ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. അതില്‍ ചെറുതും വലുതുമുണ്ട്. നിത്യ ജീവിതത്തില്‍ നാം പലപ്പോഴും ഉത്തരം തേടാറുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. അതില്‍ ചെറുതും വലുതുമുണ്ട്. നിത്യ ജീവിതത്തില്‍ നാം പലപ്പോഴും ഉത്തരം തേടാറുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
പ്രമേഹമുള്ളവരുടെ മുഖത്തെ ചര്‍മ്മവും കഴുത്തിന് പിന്‍ഭാഗവും കറുത്തനിറത്തില്‍ കാണപ്പെടും എന്നു പറയുന്നു. ഇതു ശരിയാണോ? പ്രമേഹം ചര്‍മ്മം കണ്ടാല്‍ തിരിച്ചറിയാനാകുമോ?
വണ്ണം കൂടിയ പ്രമേഹ രോഗികളില്‍ ചിലരുടെ കഴുത്തിന് പിന്‍ഭാഗത്തെ ത്വക്ക് കറുത്തതും കട്ടികൂടിയും കാണപ്പെടുന്നുണ്ട്. ഇവരില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കും. ഇതിനെ എയ്സെന്റോസിസ് നൈഗ്രിക്കന്‍സ് (acentosis nigricans) എന്നാണ് അറിയപ്പെടുന്നത്.
ദീര്‍ഘകാലമായി പ്രമേഹം ഉള്ളവരില്‍ ഇരുകാലിലും മുട്ടിനു താഴെ ചര്‍മ്മത്തില്‍ നിറംമാറ്റവും മുഖക്കുരുവിനു ശേഷം വരുന്നപോലെ ചെറിയ കുഴികളും കാണാറുണ്ട്. കഴുത്തിലും കക്ഷത്തിലും തൊലിയില്‍ തൂങ്ങിക്കിടക്കുന്ന സ്കിന്ടാഗ്സ് (skin tags) ഇവരില്‍ കൂടുതലാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പ്രമേഹരോഗികളുടെ ശരീരത്തില്‍ കൂടുതലായി ചുവന്ന മറുകുകളും കാണാനാവും.
കണ്ണിനു ചുറ്റും കറുപ്പു നിറം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇതു മാറാന്‍ എന്തുചെയ്യണം? പോഷകാഹാരക്കുറവാണോ കാരണം?
ചെറുപ്പക്കാര്‍ ഉള്‍പ്പെടെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണിത്. സൗന്ദര്യം കെടുത്താന്‍ കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം കാരണമാകുന്നു. പല കാരണങ്ങള്‍കൊണ്ട് കണ്ണിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകാം. ചിലരില്‍ ഇത് പാരമ്പര്യമായി ഉണ്ടാകും. എന്നാല്‍ ടെന്‍ഷന്‍, ഉറക്കക്കുറവ് തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന കറുപ്പ് നിറത്തിന് കാരണം.
ഇതു കൂടാതെ ടൈഫോയ്ഡ് പോലെ നീണ്ടു നില്ക്കുന്ന അസുഖങ്ങള്‍ വന്നാലും കണ്ണിനു ചുറ്റും കറുപ്പുനിറം ഉണ്ടാകാം. ആവശ്യത്തിന് ഉറങ്ങുകയും ടെന്‍ഷന്‍ ഒഴിവാക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ഈ പ്രശ്നത്തിന് നിന്നും രക്ഷനേടാം. സണ്സ്ക്രീംസ് ഉപയോഗിക്കാവുന്നതാണ്. പോഷകക്കുറവുമായി കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറത്തിന് ബന്ധമില്ല.
അരിമ്പാറ ചര്മരോഗമാണോ? എന്തുകൊണ്ടാണ് അരിമ്പാറ ഉണ്ടാകുന്നത്? അരിമ്പാറ പൂര്‍ണമായി നീക്കം ചെയ്യാനാകുമോ?
സാധാരണയായി കണ്ടുവരുന്ന ഒരു ചര്‍മ്മരോഗമാണ് അരിമ്പാറ. ശരീരത്തിന്റെ ഏതു ഭാഗത്തും അരിമ്പാറ പ്രത്യക്ഷപ്പെടാം. അരിമ്പാറ കളയാന്‍ പലരും പല നാട്ടുമരുന്നുകളും പരീക്ഷിച്ച് അപകടം വരുത്തിവയ്ക്കാറുണ്ട്.
വൈറസ് മൂലമുണ്ടാകുന്ന ചര്‍മ്മരോഗമാണ് അരിമ്പാറ. ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. ഹ്യൂമന്‍ പാപ്പിലോമാ വൈറസാണ് രോഗത്തിന് കാരണം. അരിമ്പാറ പൂര്‍ണമായി വൈദ്യുതി ഉപയോഗിച്ച് കരിച്ചു കളയാനാവും. ഇതിനുള്ള പ്രത്യേക സംവിധാനം ആശുപത്രികളിലുണ്ട്. ഒരു ചര്‍മ്മരോഗ വിദഗ്ധനെ സമീപിച്ചാല്‍ ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കും.
ഭക്ഷണത്തിലെ പാകപ്പിഴയാണ് ചുണങ്ങിനു കാരണമെന്ന് പറയുന്നത് ശരിയാണോ? ചുണങ്ങ് പകരുമോ? ചികിത്സിച്ചു മാറ്റാനാകുമോ?
ചുണങ്ങിനെക്കുറിച്ച് പല തെറ്റിധാരണകളും നിലവിലുണ്ട്. അതിലൊന്നാണ് ഭക്ഷണത്തിന്റെ തകരാറുമൂലമാണ് ചുണങ്ങ് ഉണ്ടാകുന്നതെന്ന്. എന്നാല്‍ ഭക്ഷണത്തിന്റെ തകരാറല്ല ചുണങ്ങിന് കാരണം. ചുണങ്ങ് ത്വക്കിനെ ബാധിക്കുന്ന ഒരു പൂപ്പല്രോഗമാണ്. മലസേസിയ ഫര്‍ഫര്‍ (malassezia furfur) എന്ന ഫംഗസ് ആണ് ചുണങ്ങിന് കാരണം. \
ചുണങ്ങ് പകരും. ചുണങ്ങുള്ളയാള് ഉപയോഗിച്ച വസ്ത്രത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. ചുണങ്ങ് പൂര്‍ണമായി ചികിത്സിച്ചു മാറ്റാനാകും. ചുണങ്ങ് മാറാനുള്ള മരുന്നുകളും ലേപനങ്ങളും ഇന്ന് ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം അവ ഉപയോഗിക്കുക.
മുഖക്കുരുമൂലം ഉണ്ടാകുന്ന കറുത്തപാടുകളും കുഴികളും നീക്കം ചെയ്യാന്‍ സാധിക്കുമോ? മുഖക്കുരു മൂലമുണ്ടാകുന്ന കുഴികള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഗുളികകള്‍ ഉള്ളതായി അറിയുന്നു. ഇത് ഏതെങ്കിലും വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമോ?
കൗമാരക്കാരെയും യുവാക്കളെയും അലട്ടുന്ന ഏറ്റവും വലിയ സൗന്ദര്യപ്രശ്നമാണ് മുഖക്കുരുവും മുഖക്കുരു വന്ന പാടുകളും. സാധാരണ മുഖുക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ തനിയേ മാറും. അല്ലാത്ത പക്ഷം ക്രീമുകള്‍ ഉപയോഗിച്ച് മാറ്റാനാകും. എന്നാല്‍ മുഖക്കുരു മൂലമുണ്ടാകുന്ന കുഴികള്‍ ഇല്ലാതാക്കാന്‍ മരുന്നുകള്‍കൊണ്ട് കഴിഞ്ഞെന്നു വിരില്ല.
ഇതിന് ചെറിയ സര്‍ജറി തന്നെ വേണ്ടി വന്നേക്കും. ഡര്മാബ്രഷന്, കെമിക്കല്‍ പീലിംഗ് മുതലായ സര്ജറികള്കൊണ്ട് മുഖക്കുരു മൂലമുണ്ടാകുന്ന കുഴികള്‍ നീക്കംചെയ്യാനാകും. ഇതിനായി ഒരു ത്വക്ക്രോഗ വിദഗ്ധന്റെ സഹായം തേടണം.
സൂര്യപ്രകാശമേല്ക്കുമ്പോള് ചിലരുടെ ചര്‍മ്മത്തില്‍ ചുവന്ന വരകളും തടിപ്പുകളും ഉണ്ടാകുന്നു. ഇത് എന്തുകൊണ്ടാണ്. അലര്‍ജിയാണോ കാരണം?
സൂര്യപ്രകാശം അലര്‍ജിക്ക് കാരണമാകും. ഇതിന്റെ ഫലമായാണ് ചിലരില്‍ സൂര്യപ്രകാശമേല്ക്കുമ്പോള് ശരീര ഭാഗങ്ങളില്‍ ചുവന്ന വരകളും തടിപ്പുകളുമുണ്ടാകുന്നത്. സൂര്യപ്രകാശത്തിന് അലര്‍ജി കൂടുതലാണ്. ഇതുമൂലം ചര്‍മ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകും.
ശരീരത്തിലാകമാനം നിറവ്യത്യാസവും പാടുകളും തടിപ്പുകളും കാണപ്പെടും. പലരിലും പല സ്വഭാവമായിരിക്കും സൂര്യപ്രകാശംകൊണ്ടുണ്ടാകുന്ന അലര്‍ജി. ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ അലര്‍ജി കൂടുതലായി കാണപ്പെടുന്നു.
ഓസോണ്‍ പാളിയിലെ വിള്ളല്‍ അള്‍ട്രാ വൈലറ്റ് രശ്മികള്‍ കൂടുതല്‍ അന്തരീക്ഷത്തില്‍ പരക്കാനിടയാക്കുന്നു. ഈ അള്‍ട്രാവൈലറ്റ് രശ്മികളുടെ പ്രവര്‍ത്തനമാണ് ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കുന്നത്. സൂര്യപ്രകാശത്തിന്റെ അലര്‍ജിയുള്ളവര്‍, വെയില് നേരിട്ട് ചര്മ്മത്തിലേല്ക്കാതിരിക്കാന് ശ്രദ്ധിക്കണം.
ചില പ്രാണികള്‍ കടിക്കുമ്പോഴും ചിലതരം ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴും ശരീരത്തു തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണ്?
അലര്ജിതന്നെയാണ് ഇവിടെയും പ്രശ്നം. ഉറുമ്പ്, തേനീച്ച തുടങ്ങിയവയുടെ കടിയേറ്റാല്‍ ചിലരുടെ ശരീരത്തില്‍ തടിപ്പുകളും പാടുകളും സൃഷ്ടിക്കാറുണ്ട്. പ്രാണികള്‍ കടിക്കുമ്പോഴും ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴും ശരീരത്തില്‍ തടിപ്പുകള്‍ കാണുന്നത് അലര്‍ജിയുടെ ലക്ഷണമാണ്.
അലര്‍ജിയുണ്ടാക്കുന്ന രാസവസ്തുക്കള്ക്കെതിരേ പൊരുതുന്നത് മനുഷ്യശരീരത്തില്‍ മാസ്റ്റ് സെല്‍ ആണ്. ഈ മാസ്റ്റ് സെല്ലില്‍ നിന്ന് ഹിസ്റ്റാമിന്‍ എന്ന രാസവസ്തു രക്തത്തില്‍ കലരുമ്പോള്‍ ശരീരത്തില്‍ തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത് അപകടകരമാവുന്നത് വിരളമാണ്. ഏതാനും സമയം കഴിയുമ്പോള്‍ തനിയേ മാറുന്നതാണ്.
മുഖത്തുകാണുന്ന കരിമംഗല്യം എന്ന കറുത്ത പാടുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇത് മരുന്നുകൊണ്ട് മാറുമോ?
മധ്യവയസ്കരായ സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് കരിമംഗല്യം. മുഖത്ത് കവിളുകളിലും മൂക്കിനുചുറ്റും കണ്ണിനു താഴെയും കാണുന്ന കറുത്ത പാടുകളാണ് കരിമംഗല്യം. മധ്യവയസിലെത്തുമ്പോള്‍ മാത്രം കാണപ്പെടുന്നതിന് കാരണമുണ്ട്. മധ്യവയസില്‍ ശരീരത്തിലെ ഈസ്ട്രജന്, പ്ര?ജസ്ട്രാണ് ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിനു കാരണം. സണ്‍സ്ക്രീന്‍ പതിവായി ഉപയോഗിക്കുന്നതും കറുപ്പ് നിറം കുറയ്ക്കുന്ന മരുന്നുകള്‍ പുരട്ടുന്നതും ഫലപ്രദമാണ്.
താരന് ഉണ്ടാകാന്‍ കാരണമെന്താണ്? ഇത് മുടികൊഴിച്ചിലിനു കാരണമായിത്തീരുമെന്നു പറയുന്നതു ശരിയാണോ?
താരന് സാധാരണമാണ്. തലയില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും താരന്മൂലമുണ്ടാകുന്നു. തലയിലെ എണ്ണ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളില്‍ നിന്നും വരുന്ന എണ്ണയും വിയര്‍പ്പും അന്തരീക്ഷത്തിലെ പൊടിയും കലര്‍ന്ന് പിറ്റിറോസ്പോറം ഓവലെ (pityrosporum ovale) എന്ന പൂപ്പല്‍ വളരുന്നതിന് അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കുന്നു. ഇതാണ് താരനായി കാണപ്പെടുന്നത്.
താരന് ചൊറിച്ചില്‍ ഉണ്ടാക്കുന്നതിനൊപ്പം മുടികൊഴിച്ചിലിനും കാരണമാകുന്നു. താരന് മാറുന്നതിന് പലതരത്തിലുള്ള ഷാംപുകളും മരുന്നുകളും ഉണ്ട്. മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണം താരനാണ്. അതിനാല്‍ താരന് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ മുടികൊഴിച്ചില്‍ തടയാനാകും.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ചര്‍മ്മരോഗങ്ങള്‍ പകരുമോ? ഉറ ധരിക്കുന്നതുകൊണ്ട് ചര്‍മ്മരോഗങ്ങള്‍ പകരുന്നത് തടയാനാകുമോ?
ഗര്‍ഭനിരോധനം എന്നതിനേക്കാള്‍ എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരാതിരിക്കാനാണ് കോണ്ടം ഉപയോഗിക്കുന്നത്. സുരക്ഷിതമല്ലാത്ത, അതായത് ഉറ ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധത്തിലൂടെ പലതരം ചര്‍മ്മരോഗങ്ങളും പകരാന്‍ സാധ്യതയുണ്ട്.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ചര്‍മ്മരോഗങ്ങള്‍ നിരവധിയാണ്. അരിമ്പാറ മുതല്‍ ഹെര്‍പിസ് രോഗം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ലൈംഗിക ബന്ധത്തിലൂടെ ചര്‍മ്മരോഗങ്ങള്‍ വളരെ വേഗം പകരാന്‍ സാധ്യതയുണ്ട്. ഗര്‍ഭനിരോധന ഉറ ചര്‍മ്മരോഗത്തിന് പ്രതിരോധം തീര്‍ക്കും.
ചിലരുടെ തോള്, വയര്‍, മുതുക്, സ്ത്രീകളുടെ സ്തനം തുടങ്ങിയ ഭാഗങ്ങളില്‍ വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് എന്തുകൊണ്ടാണ്. ഇതിനു ചികിത്സ ആവശ്യമുണ്ടോ?
കൗമാരകാലത്തും പെണ്‍കുട്ടികളിലും പ്രസവം കഴിഞ്ഞ സ്ത്രീകളിലുമാണ് ഇത്തരത്തില്‍ വെളുത്തവരകള് പ്രത്യക്ഷപ്പെടുന്നത്. പെട്ടെന്ന് വണ്ണം കൂടുമ്പോഴും വണ്ണംകുറയുമ്പോഴുമാണ് ശരീരത്തില്‍ വെളുത്ത വരകള്‍ ദൃശ്യമാകുന്നത്. ശരീരത്തില്‍ വളര്ച്ചാമാറ്റങ്ങള് സംഭവിക്കുമ്പോള്‍ ത്വക്കിനു താഴെയുള്ള ഇലാസ്റ്റിക് ഫൈബര്‍ വലിഞ്ഞ് പൊട്ടുന്നതാണ് വെളുത്ത വരകള്‍ക്ക് കാരണം.
കൗമാരക്കാരില്‍ ശരീരത്തില്‍ ദ്രുതഗതിയിലുള്ള വളര്ച്ചയുണ്ടാകുന്നതുകൊണ്ട് ഇത്തരത്തില്‍ വരകള്‍ ഉണ്ടായെന്നുവരാം. ഗര്‍ഭിണികളില്‍ ശരീരം ഹോര്‍മോണ്‍ വ്യതിയാനത്താല്‍ ശരീരം തടിക്കുന്നതും വെളുത്തവരകള്ക്ക് കാരണമാകും. ഇത് ഗൗവമേറിയ പ്രശ്നമല്ല. പ്രത്യേക ലേപനങ്ങളുടെയോ ചികിത്സയുടെയോ ആവശ്യമില്ല. ചര്‍മ്മത്തിലെ വെളുത്ത വരകളും അടയാളങ്ങളും ക്രമേണ മങ്ങും.
മൊരി ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? മൊരി മാറാന്‍ മരുന്നുകള്‍ ഉണ്ടോ? ഇത് മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ?
വരണ്ട ചര്‍മ്മമുള്ളവരുടെ പ്രത്യേകതയാണ് മൊരി. വരണ്ട ചര്‍മ്മം ജന്മനായുള്ളതാണ്. ചര്‍മ്മത്തിന്റെ, ജന്മനായുള്ള സ്വഭാവം മാറ്റാനാവില്ല. എങ്കിലും എണ്ണ തേക്കുന്നതും വീര്യംകുറഞ്ഞ സോപ്പുകള്‍ പയോഗിക്കുന്നതും കുളികഴിഞ്ഞ ഉടന്‍ വാസലിന് പോലുള്ള മരുന്നുകള്‍ പുരട്ടുന്നതും മൊരി മാറാന്‍ സഹായിക്കും.
വളരെ അപൂര്‍വമായി മധ്യവയസ് കഴിഞ്ഞവരുടെ ചര്‍മ്മത്തില്‍ പെട്ടെന്ന് മൊരി പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത് ഗൗരവമായി കാണേണ്ടതാണ്. ചിലപ്പോള്‍ ഇത് കാന്‍സറിന്റെ ലക്ഷണമായേക്കാം. ലിയോണ്ഫോണ എന്ന വിഭാഗത്തില്‍പ്പെടുന്ന കാന്‍സറിന്റെ ലക്ഷണമാണിത്. വിദഗ്ധ പരിശോധനയും ചികിത്സയും ഇവര്‍ക്ക് ആവശ്യമാണ്.
ബസിലും മറ്റും വില്‍പ്പനയ്ക്കു വരുന്ന ഹൈപ്പോ എന്ന രാസപദാര്‍ഥം ചുണങ്ങുപോലുള്ള ചര്‍മ്മരോഗം മാറാന്‍ സഹായിക്കും എന്നു പറയുന്നതു ശരിയാണോ? ഇതിന് പാര്‍ശ്വഫലങ്ങളുണ്ടോ?
ത്വക്കിന്റെ ഉപരിതലത്തില്‍ മാത്രം കാണുന്ന ഫംഗസ് ആണ് ചുണങ്ങ്. അതുകൊണ്ടു ഉണ്ടാകുന്ന നിറംമാറ്റം കുറയ്ക്കാന്‍ ഹൈപ്പോയ്ക്ക് കഴിയും. ചുണങ്ങുമാറ്റാനുള്ള ശരിയായ മാര്‍ഗമല്ല ഇത് എന്നും ഓര്‍ക്കണം. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് തകരാര്‍ സംഭവിക്കില്ല.
പതിവായി ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മത്തിന്റെ നിറം നഷ്ടമാവുമോ? ഇതുമൂലം ചര്‍മത്തിന് മറ്റെന്തെങ്കിലും തകരാറുണ്ടാകുമോ?
ചുടുവെള്ളം ശരീരത്തിന്റെ നിറം നഷ്ടപ്പെടുത്തുന്നില്ല. പതിവായി ചൂടുവെള്ളം ഉപയോഗിക്കുന്നത് വരണ്ട ചര്‍മ്മമുള്ളവരുടെ ചര്‍മ്മത്തെ വീണ്ടും വരണ്ടതാക്കാനിടയുണ്ട്. ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ത്വക്കിലെ എണ്ണമയം നഷ്ടമാകും.
എണ്ണമയം കൂടുതലായി നഷ്ടമാകുന്നതിലൂടെ ചൊറിച്ചില്‍ അനുഭവപ്പെടാനിടയുണ്ട്. അതിനാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ അമിതമായ ചൂടില്‍ കുളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിത ചൂട് ചര്‍മ്മത്തെ വളരെയധികം വരണ്ടതാക്കും.
കറവക്കാര്‍ക്ക് ചര്‍മ്മരോഗത്തിന് സാധ്യത കൂടുതലാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്? മൃഗങ്ങളിലുള്ള ഏതെങ്കിലും രോഗാണുവണോ ഇതിനു കാരണം?
കറവക്കാര്‍ക്ക് ചര്‍മ്മരോഗത്തിനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതലാണ്. അലര്‍ജി വിഭാഗത്തില്‍ പെടുന്ന ചര്‍മ്മരോഗമാണ് സ്ഥിരം കറവക്കാര്‍ക്ക് ഉണ്ടാകുന്നത്. ഇവര്‍ക്കുണ്ടാകുന്ന അലര്‍ജിക്ക് കാരണം പലതാണ്. പശുവിനെയും മറ്റും കറക്കുമ്പോള്‍ പശുക്കുട്ടിയുടെ
ഉമിനീരും പശുവിന്റെ ദേഹത്തെ രോമവും ചാണകവും പശുവിന്റെ കയറുമുള്പ്പെടെ പല സാധനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നു.
ഇവയില്‍ പലതും അലര്‍ജി ഉണ്ടാക്കുന്നു. ഇത് രോഗാണുകൊണ്ടുണ്ടാവുന്ന അസുഖമല്ല. കറവയ്ക്കുമുമ്പ് കറവക്കാരന് കൈ നന്നായി കഴുകി വൃത്തിയാക്കണം. കൂടാതെ തൊഴുത്തും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുകയും ചെയ്താല്‍ അലര്‍ജി വലിയൊരളവോളം ഒഴിവാക്കാനാവും.
ശരീരഭാഗങ്ങളില്‍ എവിടെയെങ്കിയും നിസാര പോറല്‍ ഉണ്ടായാല്‍ പോലും ചര്‍മ്മം ചുവന്ന് തടിക്കുന്നത്് എന്തുകൊണ്ടാണ്. ഇതു രോഗമാണോ? ചികിത്സ ആവശ്യമുണ്ടോ?
നാമറിയാതെ നമ്മുടെ ശരീരഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ ആഴത്തിലല്ലാത്ത മുറിവുണ്ടാകുന്നത് സാധാരണമാണ്. വീട്ടില്‍ പെരുമാറുമ്പോഴോ യാത്രയിലോ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടാകും. ഇത്തരത്തില്‍ പോറലുകള്‍ ഉണ്ടായാല്‍ അത് എത്ര നിസാരമാണെങ്കിലും 2-25 ശതമാനം പേരിലും ചര്‍മം ചുവന്ന് തടിക്കും.
ഇതിന് ഡര്മോഗ്രാഫിസം എന്നു പറയുന്നു. ഇവരുടെ രക്തക്കുഴലുകള്‍ പെട്ടെന്ന് വികസിക്കുന്നതാണ് കാരണം. അല്പസമയത്തിനുള്ളില് സാധാരണ നിലയിലാവുകയും ചെയ്യുന്നു. ഇതൊരു രോഗമല്ല. പ്രത്യേക ചികിത്സയുടെ ആവശ്യമില്ല.
തലമുടി വട്ടത്തില്‍ കൊഴിയുന്നത് എന്തുകൊണ്ടാണ്? ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാകുമോ?
തലമുടി വട്ടത്തില്‍ പൊഴിയുന്നത് പല കാരണങ്ങള്‍കൊണ്ടാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഇതു കണ്ടുവരുന്നു. പെട്ടെന്നുണ്ടാകുന്ന ഷോക്ക്, മാനസിക പിരിമുറുക്കം എന്നിവയാണ് മുടി വട്ടത്തില്‍ കൊഴിയുന്നതിന് കാരണം. ദന്തരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അണുബാധകള്‍ ഉണ്ടാകുമ്പോഴും ചിലരില്‍ ഇത് സംഭവിക്കാം.
ചെറിയ ശതമാനം ആളുകളില്‍ പാരമ്പര്യമായും ഇതു കാണാം. ഉദാഹരണത്തിന് ഒരു കുടുംബത്തിലെ പല അംഗങ്ങള്‍ക്കും ഇതേ പ്രശ്നം ഉള്ളതായി കണ്ടിട്ടുണ്ട്. ഈ രോഗം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവുന്നതാണ്.
ശരീരം ചൊറിഞ്ഞു തടിക്കുമ്പോള്‍ 'ചേര് പൊരുതുന്നതാണെന്ന്' പറഞ്ഞു കേള്‍ക്കുന്നു. ചേര് എന്ന മരത്തിനു ചുവട്ടിലൂടെ പോകുന്ന ചില പ്രത്യേക നാളുകാര്‍ക്ക് ഇങ്ങനെ ചൊറിഞ്ഞു തടിക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ഇതില്‍ വാസ്തവമുണ്ടോ? ചേര് മരം ചൊറിച്ചിലുണ്ടാക്കുമോ?
'ചേര് പൊരുതുക' എന്നൊരു വിശ്വാസം നമ്മുടെ നാട്ടിലുണ്ട്. പല നാടുകളിലും ചേരുമരവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ഇന്നും പ്രചാരത്തിലുണ്ട്. ചേരുമരം അലര്‍ജി ഉണ്ടാക്കും. ചിലരില്‍ ഇത് കൂടുതലായും കണ്ടുവരുന്നു. ഈ മരത്തിന്റെ കായ, ഇല, തൊലി ഇവയിലെല്ലാം അലര്‍ജിയുണ്ടാക്കുന്ന ഒരുതരം ആല്‍ക്കലോയ്ഡ് അടങ്ങിയിരിക്കുന്നു.
ഈ ആല്‍ക്കലോയ്ഡ് ചര്‍മ്മവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. ഇതിനൊപ്പം ചുവന്ന് തടിക്കുകയും ചെയ്യും. ചിലരില്‍ അലര്‍ജി കൂടുതല്‍ പ്രകടമാകുന്നതുകൊണ്ടാവണം ചില 'പ്രത്യേക നാളുകാരെ' ചേരുമരം ആക്രമിക്കുമെന്നു വിശ്വസിക്കുന്നത്. നാളുമായോ വ്യക്തികളുമായോ ഇതിന് യാതൊരു ബന്ധവുമില്ല.
പതിവായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ചര്‍മ്മം കേടുവരുത്തുമോ? ഇരുണ്ട നിറമുള്ള ചര്‍മം ഫെയര്‍നസ് ക്രീം പുരട്ടിയാല്‍ വെളുക്കുമോ?
ദീര്‍ഘകാലം പതിവായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് അത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാകാന്‍ ഇതു കാരണമാകും. അതിനാല്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമം.
ഹൈഡ്രോക്വിനോണ്‍ (hydroquinone), അസിലെയ്സ് ആസിഡ് (azelaic acid) മുതലായ കെമിക്കലുകള്‍ കലര്‍ന്ന ഫെയര്‍നസ് ക്രീമുകള്‍ ചര്‍മ്മത്തിന് നിറം നല്‍കും.
ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്കുന്ന മെലാനിന്റെ ഉത്പാദനം കുറയ്ക്കുകയാണ് ഈ കെമിക്കല്‍ ചെയ്യുന്നത്. ഇതിന്റെ ഫലമായാണ് വെളുപ്പ് നിറം ചര്‍മ്മത്തിന് ലഭിക്കുന്നത്. ഒട്ടുമിക്ക ഫെയര്‍നസ് ക്രീമുകളും പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്.
മറുപടിക്ക് കടപ്പാട് :
ഡോ. രേഖ ആര്
സ്കിന്‍ സ്പെഷലിസ്റ്റ്, ഏറ്റുമാനൂ
കടപ്പാട് :മംഗളം
അവസാനം പരിഷ്കരിച്ചത് : 6/27/2020
ചർമത്തെ ബാധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്