অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാഡീ - വിശദമായ വിവരങ്ങൾ

നാഡീകോശം

നാഡീവ്യവസ്ഥയുടെ അടിസ്ഥാനഘടകം. പൊതുവേ, ഇത് ന്യൂറോണ്‍ എന്നറിയപ്പെടുന്നു. എച്ച്.ഡബ്ള്യു.ജി. ഫൊണ്‍ വാള്‍ഡെയര്‍ ഹെര്‍ട്സ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ന്യൂറോണ്‍ എന്ന പേര് ആദ്യം നിര്‍ദേശിച്ചത് (1891). നാഡീകോശം വിവിധതരം ചോദനകള്‍ക്കനുസൃതമായി ഉത്തേജിപ്പിക്കപ്പെടുകയും, തത്ഫലമായുണ്ടാകുന്ന ആവേഗങ്ങളെ വിവിധ പേശികളിലേക്കും അവയവങ്ങളിലേക്കും പ്രസരിപ്പിക്കുകയും ചെയ്യുന്നു. 0.004 മി.മീ. മുതല്‍ 0.1 മി.മീ. വരെ വ്യാസവും ഒരു സെ.മീ.-ല്‍ താഴെ മുതല്‍ മീറ്ററുകളോളം നീളമുള്ളതുമായ വിവിധതരം നാഡീകോശങ്ങളുണ്ട്.

നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും, അതിനോടനുബന്ധിച്ചുള്ള നാഡീതന്തുക്കളുമാണുള്ളത് (പ്രവര്‍ധങ്ങള്‍). കോശശരീരം ന്യൂറോസോം അഥവാ പെരികാരിയോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 7-70 മൈക്രോമീറ്റര്‍ വരെ വ്യാസമുള്ള നാഡീകോശശരീരങ്ങളുണ്ട്. കോശശരീരത്തിനുള്ളിലായി ന്യൂക്ളിയസ്സും, സൈറ്റോപ്ളാസവും കാണപ്പെടുന്നു. നെഗറ്റീവ് ചാര്‍ജ് പ്രദര്‍ശിപ്പിക്കുന്ന സൈറ്റോപ്ളാസം, ന്യൂറോണല്‍ സൈറ്റോപ്ളാസം എന്നറിയപ്പെടുന്നു. ന്യൂറോപ്ളാസമാണ് സൈറ്റോപ്ളാസത്തിന്റെ അടിസ്ഥാന പദാര്‍ഥം. ആവേഗങ്ങളുടെ പ്രസരണത്തിനാവശ്യമായ പൊട്ടാസ്യം അയോണുകളാല്‍ സമ്പന്നമാണ് ന്യൂറോപ്ലാസം. മൈറ്റോകോണ്‍ഡ്രിയ, ന്യൂറോഫൈബ്രില്‍സ്, നിസ്സല്‍ (ക്രോമോഫില്‍) കണികകള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ സൈറ്റോപ്ളാസത്തിനുള്ളില്‍ കാണപ്പെടുന്നു. റൈബോ ന്യൂക്ളിയോ പ്രോട്ടീന്‍ എന്ന പദാര്‍ഥത്താല്‍ സമ്പന്നമായ നിസ്സല്‍ കണികകള്‍, നാഡീകോശത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രോട്ടീനുകള്‍ നിര്‍മിക്കുന്നു. കോശശരീരത്തെ ആവരണം ചെയ്തിരിക്കുന്ന അരിപ്പ പോലെയുള്ള കോശസ്തരത്തിലൂടെയാണ് ആവേഗങ്ങള്‍, കോശശരീരത്തിനുള്ളിലേക്കു പ്രവേശിക്കുന്നത്.

കോശശരീരത്തിനോടനുബന്ധിച്ചു കാണപ്പെടുന്ന നാഡീതന്തുക്കള്‍, യഥാര്‍ഥത്തില്‍ സൈറ്റോപ്ളാസത്തിന്റെ വികസിത ഭാഗമാണ്. ഒരു നാഡീകോശത്തില്‍ പ്രധാനമായും, രണ്ട് തരം പ്രവര്‍ധങ്ങളാണുള്ളത്. നീണ്ട, ഒറ്റയായ പ്രവര്‍ധം ആക്സോണ്‍ (Axon) എന്നും ശാഖകളോടുകൂടിയ ചെറിയ പ്രവര്‍ധങ്ങള്‍ ഡെന്‍ഡ്രൈറ്റുകള്‍ (Dendrites) എന്നും അറിയപ്പെടുന്നു. ഏകദേശം ഒരു മി.മീ. മുതല്‍ നിരവധി മീറ്ററുകള്‍ വരെ നീളമുള്ളവയാണ് ആക്സോണുകള്‍. ആക്സോണ്‍ മയലിന്‍ (myelin) അഥവാ മെഡുലറി ആവരണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കൊഴുപ്പു പൂരിതമായ മയലിന്‍ ആവരണം ആവേഗങ്ങളെ വളരെ വേഗത്തില്‍ മറ്റ് നാഡീകോശങ്ങളിലെത്തിക്കാന്‍ സഹായിക്കുന്നു. ആക്സോണിന്റെ ചില ഭാഗങ്ങളില്‍, മയലിന്‍ ആവരണം കാണപ്പെടുന്നില്ല. ഈ ഭാഗം റാന്‍വീര്‍ നോഡുകള്‍ (nodes of ranvier) എന്നറിയപ്പെടുന്നു. എന്നാല്‍, അകശേരുകികളുടെ ആക്സോണില്‍, മയലിന്‍ ആവരണം കാണപ്പെടുന്നതേയില്ല. ആക്സോണിന്റെ അഗ്രഭാഗം നിരവധി ചെറുശാഖകളായി പിരിഞ്ഞിരിക്കുന്നു. ഇവ 'ആക്സോണ്‍ ടെര്‍മിനല്‍സ്' എന്ന് അറിയപ്പെടുന്നു. പ്രാന്തീയനാഡീവ്യവസ്ഥയിലെ (Peripheral nervous system) നാഡീതന്തുക്കള്‍ക്ക് ന്യൂറിലെമ്മ എന്ന നേരിയ ഒരു ബാഹ്യാവരണവുമുണ്ട്.

ഡെന്‍ഡ്രൈറ്റുകള്‍ക്ക് ഒരു മി.മീറ്ററിന്റെ ഒരംശം മുതല്‍, നിരവധി മി.മീറ്ററുകള്‍ വരെ നീളമുണ്ടായിരിക്കും. ഡെന്‍ഡ്രൈറ്റുകളാണ് മറ്റു നാഡീകോശങ്ങളില്‍നിന്നും അവയവങ്ങളില്‍നിന്നും സന്ദേശങ്ങള്‍ അഥവാ ആവേഗങ്ങള്‍ സ്വീകരിച്ച് ആക്സോണ്‍ വഴി കേന്ദ്ര നാഡീവ്യവസ്ഥയിലെത്തിക്കുന്നത്. പ്രധാനമായും സ്പര്‍ശനം, ചൂട്, കാഴ്ച തുടങ്ങി ചുറ്റുപാടില്‍ നിന്നുള്ള ആവേഗങ്ങളെയാണ് ഇവ പ്രസരിപ്പിക്കുന്നത്. ആക്സോണുകള്‍ ഈ ആവേഗങ്ങളെ മറ്റു നാഡീകോശങ്ങളുടെ ഡെന്‍ഡ്രൈറ്റുകളിലേക്കോ ഉത്തേജിക്കപ്പെടേണ്ട അവയവങ്ങളിലേക്കോ എത്തിക്കുന്നു. തത്ഫലമായി ചലനം, പ്രതികരണം തുടങ്ങി എല്ലാത്തരം പ്രവര്‍ത്തനങ്ങളും ജന്തുക്കളില്‍ സംജാതമാകുന്നു. നാഡീതന്തുക്കളുടെ നിരവധി സമൂഹങ്ങള്‍ ചേര്‍ന്നാണ് നാഡികളുണ്ടാകുന്നത്.

ഒരു നാഡീകോശത്തിന്റെ ആക്സോണിന് മറ്റൊന്നിന്റെ ഡെന്‍ഡ്രൈറ്റുമായി നേരിട്ട് ബന്ധമില്ല. ഇവ ആവേഗങ്ങളെ സിനാപ്സിസ് എന്നറിയപ്പെടുന്ന ഒരു ബിന്ദുവിലൂടെയാണ് കടത്തിവിടുന്നത്. ഒരു നാഡീകോശത്തിന്, ശരീരത്തിലെ ആയിരക്കണക്കിന് നാഡികോശങ്ങളുമായും പേശികോശങ്ങളുമായും ഗ്രന്ഥികളുമായും ആശയ വിനിമയമുണ്ടായിരിക്കും.

ആവേഗങ്ങള്‍ പ്രസരിപ്പിക്കുന്ന ദിശയനുസരിച്ച് നാഡീകോശങ്ങളെ പ്രധാനമായും മൂന്നായി വര്‍ഗീകരിച്ചിരിക്കുന്നു. ആവേഗങ്ങളെ മസ്തിഷ്കത്തിലേക്കും സുഷ്മ്നയിലേക്കും പ്രവഹിപ്പിക്കുന്നവ സെന്‍സറി ന്യൂറോണുകള്‍ എന്നറിയപ്പെടുന്നു. മസ്തിഷ്കം, സുഷുമ്ന എന്നിവിടങ്ങളില്‍നിന്നും ആവേഗങ്ങളെ വിവിധ പേശികളിലേക്കും ഗ്രന്ഥികളിലേക്കും എത്തിക്കുന്നവ മോട്ടോര്‍ ന്യൂറോണുകള്‍ എന്നറിയപ്പെടുന്നു. സെന്‍സറി ന്യൂറോണില്‍നിന്നും ആവേഗങ്ങളെ മോട്ടോര്‍ ന്യൂറോണിലേക്ക് പ്രവഹിപ്പിക്കുന്ന ന്യൂറോണുകളാണ് ഇന്റര്‍ ന്യൂറോണുകള്‍. കേന്ദ്രനാഡീവ്യവസ്ഥയിലെ മിക്കവാറും എല്ലാ നാഡീകോശങ്ങളും ഇന്റര്‍ ന്യൂറോണുകളാണ്.

നാഡീകോശത്തില്‍നിന്നുള്ള പ്രവര്‍ധങ്ങളുടെ എണ്ണമനുസരിച്ചും ന്യൂറോണുകളെ വര്‍ഗീകരിച്ചിട്ടുണ്ട്. ഒരേ ഒരു പ്രവര്‍ധം മാത്രമുള്ളവയെ യൂണിപോളാര്‍ (unipolar) ന്യൂറോണുകളെന്നും ഒരു ആക്സോണും ഒരു ഡെന്‍ഡ്രൈറ്റും മാത്രമുള്ളവയെ ബൈപോളാര്‍ (bipolar) ന്യൂറോണുകളെന്നും വിളിക്കുന്നു. എന്നാല്‍ ഒരു ആക്സോണും നിരവധി ഡെന്‍ഡ്രൈറ്റുകളുമുള്ള നാഡീകോശങ്ങള്‍ മള്‍ട്ടിപോളാര്‍ (multipolar) ന്യൂറോണുകള്‍ എന്നറിയപ്പെടുന്നു.

അകശേരുകികളില്‍ യൂണിപോളാര്‍ ന്യൂറോണുകളാണുള്ളത്; കശേരുകികളില്‍ മള്‍ട്ടിപോളാറും. അകശേരുകികളായ ജന്തുക്കള്‍ക്ക് കേടുപാട് സംഭവിച്ച നാഡീകോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനും പുതിയവ നിര്‍മിക്കാനും കഴിവുണ്ട്. എന്നാല്‍ കശേരുകികളില്‍ ഇത്തരം പുനര്‍നിര്‍മാണ പ്രക്രിയ സാധാരണയായി കാണപ്പെടുന്നില്ല. പ്രവര്‍ത്തന രീതിയില്‍ കശേരുകികളുടെയും അകശേരുകികളുടെയും നാഡീകോശങ്ങള്‍ സാമ്യത പുലര്‍ത്തുന്നുവെങ്കിലും അവയുടെ എണ്ണത്തിലും വലുപ്പത്തിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്.

നാഡീവ്യൂഹം

ബാഹ്യവും ആന്തരികവുമായ വിവിധതരം ചോദനകള്‍ (stimuli) ക്കനുസൃതമായി ശാരീരിക പ്രവര്‍ത്തനങ്ങളെയും പ്രതികരണങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥ.

നാഡീകോശങ്ങള്‍ അഥവാ ന്യൂറോണുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് നാഡീവ്യൂഹത്തിന്റെ അടിസ്ഥാന ഘടകം. ദശലക്ഷക്കണക്കിന് നാഡീകോശങ്ങള്‍ ഉള്‍പ്പെടുന്നതാണ് നാഡീവ്യൂഹം. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനഘടകമായ നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും ആക്സോണ്‍, ഡെന്‍ഡ്രൈറ്റുകള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ടുതരം നാഡീകോശ തന്തുക്കളുമാണുള്ളത്. ആയിരക്കണക്കിന് നാഡീകോശ തന്തുക്കള്‍ ചേര്‍ന്നതാണ് ഒരു നാഡി (nerve). ബാഹ്യമോ, ആന്തരികമോ ആയ വിവിധതരം ചോദനകള്‍ക്കനുസൃതമായി ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യൂഹമാണ്. തീയില്‍ തൊടുമ്പോള്‍ കൈ പിന്‍വലിക്കുന്നതുപോലെയുള്ള ഐച്ഛികപ്രവര്‍ത്തനങ്ങളെയും ഹൃദയസ്പന്ദനം, രക്തചംക്രമണം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതും നാഡീവ്യൂഹമാണ്.

നാഡീവ്യൂഹത്തിന്റെ ഏറ്റവും ലളിതമായ പ്രവര്‍ത്തനശൃംഖല റിഫ്ളക്സ് ആര്‍ക്ക് (Reflex arc) എന്ന പേരില്‍ അറിയപ്പെടുന്നു. വിവിധതരം ബാഹ്യചോദനകള്‍ സംവേദക ന്യൂറോണുകള്‍ (sensory neuron) എന്ന സ്വീകരണ കോശങ്ങളില്‍ എത്തിച്ചേരുന്നതോടെയാണ് ഈ പ്രവര്‍ത്തനശൃംഖല സജീവമാകുന്നത്. സംവേദക ന്യൂറോണില്‍ എത്തുന്ന ചോദനകള്‍ വൈദ്യുത ആവേഗങ്ങളായി പരിവര്‍ത്തനം ചെയ്യുകയും തുടര്‍ന്ന് ഇവ സംവേദകന്യൂറോണുകളുടെ ആക്സോണില്‍ക്കൂടി സഞ്ചരിച്ച് സംയോജക ന്യൂറോണില്‍ (association neuron) എത്തിച്ചേരുകയും ചെയ്യുന്നു. സംയോജക ന്യൂറോണുകള്‍ ആവേഗങ്ങളെ അഥവാ സന്ദേശങ്ങളെ സമഗ്രമായി അപഗ്രഥിച്ചശേഷം ചാലകന്യൂറോണുകള്‍ക്ക് (motor neuron) കൈമാറ്റം ചെയ്യുകയും, ചാലകന്യൂറോണുകള്‍ ഈ സന്ദേശങ്ങളെ പ്രവര്‍ത്തനക്ഷമമാകേണ്ട എഫക്ടര്‍ കോശങ്ങളില്‍ (effector cells) എത്തിക്കുകയും ചെയ്യുന്നു. എഫക്ടര്‍ കോശങ്ങള്‍ സാധാരണയായി ഒരു പേശിയോ ഗ്രന്ഥിയോ ആയിരിക്കും. ഇവ ആവേഗങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നു.

ഉയര്‍ന്നതരം ജീവികളില്‍ അനേകായിരം ന്യൂറോണുകള്‍ ഉള്‍പ്പെട്ട സങ്കീര്‍ണമായ നാഡീവ്യവസ്ഥയാണുള്ളത്. ഓരോ ആവേഗവും കടന്നുപോകുന്ന സംയോജക ന്യൂറോണിനെ അടിസ്ഥാനമാക്കിയായിരിക്കും ജീവികളില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.

നാഡീവ്യൂഹം അകശേരുകികളില്‍.

പരിണാമ പ്രക്രിയയ്ക്കനുസൃതമായി താണതരം അകശേരുകികളെയപേക്ഷിച്ച് ഉയര്‍ന്നതരം അകശേരുകികളില്‍ നാഡീവ്യൂഹം കാര്യമായ വികസനത്തിന് വിധേയമായിരിക്കുന്നു. വ്യക്തമായ നട്ടെല്ലില്ലാത്ത ആദിമകശേരുകികളില്‍ (ഉദാ. ആംഫിയോക്സസ്, ലാംപ്രേ), നാഡിവ്യൂഹത്തിന് പകരം പൊള്ളയായ ഒരു കുഴല്‍ മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂറല്‍ ട്യൂബ് (neural tube) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുഴല്‍ ആധുനിക കശേരുകികളുടെ സുഷുമ്നയ്ക്ക് ഏതാണ്ട് സമാനമാണ്. ഇതിന്റെ മധ്യഭാഗത്തായി നാഡീകോശശരീരങ്ങള്‍ അടങ്ങിയ ചാരഭാഗവും (grey region) അതിനുചുറ്റുമായി ന്യൂറോണുകളുടെ ആക്സോണുകളും, ഡെന്‍ഡ്രൈറ്റുകളും അടങ്ങിയ ശ്വേത ഭാഗവുമാണുള്ളത് (white region). ന്യൂറല്‍ ട്യൂബിന്റെ ഒരു ഭാഗം, അവിടെ നിന്നും ആരംഭിക്കുന്ന നാഡികള്‍ എത്തിച്ചേരുന്ന ഒരു പ്രത്യേക ശരീരഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ മാത്രമേ നിയന്ത്രിക്കുന്നുള്ളു. എന്നാല്‍, ആദിമജീവികള്‍ ഉള്‍പ്പെടുന്ന അകശേരുകികളുടെ വിഭാഗമായ ഫൈലം പോറിഫെറയില്‍ യഥാര്‍ഥ നാഡികള്‍ കാണപ്പെടുന്നില്ല. എന്നാല്‍ സ്പോഞ്ചു പോലെയുള്ള ജീവികളില്‍ നാഡികള്‍ പോലെയുള്ള ചില ഭാഗങ്ങള്‍ വികസിച്ചിട്ടുള്ളതായി അനുമാനിക്കുന്നു.

ഫൈലം സീലന്‍ട്രേറ്റയിലാണ് നാഡീകോശങ്ങളുടെ സാന്നിധ്യം ആദ്യമായി നിര്‍ണയിച്ചത്. ഈ ഫൈലത്തില്‍ ഉള്‍പ്പെടുന്ന ഹൈഡ്രയാണ് നാഡീകോശസംബന്ധമായ പഠനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമായിട്ടുള്ളത്. ഹൈഡ്രയില്‍ നാഡീകോശങ്ങള്‍ ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഒരു നാഡീജാലിക (nerve net) പോലെയാണ് ഇവയുടെ നാഡീവ്യൂഹം. നാഡീകോശത്തില്‍ ആക്സോണുകളും, ഡെന്‍ഡ്രൈറ്റുകളും തമ്മില്‍ വ്യത്യാസമില്ല. അവ പരസ്പരം കൂടിച്ചേര്‍ന്നിരിക്കുന്നു. തത്ഫലമായി, ഹൈഡ്രയുടെ ഉത്തേജിപ്പിക്കപ്പെട്ട ശരീരഭാഗത്തുനിന്നും ആവേഗങ്ങള്‍, ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്നു. എന്നാല്‍, ഈ ഫൈലത്തിലെ മറ്റൊരംഗമായ ജെല്ലി മത്സ്യത്തില്‍, രണ്ടുതരം നാഡീജാലികകള്‍ കാണപ്പെടുന്നു; ആവേഗങ്ങളെ വേഗത്തില്‍ വഹിക്കുന്നവയും, സാവധാനത്തില്‍ വഹിക്കുന്നവയും.

പരന്നവിരകള്‍ (flat worms) ഉള്‍പ്പെടുന്ന പ്ലാറ്റിഹെല്‍മിന്തസ് ഫൈലത്തില്‍, നാഡീകോശങ്ങള്‍ ഗാംഗ്ലിയ (ganglia) എന്നുപേരുള്ള സമൂഹമായാണ് വര്‍ത്തിക്കുന്നത്. നീളമുള്ളതും അനുദൈര്‍ഘ്യദിശയിലുള്ളതുമായ നിരവധി ആക്സോണുകള്‍ ഈ ഗാംഗ്ളിയകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. തലയുടെ മുന്‍ഭാഗത്തായി കേന്ദ്രീകരിച്ചിരിക്കുന്ന ചില ഗാംഗ്ളിയകള്‍ കൂടിച്ചേര്‍ന്ന് തലച്ചോറിന്റെ ഒരു പ്രാകൃത രൂപമായി പരിണമിച്ചിരിക്കുന്നു.

സഖണ്ഡങ്ങളായ ശരീരഭാഗങ്ങളോടു കൂടിയ ഫൈലം അനലിഡയിലെ അംഗങ്ങളില്‍, പരന്ന വിരകളെയപേക്ഷിച്ച് താരതമ്യേന വികാസം പ്രാപിച്ച നാഡീവ്യൂഹമാണുള്ളത്. തലയുടെ ഭാഗത്തുള്ള വലിയ ഗാംഗ്ളിയകള്‍ കൂടിച്ചേര്‍ന്ന് വ്യക്തവും സാമാന്യം വികാസം പ്രാപിച്ചതുമായ തലച്ചോറായി പരിണമിച്ചിരിക്കുന്നു. ഇവയുടെ തലച്ചോറില്‍ നിന്നും ഉദ്ഭവിക്കുന്ന ഒരു ജോടി പരസ്പരം കെട്ടുപിണഞ്ഞ നാഡീതന്തുക്കള്‍ പൃഷ്ഠീയ ഭാഗത്തുകൂടി ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. ഇവയുടെ ഓരോ ശരീരഖണ്ഡത്തിലും പ്രത്യേകം നാഡീകോശസമൂഹം അഥവാ ഗാംഗ്ലിയോണുകളും ഉണ്ട്. ഈ ഗാംഗ്ലിയോണുകള്‍, ഓരോ ശരീരഖണ്ഡത്തിലുമുള്ള മാംസപേശികളെയും വിവിധ അവയവങ്ങളെയും നാഡീകരിക്കുന്നു (innervation). ഗാംഗ്ലിയോണുകളില്‍ നാഡീകോശങ്ങള്‍ ഇരു ദിശകളിലേക്കും ആവേഗങ്ങളെ കടത്തിവിടാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തത്ഫലമായി, സമീപസ്ഥങ്ങളായ ശരീരഖണ്ഡങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചോദനകള്‍ക്കനുസൃതമായി എല്ലാ ശരീരഖണ്ഡങ്ങളും ചേര്‍ന്ന് ഒന്നായി പ്രതികരിക്കുകയും ചെയ്യുന്നു. ആക്സോണുകളുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഈ ഫൈലത്തിലെ അംഗമായ മണ്ണിരയിലാണ്. നാഡീസ്രവം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള പ്രത്യേകതരം ന്യൂറോസെക്രീട്ടറി കോശങ്ങളും അനലിഡുകള്‍ മുതലുള്ള ഉയര്‍ന്നതരം ജന്തുക്കളിലാണ് ആദ്യമായി നിര്‍ണയിക്കപ്പെട്ടത്. നോ. നാഡീസ്രവം

ചിലന്തി, ഞണ്ട് എന്നിവ ഉള്‍പ്പെടുന്ന ഫൈലം ആര്‍ത്രോപോഡയില്‍ ഒരു പരിധിവരെ അനലിഡുകളുടേതിന് സമാനമായ നാഡീവ്യൂഹമാണുള്ളത്. ഇവയുടെ ശരീരത്തിന് പ്രധാനമായും തല, വക്ഷസ്, ഉദരം എന്നീ മൂന്ന് ഭാഗങ്ങളാണുള്ളത്. വളരെയധികം സങ്കീര്‍ണമായ ഇവയുടെ തലച്ചോറില്‍ ഗാംഗ്ലിയകള്‍ വളരെയധികം സംയോജിച്ചിരിക്കുന്നു. ഇത് സുപ്രാ ഈസോഫാഗല്‍ (supra oesophagal) ഗാംഗ്ലിയ എന്ന പേരിലറിയപ്പെടുന്നത്. എന്നാല്‍ ചിലയിനം പ്രാണികളുടെ (ഉദാ. വണ്ട്) തലച്ചോറില്‍ നൂറുകണക്കിന് മള്‍ട്ടി പോളാര്‍ ന്യൂറോണുകള്‍ കാണപ്പെടുന്നു. ഒന്നോ രണ്ടോ പുരോനാഡികള്‍ ഇവയുടെ വക്ഷസ്സിലും ഉദരത്തിലുമായി വ്യാപിച്ചിരിക്കുന്നു. എന്നാല്‍ ചില പ്രാണികളുടെ വക്ഷസ്സില്‍ സംയോജിത ഗാംഗ്ലിയകളാണുള്ളത്. വക്ഷസ്സിലുള്ള ഗാംഗ്ലിയകള്‍ക്ക് വിവിധതരം പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഒരു പരിധിവരെ പ്രതികരിക്കാന്‍ കഴിയും. എന്നാല്‍ അന്തിമനിയന്ത്രണം തലച്ചോറില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയുടെ ഉദരത്തിലെ ഗാംഗ്ലിയകള്‍ വളരെയധികം വികാസം കൈവരിച്ചിരിക്കുന്നു. വികാസം പ്രാപിച്ച സംവേദന അവയവങ്ങളാണ് ആര്‍ത്രോപോഡ ഫൈലത്തിലെ അംഗങ്ങളുടെ മറ്റൊരു പ്രത്യേകത. ഇവയുടെ ശരീരത്തില്‍ നിരവധി ചെറിയ പ്രാന്ത ഗാംഗ്ലിയകളും (peripheral ganglia) കാണപ്പെടുന്നുണ്ട്. ഇവ ഹൃദയം, ശ്വസന-ദഹന അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഈ പ്രാന്ത ഗാംഗ്ളിയകള്‍, കശേരുകികളിലെ സ്വതന്ത്ര നാഡീവ്യൂഹത്തിന് സമാനമാണ്. ഈ ജീവികളില്‍ കണ്ടുവരുന്ന വികസിതമായ ന്യൂറോ സെക്രീട്ടറി കോശങ്ങള്‍ നിരവധി രാസപ്രേഷകങ്ങള്‍ (neurotransmitters) പുറപ്പെടുവിക്കുന്നുണ്ട്. ഈ രാസപ്രേഷകങ്ങള്‍ ജീവികളെ വേഗത്തില്‍ ചലിക്കാന്‍ സഹായിക്കുന്നു. (ഉദാ. ശത്രുവിനെ കാണുമ്പോള്‍ ചിലന്തിയുടെ വേഗത വര്‍ധിക്കുന്നത്.) വിവിധതരം ആര്‍ത്രോപോഡുകളില്‍ നാഡീവ്യൂഹത്തിന്റെ ക്രമീകരണം വ്യത്യസ്തമാണ്. ഉദാ. ഞണ്ട്, ഈച്ച തുടങ്ങിയ ജീവികളില്‍ ഗാംഗ്ലിയകള്‍ ശരീരം മുഴുവന്‍ വ്യാപിക്കാതെ, തലയുടെ മുന്‍ഭാഗത്തുമാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു.

ഒച്ച്, കക്ക, കണവ, നീരാളി തുടങ്ങിയ ജന്തുക്കള്‍ ഉള്‍പ്പെടുന്ന മൊളസ്ക ഫൈലത്തില്‍, താരതമ്യേന വികാസം പ്രാപിച്ച നാഡീവ്യൂഹമാണുള്ളത്. കക്ക, ഒച്ച് തുടങ്ങിയ ജീവികളുടെ ശരീരഘടനയ്ക്ക് അനുസൃതമായി ഗാംഗ്ളിയകളുടെ സ്ഥാനവും നാഡികളുടെ ക്രമീകരണവും വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള ഇവയുടെ തലച്ചോറില്‍, ഏറെ വികാസം പ്രാപിച്ച ഗാംഗ്ലിയകളാണുള്ളത്. ഇവിടെനിന്നും ഉദ്ഭവിക്കുന്ന നിരവധി നാഡികള്‍ കണ്ണ്, ഗ്രാഹികള്‍ (tentacle) എന്നീ സംവേദന അവയവങ്ങളുമായി സംയോജിക്കുന്നു. തലച്ചോറിലെ ഗാംഗ്ളിയയില്‍ നിന്ന് ഉദ്ഭവിക്കുന്ന ഒരു ജോടി നീളമുള്ള നാഡീതന്തുക്കള്‍ ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുകയും, ഈ തന്തുക്കള്‍ ശരീരത്തിലുള്ള മറ്റ് ഗാംഗ്ളിയകളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയ്ക്കു പുറമേ ചില ഉപഗാംഗ്ളിയകളും ഉണ്ട്. ഈ ഉപഗാംഗ്ലിയകള്‍, മൊളസ്കകളുടെ പാദം, വൃതി, ആന്തര അവയവപിണ്ഡം തുടങ്ങിയവയില്‍ നാഡികളെത്തിക്കുന്നു. മൊളസ്കകളുടെ വര്‍ഗം, ആകൃതി, രൂപം എന്നിവയ്ക്കനുസരിച്ച് ശരീരത്തില്‍ ഉപഗാംഗ്ളിയകളുടെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗാംഗ്ളിയകളില്‍ യൂണിപോളാര്‍ ന്യൂറോണുകളാണധികവും. എന്നാല്‍ നീരാളിയുടെ തലച്ചോറിന്റെ മുക്കാല്‍ഭാഗത്തും ഹെറ്ററോ പോളാര്‍ ന്യൂറോണുകളാണുള്ളത്. ഇവയ്ക്കു പുറമേ ധാരാളം ന്യൂറോസെക്രീട്ടറി കോശങ്ങളും കാണപ്പെടുന്നു.

പരിണാമപരമായി, ഉയര്‍ന്നതരം ജന്തുക്കളാണെങ്കിലും, ഫൈലം എക്കിനോഡെര്‍മേറ്റയിലെ അംഗങ്ങളുടെ നാഡീവ്യൂഹത്തെപ്പറ്റി സൂക്ഷ്മമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ഇവയ്ക്കു പൊതുവേ കേന്ദ്രീകൃതമായ നാഡീവ്യൂഹം കാണപ്പെടുന്നില്ല. പകരം വായയ്ക്കു ചുറ്റുമായി നാഡീവലയം പോലുള്ള ക്രമീകരണമാണുള്ളത്. യൂണിപോളാര്‍, മള്‍ട്ടിപോളാള്‍ എന്നീ രണ്ട് തരം നാഡീകോശങ്ങള്‍ കാണപ്പെടുന്നു. ഇവയില്‍ ഗാംഗ്ളിയകള്‍ ചെറുതും എണ്ണത്തില്‍ കുറവുമാണ്.

പരിണാമപ്രക്രിയയ്ക്കനുസൃതമായി ഉയര്‍ന്ന കശേരുകികളില്‍ വികസിതമായ നാഡീവ്യൂഹമാണുള്ളത്. ഇത്തരം ജന്തുക്കളില്‍ ന്യൂറല്‍ ട്യൂബിന്റെ വീര്‍ത്തമുകള്‍ഭാഗം മസ്തിഷ്കമായി വികസിച്ചിരിക്കുന്നു. ഇതാകട്ടെ, സ്വന്തം ചുറ്റുപാട് വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജന്തുക്കളെ സഹായിക്കുന്നു. തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും കശേരുകികളെ സഹായിക്കുന്നത്. ന്യൂറല്‍ ട്യൂബില്‍ തലച്ചോര്‍ ഒഴികെയുള്ള ഭാഗം സുഷുമ്ന എന്നറിയപ്പെടുന്നു. വിവിധതരം കശേരുകികളില്‍, തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് പ്രകടമായ വ്യത്യാസമുണ്ടെങ്കിലും മിക്ക കശേരുകികളിലും സുഷുമ്നയുടെ ഘടന ഏറെക്കുറെ സമാനമാണ്.

നാഡീവ്യൂഹം-കശേരുകികളില്‍.

കശേരുകികളുടെ നാഡീവ്യൂഹം, നാഡീകോശങ്ങള്‍ ചേര്‍ന്നുള്ള നാഡീകലകളാലാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പ്രതികരണശേഷിയുള്ള ഈ നാഡീകലകള്‍ക്ക് ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള കഴിവുണ്ട്. നാഡീകോശങ്ങള്‍ക്കു പുറമേ ന്യൂറോലെമ്മ (Neurolemma), സാറ്റലൈറ്റ് കോശങ്ങള്‍ (satellite cells), ഗ്ലിയല്‍ കോശങ്ങള്‍ (glial cells), ഫൈബ്രോബ്ലാസ്റ്റ് (fibroblast), രക്തക്കുഴലുകള്‍, കോശത്തിനു പുറത്തുള്ള ചില സ്രവങ്ങള്‍ എന്നിവയും ഇവയുടെ നാഡീവ്യൂഹത്തില്‍ ഉള്‍പ്പെടുന്നു. ന്യൂറോലെമ്മ കോശങ്ങള്‍ പ്രാന്ത നാഡികളുടെ (peripheral nerves) ആക്സോണുകളെ ആവരണം ചെയ്ത അവസ്ഥയിലാണ് കാണപ്പെടുന്നത്. ന്യൂറോലെമ്മ കോശങ്ങളുടെ മറ്റൊരു രൂപമാണ് സാറ്റലൈറ്റ് കോശങ്ങള്‍. ഇവ പ്രാന്ത നാഡികളുമായി ബന്ധപ്പെട്ട ഗാംഗ്ളിയകളുടെ കോശശരീരത്തെ കവചം ചെയ്തിരിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയിലെ, നാഡീകോശങ്ങളുടെ ആക്സോണുകള്‍ ഗ്ളിയല്‍ കോശങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രാന്ത നാഡികളുടെ തന്തുക്കള്‍, പരസ്പരം യോജിച്ച് ചെറിയ കെട്ടുകളായാണ് കാണപ്പെടുന്നത്. ഫൈബ്രോബ്ളാസ്റ്റ് കോശങ്ങള്‍ ഇവയെ യോജിപ്പിച്ച് നിലനിര്‍ത്തുന്നു.

കശേരുകികളുടെ നാഡീവ്യൂഹത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം. 1. കേന്ദ്ര നാഡീവ്യൂഹം 2. പ്രാന്ത നാഡീവ്യൂഹം 3. സ്വതന്ത്രനാഡീവ്യൂഹം.

1. കേന്ദ്ര നാഡീവ്യൂഹം (Central Nervous system).

മസ്തിഷ്കവും സുഷുമ്നയും അവയെ ആവരണം ചെയ്തിരിക്കുന്ന സ്തരങ്ങളും ദ്രവങ്ങളും രക്തക്കുഴലുകളും ഉള്‍പ്പെട്ടതാണ് കേന്ദ്രനാഡീവ്യൂഹം. മനുഷ്യമസ്തിഷ്കത്തിന് ശരാശരി 1400 ഗ്രാം ഭാരമുണ്ട്. പുരുഷനെ അപേക്ഷിച്ച്, സ്ത്രീയുടെ മസ്തിഷ്കത്തില്‍ 11 ശതമാനം ന്യൂറോണുകള്‍ അധികമായുണ്ട്. ഘടന അനുസരിച്ച് മസ്തിഷ്കത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്; അഗ്രമസ്തിഷ്കം, മധ്യമസ്തിഷ്കം, പിന്‍മസ്തിഷ്കം.

അഗ്രമസ്തിഷ്കം.

ഇതിനെ സെറിബ്രം എന്നും പറയുന്നു. അഗ്രമസ്തിഷ്കത്തിന്റെ ബാഹ്യാവരണം കോര്‍ട്ടെക്സ് എന്നറിയപ്പെടുന്നു. ന്യൂറോണുകളുടെ കോശശരീരങ്ങള്‍, അഥവാ സോമ ഇവിടെ പാളികളായി കാണപ്പെടുന്നു. ഇവയുടെ സാന്നിധ്യം കോര്‍ട്ടെക്സിന് ഒരു നേരിയ ചാരനിറം പ്രദാനം ചെയ്യുന്നു. അതിനാല്‍ ഈ ഭാഗം ചാരദ്രവ്യം (grey matter) എന്നറിയപ്പെടുന്നു. മനുഷ്യന്റെ കോര്‍ട്ടെക്സില്‍ ആറുപാളി ന്യൂറോണുകളാണുള്ളത്. കോര്‍ട്ടെക്സിന്റെ താഴെയുള്ള വെളുത്ത നിറമുള്ള മസ്തിഷ്കഭാഗമായ ശ്വേതദ്രവ്യം (white matter) നാഡീകോശതന്തുക്കള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.

സെറിബ്രല്‍ കോര്‍ട്ടക്സില്‍ അടങ്ങിയിരിക്കുന്ന സംവേദക ന്യൂറോണുകളുടെയും ചാലക ന്യൂറോണുകളുടെയും വിതരണക്രമം സെറിബ്രല്‍ കോര്‍ട്ടെക്സിനെ പ്രാഥമിക ചാലക ക്ഷേത്രം (primary motor area), പ്രാഥമിക സൊമെതെസ്റ്റിക ക്ഷേത്രം (primary somethestic area), പ്രാഥമിക ദര്‍ശന ക്ഷേത്രം (primary visual area), പ്രാഥമിക ശ്രവണക്ഷേത്രം (primary auditory area), സംയോഗ ക്ഷേത്രം (association area) എന്നിങ്ങനെ വിവിധ പ്രവര്‍ത്തനമേഖലകളായി വിഭജിച്ചിരിക്കുന്നു.

പേശികളുടെ ചലനത്തെയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ പ്രാഥമിക ചാലകക്ഷേത്രത്തിലാണുള്ളത്. ഈ ഭാഗത്തെ ന്യൂറോണുകള്‍, പൊതുവേ വലുപ്പം കൂടിയവയാണ്. പിരമിഡിന്റെ ആകൃതിയിലുള്ള ഇവ പിരമിഡകോശങ്ങള്‍ എന്നറിയപ്പെടുന്നു. മസ്തിഷ്കത്തില്‍ നിന്നും സുഷുമ്നയില്‍ എത്തിച്ചേരുന്ന ഇവ സുഷുമ്നയില്‍ നിന്നും ആരംഭിച്ച് വിവിധ പേശികളിലേക്കു പോകുന്ന ഇതര ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ത്വക്ക്, പേശികള്‍, സന്ധികള്‍ തുടങ്ങിയവയില്‍ നിന്നുള്ള വേദനപോലെയുള്ള പൊതുവായ സംവേദനങ്ങള്‍ പ്രാഥമിക സൊമെതെസ്റ്റിക ക്ഷേത്രത്തിലെ നാഡീകോശങ്ങളാണ് മസ്തിഷ്കത്തില്‍ എത്തിക്കുന്നത്. വിവിധതരം കാഴ്ചകള്‍ക്കനുസൃതമായ ആവേഗങ്ങള്‍ വഹിക്കുന്ന നാഡീകോശങ്ങള്‍ പ്രാഥമിക ദര്‍ശനക്ഷേത്രത്തിലും വ്യത്യസ്ത ശബ്ദഭേദങ്ങള്‍ക്കനുസൃതമായ ആവേഗങ്ങള്‍ വഹിക്കുന്ന നാഡീകോശങ്ങള്‍ പ്രാഥമിക ശ്രവണ ക്ഷേത്രത്തിലും അടങ്ങിയിരിക്കുന്നു. സെറിബ്രല്‍ കോര്‍ട്ടെക്സിലെ ഏറ്റവും വലിയ ഭാഗമാണ് സംയോഗ ക്ഷേത്രങ്ങള്‍. സംവേദങ്ങളുടെ അപഗ്രഥനം, ഭൂതകാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കല്‍, ചിന്ത, ബോധം, ഓര്‍മ തുടങ്ങിയ മാനസികവ്യാപാരങ്ങളുടെ കേന്ദ്രമാണ് സംയോഗക്ഷേത്രം. റൈനന്‍സെഫലൊണ്‍ (rhinencephalon) എന്ന പേരില്‍ അറിയപ്പെടുന്ന തലച്ചോറിന്റെ പ്രതലത്തിലാണ് വിവിധതരം ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആവേഗങ്ങളെ സ്വീകരിക്കുന്ന ന്യൂറോണുകളുള്ളത്.

സെറിബ്രല്‍ കോര്‍ട്ടക്സിന്റെ ഉപരിതലത്തില്‍ ധാരാളം വിള്ളലുകള്‍ കാണാം. മസ്തിഷ്ക ഗോളത്തിന്റെ മധ്യത്തിലുള്ള ആഴം കൂടിയ വിള്ളല്‍ അഥവാ ദരം (fissure) മസ്തിഷ്കത്തെ രണ്ട് മസ്തിഷ്കാര്‍ധഗോളങ്ങളായി (cerebral hemisphere) വിഭജിക്കുന്നു. ഓരോ അര്‍ധഗോളത്തിന്റെയും ആന്തരികഭാഗത്ത് ആഴത്തിലായി ന്യൂറോണ്‍ സമൂഹങ്ങള്‍ കാണപ്പെടുന്നു. ഇവ ആധാര ഗാംഗ്ലിയ (basal ganglia) എന്നറിയപ്പെടുന്നു. കോര്‍ട്ടക്സില്‍ നിന്നും വരുന്ന ആവേഗങ്ങളുടെ ശക്തി നിയന്ത്രിക്കലാണ് ഇവയുടെ ധര്‍മം. തലച്ചോറിന്റെ തലാമസ്, ഹൈപ്പോതലാമസ് എന്നീ ഭാഗങ്ങളിലും ധാരാളം ആധാരഗാംഗ്ലിയകള്‍ കാണപ്പെടുന്നു. ഗന്ധം ഒഴികെയുള്ള വിവിധതരം സംവേദനങ്ങളുടെ ഏകീകരണം സാധ്യമാകുന്നത് തലാമസിലെ ആധാര ഗാംഗ്ലിയകളില്‍ വച്ചാണ്. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡീസമൂഹങ്ങളാല്‍ സമൃദ്ധമാണ് തലാമസ്. തലാമസിന് താഴെയായി ഹൈപ്പോതലാമസ് സ്ഥിതിചെയ്യുന്നു. തലാമസ്, ഹിപ്പോകാംപസ്, മധ്യമസ്തിഷ്കം എന്നിവിടങ്ങളിലേക്കും ഈ ഭാഗങ്ങളില്‍ നിന്നും ഹൈപ്പോ തലാമസിലേക്കുമുള്ള നാഡികളും ഹൈപ്പോതലാമസില്‍ കാണപ്പെടുന്നു. രണ്ട് മസ്തിഷ്കാര്‍ധ ഗോളങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗമാണ് ദൃഢഗാത്രം (corpus callosum). ഏകദേശം 50 കോടി നാഡീതന്തുക്കള്‍ ഈ ഭാഗത്തുകൂടി രണ്ട് മസ്തിഷ്കാര്‍ധ ഗോളത്തിലേക്കും സഞ്ചരിക്കുന്നു. ഇവ സംവേദനങ്ങളെ ഇരു അര്‍ധഗോളങ്ങളിലും എത്തിച്ച് ഇവ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നു.

മധ്യമസ്തിഷ്കം

(mid brain). മസ്തിഷ്കാര്‍ധ ഗോളങ്ങളെ താങ്ങിനിര്‍ത്തുന്ന വണ്ണമുള്ള തൂണുകള്‍ പോലെയുള്ള ഭാഗമാണിത്. സുഷുമ്നയില്‍ നിന്നും മസ്തിഷ്കത്തിലേക്കും മസ്തിഷ്കത്തില്‍ നിന്നും സുഷുമ്നയിലേക്കും വ്യാപിച്ചിരിക്കുന്ന നാഡീതന്തുക്കളാണ് ഇതിലെ പ്രധാന ഘടകം. ധാരാളം ആധാര ഗാംഗ്ലിയകളും ഇവിടെ കാണാം.

പിന്‍മസ്തിഷ്കം.

സെറിബെല്ലം, മെഡുല ഒബ്ളോംഗേറ്റ എന്നീ രണ്ട് ഭാഗങ്ങളായി പിന്‍മസ്തിഷ്കത്തെ വിഭജിച്ചിരിക്കുന്നു. പിന്‍മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമായ സെറിബല്ലം വിവിധ പേശികളുടെ ചലനത്തെ സഹായിക്കുന്നു. സെറിബ്രത്തെപ്പോലെ, സെറിബെല്ലത്തിലും ചാരദ്രവ്യമടങ്ങിയ കോര്‍ട്ടെക്സും ശ്വേത ദ്രവ്യവുമുണ്ട്. ചാരദ്രവ്യഭാഗത്ത് വലുപ്പമേറിയ ഒരു നിര ന്യൂറോണുകള്‍ കാണപ്പെടുന്നു. ഇവ പര്‍ക്കിന്‍ജെ കോശങ്ങള്‍ (purkinje cells) എന്നറിയപ്പെടുന്നു. ശ്വേതദ്രവ്യത്തില്‍ 4 നാഡീ സമൂഹങ്ങളാണുള്ളത്. ഇവ ഫസ്റ്റിജിയല്‍ (fastigial), ഗ്ലോബോസ് (globose), എംബലിഫോം (emboliform), ഡെന്‍റ്റേറ്റ് (dentate) എന്നിവയാകുന്നു. ഇവ സെറിബെല്ലത്തിന്റെ കോര്‍ട്ടെക്സില്‍ നിന്ന്, മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെനിന്നു തിരിച്ചും ആവേഗങ്ങളെ കടത്തിവിടുന്നു. പര്‍ക്കിന്‍ജെ കോശങ്ങളില്‍ വച്ച് അപഗ്രഥിക്കപ്പെടുന്ന സംവേദക ആവേഗങ്ങള്‍, ശ്വേതദ്രവ്യത്തിലെ നാഡീ സമൂഹങ്ങളിലൂടെ വിവിധ ശരീരപേശികളില്‍ എത്തിച്ചേരുന്നു. സെറിബെല്ലത്തിന് രണ്ട് അര്‍ധഗോളങ്ങളാണുള്ളത്. ഇവ നാഡീതന്തുക്കളാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

മെഡുല ഒബ്ളോംഗേറ്റ.

മസ്തിഷ്കത്തിന്റെ ഏറ്റവും താഴത്തെ ഭാഗമാണിത്. മെഡുലയുടെ പാര്‍ശ്വ ഉപരിതലത്തില്‍ നിന്ന് ഹൈപ്പോഗ്ളോസല്‍, ഗ്ളോസോഫാരിഞ്ചല്‍, വാഗസ്, ആക്സെസറി എന്നീ 4 തരം കപാലനാഡികള്‍ പുറപ്പെടുന്നു. ആദ്യത്തെ രണ്ടുതരം നാഡികള്‍, നാവിലെ പേശികളിലും, വാഗസ്നാഡി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നു. മുഖത്തു നിന്ന് വിവിധ സംവേദക ആവേഗങ്ങളെ സ്വീകരിക്കുന്ന നാഡീസമൂഹവും മെഡുലയില്‍ കാണപ്പെടുന്നുണ്ട്. ആംബിഗസ് (ambiguous) എന്നു പേരുള്ള നാഡീസമൂഹം, കഴുത്തിലേക്കും, സ്വനപേടകത്തിലേക്കുമുള്ള നാഡികളെ വിതരണം ചെയ്യുന്നു, മെഡുലയുടെ മധ്യഭാഗത്തായി കാണപ്പെടുന്ന നാഡീസമൂഹമാണ് റെട്ടിക്കുലാര്‍ ഫോര്‍മേഷന്‍ (reticular formation). ഹൃദയസ്പന്ദനം, രക്തസമ്മര്‍ദം, ശ്വസനം എന്നീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളാല്‍ ശ്രദ്ധേയമാണ് റെട്ടിക്കുലാര്‍ ഫോര്‍മേഷന്‍.

സുഷുമ്ന.

കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാനഭാഗമാണ് സുഷുമ്ന. നട്ടെല്ലിന്റെ ഉള്ളിലായി സ്ഥിതിചെയ്യുന്ന സുഷുമ്നയ്ക്ക് സിലിണ്ടര്‍ ആകൃതിയാണ്. നട്ടെല്ലില്‍ നിന്നും ഉദ്ഭവിക്കുന്ന പുരോ നാഡീമൂലവും (ventral nerve root) പൃഷ്ഠ നാഡീ മൂലവും (dorsal nerve root) സംയോജിച്ചാണ് സുഷുമ്നാ നാഡി രൂപപ്പെട്ടിരിക്കുന്നത്. സുഷുമ്നയുടെ ഉളളില്‍ 'H' ആകൃതിയില്‍ കാണപ്പെടുന്ന ഭാഗമാണ് ചാരദ്രവ്യം. ഇത് നാഡീകോശ ശരീരങ്ങളാല്‍ സമ്പന്നമാണ്. സുഷുമ്നയിലേക്കു പ്രവേശിക്കുന്ന സംവേദന നാഡികളാണ് പൃഷ്ഠനാഡീമൂലം; പുരോ നാഡീമൂലം സുഷുമ്നയില്‍ നിന്നും പുറത്തേക്കുപോകുന്ന ചാലക നാഡികളും. സംവേദന നാഡിയിലൂടെ ആവേഗങ്ങള്‍ സുഷുമ്ന വഴി മസ്തിഷ്കാര്‍ധഗോളത്തിലെ പ്രാഥമിക സംവേദന ക്ഷേത്രത്തിലെത്തുന്നു. ഇവിടെയെത്തുന്ന സംവേദനങ്ങള്‍ക്ക് അനുസൃതമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സിഗ്നലുകള്‍ അഥവാ സന്ദേശങ്ങള്‍ മസ്തിഷ്കത്തിലെ പ്രാഥമിക ചാലക ക്ഷേത്രത്തില്‍ നിന്നും ഉദ്ഭവിച്ച് സുഷുമ്നാ നാഡികളിലൂടെ ശരീരത്തിലെ വിവിധ പേശികളിലെത്തുന്നു. ഫസിക്കുലെ (fasciculi) എന്ന പേരില്‍ അറിയപ്പെടുന്ന നാഡീതന്തുസമൂഹം സുഷുമ്നയുടെ വിവിധ ഭാഗങ്ങളെ തലച്ചോറുമായി ബന്ധിപ്പിക്കുന്നു.

നാഡീകോശങ്ങളോട് ഇടകലര്‍ന്ന്, കേന്ദ്രനാഡീവ്യൂഹത്തില്‍ നിരവധി കോശങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവ പ്രധാനമായും ഗ്ലിയല്‍ കോശങ്ങളോ ന്യൂറോഗ്ലിയല്‍ കോശങ്ങളോ ആകുന്നു. മുഖ്യമായും മൂന്നുതരം ഗ്ലിയല്‍ കോശങ്ങളാണുള്ളത്; ആസ്ട്രോസൈറ്റ്, ഒളിഗോഡെന്‍ഡ്രോസൈറ്റ്, മൈക്രോഗ്ലിയ എന്നിവ. ആസ്ട്രോസൈറ്റുകള്‍ നാഡീകോശങ്ങള്‍ക്ക് ഉറപ്പു നല്കുകയും ആവേഗങ്ങള്‍ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഒളിഗോ ഡെന്‍ഡ്രോസൈറ്റുകളാകട്ടെ, ആക്സോണുകളെ പൊതിഞ്ഞിരിക്കുന്ന മയലിന്‍ ആവരണമായാണ് വര്‍ത്തിക്കുന്നത്. നാഡീകോശങ്ങള്‍ക്കും രക്തക്കുഴലുകള്‍ക്കുമിടയിലാണ് മൈക്രോഗ്ലിയല്‍ കോശങ്ങള്‍ കാണപ്പെടുന്നത്. നാഡീകോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ചുണ്ടാകുന്ന അവശിഷ്ടങ്ങളെ വലിച്ചെടുത്ത്, രക്തത്തിലെത്തിക്കാന്‍ സഹായിക്കുന്നത് മൈക്രോഗ്ളിയന്‍ കോശങ്ങളാണ്.

2. പ്രാന്ത നാഡീവ്യൂഹം (Peripheral nervous system).

സുഷുമ്നാ നാഡികളും കപാല നാഡികളും ഉള്‍പ്പെടുന്നതാണ് പ്രാന്ത നാഡീ വ്യൂഹം. ഇവ കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്നും പുറപ്പെട്ട് ശരീര പരിധികളിലേക്ക് പോകുന്നു.

കപാല നാഡികള്‍ (Cranial nerves)

മസ്തിഷ്കത്തില്‍ നിന്നും ഉദ്ഭവിക്കുന്ന കപാല നാഡികള്‍ 12 ജോടികളുണ്ട്. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ന്യൂക്ളിയസ്സുകള്‍ എന്നു പേരുള്ള നാഡീകോശ സമൂഹങ്ങളില്‍ നിന്നാണ് കപാല നാഡികള്‍ ഉദ്ഭവിക്കുന്നത്. ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയില്‍ 12 ജോടി കപാലനാഡികള്‍ കാണപ്പെടുന്നു. എന്നാല്‍ മത്സ്യങ്ങളിലും ഉഭയജീവികളിലും ആദ്യത്തെ 10 ജോടി കപാലനാഡികള്‍ മാത്രമേയുള്ളു. എന്നാല്‍, കശേരുകികളില്‍ ഇവയ്ക്കു പുറമേ ഘ്രാണേന്ദ്രിയത്തിലെത്തുന്ന ഒരു നാഡിയുമുണ്ട്.

ഘ്രാണനാഡിയാണ് (olfactory nerve) പ്രഥമ കപാല നാഡി. ഈ നാഡീതന്തുക്കളിലൂടെ ആവേഗങ്ങള്‍ മസ്തിഷ്കാര്‍ധ ഗോളത്തിലെ ഗന്ധക്ഷേത്രത്തില്‍ എത്തുമ്പോഴാണ് നാം ഗന്ധം അറിയുന്നത്. രണ്ടാമത്തെ കപാലനാഡിയാണ് നയനനാഡി (optic nerve). കണ്ണിലെ റെറ്റിനയില്‍ നിന്നും ആരംഭിക്കുന്ന ഈ നാഡികള്‍ മസ്തിഷ്കത്തിലെ പ്രാഥമിക ദര്‍ശനകേന്ദ്രത്തില്‍ എത്തിച്ചേരുന്നു. ഒന്നും, രണ്ടും കപാല നാഡികള്‍ ശുദ്ധ സംവേദനനാഡികളാണ്. മൂന്നാമത്തെയും (oculomotor), നാലാമത്തെയും (trochlear), ആറാമത്തെയും (abducens) കപാലനാഡികള്‍ നേത്രഗോളത്തിന്റെ ചലനത്തെ സഹായിക്കുന്നു. ഇവ മൂന്നും ശുദ്ധ ചാലകനാഡികളാണ്.

വലുപ്പം കൂടിയ നാഡികളാണ് അഞ്ചാം കപാലനാഡി (trigeminal). സംവേദനനാഡിയും, ചാലക നാഡിയും ചേര്‍ന്ന ഒരു മിശ്രിതനാഡിയാണ് അഞ്ചാം കപാലനാഡി. മുഖത്തുനിന്നുള്ള വേദന, സ്പര്‍ശനം, ചൂട് തുടങ്ങിയ സംവേദനങ്ങളെ വഹിക്കുന്നത് ഈ നാഡികളാണ്. കണ്ണുനീര്‍ ഗ്രന്ഥിയെ നിയന്ത്രിക്കുന്നതും ഭക്ഷണം ചവയ്ക്കാന്‍ സഹായിക്കുന്നതും ഈ നാഡിയാണ്.

ഏഴാമത്തെ കപാലനാഡി (facial) മുഖപേശികളെ ചലിപ്പിക്കുന്നു. ഉമിനീര്‍ ഗ്രന്ഥികളെ നാഡീകരിക്കുകയും, നാവിലുള്ള സംവേദനങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന ഇത് ഒരു മിശ്രനാഡിയാണ്.

എട്ടാമത്തെ കപാലനാഡി (acoustic) കേള്‍വിയെയും ശരീരത്തിന്റെ സന്തുലനാവസ്ഥയെയും നിയന്ത്രിക്കുന്നു. ആന്തരകര്‍ണത്തിലെ കോക്ളിയയില്‍ നിന്നുള്ള നാഡീതന്തുക്കള്‍ സംയോജിച്ചാണ് ശ്രവണനാഡി രൂപം കൊള്ളുന്നത്. ഇവ ആവേഗങ്ങളെ കോര്‍ട്ടെക്സിലെ പ്രാഥമിക ശ്രവണക്ഷേത്രത്തിലെത്തിക്കുന്നു.

ഒന്‍പതാം കപാലനാഡി (glossopharyngeal) തൊണ്ട, ടോണ്‍സില്‍, നാവിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലെ സംവേദനങ്ങളെ സ്വീകരിക്കുന്നു. തൊണ്ടയിലെ ചില ചെറിയ പേശികളെ ചലിപ്പിക്കുന്നതും പരോട്ടിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ചു ഉമിനീര്‍ സ്രവിപ്പിക്കുന്നതും ഈ നാഡിയാണ്. ഒരു മിശ്രനാഡിയായ ഇത്, ഹൃദയം, കുടല്‍ എന്നിവിടങ്ങളിലെ സംവേദനങ്ങളെയും സ്വീകരിക്കുന്നു.

വളരെ പ്രധാനപ്പെട്ട ഒരു കപാലനാഡിയാണ് പത്താം കപാലനാഡി (vagus nerve). 'ചുറ്റിത്തിരിയല്‍' എന്നാണ് വാഗസിന്റെ അര്‍ഥം. ഇതിന്റെ നാഡീതന്തുക്കള്‍ ഏറ്റവും കൂടുതല്‍ അവയവങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇവയ്ക്ക് ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ആവേഗങ്ങളെ വഹിക്കാന്‍ കഴിയും. സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ ഒരു പ്രധാനഭാഗവും, മിശ്രനാഡിയുമായ ഇത് കഴുത്തിലെ പേശികള്‍ ഹൃദയം, ശ്വാസകോശം, ആമാശയം, ചെറുകുടല്‍, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളെ നാഡീകരിക്കുന്നു. പതിനൊന്നാം കപാലനാഡി (accessory nerve) തൊണ്ടയിലെയും കഴുത്തിലെയും പേശികളെ ചലിപ്പിക്കുന്നു. ഇതൊരു ചാലകനാഡിയാണ്. പന്ത്രണ്ടാമത്തെ കപാലനാഡി (hypoglossal) നാവിലെയും വായിലെയും പേശികളെ നാഡീകരിക്കുന്നു.

സുഷുമ്നാനാഡികള്‍ (spinal nerves).

സുഷുമ്നയില്‍ നിന്നും ഉദ്ഭവിക്കുന്ന സുഷുമ്നാനാഡികളുടെ എണ്ണം ഓരോ ജന്തുവിഭാഗത്തിലും വ്യത്യസ്തമാണ്. വാലില്ലാത്ത ചില ഉഭയജീവികളില്‍ ഇവയുടെ എണ്ണം 10 ജോടിയാണെങ്കില്‍, പാമ്പുകളില്‍ ഇവയുടെ എണ്ണം 500 ജോടിയാണ്. മനുഷ്യനില്‍ 31 ജോടി സുഷുമ്നാ നാഡികളാണുള്ളത്. സുഷുമ്നയിലെ പുരോ നാഡീമൂലം (ventral nerve root), പൃഷ്ഠനാഡീമൂലം (dorsal nerve root) എന്നിവയില്‍ നിന്നാണ് സുഷുമ്നാ നാഡികള്‍ ഉദ്ഭവിക്കുന്നത്. താണതരം കശേരുകികളില്‍ ഈ ഓരോ നാഡീമൂലവും പ്രത്യേകം നാഡികളായി കാണപ്പെടുന്നു. എന്നാല്‍ ഉയര്‍ന്നതരം കശേരുകികളില്‍ ഈ രണ്ട് നാഡീമൂലങ്ങളും സംയോജിച്ച് സുഷുമ്നാ നാഡികളായി പരിണമിച്ചിരിക്കുന്നു. സുഷുമ്നാ നാഡികള്‍, നട്ടെല്ലിലെ കശേരുക്കള്‍ക്കിടയിലൂടെ ഫോറാമെന്‍ (foramen) എന്ന വിടവിലൂടെയാണ് പുറത്തുകടക്കുന്നത്. സുഷുമ്നയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദ്ഭവിക്കുന്ന ഈ നാഡികള്‍ ചിലപ്പോള്‍ പ്ലെക്സസ് (plexus) എന്നു പേരുള്ള നാഡീസമൂഹമായും കാണപ്പെടുന്നു. സുഷുമ്നയുടെ ഗ്രൈവ (cervical) ഭാഗത്തുനിന്നുള്ള നാഡീസമൂഹം കഴുത്തിലെയും നെഞ്ചിലെയും പേശികളെ നാഡീകരിക്കുന്നു. ഭുജ (brachial)ഭാഗത്തുനിന്നുള്ള നാഡീസമൂഹം തോള്‍, കൈകാലുകള്‍ എന്നിവിടങ്ങളെ നാഡീകരിക്കുന്നു. വക്ഷീയ (thoracic) ഭാഗത്തുള്ള സുഷുമ്നാ നാഡികള്‍ ഒറ്റയായാണ് കാണപ്പെടുന്നത്. ഇവ മുതുക്, വാരിയെല്ല്, ഉദരം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇടുപ്പ് (lumbar), ത്രികം (sacrum) എന്നിവിടങ്ങളിലെ നാഡീസമൂഹം പ്രധാനമായും കാലുകളെയാണ് നാഡീകരിക്കുന്നത്. പുഡെന്‍ഡല്‍, കോക്സീജിയല്‍ നാഡീസമൂഹങ്ങള്‍ യഥാക്രമം ഗുദം, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയിലേക്കു നാഡികളെ എത്തിക്കുന്നു.

3. സ്വതന്ത്ര നാഡീവ്യൂഹം (Autonomic nervous system).

ഹൃദയ പേശിയെയും, രക്തവാഹിനികളിലും മറ്റുമുള്ള മൃദുല പേശികളെയും ഗ്രന്ഥികളെയും നാഡീകരിക്കുന്ന ചാലക നാഡികളുടെ വ്യൂഹമാണ് സ്വതന്ത്ര നാഡീവ്യൂഹം. ഇത് കേന്ദ്രനാഡീ വ്യൂഹത്തില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രമല്ല. ഈ വ്യൂഹത്തില്‍ പ്രധാനമായും രണ്ട് ന്യൂറോണുകളെ വീതം ഉള്‍ക്കൊള്ളുന്ന നാഡീപഥങ്ങളാണുള്ളത്. കേന്ദ്രനാഡീവ്യൂഹത്തിനുള്ളില്‍ കാണപ്പെടുന്ന ഒന്നാമത്തെ ന്യൂറോണ്‍, പ്രീഗാംഗ്ലിയോണിക് ന്യൂറോണ്‍ എന്നും കേന്ദ്രനാഡീവ്യൂഹത്തിനു പുറത്തുള്ള രണ്ടാമത്തെ ന്യൂറോണ്‍ പോസ്റ്റ് ഗാംഗ്ലിയോണിക് ന്യൂറോണ്‍ എന്നും അറിയപ്പെടുന്നു. പ്രീഗാംഗ്ലിയോണിക് ന്യൂറോണുകളുടെ ആക്സോണുകള്‍ സന്ദേശങ്ങളെ പോസ്റ്റ് ഗാംഗ്ലിയോണിക് ന്യൂറോണിലെത്തിക്കുന്നു. ഇവിടെനിന്നും മറ്റു ചാലക ന്യൂറോണുകള്‍ വഴി സന്ദേശങ്ങള്‍-നിശ്ചിത പേശികളിലെത്തുന്നു. മറ്റു നാഡീവ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി ഈ നാഡീവ്യൂഹത്തില്‍ ചാലകനാഡികള്‍, നേരിട്ട് അവയവങ്ങളിലെത്താതെ, പോസ്റ്റ് ഗാംഗ്ലിയോണുകള്‍വഴിയാണ് അവയവങ്ങളിലെത്തുന്നത്. സുഗമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട സ്ഥിതി സ്ഥിരത (homeostasis) നിലനിര്‍ത്താന്‍ ഈ വ്യൂഹം സഹായിക്കുന്നു. സ്വതന്ത്രനാഡീവ്യൂഹത്തിന് രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്. സിമ്പതിക വ്യൂഹവും (sympathetic) പാരാ സിമ്പതികവ്യൂഹവും (para sympathetic).

നട്ടെല്ലിന്റെ പുരോഭാഗത്തിന് ഇരുവശങ്ങളിലുമായി കഴുത്തുമുതല്‍ പൃഷ്ഠം വരെ ഒരു മാലപോലെ നീണ്ടുകിടക്കുന്ന ഗാംഗ്ലിയോണുകള്‍ ഉള്‍പ്പെട്ടതാണ് സിമ്പതിക വ്യൂഹം. ഈ നാഡീ തന്തുക്കള്‍ ചര്‍മത്തിലെ സ്വേദഗ്രന്ഥികള്‍, രക്തവാഹികളിലെ മൃദുല പേശികള്‍ എന്നിവയില്‍ നാഡീകരണം സാധ്യമാക്കുന്നു. ശക്തമായ തണുപ്പ്, ഭയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളിലാണ് സിമ്പതിക വ്യൂഹം പ്രവര്‍ത്തനസജ്ജമാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊറോണറി ധമനികളുടെ സങ്കോചം, ഹൃദയമിടിപ്പിലെ വര്‍ധനവ്, പേശികള്‍, ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയിലേക്കുള്ള രക്തവിതരണത്തിലുണ്ടാകുന്ന വര്‍ധനവ്, ഉയര്‍ന്ന ശ്വാസോച്ഛ്വാസം, സ്വേദഗ്രന്ഥികളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം, ഉമിനീരിന്റെ പ്രവാഹത്തിലുണ്ടാകുന്ന കുറവ് എന്നിവ സിമ്പതിക വ്യൂഹം പ്രവര്‍ത്തനനിരതമാകുമ്പോള്‍ ക്രമീകരിക്കപ്പെടുന്നു.

മസ്തിഷ്കത്തിലെയും സുഷുമ്നയിലെയും നാഡീതന്തുക്കള്‍ ഉള്‍പ്പെടുന്നതാണ് പാരാ സിമ്പതികവ്യൂഹം. പത്താം കപാല നാഡിയായ വാഗസ് നാഡിയാണ് ഈ വ്യൂഹത്തിലെ പ്രധാന നാഡി. സിമ്പതിക വ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിപരീതമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ കേന്ദ്രീകരിച്ചിട്ടുള്ളത്. (ഉദാ. കുറഞ്ഞ രക്തസമ്മര്‍ദം, ശ്വാസോച്ഛ്വാസം തുടങ്ങിയവ) ശരീരത്തിന് വിശ്രമം നല്കുകയാണ് പാരാസിമ്പതിക വ്യൂഹത്തിന്റെ പ്രധാനധര്‍മം.

ബാഹ്യചോദനകള്‍ക്കു പുറമേ, നിരവധി വസ്തുക്കള്‍ നാഡീവ്യൂഹത്തില്‍ എത്തിച്ചേരാറുണ്ട് (ഉദാ. രാസവസ്തുക്കള്‍, മരുന്ന്, ഹോര്‍മോണ്‍ മുതലയാവ). ഈ അന്യവസ്തുക്കള്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മദ്യം, ബാര്‍ബിറ്റ്വുറേററ്, ഓപ്പിയം, മോര്‍ഫിന്‍ തുടങ്ങിയ വസ്തുക്കള്‍ നാഡീവ്യൂഹത്തിന്റെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നു. മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ ഉണ്ടാകുന്ന കുറവ്, അയോണുകളുടെ ചലനത്തില്‍ ഉണ്ടാകുന്ന വ്യതിയാനം എന്നിവയും നാഡീവ്യൂഹത്തിന് ഹാനികരമാണ്. ജീവകം-ബി-യില്‍ ഉണ്ടാകുന്ന വന്‍കുറവ്, മസ്തിഷ്കം, സുഷുമ്നാ എന്നിവിടങ്ങളിലെ നാഡികള്‍ക്ക് തകരാറു സംഭവിക്കാന്‍ കാരണമാകുന്നു. നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം, ശ്വസനം, രക്തചംക്രമണം, ദഹനം തുടങ്ങിയ മറ്റു വ്യവസ്ഥകളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, പ്രായം കൂടുന്തോറും ശരീരത്തില്‍ നാഡീകോശങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറിവരുന്നു

നാഡീരോഗങ്ങള്‍

നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍. പരസ്പരബന്ധിതമായ ദശലക്ഷക്കണക്കിന് നാഡീകോശങ്ങള്‍ അടങ്ങുന്ന നാഡീവ്യൂഹത്തിന്റെ രണ്ടു പ്രധാന ഭാഗങ്ങളായ കേന്ദ്ര നാഡീവ്യൂഹത്തെയും (central nervous system) പ്രാന്ത നാഡീവ്യൂഹത്തെയും (peripheral nervous system) ബാധിക്കുന്ന രോഗങ്ങളാണിവ. മസ്തിഷ്കവും സുഷുമ്നയും അടങ്ങുന്നതാണ് കേന്ദ്ര നാഡീവ്യൂഹം. സുഷുമ്നാ നാഡികളും കപാലനാഡികളും ഉള്‍പ്പെടുന്ന പ്രാന്തീയ നാഡീവ്യൂഹം ശരീരത്തിലെ സ്വീകാരി (receptor) പ്രഭാവി (effector) അവയവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. വിവിധ സംവേദനങ്ങള്‍ സ്വീകരിക്കുന്ന ഇന്ദ്രിയ കോശങ്ങളും അവയവങ്ങളും ആണ് സ്വീകാരികള്‍ അഥവാ റിസപ്റ്ററുകള്‍. ഈ ഇന്ദ്രിയ സംവേദനങ്ങളോട് പ്രതികരിക്കുന്ന വ്യത്യസ്ത ശരീരാവയവങ്ങളെയാണ് പ്രഭാവികള്‍ അഥവാ ഇഫക്റ്ററുകള്‍ എന്നു പറയുന്നത്.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനവും സങ്കീര്‍ണവുമായ അവയവമെന്ന നിലയ്ക്ക് നാഡീവ്യൂഹത്തിനുണ്ടാകുന്ന തകരാറുകളും രോഗങ്ങളും മറ്റേതൊരു അവയവത്തിനുണ്ടാകുന്ന രോഗത്തെക്കാളുമേറെയായി ശരീരത്തെ തളര്‍ത്തിക്കളയുന്നു. മറ്റ് ശരീരകോശങ്ങളെയപേക്ഷിച്ച് നാഡീകോശങ്ങള്‍ക്ക് - ന്യൂറോണുകള്‍ക്ക് - അപചയമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര നാഡീവ്യൂഹത്തിലെ ന്യൂറോണുകള്‍ക്ക് നാശം സംഭവിച്ചാല്‍ പുതിയവ രൂപീകൃതമാകുന്നില്ല. മറിച്ച് സാവധാനത്തിലാണെങ്കിലും അരോഗാവസ്ഥ വീണ്ടെടുക്കാന്‍ പ്രാന്ത നാഡീവ്യൂഹകോശങ്ങള്‍ക്ക് കഴിവുണ്ട്.

നാഡീരോഗങ്ങളെ ഘടനാപരവും പ്രവര്‍ത്തനപരവും എന്ന് രണ്ടായി തരംതിരിക്കാറുണ്ട്. നാഡീവ്യൂഹത്തിലെ ഏതെങ്കിലും ഘടകാവയവങ്ങള്‍ക്കുണ്ടാകുന്ന ഘടനാ വൈകല്യങ്ങള്‍ ആണ് ഒന്നാമത്തേത്. ഘടനാപരമായി യാതൊരു തകരാറുമില്ലാതെ തന്നെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതാണ് രണ്ടാമത്തേത്. രോഗകാരണത്തിനനുസരിച്ചും നാഡീരോഗങ്ങളെ തരംതിരിക്കാറുണ്ട്. ജനിതകവും (ഉദാ. ഹണ്ടിങ്ടണ്‍സ് കോറിയ) വികാസപരവുമായ (ഉദാ. ദ്വന്ദ്വസ്നായു (spinabifida)), ജലശീര്‍ഷത (hydrocephaly) കാരണങ്ങള്‍ ആണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ക്ഷതം, വിഷബാധ, ഉപാപചയ തകരാറുകള്‍, പോഷണ വൈകല്യങ്ങള്‍, രക്തസ്രാവം, അണുബാധ, മസ്തിഷ്കത്തില്‍ ഓക്സിജനോ രക്തമോ ലഭ്യമാകാതെവരല്‍, രക്തചംക്രമണത്തകരാറുകള്‍ തുടങ്ങിയവയൊക്കയും വിവിധ നാഡീവ്യൂഹത്തകരാറുകള്‍ക്ക് കാരണമാകാറുണ്ട്. മെനിഞ്ചൈറ്റിസ് പോലെയുള്ള രോഗങ്ങളില്‍ നാഡീവ്യൂഹത്തില്‍ത്തന്നെയാണ് പ്രാഥമിക തകരാറുണ്ടാകുന്നത്. എന്നാല്‍ മറ്റ് അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ അനന്തരഫലമായും നാഡീരോഗങ്ങളുണ്ടാകാറുണ്ട്. ഉദാഹരണത്തിന് രക്തചംക്രമണവ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും തത്ഫലമായി ഓക്സിജന്‍ ലഭ്യമല്ലാതെ വരികയും ചെയ്ത് നാഡീരോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. ട്യൂമറുകളും അപചയ (degenerative diseases) രോഗങ്ങളും നാഡീവ്യൂഹത്തെ ബാധിക്കാറുണ്ട്. എപ്പിലെപ്സി, ചെന്നിക്കുത്ത്, മയാസ്തനിയാഗ്രാവിസ് എന്നീ രോഗങ്ങളുടെ കാരണം തികച്ചും വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ പലവിധത്തിലുള്ള മനോശാരീരികരോഗങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിന്റെ ഏത് അവയവ/അവയവവ്യൂഹത്തിലും ഇതുമൂലം ലക്ഷണങ്ങള്‍ പ്രകടമാകാം. അന്ധത, ബധിരത, സംവേദന വൈകല്യങ്ങള്‍, പക്ഷാഘാതം, വിറയല്‍, തലചുറ്റല്‍ തുടങ്ങി പലതരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. നിരവധി ശാരീരിക വൈകല്യങ്ങള്‍ മാനസികവും വൈകാരികവുമായ ലക്ഷണങ്ങള്‍ ഉളവാക്കുന്നതുപോലെ അടിസ്ഥാനപരമായ മാനസികത്തകരാറുകള്‍ വിവിധ ശാരീരികാസ്വാസ്ഥ്യങ്ങളായും പ്രത്യക്ഷീഭവിക്കാറുമുണ്ട്. സുഷുമ്നാരോഗങ്ങളിലാകട്ടെ സുഷുമ്നയുടെ ഏത് ഭാഗമാണ് രോഗഗ്രസ്തമാകുന്നതെന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സുഷുമ്നയുടെ മുകള്‍ ഭാഗത്തു(cervical region)ണ്ടാകുന്ന തകരാറുകള്‍മൂലം കഴുത്തിനും കൈകള്‍ക്കുമാണ് ബുദ്ധിമുട്ടനുഭവപ്പെടുക എന്നാല്‍ നടുഭാഗത്തു(lumbar spine)ണ്ടാകുന്ന തകരാറുകള്‍ കാലുകള്‍ക്കും ശരീരത്തിന്റെ കീഴ്ഭാഗത്തിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

നാഡീ തകരാറുകള്‍ മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങളും രോഗബാധിതമാകുന്ന അവയവവും പട്ടികയില്‍ കാണിച്ചിരിക്കുന്നു.

നാഡീരോഗങ്ങളെ വിശാലമായി ചില പ്രധാന വിഭാഗങ്ങളായി തരംതിരിക്കാം.

കേന്ദ്ര നാഡീവ്യൂഹത്തകരാറുകള്‍

അപരൂപണവും വികാസവൈകല്യങ്ങളും

കേന്ദ്ര നാഡീവ്യൂഹം പൊള്ളയായ ഒരു കുഴലിന്റെ (neural tube) രൂപത്തിലാണ് വികസിക്കുന്നത്. നാഡീചാലുകളുടെ (neural grooves) സംയോജനം കഴുത്തിന്റെ ഭാഗത്ത് നിന്നാരംഭിച്ച് മുകളിലോട്ടും താഴോട്ടും പുരോഗമിക്കുന്നു. മുന്‍-പിന്‍ നാഡീരന്ധ്രങ്ങളാണ് അവസാനമായി സംയോജിക്കുന്നത്. മുന്‍നാഡീരന്ധ്രം യഥാസമയം - ഭ്രൂണവളര്‍ച്ചയുടെ 24-ാം ദിവസം, - അടയാതെ വരുമ്പോള്‍ 'അന്‍എന്‍സെഫാലി' അഥവാ തലച്ചോറില്ലായ്മയാണ് ഫലം. സുസംഘടിതമല്ലാത്ത തലച്ചോറ് ആമ്നിയോട്ടിക് ദ്രവവുമായി സമ്പര്‍ക്കത്തിലാവുകമൂലം മൃതമായിത്തീരുന്നു. തത്ഫലമായി ശിശുവിന്റെ തല തവളയെ അനുസ്മരിപ്പിക്കുന്ന ഒന്നായിരിക്കും. ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഇത്തരം ശിശുക്കള്‍ മരണമടയുന്നു. കണ്ണുകളും മസ്തിഷ്കകാണ്ഡവും അനുമസ്തിഷ്കവും സുഷ്മ്നയും തികച്ചും സാധാരണ അവസ്ഥയിലായിരിക്കും.

ഭ്രൂണവളര്‍ച്ചയുടെ 26-ാം ദിവസം അടയേണ്ട പിന്‍ഭാഗത്തെ നാഡീരന്ധ്രം (lumbo sacral neural groove) അടയാതിരിക്കുകയാണെങ്കില്‍ മെനിഞ്ചസ്, സുഷുമ്ന, പേശികള്‍, ത്വക്ക് തുടങ്ങിയ നാഡീകലകള്‍ ഭാഗികമായി മൃതമായിത്തീരുന്നു. പൂര്‍ണഘടന പ്രാപിക്കാത്ത മെനിഞ്ചസ്, പേശികള്‍, ത്വക്ക് എന്നിവയെല്ലാംകൂടിച്ചേര്‍ന്ന് ഒരു വടുവായിത്തീരുന്നു. അത്രതന്നെ ഗുരുതരമല്ലാത്ത അവസ്ഥകളില്‍ ജനിച്ചയുടനെ ശസ്ത്രക്രിയ ചെയ്ത മെനിഞ്ചസും മയലിനും രന്ധ്രത്തിനുള്ളിലാക്കി രന്ധ്രമടച്ചില്ലെങ്കില്‍ അണുബാധയുണ്ടായി ശിശു മരണമടയുന്നു. കൂടാതെ ഇത്തരം ശിശുക്കള്‍ക്ക് ജലശീര്‍ഷതയും ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയയിലൂടെ മസ്തിഷ്ക ഗഹ്വരത്തില്‍നിന്ന് ഉദര്യത്തിലേക്ക് ഈ ദ്രാവകം തിരിച്ചുവിടുകയാണ് ചികിത്സാക്രമം.

നാഡീവ്യവസ്ഥയുടെ വികാസവൈകല്യങ്ങള്‍, നാഡീകോശങ്ങളുടെ അപൂര്‍ണ വളര്‍ച്ചയായോ അമിത വളര്‍ച്ചയായോ അതുമല്ലെങ്കില്‍ സാധാരണഗതിയില്‍ വികസിച്ച നാഡീകലകളുടെ അപചയമോ നാശമായോ ആണ് പ്രകടമാകുന്നത്. പൂര്‍ണ വളര്‍ച്ച പ്രാപിച്ച കലകളില്‍ പ്രഭാവം ചെലുത്താത്ത ചില വിഷവസ്തുക്കളും അയോണികാരി വികിരണങ്ങളും അണുബാധയും മറ്റും വേഗത്തില്‍ വളരുന്ന ഭ്രൂണനാഡീകലകളെ നശിപ്പിക്കാറുണ്ട്. അതിജീവിക്കുന്ന കോശങ്ങളാകട്ടെ ക്രമരഹിതമായ ഒരു ഘടനയായിട്ടായിരിക്കും വികസിക്കുന്നത്.അതിനാല്‍ വിഷവസ്തുവിന്റെയോ അണുബാധയുടെയോ സ്വഭാവത്തിനുപരിയായി വിഷത്തിന്റെ പ്രഭാവമുണ്ടായ വളര്‍ച്ചാഘട്ടമാണ് അപരൂപണത്തിന്റെ വ്യാപ്തി നിര്‍ണയിക്കുന്നത്.

അണുബാധ

ജന്മസിദ്ധമായ അപരൂപണങ്ങള്‍മൂലം നാഡീവ്യൂഹത്തിന് സ്വാഭാവികമായുള്ള സംരക്ഷണാവരണത്തിന് തകരാറു സംഭവിക്കുമ്പോഴാണ് സാധാരണഗതിയില്‍ അണുബാധയുണ്ടാകുന്നത്. എന്നാല്‍ മസ്തിഷ്കത്തിലേക്കാണ്ടിറങ്ങുന്ന ക്ഷതങ്ങളും ആഘാതങ്ങളുംമൂലം നാഡീവ്യൂഹത്തിന് അണുബാധയുണ്ടാകാം. കൂടാതെ സമീപാവയവങ്ങള്‍ക്കുണ്ടാകുന്ന അണുബാധ (ഉദാ. തണ്ടെല്ലു മജ്ജാവീക്കം (Osteomyelitis), കര്‍ണമൂല പ്രവര്‍ധത്തിനുണ്ടാകുന്ന അണുബാധ (mastoditis), സൈനസൈറ്റിസ് (sinusites) തുടങ്ങിയ രോഗങ്ങളുടെ കാരകാണുക്കള്‍) രക്തത്തിലൂടെ സംക്രമിച്ച് നാഡീവ്യൂഹത്തെയും ബാധിക്കാറുണ്ട്. ചലം രൂപീകരിക്കുന്ന പയോജനിക് ബാക്ടീരിയങ്ങള്‍ വിദൂരാവയവങ്ങളില്‍നിന്നുപോലും സംക്രമിച്ച് നാഡീരോഗങ്ങളുളവാക്കാറുണ്ട്. (ഉദാ. ന്യൂമോണിയ, എന്‍ഡോകാര്‍ഡൈറ്റിസ്).

സുഷുമ്നയിലൂടെ മസ്തിഷ്ക മേരുദ്രവം കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗാണുബാധ കണ്ടെത്തുന്നത്. ദ്രവം അതാര്യമായിരിക്കും. കൂടാതെ ഒരു ഘന മി.മീ. ദ്രവത്തില്‍ നിരവധി ലൂക്കോസൈറ്റുകള്‍ (polymorpho nuclear leucocytes) ഉണ്ടായിരിക്കുകയും ചെയ്യും. ക്ഷയരോഗാണു (മൈകോ ബാക്റ്റീരിയം ട്യൂബര്‍കുലോസിസ്), സിഫിലിസ് അണു (ട്രിപോനിമ പാലിഡം), നിരവധിയിനം ഫംഗസുകള്‍, വൈറസുകള്‍, റിക്കറ്റ്സിയ അണുക്കള്‍ എന്നിവയും നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ്. ഇവയൊന്നുംതന്നെ പഴുപ്പുണ്ടാക്കുന്നവയല്ല, അതിനാല്‍ മസ്തിഷ്കമേരുദ്രവം കുറെയൊക്കെ സുതാര്യമായിരിക്കും. ലൂക്കോസൈറ്റുകളുടെ എണ്ണവും കുറവായിരിക്കും. ലിംഫോസൈറ്റുകളായിരിക്കും കൂടുതലായി കാണപ്പെടുക. പ്രയോഗക്ഷമമായ പുതിയയിനം ആന്റിബയോട്ടിക്കുകളുടെ ആവിര്‍ഭാവത്തോടെ മുന്‍കാലങ്ങളില്‍ മാരകമായിരുന്ന ഇത്തരം രോഗങ്ങള്‍ പൂര്‍ണമായും ഭേദമാക്കുക സാധ്യമായിട്ടുണ്ട്.

ചില സവിശേഷ ഭൂവിഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വൈറസ് ബാധകള്‍ ഉണ്ടാകാറുണ്ട്. മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലാത്തിടങ്ങളിലെ ഒരു വേനല്‍ക്കാല സാംക്രമികരോഗമായിരുന്നു പോളിയോ മൈലിറ്റിസ്. കുട്ടികളില്‍ കുടലിനെ ബാധിക്കുന്ന പോളിയോ വൈറസ് നാഡീവ്യൂഹത്തെയും ബാധിച്ച് ചലന നാഡീകോശങ്ങളെ നശിപ്പിക്കുകയും പേശികളെ തളര്‍ത്തുകയും ചെയ്യുന്നു. തൊലിപ്പുറത്ത് തീക്ഷ്ണസ്വഭാവമുള്ള പരുക്കള്‍ ഉണ്ടാക്കുന്ന ഹെര്‍പിസ് സോസ്റ്റര്‍ വൈറസുകള്‍ സംവേദന നാഡീകോശങ്ങളെ ബാധിക്കുന്നു. സമാനമായ ഒരിനം വൈറസ് - ഹെര്‍പിസ് സിംപ്ളക്സ് - പഞ്ചമസിരാനാഡി (trigeminal nerve cells) കോശങ്ങളെയാണ് ബാധിക്കുന്നത്. പേപ്പട്ടി വൈറസ് മസ്തിഷ്കത്തിന്റെ പൂര്‍വഭാഗത്തെ കോശങ്ങളെയും അനുമസ്തിഷ്കത്തെയും ബാധിക്കുന്നു. എയ്ഡ്സ് വൈറസുകള്‍ ലിംഫോസൈറ്റിക് മെനിഞ്ചൈറ്റിസും മയലിന്‍ നാശവുമാണ് പ്രധാനമായും ഉളവാക്കുന്നത്. ജന്മസിദ്ധമായി എയ്ഡ്സ് ബാധിച്ച ശിശുക്കളില്‍ ഒരു വയസ്സിനുള്ളില്‍ത്തന്നെ നാഡീരോഗങ്ങള്‍ പ്രകടമായി തുടങ്ങും. തല ചെറുതാവല്‍ (microcephaly), മാനസികവും ശാരീരികവുമായ വളര്‍ച്ചക്കുറവ്, കൈകാലുകളുടെ ശോഷണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഗ്ലീയല്‍ കോശങ്ങളെ ബാധിക്കുന്ന വൈറസുകള്‍ മയലിന്‍ നാശവും (demyelination) നാഡീവീക്കവും ഉളവാക്കുന്നു.

പോളിയോ വൈറസുകള്‍ ഉണ്ടാക്കുന്ന ല്യൂക്കോ എന്‍സെഫാലോപ്പതി, വ്യതിയാനം സംഭവിച്ച മീസില്‍സ് വൈറസുകള്‍ കാരണമുണ്ടാകുന്ന സ്ക്ളീറോസിങ് പാന്‍എന്‍സെഫലൈറ്റിസ് (scleorosing panencephalities), ചിലയിനം ഫംഗസുകള്‍ സൃഷ്ടിക്കുന്ന മെനിഞ്ചിയോ എന്‍സെഫലൈറ്റിസ് തുടങ്ങിയവ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന പ്രധാന അണുബാധകളാണ്.

പ്രിയോണ്‍ രോഗങ്ങള്‍ (Prion diseases)

പ്രിയോണ്‍ രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം രോഗങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഈ രോഗങ്ങള്‍ എല്ലാംതന്നെ (ഉദാ. ക്രൂത്സ്ഫെല്‍ഡ് - ജേക്കബ് രോഗം (Creutz feldt - Jakob disease), ഗെര്‍സ്മാന്‍ - സ്ട്രോസലര്‍ ഷീന്‍കര്‍ സിന്‍ഡ്രോം (Gerstmann - straussler - scheinker syndrome) പ്രിയോണ്‍ എന്ന സവിശേഷ പ്രോട്ടീനിന്റെ അപരൂപണംമൂലം നാഡീകോശങ്ങള്‍ക്കുള്ളിലെ സൂക്ഷ്മദര(vacuoles)ങ്ങള്‍ ഉളവാക്കുന്ന സ്പോഞ്ചീകരണ മാറ്റങ്ങളാണ് (spongiform changes). കോര്‍ട്ടക്സും ആഴത്തിലുള്ള ധൂമരി (grey matter) ഘടനകളായ കോഡേറ്റും (caudate) പുടാമെനും (putamen) സൂക്ഷ്മദരങ്ങള്‍ വ്യാപിച്ച് സ്പോഞ്ചുപോലെ ആയിത്തീരുന്നു.

രോഗിയുടെ ഓര്‍മയും മേധാശക്തിയും ക്ഷയിക്കുന്നു. പ്രിയോണ്‍ പ്രോട്ടീനുകള്‍ കണ്ടെത്തി ഈ രോഗങ്ങളുടെ പഠനത്തിനു പുതിയ മാനം കുറിച്ച പ്രൂസിനര്‍ എന്ന ശാസ്ത്രജ്ഞന്, 1997-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.

രക്തവാഹിനി രോഗങ്ങള്‍

നാഡീവ്യൂഹത്തിലെ രക്തവാഹിനി രോഗങ്ങളാണ് 'സ്ട്രോക്ക്' എന്ന പേരില്‍ പരക്കെ അറിയപ്പെടുന്നത്. തലയ്ക്ക് അടിയേല്ക്കുമ്പോഴെന്നപോലെ പെട്ടെന്നു നാഡീപ്രവര്‍ത്തനം തകരാറിലാകുന്നതിനാലാണ് ഈ രോഗങ്ങളെ സ്ട്രോക്ക് എന്ന് പറയുന്നത്. നാഡീകോശങ്ങള്‍ക്ക് ഓക്സിജനും ഗ്ളൂക്കോസും മറ്റും ലഭിക്കാതെ സെക്കന്റുകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നതാണ് ഈ രോഗങ്ങള്‍ പൊടുന്നനെയുണ്ടാവുന്നതിന് കാരണം. ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ത്തന്നെ പോഷണം പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ നാഡീകോശങ്ങള്‍ തികച്ചും മൃതമായിത്തീരുന്നു.

അന്യൂറിസം (aneurysm), രക്തസമ്മര്‍ദം, ആര്‍ടീരിയോ സ്ക്ളീറോസിസ് തുടങ്ങിയ രക്തവാഹിനി രോഗങ്ങളാണ് നാഡീവ്യൂഹരക്തസ്രാവത്തിനു കാരണമായിത്തീരുന്നത്. രക്തവാഹിനികള്‍ അടയുന്നതാണ് മറ്റൊരു പ്രധാന രോഗസാധ്യത. ഹൃദ്രോഗങ്ങള്‍, ശിരസ്സിലേക്കും നട്ടെല്ലിലേക്കുമുള്ള ധമനികളുടെ സങ്കോചം എന്നിവമൂലം മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം സെക്കന്റുകള്‍ തടസ്സപ്പെട്ടാല്‍ത്തന്നെ ചിലയിടങ്ങളില്‍ നാഡീകോശങ്ങള്‍ മൃതമാവാന്‍ സാധ്യതയുണ്ട്. രക്തയോട്ടം വളരെവേഗം പുനഃസ്ഥാപിതമായില്ലെങ്കില്‍ മസ്തിഷ്കത്തിലെ ആധാരകോശങ്ങളായ ഗ്ലിയ (glia)യും ധൂമരിയും മൃതമായിത്തീര്‍ന്ന് മസ്തിഷ്ക കോര്‍ട്ടക്സിന്റെ ഒരുഭാഗം സങ്കോചിച്ചതായി കാണപ്പെടും. രക്തചംക്രമണത്തിന്റെ താത്ക്കാലിക തടസ്സം വളരെ തീക്ഷ്ണമോ കൂടുതല്‍ സമയം നീണ്ടുനില്ക്കുന്നതോ ആണെങ്കില്‍ കോര്‍ട്ടെക്സിലെ മൃതഭാഗം കൂടുതല്‍ വ്യാപിക്കുകയും മസ്തിഷ്ക മരണം (cerebral infraction) അഥവാ എന്‍സെഫാലോ മലേഷ്യ എന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു.

നാഡീവ്യൂഹ അപചയം (Degenerative diseases)

കോര്‍ട്ടക്സിന്റെ അപചയം

അല്‍ഷിമേഴ്സ് രോഗം

കോര്‍ട്ടക്സിന്റെ അപചയമുളവാക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അല്‍ഷിമേഴ്സ് രോഗം. വാര്‍ധക്യത്തില്‍ ഓര്‍മയും ബുദ്ധിയും നഷ്ടമാകുന്നതിന് ഏറ്റവും സാധാരണമായ കാരണം അല്‍ഷിമേഴ്സാണ്. ബുദ്ധിശക്തി കുറയുന്നതിനോടൊപ്പം സ്വഭാവത്തിലും പെരുമാറ്റത്തിലും വൈകല്യങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. തുടര്‍ന്നു സാവധാനത്തില്‍ ദിശാബോധവും ഓര്‍മയും സംസാരശേഷിയുമൊക്കെ നഷ്ടമാകുന്നു. 5-10 വര്‍ഷംകൊണ്ട് രോഗി അനങ്ങാനോ സംസാരിക്കാനോ സാധിക്കാത്തവിധത്തില്‍ തികച്ചും അവശനായിത്തീരുന്നു. അന്‍പത് വയസ്സിനുശേഷമാണ് സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

ടൗ (tau) പ്രോട്ടീനുകള്‍ എന്ന സവിശേഷയിനം അമൈലോയ്ഡ് പ്രോട്ടീനുകള്‍ മസ്തിഷ്കകോശങ്ങളില്‍ അടിഞ്ഞുകൂടുന്നതാണ് നാഡീകോശ അപചയത്തിനു കാരണമാകുന്നതെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. ന്യൂറോണ്‍ കേന്ദ്രത്തെ ചൂഴ്ന്ന് നീളമുള്ള നാരുകള്‍ കെട്ടുപിണഞ്ഞ് (neurofibrillar tangles) രൂപീകൃതമാകുന്നു. അത്യധികമായി ഫോസ്ഫോറിലീകരിച്ച ടൗ പ്രോട്ടീനുകളാണ് ഇത്തരം നാരുകളായി കാണപ്പെടുന്നത്. നാഡീകോശ ആക്സോണുകളിലെ സൂക്ഷ്മനാളികളിലടങ്ങിയിട്ടുള്ള ടൗ പ്രോട്ടീനുകള്‍ ഈ നാളികള്‍ കൂടിച്ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇതുകൂടാതെ മസ്തിഷ്കത്തിന്റെ കോര്‍ട്ടക്സ്, ഹിപ്പോകാമ്പസ് എന്നീ ഭാഗങ്ങളില്‍ അമൈലോയ്ഡ് പ്രോട്ടീന്‍ നിക്ഷേപങ്ങള്‍ പാളികളായി (neuritic plaques) രൂപപ്പെടുന്നു.

അമൈലോയ്ഡ് നിക്ഷേപങ്ങള്‍ നാഡീ വിഷങ്ങളായി ഭവിച്ച് ഡിമെന്‍ഷ്യയ്ക്ക് (മേധാക്ഷയം) കാരണമാകുന്നു. അല്‍ഷിമേഴ്സ് രോഗത്തിനു ജനിതക കാരണങ്ങള്‍ പ്രബലമാണ്. അമൈലോയ്ഡ് പ്രോട്ടീനിന്റെ മുന്നോടിയായ മറ്റൊരു പ്രോട്ടീനിന്റെ (amyolid protein precursor) ജീന്‍ 21-മത്തെ ക്രോമസോമിലാണടങ്ങിയിട്ടുള്ളത്. അല്‍ഷിമേഴ്സുമായി ബന്ധപ്പെട്ട മറ്റ് രണ്ടു ജനിതക സ്ഥാനങ്ങള്‍ 14-ാമത്തെയും 1-ാമത്തെയും ക്രോമസോമുകളാണ്. ഈ രണ്ട് ക്രോമസോമുകളിലടങ്ങിയിട്ടുള്ള ജീന്‍ ടൗ പ്രോട്ടീനിനു സമാനമായ പ്രീസെനിലിന്‍-1 (Presenilin-1), പ്രീസെനിലിന്‍-2 എന്നീ പ്രോട്ടീനുകളുടെ സംശ്ലേഷണത്തെയാണ് നിയന്ത്രിക്കുന്നത്. പ്രീസെനിലീനുകളുടെ പ്രകാരാന്തരീകരണം അമൈലോയ്ഡുകളുടെ നിക്ഷേപത്തെ ത്വരിപ്പിക്കുന്നു. ക്രോമസോം-19 ലുള്ള അപ്പോലിപ്പോ പ്രോട്ടീന്‍-ഇ എന്ന ജീനാണ് ചെറുപ്പക്കാരില്‍ അല്‍ഷിമേഴ്സ് രോഗം ഉണ്ടാക്കുന്നത്.

പിക്സ് രോഗം

കോര്‍ട്ടക്സിന്റെ അപചയം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ മറ്റൊരിനമായ പിക്സ് രോഗം മസ്തിഷ്ക ഖണ്ഡ അപചയ (lobar atrophy) രോഗമാണ്. മസ്തിഷ്കത്തിന്റെ മുന്‍-പാര്‍ശ്വഖണ്ഡങ്ങളാണ് ക്ഷയിക്കുന്നത്. അല്‍ഷിമേഴ്സിനെയപേക്ഷിച്ച് പിക്സ് രോഗത്തില്‍ മസ്തിഷകത്തിന്റെ മുന്‍ഖണ്ഡത്തിന്റെ അപചയഫലമായ പെരുമാറ്റ - വ്യക്തിത്വ വൈകല്യങ്ങളും പാര്‍ശ്വഖണ്ഡ അപചയ ലക്ഷണമായ ഭാഷാപ്രയോഗ വൈകല്യവും നേരത്തേ പ്രകടമായി തുടങ്ങുന്നു. അല്‍ഷിമേഴ്സ് രോഗത്തില്‍ നാഡീകോശങ്ങളില്‍ അമൈലോയ്ഡ് പ്രോട്ടീന്‍ നാരുകളുടെ കെട്ടുകള്‍ രൂപീകൃതമാകുമ്പോള്‍ പിക്സ് രോഗത്തില്‍ നാഡീകോശങ്ങള്‍ വീര്‍ക്കുകയാണ് ചെയ്യുന്നത്. വീക്കം ബാധിച്ച നാഡീകോശങ്ങള്‍ പിക്കോശങ്ങള്‍ എന്നാണറിയപ്പെടുന്നത്.

ബേസല്‍ ഗാങ്ഗ്ലിയയ്ക്കും മസ്തിഷ്ക കാണ്ഡത്തിനും ഉണ്ടാകുന്ന അപചയം

മസ്തിഷ്കത്തിന്റെ ഈ ഭാഗങ്ങള്‍ക്കുണ്ടാകുന്ന അപചയം ചലനവൈകല്യങ്ങളിലേക്കാണ് നയിക്കുന്നത്. രോഗിക്ക് ഇച്ഛാപൂര്‍വം ചലനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും അനൈച്ഛിക ചലനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും സാധാരണമായ ലക്ഷണം. ഈ വിഭാഗത്തിലെ പ്രധാന രോഗങ്ങളാണ് പാര്‍ക്കിന്‍സണിസവും ഹണ്‍ടിങ്ടണ്‍സ് കോറിയയും.

പേശീചലനങ്ങളെ നിയന്ത്രിക്കുന്ന നാഡീ ആവേഗങ്ങള്‍ വിനിമയം ചെയ്യുന്നത് സബ്സ്റ്റാന്‍ഷ്യാ നിഗ്രയിലെ നാഡീകോശങ്ങളാണ്. ഈ കോശങ്ങള്‍ക്കുണ്ടാകുന്ന അപചയംമൂലം നാഡീ ആവേഗങ്ങള്‍ വിനിമയം ചെയ്യുന്ന ഡോപമൈന്‍ എന്ന രാസപദാര്‍ഥത്തിന്റെ ഉത്പാദനം തടസ്സപ്പെടുന്നതാണ് പാര്‍ക്കിന്‍സണ്‍സ് രോഗകാരണം. ഡോപമൈനിന്റെ മുന്നോടിയായ എല്‍-ഡോപ എന്ന അമിനോ അമ്ളം നല്കി രോഗം വര്‍ധിക്കുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും. പാര്‍ക്കിന്‍സണിസത്തിനു തികച്ചും സമാനമായ ഹണ്‍ടിങ്ടണ്‍സ് കോറിയ, പാര്‍ക്കിന്‍സണിസമായി വികസിക്കുന്ന ഒരു രോഗമാണ്.

നിരവധി നാഡീ ഘടകങ്ങളെ ബാധിക്കുന്ന (multiple system atrophy) ഒരു വിഭാഗം നാഡീ അപചയരോഗങ്ങളുമുണ്ട്. ഒളിഗോ ഡെന്‍ഡ്രോസൈറ്റുകളുടെ സൈറ്റോപ്ലാസത്തിനുള്ളില്‍ ഗ്ലീയല്‍ സൈറ്റോപ്ലാസ്മിക പദാര്‍ഥങ്ങള്‍ അന്തര്‍ഭൂതമായിത്തീരുന്നതാണ് ഈ രോഗങ്ങളുടെ സവിശേഷത. ന്യൂറോണുകള്‍, നാഡീകോശ/ഗ്ലിയല്‍ കോശ കേന്ദ്രങ്ങള്‍, ആക്സോണുകള്‍ എന്നിവയുടെ സൈറ്റോപ്ലാസത്തിലും ഈ പദാര്‍ഥം അന്തര്‍ഭൂതമായിരിക്കും. ഉദാ. ഷൈ-ഡ്രാഗര്‍ സിന്‍ഡ്രോം (shy-drager syndrome).

സുഷുമ്നയ്ക്കും അനുമസ്തിഷ്കത്തിനുമുണ്ടാകുന്ന അപചയം

അനുമസ്തിഷ്ക കോര്‍ട്ടക്സ്, സുഷുമ്ന, പ്രാന്ത നാഡികള്‍ എന്നീ മസ്തിഷ്ക ഘടകങ്ങളെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്ന രോഗങ്ങളെല്ലാംതന്നെ വ്യത്യസ്ത ലക്ഷണങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

മയലിന്‍നാശ രോഗങ്ങള്‍ (Demyelinating Diseases)

കേന്ദ്ര നാഡീവ്യൂഹരോഗങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ് മയലിന്‍നാശ രോഗങ്ങള്‍. മയലിന്‍നാശംമൂലം ആക്സോണുകളിലൂടെ വൈദ്യുത ആവേഗങ്ങളുടെ പ്രേഷണം തടസ്സപ്പെടുന്നു. മയലിന്‍ നശിപ്പിക്കുന്ന അണുബാധകള്‍ കൂടാതെ പാരമ്പര്യമായ, മയലിന്‍ സംശ്ളേഷണം കുറയുന്നതുമൂലമുള്ള രോഗങ്ങളുമുണ്ട്. ലൂക്കോഡിസ്ട്രോഫി എന്നറിയപ്പെടുന്ന ഈ രോഗങ്ങളെ ഉപാപചയരോഗങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉപാപചയ രോഗങ്ങള്‍

ജനിതകം

ജനിതക ഉപാപചയ തകരാറുകളുടെ ഒരു വിഭാഗം നാഡീവ്യൂഹത്തെയും ബാധിക്കാറുണ്ട്. യാതൊരു തകരാറുമില്ലാതെ ജനിക്കുന്ന ശിശുക്കളില്‍പ്പോലും ചിലര്‍ ശൈശവത്തിലും ബാല്യത്തിലും സാധാരണയായുണ്ടാകുന്ന വികാസഘട്ടങ്ങള്‍ പലതും യഥാസമയം വിജയകരമായി തരണം ചെയ്യാറില്ല. സ്ഫിന്‍ഗോലിപിഡ് എന്ന കൊഴുപ്പിന്റെ ഒരു സവിശേഷ എന്‍സൈമായ മ്യൂക്കോപോളിസാക്കറൈഡിന്റെ അപര്യാപ്തതയാണ് രോഗകാരണം. ന്യൂറോണ്‍ ലൈസോസോമിനുള്ളില്‍ എന്‍സൈം സബ്സ്ട്രേറ്റ് ക്രമാധികമായി അടിഞ്ഞുകൂടി നാഡീകോശം മൃതമായിത്തീരുന്നു. കോര്‍ട്ടക്സിലെ കോശങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ചിന്താശക്തിയുടെ നാശവും അപസ്മാരവും ആണ് ഫലം.

ലൂക്കോഡിസ്ട്രോഫിയിലാകട്ടെ മയലിന്‍ കോശങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗാലക്ടോ സെറിബോസൈഡിന്റെ അപചയം (catabolism) വഴി സിറാമൈഡ് (ceramide), ഗാലക്ടോസ് (galactose) എന്നിവയുണ്ടാകുന്നതിനാവശ്യമായ ഗാലക്ടോസെറിബോസൈഡ് ഗാലക്ടോസിഡേസ് എന്ന എന്‍സൈമിന്റെ അപര്യാപ്തതമൂലം സബ്സ്ട്രേറ്റ് ന്യൂറോണുകളിലോ ശ്വേതദ്രവ്യ(white matter)ത്തിലോ അടിഞ്ഞുകൂടാതിരിക്കുകയും ചെയ്യുന്നു. പകരം മറ്റൊരു പാതയിലൂടെ ഗാലക്ടോസെറിബോസൈഡ് തന്മാത്രയില്‍നിന്ന് ഒരു കൊഴുപ്പമ്ലം നീക്കം ചെയ്ത് ഗാലക്ടോസില്‍ സ്ഫിങ്ഗോസൈന്‍ (galactosyl sphingosine) എന്ന ഒരു വിഷസംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ഒളിഗോഡെന്‍ട്രോസൈറ്റിന് ക്ഷതമുണ്ടാക്കുന്നു. 3-6 മാസം പ്രായമാകുമ്പോള്‍ത്തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ശിശുവില്‍ പ്രകടമായിത്തുടങ്ങുകയും രണ്ടു വയസ്സിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. ക്രാബ് രോഗം (krabbe diseases) എന്നറിയപ്പെടുന്ന ഈ രോഗംമൂലം ചലന വൈകല്യങ്ങളാണ് ഉണ്ടാകുന്നത്. കേന്ദ്രനാഡീ വ്യൂഹത്തില്‍ മയലിന്റെയും ഒളിഗോ ഡെന്‍ഡ്രോസൈറ്റുകളുടെയും നഷ്ടമുണ്ടാകുന്നു.

അരൈല്‍ സള്‍ഫാറ്റേസ്-എ എന്നൊരു എന്‍സൈമിന്റെ അപര്യാപ്തതയും മയലിന്‍ നാശത്തിനിടയാക്കാറുണ്ട്. സള്‍ഫേറ്റടങ്ങുന്ന കൊഴുപ്പുകളില്‍ (sulphatides) നിന്ന് സള്‍ഫേറ്റിനെ ഭേദിക്കുകയാണ് ഈ എന്‍സൈമിന്റെ ധര്‍മം. എന്‍സൈം അപര്യാപ്തതമൂലം അടിഞ്ഞുകൂടുന്ന സള്‍ഫാറ്റൈഡുകള്‍, പ്രത്യേകിച്ചും സെറിബ്രോസൈഡ് സള്‍ഫേറ്റ്, മയലിന്‍നാശം ഉളവാക്കുന്നു. ഈ പ്രക്രിയയുടെ യഥാര്‍ഥചിത്രം വ്യക്തമല്ലെങ്കിലും 22-ാമത്തെ ക്രോമസോമിലാണ് അരൈല്‍ സള്‍ഫാറ്റേസ്-എ ജീന്‍ നിലകൊള്ളുന്നതെന്ന് അറിവായിട്ടുണ്ട്.

അഡ്രിനല്‍ അപര്യാപ്തതയോടനുബന്ധിച്ചും കേന്ദ്ര നാഡീവ്യൂഹത്തിലും പ്രാന്ത നാഡികളിലും മയലിന്‍ശോഥം ഉണ്ടാകാറുണ്ട്. അഡ്രനോല്യൂകോ ഡിസ്ട്രോഫിമൂലം ദീര്‍ഘ ശൃംഖലാ കൊഴുപ്പമ്ലങ്ങളുടെ ഉപാപചയമാണ് തടസ്സപ്പെടുന്നത്. തത്ഫലമായി മയലിന്‍നാശം, ഗ്ളിയോസിസ്, ലിംഫോസൈറ്റിക വീക്കം എന്നിവയുമുണ്ടാകുന്നു.

ആര്‍ജിത ഉപാപചയ തകരാറുകള്‍

ജനിതകമായല്ലാതെ വിഷബാധമൂലമോ മറ്റു കാരണങ്ങള്‍കൊണ്ടോ ആര്‍ജിതമാകുന്ന ഉപാപചയ തകരാറുകളും നാഡീരോഗത്തിനു കാരണമാകാറുണ്ട്. ജീവകം-ബി1 അഥവാ തയാമിന്‍ അപര്യാപ്തത ചില വ്യക്തികളില്‍ പൊടുന്നനെ മനോരോഗലക്ഷണങ്ങളും ഓര്‍മക്കുറവും ഉളവാക്കുന്നതായി കാണാറുണ്ട്. അമിത മദ്യപാനികളില്‍ ഉണ്ടാകാനിടയുള്ള തയാമിന്‍ അപര്യാപ്തതയായ വെര്‍ണിക് - കൊര്‍സകോഫ് (wernicke-korsakoff) എന്ന സങ്കീര്‍ണരോഗാവസ്ഥ തയാമിന്‍ ചികിത്സകൊണ്ട് പരിഹൃതമാകാറുണ്ട്.

ജീവകം-ബി12 അപര്യാപ്തത നാഡീവ്യൂഹത്തില്‍ അപരിഹാര്യമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ലഘുവായ ശോഷം, കൈകാല്‍ തരിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ വളരെവേഗം വര്‍ധിച്ച് കാലുകളുടെ തളര്‍ച്ചയ്ക്കും പക്ഷാഘാതത്തിനും വഴിതെളിക്കുന്നു. യഥാസമയം ജീവകം-ബി12 ചികിത്സ നല്കിയാല്‍ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാവും. എന്നാല്‍ പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാല്‍ തിരികെ പൂര്‍വസ്ഥിതി പ്രാപിക്കുക സാധ്യമല്ല.

ഗ്ലൂക്കോസ് അപര്യാപ്തത സെറിബ്രല്‍ കോര്‍ട്ടക്സിലെ പിരമിഡല്‍ ന്യൂറോണുകള്‍ക്ക് ക്ഷതം ഉണ്ടാക്കുന്നു. ഹിപ്പോകാമ്പസും, അനുമസ്തിഷ്കവും ഗ്ലൂക്കോസിന്റെ അപര്യാപ്തതയോട് വളരെവേഗം പ്രതികരിക്കും. പ്രമേഹം അനിയന്ത്രിതമായാല്‍ രോഗിക്ക് നിര്‍ജലീകരണവും തുടര്‍ന്നു വ്യാമിശ്രമായ മനോനിലയും ഉണ്ടാകുന്നതായി കണ്ടുവരുന്നു.

ട്യൂമറുകള്‍

മറ്റ് ശരീരഭാഗങ്ങളിലെ അനിയന്ത്രിത കോശവളര്‍ച്ചയില്‍നിന്ന് വ്യതിരിക്തമായ ചില സവിശേഷതകള്‍ നാഡീവ്യൂഹ ട്യൂമറുകള്‍ക്കുണ്ട്. ഒന്നാമതായി മറ്റ് അവയവങ്ങളെയപേക്ഷിച്ച് നാഡീവ്യൂഹ ട്യൂമറുകള്‍ മാരകവും അല്ലാത്തതുമായി വേര്‍തിരിക്കുക പ്രയാസമാണ്. പല ഗ്ളീയല്‍ ട്യൂമറുകളുടെയും സ്വഭാവവും കോശഘടനയും ലഘുട്യൂമറുകളുടേതുപോലെയാണ്. മാരക ട്യൂമറുകളെയപേക്ഷിച്ച് മെല്ലെയാണ് കോശവിഭജനം നടക്കുന്നത്. കൂടാതെ ഈ ട്യൂമര്‍ കോശങ്ങള്‍ പൂര്‍ണമായും വ്യാവര്‍ത്തനം ചെയ്യപ്പെട്ടവയുമാണ്. ഇവയുടെ വളര്‍ച്ച സാവധാനമാണെങ്കിലും മസ്തിഷ്കത്തിന്റെ അഗമ്യഭാഗങ്ങളിലേക്ക് വളര്‍ന്നുകയറുകവഴി തികച്ചും മാരകമായിത്തീരുന്നു. നാഡീധര്‍മങ്ങളില്‍ പ്രശ്നമൊന്നുമുണ്ടാകാതെ ഇവയെ ശസ്ത്രക്രിയവഴി നീക്കം ചെയ്യുക ശ്രമകരമാണ്. മസ്തിഷ്കത്തിലെ ട്യൂമറിന്റെ സ്ഥാനംമൂലം അവയെത്രതന്നെ ലഘുവാണെങ്കില്‍കൂടിയും മാരകമായ ഫലങ്ങള്‍ ഉളവാക്കുന്നു. അര്‍ബുദജന്യമല്ലാത്ത മെനിഞ്ചിയോമ, മെഡുല്ലയെ സങ്കോചിപ്പിച്ച് ശ്വാസതടസ്സവും ഹൃദയാഘാതവും ഉണ്ടാക്കും. എന്നാല്‍ ഏറ്റവും മാരകമായ അര്‍ബുദജന്യ ഗ്ളിയോമപോലും കേന്ദ്ര നാഡീവ്യൂഹത്തിനപ്പുറത്തേക്ക് വ്യാപിക്കുകയില്ല.

ഗ്ലിയോമ, ന്യൂറോണ്‍ ട്യൂമറുകള്‍, മെനിഞ്ചിയോമ, ലിംഫോമ എന്നിവയാണ് പ്രധാന മസ്തിഷ്ക ട്യൂമറുകള്‍.

ആസ്ട്രോസൈറ്റോമ, മെഡുലാബ്ലാസ്റ്റോമ എന്ന് രണ്ടിനം ട്യൂമറുകള്‍ കുട്ടികളിലാണ് കണ്ടുവരുന്നത്. സെറിബെല്ലം അഥവാ അനുമസ്തിഷ്കത്തിലുണ്ടാകുന്ന ആസ്ട്രോസൈറ്റോമ മുറിച്ചുമാറ്റാവുന്നതാണ്. ഭേദപ്പെടുത്താനാവുന്ന ഒരേയൊരിനം ഗ്ലിയോമയാണിത്. സെറിബെല്ലത്തിനു വെളിയിലുണ്ടാകുന്ന കട്ടികൂടിയ സിസ്റ്റിക് ആസ്ട്രോസൈറ്റോമ ഭേദമാക്കാന്‍ സാധ്യമല്ല. മാത്രവുമല്ല ഇത് നാഡീവ്യൂഹത്തെയാകെ ഗ്രസിക്കുകയും ചെയ്യും. മെഡുലാബ്ലാസ്റ്റോമയും അനുമസ്തിഷ്കത്തിലാണുണ്ടാകുന്നതെങ്കിലും വ്യാവര്‍ത്തനം ചെയ്യപ്പെടാത്ത അര്‍ബുദജന്യകോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് മസ്തിഷ്ക  മേരു ദ്രവത്തിലാകെ വ്യാപിക്കുന്നു. എന്നിരുന്നാലും അനുമസ്തിഷ്കത്തിലെ വളര്‍ച്ച നീക്കം ചെയ്തും തലയ്ക്കും നട്ടെല്ലിനും എക്സ്റേ വികിരണം നടത്തിയും 30 ശ.മാ. പേരിലും 5 വര്‍ഷത്തോളം ആയുസ് ദീര്‍ഘിപ്പിക്കാന്‍ സാധിക്കാറുണ്ട്.

പ്രാന്ത നാഡീവ്യൂഹ രോഗങ്ങള്‍

മസ്തിഷ്കത്തെയും സുഷുമ്നയെയും മറ്റ് ശരീരഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നാഡികളാണ് പ്രാന്ത നാഡീവ്യൂഹത്തില്‍ ഉള്‍പ്പെടുന്നത്. 31 ജോഡി സുഷുമ്നാ നാഡികളും (spinal nerves) 12 ജോഡി കപാല നാഡിക(cranial nerves)ളും ഉണ്ട്.

കപാല നാഡീരോഗങ്ങള്‍

ഇന്ദ്രിയാനുഭവങ്ങളെ തലച്ചോറിലെത്തിക്കുകയാണ് കപാലനാഡികളുടെ പ്രധാന ധര്‍മം. ചില കപാലനാഡികള്‍ നാവ്, കണ്ണ്, മുഖപേശികള്‍ എന്നിവ അനക്കുക, ഉമിനീര്‍ ഗ്രന്ഥിയെയും മറ്റും ഉത്തേജിപ്പിക്കുക തുടങ്ങിയ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. സംവേദന-ചലന ധര്‍മങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുന്ന കപാലനാഡികളുമുണ്ട്. ശരീരത്തിന്റെ ആന്തരികധര്‍മങ്ങള്‍ നിയന്ത്രിക്കുന്നത് പാരാസിംപതറ്റിക് നാഡീവ്യൂഹത്തിന്റെ ഘടകമാണ്. പത്താമത്തെ കപാലനാഡിയാണ് വാഗസ് നാഡി. ഇത് ഹൃദയം, ശ്വാസകോശം, പചനവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു.

പന്ത്രണ്ട് കപാലനാഡികളും അവയ്ക്കുണ്ടാകുന്ന തകരാറുകളും പട്ടികയില്‍ കൊടുത്തിരിക്കുന്നു.

സുഷുമ്നാ നാഡീരോഗങ്ങള്‍

31 സുഷുമ്നാ നാഡികളെ നാല് വിഭാഗമായി തിരിച്ചിട്ടുണ്ട്. കഴുത്ത്-സെര്‍വിക്കല്‍, വക്ഷ-തൊറാസിക്, ഇടുപ്പ്-ലുമ്പാര്‍, പൃഷ്ഠ-സേക്രല്‍ നാഡികള്‍. നട്ടെല്ലിന്റെ ഏത് ഭാഗത്തുനിന്നാണ് നാഡികള്‍ അവിര്‍ഭവിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. ഈ നാഡികള്‍ക്ക് ഉണ്ടാകുന്ന ക്ഷതങ്ങളും തകരാറുകളും ശരീരത്തിന്റെ അതത് ഭാഗങ്ങള്‍ക്ക് വേദന, തളര്‍ച്ച, തരിപ്പ്, മരവിപ്പ് എന്നിവയുണ്ടാക്കുന്നു.

സംവേദന-വിശ്ലേഷണ-സ്മൃതി ധര്‍മങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും നാഡീരോഗങ്ങളാണ്. മസ്തിഷ്കത്തിന്റെ മുന്‍ഖണ്ഡ (frontal lobe)മാണ് ചിന്ത, പെരുമാറ്റം, വികാരം തുടങ്ങിയവയെ നിയന്ത്രിക്കുന്നത്. മുന്‍ ഖണ്ഡത്തിനുണ്ടാകുന്ന ക്ഷതവും അപചയവും ഈ ധര്‍മങ്ങളെ സാരമായി ബാധിക്കുന്നു. ഇതുമൂലമുണ്ടാകുന്ന വൈകാരികവും പെരുമാറ്റപരവുമായ വൈകല്യങ്ങള്‍ മനോരോഗ ചികിത്സയുടെയും നാഡി മനഃശാസ്ത്രത്തിന്റെയും പരിധിയിലാണ് വരുന്നത്.

നാഡീസ്രവം

 

ചില നാഡീകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്രവം. ഇത് പൊതുവേ ന്യൂറോ ഹോര്‍മോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ന്യൂറോ ഹോര്‍മോണ്‍ സ്രവിപ്പിക്കുന്ന നാഡീകോശങ്ങളെ ന്യൂറോ സെക്രീറ്ററി കോശങ്ങള്‍ എന്നു വിളിക്കുന്നു. കശേരുകികളുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്താണ് ന്യൂറോ സെക്രീറ്ററി കോശങ്ങളുടെ ആധിക്യം ഏറ്റവും കൂടുതല്‍ നിര്‍ണയിച്ചിട്ടുള്ളത്. മിക്ക ജന്തുക്കളിലും ന്യൂറോ ഹോര്‍മോണുകള്‍, ഉപാപചയം, വളര്‍ച്ച, പ്രത്യുത്പാദനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

നാഡീസ്രവം അഥവാ ന്യൂറോ ഹോര്‍മോണുകള്‍ രാസപരമായി കുറഞ്ഞ തന്മാത്രാ ഭാരമുള്ള പ്രോട്ടീനുകളോ അല്ലെങ്കില്‍ പെപ്റ്റൈഡുകളോ ആണ്. കണികകളുടെ രൂപത്തില്‍ കാണപ്പെടുന്ന ഇവയ്ക്ക് 100-300 നാനോമീറ്റര്‍ വ്യാസമുണ്ടായിരിക്കും. ഈ കണികകള്‍ നേര്‍ത്ത ഒരു സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

നാഡീസ്രവം, നാഡീകോശ ശരീരത്തിനുള്ളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കോശശരീരത്തിനുള്ളിലെ എന്‍ഡോ പ്ളാസ്മിക ജാലികയാണ് ഇവയുടെ നിര്‍മാണത്തിന് സഹായകരമാകുന്നത്. ഉത്പാദിപ്പിക്കപ്പെട്ട ശേഷം ഈ കണികകള്‍ നാഡീകോശത്തിന്റെ ആക്സോണിലൂടെ സഞ്ചരിച്ച് അതിന്റെ അഗ്രഭാഗത്തെത്തുകയും അവിടെ സംഭരിക്കപ്പെടുകയും ചെയ്യുന്നു. വിവിധതരം ചോദനകള്‍ക്കനുസൃതമായി ന്യൂറോ സെക്രീറ്ററി കോശങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ഈ കണികകള്‍ കോശത്തിന് വെളിയിലേക്ക് പുറന്തള്ളപ്പെടുന്നു. തുടര്‍ന്ന്, കണികകളെ ആവരണം ചെയ്തിരിക്കുന്ന സ്തരം എക്സോസൈറ്റോസിസ് (Exocytosis) എന്ന പ്രവര്‍ത്തനഫലമായി, പൊട്ടുകയും ഉള്ളിലുള്ള സ്രവം ബഹിര്‍ഗമിക്കുകയും ചെയ്യുന്നു. ഉയര്‍ന്നതരം കശേരുകികളില്‍, നാഡീസ്രവം രക്തക്കുഴലുകളിലൂടെ നിശ്ചിത അവയവത്തിലെത്തിച്ചേരുന്നു. എന്നാല്‍ താണതരം കശേരുകികളില്‍ ഇവ വ്യാപിക്കല്‍ (diffusion) വഴിയാണ് ലക്ഷ്യത്തിലെത്തുന്നത്.

നാഡീയന്ത്രങ്ങള്‍

 

പ്രാചീനഭാരതത്തിലെ ശല്യചികിത്സകര്‍ (Surgeons) ഉപയോഗിച്ചിരുന്ന ഒരു കൂട്ടം ശസ്ത്രക്രിയോപകരണങ്ങള്‍. നാഡി(കുഴല്‍)യുടെ ആകൃതിയില്‍ ഉള്ളുപൊള്ളയായിരിക്കുന്നതിനാലാണ് ഇവയ്ക്കു നാഡീയന്ത്രങ്ങള്‍ എന്നു പേര് നല്കപ്പെട്ടത്. ഇവയുടെ എണ്ണത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്ക്കുന്നു. മൊത്തം 20 വിധമെന്ന് സുശ്രുതസംഹിതയില്‍ പറയുന്നു. (വിംശതിര്‍നാഡ്യഃ സു.സൂ. 7) അഷ്ടാംഗസംഗ്രഹത്തിലും (സൂത്രസ്ഥാനം അ. 34) അഷ്ടാംഗഹൃദയത്തിലും (സൂത്രസ്ഥാനം അ. 25) അനേകവിധം എന്നല്ലാതെ കൃത്യമായ സംഖ്യ നിര്‍ദേശിക്കുന്നില്ല. ഉരുക്ക്, സ്വര്‍ണം, വെള്ളി, ആനക്കൊമ്പ് എന്നീ വസ്തുക്കളാണ് ഈ ഉപകരണങ്ങളുടെ നിര്‍മിതിക്കായി പ്രയോജനപ്പെടുത്തിയിരുന്നത്.

സാമാന്യവിവരണവും ഉപയോഗവും. നാഡീയന്ത്രാണി സുഷിരാണ്യനേകപ്രകാരാണ്യനേക പ്രയോജനാന്യനകതോമുഖാന്യേക തോമുഖാനി ച ഭവന്തി എന്ന് അ.സംഗ്രഹത്തില്‍ (സൂ.34) പറയുന്നു. ഈ വിവരണത്തില്‍നിന്നു തന്നെ നാഡീയന്ത്രങ്ങളുടെ സാമാന്യസ്വരൂപം വ്യക്തമാകുന്നുണ്ട്. ഇവ ഉള്ളു പൊള്ളയായിരിക്കുന്നതും അനേകവിധത്തിലുള്ളതും അനേകപ്രയോജനങ്ങളോടുകൂടിയതും ഒരു മുഖമോ അനേകമുഖങ്ങളോ ഉള്ളതും ആയിരിക്കും. ഇതുകൂടാതെ, ഇവയുടെ നീളവും വിസ്താരവും പ്രയോഗിക്കുന്ന ശരീരഭാഗത്തിന് അനുസൃതമാകുന്ന വിധത്തില്‍ വ്യത്യാസപ്പെട്ടിരിക്കുകയും വേണം. ഉദാഹരണത്തിന്, വായ്ക്കകം ഉള്ളിലേക്കു പരിശോധിക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന നാഡീയന്ത്രത്തിന് 10 അംഗുലം നീളവും 5 അംഗുലം വാവട്ടവും വേണ്ടതാണ്.

നാഡീയന്ത്രങ്ങളുടെ പ്രയോജനങ്ങള്‍ ഇപ്രകാരം ആണ്.

1. ശരീരസ്രോതസ്സുകളില്‍ തടഞ്ഞിരിക്കുന്ന അന്യവസ്തുക്കളെ കാണുവാനും നീക്കം ചെയ്യുവാനും.

2. രോഗാവസ്ഥ പരിശോധിച്ചറിയുന്നതിന്.

3. ശസ്ത്രക്രിയ ചെയ്യുന്നതിനു സഹായകമായി ശരീരഭാഗത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതിന്.

4. രോഗം ബാധിച്ചിരിക്കുന്ന ഭാഗം പിടിച്ചെടുത്തു നീക്കം ചെയ്യുന്നതിന്.

(സ്രോതോഗതശല്യദര്‍ശനാഹരണാര്‍ഥം രോഗദര്‍ശനാര്‍ഥം ക്രിയാസൗകര്യാര്‍ഥമാചൂഷണാര്‍ഥം ചേതി... (അ.സംഗ്രഹം. സൂ. 34)

ഗ്രന്ഥങ്ങളില്‍ എടുത്തു പറഞ്ഞിട്ടുള്ള യന്ത്രങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. ഈ ഉപകരണങ്ങളുടെ അളവുകള്‍ പറയപ്പെട്ടിരിക്കുന്നത് അംഗുലം എന്ന കണക്കിലാണ്.

1. അംഗുലം = സു. 1.95 സെ.മീ.

അര്‍ശോയന്ത്രം. അര്‍ശസ് (Haemorrhoids) എന്നരോഗത്തെ പരിശോധിക്കുന്നതിനും ശസ്ത്രക്രിയാസമയത്ത് യഥാസ്ഥാനത്ത് ചലനമില്ലാതെ പിടിച്ചുനിര്‍ത്തുന്നതിനും വേണ്ടി ഗുദത്തിലേക്കു കടത്തിവക്കുന്നതിനുള്ള ഉപകരണമാണിത്. ഗോസ്തനത്തിന്റെ ആകാരമാണിതിനെന്നു സാമാന്യമായി പറയാം. നീളം പൊതുവായി നാല് അംഗുലമായി നിജപ്പെടുത്തിയിരിക്കുന്നു. മൂലഭാഗത്തെ വിസ്തൃതി പുരുഷന്മാര്‍ക്ക് അഞ്ച് അംഗുലവും സ്ത്രീകള്‍ക്ക് ആറ് അംഗുലവുമാണ്.


പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണവും ശസ്ത്രക്രിയാസഹായകമായി അര്‍ശോയന്ത്രവും തമ്മില്‍ ഘടനാപരമായ അന്തരമുണ്ട്. പരിശോധനക്കുപയോഗിക്കുന്ന ദ്വിഛിദ്ര അര്‍ശോയന്ത്രം രണ്ടുവശവും തുറന്ന് കുഴല്‍ പോലെയാണിരിക്കുക. അതിനാല്‍ ഈ ഉപകരണം ഉള്ളില്‍ക്കടത്തി പുറത്തേക്കു വലിക്കുന്ന അവസരത്തില്‍ അര്‍ശസ്സിന്റെ തടിപ്പുകള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നു.

ഏകഛിദ്രഅര്‍ശോയന്ത്രത്തിന്റെ ഒരഗ്രം പശുവിന്‍ മുല പോലെ ഉരുണ്ടിരിക്കും. കുഴലിന്റെ മധ്യത്തിലായി 3 അംഗുലം നീളത്തില്‍ പെരുവിരലിന്റെ വിസ്താരത്തില്‍ ഒരു ദ്വാരമുണ്ടായിരിക്കുന്നതാണ്. ഇത് അവസാനിക്കുന്നത് ഒരു വളയ(കര്‍ണിക)ത്തില്‍ ആയിരിക്കും. ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഉപകരണം ഉപയോഗിച്ച് മറ്റ് ശരീരഭാഗങ്ങള്‍ക്ക് തകരാറുണ്ടാകാത്ത വിധത്തില്‍ ശസ്ത്രക്രിയ, ക്ഷാരപ്രയോഗം, അഗ്നിപ്രയോഗം എന്നിവ ചെയ്യാന്‍ എളുപ്പമാണ്. അര്‍ശസ്സിനെ ദ്വാരത്തിലേക്ക് കടത്തിയാണ് മുറിച്ചുകളയുക.

പൂര്‍ണമായും, ഗോസ്തനം പോലെ ഒരഗ്രം അടച്ചിട്ടാണ് ഈ രണ്ടു യന്ത്രങ്ങളും നിര്‍മിക്കേണ്ടത് എന്നൊരഭിപ്രായമുണ്ട്. അങ്ങിനെയെങ്കില്‍ ദ്വിഛിദ്രമായ ഉപകരണത്തില്‍ രണ്ടുദ്വാരവും വശങ്ങളില്‍ തന്നെയാണുണ്ടാകേണ്ടത്. ഇത് രോഗപരിശോധനക്കും, ഒരെണ്ണമുള്ളത് ശസ്ത്രാദികര്‍മങ്ങള്‍ക്കായും പ്രയോജനപ്പെടുത്താവുന്നതാണ്. പ്രായഭേദം പരിഗണിച്ച് അളവുകള്‍ക്ക് വ്യത്യാസം വരുത്തുന്നതില്‍ തെറ്റില്ല.

ആധുനികവൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന പ്രോക്ടോസ്കോപ് (Proctoscope) ഈ യന്ത്രത്തിന്റെ പരിഷ്കൃതരൂപമാണ്.

ഭഗന്ദരയന്ത്രം. ഭഗന്ദരം (Fistula-in-ano) എന്ന രോഗം പരിശോധിക്കുന്നതിനും, ശസ്ത്രാദികര്‍മങ്ങള്‍ സൗകര്യപ്രദമായി ചെയ്യുന്നതിനും വേണ്ടിയാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഭഗന്ദരയന്ത്രം നേരത്തെ പറഞ്ഞ അര്‍ശോയന്ത്രത്തിന്റെ രൂപഭേദം തന്നെയാണെന്നു കാണാന്‍ കഴിയും. ആധുനികമായി ഇതിനു സമാനമായ ഉപകരണം പ്രോക്ടോസ്കോപ് തന്നെയാണ്.

ഭഗന്ദരയന്ത്രം രണ്ടു വിധമാണ്. പരിശോധനയ്ക്കായുള്ള ദ്വിഛിദ്രയന്ത്രം മുന്‍പ് പറഞ്ഞ ദ്വിഛിദ്രഅര്‍ശോയന്ത്രത്തിനു സമാനമാണ്. രണ്ടുവിധം ദ്വിഛിദ്ര ഉപകരണങ്ങളും ഇവിടെയും ഉപയോഗിക്കുന്നു.

ശസ്ത്രക്രിയ ചെയ്യാന്‍ സഹായിക്കുന്ന ഏകഛിദ്രഭഗന്ദരയന്ത്രത്തിന്റെ വശത്തുള്ള ദ്വാരം മുകളില്‍ കര്‍ണികയില്‍ അവസാനിക്കുന്നില്ല. മുകളറ്റം വരെ തുറന്നുകിടക്കും. ഇതിലൂടെ വ്രണം കീറിക്കളയാന്‍ എളുപ്പമാണ്.

വസ്തിയന്ത്രം. കഷായ/തൈലവസ്തികള്‍ ചെയ്യുന്നതിനുള്ള ഉപകരണം. വളവില്ലാത്ത, നീളമുള്ള, ഒരഗ്രഭാഗം ഉരുണ്ട കുഴലാണിത്. മൂലഭാഗം വിസ്താരം കൂടിയും അഗ്രഭാഗം വിസ്താരം കുറഞ്ഞുമാണ് ഇതു നിര്‍മിക്കുന്നത്. അഗ്രഭാഗത്തിനടുത്ത് ഒരു കര്‍ണിക (തടിപ്പ്) മൂലഭാഗത്ത് 2 കര്‍ണിക എന്ന വിധത്തില്‍ ഇതില്‍ ഉണ്ടായിരിക്കും. മൂലഭാഗത്തെ കര്‍ണികകളുടെ ഇടയ്ക്ക് ആടിന്റെ മൂത്രസഞ്ചിയോ     തുകല്‍ കൊണ്ടുള്ള സഞ്ചിയോ ഘടിപ്പിച്ചിരിക്കും. ഇതില്‍ ഔഷധം നിറച്ച് അമര്‍ത്തുകയാണു ചെയ്യുക.

ഇതിനുസമാനമായി ആധുനികശാസ്ത്രത്തില്‍ പറയുന്ന ഉപകരണം റബ്ബര്‍ ബാള്‍ എനിമ സിറിഞ്ച് (Rubber ball enema syrings) ആണ്.

വ്രണയന്ത്രം. വസ്തിയന്ത്രത്തിനു സമാനമായ ആകാരമാണിതിനുള്ളത്. നീളം ആറ് അംഗുലം. അഗ്രഭാഗത്ത് കര്‍ണിക ഇല്ലാതെയിരിക്കും. മൂലഭാഗത്ത് തള്ളവിരല്‍ കടക്കുന്ന വിസ്തൃതിയും അഗ്രത്തില്‍ കടല കടക്കുന്നത്ര ദ്വാരവും ആണുണ്ടായിരിക്കുക. മൂലഭാഗത്ത് ഔഷധം നിറച്ച തുകല്‍ സഞ്ചി(അല്ലെങ്കില്‍ വസ്തി) ഉറപ്പിച്ചിരിക്കും. നാളീവ്രണ (Sinus&fistula) രോഗങ്ങളില്‍ ഉള്ളിലേക്കു ഔഷധം പീച്ചി കഴുകുന്നതിനും വ്രണരോപണമായ എണ്ണകള്‍ കടത്തിവിടുന്നതിനുമാണ് ഇതുപയോഗിക്കുന്നത്.

ആധുനികശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ ഇതിന്റെ പരിഷ്കൃത രൂപമാണെന്ന് കരുതപ്പെടുന്നു.

ഉത്തരവസ്തീയന്ത്രം. മൂത്രദ്വാരത്തിലോ യോനീദ്വാരത്തിലോ ഔഷധം കടത്തുന്നതിനുള്ള ഉപകരണം. വസ്തിയന്ത്രത്തിന്റേതുതന്നെയാണ് അടിസ്ഥാനരൂപം. അളവുകളില്‍ അന്തരമുണ്ട്. പുരുഷന്മാര്‍ക്കുള്ളത് 12 അംഗുലം നീളത്തില്‍മൂല-മധ്യഭാഗങ്ങളില്‍ കര്‍ണികയോടുകൂടിയിരിക്കും. അഗ്രഭാഗം ഉരുണ്ട് മിനുസമായിട്ടാണിരിക്കുക. കടുക് കടക്കുന്നത്ര മാത്രമുള്ള ദ്വാരമാണുള്ളത്. സ്ത്രീകള്‍ക്കുള്ള ഉത്തരവസ്തിയന്ത്രത്തിന് നീളം 10 അംഗുലം മതി. അഗ്രഭാഗത്തുള്ള ദ്വാരം ചെറുപയര്‍ കടക്കുന്നത്ര വിസ്താരത്തില്‍ ആയിരിക്കും. കര്‍ണിക മധ്യഭാഗത്തും മൂലഭാഗത്തും ഓരോന്ന്.

മൂലഭാഗത്തെ കര്‍ണികയില്‍ തുകല്‍സഞ്ചി(വസ്തി)ഘടിപ്പിച്ച് ഔഷധം ഞെക്കിക്കയറ്റുകയാണു ചെയ്യുന്നത്. ആധുനികരൂപം റബ്ബര്‍ ബാള്‍ വജൈനല്‍ ഡൂഷ് (Rubberball vaginal douche).

മൂത്രവൃദ്ധീസ്രാവണയന്ത്രം. രണ്ടറ്റവും തുറന്നിരിക്കുന്ന കുഴലാണിത്. മൂത്രവൃദ്ധി (Hydrocoele) എന്ന രോഗത്തില്‍ ഈ കുഴല്‍ അകത്തേക്കു കടത്തി ഉള്ളിലുള്ള ദ്രാവകം ഇതുവഴി പുറത്തു കളയുന്നു.

ആധുനികശാസ്ത്രത്തില്‍ പറയുന്ന കാനുല (Cannula) ഇതിനു സമാനമായ ഉപകരണമാണ്.

ജലോദരസ്രാവണയന്ത്രം. മുകളില്‍ കാണിച്ച മൂത്രവൃദ്ധിസ്രാവണയന്ത്രത്തിന്റെ ഘടന തന്നെയാണിതിനും. ജലോദരം (Ascites) എന്ന രോഗത്തില്‍ ദ്രാവകം പുറത്തുകളയുന്നതിനുപയോഗിക്കുന്നു.

ധൂമനേത്രയന്ത്രം. മൂന്ന് അറകളോടുകൂടിയതും, വളവില്ലാത്തതുമായ കുഴലാണ് ധൂമനേത്രയന്ത്രം. മൂലഭാഗത്ത് പെരുവിരലും അഗ്രഭാഗത്ത് ലന്തക്കുരുവും കടക്കുന്നത്ര വിസ്താരം ഉള്ള ദ്വാരമാണുണ്ടാവുക. നീളം വ്യത്യാസമുണ്ട്-തീക്ഷ്ണധൂമനത്തിനായുള്ള ഉപകരണം 24 അംഗുലവും സ്നേഹനധൂമനത്തിനായുള്ളത് 32 അംഗുലവും മധ്യമധൂമനത്തിനുള്ളത് 40 അംഗുലവും നീളം വേണം. ശിരസ്സ്, നാസിക തുടങ്ങിയ ഭാഗങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ ഔഷധയുക്തമായ പുക വലിച്ചെടുത്തുവിടുന്നതിന് ഉപയോഗിക്കുന്ന യന്ത്രമാണിത്. ശസ്ത്രക്രിയ ചെയ്ത ശരീരഭാഗത്ത് അണുനാശകധൂമം ഏല്പിക്കുന്നതിനും ധൂമനേത്രം പ്രയോജനപ്പെടുത്തുന്നുണ്ട്.

നിരുദ്ധപ്രകശയന്ത്രം. നിരുദ്ധപ്രകശം എന്ന രോഗത്തിന്റെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഉപകരണം. രണ്ടുഭാഗവും തുറന്നിരിക്കുന്ന കുഴലിന്റെ രൂപമാണിതിനുള്ളത്. മൂത്രദ്വാരത്തിന്റെ വിസ്താരത്തിലാണുണ്ടാക്കുക. എണ്ണയോ നെയ്യോ പുരട്ടി മൂത്രദ്വാരത്തിലേക്ക് കടത്തിവച്ച് മൂത്രസ്രോതസ് വിസ്താരം കൂട്ടിയെടുക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. ആധുനിക രൂപം യൂറിത്രല്‍ ഡയലേറ്റര്‍ (Urethral dilator).

സന്നിരുദ്ധഗുദയന്ത്രം. സന്നിരുദ്ധഗുദം എന്ന രോഗത്തില്‍ ഗുദദ്വാരം വികസിപ്പിക്കുന്നതിനുപയോഗിക്കുന്നു. ആകാരം മേല്‍ക്കാണിച്ച നിരുദ്ധപ്രകാശയന്ത്രത്തിനു സമാനം. കുഴലിന്റെ വിസ്താരം ഗുദദ്വാരത്തില്‍ കടക്കുന്നവിധത്തില്‍ കൂടിയിരിക്കും എന്നതാണ് അന്തരം. ആധുനിക വൈദ്യശാസ്ത്രത്തില്‍ റെക്ടല്‍ ഡയലേറ്റര്‍ (Rectal dilator) ആണ് ഇതിന് തുല്യമായി കണക്കാക്കപ്പെടുന്നത്.

അലാബുയന്ത്രം. ചുരയ്ക്കയുടെ ആകൃതിയില്‍ ഉള്ളതാണ് അലാബുയന്ത്രം. മൊത്തം 12 അംഗുലം നീളവും 18 അംഗുലം വിസ്താരവും ഉണ്ടായിരിക്കും. വായറ്റമാകട്ടെ 3-4 അംഗുലം വിസ്താരത്തിലുള്ളതും വൃത്താകാരവുമായിരിക്കും. ശരീരത്തില്‍നിന്നും കഫദൂഷിതമായ രക്തത്തെ എടുത്തുകളയുന്നതിന് ആണ് ഈ ഉപകരണം പ്രയോജനപ്പെടുത്തുന്നത്. ഈ യന്ത്രത്തിനകത്ത്, പെട്ടെന്ന് ശക്തിയായി കത്തുന്നതും തീ അണയുന്നതുമായ കര്‍പ്പൂരമോ തിരിയോ കത്തിച്ചു വയ്ക്കുന്നു. തീ അണയാന്‍ തുടങ്ങുമ്പോഴേക്കും മുറിവുണ്ടാക്കിയ ശരീരഭാഗത്തേക്ക് ഇതിന്റെ മുഖം അമര്‍ത്തിപ്പിടിക്കുന്നു. ചെറിയ ചൂടു കൂടിയുള്ളതിനാല്‍ ന്യൂനമര്‍ദമുള്ള ഉള്‍ഭാഗത്തേക്ക് ദുഷ്ടരക്തം വന്നു നിറയുകയാണു ചെയ്യുക. സക്ഷന്‍ ബാള്‍ (Suction ball) എന്ന ഉപകരണമാണ് ആധുനികശാസ്ത്രത്തില്‍ ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.

ശൃംഗയന്ത്രം. കാളയുടെയോ മറ്റോ കൊമ്പ് കുറേക്കാലം ഭൂമിയില്‍ കുഴിച്ചിട്ടിരുന്നതിനുശേഷം എടുത്ത് വൃത്തിയാക്കി അതുകൊണ്ടാണ് സാധാരണയായി ഈ ഉപകരണം നിര്‍മിക്കുന്നത്. ഉള്ളു പൊള്ളയായിരിക്കും. 8 അംഗുലം, 10 അംഗുലം, 12 അംഗുലം എന്നിങ്ങനെ വ്യത്യസ്തമായ നീളത്തില്‍ ഇതു നിര്‍മിക്കാറുണ്ട്. വായഭാഗം മൂന്ന് അംഗുലം വിസ്താരത്തിലും അഗ്രഭാഗം ചെറിയദ്വാരവുമായിരിക്കും. ശരീരത്തില്‍ മുറിവുണ്ടാക്കിയശേഷം വായഭാഗം അവിടെ ചേര്‍ത്തുവച്ച് അഗ്രഭാഗത്തിലൂടെ വലിക്കുകയാണു ചെയ്യുക. ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ രക്തം സ്രവിക്കപ്പെടുന്നു. കെട്ടിനില്‍ക്കുന്ന സ്തന്യം വലിച്ചു കളയുന്നതിനും ഇതുപയോഗിക്കാറുണ്ട്. ആധുനികരൂപം മേല്പറഞ്ഞ സക്ഷന്‍ ബാള്‍ (Suction ball) തന്നെ.

പില്ക്കാലകൃതികളായ അഷ്ടാംഗസംഗ്രഹത്തിലും അഷ്ടാംഗഹൃദയത്തിലും അധികമായി പറയുന്ന നാഡീയന്ത്രങ്ങള്‍ ഇവയാണ്.

കണ്ഠശല്യാവലോകിനീനാഡീയന്ത്രം. 10 അംഗുലം നീളവും 5 അംഗുലം വണ്ണവും ഉള്ള കുഴലാണിത്. കണ്ഠത്തില്‍ തറച്ചിരിക്കുന്ന അന്യവസ്തുക്കളെ കാണുന്നതിന് ഉപകരിക്കുന്നു. ആധുനികശാസ്ത്രത്തില്‍ പറയുന്ന ത്രോട്ട് സ്പെക്കുലം (Throat speculum) ഇതിനു സമാനമായ രൂപമാണ്.

ശല്യനിര്‍ഘാതിനീയന്ത്രം. അഗ്രഭാഗം പദ്മകര്‍ണിക (താമരപ്പൂവിന്റെ ഉള്ളിലായി കാണുന്ന ഭാഗം) പോലെയിരിക്കുന്നതാണ് ഈ ഉപകരണം. മൊത്തം 12 അംഗുലം നീളമുള്ള ഇതിന്റെ നാലിലൊരു ഭാഗം ഉള്ളുപൊള്ളയായിരിക്കും. ശരീരത്തില്‍ തറച്ചിരിക്കുന്ന അന്യവസ്തുക്കളെ ഇളക്കിയെടുക്കുന്നിന് ഉപകരിക്കുന്നു.

അംഗുലീത്രാണകനാഡീയന്ത്രം. വിരല്‍ കടക്കുന്ന വിധത്തില്‍ ആനക്കൊമ്പോ തടിയോ കൊണ്ടു നിര്‍മിച്ച കുഴലാണിത്. മൊത്തം നാലംഗുലം നീളം, രണ്ടഗ്രങ്ങളിലും ദ്വാരങ്ങളുണ്ടായിരിക്കും. രോഗിയുടെ വായ്ക്കുള്ളിലേക്കു വിരല്‍ കടത്തി വായതുറന്നുപിടിക്കുന്നതിനുള്ള ഉപകരണമാണിത്. ഫിംഗര്‍ ഗാര്‍ഡ് (Finger guard) എന്ന് ആധുനികഭാഷയില്‍ പറയുന്നു.

യോനീവ്രണേക്ഷണയന്ത്രം. 16 അംഗുലം നീളത്തില്‍, വികസിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ നാലു ഭാഗങ്ങള്‍ ചേര്‍ന്ന ഉപകരണം. യോന്യന്തര്‍ഭാഗം നോക്കിക്കാണുന്നതിനായാണിത്. വജൈനല്‍ സ്പെക്കുലം (Vaginal speculum) ആണ് ഇതിന് ആധുനികശാസ്ത്രത്തില്‍ തുല്യമായി ഉപയോഗിക്കുന്ന ഉപകരണം.

ശമീയന്ത്രം. മുന്‍പ് വിവരിച്ച അര്‍ശോയന്ത്രത്തിന്റെ ഘടന തന്നെയാണിതിനും. പാര്‍ശ്വഭാഗത്തുള്ള ഛിദ്രം ഇവിടെയില്ല എന്നതാണ് വ്യത്യാസം. അര്‍ശോയന്ത്രത്തില്‍ കടത്തി അതിനുള്ളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അങ്കുരത്തെ ഉടച്ചു കളയുന്നതിനാണ് ശമീയന്ത്രം ഉപകരിക്കുന്നത്.

ഘ്രാണാര്‍ബുദാര്‍ശോയന്ത്രം. ഇന്ന് ആധുനികവൈദ്യത്തില്‍ ഉപയോഗിക്കുന്ന നേസല്‍ സ്പെക്കുലത്തിന്റെ ആദ്യരൂപം കുഴല്‍രൂപത്തിലുള്ള ഈ യന്ത്ര (Tubular nasal speculum)മാണെന്ന് വിലയിരുത്തപ്പെടുന്നു. മൂക്കിന്‍ദ്വാരത്തിലുണ്ടാകുന്ന അര്‍ശസ് (Polyp), അര്‍ബുദം എന്നിവയെ പരിശോധിക്കുന്നതിനും ശസ്ത്രാദിക്രിയകള്‍ ചെയ്യുന്നതിനും ആണ് മുന്‍കാലങ്ങളില്‍ ഇത് ഉപയോഗിച്ചു പോന്നത്. കുഴല്‍ രണ്ടംഗുലം നീളവും ചൂണ്ടുവിരല്‍ വണ്ണവുമുള്ളതാണ്.

ഘടീയന്ത്രം. കുടത്തിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്നതാണ് ഘടീയന്ത്രം. അലാബുയന്ത്രത്തിനുപകരമായി ഉപയോഗിക്കാവുന്നതാണ്. ഗുല്‍മരോഗത്തിന്റെ ചികിത്സയിലും ഇതു പ്രയോജനപ്പെടുത്തുന്നുണ്ട്.

നാഡീജ്യോതിഷം

 

ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖ. നാഡീജ്യോതിഷം മുഖ്യമായും കാണപ്പെട്ടുവരുന്നത് തമിഴ്നാട്ടിലാണ്. എല്ലാ മനുഷ്യരുടെയും ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പണ്ടുള്ള സന്ന്യാസിവര്യന്മാര്‍ താളിയോലകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നാണ് വിശ്വാസം. നാഡീജ്യോതിഷം എഴുതപ്പെട്ടിട്ടുള്ളത് വട്ടെളുത്ത് (vatteluttu) എന്നറിയപ്പെടുന്ന പുരാതന തമിഴ് ഭാഷയിലാണ്. അഗസ്ത്യമുനിയാണ് ഇത് എഴുതിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം. തമിഴ്നാട്ടിലെ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി ഇപ്പോഴും നാഡീജ്യോതിഷികളുണ്ട്.

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സരസ്വതിമഹല്‍ ലൈബ്രറിയിലായിരുന്നു ആദ്യം ഇത്തരം താളിയോലകള്‍ സംരക്ഷിച്ചുപോന്നിരുന്നത്. അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ ഈ താളിയോലകളില്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ അന്നത്തെ നാഡീജ്യോതിഷികള്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ വിസമ്മതിച്ചു. അങ്ങനെ കുറച്ച് താളിയോലകള്‍ അവിടെ നശിച്ചുപോവുകയും ബാക്കിയുള്ളവ ലേലത്തില്‍ വില്ക്കുകയും ചെയ്തു. ഈ താളിയോലകള്‍ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി വസിച്ചിരുന്ന ജ്യോതിഷന്മാരുടെ കുടുംബത്തിലാണ് എത്തിച്ചേര്‍ന്നത്. തലമുറകളായി ഈ നാഡീജ്യോതിഷം കൈമാറി വരുന്നു എന്നാണ് പറയപ്പെടുന്നത്. ജര്‍മനിയിലുള്ള പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അയണ്‍ റേഡിയേഷന്‍ ഒഫ് ഫിസിക്സ് വിഭാഗം നടത്തിയ കാര്‍ബണ്‍ 14-ടെസ്റ്റ് പ്രകാരം നാഡീജ്യോതിഷത്തിന് ഏകദേശം 350 ഓളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

നമ്മുടെ വിരലടയാളം ഉപയോഗിച്ചാണത്രെ നാഡീജ്യോതിഷന്മാര്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പ്രവചിക്കാറ്. സ്ത്രീകളുടെ ഇടതുകൈയുടെ വിരലടയാളവും പുരുഷന്മാരുടെ വലതുകൈയുടെ വിരലടയാളവുമാണ് ഇതിന് ഉപയോഗിക്കാറ്. വിരലടയാളം ലഭിച്ച ജ്യോതിഷികള്‍ നമ്മുടെ വിരലടയാളവുമായി യോജിക്കുന്ന താളിയോലകള്‍ എടുക്കും. ഓരോ താളിയോലയും ഓരോ മനുഷ്യന്റെ ജനനം മുതലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നവയായിരിക്കും. നാഡീജ്യോതിഷികളെ ഭാവി കാര്യങ്ങള്‍ അറിയുന്നതിനായി സമീപിച്ചാല്‍ അവര്‍ ആദ്യം ഒരോലയെടുത്ത് 'വായിച്ച്' ഗ്രാഹകന്റെ പേരും മറ്റു വിവരങ്ങളും പറയും. അഴയില്‍ പലതും തെറ്റായിരിക്കും. എങ്കില്‍ അടുത്ത ഓല 'വായിക്കും'. അതിലും കുറെ തെറ്റായ വിവരങ്ങള്‍ കാണും. നാലഞ്ച് ഓല വായിച്ചു കഴിയുമ്പോള്‍ ഗ്രാഹകനെ സംബന്ധിച്ച് പ്രവചിക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ജ്യോതിഷനും കിട്ടിയിരിക്കും. അടുത്ത ഓലയില്‍ മിക്കവാറും ശരിയായ വിവരങ്ങള്‍ ഉണ്ടായിരിക്കും. 'അതായിരിക്കും' ഗ്രാഹകനെ സംബന്ധിച്ച ഓല. താളിയോലകളില്‍ പ്രധാനമായും 12 കാണ്ഡങ്ങളാണുള്ളത്.

ഒന്നാം കാണ്ഡത്തില്‍ ഒരാളുടെ ജാതകപ്രകാരം അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണമായിരിക്കും ഉണ്ടാവുക. കൂടാതെ എല്ലാ കാണ്ഡങ്ങളെക്കുറിച്ചുമുള്ള ഒരു ലഘുവിവരണവും ഉണ്ടായിരിക്കും.

രണ്ടാം കാണ്ഡത്തില്‍ ഒരാളുടെ കുടുംബം, വിദ്യാഭ്യാസം, ധനം മുതലയായവയെക്കുറിച്ചായിരിക്കും പ്രതിപാദിച്ചിരിക്കുക.

മൂന്നാം കാണ്ഡത്തില്‍ സഹോദരങ്ങളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചിരിക്കും.

നാലാം കാണ്ഡത്തില്‍ അമ്മ, വീട്, ഭൂമി, വാഹനം എന്നിവയെക്കുറിച്ചായിരിക്കും ഉണ്ടാവുക.

അഞ്ചാം കാണ്ഡത്തില്‍ കുട്ടികളും അവരുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും ഉണ്ടാവുക.

ആറാം കാണ്ഡത്തില്‍ രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ ശത്രുക്കള്‍ മൂലമോ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും വിഷമങ്ങളുമാവും പ്രതിപാദിച്ചിരിക്കുക.

ഏഴാം കാണ്ഡത്തില്‍ വിവാഹത്തെക്കുറിച്ച് പ്രധാനമായും ഭാവി വരന്റെ/വധുവിന്റെ പേര്, സ്വഭാവ സവിശേഷതകള്‍, വിവാഹസമയം എല്ലാം പ്രതിപാദിച്ചിരിക്കും.

എട്ടാം കാണ്ഡത്തില്‍ ഒരാളുടെ ജീവിതസമയം എത്രയുണ്ടെന്നും, ജീവിതത്തില്‍ നടക്കാനിരിക്കുന്ന വിഷമതകളുടെ സമയത്തെക്കുറിച്ചും ആണുണ്ടാവുക.

ഒന്‍പതാം കാണ്ഡത്തില്‍ അച്ഛന്‍, ധനം, സന്ദര്‍ശിക്കാനിരിക്കുന്ന പുണ്യസ്ഥലങ്ങള്‍, പുണ്യപുരുഷന്മാര്‍, സാമൂഹ്യജീവിതം തുടങ്ങിയവയായിരിക്കും കാണുക.

പത്താം കാണ്ഡത്തില്‍ ഒരാളുടെ ഔദ്യോഗിക ജീവിതം, അതിലുണ്ടാകുന്ന നല്ലതും, ചീത്തയുമായ കാര്യങ്ങള്‍, ബിസിനസ്സ് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കും.

പതിനൊന്നാം കാണ്ഡത്തില്‍ രണ്ടാം വിവാഹത്തെക്കുറിച്ചും, ബിസിനസ്സില്‍ ഉണ്ടാകുന്ന ലാഭത്തെക്കുറിച്ചും കാണാം.

പന്ത്രണ്ടാം കാണ്ഡത്തില്‍ അടുത്ത ജന്മത്തെക്കുറിച്ചും മോക്ഷത്തെക്കുറിച്ചുമായിരിക്കും പ്രതിപാദിക്കുക.

ഈ പന്ത്രണ്ട് കാണ്ഡങ്ങളെക്കൂടാതെ ശാന്തി, പരിഹാരം, ദീക്ഷ കാണ്ഡം, ഔഷധ കാണ്ഡം എന്നിങ്ങനെ മൂന്ന് കാണ്ഡങ്ങള്‍ കൂടിയുണ്ട്.

ചില പൊതുലക്ഷണങ്ങളെ അടിസ്ഥാനമാക്കി തീര്‍ത്തവയാണ് ഈ താളിയോലകള്‍ എന്നു കരുതാം. ജ്യോതിഷന്റെ മികച്ച ഓര്‍മശക്തിയും യുക്തിയും നാഡീജ്യോതിഷത്തില്‍ പരമപ്രധാനമാണ്. അതിനപ്പുറം അതിന് ശാസ്ത്രീയ അടിത്തറ ഉള്ളതായി കരുതുന്നില്ല.

നാഡീമനഃശാസ്ത്രം

 

മസ്തിഷ്കഘടനയും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്ന മനഃശാസ്ത്രശാഖ. മനുഷ്യരുടെയും മൃഗങ്ങളുടെയും പൂര്‍ണാരോഗ്യത്തോടുകൂടിയതും രോഗാതുരമായതും ആയ മസ്തിഷ്കങ്ങളും നാഡീവ്യൂഹങ്ങളും പഠനവിധേയമാക്കപ്പെടുന്നു. പ്രത്യക്ഷണം, ഭാഷാപ്രയോഗം എന്നിവയിലെ അവ്യവസ്ഥകള്‍, കായികചലനശേഷിയിലെ വ്യതിയാനങ്ങള്‍ എന്നിവ മനസ്സിലാക്കുവാന്‍ നാഡീ മനഃശാസ്ത്രം സഹായകമാകുന്നു.

ചരിത്രം

ആത്മാവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന അന്വേഷണത്തില്‍ നിന്നാണ് മനുഷ്യന്റെ മാനസിക കഴിവുകളുടെ ശാരീരിക ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചത്. ആശയങ്ങളുടെയും ചിന്തയുടെയും ആലയം ആത്മാവാണെന്നാണ് ആദ്യകാലത്ത് കരുതപ്പെട്ടിരുന്നത്. ഉദ്ദേശം രണ്ടാം ശ.-ത്തോടെ ഗ്രീക്ക് ശാസ്ത്രജ്ഞനായ ഗാലന്‍ (130-200), മസ്തിഷ്കമാണ് നാഡീവ്യൂഹത്തിന്റെ കേന്ദ്രമെന്നും, സംവേദനം, ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങള്‍ അതാണ് നിയന്ത്രിക്കുന്നതെന്നും തെളിയിച്ചു. ഈ കണ്ടെത്തലിനുശേഷവും, നൂറ്റാണ്ടുകളോളം ആത്മാവിന്റെ ശക്തിയെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങള്‍ നിലനിന്നിരുന്നു. മസ്തിഷ്കത്തിലെ ദ്രാവകം നിറഞ്ഞ ദരങ്ങളാണ് ധൈഷണിക കഴിവുകളുടെ ഉറവിടം എന്നാണ് കരുതപ്പെട്ടിരുന്നത്.

പതിനഞ്ച് മുതല്‍ പതിനെട്ട് വരെയുള്ള നൂറ്റാണ്ടുകളില്‍ മസ്തിഷ്ക ദരങ്ങളാണ് മാനസിക-ധൈഷണിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന സിദ്ധാന്തത്തിനെതിരെ തെളിവുകള്‍ ശേഖരിക്കപ്പെട്ടു. ഇക്കാലത്ത് ലിയനാര്‍ദൊ ദാവിഞ്ചി (1472-1519), ആന്‍ഡ്രിയാസ് വെസാലിയുസ് (1514-64) തോമസ് വില്ലിസ് (1621-75) ജോസഫ് ബാദര്‍ (1723-73) തുടങ്ങിയ പ്രതിഭാശാലികള്‍ ധൈഷണിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം മസ്തിഷ്കദരങ്ങളല്ല, മസ്തിഷ്ക പദാര്‍ഥമാണെന്ന് സ്ഥാപിച്ചു. രോഗികളിലെ മസ്തിഷ്കാപചയത്തെക്കുറിച്ച് ബാദര്‍ വസ്തുനിഷ്ഠമായി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തില്‍ ശരീരക്രിയാശാസ്ത്രജ്ഞനായ ഫ്രാന്‍സ് ജോസഫ് ഗാല്‍ (1757-1828) തന്റെ 'അവയവശാസ്ത്ര' (Organology) സിദ്ധാന്തം അവതരിപ്പിച്ചു. മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ സ്ഥാനനിര്‍ണയത്തെക്കുറിച്ചുള്ള ആദ്യത്തെ ക്രമനിബദ്ധമായ വീക്ഷണമായിരുന്നു ഇത്. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ നിര്‍ദിഷ്ട മാനസിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം വഹിക്കുന്നു എന്ന് ഇദ്ദേഹം വാദിച്ചു. മസ്തിഷ്ക ഭാഗങ്ങളുടെ വലുപ്പത്തിലെ വ്യത്യാസം തലയോടിന്റെ ആകൃതിയിലുള്ള വ്യതിയാനങ്ങളില്‍ പ്രതിഫലിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.


ശാസ്ത്രീയവും, മതപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ ഗാലിന്റെ വീക്ഷണങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഫ്രഞ്ച് ശരീരക്രിയാശാസ്ത്രജ്ഞനായ പിയറി ഫ്ളൂറന്‍സ് (1794-1867) പൂര്‍വ മസ്തിഷ്കത്തിന്റെ അര്‍ധ ഗോളങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുക സാധ്യമല്ല എന്നും ഇവ ഒരുമിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് എന്നും വാദിച്ചു. നിര്‍ദിഷ്ട മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍വ മസ്തിഷ്കത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സംയുക്തപ്രവര്‍ത്തനം ആവശ്യമാണ് എന്നും ഇദ്ദേഹം പറഞ്ഞു. ഈ വാദം 'സമബലസിദ്ധാന്തം' (equipotentiallity) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫ്ളൂറന്‍സിന്റെ വീക്ഷണങ്ങള്‍ കുറച്ചുകാലം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പത്തൊമ്പതാം ശ.-ത്തിന്റെ അന്ത്യത്തോടുകൂടി പോള്‍ ബ്രോക (1824-80) ഫ്രിറ്റ്ഷ് (1838-1927), കാള്‍ വെര്‍ണിക്ക് (1848-1904) എന്നിവര്‍ ഗാലിന്റെ 'സ്ഥാനനിര്‍ണയ' (localisation) സിദ്ധാന്തത്തിന്റെ പരിഷ്കൃത ഭാഷ്യങ്ങളെ അനുകൂലിച്ചു.

'സ്ഥാനനിര്‍ണയ'ത്തെ ച്ചൊല്ലിയുള്ള വിവാദം ഇരുപതാം ശ.-ത്തിലും തുടര്‍ന്നു. പരീക്ഷണാത്മക മനഃശാസ്ത്രത്തില്‍ അന്തര്‍നിരീക്ഷണത്തിന്റെ സ്ഥാനത്ത് വസ്തുനിഷ്ഠവും പരിമാണാത്മകവുമായ പെരുമാറ്റ പരീക്ഷകള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഡാര്‍വിന്റെ (1809-1882) പരിണാമ സിദ്ധാന്തവും പ്രകൃതിനിര്‍ധാരണത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതോടുകൂടി മൃഗങ്ങളുടെയും മനുഷ്യരുടെയും പെരുമാറ്റത്തിലെ സമാനതകളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നു. തത്ഫലമായി മനുഷ്യന്റെ പെരുമാറ്റം അപഗ്രഥിക്കുവാന്‍ മൃഗങ്ങളുടെ മാതൃകകള്‍ ഉപയോഗിക്കുന്ന പ്രവണതയ്ക്ക് കൂടുതല്‍ പ്രചാരം സിദ്ധിച്ചു.

ഇരുപതാം ശതകത്തിന്റെ ആരംഭത്തില്‍ മനഃശാസ്ത്രജ്ഞനായ കാള്‍ ലാഷ്ലി (1890-1958) മനഃശാസ്ത്രപരമായ ആശയങ്ങളുടെ നാഡി സഹസംബന്ധികളെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ജയിംസ് വാട്ട്സണ്‍(1878-1958)ന്റെ ശിഷ്യനായിരുന്ന ഇദ്ദേഹം അനുബന്ധിത പ്രതിക്രിയകളെക്കുറിച്ചാണ് പ്രധാനമായും പഠനങ്ങള്‍ നടത്തിയത്. റഷ്യന്‍ ശാസ്ത്രജ്ഞരായ പാവ്ലോവി (1879-1936)ന്റെയും ബെക്തെരെഫ്(1857-1927)ന്റെയും വീക്ഷണങ്ങള്‍ ഇവരെ വളരെയധികം സ്വാധീനിച്ചിരുന്നു. വാഷിങ്ടണ്‍ ഡി.സി.യിലെ സെന്റ് എലിസബത്ത് ആശുപത്രിയിലെ ഷെപ്പര്‍ഡ് ഫ്രാന്‍സു (1874-1933)മായി ചേര്‍ന്ന് ലാഷ്ലി അനുബന്ധിത പ്രതിക്രിയയുടെ ജൈവപാത കണ്ടെത്തുവാന്‍ ശ്രമിച്ചു. മനുഷ്യരിലും മൃഗങ്ങളിലും മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് നഷ്ടപ്പെടുന്ന പ്രവര്‍ത്തനശേഷിയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്ന്, എലികളുടെ മസ്തിഷ്കത്തിന്റെ പൂര്‍വഭാഗത്ത് നിന്ന് വ്യത്യസ്ത വലുപ്പത്തില്‍ ഭാഗങ്ങള്‍ നീക്കം ചെയ്താലും സുപരിശീലിതമായ പെരുമാറ്റങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കണ്ടെത്തി. 'സ്ഥാനനിര്‍ണയ' സിദ്ധാന്തത്തിലൂടെ ഇത് വിശദീകരിക്കുവാനാകില്ല എന്ന് ഇവര്‍ വാദിച്ചു.

തുടര്‍ന്ന് ലാഷ്ലി, കോര്‍ട്ടക്സില്‍ ഓര്‍മകള്‍ ആലേഖനം ചെയ്യപ്പെടുന്ന സ്ഥാനം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചു. എലികളിലും പ്രൈമേറ്റുകളിലും മസ്തിഷ്കത്തില്‍ ക്ഷതം ഏല്പിച്ചതിനുശേഷം വ്യൂഹപഠനം, ദൃശ്യവിവേചനം തുടങ്ങിയ ആര്‍ജിത സ്വഭാവങ്ങളുടെ നിലനില്പ് അഥവാ ഓര്‍മ പരിശോധിക്കുന്ന മാര്‍ഗമാണ് ഇദ്ദേഹം അവലംബിച്ചത്. ഒരു പ്രത്യേക ആര്‍ജിത സ്വഭാവഗുണത്തിന്റെ ഓര്‍മ കോര്‍ട്ടക്സിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് കേന്ദ്രീകൃതമാണെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ക്ഷതമേല്പിക്കുന്നതിലൂടെ ആ ഓര്‍മ നശിപ്പിക്കുവാന്‍ കഴിയും. എന്നാല്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ കോര്‍ട്ടെക്സിന് സമബല സ്വഭാവമാണുള്ളതെന്ന് സൂചിപ്പിച്ചു. ബ്രെയിന്‍ മെക്കാനിസംസ് ആന്‍ഡ് ഇന്റലിജന്‍സ് (Brain Mechanisms and Intelligence-1929) എന്ന സുപ്രധാന കൃതിയില്‍ ഇദ്ദേഹം കോര്‍ട്ടക്സും ആര്‍ജിത സ്വഭാവഗുണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ട് തത്ത്വങ്ങള്‍ അവതരിപ്പിച്ചു. നീക്കം ചെയ്യപ്പെടുന്ന കോര്‍ട്ടക്സിന്റെ അളവിന് ആനുപാതികമായാണ് ആര്‍ജിത സ്വഭാവഗുണങ്ങള്‍ക്ക് കോട്ടം തട്ടുക എന്ന് ഇദ്ദേഹത്തിന്റെ 'കൂട്ട പ്രവര്‍ത്തന നിയമം' (law of mass action) പ്രസ്താവിക്കുന്നു. രണ്ടാമത്തെ നിയമമായ 'ബഹുബല നിയമ' (law of multipotentiality) പ്രകാരം കോര്‍ട്ടക്സിന്റെ ഓരോ ഭാഗവും അനേകം പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുന്നു.

കോര്‍ട്ടക്സിന്റെ ഒരുഭാഗവും ഒരു ആര്‍ജിത സ്വഭാവഗുണത്തെയും ഒറ്റയ്ക്കു നിയന്ത്രിക്കുന്നില്ല എന്ന് ലാഷ്ലി കണ്ടെത്തി. മസ്തിഷ്കപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങള്‍ ഉയര്‍ന്ന തോതിലുള്ള ആന്തരിക വിഭജനങ്ങള്‍ക്കും, ഇനം തിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. ആധുനിക വീക്ഷണവുമായി പൊരുത്തപ്പെടുന്ന ഒരു വ്യാഖ്യാനം ലാഷ്ലിയുടെ കണ്ടെത്തലുകള്‍ക്ക് ലഭിച്ചത് ബ്രിട്ടിഷ് നാഡീശാസ്ത്രജ്ഞനായ ഹ്യുലിങ്സ് ജാക്സണ്‍(1835-1911)ന്റെ സിദ്ധാന്തത്തില്‍നിന്നാണ്. അപസ്മാര രോഗികളിലെ പഠനത്തെ ആസ്പദമാക്കിയാണ് ജാക്സണ്‍ തന്റെ സിദ്ധാന്തത്തിനു രൂപം നല്കിയത്. മസ്തിഷ്ക കാണ്ഡവും സുഷുമ്നാ നാഡിയും, ഇന്ദ്രിയാനുഭവ-ചാലക കോര്‍ട്ടക്സുകള്‍, അനുബന്ധ-പൂര്‍വ കോര്‍ട്ടക്സുകള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് ഓരോ മാനസിക പ്രവര്‍ത്തനവും പ്രതിനിധീകരിക്കപ്പെടുന്നതെന്ന് ഇദ്ദേഹം വാദിച്ചു. കോര്‍ട്ടക്സില്‍ ക്ഷതമേല്പിക്കുന്നത് ഏതെങ്കിലും ഒരു തലത്തിലുള്ള പ്രതിനിധീകരണം മാത്രമാണ് നീക്കം ചെയ്യുന്നത്. ഇതിനാലാണ് ചില സന്ദര്‍ഭങ്ങളില്‍ ആര്‍ജിത സ്വഭാവഗുണങ്ങള്‍ പൂര്‍ണമായി നശിക്കാത്തത്.

ലാഷ്ലിയുടെ ശിഷ്യനായ ഡൊണാള്‍ഡ്. ഒ. ഹെബ്ബ് (1904-85) ആണ് നാഡീമനഃശാസ്ത്രത്തിലെ ഏറ്റവും സമഗ്രമായ സിദ്ധാന്തത്തിന് രൂപം നല്കിയത്. ദ് ഓര്‍ഗനൈസേഷന്‍ ഒഫ് ബിഹേവിയര്‍ (Thr Organization of Behaviour 1949) എന്ന കൃതിയില്‍, അനുഭവങ്ങളുടെ ആവര്‍ത്തനം നാഡീവ്യൂഹത്തിലെ ഓര്‍മയുടെ പ്രതിനിധീകരണങ്ങള്‍ വികസിക്കുവാന്‍ ഇടയാക്കുമെന്നും, ഇത് നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ രാസഘടന അഥവാ രൂപതന്ത്രത്തില്‍ വ്യതിയാനം ഉളവാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡയന്‍സിഫലോണിലെയും ടെലെന്‍സിഫലോണിലെയും കോശവ്യൂഹങ്ങള്‍ വികസിക്കുവാനും ശക്തിപ്പെടുവാനും അനുഭവസമ്പത്ത് സഹായകമാകുന്നു. ഓരോ നാഡീകോശവും അനേകം വ്യൂഹങ്ങളിലെ അംഗമായിരിക്കും.

നാഡീമനഃശാസ്ത്രപരമായ പരീക്ഷകള്‍ ഉപയോഗിച്ച് മസ്തിഷ്കവും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുവാന്‍ ശ്രമിച്ച ആദ്യത്തെ മനഃശാസ്ത്രജ്ഞനാണ് വാര്‍ഡ് ഹാല്‍സ്റ്റെഡ് (Ward Halstead). ഹാല്‍സ്റ്റെഡിന്റെ ശിഷ്യനായ റാല്‍ഫ് റൈറ്റന്‍ ഈ പരീക്ഷ പരിഷ്കരിക്കുകയുണ്ടായി. 'ഹാല്‍സ്റ്റെഡ്-റൈറ്റന്‍ ബാറ്ററി' എന്നറിയപ്പെടുന്ന ഈ പരീക്ഷ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മാനസിക കഴിവുകളും മസ്തിഷ്ക കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുവാന്‍ ഇത് വളരെയധികം പ്രയോജനപ്പെടുന്നു. പ്രായം കൂടുമ്പോള്‍, ധൈഷണികമായ കഴിവുകളിലും പെരുമാറ്റത്തിലും ഗണ്യമായ വ്യതിയാനങ്ങള്‍ ദൃശ്യമാകുന്നു എന്ന് മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. 1970-കളിലും 80-കളിലും നാഡീമനഃശാസ്ത്രം നാഡീശാസ്ത്രങ്ങളിലെ ഒരു പ്രത്യേക ശാഖയായി വികസിച്ചു.

ഇരുപതാം ശതകത്തില്‍ മസ്തിഷ്കപ്രവര്‍ത്തനവും പെരുമാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. ലോകയുദ്ധങ്ങളില്‍ മസ്തിഷ്കക്ഷതം സംഭവിച്ച സൈനികര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്, വ്യത്യസ്ത മസ്തിഷ്കഭാഗങ്ങള്‍ ഏതു വിധത്തിലാണ് വ്യത്യസ്ത പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തിയത്.

ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീമനഃശാസ്ത്രവും

നാഡീമനഃശാസ്ത്രത്തെ ക്ളിനിക്കല്‍ നാഡീമനഃശാസ്ത്രം, പരീക്ഷണാത്മക നാഡീമനഃശാസ്ത്രം എന്ന് രണ്ടായി തിരിക്കാവുന്നതാണ്.

മസ്തിഷ്ക ക്ഷതമുള്ള വ്യക്തികളുടെ വിശദവും സൂക്ഷ്മവുമായ പഠനമാണ് ക്ളിനിക്കല്‍ നാഡീമനഃശാസ്ത്രം. ട്യൂമറുകള്‍, സ്ട്രോക്ക്, വാഹനാപകടങ്ങള്‍ മറ്റും മൂലമുണ്ടാകുന്ന ആഘാതം തുടങ്ങിയവയാണ് മസ്തിഷ്ക ക്ഷതമുണ്ടാക്കുന്നത്. ഇത്തരം ക്ഷതങ്ങളുടെ ഫലമായി ഉണ്ടാകുന്ന ധൈഷണികശേഷിക്കുറവ് വിലയിരുത്തുന്നതില്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വ്യത്യസ്ത ചോദ്യാവലികളിലൂടെയും മറ്റു മനഃശാസ്ത്ര പരീക്ഷകളിലൂടെയുമാണ് നിര്‍ണയം നടക്കുന്നത്. ക്ഷതത്തിന്റെ സ്ഥാനം, വ്യാപ്തി, തീവ്രത എന്നിവ അനുമാനിക്കുവാന്‍ ഇവ സഹായകമാകുന്നു.

മസ്തിഷ്കത്തിന്റെ ഒരേ ഭാഗത്തേല്ക്കുന്ന ക്ഷതം രണ്ട് വ്യത്യസ്ത വ്യക്തികളെ വ്യത്യസ്ത രീതികളിലായിരിക്കും ബാധിക്കുന്നത്. അതിനാല്‍ മനഃശാസ്ത്ര പരീക്ഷകള്‍ക്കു പുറമേ ഓരോ രോഗിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍-ജോലിസ്ഥലത്തും, വീട്ടിലും, സാമൂഹിക സന്ദര്‍ഭങ്ങളിലും-സൂക്ഷ്മമായി നിരീക്ഷിച്ച് ക്ഷതംമൂലം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ക്ഷതംമൂലം നഷ്ടമായ അഥവാ കോട്ടം തട്ടിയ കഴിവുകള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുന്നതിനോടൊപ്പം, രോഗിയ്ക്കു ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും കോട്ടം തട്ടിയിട്ടില്ലാത്ത കഴിവുകളും ഏതൊക്കെയെന്നും കണ്ടെത്തേണ്ടതാണ്. നില നില്ക്കുന്ന കഴിവുകള്‍ നഷ്ടപ്പെട്ടവയുടെ വിടവ് നികത്തുവാന്‍ സഹായമാകുന്നു.

സമഗ്രമായ നാഡീമനഃശാസ്ത്ര പരീക്ഷകള്‍ ഉപയോഗിച്ച് മസ്തിഷ്കത്തിന്റെ ഉദ്ഗ്രഥന നിലവാരം വിലയിരുത്തേണ്ടതാണ്. വിലയിരുത്തല്‍ പൂര്‍ണമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി മനഃശാസ്ത്രജ്ഞന്‍ പരീക്ഷകളുടെ ഒരു പരമ്പര തന്നെ ഉപയോഗിക്കുന്നു. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത മാനസിക-ധൈഷണിക കഴിവുകള്‍ അളക്കുന്നതിനാണ് ഈ പരീക്ഷകള്‍ ഉപയോഗിക്കുന്നത്. ശ്രദ്ധ, ഓര്‍മ, പ്രത്യക്ഷണം, ചലനം, ഭാഷാപ്രയോഗം തുടങ്ങി വിവിധ കഴിവുകള്‍ അളക്കുവാന്‍ വ്യത്യസ്ത പരീക്ഷകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഹാല്‍സ്റ്റെഡ്-റൈറ്റന്‍ (The Halstead-Riten) ലുറിയ-നെബ്രാസ്ക (Luria-Nebraska) എന്നിവ ഇത്തരത്തിലുള്ള രണ്ട് പ്രമുഖ പരീക്ഷകളാണ്. ഈ പരീക്ഷകളിലെ ഉപപരീക്ഷകള്‍ വ്യത്യസ്ത ധൈഷണിക കഴിവുകള്‍ അളക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഏതെല്ലാം ഉപപരീക്ഷകളാണ് ഒരു വ്യക്തിക്ക് പ്രയാസകരമായി അനുഭവപ്പെടുന്നത് എന്നത് ആസ്പദമാക്കിയാണ് മസ്തിഷ്കക്ഷതത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നത്.

പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സൈദ്ധാന്തിക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. മൃഗങ്ങളെയാണ് സാധാരണയായി പഠനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഗവേഷണത്തിന്റെ ആരംഭത്തില്‍ മൃഗങ്ങളില്‍ പരീക്ഷിച്ചതിനുശേഷം മനുഷ്യരിലും പ്രയോഗിച്ച്, ചികിത്സാവിധിയുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നു. നിരവധി ധൈഷണിക പ്രവൃത്തികളെക്കുറിച്ചും, അവയില്‍ പങ്കെടുക്കുന്ന മസ്തിഷ്കഭാഗങ്ങളെക്കുറിച്ചും അറിവു നല്‍കുവാന്‍ പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സഹായകമാകുന്നു.

ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീ മനഃശാസ്ത്രവും പരസ്പരപൂരകങ്ങളാണ്. പരീക്ഷണാത്മക നാഡീമനഃശാസ്ത്രജ്ഞന്റെ കണ്ടെത്തലുകള്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞനെ രോഗനിര്‍ണയത്തിലും ചികിത്സയിലും സഹായിക്കുന്നു. ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞന്‍ നല്കുന്ന രോഗലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരീക്ഷണാത്മക നാഡീമനഃശാസ്ത്രത്തില്‍ പുതിയ ഗവേഷണ സാധ്യതകളൊരുക്കുന്നു.

പ്രയോഗ സാധ്യതകള്‍

സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ക്ലിനിക്കല്‍-പരീക്ഷണാത്മക നാഡീമനഃശാസ്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അല്‍ഷിമേഴ്സ് രോഗത്തിന്റെ നിര്‍ണയത്തില്‍ നാഡീമനഃശാസ്ത്രപരീക്ഷകള്‍ ഗണ്യമായ പങ്ക് വഹിക്കുന്നു. മസ്തിഷ്കത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത് പരിശോധിച്ചാല്‍ മാത്രം കണ്ടെത്താനാകുമായിരുന്ന ഈ രോഗം ഇന്ന് നാഡീമനഃശാസ്ത്ര പരീക്ഷകളിലൂടെയാണ് നിര്‍ണയിക്കുന്നത്. രോഗമുണ്ടെന്ന സംശയമുദിക്കുമ്പോള്‍ത്തന്നെ വ്യക്തിക്ക് ഓര്‍മ, ഭാഷാപ്രയോഗം, പ്രത്യക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ പരീക്ഷകള്‍ നല്കുന്നു. ആറ് മാസത്തെ ഇടവേളകളില്‍ ഈ പരീക്ഷകള്‍ ആവര്‍ത്തിക്കുന്നു. വ്യക്തിയുടെ പ്രകടനം കാലക്രമേണ ഏതെങ്കിലും രണ്ടോ അതില്‍ക്കൂടുതലോ മേഖലകളില്‍ മോശമാവുകയാണെങ്കില്‍ ഡിമെന്‍ഷ്യയാണെന്ന് അനുമാനിക്കാവുന്നതാണ്.

നാഡീമനഃശാസ്ത്ര പരീക്ഷകളോടൊപ്പം തന്നെ, മറ്റു പല രീതികളിലും വിശകലനം നടക്കുന്നു. വിഷാദം, ഹലുസിനേഷന്‍, ഡെല്യൂഷന്‍, പെട്ടെന്നുള്ള പൊട്ടിത്തെറികള്‍ എന്നിവയും അല്‍ഷിമേഴ്സ് രോഗത്തിന്റ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങളുടെ ഈ വൈവിധ്യം വ്യക്തമായി മനസ്സിലാക്കി ആവശ്യമായ ചികിത്സ നിര്‍ദേശിക്കുവാന്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞനു കഴിയുന്നു.

മസ്തിഷ്ക ക്ഷതമേറ്റ വ്യക്തികളുടെ പുനരധിവാസരംഗത്തും നാഡീമനഃശാസ്ത്രജ്ഞര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മസ്തിഷ്കക്ഷതം സംഭവിച്ച രോഗികള്‍ക്ക് ധൈഷണികമായ കഴിവുകള്‍ക്ക് കോട്ടം തട്ടുന്നതുമൂലം ദൈനംദിന പ്രവൃത്തികളിലും തൊഴിലിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവരുടെ അവശേഷിക്കുന്ന കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴില്‍ ചെയ്ത് ജീവിക്കുവാന്‍ ക്ളിനിക്കല്‍ നാഡീ മനഃശാസ്ത്രജ്ഞര്‍ പരിശീലനം നല്കുന്നു. അപചയം സംഭവിച്ച ധൈഷണിക കഴിവുകള്‍ മെച്ചപ്പെടുത്തുവാനും ശ്രമങ്ങള്‍ നടത്തും. ചെയ്യാന്‍ പ്രയാസം നേരിടുന്ന പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നിരന്തര പരിശീലനം മസ്തിഷ്കത്തെ വീണ്ടും പ്രവര്‍ത്തനനിരതമാക്കും എന്നാണ് കരുതപ്പെടുന്നത്. ക്ഷതം പറ്റിയതിനെത്തുടര്‍ന്ന് ആറ് മാസം മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള കാലയളവ് നിര്‍ണായകമാണ്. ഈ സമയത്ത് ബുദ്ധിമുട്ടുള്ള പ്രവൃത്തികളില്‍ നിരന്തരം ഏര്‍പ്പെടുന്നത് അപചയത്തിന്റെ തീവ്രത കുറയ്ക്കുന്നു.

ആരോഗ്യകരമായ മസ്തിഷ്കത്തിന്റെയും രോഗാതുരമായ മസ്തിഷ്കത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിക്കുന്നതിലൂടെ ഇപ്പോള്‍ കാരണം വ്യക്തമായിട്ടില്ലാത്ത പല പെരുമാറ്റങ്ങളുടെയും അവ്യവസ്ഥകളുടെയും ഉറവിടം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

നാഡീവാതകം

 

നാഡീപ്രവര്‍ത്തനങ്ങളെ തടയുകയോ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്നതുമൂലം മരണമോ ഗുരുതരമായ രോഗങ്ങളോ ഉളവാക്കുന്ന പദാര്‍ഥങ്ങള്‍. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍കാര്‍ വികസിപ്പിച്ച സരിന്‍ (Sarin) എന്ന രാസപദാര്‍ഥമാണ് ആദ്യ നാഡീവാതകമായി കണക്കാക്കപ്പെടുന്നത്. നാഡീ ആവേഗങ്ങളുടെ ചാലക പദാര്‍ഥങ്ങളായ എന്‍സൈമുകളെ നശിപ്പിക്കുകയാണ് സരിന്റെ പ്രവര്‍ത്തന രീതി. വളരെ ചെറിയ അളവില്‍ത്തന്നെ മിനിട്ടുകള്‍ക്കുള്ളില്‍ മരണം ഉറപ്പാകുന്ന വിധത്തില്‍ മാരകമാണിത്. യു.എസ്സിലും മറ്റും പില്ക്കാലത്ത് കൂടുതല്‍ മാരകമായ നാഡീവാതകങ്ങള്‍ വികസിപ്പിക്കുകയുണ്ടായി. ഉദാ. യു.എസ്സിന്റെ വി.എക്സ് (Vx). എണ്ണമയമുള്ളതിനാല്‍ ഈ ദ്രാവകം കെട്ടിടങ്ങളിലും മണ്ണിലും പറ്റിച്ചേര്‍ന്ന് നിലകൊള്ളുകയും മാസങ്ങളോളം വിഷവാതകം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഏതാനും മില്ലിഗ്രാം അളവില്‍ ശ്വസിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം നിശ്ചയമാണ്. നാഡീവാതകങ്ങള്‍ ഇതുവരെ യുദ്ധങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കൂട്ടനാശം ഉണ്ടാക്കുവാന്‍ വളരെയേറെ ക്ഷമതയുള്ള ഒന്നാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. നാഡീവാതകങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെയേറെ ആപത്കരമായതിനാല്‍ ഇവ അതേപടി ഉപയോഗിക്കാറില്ല. പകരം ലക്ഷ്യസ്ഥാനത്ത് തറയ്ക്കുമ്പോള്‍ പ്രതിപ്രവര്‍ത്തന ഫലമായി നാഡീവാതകം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അഭികാരകങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate