ഓര്‍ക്കാപ്പുറത്താണ് കുഞ്ഞിന് ഓരോ ആരോഗ്യപ്രശ്നങ്ങള്‍ വരിക. പെട്ടെന്ന് വരുന്ന അത്തരം അസുഖങ്ങളെക്കുറിച്ചാണ് ശിശുരോഗവിദഗ്ദ്ധന് ഡോ.ജിതേഷ്കുമാര്‍.ആര്.ബി ( പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട്) പറയുന്നത്
ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ നിര്‍ത്താതെയുള്ള കരച്ചില് സ്വാഭാവികമായ ഒരു കാര്യമാണ്. സാധാരണ ഗതിയില്‍ ഒരു ദിവസം 1-3 മണിക്കൂര്‍, വിശക്കുമ്പോഴും ദാഹിക്കുമ്പോഴും ക്ഷീണിക്കുമ്പോഴും ഒറ്റയ്ക്കാകുമ്പോഴും വേദനിക്കുമ്പോഴുമെല്ലാം കുഞ്ഞ് സ്വാഭാവികമായും കരയും. പക്ഷെ ദിവസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം, മൂന്ന് ദിവസത്തിലധികം നിര്‍ത്താതെ കരയുന്നുവെങ്കില് വിദഗ്ദ്ധ ചികിത്സ തേടണം. 40 ശതമാനം കുഞ്ഞുങ്ങളിലും കോളിക് അവസ്ഥ ഉണ്ടാവുന്നു. പിറന്ന് 3-6 ആഴ്ചകള്‍ക്കിടയിലാണ് ഇത് തുടങ്ങുക. 3-4 മാസം പ്രായമാവുമ്പോഴേക്കും മാറുകയും ചെയ്യും.
പലപ്പോഴും കുഞ്ഞ് ചിരിച്ചും കളിച്ചും ഇരിക്കുമ്പോഴാണ് പെട്ടെന്ന് കോളിക് ക്രൈ തുടങ്ങുക. അധികവും വൈകുന്നേരമാണ് കോളിക് ക്രൈ ഉണ്ടാവുന്നത്. വേദനിച്ച് നിലവിളിക്കുന്നതുപോലെയാണ് കുഞ്ഞ് കരയുക. അച്ഛനമ്മമാര്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു. വയറിലെ ഗ്യാസാണ് പ്രശ്നമെങ്കില്‍ ഗ്യാസ് ഒഴിയുമ്പോള്‍ കുഞ്ഞ് കരച്ചില് നിര്‍ത്തി സാധാരണമട്ടിലാവുന്നു. വയറില്‍ ഗ്യാസ് അധികമാവുക, ഡയപ്പര്‍ വല്ലാതെ നനഞ്ഞിരിക്കുക, തണുപ്പേറുക,സുഖമില്ലാതെ വരിക എന്നിവയാണ് നിര്‍ത്താതെയുള്ള കരച്ചിലിന്റെ മറ്റു പ്രധാന കാരണങ്ങള്‍. കരച്ചിലിനൊപ്പം അസ്വസ്ഥതയും തളര്‍ച്ചയും വിശപ്പില്ലായ്മയും ഉണ്ടെങ്കില്‍ അണുബാധ ഉണ്ടാവാനിടയുണ്ട്. പെട്ടെന്ന് ചികിത്സ തേടുക.
കുഞ്ഞുങ്ങളില്‍ പനിയും ഛര്‍ദ്ദിയും ഉണ്ടെങ്കില്‍ മൂത്രത്തിലെ പഴുപ്പ് ഒരു സാധ്യതയാണ്. ഡയപ്പറിലെ മൂത്രത്തില്‍ നിന്നുള്ള അണുബാധയാണ് ഇതിന് ഒരു പ്രധാന കാരണം. ഇത് പലപ്പോഴും മൂത്രപരിശോധനകളില് കണ്ടുപിടിക്കാന്‍ പറ്റും. പെണ്കുഞ്ഞുങ്ങളിലാണ് മൂത്രത്തില്‍ പഴുപ്പുണ്ടാവാന് സാധ്യത കൂടുതല്‍. ശോധന കഴിഞ്ഞ് കുഞ്ഞിനെ പിന്നില്‍ നിന്നും മുന്നോട്ടേക്ക് കൈകള്‍ നീക്കി കഴുകിക്കുന്നത് പലപ്പോഴും അണുബാധ ഉണ്ടാക്കും. മലദ്വാരവും യോനിയും തൊട്ടായതിനാല്‍ പെണ്കുഞ്ഞുങ്ങളിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. വിലങ്ങനെ കൈകള്‍ ചലിപ്പിച്ച് കഴുകുന്നതാണ് ശരിയായ രീതി. ഗുഹ്യഭാഗങ്ങളിലെ ശുചിത്വക്കുറവാണ് മൂത്രത്തിലെ പഴുപ്പിന് പ്രധാന കാരണം.
ചെയ്യരുതാത്തത്: മൂത്രമൊഴിച്ച് കുതിര്‍ന്ന ഡയപ്പര്‍ അധികനേരം മാറ്റാതിരിക്കരുത്
കുഞ്ഞുങ്ങളുടെ ചെവിയില്‍ അണുബാധ പെട്ടെന്ന് പിടിപെടാം. പലപ്പോഴും മുലപ്പാല്‍ മധ്യകര്ണ്ണത്തിലെത്തി പഴുപ്പുണ്ടാവാനിടയുണ്ട്. ചെവിയുടെ ഉള്ളിലേക്കുള്ള നാളിയില്‍ ഉണ്ടാവുന്ന തടസ്സം മൂലം കര്ണ്ണപടത്തിന്( eardrum) പിറകില്‍ ദ്രവം കെട്ടിനില്‍ക്കുന്നു. ഇതില്‍ ബാക്ടീരിയ വളരുന്നതാണ് ചെവി പഴുക്കാന്‍ പ്രധാന കാരണം.
ജലദോഷം പിടിപെടുമ്പോഴും ചെവിവേദന വരാം. കിടന്നുകൊണ്ട് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ പാല് ശ്വാസകോശത്തിലേക്ക് കയറിപ്പോവാം. ഇത് അണുബാധയ്ക്ക് ഇടയാക്കുന്നു. ചെവിയൊലിപ്പ് ആണ് ഇതിന്റെ പ്രധാന ലക്ഷണം. ചെവിയുടെ പുറത്തുണ്ടാകുന്ന കുരുക്കള്‍ കാരണവും ചെവിവേദന വരാറുണ്ട്. കുട്ടികള്‍ ചെവിയില്‍ എന്തെങ്കിലും എടുത്തിടുന്നത് പിന്നീട് അണുബാധയ്ക്കിടയാക്കാറുണ്ട്. ചെവിയുടെ ഉള്ളിലേക്ക് കടക്കുന്ന പ്രാണിയോ മറ്റെന്തെങ്കിലും വസ്തുക്കളും ചെവിക്കായത്തില്‍ ഉറച്ച് വേദനയുണ്ടാക്കാന്‍ തുടങ്ങും. ഇയര്‍ ബഡ്സിട്ട് ഒരിക്കലും ചെവി വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ബഡ്സിടുമ്പോള് ചെവിക്കുള്ളിലെ ചെവിക്കായം വീണ്ടും ഉള്ളിലേക്ക് നീങ്ങിപ്പോവുന്നു. ചെവിക്കായം ചെവിയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്.
ചെയ്യരുതാത്തത്: ചെവിവേദന വരുമ്പോള്‍ എണ്ണ ഇറ്റിക്കുക, ഉള്ളിനീര് വീഴ്ത്തുക പോലുള്ളതൊന്നും ചെയ്യരുത്. ചെവിക്കായം കളയാന്‍ ഇയര്‍ ബഡ്സ് ഉപയോഗിക്കരുത്
കുട്ടികള്‍ കളിക്കിടയില്‍ കല്ലോ ബട്ടണോ മുത്തോ എടുത്ത് മൂക്കിലെടുത്തിടാറുണ്ട്. മൂക്കില്‍ പോയ വസ്തുവിനെ എടുത്ത് മാറ്റാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിലേ അതിന് ശ്രമിക്കാവൂ. പലപ്പോഴും നോക്കുമ്പോള്‍ മൂക്കിനുള്ളില്‍ വസ്തുവിനെ കാണാന്‍ പറ്റും. പക്ഷെ തോണ്ടി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ വസ്തു ശ്വാസകോശത്തിലേക്ക് നീങ്ങിപ്പോവുന്നു. ഇത് മൂലം ശ്വാസനാളം അടഞ്ഞ് ശ്വാസം നിലച്ചുപോവാം. കഴിയുന്നതും ഒന്നും ചെയ്യാന്‍ നില്‍ക്കേണ്ട. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.
ചെയ്യരുതാത്തത്: ചെവി, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ എന്ത് ബാഹ്യവസ്തു പോയാലും സ്വയം നീക്കാന്‍ ശ്രമിക്കരുത്
കുഞ്ഞുങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും അപസ്മാരം വരാം. തലച്ചോറിന്റെ അസ്വഭാവികമായ പ്രവര്‍ത്തനങ്ങളാണ് അപസ്മാരത്തിന് കാരണമാവുന്നത്. കുഞ്ഞുങ്ങളില്‍ ഏറ്റവും സാധാരണമായി ഉണ്ടാവുന്ന അപസ്മാരമാണ് ഫെബ്രൈല്‍ സിസര്‍. ജന്മനാല് വളര്‍ച്ചക്കുറവുള്ള കുഞ്ഞുങ്ങളിലും നിയോനാറ്റല്‍ ഇന്റന്‍സീവ് കെയറില്‍ 28 ദിവസത്തിലധികം കിടന്ന ശിശുക്കളിലും ഫെബ്രൈല്‍ സിസര്‍ വരാന്‍ സാധ്യതയുണ്ട്. ജനിച്ച് 28 ദിവസത്തിനുള്ളിലാണ് നിയോനാറ്റല്‍ സിസര്‍ വരുന്നത്. നവജാതശിശുക്കളില്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ വലുതായി കാണില്ല. ദൃഷ്ടി അങ്ങോട്ടുമിങ്ങോട്ടും ചലിക്കുക, ശ്വാസമില്ലാതെ വരിക എന്നിവയാണ് ഇവരിലെ ലക്ഷണങ്ങള്‍.
കടുത്ത പനിയെത്തുടര്‍ന്ന് അപസ്മാരം വരാം. പനി വരുമ്പോള്‍ തലച്ചോറിലുണ്ടാവുന്ന ചില മാറ്റങ്ങളാണ് അപസ്മാരമുണ്ടാക്കുന്നതെന്ന് ലളിതമായി പറയാം. പരമാവധി 5-10 മിനുട്ട് നേരം ഇത് നീണ്ടുനില്‍ക്കും. അപസ്മാരം ഉള്ള അവസ്ഥയില്‍ കുഞ്ഞിന് ഉമിനീരിറക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ പാലോ വെള്ളമോ കൊടുക്കാന്‍ ശ്രമിക്കരുത്. കുഞ്ഞിനെ വിലങ്ങനെ ചെരിച്ച് സ്വസ്ഥമായി ചേര്‍ത്ത് കിടത്തുക.
ആശുപത്രിയിലേക്ക് ആശങ്കപ്പെട്ട് പോവുമ്പോഴും ഒരിക്കലും കുഞ്ഞിനെ കുത്തനെ എടുക്കരുത്. വിലങ്ങനെ മാറോട് ചേര്‍ത്ത് പിടിക്കുക. വസ്ത്രം മാറ്റുകയോ അയച്ചിടുകയോ ചെയ്യുക. അപസ്മാരമുള്ള സമയത്ത് കുഞ്ഞിനെ കുലുക്കുകയോ കുടയുകയോ ചെയ്യരുത്. പെട്ടെന്ന് ഫലം കിട്ടാന്‍ കുഞ്ഞിന് മലദ്വാരത്തിലൂടെ ഇഞ്ചക്ഷന് നല്‍കുകയാണ് ചെയ്യുന്നത്. അപൂര്‍വമായി ചില തരം അപസ്മാരങ്ങള്‍ കൂടുതല്‍ സമയം നീണ്ടുപോവാറുണ്ട്. ഇതില്‍ അപകടമുണ്ട്. ശ്വാസഗതി കുറഞ്ഞതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഓക്സിജന്റെ അളവ് കുറയുന്നു.തലച്ചോറിന്റെ ജന്മനാലുള്ള തകരാറുകള്‍ കൊണ്ടും അപസ്മാരം വരാം.
ചെയ്യരുതാത്തത്: അപസ്മാരമുള്ള സമയത്ത് കുഞ്ഞിനെ കുലുക്കുകയോ കുടയുകയോ ചെയ്യരുത്
കുറച്ചുകാലമായി കുഞ്ഞുങ്ങളിലെ ശ്വാസംമുട്ടല്‍ കൂടുതലായി കാണുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണമാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ആസ്ത്മ,അലര്‍ജികള്‍,അണുബാധ തുടങ്ങിയവയാണ് സാധാരണ കാരണങ്ങള്‍. ജന്മനാലുള്ള വൈകല്യങ്ങളും സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള രോഗാവസ്ഥകളുമാണ് അപൂര്‍വമായി കാണുന്ന കാരണങ്ങള്‍.
കുഞ്ഞുങ്ങളിലെ ശ്വാസംമുട്ടല്‍ ആസ്ത്മ ആയി കണക്കാക്കാറില്ല. ചെസ്റ്റ് ഇന്‍ഫെക്ഷനോ ജലദോഷമോ ഉള്ളപ്പോള്‍ ശ്വാസംമുട്ടല്‍ സ്വാഭാവികമായും വരുന്നു. ശ്വസനാളിയില് എന്തെങ്കിലും ബാഹ്യവസ്തു കുടുങ്ങുമ്പോള്‍ പെട്ടെന്ന് ശ്വാസംമുട്ടല്‍ ഉണ്ടാവാം. 1-4 വയസ്സുള്ള കുഞ്ഞുങ്ങളിലാണ് ഈ പ്രശ്നം കാണുക. എത്രയും പെട്ടെന്ന് വിദഗ്ദ്ധചികിത്സ തേടുക. ശ്വാസംമുട്ടലുള്ള കുഞ്ഞിന് സാധാരണ ആവി പിടിക്കാനുള്ള ഉപകരണത്തിലൂടെ ആവി പിടിപ്പിക്കരുത്.
വീട്ടിലുപയോഗിക്കുന്ന ആവി പിടിക്കാനുള്ള ഉപകരണത്തിലൂടെ നീരാവിയാണ് കിട്ടുക. മൂക്ക് തുറന്ന് കിട്ടാനും തൊണ്ടയ്ക്ക് സുഖം തോന്നാനും ഇത് നല്ലതാണ്. പക്ഷെ ശ്വാസംമുട്ടലുള്ളവരില് വെളളം നിറഞ്ഞ നീരാവി വീണ്ടും ശ്വാസതടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുക. പകരം വേഗം കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുക.
ജലാംശമില്ലാത്ത ആവി പിടിപ്പിക്കുന്ന 'നെബുലൈസേഷന്' നല്‍കുന്നതോടെ കുഞ്ഞ് സുഖപ്പെടുന്നു. ബ്രോങ്കോലൈറ്റിസ്, ഹൃദയത്തിന് വരുന്ന ചില തകരാറുകള്‍, ആസ്ത്മ,ശ്വാസകോശത്തിലെ വെള്ളം കെട്ടല്‍ എന്നിവയുടെ ലക്ഷണമായും ശ്വാസംമുട്ടല്‍ വരാറുണ്ട്.
ചെയ്യരുതാത്തത്: ശ്വാസംമുട്ടലുള്ള കുഞ്ഞിന് സാധാരണ ആവി പിടിക്കാനുള്ള ഉപകരണത്തിലൂടെ ആവി പിടിപ്പിക്കരുത്
ഭക്ഷണമോ മറ്റുവസ്തുക്കളോ തൊണ്ടയിലൂടെ ശ്വാസകോശത്തിലെത്തി കുടുങ്ങുന്നതാണ് പ്രശ്നമാവുന്നത്. മൂക്കില്‍ വസ്തുക്കളിടുമ്പോള് സംഭവിക്കുന്ന അപകടം തന്നെയാണ് ഇവിടേയും സംഭവിക്കുന്നത്. ഇങ്ങനെ വന്നാല്‍ കുഞ്ഞിനെ കമഴ്ത്തിക്കിടത്തി പുറത്ത്, നെഞ്ചിന്റെ എതിര് വശത്തായി അല്‍പ്പം ശക്തിയില്‍ തട്ടിക്കൊടുക്കുക. ഭക്ഷണം പുറത്തേക്ക് തെറിച്ചുപോവണം. വേദനിപ്പിക്കാതെ, കൈത്തലത്തിന്റെ താഴത്തെ മാംസളമായ ഭാഗം കൊണ്ടുവേണം തട്ടാന്‍. വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോവുക.
ചെയ്യരുതാത്തത് : തൊണ്ടയില്‍ ഭക്ഷണമോ മറ്റോ കുടുങ്ങിയാല്‍ തലയില്‍ കൊട്ടുന്നത് ശരിയല്ല
ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ് ഛര്‍ദ്ദി. ദഹിക്കാന്‍ വിഷമമുള്ളതോ വിഷമുള്ളതോ ആയ എന്തും ദേഹത്തിനകത്തെത്തിയാല് അതിനെ പുറന്തള്ളാന്‍ ഛര്‍ദ്ദി വരുന്നു. ശരീരം ചെയ്യുന്ന ഒരു നല്ല കാര്യമാണ് ഛര്‍ദ്ദി എന്നുപറയാം. ഛര്‍ദ്ദിക്കുന്നതിന് പല കാരണങ്ങളും ഉണ്ടാവാം. കുഞ്ഞുങ്ങളില്‍ വയറില്‍ ഗ്യാസ് നിറയുമ്പോള്‍ ഛര്‍ദ്ദി വരും. മൂത്രത്തില്‍ പഴുപ്പുണ്ടെങ്കിലും അപ്പന്‍ഡിസൈറ്റിസ് കൊണ്ടും ഛര്‍ദ്ദി വരാം. സാധാരണ ഗതിയില്‍ കുഞ്ഞ് ഛര്‍ദ്ദിക്കുമ്പോള്‍ ഭയപ്പെടാനില്ല.
ഉള്ളില്‍ ചെറിയ അണുബാധ വല്ലതും ഉണ്ടെങ്കില്‍ ചുമ വരും. കഫം പുറത്തുകളയാനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമാണ് ചുമ. കുഞ്ഞുങ്ങള്‍ ചുമയ്ക്കുമ്പോള്‍ പേടിക്കാനില്ല. ചുമ മൂന്ന് ദിവസത്തിലപ്പുറം നീളുന്നെങ്കിലും ഉറക്കത്തേയും ഭക്ഷണത്തേയും അത് ബാധിക്കുന്നെങ്കിലും മാത്രം ഡോക്ടറെ കാണിക്കുക. പലപ്പോളും കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളാണ് ചുമയ്ക്ക് കാരണം. ന്യുമോണിയ, അഞ്ചാംപനി തുടങ്ങിയവയും അപൂര്‍വമായിട്ടാണെങ്കിലും ചുമയുണ്ടാക്കാറുണ്ട്.
തയ്യാറാക്കിയത്: ശര്‍മിള
കടപ്പാട് : മാതൃഭൂമി
അവസാനം പരിഷ്കരിച്ചത് : 1/29/2020
കുഞ്ഞുങ്ങളുടെ വളർച്ചയും ജീവിത രീതികളും ആയി ബന്ധപ്പ...
യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്...
കൂടുതല്‍ വിവരങ്ങള്‍
കുട്ടികളിലെ അമിത വണ്ണം മാതാപിതാക്കള്‍ അറിയാന്‍