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് നിറംമാറ്റം, ചൊറിച്ചില്‍, മുഖക്കുരു എന്നിവ കാണാറുണ്ട്. വയറ്റിലും സ്‌തനങ്ങളിലും വെളുത്ത വരപോലുള്ള പാടുകള്‍ കാണാറുണ്ട്. ഇവ പ്രസവത്തിന് ശേഷവും നിലനില്‍ക്കാറുണ്ട്. മുഖത്ത് കവിളുകളിലും നെറ്റിയിലും കണ്ണിനു ചുറ്റും കറുത്ത പാടുകള്‍ എന്നിവയുണ്ടാകാം. മുഖം വൃത്തിയായി കഴുകുക.
മോയ്‌ചറൈസര്‍ ഉപയോഗിക്കുക. നന്നായി ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. വയറ്റിലെ പാട് കുറയ്‌ക്കാനായി ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ലോഷനുകള്‍ പുരട്ടാം.
സ്‌തന പരിചരണം
സ്‌തനങ്ങള്‍ വലുതാകുന്നതിനാല്‍ ഗര്‍ഭകാലത്ത് കൃത്യമായ അളവിലുള്ളതും സ്‌തനങ്ങള്‍ക്ക് താങ്ങു നല്‍കുന്നതുമായ ബ്രാ ധരിക്കുക. അഞ്ചാം മാസം മുതല്‍ ദിവസത്തിലൊരിക്കല്‍ വീര്യം കുറഞ്ഞ സോപ്പുകൊണ്ട് മുലകണ്ണുകള്‍ കഴുകി തുണികൊണ്ട് തുടച്ചുണക്കി അതിനു ശേഷം വിറ്റമിന്‍ ഇ കലര്‍ന്ന ലോഷന്‍ കൊണ്ട് മെല്ലെ തടവുകയും ചെയ്‌താല്‍ മുലകണ്ണുകള്‍ വിണ്ടു കീറുന്നത് തടയാം.
സ്‌തനങ്ങളെ മുലയൂട്ടാന്‍ തയ്യാറാക്കണം. മുലകണ്ണുകള്‍ അകത്തേയ്‌ക്ക് വലിഞ്ഞിട്ടുണ്ടെങ്കില്‍ എണ്ണയോ ക്രീമോ പുരട്ടി മെല്ലെ തടവി പുറത്തേയ്‌ക്കു കൊണ്ടുവരാന്‍ ശ്രമിക്കുക.
ലൈംഗികബന്ധം
ആദ്യത്തെയും അവസാനത്തെയും ത്രൈമാസകാലങ്ങളില്‍ ലൈംഗികബന്ധം ഒഴിവാക്കണം.
ആദ്യമാസങ്ങളില്‍ രക്‌തസ്രാവമോ ഗര്‍ഭഛിദ്രമോ ഉണ്ടാകാന്‍ സാധ്യത ഉള്ളതു കൊണ്ടും അവസാനമാസങ്ങളില രക്‌തസ്രാവം, രോഗാണു ബാധ, മാസം തികയാതെ പ്രസവം, ഗര്‍ഭസ്‌ഥ ശിശുവിന് അസ്വസ്‌ഥത, ഗര്‍ഭാശയ സങ്കോചങ്ങള്‍ എന്നിങ്ങനെ പല അപകടസാധ്യതകളും ഉള്ളതുകൊണ്ടും ലൈംഗികബന്ധം ഒഴിവാക്കണം. മറുപിള്ള ഗര്‍ഭപാത്രത്തിന് താഴെയായ ഗര്‍ഭാവസ്‌ഥയില്‍ ലൈംഗികബന്ധം പാടില്ല. ഭര്‍ത്താക്കന്മാര്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയണം.
ജോലി ഉള്ളവര്‍
ഗര്‍ഭിണി ജോലിയെടുക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. അധികനേരം നില്‍ക്കുക, കഠിനാധ്വാനം എന്നിവ ഒഴിവാക്കുക. രക്‌തസ്രാവം, ശിശുവിന് വളര്‍ച്ചക്കുറവ്, രക്‌താതി സമ്മര്‍ദം, വയറു വേദന എന്നിവയുണ്ടെങ്കില്‍ ജോലിക്ക് പോകാതിരിക്കുകയും ഡോക്‌ടറെ കാണുകയും ചെയ്യുക.
ജോലി സ്‌ഥലത്തെ പിരിമുറുക്കം, മാനസിക സമ്മര്‍ദം എന്നിവ ഗര്‍ഭാവസ്‌ഥയില്‍ നല്ലതല്ല. ഗര്‍ഭിണിയുടെ മാനസിക നില ഗര്‍ഭസ്‌ഥ ശിശുവിനെ ബാധിക്കും.
ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍
ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാല്‍, പാലുത്‌പന്നങ്ങള്‍, മുട്ട, മീന്‍ എന്നിവയടങ്ങിയ സന്തുലിത ആഹാരമാണ് ഗര്‍ഭിണി കഴിക്കേണ്ടത്. ചായ, കാപ്പി എന്നിവ കുറയ്‌ക്കുക. പഞ്ചസാര, എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്‌ക്കണം.
ഇലക്കറികള്‍ കഴിച്ചാല്‍ വിളര്‍ച്ച തടയാനും മലബന്ധം ഇല്ലാതാക്കാനും കഴിയും. ഇലക്കറികളില്‍ ഇരുമ്പു സത്തും നാരും അടങ്ങിയിട്ടുണ്ട്. ആപ്പിള്‍, ഉണക്കമുന്തിരി എന്നിവ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളില്‍ അടങ്ങിയ വിറ്റമിന്‍ സി ഇരുമ്പു സത്തിന്റെ ആഗിരണം വര്‍ധിപ്പിക്കും.
ആദ്യമാസങ്ങളില്‍ ഓക്കാനവും ഛര്‍ദിയും കൂടുതലാണെങ്കില്‍ കൊഴുപ്പു കൂടുതലുള്ളതും എണ്ണയില്‍ വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ക്രീം ബിസ്‌ക്കറ്റുകള്‍, ചോക്കലേറ്റ്, ഐസ്‌ക്രീം, ജംങ് ഫുഡ്, കോള, സോഫ്‌റ്റ് ഡ്രിങ്ക്‌സ് എന്നിവ ഒഴിവാക്കുക.
കാരറ്റ്, കക്കിരിക്ക, വെള്ളരിക്ക എന്നിവ സലാഡ് രൂപത്തില്‍ കഴിക്കാം. അധികം നെയ്യ് കഴിക്കരുത്. മസാലകള്‍ കുറച്ച് ഉപയോഗിക്കുക. ചിക്കന്‍ വറുക്കാതെ കറി ഉണ്ടാക്കി കഴിക്കാം.
ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളവര്‍ മാസമുറയുടെ രണ്ടാമത്തെ പകുതിയില്‍ അനാവശ്യ മരുന്നുകളും എക്‌സ്റേ പരിശോധനകളും ഒഴിവാക്കണം. കാരണം ഗര്‍ഭിണിയാണെന്ന് അറിയുമ്പോഴേയ്‌ക്കും കുഞ്ഞിന് മൂന്ന് ആഴ്‌ചയുടെ വളര്‍ച്ച എത്തിയിരിക്കും. അപ്പോഴേക്കും കുഞ്ഞിന്റെ തലച്ചോറിന്റെയും സുഷുമ്‌നാനാഡിയുടെയും വളര്‍ച്ച തുടങ്ങിയിട്ടുണ്ടാകാം.
ഉറക്കം ആവശ്യത്തിന്
രാത്രിയില്‍ 8 മുതല്‍ 10 മണിക്കൂറും പകല്‍ 1 മുതല്‍ 2 മണിക്കൂര്‍ വരെയും ഉറങ്ങാം. 5 മാസത്തിന് ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇടതുവശം ചെരിഞ്ഞു വേണം കിടക്കാന്‍. ഗര്‍ഭിണികള്‍ കമിഴ്‌ന്ന് കിടക്കരുത്. കിടന്ന് എഴുന്നേല്‍ക്കുമ്പോള്‍ വശം ചെരിഞ്ഞ് മെല്ലെ എഴുന്നേല്‍ക്കുക.
ഉറക്കക്കുറവുണ്ടെങ്കില്‍ ചായ, കാപ്പി എന്നിവ ഒഴിവാക്കുക. ഉറങ്ങുന്നതിന് മുന്‍പ് ഇളം ചൂടുപാല്‍ കുടിക്കുക. മാനസിക സമ്മര്‍ദം ഒഴിവാക്കുകയും ആവശ്യമെങ്കില്‍ പകലുറക്കം ഒഴിവാക്കുകയും ചെയ്യുക.
കടപ്പാട്: ഡോ. (മേജര്‍) നളിനി ജനാര്‍ദനന്‍
ഫാമിലി മെഡിസിന്‍ സ്‌പെഷലിസ്‌റ്റ്, പൂനെ
കുടുംബത്തിന്റെ ഏറ്റവും വലിയ ദൗത്യം ജീവന് ശുശ്രൂഷ ചെയ്യുക എന്നതാണ്. ജീവന്റെ കര്‍ത്താവായ ദൈവമാണ് ജീവസംരക്ഷണമെന്ന ശ്രേഷ്‌ഠമായ ജോലി മനുഷ്യനെ ഭാരമേല്‍പിച്ചിരിക്കുന്നത്.
അതുകൊണ്ട് മനുഷ്യജീവനെ അതിന്റെ ഉത്ഭവത്തിന്റെ ആദ്യക്ഷണം മുതല്‍ അതീവ ശ്രദ്ധയോടുകൂടിത്തന്നെ സംരക്ഷിക്കണം. മക്കളുടെ ജനനം ആകസ്‌മികമാകരുത്.
കുഞ്ഞ് ഹൃദയത്തില്‍ ജനിക്കണം
ഭാര്യാഭര്‍ത്താക്കന്മാര്‍ ആഗ്രഹിച്ചൊരുങ്ങി ആദ്യം കുഞ്ഞിനെ ഹൃദയത്തില്‍ ജനിപ്പിക്കണം. പിന്നീടാണ് ജീവിതവിശുദ്ധിയോടെ ഉദരത്തില്‍ ജനിപ്പിക്കേണ്ടത്. ദമ്പതികള്‍ ഒന്നിച്ചിരുന്ന് എല്ലാ ദിവസവും പ്രാര്‍ഥിക്കണം.
'ദൈവമേ , ഞങ്ങളിലൂടെ എത്ര കുഞ്ഞുങ്ങളെ ഈ ഭൂമിക്കു ദാനമായി നല്‍കാന്‍ അവിടുന്നു തിരുമനസാകുന്നുവോ അത്രയും കുഞ്ഞുങ്ങളെ ജനിപ്പിക്കാനും വളര്‍ത്താനുമുള്ള ഭാഗ്യം തരേണമേ...'
ജീവന്റെ ഉടമസ്‌ഥന്‍ ദൈവമാണ്. ദമ്പതികള്‍ കാര്യസ്‌ഥര്‍ മാത്രമാണ്. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ട് ദൈവം ദാനമായി, കുഞ്ഞുങ്ങളെ ഏതു രൂപമോ ഭാവമോ ആയിക്കൊള്ളട്ടെ, നോര്‍മലോ, അബ്‌നോര്‍മലോ എന്തുമാവട്ടെ, ദൈവത്തിന്റെ കരങ്ങളില്‍നിന്നും സ്വീകരിച്ച് ദൈവഹിതപ്രകാരം ദൈവികനിയമത്തില്‍ വളര്‍ത്താന്‍ കടപ്പെടുന്നു.
ഗര്‍ഭിണിയായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഗര്‍ഭിണിയാണെന്ന സദ്‌വാര്‍ത്ത ലഭിക്കുമ്പോള്‍ ആദ്യമായി ദൈവത്തി ല്‍ നിന്നും സന്തോഷപൂര്‍വം കുഞ്ഞിനെ സ്വീകരിക്കണം. സൃഷ്‌ടികര്‍മ്മത്തില്‍ തങ്ങളെ പങ്കാളിയാക്കുന്നതിനെയോര്‍ത്ത്, മാതാവും പിതാവും ആയി ഉയര്‍ത്തിയതിനെയോര്‍ത്ത് ദമ്പതികള്‍ ദൈവത്തിനു നന്ദി പറയണം. ഗര്‍ഭിണിയായിരിക്കുന്നത് കുടുംബത്തിന്റെ ഒരു സുവാര്‍ത്ത ആകണം.
കുഞ്ഞിന് അനുകൂലമായ ഉറച്ചതീരുമാനം ദമ്പതികള്‍ എടുക്കണം. അതായത്, 'കുഞ്ഞിന്റെ നന്മയ്‌ക്കും ശ്രേയസിനുമായി എന്തെല്ലാം പരിത്യജിക്കണമോ അതെല്ലാം പരിത്യജിക്കും, എന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്യും' എന്നു ദമ്പതികള്‍ ഒരുമിച്ച് തീരുമാനിക്കണം.
ത്യാഗമനോഭാവം വളര്‍ത്തണം
കുഞ്ഞിന് ജന്മം നല്‍കുന്ന ദമ്പതികള്‍ കുഞ്ഞിന്റെ നന്മയ്‌ക്കായി, ശ്രേയസിനായി പലതും ത്യജിക്കാനില്ലേ? വെറുപ്പ്, വൈരാഗ്യം, അഹങ്കാരം, ആസക്‌തി, അലസത, ദുരാശകള്‍, ടെന്‍ഷന്‍, ഭയം, ദുഃഖം, കോപം, സിനിമാഭ്രമം, സീരിയലുകള്‍, അസംതൃപ്‌തി, കള്ളത്തരം, കുറ്റംപറച്ചില്‍, താന്‍മടുത്തു എന്നചിന്ത, ആത്മഹത്യാ ചിന്ത, മദ്യപാനാസക്‌തി, ലഹരിവസ്‌തുക്കളുടെ ഉപയോഗം തുടങ്ങിയവ പരിത്യജിക്കാന്‍ തയാറാകണം.
സ്‌ത്രീ ഗര്‍ഭിണിയാകുന്നതിന് അനുകൂലമായ രീതിയി പല മാറ്റങ്ങളും അവളുടെ ശരീരത്തില്‍ വളരുന്നുണ്ട്. ഗര്‍ഭാവസ്‌ഥയ്‌ക്കും പ്രസവത്തിനും മുലയൂട്ടലിനുമെല്ലാം അവളെ തയാറാക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നുണ്ട്.
അതുപോലെ അവളുടെമനസിലും ധാര്‍മികതയിലും ആധ്യാത്മികതയിലും മാറ്റം വരുത്തേണ്ടതാണ്. 'ഗര്‍ഭിണിയെ ശ്രദ്ധിക്കൂ, തലമുറകളെ രക്ഷിക്കൂ' എന്നാണ് പറയുക. ഗര്‍ഭകാലത്ത് അമ്മയെയും, കുഞ്ഞിനെയും പ്രത്യേകം ശുശ്രൂഷിക്കണം.
കുഞ്ഞ് അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍ തലച്ചോറിന്റെയും വ്യക്‌തിത്വത്തിന്റെയും വളര്‍ച്ച 70 ശതമാനം സംഭവിച്ചു കഴിഞ്ഞു. ബാക്കി 15 ശതമാനം വളര്‍ച്ച മുലപ്പാല്‍ കുടിക്കുന്ന 1 വര്‍ഷം കൊണ്ടും 10 ശതമാനം വളര്‍ച്ച 3 - 4 വയസിലും, ബാക്കിയുള്ള 5 ശതമാനം വിദ്യാഭ്യാസകാലഘട്ടത്തിലും സംഭവിക്കുന്നു.
ഗര്‍ഭസ്‌ഥശിശുവിന്റെ തലച്ചോറ് 40-ാം ദിവസം പ്രവര്‍ത്തിച്ചു തുടങ്ങുന്നത് ഇ.ഇ.ജി.യിലൂടെ റിക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. അതിനാല്‍ ഗര്‍ഭകാലഘട്ടത്തിന്റെ ആദ്യനാളുതൊട്ട് പുറത്തുനടക്കുന്ന എല്ലാ സംഭവങ്ങളും ന്യൂറോട്രാന്‍സ്‌മിറ്റര്‍ വഴി രേഖപ്പെടുത്തുന്നു.
തലച്ചോറില്‍ ആദ്യം ഒപ്പിയെടുക്കുന്ന ജീവിതാനുഭവങ്ങള്‍ കുഞ്ഞിന്റെ വ്യക്‌തിത്വത്തെ ബാധിക്കും. രണ്ടരമാസമായ ഗര്‍ഭസ്‌ഥശിശുവിന്റെ എല്ലാ അവയവങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. അതിനു ശേഷം ഒന്നും പുതുതായി രൂപപ്പെടുന്നില്ല. വളരുക മാത്രം ചെയ്യുന്നു.
ആയതിനാല്‍ അമ്മയുടെ ശാരീരികാരോഗ്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഗര്‍ഭകാലത്ത് ഭാവാത്മകമായ ചിന്തകള്‍, അനുഭവങ്ങള്‍ ഒക്കെ വേണം ഗര്‍ഭിണിക്കു ലഭിക്കുവാന്‍. ഗര്‍ഭസ്‌ഥശിശുവിന് കേടുതട്ടരുത്. ഗര്‍ഭിണിക്കു ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കണം. അതിനാല്‍, ഗര്‍ഭിണി വീണാല്‍ ഉദരശിശുവിന് ഞെട്ടല്‍ ഉണ്ടാകും. ജനിച്ചശേഷവും ഈ ഞെട്ടല്‍ തുടരും.
എല്ലാ ദിവസവും പിതാവ് ഗര്‍ഭിണിയുടെ ഉദരത്തില്‍ സ്‌പര്‍ശിച്ചു പ്രാര്‍ഥിച്ചാല്‍ ആന്തരിക സൗഖ്യമുള്ളതും കൃപനിറഞ്ഞതുമായ കുഞ്ഞിനെ ലഭിക്കും. കുഞ്ഞിന് വേണ്ടി കുടുബാംഗങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കുഞ്ഞിന് അവരോടുളള സ്‌നേഹവും വര്‍ധ ിക്കും.
ഗര്‍ഭകാലത്തെ ഭക്ഷണരീതി
ജീവന്റെ സൃഷ്‌ടിയുടെയും വളര്‍ച്ചയുടെയും കാലമാണ് ഗര്‍ഭകാലം. അമ്മയ്‌ക്കും കുഞ്ഞിനും ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമയം. തന്റെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ശ്രദ്ധ കൊടുത്തുകൊണ്ട് നല്ല രീതിയില്‍ ആഹാരം പുനഃക്രമീകരിക്കേണ്ടത്‌് അമ്മയുടെ കടമയാണ്.
തന്റെയുളളില്‍ ഒരു ജീവന്‍ വളരുന്നു എന്ന ചിന്തതന്നെ സ്വയം ഭക്ഷണരീതിയില്‍ ശ്രദ്ധിക്കാന്‍ പ്രേരകമാകുന്ന ഘടകമാണ്. ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭാവസ്‌ഥയിലും ശരിയായ ഭക്ഷണക്രമം തുടരേണ്ടതുണ്ട്. ഗര്‍ഭാവസ്‌ഥയ്‌ക്ക് മുമ്പ്‌തന്നെ ശ്രദ്ധിക്കുന്ന അമ്മമാര്‍ക്ക് ഗര്‍ഭാവസ്‌ഥ തുടങ്ങുമ്പോള്‍ ആവശ്യമായ ഘടകങ്ങള്‍ ശരീരത്തില്‍ നീക്കിയിരിപ്പുണ്ടാകും.
ഗര്‍ഭാവസ്‌ഥയിലെ പ്രത്യേക ആവശ്യങ്ങള്‍
ജനിക്കുന്ന കുഞ്ഞിന് ആവശ്യത്തിന് പാല്‍ ഉറപ്പു വരുത്തുവാന്‍ സഹായകമായ ഭക്ഷണം വേണം അമ്മ കഴിക്കുവാന്‍. ഗര്‍ഭാവസ്‌ഥയിലെ കാലം അനുസരിച്ചും ഭക്ഷണത്തില്‍ വ്യത്യാസം വേണ്ടിവരും. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ വ്യക്‌തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ആദ്യ 3 മാസങ്ങളിലെ ഏറ്റവും ആവശ്യമായതും ശ്രദ്ധിക്കേതുമായ ഘടകം മാംസ്യം അഥവാ പ്രോട്ടീന്‍, ഫോളിക് ആസിഡ്, വൈറ്റമീന്‍ ബി - 12 , സിങ്ക് എന്നിവയാണ്. പിന്നീടുളള ആറ് മാസങ്ങളില്‍ കുഞ്ഞിന്റെ ധ്രുതഗതിയിലുളള വളര്‍ച്ചയ്‌ക്ക് ആവശ്യമായ ഊര്‍ജദായനികളായ ഭക്ഷണങ്ങളാണ് വേണ്ടത്.
ഈ ആറുമാസങ്ങളില്‍ മാംസ്യം, ഇരുമ്പ്, കാത്സ്യം, മാംഗ്നീഷ്യം, ബി - വിറ്റാമിനുകള്‍, ഡി. എച്ച്. എ എന്നിവയാണ് കൂടുതല്‍ ആവശ്യം. അതുകൊണ്ടു തന്നെ മാംസ്യം, ഡി.എച്ച്.എ, ഒമേഗ - 3, കൊഴുപ്പുകള്‍ , വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയ്‌ക്കാണ് ഗര്‍ഭകാലത്ത് ഏറ്റവും പ്രാധാന്യം എന്ന് തെളിയുന്നു. പിന്നീടുളള കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്ക് വളരെ നിര്‍ണായകമാണീ ഘടകങ്ങള്‍.
നാരുകള്‍ ധാരാളം അടങ്ങിയതും, അന്നജം, മാംസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ആവശ്യത്തിനുളളതും, പൂരിതകൊഴുപ്പുകള്‍ കുറച്ചുളളതുമായ ഭക്ഷണം കഴിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നന്നാണ്.
പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. നമ്മുടെ ആഹാരരീതിയനുസരിച്ച് എപ്പോഴും ആവശ്യമായ മുഴുവന്‍ പോഷകങ്ങളും കിട്ടിയെന്ന് വരില്ല.
മാത്രമല്ല, സാമൂഹിക - സാംസ്‌കാരിക കാരണങ്ങളാലും, പാകം ചെയ്യുന്ന രീതിയിലുള്ള പ്രത്യേകത കാരണവും പല പ്രധാന പോഷകങ്ങളും നമുക്ക് പലപ്പോഴും ലഭ്യമാകാറില്ല. ദീര്‍ഘയാത്രകളും, കുലുങ്ങിയുള്ള യാത്രകളും കഴിവതും ഉപേക്ഷിക്കുക.
ചില മാര്‍ഗനിര്‍ദേശങ്ങള്‍
ഭര്‍ത്താവിനെ പഴയതുപേലെ തൃപ്‌തിപ്പെടുത്തുവാന്‍ സാധിക്കുമോ, ഭര്‍ത്താവ് തന്നില്‍ നിന്നകലുമോ, ഭര്‍ത്താവിനു സ്‌നേഹം കുറയുമോ എന്നൊക്കെയുള്ള ഗര്‍ഭിണിയുടെ ഭയവും സംശയും ഭര്‍ത്താവ് സ്‌നേഹപൂര്‍വം മാറ്റിയെടുക്കണം. അവളില്‍ ധൈര്യവും സുരക്ഷിതത്വബോധവും ആത്മവിശ്വാസവും വളര്‍ത്തണം.
കൂടുതല്‍ സമയം ഒന്നിച്ചിരുന്ന് കുഞ്ഞിനെക്കുറിച്ചും ഉദരശിശുവിന്റെ അനക്കത്തെക്കുറിച്ചും ഒക്കെ സംസാരിക്കുന്നത് നല്ലതാണ്. 16 - 24 ആഴ്‌ചയില്‍ അമ്മ കുഞ്ഞിന്റെ ആദ്യ അനക്കം ആസ്വദിക്കാന്‍ തുടങ്ങണം. ചിലപ്പേള്‍ ഭര്‍ത്താവിന് ആശങ്കവരാം. ഭാര്യയുടെ കടമയാണ്, ഭര്‍ത്താവിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ സാധിച്ചുകെടുക്കുക.
ദാമ്പത്യബന്ധത്തിന്റെ രീതിപോലും രണ്ടുപേരും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കണം. ഭാര്യയെയും കുഞ്ഞിനെയും ആദരിച്ചുകൊണ്ട് ശ്രദ്ധയോടും വിവേകത്തോടും സംയമനത്തോടും കൂടെ ഭാര്യഭര്‍തൃബന്ധത്തിലേര്‍പ്പെടാം. ഗര്‍ഭകാലത്തിന്റെ ആദ്യവും അവസാനവും ഗര്‍ഭിണിയെ ആദരിച്ചുതന്നെ സംഭോഗം വേണ്ടെന്നുവയ്‌ക്കുന്ന ഭര്‍ത്താക്കന്മാരും ഉണ്ട്.
24 ആഴ്‌ചവരെ ഭ്രൂണഹത്യ അനുവദിക്കാമെന്നും ഡോക്‌ടര്‍ പോലും ഇല്ലാതെ നേഴ്‌സിനോ ആയുര്‍വേദ - ഹോമിയോ ഡോക്‌ടേഴ്‌സിനോ അതു ചെയ്യാം എന്നും ഉള്ള നിയമം പാസാക്കാനുള്ള ശ്രമങ്ങള്‍ പേപ്പറില്‍ വായിച്ചപ്പോള്‍ മനുഷ്യജീവനെ സ്‌നേഹിക്കുന്നവര്‍ക്കൊക്കെ മനോവേദന ഉളവായി.
ഓരോ ഗര്‍ഭസ്‌ഥശിശുവിന്റെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണിത്. ഇത്തരം നിയമങ്ങള്‍ നടപ്പിലായാല്‍ ഭാവിയിലെ ഗര്‍ഭസ്‌ഥശിശുക്കള്‍ക്ക് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പോലും സുരക്ഷിതത്വം നഷ്‌ടപ്പെടുകയാണ്. ഓരോ ഗര്‍ഭിണിക്കും കൗണ്‍സിലിംഗ് അത്യന്താപേക്ഷിതമാണ്.
സിസേറിയന്‍ ശസ്‌ത്രക്രിയ
രണ്ടു സിസേറിയന്‍ കഴിഞ്ഞാല്‍ പിന്നെ പ്രസവം പാടില്ല, പിന്നെ അണ്ഡവാഹിനിക്കുഴല്‍ മുറിക്കണം എന്ന പതിവ് ശരിയല്ല എന്നു പൊതുവെ പറയപ്പെടുന്നു. എന്നാല്‍ അതു ശരിയല്ല. ഞാന്‍ അയര്‍ലന്റിലെ ഒരു സ്‌ത്രീക്ക് 9 - ാംമത്തെ സിസേറിയന്‍ ചെയിതിട്ടുപോലും ഗര്‍ഭപാത്രത്തില്‍ ഘനം കുറവ് കണ്ടില്ല.
പത്താമതും ആ സ്‌ത്രീ ഗര്‍ഭിണിയായി കാണുവാനുള്ള ഭാഗ്യം എനിക്കു സിദ്ധിച്ചു. കേരളത്തില്‍ ഞാന്‍ ഒരു സ്‌ത്രീക്ക് 6 പ്രാവശ്യം ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ 13 ആണ് ഏറ്റവും കൂടിയ സിസേറിയന്റെ നമ്പര്‍. അതുകൊണ്ട് അണ്‌ധവാഹിനിക്കുഴല്‍ മുറിക്കണം എന്ന പതിവ് ശരിയല്ല.
കുഞ്ഞിനെ മുലയൂട്ടല്‍
മുലപ്പാല്‍ പോലുള്ള മറ്റൊരു സമീകൃതാഹാരം കുട്ടികള്‍ക്ക് കിട്ടുവാനേയില്ല. ഈ പ്രോഡക്‌റ്റിന്റെ നിര്‍മ്മാതാവ് ദൈവം തന്നെ ആയതിനാല്‍ ഇതു മാതാക്കള്‍ കുട്ടികള്‍ക്കു കൊടുക്കുന്നതില്‍ പിശുക്കു കാട്ടുകയോ അതിനുള്ള അവരുടെ അവകാശം നിഷേധിക്കുകയോ ചെയ്യരുത്.
സ്‌നേഹത്തിന്റെ ചങ്ങലകളില്‍ കോര്‍ത്തിണക്കിയ ചട്ടങ്ങളും നിയമങ്ങളും മാത്രമേ കുഞ്ഞുങ്ങള്‍ക്കു ഫലിക്കയുളളൂ. ആത്മാര്‍ഥമായി അപ്പനും അമ്മയും സ്‌നേഹം (ദൈവത്തിലധിഷ്‌ഠിതം) നല്‍കി, ശുശ്രൂഷാ മനോഭാവത്തില്‍ അവരെ നയിച്ചാല്‍ അനുസരണം അവര്‍ക്ക് എളുപ്പമുള്ളതായിത്തീരും.
മക്കള്‍ വിടരാന്‍ കൊതിക്കുന്ന പൂമൊട്ടുകളാണ്. സ്‌നേഹത്തോടെ അവരെ തലോടിയാല്‍, ജീവന്‍ നല്‍കിയാല്‍ മാത്രമേ അത് പൂവായ് വിരിഞ്ഞ് പ്രശോഭിക്കയുള്ളൂ. സ്‌നേഹിക്കുന്നതിനോടൊപ്പം കുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകളും ജീവിതത്തില്‍ പാലിക്കേണ്ട ചട്ടങ്ങളും എന്തെന്നു കാണിച്ചുകൊടുക്കുകയും കര്‍ശനമായി അതു പാലിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം.
ഒരു വ്യക്‌തിയുടെ വ്യക്‌തിത്വത്തിന്റെ അടിസ്‌ഥാനമിടുന്നത് അമ്മയുടെ ഗര്‍ഭപാത്രം തൊട്ട് 7 വയസുവരെയുളള പ്രായത്തിലാണ്. മാതാപിതാക്കള്‍ ദൈവിക മൂല്യങ്ങളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തി അവരെക്കുറിച്ചുളള ദൈവിക പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കണം.
സ്‌നേഹമുള്ള മാതാപിതാക്കളാണ് കുട്ടികളുടെ ഏറ്റവും വലിയ അനുഗ്രഹം. ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക. വാര്‍ധക്യത്തിലും അതില്‍ നിന്നും അവര്‍ വ്യതിചലിക്കില്ല(സുഭാ . 22.6). കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്റെ മക്കള്‍ നിന്റെ മേശക്കുച്ചുറ്റും ഒലിവ് തൈകള്‍ പോലെയായിരിക്കും.
ലോകത്തിലേക്ക് വരുന്ന ഓരോ കുഞ്ഞും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. കുടുംബജീവിതത്തിന്റെ സുഖ ദുഃഖ സമ്മിശ്രാനുഭവങ്ങള്‍ പങ്കുവെച്ച് ദമ്പതികള്‍ വിശുദ്ധരാകണം.
അവര്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങളും വിശുദ്ധരായിത്തീരണം. ഇതാണ് ദൈവത്തിന് കുടുംബ ജീവിതത്തെക്കുറിച്ചുളള പദ്ധതി. ആയതിനാല്‍ നോര്‍മലോ അബ്‌നോര്‍മലോ ആയ ഒരു ശിശുപോലും ഗര്‍ഭപാത്രത്തില്‍ കൊല ചൊയ്യപ്പൊടാന്‍ പാടില്ല.
കടപ്പാട്: ഡോ. സിസ്‌റ്റര്‍ മേരി മാര്‍സെലസ്
(D.C.H, F.R.C.O.G) മെഡിക്കല്‍ സൂപ്രണ്ട്,
യൂണിറ്റ് ചീഫ് ആന്‍ഡ് ഇന്‍ഫെര്‍ട്ടിലിറ്റി
ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്‌പിറ്റല്‍, കിടങ്ങൂര്‍, കോട്ടയം
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്തതും സന്തോഷപ്രദവുമായ നിമിഷങ്ങള്‍ താന്‍ ഗര്‍ഭിണിയാണെന്ന് അവള്‍ മനസിലാക്കുമ്പോഴാണ്.
സ്‌ത്രീജന്മം പൂര്‍ണമാകുന്നത് അവള്‍ അമ്മയാകുമ്പോഴാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്തതും സന്തോഷപ്രദവുമായ നിമിഷങ്ങള്‍ താന്‍ ഗര്‍ഭിണിയാണെന്ന് അവള്‍ മനസിലാക്കുമ്പോഴാണ് എന്നതില്‍ സംശയമില്ല.
ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പത്ത് മാസം ചുമന്നു നടന്നശേഷം പ്രസവവേദന സഹിച്ച് കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ആ ധന്യമുഹൂര്‍ത്തത്തില്‍ അമ്മ താന്‍ അനുഭവിച്ച എല്ലാ കഷ്‌ടപ്പാടുകളും വേദനകളും മറന്ന് പുഞ്ചിരിക്കുന്നു. അതാണ് മാതൃത്വം.
സ്‌ത്രീയുടെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായ ഗര്‍ഭധാരണവും പ്രസവവും വളരെ ശ്രദ്ധയര്‍ഹിക്കുന്നതാണ്. ഗര്‍ഭകാലത്ത് സ്‌ത്രീശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകുന്നു.
ഗര്‍ഭാവസ്‌ഥയിലും പ്രസവസമയത്തും പ്രസവശേഷവും പല സങ്കീര്‍ണതകളും രോഗങ്ങളും വരാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണിയുടെയോ, കുടുംബാംഗങ്ങളുടെയോ അശ്രദ്ധയോ അറിവില്ലായ്‌മയോ കൊണ്ട് പലപ്പോഴും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലായേക്കാം.
അതുകൊണ്ട് ഗര്‍ഭകാലപരിചരണത്തെക്കുറിച്ചും ഗര്‍ഭകാലത്തുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഗര്‍ഭിണിയും കുടുംബാംഗങ്ങളും അറിഞ്ഞിരിക്കണം.
അമ്മയാവാന്‍ ഒരുങ്ങുക
ആര്‍ത്തവവും ഗര്‍ഭധാരണവും പ്രകൃതിദത്തമായ പ്രക്രിയകളാണ്. സ്‌ത്രീകള്‍ക്ക് മാസംതോറും ആര്‍ത്തവമുണ്ടാകുന്നു. ചിലര്‍ക്ക് ക്രമം തെറ്റിയും ആര്‍ത്തവം വരാം.
കൃത്യമായി ആര്‍ത്തവമുണ്ടാകുന്ന സ്‌ത്രീകള്‍ക്ക് ആര്‍ത്തവം കഴിഞ്ഞ് ഏകദേശം പതിനാലാം ദിവസത്തോട് അടുപ്പിച്ച് അണ്ഡോല്‍പാദനം നടക്കും. ആ കാലയളവില്‍ ലൈംഗികബന്ധം നടന്നാല്‍ സ്‌ത്രീയുടെ അണ്ഡവും പുരുഷബീജവുമായി കൂടിച്ചേര്‍ന്ന് ഭ്രൂണമുണ്ടാകുന്നു.
ഈ ഭ്രൂണം അണ്ഡവാഹിനി കുഴലില്‍ നിന്ന് ഗര്‍ഭാശയത്തിലെത്തി ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങുന്നു. ഗര്‍ഭസ്‌ഥ ശിശുവിന്റെ വളര്‍ച്ച തുടങ്ങുന്നത് ഇങ്ങനെയാണ്.
ഗര്‍ഭധാരണം നടന്നാല്‍ ആര്‍ത്തവം കൃത്യമായി വരില്ല. എന്നാല്‍ മാസമുറ തെറ്റുന്നതിന്റെ കാരണം എല്ലായ്‌പ്പോഴും ഗര്‍ഭധാരണം ആവണമെന്നില്ല.
മാസമുറ തെറ്റുമ്പോള്‍ സ്‌ത്രീകള്‍ക്ക് ഓക്കാനം, ഛര്‍ദി, തലചുറ്റല്‍, ക്ഷീണം, അടിവയറ്റില്‍ അസ്വസ്‌ഥത, ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, ചിലതരം ഭക്ഷണത്തോട് വെറുപ്പ്, വിശപ്പില്ലായ്‌മ, ചില ഭക്ഷണത്തോട് താത്‌പര്യം, സ്‌തനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതുപോലുള്ള തോന്നല്‍, മുലകണ്ണിനു ചുറ്റും കറുപ്പു നിറം എന്നിങ്ങനെ പല ലക്ഷണങ്ങള്‍ കണ്ടേക്കാം.
ഗര്‍ഭിണിയാണോ എന്ന് സംശയം തോന്നിയാല്‍ മൂത്രപരിശോധന വീട്ടിലോ, ആശുപത്രിയിലോ വച്ച് നടത്തി ഉറപ്പു വരുത്തണം.
മനോഹരം ആ നിമിഷം
ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം സ്‌ത്രീക്ക് അവിസ്‌മരണീയമാണ്. അതോടൊപ്പം പല സംശയങ്ങളും ഉത്‌ക്കണ്‌ഠയും വേവലാതികളും ഉണ്ടാകാം. ഗര്‍ഭധാരണം ഉറപ്പായാല്‍ ഉടനെ തന്നെ ഗൈനക്കോളജിസ്‌റ്റിനെ കാണണം.
അണ്ഡവാഹിനി കുഴലിലുണ്ടാകുന്ന ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നിവയും സ്‌ത്രീകള്‍ക്കുണ്ടാകുന്ന ചില രോഗങ്ങളും മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ഇതുപകരിക്കും. പ്രമേഹം, രക്‌താതിസമ്മര്‍ദം, ഹൃദ്രോഗം എന്നിവയുടെ കുടുംബ ചരിത്രമുണ്ടെങ്കില്‍ ഡോക്‌ടറോട് പറയണം.
ഗര്‍ഭിണിക്ക് തൈറോയ്‌ഡ് രോഗങ്ങള്‍, എയ്‌ഡ്സ്, രക്‌താതിസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, സന്ധീവാതത്തെ തുടര്‍ന്നു വരുന്ന ഹൃദ്രോഗം, അപസ്‌മാരം എന്നിങ്ങനെ എന്തെങ്കിലും രോഗമുണ്ടെങ്കില്‍ അതും ഡോക്‌ടറോട് പറയണം. കാരണം ഇത്തരം രോഗങ്ങളും അവയ്‌ക്കു നല്‍കുന്ന മരുന്നുകളും ഗര്‍ഭസ്‌ഥശിശുവിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
ഗര്‍ഭിണിക്ക് എന്തെങ്കിലും മരുന്നുകളോട് അലര്‍ജി ഉണ്ടെങ്കില്‍ അതും പറഞ്ഞിരിക്കണം. ചില ദുശീലങ്ങള്‍ പുകവലി, മദ്യപാനം, ലഹരിപദാര്‍ത്ഥ സേവനം എന്നിവ ഗര്‍ഭിണിക്കുണ്ടെങ്കില്‍ അത് ഗര്‍ഭസ്‌ഥശിശുവിന് അപകടകാരിയാകുമെന്നതിനാല്‍ അത് ഡോക്‌ടറോട് പറയുകയും ഉടനെ നിര്‍ത്തുകയും വേണം.
മുന്‍പ് ഗര്‍ഭം അലസിയിട്ടുണ്ടെങ്കില്‍ അഥവാ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഡോക്‌ടറോട് പറയണം. മുന്‍പ് പ്രസവിച്ചിട്ടുണ്ടെില്‍ മുന്‍ പ്രസവങ്ങളില്‍ സങ്കീര്‍ണതകളോ, രോഗങ്ങളോ കുട്ടികള്‍ക്ക് അംഗവൈകല്യങ്ങളോ ഉണ്ടായ ചരിത്രമുണ്ടെങ്കില്‍ അതും ഡോക്‌ടറോട് പറഞ്ഞിരിക്കണം.
പരിശോധനകള്‍
ആറ് ആഴ്‌ചകള്‍ക്ക് ശേഷം യോനി വഴി പരിശോധിച്ചാല്‍ ഗര്‍ഭമുണ്ടോ എന്ന് അറിയാം. അതിനുശേഷം മൂത്ര പരിശോധന, രക്‌തപരിശോധനകള്‍, അള്‍ട്രാസോണോഗ്രാഫി തുടങ്ങിയവ നിര്‍ദേശിക്കുന്നു.
രക്‌ത പരിശോധനയില്‍ രക്‌തഗ്രൂപ്പ്, ഹീമോഗ്ലോബിന്‍, രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്, ചില വൈറോളജി പരിശോധനകള്‍ എന്നിവ നടത്തുന്നു. ഇത്തരം പരിശോധനകളുടെ ഫലം അനുസരിച്ച് ഗര്‍ഭിണികളെ അപകടസാധ്യത കൂടിയവര്‍, കുറഞ്ഞവര്‍ എന്നിങ്ങനെ തരം തിരിക്കുന്നു. അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് വളരെയധികം ശ്രദ്ധയും മുന്‍കരുതലും പ്രത്യേക ചികിത്സയും വേണ്ടിവരും.
ഗര്‍ഭധാരണം മുതല്‍ ഏഴുമാസം വരെ മാസത്തിലൊരിക്കലും ഏഴു മുതല്‍ ഒന്‍പത് മാസം വരെ രണ്ടാഴ്‌ചയിലൊരിക്കലും അതിനു ശേഷം പ്രസവ തീയതി അടുക്കുന്നത് വരെ ആഴ്‌ചയിലൊരിക്കല്‍ അല്ലെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഇടയ്‌ക്കിടെ എന്ന രീതിയില്‍ പരിശോധന നടത്തേണ്ടതാണ്. ഡോക്‌ടറുടെ നിര്‍ദേശമനുസരിച്ച് പ്രതിരോധ കുത്തിവയ്‌പ്പുകളും നടത്തണം.
ടെറ്റനസ് രോഗത്തിന് എതിരായുള്ള കുത്തിവയ്‌പ്പ് രണ്ടെണ്ണം ഒരു മാസത്തിന്റെ ഇടവേളയില്‍ കൊടുക്കുന്നു. സാധാരണയായി നാലാം മാസത്തിലും അഞ്ചാം മാസത്തിലുമാണ് നല്‍കുന്നത്. ഗര്‍ഭം ധരിച്ചതു മുതല്‍ ഏതു സമയത്തും ഈ കുത്തിവയ്‌പ് തുടങ്ങാം.
അള്‍ട്രാസൗണ്ട് സ്‌കാന്‍
1. ഗര്‍ഭസ്‌ഥ ശിശുവിനെക്കുറിച്ചും ഗര്‍ഭാശയത്തെക്കുറിച്ചുമെല്ലാം മനസിലാക്കാന്‍ വളരെ പ്രധാനമായ ഒരു പരിശോധനയാണിത്.
2. ആദ്യത്തെ ആഴ്‌ചകളില്‍
3. ഗര്‍ഭം ഗര്‍ഭപാത്രത്തിന് ഉള്ളില്‍ തന്നെയല്ലേ എന്ന് ഉറപ്പാക്കാന്‍ യോനിവഴി സ്‌കാന്‍ ചെയ്യുന്നു.
4. ഒരു കുഞ്ഞാണോ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടോ എന്നറിയാന്‍.
5. കുഞ്ഞിന്റെ ഹൃദയസ്‌പന്ദനം ശരിയാണോ എന്ന് മനസ്സിലാക്കാന്‍.
6. കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടോ എന്ന് അറിയാന്‍. ആവശ്യമെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുവാനും.
7. ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും മുഴകളുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍.
രണ്ടാം ത്രൈമാസഘട്ടത്തില്‍
1. അംഗവൈകല്യങ്ങള്‍ കണ്ടുപിടിക്കാന്‍.
2. മറുപിള്ളയുടെ സ്‌ഥാനം മനസിലാക്കാന്‍.
3. കുഞ്ഞിന്റെ വളര്‍ച്ച ശരിയായി നടക്കുന്നുണ്ടോ എന്നറിയാന്‍.
4. കുഞ്ഞിന്റെ വളര്‍ച്ചക്കുറവ്, തലയോട്ടിക്കുള്ളില്‍ വെള്ളം പോലുള്ള ദ്രാവകം നിറയുന്ന അവസ്‌ഥ എന്നിവ കണ്ടു പിടിക്കാന്‍.
പ്രസവ തീയതി അടുക്കുമ്പോള്‍
മറുപിള്ളയുടെ സ്‌ഥാനം, ശിശുവിന്റെ കിടപ്പ്, ഗര്‍ഭപാത്രത്തിനുള്ളിലെ ആംനിയോട്ടിക് ദ്രവത്തിന്റെ അളവ്, കുഞ്ഞിന്റെ തൂക്കം എന്നിവ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നു.
ഗര്‍ഭകാലം
ഗര്‍ഭകാലദൈര്‍ഘ്യം ഏകദേശം നാല്‍പത് ആഴ്‌ചയാണ്. അവസാനമായി ആര്‍ത്തവം ഉണ്ടായതിന്റെ ആദ്യ ദിവസം മുതല്‍ ഒന്‍പത് മാസവും ഏഴ് ദിവസവും കൂട്ടിയാല്‍ കിട്ടുന്ന ദിവസമാണ് പ്രസവിക്കാന്‍ സാധ്യതയുള്ള ദിവസം. ഗര്‍ഭകാലത്തെ മൂന്ന് മാസങ്ങള്‍ വീതമുള്ള മുന്ന് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.
1. ആദ്യത്തെ ത്രൈമാസക്കാലം
ഗര്‍ഭധാരണം മുതല്‍ പന്ത്രണ്ട് ആഴ്‌ചകള്‍ വരെയാണിത്. ഈ സമയത്ത് ഗര്‍ഭമലസല്‍, തുടര്‍ച്ചയായി ഛര്‍ദി, രക്‌തസ്രാവം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. അതിനാല്‍ ലൈംഗികബന്ധം, യാത്രകള്‍, കഠിനമായ വ്യായാമം എന്നിവ ഒഴിവാക്കുക.
2. രണ്ടാമത്തെ ത്രൈമാസക്കാലം
പതിമൂന്ന് മുതല്‍ ഇരുപത്തെട്ട് ആഴ്‌ചകള്‍ വരെയാണിത്. ഇക്കാലത്ത് ഗര്‍ഭമലസല്‍, മൂത്രത്തില്‍ പഴുപ്പ് എന്നിവയുണ്ടാകാം. കഠിനമായ വീട്ടുജോലികള്‍ ചെയ്യാതിരിക്കുക. ആദ്യഗര്‍ഭമാണെങ്കില്‍ പതിനെട്ട് ആഴ്‌ച മുതല്‍ കുഞ്ഞിന്റെ ചലനം അറിയാന്‍ കഴിയും. രണ്ടാമത്തെ ഗര്‍ഭം മുതല്‍ പതിനാറ് ആഴ്‌ച മുതല്‍ കുഞ്ഞിന്റെ ചലനം അനുഭവപ്പെടും.
3. അവസാനത്തെ ത്രൈമാസക്കാലം
ഇരുപത്തൊന്‍പത് മുതല്‍ നാല്‍പത് ആഴ്‌ചകള്‍ വരെയാണിത്. ഈ സമയത്ത് വിളര്‍ച്ച, പ്രമേഹം, രക്‌താതിസമ്മര്‍ദം, പ്രസവത്തിനു മുന്‍പ് രക്‌തസ്രാവം എന്നിവയുണ്ടാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. യാത്രകള്‍ ഒഴിവാക്കുക.
2. ലൈംഗികബന്ധം ഒഴിവാക്കുക.
3. അധികം ആയാസമില്ലാത്ത വീട്ടു ജോലികള്‍ ചെയ്യാം.
4. ദീര്‍ഘശ്വാസമെടുക്കുന്ന വ്യായാമങ്ങള്‍ ചെയ്യാം.
5. ഹീല്‍ അധികമുള്ള ചെരിപ്പിട്ട് നടക്കരുത്.
6. അയഞ്ഞ കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുക.
7. സാവധാനം നടക്കുക. ഓടാന്‍ പാടില്ല.
അപകട സാധ്യതയുള്ളവര്‍
1. ഗര്‍ഭത്തില്‍ ഒന്നിലധികം കുട്ടികള്‍
2. മുപ്പത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍
3. രക്‌താതി സമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, അപസ്‌മാരം എന്നീ രോഗങ്ങളുള്ള സ്‌ത്രീകള്‍. ഇവര്‍ ഗര്‍ഭം ധരിച്ചാല്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ട്. മുന്‍പ് രോഗമില്ലാത്തവരില്‍ ഗര്‍ഭകാലത്ത് പ്രമേഹം, രക്‌താതിസമ്മര്‍ദം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്.
4. ഗര്‍ഭസ്‌ഥ ശിശുവിന് വളര്‍ച്ചക്കുറവ്
5. ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനക്കുറവ്
6. ഇടയ്‌ക്കിടെയുള്ള ഗര്‍ഭമലസല്‍, ഗര്‍ഭകാലത്ത് രക്‌തസ്രാവം, മാസം തികയാതെ പ്രസവം എന്നിങ്ങനെ ചരിത്രമുള്ള സ്‌ത്രീകള്‍.
അതുവരെയില്ലാതിരുന്ന ശാരീരിക മാനസിക അസ്വസ്‌ഥതകള്‍ ചില പെണ്‍കുട്ടികളെ ആശങ്കപ്പെടുത്തിയേക്കാം. അകാരണമായ ഭയവും അതേത്തുടര്‍ന്നുണ്ടാകുന്ന വിഷാദവും ചിലരില്‍ കണ്ടുവരുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും ബോധപൂര്‍വമായ ഇടപെടലും സ്‌നേഹവും പിന്തുണയുമാണ് ഈ അവസ്‌ഥയില്‍ ഗര്‍ഭിണിക്ക് തുണയാകുന്നത്.
അപകടസൂചനകള്‍
1. രക്‌തസ്രാവം
2. തലവേദന, ഛര്‍ദി, കാഴ്‌ച മങ്ങല്‍, മുത്രത്തിന്റെ അളവ് കുറയുക
3. കാലില്‍ അമിതമായ നീര്‍ക്കെട്ട്
4. വയറു വേദന
5. മൂത്രത്തില്‍ പഴുപ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദന, ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍
6. ഉറക്കക്കുറവ്
7. കുഞ്ഞിന്റെ അനക്കം കുറയുകയോ അമിതമായി അനങ്ങുകയോ ചെയ്യുക യോനിയിലൂടെ വെള്ളമോ പഴുപ്പോ വരുക.
കടപ്പാട്: ഡോ. (മേജര്‍) നളിനി ജനാര്‍ദനന്‍
ഫാമിലി മെഡിസിന്‍ സ്‌പെഷലിസ്‌റ്റ്, പൂനെ
തെറ്റായ ഭക്ഷണവും ജോലിത്തിരക്കും സുഗമമായ ഗര്‍ഭധാരണത്തെ തടയുന്നു. ഗര്‍ഭാധാരണം എളുപ്പമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ആദ്യ ഗര്‍ഭധാരണത്തിനായി വീട്ടുകാരും ബന്ധുക്കളുമെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കും. എന്നാല്‍ മാറിയ ജീവിത ശൈലി ഗര്‍ഭധാരണത്തിന് തടസമാകുന്നുണ്ട്. തെറ്റായ ഭക്ഷണവും ജോലിത്തിരക്കും സുഗമമായ ഗര്‍ഭധാരണത്തെ തടയുന്നു. ഗര്‍ഭാധാരണം എളുപ്പമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
മാനസികസമ്മര്‍ദങ്ങളെ അകറ്റി നിര്‍ത്തുക
സ്‌ത്രീയും പുരുഷനും ഒരുപോലെ ജോലിയുടെ തിരക്കുകളില്‍പെടുമ്പോള്‍ ശരിയായ ദാമ്പത്യം ഇന്ന് പലര്‍ക്കും അന്യമാകുന്നു. ജോലി കഴിഞ്ഞു ഒന്നു വിശ്രമിച്ചാല്‍ മതിയെന്നു കരുതി വീട്ടിലെത്തുമ്പോള്‍ ശരിയായ ലൈംഗികബന്ധം പോലും സാധ്യമാകില്ല.
ജോലിയുടെ സ്വഭാവവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ട്. മാനസിക പിരിമുറുക്കം ഗര്‍ഭധാരണത്തിന് തടസമാകുന്നു. അതിനാല്‍ ശാന്തമായ മനസോട് കൂടി വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍.
അണ്ഡവും ബീജവുമായി ചേര്‍ന്ന് സ്‌്ത്രീ ശരീരത്തില്‍ ബീജസങ്കലനം നടക്കുന്നതിന് കൂടുതല്‍ സാധ്യതയുള്ളത് അണ്ഡോത്‌പാദനം നടക്കുന്ന ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ്.
ആര്‍ത്തവചക്രം ക്രമമായവരില്‍ അണ്ഡോല്‍പാദനം നടക്കുന്നത് ഏതാണ്ട് ആര്‍ത്തവാരംഭത്തിനു 14 ദിവസം മുന്‍പാണ്. അതിനാല്‍ ശരിയായ സമയത്തുള്ള ലൈംഗികബന്ധത്തിന്റെ അഭാവം വന്ധ്യതയുടെ തോതു കൂട്ടുന്നു.
പുതുതലമുറ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇതുതന്നെ. ജോലിയിലെ സമ്മര്‍ദങ്ങളെ ഒഴിവാക്കി നിര്‍ത്തി വേണം ദാമ്പത്യത്തിലേക്കു പ്രവേശിക്കാന്‍.
ലൈംഗിക രോഗങ്ങള്‍ ഒഴിവാക്കുക
മാറുന്ന ജീവിതക്രമത്തില്‍ ഭാര്യഭര്‍തൃബന്ധത്തിന്റെ പരിശുദ്ധിയും കുറഞ്ഞുവരുന്നു. ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗികബന്ധം ലൈംഗികരോഗങ്ങള്‍ക്കു കാരണമാകാം.
എയ്‌ഡ്സ്, ഗൊണോറിയ, സിഫിലിസ്, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങളെല്ലാം ഗര്‍ഭധാരണത്തിനു തടസം നില്‍ക്കാം. ശരിയായ ലൈംഗിക ജീവിതത്തിലൂടെ ഇത്തരം വന്ധ്യത ഒഴിവാക്കി നിര്‍ത്താവുന്നതാണ്.
ഗര്‍ഭധാരണം നേരത്തെ
വിവാഹ പ്രായം വൈകുന്നത് ഗര്‍ഭധാരണത്തെ ബാധിക്കുന്നുണ്ട്. 30 വയസിനുശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുന്നു. സ്‌ത്രീകളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണമേന്മ കുറയുന്നതാണ് ഇതിനു കാരണം. പെണ്‍കുട്ടിക്ക് വിവാഹപ്രായം ഇരുപത്തിയാറ് വയസിനു താഴെയായിരിക്കുന്നതാണ് ഉചിതം.
പുരുഷന് മുപ്പതു വയസിനു താഴെയും. പുരുഷനില്‍ ആരോഗ്യമുള്ള ബീജം പ്രായമേറുന്തോറും കുറഞ്ഞുകൊണ്ടിരിക്കും. അതിനാല്‍ സ്‌ത്രീകളിലും പുരുഷന്മാരിലും വൈകിയുള്ള വിവാഹം ഒഴിവാക്കേണ്ടതുതന്നെയാണ്.
അമിതവണ്ണം കുറയ്‌ക്കുക
ആദ്യ ആര്‍ത്തവത്തോടു കൂടിതന്നെ മാതൃത്വമെന്ന മഹനീയ കര്‍മത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആരംഭിക്കുന്നു. ബാല്യം മുതല്‍തന്നെ ഗര്‍ഭധാരണം സുഗമമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടികള്‍ ആരംഭിക്കേണ്ടതാണ്.
അമിതവണ്ണം പലപ്പോഴും അണ്ഡോത്‌പാദനക്രമക്കേടുകള്‍ക്ക് കാരണമാകാം. ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തെയും ബാധിക്കാം. സ്‌ത്രീകളില്‍ അമിതവണ്ണമുള്ള ശരീരപ്രകൃതി വന്ധ്യതയ്‌ക്കുള്ള ആക്കം കൂട്ടാം.
അതിനാല്‍ ചെറുപ്പം മുതല്‍തന്നെ വ്യായാമം നിര്‍ബന്ധമാക്കണം. ഭക്ഷണ ക്രമീകരണവും വേണം. ആധുനിക കാലത്ത് പെണ്‍കുട്ടികള്‍ ഫാസ്‌റ്റ് ഫുഡ് ഭക്ഷണത്തിലാണ് പ്രിയം. ഇതു പലപ്പോഴും അമിത വണ്ണത്തിന് കാരണമാകുന്നു.
ഗര്‍ഭാശയ തകരാറുകള്‍
ഗര്‍ഭാശയത്തിലെ തകാരാറുകളാണ് വന്ധ്യതയ്‌ക്കുള്ള കാരണങ്ങളില്‍ മറ്റൊന്ന്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടുള്ള സെര്‍വിക്‌സ്, അണ്ഡാശയം, ഫലോപ്പിയന്‍ ട്യൂബ് എന്നിവയ്‌ക്ക് ഉണ്ടാകുന്ന തകാരാറുകളും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കാം.
ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് അടിവയറ്റില്‍ വേദനയോ, ആര്‍ത്തവ തകരാറോ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യപരിശോധന നടത്തണം. പെണ്‍കുട്ടികളില്‍ അമിതമായ മുഖക്കുരു, അമിത രോമവളര്‍ച്ച തുടങ്ങിയവയൊക്കെ പരിശോധനയ്‌ക്ക് വിധേയമാക്കണം.
ഇവ വിവാഹത്തിന് മുമ്പുതന്നെ പരിശോധിച്ച് ആവശ്യമെങ്കില്‍ ചികിത്സ നടത്തിയാല്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. ക്രമം തെറ്റിയ ആര്‍ത്തവത്തോടൊപ്പം അമിതവണ്ണം, അമിതരോമ വളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് പിഒഎസ് ആണെന്ന് അനുമാനിക്കാം. ഇതും വന്ധ്യതയ്‌ക്കു കാരണമാകുന്ന അവസ്‌ഥയാണ്. ഉചിതമായ ചികിത്സയാണ് പ്രധാനം.
അണുബാധകളെ സൂക്ഷിക്കുക
പലരും നിസാരമായി തള്ളികളയുന്ന ഒന്നാണ് അണുബാധ. അതിനാല്‍ വിവാഹത്തിനുമുമ്പ്‌തന്നെ യോനിയില്‍ അണുബാധ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റണം.
അല്ലെങ്കില്‍ അത് ഗര്‍ഭപാത്രത്തിലൂടെമുകളിലേക്കു കയറി ട്യൂബിനെ അടയ്‌ക്കുകയും പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസിനു കാരണമാവുകയും ചെയ്യുന്നു. ഇത് വന്ധ്യതയ്‌ക്കു കാരണമാകാം. അതിനാല്‍ അണുബാധകള്‍ ഗര്‍ഭധാരണത്തിനു മുമ്പുതന്നെ ചികിത്സിച്ചു മാറ്റണം.
മാറുന്ന ഭക്ഷണരീതി
ഭക്ഷണരീതിയില്‍ വന്ന മാറ്റം ഗര്‍ഭധാരണത്തെയും ബാധിച്ചിരിക്കുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. സുഗമമായ ഗര്‍ഭധാരണത്തിന് നാടന്‍ ഭക്ഷണമാണ് ഏറ്റവും ഉത്തമം.
ഫാസ്‌റ്റ് ഫുഡിന്റെ ഉപയോഗം പാടേ ഒഴിവാക്കണം. ഉയര്‍ന്ന അളവില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ശരീരത്തില്‍ അടിഞ്ഞുകൂടി അമിതവണ്ണത്തിനും കാരണമാകാം.
കൃത്യമായ വ്യായാമത്തിലൂടെ ചെറുപ്പം മുതല്‍തന്നെ അമിതവണ്ണം കുറച്ചു നിര്‍ത്തണം. ഗര്‍ഭധാരണത്തിനുള്ള തയാറെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇതുതന്നെ.
ബാല്യത്തിലെ ദുരനുഭവങ്ങള്‍
ബാല്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പെണ്‍കുട്ടികളില്‍ മാനസികമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാം.
ഇത് വിവാഹശേഷം അവരുടെ ലൈംഗികജീവിതത്തെ ബാധിക്കാം. മനസിലെ ഭീതിമൂലം യോനീവികാസം സാധ്യമാകാതെ വരാം. ഇതു വന്ധ്യതയ്‌ക്കു കാരണമാകാം.
അതിനാല്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുട്ടിക്ക് ആവശ്യമായ ഉപദേശങ്ങളും അറിവുകളും പകര്‍ന്നു നല്‍കണം. വിവാഹം കഴിഞ്ഞ പെണ്‍കുട്ടി ഗര്‍ഭധാരണത്തിനു മൂന്നുമാസം മുമ്പുതന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങുന്നത് നല്ലതാണ്.
കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഫോളിക് ആസിഡ് ഉത്തമമാണ്. ഇതൊരു ഗൈനക്കോളജിസ്‌റ്റിന്റെ നിര്‍ദേശപ്രകാരം വേണമെന്നുമാത്രം.
പങ്കാളികളില്‍ വിട്ടുവീഴ്‌ചാ മനോഭാവം ഉണ്ടാകണം. ആശയപരമായ പൊരുത്തം ശരിയായ ലൈംഗികതയ്‌ക്കും സംതൃപ്‌തമായ ഭാവിജീവിതത്തിനും അനിവാര്യമാണ്. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും ഭാര്യയില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.
ദമ്പതിമാര്‍ പരസ്‌പരം അറിയുക എന്നതാണ് ദാമ്പത്യത്തിലെ ആദ്യപടി. രണ്ടു വ്യത്യസ്‌ത ജീവിത സാചര്യങ്ങളില്‍ വളര്‍ന്നവരാണ് ഭാര്യയും ഭര്‍ത്താവും. ജീവിതത്തെക്കുറിച്ച് വ്യത്യസ്‌തമായ കാഴ്‌ചപ്പാടായിരിക്കും ഇരുവര്‍ക്കും.
വിവാഹശേഷം കാഴ്‌ചപ്പാടില്‍ മാറ്റം വരുത്തണം. ആശയവിനിമയത്തിലൂടെ വേണം ഈ കഴ്‌ചപ്പാടുകള്‍ മാറ്റിയെടുക്കാന്‍. പങ്കാളികളില്‍ വിട്ടുവീഴ്‌ചാ മനോഭാവം ഉണ്ടാകണം.
ആശയപരമായ പൊരുത്തം ശരിയായ ലൈംഗികതയ്‌ക്കും സംതൃപ്‌തമായ ഭാവിജീവിതത്തിനും അനിവാര്യമാണ്.
ഭര്‍ത്താവിന്റെ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും ഭാര്യയില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. അതുപോലെ ഭാര്യ തന്റേതു മാത്രമായ താല്‍പര്യങ്ങള്‍ക്ക് ഭര്‍ത്താവിനെ നിര്‍ബന്ധിക്കാതിരിക്കുക.
ഇരുവരും പരസ്‌പരധാരണയില്‍ ജീവിതം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഗര്‍ഭധാരണം ഉള്‍പ്പെടെ ജീവിതത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ ഈ പരസ്‌പരധാരണ സഹായിക്കും.
നല്ല ലൈംഗികത
മാനസിക പൊരുത്തംപോലെ ലൈംഗിക പൊരുത്തവും ആവശ്യമാണ്. ഇങ്ങനെ പരസ്‌പരം അറിഞ്ഞുകൊണ്ടുള്ള ലൈംഗികപൊരുത്തമാണ് നല്ല ലൈംഗികത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവാണ് ആരോഗ്യകരമായ ലൈംഗികജീവിതത്തിന്റെ അടിത്തറ. ഉന്നതവിദ്യാഭ്യാസം ഉണ്ടെങ്കിലും സ്‌ത്രീക്കും പുരുഷനും ശരിയായ ലൈംഗിക അറിവോ, ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങളോ അറിവുണ്ടാവില്ല.
സെക്‌സ് വെറും ലൈംഗിക സുഖത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് രണ്ടു വ്യക്‌തികള്‍ തമ്മിലുള്ള മാനസികമായ ഇഴയടുപ്പം കൂടി വ്യക്‌തമാക്കുന്നു.
വിവാഹത്തിലേക്ക് കടക്കും മുമ്പ് സെക്‌സിനെക്കുറിച്ചും സ്‌ത്രീപുരുഷ ലൈംഗിക അവയവത്തെക്കുറിച്ചും അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ദമ്പതിമാര്‍ അറിഞ്ഞിരിക്കണം.
ഗര്‍ഭാശയം, അതിന്റെ പ്രവര്‍ത്തനം, ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്‌തമായ അറിവ് ഉണ്ടാകുന്നത് നല്ലതാണ്. ചില മതസ്‌ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിങ്ങുകള്‍ ഇക്കാര്യത്തില്‍ വലിയൊരളവോളം സഹായിക്കുന്നു.
വിവാഹജീവിതത്തിലേക്ക് കടക്കുന്ന ദമ്പതിമാര്‍ അറിഞ്ഞിരിക്കേണ്ട അടിസ്‌ഥാനപരമായ വിവരങ്ങള്‍ ഈ കൗണ്‍സലിങ്ങിലൂടെ നല്‍കാന്‍ കഴിയുന്നു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ തെളിഞ്ഞ മനസോടെ ഓരോ തവണയും ബന്ധപ്പെടുവാന്‍ ശ്രമിക്കണം.
യാത്ര കഴിഞ്ഞ് ക്ഷീണിതരായിരിക്കുന്ന അവസരത്തില്‍ കുളിച്ച് ശരീരം വൃത്തിയാക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുകതന്നെവേണം.
ഗര്‍ഭധാരണം അബദ്ധമാകരുത്
ഗര്‍ഭധാരണം അബദ്ധത്തില്‍ സംഭവിക്കുന്നതാകരുത്. കുഞ്ഞിനുവുവേണ്ടി ഭാര്യയും ഭര്‍ത്താവും ഒരുങ്ങുക. ശാരീരികവും മാനസികവുമായ തയാറെടുപ്പാണ് ആദ്യം വേണ്ടത്.
നല്ല മനസോടെയും സന്തോഷത്തോടെയുമാവണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. ചില ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ് ലഭിക്കും മറ്റ് ചില ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ പെണ്‍കുഞ്ഞ് പിറക്കും എന്നൊക്കെയുള്ള മിഥ്യാധാരണകള്‍ തിരുത്തണം.
ബന്ധപ്പെടുന്ന രീതിയുടെയും സമയത്തിന്റെയും പ്രത്യേകതകൊണ്ട് ആണ്‍കുഞ്ഞോ, പെ ണ്‍കുഞ്ഞോ എന്ന് നിശ്‌ചയിക്കാനാവില്ല. മദ്യപിച്ചതിനു ശേഷമോ ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചശേഷമോ ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. സ്‌ത്രീകളും പുരുഷന്മാരും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം പാടേ നിര്‍ത്തുക.
കുഞ്ഞിനുവേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. തീയതി പരിശോധിച്ച് ഏതെങ്കിലും ഒരു ദിവസം ബന്ധപ്പെട്ടതുകൊണ്ട് ഗര്‍ഭധാരണം സംഭവിക്കണമെന്നില്ല. ഇതിനായി അടുത്തടുത്ത് ബന്ധപ്പെടേണ്ടിവരും.
ഒരുതവണ ബന്ധപ്പെട്ടതുകൊണ്ട് ഗര്‍ഭധാരണം സംഭവിക്കണമെന്നില്ല. സ്‌നേഹപൂര്‍ണമായ പെരുമാറ്റവും സമീപനവും ദമ്പതിമാര്‍ക്കിടയില്‍ സദാ ഉണ്ടാവണം. കടുത്ത മാനസിക സമ്മര്‍ദവും ശാരീരിക പ്രശ്‌നങ്ങളും ഗര്‍ഭധാരണം സുഗമമല്ലാതാക്കും.
ഏതെങ്കിലും രോഗത്തിന് മരുന്നുകള്‍ കഴിക്കുന്ന സ്‌ത്രീകള്‍ ഗര്‍ഭധാരണത്തിനു മുമ്പ് മരുന്നുകള്‍ നിര്‍ത്തുകയോ ഡോക്‌ടറോട് ഇക്കാര്യം പറയുകയോ ചെയ്യണം. ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ പുരുഷനും സ്‌ത്രീയും സ്വയം ചികിത്സയുടെ ഭാഗമായി ഏതെങ്കിലും ഗുളികയോ, മരുന്നോ കഴിക്കാതിരിക്കണം.
കുടുംബം എന്ന സ്വര്‍ഗം
നല്ല കുടുംബാന്തരീക്ഷം നല്ല കുഞ്ഞു പിറക്കാന്‍ ആവശ്യമാണ്. സ്വസ്‌ഥതയും സമാധാനവും കുടുംബത്തിലും കുടുംബാംഗങ്ങള്‍ക്കിടയിലും ഉണ്ടായിരിക്കണം. സ്‌ത്രീകയുടെയും പുരുഷന്മാന്റെയും മനസ് ശാന്തമാകുവാന്‍ ഇതു സഹായിക്കും.
സംഘര്‍ഷം നിറഞ്ഞ കുടുംബാന്തരീക്ഷം ചിലപ്പോള്‍ ഗര്‍ഭധാരണത്തെ തടസപ്പെടുത്താം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധം പോലെ മറ്റ് കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടായിരിക്കണം. ഇതെല്ലാം ഗര്‍ഭധാരണം എളുപ്പമാക്കാനും ഗര്‍ഭസ്‌ഥ ശിശുവിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
വീട്ടില്‍ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മരണം തുടങ്ങിയ സാഹചര്യത്തില്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം സാഹചര്യത്തില്‍ സ്‌ത്രീയുടെയും പുരുഷന്റെയും മനസ് സംഘര്‍ഷഭരിതമായിരിക്കും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതു തീര്‍ന്നതിനു ശേഷം ഗര്‍ഭധാരണത്തിനു ശ്രമിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍ കുഞ്ഞുപിറക്കുന്നത്, അവന്റെ ശരിയായ പരിചരണത്തിന് തടസമാകും.
നല്ല കുഞ്ഞുപിറക്കാന്‍ ഭാര്യയും ഭര്‍ത്താവും ആരോഗ്യകാര്യത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കണം. എല്ലാത്തിനും ഉപരിയായി സന്തോഷകരമായ ഒരു ദാമ്പത്യജീവിതത്തിലായിരിക്കണം ഗര്‍ഭധാരണം നടക്കേണ്ടത്.
ഗര്‍ഭധാരണം വൈകരുത്
വിവാഹം കഴിഞ്ഞ് ഗര്‍ഭധാരണം വൈകുന്നത് നല്ലതല്ല. വന്ധ്യതയുടെ തോത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സ്‌ത്രീയുടെയും പുരുഷന്റെയും പ്രായം ഏറുന്നത് വന്ധ്യതയ്‌ക്ക് ആക്കം കൂട്ടുന്നുണ്ട്.
ബന്ധപ്പെടലുകളുടെ എണ്ണം, ദമ്പതിമാരുടെ പ്രായം, ആരോഗ്യം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വന്ധ്യത നിര്‍ണയിക്കുന്നത്. പതിവായി ലൈംഗികബന്ധം പുലര്‍ത്തുന്നവരില്‍ 75 ശതമാനം പേര്‍ക്കും ആദ്യത്തെ ആറുമാസത്തിനകം ഗര്‍ഭം ധരിക്കാനാവും.
എന്നാല്‍ ചിലരില്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. ഒരു വര്‍ഷത്തിനുള്ളില്‍ 90 ശതമാനം ദമ്പതിമാരിലും ഗര്‍ഭധാരണം സാധ്യമാകാറുണ്ട്. ശേഷിക്കുന്ന 10 ശതമാനം പേരിലാണ് വന്ധ്യത പ്രശ്‌നമാകുന്നത്.
സ്‌ത്രീയിലും പുരുഷനിലും വന്ധ്യത കാണുന്നുണ്ട്. ഇവ പ്രധാനമായും രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇവയെ പ്രാഥമിക വന്ധ്യത എന്നും ദ്വിതീയ വന്ധ്യത എന്നും പറയുന്നു. ഒരിക്കലും ഗര്‍ഭധാരണം നടക്കാത്തതായ വന്ധ്യതയാണ് പ്രാഥമിക വന്ധ്യത.
എന്നാല്‍ ഒരിക്കല്‍ ഗര്‍ഭം ധരിക്കുകയും അത് അലസിപ്പോവുകയും പിന്നീട് ഗര്‍ഭിണിയാവാന്‍ കഴിയാതെ വരികയും ചെയ്യുന്ന വന്ധ്യതയാണ് ദ്വിതീയ വന്ധ്യത. വന്ധ്യതാ പ്രശ്‌നവുമായി എത്തുന്നവരില്‍ 25 ശതമാനം ദമ്പതിമാര്‍ക്കും ഒന്നിലേറെ തകരാര്‍ കണ്ടുവരാറുണ്ട്.
സ്‌ത്രീയും പുരുഷനും പ്രായം അതിക്രമിച്ചില്ലെങ്കില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞുമതി ഗര്‍ഭധാരണം.
ആദ്യത്തെ ഒരു വര്‍ഷം പങ്കാളികള്‍ക്ക് പരസ്‌പരം അടുത്ത് അറിയുവാനും മനസിലാക്കുവാനുമുള്ള സമയമാണ്. അതായത് മധുവിധുകാലം.
ഒരു വര്‍ഷത്തെ മധുവിധുവിന് ശേഷം ഗര്‍ഭം ധരിക്കുന്നതാണ് ഉചിതം.
വിവാഹശേഷം കുട്ടികള്‍ എപ്പോള്‍ വേണം എന്നു തീരുമാനിക്കേണ്ടത് ദമ്പതിമാര്‍ ഇരുവരും ഒരുമിച്ചാണ്. കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും നിര്‍ദേശങ്ങള്‍ അപ്പാടെ സ്വീകരിക്കരുത്.
സ്‌ത്രീയും പുരുഷനും പ്രായം അതിക്രമിച്ചില്ലെങ്കില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞുമതി ഗര്‍ഭധാരണം. ആദ്യത്തെ ഒരു വര്‍ഷം പങ്കാളികള്‍ക്ക് പരസ്‌പരം അടുത്ത് അറിയുവാനും മനസിലാക്കുവാനുമുള്ള സമയമാണ്. അതായത് മധുവിധുകാലം.
ഒരു വര്‍ഷത്തെ മധുവിധുവിന് ശേഷം ഗര്‍ഭം ധരിക്കുന്നതാണ് ഉചിതം. ഗര്‍ഭം ധരിക്കുന്നതോടെ സ്‌ത്രീകളുടെ മാനസികാവസ്‌ഥകള്‍ക്ക് മാറ്റം സംഭവിക്കാനിടയുണ്ട്.
ഭാര്യ അല്ലെങ്കില്‍ കാമുകി എന്ന നിലയില്‍ നിന്നും അമ്മ എന്ന വലിയ ഉത്തരവാദിത്വത്തിനുള്ള തയാറെടുപ്പിലാവും ഗര്‍ഭധാരണത്തോടെ ഒട്ടുമിക്ക സ്‌ത്രീകളും.
ചില സ്‌ത്രീകള്‍ ഈ സമയം പുരുഷനില്‍ നിന്നും മനപ്പുര്‍വമല്ലാത്ത അകലം പാലിക്കും. ഇത് ഭാര്യ ഭര്‍തൃബന്ധത്തില്‍ പോലും വിള്ളല്‍ വീഴ്‌ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അതിനാല്‍ വിവാഹശേഷം ലൈംഗികതയ്‌ക്ക് പ്രാധാന്യം നല്‍കണം. എന്നാല്‍ അനാവശ്യ ര്‍ഭധാരണം ഒഴിവാക്കുകയും വേണം. ഇതിനായി ആരോഗ്യകരമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ഗര്‍ഭനിരോധന ഉറ
ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഗര്‍ഭനിരോധന മാര്‍ഗമാണ് ഗര്‍ഭനിരോധന ഉറ. മറ്റ് ഏതുരീതിയേക്കാളും ഫലപ്രദവും പരമാവധി സുരക്ഷിതവുമാണ്. ഉദ്ധരിച്ച ലിംഗത്തില്‍ ധരിക്കുന്ന ഉറ, സ്‌ഖലനസമയത്ത് ശുക്ലം ഗര്‍ഭാശയത്തില എത്താതിരിക്കാന്‍ സഹായിക്കുന്നു.
സ്രവിക്കുന്ന ശുക്ലം റബര്‍ നിര്‍മിതമായ ഉറയില്‍ ശേഖരിക്കപ്പെടുന്നു. ഗര്‍ഭധാരണം തടയുമെങ്കിലും ഉപയോഗിക്കും മുമ്പ് ഉറയ്‌ക്ക് ദ്വാരമോ മറ്റ് കേടുപാടുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ ഉപയോഗിക്കുമ്പോള്‍ പൊട്ടിപ്പോകാതെ സൂക്ഷിക്കുകയും വേണം.
ഇതിനായി പ്രമുഖ കമ്പനികളുടെ ഉറകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പലതരത്തിലുള്ള ഉറകള്‍ ഇന്ന് വിപണിയിലുണ്ട്. പായ്‌ക്കില്‍ നിന്നും ഉറ ശ്രദ്ധയോടെ വേണം പുറത്തെടുക്കാന്‍. ചുരുട്ടിയ രൂപത്തിലാണ് ഉറ ഫോയില്‍ പായ്‌ക്കില്‍ സുക്ഷിച്ചിരിക്കുന്നത്.
പുറത്തെടുത്ത ഉറ ഒരിഞ്ച് നിവര്‍ത്തിയശേഷം തള്ളവരിലും ചൂണ്ടുവിരലും ഉപയോഗിച്ച് ബീജം ശേഖരിക്കാനുള്ള ഭാഗം അമര്‍ത്തി വായു പുറത്തുകളയുക. ഇത് പിന്നീട് വായു നിറഞ്ഞ് ഉറ പൊട്ടാതിരിക്കാന്‍ സഹായിക്കും.
തുടര്‍ന്ന് ഉദ്ധരിച്ച ലിംഗത്തിലേക്ക് ഉറ കടത്തി ചുരുളുകള്‍ നിവര്‍ത്തുക. ഉദ്ധരിച്ച ലിംഗത്തില്‍ മാത്രമേ ഉറ ഉപയോഗിക്കാന്‍ പാടുള്ളൂ. അലര്‍ജിയുള്ളവര്‍ ഉറ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഗുളികകള്‍ ഫലപ്രദം
ഉറ കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ ഉപയോഗിച്ചുവരുന്ന ഗര്‍ഭനിരോധന ഉപാധിയാണ് ഗര്‍ഭനിരോധന ഗുളികകള്‍. സ്‌ത്രീകളില്‍ അണ്ഡോല്‍പാദനം തടഞ്ഞ് ഗര്‍ഭധാരണസാധ്യത ഒഴിവാക്കാന്‍ ഗുളിക സഹായിക്കുന്നു.
സ്‌ത്രീഹോര്‍മോണുകളായ ഈസ്‌ട്ര?ജന്‍, പ്ര?ജസ്‌ട്രോണ്‍ ഇവയുടെ കൃത്രിമ രൂപമാണ് ഇത്തരം ഗുളികകളില്‍ അടങ്ങിയിരിക്കുന്നത്. ഇവ മുടങ്ങാതെ കഴിക്കുമ്പോള്‍ സാധാരണ അണ്ഡോല്‍പാദനം ഉണ്ടാകുന്നില്ല. തുടരെ ഉപയോഗിച്ചാണ് ഗര്‍ഭിനിരോധനം സാധ്യമാക്കുന്നത്. ഗര്‍ഭധാരണം ആവശ്യമുള്ളപ്പോര്‍ ഗുളികയുടെ ഉപയോഗം നിര്‍ത്തുകയുമാവാം.
സ്വയം നിയന്ത്രണം
പങ്കാളികളുടെ പരസ്‌പര ധാരണയോടെയുള്ള സ്വയം നിയന്ത്രണ രീതി മറ്റ് സംവിധാനങ്ങളേക്കാള്‍ ആരോഗ്യകരമാണ്. എന്നാല്‍ ഈ രീതിയ്‌ക്ക് നല്ല മനസാന്നിധ്യം ഉണ്ടാകണം.
ലൈംഗികതയുടെ പാരമ്യത്തില്‍, സ്‌ഖനത്തിനു മുമ്പ് ലിംഗം യോനിയില്‍ നിന്നും പുറത്തെടുക്കുന്ന രീതിയാണ് ഇത്. ഇവിടെ സ്‌ഖലനം സംഭവിക്കുന്നത് യോനിക്ക് പുറത്തായിരിക്കും എന്നുമാത്രം. അതേസമയം ഈ രീതി പൂര്‍ണമായും സുരക്ഷിതമാണെന്ന് അവകാശപ്പെടാനുമാവില്ല.
പുര്‍വ ലാളനയുടെ സമയത്ത് ലിംഗത്തില്‍ നിന്നും യോനിയില്‍ പ്രവേശിക്കുന്ന സ്രവങ്ങളില്‍ ബീജസാന്ധിധ്യം ഉണ്ടാകാം. ഇത് ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് കാരണമായേക്കാം.
രതിമൂര്‍ച്‌ഛയുടെ കൊടുമുടിയില്‍ എത്തിയതിനു ശേഷം പെട്ടെന്ന് ലിംഗം യോനിയില്‍ നിന്നും പിന്‍വലിക്കുന്നത് പല ദമ്പതിമാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നിരിക്കും. ഇണകളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പങ്കാളികള്‍ ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ മാത്രം ഈ രീതി സ്വീകരിച്ചാല്‍ മതിയാകും.
റിഥം രീതി
ആര്‍ത്തവ ചക്രം നിരീക്ഷിച്ച് ഗര്‍ഭസാധ്യത ഏറ്റവും കുറഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെടുന്ന രീതിയാണിത്. ആര്‍ത്തവചക്രത്തിലെ പതിനാലാം ദിവസമോ സമീപ ദിവസങ്ങളിലോ ആണ് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലായി കണക്കാക്കുന്നത്.
അതിനാല്‍ പതിനാലാം ദിവസത്തിനു മുമ്പും പിമ്പുമുള്ള ഓരോ ആഴ്‌ച ഗര്‍ഭധാരണ സാധ്യതയുള്ള ദിവങ്ങളായി കരുതി ആ ദിവസങ്ങളില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്ന രീതിയാണ്. ഈ രീതിയും പൂര്‍ണ സുരക്ഷിതമായി കരുതാനാവില്ല.
ബീജ നാശിനികള്‍
ബീജത്തിന്റെ യാത്രാമാര്‍ഗങ്ങള്‍ തടയുകയോ, ബീജത്തെ നിര്‍വീര്യമാക്കുകയോ ചെയ്യുന്ന രീതിയാണ് ഇത്. ഇതിനായി സ്‌പേമിസൈഡുകള്‍ എന്ന ബീജനാശിനികള്‍ ഉപയോഗിക്കുന്നു.
ക്രീം, ജല്ലി, ഗുളികകള്‍ ഇങ്ങനെ പല രുപത്തിലുള്ള മാര്‍ഗങ്ങള്‍ ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്നു. ഇവ സ്‌ത്രീ ജനനേന്ദ്രിയത്തിലാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ ഈ രീതി നൂറു ശതമാനവും ഫലപ്രദമായി കരുതാനാവില്ല.
ക്യാപ്പും ഡയഫ്രവും
സ്‌ത്രീകള്‍ക്കുള്ള ഗര്‍ഭിനിരോധ മാര്‍ഗമാണ് ക്യാപ്പും ഡയഫ്രവും. ഡയഫ്രം ഒരു മുഖംമൂടി പോലെ ഗര്‍ഭാശയമുഖത്തെ ആവരണം ചെയ്‌ത് ബീജം ഉള്ളില്‍ പ്രവേശിക്കാതെ തടയുന്നു. എന്നാല്‍ മറ്റ് ലൈംഗികാസ്വാദനത്തിന് തടസങ്ങളൊന്നും സൃഷ്‌ടിക്കുന്നില്ല.
ഡോക്‌ടറുടെ സഹായത്തോടെ മാത്രമേ ഡയഫ്രം ആദ്യം നിക്ഷേപിക്കാനാവുകയുള്ളൂ. പിന്നീട് സ്വയം ധരിക്കാം. ബന്ധപ്പെട്ട് ആറു മണിക്കൂറിനുള്ളില്‍ ഡയഫ്രം നിക്കം ചെയ്യണം. ഡയ്രഫം പോലെ പ്രവര്‍ത്തിക്കുന്ന ക്യാപ്പ് ഗര്‍ഭാശയമുഖത്തിനും യോനിക്കുമിടയില്‍ നിക്ഷേപിക്കുന്നു.
ഐ യു ഡി
ഇന്‍ട്രാ യൂട്ടറൈന്‍ ഡിവൈസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഐ.യു.ഡി. ലോഹം കൊണ്ടോ പ്ലാസ്‌റ്റിക് കൊണ്ടോ നിര്‍മ്മിച്ച ഐ.യു.ഡി ഡോക്‌ടര്‍ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു. പല ആകൃതിയിലും വലുപ്പത്തിലുമുള്ള ഐ.യു.ഡി ഇന്ന് ഉപയോഗിക്കുന്നു.
ഭ്രൂണം വളര്‍ന്നുതുടങ്ങുന്ന എന്‍ഡോമെട്രിയത്തില്‍ ഐ.യു.ഡി ഭ്രൂണവളര്‍ച്ചയെ അനുവദിക്കുന്നില്ല. കോപ്പര്‍ ടി പോലുള്ളവ ഇതിന് ഉദാഹരണമാണ്. രണ്ടോ മൂന്നോ വര്‍ഷമാണ് ഇതിന്റെ കാലാവധി.
ഇവയ്‌ക്കെല്ലാം പുറമേ സ്‌ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഉറകളും ഇന്ന് വിപണിയിലുണ്ട്. ഇത് യോനിയില നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
ചില ഭക്ഷണപദാര്‍ഥങ്ങളുടെ പ്രത്യേക ഗന്ധം ശ്വസിക്കുമ്പോള്‍ ഓക്കാനം വരികയാണെങ്കില്‍ അത് ഒഴിവാക്കുക. മൂന്നുനേരം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടവിട്ട് കഴിക്കുന്നതാണ്. ഇഷ്‌ടമുള്ളതും പെട്ടെന്നു ദഹിക്കുന്നതുമായ ആഹാരം, പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവ കഴിക്കാം .
ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഓക്കാനവും ഛര്‍ദിയും സാധാരണയാണ്. ഇത് പന്ത്രണ്ട് പതിനാല് ആഴ്‌ചകള്‍ വരെയും ചിലപ്പോള്‍ അഞ്ചാം മാസം വരെയും നീണ്ടു നിന്നേക്കാം. ഛര്‍ദി ഒഴിവാക്കാന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കുക.
രാവിലെ ഉണര്‍ന്ന ഉടനെ ചാടി എഴുന്നേല്‍ക്കരുത്. അല്‌പം ഉണര്‍ന്ന് കിടന്ന ശേഷം മെല്ലെ ഒരു വശത്തേയ്‌ക്ക് ചെരിഞ്ഞ് എഴുന്നേല്‍ക്കാം. രാവിലെ തന്നെ ഓക്കാനം ഉണ്ടെങ്കില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് ബിസ്‌ക്കറ്റോ റെസ്‌ക്കോ കഴിക്കുക. എണ്ണയില്‍ വറുത്തു പൊരിച്ച പലഹാരങ്ങള്‍ ഒഴിവാക്കുക. അധികം എരിവും പുളിയും മസാലയും ചേര്‍ത്ത ഭക്ഷണം ഒഴിവാക്കണം.
ചില ഭക്ഷണപദാര്‍ഥങ്ങളുടെ പ്രത്യേക ഗന്ധം ശ്വസിക്കുമ്പോള്‍ ഓക്കാനം വരികയാണെങ്കില്‍ അത് ഒഴിവാക്കുക. മൂന്നുനേരം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഇടവിട്ട് കഴിക്കുന്നതാണ്. ഇഷ്‌ടമുള്ളതും പെട്ടെന്നു ദഹിക്കുന്നതുമായ ആഹാരം, പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവ കഴിക്കാം.
ഛര്‍ദി വളരെ കൂടുതലായാല്‍ ഗര്‍ഭിണിയുടെ സ്‌ഥിതി മോശമാകും. നിര്‍ജലീകരണം കൊണ്ട് ബോധക്കേടും വരാം. ഗര്‍ഭകാലത്ത് മൂത്രത്തില്‍ പഴുപ്പ്, രാക്‌താതിമര്‍ദം, എക്ലാംപ്‌സിയ എന്നീ അസുഖങ്ങള്‍ ഉണ്ടായാലും ഛര്‍ദി കൂടുതലാകാം. അതുകൊണ്ട് ഉടനെ ഡോക്‌ടറെ കാണണം.
നെഞ്ചെരിച്ചിലും മലബന്ധവും
നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ ഭക്ഷണം ചെറിയ തോതില്‍ ഇടയ്‌ക്കിടെ കഴിക്കുക. അധികം എരിവും പുളിയും മസാലയും എണ്ണയും ഉള്ള ഭക്ഷണം കഴിക്കാതിരിക്കുക. പരിപ്പ്, പയര്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് കുറയ്‌ക്കുക. ധാരാളം വെള്ളം കുടിക്കുക.
ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. അല്‌പനേരം പതുക്കെ നടക്കുകയും ചാരിയിരുന്നു വിശ്രമിക്കുകയും ചെയ്യാം. തലയുയര്‍ത്തി വച്ച് കിടക്കാം. നെഞ്ചെരിച്ചില്‍ കൂടുതലാണെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക.
മലബന്ധം കൂടുതലാണെങ്കില്‍ മൂലക്കുരു ഉണ്ടാകാനും മലദ്വാരത്തിലൂടെ രക്‌തം പോകാനുമിടയുണ്ട്. അതുകൊണ്ട് മലബന്ധം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. നാരടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുക.
മസില്‍ കോച്ചിപ്പിടുത്തം
ഗര്‍ഭിണികള്‍ക്ക് രാത്രിയില്‍ കാലുകളിലെ മാംസപേശികള്‍ ഉരുണ്ടു കയറുക, കോച്ചിപ്പിടുത്തം എന്നിവയുണ്ടാകാം. ഇതുണ്ടായാല്‍ കാലുകള്‍ നീട്ടി വച്ച് മസിലുകളുടെ മുകളില്‍ തിരുമ്മുക. ലേപനങ്ങള്‍ പുരട്ടി തടവുക. ചൂടു പിടിക്കുക എന്നിവ ചെയ്യാം. ഇത് വരാതിരിക്കാന്‍ പാലും പാലുത്‌പന്നങ്ങളും കഴിക്കുക.
രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‌പം നടക്കുക. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കാത്സ്യം, വിറ്റാമിന്‍ ഗുളികകള്‍ കളിക്കാം. കാലുകടച്ചില്‍, കാലില്‍ നീര്‍വീക്കം, കാലിലെ ഞരമ്പുകള്‍ തടിച്ചു വീര്‍ക്കുക. ഇതെല്ലാം ഗര്‍ഭകാലത്ത് സാധാരണയാണ്.
കാലുകടച്ചിലും ഞരമ്പു വീക്കവും
കാലുകടച്ചില്‍, കാലില്‍ നീര്‍വീക്കം, കാലിലെ ഞരമ്പുകള്‍ തടിച്ചുവീര്‍ക്കുക തുടങ്ങിയവ ഗര്‍ഭകാലത്ത് സ്‌ത്രീകളില്‍ സാധാരണയാണ്. കാല്‍ തൂക്കിയിട്ട് ദീര്‍ഘനേരം ഇരിക്കുന്നതും അധികനേരം നില്‍ക്കുന്നതും കാല്‍ പിണച്ചു വച്ചിരിക്കുന്നതും ഒഴിവാക്കുക.
ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും തലയിണയ്‌ക്ക് മുകളില്‍ കാലുകള്‍ ഉയര്‍ത്തി വയ്‌ക്കുക. വെരിക്കോസ്‌വെയിന്‍ കൂടുതലാണെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ബാന്‍ഡേജ് കെട്ടുക.
അധികനേരം നില്‍ക്കേണ്ടി വന്നാല്‍ ഇടയ്‌ക്കിടയ്‌ക്ക് കാലുകള്‍ വലിച്ചു നിവര്‍ത്തുകയും കുറച്ച് നേരം കാലുകള്‍ ഉയര്‍ത്തി വച്ചിരുന്ന് വിശ്രമിക്കുകയും ചെയ്യുക.
ഗര്‍ഭകാലത്തിന്റെ അവസാനഘട്ടങ്ങളില്‍ കാലില്‍ നീര് സാധാരണയാണ്. വിശ്രമിച്ചാല്‍ ഇത് കുറയാറുമുണ്ട്. കാലില്‍ നീര്‍ക്കെട്ട് കൂടുതലാവുക, മുഖത്തും ശരീരത്തിലും നീരു വരിക, ഛര്‍ദി, മൂത്രം കുറയുക എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ അത് രക്‌താതിസമ്മര്‍ദം കൊണ്ടുള്ള സങ്കീര്‍ണതകള്‍ കൊണ്ടാവാം. ഉടനെ ഡോക്‌ടറെ കണ്ട് ചികിത്സ തുടങ്ങണം.
നടുവേദന ഒഴിവാക്കാം
ഗര്‍ഭകാലത്തു വലുതാകുന്ന വയറിന്റെ ഭാരം താങ്ങാന്‍ നട്ടെല്ലിനു പ്രയാസമുണ്ടാകുമ്പോള്‍ നടുവേദനയും ശരീരവേദനയും ഉണ്ടാകാം. ശരിയായ രീതിയില്‍ നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യാതിരുന്നാല്‍ ഇത് കൂടുതലാവും.
നില്‍ക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നു നില്‍ക്കുന്നതരത്തില്‍ കാല്‍ രണ്ടും അല്‍പം അകറ്റി വച്ച് നില്‍ക്കുക. ഇരിക്കുമ്പോള്‍ നടുവിനു താങ്ങു നല്‍കാന്‍ തലയിണയോ കുഷ്യനോ വെച്ച് ചാരിയിരിക്കുക.
നിലത്തുനിന്ന് ഭാരമുള്ള വസ്‌തുക്കള്‍ കുനിഞ്ഞ് എടുക്കാനോ എടുത്ത് കൊണ്ട് നടക്കാനോ പാടില്ല. ഉച്ച സമയത്ത് അല്‍പനേരം കിടന്നു വിശ്രമിക്കാം. എണ്ണതേച്ച ശേഷം ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ഉപ്പൂറ്റി ഉയര്‍ന്നതരം ചെരുപ്പ് ഒഴിവാക്കുക. നടുവേദന കൂടുന്നുണ്ടെങ്കില്‍ ഡോക്‌ടറെ കാണിക്കണം.
തലചുറ്റലും രക്‌തസ്രാവവും
തലചുറ്റല്‍ ഗര്‍ഭകാലത്ത് സാധാരണയാണ്. എന്നാല്‍ തലചുറ്റല്‍ കൂടുതലായാല്‍ വീഴാനും അപകടം സംഭവിക്കാനും ഇടയുണ്ട്. കുറെ നേരം നില്‍ക്കുന്നതും കിടക്കയില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കുന്നതും ഒഴിവാക്കുക. ഏഴുമാസം കഴിഞ്ഞാല്‍ മലര്‍ന്നു കിടക്കുന്നത് ഒഴിവാക്കണം.
ഇടതു ഭാഗത്തേയ്‌ക്ക് ചെരിഞ്ഞ് കിടക്കാം. എഴുന്നേല്‍ക്കുമ്പോള്‍ ഒരു വശത്തേയ്‌ക്ക് ചെരിഞ്ഞ് എഴുന്നേല്‍ക്കുക. തലകറക്കം കൂടുതലാണെങ്കില്‍ വിളര്‍ച്ച, രക്‌താതിസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങള്‍ കൊണ്ടാവാം എന്നതിനാല്‍ ഡോക്‌ടറെ കാണേണ്ടതാണ്.
ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ചെറിയ തോതിലുള്ള രക്‌തം പോക്ക് ഏകദേശം ഇരുപത്തഞ്ച് ശതമാനം സ്‌ത്രീകളില്‍ കാണാറുണ്ട്. ഡോക്‌ടറെ കാണിച്ചാല്‍ സ്‌കാന്‍ ചെയ്‌ത് എന്തെങ്കിലും തകരാര്‍ ഉണ്ടോ എന്ന് മനസിലാക്കാം.
ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്യുക. രക്‌തസ്രാവം കൂടുന്നുണ്ടെങ്കില്‍ അത് പലകാരണങ്ങള്‍ കൊണ്ടാവാം. ഉടനെ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടങ്ങണം.
ക്ഷീണം മാറാന്‍
ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളില്‍ ക്ഷീണം സാധാരണയാണ്. ഗര്‍ഭധാരണം മൂലം ശരീരത്തിലുണ്ടാകുന്ന സ്വഭാവികമാറ്റങ്ങള്‍കൊണ്ടും പോഷകാഹാരക്കുറവു കൊണ്ടും രക്‌തക്കുറവുകൊണ്ടും മനസിലെ ആശങ്കകൊണ്ടും ക്ഷീണം അനുഭവപ്പെടാം.
ഇടയ്‌ക്കിടെ വിശ്രമിക്കുക, കൂടുതല്‍ ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക, സന്തുലിത ആഹാരം കഴിക്കുക എന്നിവ ക്ഷീണം കുറയ്‌ക്കാന്‍ സഹായിക്കും. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഇടയ്‌ക്കിടയ്‌ക്ക് രക്‌തം പരിശോധിക്കുകയും കൃത്യമായി ഇരുമ്പു സത്തും വിറ്റാമിനുകളും അടങ്ങിയ ഗുളിക കഴിക്കുകയും വേണം. ക്ഷീണം വളരെ കൂടുതലാണെങ്കില്‍ ഡോക്‌ടറെ കാണിക്കേണ്ടി വരും.
തലവേദന
ഗര്‍ഭിണികളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ ഉണ്ടാക്കുന്ന ചില മാറ്റങ്ങള്‍ കാരണം തലവേദന ഉണ്ടാകാം. വിശ്രമിക്കുക, എണ്ണ തേച്ച് കുളിക്കുക, നന്നായി ഉറങ്ങുക, പാട്ടു കേള്‍ക്കുക, മാനസിക സമ്മര്‍ദം ഒഴിവാക്കുക എന്നിവ കൊണ്ട് തലവേദന മാറാനിടയുണ്ട്.
കടുത്ത തലവേദന, ഛര്‍ദി, അപസ്‌മാരം എന്നിവയുണ്ടെങ്കില്‍ അത് രക്‌താതി മര്‍ദത്തിന്റെ ലക്ഷണമാണ്. ഉടനെ ആശുപത്രിയില്‍ പോയി ചികിത്സ തുടങ്ങണം.
ശ്വാസം മുട്ടല്‍
ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ച പുരോഗമിക്കുന്നതനുസരിച്ച് ഗര്‍ഭിണിക്ക് വയറ്റിനുള്ളിലെ ഡയഫ്രം എന്ന മാംസപേശിക്ക് മുകളില്‍ സമ്മര്‍ദം അനുഭവപ്പെടുന്നതിനാല്‍ ശ്വാസം മുട്ടല്‍ ഉണ്ടായേക്കാം.
ഇത് പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ ശ്വാസം മുട്ടല്‍ കൂടുകയോ അതോടൊപ്പം പനി, ചുമ, നെഞ്ചുവേദന, ആസ്‌ത്മ എന്നിവ ഉണ്ടാവുകയും ചെയ്‌താല്‍ ഉടനെ ഡോക്‌ടറെ കാണിക്കണം.
ഇടയ്‌ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക
ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ ഇത് സാധാരണയാണ്. ചിലര്‍ക്ക് ഇത് പ്രസവം വരെയും നീണ്ടു നിന്നേക്കാം. മൂത്രത്തില്‍ നിറവ്യത്യാസം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തില്‍ രക്‌തം എന്നിവ കണ്ടാല്‍ മൂത്രത്തില്‍ പഴുപ്പുണ്ടെന്നതിന്റെ സൂചനയാണത്. അതുകൊണ്ട് എത്രയും വേഗം ചികിത്സ തുടങ്ങണം.
മൂത്രത്തില്‍ പഴുപ്പു വരുന്നത് തടയാന്‍ ധാരാളം വെള്ളം കുടിക്കുക. ചായ, കാപ്പി എന്നിവ കുറയ്‌ക്കുക. മൂത്രമൊഴിക്കാതെ പിടിച്ചു നിര്‍ത്തരുത്. മൂത്രം മൂത്രാശയത്തില്‍ കെട്ടിക്കിടന്നാല്‍ അണുബാധ മൂലം പഴുപ്പുണ്ടായേക്കാം.
ഉറക്കക്കുറവ്
ഗര്‍ഭിണികള്‍ക്ക് പ്രസവമടുക്കുമ്പോള്‍ ഉറക്കക്കുറവുണ്ടാകാം. പ്രസവത്തെക്കുറിച്ചുള്ള ഭയമോ ആശങ്കകളോ ആകാം ഇതിനു പിന്നില്‍. മനസ് ശാന്തമായിരിക്കണം. ഉറങ്ങുന്നതിന് മുന്‍പ് അല്‌പം നടക്കുക, ഇളം ചൂടു പാല്‍ കുടിക്കുക എന്നിവയും ഉപകാരപ്രദമാണ്. ഒരിക്കലും ഉറക്കഗുളികകള്‍ കഴിക്കരുത്.
മോണയില്‍ നിന്ന് രക്‌തസ്രാവം
ഗര്‍ഭിണികള്‍ക്ക് പല്ലുതേക്കുമ്പോള്‍ മോണയില്‍ നിന്നും രക്‌തസ്രാവമുണ്ടാകാം. മൃദുവായ ടൂത്ത് ബ്രഷ് കൊണ്ട് രാവിലെയും രാത്രിയും പല്ലുതേക്കുക. പല്ലും മോണയും എപ്പോഴും വൃത്തിയായി വയ്‌ക്കണം. രക്‌തസ്രാവം കൂടുന്നുണ്ടെങ്കില്‍ ദന്തഡോക്‌ടറെ കാണിക്കുക.
ചൊറിച്ചില്‍
ഗര്‍ഭകാലത്ത് ശരീരത്തില്‍ പ്രത്യേകിച്ച് അടിവയറ്റില്‍ ചൊറിച്ചില്‍ സാധാരണയാണ്. ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയ്‌ക്കനുസരിച്ച് അടിവയറ്റിലെ ചര്‍മവും സ്‌തനങ്ങള്‍ വളരുന്നതനുസരിച്ച് മാറിടത്തിലെ ചര്‍മവും വികസിക്കുന്നത് കൊണ്ടാണിത്. ഇതേ കാരണങ്ങള്‍ കൊണ്ടാണ് ചര്‍മത്തില്‍ വെളുത്ത വരകള്‍ പോലുള്ള പാടുകള്‍ ഗര്‍ഭകാലത്തും പ്രസവ ശേഷവും ഉണ്ടാകുന്നത്.
മാനസിക സമ്മര്‍ദം
ഗര്‍ഭകാലത്ത് സ്‌ത്രീക്ക് ആശങ്കയും ഉത്‌ക്കണ്‌ഠയും ഭയവും തോന്നുകസാധാരണയാണ്. ഇതിന് പല കാരണങ്ങള്‍ ഉണ്ട്.
1. പ്രസവം, പ്രസവ വേദന, കുഞ്ഞിന്റെ ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഉത്‌ക്കണ്‌ഠ.
2. തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടി.
3. അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ചാല്‍ അത് വേണ്ടിയിരുന്നില്ല എന്ന തോന്നല്‍.
4. പനി പോലുള്ള അസുഖങ്ങള്‍ കുഞ്ഞിനെ ബാധിക്കുമോ എന്ന പേടി.
5. ഭര്‍ത്താവിന് തന്നോടുള്ള താത്‌പര്യം കുറയുമോ എന്നും പ്രസവ ശേഷം തന്റെ സൗന്ദര്യം കുറയുമോ എന്നുമുള്ള ആശങ്ക.
6. രക്‌തസ്രാവം കണ്ടാല്‍ ഗര്‍ഭം അലസി പോകുമോ എന്ന ഭയം.
7. പ്രസവശേഷം കുഞ്ഞിനെ നന്നായി വളര്‍ത്താന്‍ തനിക്ക് കഴിയുമോ എന്ന ഉത്‌ക്കണ്‌ഠ.
8. മറ്റു ഗര്‍ഭിണികളുടെയും പ്രസവിച്ച അമ്മമാരുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ തനിക്കും അപ്രകാരം സംഭവിക്കുമോ എന്ന പേടി.
9. ഭര്‍ത്താവിന് തന്നോട് സ്‌നേഹമില്ല എന്ന തോന്നല്‍.
ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ കൊണ്ട് ഗര്‍ഭിണിക്ക് മാനസിക സമ്മര്‍ദം ഉണ്ടാകാം. ഗര്‍ഭിണിയുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്.
അമിതമായ മാനസിക സമ്മര്‍ദം കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുകയും പ്രമേഹം, രക്‌താതിമര്‍ദം എന്നിവ കൂടാനിടയാക്കുകയും ചെയ്യും. ചിലര്‍ക്ക് ഗര്‍ഭാവസ്‌ഥയിലും പ്രസവശേഷവും വിഷാദരോഗം ഉണ്ടായേക്കാം. മാസികമായ പിരിമുറുക്കം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
10. സ്‌ത്രീക്ക് ശാരീരികവും വൈകാരികവുമായ പിന്തുണ ഗര്‍ഭാവസ്‌ഥയിലും പ്രസവശേഷവും ആവശ്യമാണ്. അതുകൊണ്ട് ഭര്‍ത്താവും വീട്ടുകാരും ഗര്‍ഭിണിയുടെ സന്തോഷത്തില്‍ പങ്കുചേരുകയും ആവശ്യമായ സ്‌നേഹവും പരിചരണവും നല്‍കുകയും വേണം.
11. വയറിന് മുറിവോ ആഘാതമോ ഉണ്ടാകാതെ നോക്കുക.
12. വീഴ്‌ചകളും അപകടങ്ങളും ഒഴിവാക്കുക.
13. അമിതമായ ഉത്‌ക്കണ്‌ഠ, ദേഷ്യം, നിരാശ, പേടി, ദുഃഖം എന്നിവ ഉണ്ടാകാതെ നോക്കുക.
14. മരണം, പ്രസവം എന്നിവയുടെ ദൃശ്യങ്ങള്‍ കാണാതിരിക്കുക. ഹൊറര്‍ സിനിമകള്‍ കാണാതിരിക്കുക.
15. നല്ല പുസ്‌തകങ്ങള്‍ വായിക്കുക.
16. നല്ല സിനിമകളും ടി വി പരിപാടികളും കാണുക.
17. മനസിന് ശാന്തി നല്‍കുന്ന സംഗീതം കേള്‍ക്കുക.
18. ശുഭാപ്‌തി വിശ്വാസം നിലനിര്‍ത്തുക.
ആരോഗ്യമുള്ള ഒരമ്മയ്‌ക്കുമാത്രമെ ആരോഗ്യമുള്ള കുഞ്ഞു ജനിക്കൂ. ഗര്‍ഭകാല പരിചരണം വളരെ പ്രധാനമാണ്. ഗര്‍ഭാവസ്‌ഥ ഒരു സന്തോഷകരമായ അനുഭവമായിരിക്കാന്‍ ഗര്‍ഭിണിയും ഭര്‍ത്താവും കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
വയറുവേദന
ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയനുസരിച്ച് അടിവയറ്റിലും അരക്കെട്ടിലും മാറ്റങ്ങളുണ്ടാകുന്നതിനാല്‍ നേരിയ വയറുവേദന ഗര്‍ഭകാലത്തുണ്ടാകാം. എന്നാല്‍ വയറു വേദന കൂടുന്നതോടൊപ്പം പനി, രക്‌തസ്രാവം, ഛര്‍ദി, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടങ്ങണം.
കടപ്പാട്: ഡോ. മേജര്‍
നളിനി ജനാര്‍ദ്ദനന്‍, പൂനെ
ഗര്‍ഭകാലത്ത് സ്‌ത്രീയുടെ വായില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള അറിവിന്ന് പലര്‍ക്കും കുറവാണ്.
സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും മഹത്വപൂര്‍ണവുമായ കാലമാണ് ഗര്‍ഭകാലം. ഈ അവസ്‌ഥയില്‍ അവള്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഗര്‍ഭസ്‌ഥ ശിശുവിനെയും ബാധിച്ചേക്കാം.
ഗര്‍ഭകാലത്ത് സ്‌ത്രീയുടെ വായില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദന്താരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള അറിവിന്ന് പലര്‍ക്കും കുറവാണ്. 270 - 280 ദിവസം നീളുന്ന ഗര്‍ഭകാലത്തെ പ്രധാനമായി മൂന്നുമാസങ്ങള്‍ വീതമുള്ള മൂന്നു കാലങ്ങളായി തരംതിരിച്ചിരിക്കുന്നു.
ആദ്യമൂന്നു മാസങ്ങള്‍
സിക്‌താണ്ഡം ഭ്രൂണം എന്ന അവസ്‌ഥയില്‍ നിന്ന് പല അവയവങ്ങളുടെയും ആദ്യ ഉല്‍പത്തി നടക്കുന്ന ഏറ്റവും പ്രധാനമായ കാലാവധിയാണ്. അമ്മ കഴിക്കുന്ന ചില മരുന്നുകള്‍ ഈ അവസ്‌ഥയില്‍ കുഞ്ഞിന് ഉണ്ടാകുന്ന ഈ പ്രക്രിയയ്‌ക്ക് തടസം വരുത്തുകയും പല വൈകല്യങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
പണ്ട് ഗര്‍ഭിണികളില്‍ ഉപയോഗിച്ചിരുന്ന താലിഡോഡൈ എന്ന മരുന്ന് കുഞ്ഞിന്റെ കൈകാല്‍ വളര്‍ച്ചയെ ബാധിച്ച് തിമിംഗലത്തിന്റെ അഥവാ കടല്‍ ജീവികളുടെ തുഴപോലെയുള്ള കൈകാലുകളുടെ ആകൃതി കൈവരിക്കുന്ന വൈകല്യത്തിന് (ഫോക്കോമീലിയ) കാരണമാകുന്നു. ഇത് കണ്ടെത്തിയതോടെ ഈ മരുന്നിന്റെ ഉപയോഗം നിര്‍ത്തുകയും ചെയ്‌തു.
രണ്ടാമത്തെ മൂന്നു മാസങ്ങള്‍
ഈസ്‌ട്ര?ജന്‍, പ്ര?ജസ്‌റ്ററോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനം വായിലും പ്രതിധ്വനിക്കുന്നു. മോണയില്‍ വീക്കം, കടും ചുവപ്പു നിറം, നീര്, രക്‌തസ്രാവം എന്നിവ ഉണ്ടാകുന്നു. ഒപ്പം ചിലരില്‍ ദശ വളര്‍ച്ചയും മോണയില്‍ കാണാറുണ്ട്. ഇത് കാന്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.
ശരിയായ ദന്തശുചിത്വം ഈ ഘട്ടത്തില്‍ ആവശ്യമാണ്. മോണരോഗ വിദഗ്‌ധനെ സമീപിച്ച് ക്ലീനിംഗ് അഥവാ അള്‍ട്രാ സോണിക് സ്‌കെയിലിംഗ് ചെയ്‌താല്‍ ഈ പ്രശ്‌നത്തിന് ആശ്വാസം ലഭിക്കും. ദന്തചികിത്സകള്‍ ഈ കാലഘട്ടത്തിലാണ് നടത്തുക.
മൂന്നാമത്തെ മൂന്നു മാസങ്ങള്‍
ആദ്യ മൂന്നുമാസങ്ങള്‍ പോലെ തന്നെ വളരെ പ്രാധാന്യമുള്ളതാണ് അവസാന മൂന്നു മാസങ്ങളും. രക്‌തസമ്മര്‍ദം കുറയുവാനുള്ള സാധ്യതയും ഒപ്പം തലകറക്കം, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കൂടുകയും ചെയ്യുന്നു. ചികിത്സ ഈ സമയംചെയ്യാന്‍ പാടുള്ളതല്ല.
മോണരോഗങ്ങള്‍ മുന്‍കൂട്ടി കണ്ട് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ മോണരോഗം കാരണമായേക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
അന്നനാള രസങ്ങള്‍ ദന്തക്ഷയത്തിനു കാരണം
ഗര്‍ഭിണികള്‍ സ്‌ഥിരമായി ഛര്‍ദിക്കുന്നത് സാധാരണമാണ്. മാസം കഴിയുന്തോറും ഗര്‍ഭപാത്രം വികസിക്കുകയും അന്നനാളി തുറക്കുകയും കൂടുതല്‍ ആമാശയരസങ്ങള്‍ വായിലേക്ക് എത്തുകയും ചെയ്യുന്നു. ഈ രസങ്ങള്‍ പല്ലില്‍ പുരളുന്നത് ദന്തക്ഷയം ഉണ്ടാവുന്നതിന് കാരണമായിത്തീരുന്നു. ഇത്തരത്തിലുള്ള ദന്തക്ഷയത്തിനു മുന്നോടിയായി പല്ലു ദ്രവിക്കുന്നു.
രക്‌തചംക്രമണത്തിലെ വ്യതിയാനം
രക്‌തത്തിന്റെ അളവ്, ഹൃദയമിടിപ്പ്, വൃക്കയിലേക്കുള്ള രക്‌തയോട്ടം എന്നിവ കൂടുന്നു. ഇതു മൂലം പലപ്പോഴും രക്‌തസമ്മര്‍ദം ഗര്‍ഭിണികളില്‍ കുറവായിരിക്കും. തലകറക്കം, ക്ഷീണം എന്നിവയ്‌ക്ക് ഇതു കാരണമാകുന്നു. മൂന്നാം ഘട്ടത്തില്‍ അധികനേരം ഇരുന്നാല്‍ ഗര്‍ഭപാത്രം 'ഇന്‍ഫീരിയല്‍ വീനക്കാവ' എന്ന രക്‌തക്കുഴലില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദം കാരണം തല ചുറ്റുലുണ്ടാകുന്നു.
അതിനാല്‍ ദന്ത ചികിത്സ ചെയ്യുമ്പോള്‍ ഇടത്തേയ്‌ക്ക് ചരിച്ച് ഇരുത്തിയാണ് ചികിത്സ നല്‍കുന്നത്. അമിത രക്‌തസമ്മര്‍ദം ചിലരില്‍ കണ്ടുവരാറുണ്ട്. ഇത് അമിത രക്‌തസ്രാവത്തിനും കാരണമാകുന്നു. ഈ ലെഫ്‌റ്റ് ലാറ്ററല്‍ പൊസിഷന്‍ ഓക്കാനം കുറയ്‌ക്കാനും മറ്റ് ചെറിയ ചികിത്സാ ഉപകരണങ്ങള്‍ വിഴുങ്ങി പോകാനുമുള്ള സാധ്യതയും കുറയ്‌ക്കുന്നു.
ഹോര്‍മോണിലുള്ള വ്യതിയാനം
ഈസ്‌ട്രജന്‍, പ്ര?ജസ്‌ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അവയുടെ വ്യതിയാനം മോണയിലുണ്ടാകുന്ന നീര്, രക്‌തസ്രാവം, പ്രെഗ്നന്‍സി ട്യൂമര്‍ എന്നറിയപ്പെടുന്ന മോണയില്‍ കാണപ്പെടുന്ന വളര്‍ച്ച എന്നിവയ്‌ക്ക് കാരണമാകുന്നു.
പലരിലും കാന്‍സര്‍ ഭീതി ഉണ്ടാകുമെങ്കിലും ഇത് ഭയപ്പെടേണ്ടതില്ല. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടോ അമിത രക്‌തസ്രാവമോ ഉണ്ടെങ്കില്‍ മാത്രമേ ശസ്‌ത്രക്രിയയിലൂടെ അത് നീക്കം ചെയ്യേണ്ടതുള്ളൂ.
രക്‌തത്തിലെ പഞ്ചസാരയുടെ അളവ്
പ്രമേഹവും മോണരോഗങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഗര്‍ഭിണികളില്‍ 24 ആഴ്‌ച മുതല്‍ പഞ്ചസാരയുടെ അളവ് കൂടുന്നു. ഇതിനെ ജെസ്‌റ്റേഷണല്‍ ഡയബറ്റീസ് മെലിറ്റസ് എന്നു പറയുന്നു.
മോണരോഗങ്ങള്‍ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മോണരോഗം വര്‍ധിക്കുന്നതിനും ഇത് കാരണമാകുന്നു. അതിനാല്‍ ഇടയ്‌ക്കിടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടതും ദന്തശുചിത്വം കാത്തുസൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. എക്‌സ്റേ കഴിവതും ഒഴിവാക്കുക.
2. ചികിത്സ പരമാവധി 4 - 6 മാസങ്ങളില്‍.
3. ചികിത്സ നല്‍കുമ്പോഴുള്ള പൊസിഷന്‍ - ലെഫ്‌റ്റ് ലാറ്ററല്‍ വലതു വശത്ത് ഒരു തലയിണ കൂടി വച്ച് കൊടുക്കാവുന്നതാണ്.
4. മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. എന്നാലും അമോക്‌സിലിന്‍ തുടങ്ങിയ സ്‌ഥിരം ആന്റിബയോട്ടിക്കുകളും പാരസെറ്റമോള്‍ പോലുള്ള വേദനാ സംഹാരികളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
5. മോണയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് മുതലായവ കഴിക്കാന്‍ ഉപദേശിക്കുക. ഒപ്പം വായില്‍ അഴുക്ക് അടിയാതെ രണ്ടു നേരം ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാന്‍ ഉപദേശിക്കുക.
ഗര്‍ഭിണികളുടെ ശ്രദ്ധയ്‌ക്ക്
1. വായിലുണ്ടാകുന്ന രക്‌തസ്രാവം, ദശവളര്‍ച്ച ഇവ കാന്‍സറാണെന്ന് തെറ്റിദ്ധരിക്കണ്ട. മോണരോഗ വിദഗ്‌ധനെ കണ്ട് ചികിത്സ നേടുക.
2. രണ്ടു നേരം ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുക. മൂന്നു മാസത്തിലൊരിക്കല്‍ ദന്തരോഗ വിദഗ്‌ധനെ സന്ദര്‍ശിക്കുക.
3. ജീവകം സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക.
4. അമിതമായ മധുരത്തിന്റെ ഉപയോഗം കുറയ്‌ക്കുക.
ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ ദന്താരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.
കടപ്പാട്: ഡോ. ജി.ആര്‍. അനില്‍കുമാര്‍
ജൂനിയര്‍ റസിഡന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
പീരിയോഡോണ്ടിക്‌സ്
ഗവ. ഡെന്റല്‍ കോളജ്, തിരുവനന്തപുരം
തെറ്റായ ഭക്ഷണവും ജോലിത്തിരക്കും സുഗമമായ ഗര്‍ഭധാരണത്തെ തടയുന്നു. ഗര്‍ഭാധാരണം എളുപ്പമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ആദ്യ ഗര്‍ഭധാരണത്തിനായി വീട്ടുകാരും ബന്ധുക്കളുമെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കും. എന്നാല്‍ മാറിയ ജീവിത ശൈലി ഗര്‍ഭധാരണത്തിന് തടസമാകുന്നുണ്ട്. തെറ്റായ ഭക്ഷണവും ജോലിത്തിരക്കും സുഗമമായ ഗര്‍ഭധാരണത്തെ തടയുന്നു. ഗര്‍ഭാധാരണം എളുപ്പമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
മാനസികസമ്മര്‍ദങ്ങളെ അകറ്റി നിര്‍ത്തുക
സ്‌ത്രീയും പുരുഷനും ഒരുപോലെ ജോലിയുടെ തിരക്കുകളില്‍പെടുമ്പോള്‍ ശരിയായ ദാമ്പത്യം ഇന്ന് പലര്‍ക്കും അന്യമാകുന്നു. ജോലി കഴിഞ്ഞു ഒന്നു വിശ്രമിച്ചാല്‍ മതിയെന്നു കരുതി വീട്ടിലെത്തുമ്പോള്‍ ശരിയായ ലൈംഗികബന്ധം പോലും സാധ്യമാകില്ല.
ജോലിയുടെ സ്വഭാവവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ട്. മാനസിക പിരിമുറുക്കം ഗര്‍ഭധാരണത്തിന് തടസമാകുന്നു. അതിനാല്‍ ശാന്തമായ മനസോട് കൂടി വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍.
അണ്ഡവും ബീജവുമായി ചേര്‍ന്ന് സ്‌്ത്രീ ശരീരത്തില്‍ ബീജസങ്കലനം നടക്കുന്നതിന് കൂടുതല്‍ സാധ്യതയുള്ളത് അണ്ഡോത്‌പാദനം നടക്കുന്ന ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണ്.
ആര്‍ത്തവചക്രം ക്രമമായവരില്‍ അണ്ഡോല്‍പാദനം നടക്കുന്നത് ഏതാണ്ട് ആര്‍ത്തവാരംഭത്തിനു 14 ദിവസം മുന്‍പാണ്. അതിനാല്‍ ശരിയായ സമയത്തുള്ള ലൈംഗികബന്ധത്തിന്റെ അഭാവം വന്ധ്യതയുടെ തോതു കൂട്ടുന്നു.
പുതുതലമുറ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇതുതന്നെ. ജോലിയിലെ സമ്മര്‍ദങ്ങളെ ഒഴിവാക്കി നിര്‍ത്തി വേണം ദാമ്പത്യത്തിലേക്കു പ്രവേശിക്കാന്‍.
ലൈംഗിക രോഗങ്ങള്‍ ഒഴിവാക്കുക
മാറുന്ന ജീവിതക്രമത്തില്‍ ഭാര്യഭര്‍തൃബന്ധത്തിന്റെ പരിശുദ്ധിയും കുറഞ്ഞുവരുന്നു. ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗികബന്ധം ലൈംഗികരോഗങ്ങള്‍ക്കു കാരണമാകാം.
എയ്‌ഡ്സ്, ഗൊണോറിയ, സിഫിലിസ്, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങളെല്ലാം ഗര്‍ഭധാരണത്തിനു തടസം നില്‍ക്കാം. ശരിയായ ലൈംഗിക ജീവിതത്തിലൂടെ ഇത്തരം വന്ധ്യത ഒഴിവാക്കി നിര്‍ത്താവുന്നതാണ്.
ഗര്‍ഭധാരണം നേരത്തെ
വിവാഹ പ്രായം വൈകുന്നത് ഗര്‍ഭധാരണത്തെ ബാധിക്കുന്നുണ്ട്. 30 വയസിനുശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുന്നു. സ്‌ത്രീകളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണമേന്മ കുറയുന്നതാണ് ഇതിനു കാരണം. പെണ്‍കുട്ടിക്ക് വിവാഹപ്രായം ഇരുപത്തിയാറ് വയസിനു താഴെയായിരിക്കുന്നതാണ് ഉചിതം.
പുരുഷന് മുപ്പതു വയസിനു താഴെയും. പുരുഷനില്‍ ആരോഗ്യമുള്ള ബീജം പ്രായമേറുന്തോറും കുറഞ്ഞുകൊണ്ടിരിക്കും. അതിനാല്‍ സ്‌ത്രീകളിലും പുരുഷന്മാരിലും വൈകിയുള്ള വിവാഹം ഒഴിവാക്കേണ്ടതുതന്നെയാണ്.
അമിതവണ്ണം കുറയ്‌ക്കുക
ആദ്യ ആര്‍ത്തവത്തോടു കൂടിതന്നെ മാതൃത്വമെന്ന മഹനീയ കര്‍മത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആരംഭിക്കുന്നു. ബാല്യം മുതല്‍തന്നെ ഗര്‍ഭധാരണം സുഗമമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടികള്‍ ആരംഭിക്കേണ്ടതാണ്.
അമിതവണ്ണം പലപ്പോഴും അണ്ഡോത്‌പാദനക്രമക്കേടുകള്‍ക്ക് കാരണമാകാം. ഇത് ഭാവിയില്‍ ഗര്‍ഭധാരണത്തെയും ബാധിക്കാം. സ്‌ത്രീകളില്‍ അമിതവണ്ണമുള്ള ശരീരപ്രകൃതി വന്ധ്യതയ്‌ക്കുള്ള ആക്കം കൂട്ടാം.
അതിനാല്‍ ചെറുപ്പം മുതല്‍തന്നെ വ്യായാമം നിര്‍ബന്ധമാക്കണം. ഭക്ഷണ ക്രമീകരണവും വേണം. ആധുനിക കാലത്ത് പെണ്‍കുട്ടികള്‍ ഫാസ്‌റ്റ് ഫുഡ് ഭക്ഷണത്തിലാണ് പ്രിയം. ഇതു പലപ്പോഴും അമിത വണ്ണത്തിന് കാരണമാകുന്നു.
ഗര്‍ഭാശയ തകരാറുകള്‍
ഗര്‍ഭാശയത്തിലെ തകാരാറുകളാണ് വന്ധ്യതയ്‌ക്കുള്ള കാരണങ്ങളില്‍ മറ്റൊന്ന്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടുള്ള സെര്‍വിക്‌സ്, അണ്ഡാശയം, ഫലോപ്പിയന്‍ ട്യൂബ് എന്നിവയ്‌ക്ക് ഉണ്ടാകുന്ന തകാരാറുകളും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കാം.
ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് അടിവയറ്റില്‍ വേദനയോ, ആര്‍ത്തവ തകരാറോ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യപരിശോധന നടത്തണം. പെണ്‍കുട്ടികളില്‍ അമിതമായ മുഖക്കുരു, അമിത രോമവളര്‍ച്ച തുടങ്ങിയവയൊക്കെ പരിശോധനയ്‌ക്ക് വിധേയമാക്കണം.
ഇവ വിവാഹത്തിന് മുമ്പുതന്നെ പരിശോധിച്ച് ആവശ്യമെങ്കില്‍ ചികിത്സ നടത്തിയാല്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. ക്രമം തെറ്റിയ ആര്‍ത്തവത്തോടൊപ്പം അമിതവണ്ണം, അമിതരോമ വളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് പിഒഎസ് ആണെന്ന് അനുമാനിക്കാം. ഇതും വന്ധ്യതയ്‌ക്കു കാരണമാകുന്ന അവസ്‌ഥയാണ്. ഉചിതമായ ചികിത്സയാണ് പ്രധാനം.
അണുബാധകളെ സൂക്ഷിക്കുക
പലരും നിസാരമായി തള്ളികളയുന്ന ഒന്നാണ് അണുബാധ. അതിനാല്‍ വിവാഹത്തിനുമുമ്പ്‌തന്നെ യോനിയില്‍ അണുബാധ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റണം.
അല്ലെങ്കില്‍ അത് ഗര്‍ഭപാത്രത്തിലൂടെമുകളിലേക്കു കയറി ട്യൂബിനെ അടയ്‌ക്കുകയും പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസിനു കാരണമാവുകയും ചെയ്യുന്നു. ഇത് വന്ധ്യതയ്‌ക്കു കാരണമാകാം. അതിനാല്‍ അണുബാധകള്‍ ഗര്‍ഭധാരണത്തിനു മുമ്പുതന്നെ ചികിത്സിച്ചു മാറ്റണം.
മാറുന്ന ഭക്ഷണരീതി
ഭക്ഷണരീതിയില്‍ വന്ന മാറ്റം ഗര്‍ഭധാരണത്തെയും ബാധിച്ചിരിക്കുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. സുഗമമായ ഗര്‍ഭധാരണത്തിന് നാടന്‍ ഭക്ഷണമാണ് ഏറ്റവും ഉത്തമം.
ഫാസ്‌റ്റ് ഫുഡിന്റെ ഉപയോഗം പാടേ ഒഴിവാക്കണം. ഉയര്‍ന്ന അളവില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ശരീരത്തില്‍ അടിഞ്ഞുകൂടി അമിതവണ്ണത്തിനും കാരണമാകാം.
കൃത്യമായ വ്യായാമത്തിലൂടെ ചെറുപ്പം മുതല്‍തന്നെ അമിതവണ്ണം കുറച്ചു നിര്‍ത്തണം. ഗര്‍ഭധാരണത്തിനുള്ള തയാറെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതും ഇതുതന്നെ.
ബാല്യത്തിലെ ദുരനുഭവങ്ങള്‍
ബാല്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പെണ്‍കുട്ടികളില്‍ മാനസികമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാം.
ഇത് വിവാഹശേഷം അവരുടെ ലൈംഗികജീവിതത്തെ ബാധിക്കാം. മനസിലെ ഭീതിമൂലം യോനീവികാസം സാധ്യമാകാതെ വരാം. ഇതു വന്ധ്യതയ്‌ക്കു കാരണമാകാം.
അതിനാല്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുട്ടിക്ക് ആവശ്യമായ ഉപദേശങ്ങളും അറിവുകളും പകര്‍ന്നു നല്‍കണം. വിവാഹം കഴിഞ്ഞ പെണ്‍കുട്ടി ഗര്‍ഭധാരണത്തിനു മൂന്നുമാസം മുമ്പുതന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങുന്നത് നല്ലതാണ്.
കുട്ടിയുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഫോളിക് ആസിഡ് ഉത്തമമാണ്. ഇതൊരു ഗൈനക്കോളജിസ്‌റ്റിന്റെ നിര്‍ദേശപ്രകാരം വേണമെന്നുമാത്രം.
പങ്കാളികളില്‍ വിട്ടുവീഴ്‌ചാ മനോഭാവം ഉണ്ടാകണം. ആശയപരമായ പൊരുത്തം ശരിയായ ലൈംഗികതയ്‌ക്കും സംതൃപ്‌തമായ ഭാവിജീവിതത്തിനും അനിവാര്യമാണ്. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും ഭാര്യയില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.
ദമ്പതിമാര്‍ പരസ്‌പരം അറിയുക എന്നതാണ് ദാമ്പത്യത്തിലെ ആദ്യപടി. രണ്ടു വ്യത്യസ്‌ത ജീവിത സാചര്യങ്ങളില്‍ വളര്‍ന്നവരാണ് ഭാര്യയും ഭര്‍ത്താവും. ജീവിതത്തെക്കുറിച്ച് വ്യത്യസ്‌തമായ കാഴ്‌ചപ്പാടായിരിക്കും ഇരുവര്‍ക്കും.
വിവാഹശേഷം കാഴ്‌ചപ്പാടില്‍ മാറ്റം വരുത്തണം. ആശയവിനിമയത്തിലൂടെ വേണം ഈ കഴ്‌ചപ്പാടുകള്‍ മാറ്റിയെടുക്കാന്‍. പങ്കാളികളില്‍ വിട്ടുവീഴ്‌ചാ മനോഭാവം ഉണ്ടാകണം.
ആശയപരമായ പൊരുത്തം ശരിയായ ലൈംഗികതയ്‌ക്കും സംതൃപ്‌തമായ ഭാവിജീവിതത്തിനും അനിവാര്യമാണ്.
ഭര്‍ത്താവിന്റെ ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും ഭാര്യയില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. അതുപോലെ ഭാര്യ തന്റേതു മാത്രമായ താല്‍പര്യങ്ങള്‍ക്ക് ഭര്‍ത്താവിനെ നിര്‍ബന്ധിക്കാതിരിക്കുക.
ഇരുവരും പരസ്‌പരധാരണയില്‍ ജീവിതം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഗര്‍ഭധാരണം ഉള്‍പ്പെടെ ജീവിതത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കാന്‍ ഈ പരസ്‌പരധാരണ സഹായിക്കും.
നല്ല ലൈംഗികത
മാനസിക പൊരുത്തംപോലെ ലൈംഗിക പൊരുത്തവും ആവശ്യമാണ്. ഇങ്ങനെ പരസ്‌പരം അറിഞ്ഞുകൊണ്ടുള്ള ലൈംഗികപൊരുത്തമാണ് നല്ല ലൈംഗികത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവാണ് ആരോഗ്യകരമായ ലൈംഗികജീവിതത്തിന്റെ അടിത്തറ. ഉന്നതവിദ്യാഭ്യാസം ഉണ്ടെങ്കിലും സ്‌ത്രീക്കും പുരുഷനും ശരിയായ ലൈംഗിക അറിവോ, ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങളോ അറിവുണ്ടാവില്ല.
സെക്‌സ് വെറും ലൈംഗിക സുഖത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് രണ്ടു വ്യക്‌തികള്‍ തമ്മിലുള്ള മാനസികമായ ഇഴയടുപ്പം കൂടി വ്യക്‌തമാക്കുന്നു.
വിവാഹത്തിലേക്ക് കടക്കും മുമ്പ് സെക്‌സിനെക്കുറിച്ചും സ്‌ത്രീപുരുഷ ലൈംഗിക അവയവത്തെക്കുറിച്ചും അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ദമ്പതിമാര്‍ അറിഞ്ഞിരിക്കണം.
ഗര്‍ഭാശയം, അതിന്റെ പ്രവര്‍ത്തനം, ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്‌തമായ അറിവ് ഉണ്ടാകുന്നത് നല്ലതാണ്. ചില മതസ്‌ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിങ്ങുകള്‍ ഇക്കാര്യത്തില്‍ വലിയൊരളവോളം സഹായിക്കുന്നു.
വിവാഹജീവിതത്തിലേക്ക് കടക്കുന്ന ദമ്പതിമാര്‍ അറിഞ്ഞിരിക്കേണ്ട അടിസ്‌ഥാനപരമായ വിവരങ്ങള്‍ ഈ കൗണ്‍സലിങ്ങിലൂടെ നല്‍കാന്‍ കഴിയുന്നു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ തെളിഞ്ഞ മനസോടെ ഓരോ തവണയും ബന്ധപ്പെടുവാന്‍ ശ്രമിക്കണം.
യാത്ര കഴിഞ്ഞ് ക്ഷീണിതരായിരിക്കുന്ന അവസരത്തില്‍ കുളിച്ച് ശരീരം വൃത്തിയാക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുകതന്നെവേണം.
ഗര്‍ഭധാരണം അബദ്ധമാകരുത്
ഗര്‍ഭധാരണം അബദ്ധത്തില്‍ സംഭവിക്കുന്നതാകരുത്. കുഞ്ഞിനുവുവേണ്ടി ഭാര്യയും ഭര്‍ത്താവും ഒരുങ്ങുക. ശാരീരികവും മാനസികവുമായ തയാറെടുപ്പാണ് ആദ്യം വേണ്ടത്.
നല്ല മനസോടെയും സന്തോഷത്തോടെയുമാവണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. ചില ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ് ലഭിക്കും മറ്റ് ചില ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ പെണ്‍കുഞ്ഞ് പിറക്കും എന്നൊക്കെയുള്ള മിഥ്യാധാരണകള്‍ തിരുത്തണം.
ബന്ധപ്പെടുന്ന രീതിയുടെയും സമയത്തിന്റെയും പ്രത്യേകതകൊണ്ട് ആണ്‍കുഞ്ഞോ, പെ ണ്‍കുഞ്ഞോ എന്ന് നിശ്‌ചയിക്കാനാവില്ല. മദ്യപിച്ചതിനു ശേഷമോ ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചശേഷമോ ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. സ്‌ത്രീകളും പുരുഷന്മാരും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം പാടേ നിര്‍ത്തുക.
കുഞ്ഞിനുവേണ്ടി ഒരുങ്ങുമ്പോള്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. തീയതി പരിശോധിച്ച് ഏതെങ്കിലും ഒരു ദിവസം ബന്ധപ്പെട്ടതുകൊണ്ട് ഗര്‍ഭധാരണം സംഭവിക്കണമെന്നില്ല. ഇതിനായി അടുത്തടുത്ത് ബന്ധപ്പെടേണ്ടിവരും.
ഒരുതവണ ബന്ധപ്പെട്ടതുകൊണ്ട് ഗര്‍ഭധാരണം സംഭവിക്കണമെന്നില്ല. സ്‌നേഹപൂര്‍ണമായ പെരുമാറ്റവും സമീപനവും ദമ്പതിമാര്‍ക്കിടയില്‍ സദാ ഉണ്ടാവണം. കടുത്ത മാനസിക സമ്മര്‍ദവും ശാരീരിക പ്രശ്‌നങ്ങളും ഗര്‍ഭധാരണം സുഗമമല്ലാതാക്കും.
ഏതെങ്കിലും രോഗത്തിന് മരുന്നുകള്‍ കഴിക്കുന്ന സ്‌ത്രീകള്‍ ഗര്‍ഭധാരണത്തിനു മുമ്പ് മരുന്നുകള്‍ നിര്‍ത്തുകയോ ഡോക്‌ടറോട് ഇക്കാര്യം പറയുകയോ ചെയ്യണം. ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ പുരുഷനും സ്‌ത്രീയും സ്വയം ചികിത്സയുടെ ഭാഗമായി ഏതെങ്കിലും ഗുളികയോ, മരുന്നോ കഴിക്കാതിരിക്കണം.
കുടുംബം എന്ന സ്വര്‍ഗം
നല്ല കുടുംബാന്തരീക്ഷം നല്ല കുഞ്ഞു പിറക്കാന്‍ ആവശ്യമാണ്. സ്വസ്‌ഥതയും സമാധാനവും കുടുംബത്തിലും കുടുംബാംഗങ്ങള്‍ക്കിടയിലും ഉണ്ടായിരിക്കണം. സ്‌ത്രീകയുടെയും പുരുഷന്മാന്റെയും മനസ് ശാന്തമാകുവാന്‍ ഇതു സഹായിക്കും.
സംഘര്‍ഷം നിറഞ്ഞ കുടുംബാന്തരീക്ഷം ചിലപ്പോള്‍ ഗര്‍ഭധാരണത്തെ തടസപ്പെടുത്താം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധം പോലെ മറ്റ് കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടായിരിക്കണം. ഇതെല്ലാം ഗര്‍ഭധാരണം എളുപ്പമാക്കാനും ഗര്‍ഭസ്‌ഥ ശിശുവിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
വീട്ടില്‍ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മരണം തുടങ്ങിയ സാഹചര്യത്തില്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം സാഹചര്യത്തില്‍ സ്‌ത്രീയുടെയും പുരുഷന്റെയും മനസ് സംഘര്‍ഷഭരിതമായിരിക്കും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതു തീര്‍ന്നതിനു ശേഷം ഗര്‍ഭധാരണത്തിനു ശ്രമിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍ കുഞ്ഞുപിറക്കുന്നത്, അവന്റെ ശരിയായ പരിചരണത്തിന് തടസമാകും.
നല്ല കുഞ്ഞുപിറക്കാന്‍ ഭാര്യയും ഭര്‍ത്താവും ആരോഗ്യകാര്യത്തിലും ഭക്ഷണത്തിലും ശ്രദ്ധിക്കണം. എല്ലാത്തിനും ഉപരിയായി സന്തോഷകരമായ ഒരു ദാമ്പത്യജീവിതത്തിലായിരിക്കണം ഗര്‍ഭധാരണം നടക്കേണ്ടത്.
ഗര്‍ഭധാരണം വൈകരുത്
വിവാഹം കഴിഞ്ഞ് ഗര്‍ഭധാരണം വൈകുന്നത് നല്ലതല്ല. വന്ധ്യതയുടെ തോത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സ്‌ത്രീയുടെയും പുരുഷന്റെയും പ്രായം ഏറുന്നത് വന്ധ്യതയ്‌ക്ക് ആക്കം കൂട്ടുന്നുണ്ട്.
ബന്ധപ്പെടലുകളുടെ എണ്ണം, ദമ്പതിമാരുടെ പ്രായം, ആരോഗ്യം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വന്ധ്യത നിര്‍ണയിക്കുന്നത്. പതിവായി ലൈംഗികബന്ധം പുലര്‍ത്തുന്നവരില്‍ 75 ശതമാനം പേര്‍ക്കും ആദ്യത്തെ ആറുമാസത്തിനകം ഗര്‍ഭം ധരിക്കാനാവും.
എന്നാല്‍ ചിലരില്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. ഒരു വര്‍ഷത്തിനുള്ളില്‍ 90 ശതമാനം ദമ്പതിമാരിലും ഗര്‍ഭധാരണം സാധ്യമാകാറുണ്ട്. ശേഷിക്കുന്ന 10 ശതമാനം പേരിലാണ് വന്ധ്യത പ്രശ്‌നമാകുന്നത്.
സ്‌ത്രീയിലും പുരുഷനിലും വന്ധ്യത കാണുന്നുണ്ട്. ഇവ പ്രധാനമായും രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇവയെ പ്രാഥമിക വന്ധ്യത എന്നും ദ്വിതീയ വന്ധ്യത എന്നും പറയുന്നു. ഒരിക്കലും ഗര്‍ഭധാരണം നടക്കാത്തതായ വന്ധ്യതയാണ് പ്രാഥമിക വന്ധ്യത.
എന്നാല്‍ ഒരിക്കല്‍ ഗര്‍ഭം ധരിക്കുകയും അത് അലസിപ്പോവുകയും പിന്നീട് ഗര്‍ഭിണിയാവാന്‍ കഴിയാതെ വരികയും ചെയ്യുന്ന വന്ധ്യതയാണ് ദ്വിതീയ വന്ധ്യത. വന്ധ്യതാ പ്രശ്‌നവുമായി എത്തുന്നവരില്‍ 25 ശതമാനം ദമ്പതിമാര്‍ക്കും ഒന്നിലേറെ തകരാര്‍ കണ്ടുവരാറുണ്ട്.
ആരോഗ്യമുള്ള, പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞു പിറക്കണമെങ്കില്‍ അമ്മ കുഞ്ഞിനും കൂടെ ആവശ്യമായ പോഷകാഹാരം കഴിക്കേണ്ടതുണ്ട്. ചാപിള്ള, ഗര്‍ഭമലസല്‍, നേരത്തേയുള്ള പ്രസവം എന്നിവയ്‌ക്കും കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ട്.
സ്‌ത്രീയുടെ ജീവിതത്തിലെ ഏറെ സന്തോഷകരവും എന്നാല്‍ വളരെ പ്രാധാന്യം നല്‍കേണ്ടതുമായ അവസ്‌ഥയാണ് ഗര്‍ഭകാലം. ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് ഈ സമയത്ത് ആവശ്യമാണ്.
ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ട്. സാധാരണയായി ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ശാരീരിക അസ്വസ്‌ഥതകള്‍ക്കെല്ലാം പിന്നില്‍ തെറ്റായ ഭക്ഷണശീലത്തിന് പങ്കുണ്ട്.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം
സ്വന്തം ആരോഗ്യം നിലനിര്‍ത്താനും ഗര്‍ഭസ്‌ഥ ശിശുവിന്റെ പോഷകാവശ്യം നിറവേറ്റാനും ഗര്‍ഭാവസ്‌ഥയിലുള്ള ഭക്ഷണക്രമീകരണം അത്യാവശ്യമാണ്.
ഗര്‍ഭപാത്രം, സ്‌തനങ്ങള്‍, അമ്‌നിയോട്ടിക് ദ്രാവകം എന്നിവയുടെ വികസനത്തിന് ഗര്‍ഭിണി പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് പോഷകങ്ങള്‍ ശേഖരിച്ചുവച്ചാണ് കുഞ്ഞ് ഒരു വയസു വരെ ആവശ്യമായ പോഷകങ്ങളുടെ കുറവ് നികത്തുന്നത്.
ചില കുഞ്ഞുങ്ങളില്‍ പ്രസവം കഴിഞ്ഞ നാള്‍ മുതല്‍ തുടരെ അസുഖങ്ങള്‍ ബാധിക്കുന്നതായി കാണാം. ഇത്തരത്തില്‍ അസുഖം ഒഴിയാതെ നില്‍ക്കുന്നത് ഗര്‍ഭാവസ്‌ഥയില്‍ ആവശ്യത്തിന് പോഷണം ലഭിക്കാത്ത കുഞ്ഞുങ്ങളില്‍ ആണ്.
ആരോഗ്യമുള്ള, പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞു പിറക്കണമെങ്കില്‍ അമ്മ കുഞ്ഞിനും കൂടെ ആവശ്യമായ പോഷകാഹാരം കഴിക്കേണ്ടതുണ്ട്. ചാപിള്ള, ഗര്‍ഭമലസല്‍, നേരത്തേയുള്ള പ്രസവം എന്നിവയ്‌ക്കും കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ട്. ഗര്‍ഭാവസ്‌ഥയെ സങ്കീര്‍ണമാക്കുന്ന മറ്റൊരു പ്രശ്‌നമാണ് അനീമിയ. അയണിന്റെ കുറവ് അനീമിയയ്‌ക്ക് കാരണമാകുന്നു.
ഗര്‍ഭകാലത്തെ ഭക്ഷണക്രമീകരണം
ഗര്‍ഭിണികള്‍ക്ക് ചില ആഹാരസാധനങ്ങളോട് കൊതി തോന്നാറുണ്ട്. യഥാര്‍ഥത്തില്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ പോഷകഘടകങ്ങളുടെ കുറവ് ഉണ്ടാകുമ്പോള്‍ അതു നികത്താന്‍ ശരീരം തന്നെ പ്രയോഗിക്കുന്ന മാര്‍ഗമാണ് ഇത്തരത്തില്‍ ചില പ്രത്യേക ആഹാരസാധനത്തോടുള്ള പ്രിയം. ഇങ്ങനെ ഇഷ്‌ടംതോന്നുന്ന ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത ഇതില്‍നിന്നും വ്യക്‌തമാണ്.
ഒരു അമ്മയ്‌ക്ക് കുഞ്ഞിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്ന അവസരത്തില്‍ അവന് ഏറ്റവും നല്ലതും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുക എന്നതാണ്.
കുഞ്ഞിന് മാത്രമല്ല അമ്മയുടെ ജീവിതകാലം മുഴുവനുമുള്ള ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗര്‍ഭകാലത്തെ ആഹാരവുമായി ബന്ധമുണ്ട്.
ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന കാല്‍സ്യം ഗുളികകളും മറ്റും രുചിഭേദത്തിന്റെയും ഛര്‍ദിലിന്റെയും പേരില്‍ കഴിക്കാതിരിക്കുന്ന അമ്മമാരുണ്ട്.
ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷമാണ്. പ്രായം കുറച്ച് മുന്നോട്ടു ചെല്ലുമ്പോള്‍ ശരീരത്തില്‍ പല വിറ്റാമിനുകളിലും കുറവു വരുകയും അസുഖങ്ങള്‍ പതിവാകുകയും ചെയ്യും.
ഭക്ഷണം തവണകളായി കഴിക്കണം
ഭക്ഷണം ലഘുതവണകളായി കഴിക്കുക. ഉപവാസം, ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്‌ഥ എന്നിവ ഒഴിവാക്കുക. നിത്യാഹാരത്തില്‍ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാല്‍, മത്സ്യമാംസാദികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യത്തിന് ഉള്‍പ്പെടുത്തുക.
ദിവസവും നാരുകള്‍ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുക. മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കുക.
ഫുഡ് പിരമിഡ്
ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍സ്, മിനറല്‍സ്, പ്രോട്ടീന്‍സ് തുടങ്ങിയവയെല്ലാം അടങ്ങിയിരിക്കുന്നതാണ് ഫുഡ് പിരമിഡ്. നമ്മുടെ ശരീരത്തിന് ന്യൂട്രല്‍ ഫുഡ് ലഭിക്കണമെങ്കില്‍ ഈ ഫുഡ് പിരമിഡ് രീതി പാലിക്കണം.
ഒഴിവാക്കേണ്ടവ
ലഹരി പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതും അമിതമായി മസാലകള്‍ ചേര്‍ത്തതുമായവ.
നിയന്ത്രിതമായി ഉപയോഗിക്കേണ്ടവ
നിലക്കടല, കശുവണ്ടി, പിസ്‌ത, ബദാം, എണ്ണ, കൊഴുപ്പ്, പപ്പടം, അച്ചാര്‍, ഉണക്ക മത്സ്യം എന്നിവ.
ഭക്ഷണക്രമം
6.00 am - പാല്‍ ഒരു ഗ്ലാസ്
8.00 am - ഇഡ്‌ഡലി, ദോശ അല്ലെങ്കില്‍ ചപ്പാത്തി, അപ്പം, കടലക്കറി, പയര്‍കറി, മുട്ടക്കറി.
10.00 am - പേരയ്‌ക്ക, ആപ്പിള്‍, ഓറഞ്ച്, ഫ്രൂട്ട് അല്ലെങ്കില്‍ സുപ്പ്/ചായ അല്ലെങ്കില്‍ കാപ്പി ഒരു ഗ്ലാസ്.
1.00 pm - ചോറ്, വെജിറ്റബിള്‍ കറി, മീന്‍കറി, പയര്‍വര്‍ഗ്ഗം, വെജിറ്റബിള്‍ സാലഡ്, മുന്തിരി, ആപ്പിള്‍.
4.00 pm - ചായ അല്ലെങ്കില്‍ കാപ്പി, അവല്‍, ഓട്‌സ്, മുളപ്പിച്ച പയര്‍വര്‍ഗം, വെജിറ്റബിള്‍ വടകള്‍.
8.00 pm - സൂപ്പുകള്‍, ചപ്പാത്തി, ചോറ്. മീന്‍കറി, ചിക്കന്‍ കറി, വെജിറ്റബിള്‍ സാലഡ്.
10.00 pm ഒരു ഗ്ലാസ് പാല്‍.
മനംപിരട്ടലും ഛര്‍ദിയും
ഇഷ്‌ടമുള്ള ഭക്ഷണം അളവ് കുറച്ച് ഇടയ്‌ക്കിടെ കഴിക്കുക. എരി വ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാ ക്കുക. കൊഴുപ്പ്, എണ്ണ ഇവ കലര്‍ന്ന ആഹാരവസ്‌തുക്കളും പാനീയങ്ങ ളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുക.
പുളിച്ചു തികട്ടലും നെഞ്ചെരിച്ചിലും
ഇടവിട്ട് കുറച്ച് വീതം ആഹാരം കഴിക്കുക. എരിവും പുളിയും കൂടു തലുള്ള ആഹാരം കുറയ്‌ക്കുക. അമിതമായ അളവില്‍ കോള, ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കഴി ക്കരുത്. കൂടാതെ ക്ഷീണവും, തള ര്‍ച്ചയും ഉണ്ടാകാതിരിക്കാന്‍ പോഷ കാഹാരം കഴിക്കുക.
മലബന്ധം
ധാരാളം വെള്ളം കുടിക്കുക. പച്ചക്കറിയും പഴവര്‍ഗങ്ങളും കൂടു തലായി ഭക്ഷണത്തില്‍ ഉള്‍പ്പെ ടുത്തുക. എരിവും മസാലയും കലര്‍ന്ന പദാര്‍ത്ഥങ്ങള്‍, മാംസ ഭക്ഷ ണം ഇവ കുറയ്‌ക്കുക. രാവിലെ മലവിസര്‍ജനത്തിന് മുന്‍പ് ഒരു ഗ്ലാസ് ചൂടുള്ള വെള്ളം കുടിക്കുക.
മൂത്രാശയരോഗങ്ങള്‍
ഇടവിട്ട് മൂത്രമൊഴിക്കാനുള്ള പ്രവണത, മൂത്രവിസര്‍ജനസമയത്ത് കടുത്ത അസ്വസ്‌ഥതയും നീറ്റലും അടിവയറ്റില്‍ ഇടയ്‌ക്കിടയ്‌ക്ക് വേദ ന, പനി, വിറയല്‍, മനംപുരട്ടല്‍, ഛര്‍ദി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ധാരാളം വെള്ളം കുടിക്കുകയാണ് ഇതിന് പരിഹാരം.
അനീമിയ
കടുത്ത ക്ഷീണം, ഇടയ്‌ക്കിട യ്‌ക്ക് നെഞ്ചിടിപ്പ് അനുഭവപ്പെടുക, ഉന്മേഷക്കുറവ്, ലഘുവായ പ്രവൃ ത്തികള്‍പോലും ക്ലേശകരമായി തോന്നുക ഇവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍. അയണ്‍ ഗുളികകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.
പച്ചക്കറികള്‍, ഇലക്കറികള്‍, മാംസം, മുട്ട, ഓറഞ്ച്, പേരയ്‌ക്ക ഇവ ആഹാരത്തില്‍ ഉള്‍ പ്പെടുത്തുക. മോര്, സൂപ്പ് എന്നിവ ധാരാളം കുടിക്കുക. പയറുകള്‍ മുളപ്പിച്ച് കഴിക്കുക.
ഉയര്‍ന്ന രക്‌തസമ്മര്‍ദം
ശരീരത്തില്‍ നീര്‍ക്കെട്ട്, മൂത്രത്തി ലൂടെ പ്രോട്ടീന്‍ നഷ്‌ടമാകുക, പെട്ടെന്ന് തൂക്കം കൂടുക, തലവേദന ഇവയെല്ലാമാണ് ഇതിന്റെ ലക്ഷണ ങ്ങള്‍. ഉപ്പ്, കൊഴുപ്പു കലര്‍ന്ന ഇറച്ചി, വെണ്ണ, നെയ്യ് തുടങ്ങിയവ ഒഴിവാക്കുക.
ക്രമീകൃതമായ ഭക്ഷണരീതി പിന്‍തുടരുക. ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കുക. ധാരാളം വെള്ളം കുടി ക്കുക. ഭക്ഷണത്തില്‍ പച്ചക്കറി കള്‍, പഴവര്‍ഗ്ഗങ്ങള്‍, മുളപ്പിച്ച ചെറുപയര്‍, നിലക്കടല, കടല, റാഗി, മത്സ്യം, മാംസം, മുട്ട എന്നിവ ഉള്‍പ്പെടു ത്തുക. ഗര്‍ഭകാലത്ത് പോഷകാ ഹാരങ്ങളും വീട്ടിലുള്ളവരുടെ പ്ര ത്യേകിച്ച് ഭര്‍ത്താവിന്റെ സ്‌നേഹ വും പരിചരണവും വളരെ ആവശ്യമാണ്.
കടപ്പാട്: ലീമാ കെ കുര്യന്‍
രക്‌തത്തിലെ ഹോര്‍മോണുകളില്‍ പ്രത്യേകിച്ചും ഈസ്‌ട്രജന്‍ കൂടുന്നതാണ് ഛര്‍ദി, മനംപിരട്ടല്‍ എന്നിവ ഉണ്ടാകാന്‍ മുഖ്യകാരണമായി പറയപ്പെടുന്നത് .
ഗര്‍ഭകാലത്ത് ഓക്കാനം, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പഴയ കാലത്തേക്കാള്‍ ഇപ്പോള്‍ വളരെ കൂടുതലാണ്. ആഹാരവിഹാരാദികളിലും ജീവിതചര്യകളിലും വന്നിരിക്കുന്ന വ്യതിയാനങ്ങള്‍ മൂലമാണ് ഇവ ഇത്രയധികം വര്‍ധിക്കുന്നത്.
രക്‌തത്തിലെ ഹോര്‍മോണുകളില്‍ പ്രത്യേകിച്ചും ഈസ്‌ട്രജന്‍ കൂടുന്നതാണ് ഛര്‍ദി, മനംപിരട്ടല്‍ എന്നിവ ഉണ്ടാകാന്‍ മുഖ്യകാരണമായി പറയപ്പെടുന്നത്.
ജീവിതശൈലിയും ഭക്ഷണക്രമവും
കൃത്രിമപദാര്‍ഥങ്ങള്‍ കൂടുതലായി ചേര്‍ത്തുണ്ടാക്കുന്ന ഫാസ്‌റ്റ്ഫുഡ്, ലഘുപാനീയങ്ങള്‍ ഐസ്‌ക്രീം മുതലായവയുടെ ഉപയോഗം മുമ്പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്.
അതേപോലെ മാംസത്തിന്റെ ഉപയോഗത്തിനായി കൃത്രിമഭക്ഷണങ്ങളും ഹോര്‍മോണുകളും ഉപയോഗിച്ച് പെട്ടെന്ന് തൂക്കം വര്‍ധിപ്പിക്കുന്ന പക്ഷിമൃഗാദികളുടെ മാംസം ഉപയോഗിക്കുന്നതും ഇപ്പോള്‍ വളരെ കൂടുതലാണ്.
ജോലിത്തിരക്കുമൂലവും മറ്റും ഇപ്പോഴത്തെ സ്‌ത്രീകള്‍ക്ക് ലഘുവായ വ്യായാമംപോലും കിട്ടുന്നില്ല എന്ന അവസ്‌ഥയും ആഹാരകാര്യത്തിലെ സമയനിഷ്‌ഠയില്ലായ്‌മയും എല്ലാം രക്‌തത്തിന്റെ സ്വാഭാവികതയില്‍ മാറ്റം വരുത്തുന്നു.
ഇത്തരം ആഹാരവിഹാരാധികളിലെ ഏറ്റക്കുറച്ചിലനുസരിച്ച് ചിലരില്‍ ഓക്കാനവും മനംപിരട്ടലും രാവിലെ മാത്രം കാണുകയും മറ്റുചിലരില്‍ മുഴുവന്‍ സമയം കാണുകയും ചെയ്യും. ഇത് ഉണ്ടാകുന്നതിന്റെ തോതിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
ഭക്ഷണത്തില്‍ ശ്രദ്ധിക്കുക
മലബന്ധം, ദഹനക്കുറവ് എന്നിവ ഉള്ളവരില്‍ മനംപിരട്ടലിനും ഛര്‍ദിക്കും സാധ്യതകള്‍ കൂടുതലാണ്. ഇവയെ അകറ്റിനിര്‍ത്തുന്നതിനായി ആഹാര്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
തവിടുകളയാത്ത ധാന്യങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയ നാരുകളടങ്ങിയ ഭക്ഷണം ധാരാളം ഉപയോഗിക്കുക. ഉണക്കമുന്തിരി തുടങ്ങിയ ഉണങ്ങിയ പഴങ്ങള്‍ ധാരാളം ഉപയോഗിക്കുക.
ചായ, കാപ്പി എന്നിവ പരമാവധി കുറയ്‌ക്കുക. അതിനുപകരമായി പഴച്ചാറുകള്‍, മോരുവെള്ളം കരിക്കിന്‍വെള്ളം മുതലായവയും ശുദ്ധജലവും കൂടുതലായി ഉപയോഗിക്കുക.
ഗര്‍ഭം ആദ്യമാസമാകുമ്പോള്‍തന്നെ കൂടുതല്‍തവണ മൂത്രമൊഴിക്കണമെന്നുള്ള തോന്നലുകള്‍ ഉണ്ടാകുന്നു. വെള്ളം കുടിച്ചാല്‍ കൂടുതല്‍ മൂത്രം പോകുമല്ലോ എന്നോര്‍ത്ത് പലരും കൂടുതല്‍ വെള്ളം കുടിക്കാന്‍ വൈമുഖ്യം കാണിക്കുന്നു.
എന്നാല്‍ ഈ പ്രവണത ശരിയല്ല. കൂടുതല്‍ വെള്ളം കുടിക്കുകയാണ് ആവശ്യം. വെള്ളംകുടി കുറയുന്നത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. ദിവസം ചുരുങ്ങിയത് 15 ഗ്ലാസ് എന്ന തോതിലെങ്കിലും വെള്ളം കുടിക്കേണ്ടതാണ്.
വിശ്രമവും ഉറക്കവും
ഗര്‍ഭിണികളില്‍ ശരീരത്തിന് വിശ്രമവും ഉറക്കവും ആവശ്യത്തിന് ലഭിച്ചിരിക്കണം. എപ്പോഴും ക്ഷീണം കൂടുമ്പോള്‍ മനംപിരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും ഉണ്ടാകും. മനംപിരട്ടലിനെക്കുറിച്ച് ഇത്തരക്കാര്‍ക്ക് ചിന്ത കൂടുതലായിരിക്കും.
അതില്‍ നിന്നും മനസിനെ തിരിച്ചുവിടുന്നതിനായി ഇഷ്‌ട വിനോദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത്യാവശ്യമാണ്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, കൊഴുപ്പ് കുടുതല്‍ അടങ്ങിയിരിക്കുന്ന ആഹാരം, മസാലകള്‍ ചേര്‍ത്തുണ്ടാക്കുന്ന ആഹാരങ്ങള്‍ എന്നിവ നെഞ്ചരിച്ചിലിനും മനംപുരട്ടലിനും കാരണമാകും.
മൂന്നാം മാസമാകുമ്പോഴേക്കും കൂടുതല്‍ സ്‌ത്രീകളിലും മനംപിരട്ടലും ഛര്‍ദിയും നില്‍ക്കുകയോ കുറയുകയോ ചെയ്യും. എന്നാല്‍ ചിലരില്‍ ഇത് ഗര്‍ഭത്തിന്റെ അവസാനകാലംവരെ തുടര്‍ന്നുനില്‍ക്കാറുണ്ട്. ആഹാരം കഴിക്കുന്നതിലുണ്ടാകുന്ന ഇടവേളകള്‍ കൂടുമ്പോഴാണ് ഇത്തരം അസ്വസ്‌ഥതകള്‍ കൂടുതലായി ഉണ്ടാകുന്നത്.
അതിനാല്‍ യാത്രപോകുമ്പോഴും ജോലിക്ക് പോകുമ്പോഴും മറ്റും ലഘുവായ രീതിയില്‍ കഴിക്കാന്‍ പാകത്തിന് പഴങ്ങളോ പലഹാരങ്ങളോ കൈവശം കരുതുന്നത് നല്ലതാണ്.
1. ജീരകം നെയ്യില്‍വറുത്തത് ഇടയ്‌ക്കിടെ കടിക്കുന്നത് മനംപിരട്ടലും ഛര്‍ദിയും മാറാന്‍ വളരെ ഉപകാരപ്രദമാണ്.
2. ഇഞ്ചിചേര്‍ത്ത ചായ, ഇഞ്ചിചേര്‍ത്ത ബിസ്‌ക്കറ്റുകള്‍ മുതലായവ ഉപയോഗിക്കാം.
3. മലമൂത്രങ്ങള്‍ തടഞ്ഞുനിര്‍ത്തരുത്.
4. ആഹാരം കഴിക്കാതിരിക്കുകയോ ഉറക്കമിളയ്‌ക്കുകയോ ചെയ്യരുത്.
5. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരങ്ങളും വായുകോപത്തെ ഉണ്ടാക്കുന്ന ആഹാരങ്ങളും കഴിക്കാതെയിരിക്കുക.
6. മലരിട്ട് തിളപ്പിച്ച വെള്ളം, മല്ലിചതച്ചിട്ട് തിളപ്പിച്ച വെള്ളം, മാവിന്റെ തളിരില ചതച്ചിട്ട് തിളപ്പിച്ച വെള്ളം എന്നിവ കുടിക്കുക.
7. ആഹാരം ഒരുമിച്ച് കഴിക്കുന്നതിന് പകരമായി കുറച്ച് ആഹാരം വീതം കൂടുതല്‍പ്രാവശ്യമായി കഴിക്കുക.
8. ദിവസവും രണ്ടു ഗ്ലാസ് കാച്ചിയ പാല്‍ കുടിക്കുക.
9. വില്വാദി കഷായം ഭദ്രാവേരാദികഷായം, ഗര്‍ഭരക്ഷിണി ഗുളിക, ധന്വന്തരം ഗുളിക, വില്വാദിലേഹ്യം എന്നിവ അവസ്‌ഥാനുസരേണ ഉപയോഗിക്കുന്നത് ഗര്‍ഭിണിയുടെ ഛര്‍ദി കുറയ്‌ക്കുന്നതാണ്.
കടപ്പാട്: ഡോ. ആര്‍. രവീന്ദ്രന്‍
മംഗളം
അവസാനം പരിഷ്കരിച്ചത് : 1/28/2020
ഗര്‍ഭകാലത്തെ അസ്വാസ്ഥ്യങ്ങളും പരിഹാരവും
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍