മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദമാണ്. ഇത്തരം തലവേദന ഇടയ്ക്കിടെ ആവര്‍ത്തിച്ചു വരുന്നു. മാനസിക സമ്മര്‍ദം നിലനില്ക്കുന്നിടത്തോളം അതു തുടരും. അത്തരം തലവേദനകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന്റെ സൂചനയല്ല. പക്ഷേ, വേദന കഠിനമായിരിക്കും. അര മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ ഇത്തരം തലവേദന നീണ്ടുനില്ക്കാറുണ്ട്. നെറ്റിയില്‍ വേദനയുടെ ഒരു ബാന്‍ഡ് കെട്ടിയ അനുഭവം!
തലവേദന മാസത്തില്‍ 15 ദിവസത്തിലധികം നീണ്ടുനില്ക്കുകയും തുടര്‍ച്ചയായ മൂന്നു മാസം അതേ ക്രമത്തില്‍ ആവര്‍ത്തിച്ചു വരികയുമാണെങ്കില്‍ അത് തീവ്രമായ ടെന്‍ഷന്‍ തലവേദനയുടെ സൂചനയാണ്. (chronic tension headache). ഇത്തരം തലവേദന മാനസിക പിരിമുറുക്കത്തിനും വിഷാദരോഗത്തിനും കാരണമാകുന്നു. ചിലരില്‍ കുട്ടിക്കാലത്തുതന്നെ ഇത്തരം തലവേദനയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമെങ്കിലും 50 വയസ് കഴിഞ്ഞവരിലാണ് ടെന്‍ഷന്‍ തലവേദന സാധാരണം. ചിലരില്‍ മൈഗ്രേന്‍ തലവേദനയും ടെന്‍ഷന്‍ തലവേദനയും ഒന്നിച്ചു വരാറുണ്ട്.
ടെന്‍ഷന്‍ തലവേദനയുടെ കൃത്യമായ കാരണം വ്യക്തമല്ല. കഴുത്ത്, മുഖം, തല എന്നിവിടങ്ങളിലെ പേശികള്‍ക്കുണ്ടാകുന്ന വലിച്ചില്‍ (പിരിമുറുക്കം)ടെന്‍ഷന്‍ തലവേദനയ്ക്ക് അടിസ്ഥാനമെന്ന് അനുമാനം. തലച്ചോറിലെ രാസപദാര്‍ഥങ്ങളിലുണ്ടാകുന്ന മാറ്റവും അതിനു കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. മാനസിക സമ്മര്‍ദം, വിഷാദം, വിശപ്പ്, പേശികളിലെ വലിച്ചില്‍ തുടങ്ങിയവ ടെന്‍ഷന്‍തലവേദനയ്ക്കിടയാക്കുന്നു. പെട്ടെന്നോ തീരെ സാവധാനമോ ആണ് ഇത്തരം തലവേദന ഉണ്ടാകുന്നത്്.
വേദന സ്ഥിരമായി നിലനില്ക്കുന്നു. ഇടയ്ക്കു വേദനയില്‍ കാര്യമായ കൂടുതലോ കുറവോ അനുഭവപ്പെടുന്നില്ല. തലയുടെ ഇരുവശങ്ങളിലും വേദയോ സമ്മര്‍ദമോ അനുഭവപ്പെടുന്നു. തലയുടെ ഇരുവശത്തെയും പരന്ന ഭാഗത്തോ തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗത്തോ വേദന അനുഭവപ്പെടുന്നു. അതിതീവ്രവും ഉള്ളിലേക്കു തുളച്ചു കയറുന്നതും തലയുടെ ഒരു വശത്തു നിന്നു തുടങ്ങുന്നതുമായ മൈഗ്രന്‍ തലവേദനയില്‍ നിന്നു തികച്ചും വ്യത്യസ്തമാണിത്.
ടെന്‍ഷന്‍ തലവേദന ഒരു തവണ മാറിയാലും മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ പിന്നെയും തിരിച്ചുവരുന്നു. ഇത്തരം വേദന മിക്കപ്പോഴും തീവ്രമല്ല. വ്യക്തിയുടെ ജോലി, സാമൂഹിക ജീവിതം എന്നിവയ്ക്കു തടസമാകുന്നില്ല. പക്ഷേ, ചിലരില്‍ വേദന അസഹ്യമാകുന്നു. ഏറെനേരം നീണ്ടുനില്ക്കുന്നു.
വ്യക്തിയുടെ ആരോഗ്യം, ജീവിതശൈലി, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്താണ് ഡോക്ടര്‍മാര്‍ ഒരാളുടെ തലവേദന ടെന്‍ഷന്‍ മൂലമുളളതാണോ എന്നു കണെ്ടത്തുന്നത്. ശാരീരിക പരിശോധനകളും കൃത്യമായ രോഗനിര്‍ണയത്തിനു സഹായകം. തീവ്രമായ വേദന തുടരുന്നുവെങ്കില്‍ സ്്കാനിംഗിന്റെ സഹായം തേടുന്നു.
അസെറ്റാമിനോഫെന്‍, ആസ്പിരിന്‍ പോലെയുളള വേദനസംഹാരികളാണു സാധാരണ നിര്‍ദേശിക്കാരുളളത്. എന്നാല്‍, ഇത്തരം വേദനസംഹാരികള്‍ ആഴ്ചയില്‍ മൂന്നു തവണയിലധികം ഉപയോഗിച്ചാല്‍ ചിലരില്‍ അതികഠിനമായ തലവേദനയുണ്ടാകുന്നു. വേദനസംഹാരികളുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ഇത്തരം വേദന rebound headache എന്നറിയപ്പെടുന്നു. ഒരു ഡോസ് മരുന്ന് ഉപയോഗിച്ചു തീരുമ്പോഴാണ് ഇതുണ്ടാകുന്നത്. അത് അടുത്ത ഡോസ് മരുന്നു കഴിക്കുന്നതിനിടയാക്കുന്നു.
വേദനസംഹാരികള്‍ നിര്‍ത്തിയാലുടന്‍ വേദന അനുഭവപ്പെടുന്ന സ്ഥിതിയിലെത്തുന്നു. അപ്പോള്‍ അത്തരം വേദന അതിജീവിക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ വേദനസംഹാരികള്‍ കഴിക്കേണ്ടി വരുന്നു. വേദന അസഹ്യമായി തുടരുന്നുവെങ്കില്‍ ഒരു ന്യൂറോ വിദഗ്ധനെ കണ്‍സള്‍ട്ട് ചെയ്യുന്നതും ഉചിതം.
ഇവയുടെ പാര്‍ശ്വഫലങ്ങള്‍ നിരവധി. അതിനാല്‍ വേദനസംഹാരികള്‍ക്കുപകരം വേദന തടയാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചുകൂടി പറയാം.
* മാനസിക സമ്മര്‍ദം കുറയ്ക്കുക. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ വിശ്വസ്തരോടു തുറന്നു പറയുക. തുറന്നെഴുതുക. വികാരങ്ങള്‍ പ്രകടിപ്പിക്കുക. കരയാന്‍ തോന്നുമ്പോള്‍ കരയുക. മികച്ച ഒരു കൗണ്‍സിലറെ സമീപിച്ചു കാര്യങ്ങള്‍ തുറന്നു സംസാരിക്കുക. വിനോദ മാര്‍ഗങ്ങള്‍ കണെ്ടത്തുക. കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണെ്ടത്തുക. അരുമ മൃഗങ്ങളെ പരിചരിക്കുന്നതും നല്ലത്. സന്നദ്ധസേവനത്തിലേര്‍പ്പെടുക. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു വീണ്ടും ആലോചിക്കുന്ന ശീലം ഉപേക്ഷിക്കുക. വ്യായാമം ശീലമാക്കുക. യോഗ. ശ്വസനവ്യയാമം എന്നിവ ട്രയിനറുടെ സഹായത്തോടെ പരിശീലിക്കുക.
* ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതിനും ദിവസവും കൃത്യമായ സമയക്രമം പാലിക്കുക.
* കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന് ആയാസം നേരുടുന്ന വിധം തുടര്‍ച്ചയായി ഉപയോഗിക്കരുത്.
* നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും വിവിധ അവയവങ്ങളുടെ വിന്യാസക്രമം(posture) ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക.
* വിഷാദരോഗം, ഉത്കണ്ഠ എന്നിവയുളളവര്‍ സൈക്യാട്രിസ്റ്റിനെ സമീപിച്ചു മരുന്നില്ലാത്ത മനഃശാസ്ത്രചികിത്സ പ്രയോജനപ്പെടുത്തുക.
തലവേദന മിക്കവരിലും പൂര്‍ണമായും വിട്ടുമാറില്ല. പക്ഷേ, ചികിത്സ സ്വീകരിച്ചവരില്‍ അത്തരം വേദന വല്ലപ്പോഴുമേ ഉണ്ടാകാറുളളു. വേദനസംഹാരികള്‍ കഴിവതും ഉപയോഗിക്കരുത്. മറ്റു മാര്‍ഗങ്ങളിലൂടെ ടെന്‍ഷന്‍ കുറയ്ക്കുകയാണ് ഉത്തമം.
കടപ്പാട് : ടി.ജി.ബൈജുനാഥ്
അവസാനം പരിഷ്കരിച്ചത് : 6/22/2020
തലവേദന സ്ത്രീകളിലും കുട്ടികളിലും
തലയോട്ടിയുടെ പകുതിഭാഗത്തെ ബാധിക്കുന്നതിനാല്‍ ആയുര്‍...
തലവേദന ആയിട്ട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളു...
തലവേദനയും മറ്റു അനുബന്ധ വിവരങ്ങളും