অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരുതാം മനസ്സിനെയും ആരോഗ്യത്തേയും

കരുതാം മനസ്സിനെയും ആരോഗ്യത്തേയും

മനോരോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ പ്രധാനം

ഡോ. രമേഷ് കെ.

നമ്മുടെ സമൂഹം ഇത്രയധികം പുരോഗമിച്ചിട്ടും ശാരീരിക രോഗങ്ങളുടെ ചികിത്സയ്ക്ക് ഹൈടെക് സംവിധാനം നിലവില്‍ വന്നിട്ടും മനോരോഗങ്ങളെ ഒരു രോഗമായിക്കണ്ട് ചികിത്സിക്കുവാന്‍ പൊതുസമൂഹത്തിന് കഴിഞ്ഞിട്ടില്ല. മാനസികരോഗങ്ങള്‍ എല്ലാം തന്നെ കുടുംബത്തിലെ അല്ലെങ്കില്‍ ചുറ്റുപാടുകളിലെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നതാണെന്നും ആ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ രോഗം മുഴുവന്‍ മാറുമെന്നുമുള്ള അടിയുറച്ച വിശ്വാസംമൂലം ഇത്തരം രോഗങ്ങള്‍ക്ക് ഔഷധചികിത്സ ആവശ്യമില്ല എന്ന ഒരു ധാരണ വിദ്യാസമ്പന്നരായവര്‍ പോലും പുലര്‍ത്താറുണ്ട്.

ഈയൊരു ധാരണയ്ക്ക് മറ്റൊരുകാരണം, ശാരീരിക രോഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനോരാഗ ലക്ഷണങ്ങളെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്. നമുക്ക് പനിയോ, വയറുവേദനയോ, തലകറക്കമോ വരികയാണെങ്കില്‍ അതു ഒരു ശാരീരിക രോഗത്തിന്റെ ഭാഗമാണെന്ന് നമുക്കറിയാം. എന്നാല്‍ സങ്കടമെന്ന വികാരം കുറേനാള്‍ നിലനിന്നാല്‍, അല്ലെങ്കില്‍ നമുക്കൊന്നിനും താത്പര്യമില്ലാത്ത അവസ്ഥയുണ്ടായാല്‍ അത് ഒരു രോഗലക്ഷണമായി തോന്നില്ല. 

നമ്മുടെ വികാരങ്ങളെയും ചിന്താഗതികളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ചില പ്രത്യേകഭാഗങ്ങളില്‍ ചില രാസവസ്തുക്കളുടെ അളവില്‍ വ്യതിയാനം സംഭവിക്കുമ്പോഴുണ്ടാകുന്ന മനോരോഗങ്ങള്‍ ശാരീരിക രോഗങ്ങളെപ്പോലെത്തന്നെ ചികിത്സിച്ചു മാറ്റേണ്ടുന്ന രോഗം തന്നെയാണ്. എല്ലാ മാനസിക രോഗങ്ങളിലും നമ്മുടെ തലച്ചോറില്‍ ചില തകരാറുകള്‍ സംഭവിക്കുന്നുണ്ട്. അത് മാറ്റുവാന്‍ ചികിത്സ ആവശ്യവുമാണ്.

മനോരോഗമെന്നാല്‍ ഭ്രാന്ത് (Psychosis) ആണെന്നുള്ള വലിയൊരു വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ് ഭൂരിപക്ഷം പേരും. അതുകൊണ്ടുതന്നെ ചെറിയ ചെറിയ മാനസിക പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് സംസാരിക്കുവാനോ, അല്ലെങ്കില്‍ ഒരു സൈകാട്രിസ്റ്റിനെക്കണ്ട് ചികിത്സനേടുവാനോ പലരും മുതിരുന്നില്ല. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട വസ്തുത യഥാര്‍ഥത്തില്‍ ഭ്രാന്ത് (Psychosis) എന്ന അവസ്ഥ, അതായത് താടിയിലും മുടിയിലും ജട വളര്‍ന്ന്, പിച്ചും പേയും പറഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വഴിയിലൂടെ നടന്ന് പോകുന്ന ഒരുവന്റെ സ്ഥിതി, മനോരോഗങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെപ്പേര്‍ക്ക് മാത്രമേ കണ്ടുവരാറുള്ളൂ. 

ബഹുഭൂരിപക്ഷം പേരും ചെറിയ ചെറിയ മാനസികപ്രശ്‌നങ്ങളും രോഗങ്ങളും ഉള്ളവരാണ്. നിസ്സാരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ ചികിത്സാരീതികള്‍ സ്വീകരിക്കാന്‍ നമ്മള്‍ വൈമുഖ്യം കാണിക്കുന്നതുമൂലം, പലപ്പോഴും സാമ്പത്തികമായും മറ്റുതരത്തിലും നമ്മള്‍ ചൂഷണം ചെയ്യപ്പെടാറുണ്ട്. ശാസ്ത്ര പരിചയമില്ലാത്തവരുടെ ഉപദേശ ചികിത്സയും പൂജകളും ജപിച്ചുനല്‍കലും ബാധയൊഴിപ്പിക്കലും മൂലം രോഗം മൂര്‍ച്ഛിച്ചുകാണുന്ന അവസ്ഥ വളരെ സാധാരണമാണ്.

ശരീരത്തിന് പലതരം രോഗങ്ങള്‍ വരുന്നതുപോലെ മനസ്സിന്റെ പല ഘടകങ്ങളും അസുഖാവസ്ഥയിലേക്ക് നീങ്ങാറുണ്ട്. ഉദാഹരണത്തിന് വൈകാരികാവസ്ഥയിലുള്ള കാര്യമായ തകരാറാണ് വിഷാദ രോഗത്തിലേക്കോ (Depression), ഉന്മാദാവസ്ഥയിലേക്കോ (Mania) ഉത്ക്കണ്ഠാരോഗത്തിലേക്കോ (Anxiety Disorder) നയിക്കുന്നത്. എന്നാല്‍ നമ്മുടെ ചിന്താരീതിയിലുള്ള തകരാറാണ് OCD, Delutional disorder എന്നിങ്ങനെയുള്ള രോഗങ്ങളിലേക്ക് എത്തിക്കുന്നത്. 

സ്‌കിസോഫ്രീനിയ എന്ന രോഗത്തില്‍ രോഗിയുടെ വ്യക്തിത്വംതന്നെ വിഭജിക്കപ്പെട്ട് അയഥാര്‍ഥമായ അനുഭവങ്ങളും ചിന്താഗതികളും മൂലം തന്‍േറതായ ലോകത്ത് ഒതുങ്ങിക്കൂടുന്ന അവസ്ഥയാകുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങളുടെയെല്ലാം അടിസ്ഥാനം മുമ്പ് വിവരിച്ച ചില പ്രത്യേക രാസവസ്തുക്കളുടെ അളവിലുണ്ടാവുന്ന വ്യതിയാനമാണ്. ഉദാഹരണത്തിന് തലച്ചോറില്‍ ലിംബിക് ലോബ് എന്ന ഭാഗത്ത് ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുമ്പോഴാണ് സ്‌കിസോഫ്രീനിയ രോഗം ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ശാരീരിക രോഗങ്ങളെപ്പോലെ മാനസിക രോഗങ്ങളോരോന്നിനും പ്രത്യേകം ലക്ഷണങ്ങളും പ്രത്യേക ചികിത്സാ രീതികളുമുണ്ട്.

വിവിധ മനോരോഗങ്ങളുടെ ലക്ഷണങ്ങളെപ്പറ്റിയും നമുക്ക് വേണ്ടത്ര അവബോധം ഇല്ലെന്ന് വര്‍ധിച്ചുവരുന്ന ആത്മഹത്യാ നിരക്ക് ചൂണ്ടിക്കാണിക്കുന്നു. മനോവിഷമം മൂലം രോഗി ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഒരിക്കലും വിഷാദരോഗത്തെ പരാമര്‍ശിച്ചു കാണാറില്ല. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായ അമിതമായ സങ്കടവും താത്പര്യമില്ലായ്മയും നിരാശാബോധവും ക്ഷീണവും ഉറക്കമില്ലായ്മയും ഉള്ള ഒരു രോഗി ഒരു ജനറല്‍ ഡോക്ടറെ സമീപിച്ചാല്‍ ശരിയായ ചികിത്സ കിട്ടണമെന്നില്ല. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് മനോരോഗ ചികിത്സയ്ക്ക് വേണ്ടത്ര പ്രാധാന്യം ഇന്നും നല്‍കാത്തതിനാല്‍ സാധാരണ ഡോക്ടര്‍മാര്‍ ഇത്തരം രോഗികളെ മനസ്സിലാക്കുവാനോ അധികം ശ്രമിക്കാറില്ല. 

അമിതമായ സന്തോഷവും സംസാരവും പൈസ കൂടുതലായി ചെലവഴിക്കുന്നതും ഭക്തി കൂടുന്നതുമൊക്കെ ഉന്മാദത്തിന്റെ ലക്ഷണമായി തിരിച്ചറിയാന്‍ വൈകുമ്പോള്‍ ചിലപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയിലേക്ക് രോഗി എത്തിപ്പെട്ടേക്കാം. കൈകഴുകിയാല്‍ മതിയാവാത്ത, എന്തു ചെയ്താലും സംശയം തീരാത്ത, എന്തെങ്കിലും കാര്യം മനസ്സില്‍ വന്നാല്‍ അത് മനസ്സില്‍ നിന്ന് മായാത്ത OCD എന്ന അസുഖം മറ്റുള്ളവര്‍ക്ക് തമാശയായി തോന്നാറുണ്ടെങ്കിലും അനുഭവിക്കുന്നവര്‍ക്കത് വലിയൊരു ദുരിതമാണ്. 

കാരണമൊന്നുമില്ലാതെ പെട്ടെന്ന് നെഞ്ചിടിപ്പ്, ശ്വാസം കിട്ടാത്ത അവസ്ഥ, മരിക്കാന്‍ പോകുന്നുവെന്ന തോന്നലുമുണ്ടാകുന്ന Panic disorder എന്ന അസുഖമുള്ള രോഗി സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് രൂപയുടെ അനാവശ്യമായ പരിശോധനകള്‍ നടത്തിക്കാറുണ്ട്. സ്വന്തം ഭാര്യ രാത്രി ഒന്നു ചുമച്ചുപോയാല്‍ കാമുകന് സിഗ്‌നല്‍ കൊടുത്തതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സംശയ രോഗിയായ ഭര്‍ത്താവ് സംശയം മൂര്‍ച്ഛിച്ച് കൊലപാതക ശ്രമം നടത്തുമ്പോഴായിരിക്കും ചിലപ്പോള്‍ മറ്റുള്ളവര്‍ ഇതൊരു രോഗമാണെന്നരീതിയില്‍ചികിത്സയ്ക്ക് മുന്‍കൈയെടുക്കുന്നതും. 

മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തത് കേള്‍ക്കുകയും കാണാന്‍ പറ്റാത്തത് കാണുകയും അടിയുറച്ച യാഥാര്‍ഥ്യമല്ലാത്ത ചില വിശ്വാസങ്ങള്‍, അതായത് ആരൊക്കെയോ കൊല്ലാന്‍ വരുന്നു, തന്നെപ്പറ്റി സംസാരിക്കുന്നു എന്നിങ്ങനെയൊക്കെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു സ്‌കിസോഫ്രീനിയ രോഗിയെ അവന്‍േറതായ ലോകത്തുനിന്നും സാധാരണ ലോകത്ത് തിരിച്ചു കൊണ്ടുവരണമെങ്കില്‍ ശാസ്ത്രീയമായ ചികിത്സകളും അനിവാര്യമാണ്. ക്ലാസ്സില്‍ അടങ്ങിയിരിക്കാത്ത കുട്ടി കൂടെയുള്ളവരുടെ ബുക്ക് വലിച്ചുകീറുകയും ഇടയ്ക്കിടെ ഇറങ്ങിപ്പോവുകയും ക്ലാസ്സില്‍ യാതൊന്നും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവന് വികൃതി കൂടുതലാണ് എന്നുപറഞ്ഞ് പ്രശ്‌നം നിസ്സാരവത്കരിച്ചാല്‍ അവന്റെ ADHD എന്ന രോഗാവസ്ഥ തിരിച്ചറിയാതിരിക്കുകയും കാലാകാലം അവന്‍ പഠനത്തില്‍ പിന്നോക്കമാവുകയും ഭാവിയില്‍ സമൂഹവിരുദ്ധ വ്യക്തിത്വമുള്ളവനാവുകയും ചെയേ്തക്കാം.

മേല്‍വിവരിച്ച രോഗത്തിനൊക്കെ ഔഷധ ചികിത്സ മാത്രമാണ് പ്രതിവിധി എന്ന് തെറ്റിദ്ധരിക്കരുത്. പലരിലും ഔഷധ ചികിത്സയും കൗണ്‍സിലിങ് ചികിത്സയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. ഉദാഹരണത്തിന് Cognitive behavioural therapy അധികം കടുപ്പമില്ലാത്ത വിഷാദരോഗത്തിന് ഫലപ്രദമായ ചികിത്സാരീതിയാണ്. ഇവ കൂടാതെ ചില മാനസിക പ്രശ്‌നങ്ങള്‍ക്ക് അതായത് ഭാര്യാഭര്‍തൃബന്ധത്തിലെ ചേര്‍ച്ചയില്ലായ്മ (Marital discord)കുട്ടികളിലെ സ്വഭാവവൈകല്യങ്ങള്‍ (Conduct disorder) പഠനവൈകല്യങ്ങള്‍(Learning disorder)എന്നിവയിലൊക്കെ കൗണ്‍സിലിങ് ചികിത്സ മാത്രമേ ഫലപ്രദമായി കാണാറുള്ളൂ. 

ചികിത്സയും മരുന്നും: തെറ്റിദ്ധാരണകള്‍
മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകളെപ്പറ്റിയും വളരെയധികം തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു, വ്യക്തിത്വം നഷ്ടപ്പെടുന്നു, ഒരു പ്രാവശ്യം തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല, രോഗിയെ മയക്കിക്കിടത്തും എന്നിവയാണ് ചില ധാരണകള്‍. യഥാര്‍ഥത്തില്‍ പഴയ കാലങ്ങളിലുള്ള മരുന്നുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്നുപയോഗിക്കുന്ന പുതിയതരം മരുന്നുകള്‍ മിക്കവയുടെയും പാര്‍ശ്വഫലങ്ങള്‍ നമ്മള്‍ സാധാരണ ശാരീരിക അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളുമായി താരതമ്യം ചെയ്യാവുന്ന തരത്തിലുള്ളതാണ്. വിഷാദരോഗത്തിനുള്ള പുതിയ പല മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്ന് പറയാവുന്നതാണ്.

ഡോ. രമേഷ് കെ.
സൈക്യാട്രിസ്റ്റ്, ജില്ലാ ആസ്​പത്രി, 
കണ്ണൂര്‍

കമ്യൂണിക്കേഷന്‍ ഗ്യാപ്' എന്തുകൊണ്ട്‌

ഡോ. ആല്‍ബി ഏലിയാസ്‌

ബന്ധങ്ങളില്‍ ജൈവപരമായി ഏറ്റവും ദൃഢമായതാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം. എന്നിട്ടും എന്തുകൊണ്ട് ഇത് കലുഷിതമാകുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുന്ന ചില മനഃശാസ്ത്ര കാരണങ്ങളിലേക്ക്...

കൗമാരപ്രതിസന്ധി
13 വയസ്സില്‍ ആരംഭിച്ച് 18 വയസ്സില്‍ പൂര്‍ത്തിയാകുകയും ചെയ്യുന്ന കാലഘട്ടം. ശരീര വളര്‍ച്ചയോടൊപ്പം മാനസികതലത്തിലും ഏറെ മാറ്റങ്ങളുണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. സ്വാഭാവികമായും എല്ലാം വെട്ടിപ്പിടിക്കുന്നതിനുള്ള ആവേശം ഈ പ്രായത്തിന്റെ സവിശേഷതയാണ്. ചിലര്‍ കവിതകളിലേക്കും മറ്റു ചിലര്‍ പ്രണയത്തിലേക്കും വഴിമാറുന്നു. മറ്റു ചിലര്‍ സാമൂഹ്യവിപ്ലവം സ്വപ്‌നം കാണുന്നു.
ഹോര്‍മോണുകള്‍ തിളച്ചു മറിയുന്നതുകൊണ്ട് കൗമാരപ്രായക്കാരുടെ ദൃഷ്ടിയില്‍ ഒരു പക്ഷേ അസാധ്യമായി ഒന്നും കാണില്ല. കാര്യങ്ങളെ പൊതുവേ പക്വതയോടെയും, യാഥാര്‍ത്ഥ്യബോധത്തോടെയും നോക്കികാണുന്ന മാതാപിതാക്കള്‍ക്ക് കൗമാരപ്രായക്കാരുടെ ഭാഷ മനസ്സിലാകാറില്ല. ഇത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയ വിനിമയം തകരാറിലാക്കുന്നു.

സമകാലിക ലോകത്ത് മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി നവ സാങ്കേതികതയുടെ ഉത്പന്നങ്ങളായ മൊബൈല്‍ ഫോണുകള്‍, ഇന്റര്‍നെറ്റ്, വീഡിയോ ഗെയിം എന്നിവ കൗമാരക്കാരുടെ ഇടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ നൂതന ഉപകരണങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അനുസരിച്ച് അവയില്‍ മാറ്റങ്ങള്‍ വരുത്താം. നിര്‍ജ്ജീവ വസ്തുക്കളായതിനാല്‍ അവയെ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നു. ഇവയുടെ കൂടെ ഒരു ഇരുചക്രവാഹനം കൂടിയായാല്‍ അത് അവരുടെ സ്വാതന്ത്ര്യബോധത്തെ പൊലിപ്പിച്ചെടുക്കുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൂട്ടുകാരുമായി ഇടപഴകാന്‍ മാത്രമല്ല മാതാപിതാക്കള്‍ തീര്‍ത്ത ചങ്ങലകെട്ടുകളില്‍ നിന്നും മോചനം നേടാന്‍ കൂടി ഉപയോഗിക്കപ്പെടുന്നു. അവര്‍ക്കുമാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ലോകം ഇതിലൂടെ അവര്‍ സൃഷ്ടിച്ചെടുക്കുന്നു. അപ്പോള്‍പ്പിന്നെ ഏങ്ങനെയാണ് അവര്‍ മാതാപിതാക്കളോടും മുതിര്‍ന്ന മറ്റുള്ളവരോടും ബഹുമാനം പോയിട്ട് സംസാരിക്കാന്‍ പോലും കൂട്ടാക്കുന്നത്?

വ്യത്യസ്തമായ പ്രതീക്ഷകളും ആവശ്യങ്ങളും
മാതാപിതാക്കള്‍ കുട്ടികളെ അവരുടെ ഭൗതിക നിലനില്പിന്റെ തുടര്‍ച്ചയായാണ് കാണുന്നത്. സ്വാഭാവികമായും കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ സ്വന്തം അഭിലാഷങ്ങളെയും ആശയങ്ങളെയും മനസ്സിലാക്കി പ്രതിഫലിപ്പിക്കും എന്‍്‌ന് മാതാപിതാക്കള്‍ ധരിക്കുന്നു, പ്രതീക്ഷിക്കുന്നു. സ്വന്തം ജീനുകളെ നിലനിറുത്താനും പരിപോഷിപ്പിക്കാനുമുള്ള ചോദന എല്ലാ ജീവികള്‍ക്കുമുണ്ട്. സ്വന്തം ജീനുകളെ സ്‌നേഹിക്കാതെ അല്ലെങ്കില്‍ ആ സ്വാര്‍ത്ഥതയില്ലാതെ ജീവിക്കുക ആര്‍ക്കും സാധ്യമല്ല. സ്വന്തം കുട്ടികളില്‍ മാതാപിതാക്കള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും ഇതേ സ്വാര്‍ത്ഥതയുടെ ഭാഗമാണ്.

നൈതികമായി നോക്കിയാല്‍ ഇതില്‍ തെറ്റോ ശരിയോ കണ്ടെത്താന്‍ പ്രയാസമായിരിക്കും. വസ്തുതാപരമായി നോക്കിയാല്‍ കുട്ടികള്‍ ഒരിക്കല്‍ ജനിച്ചു കഴിഞ്ഞാല്‍ അവര്‍ വേറിട്ട വ്യക്തികളാണ്. അവര്‍ അച്ഛന്റെയോ അമ്മയുടെയോ നേര്‍ പതിപ്പല്ല. സ്വന്തമായി അനുഭവങ്ങളും ആഗ്രഹങ്ങളും വ്യക്തിത്വവും ഉള്ള മനുഷ്യരാണ് അവരും. അതുകൊണ്ട് അവര്‍ക്ക് അവരുടേതായ ആവശ്യങ്ങളുണ്ടാകും. പലപ്പോഴും അവ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതുപോലെയോ അവര്‍ നിര്‍വചിക്കുന്നതുപോലെയോ ആകണമെന്നില്ല. ലോകത്ത് കോടാനുകോടി മനുഷ്യരുണ്ടെങ്കില്‍ അതേ തന്നെ വ്യക്തിത്വങ്ങളുമുണ്ടാകും. തങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ പ്രവര്‍ത്തിക്കണം എന്ന നിലപാട് വസ്തുതാപരമായി നോക്കിയാല്‍ കഠിനമായ ഒന്നാണ്.

ജനിതകമായ പിന്‍തുടര്‍ച്ച
മാതാപിതാക്കളുടെ ചില സ്വഭാവഗുണങ്ങള്‍ ജീനുകളോടൊപ്പം കുട്ടികളിലേക്കു പകര്‍ന്നു കിട്ടുന്നു. ജീനുകള്‍ സ്വഭാവ ഗുണങ്ങളുടെ വാഹകരാണല്ലോ. ന്യൂറോട്ടിസം എന്ന വ്യക്തിത്വഗുണം മാതാപിതാക്കള്‍ക്കുണ്ടായാല്‍ അതില്‍ നല്ലൊരു പങ്ക് കുട്ടികള്‍ക്കും കിട്ടുന്നു. പെട്ടെന്നു ദേഷ്യം വരുക, അതിരു കവിഞ്ഞ ആകാംക്ഷ, അക്ഷമ മുതലായവ ന്യൂറോട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. ചുരുക്കത്തില്‍ ന്യൂറോട്ടിസം മാതാപിതാക്കളിലും കുട്ടികളിലും പൊതുവായി കാണുന്ന വ്യക്തിത്വമാകുമ്പോള്‍ അത് മാതാപിതാക്കളും കുട്ടികളും പരസ്പരം ഇടപഴകുമ്പോള്‍ കല്ലുകള്‍ തമ്മില്‍ ഉരസി തീപാറുന്നതുപോലെയാകാം. 

ഇവിടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വ്യത്യസ്തതയല്ല മറിച്ച് സമാനവും അതേ സമയം വികലവുമായ വ്യക്തിത്വമാണ് പ്രശ്‌നമാകുന്നത്. മാത്രമല്ല കുട്ടികളായിരിക്കേ ഭൗതികവും മാനസികവുമായ പീഡനങ്ങള്‍ക്കു വിധേയരായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെയും അതേ രീതിയില്‍ പീഡിപ്പിക്കുന്നതായിട്ടാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ മാതാപിതാക്കള്‍ നടത്തുന്ന പീഡനങ്ങളും അവഗണനയും കുട്ടികള്‍ മറച്ചു വെയേ്ക്കണ്ട കാര്യമില്ല. അവര്‍ അക്കാര്യം മുതിര്‍ന്ന മറ്റാരോടെങ്കിലും തുറന്നു പറയുകയാണ് വേണ്ടത്.

ആധികാരികത, ആധിപത്യം, അതിസംരക്ഷണം, അവഗണന
ആധികാരികതയോടെ (Authoritative) യുള്ള ബന്ധത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ കര്‍ശനമായ രീതിയില്‍ അച്ചടക്കം പരിശീലിപ്പിക്കുന്നു. ഒതുക്കവും നിലവാരവും ഉത്തരവാദിത്വബോധവുമുള്ള പെരുമാറ്റം അവരില്‍ നിന്നും ആവശ്യപ്പെടുന്നു. അതേ സമയം അവര്‍ കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അവയെ പരിഗണിക്കുകയും ചെയ്യുന്നു. പരിഗണിക്കുന്നു എന്നതിന്റെയര്‍ത്ഥം അവ സാധിച്ചു കൊടുക്കുന്നു എന്നല്ല. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍ കുട്ടികളുടെ അഭിപ്രായം തേടുകയും ചെയ്യുന്നു. സര്‍വ്വോപരി കുട്ടികളോട് സ്‌നേഹം പ്രകടിപ്പിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നടത്തികൊടുക്കുകയും ചെയ്യുന്നു. ഈ വിധം മാതാപിതാക്കള്‍ തങ്ങളെ സ്‌നേഹിക്കുന്നുവെന്ന് മാത്രമല്ല അവരുടെ ആവശ്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്നു എന്ന പ്രതീതി കുട്ടികളിലുണ്ടാകുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യപരമായ ആശയവിനിമയത്തിലേക്ക് ഇത് വഴിതെളിക്കുന്നു.

ആധിപത്യം: ഈ വിനിമയ പ്രക്രിയയില്‍ മാതാപിതാക്കള്‍ കുട്ടികളെ കര്‍ശനമായ അച്ചടക്കം പഠിപ്പിക്കുന്നു. അവരോട് പല കാര്യങ്ങളും ആവശ്യപ്പെടുന്നു. ചിലപ്പോള്‍ ശിക്ഷിക്കുന്നു. എന്നാല്‍ ശിക്ഷയോടൊപ്പം മുകളില്‍ വിവരിച്ചതുപോലെയുള്ള പരിഗണനയോ സ്‌നേഹമോ ഉണ്ടാകുന്നില്ല. തത്ഫലമായി കുട്ടികള്‍ക്ക് പരിഗണനാപൂര്‍വ്വം പെരുമാറുന്ന മാതാപിതാക്കളെ മാതൃകയാക്കി വളരാന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്ന് വികസിച്ചു വരുന്ന അവരുടെ വ്യക്തിത്വം ദുര്‍ബലമായിരിക്കും. തങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നുള്ള ചിന്ത അവരില്‍ കടുത്ത ആകാംക്ഷയും അപകര്‍ഷതാബോധവും ഉണ്ടാക്കുന്നു. മാതാപിതാക്കളില്‍ നിന്നും വേദനാജനകമായ അനുഭവങ്ങളേ ഉണ്ടാകൂ എന്ന പാഠമാണ് അവര്‍ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ അവര്‍ മാതാപിതാക്കളില്‍ നിന്നും വൈകാരികമായി അകലുന്നു. മാതാപിതാക്കളാകട്ടെ ഇതിനെ കൂടുതല്‍ കര്‍ക്കശബുദ്ധിയോടും ചിലപ്പോള്‍ ശിക്ഷ കൊണ്ടും നേരിടുന്നു. ഇത് കുട്ടികളെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയോ, അകറ്റുകയോ ചെയ്യുന്നു. അതായത് ഒരു ദൂഷിതവലയത്തിലേക്ക് (Vicious Circle) ഇത് നയിക്കുന്നു. പ്രായമാകുന്നതിനനുസരിച്ച് കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കാതാകുന്നു. ചിലപ്പോഴെല്ലാം മുമ്പുണ്ടായ ശിക്ഷകള്‍ കാരണം പ്രതികാരബുദ്ധിയോടെ പെരുമാറുന്നു.

അവഗണന (Neglect): ചിലപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ അച്ചടക്കം പഠിപ്പിക്കുകയോ അവരില്‍ നിന്നും ഒന്നും ആവശ്യപ്പെടുകയോ ചെയ്യില്ലെന്നു മാത്രമല്ല അവരെ പരിഗണിക്കുകയോ അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയോ ചെയ്യാതെ വരുന്നു. മാതാപിതാക്കളുടെ സാന്നിധ്യം കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നു എന്നതാണ് ഇവിടെ അടിസ്ഥാനപരമായി സംഭവിക്കുന്നത്. മാതാപിതാക്കളില്‍ നിന്നും ഒന്നും ലഭിക്കാനില്ല എന്ന പാഠമാണ് കുട്ടികള്‍ ഇതില്‍ നിന്നും പഠിക്കുന്നത്. അന്തര്‍മുഖത്വവും നിഷ്‌ക്രിയത്വവും ആയിരിക്കും ഇതിന്റെ ഫലം. കുട്ടികളുടെ വ്യക്തിത്വവികാസത്തെ അത് സാരമായി ബാധിക്കും. ഇതിനു പുറമെ അച്ചടക്കമോ മാര്‍ഗനിര്‍ദേശമോ ലഭിക്കാത്തതിനാല്‍ സാമൂഹ്യ നിയമങ്ങളെയും മൂല്യങ്ങളെയും കുട്ടികള്‍ വകവെക്കാതെ വരുന്നു. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം കുട്ടിക്കാലത്തു അനുഭവപ്പെടുന്ന അവഗണനയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

അതിസംരക്ഷണം (Over protection): ഏറെ ലാളിക്കുകയും അതിരു കവിഞ്ഞ സംരക്ഷണം നല്‍കുകയും അതേ സമയം കുട്ടികളുടെ സ്വതന്ത്രമായ വികാസത്തെ തടസ്സപ്പെടുത്തുകയും അവരില്‍ അച്ചടക്കവും ഉത്തരവാദിത്വബോധവും വാര്‍ത്തെടുക്കാതിരിക്കുകയുമാണ് മാതാപിതാക്കള്‍ ഇവിടെ ചെയ്യുന്നത്. കുട്ടികള്‍ക്ക് ഒന്നും സ്വയമായി ചെയ്യാന്‍ കഴിയില്ലെന്നു ധരിക്കുന്ന മാതാപിതാക്കളില്‍ നിന്നാണ് ഇങ്ങനെയുണ്ടാകുന്നത്. അവര്‍ എന്തിനും ഏതിനും കുട്ടികളുടെ പുറകെ നില്‍ക്കുന്നു. 

ആജ്ഞകളും നിര്‍ദേശങ്ങളും നല്‍കുന്നു. വാസ്തവത്തില്‍ മാതാപിതാക്കളുടെ അതിരു കവിഞ്ഞ പേടിയാണ് ഇതിന്റെ പുറകില്‍. എന്നാല്‍ ഇത് കൊണ്ട് കുട്ടികളുടെ സ്വതന്ത്ര വികാസത്തെ തടസ്സപ്പെടുത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. ഈ രീതിയില്‍ കുട്ടികള്‍ വളര്‍ന്നാല്‍ ഭാവിയിലും അവര്‍ എല്ലാ കാര്യങ്ങള്‍ക്കും മാതാപിതാക്കളെയും മറ്റുള്ളവരേയും ആശ്രയിക്കാന്‍ തുടങ്ങുന്നു. കാരണം സ്വന്തമായി എന്തെങ്കിലും ചെയ്യുവാനോ, ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനോ ഉള്ള അവസരം മാതാപിതാക്കള്‍ അവര്‍ക്കു നല്‍കിയിട്ടില്ല.

മാതാപിതാക്കളോടുള്ള കുട്ടികളുടെ പെരുമാറ്റം
കുട്ടികളോടുള്ള മാതാപിതാക്കളുടെ പെരുമാറ്റവും സമീപനവുമാണ് കുട്ടികളുടെ തിരിച്ചുള്ള പെരുമാറ്റത്തെ ഒരു പരിധിവരെ നിര്‍ണയിക്കുന്നതെങ്കിലും എല്ലാം തികഞ്ഞ രീതിയില്‍ നൂറുശതമാനം കൃത്യതയോടെ കുട്ടികളോടു പെരുമാറാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞെന്നു വരില്ല. മനുഷ്യസഹജമായ ന്യൂനതകള്‍ അവര്‍ക്കുണ്ടാകും. എന്നാല്‍ കുട്ടികള്‍ വളര്‍ന്നു വരുന്നതിനനുസരിച്ച് അവരില്‍ നിന്നും പക്വതയും നീതിപൂര്‍വ്വവുമായ പെരുമാറ്റവും സമൂഹം പ്രതീക്ഷിക്കുന്നുണ്ടാകും.
മാതാപിതാക്കളെ ബഹുമാനിക്കുന്നവര്‍ സ്വന്തം ജീനുകളെത്തന്നെയാണ് പരിപോഷിപ്പിക്കുന്നതെന്നും അത് മനുഷ്യചോദനയുടെ സഫലീകരണമാണെന്നും നമ്മള്‍ മനസ്സിലാക്കണം.

പ്രണയം
മാതാപിതാക്കളും കുട്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമാകുന്ന പ്രധാന വിഷയം പ്രണയമാണ്. മകന്റെ അല്ലെങ്കില്‍ മകളുടെ ജീവിതപങ്കാളിയെ മാതാപിതാക്കള്‍ നിശ്ചയിക്കുന്ന സംസ്‌കാരം ലോകത്തിന്റെ പലയിടങ്ങളിലുമില്ല. മുകളില്‍ സൂചിപ്പിച്ചതുപോലെ മാതാപിതാക്കളുടെ അതിസംരക്ഷണയില്‍ നിന്നുണ്ടാകുന്നതാണിത്. എന്നാല്‍ മക്കളുടെ ജീവിതപങ്കാളിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ പ്രതീക്ഷകളും മക്കളുടെ പ്രണയാഭിലാഷങ്ങളും പരസ്പരം പൊരുത്തപ്പെടാത്തവയാകുമ്പോള്‍ അത് എല്ലാവരെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. നൈതികതയുടെ തലത്തില്‍ നിന്നും നോക്കിയാല്‍ മക്കളുടെ ജീവിതപങ്കാളി ഇന്നവരായിരിക്കണം എന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നതില്‍ ഔചിത്യമില്ല. കാരണം മക്കളുടെ ജീവിതപങ്കാളികള്‍ അവരോടൊപ്പമാണ് ജീവിക്കേണ്ടത്. 

പാശ്ചാത്യസംസ്‌കാരത്തില്‍ നിന്നും വിഭിന്നമായി കുട്ടികളെ ദൃഢമായ സാമൂഹ്യബന്ധങ്ങളില്‍ കൂടി വളര്‍ത്തുന്ന മാതാപിതാക്കളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അസ്ഥാനത്താണെന്നു പറയാന്‍ കഴിയില്ല. അപ്പോള്‍പ്പിന്നെ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പൊതുവായി ഇഷ്ടപ്പെടുന്ന ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുകയാണ് അഭികാമ്യം. പ്രണയമെന്നത് ഒരു വ്യക്തിയോടു മാത്രം തോന്നുന്ന വികാരമല്ല. രണ്ടുപേരില്‍ ഓരോരുത്തരം ഒരു ദര്‍പ്പണം പോലെ പ്രതിഫലിപ്പിക്കുന്ന ഏതൊരു ബന്ധത്തിലും പ്രണയം പൂവിടുകയായി. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ പ്രണയബന്ധങ്ങളില്‍ ഉള്‍പ്പെടുന്നതിനു മുമ്പ് മാതാപിതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്ത് അവരുടെ കൂടെ അഭിപ്രായം തേടാന്‍ കുട്ടികള്‍ തയ്യാറായേക്കും. പല ദുരന്തങ്ങളും ഒഴിവാക്കാന്‍ ഇങ്ങനെ സാധിക്കും. മാതാപിതാക്കളോട് ഒട്ടും ആലോചിക്കാതെയോ, അവര്‍ക്ക് ഒരു സൂചനപോലും നല്‍കാതെയോ പ്രണയത്തിലേക്ക് എടുത്തുചാടിയാല്‍ പിന്നീട് ഒന്നുകില്‍ തന്നെ വിശ്വസിച്ച് പ്രണയിച്ച ആളെ ഉപേക്ഷിക്കേണ്ടിവരും, അല്ലെങ്കില്‍ ജന്മം തന്ന് വളര്‍ത്തിയ മാതാപിതാക്കളെ അവഗണിക്കേണ്ടിവരും. രണ്ടായാലും അത് ആത്മസംഘര്‍ഷത്തിനും ക്ലേശത്തിനും കാരണമാകുന്നു.

ആശയവിനിമയം
ചിന്തകളും വികാരങ്ങളും അഭിലാഷങ്ങളും മറ്റും കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് വിനിമയം. പറയുന്നത് കേള്‍ക്കുന്നയാള്‍ക്ക് മനസ്സിലാകണം, അയാള്‍ അവ മനസ്സിലാക്കി എന്ന തരത്തില്‍ വിക്ഷേപിക്കുന്ന ആളിലേക്ക് പ്രതിഫലിപ്പിക്കണം. എന്നാലേ ആശയ വിനിമയം പൂര്‍ത്തിയായി എന്നു പറയാനാവൂ. ആശയ വിനിമയത്തിലുണ്ടാകുന്ന പാകപ്പിഴകള്‍ പ്രധാനമായും മൂന്നാണ്. ഒന്ന് ആശയ വിനിമയത്തിലുണ്ടണാകുന്ന കുറവ് അല്ലെങ്കില്‍ അതിന്റെ അഭാവം. രണ്ട് അഭിലഷണീയമായ തരത്തിലുള്ള ആശയ വിനിമയം, കോപത്തോടെയുള്ള സംസാരം, ശത്രുതാപരമായ വിമര്‍ശനങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍. മൂന്ന് തെറ്റിദ്ധരിക്കപ്പെട്ടതോ ഫലപ്രദമല്ലാത്തതോ ആശയവിനിമയം. ആശയങ്ങള്‍ വിക്ഷേപിക്കുന്നയാളുടെ സംസാരം വ്യക്തമല്ലാതെയാകുക, അത് വ്യക്തമായാലും സ്വീകര്‍ത്താവ് അതു ശ്രദ്ധിക്കാതിരിക്കുക, തെറ്റായി മനസ്സിലാക്കുക എന്നിവ ഉദാഹരണങ്ങള്‍. രണ്ടുപേരും തങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാതിരിക്കുമ്പോഴും, ഒരാള്‍ മറ്റേയാളുടെ മനോനിലയും അഭിലാഷങ്ങളും മനസ്സിലാക്കാതെ സംസാരിക്കുമ്പോഴും ആശയവിനിമയം ഫലപ്രദമല്ലാതെയാകുന്നു.

വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങള്‍
മാതാപിതാക്കളുടെ പ്രായവും അനുഭവ സമ്പത്തുമല്ലല്ലോ കുട്ടികളുടേത്. മനുഷ്യന്‍ അവന്റെ കഴിവുകള്‍ പൂര്‍ണമായും വികസിപ്പിച്ചെടുക്കുന്നത് മുപ്പതുകളുടെ മധ്യത്തോടെയാണ്. സ്വാഭാവികമായും മാതാപിതാക്കള്‍ക്ക് കൂടുതല്‍ അനുഭവജ്ഞാനവും പ്രായോഗിക ജ്ഞാനവും കാണും. വളര്‍ന്നു വരുന്ന കുട്ടികള്‍ അധികവും വിവേകത്തേക്കാളുപരി വൈകാരികമായും അപ്പപ്പോള്‍ തോന്നുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുമായിരിക്കും പെരുമാറുക. ആസൂത്രണ ബുദ്ധി അവരില്‍ വളര്‍ന്നു വരാന്‍ വര്‍ഷങ്ങളെടുക്കും. മാത്രമല്ല മാതാപിതാക്കള്‍ ഉത്തരവാദിത്വബോധമുള്ളവരും പലകാര്യങ്ങളെയും കുറിച്ച് ആകാംക്ഷയുള്ളവരുമായിരിക്കും. കുട്ടികള്‍ക്കാവട്ടെ ഇത്തരത്തിലുള്ള ഉത്തരവാദിത്വബോധമൊന്നും ഉണ്ടായിരിക്കില്ല. മാതാപിതാക്കള്‍ മൂല്യം കല്‍പിക്കുന്ന കാര്യങ്ങള്‍ക്കായിരിക്കില്ല കുട്ടികള്‍ മൂല്യം കല്്പിക്കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ മാതാപിതാക്കളും കുട്ടികളും ലോകത്തെ നോക്കികാണുന്നത് വ്യത്യസ്ത നിറങ്ങളുള്ള രണ്ടു കുഴലുകളില്‍ കൂടിയാണ്.

മുതിര്‍ന്ന തലമുറ വളര്‍ന്നുവന്ന സാഹചര്യമായിരിക്കില്ല സാങ്കേതിക വിദ്യ നാള്‍ക്കുനാള്‍ വികസിക്കുന്ന കാലയളവില്‍ അവരുടെ കുട്ടികള്‍ വളരുന്ന സാഹചര്യം. കൊച്ചുകുട്ടികള്‍ പോലും ഇന്നുപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍, കാമറ ഘടിപ്പിച്ച മൊബൈല്‍ഫോണുകള്‍ എന്നിവ അവരുടെ മാതാപിതാക്കള്‍ക്ക് സ്വപ്‌നങ്ങളില്‍പ്പോലും അന്യമായിരുന്നിരിക്കണം. സാങ്കേതിക വിദ്യയുടെ മായാലോകത്തുള്ള ഉപകരണങ്ങളോട് കുട്ടികള്‍ വേഗം ഇണങ്ങുന്നു. അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അധികം കാരണങ്ങള്‍ കാണില്ല. മുതിര്‍ന്ന തലമുറയില്‍പ്പെട്ടവര്‍ക്ക് ഏറ്റവും വിലപ്പെട്ടത് അവരുടെ ഭൂതകാലം സമ്മാനിച്ചിട്ടുള്ള അനുഭവങ്ങളും ഓര്‍മ്മകളുമായിരിക്കും. 

നൂതന സാങ്കേതിക ഉപകരണങ്ങളും അവ പ്രദാനം ചെയ്യുന്ന സൗകര്യങ്ങളും തങ്ങളുടെ ഭൂതകാലത്തെ തുടച്ചുനീക്കാന്‍ പോകുന്ന ഭീഷണി ആയിട്ടാണ് മാതാപിതാക്കള്‍ക്ക് അനുഭവപ്പെടുന്നത്. ഏറ്റവും പരിചിതമായ വളര്‍ന്നുവന്ന ജീവിത പശ്ചാത്തലങ്ങളോട് ഇണങ്ങുകയും അവയുമായി ചേര്‍ന്നു പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജീവി വര്‍ഗങ്ങളുടെ പൊതുസ്വഭാവമാണ്. ഇത്തരത്തില്‍ മാതാപിതാക്കള്‍ ഇഷ്ടപ്പെടുന്ന സാഹചര്യങ്ങളല്ല കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. ഇത് സ്വാഭാവികമായും സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. തലമുറകള്‍ മുന്നോട്ട് പോകുംതോറും ഇന്നത്തെ കുട്ടികള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത കാര്യങ്ങളായിരിക്കും അവരുടെ മക്കള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ശ്രദ്ധേയമായ കാര്യം ഇതില്‍ ആരും തെറ്റുകാരല്ല എന്നുള്ളതാണ്. ഈ അടിസ്ഥാന തത്വം ആരും മനസ്സിലാക്കാതെ വരുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്.

മനുഷ്യരുടെ അഭിരുചികള്‍ക്കും, ജീവിത വീക്ഷണങ്ങള്‍ക്കും മേല്‍ സമപ്രായക്കാരും, സാമൂഹ്യ വ്യതിയാനങ്ങളും ചെലുത്തുന്ന സ്വാധീനത വലുതാണ്. കുട്ടികള്‍ കൂട്ടുകാരുടെ പ്രവൃത്തികളിലായിരിക്കും സ്വാധീനിക്കപ്പെടുന്നത്. അവരുടെ രീതികളായിരിക്കും കുട്ടികള്‍ പിന്തുടരുന്നത്. മാതാപിതാക്കളാകട്ടെ തങ്ങളുടെ സമപ്രായക്കാരാലാണ് ആകര്‍ഷിക്കപ്പെടുന്നത്. അവരുടെ അഭിപ്രായങ്ങള്‍ സമപ്രായക്കാര്‍ പറയുന്നതിനനുസരിച്ചായിരിക്കും രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരേ പ്രായക്കാരാല്‍ മനുഷ്യര്‍ സ്വാധീനിക്കപ്പെടുന്നതിനെ സമാനരുടെ സമ്മര്‍ദ്ദം (Peer Pressure) എന്നറിയപ്പെടുന്നു.

നവ സാങ്കേതിക വിദ്യയ്ക്കു പുറമെ സാമൂഹ്യ വ്യതിയാനങ്ങളും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷയുടെ പ്രചാരം കൂടുതലായതോടെ ഇളംതലമുറയില്‍പ്പെട്ടവര്‍ കൂടുതല്‍ ആംഗലേയ ഭാഷ സംസാരിക്കുന്നു. ശാസ്ത്ര വിജ്ഞാനം പരിഷ്‌കരിക്കപ്പെടുന്നതോടെ മാതാപിതാക്കള്‍ പണ്ടു മനസ്സിലാക്കിയ കാര്യങ്ങള്‍ തിരുത്തപ്പെട്ടേക്കാം. കാലത്തിനനുസരിച്ച് വസ്ത്രധാരണത്തിലും മാറ്റങ്ങള്‍ വരുന്നു. മാതാപിതാക്കളെ സംബന്ധിച്ച് ശീലിച്ചതേ പാലിക്കൂ എന്ന സാമാന്യ നിയമം പ്രസക്തമാകുന്നു. അതിലായിരിക്കുമല്ലോ എല്ലാ മനുഷ്യരും സ്വസ്ഥത കണ്ടെത്തുന്നത്.

സ്‌കിസോഫ്രീനിയയെ അടുത്തറിയുക

ഡോ. പി.എന്‍. സുരേഷ്‌കുമാര്‍ 
സ്‌കിസോഫ്രീനിയ എന്ന അസുഖത്തെ പലരും ഒരു രോഗമായി കണക്കാക്കുന്നില്ല. മറിച്ച് വളര്‍ത്ത്‌ദോഷമോ മറ്റു സാമൂഹികപ്രശ്‌നങ്ങളുടെയോ പ്രതിഫലനമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഈ രോഗത്തിന് എന്തെങ്കിലും ഗ്രഹദോഷമോ ദൈവശാപമോ അമാനുഷിക ശക്തികളോ കാരണമല്ല. ചിന്തകള്‍, പെരുമാറ്റങ്ങള്‍, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവയില്‍ മസ്തിഷ്‌കകോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകളാണ്. ജീവശാസ്ത്രപരമായ രോഗമാണ് സ്‌കിസോഫ്രീനിയ.

സ്‌കിസോഫ്രീനിയ ബാധിക്കുന്നവര്‍
സ്‌കിസോഫ്രീനിയ ഒരു വിരളമായ രോഗമല്ല. തികച്ചും സാധാരണമായ ഈ രോഗം നൂറുപേരില്‍ ഒരാളെ വീതം ഏതെങ്കിലും സമയത്ത് ബാധിക്കുന്നു. കേരളത്തില്‍ ഏകദേശം മൂന്നു ലക്ഷം ജനങ്ങള്‍ക്ക് ഈ രോഗമുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. 15-നും 30-നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഇതു കാണുന്നത്.

കാരണങ്ങള്‍
വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന രോഗമാണിതെന്നു കരുതുന്നു. തലച്ചോറിലെ രാസപദാര്‍ഥങ്ങളായ ഡോപമിന്‍, ഗ്ലൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിനു കാരണമാകുന്നു. പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ നാശം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ എന്നിവയൊക്കെ മറ്റു കാരണങ്ങളാണ്. മാനസിക സംഘര്‍ഷങ്ങളും കുടുംബപ്രശ്‌നങ്ങളുമൊക്കെ ഈ രോഗാവസ്ഥയെ കൂടുതല്‍ മോശമാക്കാം.

ലക്ഷണങ്ങള്‍
അസുഖം തുടങ്ങുന്നത് പെട്ടെന്നല്ല; ക്രമേണയാണ്. സ്‌കിസോഫ്രീനിയയ്ക്ക് ഒരായിരം മുഖങ്ങളുണ്ട്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്ഥിരമായി കണ്ടുവന്നാല്‍ രോഗം സ്‌കിസോഫ്രീനിയയാണെന്ന് അനുമാനിക്കാം. 1. ഒന്നിലും താത്പര്യമില്ലാതെ മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുക. 2. സംശയസ്വഭാവം: തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പങ്കാളിക്ക് അവിഹിതബന്ധം, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ചിന്തകള്‍. 3. മിഥ്യാനുഭവങ്ങള്‍: മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതും കാണാന്‍ കഴിയാത്തതുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, കാഴ്ചകള്‍ കാണുക. 4.വൈകാരികമാറ്റങ്ങള്‍: ഭയം, ഉത്കണ്ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക. 5.ഇല്ലാത്ത വ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത, അര്‍ഥമില്ലാത്ത സംസാരം, അംഗവിക്ഷേപങ്ങള്‍ കാണിക്കുക, കണ്ണാടി നോക്കി ചേഷ്ടകള്‍ കാണിക്കുക. 6.കഠിനമായ ദേഷ്യം, ആത്മഹത്യാപ്രവണത, കൊലപാതകവാസന. സ്‌കിസോഫ്രീനിയ രോഗികളില്‍ 30-40 ശതമാനംവരെ പൂര്‍ണമായി വിമുക്തിനേടുമ്പോള്‍ 30-40ശതമാനം പേര്‍ തുടര്‍ച്ചയായ പരിചരണത്തിന്റെയും മരുന്നുകളുടെയും സഹായത്താല്‍ ഏറെക്കുറെ മുന്നോട്ടു പോകാന്‍ കഴിവുള്ളവരാണ്.

ചികിത്സ
ശരിയായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും സ്‌കിസോഫ്രീനിയ ഒട്ടൊക്കെ ഭേദമാക്കാം. ആരംഭത്തിലേ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കിയുള്ള ചികിത്സാരീതികളാണ് നിലവിലുള്ളത്. മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല ഉപദേശങ്ങളും നല്കിയാല്‍ ചികിത്സ എളുപ്പമാകും. ഇലക്‌ട്രോകണ്‍വല്‍സീവ് തെറാപ്പിയും കൗണ്‍സലിങ്, പുനരധിവാസം പോലുള്ള സാമൂഹിക ചികിത്സകളും ഇന്നു വ്യാപകമാണ്. 

സ്‌കിസോഫ്രീനിയയ്ക്കുള്ള മരുന്നുകള്‍ പൊതുവെ ആന്റിസൈകോട്ടിക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നു. മസ്തിഷ്‌കത്തിലെ ഡോപ്പമിന്റെ അധികാവസ്ഥ കുറച്ചുകൊണ്ടുവരികയാണ് ഇത്തരം മരുന്നുകള്‍ ചെയ്യുന്നത്. പഴയകാല ഔഷധങ്ങളായ ക്ലോര്‍പ്രോമസിന്‍, ട്രൈഫ്ലൂപരസിന്‍, ഹാലോപെരിഡോള്‍ എന്നിവയ്ക്കു പുറമെ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും അതേസമയം, കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഔഷധങ്ങളായ റിഡ്‌പെരിഡോണ്‍, ഒലാന്‍സിപൈന്‍, കൈ്വറ്റിയാപ്പിന്‍, ക്ലോസപ്പിന്‍, അമിസള്‍പ്പിറൈഡ് എന്നീ മരുന്നുകള്‍ വിദേശത്തെപ്പോലെ ഇന്ത്യയിലും ഇന്ന് ലഭ്യമാണ്. മരുന്നു കഴിക്കാന്‍ വിസമ്മതിക്കുന്ന രോഗികള്‍ക്കായി അവരറിയാതെ ഭക്ഷണത്തില്‍ ചേര്‍ത്തു കൊടുക്കുന്നതും രണ്ടാഴ്ചയിലോ മാസത്തിലൊരിക്കലോ ഇഞ്ചക്ഷന്‍ രൂപത്തില്‍ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.

ഇലക്‌ട്രോകണ്‍വല്‍സീവ് തെറാപ്പി
രോഗിയെ മയക്കിക്കിടത്തി ചെറിയ അളവില്‍ വൈദ്യുതി കടത്തിവിട്ട് തലച്ചോറിലെ തകരാറുകള്‍ പരിഹരിക്കുന്ന രീതിയാണിത്. ഇതിന് ഏകദേശം 40 സെക്കന്‍ഡു മാത്രമേ ആവശ്യമുള്ളൂ. ഇത്തരത്തില്‍ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിക്കുന്നത് ഒട്ടേറെ രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ ശരിയാക്കിയെടുക്കാന്‍ തലച്ചോറിനെ സഹായിക്കുന്നു.

സാമൂഹിക - മനഃശാസ്ത്ര ചികിത്സ
ആശയവിനിമയത്തിനുള്ള പ്രയാസം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്മ, മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനും ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള താത്പര്യമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളാല്‍ വിഷമിക്കുന്ന രോഗികള്‍ക്ക് ഒരാശ്വാസമാണ് സാമൂഹിക - മനഃശാസ്ത്രചികിത്സ. സൈക്കോതെറാപ്പി, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, രോഗപരിചാരകര്‍ക്ക് രോഗത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ചികിത്സാരീതി.

സൈക്കോതെറാപ്പി
മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളെ ശാസ്ത്രീയമായ ഉപദേശങ്ങളിലൂടെ ഭേദമാക്കുന്ന രീതിയാണിത്. എന്നിരുന്നാലും സൈക്കോതെറാപ്പിക്കൊപ്പം മരുന്നുകളും ഉപയോഗിക്കേണ്ടതാണ്.

കോഗ്‌നറ്റീവ് ബിഹേവിയറല്‍ തെറാപ്പി
യുക്തിരഹിതമായ ചിന്തകളും കാഴ്ചപ്പാടുകളുമുള്ള സ്‌കിസോഫ്രീനിയ രോഗികള്‍ക്ക് അവരുടെ ചിന്താധാരയിലുള്ള തെറ്റുകള്‍ മനസ്സിലാക്കി തിരിച്ചറിവ് നല്‍കുന്ന രീതിയാണിത്. ഈ ചികിത്സാരീതി രോഗികളുടെ ചിന്തകളെയും പെരുമാറ്റത്തെയുമാണ് ലക്ഷ്യം വെക്കുന്നത്. 

രോഗീപരിചാരകര്‍ക്കുള്ള ബോധവത്കരണം
ആസ്പത്രിവിട്ട് വീട്ടിലെത്തുന്ന രോഗികളെ പരിചരിക്കുന്നവര്‍ക്ക് സ്‌കിസോഫ്രീനിയയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. രോഗികള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകള്‍ കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് പരിചാരകര്‍ അറിഞ്ഞിരിക്കണം. മരുന്നുകള്‍ കൃത്യസമയത്ത് നല്‍കാനും മരുന്നുകള്‍ കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രോഗികളെ പറഞ്ഞുമനസ്സിലാക്കാനും രോഗീപരിചാരകര്‍ ശ്രദ്ധിക്കണം. ആസ്പത്രി വിട്ട രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും വളരെ പ്രധാനമാണ്.

മരുന്നുകള്‍ നിര്‍ത്തിയാല്‍
സ്വന്തം ഇഷ്ടപ്രകാരം മരുന്നുപയോഗം പെട്ടെന്ന് നിര്‍ത്തുന്നത് രോഗാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിലേക്കും മറ്റു പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ ഒരിക്കലും നിര്‍ത്തരുത്.

ദുശ്ശീലങ്ങളില്‍നിന്ന് അകലാന്‍ 

അതൊരു ശീലമായിപ്പോയി, ഒഴിവാക്കാന്‍ പറ്റുന്നില്ല-മദ്യപാന വിമുക്തികേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്ന ബഹുഭൂരിപക്ഷവും ആവര്‍ത്തിക്കുന്ന വാചകമാണിത്.

മദ്യപാനം മാത്രമല്ല, നമുക്കെല്ലാം ഒട്ടേറെ ശീലങ്ങളുണ്ട്. കാലത്ത് ഒരു ചായ, ഊണിനൊപ്പം മധുരം തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നമുക്ക് ശീലമായിരിക്കും. ചില ശീലങ്ങള്‍ നല്ലതായിരിക്കും. പത്രപാരായണം, നടപ്പ് തുടങ്ങിയവ ഉദാഹരണം. ചിലത് താരതമ്യേന നിര്‍ദോഷങ്ങളായിരിക്കും. ചായകുടി പോലുള്ളവ ഈ ഗണത്തില്‍ വരും.

എന്നാല്‍ ചിലത് ശീലങ്ങളല്ല, ദുശ്ശീലങ്ങളാണ്. അത് വ്യക്തിയെ മാത്രമല്ല, കുടുംബത്തെയും തകര്‍ക്കും. എല്ലാറ്റിലുമുപരി സമൂഹത്തിനുതന്നെ അയാള്‍ ഒരു ബാധ്യതയാകും. മദ്യപാനം, പുകവലി, മയക്കുമരുന്ന്, പണംവെച്ച് ചീട്ടുകളി തുടങ്ങി ഒറ്റനമ്പര്‍ ലോട്ടറിവരെയുള്ളവ ഇത്തരം ദുശ്ശീലങ്ങളില്‍ പെടും.

ബുദ്ധിശൂന്യമായ ആവര്‍ത്തനത്തിലൂടെ നമ്മില്‍ വേരുപിടിക്കുന്ന പ്രവണതയാണ് ദുശ്ശീലങ്ങള്‍. ആവര്‍ത്തനം ഒഴിവാക്കുന്നതോടെ ശീലങ്ങള്‍ക്ക് ശക്തി കുറയും. വ്യക്തിയുടെ ദൃഢനിശ്ചയം കൂടിയുണ്ടെങ്കില്‍ ഇവയെ അറുത്തുമാറ്റാന്‍ എളുപ്പമാണ്.

കടുത്ത മദ്യപരായ എത്രയോ പേര്‍ എന്നെന്നേയ്ക്കുമായി അതില്‍ നിന്ന് മോചിതരായിരിക്കുന്നു. അവര്‍ക്കാകാമെങ്കില്‍ നമുക്കും എന്തുകൊണ്ട് ആയിക്കൂടാ? ഇത്തരം ശീലങ്ങള്‍ ദുശ്ശീലങ്ങളാണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. ഇതിലേക്ക് നമ്മളെ നയിക്കുന്ന സാഹചര്യങ്ങള്‍ എന്തെന്ന് കണ്ടെത്തുകയാണ് അടുത്തപടി. 

മാനസിക സമ്മര്‍ദങ്ങള്‍ അതിനൊരു കാരണമാകാം. പക്ഷേ മദ്യപിക്കുന്നതുകൊണ്ട് മാനസിക സമ്മര്‍ദമോ അതിന്റെ യഥാര്‍ഥ കാരണമോ ഇല്ലാതാകുന്നില്ല. തത്കാലം ബുദ്ധിഭ്രമംമൂലം അതില്‍നിന്ന് മോചിതനായെന്ന് തോന്നലുണ്ടാകും, അത്രമാത്രം. സുബോധംവരുമ്പോള്‍ മാനസിക സമ്മര്‍ദം കൂടുകയും ചെയ്യും. വ്യായാമം, വിശ്രമം, വിനോദം തുടങ്ങിയ ഉപാധികളിലൂടെ സമ്മര്‍ദം ഇല്ലാതാക്കുകയാണ് വേണ്ടത്. അതോടൊപ്പം കോപം, വെറുപ്പ്, അസൂയ, കുറ്റബോധം തുടങ്ങിയ വികാരങ്ങള്‍ക്ക് നാം നമ്മളെ വിട്ടുകൊടുക്കരുത്.

ആത്മധൈര്യമാണ് ദുശ്ശീലത്തിനെതിരായ മുഖ്യ ആയുധം. 'ഞാന്‍ ശക്തനാണ്, എനിക്കിഷ്ടമില്ലാത്ത ഒരു ശീലത്തിനും എന്നില്‍ ആധിപത്യം സ്ഥാപിക്കാനാവില്ല' എന്ന് ഒരു പോരാളിയുടെ വീര്യത്തോടെ സ്വയം പ്രഖ്യാപിച്ചാല്‍ നാമറിയാതെ ഒരു ഊര്‍ജം നമ്മിലേക്ക് പ്രവഹിക്കും. അതോടൊപ്പം മറ്റുള്ളവരുടെ പിന്തുണയും തേടാം. 'ഇത് എന്റെ പ്രശ്‌നമാണ്, ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം' എന്നു പറയുന്നവര്‍ ഒരിക്കലും പ്രശ്‌നത്തെ അതിജീവിക്കില്ല. നല്ല സുഹൃത്തുക്കള്‍, ജീവിതപങ്കാളി, കൗണ്‍സലേഴ്‌സ്, ആത്മീയാചാര്യന്മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി നിരവധി പേര്‍ക്ക് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാനാകും. എല്ലാറ്റിലുമുപരി 'ഇനി ഞാന്‍ മദ്യപിക്കില്ല' എന്ന് മറ്റൊരാള്‍ക്ക് ഉറപ്പുകൊടുക്കുമ്പോള്‍ അതിനുവേണ്ടിയുള്ള പരിശ്രമം നാമറിയാതെ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകും.

പലപ്പോഴും ദുശ്ശീലങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുമ്പോഴാണ് അത് നമ്മെ കൂടുതല്‍ അടി പ്പെടുത്തുന്നത്. ദുശ്ശീലങ്ങള്‍ എന്നെന്നേയ്ക്കുമായി തകര്‍ക്കപ്പെടേണ്ടതാണ്. ദുശ്ശീലങ്ങളെ നമ്മള്‍ കൊല്ലണം, കൊന്നേ തീരൂ. ഇല്ലെങ്കില്‍ അവ നമ്മളെ കൊല്ലും.

ദുശ്ശീലങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം നല്ല ശീലങ്ങളിലേക്ക് നാം കടന്നുചെല്ലുകയും വേണം. 
വ്യായാമം, നടപ്പ്, പെയിന്‍റിങ് തുടങ്ങി മറ്റു മേഖലകളില്‍ നമ്മള്‍ വ്യാപരിക്കാന്‍ തുടങ്ങുമ്പോള്‍ ദുശ്ശീലങ്ങള്‍ക്ക് മനസ്സിലേക്ക് കടക്കാന്‍ ഇടമുണ്ടാകില്ല. 

അതുവഴി കിട്ടുന്ന ഊര്‍ജവും പ്രസാദാത്മകതയും ഒരു വലിയ കോട്ടയായി നമ്മെ സംരക്ഷിക്കും.

ജിജോ സിറിയക്

സംശയം രോഗമാവുമ്പോള്‍

ഡോ. പി.എന്‍. സുരേഷ്‌കുമാര്‍ 
ഗൗരവമേറിയ മനോരോഗങ്ങളിലൊന്നാണ് സംശയരോഗം. സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റു പല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന അവസ്ഥയെയാണ് സംശയരോഗം അഥവാ ഡെലൂഷണല്‍ ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നത്. സമൂഹത്തില്‍ 10,000 പേരില്‍ 3 പേര്‍ക്കെങ്കിലും ഈഅസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 മുതല്‍ 90 വയസ്സുവരെയുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും ഈ അസുഖം വരാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ തുടങ്ങാറുള്ളത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 

കാരണങ്ങള്‍
ശരിയായകാരണം ഇന്നും അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരുവ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം ആരംഭിക്കുക.

ശാരീരിക കാരണങ്ങള്‍: മനുഷ്യന്റെ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ലിംബിക് വ്യൂഹം, ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ലിയ എന്നീ ഗ്രന്ഥികളെ ബാധിക്കുന്ന പല രോഗങ്ങളിലും വിവിധതരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

മനഃശാസ്ത്ര, സാമൂഹിക കാരണങ്ങള്‍: മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന സിഗ്മണ്ട് ഫ്രോയ്ഡ് ഈ അസുഖത്തെക്കുറിച്ച് നിരവധി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നമ്മുടെ ബോധമനസ്സില്‍ ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും തോന്നുന്ന ആകര്‍ഷണത്തെ അല്ലെങ്കില്‍ ആഗ്രഹത്തെ നിരാകരിച്ച് അതിനെ ഉപബോധമനസ്സിലേക്ക് തള്ളിവിട്ട് അവിടെനിന്ന് ഇത് തന്റെ ആഗ്രഹമല്ല മറ്റൊരുവ്യക്തിയുടെ ആഗ്രഹമാണ് എന്ന് തോന്നിപ്പിക്കുമ്പോള്‍ സംശയരോഗങ്ങള്‍ ഉടലെടുക്കുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

നോര്‍മന്‍ കാമറൂണ്‍ എന്ന സാമൂഹിക ശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങളില്‍ ഏഴ് വ്യത്യസ്ത സാഹചര്യങ്ങള്‍ സംശയരോഗത്തിന് കളമൊരുക്കുന്നു: 1. ചില സാഹചര്യങ്ങള്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന മുന്‍കൂട്ടിയുള്ള തോന്നല്‍. 2. അവിശ്വാസവും സംശയങ്ങളും ഉണ്ടാക്കപ്പെടാവുന്ന സാഹചര്യങ്ങള്‍. 3. സമൂഹത്തിലെ ഒറ്റപ്പെടല്‍. 4. ശത്രുതയും അസൂയയും ഉണ്ടാക്കാവുന്ന സാഹചര്യങ്ങള്‍. 5. ആത്മാഭിമാനം കുറയ്ക്കുന്ന സാഹചര്യങ്ങള്‍. 6. സ്വന്തം പോരായ്മകള്‍ മറ്റുള്ളവരില്‍നിന്ന് മനസ്സിലാക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍. 7. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെയും ചേതോവികാരങ്ങളെയുംകുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടുക. 

ലക്ഷണങ്ങള്‍
ഒറ്റനോട്ടത്തില്‍ ഒരു രോഗലക്ഷണവും കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ് സംശയരോഗമുള്ളവരുടെ പ്രത്യേകത. എങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇവര്‍ ഏത് പ്രശ്‌നത്തേയും സന്ദര്‍ഭത്തെയും വ്യക്തിയെയും വളരെ സൂക്ഷിച്ചും സംശയത്തോടെയും മാത്രമേ അഭിമുഖീകരിക്കൂ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ ചിന്തിക്കുന്നതുകൊണ്ട് വസ്തുതകളെ വരികള്‍ക്കിടയിലൂടെ വായിക്കുന്നതും ഇവരുടെ സ്വഭാവമാണ്.സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക.

സംശയം പലതരം
രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് സംശയരോഗത്തെ അഞ്ചായി തിരിക്കാം: 1. മറ്റുള്ളവര്‍ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിക്കുന്നു എന്ന തോന്നല്‍. 2. ഭാര്യയ്ക്ക് ഭര്‍ത്താവിന്റെയോ, ഭര്‍ത്താവിന് ഭാര്യയുടെയോ ചാരിത്ര്യശുദ്ധിയിലുള്ള സംശയം. 3. തന്നേക്കാളുയര്‍ന്ന പദവിയിലുള്ള ഒരാള്‍ തന്നെ പ്രേമിക്കുന്നു എന്ന ഉറച്ചവിശ്വാസം. 4. തനിക്ക് ശാരീരികമായി തകരാറുണ്ടെന്ന തോന്നല്‍. 5. തനിക്ക് മറ്റുള്ളവരേക്കാള്‍ കഴിവുണ്ടെന്ന/സ്വത്തുണ്ടെന്ന ഉറച്ചവിശ്വാസം 

പീഡന സംശയം: ഏറ്റവും സാധാരണമായ സംശയം ഇതാണ്. താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള്‍. 

ചാരിത്ര്യസംശയരോഗം: പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് പ്രധാനലക്ഷണം. കൂടുതലും പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നു. 

സംശയപ്രേമം: കൂടുതലും സ്ത്രീകളിലാണ് ഈരോഗം കണ്ടുവരുന്നത്. വളരെ രസകരമായ ഒരു രോഗമാണിത്. സാമ്പത്തികമായും സാമൂഹികമായും തന്നെക്കാള്‍ ഉയര്‍ന്ന ഒരുവ്യക്തി തന്നെ രഹസ്യമായി പ്രേമിക്കുന്നു എന്നതാണ് ഈ സംശയരോഗത്തിന്റെ മുഖ്യലക്ഷണം. 

ശാരീരിക രോഗസംശയം: ഇത് പലതരത്തിലാകാം. വായയില്‍നിന്നോ മൂക്കില്‍നിന്നോ വിയര്‍പ്പില്‍നിന്നോ ദുര്‍ഗന്ധം വമിക്കുന്നു. മുടിയിലോ ചെവിയിലോ അല്ലെങ്കില്‍ ശരീരത്തിന്റെ ഉള്‍ഭാഗത്തോ പ്രാണികള്‍ അരിച്ചുനടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, തല മുതലായവ വൃത്തികെട്ട ആകൃതിയിലാണ്. ശരീരാവയവങ്ങളായ കുടല്‍, തലച്ചോറ് എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ പലതരം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. 

താന്‍ വലിയ ആളാണെന്ന സംശയം: രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്റെ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ചികിത്സ
ശരിയായ ചികിത്സ ലഭിക്കുകയാണെങ്കില്‍ ഏതാണ്ട് പകുതിപേര്‍ പൂര്‍ണ സുഖം പ്രാപിക്കുകയും 10 ശതമാനം പേര്‍ ഭാഗികമായി സുഖം പ്രാപിക്കുകയും ചെയ്യും. 30 ശതമാനം പേര്‍ക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ കാണുമ്പോള്‍ 10 ശതമാനം പേര്‍ പൂര്‍ണമായും രോഗത്തിന്റെ പിടിയില്‍ അമരുന്നു.

സംശയരോഗികള്‍ പലപ്പോഴും സ്വമനസ്സാലെ ഡോക്ടറെ സമീപിക്കാന്‍ തയ്യാറാകുന്നില്ല. ചുരുക്കം ചിലര്‍ ജീവിത പങ്കാളിയുടെയോ ബന്ധുക്കളുടെയോ നിരന്തര പ്രേരണകൊണ്ട് ഡോക്ടറെ കാണാന്‍ തയ്യാറാകുന്നു. മനോരോഗ വിദഗ്ധര്‍ ഇവരുമായി ആശയവിനിമയം നടത്തുമ്പോള്‍ അയാളെ ഒരു സംശയരോഗിയായി കണക്കിലെടുത്ത് ചികിത്സിക്കാന്‍ ആരംഭിച്ചാല്‍ രോഗിക്ക് ഡോക്ടറോടുള്ള വിശ്വാസ്യത നഷ്ടപ്പെടാനും രോഗി ചികിത്സ നിരാകരിക്കാനും സാധ്യതയുണ്ട്. സംശയരോഗംമൂലം രോഗിയും അയാളുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഓരോരുത്തരെയും തനിയെ വിളിച്ച് രഹസ്യമായി ചോദിച്ച് അനുഭാവപൂര്‍വം മനസ്സിലാക്കി രോഗിയുടെ വിശ്വാസം സമ്പാദിക്കുകയാണ് രോഗിയെ ചികിത്സയ്ക്ക് പ്രേരിപ്പിക്കാനുള്ള ഏക പോംവഴി. ഇ.സി.ടി. (ഇലക്‌ട്രോ കണ്‍വല്‍സീവ് തെറാപ്പി) എന്ന ചികിത്സയും വേണ്ടിവന്നേക്കാം.

സംശയരോഗത്തെ രോഗിയുടെ അഭിനയമാണെന്നും അഹങ്കാരമാണെന്നുമൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ നല്കാതിരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. അതുകൊണ്ട് ഈ രോഗാവസ്ഥയെക്കുറിച്ചും രോഗത്തിന്റെ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും രോഗിയുടെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വിശദീകരിച്ചുകൊടുത്ത് അവരുടെ സംശയങ്ങള്‍ ദുരീകരിച്ചാല്‍ മാത്രമേ ചികിത്സ പൂര്‍ണമാകുന്നുള്ളൂ.

ഉത്കണ്ഠാരോഗങ്ങള്‍

ഡോ. പി.എന്‍. സുരേഷ്‌കുമാര്‍ 

ന്യൂറോസിസ് എന്ന പേരുകൊണ്ട് ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിലും ലഘുമാനസികരോഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില മാനസിക രോഗങ്ങളാണിവ. പക്ഷേ, പേരുപോലെ ലഘുവല്ല ഈ രോഗങ്ങളുടെ വ്യാപ്തിയും ഗതിയും ചികിത്സയുമെല്ലാം. 

രോഗിക്ക് അത്യധികം മനോവ്യഥയുണ്ടാക്കുന്നതാണ് ഈ രോഗങ്ങള്‍. പലപ്പോഴും മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഇത്തരം രോഗമുള്ളവര്‍ രോഗാരംഭത്തില്‍തന്നെ മനോരോഗവിദഗ്ധരുടെ അടുത്തെത്താറുമില്ല. ജനറല്‍ പ്രാക്ടീഷണര്‍, വിവിധ രോഗവിഭാഗങ്ങളില്‍ പ്രാവീണ്യം നേടിയവര്‍, മന്ത്രവാദികള്‍ ആയുര്‍വേദ, ഹോമിയോ ചികിത്സകര്‍ എന്നിവരെയൊക്കെ മാറി മാറി സമീപിച്ച ശേഷമേ മനോരോഗവിദഗ്ധരെ കാണാനെത്തുകയുള്ളൂ.

ഉത്കണ്ഠാരോഗങ്ങള്‍ (Anxiety disorders), സംഘര്‍ഷങ്ങളോടനുബന്ധിച്ചുള്ള രോഗങ്ങള്‍ (Stress related disordres), മോഹാലസ്യ രോഗങ്ങള്‍ (Dissociative disorders), സൊമാറ്റോഫോം ഡിസോര്‍ഡര്‍ (Somatoform disorder) എന്നിവയാണ് പ്രധാനപ്പെട്ട ഉത്കണ്ഠാരോഗങ്ങള്‍ (Anxiety disorders).

ഫോബിയ
ചില പ്രത്യേക സാഹചര്യം, വസ്തുക്കള്‍ എന്നിവയെ കാണുകയോ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തീവ്രമായ ഉത്കണ്ഠയും ആ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങളുമാണ് ഫോബിയയുടെ പ്രധാന ലക്ഷണം. ഈ രോഗത്തെ അഗോറ ഫോബിയ (Agorophobia), സോഷ്യല്‍ ഫോബിയ (ടീരശമഹ ുവീയശമ), സ്‌പെസിഫിക് ഫോബിയ (Specific phobia) എന്നിങ്ങനെ മൂന്നായി തിരിക്കാം.

അഗോറ ഫോബിയ: തുറന്ന സ്ഥലത്ത് തനിയെ ഇരിക്കേണ്ടി വരിക, തിരക്കേറിയ ബസ്സില്‍ യാത്ര ചെയ്യേണ്ടിവരിക, ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടുപോവുക മുതലായ സാഹചര്യങ്ങളില്‍ അനുഭവപ്പെടുന്ന കഠിനമായ ഉത്കണ്ഠയാണ് അഗോറഫോബിയയുടെ പ്രധാന ലക്ഷണം. 

ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെടുമ്പോള്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന ഭീതിയാണ് രോഗിയെ പരിഭ്രാന്തനാക്കുന്നത്. അതേസമയം കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ രോഗിക്ക് ആശ്വാസം തോന്നുകയും ചെയ്യുന്നു. ഇവര്‍ തനിയെ സഞ്ചരിക്കാന്‍ വൈമുഖ്യം കാണിക്കുകയും കൂടുതലും വീട്ടിലിരിക്കാന്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നു.

സ്‌പെസിഫിക് ഫോബിയ: ഒരു പ്രത്യേക വസ്തുവിനെ അല്ലെങ്കില്‍ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ഭയവും അതിനെ ഒഴിവാക്കാനുള്ള ശ്രമവുമാണ് സ്‌പെസിഫിക് ഫോബിയയില്‍ കാണുന്നത്. ഉത്കണ്ഠകള്‍ ഉണ്ടാക്കുന്ന വസ്തു അല്ലെങ്കില്‍ അനുഭവം അനുസരിച്ച് ഈ രോഗം വിവിധ പേരുകളില്‍ അറിയപ്പെടുന്നു. (ഉദാഹരണം ക്ലോസ്റ്റോഫോബിയ- അടച്ചിട്ട മുറിയില്‍ ഒറ്റക്കിരിക്കാനുള്ള ഭയം, ആനിമല്‍ ഫോബിയ- മൃഗങ്ങളോടുള്ള ഭയം)

സോഷ്യല്‍ ഫോബിയ: സ്റ്റേജില്‍ കയറി സംസാരിക്കുമ്പോള്‍, ആള്‍ക്കൂട്ടത്തെ നേരിടുമ്പോള്‍ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്നിങ്ങനെയുള്ള അവസരങ്ങളില്‍ ഉണ്ടാകുന്ന അതീവ ഉത്കണ്ഠയും അത്തരം സാഹചര്യത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമത്തേയുമാണ് സോഷ്യല്‍ ഫോബിയ എന്നു പറയുന്നത്. മേല്‍പറഞ്ഞ മൂന്നു ഫോബിയ രോഗങ്ങളിലും കഠിനമായ ഉത്കണ്ഠയോടൊപ്പം നെഞ്ചിടിപ്പ്, വിയര്‍പ്പ്, ശ്വാസതടസ്സം, വായ വരള്‍ച്ച, തലചുറ്റല്‍ എന്നിങ്ങനെ പല ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടാം. മാത്രമല്ല, ഉത്കണ്ഠയുണ്ടാക്കുന്ന വസ്തുവിന്റെ സാന്നിധ്യം അസ്വസ്ഥതയുടെ കാഠിന്യം കൂട്ടും. അഭാവം അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് രോഗി ഇത്തരം വസ്തുക്കളെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നു. 

അഗോറോഫോബിയയും സോഷ്യല്‍ഫോബിയയും സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്നു. ഫോബിയ രോഗമുള്ളവര്‍ കഴിവതും ഉത്കണ്ഠയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. തീരെ നിവൃത്തിയില്ലെങ്കില്‍ വളരെ വിഷമം സഹിച്ച് ആ സാഹചര്യത്തെ നേരിടുന്നു. വളരെ ചെറുപ്പത്തിലേതന്നെ ആരംഭിക്കുന്ന രോഗമാണിത്. കുട്ടികളിലും കൗമാരപ്രായക്കാരിലും ആരംഭിക്കുന്ന രോഗം വലുതാകുമ്പോള്‍ ഭേദമാകുന്നതായി കാണാറുണ്ട്.

എന്തിനും ഏതിനും ഉത്കണ്ഠ
ഈ രോഗത്തിന്റെ പ്രധാന ലക്ഷണം നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും ഉണ്ടാകുന്ന വല്ലാത്ത ഉത്കണ്ഠയും എപ്പോഴും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയുമാണ്. മുന്‍പു പറഞ്ഞ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് പുറമെ തളര്‍ച്ച, പെട്ടെന്ന് ദേഷ്യം, വയറിളക്കം, ഉറക്കക്കുറവ്, വലിഞ്ഞുമുറുകിയ മാംസപേശികള്‍, തുറിച്ച കണ്ണുകള്‍, അസ്വസ്ഥതയോടെയുള്ള നടത്തം, ഇരിപ്പുറക്കായ്ക എന്നിവയും ഇവര്‍ക്കുണ്ടാകാം.

നിസ്സാരകാര്യങ്ങള്‍ക്കുപോലും അമിതപ്രാധാന്യം കൊടുത്ത് ഇവര്‍ വേവലാതിപ്പെടും. നല്ലവണ്ണം പഠിച്ചാല്‍പോലും പരീക്ഷയ്ക്ക് ജയിക്കുമോ എന്ന പേടി, ഒരു യാത്ര പുറപ്പെട്ടാല്‍ ബസ്സ് കിട്ടുമോ എന്ന ആവലാതി എന്നിങ്ങനെ നൂറുകൂട്ടം ആശങ്കകള്‍ ഇവരെ മഥിച്ചുകൊണ്ടിരിക്കും. പലപ്പോഴും ഇത്തരം രോഗി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ഏതു പ്രായത്തിലും ഈ അസുഖം ആരംഭിക്കാം. ഉത്കണ്ഠയോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം പലപ്പോഴും മറ്റു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് ഇവര്‍ ആദ്യം കാണുക. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം അധികമായി രോഗിക്ക് നിത്യജീവിതം പോലും പ്രയാസമായിത്തീരും.

സംഘര്‍ഷങ്ങളും മനോരോഗങ്ങളും
അതിതീവ്രവും ഭീതിജനകവുമായ അനുഭവങ്ങളെ നേരിടേണ്ടിവരുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന മാനസിക-ശാരീരിക അസ്വസ്ഥതകളെയാണ് ഈ രോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരേ ജീവിതാനുഭവംതന്നെ പലരേയും പലവിധത്തിലാണ് സ്വാധീനിക്കുക. അതനുസരിച്ച് രോഗത്തിന്റെ കാഠിന്യത്തിന് വ്യത്യാസം വരാം. ലഘുമനോരോഗമാണെങ്കിലും ജീവിതം ദുസ്സഹമാക്കുന്നവയാണിവ.

സംഘര്‍ഷങ്ങളോടനുബന്ധിച്ച് പൊടുന്നനെയുണ്ടാകുന്ന പ്രത്യാഘാതം (Acute stress reaction): മറ്റു മാനസിക രോഗങ്ങളൊന്നുമില്ലാത്ത ഒരാള്‍ക്ക് അതിശക്തമായ പ്രതികൂലാനുഭവം (ഉദാഹരണം റോഡപകടം, ബലാത്സംഗം, യുദ്ധം) നേരിടേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന തീവ്രമായ ഉത്കണ്ഠാവസ്ഥയാണ് ഈ രോഗത്തിന്റെ കാതല്‍. തീവ്രാനുഭവം ഉണ്ടായി മിനുട്ടുകള്‍ക്കുള്ളില്‍ ഈ അവസ്ഥ ഉണ്ടാകുകയും ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. സാവധാനം രോഗി പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. തുടക്കത്തില്‍ ഏതാനും നിമിഷത്തെ തരിച്ചുനില്‍പ്, ഒന്നും കാണാനോ മനസ്സിലാക്കാനോ കഴിയാതെയുള്ള പരിഭ്രാന്തി, അതിനുശേഷമുള്ള കടുത്ത സംഭ്രമം, വേവലാതി, ശക്തമായ നെഞ്ചിടിപ്പ്, വിയര്‍പ്പ്, തൊണ്ടവരള്‍ച്ച, കൈകാല്‍ കുഴച്ചില്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

സംഘര്‍ഷത്തിനു ശേഷം ഉണ്ടാകുന്ന രോഗം (Post traumatic stress disorder): അത്യന്തം ഭീകരവും ജീവിതത്തിനു തന്നെ ഭീഷണിയുയര്‍ത്തുന്നതുമായ (ഉദാഹരണം ഭൂകമ്പം, സുനാമി, റോഡപകടം, മറ്റൊരാളുടെ മരണത്തിന് ദൃക്‌സാക്ഷിയാവല്‍) സാഹചര്യങ്ങളെ നേരിടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുക. ഈ രോഗം ആര്‍ക്കും വരാവുന്നതാണ്. എങ്കിലും മാനസികമായി പിരിമുറുക്കമുള്ളവര്‍ക്കും മനഃശക്തിയില്ലാത്തവര്‍ക്കും രോഗം കൂടുതല്‍ തീവ്രതയോടെ അനുഭവപ്പെടാം. 

ആവര്‍ത്തിച്ചാവര്‍ത്തിച്ച് ദുരന്തത്തെക്കുറിച്ചുള്ള ചിന്തകളും ദൃശ്യങ്ങളും വീണ്ടും വീണ്ടും മനസ്സില്‍ തെളിഞ്ഞുവരും. ചിലപ്പോള്‍ കഴിഞ്ഞുപോയ ദുരന്തം വീണ്ടും ആവര്‍ത്തിക്കുന്നതുപോലെയും തോന്നും. (ഫ്‌ളാഷ് ബാക്ക്). കൂടെയുണ്ടായിരുന്നവര്‍ മരിച്ചതിലുള്ള ഖേദം, താന്‍ രക്ഷപ്പെട്ടതിലുള്ള കുറ്റബോധം, ദുരന്തസ്മരണയുണര്‍ത്തുന്ന സംസാരം, സ്ഥലം, സന്ദര്‍ഭം ഇവയൊഴിവാക്കല്‍ എന്നിവയും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. ദുരന്തമുണ്ടായി ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാണ് അസുഖം ആരംഭിക്കുക. സാധാരണയായി ആറുമാസത്തിലധികം അസുഖം നീണ്ടു നില്‍ക്കാറില്ല. കുറച്ചുപേരില്‍ രോഗം ഏറെക്കാലം നീണ്ടുനിന്ന് മാറാരോഗം പോലെ ആകാനും സാധ്യതയുണ്ട്.

സംഘര്‍ഷവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ഉണ്ടാകുന്ന മനോരോഗം (Adjustment disorder): പ്രതികൂല ജീവിത സാഹചര്യങ്ങള്‍, വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകള്‍, ജീവിതസാഹചര്യത്തിലുള്ള പെട്ടെന്നുള്ള മാറ്റം, അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ആകസ്മികമായ മരണം എന്നീ അനുഭവങ്ങള്‍ക്കു ശേഷം ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം. മനസ്സുറപ്പില്ലാത്ത ഒരാള്‍ക്ക് ഇത്തരം അവസ്ഥ വരാന്‍ എളുപ്പമാണ്. ഒരാളുടെ വ്യക്തിത്വത്തിലുള്ള പ്രത്യേകതകളും അയാളെ രോഗാവസ്ഥയിലെത്തിക്കാന്‍ കാരണമാകും.

മോഹാലസ്യരോഗങ്ങള്‍ (Dissociative-Conversion disorder): ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങളായിട്ടാണ് ഇത്തരം രോഗങ്ങള്‍ പ്രകടമാവുക. കൈയോ കാലോ തളര്‍ന്ന് പോവുക, കണ്ണ് കാണാതാവുക, ശബ്ദമില്ലാതാവുക, അപസ്മാരം പോലെ വിറയല്‍ ഉണ്ടാവുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ സംഘര്‍ഷം മറയ്ക്കാന്‍ മനസ്സ് അബോധതലത്തില്‍ കണ്ടെത്തുന്ന ഒരു പോംവഴിയാണ് മോഹാലസ്യ രോഗങ്ങള്‍. ഈ രോഗം പുരുഷന്മാരേക്കാള്‍ കൗമാര-യൗവനാവസ്ഥയിലുള്ള സ്ത്രീകളിലാണ് കൂടുതല്‍. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി താഴ്ന്ന നിലയിലുള്ളവരിലാണ് ഈ അസുഖം കൂടുതല്‍ കണ്ടുവരുന്നത്.

മോഹാലസ്യരോഗങ്ങളുടെ മറ്റൊരു ലക്ഷണം സംഘര്‍ഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായി മറന്നുപോകലാണ് (Psychogenic Amnesia). (ഉദാഹരണം; ഭര്‍ത്താവിന്റെ മരണം മറന്ന് ഭാര്യ ഭര്‍ത്താവുള്ളതുപോലെ പെരുമാറുക) സ്വന്തം വ്യക്തിത്വം മറന്ന് പലയിടത്തും സഞ്ചരിക്കലാണ് (Psychogenic Fugue) മറ്റൊരു രോഗം. ചിലപ്പോള്‍ ഇവര്‍ മറ്റൊരു വ്യക്തിയായി ജീവിച്ചെന്നും വരാം. രോഗം ഭേദമായാല്‍ മറ്റൊരു വ്യക്തിത്വം സ്വീകരിച്ച കാര്യം ഓര്‍മയുണ്ടാകില്ല. ഒരു വ്യക്തി തന്നെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഒന്നിലധികം വ്യക്തിയായി ജീവിക്കുന്ന അവസ്ഥകളും (Multiple personality) ഉണ്ടാകാം.

സൊമറ്റൈസേഷന്‍ ഡിസോര്‍ഡര്‍: ശാരീരികരോഗങ്ങളൊന്നുമില്ലെങ്കിലും ലക്ഷണം അവയുടേത് മാത്രമാകുമ്പോഴാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. വിവിധ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളുടെ ലക്ഷണങ്ങളാണ് ഇക്കൂട്ടര്‍ക്കുണ്ടാകുക. തലവേദന, നെഞ്ചുവേദന, വയറുവേദന, കൈകാല്‍മുട്ടുവേദന, ശ്വാസതടസ്സം, മൂത്രതടസ്സം, ഛര്‍ദി, വയറിളക്കം, ലൈംഗികപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ദീര്‍ഘകാലം ഏറിയും കുറഞ്ഞും ഇക്കൂട്ടര്‍ക്കുണ്ടാകുന്നു. 

വിദഗ്ധമായ ശാരീരിക പരിശോധനയും ലബോറട്ടറി പരിശോധനയും കഴിഞ്ഞ് അസുഖമൊന്നുമില്ലെന്ന് ഉറപ്പ് കിട്ടിയാലും അധികം വൈകാതെ രോഗശമനത്തിനായി മറ്റൊരു ഡോക്ടറെ തേടിപ്പോകുന്നു (Doctor shopping). രോഗമില്ലെങ്കില്‍ തന്റെ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് മാറുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ രോഗി വലയുന്നു. ഇത്തരം രോഗം വരാനുള്ള സാധ്യത കൂടുതല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ്. രോഗം സാധാരണയായി 30 വയസിനു മുന്‍പ് ആരംഭിക്കാറുണ്ട്.

മനോ-വേദനാരോഗം (Psychogenic pain disorder): ശാരീരികകാരണങ്ങളൊന്നുമില്ലാതെ അസഹ്യമായ പല വേദനകളുമായി ഇവര്‍ ഡോക്ടറെ സമീപിക്കുന്നു. രോഗിക്ക് അത്യധികം അസ്വസ്ഥതയുണ്ടാക്കുന്ന ഒരനുഭവമാണിത്. പുറമേയ്ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും താനനുഭവിക്കുന്ന വേദന രോഗിക്ക് മറ്റൊരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്നില്ല. വേദനയ്ക്ക് കാരണമായ ശാരീരികരോഗങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇത്തരം രോഗം സ്ഥിരീകരിക്കാന്‍ പാടുള്ളൂ.

രോഗമുണ്ടെന്ന സംശയരോഗം (Hypocondriasis): ഗുരുതരമായ എന്തോ ശാരീരികരോഗമുണ്ടെന്ന തോന്നല്‍ (ഉദാഹരണം: ക്യാന്‍സര്‍, എച്ച്.ഐ.വി., ഹൃദ്രോഗം), ഡോക്ടറെ മാറി മാറി സമീപിക്കല്‍, വിശദമായ പരിശോധനകള്‍ക്ക് വിധേയരാവല്‍, രോഗമില്ലെന്ന് ഡോക്ടമാരുടെ ഉറപ്പ് കിട്ടിയാലും വിശ്വാസം വരായ്ക എന്നിവയാണ് ഈ അസുഖത്തിന്റെ മുഖ്യ ലക്ഷണങ്ങള്‍. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠയുള്ളതുകൊണ്ട് മരുന്ന് കഴിക്കാനും ഇവര്‍ ഇഷ്ടപ്പെടാറില്ല. പുരുഷന്മാരേയും സ്ത്രീകളേയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്.

ശാരീരികവൈകല്യമുണ്ടോ എന്ന സംശയം (Body dysmorphic disorder): ഈ അസുഖത്തില്‍ രോഗി തന്റെ ഏതെങ്കിലുമൊരു അവയവം (ഉദാഹരണം: കണ്ണ്, മൂക്ക്) വികൃതരൂപത്തിലാണ് എന്ന് സ്വയം സങ്കല്‍പിച്ച് ജനങ്ങളുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുന്നു. സ്വയം ആലോചിച്ചുണ്ടാക്കുന്ന ഇത്തരം വൈകല്യങ്ങള്‍ മാറ്റാന്‍ ഇവര്‍ ഡോക്ടര്‍മാരെ സമീപിച്ച് ശസ്ത്രക്രിയ ചെയ്യാനും ആവശ്യപ്പെടാറുണ്ട്. കൗമാരത്തില്‍ തുടങ്ങി ദീര്‍ഘകാലം നീണ്ടുനില്‍ക്കാം. കടുത്ത മാനസികപ്രയാസമുണ്ടാക്കുന്ന, വ്യക്തിയുടെ സാമൂഹികജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണിത്.

സംഭ്രാന്തിരോഗം
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പൊടുന്നനെ ഉണ്ടാകുന്ന തീവ്രമായ ഭയം, നെഞ്ചിടിപ്പ്, വിയര്‍ക്കല്‍, തൊണ്ടവരള്‍ച്ച, ശ്വാസതടസ്സം, ഇപ്പോള്‍ മരിച്ചുപോകുമോ അല്ലെങ്കില്‍ ഭ്രാന്തു പിടിച്ചുപോകുമോ എന്ന ആശങ്ക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. 5 മുതല്‍ 10 മിനുട്ടുവരെ ഈ അവസ്ഥ നിലനില്‍ക്കാം. തനിയെ മാറുകയും ചെയ്യുന്നു. പക്ഷേ വീണ്ടും ഈ അവസ്ഥ എപ്പോള്‍ വേണമെങ്കിലും വരാം. ചിലപ്പോള്‍ ഒരു ദിവസം പല പ്രാവശ്യം ഈ അവസ്ഥ അനുഭവപ്പെടാം. പലപ്പോഴും ഈ അവസ്ഥയില്‍ ഉണ്ടാകുന്ന കഠിനമായ ഭീതിമൂലം ഹൃദയാഘാതമാണോ എന്നു തെറ്റിദ്ധരിച്ച് രോഗി അടിയന്തര ചികിത്സയ്ക്കായി അത്യാഹിതവിഭാഗത്തില്‍ അഭയം തേടാറുണ്ട്. എന്നാല്‍ ശാരീരികപരിശോധനകളില്‍ ഒരു തകരാറും കണ്ടെത്താന്‍ കഴിയാറില്ല. 

അടിക്കടി ഈ അവസ്ഥ ഉണ്ടാകുമ്പോള്‍ രോഗിയില്‍ ഈ അവസ്ഥ വീണ്ടും എപ്പോഴാണ് ഉണ്ടാകുക എന്ന ഭീതിക്ക് കളമൊരുക്കുന്നു (അിശേരശുമീേൃ്യ മിഃശല്യേ). ചിലരാകട്ടെ പുറത്തുവെച്ചെങ്ങാനും ഇത്തരം അനുഭവം ഉണ്ടാകുമോ എന്ന് ഭയന്ന് ദൂരയാത്രകള്‍ ഒഴിവാക്കുന്നു. ഈ ആശങ്ക സംഭ്രാന്തിരോഗത്തിന്റെ കൂടെ അഗോറോ ഫോബിയ കൂടി ഉണ്ടാക്കാനുള്ള സാധ്യതയുണ്ടാക്കുന്നു.

സംഭ്രാന്തിരോഗം സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ ഏതുസമയത്തും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. സംഭ്രാന്തിരോഗംതന്നെയാണ് രോഗിക്ക് ഉള്ളത് എന്ന് തീരുമാനിക്കും മുന്‍പ് ഇതേ ലക്ഷണങ്ങള്‍ കാണിക്കുന്ന ശാരീരിക അസുഖങ്ങള്‍ രോഗിക്ക് ഇല്ല എന്ന് വിവിധ പരിശോധനകളിലൂടെ ഉറപ്പാക്കേണ്ടതാണ്. ഉദാഹരണത്തിന് ഹൃദ്രോഗം, ഹൈപ്പര്‍ തൈറോയിഡിസം, രക്തത്തില്‍ പഞ്ചസാര കുറയുക, കാപ്പി, ചായ, പുകയില മുതലായവയുടെ അമിത ഉപയോഗം, മദ്യപാനം, ആംഫിറ്റമിന്‍ മുതലായ മരുന്നുകളുടെ ഉപയോഗം എന്നിവ സംഭ്രാന്തി അവസ്ഥ ഉണ്ടാക്കും.

ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍
ഒരാളുടെ മനസ്സിലേക്ക് അയാളിഷ്ടപ്പെടാതെയും അയാള്‍ക്ക് സ്വയം തടയാന്‍ കഴിയാതെയും നുഴഞ്ഞുകയറുന്നതോ പേടിപ്പെടുത്തുന്നതോ വെറുപ്പുളവാക്കുന്നതോ ആയ ചിന്തകളെയാണ് ഒബ്‌സഷന്‍സ് എന്നു പറയുന്നത്. ശരീരത്തില്‍ ചെളി, പൊടി, രോഗാണുക്കള്‍ ഉണ്ടോ എന്ന അമിതമായ പേടി, പ്രിയപ്പെട്ട ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചുപോകുമോ എന്ന ഭയം എന്നിവ സാധാരണയായി കാണപ്പെടുന്ന ഒബ്‌സഷന്‍സ് ആണ്. ഇതിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് രോഗിക്ക് ബോധമുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് രോഗിക്ക് പറയാന്‍ കഴിയുകയില്ല. 

ഇത്തരത്തിലുള്ള ഒബ്‌സഷന്‍സ് ഉണ്ടാകുമ്പോള്‍ അതില്‍നിന്നുള്ള ഉത്കണ്ഠ ഒഴിവാക്കാനായി രോഗി ചെയ്യുന്ന പ്രവര്‍ത്തികളാണ് 'കംപല്‍ഷന്‍സ്' എന്നു പറയുന്നത്. ശരീരം വൃത്തിയായില്ലെന്നു തോന്നുന്ന ആള്‍ വീണ്ടും വീണ്ടും കുളിക്കുന്നത്, ഗ്യാസ് അടച്ചോ എന്നു സംശയമുള്ളയാള്‍ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തുന്നത് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അമിതമായ ശുചിത്വം, അമിത പരിശോധന, താന്‍ ആരെയെങ്കിലും ഉപദ്രവിച്ചുപോകുമോ എന്ന ഭയം, ആവര്‍ത്തിച്ചുള്ള എണ്ണല്‍, സാധനങ്ങള്‍ സംഭരിച്ചു വെക്കല്‍, കുറ്റബോധം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ലോക ജനസംഖ്യയില്‍ 2 മുതല്‍ 3 ശതമാനം വരെ ആളുകള്‍ക്ക് ഈ രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്തും കൗമാരദശയിലുമാണ് അസുഖത്തിന്റെ ആരംഭം. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ അപേക്ഷിച്ച് അസുഖം നേരത്തെ ആരംഭിക്കുന്നു. ക്ലോമിപ്രമിന്‍ (Clomipramin), എസ്.എസ്.ആര്‍.ഐ.എസ്. (SSRIS) എന്നീ ഔഷധങ്ങള്‍ കൂടാതെ ബിഹേവിയര്‍ തെറാപ്പിയും ഈ രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമാണ്. രോഗിയുടെ ചിന്തകള്‍, അനുഷ്ഠാന ക്രമങ്ങള്‍ അവയ്ക്ക് വേണ്ടിവരുന്ന സമയം, എത്ര പ്രാവശ്യം ചെയ്യേണ്ടിവരുന്നു എന്നിവ രോഗി കൃത്യമായി വിവരിച്ചെങ്കില്‍ മാത്രമേ ഡോക്ടര്‍ക്ക് സഹായിക്കാനാകൂ.

ചികിത്സ
ഉത്കണ്ഠാരോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സാരീതികളുണ്ട്. ഇത്തരം രോഗങ്ങള്‍ വളരെ സാവധാനത്തിലേ ഭേദമാകൂ. അതുകൊണ്ടുതന്നെ രോഗിക്കും ചികിത്സകനും ക്ഷമ ആവശ്യമാണ്. മനഃശാസ്ത്രചികിത്സയും ഔഷധചികിത്സയും സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയാണ് അഭികാമ്യം. ഫോബിയ, ഒബ്‌സസ്സീവ് കം പല്‍ സീവ് ഡിസോര്‍ഡര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ബിഹേവിയര്‍ തെറാപ്പി എന്ന പെരുമാറ്റ ചികിത്സയും നല്‍കാറുണ്ട്. 

രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഏതുതരം ചികിത്സയാണ് നല്‍കേണ്ടത് എന്ന് ഒരു മനോരോഗ വിദഗ്ധന് നിശ്ചയിക്കാന്‍ പറ്റും. ഈ രോഗങ്ങള്‍ക്ക് പെട്ടെന്ന് ഫലം കിട്ടുന്ന മരുന്നുകള്‍ ഉണ്ടെങ്കിലും അവ മാത്രം കഴിച്ചാല്‍ താത്കാലിക ശമനം മാത്രമേ ഉണ്ടാവുകയുള്ളൂ. മാത്രമല്ല ഇവ ദീര്‍ഘകാലം കഴിച്ചാല്‍ അത്തരം മരുന്നിന് അടിമപ്പെടാനും സാധ്യതയുണ്ട്. ദീര്‍ഘകാലം കഴിക്കാവുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ നവീന ഔഷധങ്ങള്‍ ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ന് ലഭ്യമാണ്. 

മിക്കവാറും ഇത്തരം അസുഖങ്ങളില്‍ മനശാ:സ്ത്ര-ഔഷധ-പെരുമാറ്റ സമഗ്രചികിത്സകൊണ്ട് ആറുമാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ രോഗശമനം ഉണ്ടാകാറുണ്ട്. രോഗം തുടങ്ങുമ്പോള്‍തന്നെ ചികിത്സയും തുടങ്ങിയാല്‍ രോഗത്തിന്റെ സങ്കീര്‍ണാവസ്ഥയില്‍ നിന്നു രക്ഷപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ ജീവിതംതുടരാന്‍ സാധിക്കും. ചിലര്‍ക്ക് രോഗശമനം ഉണ്ടായാലും വീണ്ടും രോഗം വരാതിരിക്കുന്നതിന് തുടര്‍ചികിത്സ വേണ്ടിവന്നേക്കാം.

ദേഷ്യത്തിനുപിന്നിലെ മന:ശാസ്ത്രം

ഡോ.ആല്‍ബി ഏലിയാസ്‌ 
ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ വിരളമാണ്. ദേഷ്യം അടിസ്ഥാനപരമായി ജീവി വര്‍ഗങ്ങളുടെ നിലനില്‍പ്പിന്റെ വികാരമാണ്. നിലനില്‍പ്പിന്റെ നേരെയുള്ള ഭീഷണികളോട് മനുഷ്യരുള്‍പ്പെടെയുള്ളവ മൂന്നുതരത്തിലാണ് പ്രതികരിക്കുന്നത്. ഒന്ന് ഏറ്റുമുട്ടുക (Fight) രണ്ട് ഭയപ്പെട്ട് മാറിനില്‍ക്കുക (Fright) മൂന്ന് ഭീഷണികളില്‍ നിന്നും പറന്നകലുക (Flight). ഇതില്‍ ഭീഷണികളോട് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അതിന് ശക്തി നിലനില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ മസ്തിഷ്‌കത്തിന്റെ 'ലിംബിക്' എന്നു പേരുള്ള ദളങ്ങളില്‍ നിന്നാണ് ദേഷ്യം ഉത്ഭവിക്കുന്നത്. പരിണാമ ശ്രേണിയില്‍ മനുഷ്യനു താഴെയുള്ള മൃഗങ്ങളില്‍ ലിംബിക് ദളങ്ങളുണ്ട്.

എന്നാല്‍ അമിതമായാലോ അല്ലെങ്കില്‍ അനവസരത്തിലോ ദേഷ്യം പോലെ ഹാനികരവും വര്‍ജ്ജ്യവുമായ വികാരം വേറെയുണ്ടെന്ന് തോന്നുന്നില്ല. 'ക്രോധം നാശ ഹേതു' എന്നാണല്ലോ കവി വചനം. ഭാഗ്യമെന്നു പറയട്ടെ മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേഷ്യത്തെ മിതപ്പെടുത്താനും, പരിഷ്‌കരിക്കാനും മനുഷ്യനു സാധിക്കും. ലിംബിക് ദളങ്ങളെ നിയന്ത്രിക്കുന്ന ഫേണ്ടല്‍ ദളങ്ങള്‍ മനുഷ്യ മസ്തിഷ്‌കത്തിനുള്ളതുകൊണ്ട് മനുഷ്യര്‍ക്ക് ഇത് സാധിക്കുന്നത്. ഫേണ്ടല്‍ ദളങ്ങള്‍ പ്രവര്‍ത്തന സജ്ജമായാല്‍ ദേഷ്യം നിയന്ത്രണത്തിലാകും, അത് മരവിച്ചു പൊയാല്‍ ദേഷ്യം ആളിക്കത്തിയെന്നിരിക്കും. മനുഷ്യരുടെ പരിഷ്‌കത സ്വഭാവം സാധ്യമാക്കുന്നത് ഫേണ്ടല്‍ ദളങ്ങളുടെ, കൃത്യമായി പറഞ്ഞാല്‍ പൂര്‍വ്വ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം മൂലമാണ്. എന്നാല്‍ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം ഓരോ മനുഷ്യനിലും ഓരോ തോതിലായിരിക്കും. ഒരു മനുഷ്യനില്‍ത്തന്നെ പല സമയത്തും പല തോതിലായിരിക്കും. ഇതിനനുസരിച്ച് ദേഷ്യത്തിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും.

ദേഷ്യത്തിന്റെ മനഃശാസ്ത്രം
നേരത്തെ സൂചിപ്പിച്ചിട്ടുള്ളപോലെ ഭീഷണി നേരിടുന്നു എന്ന അവബോധത്തില്‍ നിന്നാണ് ദേഷ്യം ജനിക്കുന്നത്. ദേഷ്യത്തിന്റെയര്‍ത്ഥം പ്രതിരോധനമാകാം, ആക്രമണമാകാം, ലക്ഷ്യത്തിനു നേരെയുള്ള പ്രയാണത്തില്‍ വിഘാതം നേരിടുമ്പോഴും, നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴും ദേഷ്യം ജനിക്കുന്നു. ഉദാഹരണത്തിന് യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ തടസ്സമുണ്ടാകുന്നത് ദേഷ്യത്തിനു കാരണമാകുന്നു. അതുപോലെ തിരക്കുള്ള ഒരു സ്ഥലത്ത് എല്ലാവരും ഒരു വരിയില്‍ കാത്തു നില്‍ക്കുമ്പോള്‍ പിറകില്‍ നില്‍ക്കേണ്ടയാള്‍ ക്രമം തെറ്റിച്ച് മുന്‍പില്‍ കയറുമ്പോഴും ദേഷ്യമുണ്ടാകുന്നു. നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നാലാണ് ഇതിനു കാരണം.

ദേഷ്യത്തിനു കാരണമാകുന്ന ഭീക്ഷണികള്‍ അല്ലെങ്കില്‍ ചോദ്യങ്ങള്‍ അടിസ്ഥാന നിലനില്‍പ്പിനു നേരെ തന്നെയാകണമെന്നില്ല. ഒരാളുടെ വ്യക്തിത്ത്വത്തിനു നേരെയുള്ള ഭീഷണികള്‍, പദവിക്കു നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയും ദേഷ്യത്തിനു ഹേതുവാകുന്നു.

ഒരുദാഹരണമാണ് വിമര്‍ശനാത്മകമായ പരാമര്‍ശം. ചിലര്‍ ഇത്തരം പരാമര്‍ശങ്ങളെ സ്വന്തം വ്യക്തിത്ത്വത്തിനു നേരെയുള്ള ഭീഷണികളായി കണക്കാക്കുന്നു. ഇത് ചിലപ്പോള്‍ ശരിയാകാം, ചിലപ്പോള്‍ തെറ്റാകാം. ചുരുക്കത്തില്‍ ഈ പരാമര്‍ശങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥമാണ് ദേഷ്യം ഉണ്ടാകുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത്. ഭീഷണിയുടെ അര്‍ത്ഥം ഈ പരാമര്‍ശങ്ങള്‍ക്കു നല്‍കിയാല്‍ ദേഷ്യമുണ്ടാകുന്നു. പദവി എന്നത് ഉദ്യോഗ പദവി മാത്രമല്ല, അച്ഛന്‍, അമ്മ, മകന്‍, മകള്‍, ഭാര്യ, ഭര്‍ത്താവ്, സുഹൃത്ത് എന്നിവയെല്ലാം ജീവിതത്തില ഓരോ സമയത്തായി വ്യക്തികള്‍ അലങ്കരിക്കുന്ന പദവികളാണ്. മറ്റൊരുദാഹരണം നോക്കാം. ഒരച്ഛന്‍ ഒരു മകനോടെന്നപോലെ വേറൊരാളോട് പെരുമാറിയാല്‍ അതു കണ്ടു നില്‍ക്കുന്ന മകന് തന്റെ 'മകന്‍' എന്ന പദവി ഭീഷണിയിലാണ് എന്ന തോന്നലുണ്ടായേക്കാം. ഇത് സ്വാഭാവികമായും ദേഷ്യത്തിനു കാരണമായേക്കാം. പലപ്പോഴും ദേഷ്യവും അസൂയയും കൈകോര്‍ത്ത് വരുന്നതാണ്.

നിത്യജീവിത്തില്‍ മനുഷ്യര്‍ പരസ്പരം ഇടപഴകുമ്പോള്‍ ഓരോ വ്യക്തിയും അയാളിലുള്ള ചില കാര്യങ്ങളെ മറ്റുള്ളവര്‍ക്കു മുന്‍പില്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നുണ്ടാവും. ഇവയില്‍ ഒരാളുടെ കഴിവുണ്ടാകാം, കാഴ്ചപ്പാടുകളുണ്ടാകാം, സത്യസന്ധതയുള്‍പ്പെടെയുള്ള മറ്റു ഗുണങ്ങളുമുണ്ടാകാം. ഈ കാര്യങ്ങള്‍ക്കെല്ലാം മറ്റുള്ളവരുടെ ഇടയില്‍ പ്രാതിനിധ്യം ലഭിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സംതൃപ്തിയുണ്ടാകുന്നത്. ഇതാണ് ഓരോരുത്തരുടെയും ലക്ഷ്യം നേരത്തെ പറഞ്ഞതു പോലെ ഈ ലക്ഷ്യത്തിനും തടസ്സം നേരിടുമ്പോള്‍ ദേഷ്യമുണ്ടാകുന്നു. 

അതായത് ഒരാള്‍ അയാള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ചപ്പാടുകള്‍ മറ്റു ഗുണങ്ങള്‍ എന്നിവ മറ്റുള്ളവര്‍ മനസ്സിലാക്കുന്നില്ല എന്ന് തോന്നുമ്പോള്‍ ഇതും കോപത്തിനന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ പറയുകയേ വേണ്ട. അത് ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടെക്കാം. അങ്ങിനെ സംഭവിക്കുന്ന പക്ഷം ദേഷ്യം പല മടങ്ങാകും. ചുരുക്കത്തില്‍ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ക്ക് മനുഷ്യര്‍ ഒരു സവിശേഷ അര്‍ത്ഥം നല്‍കുമ്പോഴാണ് ദേഷ്യമെന്ന വികാരം രൂപപ്പെടുന്നത്. ഭീഷണി പ്രാതിനിധ്യമില്ലായ്മ, വിഘാതം, നീതി നിഷേധം, ഒറ്റപ്പെടല്‍, വിവേചനം, ഇച്ഛാഭംഗം തുടങ്ങിയവയാണ് സാധാരണയായി ദേഷ്യത്തിലേക്ക് നയിക്കുന്നത്.

ദേഷ്യം വരുമ്പോഴുള്ള മനുഷ്യരുടെ പെരുമാറ്റം വിചിത്രമായിരിക്കും. അതുവരെ കാണാത്ത ഭാവമായിരിക്കും അപ്പോള്‍ പ്രത്യക്ഷപ്പെടുക. ഇവിടെ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ട ചില കണ്ടെത്തലുകളുണ്ട്. ഒന്നാമതായി ദേഷ്യം പ്രകടിപ്പിക്കുമ്പോഴും തങ്ങള്‍ക്ക് ദേഷ്യമുണ്ടെന്ന് മനുഷ്യര്‍ സമ്മതിക്കാറില്ല. ദേഷ്യപ്പെടുന്നത് ഒരു പരിഷ്‌കൃത മനുഷ്യന്റെ ലക്ഷണമല്ലെന്നുള്ള വിശ്വാസം ലോകത്തു നിലവിലുള്ള പല സംസ്‌കാരങ്ങളിലുമുണ്ട്. സാഹിത്യത്തിലും, കലയിലും ദേഷ്യത്തെ ഒരു അധമ വികാരമായി കാണുന്ന പ്രമേയങ്ങളാണ് അധികമായും കാണുന്നത്. ഇതുകൊണ്ടാകാം ദേഷ്യം തോന്നുമ്പോഴും, പ്രകടിപ്പിക്കുമ്പോഴും തങ്ങള്‍ക്ക് ദേഷ്യമില്ല എന്നു പറഞ്ഞ് അതിനെ നിഷേധിക്കാന്‍ ശ്രമിക്കുന്നത്. ഈ നിഷേധം ബോധപൂര്‍വ്വമായ ഒന്നല്ല. യാഥാര്‍ത്ഥ്യങ്ങളെ അബോധതലത്തിലാണ് മനുഷ്യര്‍ പലപ്പോഴും നിഷേധിക്കുന്നത്. നിഷേധം (denial) വര്‍ജ്ജ്യമായ വികാരങ്ങളില്‍ നിന്ന് മോചനം നേടാനുള്ള പ്രതിരോധമാണ്. അബോധ മനസ്സില്‍ ദേഷ്യം ഉണ്ടാകുന്നുണ്ടെങ്കിലും ബോധമനസ്സില്‍ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നില്ല എന്നുള്ളതാണ് മിഷേധത്തിന്റെ ഗുണം. ഇത്തരത്തിലുള്ള നിഷേധത്തിന്റെ ഫലമായി ദേഷ്യം അനുഭവപ്പെടാത്തതുകൊണ്ട് അയാളുടെ ദേഷ്യത്തെക്കുറിച്ച് അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയായിരിക്കും. അയാളുടെ ദേഷ്യം അയാളറിയാതെ അയാള്‍ക്ക് തന്നെ യാതൊരു പ്രവേശനവുമില്ലാതെ അയാളുടെ അബോധ മനസ്സില്‍ നിന്നാണ് വരുന്നത്. ഇഅതുകൊണ്ട് അയാളേട് തര്‍ക്കിക്കാതിരിക്കുന്നതാണ് ബുദ്ധി.

ചിലര്‍ നിഷേധത്തിനപ്പുറം ഒരു പടികൂടി കടന്ന് മറ്റൊരു പ്രതിരോധ തന്ത്രം കൂടി പയറ്റുന്നു; വീണ്ടും അവരറിയാതെ തന്നെ. അബോധതലത്തിലുള്ള ദേഷ്യം തന്റേതല്ല എന്ന തരത്തില്‍ നിഷേധിക്കുക മാത്രമല്ല അത് മറ്റുള്ളവരോടേതാണ് എന്നു പോലും ചിലര്‍ പറയുന്നു. ഉദാഹരണത്തിന് രണ്ടുപേര്‍ ചേര്‍ന്ന് ഒരു കാര്യത്തെക്കുറിച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നുവെന്ന് കരുതുക. ഒരാള്‍ക്ക് ദേഷ്യം വരുന്നു ഇത് മറ്റേയാള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ''ദേഷ്യം എനിക്കല്ല; നിങ്ങള്‍ക്കാണ്'' എന്നായിരിക്കും ദേഷ്യം അനുഭവിക്കുന്നയാള്‍ പറയുക. അതായത് സ്വന്തം മനസ്സിലെ ദേഷ്യത്ത അവിടെനിന്നും എടുത്ത് മറ്റൊരാള്‍ക്ക് ചാര്‍ത്തികൊടുക്ക. ഈ പ്രതിരോധ തന്ത്രത്തെ ുൃീഷലരശേീി എന്നാണ് വിളിക്കുന്നത്. ഇവിടെയും ദേഷ്യത്തെ ബോധമനസ്സില്‍ നിന്നും ഒഴിവാക്കുകയാണ് പ്രതിരോധത്തിന്റെ ലക്ഷ്യം.

ദേഷ്യവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ പ്രതിരോധം ആദേശം ചെയ്യലാണ്. (displacement) ഉദാഹരണത്തിന് ഓഫീസിലെ ക്ലര്‍ക്കിന് സൂപ്രണ്ടിനോട് ദേഷ്യം തോന്നിയെന്നിരിക്കട്ടെ മേലെയുള്ള ഉദ്യോഗസ്ഥനോട് ദേഷ്യം പ്രകടിപ്പിച്ചാല്‍ വിവരമറിയും. അതുകൊണ്ട് തല്‍ക്കാലം ആ ദേഷ്യം ബോധമനസ്സ് അബോധ തലത്തിലേക്ക് അടിച്ചമര്‍ത്തുന്നു. പിന്നീട് വീട്ടില്‍ വരുമ്പോള്‍ അമര്‍ത്തി വെച്ച ദേഷ്യം സൗകര്യപ്രദമായ ഒരവസരത്തില്‍ കുട്ടികള്‍ക്കു നേരെ പ്രകടിപ്പിന്നുന്നു. ഇതും മനസ്സിന്റെ ഒരു പ്രതിരോധമാണ്. സൂപ്രണ്ടിനോടു ദേഷ്യം പ്രകടിപ്പിച്ചാലുണ്ടാകുന്ന അത്രയും ദേഷ്യം വരില്ലല്ലോ കുട്ടികളോട് ദേഷ്യം കാണിച്ചാല്‍. ചിലരാകട്ടെ അടിച്ചമര്‍ത്തപ്പെട്ട ദേഷ്യം വേരെ പല തരത്തിലും പുറത്തു വന്നെന്നിരിക്കും. ഉദാഹരണത്തിന് അടിച്ചമര്‍ത്തപ്പെട്ട ദേഷ്യത്തെ പ്രകടിപ്പിക്കുന്നത് ക്രിക്കറ്റു കളിക്കുന്ന ഒരാള്‍ പന്തിനെ തലങ്ങും വിലങ്ങും പായിച്ചിട്ടായിരിക്കും. ഒരു തച്ചന്‍ ഉളി കൊണ്ട് മരത്തില്‍ കൊത്തിക്കൊണ്ടായിരിക്കും. ഇതെല്ലാം ഒരു പക്ഷേ ക്രിയാത്മകമായ ഫലങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. ഈ പ്രതിരോധത്തെ Sublimation എന്നു വിളിക്കുന്നു.

പ്രകൃതവും അസുഖലക്ഷണവും
പ്രകൃതം: ചിലര്‍ക്ക് 'മൂക്കിലാണ് ശുണ്ഠി' എന്ന് കേള്‍ക്കാറില്ലേ. നിത്യ ജീവിത്തില്‍ ഇവര്‍ പല കാര്യങ്ങളോടും ദേഷ്യത്തോടെയായിരിക്കും പ്രതികരിക്കുന്നത്. ഇത് ഒന്നോ രണ്ടോ ദിവസത്തെ രീതി ആയിരിക്കില്ല. ചെറുപ്രായം മുതലേയുള്ള ഇവരുടെ ശീലമായിരിക്കും ഇത്. അതുകൊണ്ടാണ് ദേഷ്യം ഒരു പ്രകൃതമായി മാറുന്നത്. സാധാരണയായി മറ്റുള്ളവര്‍ ദേഷ്യത്തോടെയല്ലാതെ പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളിലും ഇവര്‍ ദേഷ്യത്തോടെ പെരുമാറുന്നതാണ് ഈ പ്രകൃതം. ഇതിന് പല കാരണങ്ങളുണ്ടാകാം. ഒന്ന് ഇവരുടെ ജനിതക ഘടന. ദേഷ്യത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക രാസപദാര്‍ത്ഥങ്ങളില്‍ പ്രധാനമായ ഒന്നാണ് 'സെറട്ടോണിന്‍' എന്ന പദാര്‍ത്ഥം. ഈ പദാര്‍ത്ഥത്തിന്റെ അസുന്തലനം ദേഷ്യത്തിനു കാരണമായേക്കാം. ഈ പദാര്‍ത്ഥത്തിന്റെ ഉത്പാദനത്തിനുള്ള സന്ദേശം നല്‍കുന്ന ജീനുകള്‍ക്ക് അപാകത സംഭവിച്ചാല്‍ അന്തിമമായി അത് ദേഷ്യ പ്രകൃതത്തിലേക്ക് നയിക്കുന്നു. പുരുഷ ഹോര്‍മോണായ 'ടെസ്റ്റോസ്റ്റിറോണ്‍' കൂടുമ്പോള്‍ കോപവും, ആക്രമ വാസനയും കൂടും. സ്ത്രീകളെ അപേക്ഷിച്ച് പരുഷന്മാര്‍ കൂടുതല്‍ കോപാകുലരായി കാണാന്‍ ഇതായിരിക്കാം ഒരു കാരണം. ചില പുരുഷന്മാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച ഈ ഹോര്‍മോണിന്റെ അളവ് ജന്മനാ കൂടുതലായിരിക്കും. ഇതും ദേഷ്യ പ്രകൃതത്തിന് കാരണമായേക്കാം.

മുകളില്‍ സൂചിപ്പിച്ച ജൈവ ഘടകങ്ങള്‍ക്കു പുറമെ ഓരോരുത്തരും കുട്ടിക്കാലത്തു വളര്‍ന്നു വരുന്ന സാഹചര്യവും, ചെറുപ്രായത്തിലുള്ള കുടുംബ ബന്ധങ്ങളും ദേഷ്യപ്രകൃതത്തെ സ്വാധീനിക്കുന്നതായി ശാസ്ത്രം പറയുന്നു. ഉദാഹരണത്തിന് കുട്ടികളെ മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിച്ച് ശിക്ഷിക്കുമ്പോള്‍ മാതാപിതാക്കളിലെ ദേഷ്യം അവര്‍ തിരിച്ചറിയുന്നു. ദേഷ്യത്തോടുകൂടി കുട്ടികളെ നിയന്ത്രിക്കുമ്പോള്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ട കാര്യം സാധിക്കുമ്പോള്‍, ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ദേഷ്യപ്പെടുന്നതാണ് എന്ന പാഠം കുട്ടികള്‍ പഠിക്കുന്നു. മാത്രമല്ല, ദേഷ്യപ്പെടുന്ന അച്ഛനാണ് കൂടുതല്‍ കരുത്തനാകുന്നത് എന്നു മനസ്സിലാക്കുന്ന കുട്ടി അച്ഛനിലെ ദേഷ്യത്തെ കാര്യം സാധിക്കാനുള്ള മാര്‍ഗ്ഗായി തിരിച്ചറിയുന്നു. തനിക്കു മേല്‍ എപ്പോഴും വിജയിക്കുന്ന അച്ഛനുമായി ഒരു വിജയി എന്ന നിലയില്‍ കുട്ടി താരതമ്യം പ്രാപിക്കുന്നു. 

ആല്‍ബര്‍ട്ട് ബന്ധുരയുടെ സിദ്ധാന്തമനുസരിച്ച് മറ്റുള്ളവര്‍ ദേഷ്യപ്പെടുന്നത് കണ്ടു വളരുന്ന കുട്ടികള്‍ ഒരു പ്രായം കഴിയുമ്പോള്‍ സ്വന്തം ജീവിത്തിലേക്ക് അതിനെ പകര്‍ത്തുന്നു. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്ന ആളാണ് അച്ഛനെങ്കില്‍ ഈ പ്രക്രിയ ത്വരിതപ്പെടുന്നു. സിനിമ, ടി.വി. എന്നീ ദൃശ്യ മാധ്യമങ്ങളിലെ ആക്രമണരംഗങ്ങള്‍, സ്റ്റണ്ട് സീനുകള്‍ മുതലായവ കുട്ടികള്‍ ദേഷ്യത്തെ അനുകരിക്കാന്‍ സഹായിക്കുന്നു. ചുരുക്കത്തില്‍ ഇവിയില്‍ ഒരു ഘടകം മാത്രമായിട്ടല്ല, മറിച്ച് ജനിതക, ശാരീരിക, കുടുംബ, സാമൂഹ്യ ഘടകങ്ങള്‍ പ്രതികൂലമായി ഒരാളുടെ ചെറുപ്രായത്തില്‍ സമന്വയിക്കുമ്പോഴാണ് ദേഷ്യമെന്ന പ്രകൃതം രൂപപ്പെടുന്നത്.

അസുഖ ലക്ഷണം: തീവ്രമായും, തുടരെത്തുടരെ ഉണ്ടാകുന്നതുമായ ദേഷ്യം ചിലപ്പോള്‍ അസുഖത്തിന്റെ ലക്ഷണമാകാം. അത് ശരീരസ്സംബന്ധമായ അസുഖമാകാം, മാനസിക അസുഖമാകാം. അപസ്മാരം അഥവാ ചുഴലി രോഗം മസ്തിഷ്‌കത്തിലുണ്ടാകുന്ന മുഴകള്‍, മസ്തിഷ്‌ക ശോഷണം, സ്മൃതിനാശ രോഗം (ഡിമന്‍ഷ്യ) തൈറോയിഡ് ഹോര്‍മോണിന്റെ ആധിക്യം മുതലായവ അമിത ദേഷ്യത്തിനു കാരണമായേക്കാം. തലയ്‌ക്കേല്‍ക്കുന്ന പരിക്ക് പിന്നീട് ദേഷ്യ പ്രകൃത്തിന് കാരണമാകാറുണ്ട്. സ്ത്രീകളില്‍ മാസമുറയ്ക്ക് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ കാരണം ദേഷ്യം കൂടുതലായി കണ്ടെന്നുവരാം. 

മാനസിക രോഗങ്ങളില്‍ വിഷാദ രോഗമാണ് പലപ്പോഴും അനവസരത്തിലും, അധികമായും ഉണ്ടാകുന്ന ദേഷ്യത്തിന് കാരണമാകുന്നത്. ദേഷ്യം ഇതിന്റെ നിരവധി ലക്ഷണങ്ങളില്‍ ഒന്നുമാത്രമാണ്. മദ്യ ലഹരിയില്‍ ചിലര്‍ അമിതമായി ദേഷ്യപ്പെടുന്നു, മുന്‍പേ ദേഷ്യ പ്രകൃതമുള്ളവരില്‍ ഇതു കൂടുതല്‍ പ്രകടമാകുന്നു. മദ്യ ലഹരിയില്‍ ദേഷ്യപ്പെട്ട കാര്യം ലഹരി വിട്ടു മാറുമ്പോള്‍ പലരും ഓര്‍ക്കണമെന്നില്ല. മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം കിട്ടാതാകുമ്പോഴും അമിത ദേഷ്യം ഉണ്ടാകാറുണ്ട്. മദ്യം മാത്രമല്ല, കഞ്ചാവ് മുതലായ മയക്കു മരുന്നുകളും ക്രമാതീതമായ ദേഷ്യത്തിന് കാരണമാകുന്നു. സ്‌കിസോഫ്രീനിയ, മാനിയ മുതലായ മാനസിക രോഗങ്ങളും അമിതമായ ദേഷ്യത്തിനു കാരണമാകാറുണ്ട്. ദേഷ്യം ഒരു പ്രധാന ലക്ഷണമായ രണ്ട് വ്യക്തിത്ത്വ രോഗങ്ങളാണ് (Personality disorders) ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യവും സാമൂഹിക വിരുദ്ധ വ്യക്തിത്ത്വ വൈകല്യവും (Anti Social Personality Disorder). ഈ രണ്ടു വ്യക്തിത്ത്വ വൈകല്യങ്ങളിലും രോഗികള്‍ക്ക് ദേഷ്യത്തെ നിയന്ത്രിക്കുന്നതിലും, അതിനെ മയപ്പെടുത്തുന്നതിലും സാരമായ വൈകല്യങ്ങള്‍ സംഭവിക്കുന്നു. ദേഷ്യത്തെ മാത്രമല്ല, വികാരങ്ങളെ പൊതുവായി നിയന്ത്രിക്കാനാകതെ, എടുത്തു ചാടി, നൈമിഷികമായി കാര്യങ്ങള്‍ ചെയ്യുന്നത് ഈ രോഗങ്ങളുടെ ഒരു ലക്ഷണമാണ്.

അസുഖം: മുകളില്‍ സൂചിപ്പിച്ച അസുഖങ്ങള്‍ളുടെ അഭാവത്തിലും, അതിതീവ്രമായ ദേഷ്യം ഒരാള്‍ കൂടെകൂടെ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് വിട്ടിവിട്ടുള്ള സ്‌ഫോടനാത്മക അസുഖത്തെ (Intermittent Explosive Disorder) സൂചിപ്പിക്കുന്നതാകാം. കഠിനമായ ദേഷ്യത്തെ പ്രകടിപ്പിക്കുക മാത്രമല്ല വസ്തുക്കള്‍ക്കും, വ്യക്തികള്‍ക്കും ഇവര്‍ നാശമുണ്ടാക്കിയെന്നു വരാം. കുറച്ചു കഴിയുമ്പോള്‍ പശ്ചാത്തപിക്കുകയും ചെയ്യും. (സാമൂഹ്യ വിരുദ്ധ വ്യക്തിത്ത്വ വൈകല്യത്തില്‍ പശ്ചാത്താപം ഉണ്ടാകാറില്ല).

എങ്ങിനെ നിയന്ത്രിക്കാം
ദേഷ്യം അമിതകാമുമ്പോഴും, അത് അനവസരത്തില്‍ പ്രകടിപ്പിക്കപ്പെടുമ്പോഴും, അതിനെ വിശദീകരിക്കാന്‍ മതിയായ സാഹചര്യങ്ങള്‍ ഇല്ലാതെ വരുമ്പോഴും നിയന്ത്രിക്കപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള ദേഷ്യം ഗുണം ചെയ്യില്ല എന്നു മാത്രമല്ല അത് വ്യക്തി ബന്ധങ്ങളില്‍ സാരമായ മുറിവ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതു കൂടാതെ ദേഷ്യപ്പെടുന്നത് ദേഷ്യപ്പെടുന്നയാളുടെ ശരീരത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഉദാഹരണത്തിന് ദേഷ്യപ്പെടുമ്പോള്‍ രക്തത്തിലേക്ക് സ്രവിക്കപ്പെടുന്ന 'അഡ്രിനാലിന്‍' എന്ന പദാര്‍ത്ഥം രക്തസമ്മര്‍ദ്ദം കൂട്ടുന്നു; ഹൃദയത്തിനു മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നു. 

ഹൃദയാഘാത സാധ്യതയുള്ളവരില്‍ ദേഷ്യപ്പെടുന്നതുമൂലം അത് പെട്ടെന്ന് സംഭവിക്കാം. മാത്രമല്ല ദേഷ്യം പ്രകടിപ്പിക്കുമ്പോഴുണ്ടാകുന്ന 'കോര്‍ട്ടിമ്പോള്‍' എന്ന പദാര്‍ത്ഥം ശരീത്തിന്റെ രോഗ പ്രതിരോധ ശേഷിയെ (immunity) ക്ഷയിപ്പിക്കുന്നു. ഇതും പല അസുഖങ്ങള്‍ക്കും കാരണമായേക്കാം.

1.
ദേഷ്യത്തെ തിരിച്ചറിയല്‍: ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് അവനവനിലുള്ള ദേഷ്യം ഓരോരുത്തരും തിരിച്ചറിയുക എന്നതാണ്. കൂടെകൂടെ ദേഷ്യപ്പെടുന്നവര്‍ സ്വന്തം ദേഷ്യത്തെ മറ്റുള്ളവര്‍ ചൂണ്ടികാണിക്കുന്നതിനു മുന്‍പ് തന്നെ സ്വയം തിരിച്ചറിയേണ്ടതാണ്. ദേഷ്യം വല്ലാത്ത ഒരു അസ്വസ്ഥതയുണ്ടാകുന്ന വികാരമാണല്ലോ. മനസ്സിന് കടുത്ത സമ്മര്‍ദ്ദവും, ശരീരത്തില്‍ പിരിമുറുക്കവും അനുഭവപ്പെടുന്നതു കൊണ്ട് ദേഷ്യത്തെ തിരിച്ചറിയാന്‍ സാധാരണമായി പ്രയാസമുണ്ടാകാറില്ല. മസ്തിഷ്‌ക രോഗങ്ങളും, മാനസിക രോഗങ്ങളും ഇല്ലെങ്കില്‍ സ്വന്തം ദേഷ്യത്തെ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും സാധിക്കും. ദേഷ്യം ഉണ്ടാകുന്ന ഉടനെ തന്നെ അതിനെ തിരിച്ചറിയേണ്ടതുണ്ട്. ''എനിക്ക് ദേഷ്യം അനുഭവപ്പെടുന്നു'' എന്ന അവബോധം വളരെ പ്രധാനമാണ്. ഇതു കൊണ്ടുതന്നെ ദേഷ്യം മൂലമുണ്ടാകാന്‍ സാധ്യതയുള്ള പല ആപത്തുകളേയും ഒഴിവാക്കാന്‍ സാധിക്കും. ദേഷ്യത്തെ നിഷേധിക്കുന്നതും, അതിനെ ന്യായികരിക്കുന്നതും കൂടുതല്‍ ദേഷ്യത്തിലേക്കും തത്ഫലമായുണ്ടാകുന്ന ദുരന്തങ്ങളിലേക്കും നയിക്കുന്നു.

2.
പെരുമാറ്റ ചട്ടങ്ങള്‍: ദേഷ്യം അനുഭവപ്പെടുന്നു എന്ന തിരിച്ചറിവ് ഉണ്ടായാല്‍ അടിയന്തിരമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഏറ്റവും പ്രധാനം സ്വന്തം ആരോഗ്യവും ശാന്തമായ പ്രകൃതവും ആണെന്ന് മനസ്സിലാക്കിക്കൊണ്ട് വളരെ സാവകാശത്തിലും, ദീര്‍ഘമായും (അഞ്ചു വരെ മനസ്സില്‍ എണ്ണിക്കൊണ്ട്) ശ്വാസം ഉള്ളിലേക്ക് വലിക്കണം.അഞ്ചു വരെ എണ്ണിക്കൊണ്ട് അത് ഉള്ളില്‍ പിടിക്കണം. പിന്നീട് അഞ്ചുവരെ എണ്ണിക്കൊണ്ട് സാവകാശത്തില്‍ പുറത്തു വിടണം. ഇതു ശാന്തത വരുത്താന്‍ സഹായിക്കും. എണ്ണുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദേഷ്യത്തിനു കാരണമായ വ്യക്തികള്‍, അവരുടെ പരാമര്‍ശങ്ങള്‍, പെരുമാറ്റം അവയുടെ അര്‍ത്ഥങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഈ സമയത്ത് മനസ്സിലേക്ക് കടന്നുവരും. ഈ സമയത്തും ശ്വാസോച്ഛാസത്തിലും എണ്ണുന്നതിലും ശ്രദ്ധിക്കണം. അങ്ങിനെ ചെയ്യുന്നതിലൂടെ മറ്റു കാര്യങ്ങള്‍ മനസ്സിലേക്ക് പ്രവേശിക്കുന്ന വാതില്‍ കൊട്ടിയടക്കാന്‍ കഴിയും. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ദേഷ്യം മത്ത് ഉണ്ടാക്കുന്നതുപോലെ ഇല്ലാതാകുന്നതു കാണാം. ഒരിക്കല്‍ ദേഷ്യം ഇല്ലാതായാല്‍ സമചിത്തതയോടും, മാന്യതയോടെും കൂടി ദേഷ്യത്തിനു കാരണമായ കാര്യങ്ങളെ പരിശോധിക്കാന്‍ സാധിക്കും.

3.
മാറി നില്‍ക്കുക: മുകളില്‍ സൂചിപ്പിച്ച വ്യായാമം കൊണ്ട് ദേഷ്യത്തെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ഉടനെ മറ്റുള്ളവരില്‍ നിന്നും, ദേഷ്യം ഉണ്ടാക്കിയ സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കണം. ദേഷ്യം തോന്നുമ്പോള്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതും, മറ്റുള്ളവരോട് തര്‍ക്കിക്കുന്നതും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. കാരണം ദേഷ്യം അനുഭവപ്പെടുന്ന വേളയില്‍ മനസ്സിന്റെ ബുദ്ധിപരമായ കഴിവുകള്‍ ദേഷ്യത്തില്‍ മുങ്ങിപോവുകയാണ് പതിവ്. കാര്യങ്ങളെ സൂക്ഷമായി അവലോകനം ചെയ്യാനോ, ബുദ്ധിപൂര്‍വ്വം വിലയിരുത്താനോ ഈ സന്ദര്‍ഭത്തില്‍ സാധിക്കുകയില്ല. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് അഭികാമ്യം. നിശബ്ദതക്കും അര്‍ത്ഥങ്ങളുണ്ട്. ഉച്ചത്തില്‍ മുഴങ്ങുന്ന വാക്കുകളേക്കാള്‍ പലപ്പോഴും നിശബ്ദതയായിരിക്കും മറ്റുള്ളവരെ സ്പര്‍ശിക്കുന്നത്.

4.
അര്‍ഥങ്ങളെ പുനഃപരിശോധിക്കുക: ദേഷ്യകാരണമായ സാഹചര്യങ്ങളില്‍ നിന്ന് മാറി നിന്നാല്‍ പിന്നീട് ഉടനെ ചെയ്യേണ്ടത് ആ സാഹചര്യങ്ങളെ പരിശോധിക്കുകയാണ്. ദേഷ്യമുണ്ടാക്കുന്ന മറ്റുള്ളവരുടെ പരാമര്‍ശങ്ങള്‍, പെരുമാറ്റങ്ങള്‍ മറ്റു സാഹചര്യങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഒരു സവിശേഷ അര്‍ത്ഥം നില്‍ക്കുമ്പോഴാണ് ദേഷ്യം ഉണ്ടാകുന്നതെന്ന് ആദ്യമേ കണ്ടുവല്ലോ. ഉദാഹരണത്തിന് ''ആ പരാമര്‍ശം നടത്തിയ ആള്‍ അത് അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല'' അല്ലെങ്കില്‍ ''അത് അയാളുടെ പോരായ്മയാണ്'' അലെ്ങ്കില്‍ ''ആ പരാമര്‍ശം എന്നെ ബാധിക്കാന്‍ പോകുന്നില്ല; അത് കൊണ്ട് ഇളകുന്നതല്ല എന്റെ മനസ്സ്'' എന്നീ അര്‍ത്ഥങ്ങളാണ് നില്‍ക്കുന്നതെങ്കില്‍ അത് ദേഷ്യത്തെ നിയന്ത്രണത്തിലാക്കുന്നു. പലപ്പോഴും സ്വന്തം കഴിവുകളെക്കുറിച്ച് ദൃഢമായ മതിപ്പ് ഉള്ളവര്‍ക്ക് ദേഷ്യം അത്ര കണ്ട് അനുഭവപ്പെടാറില്ല. അതുകൊണ്ട് സ്വന്തം വ്യക്തിത്ത്വത്തിന്റെ നല്ല വശങ്ങള്‍ കണ്ടെത്തി അവയില്‍ സ്വയം മതിപ്പ് (self-respect) വളര്‍ത്തിയെടുക്കുന്നത് ദേഷ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇങ്ങനെ ഓരോ പരാമര്‍ശത്തിനും, സാഹചര്യത്തിനും ദേഷ്യത്തെ ഇല്ലാതാക്കുന്ന തരത്തിലൂടെ അര്‍ത്ഥങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ ഏത് അര്‍ത്ഥമാണ് യഥാര്‍ത്ഥമായ അര്‍ത്ഥം എന്നതിനെക്കുറിച്ച് ഉതകണ്ഠപ്പെടരുത്. യാഥാര്‍ത്ഥ്യം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. അതിനേക്കാള്‍ പ്രധാനം ദേഷ്യം നിയന്ത്രിക്കുന്നതിനാണെന്നു മനസ്സിലാക്കുക.

5.
ദേഷ്യത്തെ നിരുപദ്രവകരമായ രീതിയില്‍ പ്രകടിപ്പിക്കുക: മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കൊണ്ടൊന്നും നിയന്ത്രണത്തിലായില്ലെങ്കില്‍ അത് പ്രകടിപ്പിച്ചേ തീരു എന്നുണ്ടെങ്കില്‍ ഒരു മുറിയില്‍ വാതിലടച്ച് ദേഷ്യത്തെ പ്രകടിപ്പിക്കുക. തലയണയോ, മറ്റു സമാനമായ വസ്തുക്കളിലോ ഇടിക്കുന്നത് മനുഷ്യരെ മര്‍ദ്ദിക്കുന്നതിലും ഭേദമാണല്ലോ.

6.
ക്രമവും നിരന്തരവുമായ പരിശീലനം: ഒരിക്കല്‍ ദേഷ്യത്തെ കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ പിന്നെയുള്ള സുപ്രധാനമായ കാര്യം ദേഷ്യമുണ്ടാക്കുന്ന സാഹചര്യങ്ങളും സംഭാഷണങ്ങളും ഒഴിവാക്കുന്നത് സഹായകരമായേക്കും. ശാന്തത വരുത്തുന്ന പരിശീലനങ്ങളും (Relaxation techniques), ക്ലോഗ്നിറ്റീവ് ചികിത്സാ രീതികളും ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇവയെക്കുറിച്ച് 'മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങിനെ നേരിടാം' എന്ന ലേഖനത്തില്‍ മുന്‍പ് പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ദേഷ്യം വരാന്‍ കാത്തുനില്‍ക്കാതെ ദിവസവും പരിശീലിക്കേണ്ടതാണ്. 

ഔഷധങ്ങള്‍: മറ്റെല്ലാം ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ ദേഷ്യത്തെ നിയന്ത്രിക്കാന്‍ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതാണ്. പക്ഷേ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ട് അവ ഉപയോഗിക്കുന്നതിനുമുമ്പ് ഒരു മന:ശാസ്ത്രജ്ഞന്റെ അഭിപ്രായം തേടേണ്ടിവരും

ഓര്‍മയുടെ മസ്തിഷ്‌കശാസ്ത്രം 
ഡോ. ആല്‍ബി ഏലിയാസ്‌ 
ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ മനുഷ്യന്റെ ആശയങ്ങള്‍ മാത്രമാണ്. വസ്തുനിഷ്ഠമായി നോക്കിയാല്‍ അചേതനമായ പ്രപഞ്ചത്തില്‍ ഇത്തരം സങ്കല്പങ്ങളൊന്നുമില്ല. സൂക്ഷിച്ചുനോക്കിയാല്‍ ഭൂതകാലമെന്നത് ഓര്‍മയാണെന്നു കാണാന്‍ സാധിക്കും. വേറൊരര്‍ഥത്തില്‍ കഴിഞ്ഞുപോയ സംഭവങ്ങളെയും വര്‍ത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി ഓര്‍മയാണ്. മനുഷ്യര്‍ ജീവിക്കുന്നതു തന്നെ ഓര്‍മകളിലൂടെയാണ്. 

ഓര്‍മകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിട്ടുണ്ട്. 1. ഉടനെയുണ്ടായ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ (Immediate Memory) ഒരാള്‍ ഒരു ഫോണ്‍ നമ്പര്‍ കേട്ട ഉടനെ തന്നെ അത് ഓര്‍ത്ത് പറയുന്നത് ഉദാഹരണം 2. സമീപകാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ (Recent Memory) രാവിലെ പത്രത്തില്‍ വായിച്ച കാര്യങ്ങള്‍ വൈകുന്നേരം ഓര്‍ക്കുന്നത് ഇതിനുദാഹരണമാണ് 3. വിദൂരസ്ഥ ഓര്‍മ -(Long Term Memory). വിദ്യാര്‍ഥി ആയിരിക്കെ പള്ളിക്കൂടത്തില്‍ നടന്ന കാര്യങ്ങള്‍ മുതിര്‍ന്ന പ്രായത്തില്‍ ഓര്‍ക്കുന്നതാണ് ഇതിനുദാഹരണം. ഇതില്‍ വിദൂരസ്ഥ ഓര്‍മകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഡിമന്‍ഷ്യ പോലുള്ള അസുഖങ്ങളില്‍ പെട്ടെന്ന് നശിക്കാത്തതുമാണ്.

ഓര്‍മകളെക്കുറിച്ചുള്ള രണ്ടാമത്തെ തരംതിരിവ് സ്പഷ്ടമായ ഓര്‍മകളും (Explicit Memory) അന്തര്‍ലീനമായ ഓര്‍മകളും -(Implicit Non-Declarative Memory) എന്ന തരത്തിലാണ്. കണ്ടതോ കേട്ടതോ ആയ കാര്യങ്ങളെക്കുറിച്ചും മുന്‍പ് നടന്ന സംഭവങ്ങളെക്കുറിച്ചുമുള്ള ബോധപൂര്‍വമായ ഓര്‍മകളെയാണ് സ്പഷ്ടമായ ഓര്‍മകളെന്ന് പറയുന്നത്. എന്നാല്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ്. അല്ലെങ്കില്‍ ഉള്ളില്‍ പതിഞ്ഞുകിടക്കുന്നതാണ്. ഒട്ടുമിക്കവാറും ഇത് പരിശീലിച്ച കാര്യങ്ങളായിരിക്കും. ഉദാഹരണത്തിന് പല്ലു തേക്കുന്നത്, കുളിക്കുന്നത്, ഭക്ഷണം പാകം ചെയ്യുന്നത്, വസ്ത്രം ധരിക്കുന്നത്, സൈക്കിള്‍ ചവിട്ടുന്നത്, വാഹനം ഓടിക്കുന്നത് എന്നിവയെല്ലാം മനുഷ്യര്‍ക്ക് സാധിക്കുന്നത് ഈ കാര്യങ്ങളെല്ലാം മുന്‍പ് എങ്ങനെയാണ് ചെയ്തത് എന്നതിനെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ പതിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. അല്ലാതെ ഓരോ കാര്യത്തിലും ഘട്ടം ഘട്ടമായി എന്തു ചെയ്യണം എന്ന് ബോധപൂര്‍വം ഓര്‍ത്തെടുത്തിട്ടല്ല. സ്ഥിരമായി ചെയ്ത് പരിശീലിച്ചതുകൊണ്ട് നമ്മള്‍ അറിയാതെതന്നെ ഓര്‍മകള്‍ നമ്മളെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാമാണ് അന്തര്‍ലീനമായ ഓര്‍മകള്‍.

ഓര്‍മയുടെ മസ്തിഷ്‌കശാസ്ത്രം
മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലാണ് ഓര്‍മകള്‍ ശേഖരിച്ചുവെച്ചിരിക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഭാഗങ്ങള്‍ക്കു ക്ഷതം സംഭവിച്ചാല്‍ ഓര്‍മനാശവും സംഭവിക്കും. മസ്തിഷ്‌കത്തിന്റെ 'ടെംപറല്‍' (temporal) ദളങ്ങളുടെ മധ്യഭാഗത്തുള്ള മൂന്ന് ഭാഗങ്ങളിലാണ് ഓര്‍മകള്‍ സൂക്ഷിച്ചിരിക്കുന്നത്. 1. ഹിപ്പോകാമ്പസ് 2. അമിഗ്ഡല 3. എന്‍േറാര്‍ഹൈനല്‍ കോര്‍ട്ടക്‌സ് എന്നിവയാണ് ഈ ഭാഗങ്ങള്‍. ഇവയില്‍ സുപ്രധാനം ഹിപ്പോകാമ്പസ് ആണ്.

ഓര്‍മയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ഒന്നാമത്തെ ഘട്ടത്തില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഹിപ്പോകാമ്പസില്‍ 'രജിസ്റ്റര്‍' ചെയ്യപ്പെടുന്നു. ഹിപ്പോകാമ്പസ്സിലെ നാഡീകോശങ്ങളുടെ (neurones) ഒരു ശൃംഖലയില്‍ ഇവ എഴുതിച്ചേര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. ഒന്നാമത്തെ ഘട്ടത്തെ 'രജിസ്‌ട്രേഷന്‍' എന്നാണ് പറയുന്നത്. കണ്ടതോ കേട്ടതോ ആയ കാര്യം ഒരാള്‍ ഉടനെ പറയുന്നതിന്റെ അര്‍ഥം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി എന്നാണ്.

++++++++++

രണ്ടാമത്തെ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കാര്യങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ചുവെക്കുന്നു. ഇതാണ് ശേഖരണഘട്ടം (retention). ഉഹിപ്പോകാമ്പസ്സില്‍ നിന്നു മറ്റു ഭാഗങ്ങളിലേക്ക് ഓര്‍മകളെ കൈമാറിയില്ലെങ്കില്‍ അധികം വൈകാതെ നാഡീശൃംഖലയില്‍ നിന്നും അവ മാഞ്ഞുപോകും. ഓര്‍മയുടെ മൂന്നാമത്തെ ഘട്ടം ശേഖരിച്ചുവെച്ചിരിക്കുന്ന കാര്യങ്ങളെ തിരിച്ചെടുക്കുന്നതാണ് (retrieval). ഇതോടെ മുന്‍പ് നടന്ന കാര്യങ്ങള്‍ ഓര്‍മയിലെത്തുന്നു. ചിലപ്പോള്‍ ചില സൂചനകളുടെ (Clue) സഹായത്തോടെ മാത്രമേ കാര്യങ്ങള്‍ ഓര്‍മയിലെത്തൂ. ഇതിന്റെയര്‍ഥം ശേഖരണത്തില്‍ കുഴപ്പമില്ലെന്നും കാര്യങ്ങളെ തിരിച്ചെടുക്കുന്നതിലാണ് പ്രശ്‌നമെന്നുമാണ്. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ക്ക് ഒരു വൈകാരിക ഭാവമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ അമിഗ്ഡലയില്‍ക്കൂടി ശേഖരിച്ചുവെക്കപ്പെടുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നു.

ഓര്‍മയുമായി ബന്ധപ്പെട്ട സര്‍ക്യൂട്ടുകള്‍ മധ്യ ടെംപറല്‍ ദളങ്ങളില്‍ നിന്നു മസ്തിഷ്‌കത്തിന്റെ ഏറ്റവും പുരോഗമിച്ച ഫ്രണ്ടല്‍ ദളങ്ങളിലേക്കും സെറിബല്ലത്തിലേക്കും വ്യാപിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്രണ്ടല്‍ ദളങ്ങള്‍ സ്പഷ്ടമായ ഓര്‍മകളെ (Explicit Memory അഥവാ Declarative Mamory) ദീര്‍ഘകാലം സൂക്ഷിച്ചുവെക്കുന്നു. സെറിബല്ലമാകട്ടെ പരിശീലിച്ച ഓര്‍മകളെ (Implicit Memory അഥവാ -Non-declarative Memory) ദീര്‍ഘകാലത്തേക്ക് സാധ്യമാക്കുന്നു. ഇതിന്റെയര്‍ഥം 'ഡിമന്‍ഷ്യ' (സ്മൃതിനാശരോഗം) പോലുള്ള രോഗങ്ങളുടെ ആദ്യഘട്ടത്തില്‍ മധ്യടെപറല്‍ ദളങ്ങള്‍ ക്ഷയിച്ചുപോകുമ്പോഴും ദീര്‍ഘകാല ഓര്‍മകളും പരിശീലിക്കപ്പെട്ട ഓര്‍മകളും നിലനില്‍ക്കും എന്നതാണ്.

ഓര്‍മകളെ ദൃഢപ്പെടുത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ആവര്‍ത്തനമാണ്. ഒരേ കാര്യം തുടര്‍ച്ചയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ അതിന്റെ ശേഖരണവും പിന്നീട് ഓര്‍മയിലൂടെയുള്ള വീണ്ടെടുക്കലും (retrieval) എളുപ്പമാകുന്നു. കുട്ടികള്‍ പഠിക്കുമ്പോള്‍ ഒരേ കാര്യം വീണ്ടും വീണ്ടും മനസ്സില്‍ കുടിയിരുത്തുമ്പോള്‍ ഓര്‍മ ശക്തമാകുന്നത് ഇതിന് ഉദാഹരണമാണ്. ഓര്‍മയുമായി ബന്ധപ്പെട്ട 'ന്യൂറോ സര്‍ക്യൂട്ടുകള്‍' കൂടുതല്‍ ഉറയ്ക്കുന്നതാണ് ഇതിന്റെ പിന്നിലുള്ള കാരണം. ഇതിനു പുറമെ ഒരു കാര്യത്തെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതും ഓര്‍മയെ ദൃഢപ്പെടുത്തുന്നു. ഓര്‍മയെ ദൃഢപ്പെടുത്തുന്ന വ്യായാമത്തെ 'ന്യൂമോണിക്കസ്' എന്നു വിളിക്കുന്നു.

ഓര്‍മകള്‍ മരിക്കുമോ?
കഴിഞ്ഞകാല സംഭവങ്ങളും മണ്‍മറഞ്ഞുപോയ മനുഷ്യരും മനസ്സുകളില്‍ നിലനില്‍ക്കുന്നത് ഓര്‍മകളിലൂടെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചില ഓര്‍മകള്‍ മാഞ്ഞുപോകാറില്ല. ചെറുപ്പകാലത്തെ ഓര്‍മകള്‍ വിശേഷിച്ചും. വൈകാരിക സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മകളും ദീര്‍ഘകാലം നിലനില്‍ക്കും.

എന്നാല്‍ ഒരായുസ്സിനിടയില്‍ ഓര്‍മയിലുണ്ടായിരുന്ന ഒട്ടേറെ കാര്യങ്ങള്‍ കാലക്രമേണ മാഞ്ഞുപോകും. അത് സര്‍വസാധാരണമാണ്. കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഓര്‍ത്തെടുക്കുക മനുഷ്യര്‍ക്കാര്‍ക്കും സാധ്യമല്ല. ചില കാര്യങ്ങള്‍ പെട്ടെന്നു തന്നെ മറന്നു പോകും; മറ്റു കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു ശേഷമായിരിക്കും മാഞ്ഞുപോകുന്നത്. ഇത് മനുഷ്യസഹജമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകുന്നതായി ചിലര്‍ വ്യാകുലപ്പെടാറുണ്ട്. സമീപകാലത്തായി കലശലായഓര്‍മക്കുറവിനെക്കുറിച്ചായിരിക്കും മറ്റു ചിലര്‍ ഉത്കണ്ഠപ്പെടുന്നത്. പ്രായമാകുന്നതിനനുസരിച്ച് ഓര്‍മക്കുറവ് കലശലാകുന്നതായും ചിലര്‍ക്ക് തോന്നാറുണ്ട്.

നേരത്തേ സൂചിപ്പിച്ചതുപോലെ ഓര്‍മയുടെ ആദ്യഘട്ടമായ 'രജിസ്‌ട്രേഷന്‍' ശരിക്കും നടന്നില്ലെങ്കില്‍ ഒരു കാര്യവും പിന്നീട് ഓര്‍ത്തെടുക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ ഓര്‍മയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം ശ്രദ്ധ വേണം. ഇതിന്റെ അര്‍ഥം കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയോ കാണുകയോ ചെയ്തില്ലെങ്കില്‍ അവയൊന്നും ഓര്‍മയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടില്ല എന്നതാണ്. 

ചിലര്‍ ഒരു കാര്യം ചെയ്യുമ്പോള്‍ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാന്‍ ശ്രമിക്കും. തത്ഫലമായി രണ്ടിലും ശ്രദ്ധ നഷ്ടപ്പെടുന്നു. വേറൊരര്‍ഥത്തില്‍ നോക്കിയാല്‍ ഓര്‍മക്കുറവെന്ന് ചിലര്‍ പറയുന്നത് വാസ്തവത്തില്‍ ശ്രദ്ധക്കുറവായിരിക്കും. ഇനി കാര്യങ്ങള്‍ ഓര്‍മയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വിചാരിക്കുക. കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്തോറും അത്രയധികം കാര്യങ്ങള്‍ ഓര്‍മയിലേക്ക് വീണ്ടെടുക്കാന്‍ സാധിക്കാതെ വരുന്നു. ഇത് സാധാരണമായി ഉണ്ടാകുന്നതാണ്. ഓര്‍മക്കുറവ് രോഗത്തിന്റെ (ഡിമന്‍ഷ്യ) ലക്ഷണമല്ല.

ഗാഢമായ ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന വേളയിലുംഉറക്കത്തില്‍നിന്ന് ഉണരുമ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടാകണമെന്നില്ല. അതുപോലെ തന്നെ ആവശ്യത്തിന് ഉറക്കമില്ലാതിരിക്കന്നതും ഓര്‍മയെ ക്ഷയിപ്പിക്കുന്നു. ഓരോ ദിവസവും മനസ്സിലാക്കിയ കാര്യങ്ങള്‍ ഓര്‍മയില്‍ ദൃഢപ്പെടുത്തണമെങ്കില്‍ അന്നന്നു രാത്രി നന്നായി ഉറങ്ങണം. കാരണം ഉറക്കത്തില്‍ കണ്ണുകളുടെ ദ്രുതചലനഘട്ടത്തിലാണ് (Rapid Eye Movement Sleep- REM Sleep) ഓര്‍മകള്‍ ഉറച്ചുവരുന്നത്.

അമിതമായ മദ്യപാനം, മസ്തിഷ്‌കത്തിനേല്‍ക്കുന്ന ആഘാതം, ചില വിഷവസ്തുക്കള്‍ (മെര്‍ക്കുറി, ലെഡ് അഥവാ ഈയം) എന്നിവയും ഓര്‍മകളെ ദുര്‍ബലമാക്കുന്നു. മദ്യം ഒരളവില്‍ കൂടിയാല്‍ ചിലര്‍ക്ക് തലേ ദിവസം ചെയ്തതോ നടന്നതോ ആയ കാര്യങ്ങളെക്കുറിച്ച് ഒരു ഓര്‍മയും ഉണ്ടാകാറില്ല. ഇതിന് 'ബ്ലാക്ക് ഔട്ട്' (Black Out) എന്നു പറയുന്നു. മദ്യപാനം അപകടകരമായ തരത്തിലാണ് എന്നതിന്റെ മുന്നറിയിപ്പാണിത്. കടുത്ത ഉത്കണ്ഠയിലും സങ്കടം അനുഭവപ്പെടുന്ന വേളയിലും ഓര്‍മകള്‍ ശുഷ്‌കമാകുന്നു. വിഷാദരോഗത്തിലും പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ സാധിച്ചെന്ന് വരില്ല. ഇവയിലൊന്നിനേയും ഓര്‍മക്കുറവ് രോഗം അഥവാ ഡിമന്‍ഷ്യയായി തെറ്റിദ്ധരിക്കരുത്.

ഒരാള്‍ അയാള്‍ക്കുണ്ടാകുന്ന ഓര്‍മക്കുറവിനെ സ്വയം തിരച്ചറിയുകയാണെങ്കില്‍ അത് ഡിമന്‍ഷ്യയുടെ ഭാഗമാകാന്‍ സാധ്യത വളരെ കുറവാണ്. ഡിമന്‍ഷ്യയിലുണ്ടാകുന്ന ഓര്‍മക്കുറവിനെ മറ്റുള്ളവരായിരിക്കും പലപ്പോഴും നിരീക്ഷിക്കുന്നത്. കാരണം ഓര്‍മകള്‍ നഷ്ടമാകുന്ന കാര്യവും രോഗി ഓര്‍ക്കാറില്ല. സാധനങ്ങള്‍ എവിടെയാണ് വെച്ചിരിക്കുന്നതെന്ന് ഓര്‍ക്കാന്‍ സാധിക്കാതെയാവുക, ആളുകളുടെ പേരുകള്‍ മറന്നുപോകുക, മറ്റുള്ളവര്‍ തന്ന നിര്‍ദേശങ്ങള്‍ മറന്നുപോവുക, വാങ്ങിക്കാനുള്ള സാധനങ്ങളുടെ പട്ടികയില്‍ നിന്നും ചില സാധനങ്ങള്‍ വിട്ടുപോവുക തുടങ്ങിയവയെല്ലാം സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന ഓര്‍മക്കുറവിന് ഉദാഹരണങ്ങളാണ്. ഇവയൊന്നും തന്നെ നിര്‍ബന്ധമായും ഓര്‍മക്കുറവ് രോഗത്തിന്റെ ലക്ഷണം ആകണമെന്നില്ല. എന്നാല്‍ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത സംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചില സിനിമകള്‍ പലരേയും അനാവശ്യമായ ഉത്കണ്ഠയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. 

ഓര്‍മക്കുറവ് രോഗങ്ങള്‍ അഥവാ ഡിമന്‍ഷ്യ (Dementias)
മുകളില്‍ സൂചിപ്പിച്ച നിത്യേന ജീവിതത്തിലുണ്ടാകുന്ന സാധാരണമായ ഓര്‍മക്കുറവില്‍ നിന്നും ഏറെ വിഭിന്നമാണ് ഡിമന്‍ഷ്യകളിലുണ്ടാകുന്ന ഓര്‍മക്കുറവ്. ഡിമന്‍ഷ്യയില്‍ ഉണ്ടാകുന്ന ഓര്‍മക്കുറവിനെ താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ക്കൂടി തിരിച്ചറിയാം.

1.ഉടനെ നടന്ന കാര്യങ്ങളായിരിക്കും ഡിമന്‍ഷ്യയില്‍ ആദ്യം മറന്നുപോകുന്നത്. രാവിലെ ഭക്ഷണം കഴിച്ച കാര്യം മറന്നുപോയതിന് ശേഷം പത്തോ ഇരുപതോ മിനുട്ടിന് ശേഷം വീണ്ടും ഭക്ഷണം ആവശ്യപ്പെടുക ഇതിനൊരു ഉദാഹരണമാണ്. പത്രങ്ങളില്‍ വായിച്ച വാര്‍ത്തകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കാതെ വരിക, തലേദിവസം വീട്ടില്‍ വന്നവരെ ഓര്‍ക്കാന്‍ പറ്റാതെവരിക മുതലായവയാണ് മറ്റു ദാഹരണങ്ങള്‍. 

അതേ സമയം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ഒരു കേടും സംഭവിക്കാറില്ല. ഇതിന് കാരണമുണ്ട്. ഡിമന്‍ഷ്യകളില്‍ ഏറ്റവും സാധാരണമായ അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യ ഏറ്റവും ആദ്യം ബാധിക്കുന്നത് ഓര്‍മകളെ ആദ്യം ശേഖരിച്ചുവെക്കുന്ന 'ഹിപ്പോകാമ്പസ്' ഉള്‍പ്പെടെയുള്ള മധ്യടെംപറല്‍ ദളങ്ങളെ ആയിരിക്കും. 

അവിടെയാണ് ഉടനെ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള അല്ലെങ്കില്‍ നൂതനമായ ഓര്‍മകള്‍ കുടികൊള്ളുന്നത്. ഇതില്‍ നിന്നും ഉടനെ നടന്ന കാര്യങ്ങള്‍ ആദ്യം മറന്നുപോകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ദീര്‍ഘകാല ഓര്‍മകള്‍ അഥവാ പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫ്രണല്‍ ദളങ്ങളെയും ബാധിക്കുന്നു. രോഗത്തിന്റെ അവസാനഘട്ടത്തില്‍ രോഗിക്ക് എല്ലാതരം ഓര്‍മകളും നഷ്ടമാകുന്നു.

2. ഓര്‍മക്കുറവു മാത്രമല്ല ഡിമന്‍ഷ്യയുടെ ലക്ഷണം. രോഗം ബാധിച്ചയാള്‍ക്ക് ദിശാബോധവും നഷ്ടപ്പെടുന്നു. ദീര്‍ഘകാലമായി സഞ്ചരിച്ച് ഏറെ പരിചയമുള്ള വഴിപോലും രോഗിക്ക് തെറ്റിപ്പോയെന്നു വരാം. ഇടതുവശവും വലതുവശവും പരസ്പരം മാറിപ്പോകാം.

3. സ്പഷ്ടമായ ഓര്‍മകള്‍ അഥവാ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മകളെ കൂടാതെ അന്തര്‍ലീനമായ പരിശീലിച്ച ഓര്‍മകളും -(Implicit Memories or Non-Declarative Memories) ഡിമന്‍ഷ്യയില്‍ മാഞ്ഞുപോകുന്നു. തത്ഫലമായി ശീലിച്ച കാര്യങ്ങളും രോഗിക്ക് ചെയ്യാനാകാതെ വരുന്നു. ഉദാഹരണത്തിന് ഷര്‍ട്ട് ഇടുമ്പോള്‍ ബട്ടണുകള്‍ തെറ്റായി ഇടുക, ചെരുപ്പുകള്‍ മാറിപ്പോവുക, വാഹനം ഓടിച്ചിരുന്ന ഒരാള്‍ക്ക് അത് സാധിക്കാതെ വരികയോ അപകടത്തില്‍പെടുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

4. രോഗം കഠിനമാകുന്നതോടെ രോഗിയുടെ സംസാരം കുറഞ്ഞുവരും. അത് ഏതാനും ചില ആശയങ്ങളിലേക്കു മാത്രമായി ചുരുങ്ങും. രോഗത്തിന്റെ അവസാനഘട്ടത്തില്‍ സംസാരം വ്യക്തമാകണമെന്നുമില്ല.

5. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രോഗിക്ക് സ്ഥലകാലബോധം നഷ്ടപ്പെടുന്നു. വീട്ടിലെ സ്വീകരണമുറി ടോയ്‌ലറ്റാണെന്ന് തെറ്റിദ്ധരിക്കുന്ന രോഗി അവിടെ മൂത്രമൊഴിച്ചെന്നുവരാം. രോഗത്തിന്റെ അന്ത്യഘട്ടത്തില്‍ ഏറ്റവും അടുത്ത ബന്ധുമിത്രാദികളെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല.

6. നഷ്ടമാകുന്ന ഓര്‍മകളെ ചില രോഗികള്‍ തെറ്റായ ധാരണകള്‍കൊണ്ട് നികത്താന്‍ ശ്രമിച്ചേക്കും. സ്വന്തം സാധനങ്ങള്‍ എവിടെയാണെന്ന ഓര്‍മകള്‍ നഷ്ടമാകുന്ന സമയത്ത് ആ സാധനങ്ങള്‍ മറ്റാരോ മോഷ്ടിച്ചെന്നോ, വീട്ടില്‍ കള്ളന്‍ കയറിയെന്നോ ഇവര്‍ ഉറച്ചുവിശ്വസിക്കാന്‍ തുടങ്ങുന്നു. തെളിവുകള്‍കൊണ്ട് തിരുത്താനാവാത്ത ഇത്തരം മിഥ്യാധാരണകളെ -Delusions എന്നു വിളിക്കുന്നു.

അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ശരാശരി ഏതാണ്ട് 10 വര്‍ഷങ്ങള്‍കൊണ്ട് രോഗം അതിന്റെ അന്തിമഘട്ടത്തിലെത്തും. ഇത് ശരാശരി കണക്കാണ്; ഓരോ വ്യക്തിയിലും ഇത് ഏറിയോ കുറഞ്ഞോ വരാം. രോഗത്തിന്റെ അന്ത്യഘട്ടത്തില്‍ ന്യുമോണിയപോലുള്ള തീവ്രമായ അണുബാധകളാണ് മരണത്തില്‍ കലാശിക്കുന്നത്.

മസ്തിഷ്‌കത്തിലെ ചെറിയ രക്തക്കുഴലുകള്‍ വ്യാസം കുറയുന്നതുമൂലം രക്ത ഓട്ടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ ഡിമന്‍ഷ്യക്ക് കാരണമായേക്കാം. ഈ ഡിമന്‍ഷ്യ 'വാസ്‌കുലര്‍ ഡിമന്‍ഷ്യ' എന്നറിയപ്പെടുന്നു. വ്യക്തമായ അറിയപ്പെടുന്ന കാരണങ്ങള്‍ ഒന്നുമില്ലാതെ ഫ്രണല്‍ ദളങ്ങളും ടെംപറല്‍ ദളങ്ങളും ക്ഷയിക്കുന്ന ഒരുതരം ഡിമന്‍ഷ്യയാണ് ഫ്രണോ-ടെംപറല്‍ ഡിമന്‍ഷ്യ. അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യയില്‍നിന്നും വ്യത്യസ്തമായി ഓര്‍മക്കുറവ് ഈ ഡിമന്‍ഷ്യയില്‍ ആദ്യം സംഭവിക്കുന്നില്ല. 

മറിച്ച് വ്യക്തിയുടെ സ്വഭാവത്തിനാണ് പെട്ടെന്ന് മാറ്റം വരുന്നത്. പെട്ടെന്ന് ദേഷ്യപ്പെടുക, അക്രമാസക്തമാവുക, എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുക, മറ്റുചിലപ്പോള്‍ ഒന്നിലും താത്പര്യമില്ലാതെ ശാന്തമായിരിക്കുക മുതലായവയാണ് ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ക്കുശേഷമായിരിക്കും ഫ്രണ്ടോ-ടെംപറല്‍ ഡിമന്‍ഷ്യയില്‍ ഓര്‍മക്കുറവ് സംഭവിക്കുന്നത്. അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യയില്‍ ഈ പരിണാമം നേരെ തിരിച്ചാണ്. ഓര്‍മക്കുറവ് ആദ്യം സംഭവിക്കുന്നു. ദേഷ്യവും മറ്റു പെരുമാറ്റവ്യതിയാനങ്ങളും രോഗത്തിന്റെ പിന്നീടുള്ള ഘട്ടത്തില്‍ സംഭവിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച ഡിമന്‍ഷ്യകളെല്ലാംതന്നെ കാലക്രമേണ സുനിശ്ചിതമാവുകയും വഷളാവുകയും ഒടുവില്‍ മരണത്തില്‍ കലാശിക്കുകയും ചെയ്യും. വൈദ്യശാസ്ത്രത്തില്‍ ഈ കുറിപ്പ് എഴുതുന്ന നാള്‍വരെ ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നത് ദുരന്തസ്വഭാവം വര്‍ധിപ്പിക്കുന്നു. രോഗം വഷളാകുന്നതിന്റെ തോത് സാവധാനത്തിലാക്കുന്ന ഏതാനും മരുന്നുകള്‍ നിലവിലുണ്ട്. ഓര്‍മയ്ക്ക് നിദാനമായ മസ്തിഷ്‌കത്തിലെ 'അസറ്റൈല്‍ കോളിന്‍' എന്ന രാസപദാര്‍ഥത്തിന്റെ അളവിനെ കൂട്ടുന്ന മരുന്നുകളാണിവ. ഈ മരുന്നുകള്‍ നഷ്ടപ്പെട്ട ഓര്‍മകളെ വീണ്ടെടുക്കുന്നില്ല. നിലവിലുള്ള ഓര്‍മകള്‍ നഷ്ടപ്പെടാതെ ചെറിയൊരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നു എന്നുമാത്രം.

മുകളില്‍ വിശദീകരിച്ച ഡിമന്‍ഷ്യകളെല്ലാംതന്നെ പ്രായമായവരിലാണ് കണ്ടുവരുന്നത്. 65 വയസ്സിനുമുകളില്‍ പ്രായം കൂടുന്തോറും ഡിമന്‍ഷ്യ വരാനുള്ള സാധ്യതയും കൂടുന്നു. 65 വയസ്സിന് താഴെയുള്ളവരില്‍ വരുന്ന അപൂര്‍വതരം അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. പ്രി-സെനൈല്‍ അല്‍ഷൈമേഴ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ രോഗവും 50 വയസ്സുകഴിഞ്ഞാലാണ് വരുന്നത്. 65 വയസ്സുകഴിഞ്ഞവരില്‍ കാണുന്ന അല്‍ഷൈമേഴ്‌സ്

രോഗത്തെ സെനൈല്‍ അല്‍ഷൈമേഴ്‌സ് എന്നു വിളിക്കുന്നു. ഇതാണ് ഏറ്റവും കൂടുതല്‍ കാണുന്ന ഡിമന്‍ഷ്യ. ജന്മനാ ബുദ്ധിമാന്ദ്യം കാണിക്കുന്ന ഡൗണ്‍സ് സിന്‍ഡ്രോം -(Downs syndrome)എന്ന രോഗമുള്ളവരിലാണ് 50 വയസ്സിനു താഴെ അല്‍ഷൈമേഴ്‌സ് വരുന്നത്. ഈ അസുഖം ഉള്ളവരെ ജന്മനാതന്നെ കണ്ടാല്‍ തിരിച്ചറിയാം.

പാരമ്പര്യഘടകമായ ജീനുകളിലൂടെ മാതാപിതാക്കളില്‍ നിന്നു കുട്ടികളിലേക്ക് വ്യാപിക്കുന്ന ഒരുതരം ഡിമന്‍ഷ്യയാണ് 'ഹണ്ടിങ്ടണ്‍ ഡിമന്‍ഷ്യ'. ഇത് ജന്മനാ ലഭിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ ഏതാണ്ട് 50 വയസ്സോടെ പ്രത്യക്ഷമാകുന്നു. ഇതിനു ഫലപ്രദമായ ചികിത്സയില്ല.

ചികിത്സിച്ചു ഭേദമാക്കാവുന്ന ഡിമന്‍ഷ്യകള്‍
മുകളില്‍ വിവരിച്ച ഡിമന്‍ഷ്യകളെല്ലാം ഫലപ്രദമായ ചികിത്സയില്ലാത്തതും കാലക്രമേണ കലശലാകുന്നവയും ആണ്. എന്നാല്‍ ചില ഡിമന്‍ഷ്യകള്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്.

വിറ്റമിന്‍ ബി-12ന്റെ കുറവുകൊണ്ട് ഓര്‍മകള്‍ നഷ്ടപ്പെടുകയും അത് പിന്നീട് ഡിമന്‍ഷ്യയായി പരിണമിക്കുകയും ചെയ്യുന്നു. ഇത് വിറ്റമിന്‍ ബ-12 കുത്തിവെപ്പിലൂടെ ഭേദമാകുന്നു. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലവും ഡിമന്‍ഷ്യ ഉണ്ടായേക്കാം ചിലരിലെങ്കിലും. തൈറോയ്ഡ് ഗുളികകള്‍ കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. തലച്ചോറില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന 'ഹൈഡ്രോസെഫാലസ്' എന്ന രോഗത്തിലും ഡിമന്‍ഷ്യ ഉണ്ടായേക്കാം. ഓപ്പറേഷന്‍ വഴി ദ്രാവകത്തെ ഒഴുക്കി വിട്ടാല്‍ ഈ ഡിമന്‍ഷ്യയും ഭേദമാകുന്നു.
അമിതമായി മദ്യപിക്കുന്ന ചിലരിലെങ്കിലും ഡിമന്‍ഷ്യ ഉണ്ടാകാറുണ്ട്. വളരെ നേരത്തേതന്നെ മദ്യം ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ ഇത് ഒഴിവാക്കാം. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞാല്‍ മദ്യം നിര്‍ത്തിയാലും ഡിമന്‍ഷ്യ വഷളായിക്കൊണ്ടേയിരിക്കും.

മസ്തിഷ്‌കത്തിനേല്‍ക്കുന്ന ആഘാതം (Head Injury) ഡിമന്‍ഷ്യയ്ക്ക് കാരണമായേക്കാം. മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ടായാല്‍ ആഘാതത്തിന്റെ കാഠിന്യമനുസരിച്ച് ഇത്തരം ഡിമന്‍ഷ്യ കാലക്രമേണ ഭേദമാവുകയോ അങ്ങനെ തന്നെ നിലനില്‍ക്കുകയോ ചെയേ്തക്കാം.


അണുബാധ ഉള്‍പ്പെടെയുള്ള ചില അസുഖങ്ങള്‍ വരുമ്പോഴും ചില ഓപ്പറേഷനുകള്‍ക്കു ശേഷവും ഏതാനും ചിലര്‍ക്ക് കുറച്ചുനേരത്തേക്ക് (ചിലപ്പോള്‍ നാളുകളോളമോ അല്ലെങ്കില്‍ ആഴ്ചകളോളമോ) ഓര്‍മ നഷ്ടപ്പെടുകയും അവര്‍ പരസ്പരം ബന്ധമില്ലാതെ സ്ഥലകാല ബോധമില്ലാതെ പലതും പറയുകയും ചെയ്യും. ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥ. ഈ അവസ്ഥ മണിക്കൂറുകള്‍ക്കുള്ളില്‍ മാറുകയും സാധാരണ അവസ്ഥ വരികയും വീണ്ടും സ്ഥലകാല ബോധം നഷ്ടപ്പെടുകയും ചെയേ്തക്കാം. 

സാധാരണ ഗതിയില്‍ ശരീര സംബന്ധമായ ചില തകരാറുകള്‍ കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഇതിനു കാരണമായ തകരാറിന്റെ ഗൗരവം അനുസരിച്ചാണ് ഈ അവസ്ഥ വരുന്നതും മാറുന്നതും. ഇങ്ങനെയുള്ള ഓര്‍മക്കുറവിനെ ഡെലീറിയം എന്ന്പറയുന്നു. ഇത് ഡിമന്‍ഷ്യയില്‍നിന്ന് വ്യത്യസ്തമാണ്. ഡെലീറിയം പെട്ടെന്ന് വരുന്നു. (ഡിമന്‍ഷ്യ മാസങ്ങള്‍ കൊണ്ടോ വര്‍ഷങ്ങള്‍ കൊണ്ടോ ആണ് പൂര്‍ണമായും പ്രത്യക്ഷപ്പെടുന്നത്.) ഡെലീറിയം താരതമ്യേന പെട്ടെന്നു മാറുന്നു. ഏതു പ്രായത്തിലുള്ളവര്‍ക്കും ഡെലീറിയം വന്നേക്കാം.

ഡിമന്‍ഷ്യ ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നവര്‍
അല്‍ഷൈമേഴ്‌സ് ഡിമന്‍ഷ്യ ഉള്‍പ്പെടെ പ്രമുഖ ഡിമന്‍ഷ്യകള്‍ക്കൊന്നും നിലവില്‍ ചികിത്സയില്ല. അതേസമയം ഡിമന്‍ഷ്യ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് വളരെ സഹായവും അനുകമ്പയും പരിശീലനവും ആവശ്യമാണ്. ഡിമന്‍ഷ്യയുള്ളവരെ പരിചരിക്കുകയെന്നത് മാനസികമായും ശാരീരികമായും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം കുടുംബത്തിലെ ഒരാള്‍ക്ക് ഡിമന്‍ഷ്യ വരുമ്പോള്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് അത് കനത്ത ആഘാതമായിരിക്കും. അതുവരെ ഭാഗികമായി, കാര്യക്ഷമതയോടുകൂടി കാര്യങ്ങളെല്ലാം നടത്തിയിരുന്ന ഒരാള്‍ ഓര്‍മകളെല്ലാം നഷ്ടപ്പെട്ട് ഇരുട്ടില്‍ തപ്പുന്നതുപോലെ ജീവിക്കുന്നതു കാണുമ്പോള്‍ പലര്‍ക്കും ആദ്യം അത് യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കാനായെന്നു വരില്ല. 

യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴേക്കും കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ആളെ നഷ്ടപ്പെട്ടു എന്ന തോന്നലായിരിക്കും ഉണ്ടാവുക. കാരണം ഡിമന്‍ഷ്യ ഒരു മനുഷ്യന്റെ അസ്തിത്വത്തെയാണ് അപഹരിക്കുന്നത്. ഡിമന്‍ഷ്യ ബാധിക്കുന്നതോടെ ഒരാള്‍ അയാളല്ലാതായി മാറുന്നു. ഇങ്ങനെയൊരാള്‍ അതുവരെ യല്ലാത്ത തരത്തില്‍ ദേഷ്യത്തോടും മിഥ്യാധാരണകളോടും കൂടി പെരുമാറുമ്പോള്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് കനത്ത സമ്മര്‍ദമാണുണ്ടാകുന്നത്. താഴെപ്പറയുന്ന കാര്യങ്ങള്‍ ഡിമന്‍ഷ്യ ബാധിച്ചവരെ പരിചരിക്കുന്നവര്‍ക്ക് സഹായകരമായേക്കും.

1. ഓര്‍മക്കുറവ് ബോധപൂര്‍വമായ പ്രവൃത്തിയല്ലെന്നും അവ രോഗം കൊണ്ടാണെന്നും മനസ്സിലാക്കി രോഗിയോട് ക്ഷമാപൂര്‍വം പെരുമാറുക, ഇത് പ്രയാസമുള്ള കാര്യമാണെങ്കിലും.

2. രോഗിയോട് തര്‍ക്കിക്കാതിരിക്കുക. ഉദാഹരണത്തിന് ഒരിക്കല്‍ ഭക്ഷണം കഴിച്ച രോഗി ഭക്ഷണം കഴിച്ചില്ലെന്നു പറയുമ്പോള്‍ വാഗ്വാദത്തിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

3. ദേഷ്യത്തിനു കാരണമായ കാരണങ്ങളെ കണ്ടെത്തി അവയെ പരിഹരിക്കാന്‍ നോക്കുക.

4. രോഗിക്ക് സ്ഥലകാലബോധവും ദിശാബോധവും നല്‍കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന് ഒരു കലണ്ടറില്‍ തീയതിയും ദിവസവും അടയാളപ്പെടുത്തി പലമുറികളിലും വെക്കുക. ക്ലോക്ക് കഴിയുന്നതും രോഗിയുടെ സമീപത്തു വെക്കുക. കുളിമുറി, ടോയ്‌ലറ്റ് മുതലായവയുടെ മുന്നില്‍ വലിയ അക്ഷരത്തില്‍ എഴുതിവെക്കുക, മുമ്പ് പരിചയമുള്ള ആളാണെങ്കിലും അയാളെ വീണ്ടും പരിചയപ്പെടുത്തുക മുതലായവ. രോഗിയുടെ ഓര്‍മയെ പരിശോധിക്കാന്‍ ശ്രമിക്കരുത്.

5. അപകടസാധ്യതയുള്ള കാര്യങ്ങളില്‍നിന്നു രോഗിയെ അകറ്റിനിര്‍ത്തുക. ഡിമന്‍ഷ്യ ബാധിച്ചവര്‍ വാഹനം ഓടിച്ചാല്‍ അപകടസാധ്യത ഏറെയാണ്. വീട്ടില്‍നിന്നു പുറത്തിറങ്ങിയാല്‍ അവര്‍ വഴിതെറ്റി നടന്ന് അപകടത്തില്‍പ്പെട്ടെന്നു വരാം. കൈയില്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതിയ കാര്‍ഡ് ഘടിപ്പിക്കുന്നത് നല്ലതാണ്.

6. ഡിമന്‍ഷ്യ രോഗികളെ പരിചരിക്കുന്നവര്‍ക്ക് പരിശീലനം വേണ്ടിവരും. അവര്‍ക്ക് മനസ്സിലുള്ള വിഷമങ്ങള്‍ തുറന്നുപറയാന്‍ കൗണ്‍സലിങ് വേണ്ടിവരും.

ശാപമാകുന്ന ഓര്‍മകള്‍
ഓര്‍മക്കുറവ് ഒരു പ്രശ്‌നമാകുന്നതുപോലെത്തന്നെ ജീവിതത്തില്‍ അനുഭവിച്ച അപകടങ്ങള്‍, ദുരന്തങ്ങള്‍, അക്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഓര്‍മകള്‍ പലരെയും ദീര്‍ഘകാലം വേട്ടയാടുന്നു. ചിലപ്പോള്‍ ഇവ സ്വപ്നങ്ങളില്‍ക്കൂടി പ്രത്യക്ഷപ്പെടാം. മറ്റു ചിലപ്പോള്‍ ഫ്ലാഷ്ബാക്ക് പോലെയായിരിക്കും. ഇത്തരം ഓര്‍മകള്‍ അതനുഭവിക്കുന്നവര്‍ക്ക് ഞെട്ടലും വിറയലും നെഞ്ചിടിപ്പും ഉണ്ടാക്കുന്നു. 

ആഘാതാനന്തര മാനസികസമ്മര്‍ദ വൈകല്യമാണ് (Post-Traunatic Stress Disorder) ഇവ. ഇവിടെ ഓര്‍മകള്‍ അനുഗ്രഹമല്ല, ശാപമായി മാറുന്നു. ഒരുവശത്ത് മനുഷ്യനെ നിത്യേന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഓര്‍മകള്‍ സഹായിക്കുന്നു. ജീവിതത്തിന്റെ തുടര്‍ച്ചതന്നെ ഓര്‍മകളിലൂടെയാണ് സാധ്യമാകുന്നത്. ചിന്തകള്‍, വികാരങ്ങള്‍, മധുരമായ ഓര്‍മകള്‍, ഭാവന, കാല്പനികത്വം (Romance),സ്വപ്നങ്ങള്‍ എന്നിങ്ങനെ പലതും. മറുവശത്ത് മനുഷ്യന്റെ സമാധാനം കെടുത്തുന്ന ഓര്‍മകള്‍. രണ്ടു സാഹചര്യങ്ങളില്‍നിന്നും ഓര്‍മകള്‍ മനുഷ്യപ്രകൃതിയെ എപ്രകാരം നിയന്ത്രിക്കുന്നുവെന്ന് മനസ്സിലാക്കാം.

മാനസിക പിരിമുറുക്കം നേരിടാന്‍ പ്രായോഗിക നിര്‍ദേശങ്ങള്‍

ഡോ. ആല്‍ബി ഏലിയാസ്‌ 
കടുത്ത മാനസിക സമ്മര്‍ദം ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവര്‍ ഉണ്ടോയെന്ന് സംശയമാണ്. ഒട്ടുമിക്കവരുടേയും ജീവിതത്തില്‍ അത് ഏറിയും കുറഞ്ഞും ഉണ്ടാകുന്നു. എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു എന്നു കരുതുമ്പോള്‍ അതാ അടുത്ത പ്രശ്‌നം തലപൊക്കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാത്ത ജീവിതം അത്യപൂര്‍വമാണ്.

ചിലരുടെയെങ്കിലും കാര്യത്തില്‍ മാനസികസമ്മര്‍ദം (Mental Stress) അമിതമാകുന്നു. ദിവസേനയുള്ള ജീവിതത്തെ അത് സാരമായി ബാധിച്ചേക്കാം. ഉറക്കം കുറയുക, കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാനാവാതെ വരിക, കൂടെക്കൂടെ തെറ്റായ തീരുമാനങ്ങള്‍ എടുക്കുക മുതലായവ വര്‍ധിച്ച മാനസിക സമ്മര്‍ദത്തിന്റെ പ്രത്യാഘാതങ്ങളാണ്.

മാനസികസമ്മര്‍ദം മനസ്സില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. അതിന്റെ വിഷംപുരണ്ട കൈകള്‍ ശരീരത്തിലേക്കും വ്യാപിക്കുന്നു. മാംസപേശികള്‍ (Muscles) വലിഞ്ഞുമുറുകുക, തലവേദന, വയറിന് അനുഭവപ്പെടുന്ന അസ്വസ്ഥത മുതലായവ അമിത മാനസിക സമ്മര്‍ദത്തിന്റെ അനന്തരഫലങ്ങളായി സംഭവിച്ചേക്കാം. മാനസികസമ്മര്‍ദത്തിന് വിധേയമാകുന്നവരില്‍ ജലദോഷം (Cold) ഭേദമാകാന്‍ താരതമ്യേന കൂടുതല്‍ സമയം എടുക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍, അമിത ബ്ലഡ് പ്രഷര്‍ കൊണ്ടുണ്ടാകുന്ന അസുഖം (Hypertension), ആസ്ത്മ, അള്‍സര്‍, വാതരോഗങ്ങള്‍ തുടങ്ങിയവ കടുത്ത മാനസിക സമ്മര്‍ദത്തിന്റെ വേളയില്‍ കൂടുതല്‍ അപകടകാരികളാകുന്നു. നിയന്ത്രിക്കാനാകാത്ത ദേഷ്യവും തത്ഫലമായുണ്ടാകുന്ന കുറ്റബോധവും പലപ്പോഴും കഠിന മാനസിക സമ്മര്‍ദത്തിന്റെ ഭാഗമായിട്ടാണുണ്ടാകുന്നത്.

മാനസിക സമ്മര്‍ദം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍
മാനസികസമ്മര്‍ദം നല്ലൊരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. പ്രയാസമേറിയതാണെങ്കിലും ഒരിക്കല്‍ ചെയ്തുതുടങ്ങിയാല്‍പ്പിന്നെ ശീലമാക്കാവുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു.

സ്വയം നിരീക്ഷണം
ഓരോരുത്തരും അവനവന്റെ തന്നെ നിരീക്ഷകനാവുക എന്ന തത്ത്വമാണിത്. ഇത് ആര്‍ക്കുവേണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ. ആദ്യമായി ഒരു ഡയറി സംഘടിപ്പിക്കുക. അതില്‍ മൂന്ന് കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

ഒന്ന്: മാനസിക സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍.

രണ്ട്: ആ സാഹചര്യങ്ങളോടുള്ള പ്രതികരണ രീതി.

മൂന്ന്: ആ സവിശേഷ പ്രതികരണത്തിന്റെ അനന്തരഫലം.

ഉദാഹരണത്തിന് ഒരാള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക.

തിയ്യതി: 21.08.09 സമയം: 10 am



ഇതേ സാഹചര്യം വേറൊരാള്‍ വ്യത്യസ്ത രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക.

തീയതി: 22.08.2009, സമയം രാവിലെ 10.00 മണി



ഡയറിയില്‍ ഇത്തരത്തില്‍ രേഖപ്പെടുത്തുന്നതിന് പല ഗുണങ്ങളുണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അവയോടുള്ള പ്രതികരണവും നമ്മളുടെ ശ്രദ്ധയില്‍പ്പെടാതെ പോയെന്ന് വരും. ഉദാഹരണത്തിന് ജോലി കിട്ടാതെ വരുമ്പോള്‍ അത് ഒരാളില്‍ മാനസിക സമ്മദര്‍മുണ്ടാക്കുന്നു. അതിനെത്തുടര്‍ന്ന് അയാള്‍ സാമൂഹിക ചടങ്ങുകളിലേക്കുള്ള പലരുടേയും ക്ഷണം നിരാകരിക്കുന്നു. മറ്റൊരാള്‍ ചടങ്ങുകള്‍ക്ക് വൈകി എത്തുകയും നേരത്തെ പോവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പല പ്രതികരണങ്ങളും ഒരു ഡയറി എഴുതുന്നതിലൂടെ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നു. ഡയറിയിലൂടെ ഒരാള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നതെന്താണെന്ന് തിരിച്ചറിവ് ഉണ്ടാവുകയും അതിനെ പരിഹരിക്കാനുള്ള ധര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കാനാവുകയും ചെയ്യുന്നു. '0' മുതല്‍ '100' വരെയുള്ള ഒരു തോത് ഉപയോഗിച്ചു ഓരോ സാഹചര്യവും എന്തുമാത്രം മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നുവെന്ന് രേഖപ്പെടുത്താനാകും. '0' അല്പംപോലും സമ്മര്‍ദം തോന്നാത്ത അവസ്ഥ. '100' ജീവിതത്തില്‍ അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ സമ്മര്‍ദം.

2. കോഗ്‌നിറ്റീവ് ചികിത്സ
ഓരോ സംഭവത്തെയും കുറിച്ച് ഒരാള്‍ക്കുള്ള ചിന്തകളെയാണ് കൊഗ്‌നിറ്റീവ് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് വേദനവരുമ്പോള്‍ അത് മാരകമായ ഒരസുഖത്തിന്റെ ലക്ഷണമാണെന്നുള്ള ചിന്ത ഒരു കൊഗ്‌നിറ്റീവ് രീതി. അത് അങ്ങനെത്തന്നെ ആകണമെന്നില്ല എന്നുള്ളത് മറ്റൊരു കൊഗ്‌നിറ്റീവ് രീതി. ആദ്യം പറഞ്ഞ രീതിയുടെ ഫലമായി ഉത്കണുയുണ്ടാകുന്നു. രണ്ടാമത്തേതില്‍ സമാധാനവും. മാനസിക സമ്മര്‍ദം കൂടുന്നു. കൊഗ്‌നിറ്റീവ് രീതികള്‍ താഴെ കൊടുക്കുന്നു.



ഇത്തരം സാഹചര്യങ്ങളില്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ ചിന്താ രീതികള്‍ക്കും നമ്മുടെ നിഗമനങ്ങള്‍ക്കും എന്തുമാത്രം വസ്തുതാപരമായ തെളിവുകള്‍ ഉണ്ട് എന്ന് പരിശോധിക്കുകയാണ്. അപ്പോള്‍ മനസ്സിലാകും നമ്മളുടെ പല കൊഗ്‌നിറ്റീവ് രീതികളും യുക്തിപരമായി തെറ്റും വസ്തുതകളുടെ അടിസ്ഥാനം ഇല്ലാത്തവയുമാണെന്നും. അപ്പോള്‍പ്പിന്നെ നമ്മള്‍ അന്വേഷിക്കേണ്ടത് പകരം കണ്ടെത്താനാകുന്ന ചിന്തകള്‍ ഉണ്ടോയെന്നാണ്. ഇനി നോക്കുക.


മുകളില്‍ സൂചിപ്പിച്ചവയില്‍നിന്നും മനസ്സിലാക്കാവുന്നത് നമ്മളുടെ ചിന്തകളുടെ ഉള്ളടക്കവും ഘടനയും നമ്മുടെ വികാരങ്ങളെ നിര്‍ണയിക്കുന്നു എന്നാണ്. ആരോഗ്യകരമായ ചിന്തകള്‍ രണ്ടാമത് സൂചിപ്പിച്ചവയാണ്. അവ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നു.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മള്‍, മനഷ്യരില്‍ പലപ്പോഴും രോഗാതുരമായ ചിന്തകളായിരിക്കും ആദ്യം ഓടിയെത്തുക. പക്ഷേ, അതോര്‍ത്തു വിഷമിക്കേണ്ട. ഇവിടെയും ഒരു ഡയറി സൂക്ഷിച്ച് അതില്‍ നമ്മളുടെ മനസ്സില്‍ ആദ്യം വരുന്ന, നമ്മള്‍ ക്ഷണിക്കാതെ വരുന്ന ചിന്തകളെ രേഖപ്പെടുത്തിയ ശേഷം പിന്നീട് ആരോഗ്യകരമായ ചിന്തകള്‍ നിത്യേന എന്നോണം രൂപപ്പെടുത്തി എടുക്കാവുന്നതേയുള്ളൂ. ഇതിന് ദിവസേന ഒരു 'ഹോം വര്‍ക്ക്' ആവശ്യമാണ്.

3. ശാന്തതവരുത്തിയുള്ള രീതികള്‍ (Relaxation Techniques).
കഠിന മാനസിക സമ്മര്‍ദമുള്ളപ്പോള്‍ നമ്മുടെ പേശികള്‍ വരിഞ്ഞുമുറുകിയിരിക്കും. പലപ്പോഴും ശ്വാസോച്ഛ്വാസം ദ്രുതഗതിയിലാകുന്നു. ഇവയെ നേരെ തിരിച്ച് ആക്കുകയാണ് ശാന്തതയിലൂടെ ചെയ്യുന്നത്. ആദ്യം കൈയിലെ പേശികളെ ചുരുട്ടി പിടിക്കുന്നു. ബലംകൊടുക്കുന്നു. പിന്നീട് അവയ്ക്ക് അയവ് വരുത്തുന്നു, സാവകാശം. ഈ അയവ് ശരിക്കും അനുഭവിക്കണം. അത് ശാന്തതയായി കാണണം. ഇത് ശരീരത്തിലെ എല്ലാ പേശികള്‍ക്കും മാറിമാറി ചെയ്യാവുന്നതാണ്. മറ്റൊരു രീതി ശ്വാസം മൂന്ന് സെക്കന്‍ഡുകള്‍കൊണ്ട് ഉള്ളിലേക്ക് വലിച്ചശേഷം അതുകഴിഞ്ഞ് മൂന്നു സെക്കന്‍റ് പിടിച്ചുവെച്ചശേഷം, മൂന്ന് സെക്കന്‍ഡുകള്‍കൊണ്ട് പുറത്തുവിടുന്നതാണ്. പ്രാചീനകാലം മുതലേ നമ്മളുടെ പൂര്‍വികന്മാര്‍ യോഗയിലൂടെ ചെയ്യുന്നതാണിത്.

മൂന്നാമത്തെ രീതി നെഞ്ചുവീര്‍ത്ത് ശ്വസിക്കുന്നതിനുപകരം വയറ് വീര്‍ത്ത് ശ്വസിക്കുന്നതാണ്. ഇതിലൂടെ ഡയഫ്രം എന്ന പേശി ചുരുങ്ങുന്നതിലൂടെ ശരീരത്തിലെ 'പാരാ സിമ്പതറ്റിക്' നാഡീവ്യൂഹം ഉത്തേജിപ്പിക്കപ്പെടുകയും ശാന്തത കൈവരുകയും ചെയ്യുന്നു. ശാന്തമായ അന്തരീക്ഷത്തില്‍, മിതമായ വെളിച്ചത്തില്‍ ഈ രീതികള്‍ മാറി മാറി ചെയ്താല്‍ മാനസിക സമ്മര്‍ദം ഗണ്യമായി കുറയും.

4. സമയം കൈകാര്യം ചെയ്യുന്ന രീതി
സമയത്തിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ചോര്‍ക്കുമ്പോഴാണ് പലര്‍ക്കും മാനസികസമ്മര്‍ദം ഉണ്ടാകുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകുമോ, ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ക്ക് സമയം മതിയാകുമോ തുടങ്ങിയ ചിന്തകള്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. ഒടുവില്‍ സമയത്തിനു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകാതെ വരുമ്പോള്‍ നിരാശയും ആകാംക്ഷയും ഉണ്ടാക്കുന്നു.

ഇത് പരിഹരിക്കാന്‍ വീണ്ടും ഡയറിയെടുക്കുക. നമ്മള്‍ ഓരോരുത്തരും ഓരോ ദിവസവും ഓരോ കാര്യത്തിനും എന്തുമാത്രം സമയം ചെലവഴിക്കുന്നു എന്നു രേഖപ്പെടുത്തുക. അപ്പോള്‍ കാണാം നമ്മള്‍ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് എന്തുമാത്രം സമയം ചെലവഴിച്ചു, ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് എന്തുമാത്രം സമയം ചെലവഴിച്ചു എന്ന്. ചിലപ്പോള്‍ എല്ലാം ആവശ്യമുള്ള കാര്യങ്ങളാണെന്ന് ഒരാള്‍ കണ്ടെത്തിയേക്കാം. അപ്പോള്‍ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കേണ്ടതായിവരും. ലോകത്ത് ഒരാള്‍ക്കും ഒരു നിശ്ചിതസമയത്തിനുള്ളില്‍ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ സാധിക്കില്ല.

താഴെപ്പറയുന്ന രീതിയില്‍ മുന്‍ഗണന നിശ്ചയിക്കാം.

-അടിയന്തര സ്വഭാവമുള്ള കാര്യങ്ങള്‍

-പ്രാധാന്യമുള്ള കാര്യങ്ങള്‍ (ഇവ ആദ്യം ചെയ്യുക) (ഉദാഹരണം ഒരു ഡോക്ടറെ കാണുന്നത്).

-അടിയന്തര സ്വഭാവമില്ല.

-പ്രാധാന്യമുണ്ട്.

(രണ്ടാമതോ മൂന്നാമതോ ആയി ചെയ്യുക).

-അടിയന്തര സ്വഭാവമുള്ള കാര്യങ്ങള്‍

-പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍

(ഇവ രണ്ടാമതോ മൂന്നാമതോ ആയി ചെയ്യുക).

-അടിയന്തര സ്വഭാവമില്ല.

-പ്രാധാന്യമില്ല.

(ഇവ സമയം കിട്ടുകയാണെങ്കില്‍ മാത്രം ചെയ്യുക).

5. പ്രശ്‌നപരിഹാര രീതി (Problem Solving Technique)
പ്രശ്‌നങ്ങള്‍ നുരഞ്ഞുപൊങ്ങുമ്പോഴാണല്ലോ മാനസികസമ്മര്‍ദം തിളച്ചുമറിയുന്നത്. പ്രശ്‌നങ്ങളെ സമീപിക്കുന്നതിനുമുണ്ട് ഒരു ശാസ്ത്രീയരീതി. മുന്‍പ് പറഞ്ഞതുപോലെ ഡയറിയെടുക്കുക.

ഒന്നാംഘട്ടം: എല്ലാ പ്രശ്‌നങ്ങളേയും ഓരോന്നായി എഴുതി പ്രശ്‌നങ്ങളുടെ പട്ടിക (list) തയ്യാറാക്കുക.

രണ്ടാംഘട്ടം: ഇവയില്‍ മുഖ്യമായപ്രശ്‌നം തിരഞ്ഞെടുക്കുക.

മൂന്നാംഘട്ടം: ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരം (solution) മാത്രം ചിന്തിക്കാതെ, സൂര്യനുതാഴെ സാധ്യമാകുന്ന എന്തിനേയും കുറിച്ച് ചിന്തിക്കുക. ഈയവസരത്തില്‍ പരിഹാരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഇതില്‍ പ്രായോഗികമല്ലെന്നു തോന്നുന്ന പരിഹാരങ്ങളും ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. ഈ ഘട്ടത്തില്‍ ഓരോ പരിഹാരത്തിന്‍േറയും സാധുതയെക്കുറിച്ചോ അതിന്റെ ഗുണങ്ങളെക്കുറിച്ചോ ചിന്തിക്കരുത്. പരിഹാരങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണരുത്.

നാലാം ഘട്ടം: ഇനി ഓരോ പരിഹാരത്തിന്‍േറയും മികവും (merit) കുറവുകളും (drawbacks) വേറെവേറെയായി രേഖപ്പെടുത്തുക. ഓരോ പരിഹാരത്തിനും കഴിയുന്നത്ര മേന്മകളും ദൗര്‍ബല്യങ്ങളും രേഖപ്പെടുത്തണം. ഇവിടെ വിമര്‍ശനബുദ്ധി പ്രയോഗിക്കുന്നു. ഏറെ ആലോചിക്കാനുള്ള ഘട്ടമാണിത്.

അഞ്ചാംഘട്ടം: ഓരോ പരിഹാരത്തിന്‍േറയും മേന്മകളും കുറവുകളും പരിഗണിച്ച് ഏറ്റവും നല്ലതെന്ന് അവനവന് തോന്നുന്ന ഒരു പരിഹാരം തിരഞ്ഞെടുക്കുക.

ആറാംഘട്ടം: ആ പരിഹാരം നടപ്പിലാക്കുക.

ഏഴാംഘട്ടം: പരിഹാരം ഫലപ്രദമായോ എന്ന് പുനഃപരിശോധന നടത്തുക.

എട്ടാം ഘട്ടം: ഫലപ്രദമാണെങ്കില്‍ ഇതേ പരിഹാരം വീണ്ടും സമാനമായ സാഹചര്യങ്ങളില്‍ തിരഞ്ഞെടുക്കുക. ഫലപ്രദമല്ലെങ്കില്‍ പട്ടികയില്‍നിന്ന് അടുത്ത ഏറ്റവും മികച്ചതാണെന്ന് തോന്നുന്ന പരിഹാരം തിരഞ്ഞെടുക്കുക.

ഒമ്പതാംഘട്ടം: ആറും ഏഴും എട്ടും ഘട്ടങ്ങളില്‍പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുക.

പത്താംഘട്ടം: ഈ രീതി മറ്റു പ്രശ്‌നങ്ങള്‍ക്കും സ്വീകരിക്കുക.

കടപ്പാട്-jpclips.blogspot.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate