অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിദ്രാരോഗങ്ങള്‍

നിദ്രാരോഗങ്ങള്‍

നിദ്രയുടെ ക്രമം, ദൈര്‍ഘ്യം, സ്വഭാവം എന്നിവയിലെ വ്യതിയാനങ്ങള്‍മൂലമുണ്ടാകുന്ന രോഗങ്ങള്‍. ബാഹ്യചോദനകളോടുള്ള സംവേദനക്ഷമത കുറഞ്ഞ താരതമ്യേന ചലനരഹിതമായ ഒരു സവിശേഷ അവസ്ഥയാണ് ഉറക്കം അഥവാ നിദ്ര. നിദ്രാവസ്ഥയില്‍ ഇച്ഛാപൂര്‍വമായ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കപ്പെടുന്നു. എന്നാല്‍ രക്തചംക്രമണം, ശ്വസനം തുടങ്ങിയ അനൈച്ഛിക ധര്‍മങ്ങള്‍ യാതൊരു മാറ്റവും കൂടാതെ നടക്കുകയും ചെയ്യുന്നു. ശരീരത്തിനാവശ്യമായ വിശ്രമം നല്കുവാനും ഊര്‍ജം വീണ്ടെടുക്കുവാനുമായി മസ്തിഷ്കം നടത്തുന്ന ഒരു സങ്കീര്‍ണപ്രക്രിയയാണ് നിദ്ര. ആയുസ്സിന്റെ മൂന്നിലൊന്ന് സമയവും മനുഷ്യന്‍ ഉറങ്ങുകയാണ് എന്ന വസ്തുത ഉറക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

നിദ്രാവസ്ഥയ്ക്ക് നേത്രം ദ്രുതമായും അല്ലാതെയും ചലിപ്പിക്കുന്ന രണ്ടു ഘട്ടങ്ങള്‍ (Rapid and Non-rapid eye movement) ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉറക്കത്തിന്റെ പ്രാരംഭദശയിലെ 60-90 മിനിറ്റു വരെയുള്ള സമയമാണ് ആദ്യത്തെ ദ്രുതനേത്രചലനഘട്ടം. ഈ ഘട്ടത്തിലാണ് സ്വപ്നം കാണുന്നത്. ഗാഢനിദ്രാഘട്ടത്തില്‍ നേത്ര ചലനം ദ്രുതഗതിയിലല്ല നടക്കുന്നത്. 90-110 മിനിറ്റുവരെ നീണ്ടുനില്ക്കുന്ന ദ്രുതവും അല്ലാത്തതുമായ 4-5 നേത്രചലനചക്രങ്ങളാണ് സാധാരണഗതിയില്‍ ഉണ്ടാവുക. പ്രായപൂര്‍ത്തിയായ ഒരു സാധാരണ വ്യക്തിക്ക് 7-8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.

ഉറക്കമില്ലായ്മ ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും. ഉറക്കമില്ലായ്മ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ഉറക്കം ആരംഭിക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ ബുദ്ധിമുട്ടനുഭവപ്പെടാം. ചിലര്‍ കൂടെക്കൂടെ ഞെട്ടിയുണരും. ഇത്തരക്കാര്‍ പ്രഭാതമാകുന്നതിനു മുന്‍പേ ഉറക്കമുണരും. വിഷാദരോഗം, ഉത്കണ്ഠ, മാനസിക സമ്മര്‍ദങ്ങള്‍ എന്നിവ ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങളാണ്. ഇവ കൂടാതെ ശാരീരികാസ്വസ്ഥതകള്‍, വേദന, നാഡീവ്യൂഹത്തകരാറുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയും ഉറക്കമില്ലായ്മയ്ക്കു കാരണമാകാറുണ്ട്. ചെറിയൊരു കാലത്തേക്ക് കാണപ്പെടുന്ന ഉറക്കമില്ലായ്മയ്ക്ക് ഉറക്കഗുളികകള്‍ ഫലപ്രദമാണ്. എന്നാല്‍ ദീര്‍ഘകാലമായുള്ള ഉറക്കമില്ലായ്മയ്ക്ക് ഇവയുടെ ഉപയോഗം വിപരീത ഫലങ്ങളുളവാക്കും.

വിഷമനിദ്ര (Dyssomnia), ക്രമരഹിതനിദ്ര (Parasomnia), അനിയന്ത്രിതനിദ്ര (Narcolepsy) എന്നിങ്ങനെ നിദ്രാരോഗങ്ങളെ തരംതിരിച്ചിരിക്കുന്നു. ഇവ കൂടാതെ നാഡീസംബന്ധവും മാനസികവുമായ വൈകല്യങ്ങളോടനുബന്ധിച്ചുണ്ടാകുന്ന നിദ്രാവൈകല്യങ്ങളും ഉണ്ട്. വിഷമനിദ്രയെ ആന്തരിക ഘടകങ്ങള്‍മൂലമുണ്ടാകുന്ന അവസ്ഥകളെന്നും ബാഹ്യ ഘടകങ്ങള്‍ മൂലമുണ്ടാകുന്ന വൈകല്യങ്ങളെന്നും ഉറക്കത്തിന്റെയും ഉണര്‍വിന്റെയും താളക്രമത്തിലുണ്ടാകുന്ന വൈകല്യങ്ങളെന്നും മൂന്നായി തിരിക്കാം. ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം (obstructive sleep apnea), അനിയന്ത്രിതനിദ്ര, ഉറക്കത്തിലെ കാലാട്ടല്‍ തുടങ്ങിയവ ആന്തരിക ഘടകങ്ങള്‍ മൂലമുണ്ടാകുന്ന നിദ്രാരോഗങ്ങള്‍ക്ക് ഉദാഹരണമാണ്. ശരീരബാഹ്യമായ പലവിധ കാരണങ്ങള്‍മൂലം ആരോഗ്യകരമായ നിദ്ര ശരിയായ ദൈര്‍ഘ്യത്തില്‍ ലഭ്യമല്ലാതെ വരാം. ഉറക്കഗുളിക, മദ്യം, മയക്കുമരുന്ന് എന്നിവയെ ആശ്രയിച്ചുമാത്രം ഉറക്കം ലഭ്യമാകുന്ന അവസ്ഥയും ഉണ്ടാകാം. ജെറ്റ്ലാഗ് കൊണ്ടും തൊഴിലിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ഉറക്കം ലഭ്യമാകാതെ വരുന്നതുകൊണ്ടും സിര്‍കാഡിയന്‍ താളത്തില്‍ വ്യതിയാനം സംഭവിച്ച് നിദ്രാരോഗങ്ങള്‍ ഉണ്ടാകാം.

അനിയന്ത്രിതനിദ്ര

(Narcolepsy).

പകല്‍സമയങ്ങളില്‍ അനിയന്ത്രിതമായി ഗാഢനിദ്രയിലായിപ്പോകുന്ന അവസ്ഥയാണിത്. 15 മുതല്‍ 30 വരെ മിനിട്ട് ആയിരിക്കും നിദ്രാദൈര്‍ഘ്യം. ഒരു പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ക്കൂടി ഇത്തരക്കാര്‍ ഉറങ്ങിപ്പോവാറുണ്ട്. 15-നും 25-നും ഇടയില്‍ പ്രായമുള്ളവരിലാണ് നാര്‍ക്കോലെപ്സി പ്രധാനമായും കണ്ടുവരുന്നത്. നാര്‍ക്കോലെപ്സി അനുഭവപ്പെടുന്നവര്‍ കൂടുതല്‍ സമയവും ക്ഷീണിതരായിരിക്കും. പേശികള്‍ക്കനുഭവപ്പെടുന്ന ബലക്ഷയം അഥവാ കാറ്റപ്ലെക്സി (cataplexy), നിദ്രാ തളര്‍വാതം (sleep paralysis), ഉറക്കം ആരംഭിക്കുമ്പോഴും ഉറക്കമുണരുന്നതിനുമുമ്പായും കാണുന്ന ഭീകരസ്വപ്നങ്ങള്‍ എന്നിവ അനിയന്ത്രിതനിദ്രയുടെ ലക്ഷണങ്ങളാണ്. നിദ്രാവേളയില്‍ പേശികള്‍ക്ക് ബലക്ഷയമുണ്ടായി രോഗി തറയിലേക്കു വീണുപോവാനും കഴുത്ത് തൂങ്ങിക്കിടക്കുവാനും ഇടയാകാറുണ്ട്. നാര്‍ക്കോലെപ്സി ഒരു ജനിതകവൈകല്യമായും കരുതപ്പെടുന്നു. ഇത് ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല.

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ സിന്‍ഡ്രോം

(Obstructive Sleep Apnea Syndrome).

ഉറക്കത്തില്‍ ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുന്നതിനെ സ്ളീപ് അപ്നിയ എന്നു പറയുന്നു. വായവഴിയും നാസാദ്വാരംവഴിയുമുള്ള വായു സഞ്ചാരം കുറയുകയും ഡയഫ്രത്തിന്റെ മുകളിലേക്കും താഴേക്കുമുള്ള ചലനങ്ങള്‍ വിഷമകരമാകുകയും ചെയ്യുന്നതിനെ സെന്‍ട്രല്‍ അപ്നിയ എന്ന് പറയുന്നു. ഒബ്സ്ട്രക്റ്റീവ് സ്ളീപ് അപ്നിയയില്‍ ശ്വാസവഴിയിലെ തടസ്സങ്ങള്‍ വായുസഞ്ചാരം ഇല്ലാതാക്കുന്നു. അതേസമയം ഡയഫ്രത്തിന്റെ ചലനങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇത്തരം ശ്വാസതടസ്സംമൂലം 10-60 സെക്കന്റുവരെ സമയത്തേക്ക് ശ്വാസോച്ഛാസം നിലയ്ക്കുന്നു. തുടര്‍ന്ന് ഉറക്കെയുള്ള കൂര്‍ക്കംവലിയോടെ പെട്ടെന്നു ഞെട്ടി ഉണരുന്നു. സ്ളീപ് അപ്നിയയുള്ളവര്‍ക്ക് ഉണരുമ്പോള്‍ തലവേദനയും ക്ഷീണവുമനുഭവപ്പെടാറുണ്ട്. തുടരെത്തുടരെയുണ്ടാകുന്ന ശ്വാസതടസ്സങ്ങള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുവാന്‍ ഇടയാക്കുകയും ഇത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തകരാറിനും കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല, മസ്തിഷ്കകോശങ്ങളില്‍ ഓക്സിജനെത്തിച്ചേരാതെ വരുമ്പോള്‍ പക്ഷാഘാതം പോലെയുള്ള ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകാം.

ശരീരഭാരം കൂടുതലുള്ള മധ്യവയസ്കരിലും പ്രായമേറിയ പുരുഷന്മാരിലുമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ സാധാരണയായി കാണപ്പെടുന്നത്. ശ്വസനവുമായി ബന്ധപ്പെട്ട ന്യൂറോണുകളുടെ പ്രവര്‍ത്തനത്തകരാറും ശ്വാസവഴിയിലെ മുകള്‍ഭാഗത്തെ പേശികളുടെ വര്‍ധിച്ച വികാസവുമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയ്ക്ക് കാരണമായിട്ടുള്ളത്. ഇടുങ്ങിയ നാസാദ്വാരങ്ങള്‍, വലുപ്പമേറിയ ടോണ്‍സിലുകള്‍, പൊണ്ണത്തടി എന്നിവയും കാരണങ്ങളാണ്. മദ്യം, പുകയില, ശമനൌഷധങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവരിലും ഇത് കാണപ്പെടുന്നുണ്ട്.

ഉറക്കത്തിനിടയിലുണ്ടാകുന്ന കൂര്‍ക്കംവലിയോടുകൂടിയുള്ള ശ്വാസതടസ്സമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ, ഇതില്‍ അപ്നിയ, ഹൈപ്പോപ്നിയ എന്നിങ്ങനെ രണ്ട് തരത്തിലുള്ള അസുഖങ്ങളുണ്ട്. 

പത്ത് സെക്കന്‍ഡില്‍ കൂടുതല്‍ ശ്വാസം നിന്നുപോകുന്ന അവസ്ഥയാണ് അപ്നിയ, . അപ്നിയ ബാധിച്ചവര്‍ക്ക് കുറച്ചുനേരത്തേക്ക് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇതിനോടൊപ്പം കാര്‍ബണ്‍ ഡൈഓക്‌സൈഡ് ശരീരത്തില്‍ നിന്ന് മാറ്റപ്പെടാതെ വരുന്നു. അതിന്റെ ഫലമായി മസ്തിഷ്‌കം പെട്ടെന്ന് ഉണരുകയും ശ്വാസനാളി തുറക്കുകയും ശ്വസനം ആരംഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരേ രാത്രിയില്‍ പല പ്രാവശ്യം രോഗിക്ക് ശ്വാസതടസ്സം വരാം. അത് ശരിയായ ഉറക്കത്തെ ബാധിക്കുന്നു.

ഈ രോഗിക്ക് പകല്‍സമയത്ത് ഉറക്കം വരികയും തലവേദന വരികയും ഒന്നിലും ശ്രദ്ധപതിപ്പിക്കാന്‍ കഴിയാതെയും വരുന്നു. 
ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ പുരുഷന്‍മാരിലാണ് കൂടുതല്‍ കാണപ്പെടുന്നത്. 3.5 ശതമാനം പുരുഷന്‍മാരിലും 1.5 ശതമാനം സ്ത്രീകളിലും കാണുന്നു. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വരാമെങ്കിലും 40 വയസ്സ് കഴിഞ്ഞവര്‍ക്കാണ് കൂടുതലായി കാണപ്പെടുന്നത്. ഈ അസുഖമുള്ളവരില്‍ 70 ശതമാനം അമിതവണ്ണമുള്ളവരായിരിക്കും. 

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ ഉള്ളവര്‍ക്ക് അമിത രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും തുടര്‍ന്നുണ്ടായേക്കാവുന്ന ഹൃദയാഘാതത്തിനും മസ്തിഷ്‌ക്കാഘാതത്തിനും കൂടുതല്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവര്‍ വാഹനാപകടങ്ങളില്‍പ്പെടാനും സാധ്യതയുണ്ട്. 

സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങള്‍

1. അമിത വണ്ണം
2. ഉറക്കെ കൂര്‍ക്കം വലിക്കുന്നവരായിരിക്കും. 
3. പകല്‍ മുഴുവന്‍ ഉറക്കം തൂങ്ങും
4. ഓര്‍മക്കുറവും ശ്രദ്ധക്കുറവും
5. രാവിലെയുള്ള തലവേദന
6. പെട്ടെന്നുള്ള ദേഷ്യം
7. വിഷാദം
8. ലൈംഗികബന്ധത്തിനുള്ള താത്പര്യക്കുറവ്
9. ആണുങ്ങളില്‍ ലൈംഗികോദ്ധാരണ ശേഷിക്കുറവ്
10. രാത്രിയില്‍ മൂത്രം ഒഴിക്കാനായി പല പ്രാവശ്യം എഴുന്നേല്‍ക്കുക

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയുടെ അപകടസാധ്യതകള്‍
1. അമിതവണ്ണം - വണ്ണം കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും കൂടുന്നു. പത്ത് ശതമാനം ഭാരം കൂടിയാല്‍ ആറിരട്ടിയാണ് ഈ അസുഖം വരാനുള്ള സാധ്യത. 43 സെന്റീമീറ്ററോ അതില്‍ കൂടുതലോ കഴുത്തിന് ചുറ്റളവ് ഉള്ളവരില്‍ ഈ അസുഖത്തിന് സാധ്യത ഏറുന്നു. സാധാരണ പുരുഷന്‍മാരില്‍ ഈ അസുഖം കൂടുതലായി കാണപ്പെടുന്നു. പക്ഷേ, അത് എന്തുകൊണ്ട് എന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. 

സ്ലീപ് അപ്നിയയുടെ അപകടകരമായ പരിണാമഫലങ്ങള്‍

* സിസ്റ്റമിക് ഹൈപ്പര്‍ടെന്‍ഷന്‍
* ടൈപ്പ് 2 ഡയബറ്റിക് മെലിറ്റസ് (പ്രമേഹം) 
* മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ (ഹാര്‍ട്ട് അറ്റാക്ക്) 
* സെറിബ്രോ വാസ്‌കുലര്‍ ആക്‌സിഡന്റ് (സ്‌ട്രോക്ക്) 
* പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍
* അരിത്ത്മിയ (ഹൃദയത്തിന്റെ താളത്തിലുണ്ടാകുന്ന തകരാറ്) 

ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ തിരിച്ചറിയുന്നത്

1. പകല്‍ കൂടുതല്‍ ഉറക്കം തൂങ്ങുകയും രാത്രിയില്‍ ശരിയായ ഉറക്കം കിട്ടാതെയും വരുന്ന അവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങളോടും കൂടെയുള്ളവരോടും ചോദിച്ചു മനസ്സിലാക്കുക.

2. എന്തെങ്കിലും സംശയം തോന്നിയാല്‍ സ്ലീപ്പ് സെന്ററില്‍ ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്. ഉറക്കത്തിലുള്ള തടസ്സങ്ങള്‍ മാറ്റുന്നതിന് സ്ലീപ്പ് സെന്ററുകള്‍ സഹായിക്കും, 3.സ്ലീപ്പ് സെന്ററില്‍ ഒരു വീഡിയോ ക്യാമറ വഴി ഒരു രാത്രി മുഴുവനുള്ള നിങ്ങളുടെ ഉറക്കം നിരീക്ഷിക്കപ്പെടുന്നു. ഈ പരിശോധനയ്ക്ക് പോളി സോംനോഗ്രാഫി എന്നാണ് പറയുന്നത്. ഈ പരിശോധനയില്‍ കൂടി ശ്വസന നിരക്ക്, ഉറക്കത്തിന്റെ പല ഘട്ടങ്ങള്‍, രക്തത്തില്‍ ഓക്‌സിജന്റെ അളവ്,ഹൃദയസ്പന്ദന നിരക്ക്, രക്ത സമ്മര്‍ദം എന്നിവ പരിശോധിക്കപ്പെടുന്നു. ഈ പരിശോധനയ്ക്ക് പ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ധന്റെ ആവശ്യമുണ്ട്.

ചികിത്സ
ആരംഭ ദിശയിലുള്ള ഒബ്‌സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ, ചിട്ടപ്പെടുത്തിയ ജീവിതരീതിയില്‍ കൂടി കുറച്ചു കൊണ്ടുവരാന്‍ സാധിക്കും. ഇതിനായി രോഗി ഭാരം കുറയ്ക്കുകയും ലഹരി പാനീയങ്ങള്‍ ഉപേക്ഷിക്കുകയും പുകവലിയും ഉറക്ക ഗുളികയും പൂര്‍ണമായും ഒഴിവാക്കേണ്ടതുമുണ്ട്.ജീവിതക്രമത്തിലെ വ്യത്യാസപ്പെടുത്തലുകളല്ലാതെ ഇതിന് മറ്റുചില ചികിത്സാ രീതികള്‍ കൂടിയുണ്ട്. *ജഎജ എന്ന ഉപകരണം രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. *ജഎജല്‍ ശ്വസനത്തിന് സഹായിക്കുന്ന ഒരു കവചം (ങമീക്ഷ) ഉണ്ട്. അതില്‍ കൂടി തുടര്‍ച്ചയായി മര്‍ദമേറിയ വായു പ്രവഹിക്കുന്നു. 

ഉറങ്ങുമ്പോഴാണ് രോഗികള്‍ *ജഎജ ഉപയോഗിക്കേണ്ടത്. മര്‍ദമേറിയ വായുവിന്റെ പ്രവാഹം ഉറക്കത്തില്‍ ശ്വാസനാളി അടയാതെ സൂക്ഷിക്കുന്നു.

സ്റ്റിമുലന്റ്
ഉറക്കം തൂങ്ങല്‍ വളരെ കൂടുതലാണെങ്കില്‍ രോഗിക്ക് സ്റ്റിമുലന്റ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കുന്നു. അതുകാരണം രോഗി കൂടുതല്‍ ഉണര്‍ന്നും ഉന്മേഷവാനായും കാണപ്പെടുന്നു.

ശസ്ത്രക്രിയ
മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തപ്പോള്‍ മാത്രമേ ശസ്ത്രക്രിയ ഒരു നിവാരണ മാര്‍ഗമായി സ്വീകരിക്കാറുള്ളൂ. മരുന്നുകള്‍ കൊണ്ടോ *ജഎജ കൊണ്ടോ പ്രയോജനമില്ലാത്ത ഒരവസ്ഥയിലും, രോഗിയുടെ സാധാരണ ജീവിതത്തെ ഇത് സാരമായി ബാധിക്കുമ്പോഴും മാത്രമേ ഡോക്ടര്‍മാര്‍ ഈ രോഗത്തിന് ശസ്ത്രക്രിയ ഉപദേശിക്കാറുള്ളൂ.

 

കൂർക്കംവലി ഉറക്കത്തിലെ ശ്വാസതടസം എന്നിവക്കൊരു പരിഹാരം.

അമിതമായ കൂർക്കംവലിക്കും ഉറക്കപ്രശ്നങ്ങൾക്കും യഥാസമയം വിദദ്ധ ചികിത്സ തേടണം. ഇല്ലെങ്കിൽ അവ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഉറക്കത്തിന്റെ ദൈർഘ്യത്തെയും നിലവാരത്തെയും കൂർക്കംവലി ബാധിക്കുന്നു എന്നത് മാത്രമല്ല കാരണം രോഗങ്ങളുടെ സൂചനകൂടിയകാമത് . കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ഞങ്ങളെ സമീപിക്കുക

കാലാട്ടല്‍രോഗം

(Restless Leg Syndrome-RLS).

നിദ്രാവേളയില്‍, കാലുകള്‍ വിശ്രമത്തിലായിരിക്കുമ്പോള്‍ തീവ്രമായ അസ്വസ്ഥത അനുഭവപ്പെടുകയും അതിനു പ്രതികരണമെന്നോണം കാലാട്ടുവാന്‍ തുടങ്ങുകയും ചെയ്യുന്നു. മധ്യവയസ്കരിലാണിത് കാണപ്പെടുന്നത്. ഉറക്കമില്ലായ്മയുടെ ഒരു പ്രധാന കാരണമായി ഇത് മാറാം. ഇത്തരക്കാരില്‍ അനുബന്ധമായി കാണപ്പെടുന്ന മറ്റൊരു പ്രശ്നമാണ് പീരിയോഡിക് ലിംബ് മൂവ്മെന്റ് ഡിസോര്‍ഡര്‍. ഇവര്‍, ഉറക്കത്തില്‍ ഇടയ്ക്കിടെ കൈകാലുകള്‍ ശക്തമായി ചലിപ്പിച്ചുകൊണ്ടിരിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അപര്യാപ്തതകൊണ്ടും വാതത്തിന്റെ പ്രാഥമിക സൂചനയായും ഇത് കാണപ്പെടുന്നു. പാര്‍ക്കിന്‍സണിസം, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവരിലും കാലാട്ടല്‍ രോഗം കാണപ്പെടാം.

സിര്‍കാഡിയന്‍ താളത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം.

ഉറക്കവും ഉണര്‍വും പ്രത്യേകക്രമത്തില്‍ പരിപാലിക്കുന്നതിനായി ഓരോ ജീവിയുടെയും ഉള്ളില്‍ ഒരു ജൈവഘടികാരം-സിര്‍കാഡിയന്‍ താളം - ഉണ്ട്. ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും സമയക്രമത്തിലുണ്ടാകുന്ന വ്യത്യാസം സിര്‍കാഡിയന്‍ താളത്തിന്റെ തകരാറുകള്‍ക്കു കാരണമാകുന്നു. ഷിഫ്റ്റ് ജോലി ചെയ്യുന്നവരിലും മറ്റും ഇത്തരമൊരവസ്ഥ എളുപ്പത്തില്‍ സംജാതമാകുന്നു. സിര്‍കാഡിയന്‍ താളം സംബന്ധിച്ച നിദ്രാരോഗങ്ങള്‍ ഉറക്കമില്ലായ്മയായോ ഉറക്കക്കൂടുതലായോ കാണപ്പെടാം. നിശ്ചിതനിദ്രാവേളയില്‍ ഉറങ്ങാന്‍ കഴിയാതിരിക്കുകയെന്നതാണ് ഇത്തരം നിദ്രാരോഗങ്ങളുടെ ലക്ഷണം. രണ്ടുതരത്തിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. വളരെ വൈകി ഉറങ്ങാന്‍ തുടങ്ങുകയും വൈകിമാത്രം ഉണരുകയും ചെയ്യുന്നതാണ് ഒന്ന് (delayed sleep phase syndrome). വളരെ മുന്‍പേ ഉറങ്ങാന്‍ തുടങ്ങുകയും പ്രഭാതമാകുന്നതിനു വളരെ മുന്‍പേ ഉണരുകയും ചെയ്യുന്നവര്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു (advanced sleep phase disorder).

അമിതനിദ്ര

(Hypersomnia).

വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു നിദ്രാരോഗമാണിത്. രാത്രിയിലെ ഉറക്കത്തിനു പുറമേ പകല്‍സമയങ്ങളിലും അമിതമായി ഉറങ്ങുന്നവരാണിത്തരക്കാര്‍. ഉത്കണ്ഠ, വൈകാരിക അസ്വസ്ഥതകള്‍, ഉത്സാഹക്കുറവ്, ചിന്താശേഷിക്കുറവ്, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ക്ളൈന്‍-ലെവിന്‍ സിന്‍ഡ്രോം (Klein-Levin Syndrome) എന്നറിയപ്പെടുന്ന അമിതനിദ്രാരോഗം ഉള്ള വ്യക്തി പതിനെട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങിപ്പോകും. എന്നാല്‍ ഉണരുമ്പോള്‍ ഉന്മേഷം തോന്നുകയുമില്ല. മസ്തിഷ്കത്തകരാറുകള്‍, യുറീമിയ (Uremia) എന്നിവ കാരണങ്ങളാണ്. വിഷാദരോഗം, ഉത്കണ്ഠ എന്നിവയ്ക്കുള്ള ഔഷധങ്ങളുടെ പാര്‍ശ്വഫലമായും ഈ രോഗം പിടിപെടാം.

ക്രമരഹിതനിദ്ര

(Parasomnia).

നിദ്രാവേളയില്‍ കാണപ്പെടുന്ന പെരുമാറ്റ വൈകല്യങ്ങളും ചലനങ്ങളുമാണ് പാരാസോമ്നിയ കൊണ്ടര്‍ഥമാക്കുന്നത്. നിദ്രാടനം (sleep walking), ഉറക്കത്തിനിടയിലുള്ള സംസാരം (sleep talking), പല്ലുകടി (tooth grinding/Bruxism), ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ (bed wetting) എന്നിവ ഉദാഹരണങ്ങളാണ്. ബാല്യത്തിലാണ് ഇവ ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. പ്രായമേറുന്തോറും ഇവയില്‍ പലതും അപ്രത്യക്ഷമാകും. ഉറക്കത്തില്‍ സ്വയമറിയാതെ എഴുന്നേറ്റു നടക്കുന്നതാണ് നിദ്രാടനം. മസ്തിഷ്ക പ്രവര്‍ത്തനത്തിലുണ്ടാകുന്ന ചില തകരാറുകളാണ് നിദ്രാടനത്തിനുകാരണം. ഏറ്റവുമധികമായി കണ്ടുവരുന്ന മറ്റൊരു വൈകല്യമാണ് പല്ലുകടി. പല്ല് ചേര്‍ത്ത് ഇറുമ്മുക, ചവയ്ക്കുന്നതുപോലെ കാണിച്ചുകൊണ്ടിരിക്കുക തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു. മാനസിക സമ്മര്‍ദം, ലഘുമനോരോഗങ്ങള്‍, മസ്തിഷ്ക പ്രശ്നങ്ങള്‍ എന്നിവയെല്ലാം പല്ലുകടിക്കു കാരണമാകാം.

മനോരോഗ, നാഡീരോഗ സംബന്ധിയായുണ്ടാകുന്ന നിദ്രാരോഗങ്ങള്‍.

സ്കീസോഫ്രീനിയ (schizophrenia) പോലുള്ള കടുത്ത മനോരോഗങ്ങള്‍, വിഷാദരോഗം, ഉത്കണ്ഠ, മദ്യാസക്തി എന്നിവ നിദ്രാരോഗങ്ങള്‍ക്ക് കാരണമാകുന്നു. അപസ്മാരം, തലവേദന, പാര്‍ക്കിന്‍സണിസം, മറവിരോഗം എന്നീ നാഡീരോഗങ്ങളുമായി ബന്ധപ്പെട്ടും നിദ്രാരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയ്ക്കെല്ലാം പുറമേ, പ്രായമാകുന്നതിന്റെ ഒരു ലക്ഷണമായി നിദ്രാരോഗങ്ങളെ കാണാം. അറുപത്തഞ്ചിനു മുകളില്‍ പ്രായമുള്ള അന്‍പത് ശതമാനം പേരിലും നിദ്രാരോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവ വാര്‍ധക്യത്തിന്റെ ഭാഗമായാണോ അല്ലെങ്കില്‍ മരുന്നുകളുടെ അനന്തരഫലമായാണോ ഉണ്ടാകുന്നത് എന്നത് ഇനിയും വ്യക്തമല്ല.

രോഗനിര്‍ണയനവും ചികിത്സയും.

നിദ്രാരോഗങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് വളരെ വൈകിയാണെങ്കിലും ഉറക്കം എന്ന പ്രക്രിയയെയും ഉറക്കമരുന്നുകളെയും കുറിച്ചുള്ള പഠനങ്ങള്‍ അതിവേഗം പുരോഗതി പ്രാപിക്കുകയുണ്ടായിട്ടുണ്ട്. നിദ്രാരോഗങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായ ചികിത്സാരീതികള്‍ കണ്ടെത്തുവാന്‍ ഇത് സഹായകമായിട്ടുണ്ട്. പോളിസോമ്നോഗ്രഫി, മള്‍ട്ടിപ്പിള്‍ സ്ളീപ് ലേറ്റന്‍സി ടെസ്റ്റ് എന്നിവയാണ് ഇന്ന് പ്രയോഗത്തിലുള്ള നിദ്രാരോഗ നിര്‍ണയനമാര്‍ഗങ്ങള്‍. മസ്തിഷ്ക തരംഗങ്ങള്‍, പേശീപ്രവര്‍ത്തനങ്ങള്‍, കണ്ണിന്റെ ചലനങ്ങള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വായവഴിയും നാസാദ്വാരം വഴിയുമുള്ള വായുസഞ്ചാരം, ശ്വസനം, ഓക്സിജന്‍ പൂരിതാവസ്ഥ (oxygen saturation) തുടങ്ങിയവ രേഖപ്പെടുത്തിയാണ് രോഗം നിര്‍ണയിക്കുന്നത്.

മാനസികാരോഗ്യം മെച്ചപ്പെടുത്തിയും പെരുമാറ്റത്തില്‍ വ്യതിയാനങ്ങളുളവാക്കിയും ചില നിദ്രാരോഗങ്ങള്‍ ഭേദമാക്കാനാവും. ഉറക്കമില്ലായ്മ ഇത്തരത്തിലൊന്നാണ്. മദ്യം, മയക്കുമരുന്നുകള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കിയും ശരീരഭാരം കുറച്ചും ഒബ്സ്ട്രക്റ്റീവ് സ്ളീപ് അപ്നിയ സിന്‍ഡ്രോം ഭേദമാക്കാം. ബെന്‍സോഡയസിപൈന്‍, നോണ്‍ബെന്‍സോ ഡയസിപൈന്‍ വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകള്‍ ഉറക്കമില്ലായ്മക്കെതിരെ ഫലപ്രദമാണ്. മിക്കവാറും എല്ലാ പാരാസോമ്നിയകളും ചികിത്സ അര്‍ഹിക്കാത്തവയാണ്. സിര്‍കാഡിയന്‍ താളക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന നിദ്രാരോഗങ്ങള്‍ ഫോട്ടോതെറാപ്പിയിലൂടെയും ക്രോണോതെറാപ്പിയിലൂടെയും പരിഹരിക്കാവുന്നതാണ്. നാര്‍ക്കോലെപ്സിക്ക് ഉത്തേജകങ്ങളും പേശീബലക്ഷയത്തിന് ട്രൈസൈക്ളിക് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളും ഫലപ്രദമാണ്.

സ്ലീപ് വാക്കിങ്ങ്: ചില വസ്തുതകള്‍

ഉറങ്ങിത്തുടങ്ങിയ ഒരു വ്യക്തി പൂര്‍ണമായി ഉണരാതെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനെയാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം സ്ലീപ് വാക്കിങ്ങ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്:

  1. ഉറക്കത്തിനിടയില്‍ തുടര്‍ച്ചയായി കിടക്കവിട്ടെഴുന്നേല്‍ക്കുന്നതും കുറച്ചുദൂരമെങ്കിലും നടക്കുന്നതും ആണ് പ്രധാന ലക്ഷണം.
  2. അസുഖം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളില്‍ നിര്‍വികാരമായ തുറിച്ചുനോട്ടം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ഈ സമയത്ത് രോഗിയെ ഉണര്‍ത്തിയെടുക്കാന്‍ പ്രയാസമായിരിക്കും.
  3. ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ (സ്ലീപ് വാക്കിങ്ങിനിടയിലാണെങ്കിലും അടുത്ത പ്രഭാതത്തിലാണെങ്കിലും) നടന്ന സംഭവങ്ങളെക്കുറിച്ച് രോഗിക്ക് ഓര്‍മയുണ്ടാവില്ല.
  4. സ്ലീപ് വാക്കിങ്ങിനിടയില്‍ ഉണര്‍ന്നുപോവുകയാണെങ്കില്‍ രോഗി കുറച്ചുനേരത്തേക്കുള്ള സ്ഥലകാലവിഭ്രമമോ സംഭ്രമമോ അല്ലാതെ സാരമായ പെരുമാറ്റവൈകല്യങ്ങളോ മാനസികപ്രശ്നങ്ങളോ പ്രകടിപ്പിക്കുകയില്ല.
  5. ഡെമന്‍ഷ്യ, അപസ്മാരം തുടങ്ങിയ ശാരീരിക അസുഖങ്ങള്‍ ഇല്ലാത്തവര്‍ക്കേ സ്ലീപ് വാക്കിങ്ങ് രോഗം നിര്‍ണയിക്കാവൂ.

സ്ലീപ് വാക്കിങ്ങ് ആരെയാണു ബാധിക്കുന്നത്?

കുട്ടികളെ, പ്രത്യേകിച്ച് നാലു വയസ്സിനും എട്ടു വയസ്സിനും ഇടക്കു പ്രായമുള്ളവരെ, ആണ് സ്ലീപ് വാക്കിങ്ങ് കൂടുതലായി ബാധിക്കുന്നത്. കൌമാരത്തിലേക്കു കടക്കുന്നതോടെ ഭൂരിഭാഗം കുട്ടികളിലും സ്ലീപ് വാക്കിങ്ങ് തനിയെ ഭേദമാകാറുണ്ട്. പക്ഷേ തുടര്‍ച്ചയായി സ്ലീപ് വാക്കിങ്ങ് പ്രകടിപ്പിക്കുന്ന കുട്ടികളില്‍ നാലിലൊരാള്‍ മുതിര്‍ന്നതിനു ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.  മറ്റ് നിദ്രാരോഗങ്ങളോടൊന്നിച്ചു വരുന്ന സ്ലീപ് വാക്കിങ്ങ് പ്രാ‍യം കൂടുന്നതിനൊപ്പം വഷളാവുന്നതായും കണ്ടുവരുന്നുണ്ട്.

ജനസംഖ്യയുടെ രണ്ടുശതമാനത്തെ സ്ലീപ് വാക്കിങ്ങ്  ബാധിക്കുന്നുണ്ടെന്ന് കാനഡയില്‍ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. അഞ്ചിനും പന്ത്രണ്ടിനും ഇടക്കു പ്രായമുള്ള കുട്ടികളില്‍ 10 - 15 ശതമാനത്തിനു വരെ സ്ലീപ് വാക്കിങ്ങ് കാണപ്പെടുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം കുട്ടികളും വെറുതെ കിടക്കയില്‍ എഴുന്നേറ്റിരിക്കുക, കണ്ണു തിരുമ്മുക, വസ്ത്രങ്ങളില്‍ തിരുപ്പിടിക്കുക തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടിപ്പിക്കാറുള്ളൂ.

സ്ലീപ് വാക്കിങ്ങ് പലപ്പോഴും പാരമ്പര്യമായി കാണപ്പെടാറുണ്ട്. ഉദാഹരണത്തിന് HLA-DQB1 ജീന്‍ ഉള്ളവര്‍ക്ക്  സ്ലീപ് വാക്കിങ്ങിനുള്ള സാദ്ധ്യത ഏറെയാണ്. സ്ലീപ് വാക്കിങ്ങ് ബാധിതരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പത്തിരട്ടി കൂടുതലാണ്.

സ്ലീപ് വാക്കിങ്ങ് ബാധിതരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പത്തിരട്ടി കൂടുതലാണ്.

ആര്‍ത്തവം തുടങ്ങുന്ന പ്രായത്തിലും ഗര്‍ഭിണികളിലും സ്ലീപ് വാക്കിങ്ങ് കൂടുതലായി കാണുന്നതിനാല്‍ ഹോര്‍മോണുകളിലെ വ്യതിയാനങ്ങള്‍ ഈ അസുഖത്തിനു കാരണമാവാറുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. മനസ്സിലൊതുക്കിവെച്ചിരിക്കുന്ന ദേഷ്യവും അമര്‍ഷവുമൊക്കെ ഉറക്കത്തിനിടയില്‍ പുറത്തുവരുന്നതാണ് സ്ലീപ് വാക്കിങ്ങ് എന്നും ചില ശാസ്ത്രജ്ഞര്‍ സമര്‍ദ്ധിക്കുന്നുണ്ട്.

മൈഗ്രെയ്ന്‍ , ഹൈപര്‍തൈറോയ്ഡിസം, റ്റൌറെറ്റ്സ് സിന്‍ഡ്രോം, ആങ്സൈറ്റി ഡിസോര്‍ഡര്‍, സ്ലീപ് അപ്നിയ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് സ്ലീപ് വാക്കിങ്ങ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും സ്ലീപ് വാക്കിങ്ങ് കാ‍ണപ്പെടാറുണ്ട്. സ്ലീപ് വാക്കിങ്ങ് ഉള്ളവര്‍ ഉറക്കമിളക്കുന്നതും അവരുടെ ഉറക്കം എന്തെങ്കിലും കാരണങ്ങളാല്‍ തടസ്സപ്പെടുന്നതും സ്ലീപ് വാക്കിങ്ങ് വഷളാവാന്‍ ഇടയാക്കാറുണ്ട്.

സ്ലീപ് വാക്കിങ്ങിന്റെ ലക്ഷണങ്ങള്‍

സ്ലീപ് വാക്കിങ്ങ് കൂടുതലായും കാണപ്പെടുന്നത് ഉറക്കത്തിന്റെ തുടക്കത്തിലെ ഒന്നൊന്നര മണിക്കൂറിലാണ്.‍ ഇതിന്റെ ലക്ഷണങ്ങള്‍ ഏതാനും സെക്കന്റുകള്‍ തൊട്ട് അഞ്ചോ പതിനഞ്ചോ മിനിട്ടുകള്‍ വരെ നീണ്ടുനില്‍ക്കാറുണ്ട്.

കിടക്കയില്‍ എഴുന്നേറ്റിരിക്കുക, നടക്കാന്‍ ശ്രമിക്കുക തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. കണ്ണ് തുറന്നുപിടിക്കുന്നതിനാല്‍ രോഗി ഉണര്‍ന്നിരിക്കുകയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. എണീക്കുമ്പോഴോ നടത്തത്തിനിടയിലോ രോഗി അവ്യക്തമായി പിറുപിറുക്കുകയോ കരയുകയോ ചെയ്യാം. പലപ്പോഴും അരികിലുള്ള വസ്തുക്കളില്‍ത്തട്ടി വീഴാതെയും പരിക്കുകള്‍ പറ്റാതെയും  രോഗി നടത്തം പൂര്‍ത്തിയാക്കാറുള്ളതു കൊണ്ട് സ്ലീപ് വാക്കിങ്ങിനിടയിലും രോഗിക്ക് കുറച്ചൊക്കെ ബോധം അവശേഷിക്കുന്നുണ്ട് എന്ന് അനുമാനിക്കപ്പെടുന്നു. സ്ലീപ് വാക്കിങ്ങിനു ശേഷം രോഗി, പ്രത്യേകിച്ച് കുട്ടികള്‍, തറയില്‍ കിടക്കുകയോ വീട്ടിനുള്ളില്‍ത്തന്നെ മറ്റെവിടെയെങ്കിലും ഉറങ്ങിപ്പോവുകയോ ചെയ്തേക്കാം. വസ്ത്രത്തിലോ വീട്ടിലെവിടെയെങ്കിലുമോ മൂത്രമൊഴിച്ചുവെക്കുന്നതും സാധാരണമാണ്.

രോഗാവസ്ഥയില്‍ അധികം കോ‍ഓര്‍ഡിനേഷന്‍ ആവശ്യമുള്ള പ്രവൃത്തികള്‍ ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. എന്നാല്‍ പാചകം ചെയ്യുക, ആഹാരം വിളമ്പിയെടുത്ത് കഴിക്കുക, കോണി കയറുക, ഭിത്തികളോ വാതിലുകളോ പൈപ്പുകളോ നശിപ്പിക്കുക, വണ്ടിയോടിക്കുക, എന്നു തുടങ്ങി ആക്രമണസ്വഭാവവും കൊലപാതകങ്ങളും വരെ സ്ലീപ് വാക്കിങ്ങിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകള്‍നിലകളില്‍ നിന്നു താഴേക്കു വീണും നടന്നുനടന്ന് റോഡുകളിലെത്തിയുമൊക്കെ ഈ രോഗികള്‍ക്ക് അപൂര്‍വമായി അപകടങ്ങളോ മരണം തന്നെയോ സംഭവിക്കാറുണ്ട്.

സ്ലീപ് വാക്കിങ്ങും കുറ്റകൃത്യങ്ങളും

1846-ല്‍ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ഒരു പ്രതിയെ കൃത്യം നടത്തിയത് സ്ലീപ് വാക്കിങ്ങിനിടയിലാണെന്ന പരിഗണനയില്‍ അമേരിക്കയില്‍ വെറുതെ വിടുകയുണ്ടായി. ആല്‍ബര്‍ട്ട് ജാക്ക്സണ്‍ ടിറല്‍ കേസ് എന്ന ഈ കേസിലാണ് സ്ലീപ് വാക്കിങ്ങിനിടയില്‍ ചെയ്ത പ്രവൃത്തി എന്ന വാദം പരിഗണിച്ച് ലോകത്താദ്യമായി ഒരു പ്രതിയെ വെറുതെ വിട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. സ്ലീപ് വാക്കിങ്ങ് ബാധിച്ച ഒരു കോളേജ് വിദ്യാര്‍ത്ഥിയെ ലൈംഗികകുറ്റത്തിന്  അമേരിക്കയിലെ തന്നെ മസാചുസെറ്റ്സില്‍ 2001-ല്‍ വെറുതെ വിട്ടത് 150 വര്‍ഷം പഴക്കമുള്ള ഈ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു. കാനഡയിലെ പാര്‍ക്ക്സ് കേസിലും 23 കിലോമീറ്റര്‍ വണ്ടിയോടിച്ചുചെന്ന് ഭാര്യാമാ‍താവിനെ കൊലപ്പെടുത്തുകയും ഭാര്യാപിതാവിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിയെ സ്ലീപ് വാക്കിങ്ങ് ബാധിതന്‍ എന്ന കാരണത്താല്‍ വിട്ടയക്കുകയുണ്ടായി.

സ്ലീപ് വാക്കിങ്ങിനിടയില്‍ ചെയ്യുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം തന്നെ സ്ലീപ് വാക്കിങ്ങിന്റെ പേരില്‍ പ്രതികളെ വെറുതെ വിടുന്നതിനെതിരെയുള്ള പ്രതിഷേധവും ശക്തമാണ്.

സ്ലീപ് വാക്കിങ്ങിന്റെ ചികിത്സകള്‍

സ്ലീപ് വാക്കിങ്ങ് ഉള്ള കുട്ടികളുടെ മുറികളില്‍ നിന്ന് അവര്‍ രാത്രിയില്‍ എഴുന്നേറ്റു നടന്നാല്‍ അപകടങ്ങള്‍ക്കു കാരണമായേക്കാവുന്ന വസ്തുക്കള്‍ എടുത്തുമാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി സ്ലീപ് വാക്കിങ്ങ് തുടങ്ങുന്ന സമയത്തിന് അരമണിക്കൂര്‍ മുമ്പ് കുട്ടിയെ വിളിച്ചുണര്‍ത്തുന്നത് സ്ലീപ് വാക്കിങ്ങ് തടയാന്‍ സഹായിക്കാറുണ്ട്. സ്ലീപ് വാക്കിങ്ങ് രോഗികളുടെ മുറിയുടെ വാതിലില്‍ രാത്രിയില്‍ മണികള്‍ തൂക്കിയിടുന്നത് പുറത്തിറങ്ങുന്നതിനിടയില്‍ അവരെ ഉണര്‍ത്താന്‍ പ്രയോജനപ്പെടാറുണ്ട്. സ്ലീപ് വാക്കിങ്ങ് ഉള്ളവര്‍ വീടിന്റെ താഴെ നിലയില്‍ ഉറങ്ങുന്നതാണ് കൂടുതല്‍ സുരക്ഷിതം.

സ്ലീപ് വാക്കിങ്ങിനിടയില്‍ രോഗികളെ ഉണര്‍ത്തിയെടുക്കാന്‍ പ്രയാസമായിരിക്കും. ബലം പ്രയോഗിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രോഗി തന്നെയാരോ ആക്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കാനും സ്വയരക്ഷക്കായി തിരിച്ചടിക്കാനുമുള്ള സാദ്ധ്യതയുമുണ്ട്. ഇക്കാരണങ്ങളാല്‍ സ്ലീപ് വാക്കിങ്ങിലുള്ള രോഗികളെ ഉണര്‍ത്താന്‍ ശ്രമിക്കാതെ പതിയെ തിരികെ കിടക്കയിലേക്കു നയിക്കുന്നതാണു നല്ലത്.

സ്ലീപ് വാക്കിങ്ങിലുള്ള രോഗികളെ ഉണര്‍ത്താന്‍ ശ്രമിക്കാതെ പതിയെ തിരികെ കിടക്കയിലേക്കു നയിക്കുന്നതാണു നല്ലത്.

സ്ലീപ് വാക്കിങ്ങ് പ്രകടിപ്പിക്കുന്ന കുട്ടികളില്‍ അപസ്മാരമോ മറ്റു രോഗങ്ങളോ ഇല്ല എന്നുറപ്പുവരുത്താന്‍ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്. എന്നെങ്കിലുമൊരിക്കല്‍ സ്ലീപ് വാക്കിങ്ങ് വരുന്നവര്‍ക്ക് സാധാരണയായി മരുന്നുകളുടെ ആവശ്യം ഉണ്ടാവാറില്ല. സ്ലീപ് വാക്കിങ്ങിനിടയില്‍ അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്കും‍, സ്ലീപ് വാക്കിങ്ങ് കാരണം പകല്‍സമയത്ത് ക്ഷീണമോ ഉറക്കച്ചടവോ അനുഭവപ്പെടുന്നവര്‍ക്കും‍,  ആഴ്ചയിലൊരിക്കലോ ദിവസേനയോ മറ്റോ സ്ലീപ് വാക്കിങ്ങ് വരുന്നവര്‍ക്കും മരുന്നുകള്‍ പ്രയോജനം ചെയ്യാറുണ്ട്. മാനസികസമ്മര്‍ദ്ദത്തിന്റെ ഫലമായി സ്ലീപ് വാക്കിങ്ങ് വരുന്നവര്‍ക്ക് കൌണ്‍സലിങ്ങ് ഉപകാരപ്രദമാവാറുണ്ട്.

 

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate