অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ത്വക്ക് രോഗങ്ങള്‍

ത്വക്ക് രോഗങ്ങള്‍

ത്വക്ക് രോഗങ്ങള്‍

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിനെ ബാധിക്കുന്ന രോഗങ്ങള്‍. ത്വക്കിലുണ്ടാകുന്ന വ്രണങ്ങളും മറ്റു രോഗങ്ങളും വളരെ എളുപ്പത്തില്‍ മറ്റുള്ളവരുടെ ദൃഷ്ടിക്കു പാത്രമാകുന്നതിനാല്‍ ഈ രോഗങ്ങള്‍ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ത്വക്ക് ശരീരത്തെ ആവരണം ചെയ്യുന്ന സ്വതന്ത്രാസ്തിത്വമുള്ള ഒരു ഘടനയല്ല, മറിച്ച് മറ്റ് അവയവങ്ങളെപ്പോലെ ശരീരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. ശരീരത്തില്‍ പൊതുവേ വിന്യസിച്ചിരിക്കുന്ന നാഡികളും ഞരമ്പുകളുംതന്നെയാണ് ത്വക്കിലുമുള്ളത്. ആന്തരികാവയവങ്ങളിലുള്ള സന്ധാനകലകള്‍ക്ക് തികച്ചും സമാനമാണ് അന്തശ്ചര്‍മ(dermis)ത്തിലെ സന്ധാനകലകളും. എന്നാല്‍ ശരീരത്തിന്റെ ബാഹ്യ ആവരണമാകയാല്‍ മറ്റു ശരീരഭാഗങ്ങളും ബാഹ്യാന്തരീക്ഷവും തമ്മില്‍ മാധ്യസ്ഥം വഹിക്കുന്ന ധര്‍മം ത്വക്കിനു നിര്‍വഹിക്കേണ്ടതായി വരുന്നു. ഇതുകൊണ്ടുതന്നെ ത്വക്കിനുണ്ടാകുന്ന രോഗാവസ്ഥകള്‍ക്ക് ശരീരത്തിനുള്ളിലെ വൈഷമ്യങ്ങളും പുറത്തെ അന്തരീക്ഷത്തിലെ മാലിന്യങ്ങളും ദൂഷ്യങ്ങളും ഒരുപോലെ കാരണമായിത്തീരുന്നു.

ത്വക്കില്‍ പ്രകടമാകുന്ന പല രോഗങ്ങളും യഥാര്‍ഥത്തില്‍ ത്വക്കിനെ ബാധിക്കുന്നവയല്ല. ആന്തരികമായ രോഗത്തിന്റെ ലക്ഷണം ത്വക്കിലൂടെ പ്രത്യക്ഷീഭവിക്കുന്നു എന്നുമാത്രം. രക്തത്തിലോ രക്തചംക്രമണ വ്യവസ്ഥയിലോ ഉണ്ടാകുന്ന രോഗങ്ങള്‍ (ഉദാ. അരക്തത, പോളിസൈതീമിയ, മഞ്ഞപ്പിത്തം) ത്വക്കില്‍ പ്രതിഫലിക്കുന്നു. ചില ജീവകങ്ങളുടെ അപര്യാപ്തതയും മസ്തിഷ്കകാണ്ഡ വീക്കങ്ങളും ത്വക്കില്‍ മരവിപ്പായി അനുഭവപ്പെടുന്നു.

ആന്തരികമായ തകരാറില്‍ ത്വക്കും ഭാഗഭാക്കാകുന്നതാണ് ത്വഗ്രോഗങ്ങളില്‍ രണ്ടാമത്തെ വിഭാഗം. ചില ഭക്ഷ്യപദാര്‍ഥങ്ങള്‍, മരുന്നുകള്‍, രോഗാണുക്കള്‍, രോഗഗ്രസ്തമായ ശരീരകലകള്‍ എന്നിവയോടുണ്ടാകുന്ന അലര്‍ജിമൂലം ത്വക്കിലെ സിരാവ്യൂഹം അനവധി മാറ്റങ്ങള്‍ക്കു വിധേയമാകുന്നതാണ് ഈ രോഗങ്ങള്‍ക്കു കാരണം. കുപോഷണംമൂലം കെരാറ്റിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. അഡിസണ്‍സ് രോഗം, ഹൈപോതൈറോയ്ഡിസം തുടങ്ങിയ ഹോര്‍മോണ്‍ തകരാറുകളോട് ത്വക്കിലെ വര്‍ണകങ്ങള്‍ (pigments) പ്രതികരിക്കാറുണ്ട്.

ത്വക്ക് നേരിട്ട് രോഗവിധേയമാകുന്നതാണ് അടുത്ത വിഭാഗം. രക്താര്‍ബുദം ചിലപ്പോള്‍ ത്വക്കിലേക്കു വ്യാപിച്ച് അര്‍ബുദജന്യ മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന കോസിഡിയോ മൈകോസിസ് എന്ന ഫംഗസ്ബാധ ത്വക്കിലേക്കു പടരാം. പ്രാഥമികമായി ത്വക്കിനെ ബാധിക്കുന്ന ചില രോഗങ്ങള്‍ മറ്റ് അവയവങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാറുണ്ട്. ത്വക്കിലെ ചില പൂപ്പല്‍ബാധകള്‍ (ഉദാ. ലൈക്കന്‍ പ്ളാനസ്) ജഠരാന്ത്രപഥത്തിലേക്കു സംക്രമിക്കാറുണ്ട്. എല്ലിനെയും കരളിനെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ഒരു ത്വഗ്രോഗമാണ് മാസ്റ്റോസൈറ്റോസിസ്.

ത്വക്കിനെ മാത്രം ബാധിക്കുന്ന രോഗങ്ങള്‍ ആണ് അവസാനത്തെ വിഭാഗം. മുഖക്കുരു, സോറിയാസിസ് എന്നിവ ഉദാഹരണങ്ങളാണ്. ചില ത്വഗ്രോഗങ്ങള്‍ ശരീരത്തെ ആകമാനം ബാധിക്കുന്നതാകാം; മറ്റു ചിലതാകട്ടെ സ്ഥാനീയവും. അപൂര്‍വം ചില ചര്‍മരോഗങ്ങള്‍ക്ക് പാരമ്പര്യ ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. പരിപൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാവുന്നവയും പൂര്‍ണമായ ശമനസാധ്യതയില്ലാത്തതുമായ ചര്‍മരോഗങ്ങളും കണ്ടുവരുന്നു.

മിക്ക ത്വഗ്രോഗങ്ങളും ഗുരുതരമല്ല. എന്നാല്‍ സോറിയാസിസ്, എക്സിമ തുടങ്ങിയ രോഗങ്ങള്‍ പഴക്കംചെല്ലുമ്പോള്‍ ഗുരുതരമായിത്തീരാറുണ്ട്. ഇവയ്ക്ക് ദീര്‍ഘകാല ചികിത്സയും ആവശ്യമാണ്.

സാധാരണ കാണപ്പെടുന്ന ചില ത്വഗ്രോഗങ്ങളും അവയുടെ രോഗനിര്‍ണയ ചികിത്സാസങ്കേതങ്ങളും ഇവിടെ വിവരിക്കുന്നു.

വെടിപ്പ് (വിണ്ട് കീറല്‍)

വെടിപ്പ് അല്ലെങ്കില്‍ വിണ്ട് കീറല്‍ എന്നത് ഒരു സൗന്ദര്യ പ്രശ്നമാണ്. ഇത് ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രശനങ്ങള്‍ സൃഷ്ടിക്കും. ഉപ്പുറ്റിയുടെ അഗ്രഭാഗങ്ങള്‍ കട്ടിയാകുമ്പോഴുമാണ് ഇത് സംഭവിക്കുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ഭയങ്കരമായ വേദനയും വിണ്ട് കീറി രക്തസ്രാവത്തിനും കാരണമാകും. വെടിപ്പിനെ വിണ്ട്കീറലെന്നും പറയാറുണ്ട് വരണ്ട ചര്‍മ്മക്കാരിലാണ് ഇത് സാധാരണയായി കണ്ട് വരുന്നത് (സെറോസിസ്). ഉപ്പുറ്റിയുടെ വക്ക് കട്ടിയാകുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം.

വെടിപ്പ് (വിണ്ട് കീറല്‍)

കാരണം

വെടിപ്പ് ആരേയും ബാധിക്കാം, ഇത് പ്രധാനമായും കണ്ടുവരുന്നത്

  • വരണ്ട കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക്
  • പൊണ്ണത്തടി
  • നിരന്തരമായി നഗ്ന പാദരായി നടക്കുന്നവര്‍ക്കും
  • പ്രവര്‍ത്തന രഹിതമായ വിയര്‍പ്പു ഗ്രന്ഥികളുള്ളവര്‍

വെടിപ്പു പോലുള്ള പാദരോഗങ്ങള്‍ ഭയാനകമാകുന്നത് അത് ശ്രദ്ധിക്കാതെ വരുമ്പോഴാണ്.ഇത് ചികിത്സിച്ചില്ലെങ്കില്‍ ആഴത്തില്‍ വെടിച്ച് കീറുകയും ചെയ്യുന്നു. ഇത് സാധാരണയായി ഡയബറ്റിക്ക് രോഗികളിലാണ് കണ്ടു വരുന്നത്.

ചികിത്സയും പ്രതിരോധവും

സ്ഥിരം ഈര്‍പ്പമയമായി കാലുകളെ വെയ്ക്കുന്നത് വെടിപ്പ് തടയാന്‍ സഹായിക്കുന്നു. മിനുസക്കല്ല് (വെള്ളാരക്കല്ല്) ഉപയോഗിച്ച് ഉപ്പുറ്റിയില്‍ ഉരച്ചാല്‍ മാര്‍ദ്ദവം കുറയ്ക്കാന്‍ സഹായകമാകും. പാദരക്ഷ ധരിച്ച് നടക്കുന്നത് ഇത് ഒഴിവാക്കാന്‍ സഹായിക്കും. കാല്‍ പാദങ്ങളില്‍ സമ്മര്‍ദ്ദം അധികം ഏല്‍ക്കാത്ത ചെരുപ്പുകള്‍ ഉപയോഗിച്ചാല്‍ ഈ അവസ്ഥയ്ക്കു കുറേ ഏറെ മോചനം ലഭിക്കും. കാലുകളില്‍ സോക്സുകള്‍ ധരിക്കുകയും ദിവസവും രണ്ടു പ്രാവശ്യമെങ്കിലും കാലുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നത് വെടിപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

ഗൃഹപരിചരണം

ദിവസവും കിടക്കുന്നതിന് മുമ്പായ് കാലുകളില്‍ മോയിസ്ച്ചറൈസറുകള്‍ ഉപയോഗിക്കാം. അതിന്‌ ശേഷം ഈര്‍പ്പം നിലനിര്‍ത്തുന്നതിന് വേണ്ടി കാലില്‍ കാലുറകള്‍ ഉപയോഗിക്കണം. ഇതില്‍ മാറ്റങ്ങളൊന്നും കണ്ടില്ലെങ്കില്‍ ഉടന്‍ പാദരോഗചികിത്സകനെ (podiatrist) കാണുക.

അവലംബം: www.FootAnkleStore.com.

കരപ്പന്‍

കരപ്പന്‍ എന്നാലെന്ത്?

ചര്‍മ്മത്തിനുണ്ടാകുന്ന ചൊറിച്ചില്‍ നീരൊലിപ്പ്, വൃണം, എന്നീ അവസ്ഥകളെയാണ് കരപ്പന്‍ എന്ന് പറയുന്നത്.

കരപ്പന്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍?

കരപ്പന്‍ സാധാരണയായി അലര്‍ജിയിലൂടെ വന്ന് വൃണത്തിലവസാനിക്കുന്നു. ഈ വൃണം തൊലിപ്പുറം ചുവന്ന്, ചൊറിഞ്ഞ് പാടുകള്‍ ഉണ്ടാകുന്നു.

കരപ്പന്‍ ഉണ്ടാകുമ്പോള്‍ വരുന്ന സൂചനകളും ലക്ഷണങ്ങളും ഏവ?

കരപ്പന്‍ വരുമ്പോള്‍ ചുവന്ന് തടിച്ച് അടയാളങ്ങള്‍ ഉണ്ടാകുന്നു, അസഹ്യമായ ചോറിച്ചില്‍ വൃണത്തില്‍ നീറ്റലും, വേദനയും ഉണ്ടാകുന്നു. ഇത് രോഗം പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുന്നു.

ഏത് പ്രായക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്?

ഏത് പ്രായക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്?

ഏതെല്ലാം ഭാഗങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്?

ഇത് സാധാരണയായി കാല്‍ മുട്ടുകള്‍, തോള്‍മടക്കുകള്‍, കണംങ്കൈ, കഴുത്ത്, കണംങ്കാല്‍ പാദങ്ങളിലുമാണ് കണ്ടുവരാറുള്ളത്. കൊച്ചു കുട്ടികളുടെ താടിയിലും മുഖത്തും മറ്റുമായാണ് ആദ്യം തുടങ്ങുന്നത്. പിന്നീട് കൈകളിലും കാലുകളിലേയ്ക്കും ഇത് വ്യാപിക്കുന്നു.

ഈ അവസ്ഥ സാധാരണയായി കണ്ടു വരുന്നത് ആരിലാണ്?

ഇത് സാധാരണയായി ആസ്മയും ജലദോഷവും പനിയും ഉള്ളവരിലാണ് കണ്ടുവരുന്നത്. മാത്രമല്ല, പാരമ്പര്യമായി മേല്‍ പറഞ്ഞ അസുഖം ഉള്ളവരിലും ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവരിലും ഇത് കണ്ടുവരുന്നു.

പ്രേരക ഘടകങ്ങള്‍ ഏവ?

പല തരത്തിലുള്ള കരപ്പനുകള്‍ ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

  • പരിസ്ഥിതി ഘടകവുമായുള്ള ബന്ധം (സോപ്പ്, ഡിറ്റര്‍‌ജെന്‍റ്, ക്ലോറിന്‍ തുടങ്ങിയ ചൊറിച്ചിലുണ്ടാകുന്ന വസ്തുക്കള്‍)
  • ചില ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കാണുന്ന മോശമായ ലക്ഷണങ്ങള്‍ (പാല്‍, മുട്ട)
  • സമര്‍ദ്ദം (Tension) ഒരു ഘടകമാണ്.
  • വരണ്ട കാലാവസ്ഥയും വരണ്ട ചര്‍മ്മവും ഇത് വഷളാക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു.

ഇത് തടയാനുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം?

മേല്‍ പറയുന്ന ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ഇതൊഴിവാക്കാന്‍ സഹായിക്കുന്നു.

ഇതിന്‍റെ ദീര്‍ഘകാല അവസ്ഥകള്‍ ഏവ?

  • പകര്‍ച്ച വ്യാധി
  • അടയാളങ്ങള്‍ (കലകള്‍)
  • മുറിപ്പാടുകളിലെ നിറവ്യത്യാസം

ചികിത്സയും പാര്‍ശ്വഫലങ്ങളും?

സ്റ്റീറോയ്ഡ്, ചര്‍മ്മലേപനവും (oilment) മരുന്നുകളും തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാകുന്നു. സ്ഥിരമായി ഉപയോഗിച്ചാല്‍ തൊലിപ്പുറം ദുര്‍ബലമാകുന്നു. അധികമായ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം നിരവധി പാര്‍ശ്വഫലങ്ങളും ഇതോടൊപ്പം കണ്ടുവരുന്നു. ആന്‍റിഹിസ്റ്റാമൈനുകള്‍ കാരണം അധികമായ ഉറക്കം ഉണ്ടാക്കുന്നു.

സോറിയാസ്സിസ്

 

 

ചുവന്നുതടിച്ച് കട്ടികൂടിയ ത്വക്കില്‍നിന്ന് ശല്ക്കങ്ങള്‍ പൊഴിയുന്ന അവസ്ഥയാണിത്. വിവിധ രൂപങ്ങളില്‍ ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. ശല്ക്കങ്ങള്‍പോലെ ചര്‍മം ചുവന്ന്, കട്ടികൂടുന്നു. ശല്ക്കങ്ങള്‍ നിറഞ്ഞ ഭാഗത്ത് എപ്പോഴും ചൊറിച്ചില്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ചൊറിയുക എന്നര്‍ഥമുള്ള 'സോറ' എന്ന പദത്തില്‍നിന്നാണ് ഈ രോഗത്തിന്റെ പേര് ഉണ്ടായിട്ടുള്ളത്. ഇത് പകര്‍ച്ചവ്യാധി അല്ലെങ്കിലും ശരീരമാകെ പടര്‍ന്നുപിടിക്കുമ്പോള്‍ ജനങ്ങളുമായി ഇടപഴകുന്നതിന് രോഗിക്ക് വൈമുഖ്യമുണ്ടാകാം.

സോറിയാസിസിന്റെ വ്യക്തമായ കാരണം തേടിയുള്ള ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനിതകമായ കാരണങ്ങള്‍ ഉണ്ടെന്ന് ഗവേഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ജീനുകളില്‍ ഇതിന്റെ അടിസ്ഥാനബീജങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെങ്കിലും ചില പ്രത്യേക കാരണങ്ങളും ജീവിതശൈലിയും ഈ രോഗാവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അണുബാധ, ഹോര്‍മോണ്‍ തകരാറുകള്‍, സൂര്യപ്രകാശം, മാനസികാഘാതം, മദ്യം, പുകവലി, ചില രാസപദാര്‍ഥങ്ങള്‍ എന്നിവ ഈ രോഗത്തെ ഉത്തേജിപ്പിക്കാന്‍ കാരണമാകാറുണ്ട്.

മൃതകോശങ്ങള്‍ കൊഴിയുന്നതിനെക്കാള്‍ വേഗത്തില്‍ നവകോശങ്ങള്‍ ഉണ്ടാവുകയും അത് രോഗബാധിതഭാഗത്ത് കുന്നൂകൂടുകയും ചെയ്യുമ്പോഴാണ് ചര്‍മത്തിന് കട്ടി കൂടുന്നത്. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും പലപ്പോഴും അണുബാധയോ ക്ഷതമോ മാനസികസംഘര്‍ഷമോ ഇതിനു തുടക്കം കുറിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പ്ളേക്ക് സോറിയാസിസ് (Plaque Psoriasis), ഗുട്ടേറ്റ് സോറിയാസിസ് (Guttate Psoriasis), പസ്റ്റുലാര്‍ സോറിയാസിസ് (Pustular Psoriasis), ഇന്‍വേഴ്സ് സോറിയാസിസ് (Inverse Psoriasis) എന്നിങ്ങനെ നാലുവിധത്തിലുള്ള സോറിയാസിസ് കണ്ടുവരുന്നു.

പ്ളേക്ക് സോറിയാസിസ് സാധാരണമാണ്. പ്ളേക്കുകള്‍ എന്നറിയപ്പെടുന്ന കട്ടികൂടിയ ചുവന്ന ചര്‍മം ശല്ക്കങ്ങള്‍പോലെ കാണപ്പെടുന്നു. കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, ശിരസ്സ്, ചെവിയുടെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് ഇത് സാധാരണ പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്കിടെ ചൊറിച്ചിലും ഉണ്ടാകും. ഇത് നഖത്തെയും ബാധിക്കാം. ചിലപ്പോള്‍ നഖം ഇളകിപ്പോവുകയും ചെയ്യും. ആഴ്ചകളോ മാസങ്ങളോ രോഗം നീണ്ടുനില്ക്കും. ഇടയ്ക്ക് കുറഞ്ഞിരിക്കുന്ന രോഗം വീണ്ടും ശക്തിയോടെ തിരിച്ചുവരാറുണ്ട്.

ഗുട്ടേറ്റ് സോറിയാസിസ് സാധാരണ കുട്ടികളേയും കൗമാരപ്രായക്കാരേയുമാണ് ബാധിക്കുക. നാണയത്തിന്റെ ആകൃതിയില്‍ പിങ്ക് നിറത്തിലുള്ള ചെതുമ്പലുകള്‍ നിറഞ്ഞ ചര്‍മമാണ് ഇതിന്റെ ലക്ഷണം. നെഞ്ചത്തും പുറത്തുമാണ് സാധാരണയായി കാണുന്നത്. ചൊറിച്ചിലുമുണ്ടാകാം. സാധാരണഗതിയില്‍ നാല് മുതല്‍ ആറ് വരെ മാസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമാകും. പക്ഷേ, പകുതിയോളം പേരില്‍ മറ്റൊരു രൂപത്തിലുള്ള സോറിയാസിസ് പ്രത്യക്ഷപ്പെട്ടേക്കാം.

പസ്റ്റുലാര്‍ സോറിയാസിസ് പ്രായപൂര്‍ത്തിയായവരില്‍ മാത്രമാണ് കാണപ്പെടുന്നത്. പഴുപ്പുനിറഞ്ഞ കുമിളകള്‍ കൈപ്പത്തിയിലും കാല്‍വെള്ളയിലും പ്രത്യക്ഷപ്പെടാം. ചര്‍മം ചുവന്ന് മൃദുലമായിരിക്കും. രോഗബാധിതഭാഗത്തെ ചര്‍മത്തിന് കട്ടികൂടി ശല്ക്കങ്ങള്‍ ഉണ്ടാകാം.

ഇന്‍വേഴ്സ് സോറിയാസിസ് പ്രായംചെന്നവരിലാണ് കാണപ്പെടുന്നത്. ചര്‍മത്തില്‍ നനവാര്‍ന്ന ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും ചര്‍മത്തിന്റെ മടക്കുകള്‍ക്കിടയിലാണ് ഇതു കാണുക. തുടയിടുക്ക്, സ്തനങ്ങളുടെ അടിവശം, കക്ഷങ്ങള്‍ എന്നീ ഭാഗങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്.

സോറിയാസിസിന്റെ ഇനം ഏതെന്നു തിരിച്ചറിയുകയാണ് രോഗനിര്‍ണയത്തിന്റെ പ്രധാന ഘട്ടം. ചര്‍മം മൃദുലമാക്കാനുള്ള ഇമോളിയന്റുകളാണ് ചികിത്സയ്ക്കായി സാധാരണ ഉപയോഗിക്കുന്നത്. കോള്‍ടാര്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ച് ചര്‍മത്തിലെ ശല്ക്കങ്ങളും അണുബാധയും നിയന്ത്രിക്കുന്നു. ജീവകം 'ഡി'യുടെ വകഭേദമായ കാല്‍സിപോട്രിയോള്‍ അടങ്ങിയ ഔഷധങ്ങളും സോറിയാസിസിന് ഉപയോഗിക്കുന്നുണ്ട്. ഒരു വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടത്തിലും നിര്‍ദേശത്തിലും മാത്രമേ ഈ ഔഷധം പ്രയോഗിക്കാവൂ. മുഖത്തും ചര്‍മത്തിന്റെ മടക്കുകളിലും ഈ മരുന്ന് ഉപയോഗിച്ചുകൂടാ.

ഔഷധചികിത്സ ഫലിക്കാത്ത ഘട്ടത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായി കണ്ടുവരുന്നുണ്ട്. ചെറിയ തോതില്‍ വെയില്‍ കായുന്നത് സോറിയാസിസിന്റെ തീവ്രത കുറയ്ക്കാന്‍ സഹായകമാണ്. പസ്റ്റുലാര്‍ സോറിയാസിസിന് ഉള്ളില്‍ കഴിക്കാനുള്ള ഔഷധങ്ങളും കുത്തിവയ്പുകളും നല്കുന്നു.

സാധാരണഗതിയില്‍ പരിപൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കാത്ത രോഗമാണ് സോറിയാസിസ്. എന്നാല്‍ ചികിത്സകൊണ്ട് ഏറെ ആശ്വാസം കിട്ടും. രോഗബാധിതരാണെങ്കിലും സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല

സോറിയാസ്സിസ് എന്നാലെന്ത്?

സോറിയാസ്സിസ് എന്നത് പരകരാത്തതും എന്നാല്‍ വിട്ടുമാറാത്തതുമായ ചര്‍മ‍രോഗമാണ്. മറ്റെല്ലാ രോഗങ്ങളെപോലെ ചര്‍മ്മത്തിന്‍റെ സാധാരണ വ്യതിയാനമാണ് . പക്ഷേ ഇത് ചര്‍മ്മത്തില്‍ അടയാളങ്ങള്‍ ഉണ്ടാക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന പാടുകള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. ഇത് ജീവിതകാലം മുഴുവനായി കണ്ടുവരുന്നു സ്ത്രീകളേയും പൂരുഷന്‍മാരെയും ഒരു പോലെ ബാധിക്കുന്ന രോഗം കൂടിയാണിത്.

സോറിയാസ്സിസ് ഉണ്ടാക്കുനതിന്‍റെ കാരണങ്ങള്‍ ഏവ?

സോറിയാസ്സിസ് ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. പ്രധാനമായും രണ്ട് കാരണങ്ങളാണ് പറയുന്നത്.

1. പാരമ്പര്യമായ അവസ്ഥാന്തരങ്ങള്‍
2. പ്രതിരോധ ശക്തിയാര്‍ജിക്കല്‍.

ഇത് ഒരു വ്യക്തിയുടെ ജനിതക, പാരന്പര്യ ഘടകമായി ബന്ധപ്പെട്ടിരിക്കുന്നു. തൊലി പുറത്തെ കോശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനവും, സംക്രമണചക്രവും ശരീരത്തെ ത്വരിതഗതിയില്‍ ബാധിക്കുന്നുണ്ട്ന്നു. പക്ഷേ സോറിയാസിസ് ബാധിച്ച മിക്ക ആളുകളുടേയും കുടുംബത്തില്‍ ഈ അസുഖം പാരന്പര്യമായി കണ്ടെത്തിയിട്ടില്ല.

എങ്ങനെയാണ് ചുവന്ന് തടിച്ച അടയാളങ്ങള്‍ ഉണ്ടാകുന്നത്?

ചര്‍മ്മത്തിലെ പ്രധാന പാളികളിലെ കോശങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് മുലമാണ് ചുവന്ന് ചൊറിഞ്ഞ് പൊട്ടിയ അടയാളങ്ങള്‍ ഉണ്ടാകുന്നത്. സാധാരണയായി ചര്‍മ്മ പാളികള്‍ പക്വമാകുമ്പോള്‍ അവ ശരീരത്തില്‍ നിന്ന് വേറിടുകയാണ് ചെയ്യുന്നത്. ഇത് സാധാരണയായി നാലാഴ്ചകള്‍ക്കുള്ളിലാണ് നടക്കുന്നത്. സോറിയാസ്സിസ് ബാധിച്ച രോഗികളിലെ ചര്‍മ്മ കോശങ്ങള്‍ മൂന്നു നാല് ദിവസത്തിനൂള്ളില്‍ ഇല്ലാതാകുന്നു. ഇങ്ങനെ അമിതമായ ചര്‍മ്മ കോശങ്ങളാണ് ഈ രോഗത്തിന് കാരണംമാകുന്നത്.

എങ്ങനെയാണ് ഈ രോഗം സോറിയാസ്സിസ് എന്ന് തിരിച്ചറിയുന്നത് ?

കാല്‍ പാദത്തിന്‍റെ അടിഭാഗത്തും കൈപ്പത്തിയിലും കണ്ടു വരാറുള്ള സോറിയാസിസിന്‍റെ ലക്ഷണങ്ങള്‍ ചൊറിഞ്ഞ് ചുവന്ന് തടിച്ച് വിണ്ട് കീറി തൊലി പാട പോലെ ഉരിഞ്ഞ് പോകുന്നു. ഇതിന്‍റെ ലക്ഷണങ്ങള്‍ പലരിലും പലതരത്തിലാണ്. ചിലര്‍ക്ക് ചെറുതായും മറ്റു ചിലര്‍ക്ക് അതികഠിനമായും അനുഭവപ്പെടാറുണ്ട്.

വിവിധ തരം സോറിയാസ്സിസുകളേവ?

പല തരത്തിലുള്ള ചര്‍മ്മത്തിന്‍റെയും മുറിവുകളുടേയും അടിസ്ഥാനത്തിലാണ് ഇതിനെ വിഭജിക്കുന്നത്.

എറിത്രോഡര്‍മിക്ക് - ചര്‍മ്മം വളരെ വ്യാപകമായി ചുവക്കുകയും വീര്‍ക്കുകയും ചെയ്യുന്നു.

പ്ലേഗ് സോറിയാസിസ് - ഇതാണ് സാധാരണയായി കണ്ടു വരുന്ന സോറിയാസിസ്. 80% ആളുകള്‍ക്കും ഇത്തരത്തിലുള്ള സോറിയാസിസാണ് കണ്ടു വരുന്നത്. ചര്‍മ്മം തടിച്ച് മുറിയുന്നതിന് കാരണമാകുന്നു. ഈ ചുവന്ന് തടിപ്പു കളാണ് ഉരഞ്ഞ് പൊട്ടുന്നത്. ഇത് സാധാരണയായി കൈ തോളുകള്‍, കാല്‍മുട്ടുകള്‍, നഖങ്ങള്‍, തലയോട്ടി ദേഹം, നഖത്തിനു ചുറ്റും എന്നിവിടങ്ങളിലുമാണ് പ്രധാനമായും കണ്ടുവരുന്നത്. എങ്കില്‍ തന്നെയും ഇത് തൊലി പുറത്തെവിടെയും വരാവുന്നതാണ്.

ഇന്‍വേഴ്സ്സ് സോറിയാസിസ് - ചര്‍മ്മത്തിലെ നേര്‍ത്ത തോലിപ്പുറങ്ങളില്‍ ദൃശ്യമാകുന്നു.

ഗട്ടേറ്റ് സോറിയാസിസ് - ചര്‍മ്മത്തില്‍ ചെറുതായി ചുവന്ന് ദ്രാവക രൂപത്തില്‍ വീര്‍ക്കുന്നു.

പസ്റ്റുലാര്‍ സോറിയാസിസ് - ചര്‍മ്മത്തിലുണ്ടാകുന്ന വെളുത്ത ചെറിയ പൊള്ളലുകള്‍.

സോറിയാറ്റിക് ആര്‍ത്രൈറ്റിസ് - റൂമാറ്റിക്സിനെ പോലേയുള്ള ഒരു സന്ധി രോഗമാണിത്.

സോറിയാസിസിന് പ്രേരകമായ ഘടകങ്ങളേവ?

പലഘടകങ്ങളാല്‍ ആളുകളില്‍ സോറിയാസിസ് കണ്ടുവരാറുണ്ട്. ചില ഘടകങ്ങള്‍ മനുഷ്യരില്‍ സോറിയാസിസ് വ്യാപകമാക്കാറുണ്ട്. ചര്‍മ്മക്ഷതം (രാസപ്രവര്‍ത്തനം, പകര്‍ച്ചവ്യാധി, ചോറിച്ചില്‍, സൂര്യതാപം) മദ്യം, ഹോര്‍മോണ്‍ വ്യതിയാനം, പുകവലി, അമിതമായമരുന്നുകളുടെ ഉപയോഗം, സമര്‍ദ്ദം മുതലായവയാണ് ഇവയില്‍ ചിലത്.

സോറിയാസിസിന്‍റെ പരിണിതഫലം എന്ത്?

സോറിയാസിസ് മാനസികവും ശാരീരികവുമായ വിഷമം ഉണ്ടാക്കുന്ന ഒരവസ്ഥയാണ്. സോറിയാറ്റിക്ക് ആര്‍ത്രൈറ്റുകളുള്ള ആളുകള്‍ക്ക് വേദനയും അംഗഭംഗവും ശരീരത്തിന്‍റെ മടക്കുകളില്‍ ഏറെ അസ്വസ്ഥതകളും ഉണ്ടാകുന്നു.

സോറിയാസിസ് പകര്‍ച്ച വ്യാധിയാണോ?

അല്ല, പകര്‍ച്ച വ്യാധിയല്ല, ഒരാള്‍ക്കും അത് മറ്റൊരാളില്‍ നിന്ന് പകരില്ല.

രോഗം നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്യാം

  • സൂര്യതാപം ഉള്‍‌പ്പെടെയുള്ള ചര്‍മ്മത്തിലെ പരുക്കുക്കള്‍ ഒഴിവാക്കുക.
  • മദ്യവും പുകവലിയും ഒഴിവാക്കുക
  • ഗുരുതരമായി ബാധിക്കുന്ന മരുന്നുകള്‍ ഒഴിവാക്കുക
  • സമര്‍ദ്ദം കുറയ്ക്കുക
  • തൊലുയും വെള്ളവുമായുള്ള സാമിപ്യവും പരിമിതപ്പെടുത്തുക.
  • വെള്ളം കുറച്ച് മാത്രം ഉപയോഗിക്കുക. കുളി, നീന്തല്‍ തുടങ്ങിയ വെള്ളവുമായുള്ള സന്പര്‍ക്കം ആകിലും ഒഴിവാക്കുക.
  • ചര്‍മ്മത്തിന് കൂടുതല്‍ ക്ഷതമുണ്ടാക്കാതിരിക്കുക
  • തൊലി പുറത്ത് ആകിലും തുണി ഉരസാതെ നോക്കുക,


പകര്‍വ്യാധികളോ, എന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടാകുന്ന പക്ഷം ഡോക്ടറെ സമീപിക്കുക.

ആഹാരക്രമം പ്രധാനമാണോ?

മറ്റുള്ള രോഗങ്ങളെ അപേക്ഷിച്ച് സോറിയാസിസ് ബാധിക്കുന്നവര്‍ക്ക് നല്ല ഭക്ഷണ ശീ ലങ്ങളും ജീവിതശൈലികളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ആഹാരക്രമത്തിലൂടെ ചര്‍മ്മത്തെ നശിപ്പിവക്കാനും മെച്ചപ്പെടുത്താനും കഴിയും. സോറിയാസിസ് ബാധിച്ചവര്‍ക്ക് പ്രത്യേകിച്ച് ഒരു തരത്തിലുള്ള ഭക്ഷണ ക്രമങ്ങളും ഇല്ല. എന്നിരുന്നാലും പല തരത്തിലുള്ള പത്ഥ്യങ്ങള്‍‌ ഉപദേശിക്കാറുണ്ട്.

ചര്‍മ്മത്തിന്‍റെ നിറം മാറല്‍

ചര്‍മ്മത്തിന്‍റെ നിറവ്യതിയാനം എത്ര തരത്തിലാണ് ?

മൂന്ന് തരത്തിലുള്ള നിറവ്യതിയാനമാണുള്ളത്- വിട്ടിലിഗോ, മുന്‍കാലചൊറി ചിരങ്ങ് കൊണ്ടുണ്ടാകുന്ന നിറ വ്യത്യാസം, ആല്ബിനിസം.
വിട്ടിലിഗോ ില പ്രത്യേക ഭാഗങ്ങളിലാണ് വരുന്നത്. മെലനോസൈറ്റസ് കാരണമാണ് ഇത് ഉണ്‍ണ്ടാകുന്നത് (ചര്‍മ്മ നിറവ്യത്യാസത്തിന് കാരണമാകുന്ന രോഗങ്ങള്‍). ചില തൊലിയുടെ എല്ലാ ഭാഗങ്ങളേയും ബാധിക്കുന്നു. ഡിപിഗ്മെറ്റേഷന്‍ തൊലി പുറത്തെ ഒന്നില്‍ കൂടുതല്‍ ഭാഗങ്ങളെയാണ് ബാധിക്കുന്നത്. ശരീരത്തിലെ മുടി മിക്കവാറും വെളുത്ത നിറത്തില്‍ ആയിരിക്കും. പാടുകള്‍ പൊതുവേ സാധാരണ പോലെ ആണ്.

മുന്‍കാലചൊറി ചിരങ്ങ് കൊണ്ടുണ്ടാകുന്ന നിറവ്യത്യാസം മുന്‍കാലചൊറി ചിരങ്ങ് കൊണ്ടുണ്ടാകുന്ന നിറവ്യത്യാസം ഇത് ചര്‍മ്മത്തിലെ പൊള്ളലുകള്‍, അണുബാധ തുടങ്ങിയവ ഉണ്ടാക്കുന്നു. ഇത് അടയാളങ്ങളും പരുപരുത്ത തൊലി പുറത്തും മറ്റുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ചര്‍മ്മത്തിലെ നിറം നഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ അത് പാല്‍ വെള്ള അല്ല. ചിലപ്പോള്‍ ഇതിനു വിപരീതവും നടക്കാം.

ആല്‍ബിനിസം ഇത് വളരെ ചുരുക്കം ചിലരില്‍ പാരമ്പര്യമായി കണ്ടു വരുന്നതാണ്. അതില്‍ മെലനോ സൈറ്റ് ഉണ്ട് മെലാനിന്‍ (ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു) ഇല്ല. നെഗറ്റീവ് ആല്‍ബിനിസത്തില്‍ റ്റൈറൊസിനേസ് മുടി നരയ്ക്കുന്നതിനും വിളറിയ ചര്‍മ്മവും കണ്ണുകള്‍ മങ്ങുകയും ചെയ്യുന്നു. അതിന് സൂര്യ പ്രകാശം ഒഴിവാക്കി സണ്‍ ഗ്ളാസ്സുപയോഗിക്കാം. പകല്‍ സമയങ്ങളില്‍ SPF of >= 15 ഉള്ള സണ്‍ സ്ക്രീന്‍ ഉപയോഗിക്കണം.

ഇത് കൂടാതെ 3 തരത്തിലുള്ള തീവ്ര നിറ വ്യത്യാസങ്ങളുണ്ട്. തൊലിപ്പുറത്തെ ഒരു പ്രത്യേക അവസ്ഥ ഡെപിഗ്മെന്റേഷനു കാരണമാകുന്നു. ഇതിനേയാണ് പിറ്റിറിയാസ്സിസ്സ് എന്ന് പറയുന്നത്.

വിട്ടുലിഗോ

എന്താണ് വിട്ടുലിഗോ?

ഇത് ഒരു സ്വയം പ്രതിരോധ അവസ്ഥയാണ്, തൊലിയുടെ ഡെപിഗ്മെന്റേഷനു കാരണമാകുന്നു. ഇത് തൊലി പുറത്തെ വെളുത്ത പാടുകളും പോറല്‍ പാലുള്ള പാല്‍ വര്‍ണ്ണ നിറവും എന്നാല്‍ സാധാരണ രീതിയിലുള്ള ചലനശേഷി സ്പര്‍ശനശേഷി ഇവ സംരക്ഷിക്കപ്പെടുന്നു. ഒരു തഴമ്പോ കലകളോ പ്രത്യക്ഷപ്പെടാറില്ല.

എന്താണ് ലൂക്കോഡെര്‍മ്മ?

വിട്ടുലിഗോ -യ്ക്ക് പറയുന്ന വേറൊരു പേരാണ് ലൂക്കോഡെര്‍മ്മാ. ലൂക്കോ - വെള്ളുത്ത , ഡെര്‍മ്മാ - തൊലി (ഗ്രീക്ക് ഉത്ഭവം).

വിട്ടുലിഗോയുടെ കാരണങ്ങള്‍

  • തൊലി പുറത്തെ മെലാനോസൈറ്റ്സ്സ് എന്ന കോശങ്ങളുടെ നാശത്തിനോ കേടുപാടുകള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു. വിട്ടിലിഗോയുടെ കാരണങ്ങളായി പല സിദ്ധാന്തങ്ങളും പറയുന്നു.
  • ശരീരത്തിന്റെ പ്രതിരോധ ഘടകമായ മെലനോസൈറ്റ്സിനേ നശിപ്പിച്ചേക്കാം.ഇങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നിറവ്യത്യാസത്തെ വിദേശിയായി കണക്കാക്കുന്നു. (ഏറ്റവും അംഗീകരിക്കപ്പേട്ട സിദ്ധാന്തം).
  • ഇങ്ങനെ മെലനോസൈറ്റ്സുകളെ എളുപ്പത്തില്‍ സ്വാധീനച്ച് മുറിവേല്‍പ്പിക്കുന്നതില്‍ ഒരു പാരമ്പര്യ പോരായ്മ ഉണ്ടാകുന്നു. അസാധാരണമായ നാഡീകോശങ്ങ ളുടെ പ്രവര്‍ത്തനം വിഷമുള്ള പല പദ്ധാര്‍ത്ഥങ്ങളേയും ഉണ്ടാക്കുന്നു. അത് മെലനോസൈറ്റ്സുകളെ മുറിവേല്‍പ്പിക്കുന്നു.
  • വിഷമയമുള്ള ഉല്‍പ്പന്നങ്ങളും ഉല്‍പാദിപ്പിച്ച് മെലനോസൈറ്റ് സ്വയം നശിക്കുന്ന വ്യാത്യസ്ത സിന്ധാന്തങ്ങള്‍ ഈ രംഗത്തെ ഗവേഷകര്‍ചൂണ്ടിക്കാണിക്കുന്നുണ്ട്.

മറ്റുള്ള അവസ്ഥയുമായി വിട്ടിലിഗോയേ ചേര്‍ക്കാമോ ?

അതെ, ജനങ്ങള്‍ മറ്റുള്ള സ്വയം പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു..

മുഖക്കുരു

മുഖത്തുണ്ടാകുന്ന ചര്‍മ്മത്തിന്‍റെ അസ്വഭാവികരീതിയെ ആക്ക്‌നേ വള്‍ഗാരിസ് എന്ന് പറയുന്നു.

മുഖക്കുരു. യൗവനാരംഭത്തില്‍ കണ്ടുവരുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. ചര്‍മത്തിലെ ഗ്രന്ഥികളിലുണ്ടാകുന്ന തടസ്സവും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും ആണ് ഇതിനു കാരണം. മുഖക്കുരു കുറച്ചുകാലത്തിനുശേഷം അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍, അപൂര്‍വം ചിലരില്‍ ഇത് സങ്കീര്‍ണമായിത്തീരുന്നു. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണവും എണ്ണ അടങ്ങിയ സൗന്ദര്യവര്‍ധകവസ്തുക്കളും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. മുഖക്കുരു പല വിധത്തില്‍ കാണപ്പെടുന്നു. പുരുഷന്മാരില്‍ 'വള്‍ഗാരിസ്' (Acne vulgaris) എന്നൊരിനമാണ് സാധാരണം. പുരുഷഹോര്‍മോണായ ആന്‍ഡ്രജനുകളുടെ നിലയിലെ വ്യതിയാനം ഒരു കാരണമാണ്.


സെബേഷ്യസ് ഗ്രന്ഥി സ്രവിക്കുന്ന സെബം ആണ് ചര്‍മത്തിന് മിനുപ്പും തുടുപ്പും നല്കുന്നത്. എന്നാല്‍ സെബം അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ രോമകൂപങ്ങളില്‍ തടസ്സമുണ്ടാകുന്നു. ചര്‍മത്തിലെ കെരാറ്റിനും രോമകൂപങ്ങളില്‍ തടസ്സം സൃഷ്ടിക്കാറുണ്ട്. ഇങ്ങനെ കുടുങ്ങിപ്പോകുന്ന സെബം ചെറിയ കുരുക്കളായിത്തീരുന്നു. ഇതിന് 'വൈറ്റ് ഹെഡ്സ്' എന്നാണു പറയുന്നത്. സെബത്തിനുള്ളില്‍ അണുബാധയുണ്ടാകുമ്പോള്‍ വീക്കമോ പഴുപ്പോ ഉണ്ടാകാം.

മുഖക്കുരുവിനെ ഒരു പരിധിവരെ സ്വയം നിയന്ത്രിക്കാന്‍ കഴിയും. വളരെ വീര്യം കുറഞ്ഞ ക്ളെന്‍സറും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് ദിവസേന രണ്ടുനേരമെങ്കിലും മുഖം കഴുകണം. ചര്‍മത്തില്‍ ശക്തിയായി ഉരയ്ക്കരുത്. മുഖക്കുരു കൈകൊണ്ട് ഞെക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാനും മുഖത്ത് പാടുവീഴാനും ഇടയാക്കുന്നു. ബെന്‍സൈല്‍ പെറോക്സൈഡ് ചേര്‍ന്ന ഔഷധങ്ങള്‍ മുഖക്കുരുവിന്റെ ചികിത്സയില്‍ ഉപയോഗിച്ചുവരുന്നു.

ലക്ഷണങ്ങള്‍

  • കൗമാരക്കാര്‍, 20- നും 30- നും ഇടയ്ക്കുളള ആളുകള്‍ എന്നിവരിലാണ് മുഖക്കുരു ഏറെ കണ്ടുവരുന്നത്
  • ആദ്യമായി കാണപ്പെടുന്നത് ഒരു മുകപ്പായിട്ടാണ്. അവ പിന്നീട് ചുവന്ന് പഴുത്ത് കാണപ്പെടുന്നു. ഇങ്ങനെ പൊങ്ങുന്ന കുമിളകള്‍ സാധാരണയായി മുഖത്തും മുതുകിലും നെഞ്ചിലുമാണ് കണ്ടു വരുന്നത്.
  • കാലം കഴിയിന്തോറും അടയാളങ്ങള്‍ നിലനില്‍ക്കും.
  • വേദനയും ചൊറിച്ചിലും കൂടാതെ ചര്‍മ്മത്തെ അഗാധമായി ബാധിക്കുന്നു.
  • ഇത് ആര്‍ത്തവകാലത്ത് രൂക്ഷമാകുന്നു.

പുരുഷന്‍മാരില്‍ സ്ത്രീകളെക്കാള്‍ വളരെ വികൃതമായി മുഖക്കുരുക്കള്‍ ഉണ്ടാകുന്നു

കാരണം

  • യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതം. ആന്‍ട്രിജന്‍റെ ഉല്പാദനം (ഹോര്‍‌മോണ്‍).ചില സമയങ്ങളില്‍ ഒരു ഉത്തേജകമാകുന്നു.
  • രോമകൂപങ്ങള്‍ക്കിടയില്‍ കരാട്ടിന്‍ എന്ന പ്രോട്ടീനാണ് ഇതിന് കാരണമാകുന്നത്. രോമകൂപങ്ങള്‍ക്കിടയിലുള്ള സെബേഷ്യസ്സ് ഗ്രന്ഥികള്‍ സെബം എന്ന ഒരു എണ്ണമയമുള്ള ദ്രാവകം ഉല്പാദിപ്പിക്കുന്നു. സെബത്തിന് ചര്‍മ്മകോശങ്ങളില്‍ നിന്നും പുറത്തേയ്ക്കുവരാന്‍ കഴിയാതെ അധിമായി അടിഞ്ഞുകൂടുന്നു. ഇത് വീര്‍ത്ത് പൊട്ടി കുരുക്കളായി മാറുന്നു.
  • അലര്‍ജിയുണ്ടാക്കുന്ന ക്രീമുകളും എണ്ണകളും
  • ചില മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍
  • സ്ഥിരമായി ചര്‍മ്മം ഉരസുമ്പോള്‍ (ഹെല്‍മറ്റും ടെലിഫോണും മറ്റും ഉപയോഗിക്കുമ്പോള്‍)./li>

പ്രതിവിധികള്‍

  • മുഖക്കുരുവിനെ കൈകൊണ്ട് തൊടരുത്.
  • മുഖം വൃത്തിയായി സൂക്ഷികുക.
  • സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
  • മുഖക്കുരു ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

ചൊറി, ചിരങ്ങ്

 

 

കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ചര്‍മരോഗമാണിത്. മൈറ്റുകള്‍ എന്ന ഒരു പ്രത്യേക തരം സൂക്ഷ്മജീവി (sarcoptes scabiei) ചര്‍മത്തില്‍ മുട്ടയിട്ടു പെരുകുന്നു. ആഴ്ചകളോളം ലക്ഷണമൊന്നും കണ്ടെന്നുവരില്ല. ശാരീരികസമ്പര്‍ക്കം മൂലം ഈ രോഗം പകരാം. ശക്തമായ ചൊറിച്ചിലും തവിട്ടുനിറമുള്ള തടിപ്പുകളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ഇത് ചിലപ്പോള്‍ വൃക്കകളെ ബാധിക്കുന്ന നെഫ്രൈറ്റിസ് എന്ന രോഗത്തിനും കാരണമായേക്കാം. രോഗബാധിതഭാഗത്തെ ചര്‍മം ചുരണ്ടിയെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കൃത്യമായ രോഗനിര്‍ണയം നടത്താം.

ആന്റിപാരസൈറ്റിക് ലോഷന്‍ കഴുത്തിനു താഴോട്ട് ശരീരം മുഴുവന്‍ പുരട്ടി 8-24 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയാണ് പ്രധാന ചികിത്സ. ചൊറിച്ചില്‍ മാറാനായി ചിലപ്പോള്‍ കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകളും നല്കാറുണ്ട്. രോഗിയുമായി നിരന്തര സമ്പര്‍ക്കത്തിലിരിക്കുന്ന വ്യക്തിയെയും ചികിത്സയ്ക്കു വിധേയമാക്കണം. രോഗം മറ്റുള്ളവരില്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, വിരിപ്പുകള്‍ എന്നിവ അലക്കി വെയിലില്‍ ഉണക്കി ഇസ്തിരിയിടണം.

ചിരങ്ങ് വ്യാപിക്കുന്നതെങ്ങനെ ?

ചിരങ്ങിന്‍റെ അണുക്കള്‍ പെട്ടെന്ന് വ്യാപിക്കുന്നവയാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു മനുഷ്യനില്‍ 24 മുതല്‍ 36 മണക്കൂര്‍ വരെ ഇതിന് ജീവിക്കാന്‍ സാധിക്കും . ഇത് അടുത്തിടപഴകുന്നവര്‍ക്കും തൊലി പുറങ്ങളിലൂടെയും ബാധിക്കുന്ന ഒരു രോഗമാണ്. വളരെ അപൂര്‍വ്വമായി പട്ടികളിലും പൂച്ചകളിലും നിന്ന് മനുഷ്യരിലേയ്ക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍
ചിരങ്ങ് ചെറിയ മുഴകളും പൊള്ളലുകളും വിരലിടുക്കുകളിലും കാല്‍മുട്ടുകളിലും കണങ്കാലുകളിലും ചട്ടത്തിലും ഉണ്ടാകുന്നു. ചൊറിച്ചിലാണ് പ്രധാന ലക്ഷണം ദിവസം കൂടുന്തോറും ചൊറിച്ചില്‍ കൂടുകയേ ഉള്ളൂ.

ലളിതമായ പ്രതിവിധികള്‍
കിടക്കകള്‍ ദിവസവും ചൂടുള്ള വെള്ളത്തില്‍ കഴുകുക. കൂടുതല്‍ ചികിത്സയ്ക്ക് ഒരു ഡോക്ടറെ സമീപിക്കുക.

എക്സിമ (Eczema).

കുമിളകള്‍പോലെ വീര്‍ത്ത്, ചുവന്ന്, ചൊറിച്ചിലോടുകൂടി ചര്‍മത്തിലുണ്ടാകുന്ന രോഗമാണ് എക്സിമ. 'ഡെര്‍മറ്റൈറ്റിസ്' എന്നും പേരുണ്ട്. പഴുപ്പുനിറഞ്ഞ് കുമിളകള്‍ പോലെ പൊള്ളിനില്ക്കുന്ന വ്രണങ്ങള്‍മൂലം ചര്‍മം കട്ടിയാകുന്നു. ഒരിക്കല്‍ രോഗബാധയുണ്ടായവരില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും ഔഷധ ഉപയോഗംകൊണ്ട് താത്കാലികമായി സുഖപ്പെടുകയും ചെയ്യുന്ന രോഗമാണിത്. പ്രായം, ജനിതകപ്രത്യേകതകള്‍, ജീവിതശൈലി എന്നിവയൊക്കെ ഈ രോഗത്തെ സ്വാധീനിക്കുന്നുണ്ട്.

അടോപിക് എക്സിമ (Atopic eczema), കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് (Contact dermatitis), സെബോറിക് ഡെര്‍മറ്റൈറ്റിസ് (Seborrheic dermatitis), നുമ്മുലാര്‍ എക്സിമ (Nummular eczema), എസ്റ്റിയാട്ടോട്ടിക് എക്സിമ (Asteatotic eczema), ഡിഷിഡ്രോട്ടിക് എക്സിമ (Dyshidrotic eczema) എന്നിങ്ങനെ വിവിധ തരത്തിലുള്ള എക്സിമ രോഗങ്ങളുണ്ട്.

എമോളിയന്റുകള്‍ ഉപയോഗിച്ച് ചര്‍മം എപ്പോഴും ഈര്‍പ്പമുള്ളതായി സൂക്ഷിക്കുക എന്നതാണ് ചികിത്സയില്‍ പ്രധാനം. ചെറുചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുകയും വേണം. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് ഇനത്തിലുള്ള മരുന്നുകളാണ് ചൊറിച്ചിലും വീക്കവും തടയാന്‍ ഉപയോഗിക്കുന്നത്. ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന വസ്തുക്കളെ കഴിവതും ഒഴിവാക്കണം. മിക്ക എക്സിമയും സുഖപ്പെടുത്താന്‍ കഴിയും.

പര്‍പ്യൂറ. ചുവപ്പു കലര്‍ന്ന വയലറ്റ്നിറത്തില്‍ കുത്തുകള്‍ പോലെയുള്ള പാടുകള്‍ ത്വക്കില്‍ ഉണ്ടാകുന്ന രോഗമാണ് പര്‍പ്യൂറ. രക്തപ്പൊട്ടുകള്‍ പോലെയാണ് ഇതു കാണപ്പെടുക. ചര്‍മത്തിനടിയിലുള്ള അതിസൂക്ഷ്മ രക്തക്കുഴലുകള്‍ പൊട്ടുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്. ഒരു മൊട്ടുസൂചിത്തലയുടെ വലുപ്പം മുതല്‍ 2.5 സെ.മീ. വരെ വലുപ്പമുള്ള രക്തപ്പൊട്ടുകള്‍ കാണാം. ഈ പാടുകള്‍ അപകടകാരികളല്ലെങ്കിലും ഏതെങ്കിലും മാരകരോഗത്തിന്റെ ലക്ഷണമായാണോ ഇതു പ്രത്യക്ഷപ്പെടുന്നതെന്ന് നിരീക്ഷിക്കേണ്ടതുണ്ട്.


വൃദ്ധജനങ്ങളില്‍ 'സെനൈല്‍ പര്‍പ്യൂറ' സാധാരണ കാണപ്പെടുന്നുണ്ട്. കൈപ്പത്തിയുടെ പിന്‍ഭാഗത്തോ കണങ്കയ്യിലോ തുടയിലോ ആണ് ഇതു കാണുക. ചര്‍മത്തിനടിയില്‍ രക്തക്കുഴലുകളെ താങ്ങിനിര്‍ത്തുന്ന പേശികള്‍ ദുര്‍ബലമാകുന്നതാണ് സെനൈല്‍ പര്‍പ്യൂറയ്ക്കു കാരണം.

'പെറ്റാഷേ' എന്നറിയപ്പെടുന്ന, തീരെ ചെറിയ കുത്തുകള്‍പോലെയുള്ള പര്‍പ്യൂറ, രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നതുകൊണ്ടുണ്ടാകുന്നതാണ്. ലുക്കീമിയ പോലുള്ള രോഗങ്ങളിലും ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളിലും ഇതു കാണാം. ചില ഔഷധങ്ങളുടെ പാര്‍ശ്വഫലമായും പെറ്റാഷേ പ്രത്യക്ഷപ്പെടാറുണ്ട്. സെപ്റ്റിസീമിയ എന്ന പേരില്‍ അറിയപ്പെടുന്ന, രക്തത്തിലെ അണുബാധയിലും ത്വക്കില്‍ ചുവന്ന കുത്തുകള്‍ ഉണ്ടാകാറുണ്ട്.

സാധാരണഗതിയില്‍ ചികിത്സയൊന്നും ആവശ്യമില്ലാത്ത അവസ്ഥയാണിത്. എന്നാല്‍ രക്തപരിശോധനയില്‍ പ്ളേറ്റ്ലറ്റുകള്‍ കുറവായി കണ്ടാല്‍ അത് ഗൗരവത്തോടെ കാണണം. അണുബാധയോടനുബന്ധിച്ച് 'പര്‍പ്യൂറ' കണ്ടാലും പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. രോഗത്തിന്റെ അടിസ്ഥാനകാരണമില്ലാതാകുന്നതോടെ പര്‍പ്യൂറയും അപ്രത്യക്ഷമാകും.

വെള്ളപ്പാണ്ട് (Vitiligo).

ത്വക്കിന്റെ സ്വാഭാവിക വര്‍ണകമായ മെലാനിന്‍ നഷ്ടപ്പെട്ട് ചര്‍മത്തില്‍ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. സാധാരണഗതിയില്‍ മുഖത്തും ചുണ്ടിലും കൈകളിലുമാണ് ഇത് കാണപ്പെടുന്നത്. ശാരീരികമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറില്ലെങ്കിലും ഇത് മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ വൈമുഖ്യവും തന്മൂലമുള്ള മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.



'

വെള്ളപ്പാണ്ട് ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് എന്നു കരുതപ്പെടുന്നു. ശരീരം നിര്‍മിക്കുന്ന ആന്റിബോഡികള്‍ ശരീരത്തിലെതന്നെ പേശികള്‍ ക്കെതിരെ പ്രവര്‍ത്തിക്കുന്ന രോഗമാണിത്. മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്കെതിരെ ഈ ആന്റിബോഡികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മെലാനിന്‍ ഉത്പാദനം തടസ്സപ്പെടുകയും വെള്ളപ്പാണ്ട് ഉണ്ടാവുകയും ചെയ്യുന്നു. മൂന്നിലൊന്നോളം വെള്ളപ്പാണ്ട് രോഗികളില്‍ പാരമ്പര്യ ഘടകം കണ്ടെത്തിയിട്ടുണ്ട്. തൊലിയിലെ നിറവ്യത്യാസം പൂര്‍ണമാകാന്‍ ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവരും. ചുരുക്കം ചിലരില്‍ ശരീരമാസകലം ഈ രോഗം കാണപ്പെടാറുണ്ട്.

ചികിത്സയ്ക്കു മുന്നോടിയായി വര്‍ണവ്യത്യാസമുണ്ടായത് വെള്ളപ്പാണ്ടുമൂലമാണോ ഫംഗസ് രോഗം മൂലമാണോ എന്ന് വേര്‍ തിരിച്ചറിയേണ്ടതാണ്. മറ്റുവിധത്തിലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പ്രകാശ ചികിത്സ (ഫോട്ടോതെറാപ്പി) ഒരു ചികിത്സാസങ്കേതമാണ്. ചിലപ്പോള്‍ ഇതോടൊപ്പം ചര്‍മത്തെ പ്രകാശ സംവേദനക്ഷമമാക്കുവാനുള്ള (ഫോട്ടോസെന്‍സിറ്റീവ്) മരുന്നുകളും കഴിക്കേണ്ടിവരും. വെള്ളപ്പാണ്ടിന് പൂര്‍ണ ഫലപ്രാപ്തിയുള്ള ചികിത്സ ഇല്ല. സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിച്ച് പാണ്ടുള്ള ഭാഗം സമര്‍ഥമായി മറയ്ക്കുകയാണ് ഒരു പോംവഴി. ചിലരില്‍ കാലക്രമേണ ചര്‍മത്തിന് സ്വാഭാവികനിറം ലഭിക്കുന്നതു കാണാറുണ്ട്

ഫ്രെക്കിള്‍ (Freckle).

ചര്‍മത്തിലെ കറുത്തതും തവിട്ടുനിറത്തിലുള്ളതുമായ നിരുപദ്രവകരമായ പാടുകളെയാണ് ഫ്രെക്കിളുകള്‍ എന്നു പറയുന്നത്. മെലാനിന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം. സൂര്യപ്രകാശമേല്ക്കുന്ന ശരീരഭാഗങ്ങളിലാണ് ഇവ സാധാരണയായി കൂടുതല്‍ കാണപ്പെടുന്നത്. ഈ പ്രവണത ഏറെക്കുറെ പാരമ്പര്യമാണെന്ന് ഒരു വാദമുണ്ട്. പൊതുവേ, വെളുത്ത ചര്‍മമുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സൂര്യപ്രകാശമേല്ക്കുമ്പോള്‍ ഇതിന്റെ തീവ്രത കൂടുന്നു.

സണ്‍സ്ക്രീന്‍ ലോഷനുകളും ക്രീമുകളും നിത്യേന ഉപയോഗിക്കുന്നത് ഇതിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.


കറുത്ത മറുകുകള്‍ (Moles).

കറുത്ത നിറമുള്ള ചെറു വളര്‍ച്ചകളാണ് ഇവ. ഉപരിതലം മൃദുവായും പരുപരുത്തും കാണപ്പെടുന്നുണ്ട്. മെലനോസൈറ്റുകള്‍ എന്ന കോശങ്ങള്‍ അമിതമായി പെരുകുന്നതാണ് ഇതിനു കാരണം. ശരീരത്തില്‍ എവിടെയും പ്രത്യക്ഷപ്പെടാവുന്ന ഇവ പല തരത്തിലുണ്ട്.

മിക്കവാറുമുള്ള മറുകുകള്‍ നിരുപദ്രവികളാണ്. എന്നാല്‍ മെലനോമ (malignant melanoma) എന്ന ത്വക്ക് അര്‍ബുദം ഉണ്ടാകുന്നത് ഇത്തരം മറുകിലാണ്. മറുകിന്റെ രൂപത്തിലും വലുപ്പത്തിലും നിറത്തിലും മാറ്റമുണ്ടാകുന്നത് കാന്‍സര്‍കൊണ്ടു മാത്രമായിക്കൊള്ളണമെന്നില്ല. എങ്കിലും അത് ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതുണ്ട്.


സെല്ലുലൈറ്റിസ് (Cellulitis).

ത്വക്കിലും അതിന്റെ അടിയിലുള്ള പേശികളിലും ഉണ്ടാകുന്ന അണുബാധയാണിത്. തൊലി ചുവന്നുതടിച്ച് വീര്‍ത്തുവരുന്നതാണ് ലക്ഷണം. ചിലപ്പോള്‍, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മുറിവിലൂടെയാകും അണുബാധയുണ്ടാവുക. സാധാരണയായി കാലുകളിലാണ് ഇത് കാണുന്നത്. ശക്തമായ വേദനയും ഉണ്ടാകും. പ്രായമേറുന്തോറും രോഗസാധ്യതയും ഏറുന്നു. രക്തപ്രവാഹ തീവ്രത കുറയുന്നതിനാല്‍ നീരുണ്ടാകാനുള്ള സാധ്യത കൂടുന്നു. പ്രതിരോധശേഷി കുറഞ്ഞ ഘട്ടങ്ങളിലാണ് ഈ അണുബാധയുണ്ടാകുന്നത്. വേദനയ്ക്കും നീരിനുമൊപ്പം പനിയും രോഗലക്ഷണമാണ്.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണണം. സെല്ലുലൈറ്റിസ് ചികിത്സിക്കാതെ അവഗണിച്ചാല്‍ രക്തത്തിലെ അണുബാധയായ സെപ്റ്റിസീമിയയ്ക്കു വഴിവയ്ക്കും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രതിവിധി.

പുഴുക്കടി (Ring worm).

പേര് സൂചിപ്പിക്കുന്നതുപോലെ വിരകള്‍കൊണ്ടോ കീടങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ചര്‍മരോഗമല്ല ഇത്. ഫംഗസ് ആണ് രോഗകാരി. മോതിരത്തിന്റെ ആകൃതിയില്‍ (വൃത്താകൃതിയില്‍) ചൊറിച്ചിലോടുകൂടി, ചര്‍മത്തിലുണ്ടാകുന്ന ചുവന്ന പാടുകളാണ് ഇവ.


ടിനിയ കാപിറ്റിസ്, ടിനിയ കോര്‍പോറിസ്, ടിനിയ ക്രൂറിസ് എന്നിവയാണ് രോഗകാരക ഫംഗസ്സുകളില്‍ പ്രധാനം. കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗം പകര്‍ച്ചവ്യാധിയാണ്. നായ്ക്കളില്‍നിന്നോ പൂച്ചകളില്‍നിന്നോ ആണ് കുട്ടികള്‍ക്ക് ഈ ഫംഗസ് ബാധിക്കുന്നത്. പ്രമേഹം, എയ്ഡ്സ് തുടങ്ങി പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗമുള്ളവരില്‍ ഈ ഫംഗസ്ബാധയ്ക്കു സാധ്യതയേറുന്നു.

തടിപ്പിന്റെ ആകൃതിയും പ്രകൃതിയും നിരീക്ഷിച്ചാണ് പുഴുക്കടിബാധയാണോ എന്നു മനസ്സിലാക്കുന്നത്. ചര്‍മത്തില്‍നിന്നു ചുരണ്ടിയെടുക്കുന്ന ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചും രോഗം സ്ഥിരീകരിക്കാം.

ആന്റിഫംഗല്‍ ലേപനങ്ങളാണ് പ്രതിവിധി. ചിലപ്പോള്‍ ഈയിനത്തിലുള്ള ഔഷധങ്ങള്‍ ഉള്ളില്‍ കഴിക്കേണ്ടതായും വരാം. മാസങ്ങള്‍ നീണ്ടുനില്ക്കുന്ന ചികിത്സ ചില രോഗികളില്‍ വേണ്ടിവരും.

അരിമ്പാറ (Wart).

വൈറസ് മൂലം ചര്‍മത്തിലുണ്ടാകുന്ന തവിട്ടുനിറത്തിലുള്ളതോ കറുത്തതോ ആയ ചെറു വളര്‍ച്ചകളെയാണ് പൊതുവേ അരിമ്പാറകള്‍ എന്നു പറയുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് ത്വക്കിനുള്ളില്‍ കയറിക്കൂടി അവിടത്തെ കോശങ്ങളെ പെരുകാന്‍ പ്രേരിപ്പിക്കുകയും ചര്‍മത്തിന്റെ കട്ടി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നേരിട്ടുള്ള സമ്പര്‍ക്കംവഴി പകരുന്ന ഈ രോഗം പ്രതിരോധശേഷി കുറഞ്ഞവരില്‍ കൂടുതലായി കാണപ്പെടുന്നു. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ രോഗം വേഗം പകരുന്നു.


സാധാരണഗതിയില്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന അരിമ്പാറകള്‍ നിരുപദ്രവകാരികളാണ്. മിക്ക അരിമ്പാറകളും തനിയെ അപ്രത്യക്ഷമാകും. ചിലപ്പോള്‍ ഇതിനു മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ ജനനേന്ദ്രിയത്തില്‍ കാണപ്പെടുന്ന അരിമ്പാറയ്ക്ക് ശ്രദ്ധയും നിരീക്ഷണവും ആവശ്യമാണ്.

സാധാരണ ചികിത്സകള്‍ ഫലിക്കാതെ വരുകയോ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ഉറയിക്കല്‍ (freezing), ചുരണ്ടല്‍ (scraping), കരിച്ചുകളയല്‍ (cauterising) എന്നിവയാണ് പ്രതിവിധികള്‍.



ഡയപര്‍ റാഷ് (Diaper rash).

ശിശുക്കളില്‍ സാധാരണ കാണപ്പെടുന്ന ഒരു ചര്‍മരോഗമാണ് ഡയപര്‍ റാഷ്. പ്ളാസ്റ്റിക് ഡയപര്‍ ഉപയോഗിക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. വിസര്‍ജനം കഴിഞ്ഞ ഉടനെ ഡയപര്‍ മാറ്റിയില്ലെങ്കില്‍ അണുബാധയുണ്ടാവുകയുംശക്തമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. കുട്ടികളുടെ ഗുഹ്യഭാഗങ്ങളിലും തുടയിലും ചുവപ്പുനിറത്തോടുകൂടിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഡയപറുകള്‍ ഇടയ്ക്കിടെ മാറ്റുക എന്നതാണ് രോഗം വരാതിരിക്കാനുള്ള കരുതല്‍ നടപടി. വിസര്‍ജനം കഴിഞ്ഞ ഉടന്‍തന്നെ ചെറു ചൂടുവെള്ളത്തില്‍ പഞ്ഞിമുക്കി വൃത്തിയാക്കണം. രോഗബാധയുള്ള ഭാഗങ്ങളില്‍ കാറ്റുതട്ടാന്‍ അനുവദിക്കുക. പൂപ്പല്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെതിരെയുള്ള ആന്റിഫംഗല്‍ ക്രീമുകള്‍ ഉപയോഗിക്കാം.

താരന്‍ (Dandruff).

തലയോട്ടിയിലെ ഉപരിതല ചര്‍മം അമിതമായി കൊഴിഞ്ഞുപോകുന്ന രോഗാവസ്ഥയാണിത്. കൊഴിയുന്ന മൃതകോശങ്ങള്‍ മുടിയില്‍ അടിഞ്ഞുകൂടുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. തലയോട്ടിയില്‍ വളരുന്ന യീസ്റ്റും ഇതിനു കാരണമാണ്.


ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം, ടാര്‍ അടിസ്ഥാന വസ്തുവായുള്ള ഷാമ്പൂവോ ആന്റി-യീസ്റ്റ് പദാര്‍ഥം അടങ്ങിയിട്ടുള്ള ഷാമ്പൂവോ ഉപയോഗിച്ച് മുടി കഴുകുക. സെലനിയം സള്‍ഫൈഡ്, കീറ്റോകൊനാസോള്‍ എന്നിവ അത്തരം രാസപദാര്‍ഥങ്ങളാണ്.

തുടര്‍ച്ചയായ ചികിത്സയ്ക്കുശേഷവും താരന്‍ ശമിക്കുന്നില്ലെങ്കില്‍ മറ്റു രോഗാവസ്ഥകളായ സോറിയാസിസ്, എക്സിമ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം.

കഷണ്ടി (Baldness).

തലയില്‍നിന്ന് മുടി അമിതമായി കൊഴിഞ്ഞ് തലയോട്ടി ദൃശ്യമാകുന്ന അവസ്ഥ. പുരുഷന്മാരിലാണ് സാധാരണയായി കഷണ്ടി കണ്ടുവരുന്നതെങ്കിലും അപൂര്‍വമായി ചില സ്ത്രീകളിലും ഇത് കണ്ടുവരുന്നു. പുരുഷന്മാരില്‍ കാണുന്ന കഷണ്ടിക്ക് ആന്‍ഡ്രോജനിക് അലോപേഷ്യ എന്നാണു പേര്. സാധാരണഗതിയില്‍ മുപ്പതുവയസ്സുകഴിഞ്ഞാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. മുടിവേരുകളിലെ ഫോളിക്കിളുകള്‍ക്ക് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിനോടുള്ള ഹൈപ്പര്‍സെന്‍സിറ്റിവിറ്റിയാണ് ഇതിനു കാരണമത്രെ. ചിലരില്‍ പാരമ്പര്യമായി ഈ അവസ്ഥ കണ്ടുവരുന്നു.

ചില ഔഷധങ്ങള്‍ താത്കാലിക പ്രയോജനം നല്കുന്നതായി തെളിവുകളുണ്ടെങ്കിലും കഷണ്ടി സ്ഥിരമായി മാറണമെങ്കില്‍ ഹെയര്‍ ട്രാന്‍സ്പ്ളാന്റ് മാത്രമാണ് പ്രതിവിധി.

അലര്‍ജി.

ചില ഭക്ഷണപദാര്‍ഥങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഔഷധങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ തൊലിപ്പുറത്ത് ചൊറിച്ചിലും തടിപ്പുമുണ്ടാക്കാം. ചില ത്വക്ക് അലര്‍ജി ദിവസങ്ങളോളം നീണ്ടുനില്ക്കും.

അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഏതെന്നു തിരിച്ചറിഞ്ഞ് അവയില്‍നിന്ന് ഒഴിഞ്ഞുനില്ക്കുകയാണ് പ്രതിവിധി. ആന്റിഹിസ്റ്റമിന്‍ വിഭാഗത്തിലുള്ള മരുന്നുകള്‍ താത്കാലിക ആശ്വാസം നല്കും. ഏതെങ്കിലും ഔഷധത്തോട് അലര്‍ജിയുണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

ത്വക്കിലെ ചുളിവ് (ജര).

പ്രായമേറുന്തോറും ചര്‍മത്തിന്റെ തിളക്കത്തിനും പ്രസരിപ്പിനും സ്നിഗ്ധതയ്ക്കും കാരണമായ കൊളാജന്‍ കുറഞ്ഞുവരുന്നത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തി ചര്‍മം ചുളിയാന്‍ ഇടയാക്കുന്നു. സ്വേദഗ്രന്ഥികളുടെ കുറവും ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇലാസ്തികത നിലനിര്‍ത്താനും ജരയെ മറികടക്കാനുമുള്ള നിരവധി സങ്കേതങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉണ്ട്. അതില്‍ പ്രധാനമാണ് ബോട്ടോക്സ് ഇഞ്ചക്ഷന്‍. മുഖത്തെ ചുളിവുകളും വരകളും മായ്ച്ചുകളയാനാണ് ഇത് ഉപയോഗിക്കുക. കവിളിലും നെറ്റിയിലും കണ്‍പോളകള്‍ക്കു താഴെയുമുള്ള ചുളിവുകളെ ബോട്ടോക്സ് ഇഞ്ചക്ഷന്‍ കൊണ്ട് താത്കാലികമായി മായ്ക്കാം. മൂന്നു നാലു മാസങ്ങള്‍ വരെ ഇതിന്റെ ഫലം നീണ്ടുനില്ക്കും. ചര്‍മത്തിലെ സ്വാഭാവിക വസ്തുവായ കൊളാജന്‍ കൃത്രിമമായി നിര്‍മിച്ച്, ശരീരത്തില്‍ ആവശ്യമുള്ളിടത്ത് കുത്തിവയ്ക്കുന്ന സമ്പ്രദായവും പ്രചാരം നേടിവരുന്നു.

ത്വക്കിലെ അര്‍ബുദം.

ത്വക്കിനെ ബാധിക്കുന്ന അര്‍ബുദ രോഗങ്ങളില്‍ പ്രധാനപ്പെട്ടവ ബേസല്‍ സെല്‍ കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ, മലിഗ്നന്റ് മെലനോമ എന്നിവയാണ്. ഇതില്‍ മെലനോമയാണ് ഗൗരവസ്വഭാവമേറിയ കാന്‍സര്‍.

സാധാരണ ചര്‍മത്തില്‍നിന്നോ, നേരത്തേയുള്ള കറുത്ത മറുകില്‍നിന്നോ ഈ കാന്‍സര്‍ വളരാം. തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായിത്തീരാന്‍ സാധ്യതയുണ്ട്. മെലാനിന്‍ ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റുകള്‍ എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറാണ് ഇതിനു കാരണം. സൂര്യപ്രകാശവുമായി അമിത സമ്പര്‍ക്കം ഉണ്ടാകുന്നത് ഈ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മറുകുകള്‍ പെട്ടെന്നു വളരുക, അതിന്റെ ആകൃതിയില്‍ വ്യത്യാസമുണ്ടാവുക, അവിടെ തടിപ്പോ വീക്കമോ ചുവപ്പോ ചൊറിച്ചിലോ ഉണ്ടാവുക, അതിന് കട്ടി കൂടുക, രക്തസ്രാവമുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ഡോക്ടറുടെ സഹായം തേടണം.

ശസ്ത്രക്രിയയാണ് പ്രധാന പ്രതിവിധി. രോഗം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണെങ്കില്‍ കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയും വേണ്ടിവന്നേക്കാം.

ചര്‍മരോഗം ആയുര്‍വേദ കാഴ്ചപ്പാടില്‍.

ആയുര്‍വേദ സമ്പ്രദായപ്രകാരം വാത-പിത്ത-കഫങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളാണ് ചര്‍മരോഗങ്ങള്‍ക്കും നിദാനം. കുഷ്ഠം, വിസര്‍പ്പം, വിദ്രധി, ക്ഷുദ്രരോഗം എന്നിങ്ങനെ വിവിധ രീതിയിലാണ് ആയുര്‍വേദം ചര്‍മരോഗങ്ങളെ കാണുന്നത്.

ശോധനചികിത്സകള്‍ക്ക് ചര്‍മരോഗത്തില്‍ പ്രത്യേക പ്രാധാന്യം കൊടുത്തുകാണുന്നു. ചര്‍മത്തിന്റെ പുറത്തു പുരട്ടാന്‍ ലേപനങ്ങളും ചൂര്‍ണങ്ങളും ഉപയോഗിക്കുന്നു. അനുബന്ധമായി നല്കുന്ന രസായന ചികിത്സകൊണ്ട് പൊതുവായ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ധിപ്പിച്ച് ചര്‍മരോഗങ്ങള്‍ പിടിപെടാതെ സൂക്ഷിക്കാന്‍ കഴിയും. ദൈനംദിന ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിലൂടെ ചര്‍മരോഗങ്ങള്‍ വരാതെ ശരീരം സംരക്ഷിക്കാമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.

ദിവസേന പത്തുഗ്ളാസ്സ് വെള്ളമെങ്കിലും കുടിക്കുക, ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക, ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയ എണ്ണ പുരട്ടി നിത്യവും സ്നാനം ചെയ്യുക, വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക, അമിതമായചൂടും മസാലയും എരിവും ഉളള ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക, കൃത്രിമനാരുകള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ക്കു പകരം പരുത്തിവസ്ത്രം ഉപയോഗിക്കുക, മാനസിക വിശ്രാന്തി ലഭിക്കുന്ന ലഘുവിനോദങ്ങളിലും ധ്യാനത്തിലും ഏര്‍പ്പെടുക തുടങ്ങിയ ലളിതമാര്‍ഗങ്ങള്‍ ചര്‍മത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ത്വക്ക്‌ രോഗങ്ങള്‍ പൊതു ആരോഗ്യ നിര്‍ദേശങ്ങള്‍

ഒരു ഡോക്‌ടര്‍ക്ക്‌ രോഗിയുടെ ആന്തരികാവയവങ്ങളിലേക്ക്‌ വളവും തിരിവുമില്ലാതെ എത്തിനോക്കാനുള്ള ജനലായാണ്‌ മനുഷ്യശരീരത്തിലെ തൊലി പരിഗണിക്കപ്പെടുന്നത്‌. ആരോഗ്യമുള്ള മനസ്സുള്ളവര്‍ക്കേ ആരോഗ്യമുള്ള തൊലി ഉണ്ടാകൂ

.
പിരിമുറുക്കം
ഇന്ന്‌ ഓരോ കുഞ്ഞും പിറന്നുവീഴുന്നത്‌ നഗരവത്‌കരണവും ആഗോളവത്‌കരണവും സമ്മാനിക്കുന്ന ആധുനികതയിലേക്കാണ്‌. മത്സരജീവിതം ചര്‍മത്തിന്‌ ദ്രോഹമുണ്ടാക്കുന്നു. ചര്‍മരോഗങ്ങള്‍ മാനസികപിരിമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ട്‌ ആരോഗ്യമുള്ളതും പിരിമുറുക്കമില്ലാത്തതുമായ മനസ്സ്‌ ത്വക്ക്‌്‌ രോഗങ്ങളെ തടയുന്നതിന്റെ പ്രധാന ഘടകമാണ്‌. അലര്‍ജി മുതല്‍ മുടികൊഴിച്ചില്‍, ചൊറി, മുഖക്കുരു, താരന്‍ വരെ ഇതിന്റെ ഫലമാണ്‌.

പരിസ്ഥിതി
പരിസ്ഥിതിയുടെ മാറ്റങ്ങളും ത്വക്കിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. സൂര്യാ ഘാതം മൂലം ഏകദേശം 60,000 മരണങ്ങള്‍ ലോകത്ത്‌ വര്‍ഷം തോറും സംഭവിക്കുന്നുണ്ട്‌. സൂര്യാഘാതം, അലര്‍ജി, സോറിയാസിസ്‌, എന്നുതുടങ്ങി സ്‌കിന്‍ കാന്‍സര്‍പോലുള്ള രോഗങ്ങള്‍ ഇന്ന്‌ സര്‍വസാധാരണമായിരിക്കുന്നു. ഇത്‌ തടയുന്നതിന്‌ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ടു പതിക്കുന്നത്‌ തടയുന്നത്‌ നന്നായിരിക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചര്‍മരോഗങ്ങള്‍ക്ക്‌ ഒരുപരിധിവരെ സണ്‍സ്‌ക്രീന്‍ പ്രതിവിധിയാണ്‌. പുറത്തുപോകുന്നതിന്റെ അര മണിക്കൂര്‍ മുമ്പാണ്‌ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടേണ്ടത്‌. അതുകഴിഞ്ഞ്‌ ഈരണ്ട്‌ മണിക്കൂര്‍ ഇടവിട്ട്‌ പുരട്ടുക. പരമാവധി അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ഉള്ള സമയത്ത്‌, അതായത്‌ രാവിലെ പത്ത്‌ മണിമുതല്‍ നാലുമണി വരെ തൊപ്പി, നീളന്‍ കുപ്പായം എന്നിവ ധരിക്കാവുന്നതാണ്‌. വെളുത്ത തൊലിയുള്ളവര്‍ പകല്‍ സമയത്ത്‌ പുറത്ത്‌ പോകുമ്പോള്‍ അതീവശ്രദ്ധ ചെലുത്തണം. ശരീരം മൂടുന്ന രൂപത്തിലുളള വസ്‌ത്രം ധരിക്കുന്നത്‌ നന്നായിരിക്കും. ലോഷനുകള്‍ കുളി, നീന്തല്‍, കൂടുതല്‍ വിയര്‍ക്കുന്ന സമയം എന്നിവ കഴിഞ്ഞ്‌ പുരട്ടണം. പുറത്തുപോകുമ്പോള്‍ മിതമായ കട്ടിയില്‍ പുരട്ടിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ.
മിതമായ സൂര്യപ്രകാശം അത്യാവശ്യമാണ്‌. അല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകും. ഇത്‌ അസ്ഥിസംബന്ധ രോഗങ്ങളായ അസ്ഥി തേയ്‌മാനം പോലുള്ള രോഗങ്ങള്‍ക്കും പ്രതിരോധ ശേഷിക്കുറവ്‌,ടി.ബി പോലുള്ള രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
പുകവലി
ഏകദേശം 5000 ത്തോളം വിഷാംശങ്ങളെ പുകവലി അന്തരീക്ഷത്തിലേക്ക്‌ തള്ളിവിടുന്നു. അത്‌ ത്വക്കിലൂടെയുള്ള രക്തപ്രവാഹം കുറക്കുകയും പ്രതിരോധത്തിന്‌ ആവശ്യമായ വിറ്റാമിന്‍ ഡി, ഇ പോലുള്ളവയെ കുറക്കുകയും ചെയ്യുന്നു. പുകവലിക്കുന്നവര്‍ക്ക്‌ മുഴ, മുടികൊഴിച്ചില്‍ കൂടാതെ വായയിലും ചുണ്ടിലും കാന്‍സര്‍ എന്നിവ ഉണ്ടാകുന്നു. പുകവലിക്കാരില്‍ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം ഉണ്ടാവുകയും ചെയ്യും. ഇത്തരക്കാരില്‍ അകാലവാര്‍ധക്യവും ഉണ്ടാവും.

അലര്‍ജി
വീട്ടുപയോഗസാധനങ്ങളുമായും ഡിറ്റര്‍ജന്‍, സോപ്പ്‌ തുടങ്ങിയ രാസവസ്‌തുക്കളുമായും കൂടുതല്‍ ഇടപഴകുന്നതിനാല്‍ സ്‌ത്രീകള്‍ക്ക്‌ അലര്‍ജി വരാന്‍ സാധ്യത ഏറെയാണ്‌. അതിനാല്‍ ജോലിസമയത്ത്‌ കൈയുറകള്‍ ധരിക്കുന്നതും രാസവസ്‌തുക്കളുമായും വെള്ളവുമായും കൂടുതല്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. വരണ്ട ചര്‍മമുള്ളവര്‍ക്കും ത്വക്ക്‌രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്‌. തണുപ്പ്‌, ചൂട്‌, കാറ്റ്‌, വരണ്ട അന്തരീക്ഷം എന്നിവയില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്‌. കുളിക്കാന്‍ സോപ്പിന്‌ പകരമായി സബ്‌സ്‌റ്റിറ്റിയൂട്ട്‌ ഉപയോഗിക്കുക.
വരണ്ട ചര്‍മമുള്ളവര്‍ കുളി കഴിഞ്ഞ്‌ മൂന്ന്‌ മിനുട്ടിനകം മോയ്‌സ്‌ചറേസ്‌ ക്രീമുകള്‍ ഉപയോഗിക്കണം. ഇത്‌ ജലാംശത്തെ ശരീരത്തില്‍ പിടിച്ചു നിര്‍ത്താനും അന്തരീക്ഷത്തില്‍ നിന്ന്‌ ജലാംശത്തെ ശരീരത്തിലേക്ക്‌ ആഗിരണം ചെയ്യാനും സഹായിക്കും. മോയ്‌സ്‌ചറേസര്‍ ഉപയോഗിക്കുമ്പോള്‍ രോമത്തിന്റെ അതേ ദിശയില്‍ പുരട്ടുക. എതിര്‍ദിശയില്‍ പുരട്ടുന്നത്‌ രോമകൂപങ്ങളില്‍ രോഗാണുബാധക്ക്‌ കാരണമാകും.
പലതരത്തിലുള്ള മോയ്‌സ്‌ചറേസുകളും വിപണിയില്‍ ലഭ്യമാണ്‌. സോഫ്‌റ്റ്‌ പാരഫിന്‍ താരതമ്യേന വില കുറവുള്ളതാണ്‌. വരണ്ട ചര്‍മമുള്ളവര്‍ അയഞ്ഞ കോട്ടണ്‍ ഡ്രസ്സുകള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. ശരീരം മുഴുവന്‍ മൂടുന്ന വസ്‌ത്രം ഉപയോഗിക്കുന്നത്‌ ചൂടുള്ള സമയത്ത്‌ ശരീരം വരണ്ടുപോകാതിരിക്കാനും ശൈത്യകാലത്ത്‌ ഉണ്ടാകാന്‍ ഇടയുള്ള ചര്‍മരോഗങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനും ഒരുപരിധി വരെ സംരക്ഷിക്കും. അലര്‍ജിയുള്ളവര്‍ അയഞ്ഞതും പൂര്‍ണമായി കോട്ടണുമായ വസ്‌ത്രങ്ങള്‍ ഉപയോഗിക്കണം. വരണ്ട ചര്‍മമുള്ളവര്‍ക്ക്‌ കാലുറകളില്‍ അലര്‍ജിയുണ്ടാവാന്‍ സാധ്യത കൂടുതലാണ്‌. അതുകൊണ്ട്‌ സോക്‌സുകള്‍ ഉപയോഗിക്കുമ്പോള്‍ പോളിസ്റ്റര്‍ സോക്‌സുകള്‍ ഉപയോഗിക്കരുത്‌. ഭാരം കുറഞ്ഞ ചെരിപ്പുകള്‍ ധരിക്കരുത്‌. ലതര്‍, റക്‌സിന്‍, പോളിയൂറിത്തീന്‍ മുതലായവ കൊണ്ടുള്ള ചെരിപ്പുകള്‍ ധരിക്കുക. കാന്‍വാസ്‌ ഷൂ ഉപയോഗിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. ഇറുകിയ ഷൂ ഉപയോഗിക്കുന്നത്‌ ഉരസലിന്‌ കാരണമാവുകയും പാദങ്ങള്‍ക്ക്‌ പരിക്കുണ്ടാവുകയും ചെയ്യും. ഷൂ ധരിക്കുന്നതിന്‌ മുമ്പും ശേഷവും ക്രീം ഉപയോഗിക്കുക. ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്ന പാല്‍, പീനട്ട്‌ പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കുട്ടികളില്‍ കാണപ്പെടുന്ന Apopicadermatis രോഗത്തിന്‌ കാര്‍പെറ്റുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്താനും വളര്‍ത്തുമൃഗങ്ങളെ അകറ്റി നിര്‍ത്താനും ശ്രദ്ധിക്കണം.
ദീര്‍ഘനേരം നിന്ന്‌ പണിയെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ വെരിക്കോസ്‌ വെയിന്‍, കൈയില്‍ വ്രണം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്‌. അത്തരം ആളുകള്‍ക്ക്‌ ചര്‍മത്തിന്‌ നിറവ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെയുള്ള നിറവ്യത്യാസത്തിന്‌ പ്രത്യേക ചികിത്സയില്ല. അത്‌ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ പകരാനും സാധ്യതയുണ്ട്‌. വെരിക്കോസ്‌ വെയിന്‍ ഉള്ളവര്‍ കൂടുതല്‍ നേരം നില്‍ക്കുന്നത്‌ ഒഴിവാക്കുകയും ഭാരം കുറക്കുകയും വേണം. അവര്‍ കിടക്കുമ്പോള്‍ കാലുകള്‍ കിടക്കയില്‍ നിന്നും 30 ഡിഗ്രിയോളം ഉയര്‍ത്തിവെക്കണം. ഇവര്‍ സോക്‌സുകള്‍ ഉപയോഗിക്കുന്നത്‌ കാലില്‍ അള്‍സറുണ്ടാകാനുള്ള സാധ്യത കുറക്കും.

മരുന്നിന്റെ റിയാക്ഷന്‍
ഒരു വ്യക്തി ഏതെങ്കിലും മരുന്ന്‌ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലോ മറ്റോ വന്നിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ഒരിക്കലും മരുന്നുകള്‍ ഉപയോഗിക്കരുത്‌. പുറമെ പുരട്ടുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ഉപയോഗിക്കരുത്‌. അവ ഡോക്ടര്‍ നിര്‍ദേശിച്ച കാലയളവില്‍ മാത്രം പുരട്ടുക. അല്ലാതെ ഉപയോഗിക്കുന്നത്‌ ചര്‍മത്തിന്റെ സ്വാഭാവികതയെ മാറ്റിമറിക്കും. പ്രത്യേകിച്ചും സ്റ്റിറോയിഡുകള്‍ പോലുള്ളവ. ഓയിലി സ്‌കിന്‍ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശമില്ലാതെ ക്രീമുകള്‍ ഉപയോഗിച്ചാല്‍ മുഖക്കുരു വരാനിടയുണ്ട്‌.
ഇടക്കിടെ കൈകാലുകള്‍ കഴുകുന്ന ശീലമുള്ളവര്‍ക്ക്‌ വിരലുകളുടെ ഇടയില്‍ നഖത്തില്‍ ഫംഗസ്‌ ബാധ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. കാല്‍ വിരലുകള്‍ വളരെ അടുത്ത്‌ നില്‍ക്കുന്നവര്‍ക്കും ഫംഗസ്‌ബാധ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. അവര്‍ കാല്‍വിരലുകള്‍ക്കിടയില്‍ എന്തെങ്കിലും വെച്ച്‌ അവയെ അകറ്റി നിര്‍ത്തുകയും ഡ്രൈയായി സൂക്ഷിക്കുകയും കാല്‍ മറയുന്ന തരത്തിലുള്ള ഷൂ ഉപയോഗിക്കുകയും ചെയ്യണം. പൊണ്ണത്തടിയുള്ളവര്‍ക്ക്‌ കഴുത്തിലും മടക്കുകളിലുമുള്ള ചര്‍മം ഇരുണ്ടതും കട്ടിയുള്ളതുമായി തീരുന്നു. ചിലര്‍ക്ക്‌ കഴുത്തിലും കൈമടക്കിലും ചെറിയ മുഴകള്‍ കാണും. അത്തരം ആളുകള്‍ക്ക്‌ മുഖത്ത്‌ കൂടുതല്‍ രോമവളര്‍ച്ചയുണ്ടാവും. കാലുകളുടെ ഇടയിലും കഴുത്തിലെയും വയറിലെയും ചര്‍മത്തിന്‌ ഇലാസ്‌തികത നഷ്ടപ്പെടുകയും ചെയ്യും. മുഖക്കുരു, ഫംഗസ്‌ബാധ, മുടികൊഴിച്ചില്‍, രോമകൂപങ്ങളില്‍ അണുബാധ, കാലില്‍ അണുബാധ തുടങ്ങിയവയും സാധാരണമാണ്‌.
ദീര്‍ഘകാലം കിടപ്പിലായവരില്‍ വ്രണങ്ങളുണ്ടാകുന്നത്‌ സാധാരണമാണ്‌. അവരെ ബെഡില്‍ നിന്ന്‌ മുപ്പത്‌ ഡിഗ്രി ചരിച്ചു കിടത്തുക. മുറിവുകള്‍ വെച്ചുകെട്ടി രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ ഭാഗം മാറ്റിക്കിടത്തണം. ഇത്‌ വ്രണമുണ്ടാക്കുന്നത്‌ തടയും. തലഭാഗം ഉയര്‍ത്തി വെക്കാതിരിക്കുക. മോയ്‌സ്‌ചറസ്‌ ക്രീം നെഞ്ചിലും പിറകിലും അതുപോലെ രോമം കൂടുതലുള്ള സ്ഥലത്തും പുരട്ടുന്നത്‌ വ്രണങ്ങളുണ്ടാക്കാതെ തടയും. ഡയപ്പര്‍ ഉപയോഗിക്കുന്ന രോഗികളില്‍ തുടയുടെ ഭാഗത്ത്‌ മൂത്രത്തില്‍ നിന്നും മലത്തില്‍ നിന്നും ജലാംശം ചെന്ന്‌ ചുകന്ന്‌ വരാന്‍ കാരണമാകും. അത്തരം രോഗികള്‍ മലമൂത്ര വിസര്‍ജനത്തിനു ശേഷം ക്രീം ഉപയോഗിക്കുക. കോട്ടണ്‍ ഡയപ്പര്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്‌. ഡയപ്പര്‍ മാറ്റിയതിനു ശേഷം ബാരിയര്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. അത്തരം ഭാഗങ്ങളില്‍ അമിതമായി ചൊറിയാതിരിക്കാനും ശ്രദ്ധിക്കുക.
ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്ക്‌ സ്‌കാബീസ്‌, പെടിക്കുലസ്‌ തുടങ്ങിയ ഫംഗസ്‌ബാധ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. അവര്‍ സോപ്പ്‌, ബെഡ്‌, ഡ്രസ്സ്‌ എന്നിവ പങ്കിടുന്നത്‌ ഒഴിവാക്കണം. ആര്‍ക്കെങ്കിലും സ്‌കാബീസ്‌ പോലുള്ള രോഗം ഉണ്ടായാല്‍ ആ കുടുംബത്തിലെ കുട്ടികളെയും ഗര്‍ഭിണികളെയും ഒരേസമയം ചികിത്സിക്കണം. കൂടുതലായി വിയര്‍ക്കുന്നവര്‍ക്ക്‌ പ്രത്യേകിച്ചും ചൂടുള്ള കാലാവസ്ഥയില്‍ ആല്‍ബുമിന്‍ ഉണ്ടാവുന്നു. ഇത്തരമാളുകള്‍ കുട്ടികളായാലും, കൂടുതല്‍ വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ള അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കണം.
വളരെ ഇറുകിയ വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഫംഗസ്‌ ബാധ, അലര്‍ജി തുടങ്ങിയവ വരാന്‍ സാധ്യത കൂടുതലാണ്‌. ജനനേന്ദ്രിയത്തിന്‌ ചുറ്റും ചൊറിച്ചിലുള്ളസ്‌ത്രീകള്‍ സോപ്പ്‌, നാപ്‌കിന്‍ എന്നിവ ഉപയോഗിക്കരുത്‌. ഇറുകിയതും സിന്തറ്റിക്‌സ്‌ കൂടുതലുള്ളതുമായ അടിവസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുകയും വേണം. ചെറുചൂടുവെള്ളത്തില്‍ കഴുകണം.
നഖം നന്നായി വെട്ടി വൃത്തിയാക്കാത്തവരില്‍, പ്രത്യേകിച്ചും കാല്‍നഖങ്ങളില്‍ അണുബാധ പെട്ടെന്നു വരാന്‍ കാരണമാകും. തറയിലും മണ്ണിലും കിടക്കുന്ന കുട്ടികളില്‍ അണുബാധവരാനും അതുമൂലം തൊലി വിണ്ടുകീറാനും ഇടയുണ്ട്‌. കൊതുകുകടി മൂലമുണ്ടാകുന്ന അലര്‍ജി കുട്ടികളില്‍ സര്‍വസാധാരണമാണ്‌. അതിനാല്‍ ശരീരം മൂടുന്ന വസ്‌ത്രങ്ങളും കൊതുകിനെ പ്രതിരോധിക്കുന്ന ക്രീമുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

അവസാനം പരിഷ്കരിച്ചത് : 6/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate