অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കീലേഷന്‍ തെറാപ്പി

ആമുഖം

കീലേഷന്‍ (chelation) എന്നത് ആധുനിക ശാസ്ത്രത്തില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന ഒരു രാസ പ്രക്രിയയാണ്. എന്നാല്‍ കീലേഷന്‍ തെറാപ്പി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ചികിത്സാരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അടിസ്ഥാനങ്ങളില്ലാത്ത ഒരു കപട ചികിത്സയാണ്. ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ (ആധുനിക വൈദ്യത്തിനു പുറത്തുള്ള ശാഖകള്‍ ) വിഭാഗത്തില്‍ ആണ് കീലേഷന്‍ തെറാപ്പിയേയും പരിഗണിച്ചു വരുന്നത്.

കീലേഷന്‍ ആധുനിക ശാസ്ത്രത്തില്‍

യഥാര്‍ത്ഥത്തില്‍ കീലേഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇ.ഡി.റ്റി.ഏ ( എത്ഥിലീന്‍ ഡൈ അമീന്‍ ടെട്രാ അസെറ്റിക് ആസിഡ് എന്ന രാസ നാമത്തിന്റെ ചിരുക്കമാണ് EDTA) എന്ന രാസവസ്തുവിനെ ഉപയോഗിച്ച് ലോഹ ആറ്റങ്ങളെ ബന്ധിക്കുന്ന പ്രക്രിയയെ ആണ്. ഉദാഹരണത്തിനു രക്തത്തിലോ കുടിവെള്ളത്തിലോ അതുപോലുള്ള മറ്റു ലായനികളിലോ അലിഞ്ഞു ചേര്‍ന്ന ഇരുമ്പ്, മെര്‍ക്കുറി, ചെമ്പ്, തുടങ്ങി കൊബാള്‍ട്ടും കാത്സ്യവും മാങ്കനീസും വരെ ഈ EDTA ഉപയോഗിച്ച് ബന്ധിക്കാം. 'ബന്ധിക്കുക' എന്നുപറയുമ്പോള്‍ ചില അയോണീക രാസപ്രവര്‍ത്തനം വഴി ലായനിയില്‍ അലിഞ്ഞിരിക്കുന്ന ലോഹ കണികകളെ അലിയാന്‍ കഴിയാതാക്കുക എന്നാണര്‍ത്ഥം കേട്ടോ.
EDTA യുടെ പ്രധാന പ്രത്യേകതയെന്നത് പല അയോണിനോടും അതിനുള്ള 'ബന്ധന-ത്വര ' പല അളവിലാണെന്നതാണ്. ഉദാഹരണത്തിനു രക്തത്തില്‍ ചെമ്പ് (copper) ലോഹ തന്മാത്രയെ ബന്ധിക്കാനുള്ള EDTA യുടെ 'ആവേശം' കാത്സ്യം (calcium) തന്മാത്രയെ ബന്ധിക്കുമ്പോള്‍ കാണിക്കാറില്ല. കാത്സ്യത്തെ ബന്ധിക്കുന്നതിനു കാ‍ണിക്കുന്ന ആവേശം സോഡിയം (sodium) തന്മാത്രയെ ബന്ധിക്കുമ്പോള്‍ കാണാറുമില്ല :) ഇത് സത്യത്തില്‍ നമുക്കൊരു സൌകര്യമാണ് - രക്തത്തിലെ കാത്സ്യത്തെ ബന്ധിക്കാനാണ് EDTAയെ ഉപയോഗിക്കുന്നതെന്നിരിക്കട്ടെ. സോഡിയവുമായി ചേര്‍ന്ന EDTA തന്മാത്രയെ ആണ് നാം ഇവിടെ ഉപയോഗിക്കുക. കാത്സ്യത്തെ കാണുമ്പോള്‍ EDTA സോഡിയത്തെ കളഞ്ഞിട്ട് കാത്സ്യത്തെ കേറിപ്പിടിക്കും ! ഇനി ഈയം ആണ് നമുക്കു ബന്ധിച്ച് അരിച്ചു മാറ്റേണ്ടതെങ്കിലോ ? ഒരു കാത്സ്യവും രണ്ട് സോഡിയവും EDTA യുമായി ചേര്‍ന്ന ഒരു രാസമിശ്രിതം - ഡൈസോഡിയം കാത്സ്യം EDTA - ഉപയോഗിക്കാം. ഈയം തന്മാത്രയെക്കാണുന്നതോടെ EDTA ഇതിലെ കാത്സ്യത്തെയും സോഡിയത്തെയും കളഞ്ഞിട്ട് ഈയത്തില്‍ കേറി പിടിച്ചോളും :)

കീലേഷന്‍ കപട ചികിത്സയ്ക്കുള്ള ന്യായങ്ങള്‍

ഇത്രയും പറഞ്ഞത് കീലേഷന്‍ എന്ന പ്രക്രിയയുടെ ആധുനിക ശാസ്ത്രോപയോഗങ്ങള്‍. എന്നാല്‍ എന്താണ് ഈ കീലേഷന്‍ തെറാപ്പിയിലെ കീലേഷന്‍ ചെയ്യുന്നത് ? നോക്കാം :

കാത്സ്യമാണ് (calcium) പൊതുവേ രക്തക്കുഴലുകളിലെ ബ്ലോക്കുകള്‍ക്ക് - വിശേഷിച്ച് ഹൃദയത്തിനു രക്തം നല്‍കുന്ന കുഞ്ഞു കുഴലുകള്‍ക്കുള്ളില്‍ വരുന്ന ബ്ലോക്കുകള്‍ക്ക് - കാരണം എന്ന ധാരണ വന്നതിനെ തുടര്‍ന്നാണ് കീലേഷന്‍ തെറാപ്പി എന്ന വ്യാജ ചികിത്സ വ്യാപകമായത്.

കാത്സ്യവും കൊളസ്ട്രോളും മറ്റു കൊഴുപ്പുകളും ചേര്‍ന്ന് ഉണ്ടാകുന്ന ഒരുതരം കുഴമ്പു രൂപത്തിലുള്ള പ്ലാക്കുകളാണ് (plaque) രക്തക്കുഴലുകളുടെ ഉള്‍ വശം അടയ്ക്കുന്നത്. ഒരു ഹോസിനുള്ളില്‍ അഴുക്കടിഞ്ഞ് വെള്‍ലത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോലെ, ഇങ്ങനെ പ്ലാക്ക് വന്ന് അടിയുന്ന രക്തക്കുഴലിലൂടെയുള്ള രക്തയോട്ടം കുറഞ്ഞുകുറഞ്ഞ് ഇല്ലാതെയാവുന്നു. ഈ പ്രക്രിയയെ ആണ് അതെറോ സ്ക്ലീറോസിസ് (atherosclerosis) എന്നു പറയുന്നത്. ഇങ്ങനെ അടിയുന്ന പ്ലാക്കിന് 'അതെറോമാ' (atheroma) എന്നും പറയുന്നു. രക്തക്കുഴലിനുള്‍വശം പരുപരുത്തതായി മാറുമ്പോള്‍ അവിടെ രക്തം കട്ടപിടിക്കാനും സാധ്യതയേറുന്നു. ഏതെങ്കിലുമൊരു സന്ദര്‍ഭത്തില്‍ പെട്ടെന്ന് ആ രക്തക്കുഴല്‍ അടയുമ്പോള്‍ രക്തയോട്ടം നിലയ്ക്കുകയും ചെയ്യും.

ഇത് ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ ഒക്കെ രക്തം കൊണ്ടു പോകുന്ന കുഞ്ഞു കുഴലുകളിലാണ് സംഭവിക്കുന്നതെങ്കില്‍ ഹൃദയാഘാതം, മസ്തിഷ്കാഘാതം (പക്ഷവാതം) എന്നിവയുണ്ടാകാം. കൈയ്യിലോ കാലിലൊ ഉള്ള കൊച്ചു രക്തക്കുഴലുകള്‍ അടഞ്ഞാല്‍ ആ ഭാഗം രക്തയോട്ടമില്ലാതെ 'ചീഞ്ഞു' പോകും. ഇതിനെയാണ് ഗാംഗ്രീന്‍ (gangrene) എന്നു വിളിക്കുന്നത്.

കീലേഷന്‍ തെറാപ്പി കൊണ്ട് അതെറോമാ പ്ലാക്കുകളിലെ കാത്സ്യത്തെ നീ‍ക്കി അതെറൊ സ്ക്ലീറോസിസ് മാറ്റി രക്തശുദ്ധീകരണം നടത്താമെന്നുമാണ് ഇതിന്റെ പ്രായോജകര്‍ വാദിക്കുന്നത് . കാത്സ്യം അടിഞ്ഞുകൂടി കട്ടിയാവുന്ന രക്തക്കുഴലുകളെ കീലേഷന്‍ വഴി മൃദുവാക്കാം എന്ന് അവര്‍ പറയുന്നു. കാലക്രമത്തില്‍ EDTA വച്ചുള്ള കീലേഷന്‍ തെറാപ്പിയില്‍ ഡ്രിപ്പായി EDTA കുത്തിവയ്ക്കുന്നതിനോടൊപ്പം വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി തുടങ്ങിയവയും കൊടുക്കുന്ന പരിപാടി വന്നു ചേര്‍ന്നു. ഇന്നിപ്പോള്‍ 20 മുതല്‍ 30 വരെ കുത്തിവയ്പ്പുകളാണ് സാധാരണ ഹൃദ്രോഗികള്‍ക്കായി കീലേഷന്‍ ചികിത്സക്കാര്‍ നിര്‍ദ്ദേശിക്കുന്നത് . ഇത് 40-ഉം 50-ഉം വരെ പോകാറുണ്ട്. ചലവും ഒട്ടും മോശമല്ല.
1956 ക്ലാര്‍ക്ക്, മോഷര്‍ എന്നിവര്‍ ബ്ലോക്കുമൂലം കാലുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ ചില രോഗികളില്‍ ഈ രീതി പരീക്ഷിക്കുകയും ആ രോഗികള്‍ക്ക് അല്പം ആശ്വാസം ഉണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ട് വന്നു. '60 കളില്‍ മെല്‍റ്റ്സറുടെ പഠനം ഹൃദ്രോഗികളില്‍ കീലേഷന്‍ തെറാപ്പി ഫലം ചെയ്യുന്നു എന്നു അവകാശപ്പെട്ടെങ്കിലും ആ പഠനത്തെ അപഗ്രഥിച്ച പില്‍ക്കാല ഗവേഷകര്‍ അതിന്റെ സാധുതയെ തള്ളിക്കളഞ്ഞു.

കീലേഷന്റെ ശാസ്ത്രീയോപയോഗങ്ങള്‍

ആധുനിക വൈദ്യശാസ്ത്രത്തില്‍ മുഖ്യമായും രണ്ടുപയോഗമാണ് EDTA വച്ചുള്ള കീലേഷന്‍ പ്രക്രിയയ്ക്ക് ഉള്ളത് - ഒന്ന് രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാനാണ്. EDTA കലര്‍ത്തിയ പ്രത്യേക പ്ലാസ്റ്റിക് ബാഗുകളില്‍ രക്തം സൂക്ഷിച്ചാല്‍ രക്തത്തിലെ കാത്സ്യത്തെ (calcium) അതു ബന്ധിച്ചോളും. കാത്സ്യം രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രധാന കണികയാണ്. കാത്സ്യത്തെ ബന്ധിക്കുന്നതോടെ രക്തം കട്ടപിടിക്കാതെയാവും. ഇതാണ് രക്ത ബാങ്കുകളിലിത് ഉപയോഗിക്കാനുള്ള കാരണം.
രണ്ടാമത്തെ ഉപയോഗം അബദ്ധത്തില്‍ ശരീരത്തില്‍ ചെല്ലുന്ന വിഷമയമായ ലോഹങ്ങളെ - ഈയം പൊലുള്ളവയെ - ബന്ധിച്ച് രക്തശുദ്ധീകരണം നടത്തുക എന്നതാണ്. ഇതിനു നാം നേരത്തേ പറഞ്ഞ ഡൈസോഡിയം കാത്സ്യം EDTA ആണ് രോഗിയുടെ രക്തത്തിലേക്ക് ഇഞ്ചക്ട് ചെയ്യുക. EDTA യുമായി ബന്ധിക്കപ്പെട്ട ലോഹ തന്മാത്രകള്‍ക്ക് രക്തത്തില്‍ വീണ്ടും ലയിച്ചുചേരാനാവില്ല. അങ്ങനെ 'ബന്ധനസ്ഥ'രാക്കപ്പെട്ട ലോഹതന്മാത്രകള്‍ വൃക്കകള്‍ വഴി മൂത്രത്തിലൂടെ ശരീരം പുറംതള്ളുന്നു.

വെള്ളത്തിലും മറ്റും അലിഞ്ഞുചേര്‍ന്ന പല ലോഹങ്ങളെയും വേര്‍തിരിക്കാനും EDTA വച്ചുള്ള കീലേഷന്‍ ഉപയോഗിക്കാറുണ്ട്. ലോഹ പാത്രങ്ങളില്‍ അടച്ച ആഹാരപദാര്‍ത്ഥങ്ങളില്‍ (canned foods) അലിഞ്ഞു ചേരാന്‍ സാധ്യതയുള്ള ലോഹാംശത്തെ ബന്ധിച്ച് ആഹാരത്തെ സംരക്ഷിക്കാനും EDTA ഉപയോഗിക്കുന്നുണ്ട്.

കീലേഷന്‍ തെറാപ്പിക്കാരുടെ തിയറികള്‍

എന്നാല്‍ കീലേഷന്‍ തെറാപ്പി എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക എന്നതിന് പല കാലങ്ങളിലായി ഈ ചികിത്സകര്‍ മുന്നോട്ടു വച്ചിട്ടുള്ള തിയറികളൊക്കെയും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ലൈനിലുള്ള ചില ഉഗാണ്ടന്‍ തിയറികളും അവയെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ ശാസ്ത്രവസ്തുതകളും ഇതാ :

കീലേഷന്‍ കപട ചികിത്സക്കാര്‍ ആദ്യകാലത്ത് അവകാശപ്പെട്ടിരുന്നത് അതെറോമാ പ്ലാക്കിനെ (atheroma plaque) രക്തക്കുഴലിന്റെ ഉള്‍വശത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ആണിയെ പോലെയാണ് കാത്സ്യം പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു. സ്വാഭാവികമായും കാത്സ്യത്തെ കീലേറ്റ് ചെയ്ത് വേര്‍പെടുത്തിയാല്‍ പ്ലാക്കും ഇളകും എന്നായിരുന്നു അവകാശവാദം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ രക്തക്കുഴലിനുള്ളില്‍ അതെറൊ സ്ക്ലീറോസിസ് വഴി പ്ലാക്ക് ഉണ്ടാകുന്ന പ്രക്രിയയില്‍ കാത്സ്യം രംഗത്തു വരുന്നത് വളരെ താമസിച്ചാണ്. കൊഴുപ്പിന്റെ പല രൂപങ്ങളിലൊന്നായ LDL കൊളസ്ട്രോള്‍ ആണ് പ്ലാക്കിലെ മുഖ്യ വില്ലന്‍. രക്തക്കുഴലിന്റെ ഉള്‍വശത്തെ നേര്‍ത്ത കോശാവരണത്തില്‍ (sub-endothelial layer-ല്‍) ഉണ്ടാകുന്ന കൊച്ചു കൊച്ചു മുറിവുകളും തുളകളും വഴി ഈ LDL കൊളസ്ട്രോള്‍ കണികകള്‍ രക്തക്കുഴലിന്റെ ഭിത്തിക്കുള്ളില്‍ പ്രവേശിച്ച് കെട്ടി കിടക്കുന്നു. ഈ കൊഴുപ്പിനെ വിഴുങ്ങി അവിടം 'വൃത്തിയാക്കാ'നെത്തുന്ന വെളുത്ത രക്ത കോശങ്ങള്‍ കാലക്രമേണ അവിടെ അടിഞ്ഞു കൂടി ചീര്‍ത്തു വരുന്നു. ഇത് രക്തക്കുഴലിന്റെ മിനുസമുള്ള ഉള്‍വശത്തെ പരുപരുത്തതാക്കുന്നു. ഇതിന്റെ പ്രതലത്തിലൂടെ ഒഴുകുന്ന രക്തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങള്‍ ഈ പരുപരുത്ത പ്രതലത്തില്‍ തട്ടി ചിതറുന്നു. രക്തം കട്ടപിടിക്കാനുള്ള ചില രാസവസ്തുക്കള്‍ ഇങ്ങനെ അടിയുന്ന പ്ലേറ്റ്ലെറ്റുകളില്‍ നിന്നും വിസര്‍ജ്ജിക്കുന്നു. ഒപ്പം ധമനിയുടെ ഉള്‍ഭാഗത്തെ മുറിവ് അടയ്ക്കുന്നതിനുള്ള രാസ സിഗ്നലുകളും ഉത്സര്‍ജിക്കപ്പെടുന്നു. അതോടെ രക്തക്കുഴലിനുള്‍വശത്തെ പേശികള്‍ കൂടി വളര്‍ന്നു തിടം വയ്ക്കുന്നു. ഇങ്ങനെയാണ് അതെറോമ എന്ന് വിളിക്കുന്ന സാധനം ഉണ്ടാകുന്നത്. ഈ അവസ്ഥയിലെത്തുമ്പോഴാണ് മിക്കപ്പോഴും കാത്സ്യം അതെറോമയില്‍ വന്നടിയുന്നതു തന്നെ. ഈ കാത്സ്യത്തെ കീലേറ്റ് ചെയ്ത് 'രക്തശുദ്ധി' വരുത്തിയാലൊന്നും ഉണ്ടായ ബ്ലോക്ക് മാറില്ല. മാത്രവുമല്ല, ശരീരത്ത്തില്‍ കുത്തിവയ്ക്കപ്പെടുന്ന EDTAയ്ക്ക് ഇതു പ്ലാക്കിലെ കാത്സ്യമാണെന്നോ, മറ്റേത് രക്തത്തില്‍ അലിഞ്ഞ കാത്സ്യമാണെന്നോ, അപ്പുറത്തുള്ളത് മറ്റേതെങ്കിലും രൂപത്തിലെ കാത്സ്യമാണെന്നോ ഒന്നുമുള്ള വിവേചന ശേഷിയില്ല. അതു കൊണ്ടുതന്നെ അതെറോമാ പ്ലാക്കിലെ കാത്സ്യത്തെ മാത്രമായി തെരഞ്ഞുപിടിച്ച് അരിക്കാനുമാവില്ല.

ഈ തിയറി തെറ്റാണെന്ന് തെളിഞ്ഞപ്പോള്‍ പുതിയൊരു വാദം വന്നു: കാത്സ്യത്തെ ബന്ധിച്ച് ശരീരത്തില്‍ നിന്നും മാറ്റുമ്പോള്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവു താഴുമെന്നും അത് നമ്മുടെ കഴുത്തിലെ പാരാതൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് പാരാതോര്‍മോണ്‍ (Parathyroid hormone എന്നതിന്റെ ചെല്ലപ്പേര് ) എന്ന ഹോര്‍മോണിന്റെ അളവു കൂട്ടുമെന്നുമായിരുന്നു അവകാശവാദം. പാരാതോര്‍മോണിന്റെ പണി രക്തത്തില്‍ കാത്സ്യത്തിന്റെ അളവു താഴുമ്പോള്‍ ഉടന്‍ അസ്ഥികളിലെ കാത്സ്യത്തെ കുറേശ്ശെയായി ദ്രവിപ്പിച്ച് രക്തത്തിലേക്ക് ഒഴുക്കി വിടുക എന്നതാണ്. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ പൂര്‍വ്വ സ്ഥിതിയിലാക്കാനാണ് പാരാതോര്‍മോണ്‍ ഇതു ചെയ്യുന്നത്.

ഇങ്ങനെ അസ്ഥിയിലെ കാത്സ്യത്തെ എടുക്കുന്ന കൂട്ടത്തില്‍ പാരാതൊര്‍മോണ്‍ ചെന്ന് അതെറോമാ പ്ലാക്കിലെ കാത്സ്യത്തെയും കൂടി ഇളക്കി രക്തത്തില്‍ ലയിപ്പിച്ച് വിടും എന്നായിരുന്നു കീലേഷന്‍ ചികിത്സകര്‍ പുതുതായി അവകാശപ്പെട്ടത്. എന്നാല്‍ പാരാതോര്‍മോണിന് ഇങ്ങനെ കൃത്യമായി രക്തക്കുഴലിലെ അതെറോമാ പ്ലാക്കില്‍ നിന്ന് കാത്സ്യത്തെ തെരഞ്ഞുപിടിച്ച് ഇളക്കിമാറ്റാനുള്ള കഴിവില്ല. പാരാതോര്‍മോണിന്റെ പ്രവര്‍ത്തനം അതിന്റെ സ്വീകരിണികള്‍ (receptor) ധാരാളമുള്ള അസ്ഥി കോശങ്ങളിലും പിന്നെ വൃക്കകളിലുമാണ് പ്രധാനമായും നടക്കുക. അസ്ഥിയെ നേരിയ തോതില്‍ ദ്രവിപ്പിച്ച് കാത്സ്യത്തെ മോചിപ്പിച്ച് രക്തത്തില്‍ കാത്സ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതോടൊപ്പം വൃക്കയിലൂടെ മൂത്രം വഴി നഷ്ടപ്പെടാവുന്ന കാത്സ്യത്തെ തിരികെ രക്തത്തിലെക്ക് ശേഖരിക്കുകയും ചെയ്യുന്നതാണ് പാരാതോര്‍മോണിന്റെ ധര്‍മ്മം. ഈ സന്തുലനത്തെ പാരാതോര്‍മോണ്‍ മാത്രമല്ല, കാത്സിറ്റോണിന്‍ (Calcitonin) എന്ന ഹോര്‍മോണും, ജീവകം - ഡി യും (Vitamin D) പിന്നെ രക്തത്തിലെ ഫോസ്ഫേറ്റു(phosphate)മൊക്കെ നിയന്ത്രിക്കുന്നുണ്ട്.

ഇങ്ങനെ പാരാതോര്‍മോണ്‍ തിയറിയും പൊട്ടിയപ്പോള്‍ ഫ്രീ റാഡിക്കല്‍ (free radicals) തിയറി ഇറങ്ങി. അതെറോമാ പ്ലാക്ക് മുതല്‍ ക്യാന്‍സര്‍ വരെയുള്ള പല പ്രശ്നങ്ങള്‍ക്കും പുറകില്‍ ഈ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ട് എന്ന കണ്ടെത്തല്‍ ആണ് ഈ പുതിയ തിയറിക്ക് അടിസ്ഥാനം.
ഇതനുസരിച്ച് നമ്മുടെ ശരീരത്തിലെത്തുന്ന (വിഷമയമായതും അല്ലാത്തതുമായ) ലോഹ തന്മാത്രകള്‍ പലതരം രാസപ്രക്രിയകളിലൂടെ കടന്നു പോകുമ്പോള്‍ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാക്കുന്നുണ്ട്. ഈ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാക്കുന്നതിനു പിറകില്‍ ശരീരത്തില്‍ ധാരാളമായുള്ള ഇരുമ്പും ചെമ്പുമാണെന്നും ഈ ഇരുമ്പിനെയും ചെമ്പിനെയുമൊക്കെ ബന്ധിച്ച് സ്വതന്ത്രറാഡിക്കലുകള്‍ ഉണ്ടാക്കാനാവാത്തവിധത്തില്‍ ‘നിര്‍വീര്യ’മാക്കാന്‍ EDTA ഉപയോഗിച്ച് കീലേഷന്‍ നടത്തിയാല്‍ മതിയെന്നുമാണ് പുതിയ വാദം.

സ്വതന്ത്ര റാഡിക്കലുകള്‍ എന്നുപറഞ്ഞാല്‍ കൈയ്യില്‍ അധിക ഇലക്ട്രോണുകളുമായി നടക്കുന്ന ഒറ്റയാന്‍ തന്മാത്രകളാണ്. പലപ്പോഴും ഓക്സിജന്‍ തന്മാത്രകള്‍ ചില ഘടനാവ്യതിയാനം വന്നാണ് ശരീരത്തിനു ഹാനികരമാകാവുന്ന ഫ്രീ റാഡിക്കലുകള്‍ ആകുക. ഒറ്റപ്പെട്ട ഇലക്ട്രോണുകളേയും കൊണ്ടു നടക്കുന്നതുകൊണ്ട് ഇവറ്റകള്‍ മറ്റു തന്മാത്രകളുമായി വേഗം രാസപ്രതിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അവയെ ഓക്സീകരണ/നിരോക്സീകരണ പ്രക്രിയകള്‍ക്കു വിധേയമാക്കുകയും ചെയ്യും; ഇങ്ങനെ ഓക്സീകരിക്കപ്പെടുമ്പോള്‍ നമ്മുടെ കോശങ്ങളുടെ പുറം ഭിത്തിയിലെ പല തന്മാത്രകള്‍ക്കും സ്വാഭാവിക ഘടന നഷ്ടമാകുന്നുണ്ട്. നിരന്തരമായ ഇത്തരം ഓക്സീകരണമാണ് പ്രായമാകുമ്പോഴുള്ള ശാരീരിക മാറ്റങ്ങള്‍ക്കും, രക്തക്കുഴലുകളിലെ അതെറോസ്ക്ലീറോസിസ് മുതല്‍ പലതരം ക്യാന്‍സര്‍ വരെയുള്ള (ദീര്‍ഘകാലം കൊണ്ടുരുത്തിരിയുന്ന) പല രോഗാവസ്ഥകള്‍ക്കുമുള്ള പല കാരണങ്ങളിലൊന്ന് എന്ന് ഇന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുമ്പിനെയൊ ചെമ്പിനെയോ ഒക്കെ തെരഞ്ഞു പിടിച്ച് ‘ബന്ധിച്ചതു’കൊണ്ടൊന്നും ഫ്രീ റാഡിക്കല്‍ ഉണ്ടാകുന്നതു തടയാന്‍ പറ്റില്ല എന്ന് ശാരീരിക രാസ പ്രക്രിയകളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്.

കീലേഷന്റെ പാര്‍ശ്വഫലങ്ങള്‍

EDTAയോട് ചില രോഗികള്‍ക്ക് ചില അവസരങ്ങളില്‍ അലര്‍ജിയുണ്ടാവാറുണ്ട്. മാത്രവുമല്ല വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാവുന്ന മരുന്നാണ് EDTA. ഏറ്റവും പ്രധാന പ്രശ്നം ഇതു കുത്തിവയ്ക്കൂമ്പോള്‍ പെട്ടെന്ന് രക്തത്തിലെ കാത്സ്യത്തെ ബന്ധിക്കുന്നതു മൂലമുണ്ടാകാവുന്ന ‘കാത്സ്യം അസന്തുലിതാവസ്ഥ’യാണ്. ഇതു പേശീ തളര്‍ച്ചയും ഹൃദയാഘാതവും വരെയുണ്ടാക്കാം. രക്തത്തിലെ പഞ്ചസാരയുടെ നില ക്രമത്തിലേറേ താഴ്ന്നുപോകുക, രക്തം കട്ടപിടിക്കാതാകുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. നിരന്തരമായ EDTA ഇഞ്ചക്ഷനുകള്‍ മൂലം രക്തക്കുറവുംവിളര്‍ച്ചയുമാണ്ടാകുന്നതും സാധാരണയാണ്. EDTA മുഖ്യധാരാ വൈദ്യത്തില്‍ അപൂര്‍വ്വമായി - ലോഹവിഷബാധ പോലുള്ള പ്രശ്നങ്ങളില്‍ - മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നോര്‍ക്കണം; അതും പാര്‍ശ്വഫലങ്ങള്‍ക്കെതിരേ മുന്‍ കരുതലുകളൊക്കെയെടുത്തിട്ടാ‍ണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍...

കീലേഷന്‍ തെറാപ്പി എന്ന ചികിത്സാരീതി ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനു നിരത്തുന്ന തിയറികളൊന്നും ശാസ്ത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അതിനടിസ്ഥാനമായി പടച്ചുണ്ടാക്കിയിട്ടുള്ള തിയറികളൊക്കെ നിലവിലുള്ള ശാസ്ത്രവസ്തുതകളെ വളച്ചൊടിച്ചും ചില പ്രതിഭാസങ്ങളെ മാത്രമായി തെരഞ്ഞെടുത്ത് അസ്ഥാനത്ത് ഒട്ടിച്ചുമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതു ഫലപ്രദമാണെന്ന് അവകാശപ്പെട്ടുകൊണ്ടു രോഗികളില്‍ നടത്തിയ പഠനങ്ങള്‍ ഭുരിഭാഗവും ഗുണനിലവാരമില്ലാത്തവയോ രീതിശാസ്ത്രപരമായി തെറ്റുകളുള്ളവയോ ആണ്. ശ്രദ്ധാപൂര്‍വം രൂപം നല്‍കി രോഗികളില്‍ നടത്തപ്പെട്ട ഒട്ടേറെ പഠനങ്ങള്‍ ഈ ചികിത്സാരീതി ഒരു പൊള്ള ചികിത്സയാണെന്ന് കാണിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും ഇത്തരം കള്‍ട്ടുകളിലും കപട ചികിത്സാ അവകാശവാദങ്ങളിലും ചെന്നു ചാടുന്ന ആളുകള്‍ ലോകത്ത് നല്ലൊരു സംഖ്യയുണ്ട് എന്നതു കൊണ്ടും, അവരുടെ കൂടി നികുതിപ്പണം കൊണ്ടാണ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററുകളും മറ്റുമൊക്കെ നടന്നു പോകുന്നതെന്നതുകൊണ്ടും ശാസ്ത്രലോകം ബഹുമാനിക്കുന്ന പല സ്ഥാപനങ്ങളും “സമാന്തര വൈദ്യരീതികള്‍ “ എന്ന വിഭാഗത്തില്‍ കീലെഷന്‍ തെറാപ്പിയെയും പരിഗണിച്ചു വരുന്നു. അതുകൊണ്ടുതന്നെ പല reputed വെബ് സൈറ്റുകളിലും ഇവയെക്കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളും കാണാം.

പിന്‍ വിളി
പാര്‍ശ്വഫലങ്ങളില്ല എന്നവകാശപ്പെടുന്ന ഇത്തരം സമാന്തരചികിത്സകളുടെ പ്രധാന പ്രശ്നം അറിയപ്പെടാത്തതോ ജനങ്ങളില്‍ നിന്നും മറച്ചുപിടിക്കുന്നതോ ആയ സൈഡ് ഇഫകറ്റുകള്‍ മാത്രമല്ല. പലപ്പോഴും ശാസ്ത്രീയ ചികിത്സാ ഉപാധികള്‍ ഒഴിവാക്കി ഇത്തരം തട്ടിപ്പുകള്‍ക്കുപുറകേ പോകുമ്പോള്‍ രോഗിക്ക് പണവും ആരോഗ്യവും നഷ്ടപ്പെടുന്നു. കൃത്യസമയത്ത് ആ‍ഞ്ചിയൊപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ ചെയ്താല്‍ രക്ഷിക്കപ്പെടാവുന്ന രോഗിയാവും ഇത്തരം തട്ടിപ്പിനിരയായി രോഗം മൂര്‍ച്ഛിക്കുകയോ മരിക്കുകയോ ചെയ്യുക

കടപ്പാട്-http:medicineatboolokam.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate