പഠനത്തെ സാരമായി ബാധിക്കുന്നതാണ് കുട്ടികളിലെ തലവേദന. വീട്ടു ജോലിയെയും ഓഫീസ് ജോലികളെയും സാരമായി ബാധിക്കുന്നു
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തലവേദന കൂടുതലായും കണ്ടുവരുന്നത്. രാവിലെ ഉണരുമ്പോള്‍ തലയ്ക്കുള്ളില്‍ കല്ലുരുട്ടി വച്ചതുപോലെ വിങ്ങലും വേദനയും. മാനസികാവസ്ഥയെ തകര്‍ക്കുന്ന തലവേദന ജോലി ചെയ്യാനുള്ള താല്പര്യം ഇല്ലാതാക്കും. കൃത്യസമയത്ത് ജോലി ചെയ്തു തീര്‍ക്കാനാവാത്തതിന്റെ 'തലവേദന' കൂടിയാകുമ്പോള്‍ പിന്നെ പറയേണ്ടതില്ല. ചിലപ്പോള്‍ ദേഷ്യവും സങ്കടവും സ്ത്രീകളെ ആകെ തളര്‍ത്തിക്കളയുന്നു.
രണ്ടു രീതിയിലാണ് പ്രധാനമായും സ്ത്രീകളില്‍ തലവേദന അനുഭവപ്പെടുന്നത്. അതിലൊന്ന് ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള മൈഗ്രേനാണ്. മറ്റൊന്ന് ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദന.
ആദ്യ ആര്‍ത്തവത്തോട് ചേര്‍ന്നുതന്നെ ചില പെണ്‍കുട്ടികളില്‍ തലവേദന അനുഭവപ്പെട്ടു തുടങ്ങും. അതായത് ശക്തമായ തലവേദന സ്ത്രീകളില്‍ കണ്ടുതുടങ്ങുന്നത് കൗമാരപ്രായം മുതലാണ്.
ഇരുപത് - മുപ്പത് വയസില്‍ ആര്‍ത്തവസംബന്ധമായ മൈഗ്രേന് വളരെ കൂടുതലാകുന്നു. നാല്പതു വയസുകഴിഞ്ഞ സ്ത്രീകളിലാണ് തലവേദന കൂടുതലായും കണ്ടുവരുന്നത്. പ്രായമേറുന്തോറും തലവേദന കുറഞ്ഞുവരികയും ചെയ്യും.
ആര്‍ത്തവവിരാമം സംഭവിക്കുന്നതോടെ ഇത്തരം തലവേദന പൂര്‍ണമായും മാറുകയും ചെയ്യുന്നു. സ്ത്രീശരീരത്തില്‍ ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഈ തലവേദനയ്ക്ക് കാരണം.
ഈസ്ട്രൊജന്‍ ഹോര്‍മോണിന്റെ വ്യതിയാനമാണ് തലവേദനയുണ്ടാക്കുന്നത്. ആര്‍ത്തവത്തിന് രണ്ടുദിവസം മുമ്പും ആര്‍ത്തവം കഴിഞ്ഞ് രണ്ടുദിവസവുമാണ് ആര്‍ത്തവസംബന്ധമായ മൈഗ്രേന് അനുഭവപ്പെടുന്നത്. ഗര്‍ഭിണിയാകുന്നതോടെ തലവേദനയുണ്ടാകാനുള്ള സാധ്യത കുറയുന്നതായും കാണാം.
ആര്‍ത്തവത്തിന് മുന്നോടിയായി പതിവായി തലവേദന അനുഭവപ്പെടുന്നവരില്‍ പോലും ഗര്‍ഭകാലത്ത് അനുഭവപ്പെടുന്നില്ല. ചില സ്ത്രീകളില്‍ ഗര്‍ഭിണി ആയശേഷം ആദ്യത്തെ ഒന്നുരണ്ടുമാസം തലവേദന അനുഭവപ്പെടാമെങ്കിലും മൂന്നാം മാസം മുതല്‍ അപ്രത്യക്ഷമാകും.
സ്ത്രീകളിലെ തലവേദനയ്ക്ക് ടെന്‍ഷന്‍ ഒരു പ്രധാനഘടകമാണ്. സ്ത്രീകള്‍ക്ക് അത് ആവശ്യത്തില്‍ കുടുതലുമുണ്ട്. വീട്ടുകാര്യങ്ങളിലും ഓഫീസ് കാര്യങ്ങളിലുമെല്ലാം ജോലിചെയ്തുതീര്ക്കാന് തലയേറെ പുകക്കേണ്ടിവരും.
ചെറിയ കാര്യങ്ങള്‍ക്കുപോലും കടുത്ത മാനസിക സമ്മര്‍ദത്തില്‍ എത്തിപ്പെടുന്നവരാണ് പൊതുവേ സ്ത്രീകള്‍. മാനസിക പിരിമുറുക്കം, ആകാംഷ, ദേഷ്യം, ഭയം തുടങ്ങിയ മാനുഷിക ഭാവങ്ങള്‍ സ്ത്രീകളില്‍ തലവേദനയ്ക്ക് പ്രേരക ഘടകങ്ങളാണ്.
ഇത്തരം അവസ്ഥകള്‍ മുഖപേശികളെയും ചര്മ്മത്തെയുമൊക്കെ വലിഞ്ഞു മുറുക്കുന്നു. ഇത് പലപ്പോഴും പേശീസമ്പന്ധമായ തലവേദനയിലേക്ക് നയിക്കുന്നു. പേശികളിലേല്ക്കുന്ന ആയാസം നാഡികള്‍ വഴി തലച്ചോറിലെത്തുന്നു. ഇതും തലവേദനയ്ക്ക് കാരണമാകുന്നു.
എങ്ങനെ കിടക്കുന്നു, നടക്കുന്നു, ഇരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ തലവേദനയ്ക്ക് കാരണമാകാറുണ്ട്. ശരിയായ ബോഡി പൊസിഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. പക്ഷേ, പൊതുവേ സ്ത്രീകള്‍ അക്കാര്യങ്ങളിലൊന്നും അധികം ശ്രദ്ധപതിപ്പിക്കാറില്ല.
ദീര്‍ഘസമയം തെറ്റായ ബോഡി പൊസിഷനില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് തലവേദന കൂടുതലായി കണ്ടുവരുന്നു. രാത്രിയില്‍ ശരിയായ രീതിയില്‍ ശരീരം ബെഡില്‍ ഉറപ്പിച്ച് കിടന്നില്ലെങ്കില്‍ പേശികള്‍ക്ക് ആയാസം അനുഭവപ്പെടുകയും അത് തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
നടുവ് കുനിച്ച്, തല മുന്നിലേക്ക് താഴ്തി മേശയ്ക്കു മുന്നിലിരുന്ന ജോലി ചെയ്യുന്ന സ്ത്രീകള്‍ ഓഫീസുകളില്‍ സാധാരണ കാഴ്ചയാണ്. ഇതെല്ലാം തെറ്റായ ശരീരസ്ഥിതിയാണ്. തെറ്റായി കിടക്കുമ്പോള്‍ തലവേദനയുണ്ടാകുന്നതുപോലെ ഇരുപ്പിലെ ഈ തകരാറും പേശീസംബന്ധമായ തലവേദനയ്ക്ക് കാരണമായേക്കാം.
പുരുഷന്മാരെ പോലെ ഗാഢനിദ്രയിലെത്താന്‍ പൊതുവേ സ്ത്രീകള്‍ക്ക് കഴിയാറില്ല. ചെറിയ ശബ്ദംപോലും സ്ത്രീകളുടെ ഉറക്കം കെടുത്താം. കൊച്ചു കുട്ടികളുള്ള സ്ത്രീകള്‍ പ്രത്യേകിച്ചും വളരെ കുറച്ച് സമയം മാത്രമാണ് ഉറങ്ങുന്നത്. ഉറക്കക്കുറവ് തലവേദന ക്ഷണിച്ചുവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. വീട്ടുജോലിയും തലവേദനയും അടുക്കളയിലെ പൊടിയും പുകയും രൂക്ഷഗന്ധവുമൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ട്.
മുതിര്‍ന്നവരില്‍ ഉണ്ടാകുന്നത്ര സാധാരണമല്ലെങ്കിലും കുട്ടികളിലും തലവേദന വരാറുണ്ട്. രണ്ടുവയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ പലപ്പോഴും അവര്‍ക്കതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാറില്ല.
അസ്വസ്ഥതയും കരച്ചിലുമായാണു കാണപ്പെടുക. തലവേദന പ്രധാനമായും രണ്ടുതരമാണ്. ഒന്ന് പെട്ടന്നുണ്ടാകുന്ന തലവേദന, രണ്ടു നീണ്ടകാലമായുള്ള തലവേദന. ഇതു ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാവാം. അല്ലെങ്കില്‍ വരികയും പോവുകയും ചെയ്യുന്നതാവാം.
വേദന അറിയാനുള്ള ഞരമ്പുകള്‍ ഇല്ലാത്തതിനാല്‍ തലച്ചോറിനു വേദന അനുഭവപ്പെടാറില്ല. തലച്ചോറിനെ പൊതിയുന്ന മെനിന്‍ജെസ് തുടങ്ങി തൊലി വരെയുള്ള എല്ലാ ഭാഗത്തിനും വേദന അറിയാന്‍ കഴിവുണ്ട്.
തലച്ചോറിനുള്ളില്‍ വളരുന്ന മുഴകള്‍, രക്തവാതം എന്നിവ കൊണ്ടു വേദനയുണ്ടാകുന്നതു തലയോട്ടിക്കുള്ളിലെ മര്‍ദം കൂടുന്നതുകൊണ്ടും ഞരമ്പുകള്‍ വലിയുന്നതുകൊണ്ടുമാണ്. കുട്ടികളില്‍ സാധാരണ കാണുന്ന തലവേദനകള്‍ ഇവയാണ്.
ഏതു പനിയും പ്രത്യേകിച്ചു നിസാരമായ വൈറല്‍ പനികളില്‍ പോലും തലവേദന വരാം. കൈകാല്‍ വേദന, ശരീരവേദന എന്നതുപോലെ തലയ്ക്കു മൊത്തമായോ നെറ്റിയിലോ ആകാം വേദന വരിക. പാരസെറ്റമോള്‍ ഗുളികകൊണ്ട് ഇതു കുറയുകയും ചെയ്യും. പനി കുറഞ്ഞിരിക്കുമ്പോള്‍ തലവേദന ഉണ്ടാവുകയുമില്ല. ഇത്തരം വേദന പനി മാറുന്നതോടൊപ്പം മാറുന്നു. സാധാരണ മൂന്നുനാലു ദിവസങ്ങളില്‍ കൂടുതല്‍ ഇവ നീണ്ടുനില്‍ക്കാറില്ല.
മെനിഞ്ജൈറ്റിസ് (തലച്ചോറിനെ പൊതിയുന്ന പാടയായ മെനിഞ്ജസിനുണ്ടാകുന്ന രോഗാണുബാധ) രോഗത്തിന്റെ ഒരു പ്രധാന ഘടകമാണു തലവേദന. പനി, തലവേദന, ഛര്‍ദി ഈ രോഗലക്ഷണങ്ങള്‍ ഒന്നിച്ചുണ്ടായാല്‍ മെനിഞ്ജൈറ്റിസ് ആണെന്നു സംശയിക്കാം.
സാധാരണ വൈറല്‍ പനിയും ഇതേ രോഗലക്ഷണങ്ങളാല്‍ ഉണ്ടായിക്കൂടന്നില്ല. എന്നാല്‍, അതിനു തീവ്രത കുറവായിരിക്കും. തലച്ചോറിനു രോഗാണുക്കളുടെ ആക്രമണം ഉണ്ടാകുമ്പോഴും (എന്‍സഫലൈറ്റിസ്) ഇതേ രോഗലക്ഷണങ്ങള്‍ വരാം.
ഈ രണ്ടു രോഗങ്ങളും കുട്ടികള്‍ക്കു വരുന്ന ഗുരുതരമായ രോഗങ്ങളില്‍ പെടുന്നവയാണ്. ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ തുടങ്ങി പലവിധ രോഗാണുക്കളാല്‍ ഈ രോഗങ്ങള്‍ വരാം.
അതില്‍ ബാക്ടീരിയ ഉണ്ടാക്കുന്ന മെനിഞ്ജൈറ്റിസും വൈറസുകള്‍ ഉണ്ടാക്കുന്ന എന്‍സഫലൈറ്റിസുമാണു കൂടുതല്‍ ഗുരുതരമാകാറുള്ളത്. ഇവയില്‍ പല രോഗങ്ങേളയും വാക്സിനുകള്‍ കൊണ്ടു പ്രതിരോധിക്കാനാകും. ഉദാഹരണം: ഹിമോഫിസ്, മെനിഞ്ജോ കോക്കൈ, ന്യൂമോ കൊക്കെ, ടി.ബി., അഞ്ചാം പനി, ഹെര്‍പ്പിസ് എന്നിവ.
ഹ്രസ്വദൃഷ്ടി തുടങ്ങിയ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കുന്ന രോഗങ്ങളില്‍ തലവേദന വരാവുന്നതാണ്. കൂടുതല്‍ ബുദ്ധിമുട്ടി കാഴ്ച ശരിയാക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് തലവേദന ഉണ്ടാകുന്നത് (കണ്ണിന് ഉണ്ടാകുന്ന ആയാസം) അധിക സമയം ടി.വി. കാണുക, കംപ്യൂട്ടറിനു മുന്നില്‍ ചിലവഴിക്കുക ഇങ്ങനെയാണ് തലവേദന ഉണ്ടാകുന്നത്.
വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ തലവേദനയാണെന്ന് പറയുന്ന കുട്ടി വിശ്രമമൊക്കെ എടുക്കുമ്പോള്‍ വേദന മാറുന്നു. പിറ്റേദിവസം സ്കൂളില്‍ പോയി വരുമ്പോള്‍ ഇതേ വേദന ആവര്‍ത്തിക്കുന്നു. കാഴ്ചയിലുണ്ടാകുന്ന ബുദ്ധിമുട്ടാണിത്. പുസ്തകങ്ങള്‍ സാധാരണയിലും അടുപ്പിച്ച് വായിക്കുക, ടി.വി. അടുത്ത് പോയിരുന്നു കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ കണ്ണ് പരിശോധന അത്യാവശ്യമാണ്.
നീണ്ടകാലം നിലനില്‍ക്കുന്ന തലവേദനയോ വിട്ടുവിട്ട് വരുന്ന വേദനയോ ആണ് രോഗലക്ഷണം. വിട്ടുവിട്ടു വരുന്ന തലവേദനയാണ് കൂടുതല്‍ സാധാരണം. തലവേദന വന്നാല്‍ മണിക്കുറുകള്‍ അപൂര്‍വമായി ദിവസങ്ങളോളം നീണ്ടുനില്‍ക്കും. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും ഈ വേദന മാറുകയും ചെയ്യും. പക്ഷേ, വീണ്ടും ഈ തലവേദന പ്രത്യക്ഷപ്പെടാം. അത് ദിവസങ്ങളോ, മാസങ്ങളോ കഴിഞ്ഞാവാം.
നെറ്റിയില്‍ കണ്ണിന് മുകളിലായി ഒരുവശത്തോ അല്ലെങ്കില്‍ രണ്ട് വശത്തോ ആയി വേദന വരാം. പലപ്പോഴും വളരെ ശക്തിയായ വേദനയാകും. അതിനോടൊപ്പം അനിയന്ത്രിതമായ ദേഷ്യം വരുന്നത് ചിലര്‍ക്ക് പതിവാണ്. തലവേദനയെത്തുടര്‍ന്ന് ചിലപ്പോള്‍ ഛര്‍ദിയും ഉണ്ടാകും.
പലര്‍ക്കും ഛര്ദിച്ചുകഴിഞ്ഞാല് തലവേദനയ്ക്ക് ആശ്വാസം കിട്ടുന്നതായി കാണാറുണ്ട്. ഉറങ്ങിയാലും ചില സാഹചര്യങ്ങളില്‍ വേദന മാറാം. തലവേദന അധികമായിരിക്കുമ്പോള്‍ ശബ്ദം, വെളിച്ചം ഇവയൊക്കെ അസഹ്യമായി രോഗികള്‍ക്ക് തോന്നാറുണ്ട്.
വെയില് കൊള്ളുക, ഉറക്കമിളയ്ക്കുക, വിശ്രമിക്കുക, മനഃക്ലേശമുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നിവയൊക്കെ തലവേദന വരാന്‍ കാരണമാകാറുണ്ട്. പാരമ്പര്യവും മൈഗ്രന് ഒരുപരിധിവരെ കാരണമാകാറുണ്ട്.
തലച്ചോറിന്റെ സ്ഥലം അപഹരിക്കുന്ന വിധത്തിലുള്ള മുഴകള്‍ ഉണ്ടായാല്‍ വേദന വരുന്നത് പ്രത്യേക തരത്തിലാണ്. വെളുപ്പിനെയാണ് വേദന തോന്നാറ്. ഉറങ്ങുന്ന കുട്ടി വെളുപ്പിനു ഒരു നാലുമണിക്കുശേഷം തലവേദനയോടെ ഉണരുന്നു, ഛര്‍ദിക്കുന്നു, തലവേദന കുറഞ്ഞ് വീണ്ടും ഉറങ്ങുന്നു.
പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചാല്‍ സി.റ്റി., എം.ആര്.ഐ. തുടങ്ങിയ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. തലച്ചോറിലെ രക്തവാതം - അപൂര്‍വമായിട്ടാണെങ്കിലും കുട്ടികള്‍ക്ക് ഉണ്ടാകാവുന്ന ഒരു രോഗമാണിത്.
തലവേദന, ഛര്‍ദി, കാഴ്ചയ്ക്ക് തകരാറ്, പക്ഷാഘാതം ഇവയൊക്കെ ഉണ്ടാകാവുന്നതാണ്. കുട്ടികളില്‍ സാധാരണമായെങ്കിലും വരാവുന്ന രോഗമാണിത്. തലവേദന ചില അവസരങ്ങളില്‍ രോഗലക്ഷണമായി തീരാറുണ്ട്.
ശരിയായ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിലൂടെ നല്ലൊരളവുവരെ രോഗനിര്‍ണയം സാധ്യമാണ്. ദേഹപരിശോധനയും പലപ്പോഴും രോഗനിര്‍ണയത്തെ സഹായിക്കും. കണ്ണിന് താഴെ തകരാറുണ്ടെന്നുള്ള സംശയം ഉണ്ടായാല്‍ കണ്ണ്രോഗ വിദഗ്ദ്ധന്റെ സഹായം ആവശ്യമായി വരാം.
ചെറിയൊരു ഛര്‍ദിയോ ഒരുദിവസം തലവേദനയോ ഉണ്ടായാല്‍ ഉടനെ പരിശോധനകളുടെ ആവശ്യമില്ല. എന്നാല്‍ തലച്ചോറിന് രോഗാണുബാധയുണ്ടെന്ന സംശയം തോന്നിയാല്‍ നട്ടെല്ല് കുത്തി വെള്ളമെടുത്തുള്ള പരിശോധന അത്യാവശ്യമായി വരും. പലര്‍ക്കും നട്ടെല്ല് കുത്തുന്നതിലുള്ള ഭയംകൊണ്ട് അതിന് താമസം വരുത്തുന്നത് അഭികാമ്യമല്ല.
നട്ടെല്ല് കുത്തുന്നതിന് ചില ദോഷങ്ങള്‍ ഉണ്ടാകാവുന്നതാണെങ്കിലും രോഗത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുക്കുമ്പോള്‍ പരിശോധന ആവശ്യവും വേഗത്തില്‍ നടത്തേണ്ടതുമാണ്.
രോഗത്തിന് അനുസരിച്ചാണ് ചികിത്സ. ഭൂരിഭാഗം പേര്‍ക്കും വല്ലപ്പോഴും പനിയോടൊപ്പം വന്നുപോകുന്ന തലവേദനയാണുണ്ടാകുക. ഒന്നുരണ്ട് ദിവസം പാരസെറ്റമോള്‍ കഴിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ.
മൈഗ്രേന് ആണ് രോഗമെങ്കില്‍ മാസങ്ങളോളം ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കേണ്ടി വരും.
മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും കുറേ കാലങ്ങള്‍ കഴിയുമ്പോള്‍ കുറഞ്ഞുകുറഞ്ഞു വന്ന് തനിയെ മാറിപ്പോകും എന്നതാണീ രോഗത്തിന്റെ പ്രത്യേകത. 40 വയസിനുശേഷം അപൂര്‍വമായേ വരാറുള്ളൂ. അടുപ്പിച്ചടുപ്പിച്ച് വരുന്നവര്‍ക്ക് മരുന്ന് കഴിച്ചാല്‍ തലവദനയുടെ കടുപ്പം കുറയ്ക്കാം. വേദനയും ഛര്ദിയുമുള്ളപ്പോള് രണ്ടിനും മരുന്ന് ആവശ്യമാണ്.
മെനിഞ്റെജറ്റിസ്, എന്‍സഫലൈറ്റിസ്, തലച്ചോറിലെ ട്യൂമര്‍, രക്താദി സമ്മര്‍ദ്ദം, അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയ്ക്കെല്ലാം യോജിച്ച വിധത്തിലുള്ള മരുന്നുകളും ശസ്ത്രക്രിയ വേണ്ടിടത്ത് അതും ആവശ്യമാണ്.
രോഗവിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെയും ശരിയായ ദേഹപരിശോധനയിലൂടെയും തലവേദനയുടെ കാരണവും ഗുരുതരാവസ്ഥയും മനസിലാക്കാന്‍ ഡോക്ടര്‍ക്ക് കഴിയും.
കടപ്പാട്:
ഡോ. ശ്യാമള മേനോന്
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍, കൊച്ചി.
ഡോ. എസ്. ലത
പീഡിയാട്രീഷന്‍ , വൈക്കം
അവസാനം പരിഷ്കരിച്ചത് : 6/16/2020
തലയോട്ടിയുടെ പകുതിഭാഗത്തെ ബാധിക്കുന്നതിനാല്‍ ആയുര്‍...
മൈഗ്രേൻ തടയാൻ
മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അ...
രാവിലെയുള്ള തലവേദന കാരണങ്ങളും പരിഹാരങ്ങളും