ആഹാരപദാര്‍ഥങ്ങള്‍ ദഹിക്കാതിരിക്കുന്ന അവസ്ഥ. ചില ഭക്ഷണപദാര്‍ഥങ്ങളില്‍ ഗ്ളൂട്ടണ്‍ എന്ന വസ്തുവിന്റെ സാന്നിധ്യം, ഭക്ഷണസാധനങ്ങളിലെ അണ്വാക്രമം (infection), ആഗ്നേയശോഥം (pancreatitis), കുടലിലെ ക്ഷയം, അന്നപഥത്തിലെ അര്‍ബുദം, രോഗങ്ങള്‍, വട്ടപ്പുഴു, കൊക്കപ്പുഴു, നാടവിര എന്നീ പരോപജീവികള്‍ എന്നിവ അജീര്ണത്തിനു കാരണമാകുന്നു. വികാരപരമായ കാരണങ്ങളും അജീര്‍ണത്തിന് നിദാനമാകാം. ഗാസ്റ്റ്രോ എന്ററോസ്റ്റമി, ഗാസ്റ്റ്രെക്ടമി എന്നീ ശസ്ത്രക്രിയകള്‍ക്കു ശേഷവും അജീര്ണമുണ്ടാകാം. ഈ ശസ്ത്രക്രിയകള്മൂലം പചനനാളത്തിന്റെ ദൈര്‍ഘ്യത്തില്‍ കുറവു സംഭവിക്കുന്നു. തത്ഫലമായി ആഹാരപദാര്‍ഥങ്ങള്‍ വേഗം കടന്നുപോവുകയും പചനം പൂര്ണമാകാതിരിക്കയും ചെയ്യുന്നതിനാലാണ് അജീര്‍ണം ഉണ്ടാകുന്നത്. ജീവകം ബി-കോംപ്ളെക്സിന്റെ അഭാവം ഒരളവില്‍ അജീര്ണത്തിനു കാരണമാകാം.
വയറിളക്കം മൂലമുണ്ടാകാവുന്ന നിര്ജലീയാവസ്ഥ (dehydration), പനി, വികാരക്ഷോഭം, ടോക്സീമിയ എന്നീ കാരണങ്ങള്‍ കൊണ്ട് വായില്‍ ഉമിനീരു കുറയുന്നു. ഉമിനീര് ഗ്രന്ഥികളിലുണ്ടാകുന്ന അസുഖങ്ങള്‍ മൂലവും ഇതുണ്ടാകാം. തന്മൂലം രുചിയില്ലായ്മയും ആഹാരം നന്നായി ചവച്ചരയ്ക്കുന്നതിന് പ്രയാസവും നേരിടുന്നു. പല്ലുകള്‍ ആരോഗ്യമില്ലാത്തതായിരുന്നാലും ചവയ്ക്കുന്നതിനു പ്രയാസം ഉണ്ടാകാം. ആഹാരം നന്നായി ചവച്ചരയ്ക്കപ്പെടാതെയിരുന്നാല് അജീര്‍ണം ഉണ്ടാകാവുന്നതാണ്.
അരുചി, നെഞ്ചെരിച്ചില്‍, കൂടെക്കൂടെയുള്ള ഛര്‍ദി, ഉദരത്തില്‍ വേദന, ഭാരം, എരിച്ചില്‍, കൂടെക്കൂടെയുള്ള വിരേചനം എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ്. കുട്ടികളില്‍ കണ്ടുവരുന്ന സീലിയാക്രോഗം (coeliac disease -chronic intestinal indigestion), നോണ്‍ ട്രോപ്പിക്കല്‍ സ്പ്രൂ (non-tropical sprue), ട്രോപ്പിക്കല്‍ സ്പ്രൂ (tropical sprue), ആമാശയത്തിലെ കാര്‍ബോഹൈഡ്രേറ്റ് അഗ്നിമാന്ദ്യം എന്നിവയാണ് അജീര്‍ണത്തിന്റെ വകഭേദങ്ങള്‍.
സീലിയാക്രോഗം (Coeliac disease). കുട്ടികളിലുണ്ടാകുന്ന ഒരുതരം അജീര്‍ണം. ഈ രോഗത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ വ്യക്തമല്ല. ചില ധാന്യമാവുകളില് (ഉദാ. ഗോതമ്പുമാവ്) അടങ്ങിയിട്ടുള്ള ഗ്ളൂട്ടണ്‍ എന്ന ഭക്ഷ്യവസ്തു കൊഴുപ്പിന്റെ അവശോഷണം തടസ്സപ്പെടുത്തുന്നതാണ് ഈ രോഗത്തിന്റെ കാരണമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പാരമ്പര്യവുമായി ഈ രോഗത്തിനു ബന്ധമില്ല. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളെയാണ് ഈ രോഗം അധികമായി ബാധിക്കുന്നത്. ആഹാരം ദഹിക്കാതെവരുന്നതുകൊണ്ട് മലം ധാരാളം ഉണ്ടായിരിക്കും. മലത്തിനു വെളുപ്പുനിറവും ദുര്‍ഗന്ധവും കാണും. വിഘടിക്കപ്പെട്ട കൊഴുപ്പ് മലത്തിലെ ഒരു പ്രധാന അംശമാണ്. സാധാരണ 25 ശ.മാ. കൊഴുപ്പില്‍ കൂടുതല്‍ മലത്തില്‍ കാണാറില്ല; എന്നാല്‍ സീലിയാക്രോഗമുള്ളവരുടെ മലത്തില്‍ 40 ശ.മാ. മുതല്‍ 60 ശ.മാ. വരെ കൊഴുപ്പ് അടങ്ങിയിരിക്കും. ആഹാരം ദഹിക്കാതിരിക്കുന്നതുകൊണ്ട് ശരീരത്തിനു തൂക്കം കുറയുകയും ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയുടെ കുറവുകൊണ്ടുണ്ടാകുന്ന റിക്കറ്റ്സ്, സ്കര്‍വി, നീര്‍വീക്കം, ടെറ്റനി, അനീമിയ (hypochronic microcytic anaemia) തുടങ്ങിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കുട്ടികളുടെ വയറുന്തിയും പൃഷ്ഠം മെലിഞ്ഞും വരും. വളര്‍ച്ച ആകെ മുരടിച്ചുപോകുന്നു. മനോവൈകല്യങ്ങളും സാധാരണമാണ്.
ഗ്ളൂട്ടണ്‍ ഇല്ലാത്ത ആഹാരം നല്കുന്നതുകൊണ്ട് വളരെ വേഗം ഫലം കണ്ടുതുടങ്ങും. വേഗത്തില്‍ ദഹിക്കത്തക്കവണ്ണമുള്ള പ്രോട്ടീന്ഭക്ഷണം നല്‍കിയും അയണ്‍, ജീവകം സി,ഡി, ബി-കോംപ്ളെക്സ് എന്നിവ കൊടുത്തും രോഗം ഭേദപ്പെടുത്താവുന്നതാണ്.
നോണ്‍ ട്രോപ്പിക്കല്‍ സ്പ്രൂ (Non-tropical sprue). ആഹാരപദാര്‍ഥങ്ങളിലെ ഗ്ളൂട്ടണോടുള്ള അസഹിഷ്ണുത മൂലമുണ്ടാകുന്ന അജീര്‍ണം.
ട്രോപ്പിക്കല്‍ സ്പ്രൂ (Tropical sprue). ആഹാരത്തിലെ കൊഴുപ്പ് ദഹിക്കാതെവരുന്നതുമൂലമുണ്ടാകുന്ന അജീര്‍ണം.
ആമാശയത്തിലെ കാര്‍ബോഹൈഡ്രേറ്റ് അഗ്നിമാന്ദ്യം (Intestinal carbohydrate dyspepsia). വന്കുടലില്വച്ച് സ്റ്റാര്‍ച്ച് കിണ്വനം (fermentation) ചെയ്യപ്പെടുന്നതുമൂലം ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈഓക്സൈഡാണ് രോഗകാരണം.
സാധാരണ അവസ്ഥയില്‍ സ്റ്റാര്‍ച്ച് ചെറുകുടലിന്റെ ആദ്യഭാഗത്തുവച്ചുതന്നെ ദഹിക്കുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധ, മാനസികാസ്വാസ്ഥ്യം, ആമാശയരോഗങ്ങള്‍ എന്നിവയുള്ളപ്പോള് ആഹാരം വളരെവേഗം ആമാശയം, ചെറുകുടല്‍ എന്നിവയിലൂടെ ചെറുകുടലിന്റെ അവസാനഭാഗത്തുള്ള ഇലിയത്തിലും (oleumലൌാ) വന്‍കുടലിന്റെ തുടക്കത്തിലുള്ള സീക്കത്തിലും (caecum) എത്തുന്നു. ഈ വേഗതയില്‍ സ്വതന്ത്രമായ സ്റ്റാര്‍ച്ച് മാത്രമേ ദഹിക്കപ്പെടുകയുള്ളൂ. എന്നാല്‍ കോശങ്ങളിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ദഹിക്കപ്പെടാതെ കടന്ന് ഇലിയത്തില്‍ വരുമ്പോള്‍ അവിടെയുള്ള പാന്‍ക്രിയാറ്റിക് അമിലോപ്സിന് കോശഭിത്തിയിലൂടെ കടന്ന് സ്റ്റാര്‍ച്ചിനെ പഞ്ചസാരയാക്കി മാറ്റുന്നു. ഈ പഞ്ചസാര അവശോഷണം ചെയ്യപ്പെടുന്നതിനുമുമ്പ് സീക്കത്തിലുള്ള ബാക്റ്റീരിയ അതില്‍ പ്രവര്‍ത്തിക്കുന്നതുമൂലം കിണ്വനം നടക്കുകയും കാര്‍ബണ്‍ ഡൈഓക്സൈഡ്, അസറ്റിക് അമ്ളം, ബ്യൂട്ടിറിക് അമ്ളം എന്നിവ ഉണ്ടാകുകയും ചെയ്യുന്നു.
ചെറുകുടലിലും മറ്റും വായുസമ്മര്‍ദം ഉണ്ടാകുന്നതുകൊണ്ട് പൊക്കിളിനു ചുറ്റും വേദന, വയറുപെരുക്കം, അടിവയറ്റില്‍ വേദന, വായുക്ഷോഭം, അസ്വാസ്ഥ്യം എന്നിവ ഉണ്ടാകുന്നു. വയറ്റില്‍ ഇരപ്പും വേദനയും തോന്നുന്നതുകൊണ്ട് രോഗിക്ക് ഉറങ്ങാന്‍ സാധിക്കുകയില്ല. വായുസമ്മര്‍ദം, ശ്ളേഷ്മസ്തരത്തിലുള്ള ആസിഡിന്റെ പ്രവര്‍ത്തനം എന്നിവകൊണ്ട് ആമാശയത്തിലും കുടലിലും 'കോച്ചിവലിച്ചില്‍' അനുഭവപ്പെടുന്നു. ദുര്‍ഗന്ധമില്ലാത്ത വായു വയറ്റില്‍നിന്നു ധാരാളമായി പോയിക്കഴിയുമ്പോള്‍ രോഗിക്ക് ആശ്വാസം തോന്നുന്നു.
കിഴങ്ങുവര്‍ഗങ്ങള്‍ (ഉരുളക്കിഴങ്ങ്, മരച്ചീനി, കാരറ്റ്, ബീറ്റ്റൂട്ട്), പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ മുതലായ സ്റ്റാര്‍ച്ച് അധികമുളള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതുകൊണ്ട് ഈ അഗ്നിമാന്ദ്യം മാറുന്നതാണ്.
നാഡീപരമായ കാരണങ്ങളാലുണ്ടാകുന്ന അജീര്‍ണം യൌവനാരംഭം മുതലാണാരംഭിക്കുക. മാനസികവിക്ഷോഭം, ജീവിതപ്രശ്നങ്ങളുടെ രൂക്ഷത, മനസ്സിനിണങ്ങാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുക എന്നിവ മൂലമാണ് ഇതുണ്ടാകുന്നത്.
രോഗിക്ക് ക്ഷീണവും വിളര്‍ച്ചയും വിശപ്പില്ലായ്മയും ഉണ്ടാകുന്നു. രോഗപ്രതിരോധശക്തി നഷ്ടപ്പെടുകയും രക്തം കുറയുകയും ചെയ്യും. ശോണാണുക്കള്‍ (red blood corpuscles) ചെറുതായിവരുന്ന മൈക്രോസൈറ്റിക് അനീമിയ ബാധിക്കുന്നു. (നോ: അനീമിയ). എല്ലുകള്‍ക്ക് ശക്തി നല്കുന്ന കാല്‍സ്യം, ഫോസ്ഫറസ് എന്നിവ രക്തത്തില്‍ കുറയുന്നു. തുടര്‍ന്ന് അസ്ഥികളുടെ വളര്‍ച്ച കുറയുന്നു. അവ വളയാനും ഒടിയാനും ഇടയാകുകയും ചെയ്യും. ജീവകം-എ കുറയുന്നതിനാല്‍ രോഗപ്രതിരോധശക്തി കുറയുകയും ത്വക്കിന്റെയും കണ്ണിന്റെയും ആരോഗ്യം നശിക്കുകയും ചെയ്യും. തൊലിയില്‍ അവിടവിടെ വിള്ളലുകളും പഴുപ്പും ഉണ്ടാകുന്നു. കണ്ണിന്റെ കൃഷ്ണമണിയുടെ ഇരുവശങ്ങളിലായി വെള്ളയില്‍ വെളുത്ത ശല്ക്കങ്ങള് വളരുന്നു. രാത്രി കാഴ്ച കുറഞ്ഞുവരും. ജീവകം-എ കുത്തിവയ്ക്കാത്തപക്ഷം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുപോകും. ജീവകം-സി രക്തത്തില്‍ കുറയുന്നതിനാല്‍ മോണവീക്കവും പല്ലില്‍നിന്നു ചോരപൊടിയലും ഉണ്ടാകുന്നു. കാല്‍സ്യത്തിന്റെ കുറവുമൂലം മാംസപേശികളിലൊരു നിഷ്ക്രിയത്വം സംഭവിക്കുന്നു. ഇതിന് ടെറ്റനി (tetany) എന്നാണ് പറയുക. ബി-കോംപ്ളെക്സ് കുറയുന്നതിനാല്‍ വായ്പ്പുണ്ണും നാക്കിലും ചുണ്ടിലും മലദ്വാരത്തിലും തൊലിപോയി വിള്ളലുകളും ഉണ്ടാകുന്നു. ഇതുമൂലം ശ്ളേഷ്മസ്തരത്തില്‍ (mucosa) വ്രണം (ulcer) ഉണ്ടാകുന്നു. ഹൃദയമിടിപ്പിന് അതാളതയുണ്ടാകും.
പ്രായമായവരില്‍ അജീര്‍ണം ബാധിക്കുമ്പോള്‍ മേല്പറഞ്ഞ മിക്ക ലക്ഷണങ്ങളും കാണാം; പ്രധാനമായും വിളര്‍ച്ചയും കൈകാല്മരവിപ്പും. എക്സ്-റേ പരിശോധനയില്‍ വന്‍കുടല്‍ തടിച്ചു വീര്‍ത്തിരിക്കുന്നതായും ചെറുകുടലിന്റെ ആദ്യഭാഗം വളഞ്ഞുപുളഞ്ഞിരിക്കുന്നതായും കാണാന്‍ കഴിയും.
ആഗ്നേയശോഥം മൂലമുണ്ടാകുന്ന അജീര്‍ണം തടയാന്‍ ആന്റിബയോട്ടിക്സ് കൊടുക്കുന്നത് നല്ലതാണ്. ഗാസ്റ്റ്രോ എന്ററോസ്റ്റമി, ഗാസ്റ്റെക്റ്റമി എന്നീ ശസ്ത്രക്രിയകള്‍ കഴിഞ്ഞശേഷമുണ്ടാകുന്ന അജീര്‍ണം തടയാന്‍ ഭക്ഷണം ക്രമപ്പെടുത്തുകയും അന്റാസിഡ് ഔഷധങ്ങള്‍ കൊടുക്കുകയും വേണം. ഗ്ളൂട്ടണ്‍ എന്ന അംശംമൂലമാണ് അജീര്ണമെങ്കില് ഗ്ളൂട്ടണ്‍ ഇല്ലാത്ത ആഹാരങ്ങള്‍ കൊടുക്കാം. വേഗം ആഗിരണം ചെയ്യപ്പെടുന്ന പ്രോട്ടീന്‍ ആഹാരങ്ങള്‍, വിറ്റാമിന്‍-സി, ഡി, അയണ്‍ ടാബ്ലറ്റ് എന്നിവയും കൊടുക്കാവുന്നതാണ്. അനീമിയ ക്രമാതീതമായി ബാധിച്ചിരിക്കുന്നതിനാല്‍ ധമനിവഴി രക്തം കുത്തിവയ്ക്കാവുന്നതാണ്
അവസാനം പരിഷ്കരിച്ചത് : 6/2/2020
കൂടുതല്‍ വിവരങ്ങള്‍
അരിവാള്‍ രോഗം -വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍