অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശരീരഭാരം കൂടുന്നതിനുള്ള കാരണങ്ങള്‍

ശരീരഭാരം കൂടാന്‍ കാരണങ്ങളേറെ

അമിതഭക്ഷണവും വ്യായാമക്കുറവിനുമോടൊപ്പം ശരീരഭാരം കൂടാന്‍ നേരിട്ടുള്ളതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങളുണ്ട്.

കൊഴുപ്പേറിയ ഭക്ഷണം,മധുരമേറിയ ശാതളപാനീയങ്ങള്‍,മദ്യം തുടങ്ങിയവയെല്ലാം ശരീരഭാരം വര്‍ധിപ്പിക്കുമെന്ന് നമുക്കറിയാം.ഭക്ഷണമേറുകയും വ്യായാമം കുറയുകയും ചെയ്യുന്നത് തൂക്കം കൂട്ടുമെന്നതും വാസ്തവം.എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്.എന്തായിരിക്കും ഇതിനു കാരണം ?.ഏറെ ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അവയില്‍ ചിലത് ഇനിപ്പറയുന്നു:

1. ഉറക്കകുറവ്
വിശ്രമാവസ്ഥയില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കും.ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോള്‍ ശരീരത്തിന് ആയാസം അനുഭവപ്പെടുന്നു.കൂടാതെ അധികം കൊഴുപ്പ് സംഭരിക്കാനും ഇത്തരെമാരവസ്ഥ സഹായകമാകുന്നു.ക്ഷീണിച്ച അവ സ്ഥയിലും മനസ്സംഘര്‍ഷമുണ്ടാകുമ്പോഴും ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും.വൈകിയുറങ്ങുന്നവര്‍ രാത്രിയില്‍ അധികമായി കഴിക്കുന്ന ഭക്ഷണം അനാവശ്യമായ ഊര്‍ജ്ജം ശരീരത്തിലെത്താന്‍ കാരണമാകുന്നു.ഇതെല്ലാം ശരീരഭാരം കൂട്ടുന്നു.

ഇതിനെന്താണ് പരിഹാരം.ഉത്തരം ലളിതം.സാധാരണ ഉറങ്ങുന്ന സമയത്തില്‍ 15 മിനുട്ട് വര്‍ധിപ്പിക്കുക.ഫലമുണ്ടാകുന്നില്ലെങ്കില്‍ ഒരു 15 മിനുട്ടുകൂടി. നല്ല നിദ്രാശീലങ്ങള്‍ക്കൊപ്പം ക്രമമായി വ്യായാമവുമുണ്ടെങ്കില്‍ ഗാഢനിദ്ര നിങ്ങളെ തേടിയെത്തും.

2. മനസ്സംഘര്‍ഷം
ആധുനിക ജീവിതം പിരിമുറുക്കം നിറഞ്ഞതാണ്.കൂടുതല്‍ പണം നേടാനുള്ള ശ്രമം,ജോലിയിലെ സങ്കീര്‍ണതകള്‍ ഇതെല്ലാം ചേര്‍ന്നുണ്ടാക്കുന്ന വേഗതയേറിയ ജീവിതക്രമം മനസ്സമാധാനം നഷ്ടമാകാന്‍ ഇതില്‍പ്പരം സാഹചര്യങ്ങള്‍ ആവശ്യമില്ല.ഇത്തരം മാനസികാവസ്ഥ ശാരീരികമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്.ശരീരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുന്നു,ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുന്നു,കോര്‍ട്ടിസോള്‍,പെപ്്്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അധികമായി ഉത്പാദിപ്പിക്കുന്നു. മനസ്സഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിപ്രവര്‍ത്തനമെന്ന രീതിയില്‍ അധികം ഭക്ഷണം കഴിക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു.വയറിനുചുറ്റും കൊഴുപ്പടിയാനും തടികൂടാനും കാരണം മറ്റൊന്നാവില്ല.

3.മരുന്നുകള്‍
വിഷാദം,മൈഗ്രെയ്ന്‍,രക്തസമ്മര്‍ദ്ദം,പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ശരീരഭാരം കൂടാന്‍ കാരണമാകാറുണ്ട്.ചിലയിനം സ്റ്റീറോയ്ഡുകള്‍,ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകള്‍,ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയും തൂക്കം കൂട്ടും.ജീവിതക്രമത്തില്‍ വലിയ മാറ്റമില്ലാഞ്ഞിട്ടും മാസം നാലുകിലോയില്‍ കൂടുതല്‍ തൂക്കം കൂടുന്നുവെങ്കില്‍ കാരണം നിങ്ങള്‍ കഴിക്കുന്ന മരുന്നാകാം. എന്നാല്‍ തൂക്കം കൂടുന്നുവെന്ന കാരണത്താല്‍ മരുന്നുകഴിക്കുന്നത് നിര്‍ത്തുന്നത് ഏറെ അപകടം ചെയ്യുനെന്നതും ഓര്‍ക്കുക.

4.തടികൂട്ടുന്ന രോഗങ്ങള്‍
കാരണമില്ലാതെ തടികൂടുന്നതിന് രോഗങ്ങളും കാരണമാകാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പോതൈറോയിഡിസം ഇവയിലൊന്നാണ്.ശരീരത്തിലെ ചയാപചയപ്രവര്‍ത്തനങ്ങള്‍ കുറച്ച് വിശപ്പില്ലാതാക്കാന്‍ ഹൈപ്പോതൈ റോയിഡിസം കാരണമാകുന്നു. അതുവഴി ശരീരഭാരം കൂടുകയും ചെയ്യും.ക്ഷീണം,മയക്കം,ശരീരിത്തില്‍ നീര്,കുളിര്,ഉറക്കകൂടുതല്‍,തലവേദന തുടങ്ങിയ ലക്ഷമങ്ങള്‍ ചിലപ്പോള്‍ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാവാം.

5.ആര്‍ത്തവവിരാമം
മധ്യവസ്സെത്തുമ്പോള്‍ മുന്‍പത്തേതിനേക്കാള്‍ ശാരീരികാധ്വാനം കുറയുന്നത് സ്വാഭാവികം. സ്ത്രീകളില്‍ ആര്‍ത്തവവിരാമമുണ്ടാകുന്നതും ഇക്കാലത്താണ്. ഇതിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,വിഷാദം,ഉറക്കകുറവ് ഇവയെല്ലാം ശരീരഭാരം കൂടാന്‍ കാരണമാകുന്നു.ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നതോടെ സ്ത്രീകളുടെ നിതംബം,തുടകള്‍ എന്നീപ്രദേശങ്ങളില്‍ ഭാരംകുറയുകയും പകരം വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് തൂക്കം കൂടാന്‍ ആരംഭിക്കുകയും ചെയ്യുന്നു.വ്യായാമവും,കലോറികുറഞ്ഞ,കാല്‍സ്യവും വിറ്റെമിന്‍-ഡിയുമടങ്ങിയ ഭക്ഷണവും ആര്‍ത്തവവിരാമത്തിനുശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ചുരുക്കത്തില്‍ അമിതഭക്ഷണവും വ്യായാമക്കുറവിനുമോടൊപ്പം ശരീരഭാരം കൂടാന്‍ നേരിട്ടുള്ളതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങളുണ്ട്.

ഡോ. ഒ.കെ മുരളീകൃഷ്ണന്‍

നാല്‌പത് കഴിഞ്ഞാല്‍ ആഹ്ലാദം

ഡോ. ജി. ഹരികുമാര്‍

 

ഫോര്‍ട്ടി പ്ലസ്. എന്തുകൊണ്ടും ഏറെ സന്തോഷം നല്‍കുന്ന കാലഘട്ടം. കുട്ടികള്‍ പഠിച്ച് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പോകുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിച്ച് നല്ല നിലയിലെത്തുന്നു. അതുമല്ലെങ്കില്‍ സ്ഥലവും വീടും സ്വന്തമാക്കുന്നു...
ഇങ്ങനെ നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കാലം. മറുവശത്ത് ഉത്തരവാദിത്വത്തിന്റെ പിരിമുറുക്കം, രോഗങ്ങളുടെ വരവ്, വ്യായാമക്കുറവ്, ക്രമംതെറ്റിയ ആഹാരരീതികള്‍, ഓര്‍മക്കുറവ് എന്നിവ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.

പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള്‍ ഉണ്ടാകുക എന്നത് അനിവാര്യതയുമാണ്. എന്നാല്‍ വൃദ്ധനായി എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതം മുഴുവന്‍ ആഹ്ലാദം നിറയ്ക്കാനാവും.

ഭക്ഷണം: ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം. 20-25 വയസ്സു കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ട ഊര്‍ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം മതി. ഇത് ചെറുപ്പക്കാര്‍ കഴിക്കുന്നതിന്റെ പകുതിയോളം മതിയാകും. ഉദാഹരണത്തിന് 20-25 പ്രായത്തില്‍ ഒരാള്‍ 8 ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ ഇപ്പോള്‍ അത് 3-4 മതിയാകും. അധികമായി കഴിക്കുന്നതില്‍നിന്നുള്ള ഊര്‍ജം കൊളസ്‌ട്രോളായും മറ്റും സംഭരിക്കുന്നതാണ് അപകടാവസ്ഥ. ഇത് പ്രമേഹംപോലുള്ള രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. കൂടാതെ ഈ പ്രായത്തില്‍ പൊതുവേ കായികാധ്വാനത്തിന്റെ തോത് കുറഞ്ഞുവരുകയും ചെയ്യുന്നു.

ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. സാധിക്കുന്നില്ലെങ്കില്‍ അളവ് നല്ലവണ്ണം കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. വേണമെങ്കില്‍ മീന്‍കറി, മുട്ടയുടെ വെള്ള എന്നിവയാകാം. ചെറുമത്സ്യങ്ങളായ അയില, മത്തി, നെത്തോലി എന്നിവ നല്ലതാണ്. ഭക്ഷണം നല്ലവണ്ണം ചവച്ച് സമയം എടുത്ത് കഴിക്കുക. ഇടവേളകളില്‍ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ പഴച്ചാറുകളോ കുടിക്കാം. അളവ് കുറയ്‌ക്കേണ്ട മറ്റ് ആഹാരസാധനങ്ങളാണ് ഉപ്പ്, പഞ്ചസാര, വറുത്തതും പൊരിച്ചതും മുതലായവ. പണ്ട് പൊതുവെ കണ്ടിരുന്നതും അടുത്തകാലത്ത് മലയാളികള്‍ തീരെ ഉപേക്ഷിച്ചതുമായ ഒരു ഭക്ഷണരീതിയാണ് മോര് കുടിക്കുക, മോര് കൂട്ടി ഊണ് കഴിക്കുക എന്നത്. ഇന്ന് ഇതിന്റെ സ്ഥാനത്ത് തൈരിന്റെ ഉപയോഗം കൂടി. തൈര് അപകടകാരിയും മോര് രക്ഷകനും ആണ്. ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷാംശങ്ങള്‍ കുടലില്‍വെച്ചും കരളില്‍വെച്ചും നീക്കംചെയ്യാന്‍ മോരിന് കഴിവുണ്ട്.

ഭക്ഷണത്തില്‍ വളരെയധികം പച്ചക്കറികള്‍ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകംചെയ്യുക. നാം താമസിക്കുന്ന സ്ഥലത്ത് സുലഭമായി ലഭിക്കുന്ന സാധനങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളായി തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിള്‍ എന്നിവ കുടലിലെ കാന്‍സറിനെ തടയുന്നതിനും പുളിച്ചിക്ക (പുളിക്ക) ഹൃദയത്തിലും രക്തക്കുഴലുകളിലും രക്തം കട്ടപിടിക്കുന്നതിനെ തടയുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പച്ചത്തേങ്ങ ബി.പി. കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പേരയ്ക്ക വിരശല്യം തടയുന്നതിനും ഫലവത്താണ്.

വ്യായാമം: വ്യായാമം ദിനചര്യയുടെ ഭാഗമാക്കണം. നടത്തം, ജോഗിങ്, കളികള്‍ എന്നിവയില്‍ ഏതെങ്കിലും 30 മുതല്‍ 60 വരെ മിനുട്ട് ചെയ്യുന്നത് നല്ലതായിരിക്കും. രാവിലെയുള്ള വ്യായാമമാണ് നല്ലത്. വ്യായാമത്തിന് മരുന്നിന്റെ ഫലം ലഭിക്കണമെങ്കില്‍ അത് സമയക്ലിപ്തതയോടുകൂടി ചെയ്യണം.

വ്യായാമം അധികം ആയാസകരമാകണമെന്നില്ല. ഒറ്റയ്ക്ക് സാമാന്യം സ്​പീഡോടുകൂടി 40 മിനുട്ട് നടക്കുന്നത് ധാരാളം മതിയാകും. ഇത്തരം നടത്തം നിത്യേന ചെയ്യാന്‍ സാധിക്കാത്തവര്‍ വീട്ടില്‍ രണ്ടാംനിലയിലേക്കുള്ള പടികള്‍ പകുതിവരെ (8-10 വരെയുള്ള സ്റ്റെപ്‌സ്) കയറിയിറങ്ങിയാല്‍മതി. അതുമല്ലെങ്കില്‍ ജോലിസ്ഥലത്തുനിന്ന് വൈകീട്ട് ബസ്സില്‍ വരുമ്പോള്‍ ഉദ്ദേശം 3-5 കിലോമീറ്റര്‍ മുന്‍പേ ഇറങ്ങി നടന്ന് വീട്ടില്‍ പോയാല്‍ മതി.

വീട്ടില്‍ നമ്മള്‍ചെയ്യുന്ന ജോലികള്‍തന്നെ ആരോഗ്യദായകമായി മാറ്റാവുന്നതാണ്. ഷവറില്‍ കുളിക്കുന്നതിനുപകരം ബക്കറ്റില്‍ വെള്ളം നിറച്ച് ഒരു പാത്രംകൊണ്ട് കുനിഞ്ഞ് വെള്ളം കോരിക്കുളിച്ചാല്‍തന്നെ അത് നിത്യേന കൃത്യസമയത്തുള്ള വ്യായാമമായി മാറുന്നു. സ്ത്രീകള്‍ക്ക് നിലം വൃത്തിയാക്കല്‍, തറ തുടയ്ക്കല്‍, ഇരുന്നുകൊണ്ട് കറിക്ക് അരിയല്‍, അരയ്ക്കല്‍, തേങ്ങ ചുരണ്ടല്‍ എന്നിവയെയും ഈ ഗണത്തില്‍ ഉള്‍പെടുത്താം. യൂറോപ്യന്‍ ക്ലോസറ്റുകള്‍ മാറ്റി ഇന്ത്യന്‍ ക്ലോസറ്റുകള്‍ ആക്കുകയാണെങ്കില്‍ കാല്‍മുട്ടിന്റെ തേയ്മാനം, വീക്കം എന്നിവ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. ശ്വാസസംബന്ധമായ വ്യായാമത്തിനുകൂടി സമയം കണ്ടെത്തുകയാണെങ്കില്‍ നന്ന്. അതില്‍ ഏറ്റവും പ്രധാനം ശ്വസനക്രിയ, പ്രാണായാമം എന്നിവ തന്നെയാണ്.

ഉറക്കം: ദിവസവും 6 മണിക്കൂറെങ്കിലും ഉറങ്ങുക. അത് മനസ്സിന് അയവ് നല്‍കുന്ന ഏതെങ്കിലും പ്രവൃത്തിയില്‍ വ്യാപൃതനായശേഷമായാല്‍ നന്ന്. ഉദാഹരണത്തിന് പാട്ട്പാടുക, കേള്‍ക്കുക, വരയ്ക്കുക, പെയിന്റിങ്, തയ്യല്‍, സെക്‌സ് എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

സൗഹൃദം: ധാരാളം സുഹൃത്തുക്കളുള്ളതും അവരുമായി സൗഹൃദം പങ്കിടുന്നതും ആശയവിനിമയം നടത്തുന്നതും നല്ലതാണ്. അത്യധികം വ്യക്തിപരമായ കാര്യങ്ങള്‍ ഏറ്റവും വിശ്വാസയോഗ്യരായ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി മാത്രമേ പങ്കിടാവൂ.

ഹോബി: ഏതെങ്കിലും ഒരു ഹോബി വളര്‍ത്തിയെടുക്കുന്നത് ജീവിതത്തിന്റെ വൈകിയവേളയില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുമ്പോള്‍ ഏറെ ആശ്വാസംപകരും. പാടുക, സംഗീത ഉപകരണങ്ങള്‍ വായിക്കുക, പാട്ടു കേള്‍ക്കുക, ഗാര്‍ഡനിങ്, പാചകം, പക്ഷിമൃഗാദികളെ വളര്‍ത്തുക, വായന, കൗതുകവസ്തുക്കള്‍ ശേഖരിക്കുക എന്നിവ സമയംചെലവിടുന്നതിനുള്ള ഉപാധിയും പഠനമാര്‍ഗവുമായി മാറുന്നു.

വസ്ത്രധാരണം: മോടിയുള്ള വസ്ത്രധാരണം എപ്പോഴും നമുക്ക് ഉന്മേഷവും മനസ്സിന് കുളിര്‍മയും നല്‍കുന്നു.

ശീലങ്ങള്‍: വെറ്റില, പുകവലി, മദ്യം എന്നിവ ഉപയോഗിക്കുന്നവര്‍ ഇത് പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യം ചെറിയ അളവില്‍ ആകാം എന്ന് പറയുന്നവരുണ്ടാകാം. പലപ്പോഴും അത് പരിധിയുടെ സീമ ലംഘിച്ച് അപകടകരമായ നിലയില്‍ എത്തും എന്നതാണ് സത്യം.

പുകവലി ഒഴിവാക്കൂ, ജീവിതം ആസ്വദിക്കൂ

ഡോ: പി. വേണുഗോപാല്‍

പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദമാണ് ശ്വാസകോശാര്‍ബുദം. പുകവലി സാധാരണമായതോടെ ഇന്ന് സ്ത്രീകളിലും ഈ രോഗം കണ്ടുവരുന്നു. പുകവലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ പുരുഷന്മാരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നതും. എന്നാല്‍ സ്ത്രീകള്‍ക്കിടയില്‍ പുകവലി സാധാരണമല്ലാത്ത നമ്മുടെ നാട്ടില്‍പ്പോലും അടുത്ത കാലത്തായി ഇവര്‍ക്കിടയില്‍ ശ്വാസകോശാര്‍ബുദം കൂടുതലായി കണ്ടുവരുന്നു. ഇതിനു കാരണം ഇക്കൂട്ടരുടെ ജീവിത പങ്കാളികളുടെ പുകവലിയാണത്രെ.

മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ പുറംതള്ളുന്ന പുക അന്തരീക്ഷത്തില്‍ കലര്‍ന്ന് ഇങ്ങനെ പുകവലിക്കാത്തവര്‍ക്ക് രോഗകാരണമാവുന്നതിനെ പാസ്സീവ് സ്‌മോക്കിങ് എന്നു പറയുന്നു. പാസ്സീവ് സ്‌മോക്കിങ് കൂടാതെ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക, അന്തരീക്ഷ മലിനീകരണം, പുകയും പൊടിയും മറ്റു രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന ജോലി(ഉദാ: ആസ്ബസ്‌റ്റോസ്, ക്രോമിയം, യുറേനിയം ഫാക്ടറികളിലെയും ഖനികളിലെയും തൊഴിലാളികള്‍ മുതലായവര്‍) എന്നിവയും ഈ രോഗത്തിന്റെ സാധ്യത കൂട്ടുന്നു. നന്നായി പുകവലിക്കുന്നവരില്‍ ഈ രോഗം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 20 ഇരട്ടിയാണ്. പുകവലി നിര്‍ത്തിയാലും 10 മുതല്‍ 15 വര്‍ഷം കൊണ്ടു മാത്രമേ രോഗസാധ്യത കുറയുന്നുള്ളൂ. പുകവലിക്കാരുടെ ജീവിതപങ്കാളികള്‍ക്കും ശ്വാസകോശാര്‍ബുദം ഉണ്ടാവാനുള്ള സാധ്യത അഞ്ച് ഇരട്ടിയാണ്.

രോഗലക്ഷണങ്ങള്‍
പലപ്പോഴും രോഗലക്ഷണങ്ങളുടെ അഭാവം മൂലം ഈ രോഗം ആരംഭദശയില്‍ കണ്ടുപിടിക്കപ്പെടാതെ പോകുന്നു. ചുമയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. പക്ഷേ പുകവലിക്കുന്നവരില്‍ ചുമ സര്‍വസാധാരണമായതിനാല്‍ പല രോഗികളും ഇതു കാര്യമാക്കാറില്ല. കഫമില്ലാത്ത ചുമയാണു സാധാരണമെങ്കിലും ചിലപ്പോള്‍ കട്ടികുറഞ്ഞ പത പോലത്തെ കഫം ധാരാളമായി കാണപ്പെടുന്നു. പലപ്പോഴും ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ഈ രോഗത്തിന്റെ ലക്ഷണമാവാം. കലശലായ ശ്വാസ തടസ്സം, മുഖത്തും മാറത്തും നീര്, ശബ്ദത്തിനു വ്യതിയാനം(ഒച്ചയടപ്പ്), ഭക്ഷണം വിഴുങ്ങാന്‍ തടസ്സം, വിശപ്പില്ലായ്മ, ശരീരം ശോഷിക്കുക മുതലായവ രോഗം കടുത്താലുള്ള ലക്ഷണങ്ങളാണ്.

അര്‍ബുദം വാരിയെല്ലുകളെയും മറ്റും ആക്രമിച്ചു തുടങ്ങുമ്പോള്‍ കടുത്ത നെഞ്ചുവേദനയുണ്ടാകാം. കരള്‍, മസ്തിഷ്‌കം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും ഈ രോഗം പടര്‍ന്നുപിടിക്കാം. നെഞ്ചിനകത്ത് വളരെയധികം നീരു നിറഞ്ഞ് കടുത്ത ശ്വാസംമുട്ടലും ഇതുമൂലമുണ്ടാകാം.

രോഗനിര്‍ണയം
നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുകയാണ് രോഗനിര്‍ണയത്തിന് ഏറ്റവും ലളിതമായ മാര്‍ഗം. കുഴല്‍ കടത്തി ശ്വാസനാളത്തിന്റെ ഉള്‍വശം നേരിട്ട് പരിശോധിക്കുന്ന ബ്രോങ്കോസ്‌കോപ്പി എന്ന പരിശോധനയും വളരെ ഫലപ്രദമാണ്. കൂടാതെ കഫം, രക്തം എന്നിവയുടെ പരിശോധനയും സി.ടി. സ്‌കാനിങും വേണ്ടിവന്നേക്കാം. ആരംഭദശയില്‍, ശ്വാസകോശാര്‍ബുദം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതിനു മുമ്പ് കണ്ടെത്തിയാല്‍ ചിലപ്പോള്‍ ശസ്ത്രക്രിയ വഴി പൂര്‍ണമായി നീക്കംചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മിക്കവാറും രോഗം കണ്ടുപിടിക്കുമ്പോഴേക്കും ഇതു ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയാത്തവിധം വളര്‍ന്നു കഴിഞ്ഞിരിക്കും. മരുന്നുകളുപയോഗിച്ചുള്ള കീമോ തെറാപ്പിയും റേഡിയേഷന്‍ ചികിത്സയും കൊണ്ട് അര്‍ബുദത്തിന്റെ വളര്‍ച്ച തടയാമെങ്കിലും ഈ രോഗം സാധാരണഗതിയില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാറില്ല. രോഗം കണ്ടെത്തി ഒരു വര്‍ഷത്തിനകം പകുതിയിലേറെപ്പേരും മരണമടയാറുണ്ട്.

രോഗപ്രതിരോധം
ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത സ്ഥിതിക്ക് രോഗം വരാതെ നോക്കുന്നതിന്റെ പ്രാധാന്യമേറുന്നു. പുകവലി ഒഴിവാക്കുക എന്നതാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗം. നാം സ്വയം പുകവലിക്കാതിരുന്നാല്‍ മാത്രം പോരാ. വീട്ടിലും ജോലിസ്ഥലത്തുമുള്ള പുകവലിക്കാരെ അതില്‍നിന്നു പിന്തിരിപ്പിക്കാനും ശ്രമിക്കണം. കഴിവതും പുകവലിക്കാരുമായി ഇടപഴകുന്നതു കുറയ്ക്കണം. ചെറിയൊരളവു വരെ പാരമ്പര്യമായും ശ്വാസകോശാര്‍ബുദം വരാന്‍ സാധ്യതയുള്ളതിനാല്‍ അങ്ങനെയുള്ളവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ പുകവലിക്കാരും ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാവുകയും വര്‍ഷത്തിലൊരിക്കലെങ്കിലും നെഞ്ചിന്റെ എക്‌സ്‌റേ പരിശോധന നടത്തുകയും ചെയ്താല്‍ ഈ രോഗം ആരംഭദശയില്‍ കണ്ടുപിടിക്കാനും രോഗം നിര്‍മാര്‍ജനം ചെയ്യാനുമുള്ള സാധ്യത കൂടുന്നു. പോഷകപ്രധാനമായ ആഹാരം- പ്രത്യേകിച്ചും പച്ചക്കറികള്‍, പഴങ്ങള്‍ മുതലായവ ധാരാളം കഴിക്കുന്നത് ശ്വാസകോശാര്‍ബുദ െത്ത തടയാന്‍ ഒരു പരിധിവരെ സഹായിക്കുന്നു.

ഇനി രോഗങ്ങള്‍ പടിക്കുപുറത്ത്‌

ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധയുള്ളവരായി മാറുകയാണ് മലയാളികള്‍. രോഗങ്ങളെ ചെറുക്കാനുള്ള ഭക്ഷണങ്ങള്‍ക്കുവേണ്ടി നമ്മള്‍ അന്വേഷിച്ചു തുടങ്ങി. ഇപ്പോള്‍ ഒരുപാട് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. അവയ്‌ക്കൊക്കെ ഗുണമുണ്ടോ? ആരോഗ്യത്തിന് യോജിച്ചതെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ച കുറേ ഉത്പന്നങ്ങളിതാ:

പോഷകത്തില്‍ മുമ്പന്‍ ഓട്‌സ്
കേരളത്തിലെ വീട്ടമ്മമാരില്‍ 33 ശതമാനം പേര്‍ക്കും പൊണ്ണത്തടിയുണ്ട്. പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങി കാന്‍സറിനുവരെ ഈ പൊണ്ണത്തടി കാരണമാവാം. ആഹാരരീതിയില്‍ വന്ന മാറ്റങ്ങളാണ് ഇതിന് വലിയൊരു കാരണം.'' പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ബി. ഇക്ബാല്‍ മുന്നറിയിപ്പ് നല്‍കുന്നു. 'കൊഴുപ്പുകൂടിയ ആഹാരം, പച്ചക്കറി ഭക്ഷണത്തിന്റെ കുറവ്, ഫാസ്റ്റ് ഫുഡിനോടുള്ള പ്രിയം' ഇതിന് ഡോക്ടര്‍ നിരത്തുന്ന കാരണങ്ങള്‍ നിരവധി.

പൊണ്ണത്തടി ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളുടെ കാരണക്കാരനായ കൊഴുപ്പിനെ നിയന്ത്രിക്കാന്‍ ഫലപ്രദമായ ധാന്യമാണ് ഓട്‌സ്. ''നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളില്‍ മുമ്പനാണ് ഓട്‌സ്. അരിയില്‍ രണ്ട് ശതമാനമാണ് നാരിന്റെ അളവ്. എന്നാല്‍ ഓട്‌സിലിത് മൂന്നര ശതമാനമാണ്.'' പോഷകാഹാര വിദഗ്ധയായ ഡോ.കെ. പ്രേമലളിത പറയുന്നു. ഭക്ഷണത്തിലെ നാരിന്റെ അംശം രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും ആഗിരണത്തെ തടഞ്ഞു നിര്‍ത്തി ഇവയുടെ അളവ് കുറയ്ക്കും. ഇതാണ് ഓട്‌സ് ചെയ്യുന്നതും. താരതമ്യേന വിലയും കുറവാണ്. കിലോ 100 രൂപയ്ക്ക് വരെ ഓട്‌സ് ലഭിക്കും.

ഓട്‌സ് തിളപ്പിക്കുമ്പോള്‍
ഓട്‌സ് ഉപയോഗിക്കുമ്പോള്‍ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റ് ധാന്യങ്ങള്‍ ഉപയോഗിക്കുന്ന ഒരാള്‍ അതിന് ആനുപാതികമായേ ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. അമിതമായാല്‍ ഫലം വിപരീതമാവും. രാവിലെ മൂന്ന് ഇഡ്ഡലി കഴിക്കുന്നയാള്‍ ഓട്‌സിലേക്ക് മാറിയെന്നിരിക്കട്ടെ അയാള്‍ക്ക് അഞ്ച് ടേബിള്‍സ്​പൂണ്‍ ഓട്‌സ് മതി. കഞ്ഞിയായും കുറുക്കായും ഓട്‌സ് പാചകം ചെയ്യാം. ഉപ്പുമാവിനും പലഹാരത്തിനും സൂപ്പിനുമെല്ലാം യോജിച്ചതാണ് ഓട്‌സ്.

ചിലര്‍ ഓട്‌സില്‍ പാലൊഴിച്ച് തിളപ്പിച്ച് കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുമ്പോള്‍ കൂടുതല്‍ പാല് ആവശ്യമായി വരും. അതേപോലെ കൂടുതല്‍ കലോറി ഊര്‍ജവും ശരീരത്തിലെത്തും. പ്രമേഹമുള്ളവര്‍ക്ക് ഇത് ദോഷകരമാവാം. അവര്‍ ഓട്‌സ് വെള്ളത്തില്‍ അലിയിച്ചിട്ടേ തിളപ്പിക്കാവൂ. വെന്തുവരുമ്പോള്‍ മാത്രം പാലൊഴിക്കുക. ഇല്ലെങ്കില്‍ കൊഴുപ്പിന്റെ അളവ് കൂടും.

ഓട്‌സിന്റെ കഞ്ഞി പലര്‍ക്കും പ്രിയപ്പെട്ടതാണ്. ഇത് സമീകൃതാഹാരമായി മാറ്റാന്‍ എളുപ്പമാണ്. ഏതെങ്കിലുമൊരു പച്ചക്കറിയോ പയറുവര്‍ഗമോ ഉപ്പേരിവെക്കുക. മുട്ടയുടെ വെള്ളയായാലും മതി. ഇത് ഓട്‌സ് കഞ്ഞിയുടെ കൂടെ കഴിച്ചുനോക്കൂ. രുചിയേറും ഒപ്പം പോഷകങ്ങളും. ഓട്‌സ് എളുപ്പത്തില്‍ വേവും. ഏതു പ്രായക്കാര്‍ക്കും കഴിക്കുകയും ചെയ്യാം. രാത്രിനേരത്തേക്കും യോജിച്ച ഭക്ഷണമാണിത്. കാരണം വിശപ്പിനെ ഓട്‌സ് കുറേനേരം പിടിച്ചുനിര്‍ത്തും. രാവിലെ പലഹാരമൊന്നുമുണ്ടാക്കാന്‍ നേരമില്ലെന്നിരിക്കട്ടെ. കുട്ടികള്‍ക്ക് കൊടുക്കാന്‍ ഓട്‌സ് സൂപ്പ് തയ്യാറാക്കാം.

ചെറുപ്പം നിലനിര്‍ത്താന്‍ ഗ്രീന്‍ ടീ
ജപ്പാനിലും ചൈനയിലുമൊക്കെ ഒരു വിശ്വാസമുണ്ട്. എന്നും ചെറുപ്പമായിരിക്കാന്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയെന്ന്. സംഗതി സത്യമായാലും അല്ലെങ്കിലും ജപ്പാന്‍കാര്‍ പച്ചവെള്ളം പോലെ ഗ്രീന്‍ ടീ കുടിക്കുന്നു. കേരളത്തിലും ഇത് ട്രെന്‍ഡാവുകയാണ്. ഒരു വര്‍ഷത്തിനിടെ വിപണിയില്‍ ഏറ്റവുമധികം പേര്‍ അന്വേഷിച്ചെത്തിയ ഉത്പന്നങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ഒരു കാര്യം ഉറപ്പ്, ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ശരീരത്തിന്റെ രോഗപ്രതിരോധം വര്‍ധിപ്പിക്കും. പ്രമേഹം, കൊളസ്‌ട്രോള്‍, രക്താദിസമ്മര്‍ദം എന്നിവയെ നിയന്ത്രിക്കാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ നല്ലതാണ്.

കയ്പ് മാറ്റാന്‍ ഏലക്ക
ഗ്രീന്‍ ടീക്ക് ചായയേക്കാളും കാപ്പിയേക്കാളും കയ്പ് കൂടും; വിലയും. 100 ഗ്രാമിന് 200 രൂപവരെ വിലയുണ്ട്. കയ്പ് മാറ്റാന്‍ ഗ്രീന്‍ ടീക്കൊപ്പം ഏലക്കയോ, ഗ്രാമ്പൂവോ ചേര്‍ത്താല്‍ മതി. ചിലര്‍ പഞ്ചസാരയും പാലുമൊക്കെ ചേര്‍ത്ത് ഗ്രീന്‍ ടീ തിളപ്പിക്കാറുണ്ട്. ഇത് ഗ്രീന്‍ ടീയുടെ ഗുണം നഷ്ടപ്പെടുത്തും. ഒരിക്കലും ഗ്രീന്‍ ടീ വെള്ളത്തിലിട്ട് തിളപ്പിക്കരുത്. തിളച്ചവെള്ളം ഒഴിക്കുകയേ ചെയ്യാവൂ.

ഗ്രീന്‍ ടീ ഉപയോഗിക്കുമ്പോള്‍ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു ഗ്ലാസ് വെള്ളത്തിന് ഒരു ടീസ്​പൂണ്‍ എന്ന തോതിലേ ഗ്രീന്‍ ടീ എടുക്കാവൂ. ദിവസം മൂന്നോ നാലോ ഗ്ലാസ് ഗ്രീന്‍ ടീ ഉപയോഗിക്കാം. കൂടുതല്‍ ഉപയോഗിച്ചാല്‍ ചിലപ്പോള്‍ വിശപ്പ് കുറയാനിടയുണ്ട്.

പ്രോട്ടീനില്‍ സോയ നമ്പര്‍ വണ്‍
ഏറ്റവുമധികം പ്രോട്ടീന്‍ തരുന്ന ഭക്ഷണമാണ് സോയ. 100 ഗ്രാം സോയയില്‍ 42 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ വിഭാഗത്തില്‍ ഏറ്റവുമധികം ഊര്‍ജം തരുന്ന ഭക്ഷണവും സോയയാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും സോയ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം.

സോയ സ്ഥിരമായി കഴിക്കുന്നവരുടെ ശരീരത്തില്‍ ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കൂടും. ഇത് സ്ത്രീകള്‍ക്ക് ഏറെ നല്ലതാണ്. അസ്ഥിക്ഷയം(ഓസ്റ്റിയോപൊറോസിസ്) ഉള്‍പ്പെടെയുള്ള രോഗങ്ങളെ ഒരുപരിധിവരെ ചെറുക്കും.

പശുവിന്റെ പാല്‍ ചില കുട്ടികള്‍ക്ക് അലര്‍ജി വരുത്താറുണ്ട്. അത്തരക്കാര്‍ക്ക് സോയാമില്‍ക്ക് ഉത്തമമാണ്. പാല്‍ കുടിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് സോയാമില്‍ക്കിന്റെ രുചി ഇഷ്ടപ്പെടും.

വെജിറ്റേറിയന്‍ വിഭാഗത്തിലെ ഉത്പന്നമാണെങ്കിലും നല്ലപോലെ മസാല ചേര്‍ത്ത് പാകം ചെയ്താല്‍ സോയയ്ക്ക് നോണ്‍ വെജിന്റെ രുചി കിട്ടും. പാചകത്തിന് അല്‍പ്പം അധികം സമയമെടുക്കുമെന്നതു മാത്രമാണ് ഏക ദോഷം. കൊച്ചുകുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും നല്‍കുമ്പോള്‍ സോയയുടെ അളവ് കുറയ്ക്കണം. സോയാ പൗഡറാണെങ്കില്‍ 20 ഗ്രാം നല്‍കിയാല്‍ മതി. അധികമായാല്‍ വയറിളക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വരാം.

വൈവിധ്യമേറും പച്ചക്കറികള്‍
കാന്‍സറും ഹൃദ്രോഗവും തടയുന്നതില്‍ പച്ചക്കറികള്‍ക്ക് നല്ലൊരു പങ്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കൊഴുപ്പ് കുറവായതും കലോറി അധി കമില്ലാത്തതുമാണ് പച്ചക്കറികളുടെ നേട്ടം. വിറ്റാമിന്‍ സി, ഇ, ഫ്ലവനോയ്ഡുകള്‍, ബീറ്റാകരോട്ടിന്‍ തുടങ്ങിയ പോഷകങ്ങള്‍ പച്ചക്കറികളിലുണ്ട്.

''പച്ചക്കറികളില്‍ കീടനാശിനിയുണ്ടെന്ന് പറഞ്ഞ് പലരും അകറ്റിനിര്‍ത്തും. കീടനാശിനി കഴുകിയാല്‍ പോവും. പക്ഷേ, പച്ചക്കറി കഴിക്കാത്തതിന്റെ ദോഷം മാറ്റാന്‍ എളുപ്പമല്ല.'' തിരുവനന്തപുരത്തെ 'ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍' ചെയര്‍മാന്‍ ഡോ. വി. രാമന്‍കുട്ടി പറയുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ പച്ചക്കറിയെങ്കിലും ദിവസം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

തക്കാളിയും വെണ്ടയും മുരിങ്ങക്കായയും കഴിച്ചു മടുത്തവര്‍ക്ക് പരീക്ഷിക്കാന്‍ ലീക്കും ടര്‍ണിപ്പും ബ്രൊക്കോളിയുമെല്ലാം വിപണിയിലുണ്ട്. പ്രോട്ടീന്‍ കൂടുതലുള്ള ഇനമാണ് ലീക്ക്. ഇത് പരിപ്പു കൂടെ ചേര്‍ത്ത് കറിവെച്ചാല്‍ പോഷകസമൃദ്ധമായി.

വൈറ്റമിനുകളും മിനറല്‍സും ധാരാളം അടങ്ങിയതാണ് പാലക്ക്. തോരനില്‍ ചേര്‍ക്കാന്‍ ഉത്തമമാണിത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ ഇതുതന്നെ കറിവെച്ചു കഴിക്കാറുണ്ട്. കിലോയ്ക്ക് 28 രൂപവരെ വിലയുണ്ട്. ഊട്ടിയില്‍ നിന്നാണ് കേരളത്തിലേക്ക് ടര്‍ണിപ്പ് വരുന്നത്. ടര്‍ണിപ്പില്‍ ധാരാളം വിറ്റാമിനുകളുണ്ട്. പ്രത്യേകരുചിയുള്ള ഇനമാണ് ടര്‍ണിപ്പ്. തമിഴ്‌നാട്ടില്‍ സാമ്പാറിലെ പ്രധാന ചേരുവയാണിത്. കോളിഫ്ലവര്‍, കാബേജ് എന്നിവയുടെ ഉറ്റ ബന്ധുവായ പച്ചക്കറിയാണ് ബ്രൊക്കോളി. പക്ഷേ, ഗുണത്തില്‍ ഇവയേക്കാള്‍ മുമ്പനാണിത്. വിറ്റാമിന്‍ സി, ഇ, കാല്‍സ്യം എന്നിവയെല്ലാം ബ്രൊക്കോളിയില്‍ ധാരാളമുണ്ട്.

പാചക എണ്ണകള്‍ നിരവധി
നമ്മുടെ ആഹാരത്തില്‍ 24-28 ശതമാനം വരെ ഊര്‍ജം ലഭിക്കുന്നത് വെളിച്ചെണ്ണയില്‍ നിന്നാണ്. ഇപ്പോള്‍ സൂര്യകാന്തി എണ്ണ, ഒലിവെണ്ണ, തവിടെണ്ണ തുടങ്ങിയവയ്ക്കും പ്രചാരമേറുന്നു. ഏത് എണ്ണ ഉപയോഗിച്ചാലും ദോഷങ്ങളുണ്ട്. അതേപോലെ ഗുണങ്ങളും. ഉദാഹരണത്തിന് ശരീരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കപ്പെടുന്ന അപൂരിത കൊഴുപ്പുകള്‍ വെളിച്ചെണ്ണയില്‍ കുറവാണ്. പക്ഷേ, നാല്പത് ശതമാനം ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. എന്നാല്‍ സൂര്യകാന്തി എണ്ണ, എള്ളെണ്ണ, തവിടെണ്ണ എന്നിവയില്‍ അപൂരിത കൊഴുപ്പ് കൂടുതലുണ്ട്. നല്ലത് ഒന്നിലധികം എണ്ണകള്‍ കരുതലോടെ ഭക്ഷണത്തിലുള്‍പ്പെടുത്തുക എന്നതാണ്. ദിവസം രണ്ട് കറിയുണ്ടാക്കുകയാണെന്നിരിക്കട്ടെ. ഒരെണ്ണത്തില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം, അടുത്തതില്‍ സൂര്യകാന്തിയെണ്ണയോ തവിടെണ്ണയോ ഒലിവെണ്ണയോ ചേര്‍ക്കാം. ഒരെണ്ണത്തിന്റെ ദോഷം മറ്റേത് കുറയ്ക്കും.

ഓട്‌സ് സൂപ്പ്
ഓട്‌സ് ഒരു കപ്പ്
സവാള ചെറുതായി നുറുക്കിയത് ഒന്നിന്റെ പകുതി
പച്ചമുളക് ഒന്ന് (നുറുക്കിയത്)
വെളുത്തുള്ളി ഒന്ന്
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി ഒരു നുള്ള്
വെള്ളം ഒരു കപ്പ്
പാല്‍ ഒരു കപ്പ്
എണ്ണ ഒരു ടീസ്​പൂണ്‍
പുതിനയില കുറച്ച്

എണ്ണ ചൂടാക്കി സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. അതിലേക്ക് ഓട്‌സ് ചേര്‍ത്ത്, രണ്ട് മിനുട്ട് ഫ്രൈ ചെയ്യുക. ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത്, തിളപ്പിക്കുക. ഇതിലേക്ക് പാല്‍, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. വാങ്ങിവെച്ച് പുതിനയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

ബ്രൊക്കോളി ബജി
ഗോതമ്പുപൊടി രണ്ട് കപ്പ്
അരിപ്പൊടി രണ്ട് ടേബിള്‍സ്​പൂണ്‍
ചുവന്ന മുളകുപൊടി രണ്ട് ടീസ്​പൂണ്‍
ബേക്കിങ് സോഡ ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
ബ്രൊക്കോളി ഇതളുകള്‍ അടര്‍ത്തിയത് രണ്ട് കപ്പ്
വെള്ളം ആവശ്യത്തിന്
എണ്ണ കാല്‍ കപ്പ്

ഗോതമ്പുപൊടി, അരിപ്പൊടി, ചുവന്ന മുളകുപൊടി, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് പതുക്കെ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ബ്രൊക്കോളി, ഈ മിശ്രിതത്തിലേക്കിടുക. ഈ ബ്രൊക്കോളി ചൂടായ എണ്ണയിലിട്ട് വറുക്കുക. ശേഷം ചൂടോടെ ഉപയോഗിക്കാം.

കുറച്ചുമതി മധുരവും കൊഴുപ്പും
ചിലര്‍ പഴങ്ങളും പച്ചക്കറികളുമൊക്കെ ചൂടുവെള്ളത്തില്‍ കഴുകുന്നത് കണ്ടിട്ടുണ്ട്. കീടനാശിനി കളയാനുള്ള സുരക്ഷിതമാര്‍ഗമെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, ചൂടുവെള്ളം പച്ചക്കറികളുടെ സ്വാഭാവിക പോഷണങ്ങള്‍ നഷ്ടപ്പെടുത്തുന്നു. അതുകൊണ്ട് പഴങ്ങളും പച്ചക്കറികളും പൈപ്പ് തുറന്നിട്ട് വെള്ളത്തില്‍ കഴുകുക. ഉപ്പുവെള്ളത്തില്‍ കഴുകുന്നതും നല്ലതാണ്. മുന്തിരിയൊക്കെ ചൂട് വെള്ളത്തിലിട്ടാല്‍ ചുളിഞ്ഞു പോവും.

പാസ്ത, മക്രോണി തുടങ്ങി എളുപ്പം പാചകം ചെയ്യാവുന്ന നിരവധി ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. ഇവയില്‍ തവിടിന്റെ അംശം തീരെ ഇല്ല. ഗോതമ്പ് നന്നായി റിഫൈന്‍ഡ് ചെയ്ത് മൈദപോലെ തന്നെയാണ് ഇവയും നിര്‍മിക്കുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് പോഷകങ്ങളൊന്നും ശരീരത്തിന് കിട്ടുന്നില്ല.

ചപ്പാത്തി ചുട്ടെടുക്കുമ്പോള്‍ ചിലപ്പോള്‍ അരികുകളൊക്കെ വെള്ള നിറത്തിലാവുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. മൈദ കൂടെ ചേര്‍ത്ത ഗോതമ്പാണ് നിങ്ങള്‍ ഉപയോഗിച്ചതെന്ന് സംശയിക്കണം. വീട്ടില്‍ തന്നെ പൊടിച്ചെടുത്ത ഗോതമ്പാണ്. ഏറ്റവും നല്ലത്.

ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. വെള്ളം കൂടുതല്‍ കുടിച്ചാല്‍ ദോഷമാണെന്ന്. ഇതു ശരിയല്ല. ദിവസം 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. അധികമായാല്‍ അത് ശരീരം കളഞ്ഞുകൊള്ളും. എന്നാല്‍ വൃക്കരോഗങ്ങള്‍, ഹൃദയത്തകരാറുകള്‍ എന്നിവ ഉള്ളവര്‍ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം.

ശരീരത്തിന് 40 വ്യത്യസ്ത തരം പോഷകങ്ങള്‍ വേണമെന്ന് പറയാറുണ്ട്. ഒറ്റ ഭക്ഷണത്തില്‍ നിന്ന് ഇവയെല്ലാം കിട്ടില്ല. ധാന്യം, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിങ്ങനെ വൈവിധ്യമുള്ള ഭക്ഷണമാണ് ആവശ്യം. കൂടുതല്‍ അളവില്‍ വേണ്ടത് പഴങ്ങള്‍/പച്ചക്കറികള്‍ ആണ്. അതുകഴിഞ്ഞ് മതി മീനും ഇറച്ചിയും. ഏറ്റവും കുറച്ചു വേണ്ടതാണ് മധുരവും കൊഴുപ്പും.

അവസാനം പരിഷ്കരിച്ചത് : 7/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate