പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും വലിയവൻ. പക്ഷേ ഏറ്റവും ദുർബലനും ആൾ തന്നെയാണ്. പറഞ്ഞുവരുന്നതു നമ്മുടെ ത്വക്കിനെക്കുറിച്ചാണ്. ഇഷ്‌ടമില്ലാത്തതു കണ്ടാൽ നമ്മൾ മുഖം വീർപ്പിക്കുന്നതു പോലെ ത്വക്കും ചുമന്നു വീർക്കും. എന്തിന്, ഹോർമോണുകളുടെ വികൃതിത്തരങ്ങൾ വരെ സൈൻ ബോർഡിലെന്ന പോലെ തെളിഞ്ഞുവരുന്നതു ത്വക്കിലാണ്. ത്വക്കിനെ സംരക്ഷിക്കുക എന്നത് ആരോഗ്യസംരക്ഷണത്തിൽ ഏറെ പ്രധാനമാണ്. ചർമത്തെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ചറിയാം.
ചുണങ്ങ്
ഒരു ഫംഗസ് രോഗം, പ്രമേഹ രോഗികളിൽ കൂടുതലായി കണ്ടുവരുന്നു. കുറഞ്ഞ പ്രതിരോധശേഷിക്കു പുറമേ എണ്ണമയമുള്ള ചർമം, ചൂടുള്ള കാലാവസ്ഥ, അമിത വിയർപ്പ് എന്നിവ കാരണമാകാം. നെഞ്ചിലും പുറത്തും കഴുത്തിന്റെ വശങ്ങളിലുമൊക്കെ കാണുന്ന നിറം മങ്ങിയ പാടുകളാണ് ലക്ഷണം ചുവപ്പ്, ബ്രൗൺ നിറത്തിലും പാടുകളുണ്ടാകാം. ചെറിയ ചൊറിച്ചിലും ഉണ്ടായെന്നുവരാം. അടുത്തിടപഴകുന്നതിലൂടെ രോഗം പകരാം.
പുഴുക്കടി
ഈർപ്പമുള്ളതും അമിതവിയർപ്പുള്ളതുമായ ചർമം, ചർമത്തിലുണ്ടാകുന്ന മുറിവുകൾ, വ്യക്തിശുചിത്വമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങൾ. സെർമറ്റോഫൈറ്റ്സ് എന്ന ഫംഗസാണ് രോഗകാരണം. തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള വൃത്താകൃതിയിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലുമുണ്ടാകാം. കക്ഷം, തുടയിടുക്കുകൾ, നാഭി, താടിയും മീശയുമുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ കൂടുതലായി കാണുന്നു.
അരിമ്പാറ
ഒരു വൈറസ് രോഗം. മറ്റുള്ളവരിലേക്ക് പകരാം. ചർമത്തിലെ പുറംപാളിയിലുള്ള കോശങ്ങൾ അതിവേഗം വളരുന്നതാണ് കാരണം. കുട്ടികളിലും കൗമാരപ്രായക്കാരിലും കൂടുതലായി കണ്ടുവരുന്നു. തവിട്ടുനിറത്തിൽ കാലുകളിലും കാൽപാദങ്ങളുടെ അടിയിലും കാണുന്നതാണ്. പ്ലന്റാർ വാർട്സ്, ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്നവയാണ് ജനൈറ്റൽ വാർട്സ്
സ്കേബിസ്
കഠിനമായ ചൊറിച്ചിലാണ് രോഗലക്ഷണം. സാർകോപ്റ്റസ് സ്കാബി എന്ന പാരസൈറ്റുകളാണ് രോഗകാരണം. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരും. കൈവിരലുകൾക്കിടയിലും ഗുഹ്യഭാഗത്തും ചുവന്ന നിറത്തിലുള്ള തിണർപ്പുകളും കുമിളകളും ഉണ്ടാകും. രാത്രിയിൽ ചൊറിച്ചിൽ അസഹ്യമാകാനിടയുണ്ട്.
വെള്ളപ്പാണ്ട്
ചർമത്തിൽ നിറം നൽകുന്ന മെലാനിൽ എന്ന വർണവസ്തു നഷ്ടമാകുന്ന അവസ്ഥ. മറ്റൊരാളിലേക്ക് പകരുകയില്ല. പ്രതിരോധവ്യവസ്ഥയുടെ തകരാറുകൾ, ജനിതക കാരണങ്ങൾ, നാഡീസംബന്ധമായ തകരാറുകൾ, രാസവസ്തുക്കളുമായുള്ള നിരന്തരസമ്പർക്കം തുടങ്ങിയവ കാരണമാകാം.
സോറിയാസിസ്
ചർമ രോഗങ്ങളുടെ വിഭജനത്തിലും വളർച്ചയിലുമുണ്ടാകുന്ന തകരാറാണ് കാരണം. സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല. ചർമം ചുവന്നു തടിച്ച് വെളുത്ത ശൽക്കങ്ങളുള്ള പാടുകൾ പ്രത്യേക്ഷപ്പെടുന്നു. ചൊറിച്ചിലും അനുഭവപ്പെടാം. തല, പുറം, കൈകാൽ മുട്ടുകൾ എന്നിവിടങ്ങളിലാണ് പാടുകൾ കൂടുതലായി കണ്ടുവരുന്നത്. പുകവലി, മദ്യപാനം, മാനസിക പിരിമുറുക്കം, അനാവശ്യകരമായ ഭക്ഷണരീതികൾ എന്നിവ രോഗസാധ്യത വർധിപ്പിക്കുന്നു.
പെഫിഗസ്
ചർമത്തിൽ വെള്ളം നിറഞ്ഞ് കുമിളകൾ ഉണ്ടാകുന്ന അവസ്ഥ. വായിലും മറ്റു ശരീരഭാഗങ്ങളിലും കുമിളകൾ ഉണ്ടാകാം. അലർജിയാണ് കുമിളരോഗങ്ങൾക്കു കാരണം. ഇത് പകരുന്ന രോഗമല്ല.
രണ്ടു നേരം കുളിച്ചാൽ എല്ലാം ഒ. കെ. എന്നു കരുതുന്നവരാണു മിക്ക മലയാളികളും. പക്ഷേ, അതുപോലും ചർമത്തിന് ആരോഗ്യകരമായ രീതിയിലല്ല മിക്കവരും ചെയ്യുക. തോർത്ത്, സോപ്പ്, തുടങ്ങിയവ പങ്കുവയ്‌ക്കുമ്പോൾ ടൂത്ത് ബ്രഷ് പങ്കുവയ്‌ക്കുന്നതു പോലെ തന്നെ അണുബാധയുണ്ടാ കാമെന്നു പലരും ഓർക്കാറില്ല.കുളിച്ചതിനു ശേഷം വെള്ളം ശരിയായി ഒപ്പിയെടുത്തില്ലെങ്കിൽ ഫംഗസ് വളരാനുള്ള അനുകൂല സാഹചര്യമാ ണു നമ്മൾ ഒരുക്കികൊടുക്കുക. വരണ്ട ചർമമുള്ളവർ അധികം സോപ്പു പയോഗിക്കുന്നതു നല്ലതല്ല. ഇതു കുളിക്കുന്നതിലെ ചില കാര്യങ്ങൾ മാത്രം. നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പലസാധനങ്ങളും ചർമത്തിനു അലർജി ഉണ്ടാക്കുന്നതാണ്. വസ്‌ത്രം, ചെരുപ്പ്, വാഷിങ് സോപ്പ്, ഹെയർഡൈ..... ഇവയിൽ പലതും നമുക്ക് ഒഴിവാക്കാനാവില്ല. പക്ഷേ, ചിലതിനു ചർമത്തിനു പ്രശ്‌നമുണ്ടാക്കാത്ത പകരക്കാരെ കണ്ടെത്താം. ഒപ്പം ചില കരുതലുകളും നൽകാം ചർമത്തിന്.ചർമ സംരക്ഷണത്തിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ വ്യക്തിത്വശുചിത്വം പാലിക്കണം. രണ്ടു നേരം കുളിക്കുക. ചർമം വൃത്തിയായും ഈർപ്പരഹിതമായും സംരക്ഷിക്കുക. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക.
∙ ദിവസവും രാവിലെ അൽപനേരം ഇളംവെയിൽ കൊള്ളുന്നത് ചർമാരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണിവരെയുള്ള വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം. അധികം വെയിൽ കൊള്ളേണ്ടിവരുന്നവർ സൺസ്ക്രീനുകൾ ഉപയോഗിക്കണം
∙ പ്രമേഹ രോഗികൾ രക്തത്തിലെ ഷുഗർനില നിയന്ത്രിച്ചു നിർത്തണം.ഗുഹ്യഭാഗങ്ങളുടെ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം.
∙ വസ്ത്രങ്ങൾ വരിഞ്ഞുകെട്ടി ഉടുക്കാതെ അൽപം വായുസഞ്ചാരം ഉപയോഗിക്കുക. പോളിയെസ്റ്റർ, സിൽക്ക് വസ്ത്രങ്ങൾ ഒഴിവാക്കുക. അടിവസ്ത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ ശുചിത്വം പാലിക്കുക.
∙ വരണ്ട ചർമമുള്ളവർ സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്.
∙ സോപ്പ്, പൗഡർ, പെർഫ്യൂമുകൾ, ലിപ്സ്റ്റിക് എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കുക.
∙ പരസ്യ പ്രചരണങ്ങളിൽ കുടുങ്ങി ക്രീമുകളും ലേപനങ്ങളും വാങ്ങി ഉപയോഗിക്കരുത്. രാത്രിയിൽ മുഖത്ത് ക്രീം തേച്ച് കിടന്നുറങ്ങരുത്.
∙ മുഖക്കുരു ഒഴിവാക്കാനായി മുട്ടയും കൊഴുപ്പും അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.
∙ പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. ∙ കൃത്യമായി വ്യായാമം ചെയ്യുക.
∙ ദിവസേന 6-8 മണിക്കൂർ ഉറങ്ങുക.
∙ മാനസിക പിരിമുറുക്കം ഒഴിവാക്കാനായി യോഗം, ധ്യാനം എന്നിവ പരിശീലിക്കുക.
വിവരങ്ങൾക്കു കടപ്പാട്: _മനുഷ്യശരീരം ഒരു മഹാത്ഭുതം (മനോരമ ബുക്സ്) ഡോ. ബി പത്മകുമാർ , അഡീഷണൽ പ്രൊഫസർ , ആലപ്പുഴ മെഡിക്കൽ കോളജ്_
ഒരിക്കലെങ്കിലും ഏതെങ്കിലും സൗന്ദര്യവർധക വസ്തു (കോസ്മറ്റിക്സ്) ഉപയോഗിച്ചിട്ടില്ലാത്തവർ കുറവായിരിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ സൗന്ദര്യ വർധക വസ്തു പലപ്പോഴും നമ്മുടെ ചർമത്തിനു കേടുപാടുണ്ടാക്കും. മിക്ക ഫെയർനസ് ക്രീമുകളിലും ഹൈഡ്രോക്വിനോൺ, െമർക്കുറി, സ്റ്റിറോയ്ഡ് തുടങ്ങിയവ ചേർത്തിട്ടുണ്ടാകും. ചിലതിൽ കാൻസര്‍ പ്രേരക വസ്തുക്കൾ വരെയുണ്ട്. അങ്ങനെയുള്ളവ പാർശ്വഫലങ്ങളുണ്ടാക്കും. സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പാകപ്പിഴവുണ്ടായാൽ പലതരം പ്രശ്നങ്ങളാകും കാത്തിരിക്കുന്നത്. അതിനാല്‍ വിദഗ്ധ പരിശോധന നടത്തി, യോജ്യമായ കോസ്മെറ്റിക്സുകൾ തിരഞ്ഞെടുക്കണം.
ഘടകങ്ങള്‍ അറിയാൻ വഴിയില്ല
മരുന്നുകളുടെ ഉപയോഗം പോലെയല്ല കോസ്മെറ്റിക്സ് ഉപയോഗം സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ വിശദവിവരങ്ങള്‍ മുഴുവൻ ഉൽപന്നത്തിന്റെ പുറത്ത് വ്യക്തമാക്കാറില്ല. അതുകൊണ്ട് അത്തരം സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. ഫെയർനസ് ക്രീമിൽ അടങ്ങിയ സ്റ്റിറോയ്ഡ്, ഹൈഡ്രോക്വനോൺ എന്നിവ ചർമം നേർത്തുപോകാൻ കാരണമാകും. ഇതിനു പുറമെ ചുവപ്പു നിറം വരാനും മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്. വെയിൽ ഏല്‍ക്കുമ്പോൾ പാർശ്വഫലം ഉണ്ടായി അലർജി വരാനും കാരണമാകും. കോസ്മെറ്റിക്സിൽ പല ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിൽ ഒരാൾക്ക് അലർജിക്കു കാരണമാകുന്ന ഘടകം മറ്റൊരാൾക്ക് അലർജി ഉണ്ടാക്കണമെന്നില്ല.
പരിശോധിച്ചറിയാം
കോസ്മെറ്റിക്സ് ഉപയോഗിക്കുന‌്നതിനു മുൻപ് യൂസ് ടെസ്റ്റ് (USE TEST) നടത്തണം എന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വസ്തു അൽപമെടുത്ത് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു പുരട്ടുക. 48 മണിക്കൂർ നിരീക്ഷിക്കണം. ആ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള മാറ്റം പ്രകടമാകുകയാണെങ്കിൽ ആ ഉൽപന്നം ഉപയോഗിക്കുന്നത് ഒഴിവാക്കണം. സൗന്ദര്യ വർധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അലർജി പ്രകടമാകുകയാണെങ്കിൽ ഒരു ചര്‍മരോഗ വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അദ്ദേഹം പാച്ച് ടെസ്റ്റ് (Patch Test) നടത്തും. അതിലൂടെയാണ് അലർജിയുണ്ടോ എന്നും അത് ഏതുതരത്തിലുള്ളതാണെന്നും സ്ഥിരീകരിക്കുന്നത്. ആ ഉൽപന്നത്തിലെ ഏത് ഘടകമാണ് പ്രശ്നമെന്ന് കണ്ടെത്തി ആ ഘടകം അടങ്ങാത്ത മറ്റൊരു ഉൽപന്നം ഉപയോഗിക്കുകയും ചെയ്യാം.
ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന കോസ്മെറ്റിക്സിന്റെ വിവിധ ഘടകങ്ങൾ രോഗിയുടെ പുറംഭാഗത്ത് പ്രത്യേക രീതിയിൽ പതിപ്പിക്കും. 48 മണിക്കൂറിനു ശേഷം അടർത്തി നോക്കും. അതിൽനിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഡോക്ടർ അതിനെ വിവിധ ഗ്രേഡുകളാക്കി തിരിക്കും. അങ്ങനെയാണ് അലർജി ഉണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിയുന്നത്. ഏതെങ്കിലും കോസ്മെറ്റിക്സ് ഉപയോഗിച്ച് അലർജി ഉണ്ടായ സമയത്ത് ഇൗ പരിശോധന നടത്താൻ പാടില്ല. രോഗം കൂടാൻ അതു കാരണമാകും.
ഹെയർ ഡൈ ഉപയോഗിക്കുന്നതിനു മുൻപ് പാർശ്വഫല പരിശോധന നടത്തിയില്ലെങ്കിൽ തലയിൽ തേയ്ക്കുമ്പോൾ പൊള്ളലുണ്ടാകും. െചറിച്ചിൽ, മുഖം തടിച്ചുവരൽ, ചുവപ്പു നിറം വരിക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. പാരഫിനൈൽ ഡൈ അമീൻ ആണ് ഹെയർ ഡൈയിലെ പ്രധാന ഘടകം. ഇതാണ് അലർജി ഉണ്ടാക്കുന്നതെങ്കിൽ അയാൾക്ക് മറ്റൊരു ഹെയർ ഡൈയും ഉപയോഗിക്കാൻ പറ്റില്ല. എന്നാൽ, അതിൽ ചേർത്തിരിക്കുന്ന പെര്‍ഫ്യൂമോ ബേസോ പ്രിസർവേറ്റീവോ ആണ് അലർജിയെങ്കിൽ അതേ ഉൽപന്നം തന്നെ വേറെ ബ്രാൻഡ് ഉപയോഗിച്ചാൽ അലർജി വരണമെന്നില്ല.
ലിപ്സ്റ്റക്ക് പോലെയുള്ള ചില കോസ്മെറ്റിക്സുകൾ ഉപയോഗിച്ച ശേഷം ഉടന്‍ വെയിൽ ഏൽക്കാൻ ഇടയായാൽ അത് അലർജിക്കു കാരണമാകാം.
അതിൽ അടങ്ങിയിരിക്കുന്ന ഇയോസിൻ (EOISIN) എന്ന ഘടകം പ്രകാശപ്രതിപ്രവർത്തകം (PHOTO SENSITIVITY) ആയതിനാലാണിത്.
അതുപോലെ പ്രശ്നങ്ങളൊന്നുമില്ലാതെ ഏറെക്കാലം ഉപയോഗിച്ചിരുന്ന ഒരു ഉൽപന്നം പെട്ടെന്ന് ഒരു ദിവസം അലർജി ഉണ്ടാക്കിയെന്നും വരാം.
ചെറിയ കുട്ടികളിൽ പല ഉൽപന്നങ്ങളും അലർജി ഉണ്ടാക്കിയെന്നു വരില്ല. പക്ഷേ, വളർന്നു വരുമ്പോള്‍ അതേ കോസ്മെറ്റിക്സ് തന്നെ അലർജിക്കു കാരണമാകാം. ശരീരത്തിൽ ഉണ്ടാകുന്ന ആന്റിജൻ അന്റിബോഡി പ്രവർത്തന ക്രമവ്യതിയാനങ്ങളാണ് അതിനുള്ള കാരണം.
അത്തരം അലർജികള്‍ വന്നാൽ വിദഗ്ധ ഡോക്ടറെ സമീപിക്കണം.
കോസ്മെറ്റിക് ഡെർമറ്റോളജി
പരമ്പരാഗതമായി പാലിക്കുന്ന സൗന്ദര്യ സംരക്ഷണ രീതികൾ പാര്‍ശ്വഫലങ്ങൾ പരമാവധി ഒഴിവാക്കി ശാസ്ത്രീയമായി ചെയ്യുന്ന ചികിത്സാ രീതിയാണ് കോസ്മെറ്റിക് ഡെർമറ്റോളജി. ചർമസംരക്ഷണത്തിനു പുറമെ സൗന്ദര്യവർധനയ്ക്കുള്ള അതിനൂതന സാങ്കേതിക വിദ്യകൾ നിലവിൽ വന്നതോടെയാണ് കോസ്മെറ്റിക് ഡെർമോറ്റൊളജി പ്രചാരമേറിയത്. ശസ്ത്രക്രിയയിലൂടെ ശരീരസൗന്ദര്യം വർധിപ്പിക്കുന്ന ചികിത്സയാണ് കോസ്മെറ്റിക് സർജറി.
ലേസർ ചികിത്സ
ലേസർ രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. മുഖക്കുരുവിന്റെ പാട്, മറുകുകൾ, അമിത രോമവളർച്ച, കറുത്ത പാടുകൾ, അരുമ്പാറ, വെള്ളപ്പാണ്ട്, അമിത വിയർപ്പ്, തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ലേസർ ചികിത്സ ഫലപ്രദമാണ്. താരതമ്യേന പാർശ്വഫലങ്ങളില്ലാത്ത ചികിത്സാ രീതികളാണ്. ഒരേ ലേസർ മെഷീൻ ഉപയോഗിച്ച് എല്ലാ ചികിത്സകളും ചെയ്യാനാകില്ല. ഉദാഹരണമായി ഹെയർ റിമൂവലിനു ഉപയോഗിക്കുന്ന ലേസർ കൊണ്ട് മറുകുകൾ നീക്കാനാവില്ല. സാങ്കേതിക തികവുള്ളതും മുന്നൊരുക്കത്തോടു കൂടി ചെയ്യുന്നതുമാണെന്നതിനാല്‍ ലേസര്‍ ചികിത്സ ശാശ്വതഫലദായകമാണെന്ന കാര്യത്തില്‍ സംശയമില്ല.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. റഫീഖ് മൊയ്തീൻ, മെഡിക്കൽ ഡയറക്ടർ, ഡോ. റഫീഖ്സ് സ്കിന്‍ ആൻഡ് കോസ്മെറ്റിക് സർജറി റിസർച് സെന്റർ, നടക്കാവ്, കോഴിക്കോട്
ആരോഗ്യസുന്ദരമായ ചർമം വേണമെന്നു വെറുതെ വാശി പിടിച്ചാൽ പോര. അതിനു ചില ത്യാഗങ്ങളൊക്കെ ചെയ്തേ പറ്റൂ. സുന്ദരമായ ചർമത്തിന്റെ ഉടമയാകാൻ എന്തൊക്കെ കഴിക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ കഴിക്കാതിരിക്കണം എന്നതും. ഭക്ഷണക്രമത്തിൽ നിന്നും നിർബന്ധമായും ഒഴിവാക്കേണ്ട ചില വില്ലന്മാർ ആരൊക്കെയെന്നു നോക്കാം.
∙ കഫീൻ
അമിതമായി ചായ, കാപ്പി, കോള എന്നിവ ഉപയോഗിക്കുന്നവർ അത്തരം ദുശ്ശീലങ്ങളോട് നോ പറയണം.ഇവയിൽ അടങ്ങിയ കഫീൻ നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തും. ത്വക്കിലെ ജലാംശം നഷ്ടപ്പെടുത്തുകയും വേഗം ചുളിവുകൾ വീഴ്ത്തുകയും ചെയ്യും
∙ ഉപ്പ് അമിതമായ ഉപ്പും ഒരു വില്ലൻ തന്നെ. ചർമത്തിന്റെ സ്വാഭാവികത ഇതു മൂലം ഇല്ലാതാകുന്നു. പപ്പടം, അച്ചാറ്, ഉപ്പിലിട്ടത്, ടിൻ ഫുഡ് എന്നിവ കഴിക്കുന്നവരിൽ ചർമത്തിന്റെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
∙ മദ്യം മെട്രോ നഗരങ്ങളിൽ ഇപ്പോൾ മദ്യപാനികളായ സ്ത്രീകളുടെ എണ്ണം വർധിച്ചുവരികയാണ്. സിരകളിലേക്കു പടരുന്ന ഈ ലഹരി നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യത്തിനു ഹാനികരമാണ്.
∙ പ്രോസസ്ഡ് ഫുഡ്
പായ്ക്കറ്റുകളിൽ വാങ്ങുന്ന കൃത്രിമ ഭക്ഷണപദാർഥങ്ങൾ, ജങ്ക് ഫുഡ് എന്നിവയിൽ അമിതമായ അളവിൽ സോഡിയവും അജിനോമോട്ടോയും അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം അഴിവാക്കി പകരം പഴങ്ങൾക്കും പച്ചക്കറികൾക്കുമാണ് മുൻഗണന നൽകേണ്ടത്.
ഒക്‌ടോബർ 15. ലോക കൈകഴുകൽ ദിനം. നല്ല ആരോഗ്യത്തിലേക്ക് കൈകഴുകുന്നതിനു വേണ്ടി കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവുമധികം രോഗാണുക്കൾ ശരീരത്തിലെത്തുന്നതും കൈകളിലൂടെ തന്നെ.
കുട്ടികൾ
വികസ്വര രാജ്യങ്ങളിലെ കുട്ടികളിൽ പകുതിയും വൃത്തിയും ടോയ്‌ലറ്റ് സൗകര്യങ്ങളും ഇല്ലാത്ത ചുറ്റുപാടുകളിലാണു ജീവിക്കുന്നത് എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ശിശുമരണ നിരക്കിൽ 80 ശതമാനവും ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ കാരണങ്ങൾ കൊണ്ടു സംഭവിക്കുന്നതാണ്. വിര, കൃമി, കൊക്കപ്പുഴു തുടങ്ങി പരാദജീവികളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വേറെയും. മൂക്കു ചീറ്റി വസ്‌ത്രത്തിൽ തുടയ്‌ക്കുമ്പോഴും ഒരേ ടവൽ പല ദിവസങ്ങളിൽ ഉപയോഗിക്കുമ്പോഴും രോഗാണുക്കൾ അന്തരീക്ഷത്തിലേക്കും ശരീരത്തിലേക്കും പടരുകയാണു ചെയ്യുന്നത്.
മുതിർന്നവർ
കംപ്യൂട്ടർ കീബോർഡിൽ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാൾ 18 മടങ്ങ് രോഗാണുക്കളുണ്ടെന്ന് വിദേശ രാജ്യങ്ങളിൽ നടത്തിയ പഠനം തെളിയിക്കുന്നു. മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കൾ പറ്റിയിരിക്കും. ഓഫിസിനകത്തും പുറത്തും യാത്രയ്‌ക്കിടയിലും കൈ വൃത്തിയാക്കാതെ സ്‌നാക്‌സ് കഴിക്കുമ്പോൾ ഒരു പറ്റം അണുക്കളും ഉള്ളിലെത്തുന്നു. ഒരേ പ്ലേറ്റിൽനിന്നു പലർ വാരിക്കഴിക്കുമ്പോൾ മറ്റുള്ളവരുടെ കൈകളിലെ അണുക്കൾ കൂടി നമ്മുടെ ഉള്ളിൽ ചെല്ലും. ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ പോലും സൗഹൃദത്തിനൊപ്പം കുറെയധികം രോഗാണുക്കളും നമ്മുടെ കൈകളിൽ എത്തുന്നുണ്ട്. ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ കൗണ്ടറിൽ വച്ചിരിക്കുന്ന പെരുംജീരകം നാലെണ്ണം എടുത്തു വായിലിടുമ്പോഴും ഇതേ അപകടമുണ്ട്.
എത്ര വട്ടം കൈകഴുകണം
ദിവസം എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളിൽ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്. ടോയ്‌ലറ്റിൽ എപ്പോൾ കയറിയാലും സോപ്പുപയോഗിച്ചു കൈകൾ കഴുകണം. പുറത്തുപോയി വരുമ്പോൾ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ, രോഗികൾ ഉപയോഗിച്ച പാത്രങ്ങളും വസ്‌ത്രങ്ങളും കൈകാര്യം ചെയ്യുമ്പോൾ തുടങ്ങി പല സന്ദർഭങ്ങളിലും കൈകൾ സോപ്പിട്ടു കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ചെറിയ കുട്ടികളെ എടുക്കുന്നതിനു മുൻപും കുട്ടികൾക്കു ഭക്ഷണം വാരിക്കൊടുക്കുന്നതിനു മുൻപും കൈകൾ കഴുകണം.
കഴുകിയാൽ മിനുങ്ങണം
ഭക്ഷണം കഴിക്കാറാകുമ്പോൾ വെറുതെ ടാപ്പിനടിയിൽ കൈകാണിച്ചു കഴിക്കാനിരിക്കുന്നവരല്ലേ അധികം പേരും. (കല്യാണങ്ങൾക്കും മറ്റും സദ്യ ഉണ്ണാനിരിക്കുമ്പോഴാകട്ടെ പലരും കൈ കഴുകാറുപോലുമില്ല). പക്ഷേ ഇത്തരം കൈകഴുകൽ കൊണ്ടു കൈകളിലും 10 ശതമാനം അണുക്കൾ പോലും നശിക്കുന്നില്ല. അണുനാശിനികൾ അടങ്ങിയ സോപ്പ് പതപ്പിച്ചു കൈയുടെ അകവും പുറവും നന്നായി തടവുക. വിരലുകൾക്കിടയിലുള്ള ഭാഗവും നഖങ്ങളും വൃത്തിയാക്കുക. പിന്നീടു ധാരാളം വെള്ളം ഒഴിച്ചു കഴുകുക. അതിനു ശേഷം ഉണങ്ങിയ വൃത്തിയുള്ള ടവൽ കൊണ്ടു തുടയ്‌ക്കുക. അപ്പോഴേ കൈകഴുകൽ പൂർണമാകുന്നുള്ളു.
നല്ല സോപ്പ് ഉപയോഗിക്കൂ
അണുനാശിനി അടങ്ങിയ സോപ്പ് ഉപയോഗിച്ചു കഴുകുന്നതാണ് ഏറ്റവും നല്ലത്. ഹോട്ടലുകളിലും മറ്റും പലർ ഉപയോഗിച്ച സോപ്പ് ഉപയോഗിക്കുമ്പോൾ വേണ്ടത്ര ഫലം കിട്ടിയെന്നു വരില്ല. തന്നെയുമല്ല അണുക്കൾ പടരാനുമിടയാകും.
എല്ലാം കൊള്ളാം, പക്ഷേ...
ടോയ്‌ലറ്റിന്റെ ഫ്ലഷ് പോലും വേണ്ടവിധം പ്രവർത്തിക്കാത്ത പൊതു സ്‌ഥലങ്ങളിലും ഓഫിസുകളിലും കൈകഴുകൽ വിദ്യ എങ്ങനെ നടപ്പാക്കും എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. ലിക്വിഡ് സോപ്പ് ദിവസേന ഉപയോഗിക്കുന്നതും അപ്രായോഗികമായിരിക്കും. പക്ഷേ വീടുകളിലെങ്കിലും ഈ ശീലം നടപ്പാക്കിയാൽ രോഗാണുക്കളെ ഒരു കൈ അകലത്തിൽ മാറ്റിനിർത്താൻ കഴിയും. ഒപ്പം വൃത്തിയുള്ള അന്തരീക്ഷം സൃഷ്‌ടിക്കുന്നതിൽ അധികാരികൾക്കും പ്രേരണയാകട്ടെ കടന്നു പോയ ഒക്‌ടോബർ 15.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഇന്ദിര മുരളി,
പ്രഫസർ ഓഫ് കമ്യൂണിറ്റി മെഡിസിൻ,
സഹകരണ മെഡിക്കൽ കോളജ്, കൊച്ചി.
സോപ്പില്ലാതെന്തു കുളി. നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ചിന്തകളിൽ ആദ്യം കടന്നു വരുന്നത് സോപ്പ് തന്നെ. ഇത്തിരി പതയുടെ പേരിൽ വൻകിടകമ്പനികൾ പതച്ചുയർത്തുന്നത് കോടികളുടെ പരസ്യമാണ്. സൗന്ദര്യം വർധിപ്പിക്കാൻ , മുഖക്കുരു മാറ്റാൻ, വെളുപ്പിക്കാൻ.. അങ്ങനെ എന്തെല്ലാം വഴികൾ അവർ പരസ്യങ്ങളിലൂടെ പറഞ്ഞു തരുന്നു.. എന്നാൽ ചർമരോഗ വിദഗ്‌ധർ പറയുന്നത് ഈ അവകാശവാദങ്ങളിലൊന്നും കഴമ്പില്ലെന്നാണ്.‘
സോപ്പ് ഉപയോഗിച്ചോളൂ.. അഴുക്ക് പറ്റിയ ശരീരഭാഗങ്ങൾ വൃത്തിയാക്കാൻ അത് നല്ലതാണ്. എന്നാൽ സൗന്ദര്യം വർധിപ്പിക്കാനും ആരോഗ്യം നൽകാനും സോപ്പുകൾക്ക് കഴിവില്ല.’ ഇതാണ് വിദഗ്‌ധാഭിപ്രായം. ഏതൊരു സോപ്പിലും ഫാറ്റി ആസിഡുകളും സോഡിയം സംയുക്‌തങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. നിറങ്ങൾ, സുഗന്ധങ്ങൾ എന്നിവ ചേർക്കുന്നതുകൊണ്ടു മാത്രമാണ് സോപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്. ക്ഷാരഗുണമുള്ള, പതയുന്ന അതിന്റെ പ്രകൃതമാണ് ചെളിയും അഴുക്കും കളയാൻ സഹായിക്കുന്നത്. സീബം അഥവാ എണ്ണമയം അനുസരിച്ചാണ് ഓരോ വ്യക്‌തിയുടെയും ചർമം വ്യത്യാസപ്പെട്ടിരിക്കുന്നത്. സീബം കൂടിയത് എണ്ണ മയമുള്ള ചർമവും കുറഞ്ഞത് വരണ്ട ചർമവും. വൻകിട സോപ്പ് കമ്പനികൾ, എണ്ണമയം കൂടിയവർക്കും വരണ്ട ചർമമുള്ളവർക്കും പ്രത്യേകം സോപ്പുകൾ തയാറാക്കുന്നത് ഇതുകൊണ്ടാണ്. കുഞ്ഞുങ്ങളിൽ സീബം കുറവാണ്. അതിനാൽ അവർ അധികം കൊഴുപ്പ് അടങ്ങിയ സോപ്പ് ആണ് ഉപയോഗിക്കേണ്ടത്.
ആയുർവേദത്തിന് അടുത്ത കാലത്തുണ്ടായ പ്രാധാന്യം സോപ്പ് വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. എല്ലാ വൻകിട കമ്പനികളും ആയുർവേദത്തിന്റെ ലേബലിൽ ഒരു ബ്രാന്റ് കൂടി അവതരിപ്പിക്കുന്നു. ചെളി കളയാനും ചർമം ശുചിയാകാനും നമ്മുടെ പയർപൊടിയും നെന്മേനി വാകപ്പൊടിയും താളിയുമൊക്കെ ഉത്തമമാണ്. ചിലർക്ക് സോപ്പ് അലർജിയാകുന്നത് അവയിലെ രാസ വസ്‌തുക്കൾ ത്വക്കിലെ കോശങ്ങളെ ബാധിക്കുമ്പോഴാണ്. സോപ്പു പുരാണം എന്തൊക്കെയായാലും നന്നായി സോപ്പ് തേച്ചുള്ള കുളി മലയാളി ശീലങ്ങളിൽ നിന്ന് മാറാത്ത സവിശേഷതകളിലൊന്ന്.
നിത്യവും രാവിലെ വീടിനും പുറത്തേക്കിറങ്ങുന്നതിനു മുമ്പായി മുഖത്തെ താടിരോമങ്ങളും അമിതമായുള്ള മീശയും വടിച്ചുനീക്കിയതിനുശേഷം നേരിയ സുഗന്ധത്തോടുകൂടിയ ആഫ്റ്റർ ഷേവ് പുരട്ടുന്നത് പുരുഷന്മാരുടെ വ്യക്തി ത്വത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വെള്ളം പോലുള്ള ദ്രാവകരൂപത്തിവലും ലോഷൻ, ജെൽ, ബാം, പൗഡർ എന്നീ രൂപകത്തിലും ആഫ്റ്റർ ഷേവ് ലഭ്യമാണ്.
അണുബാധ തടയും
രോമം വടിച്ചുനീക്കുമ്പോൾ ചർമത്തിന്റെ ഏറ്റവും ബാഹ്യമായ കോശപാളിയും ചുരണ്ടിനീക്കാനിടയുണ്ട്. കൂടാതെ ചെറിയ മുറിവുകൾ ഉണ്ടാകാം. ചർമത്തിൽ പൊള്ളലുണ്ടാകാനും ഇടയുണ്ട്. ഇവയിലെല്ലാം അണുബാധ സാധ്യതയുണ്ട്. ആഫ്റ്റർ ഷേവിന്റെ പ്രധാന ഉപയോഗം അണുബാധയെ പ്രതിരോധിക്കുക എന്നതാണ്. ഇതിനായി ഡിനാച്വർഡ് സ്പിരിറ്റ് (Denatured spirit-Alcohol) അണുനാശിനിയായി ആഫ്റ്റർ ഷേവിൽ അടങ്ങിയിട്ടുണ്ടാവും. മറ്റു ഘടകങ്ങളായ പ്രകൃതിദത്തമായതോ അല്ലാത്തതോ ആയ മൊയിസ‍്ചറൈസറുകൾ, സുഗന്ധമുള്ള എണ്ണകൾ, വിറ്റമിൻ ഇ, വിറ്റമിൻ സി, ഷിയാ ബട്ടർ, ഗ്രേപ് സീഡ്, കറ്റാർവാഴ എന്നിങ്ങനെയുള്ള വസ്തുക്കൾ ആഫ്റ്റർ ഷേവുകളുടെ വ്യത്യസ്ത രൂപത്തിൽ പ്രധാന ഘടകങ്ങളായി വർത്തിക്കുന്നു. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ആഫ്റ്റർ ഷേവുകൾ ലഭ്യമാണ്. ചിലതിൽ സുഗന്ധമുള്ള എണ്ണയോ ചർമത്തിലെ ഈർപ്പം നിലനിർത്തുന്ന മോയിസ്ചുറൈസറോ അടങ്ങിയിരിക്കും. ഷേവിങ് കഴിഞ്ഞുള്ള പൊള്ളൽ, നീറ്റൽ, വീണ്ടുകീറൽ, വരൾച്ച എന്നിവയ്ക്ക് ആശ്വാസമാണ് പ്രകൃതിദത്തമോ, അല്ലാത്തതോ ആയ മോയിസ്ചുറൈസറുകൾ അടങ്ങിയ അഫ്റ്റർ ഷേവ്. ചിലർക്ക് ചർമം ആൽക്കഹോൾ ചേർന്ന ആഫ്റ്റർ ഷേവ് പുരട്ടിയാലുടൻ അസാധാരണമായി പ്രതികരിക്കുകയും പൊള്ളൽ, പുകച്ചിൽ എന്നിവ അനുഭവപ്പെടുകയും ചെയ്യാം. ഇത്തരക്കാർക്കാണ് ആൽക്കഹോൾ ചേരാത്ത ആഫ്റ്റർ ഷേവ് വേണ്ടത്.
ബാം അഥവാ ഒായിന്റ്മെന്റ് രൂപത്തിലുള്ള ആഫ്റ്റർ ഷേവ് ചർമത്തെ മൃദുവായി നിലനിർത്തുന്നു. കൂളിങ് ജെൽ ചർമത്തിനു തണുപ്പും മൃദുലതയും നൽകുന്നു. ചിലതു ചർമത്തിനു തിളക്കവും നല്ല നിറവും പ്രദാനം ചെയ്യുന്നവയാണ്. മുറിവുകൾ ഉണക്കാനും വരണ്ട ചർമം ഈർപ്പമുള്ളതാക്കാനും വേദനിക്കുന്ന ചുവന്ന തടിപ്പുകൾ മാറ്റി ചർമം മൃദുവാക്കാനും അവശേഷിക്കുന്ന കുറ്റിരോമങ്ങൾ കുത്തിത്തറയ്ക്കാതെ അവയെ മയപ്പെടുത്താനും ആഫ്റ്റർ ഷേവ് സഹായിക്കുന്നു. അന്തരീക്ഷത്തിലെ പ്രതികൂല കാലാവസ്ഥയെ ചെറുക്കുന്ന സൺസ്ക്രീൻ അല്ലെങ്കിൽ യൂവി സുരക്ഷ എന്നിവയുടെ സ്വഭാവഗുണമുള്ള ഘടകങ്ങൾ ആഫ്റ്റർ ഷേവിൽ അടങ്ങിയിരിക്കുന്ന അണുനാശിനി ബാക്ടീരിയെയും വൈറസിനെയും അകറ്റി നിർത്തും.
ചർമത്തിന്റെ സ്വഭാവത്തിനനുസരിച്ചു വേണം അനുയോജ്യമായ ആഫ്റ്റർ ഷേവ് തിരഞ്ഞെടുക്കാൻ. ഇതിനായി ത്വക്കിൽ പരിശോധന നടത്തി കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ആഫ്റ്റർ ഷേവ് ഉപയോഗിക്കാവൂ.
വിവരങ്ങൾക്ക് കടപ്പാട്: ഡോ.ബി. സുമാദേവി
ഇ.എസ്.െഎ ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ, എറണാകുളം
ശരീരം വൃത്തിയാക്കാനും ശുചിത്വത്തിനും വേണ്ടി മാത്രം സോപ്പ് ഉപയോഗിച്ചിരുന്ന കാലം ഇന്നു പഴങ്കഥ. സോപ്പു തേച്ചു പതപ്പിച്ചു കുളിച്ചാല്‍ നവോന്മേഷവും നല്ല നിറവും മുതല്‍ സൗന്ദര്യം വരെ ഒന്നൊന്നായി വന്നുചേരുമെന്നു വിളംബരം ചെയ്യുന്ന പരസ്യങ്ങളുടെ ഘോഷയാത്രയാണു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ സോപ്പുകള്‍ക്കു ധാരാളം ഗുണങ്ങളുണ്ടെന്നതു സത്യം തന്നെ. എന്നാല്‍ ഉപയോഗത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷവും ഉണ്ടാവാം. സോപ്പ് വിശേഷങ്ങള്‍ അറിയാം.
കുളിക്കാനുപയോഗിക്കുന്ന സോപ്പുകള്‍ ചലിരില്‍ കടുത്ത അലര്‍ജി പ്രശ്നങ്ങള്‍ പോലും ഉണ്ടാക്കാം. മറ്റു ചിലര്‍ക്ക് അലക്കു സോപ്പുകളും ഡിറ്റര്‍ജന്റുകളുമാണു പ്രശ്നം. ലിക്വിഡ് സോപ്പുകളും ഫെയ്സ് വാഷുകളും പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകളും ലായനികളുമൊക്കെ ചര്‍മാരോഗ്യത്തെ ബാധിക്കുന്നുണ്ട്.
സോപ്പ് എന്നാല്‍
സോഡിയം സിലിക്കേറ്റ്, ചില ആന്റിസെപ്റ്റിക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണു ബാത്തിങ് സോപ്പുകളിലെ പ്രധാന ചേരുവകള്‍. എണ്ണകള്‍, ഗ്ലിസറിന്‍ തുടങ്ങിയവയും സോപ്പുകളില്‍ ചേര്‍ക്കാറുണ്ട്. കാസ്റ്റിക് സോഡ, കാരം തുടങ്ങിയ വിവിധ രാസവസ്തുക്കള്‍ അലക്കു സോപ്പുകളിലും പൊടികളിലും പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകളിലും ലായനികളിലും അടങ്ങിയിരിക്കുന്നു. ഇത്തരം രാസവസ്തുക്കളില്‍ ചിലത് ശരീരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോന്നവയാണ്.
സോപ്പ് അലര്‍ജി
കുളി കഴിഞ്ഞുള്ള ചൊറിച്ചില്‍, ചര്‍മത്തില്‍ പല ഭാഗത്തും ചുവപ്പുനിറം, തടിപ്പ്, കുരുക്കള്‍ ഉണ്ടാകല്‍, അപൂര്‍വം ചിലര്‍ക്ക് എക്സിമയുടെ രൂപത്തിലും അലര്‍ജി ഉണ്ടാകാം. പുതിയൊരു സോപ്പ് മാറി പരീക്ഷിക്കുമ്പോഴായിരിക്കും പലര്‍ക്കും ഈ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുക. ഒരു സോപ്പ് ഉപയോഗിക്കുമ്പോള്‍ സാധാരണമല്ലാത്ത അനുഭവം ചര്‍മത്തിനുണ്ടായാല്‍ സുരക്ഷിതമായ പഴയ സോപ്പിലേക്കു മടങ്ങിപോവുകയാണ് ഉചിതം. അല്ലെങ്കില്‍ മറ്റു സോപ്പുകള്‍ മാറി പരീക്ഷിക്കാം.
അലക്കു സോപ്പും ഡിറ്റര്‍ജന്റും
അലക്കു സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, പാത്രം കഴുകാനുള്ള സോപ്പുല്‍പന്നങ്ങള്‍ എന്നിവ നമ്മുടെ നാട്ടില്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതു സ്ത്രീകളാണ്. താരതമ്യേന ശക്തമായ രാസവസ്തുക്കളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇവയുടെ ദീര്‍ഘസമയത്തെ ഉപയോഗം മിക്കവരിലും കൈപ്പത്തിയില്‍ പ്രശ്നമുണ്ടാക്കും. നഖക്കെട്ടില്‍ സോപ്പുലായനി കൂടുതല്‍ സമയം തങ്ങിനില്‍ക്കുന്നത് ആ ഭാഗത്തെ ചര്‍മം അടര്‍ന്നു നിത്യവും വേദനയും പഴുപ്പുമായി മാറാം. കൈപ്പത്തിയിലെ ചര്‍മം മൃദുവായി മാറി പൊളിഞ്ഞിളകാം. ചിലപ്പോള്‍ അസഹ്യമായ ചൊറിച്ചിലും അനുഭവപ്പെട്ടെന്നുവരും.
അലക്കും പാത്രം കഴുകലുമൊക്കെ കഴിഞ്ഞയുടന്‍ തന്നെ ശുദ്ധജലം ഉപയോഗിച്ചു കൈകള്‍ നന്നായി കഴുകി തുടച്ചു വൃത്തിയാക്കി ഓയില്‍ ബേസ്ഡ് ക്രീമുകളോ, വെളിച്ചെണ്ണയോ പുരട്ടിയാല്‍ ഈ പ്രശ്നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാം.
സോപ്പുമായി ബന്ധപ്പെട്ട അലര്‍ജി രൂക്ഷമായാല്‍ ആന്റിഹിസ്റ്റമിനുകള്‍ പോലുള്ള മരുന്നുകളോ കലാമിന്‍ ലോഷനുകളോ ഒക്കെ ഉപയോഗിക്കേണ്ടിയും വരും.
ശ്രദ്ധിക്കാന്‍
∙ അമ്പതുവയസിനുശേഷം അധികം സോപ്പുപയോഗിക്കുന്നത് അഭികാമ്യമല്ല. പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇത്. സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക സോപ്പുകളും ശക്തമായ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്ന (പി എച്ച് 8നു മുകളില്‍) സോപ്പുകളാണ്.
∙ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകള്‍ക്കു വീര്യം വളരെ കൂടുതലാണ്. അവ കൈകളില്‍ പുരളാത്തവിധത്തില്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ കഴുകാന്‍ നമ്മള്‍ മുമ്പ് ഉപയോഗിച്ചിരുന്ന ചാരം ഏറ്റവും ഉത്തമം.
∙ ബാത്തിങ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച് ഉപയോഗിക്കാം.
∙ ഷാംപൂകള്‍, ഫെയ്സ് വാഷുകള്‍ മുതലായവ ചര്‍മത്തിലേക്കു നേരിട്ടു പുരട്ടുന്നതിനുപകരം അവ വെള്ളം ചേര്‍ന്നു നേര്‍പ്പിച്ചു മാത്രം പുരട്ടുക.
∙ മുഖക്കുരു ഉള്ളവര്‍ മുഖം കഴുകാന്‍ പ്രത്യേകമായി ലഭിക്കുന്ന മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കണം.
∙ തുടയിടുക്കിലും മറ്റുമുള്ള ചൊറിച്ചിലിന് സോപ്പ് ആവര്‍ത്തിച്ചു തേച്ചു വൃത്തിയാക്കുന്നത് ചൊറിച്ചില്‍ പ്രശ്നം കൂട്ടുകയേ ഉള്ളൂ. ചൊറിച്ചില്‍ മാറ്റാന്‍ കോര്‍ട്ടികോ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മം വെടിച്ചുപൊട്ടും. ഇതു ഭേദമാക്കാനും പ്രയാസം നേരിടും.
∙ സോപ്പും ഷാംപൂവുമൊക്കെ ചര്‍മത്തിന്റെ എണ്ണമയം നഷ്ടപ്പെടുത്തും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് താരന്‍ ശല്യം കൂടുന്നത് അതുകൊണ്ടാണ്. തലയില്‍ ഷാംപൂവോ സോപ്പോ പുരട്ടി എണ്ണമയം കളഞ്ഞാല്‍ കുളികഴിഞ്ഞ ഉടനെ വെളിച്ചെണ്ണയോ മറ്റോ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ല ഫലം ചെയ്യും.
വരണ്ട ചര്‍മക്കാര്‍ക്ക് പ്രത്യേകം അറിയാന്‍
ഏതു തരത്തിലുള്ള സോപ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും ഏറ്റവും കരുതല്‍ പുലര്‍ത്തേണ്ടത് വരണ്ടചര്‍മം ഉള്ളവരാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനിര്‍ത്തി ഈര്‍പ്പം സൂക്ഷിച്ചു സംരക്ഷിക്കുന്നത് ചില സൂക്ഷ്മകണികകളാണ്. ഈ പ്രത്യേകതരം കണികകളുടെ കുറവു മൂലമാണ് വരണ്ടചര്‍മം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ സോപ്പുപയോഗിച്ചാല്‍ ചര്‍മം പൂര്‍ണമായി വരണ്ടു വെടിച്ചുകീറി എക്സിമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും.
ഇത്തരക്കാര്‍ സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, തേങ്ങാപ്പീര, ചെറുപയര്‍പൊടി, കടലമാവ് തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുന്നതാണ് ഉചിതം. സോപ്പുപയോഗിച്ചു കുളികഴിഞ്ഞ ഉടനെ എണ്ണ അടിസ്ഥാനമാക്കി നിര്‍മിച്ച ക്രീമുകള്‍, വാസലിന്‍ പോലുള്ള പെട്രോളിയം ജെല്ലികള്‍, എണ്ണകള്‍ മുതലായവയിലൊന്നു പുരട്ടുന്നതു ചര്‍മത്തിന്റെ ഈര്‍പ്പനഷ്ടം കുറയ്ക്കുകയും ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കുകയും ചെയ്യും.
വിവരങ്ങൾക്ക് കടപ്പാട്: ഡോ പി സുഗതന്‍ കണ്‍സല്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍,കോഴിക്കോട്.
വേനൽക്കാലത്ത് ചർമ സംരക്ഷണം ഒരു വെല്ലുവിളിയാണ്. എത്ര ശ്രദ്ധിച്ചാലും ചർമത്തിന്റെ സ്വാഭാവികത കാത്ത് സൂക്ഷിക്കാൻ സാധിക്കില്ല . അതുകൊണ്ട് തന്നെ വേനൽക്കാലം സുന്ദരിമാരെയും സുന്ദരൻമാരെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത് . വേനൽ എന്ന വെല്ലുവിളി നേരിടാൻ ഈ പത്ത് കാര്യങ്ങൾ പരീക്ഷിച്ച്നോക്കൂ.
1 ആഹാരം ക്രമീകരിക്കുക : വേനൽകാലത്ത് ഗോതമ്പ് ഉല്പന്നങ്ങൾ, സോഡ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ നിയന്ത്രിക്കുക. മധുര പദാർത്ഥങ്ങളും സ്റ്റാർച്ചി ഫുഡും ഒഴിവാക്കുന്നത് മുഖകാന്തിക്കും ആരോഗ്യത്തിനും നല്ലതാണ്. മുഖക്കുരു ചൂടുകുരു എന്നിവ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേനൽക്കാലത്ത് ആവശ്യമാണ്.
2 പിരിമുറുക്കം ഒഴിവാക്കുക : ശരീരകമായും മാനസികമായും ഉണ്ടാകുന്ന പിരിമുറുക്കം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ചില ആളുകളിൽ പിരിമുറുക്കം മുഖക്കുരുവിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
3 തെറ്റായ സൗന്ദര്യ വർദ്ധക വസ്തുക്കൾ : വേനൽകാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ഉല്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകൾ മുഖക്കുരുവിന് കാരണമാകാറുണ്ട്.
4 വിയർപ്പ് തുടയ്ക്കുക : ചൂടത്ത് പുറത്തിറങ്ങിയാൽ ഉടൻ തന്നെ വിയർപ്പ് തുടച്ചു മാറ്റുക. വിയർപ്പിൽ ടോക്സിനും മറ്റ് മാലിന്യങ്ങളും അടങ്ങിയിട്ടുണ്ട്. വിയർപ്പ് ചർമത്തെ സ്വാഭാവികമായി വൃത്തിയാക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വിയർപ്പ് തുടച്ച് മാറ്റണം.
5 മുഖം കഴുകുക: കൃത്യമായ ഇടവേളകളിൽ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാണ്.
6 ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക : വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങൾ ആൻറിഓക്സിഡൻസിന്റെയും വിറ്റമിന്റെയും കലവറയാണ്. മുഖക്കുരുവിന്റെ പാട് മായ്ച്ച് കളയാൻ സഹായിക്കുന്നതിനൊപ്പം മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.
7 ഉദാസീനമായ ജീവിത ശൈലി ഒഴിവാക്കുക : വേനൽക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാൻ ശ്രദ്ധിക്കണം. യോഗയും വ്യായമവും ചാർമ്മത്തിന് കാന്തി പകരുന്നതോടൊപ്പം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
8 സുഖപ്രദമായ വസ്ത്രം ധരിക്കുക്കുക : ശരീരത്തിന് ഇണങ്ങുന്ന തരത്തിലുള്ള സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
9 ജലാംശം നിലനിർത്തുക : ദിവസവും ധാരളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിലെ മാലിന്യത്തെ പുറംതള്ളുന്നതിന് സഹായകമാണ്. ഇത് ചർമകാന്തി വർദ്ധിപ്പിക്കുന്നു.
10 വ്യായമത്തിന് ശേഷമുള്ള വൃത്തി : വ്യായമത്തിന് ശേഷം ശരീരവും വ്യായമത്തിനുപയോഗിച്ച ഉപകരണങ്ങളും വൃത്തിയാക്കുക. വ്യായമത്തിന് ശേഷം ത്വക്കിന്റ ഉപരിതലം നിരവധി നിർജജീവ കോശങ്ങൾ കൊണ്ട് നിറയും. ഇത് ഉടൻ തന്നെ നീക്കം ചെയ്യണം. വ്യായമത്തിന് ഉപയോഗിക്കുന്ന തുണിയും ഉപകരണങ്ങളും വൃത്തിയാക്കുന്നത് ബാക്ടീരിയയെ തടയുന്നതിന് സഹായകമാണ്.
വിവരങ്ങൾക്ക് കടപ്പാട്: മലയാള മനോരമ
അവസാനം പരിഷ്കരിച്ചത് : 6/11/2020
പല തരത്തില്‍ ഉള്ള ത്വക്ക് രോഗങ്ങള്‍
ചര്‍മ്മ സംരക്ഷണം പ്രത്യേക ചോദ്യോത്തരം