ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിലേയ്ക്കുതിരിയുന്നത് ആരോഗ്യത്തിനും ഭൂമിക്കും ഗുണകരമാണ്. വിലവര്‍ധന കാരണം എല്ലായിപ്പോഴും ഇവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. 50ശതമാനം മുതല്‍ 100 ശതമാനംവരെ വിലകൂടുതലാണ് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്ക് നല്‍കേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി അവയെങ്കിലും ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാകും ഉചിതം.
നാരുകളേറെയടങ്ങിയ പഴമാണ് ആപ്പിള്‍. തൊലികളയാതെ കഴിക്കുമ്പോഴാണ് അതിന്റെ ഗുണം ലഭിക്കുക. കാന്‍സര്‍, ഹൃദ്‌രോഗം തുടങ്ങിയവ തടയാന്‍ കഴിവുള്ള ബീറ്റ കരോട്ടിന്‍ പോലുള്ളവ ആപ്പിളിന്റെ തൊലിയിലാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളത്. എന്നാല്‍ കീടനാശിനികള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുള്ളതും തൊലിയില്‍തന്നെയാണ്. അതിനാല്‍തന്നെ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കുകയാകും ഉചിതം. കൂടുതല്‍ വിലനല്‍കി ഇവ വാങ്ങാന്‍ കഴിയാത്തവര്‍ നന്നായി കഴുകി ഉപയോഗിക്കേണ്ടതാണ്. പൈപ്പിനടിയില്‍ വെച്ച് വെള്ളം തുറന്നുവിട്ട് ശക്തിയായി അമര്‍ത്തി കഴുകിയെടുത്താല്‍ കീടനാശിനിയുടെ അളവ് കുറക്കാന്‍ കഴിയും.
കാപ്‌സിക്കം പോലുള്ള മുളകുകള്‍, മല്ലിയില, പുതിനയില തുടങ്ങിയ ഇലക്കറികള്‍ തുടങ്ങിയവയില്‍ വളരെയധികം കീടനാശിനികള്‍ ഉണ്ടാകും. കീടനാശിനിയുടെ അളവുകൂടുതലുള്ളതിനെ വേര്‍തിരിച്ചുകാണിക്കുന്ന 'ഡെര്‍ട്ടി ഡസ'നില്‍പ്പെട്ട ഭക്ഷ്യവിഭവങ്ങളാണിവ. 2004-ല്‍ അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 49 തരം കീടനാശിനികള്‍ ഇവയില്‍നിന്ന് കണ്ടെത്തിയിരുന്നു. കീടനാശിനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇവയില്‍ ഇപ്പോഴും തെളിക്കുന്നവ ആരോഗ്യത്തെ അപകടപ്പെടുത്തുന്നതാണ്.
സ്‌ട്രോബറി, പ്ലം, ചെറി തുടങ്ങിയ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്തരം പഴങ്ങളില്‍ കീടനാശിനികളുടെ അളവ് ഏറെയാണെന്ന് ശ്രസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായി ഉല്‍പാദിപ്പിച്ചവ വാങ്ങുന്നതുവഴി കീടനാശിനിയുടെ അളവ് കുറയ്ക്കാന്‍ കഴിയും. പ്രാദേശികമായി കൃഷിചെയ്‌തെടുത്തവ കൂടുതല്‍ ' ഫ്രഷ്' ആയിരിക്കുകയും ചെയ്യും.
മാര്‍ദ്ദവമുള്ള തൊലിയുള്ള പിയര്‍ പോലുള്ള പഴങ്ങളിലും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവും ജനസമിതിനേടിയ പഴമാണിത്. കലോറി കുറഞ്ഞതായതിനാല്‍ സ്‌നാക്‌സുകള്‍ക്കു പകരമായി ധാരാളം ഇവ ഉപയോഗിച്ചുവരുന്നു. അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 30 തരം കീടനാശിനികളാണ് ഈ പഴങ്ങളില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ മാത്രം ഉപയോഗിക്കുകയാകും ഉചിതം.
വൈറ്റമിന്‍ സിയും കെയും മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലാണെങ്കില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഇത് വളരെ നല്ലതാണ്. അതിനാല്‍തന്നെ മുന്തിരി നമ്മുടെ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല. പക്ഷേ, കീടനാശിനികള്‍ ഏറെതെളിക്കുന്നതും അവയെല്ലാം കഴുകികളയാന്‍ ബുദ്ധിമുട്ടുള്ളവയുമാണ് ഈ പഴങ്ങള്‍. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഭക്ഷിക്കാന്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവതന്നെയാണ് ഉചിതം. അല്ലാത്ത പക്ഷം വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് ഏറെനേരം വെച്ച് നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.
പ്രോട്ടീന്‍, വൈറ്റമിന്‍ എ, സി, ഇ, കെ, ബി6 എന്നിവയും കാല്‍സ്യം, അയേണ്‍, മഗ്നീസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയതാണ് ചിര. പക്ഷേ, 57തരം കീടനാശിനികള്‍ ചിരയിലും 51തരം കീടനാശിനികള്‍ കാബേജിലും അടങ്ങിയിട്ടുണ്ടെടന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവയോ സ്വന്തം തൊടിയില്‍ നട്ടുവളര്‍ത്തിയവയോ ഉപയോഗിക്കുന്നതാണ് ഉചിതം
വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, മാംഗനീസ്, നാരുകള്‍ എന്നിവ അടങ്ങിയതാണ് ഇവ. പാതിവേവിച്ച ഉരുളന്‍കിഴങ്ങില്‍ 161 പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാരറ്റിലാകട്ടെ വൈറ്റമിന്‍ എ, കെ, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ് കാരറ്റും ഉരുളന്‍കിഴങ്ങും. അതിനാല്‍തന്നെ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് ഹോര്‍മോണുകള്‍(rBGH) ഉപയോഗിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് മനുഷ്യന് ഹാനികരമാണോ? ശാസ്ത്രജ്ഞരുടെ അഭിപ്രായം ഹാനികരമല്ലെന്നാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഈ പാല്‍ നല്‍കാതിരിക്കുന്നതാണ് ഉചിതം. ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ച പാലാണ് നല്ലത്. അവ എവിടെ ലഭിക്കുമെന്നത് തികച്ചും പ്രാദേശികമായ കാര്യമാണ്.
ഫാമുകളില്‍ വളര്‍ത്തുന്ന മാടുകളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നത് വ്യാപകമാണ്. പെട്ടന്ന് വളരുന്നതിനും തടിച്ചുകൊഴുക്കുന്നതിനുമാണിത്. മനുഷ്യന് ഇത് ഹാനികരമാണോ എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ പഠനങ്ങളൊന്നും വന്നിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്കറ്റുകളില്‍ ലഭിക്കുന്ന ഇറച്ചികള്‍ ഇത്തരത്തിലുള്ളതാകാനുള്ള സാധ്യത കൂടുതലാണ്.
കുട്ടികളുടെ പ്രതിരോധശേഷി വികസിക്കാത്തതിനാല്‍ മുതിര്‍ന്നവരേക്കാള്‍ കീടനാശിനികള്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാം. ടിന്നിലട്ച്ച് ലഭിക്കുന്നവയേക്കാള്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്തവ മാത്രം നല്‍കുന്നതാണ് ഏറ്റവും നല്ലത്. മുലപ്പാലാണ് ഏറ്റവും യോജിച്ചത്. റാഗി, ഗോതമ്പ് തുടങ്ങിവ ഉപയോഗിക്കുമ്പോഴും സൂക്ഷിച്ച് നല്‍കുക.
ജൈവഉല്‍പ്പന്നങ്ങളാണെന്ന വ്യാജേന വപണിയില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ലഭിക്കും. വ്യക്തമായ സര്‍ട്ടിഫിക്കേഷനാണ് തിരിച്ചറിയാനുള്ള ഏക പോംവഴി. പാക്കറ്റുകള്‍ക്കുപുറത്ത് വ്യക്തമായി ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടാകും.
പ്രാദേശികമായി കൃഷിചെയ്യുന്ന നിരവധി പച്ചക്കറികളും പഴങ്ങളും ലഭ്യമാണ്. തൊലികളഞ്ഞ് ഉപയോഗിക്കുന്നവയായ പപ്പായ, വാഴപ്പഴം, മാമ്പഴം, കൈതച്ചക്ക, സവോള, കുമ്പളം, മത്തന്‍ തുടങ്ങി നിരവധി വിളകള്‍ നമുക്ക് ലഭ്യമാണ്. ഇവയില്‍ കീടനാശിനി ഉണ്ടെങ്കില്‍തന്നെ നമ്മെ ബാധിക്കില്ലെന്ന് അറിയാമല്ലോ
* 100ശതമാനം ഓര്‍ഗാനിക്: ക്രിത്രിമവസ്തുക്കളൊന്നും ഉപയോഗിക്കാത്തവയാണിവ.
* ഓര്‍ഗാനിക്: 95 ശതമാനം ജൈവകൃഷിയിലൂടെ സംസ്‌ക്കരിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍.
* മെയ്ഡ് വിത്ത് ഓര്‍ഗാനിക് ഇന്‍ഗ്രീഡിയന്റസ്: 70ശതമാനം ജൈവരീതിയില്‍ വികസിപ്പിച്ചതായിരിക്കും ഇവ.
* ബീഫ്, ചിക്കന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ 'ഓര്‍ഗാനിക്' ആണെങ്കില്‍ ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ചവയാകും.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ ലഭിക്കുന്നു. പ്രാദേശികമായി കൃഷിചെയ്യുന്നവയാണെങ്കില്‍ കീടനാശിനിയില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയും. സ്വന്തം തൊടിയിലോ, അല്ലെങ്കില്‍ നാം നേരിട്ട് കാണുന്ന കൃഷിയിടങ്ങളിലൊ ആകുമ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാം.
ഹെല്‍ത്ത് ഡസ്‌ക്
കടപ്പാട്-മാതൃഭൂമി ന്യൂസ്
അവസാനം പരിഷ്കരിച്ചത് : 7/11/2020
ആഹാരത്തിന്റെ എല്ലാ ഘടകങ്ങളും പല തരത്തിലുളള പോഷകഹാ...
കൂടുതല്‍ വിവരങ്ങള്‍
വിളര്‍ച്ച പ്രോട്ടീന്‍ കലോറി പോഷകകുറവ് പോഷകകുറവ് ...
ഇവ ആരോഗ്യത്തിന് എത്രത്തോളം ഗുണപ്രദമാണെന്ന് നോക്കാം