অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാഡീസംബന്ധ രോഗങ്ങള്‍

നാഡീസംബന്ധ രോഗങ്ങള്‍-ആമുഖം

നാഡീ വ്യവസ്‌ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. ഇത്തരം തകരാറുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്നതാണ്‌.

അതിനാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പരിശോധനയും അടിയന്തിര ചികിത്സയും നടത്തണം.

ശരീരത്തിലെ മുഴുവന്‍ ചലനങ്ങളെയും നിയന്ത്രിക്കുന്നത്‌ നാഡീവ്യവസ്‌ഥയാണ്‌. ഇത്‌ അത്യന്തം സങ്കീര്‍ണമാണ്‌. ബുദ്ധിവികാസങ്ങള്‍, വികാരപ്രകടനങ്ങള്‍, ആശയവിനിമയം, ഓര്‍മ്മ എന്നിങ്ങനെ മനുഷ്യന്‌ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്‌ നാഡീവ്യവസ്‌ഥയാണ്‌.

മനസ്‌ അറിയാതെ ചെയ്‌തുപോകുന്ന പ്രവൃത്തികളെ പോലും നിയന്ത്രിക്കുന്നത്‌ നാഡീവ്യവസ്‌ഥയാണ്‌. ഉറക്കം, ശ്വസനം, ഹൃദയമിടിപ്പ്‌, കുടലിലെ ചലനങ്ങള്‍ എന്നിവ ഇതിന്‌ ഉദാഹരണമാണ്‌. മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.

മസ്‌തിഷ്‌കവും സുഷുമ്‌നാ നാഡിയും ചേര്‍ന്ന കേന്ദ്ര നാഡീവ്യവസ്‌ഥ (സെന്‍ട്രല്‍ നേര്‍വസ്‌ സിസ്‌റ്റം) യും പ്രാന്തനാഡീവ്യവസ്‌ഥ (പെരിഫറല്‍ നേര്‍വസ്‌ സിസ്‌റ്റം) യും. നാഡീ വ്യവസ്‌ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും.

ഇത്തരം തകരാറുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്നതാണ്‌. അതിനാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ പരിശോധനയും അടിയന്തിര ചികിത്സയും നടത്തണം.

മസ്‌തിഷ്‌ക്കാഘാതം

തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്നു നിലയ്‌ക്കുകയോ, ഭാഗികമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്‌ഥയാണ്‌ മസ്‌തിഷ്‌ക്കാഘാതം അഥവാ സ്‌ട്രോക്ക്‌.

ഏതെങ്കിലും കാരണവശാല്‍ കോശങ്ങള്‍ക്ക്‌ ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതു ഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത്‌ ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്‌ക്കുന്നു.

ഒരിക്കല്‍ നശിച്ചാല്‍ പിന്നീട്‌ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതാണ്‌ തലച്ചോറിലെ കോശങ്ങള്‍. ഇത്‌ സ്‌ട്രോക്കിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

തലച്ചോറിലെ കോശങ്ങളിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികില്‍ കൊഴുപ്പടിഞ്ഞ്‌ അവ അടഞ്ഞുപോവുക, ധമനികളില്‍ രക്‌തക്കട്ടവന്ന്‌ തടഞ്ഞ്‌ രക്‌തപ്രവാഹം നിന്നുപോവുക, ധമനികളള്‍ വീര്‍ത്ത്‌ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്‍കൊണ്ട്‌ സ്‌ട്രോക്ക്‌ ഉണ്ടാകാം.

ഇതില്‍ സാധാരണയായി കണ്ടുവരുന്നത്‌ തലച്ചോറിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികളില്‍ രക്‌തക്കട്ട വന്ന്‌ അടിയുന്നതാണ്‌. ഏറ്റവും ഗുരുതരമായി കാണപ്പെടുന്നതും ഇതാണ്‌. പ്രധാനമായും രണ്ടു രീതിയിലാണ്‌ സ്‌ട്രോക്ക്‌ ഉണ്ടാകുന്നത്‌.

തലച്ചോറിലേക്കുള്ള രക്‌തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍ രക്‌തയോട്ടം താല്‍ക്കാലികമായി നിലയ്‌ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇസ്‌കീമിക്‌ സ്‌ട്രോക്കും അമിത രക്‌തസമ്മര്‍ദം മൂലം രക്‌തധമനികള്‍ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാകുന്നതിനെത്തുടര്‍ന്നുള്ള ഹെമ റാജിക്‌ സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്‍ക്ക്‌ നാശം സംഭവിക്കും.

മസ്‌തിഷ്‌കത്തില്‍ എവിടെയും സ്‌ടോക്ക്‌ ഉണ്ടാകാം. വലതുപകുതിയിലാണെങ്കില്‍ ശരീരത്തിന്റെ ഇടതു ഭാഗത്തെ ബാധിക്കും. ഇതിനെ ഇടത്‌ ഹെമീപ്ലീജിയ എന്നുപറയുന്നു. ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക്‌ വലതു ഭാഗത്തെയും ബാധിക്കും. ഇതിനെ വലത്‌ ഹെമിപ്ലീജിയ എന്നു പറയുന്നു.

തലച്ചോറിന്റെ പിന്‍ ഭാഗമായ സെറിബല്ലത്തിലും സ്‌ട്രോക്ക്‌ ഉണ്ടാകാറുണ്ട്‌. തലച്ചോറിന്റെ ചുവടുഭാഗമായ ബ്രെയിന്‍ സ്‌റ്റെംമിനെ ബാധിക്കുന്ന സ്‌ട്രോക്ക്‌ ഗുരുതരമാകാറുണ്ട്‌. ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ ഇത്‌ ഇടയാക്കും.

മൈനര്‍സ്‌ട്രോക്ക്‌, മേജര്‍ സ്‌ട്രോക്ക്‌ എന്നിങ്ങനെ രണ്ടു രീതിയില്‍ സ്‌ട്രോക്ക്‌ വരാം. മേജര്‍ സ്‌ട്രോക്ക്‌ വന്നാല്‍ അടിയന്തിര ചികിത്സ ആവശ്യമാണ്‌.

കോമ

ശരീരത്തിനുള്ളിലോ പുറത്തോ നടക്കുന്ന യാതൊന്നിനോടും പ്രതികരിക്കാത്ത വിധം മസ്‌തിഷ്‌ക പ്രവര്‍ത്തനം കുറഞ്ഞ്‌ രോഗി കടുത്ത അബോധാവസ്‌ഥയിലാകുന്നതിനെ കോമ സ്‌റ്റേറ്റ്‌ എന്നു പറയുന്നു. തലച്ചോറിനേല്‍ക്കുന്ന ക്ഷതമാണ്‌ ഇതിന്‌ പ്രധാന കാരണം.

വാഹനാപകടങ്ങള്‍, വീഴ്‌ച, അണുബാധകള്‍, മെനിഞ്ചൈറ്റിസ്‌, വൈറല്‍ എന്‍സെഫലൈറ്റിസ, മസ്‌തിഷ്‌കാഘാതം, പ്രമേഹം ഇവമൂലം ശരീരത്ത്‌ കീറ്റോണ്‍ എന്ന രാസവസ്‌തു കൂടുന്ന ഘട്ടം (കീറ്റോ അസിഡോസിസ്‌), രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ തീരെ കുറഞ്ഞ്‌ ഉണ്ടാകുന്ന ഹൈപ്പോഗ്ലൈസീമിയ, ഉറക്കഗുളികകളുടേയും, മയക്കുമരുന്നുകളുടേയും അധികഡോസ്‌, അധിക മദ്യപാനം, വൃക്ക,കരള്‍ തകരാര്‍ എന്നിവ മറ്റുകാരണങ്ങളാണ്‌.

അതിതീവ്രപരിചരണ വിഭാഗത്തിലാണ്‌ കോമയിലായ വ്യക്‌തിയെ ചികിത്സിക്കുന്നത്‌. ഹൃദയം ഏതാനും നിമിഷത്തേക്ക്‌ നിലച്ചുപോയാല്‍ മസ്‌തിഷ്‌കത്തിന്‌ കേടു സംഭവിക്കാം.

സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, സി.എസ്‌.എഫ്‌ പരിശോധന, രക്‌ത പരിശോധന എന്നിവ രോഗനിര്‍ണയത്തിന്‌ ഉപകരിക്കും.

മെനിഞ്ചൈറ്റിസ്‌

മസ്‌തിഷ്‌കാവരണമായ മെനിഞ്ചസിനെ ബാധിക്കുന്ന അണുബാധയാണ്‌ മെനിഞ്ചൈറ്റിസ്‌. വൈറസുകളും ബാക്‌ടീരിയകളുമാണ്‌ ഇതിനു കാരണം. പ്രായഭേദമന്യേ ഈ രോഗം വരാമെങ്കിലും കുട്ടികള്‍ക്കാണ്‌ കൂടുതലും ബാധിക്കുന്നത്‌.

കടുത്ത തലവേദന, പനി, ഛര്‍ദി, വെളിച്ചത്തോടു ഭയം, കഴുത്തുകുനിക്കാനുള്ള പ്രയാസം എന്നിവ രോഗലക്ഷണങ്ങളാണ്‌. സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, സി.എസ്‌.എഫ്‌ പരിശോധന എന്നിവ രോഗനിര്‍ണയത്തിന്‌ ഉതകുന്നതാണ്‌.

തലവേദന

മാനസിക പിരിമുറുക്കം, മൈഗ്രേന്‍, മെനിഞ്ചൈറ്റിസ്‌, തലച്ചോറിനു പുറമേയുള്ള രക്‌തസ്രാവം, രക്‌തക്കുഴലുകളുടെ വീക്കം, കണ്ണിന്‌ ആയാസം, സൈനസൈറ്റിസ്‌, തലച്ചോറിനുള്ളിലെ ട്യൂമറുകളും ഹൈപ്പര്‍ടെന്‍ഷനും ശരസിനേല്‍ക്കുന്ന ക്ഷതവും തലവേദനയുണ്ടാക്കാം.

തലവവേദന കൂടെക്കൂടെ വരികയോ കഠനമാവുകയോ, നീണ്ടു നില്‍ക്കുകയോ തലവേദനയോടൊപ്പം ഛര്‍ദി, ഓക്കാനം മുതലായവ ഉണ്ടെങ്കിലോ എത്രയും വേഗം വൈദ്യസഹായം തേടണം.

മൈഗ്രേന്‍

താരതമ്യേന അപകട രഹിതമായ തലവേദനയാണ്‌ ചെന്നിക്കുത്ത്‌, കൊടിഞ്ഞി എന്നൊക്കെ അറിയപ്പെടുന്ന മൈഗ്രേന്‍. വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണിത്‌. സ്‌ത്രീകളിലണ്‌ രോഗം കൂടുതലായി കണ്ടുവരുന്നത്‌.

30 വയസിന്‌ മുമ്പ്‌ തുടങ്ങുകയും പ്രായമാകുന്നതോടെ കുറഞ്ഞ്‌ നിശേഷം മാറുകയും ചെയ്യുന്നതാണ്‌ മൈഗ്രേനിന്റെ പ്രത്യേകത.

തലവിങ്ങുന്നതുപോലുള്ള വേദനയാണ്‌ പ്രധാന ലക്ഷണം. ഇത്‌ ഇടവിട്ട്‌ ഉണ്ടാകുന്നു. മൈഗ്രേനിന്റെ ശരിയായ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.

തലച്ചോറിലേക്കുള്ള രക്‌തക്കുഴലുകള്‍ക്ക്‌ അമിത വികാസം സംഭവിക്കുന്നു. ചോക്കലേറ്റ്‌, ചീസ്‌ തുടങ്ങിയ ചില ആഹാരസാധനങ്ങള്‍, ശബ്‌ദം, മാനസിക സമ്മര്‍ദം, ശക്‌തമായ സൂര്യപ്രകാശം, മാസമുറയുടെ സമയം, ചില മരുന്നുകള്‍ എന്നിങ്ങനെ പലതും ഇത്തരം തലവേദനയെ പ്രകോപിപ്പിക്കാം.

ചിലര്‍ക്ക്‌ തലവേദനയോടൊപ്പം കണ്ണില്‍ ഇരുട്ടു കയറുക, കാഴ്‌ചക്കുറവ്‌ അനുഭവപ്പെടുക, തലയ്‌ക്ക് പെരുപ്പ്‌ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടി കണ്ടുവരാറുണ്ട്‌. ഈ ലക്ഷണങ്ങളെല്ലാം തലവേദനയ്‌ക്ക് തൊട്ടുമുമ്പായി അനുഭവപ്പെടുന്നു. മൈഗ്രേന്‍ തലവേദന തലയുടെ ഏതെങ്കിലും ഒരു വശത്താണ്‌ തുടങ്ങുന്നത്‌.

ചിലരില്‍ ഓക്കാനവും ഛര്‍ദിയും ഉണ്ടാകാം. ഛര്‍ദിച്ചു കഴിഞ്ഞാല്‍ തലവേദന കുറയുന്നതായി ചിലരില്‍ കാണുന്നു. വേദയുണ്ടായാല്‍ കഴിക്കാനും വേദന വരാതിരിക്കാനും തുടര്‍ച്ചയായി കഴിക്കാന്‍ മരുന്നുകള്‍ ലഭ്യമാണ്‌.

ഉറക്കക്കുറവ്‌ പലപ്പോഴും വേദന അധികരിപ്പിക്കുന്നതിനാല്‍ കൃത്യമായ ഉറക്കം പ്രധാനമാണ്‌. മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ മൈഗ്രേനുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

അപസ്‌മാരം

സന്നി, ചുഴലി എന്നൊക്കെ അറിപ്പെടുന്ന അപസ്‌മാരം അഥവാ എപിലപ്‌സി സാധാരണ കുട്ടികളിലാണ്‌ കൂടുതലായും കണ്ടുവരുന്നത്‌.

ഇടവിട്ടുള്ള പേശികശുടെ സങ്കോചം നിമിത്തം കോട്ടലുണ്ടാകുന്ന അവസ്‌ഥ മസ്‌തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളിലുണ്ടാകുന്ന അപാകതകളാണ്‌ രോഗാവസ്‌ഥയ്‌ക്ക് പ്രധാന കാരണം.

മുതിര്‍ന്നവരില്‍ മസ്‌തിഷ്‌ക ട്യൂമര്‍, സ്‌ട്രോക്ക്‌ തുടങ്ങിയ മസ്‌തിഷ്‌ക രോഗങ്ങള്‍ മൂലം അപസ്‌മാരം ഉണ്ടാകാം. പാരമ്പര്യമായി അപസ്‌മാരം ഉണ്ടാകും.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു മാത്രമുള്ള പേശികള്‍ സങ്കോചിക്കുന്നതിനെ ഫോക്കല്‍ സീഷര്‍ എന്നും കൂടുതല്‍ വ്യാപകമായതിനെ ജനറലൈസ്‌ഡ് സീഷര്‍ എന്നും പറയുന്നു. കൈകാലുകളുടെ ആവര്‍ത്തിച്ചുള്ള സങ്കോചവും തളര്‍ച്ചയുമാണ്‌ അപസ്‌മാരത്തിന്റെ പ്രധാന ലക്ഷണം.

ഇതോടൊപ്പം ബോധക്ഷയവും ഉണ്ടാകുന്നു. വായില്‍ നിന്നും പതയും നുരയും വരിക, അറിയാതെ മലമൂത്ര വിസര്‍ജനം ചെയ്യുക എന്നിവയും കണ്ടുവരുന്നു. അപസ്‌മാര ബാധയെത്തുടര്‍ന്ന്‌ മിനിട്ടുകളോളം ബോധക്ഷയം നീണ്ടു നില്‍ക്കും.

രോഗവും കാരണവും നിര്‍ണയിക്കാന്‍ സി.ടി സ്‌കാന്‍, എം.ആര്‍.ഐ., ഇ.ഇ.ജി. മുതലായ പരിശോധനകള്‍ വേണ്ടിവരാം. സമ്മര്‍ദങ്ങളൊഴിവാക്കുക, മാനസിക പിരിമുറുക്കം ഒഴിവാക്കുക, കൃത്യമായ സമയങ്ങളില്‍ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക എന്നിവ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌. അപസ്‌മാര ബാധ തടയാന്‍ കൃത്യമായ ഔഷധചികിത്സ അനിവാര്യമാണ്‌.

രോഗമുള്ളവര്‍ വാഹനം ഉപയോഗിക്കുന്നത്‌ ശ്രദ്ധിച്ചുവേണം. അപസ്‌മാരമുണ്ടായാല്‍ കണ്ടുനില്‍ക്കുന്നവര്‍ ഭയന്ന്‌ പിന്നോട്ട്‌ മാറരുത്‌. രോഗിയെ പരുക്കന്‍ പ്രതലം, പാറ, മൂര്‍ച്ചയുള്ള വസ്‌തുക്കള്‍ എന്നിവയുടെ സമീപത്തുനിന്നും മാറ്റണം. രോഗി ധരിച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ അയച്ചിടണം.

തലയ്‌ക്കു താഴെ തുണികള്‍ അടുക്കിവച്ചാല്‍ ക്ഷതമേല്‍ക്കാതിരിക്കാന്‍ സഹായിക്കും. രോഗിയുടെ ചലനങ്ങള്‍ നിലച്ചു കഴിഞ്ഞാല്‍ ചരിച്ചോ കമിഴ്‌ത്തിയോ കിടത്താം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ :

ഡോ. പി. വേണുഗോപാല്‍
ഡോ. പ്രിയരജ്‌ഞിനി
എസ്‌. പ്രദീപ്‌

 

അവസാനം പരിഷ്കരിച്ചത് : 6/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate