অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദന്ത പരിചരണം കുട്ടികളില്‍

 

വശ്യമായ പുഞ്ചിരിയാല്‍ ആകര്‍ഷിക്കുന്നവരാണ് കുട്ടികള്‍ .അത് കൊണ്ട് തന്നെ അവരുടെ ദന്ത പരിചരണത്തിലും സവിശേഷ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് .പാല്‍ (primary teeth) പല്ലുകള്‍ എന്ന ഗണത്തില്‍ ഇരുപതു പല്ലുകളാണ് ഒരു കുഞ്ഞിനുണ്ടാവുക. ഘടനയിലും എണ്ണത്തിലും ഇത് സാധാരണ പല്ലുകളില്‍ നിന്നും വ്യത്യസ്തമാണ്.ലോകജനസംഖ്യയില്‍ 90 ശതമാനത്തിലധികം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ ഇക്കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ മുന്നില്‍ നില്ക്കുന്നു.

കുഞ്ഞരിപ്പല്ലുകളുടെ ജനനം

ആറു മാസം മുതലാണ്‌ പാല്‍ പല്ല് (primary teeth) മുളയ്ക്കാന്‍ തുടങ്ങുക . ആറു വയസ്സ് മുതല്‍ സാധാരണ പല്ലുകളും (permanent tooth) വരാന്‍ തുടങ്ങുന്നു.കുഞ്ഞുങ്ങളുടെ ഓരോ പാല്‍ പല്ലും ഇളകാന്‍ തുടങ്ങുന്നത് താഴ്ഭാഗത്തായി സ്ഥിരമായി വായിലുണ്ടാകേണ്ട പല്ലുകള്‍ (permanent tooth) വരാന്‍ തുടങ്ങുമ്പോഴാണ്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ത്തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. ഇവ നേറ്റല്‍ പല്ലുകള്‍ (natal teeth) എന്നറിയപ്പെടുന്നു. ചില കുഞ്ഞുങ്ങളില്‍ , ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ഇവ നിയോനേറ്റല്‍ റ്റീത്ത് (neonatal teeth) എന്നറിയപ്പെടുന്നു.ചില അവസരങ്ങളില്‍ 6 മാസത്തിനുമുമ്പ് പല്ലുകള്‍ മുളച്ചു തുടങ്ങാറുണ്ട്. മറ്റു ചിലപ്പോള്‍ രണ്ടോ മൂന്നോ മാസംകൂടി താമസിച്ചു മാത്രമേ പല്ലുകള്‍ മുളച്ചു തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൌരവമായി കണക്കാക്കേണ്ടതില്ല.ജനിക്കുമ്പോഴുണ്ടാകുന്ന പല്ലുകള്‍ മുലയൂട്ടുമ്പോള്‍ പ്രയാസമുണ്ടാക്കുന്നു എങ്കില്‍ ഇവ എടുത്തു കളയുന്നതില്‍ തെറ്റില്ല.പല്ല് മുളയ്ക്കുന്ന ഘട്ടത്തില്‍ കുഞ്ഞുങ്ങളില്‍ പനി, ഉറക്കമില്ലായ്മ ,വിശപ്പില്ലായ്മ , തുടര്‍ച്ചയായ കരച്ചില്‍ എന്നിവ കാണപ്പെടാറുണ്ട്. സ്ഥിരമായി വരുന്ന പല്ലുകളുടെ (permanent tooth) വലിപ്പം പാല്‍ പല്ലുകലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുതാണെന്ന് തോന്നിക്കുമെങ്കിലും താടിയെല്ലുകളുടെ ക്രമാനുസൃതമായ വളര്ച്ചയ്ക്കൊപ്പം ഇത് അവരുടെ മുഖത്തിന്‌ ചേര്‍ന്നതായി മാറുന്നു.

പാല്‍പ്പല്ലുകള്‍ മാറി സ്ഥിരം പല്ലുകള്‍ വരുന്ന പ്രായത്തില്‍ (9 വയസ്സു മുതല്‍ 12-13 വയസ്സുവരെയുള്ള പ്രായം) പല്ലുകളുടെ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഘട്ടമാണ് .മേല്‍ത്താടിയിലെ മുന്‍വരിപ്പല്ലുകള്‍ പൊങ്ങിയും വിടവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഈ അവസരത്തില്‍ പല്ലുകള്‍ കാണാന്‍ ഭംഗിക്കുറവുണ്ടാകും. ഇത് താത്കാലികമായ ഒരു അവസ്ഥയാണ്. അതിനാല്‍ ഇത്തരം അവസ്ഥയെക്കുറിച്ച് ഒട്ടും അസ്വസ്ഥരാകേണ്ടതില്ല. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. ഈ താത്കാലിക അവസ്ഥയെ ‘ugly duckling stage’ എന്നു പറയുന്നു.

പുഴുപ്പല്ലുകള്‍

കറുത്ത കുത്തുകളായിട്ടാണ് പോടുള്ള പല്ലുകള്‍ ആദ്യം കാണപ്പെടുക.ഈ ഘട്ടത്തില്‍ തന്നെ ഒരു ഡെന്റല്‍ ഡോക്ടര്‍റെ കണ്ട് അത് സാധാരണ രീതിയില്‍ അടച്ചു തീര്‍ക്കാവുന്നതാണ്.അധികം വൈകാതെ തന്നെ ഈ കേടു താഴോട്ടിറങ്ങി പല്ലിന്റെ രക്തയോട്ടം വരുന്ന ഭാഗം വരെ എത്തുമ്പോഴേക്കും കുഞ്ഞിനു വേദനയും വീക്കവും വന്നു തുടങ്ങുന്നു.മുതിര്ന്നവരുടേത് പോലെ കുഞ്ഞുങ്ങള്‍ക്കും റൂട്ട് കനാല്‍ അഥവാ വേരു ചികിത്സ ചെയ്യാവുന്നതാണ്.പല്ല് എടുത്തു കളയുക എന്നതാണ് പഴുപ്പ് വന്നാലുള്ള മറ്റൊരു ഓപ്ഷന്‍ .പക്ഷെ വരാനുള്ള പല്ലുകളുടെ നിരതെറ്റാന്‍ ഇത് കാരണമാവാറുണ്ട് .

മുന്‍കരുതല്‍

കുഞ്ഞുങ്ങളെ കൊണ്ട് ഡെന്റല്‍ ക്ളിനിക്കുകള്‍ സന്ദര്‍ശിക്കുന്ന മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളുടെ മനസ്സിലുണ്ടാവുന്ന ചിന്തകളെ സംബന്ധിച്ച് വേണ്ടത്ര ആലോചിച്ചു കാണാറില്ല .ഇഞ്ചക്ഷനെ ഭയന്ന് പല്ലു വേദനയെ കുറിച്ച് മിണ്ടാന്‍ പോലും ഭയക്കുന്നു നമ്മുടെ കുട്ടികള്‍ .സ്വാഭാവികമായും തക്ക സമയത്തു കിട്ടേണ്ട ചികിത്സയാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഒരിക്കലും മുതിര്‍ന്നവരെ ചികിത്സയ്ക്കു കൊണ്ടു പോകുമ്പോള്‍ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടരുത് .പലരോഗങ്ങള്‍ പടരാന്‍ ഇതു കാരണമാക്കുന്നു .

ആറുമാസം കൂടുമ്പോള്‍ ഒരു ദന്ത ചികിത്സകനെ കണ്ടുള്ള പരിശോധന , രോഗം വരാതെ നോക്കാന്‍ ഉപകരിക്കുന്നു. fluoride application പോലുള്ള മുന്കരുതല്‍ ചികിത്സകള്‍ പല്ലുകള്‍ മുളയ്ക്കുന്ന സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി നിര്മിക്കപ്പെടുന്ന മരുന്നുകളും ഭക്ഷണ സാധനങ്ങളും അവരെ അതിലേക്കാകര്ഷികാന്‍ മധുരം കൂടുതല്‍ ഉള്ളവയായിരിക്കും.എന്ത് കഴിച്ചാലും വായ കഴുകിപ്പിക്കുക എന്ന ശ്രമകരമായ ജോലി കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. മധുരം പല്ലിനെ കേടുവരുത്തുന്ന ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു .പ്രത്യേകിച്ച് പാല്‍ കുപ്പി വായില്‍ വച്ചുറങ്ങുന്ന ശീലം ഒഴിവാക്കണം.

വിരല്‍ ഊറുന്ന ശീലം പല്ലിന്റെ ക്രമീകരണത്തെയും വായുടെ ശരിയായ വളര്‍ച്ചയെയും ബാധിക്കും. കുട്ടികളുടെ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളല്‍, പല്ലുകള്‍ക്കിടയില്‍ വിടവ്, ഉഛാരണ ശുദ്ധിക്കുറവ് , വായ് അടയ്ക്കുമ്പോള്‍ താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകള്‍ കടിച്ചുപിടിക്കാന്‍ കഴിയാതെവരല്‍ തുടങ്ങിയവ കണ്ടുവരുന്നു.അതിനാല്‍ ഈ ശീലം മാറ്റി എടുക്കേണ്ടതുണ്ട്.

പല്ല് തേപ്പു യജ്ഞം

മുതിര്‍ന്നവര്‍ / കുട്ടികള്‍ വ്യത്യാസമെന്യേ പല്ലു തേപ്പിന്റെ ദൈര്‍ഘ്യം , ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഇവയ്ക്കൊന്നും ദന്ത സംരക്ഷണവുമായി ബന്ധമില്ല .എങ്ങനെ പല്ല് തേക്കുന്നു എന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. തെറ്റായ രീതിയിലുള്ള ബ്രഷിങ്ങ് ആണ്., bleeding gums പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാവുന്നത്.വായില്‍ പല്ല് മുളച്ചു വന്നു തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ആദ്യത്തെ പല്ല് മുളച്ചുതുടങ്ങുമ്പോള്‍ മുതല്‍ ബ്രഷ് ചെയ്യന്‍ തുടങ്ങാം. ചെറിയ കുട്ടികള്‍ക്ക് രണ്ടരവയസ് വരെ ബ്രഷ് ചെയ്തു കൊടുക്കണം. ടൂത്ത് പേസ്റ്റ് തീരെ കുറച്ച് ഉപയോഗിച്ചാല്‍ മതിയാകും. വെള്ളം കുലുക്കിത്തുപ്പാന്‍ കുട്ടി പഠിച്ചുകഴിഞ്ഞാല്‍ (ഏകദേശം രണ്ടര മൂന്നു വയസ്സ് കഴിയുന്നതോടെ) ഒരു പയര്‍ മണിയുടെ വലിപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം.രാവിലെയും രാത്രി കിടക്കുന്നതിനു മുന്പും പല്ലുതേപ്പിക്കാന്‍ ശ്രദ്ധിക്കണം.ബ്രഷിന്റെ നാരുകള്‍ വലിയുന്നത് വരെ മാത്രമേ ഉപയോഗിക്കാവു.രണ്ടു മാസം കൂടുമ്പോള്‍ ബ്രഷ് മാറ്റുന്നതാണ് ഉത്തമം .

ഹൃദയം തുറന്നു ചിരിക്കണമെന്ന് തോന്നുമ്പോള്‍ ആരോഗ്യമുള്ള പല്ലുകള്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരാരാണ് . അത് കൊണ്ട് തന്നെ ദന്ത നിരകളുടെ പരിചരണം പല്ല് മുളയ്ക്കുന്നതിനു മുന്പേ തുടങ്ങേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ദന്ത സംരക്ഷണ ബോധം വളര്ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ദാന്താരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനാകും .

കടപ്പാട്-aksharamonline.com

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate