മനുഷ്യജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടമായിട്ടാണ് ബാല്യത്തെ മനഃശാസ്ത്രജ്ഞര്‍ നോക്കിക്കാണുന്നത്. കുട്ടിക്കാലത്ത് നേടിയെടുക്കുന്നതെല്ലാം ജീവിതത്തിന്റെ ഒരു ആമുഖമാണ്. ബാല്യത്തിന്റെ കരുത്താണ് അന്ത്യശ്വാസം വരെ മനുഷ്യന് തുണയാകുന്നത്. സ്വഭാവരീതികളും ശീലങ്ങളും പെരുമാറ്റവുമൊക്കെ രൂപവത്കരിക്കപ്പെടുന്ന കാലഘട്ടമാണിത്. ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലിലെ പൊരുളിതാണ്. മനഃശാസ്ത്രജ്ഞര്‍ വ്യക്തിയുടെ ജീവിതകാലത്തെ ശൈശവം, ആദ്യകാല ബാല്യം, പില്ക്കാല ബാല്യം, കൗമാരം, പ്രായപൂര്‍ത്തി എന്നിങ്ങനെ പല ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്.
മനുഷ്യജീവിതം ഗര്‍ഭധാരണം മുതല്‍ തന്നെ ആരംഭിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തില്‍വെച്ചുള്ള ശിശുവികാസം സുപ്രധാനഘട്ടമാണ്. ദ്രുതഗതിയിലുള്ള വികസനമാണ് ഈ കാലത്ത് സംഭവിക്കുന്നത്. ഈ ഘട്ടത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഗര്‍ഭധാരണം തൊട്ട് രണ്ടാഴ്ച പൂര്‍ത്തിയാകുംവരെയുള്ള ജീവസ്ഫുരണഘട്ടം, രണ്ടാഴ്ചതൊട്ട് രണ്ടുമാസം പൂര്‍ത്തിയാകും വരെയുള്ള ഭ്രൂണഘട്ടം, രണ്ടു മാസം തൊട്ട് ജനനം വരെയുള്ള ഗര്‍ഭസ്ഥ ശൈശവഘട്ടം. ഈ ഘട്ടത്തില്‍ വിസര്‍ജ്ജ്യങ്ങള്‍ പുറന്തള്ളുന്നതിനും ഭക്ഷണത്തിന്റെ ദഹനത്തിനും ബാഹ്യശ്വസനത്തിനും ആവശ്യമായ ശരീരതാപം നിലനിര്‍ത്തുന്നതിനും ശിശു അമ്മയെ ആശ്രയിക്കുന്നു. മാതാവിന്റെ ആരോഗ്യം, ആഹാരം, വൈകാരികാനുഭവങ്ങള്‍, ആഗ്രഹങ്ങള്‍ തുടങ്ങിയവ ശിശു വികസനത്തെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളാണ്. ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുന്ന ശിശുവിന്റെ പൊക്കിള്‍കൊടി മുറിക്കപ്പെടുമ്പോള്‍ കുഞ്ഞിന്റെ സ്വതന്ത്ര ജീവിതത്തിലേക്കുള്ള ആദ്യ വാതിലാണ് തുറക്കുന്നത്. കുട്ടി ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നു. എന്നാല്‍ പൊരുത്തപ്പെടല്‍ അസാധ്യമാകുകയാണെങ്കില്‍ മരണം തന്നെ സംഭവിക്കുന്നു. കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്നുവര്‍ഷമാണ് ശൈശവം. വ്യക്തിയുടെ പുരോഗതിയില്‍ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും പ്രധാനമാണ്. കുഞ്ഞ് അമ്മയുടെ ശരീരത്തിനു പുറത്തുള്ള പുതിയ പരിസ്ഥിതിയുമായി ഈ കാലത്ത് ഇടപെട്ടുതുടങ്ങുന്നു.
അങ്ങനെ സ്വാശ്രയ ജീവിതത്തിനുള്ള ശേഷി കുട്ടിയില്‍ വികസിക്കുന്നു. ജനന സമയത്ത് ശിശുവിന് സാധാരണ 45 മുതല്‍ 50 വരെ സെ.മി. ഉയരം ഉണ്ടായിരിക്കും. തൂക്കം ഏതാണ്ട് 3 കി.ഗ്രാം ഉണ്ടാകും. പെണ്‍കുട്ടികള്‍ ഈ കാര്യങ്ങളില്‍ അല്പം പിറകിലായിട്ടാണ് കണ്ടുവരുന്നത്. പുതിയ സാഹചര്യത്തില്‍ പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകാരണം ആദ്യത്തെ ഒരാഴ്ച ശിശുവിന്റെ ഭാരം കുറയുന്നത് സ്വാഭാവികമാണ്. നാലാം മാസത്തിന്റെ അവസാനത്തോടെ ഭാരം രണ്ടു മടങ്ങായും എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ 7 മുതല്‍ 9 കിലോഗ്രാമിനൊപ്പിച്ചും ഭാരം വര്‍ദ്ധിക്കുന്നു. ജനന സമയത്ത് ശിരസ്സ്, കണ്ണ്, ചെവി, തലച്ചോറ് എന്നിവയുടെ വലിപ്പം പേശികള്‍, ശ്വാസകോശം, അസ്ഥികള്‍ തുടങ്ങിയവയുടേതിനേക്കാള്‍ കൂടുതലായിരിക്കും. എല്ലാ അവയവങ്ങളും പിന്നീട് ഒരേ നിരയില്‍ വളരാത്തത് ഈ കാരണം കൊണ്ടാണ്. മൊത്തം ശരീരത്തിന്റെ നാലിലൊന്നായിരിക്കും ജനന സമയത്ത് കുഞ്ഞിന്റെ തലയുടെ വലിപ്പം. തലച്ചോറിന് പെട്ടെന്നു വികസിച്ച് പക്വത കൈവരിക്കാന്‍ സാധിക്കുന്നതുകൊണ്ടാണിത്. കൗമാരത്തിന്റെ അവസാനത്തോടെ ശിരസ്സിന്റെ വലിപ്പം ശരീരത്തിന്റെ എട്ടിലൊന്നായി ചുരുങ്ങുന്നു. ശിശുവിന്റെ ഇന്ദ്രിയങ്ങളുടെ ഘടനയും ധര്‍മവും വികസിക്കുന്നുണ്ട്. ശൈശവത്തിന്റെ അവസാനത്തോടെ മുതിര്‍ന്നവരെപോലെ കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, രുചിക്കുക, മണക്കുക എന്നീ ധര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവുകള്‍ ഉണ്ടാകുന്നു. ജനന സമയത്തെ കരച്ചിലാണ് ഭാഷാവികസനത്തിന്റെ തുടക്കം. കുഞ്ഞ് ഒരു വയസ്സാകുമ്പോഴേക്ക് ഏതാണ്ട് മൂന്നു വാക്കുകളും രണ്ടുവയസ്സില്‍ 300 വാക്കുകളും പദസമ്പത്തായി നേടുന്നു. ഇത് മൂന്നാം വയസ്സില്‍ 1000വും അഞ്ചാം വയസ്സില്‍ 2000 ആയും വളരുന്നു. എട്ട് ഒമ്പത് മാസങ്ങളില്‍ കേട്ട ശബ്ദങ്ങള്‍ ആവര്‍ത്തിച്ച് മറ്റുള്ളവരുടെ സംഭാഷണം അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളിലെ വൈകാരിക വികസനത്തെപറ്റി പഠനം നടത്തിയ മനഃശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് നവജാത ശിശുക്കളില്‍ ഒരുതരം ഇളക്കം മാത്രമാണുള്ളത് എന്നാണ്. പിന്നീട് അസ്വാസ്ഥ്യമോ ഉല്ലാസമോ ആയി വികസിക്കുന്നു. ശൈശവകാലത്തെ വികാരങ്ങള്‍ക്ക് ചില പ്രധാന സവിശേഷതകള്‍ ഉണ്ട്. ഒന്നാമതായി വികാരം ഉണര്‍ത്തുന്ന സാഹചര്യം നിസ്സാരമായാല്‍ പോലും ശിശുക്കളുടെ വികാരങ്ങള്‍ തീവ്രമായിരിക്കും. അവരുടെ വികാരങ്ങള്‍ അല്പസമയത്തേക്ക് മാത്രമേ നിലനില്ക്കുകയുള്ളു. കോപത്തില്‍നിന്ന് പുഞ്ചിരിയിലേക്കും പുഞ്ചിരിയില്‍നിന്ന് കണ്ണീരിലേക്കും മാറാന്‍ കുട്ടികള്‍ക്ക് അധികസമയം ആവശ്യമില്ല. വികാരങ്ങള്‍ മാറിമാറിവരുന്നു. കൂടാതെ വികാരപ്രകടനം പ്രായമായവരുടേതില്‍നിന്നും കൂടുതലായിരിക്കും.
ഒളിച്ചുവയ്ക്കാനുള്ള കഴിവില്ലാത്തതിനാല്‍ അവരുടെ വികാരങ്ങള്‍ നിരീക്ഷിക്കുവാന്‍ എളുപ്പമാണ്. രണ്ടുമാസം തികയുമ്പോള്‍ തന്നെ കുഞ്ഞ് അമ്മയെ വ്യക്തമായി തിരിച്ചറിയുന്നു. അഞ്ചോ ആറോ മാസമാവുമ്പോള്‍ പുഞ്ചിരിയോടും ശകാരത്തോടും വ്യത്യസ്ഥരീതിയില്‍ പ്രതികരിക്കുന്നു. അപരിചിതരോട് പ്രതികൂലഭാവത്തില്‍ പെരുമാറുന്നു. പന്ത്രണ്ടുമാസമാകുമ്പോഴേക്കും `അരുത്’ എന്നു പറഞ്ഞാല്‍ പിന്മാറാന് കുട്ടി പഠിക്കുന്നു. പതിനെട്ടു മാസമാകുമ്പോഴേക്കും മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നിക്ഷേധാത്മക വ്യവഹാരം പ്രകടിപ്പിക്കുന്നു. കുഞ്ഞിന് ശൈശവ ദശയില്‍ അമ്മയുടെ സഹായം അത്യാവശ്യമാണ്. അമ്മയാണ് കുഞ്ഞിന്റെ ആദ്യവിദ്യാലയം.
പഠനം തുടങ്ങുന്നത് അമ്മയില്‍നിന്നാണ്. സഹോദരങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലാണ്. മൂന്ന് മാസത്തിനുശേഷം കുട്ടി ആദ്യകാല ബാല്യത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലഘട്ടത്തില്‍ ഏറിയ സമയവും കളിപ്പാട്ടങ്ങളോടൊപ്പം ചെലവഴിക്കാനാവും. പിടിവാശിയും ശാഠ്യവും ഈ പ്രായത്തില്‍ കുട്ടികളില്‍ കൂടുതലായിരിക്കും. പദങ്ങള്‍ കൂടിച്ചേര്‍ന്ന് അര്‍ത്ഥമുള്ള വാചകങ്ങള്‍ പറയാന്‍ കുട്ടിക്ക് കഴിയുന്നു. സംഘങ്ങളില്‍ കൂട്ടുചേരുന്നതിന് കുട്ടിയെ സഹായിക്കുന്നത് ഈ കാലഘട്ടത്തില്‍ നേടുന്ന അനുഭവങ്ങളാണ്. അതുകൊണ്ട് ഈ ഘട്ടത്തെ സംഘബന്ധപൂര്‍വ്വകാലം എന്നും അറിയപ്പെടുന്നുണ്ട്. ശാരീരികമായും മാനസികമായും നൂതന അറിവുകളും കഴിവുകളും ഈ പ്രായത്തില്‍ കുട്ടി നേടിയെടുക്കുന്നു. നീണ്ടു നില്ക്കുന്ന കളിപ്രവര്‍ത്തനങ്ങളുടെ ഫലമായി ഇഴയുക, നടക്കുക, ചാടുക, കയറുക, ചവിട്ടുക, പിടിക്കുക, എറിയുക തുടങ്ങിയ കായിക നൈപുണികള്‍ കുട്ടി ആര്‍ജ്ജിക്കുന്നു. ഒട്ടേറെ അറിവുകള്‍ നേടുന്ന ഒരു സമയമാണിത്. കളികളിലൂടെ കുട്ടികള്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. എഴുത്തിന്റെയും വായനയുടെയും ബാലപാഠങ്ങള്‍ ഈ പ്രായത്തില്‍ കുട്ടി അഭ്യസിക്കുന്നു. ലജ്ജ, ഉത്കണ്ഠ, ഈര്‍ഷ്യ, പ്രതീക്ഷ, നിരാശ, പ്രിയം എന്നീ വൈകാരിക ഭാവങ്ങള്‍ വേറിട്ട് വികസിക്കുന്നു. മാതാപിതാക്കളുടെ ആശ്രയത്വം കുറച്ചൊക്കെ ഈ പ്രായത്തില്‍ കുറവായിരിക്കും. കുടുംബം, അയല്‍വാസികള്‍, ടി.വി, ബന്ധുക്കള്‍ തുടങ്ങിയവ വ്യക്തിത്വത്തില്‍ നിര്‍ണായക സ്വാധീനം ഈ കാലത്തില്‍ നടത്തുന്നുണ്ട്. പില്ക്കാല ബാല്യത്തെ സംഘബന്ധങ്ങളുടെ കാലം എന്നാണ് വിളിക്കുന്നത്. മറ്റു കുട്ടികളുമായി സമ്പര്‍ക്കത്തിലാകുന്നതും വിദ്യാലയ ജീവിതം അനുഭവിക്കുന്നതും ഈ ഘട്ടത്തോടെയാണ്. സംഘം ചേര്‍ന്നുള്ള കളികളാണ് ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടം. സാമൂഹിക നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരണമായി പ്രവര്‍ത്തിക്കാനും കുട്ടി ശ്രമിക്കുന്നു. സമപ്രായക്കാരുടെ സംഘത്തില്‍ ചേരുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്വന്തം ലിംഗത്തില്‍പെട്ടവരുമായി മാത്രം സൗഹൃദം കൂടുന്ന സ്വഭാവക്കാരാണ് ഈ പ്രായത്തിലധികവും. ഈ സമയങ്ങളില്‍ കുട്ടിയില്‍ സ്ഥിരദന്തങ്ങള്‍ ഉണ്ടാകുന്നു. അസ്ഥികള്‍ ശക്തമാകുന്നു. തൂക്കവും പൊക്കവും വര്‍ദ്ധിക്കുന്നു. നെഞ്ചുവിരിയുകയും, മൂക്ക് നീണ്ടുകൂര്‍ത്ത് വളരുകയും ചെയ്യുന്നു. നിരീക്ഷണം, ശ്രദ്ധ, യുക്തിചിന്തനം, ആത്മവിശ്വാസം, സംഘബോധം, അച്ചടക്കബോധം, ലക്ഷ്യബോധം കൂട്ടുത്തരവാദിത്വബോധം, സഹാനുഭൂതി തുടങ്ങിയവ കൂടുതല്‍ വളരുന്നത് ഈ പ്രായത്തിലാണ്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഷ, വേഷം പെരുമാറ്റങ്ങള്‍ വൈകല്യങ്ങള്‍ തുടങ്ങിയവ കുട്ടിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വൈകാരിക പ്രകടനം നിയന്ത്രിക്കാന്‍ കുട്ടി പഠിക്കുന്നുണ്ട്. ഈ കാലഘട്ടത്തില്‍ സാങ്കല്പിക കാര്യങ്ങളെ പറ്റിയുള്ള ഭയം ഇവരില്‍ കൂടുതലായിരിക്കും.
ജീവിതത്തിന്റെ വസന്തമായി കാണപ്പെടുന്ന കൗമാരം വ്യക്തിയില്‍ കായികവും, ജൈവശാസ്ത്രപരവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചിന്താക്കുഴപ്പങ്ങളുടെയും പിരിമുറക്കങ്ങളുടെയും അരക്ഷിതത്വബോധത്തിന്റെയും കാലഘട്ടമാണിത്. 12 വയസ്സു മുതല്‍ 14 വയസ്സു വരെ ആദ്യകാല കൗമാരഘട്ടമെന്നും 15 മുതല്‍ 19 വയസ്സു വരെ പില്ക്കാല കൗമാരഘട്ടം എന്നും അറിയപ്പെടുന്നു. കൗമാരം ഞെരുക്കത്തിന്റെയും പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്പര്‍ദ്ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമെന്നും താല്‍ക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമെന്നും നിരവധി പേരുകളില്‍ അറിയപ്പെടുന്നു. കൗമാരപ്രായക്കാരുടെ ശാരീരക വികസനം അതിവേഗത്തിലാണ്. തൂക്കത്തിലും പൊക്കത്തിലും ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നു. കൈകാലുകള്‍ക്ക് അന്തിമദൈര്‍ഘ്യം കൈവരുന്നു. അസ്ഥികളുടെയും പേശികളുടെയും വിലിപ്പം പരമാവധി വികസനം നേടുന്നതും മിക്ക ഗ്രന്ഥികളും പരമാവധി സജീവമാകുന്നതും ഈ ഘട്ടത്തിലാണ്. മുഖത്ത് രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതും, ശബ്ദത്തില്‍ മാറ്റമുണ്ടാകുന്നതും ഈ കാലത്താണ്. ആണ്‍കുട്ടികളുടെ ശബ്ദം മുഴക്കമുള്ളതും പരുക്കനുമാവുന്നു പെണ്‍കുട്ടികളുടേത് സൗമ്യവും മധുരമുള്ളതുമായിമാറുന്നു. ആണ്‍കുട്ടികള്‍ക്ക് മീശയും താടിയും നെഞ്ചിലും കൈകാലുകളിലും രോവും വന്നു തുടങ്ങുന്നു. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കക്ഷങ്ങളിലും ജനനേന്ദ്രിയഭാഗങ്ങളിലും രോമം പ്രത്യക്ഷമാകുന്നു. പെണ്‍കുട്ടികളുടെ നിതംബങ്ങള്‍ തടിക്കുകയും മാറിടങ്ങള്‍ വളരുകയും ചെയ്യുന്നു. ഇടുപ്പെല്ലുകള്‍ പരക്കുന്നു. ആണ്‍കുട്ടികളില്‍ ജനനേന്ദ്രിയങ്ങള്‍ വലുതാകുന്നു. പ്രജനനശേഷി കൈവരിക്കുന്ന കാലമാവുമാണിത്. പെണ്‍കുട്ടികളില്‍ ആര്‍ത്തവവും, ആണ്‍കുട്ടികളില്‍ ശുക്ലവിസര്‍ജ്ജനവും ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളെ എതിര്‍ക്കാന്‍ തോന്നുന്നത് കൗമാരസ്വഭാവമാണ്. തീക്ഷണമായ വൈകാരിക ജീവിതം പുലര്‍ത്തുന്നവര്‍ക്ക് എതിര്‍ലിംഗത്തിലെ അംഗങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസം ഉണ്ടാകുന്നു. വൈകാരിക വികസനം അതിന്റെ അന്തിമ രൂപം കൈവരിക്കുന്നതും കൗമാരകാലത്താണ്. ഉത്കണ്ഠ, സ്നേഹം, ഭയം, കോപം തുടങ്ങിയ വികാരങ്ങളുടെ തീവ്രതമൂലം ഈ ഘട്ടം വേറിട്ടുനില്ക്കുന്നു. വികാരപ്രകടനത്തില്‍ ഇവര്‍ സ്ഥിരസ്വഭാവം പുലര്‍ത്താറില്ല. ആവേശഭരിതരായും അല്ലാതായും ഇവരെ കാണാം. വിനയം, മര്യാദ, നിഷേധപ്രവണത അനുസരണക്കേട് എന്നിവ ഇവര്‍ കാണിക്കുന്നു. ലൈംഗിക വികാരങ്ങളുടെ പിടിയില്‍ അകപ്പെട്ടുപോകുന്ന പ്രായമാണ് കൗമാരം. എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്. ആത്മാഭിമാനം മാനത്തോളം കൊണ്ടുനടക്കുന്നവരാണ് ഇവര്‍. മുതിര്‍ന്നവരേക്കാള്‍ അറിവും കഴിവുകളും ഉണ്ടെന്ന് അഹങ്കരിക്കുന്നു. ദിവാസ്വപ്നം അനാവശ്യമായി കാണുന്നു. ഉയര്‍ന്ന സാമൂഹികബോധം വികസിപ്പിച്ചെടുക്കാന്‍ കൗമാര പ്രായക്കാര്‍ക്കു കഴിയുന്നു. സമപ്രായക്കാരോടൊപ്പം ഇടപഴകാനാണ് അവര്‍ കൂടുതല്‍ താല്പര്യം കാണിക്കാറുള്ളത്. സമൂഹത്തില്‍ തങ്ങളുടെ സ്ഥാനത്തെപ്പറ്റിയുള്ള അറിവുണ്ടാക്കാന്‍ സാധിക്കുന്നത് സമപ്രായക്കാരോടൊത്തുള്ള ജീവിതമാണ്. സാമൂഹികമായ അന്തസ്സ് ആഗ്രഹിക്കുകയും സമൂഹത്തിന്റെ അംഗീകാരം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇവര്‍ സഹകരണം, സാമൂഹിക സേവനം എന്നിവയോട് അനിഷ്ടം കാണിക്കുന്നു. ചുറ്റുമുള്ള കാര്യങ്ങളെപറ്റി അറിയാന്‍ താല്പര്യം കാണിക്കുന്നവരാണ് ഇവര്‍. നന്മതിന്മകളെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ശേഷി കൈവരിക്കുന്ന ഘട്ടമാണിത്. നിരൂപണാത്മക ചിന്തനം, യുക്തിചിന്തനം ഓര്മ, ഗ്രഹണം, ശ്രദ്ധ തുടങ്ങിയ മാനസിക കഴിവുകളുടെ ആഴം ഈ കാലത്ത് വര്‍ധിക്കുന്നു. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞുങ്ങളും ഒരേ രീതിയിലല്ല വികസനം കൈവരിക്കുന്നത്. വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘട്ടങ്ങളുണ്ട്. അതില്‍ സംഭവിക്കുന്ന ഗുണദോഷങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കുന്നു. ഉയര്‍ന്ന ബുദ്ധിശക്തിയുള്ള കുട്ടികള്‍ പല കാര്യങ്ങളിലും വേഗം വികസിക്കുന്നു. പെട്ടെന്ന് പഠിക്കാനും പക്വത വ്യാപിക്കാനും ഇവര്‍ക്കാവുന്നു. അതുപോലെ വികസനത്തിന്റെ കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസവും ഉണ്ട്. പെണ്‍കുട്ടികളിലും, ആണ്‍കുട്ടികളിലും ഒരുപോലെ കഴിവുകള്‍ വികസിച്ചുവരണമെന്നില്ല. മനുഷ്യശരീരത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം മുഖ്യമാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാന്ദ്യം വളര്‍ച്ചയെ മുരടിപ്പിക്കുന്നു. ലൈംഗിക ഗ്രന്ഥികളുടെ തകരാറുകള്‍ കൗമാര ഘട്ടത്തിന്റെ ആരംഭത്തെ മന്ദീഭവിപ്പിക്കുന്നു. ശുദ്ധമായ വായു, ഭക്ഷണം, വെള്ളം, വിശ്രമം, സൂര്യപ്രകാശം തുടങ്ങിയവ വികസനങ്ങള്‍ക്ക് അത്യാവശ്യമാണ്. വാര്‍ത്താമാധ്യമങ്ങള്‍, കുടുംബം, സമപ്രായക്കാര്‍, വിദ്യാലയം, അദ്ധ്യാപകര്‍ തുടങ്ങിയ സാമൂഹിക ഘടകങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകള്‍ വ്യക്തിയുടെ വികസനത്തെ സാരമായി സ്വാധീനിക്കുന്നു. വംശവും പലരോഗങ്ങളും പരിക്കുകളും വികസനത്തെ പ്രതികൂലമായും ബാധിക്കുന്നു. ചില വംശത്തിലെ കുട്ടികളില്‍ ശാരീരികാരോഗ്യം കുടുതലായി കാണാം. കുട്ടിക്കാലത്തോ മറ്റോ സംഭവിക്കുന്ന പരിക്കുകളും രോഗങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യമുള്ള ജീവിതത്തിന് വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ നിറവേറ്റപ്പെടുകതന്നെ വേണം.
അവസാനം പരിഷ്കരിച്ചത് : 3/12/2020
യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്...
കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളെ സംബന്ധിക്കുന്ന വിവര...
കുഞ്ഞുങ്ങളുടെ വളർച്ചയും ജീവിത രീതികളും ആയി ബന്ധപ്പ...
കൂടുതല്‍ വിവരങ്ങള്‍