অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ പരിപാലനവും വിവരങ്ങളും

ആരോഗ്യ പരിപാലനവും വിവരങ്ങളും

  1. വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
  2. ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്ത ആരോഗ്യജീവിതത്തിന്
  3. മോണരോഗവും ഹൃദയവും തമ്മിൽ എന്താണു ബന്ധം
  4. സ്തനാർബുദം; തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
  5. പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
  6. വീട്ടുവളപ്പിലെ പഴങ്ങളും ഫലങ്ങളും മതിയാവോളം
  7. ടെൻഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!
  8. രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും
  9. നാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം
  10. കൈ കഴുകാം; എച്ച്1 എൻ1 തടയാം
  11. കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം
  12. കരുതാം, പാദങ്ങൾ പൊന്നുപോലെ, മുന്നറിയിപ്പുകൾ അവഗണിക്കരുത്
  13. പ്രമേഹം: ശരിയായ ഭക്ഷണം, ചിട്ടയായ ജീവിതം, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ
  14. ഡോക്ടറുടെ നിർദേശമില്ലാതെ ക്രീമുകൾ ഉപയോഗിക്കരുത്

വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?

വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ പല്ലുകൾ മുഴുവൻ നഷ്‌ടപ്പെട്ട വാർധക്യത്തിലെ മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ തീർച്ചയായും അവയ്ക്കു ഭംഗിയുണ്ട്. എല്ലാ മനുഷ്യരുടെയും ചിരിക്ക് ഭംഗിയുണ്ട്, സൗന്ദര്യമുണ്ട്.

സാമൂഹിക ജീവിതത്തിലും വ്യക്‌തിജീവിതത്തിലും സൗന്ദര്യവും രൂപഭംഗിയും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടുതന്നെയാകും ഏതൊരു ശിപാർശക്കത്തിനെക്കാളും പ്രാധാന്യം വ്യക്‌തിസൗന്ദര്യത്തിനുണ്ടെന്ന് മഹാനായ അരിസ്റ്റോട്ടിൽ പറഞ്ഞത്. പല്ലുകളുടെയും ചുണ്ടുകളുടെയും മുഖത്തെ ഏതാനും മാംസപേശികളുടെയും ഫലമായി ഉടലെടുക്കുന്ന പുഞ്ചിരിയുടെ പ്രഭാവം ഒരു വ്യക്‌തിയുടെ മുഖത്തു മാത്രമല്ല അയാളുടെ സാമൂഹിക ജീവിതത്തിലും പ്രതിഫലിക്കുന്നു. വേദനയുള്ള പല്ല് പറിച്ചുകളയുകയും സ്വർണംകൊണ്ടു പല്ല് വയ്ക്കുകയും ചെയ്തിരുന്ന കാലത്തുനിന്നും ദന്ത വൈദ്യശാസ്ത്രം ഒട്ടേറെ പുരോഗമിച്ചിരിക്കുന്നു.

സ്വാഭാവികസൗന്ദര്യം നിലനിർത്താൻ രൂപവും നിറവും ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്നതാണ് ഇന്നത്തെ രീതി. സൗന്ദര്യചികിത്സ ആധുനിക ദന്തവൈദ്യശാസ്ത്രത്തിലെ ഒരു പ്രധാനപ്പെട്ട ശാഖയായി മാറിയിരിക്കുന്നു. പല്ലുകൾ, മോണ, അവയോടു സംബന്ധിക്കുന്ന മുഖത്തെ മാംസപേശികൾ എന്നിവയുടെ പ്രവർത്തനത്തെ കോട്ടംതട്ടാതെ ഇവയ്ക്കുള്ള വൈകല്യങ്ങളും അഭംഗിയും മാറ്റാൻ സഹായിക്കുന്നു. സുരക്ഷിതവും സുസ്‌ഥിരവുമായ ദന്തപരിപാലന ചികിത്സാരീതിയാണിത്.

മറ്റു ദന്തചികിത്സകളിൽനിന്നു വ്യത്യസ്തമായി സൗന്ദര്യചികിത്സയുടെ വിജയത്തിന് ദന്തശാസ്ത്ര വൈദ്യത്തിലെയും മറ്റു വൈദ്യശാസ്ത്ര വിദഗ്ധരുടെയും സംയുക്‌തമായ സംഭാവന ആവശ്യമാണ്.

സൗന്ദര്യചികിത്സ നിരൂപണത്തിനായി കണക്കിലെടുക്കുന്ന ഘടകങ്ങൾ – ഇവയെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കാം.

1. മുഖവുമായി ബന്ധപ്പെട്ട ഘടകങ്ങൾ (Facial Components) : ഇതിൽ മുഖത്തിൻറെ രൂപം, വീതി, വിസ്തീർണം, നീളക്രമം, കൃഷ്ണമണികളെ ബന്ധിപ്പിക്കുന്ന സാങ്കൽപിക രേഖയുമായുള്ള ബന്ധം, ചുണ്ടുകളുടെ ഘടന എന്നിവയുൾപ്പെടുന്നു.

2. പല്ലും ഇതരഭാഗങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ (Dental Component)  : പല്ലുകളുമായി ബന്ധപ്പെട്ടവ
ദന്തമധ്യരേഖ (Dental Midline) 
ദന്തപരിമാണം (Tooth diversions, നീളം, വീതി)
പല്ലുകളുടെ ചായ്്വ് (inclination) 
പല്ലുകൾ തമ്മിലുള്ള അടുപ്പം (Contact Area) 
ലിംഗഭേദം, വ്യക്‌തിത്വം, പ്രായം (Sex, personality, age) 
രൂപയോഗം, തുല്യത (Symmetry, balance) 
മോണയുടെ ഘടന, ആരോഗ്യം Smile Line

  • ദന്തമധ്യരേഖ : മേൽപല്ലുകളുടെ ദന്തമധ്യരേഖ മുഖത്തിൻറെ മധ്യരേഖയ്ക്കു സമാന്തരമായിരിക്കും.
  • ദന്തപരിമാണം : പല്ലുകളുടെ നീളവും വീതിയും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
  • Degree of teeth display : ചിരിക്കുമ്പോൾ മേൽനിരയിലെ ഉളിപ്പല്ലുകളുടെ അഗ്രഭാഗത്തിൻറെ 3.5 മി.മീ.
  • സാധാരണഗതിയിൽ ദൃശ്യമാകും.ഉച്ചാരണം (Phonetics): പല്ലുകളുടെ നീളവും വിന്യാസവും ശബ്ദങ്ങളുടെ ഉച്ചാരണത്തെ ബാധിക്കും.

മുഖത്തിൻറെ ഘടന, മുഖത്തിൻറെ വലിപ്പം, ആകൃതി എന്നിവ പല്ലുകളുടെ വലിപ്പവും ആകൃതിയും നിർണയിക്കുന്നതിനായി പരിഗണിക്കുന്നു.

വ്യക്‌തിപരമായ ഇഷ്‌ടങ്ങൾ ഇതോടൊപ്പം പരിഗണിക്കും. പല്ലുകളുടെ പ്രത്യേകിച്ച് മുൻനിരയിലെ പല്ലുകളുടെ വലിപ്പം നിർണയിക്കുന്നതിനായി ചില അനുപാതങ്ങളും നിയമങ്ങളും പിന്തുടരുന്നുണ്ട്.

Golden Proportion (സ്വർണ അനുപാതം) : പ്രകൃതിയും നൈസർഗികതയുമായി അഭേദ്യബന്ധമുണ്ടെന്നതിന്റെ വെളിച്ചത്തിൽ കലാകാരന്മാരും ശാസ്ത്രജ്‌ഞരും ഒരുപോലെ കണക്കാക്കുന്ന ഒന്നാണ് ഗോൾഡൻ പ്രൊപ്പോർഷൻ. 1:1.618 എന്ന അനുപാതത്തെയാണ് ഗോൾഡൻ പ്രൊപ്പോർഷൻ എന്നു പറയുന്നത്.

മുൻനിരയിലെ പല്ലുകൾക്ക് അവയുടെ തൊട്ടുമുന്നിലുള്ള പല്ലിൻറെ 60 ശതമാനം വീതി കാണിക്കുന്നു. (1.6:1.06) ഈ അനുപാതം വ്യക്‌തിയുടെ മോണയുടെ ഘടന, ചുണ്ടുകൾ, മുഖത്തിൻറെ ആകൃതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഗോൾഡൻ പ്രൊപ്പോർഷൻ പോലെതന്നെ മറ്റു പല അനുപാതങ്ങളും സൗന്ദര്യ ദന്തചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്.
പല്ലുകളുടെ ചായ്വ്
ലിംഗഭേദം, വ്യക്‌തിത്വം, പ്രായം
രൂപയോഗം, തുല്യത എല്ലാം പ്രാധാന്യം വഹിക്കുന്നുണ്ട്.
Soft Tissue Components മോണയുടെ ആരോഗ്യവും സൗന്ദര്യവും സൗന്ദര്യ ദന്തചികിത്സയിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നവയാണ്. ഇവയ്ക്കെല്ലാം പുറമേ പല്ലിൻറെ അടിസ്‌ഥാന അനുപാതം. രോഗിയുടെ താത്പര്യങ്ങൾ സാമൂഹിക സാംസ്കാരിക ഘടകങ്ങളുടെ സ്വാധീനം, ദന്തഡോക്ടറുടെ സൗന്ദര്യവീക്ഷണം, അനുഭവജ്‌ഞാനം ഇവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു.

സൗന്ദര്യചികിത്സയിൽ എന്തെല്ലാം പരിഹരിക്കാം
1. നിറംമങ്ങിയ പല്ലുകൾ
2. കറപുരണ്ട പല്ലുകൾ
3. ജനിതക കാരണങ്ങളാലുള്ള പല്ലിന്റെ ഘടനയിലെ വൈകല്യങ്ങൾ
4. നിരതെറ്റിയ പല്ലുകൾ
5. താടിയെല്ലിലെ അപാകതകൾ
6. മോണരോഗങ്ങൾ
7. ചിരിക്കുന്പോൾ മോണ അധികം കാണുന്നത്.
8. ദന്തക്ഷയം പല്ലിൻറെ പൊട്ടലുകൾ
9. നഷ്‌ടമായ പല്ലുകൾ

സൗന്ദര്യചികിത്സയിലെ നൂതന ചികിത്സാരീതികൾ
1. Teeth whitening
2. Tooth colored filings
3. Denture 0 implant supported dentures, over dentures എന്നീ പുതിയതരം പല്ലുസെറ്റുകൾ കാഴ്ചയ്ക്ക് മാത്രമല്ല കാര്യക്ഷമതയിലും മേന്മയേറിയതാണ്.
4. Dental implants
5. Orthodontics
6.. Procelain, veneer, crown & bridge (ഫിക്സ് ആയി വയ്ക്കുന്ന വെപ്പുപല്ലുകൾ)
7. periodontal plastic sugery 

പ്രകൃതിദത്തമായോ ജനിതകമായോ പരിചയസന്പന്നനായ ഒരു ദന്തഡോക്ടറുടെ കഴിവുകൊണ്ടോ നിങ്ങൾക്കു ലഭിക്കുന്ന സുന്ദരമായ ചിരി ഒരു മുതൽക്കൂട്ടാണ്. പ്രകൃതിയുടെ നിയമങ്ങളും ആധുനികശാസ്ത്രത്തിൻറെ വളർച്ചയും ഒത്തുചേർന്നാൽ പല അദ്ഭുതങ്ങളും സൃഷ്‌ടിക്കാം.


ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903 
drvinod@dentalmulamoottil.com

 

ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്ത ആരോഗ്യജീവിതത്തിന്

 

1. മോണരോഗങ്ങൾ : രോഗലക്ഷണങ്ങൾ– മോണയുടെ താഴ്ച, ഇളക്കമുള്ള പല്ലുകൾ, മോണയിൽനിന്ന് രക്‌തം വരിക.
പരിഹാരങ്ങൾ – പല്ല് ക്ലീൻ ചെയ്യുക, മോണയ്ക്കുള്ള ഫ്ളാപ്പ് സർജറിക്കൊണ്ട് മോണയുടെ പ്രശ്നങ്ങൾ പരിഹരിക്കാം. ആറുമാസത്തിൽ ഒരിക്കൽ ദന്തഡോക് ടറെ സന്ദർശിക്കുക.

2. ദന്തക്ഷയവും കുറ്റിപ്പല്ലുകളും : രോഗലക്ഷണങ്ങൾ –പല്ലിൻറെ വേര് പുറത്ത് കാണുന്ന അവസ്‌ഥ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, പല്ലിൻറെ പുളിപ്പ്, വേദനയും നീരും.
പരിഹാരങ്ങൾ –കേടുള്ള പല്ലുകൾ നേരത്തെ അടപ്പിക്കുക, സ്‌ഥിരമായ ദന്ത പരിശോധന ചെയ്യുക, ശരിയായ ഭക്ഷണരീതിയും പോഷകാഹാരവും കഴിക്കുക.

3. പൂപ്പൽബാധ– : രോഗലക്ഷണങ്ങൾ – വായിലെ പൂപ്പൽബാധ, ചുവന്നു തടിച്ച മോണ.
പരിഹാരങ്ങൾ–സ്‌ഥിരമായ ദന്തപരിശോധന, ശരിയായ ദന്തപരിചരണം, പല്ലുസെറ്റ് മാറ്റി പുതിയത് വയ്ക്കുക, ആൻറി ഫംഗൽ ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുക. 

പല്ലുസെറ്റ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പല്ലുസെറ്റ് പൊട്ടിയിട്ടുണ്ടെങ്കിൽ അത് വൈകാതതന്നെ ശരിയാക്കണം. 
* പല്ലുസെറ്റിൽ പല്ല് നഷ്‌ടപ്പെട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരം തേടണം. 
* വായിലെ മൃദുവായ കോശങ്ങൾക്കുണ്ടാകുന്ന കോട്ടം. 
* വെപ്പുപല്ലിലെ വളഞ്ഞ കമ്പിയുടെ ബുദ്ധിമുട്ട്. 
* ഇളക്കമുള്ള പല്ലുസെറ്റ് 
* വായിലെ ദശ വളർച്ച കാരണം പല്ല് സെറ്റിനു ഇളക്കം ഉണ്ടാവുക. 
* മോണയിലെ നീർക്കെട്ട് കാരണം പല്ല് സെറ്റിനും ഇളക്കം ഉണ്ടാവുക. 

പല്ല്സെറ്റ് ഉപയോഗിക്കുന്നവർ അതിനെ വളരെ അധികം ശ്രദ്ധകൊടുത്ത് പരിപാലിക്കുകയാണെങ്കിൽ അത് ഏറെക്കാലം ഉപയോഗിക്കാൻ സാധിക്കും. 

പല്ലുസെറ്റുകൾ എങ്ങനെ പരിപാലിക്കാം
* ഭക്ഷണം കഴിച്ചതിനുശേഷം പല്ല്സെറ്റ് കഴുകി വൃത്തിയാക്കുക. 
* മൃദുവായ ബ്രഷും പോസ്റ്റും ഉപയോഗിച്ച് കഴുകുക. 
*പല്ലുസെറ്റ് വൃത്തിയാക്കുന്ന ലായനികൾ ഉപയോഗിക്കാം 
* അഞ്ചുവർഷത്തിലൊരിക്കൽ പല്ല്സെറ്റ് മാറ്റണം. 

പല്ല്സെറ്റ് ആജീവനാന്തം ഉള്ളതല്ല. അതുപയോഗിക്കാൻ പ്രത്യേക കാലപരിധിയുണ്ട്. എന്തിരുന്നാലും വായ്ക്കുള്ളിൽ വയ്ക്കുന്നതായതുകൊണ്ട് അവ മുകളിൽ പറഞ്ഞ രീതികളിൽ ശ്രദ്ധിച്ചാൽ ഏറെകാലം ഉപയോഗിക്കാൻ സാധിക്കും

ഫിക്സഡ് ആയി പല്ല് വച്ചിട്ടുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫിക്സഡ് ആയി പല്ല് വച്ചിട്ടുള്ളവർ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ദന്തശുചിത്വം. ഇതിനായി ശ്രദ്ധിക്കേണ്ടത്:

  • രാവിലെയും രാത്രിയും പല്ല് തേക്കുക.
  • പല്ലിനിടയിൽ ഫ്ളോസ് ഉപയോഗിച്ചു വൃത്തിയാക്കണം.
  • പല്ലുകൾക്കിടയിൽ വിടവുണ്ടെങ്കിൽ ഇൻറർ പ്രോക്സിമൽ ബ്രഷ് ഉപയോഗിച്ചു വൃത്തിയാക്കണം.
  • ഡോക്ടർ നിർദേശിക്കുന്നു എങ്കിൽ ബോൺ ഗ്രാ്ഫ്റ്റിംഗും കടാപ്പുകളും വച്ച് വിടവുകൾ മാറ്റുക.
  • ഇംപ്ലാൻറ് വച്ചിട്ടുള്ളവരിൽ പ്രത്യേകതരം പ്ലാസ്റ്റിക് ടിപ്് ഉപയോഗിച്ചു ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണം.
  • പല്ല് വച്ചതിനുശേഷം ഡോക്ടർ നിർദേശിച്ചതുപോലെ കൃത്യമായി ചെക്കപ്പിനു പോകേണ്ടതാണ്. എല്ലാം ആറുമാസവും ഡോക്ടറിനെ കാണിക്കണം.

എല്ലാ ദിവസവും വിവിധ തരം ഭക്ഷണം കഴിക്കുന്നതിനു പല്ലുകൾ സഹായിക്കുന്നു. പല്ലുകൾ തമ്മിൽ കടിക്കുന്നതു വഴി ചവച്ച് അരച്ച് ആഹാരം ദഹനയോഗ്യമായി തീർക്കാൻ സഹായിക്കുന്നു. കാഴ്ചയ്ക്കുള്ള പ്രാധാന്യം നൽകുന്നതുപോലെ ഇതിനും പ്രാധാന്യം നൽകണം. ഒരു പല്ല് നഷ്‌ടപ്പെട്ടാൽ മറ്റു പല്ലുകൾ ഉണ്ടല്ലോ എന്ന ധാരണ തീർത്തും തെറ്റാണ്. ഓരോ പല്ലിനും ഓരോ ജോലിയാണ് ഉദാ: കോന്പല്ല് ഭക്ഷണം കടിച്ചു മുറിക്കാൻ സഹായിക്കുന്നു. അണപ്പല്ലുകൾ ഭക്ഷണം ചവച്ച് അരയ്ക്കുവാൻ സഹായിക്കുന്നു. ഒരു പല്ല് നഷ്‌ടപ്പെട്ടാൽ അത് ഉടൻതന്നെ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റു പല്ലുകൾ നഷ്‌ടപ്പെടാതിരിക്കാനും സുഗമമായി ചവയ്ക്കുവാനും സഹായകരമാക്കുന്നു. ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്തം ആരോഗ്യമുള്ള ജീവിതത്തിന് കാരണമാകട്ടെ. 

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്,പോലീസ് ക്വാർഴ്സ്േ റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903, drvinod@dentalmulamoottil.com,

മോണരോഗവും ഹൃദയവും തമ്മിൽ എന്താണു ബന്ധം

ഓരോ പ്രായത്തിലും പല്ലിനു നൽകേണ്ട കരുതലും പരിചരണവും നിങ്ങൾ നൽകാറുണ്ടോ ഇല്ലെങ്കിൽ ഇത് ചിന്തിക്കേണ്ട വിഷയമാണ്. പ്രായം കൂടുന്തോറും പല്ലിനും മോണയ്ക്കും കൂടുതൽ കരുതലും സംരക്ഷണവും ശ്രദ്ധയും നൽകണം.

എന്തൊക്കെ ചികിത്സ പല്ലിനും മോണയ്ക്കും ചെയ്താലും പല്ല് നഷ്‌ടപ്പെടാനുള്ളതാണ് എന്നത് ഒരു മിഥ്യാധാരണയാണ്. കുഞ്ഞുങ്ങളായിരിക്കുന്പോഴും യൗവനത്തിലും നമ്മുടെ പല്ലുകളെ യഥാക്രമം പരിപാലിച്ചാൽ, പ്രായമാകുന്പോഴും സ്വന്തം പല്ലുകളെ നൂറു ശതമാനം ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും. 

നമ്മളിൽ പലരും പല്ലിനുവേദനയോ അസ്വസ്‌ഥതയോ വരുന്പോഴാണ് പല്ലിനെപ്പറ്റി ചിന്തിക്കുന്നത്. എത്ര പേർ ഈ അസ്വസ്‌ഥത വരാതിരിക്കാൻ വേണ്ടിയുള്ള പ്രതിരോധ ചികിത്സ ചെയ്യാറുണ്ട് 

ജനിച്ചു കഴിഞ്ഞ് ഒരുവയസിനുള്ളിൽ വരുന്ന പല്ലുകളെ ആണ് പാൽപ്പല്ലുകൾ എന്നു പറയുന്നത്. ഇവ യഥാക്രമം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം. പാൽപ്പല്ല് പോയി ആറു വയസു മുതൽ സ്‌ഥിര ദന്തങ്ങൾ വന്നു തുടങ്ങും. പന്ത്രണ്ട് വയസാകുന്പോഴേക്കും സ്‌ഥിരദന്തങ്ങൾ എല്ലാം വന്നു കഴിയും. ഇവ ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. അതുകൊണ്ടുതന്നെ പല്ലിനു നൽകേണ്ട പരിപാലനം വളരെ അധികം പ്രധാന്യം അർഹിക്കുന്നതാണ്. 

ശരീരത്തിലെ ഒരവയവമായി പല്ലിനെ കണക്കാക്കുക. ശരീരത്തിൻറെ ഒരു അവയവം മുറിച്ചു മാറ്റപ്പെട്ടാൽ അത് നമുക്ക് തീരാനഷ്‌ടം തന്നെ ആണ്. അതുപോലെ പല്ലിനും നമ്മൾ വേണ്ടത്ര പ്രാധാന്യം കൊടുക്കണം. ഇവ നഷ്‌ടപ്പെടുന്നതിനു മുന്പുതന്നെ പരിപാലിക്കുകയും ചെയ്യണം. പല്ലിനും മോണയ്ക്കും കൊടുക്കേണ്ട സംരക്ഷണത്തിൽ അശ്രദ്ധ കാണിച്ചാൽ ദന്തരോഗങ്ങൾ കൂടാനുള്ള സാധ്യത കൂടുതലാണ്. 
പ്രായം ഉള്ളവരിൽ പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാവാറുണ്ട്: 
1.പ്രമേഹം,
2.രക്‌തസമ്മർദം 
3.ഹൃദ്രോഗങ്ങൾ 
4.ആസ്ത്്മ
5. തൈറോയ്ഡ് രോഗങ്ങൾ 
6. കരൾ രോഗങ്ങൾ 
7.അപസ്മാരം 
8.അസ്‌ഥിവേദന 
9.സ്ട്രോക്ക് 
മോണരോഗമുള്ളവരിൽ ഹൃദയരോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത ഇരട്ടിയാണ് എന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇത് തിരിച്ചും ആകാം. ഇംഗ്ലണ്ടിലെ സെൻട്രൽ ലങ്കാഷയർ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ മോണരോഗമുള്ളവരിൽ കണ്ടുവരുന്ന porphyromonas gingivalis എന്ന രോഗാണു ഇവരുടെ തലച്ചോറിൻറെ കോശങ്ങളിലും കാണാൻ സാധിച്ചു. ഇത് മോണരോഗവും മറവിരോഗവും തമ്മിൽ ബന്ധം ഉണ്ടെന്ന് വെളിവാക്കുന്നു.

പ്രമേഹം ഉള്ളവരിൽ രക്‌തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായതുകൊണ്ട് മോണരോഗങ്ങളും രോഗങ്ങൾക്കുള്ള പ്രവണതയും കൂടുന്നു. അതുകൊണ്ട് തന്നെ രക്‌തപരിശോധനയിലൂടെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലെന്ന് ഉറപ്പു വരുത്തണം. ഇതുമൂലം മോണരോഗസാധ്യത കുറയ്ക്കാം. 
സ്ട്രോക്ക് പോലുള്ള രോഗങ്ങൾ പിടിപെട്ട് ശരീരത്തിന് തളർച്ച സംഭവിച്ച രോഗികൾക്ക് ദന്തപരിചരണത്തിന് എപ്പോഴും മറ്റൊരാളിൻറെ സഹായം ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ യന്ത്രഘടിതമായ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുന്ന രീതി ഇപ്പോൾ ലഭ്യമാണ്. ഇതുകൂടാതെ പല്ലു വൃത്തിയാക്കിയതിനുശേഷം ഉമിനീര് പുറത്തുകളയുന്നതിനായി സക് ഷൻ (ആസ്പിരേറ്ററും) ഇന്നു വിപണിയിൽ എത്തിയിട്ടുണ്ട്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്,പോലീസ് ക്വാർഴ്സ്േ റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903

സ്തനാർബുദം; തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും

 

ഫെബ്രുവരി 4 ലോക കാൻസർ ദിനം
തെറ്റിദ്ധാരണ 1 – പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
വാസ്തവം – എല്ലാ സ്ത്രീകൾക്കും സ്തനാർബുദസാധ്യതയുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദസാധ്യത കൂടുമെന്നുമാത്രം. എന്നാൽ, 30 വയസിൽ താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദസാധ്യത കൂടുന്നതായി ലോകാരോഗ്യസംഘടനയുടെ പഠനങ്ങളുണ്ട്.

തെറ്റിദ്ധാരണ 2 – സ്തനാർബുദ ചരിത്രമുള്ള കുടുംബത്തിലെ സ്ത്രീകൾക്കു മാത്രമാണ് സ്തനാർബുദം ഉണ്ടാകുന്നത്
വാസ്തവം– 10 മുതൽ 15 ശതമാനം സ്തനാർബുദങ്ങൾക്കു മാത്രമാണ് പാരമ്പര്യം ഒരു ഘടകമായി കണ്ടുവരുന്നത്. 85 – 90 ശതമാനം സ്തനാർബുദങ്ങൾക്കും പാരമ്പര്യം ഒരു ഘടകമല്ല. എന്നാൽ ജീവിതശൈലീ വ്യതിയാനം, വ്യായാമക്കുറവ്, അമിതവണ്ണം, ഹോർമോൺ സന്തുലനത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

തെറ്റിദ്ധാരണ 3 – പാരമ്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ ഇല്ലാത്തവർക്കു സ്തനാർബുദം വരില്ല.
വാസ്തവം – പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ ഇല്ലാത്ത സ്ത്രീകൾക്കും സ്തനാർബുദം ബാധിക്കാം. പാരന്പര്യമായി വ്യതിയാനം സംഭവിച്ച അത്തരം ജീനുകളുടെ സാന്നിധ്യം സ്തനങ്ങൾ, അണ്ഡാശയം എന്നിവയിലെ കാൻസർസാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്

തെറ്റിദ്ധാരണ 4 – സ്തനാർബുദം പൂർണമായും തടയാനാകും
വാസ്തവം – വ്യത്യസ്തങ്ങളായ പല കാരണങ്ങൾ കൊണ്ടാണു സ്തനാർബുദം ഉണ്ടാകുന്നത്. ഇവ പൂർണമായും കണ്ടെത്താനാകാത്തതിനാൽ സ്തനാർബുദം പൂർണമായും തടയാൻ വഴിയേതുമില്ല.പക്ഷേ, ആരോഗ്യകരമായ ജീവിതശീലങ്ങൾ പാലിക്കുന്നതിലൂടെ സ്തനാർബുദസാധ്യത ഒരുപരിധിവരെ കുറയ്ക്കാനാവും. ഉയർന്ന സ്തനാർബുദസാധ്യത സ്‌ഥിരീകരിച്ചവരിൽ ടമോക്സിഫെൻ, റാലോക്സിഫീൻ എന്നീ മരുന്നുകളുടെ സഹായത്തോടെ റിസ്ക് കുറയ്ക്കാം. സ്തനാർബുദം തടയുന്നതിനു കുർക്യുമിൻ ടാബ്് ലറ്റുകളും ഫലപ്രദം

തെറ്റിദ്ധാരണ 5 – വർഷംതോറും മാമോഗ്രാം സ്ക്രീനിംഗിനു വിധേയമാകുന്നവർക്കു റേഡിയേഷൻ അധിമായി ഏൽക്കേണ്ടിവരുന്നു. അത് കാൻസറിന് ഇടയാക്കുന്നു
വാസ്തവം എല്ലാവരും വർഷംതോറും മാമോഗ്രാമിന് വിധേയമാണ്ടേതില്ല. ചില പ്രത്യേക തരം റിസ്ക് ഘടകങ്ങൾ ഉള്ളവർ മാത്രമാണ് വിദഗ്ധ ചികിത്സകൻറെ നിർദേശപ്രകാരം മാമോഗ്രാമിനു വിധേയമാകേണ്ടത്. മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകുന്പോൾ ഏല്ക്കേണ്ടിവരുന്നതു നേരിയ തോതിലുളള റേഡിയേഷൻ മാത്രമാണ്. അതു സുരക്ഷിതമെന്നാണ് കരുതപ്പെടുന്നത്്. കാൻസർസാധ്യത മുൻകൂട്ടി കണ്ടെത്തുന്നതിനു വേണ്ടി നേരിയ അളവിലുള്ള റേഡിയേഷൻ ഏൽക്കേണ്ടി വരുന്നതു കാര്യമാക്കാനില്ല. റിസ്ക് ഘടകങ്ങൾ ഇല്ലാത്ത ആളുകളിൽ ആർത്തവ വിരാമത്തിനുശേഷം എടുക്കുന്ന ആദ്യ തവണത്തെ മാമോഗ്രാം നോർമൽ ആണെങ്കിൽ അടുത്ത മാമോഗ്രാം അഞ്ച് വർഷത്തിനുശേഷം മാത്രമേ ആവശ്യപ്പെടാറുള്ളു. എന്നാൽ അവർ എല്ലാ വർഷവും അൾട്രാസൗണ്ട് സ്കാനിംഗിനു വിധേയമാകുന്നതു നന്നായിരിക്കും.

തെറ്റിദ്ധാരണ 6 – മുലയൂട്ടൽ സ്തനാർബുദസാധ്യത കൂട്ടുന്നു
വാസ്തവം വാസ്തവത്തിൽ മുലയൂട്ടൽ സ്തനാർബുദസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും പ്രീമെനോപോസൽ സ്തനാർബുദസാധ്യത കുറയ്ക്കുന്നു. മുലയൂട്ടുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലാക്ടിൻ ഹോർമോൺ സ്നങ്ങൾക്കു സംരക്ഷണകവചമാകുന്നു.

വിവരങ്ങൾ:
ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS സീനിയർ കൺസൾട്ടൻറ് * സർജിക്കൽഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി * പ്രസിഡൻറ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ: 9447173088

പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും

സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. വളരെ സാവധാനത്തിൽ വളരുന്ന സ്വഭാവമുള്ള ഈ കാൻസർ ചുരുക്കം ചില സന്ദർഭങ്ങളിൽ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായിത്തീരുകയും ചെയ്യുന്നു. എന്നാൽ, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച രോഗിയെ ഉടൻ ചികിത്സയ്ക്കു വിധേയനാക്കാൻ സാധിച്ചാൽ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാൻസർ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താൽ ഒരു വിദഗ്ദ്ധ ഡോക്ടർക്കു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാൽ, എല്ലാ രോഗികൾക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിൽ നിന്നാണ് പ്രോസ്റ്റേറ്റ് കാൻസർ വളരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാൻസർ വളർച്ചയാണ് പ്രോസ്റ്റേറ്റ് കാൻസർ.

മറ്റു കാൻസറുകളെ അപേക്ഷിച്ച്, പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാൻസർ വളർച്ച വ്യാപിച്ചിട്ടില്ലെങ്കിൽ രോഗി അഞ്ചു വർഷത്തിനു മേൽ ജീവിച്ചിരിക്കും. എന്നാൽ, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂർച്ഛിക്കുകയും ചെയ്താൽ രോഗി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ മരണപ്പെട്ടിരിക്കും. 

Digital Rectal Examination ( DRE ) ടെസ്റ്റ് ഓരോ വർഷവും നടത്തണം. Prostate Specific Antigen ( PSA ) ടെസ്റ്റ് 50 വയസ് മുതലും നടത്തേണ്ടതാണ്. അതിൽ താഴെ പ്രായമുള്ളവർ അപകടസാധ്യതയുണ്ടെങ്കിൽ ഈ ടെസ്റ്റ് നടത്തേണ്ടതാണ്. 

പ്രോസ്റ്റേറ്റ് കാൻസറിനുള്ള വിവിധതരം ചികിത്സാ രീതികൾ
* റേഡിയേഷൻ തെറാപ്പി
* ഹോർമോൺ തെറാപ്പി
* പ്രോസ്റ്റേറ്റക്ടമി സർജറി
* കീമോതെറാപ്പി

ആധുനിക കാലഘട്ടത്തിൽ മേൽപ്പറഞ്ഞ ചികിത്സാരീതികൾ കാൻസർ രോഗ നിവാരണത്തിനു നൽകുന്നതാണ്. പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനിൽക്കുന്നത്. രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങൾ കാൻസർ ചികിത്സകരുമായി ചർച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താൽ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികൾക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഡോ. ടി. കെ. പദ്മനാഭൻ എം. ഡി
Hon. സീനിയർ കൺസൾട്ടന്റ്, റേഡിയേഷൻ ഓങ്കോളജി, കിംസ് പിനക്കിൾ കോംപ്രഹൻസിവ് കാൻസർ സെന്റർ.

വീട്ടുവളപ്പിലെ പഴങ്ങളും ഫലങ്ങളും മതിയാവോളം

ആരോഗ്യജീവിതം എന്നെന്നും നിലനിർത്തുന്നതിനു വ്യത്യസ്തതരം വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓരോ ദിവസവും ഇവ എത്രമാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എന്നതും പ്രധാനം. ഇവ കൃത്യമായ അളവിൽ കഴിക്കുന്നതു ശരീരഭാരം അനുവദനീയമായതോതിൽ നിലനിർത്തുന്നതിനു സഹായകം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതഭാരമുള്ളവർക്ക് ആഴ്ചയിൽ ഒരു കിലോഗ്രാം വരെ തൂക്കം കുറയ്ക്കാനാകുമെന്നു വിദഗ്ധർ. ഉയർന്ന തോതിൽ കൊഴുപ്പടങ്ങിയ ആഹാരത്തിനു പകരം പഴങ്ങൾ, പച്ചക്കറികൾ എന്നിവ ശീലമാക്കുക. ഒപ്പം വ്യായാമം ശീലമാക്കുക.

ഉപ്പ് മിതമായി
വിവിധ വിഭവങ്ങളിലൂടെ അനുവദനീയമായ അളവിലും 50 ശതമാനം അധികം ഉപ്പ് ശരീരത്തിലെത്തുന്നു വെന്നാണു പഠന റിപ്പോർ്. അത് ആവശ്യമായതിലും എത്രയോ അധികമാണ്. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിലൂടെയാണ് അത്രയധികം ഉപ്പ് ശരീരത്തിലെത്തുന്നത്. സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്പോൾ പായ്ക്കറ്റിനു പുറത്തെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉപ്പിൻറെ അളവു ശ്രദ്ധിക്കുക. കഴിയുന്നത്ര ഭക്ഷണം വീട്ടിൽത്തന്നെ തയാറാക്കി കഴിക്കുക. ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക. ഉപ്പു ചേർത്ത നട്സ്, ബേക്കറി വിഭവങ്ങൾ എന്നിവ ഒഴിവാക്കുക. പാകം ചെയ്യുന്പോൾ ചേർത്തതിനു പുറമേ കറികൾക്കു പ്രത്യേകമായി ഉപ്പു ചേർക്കുന്നത് ഒഴിവാക്കുക.

തവിടു കളയാത്ത ധാന്യങ്ങൾ
അന്നജം ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കളായ ബ്രഡ്, ധാന്യങ്ങൾ, അരി, ഉരുളക്കിഴങ്ങ്, ധാന്യക്കുറുക്കുകൾ എന്നിവ ഊർജം നല്കുന്നു. ഒപ്പം ഇരുന്പ്, വിറ്റാമിൻ ബി എന്നിവയും. ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഊർജത്തിൻറെ മൂന്നിലൊന്ന് ഇവയിൽ നിന്നു കിട്ടുന്നു. തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. മാത്രമല്ല ഏറെ നേരം വയർ പൂർണമായും നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ ഉളവാക്കാനും ഇതു സഹായകം. വിശപ്പു നിയന്ത്രിക്കുന്നതിനും ഇതു സഹായകം.

എണ്ണ മിതമായി
പാകം ചെയ്യുമ്പോൾ ഏതു തരത്തിൽ പെട്ട എണ്ണയാണെങ്കിലും മിതമായ തോതിൽ ഉപയോഗിക്കുക. ഒരാൾക്കു ദിവസം 20 ഗ്രാം എണ്ണയാണ് ആവശ്യം. അതായത് 4 ടീസ്പൂൺ എണ്ണ. വെണ്ണയുടെ ഉപയോഗവും കുറയ്ക്കുക. ജീവിതശൈലി രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കണം

പഴങ്ങളും പച്ചക്കറികളും മതിയാവോളം
പഴങ്ങളും പച്ചക്കറികളും പോഷകസമൃദ്ധം. വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. ദിവസവും കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പഴങ്ങൾ മാംസളമാണ്. ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. ആദ്യം പഴങ്ങൾ കഴിക്കുക. കൂടുതൽ കലോറി ഊർജം അടങ്ങിയ മറ്റു ഭക്ഷ്യവസ്തുക്കളുടെ അളവു കുറയ്ക്കാൻ ഇതു സഹായകം. പയർ, കാരറ്റ്്, ആപ്പിൾ, ഓറഞ്ച്, മുന്തിരി, പപ്പായ തുടങ്ങിയവ ദൈനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആത്തച്ചക്ക, ചക്കപ്പഴം, മാന്പഴം തുടങ്ങിയ ഫലങ്ങളും ഉത്തമം. ഉണക്കി സൂക്ഷിച്ച പഴങ്ങൾ കഴിക്കുന്നതും ഗുണപ്രദം. മാർക്കറ്റിൽ നിന്നു വാങ്ങിയ പച്ചക്കറികളും പഴങ്ങളും പുളിവെള്ളത്തിലോ കാർഷിക സർവകലാശാലയുടെ വെജിവാഷിലോ കഴുകിയശേഷം ഉപയോഗിക്കുക. (കീടനാശിനികളുടെ സാന്നിധ്യം കുറയ്ക്കുന്നതിനു സഹായകം.) ജൈവപച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം. വീട്ടുവളപ്പിലെ ഫലങ്ങൾ അമൂല്യം, ശുദ്ധം

ടെൻഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!

ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലിൽ ഏറെ ആശങ്കപ്പെടുന്നത്. 

മിക്കവരിലും ദിവസം 50 – 100 മുടിയിഴകൾ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിർത്തുവരുന്നതിനാൽ തലയിൽ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തിൽ മുടികൊഴിച്ചിലിന്റെ യഥാർഥ കാരണം പൂർണമായി വ്യക്‌തമല്ല. പാരമ്പര്യം, ഹോർമോൺ വ്യതിയാനം, രോഗാവസ്‌ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ഹോർമോൺ വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗർഭധാരണം, പ്രസവം, ആർത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ ഹോർമോണുകളുടെ അളവിൽ കുറവുണ്ടാക്കുന്നു. ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്കു പങ്കുള്ളതിനാൽ തൈറോയ്ഡ് പ്രശ്നങ്ങളും മുടികൊഴിച്ചിലിനു കാരണമാകുന്നു. തലയോട്ടിലുണ്ടാകുന്ന ചിലതരം ചർമരോഗങ്ങളും മുടികൊഴിച്ചിലിന് ഇടയാക്കുന്നു. 

കാൻസർ ചികിത്സയായ കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന ചിലതരം മരുന്നുകൾ, സന്ധിവാതം, ഡിപ്രഷൻ എന്നിവയ്ക്കുള്ള ചിലതരം മരുന്നുകൾ, രക്‌തത്തിൻറെ കട്ടി കുറയ്ക്കാനുള്ള മരുന്നുകൾ, ചിലതരം ആൻറിബയോട്ടിക്, ആൻറിഫംഗൽ മരുന്നുകൾ എന്നിവയും മുടികൊഴിച്ചിലിനു കാരണമാകുന്നു. എന്നാൽ ഡോക്ടറുടെ നിർദേശം കൂടാതെ ഇത്തരം മരുന്നുകൾ ഇടയ്ക്കുവച്ചു നിർത്തുകയോ ഡോസിൽ കുറവു വരുത്തുകയോ ചെയ്യരുത്. വിറ്റാമിൻ എ അമിതമാകുന്നതും മുടികൊഴിച്ചിലിനു കാരണമാകുന്നതായി പഠനങ്ങളുണ്ട്.

തലയിൽ നല്കുന്ന റേഡിയേഷൻ തെറാപ്പി സ്‌ഥിരമായ മുടികൊഴിച്ചിലിനു കാരണമാകുന്നു. കടുത്ത പനി, സർജറി തുടങ്ങിയവയ്ക്കുശേഷം സംഭവിക്കുന്ന മുടികൊഴിച്ചിൽ താത്കാലികമാണ്.

മുടിയുടെ സൗന്ദര്യവും സ്റ്റൈലും മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന ചിലതരം ഹെയർ സ്റ്റൈലുകളും ചികിത്സകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. അനാവശ്യമായി രാസപദാർഥങ്ങൾ മുടിയിൽ ഉപയോഗിക്കുന്ന ശീലവും അപകടം. കെമിക്കലുകൾ മുടിയുടെ ബലം കുറയ്ക്കുന്നു. മുടി പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും ഇടയാക്കുന്നു. മുടിയിൽ ഉപയോഗിക്കുന്ന ലോഷനുകളും നിറം നല്കുന്ന പദാർഥങ്ങളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

പ്രോട്ടീൻ, ഇരുന്പ്, വിറ്റാമിൻ ബി കോംപ്ലക്സ്, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവും മുടികൊഴിച്ചിലിനു കാരണമാകാറുള്ളതായി പഠനങ്ങളുണ്ട്. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവമാണു മുടികൊഴിച്ചിലിനുള്ള പ്രധാനകാരണം. പുകവലിക്കുന്നവരിൽ മുടികൊഴിച്ചിലിെൻറ തോതു കൂടുന്നതായി റിപ്പോർട്ടുണ്ട്.

ഹെയർ ഫോളിക്കിളിൾ ദുർബലമാകൽ, പോഷകാഹാരക്കുറവ്, പ്രമേഹം പോലെയുളള ചിലതരം രോഗങ്ങൾ, മാനസിക സമ്മർദം, പെട്ടെന്നുണ്ടാകുന്ന കടുത്ത വൈകാരിക പിരിമുറുക്കം എന്നിവയെല്ലാം മുടികൊഴിച്ചിലിനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ. മിക്കപ്പോഴും സ്്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് മുടികൊഴിച്ചിൽ കൂടുതലായി കണ്ടുവരുന്നത്. മാനസികസമ്മർദം മുടിയുടെ നിറത്തെയും ബാധിക്കും. കടുത്ത മാനസിക സർദം(ടെൻഷൻ) പൊതുവെയുള്ള ആരോഗ്യത്തിനും ഗുണകരമല്ല.

ക്ലോറിൻ കലർന്ന വെളളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.

രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും

ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു. 

ചക്കപ്പഴത്തിലും മറ്റുമുളള ആൻറി ഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയിൽനിന്നു ശരീരത്തിനു സംരക്ഷണം നല്കുന്നു. വെളുത്ത രക്‌താണുക്കളുടെ പ്രവർത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെൻഷൻ കുറയ്ക്കുന്നതിനും രക്‌തസമ്മർദം നിയന്ത്രിക്കുന്നതിനും ഫലപ്രദം.

കാൻസർ തടയുന്ന നിരവധി ആൻറി ഓക്സിഡൻറുകൾ ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയും ചക്കപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിൻറെ അളവു കുറഞ്ഞ ഊർജദായകമായ ഫലമാണു ചക്കപ്പഴം. ഉയർന്ന അളവിൽ ഊർജവും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഫ്രക്റ്റോക്, സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാൽ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും.

തയാറാക്കിയത്: ടി.ജി.ബി

നാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം

 

  • മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.
  • ശുഭാപ്തിവിശ്വാസം ജീവിതത്തിെൻറ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളമ്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക.
  • നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്,

തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, 
കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്...) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക

  • മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. ഇവ പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം.
  • ദിവസവും വ്യായാമം ചെയ്യുക; വീടു വൃത്തിയാക്കുക, തുണിയലക്കുക, വെളളം കോരുക, പൂന്തോട്ടം വെടിപ്പാക്കുക തുടങ്ങിയ ജോലികൾ തനിയെ ചെയ്യുന്നതും വ്യായാമത്തിനു സഹായകം. ശാരീരിക ബുദ്ധിമുട്ടുകളും മറ്റു രോഗങ്ങളും ഉളളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.
  • പോഷകസമൃദ്ധവും ജൈവരീതിയിൽ വിളയിച്ചതുമായ പച്ചക്കറികൾ കഴിക്കുക. വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം രൂപപ്പെടുത്തുക.
  • രക്‌തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ പരിശോധിച്ചു നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുക.
  • മുൻകൂട്ടി കണ്ടുപിടിക്കാവുന്ന കാൻസറുകൾ തിരിച്ചറിയാനായി സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയരാവുക.
  • സ്ത്രീകൾ നിർബന്ധമായും സ്തനാർബുദസാധ്യത കണ്ടെത്താനുളള മാമോഗ്രഫി ടെസ്റ്റിനു വിധേയരാവുക.
  • ശരീരത്തിൽ മുഴകളോ തടിപ്പോ ശ്രദ്ധയിൽപ്പൊൽ പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.
  • അപ്രതീക്ഷിതമായുണ്ടാകുന്ന ഭാരക്കുറവും ഭാരക്കൂടുതലും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.
  • നീണ്ടു നിൽക്കുന്ന പനിയും ചുമയും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. ക്ഷയമല്ലെന്ന് ഉറപ്പുവരുത്തുക. ക്ഷയമാണെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്തുക.
  • ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന പ്രതിരോധകുത്തിവയ്പുകളും വാക്സിനുകളും കൃത്യമായ ഡോസ് കൃത്യസമയത്ത് എടുക്കണം.
  • സ്ത്രീകൾ ഗർഭാശയഗള കാൻസർസാധ്യത മുൻകൂട്ടി നിർണയിക്കുന്നതിനുളള പാപ്സ്മിയർ ടെസ്റ്റിനു വിധേയരാകണം.
  • ലൈംഗികരോഗങ്ങൾ, ചർമരോഗങ്ങൾ എന്നിവ ചികിത്സിച്ചു ഭേദപ്പെടുത്തുക.
  • രക്‌തം ദാനം ചെയ്യുന്പൊഴും സ്വീകരിക്കുന്പൊഴും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുക.
  • കുത്തിവയ്പുകൾക്കു ഡിസ്പോസിബിൾ സിറിഞ്ച് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ഉപയോഗത്തിനു ശേഷം സിറിഞ്ചും സൂചിയും നശിപ്പിച്ചു കളയുന്നതായി ഉറപ്പാക്കുക.
  • ദന്താരോഗ്യം സംരക്ഷിക്കുക. ദന്താരോഗ്യവും ഹൃദയരോഗങ്ങളുമായി ബന്ധമുണ്ടെന്നു പഠനങ്ങൾ വ്യക്‌തമാക്കുന്നു. രാവിലെയും രാത്രി കിടക്കുന്നതിനു മുമ്പും പല്ലു തേക്കുന്നതു ശീലമാക്കുക
  • മദ്യപാനം, പുകവലി, മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.

കൈ കഴുകാം; എച്ച്1 എൻ1 തടയാം

രോഗബാധിതർ ചുമയ്ക്കുമ്പോളും തുമ്മുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണുക്കൾ വായുവിൽ കലരുന്നത്. ശ്വസനത്തിലൂടെ രോഗാണുക്കൾ മറ്റുളളവരുടെ ശ്വാസനാളത്തിലെത്തുന്നു. രോഗാണുക്കൾ നിറഞ്ഞ ഇത്തരം സ്രവങ്ങളിൽ സ്പർശിക്കുന്നതു വഴിയും രോഗം പകരാം. കൈകൾ ശുചിയാക്കാതെ ആഹാരം കഴിക്കുക, രോഗാണുക്കൾ നിറഞ്ഞ കൈവിരലുകൾ കൊണ്ടു മൂക്ക്, വായ, കണ്ണ് തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും എച്ച് 1 എൻ1 അണുക്കൾ മറ്റുളളവരിലെത്തുന്നു. എന്നാൽ പന്നിയിറച്ചി കഴിച്ചാൽ എച്ച് 1 എൻ 1 പിടിപെടില്ല.

എച്ച് 1 എൻ1 പനിക്കും സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ്.സ്വയംചികിത്സ ഒഴിവാക്കി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി വൈദ്യസഹായം തേടണം. ഒസൾട്ടാമിവിർ എന്ന മരുന്ന് അവിടെ സൗജന്യമായി ലഭിക്കും. ഗർഭിണികൾ, പ്രമേഹരോഗികൾ, ദീർഘകാലമായി മറ്റു രോഗങ്ങളുളളവർ എന്നിവർ പനിയും ചുമയും കുറയാതിരിക്കുകയാണെങ്കിൽ എച്ച് 1 എൻ1 പരിശോധന നടത്തി ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ ഫലപ്രദമായ പ്രതിരോധ വാക്സിനുകൾ ഇല്ല.

ശ്രദ്ധിക്കുക
* ഒസൾട്ടാമിവിർ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി കഴിക്കുക
* വിശ്രമിക്കുക. രോഗബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ജോലിയുളളവർ അവധിയെടുത്തു വിശ്രമിക്കുക.
* പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. പഴച്ചാറുകൾ, തിളപ്പിച്ചാറിയ വെളളം, ഉപ്പു ചേർത്ത കഞ്ഞിവെളളം എന്നിവ കഴിക്കുക.

എച്ച് 1എൻ 1 പകരാതിരിക്കാൻ
* സോപ്പും ചെറിയ ചൂടുള്ള വെളളവുമുപയോഗിച്ചു കൈകൾ കഴുകി രോഗാണുവിമുക്‌തമാക്കുക. ഹാൻഡ് വാഷ് പുരട്ടിയും കഴുകാം.
*എച്ച്1 എൻ1 ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗാണുബാധിതർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക. തണുത്ത ആഹാരം കഴിക്കരുത്.
* കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ നേരിട്ടു സ്പർശിച്ചാൽ കൈകൾ ശുചിയാക്കാൻ മറക്കരുത്.
* തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ചു മൂക്കും വായയും പൊത്തുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈമടക്കുകളിലേക്കോ മറ്റു വസ്ത്രഭാഗങ്ങളോ തുമ്മുക. രോഗാണുക്കൾ വായുവിലെത്തുന്നതു പരമാവധി ഒഴിവാക്കണം. 
* കുട്ടികൾ സ്കൂളിൽ നിന്നു മടങ്ങിയെത്തിയാലുടൻ കൈകൾ സോപ്പും വെളളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കാൻ ശീലിപ്പിക്കുക. ഇക്കാര്യത്തിൽ മാതാപിതാക്കൾ മാതൃകയാവണം.
* എച്ച് 1 എൻ1 രോഗികളെ പരിചരിക്കുന്നവർ, എച്ച് 1 എൻ 1 രോഗികൾ, ഫ്ളൂ ലക്ഷണങ്ങളുളളവർ, ആൾക്കൂങ്ങൾക്കിടയിൽ തങ്ങുന്നവർ, സിനിമാശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സമയം ചെലവഴിക്കുന്നവർ, എസി ട്രയിനുകളിൽ യാത്ര ചെയ്യുന്നവർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ മാസ്ക് ധരിക്കുക. ഒരേ മാസ്ക് തന്നെ ആവർത്തിച്ചുപയോഗിക്കരുത്. മാസ്ക് ഉപയോഗിക്കുമ്പോൾ കഴുത്തിനു ചുറ്റും തൂക്കിയിടരുത്. പോക്കറ്റിലും ബാഗുകളിലും മാസ്കുകൾ ഊരി വയ്ക്കുന്നതും ഒഴിവാക്കുക.
* ഏതുതരം പനി ബാധിച്ചാലും എത്രയും പെന്നെു വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ.

തയാറാക്കിയത്: ടി.ജി.ബി

കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം

 

ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വാക്സിനുകൾ സ്വീകരിക്കുക.(ഡെങ്കിപ്പനിക്കു ഫലപ്രദമായതും അംഗീകൃതവുമായ വാക്സിനുകൾ നിലവിലില്ല).സ്വയംചികിത്സ പാടില്ല.

കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിൻറെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാൻ അനുവദിക്കരുത്. വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പാത്രങ്ങൾ, ടയർ ട്യൂബുകൾ, ടാപ്പിംഗ് നിർത്തിയ തോട്ടങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ വെളളം കെട്ടിനില്ക്കാൻ അനുവദിക്കരുത്.

കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കുന്ന സാഹചര്യം ഒഴിവാക്കുക. കൊതുകിനു മുട്ടയിടാൻ ഒരു കുളത്തിലെ വെളളം വേണമെന്നില്ല. ഇലയുടെയും നാമ്പുകളുടെയും മടക്കിൽ തങ്ങിനില്ക്കുന്ന വെളളം മതിയാകും. ഉപേക്ഷിച്ച കുപ്പിയുടെ അടപ്പിൽ കെട്ടിനില്ക്കുന്ന മഴവെള്ളത്തിൽ പോലും ഈഡിസ് മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളം പോലും കൊതുകുകൾക്കു മുട്ടയിടാനുളള ഇടങ്ങളായി മാറുന്നു. മനുഷ്യൻറെ ശ്രദ്ധയെത്താത്ത ഇടങ്ങളിൽ കിടക്കുന്ന ഈഡിസ് മുട്ടകൾ അപകടകാരികളാകുന്നു. അതിനാൽ മരുന്നു തളിച്ചലും കൊതുകുമുട്ടകളെ പൂർണമായും നശിപ്പിക്കാനാവില്ല.

ആറു മാസം മുതൽ ഒരു വർഷം വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കൊതുകുകൾക്ക് ഒരു മാസം വരെയും.അര കിലോമീറ്റർ വരെ പറന്നെത്താനുളള ശേഷിയുണ്ട്. ഒരു പ്രദേശമാകെ ഡെങ്കിപ്പനി വ്യാപിക്കുന്നതിനു പിന്നിലെ രഹസ്യം ഇതാണ്. ഒരു പ്രദേശത്തു തന്നെ പനി ആവർത്തിച്ചു വ്യാപിക്കുന്നതും അതുകൊണ്ടുതന്നെ.

വേനൽക്കാലത്ത് ഈഡിസ് മുട്ടകൾ നശിക്കില്ല. ചൂടുകൂടിയ കാലാവസ്‌ഥയിലും ഈഡിസ് മുട്ടകൾ കേടുകൂടാതെ തുടരും. പിന്നെ ഇടയ്ക്കിടെ മഴയും ചൂടും ഇടകലർന്നു വന്നുപോകുന്ന കാലാവസ്‌ഥാ വ്യതിയാനവും. ഒരു തുളളി വെളളം കിട്ടിയാൽ മുട്ട വിരിയും. അതിനാൽ വെളളം കെട്ടിനില്ക്കാനുളള സാഹചര്യം പരമാവധി ഒഴിവാക്കണം.

മഴവെളളം പാഴ് വസ്തുക്കളിലും മരങ്ങളിലെ ഫലാവശിഷ്‌ടങ്ങളിൽപോലും ചെറിയ തോതിൽ തങ്ങിനില്ക്കും. മഴ മാറിയാലും ആ വെള്ളം ആഴ്ചകളോളം അവിടെ കെട്ടിനില്ക്കും. താവളം തേടി നടക്കുന്ന കൊതുകുകൾ അവിടെ തന്പടിക്കും. മഴയെ കുറ്റം പറയും മുന്പേ, ചുറ്റുപാടും കൺതുറന്നു കാണുക. മുൻകരുതലെടുത്താൽ രോഗങ്ങൾ ഒരുപരിധിവരെ അകന്നു നില്ക്കും. വെറുതേ നടക്കുന്നതിനിടെ പോലും ഇത്തരം പാഴ് വസ്തുക്കൾ വെളളം തങ്ങിനില്ക്കാനിടനല്കാത്ത വിധം മറിച്ചിടാം. ഉപയോഗശൂന്യമായ ടയറുകൾക്കുളളിലും വെളളം കെട്ടിനില്ക്കാനിടയുണ്ട്. അതും ശ്രദ്ധിക്കണം.

മറ്റൊരു വില്ലൻ റബർമരങ്ങളിലെ ചിരട്ടകളാണ്. ഇവയിൽ വെളളം തങ്ങിനിൽക്കാനുളള സാധ്യത ഏറെയാണ്, അതിനാൽ ഉപയോഗശേഷവും ടാപ്പിംഗ് ഇല്ലാത്ത കാലത്തും ഇവ കമഴ്ത്തിവയ്ക്കാൻ ശ്രദ്ധിക്കണം. വീടിനുളളിലെ ചെടിച്ചട്ടികളിൽ വെളളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

ഉപയോഗിക്കാത്ത കക്കൂസുകളുടെ ഫ്ളഷ് ടാങ്കുകൾ, ക്ലോസറ്റുകൾ എന്നിവയിൽ കൊതുകുകൾ മുയിടാനുളള സാഹചര്യം ഏറെയാണ്. അതിനാൽ അവ നന്നായി മൂടിയിടണം. വീടിനോടു ചേർന്ന കക്കൂസിലും പലപ്പോളും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. സോപ്പുപെട്ടിയുടെ അടപ്പിനുളളിൽ തങ്ങിനില്ക്കുന്ന ഏതാനും തുളളി വെളളത്തിലും ഈഡിസ് കൊതുകുകൾ മുട്ടയിടാം.

രാത്രിയും പകലും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക. കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക. ശരീരം പൂർണമായും മൂടിക്കിടക്കുന്ന വസ്ത്രം ധരിക്കുക. മുറിയിൽ കുന്തിരിക്കം പുകയ്ക്കുക. 

തയാറാക്കിയത്: ടി.ജി.ബി

കരുതാം, പാദങ്ങൾ പൊന്നുപോലെ, മുന്നറിയിപ്പുകൾ അവഗണിക്കരുത്

പ്രമേഹരോഗ ബാധിതനായ ഒരു വ്യക്‌തി ശരീരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അവയവം പാദങ്ങൾ തന്നെ. ശരീരത്തിലെ മറ്റവയവങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നല്ല, മറിച്ച് സൂചിമുനകൊണ്ട് പാദത്തിലേൽക്കുന്ന നിസാരമെന്നു തോന്നിക്കുന്ന ഒരു പോറൽപോലും അയാളുടെ പ്രാണനെടുക്കുന്ന അവസ്‌ഥയ്ക്ക് നിമിത്തമായേക്കാം. അതുകൊണ്ടുതന്നെയാണു പ്രമേഹരോഗികൾ തങ്ങളുടെ പാദങ്ങൾ മുഖംപോലെ കരുതി ശ്രദ്ധിക്കണമെന്നു പറയുന്നതും.

ന്യൂറോപ്പതി

രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്പോൾ അത് രക്‌തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും തത്ഫലമായി കാലുകളിലേക്കുള്ള രക്‌തപ്രവാഹം കുറയുകയും ചെയ്യുന്നു. കാലിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കാൻ ഇത് കാരണമാകുന്നു. ഇതു കോശങ്ങൾ നശിക്കുന്നതിനും ജീവാപായത്തിനുവരെ ഇടയാക്കിയേക്കാവുന്ന വ്രണങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. നാഡീകോശങ്ങളിലേക്കുള്ള രക്‌തയോട്ടം കുറയുന്നത് ന്യൂറോപ്പതി എന്ന അവസ്‌ഥയ്ക്കു കാരണമാകുന്നു. ചർമത്തിൽ സ്പർശനത്തിനും വേദനയറിയുന്നതിനും സഹായിക്കുന്ന നാഡീകോശങ്ങൾ നശിക്കുന്നതുമൂലം രോഗി മുറിവ് സംഭവിച്ചത് അറിയാതെപോകുന്നു. ശരീരചലനത്തിന് സഹായിക്കുന്ന മോട്ടോർ നാഡീകോശങ്ങൾ ക്ഷയിക്കുന്നതുമൂലം വിരലുകളുടെയും പാദങ്ങളുടെയും ആകൃതിക്ക് കാര്യമായ വ്യതിയാനം വരുന്നു.

തന്മന്മൂലം പാദരക്ഷകൾ ഉപയോഗിക്കുന്പോൾ ചില ഭാഗങ്ങളിൽ കൂടുതൽ സമ്മർദം അനുഭവപ്പെടുകയും ആ ഭാഗത്ത് മുറിവുകൾ ഉണ്ടാവുകയും ചെയ്യുന്നു. കാലിൻറെ വെള്ളയിൽ ആണികളും തടിപ്പുകളും ഉണ്ടാകുന്നതിെൻറ കാരണവും മറ്റൊന്നല്ല. കൂടാതെ വിരലുകൾ ഒിച്ചേരുന്നതുമൂലം അവയ്ക്കിടയിൽ എപ്പോഴും ജലാംശം നിലനിൽക്കുകയും അവിടെ പൂപ്പൽബാധ ഉണ്ടാവുകയും ചെയ്യുന്നു.

പ്രമേഹം ഓട്ടോണമിക് നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം ചർമത്തിലുള്ള സ്വേദഗ്രന്ഥികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുമൂലം വിയർപ്പിൻറെ ഉത്പാദനം കുറയുന്നു. ഇതു കാലിലെ ചർമം വരളുന്നതിനു കാരണമാകുന്നു. തന്മന്മൂലം കാലിൽ എക്സിമ, കാൽവെള്ളയിൽ വിണ്ടുകീറൽ എന്നിവയുണ്ടാകുന്നു.

രോഗപരിശോധന

കാലിൽ അൾസർ ബാധിതനായ ഒരാളിൽ രക്‌തപ്രവാഹത്തിെൻറ ന്യൂനതകൾ പരിശോധിച്ചറിയാൻ ഡോപ്ലർ പരിശോധന, എബിപിഐ എന്നിവ സഹായിക്കും. കൂടാതെ അൾസറിൽനിന്ന് അണുബാധ എല്ലുകളിലേക്ക് ബാധിച്ചോ എന്നറിയാൻ എക്സ്റേ പരിശോധനയും ആവശ്യമാണ്. അൾസറിൽ അണുബാധയുണ്ടെങ്കിൽ കൾച്ചർ പരിശോധന ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. രോഗിക്ക് ന്യൂറോപ്പതി സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ 10 ജി മോണോഫിലമെൻറ്, 128 ഹെർട്സ് ട്യൂണിംഗ് ഫോർക്ക് എന്നിവ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തേണ്ടിവരും. ചിലയവസരങ്ങളിൽ നെർവ് കണ്ടക്ഷൻ സ്റ്റഡി, ഇലകട്രോ മയോഗ്രാം എന്നിവയും ആവശ്യമായി വന്നേക്കാം.

മുന്നറിയിപ്പുകൾ അവഗണിക്കരുത്:

  • പാദങ്ങളിലെ നീർവീക്കം.
  • കാലിലെ നിറവ്യത്യാസം (ചുവപ്പ്, നീല, കറുപ്പ്).
  • നടക്കുന്പോഴും വിശ്രമിക്കുമ്പോഴും കാലിനു വേദന.
  • വ്രണങ്ങൾ (അവ എത്ര ചെറുതായാൽപോലും).
  • കുഴിനഖം.
  • നഖത്തിനിടയിലെ പഴുപ്പ്.
  • രോമക്കുത്ത് പഴുക്കൽ.
  • കാൽവെള്ളയിലെ ആണി, തടിപ്പുകൾ, വിണ്ടുകീറൽ.
  • വിരലിനിടയിലുള്ള പൂപ്പൽബാധ.
വിവരങ്ങൾ

ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോൺ: 04972 727828.
തയാറാക്കിയത്: ടി.ജി.ബി -

പ്രമേഹം: ശരിയായ ഭക്ഷണം, ചിട്ടയായ ജീവിതം, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ

 

ചില വസ്തുതകൾ

പാദങ്ങളിൽ അൾസർ ഉള്ള പ്രമേഹരോഗികളിൽ ഹൃദ്രോഗബാധ, സ്ട്രോക്ക് എന്നിവയുണ്ടാകാനുള്ള സാധ്യത അൾസർ ഇല്ലാത്ത പ്രമേഹരോഗികളെക്കാൾ വളരെ കൂടുതലാണ്.

  • 25 ശതമാനം പ്രമേഹരോഗികളിലും അവരുടെ ജീവിതകാലഘത്തിൽ ഒരുതവണയെങ്കിലും പാദങ്ങളിൽ അൾസർ ഉണ്ടാവാറുണ്ട്.
  • പ്രമേഹരോഗികളിൽ രോഗത്തിൻറെ മൂർധന്യത്തിൽ കാൽ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത പ്രമേഹരോഗബാധിതരല്ലാത്തവരേക്കാൾ 25 ഇരട്ടി കൂടുതലാണ്.
  • ലോകത്ത് ഇന്നു നടക്കുന്ന കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയകളിൽ 70 ശതമാനവും പ്രമേഹരോഗികളിലാണ്.
  • ശരിയായ പാദരക്ഷകൾ ഉപയോഗിക്കാത്തതുമൂലം വികസിതരാജ്യങ്ങളിൽ 15 ശതമാനം പ്രമേഹരോഗികളിൽ വ്രണങ്ങളുണ്ടാകുന്നു. വികസ്വരരാജ്യങ്ങളിൽ ഇത് 40 ശതമാനമാണ്.

ചികിത്സ
പ്രമേഹം, രക്‌താതിസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുക. പുകവലി, മദ്യപാനം ഇവ പൂർണമായും നിർത്തുക. കാലിലെ രക്‌തയോട്ടം വർധിപ്പിക്കാൻ സഹായകമായ 
മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം.

അൾസറിൽ അണുബാധയുണ്ടെങ്കിൽ കൾച്ചർ പരിശോധനയുടെ അടിസ്‌ഥാനത്തിൽ മാത്രം ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുക. പൊവിഡോൺ അയഡിൻ വ്രണത്തിൽ പുരട്ടരുത്. വിപണിയിൽ ലഭ്യമായ കാൽസ്യം ആൽജിനേറ്റ്, ഹൈഡ്രോജെൽ, പോളിയൂറേത്രേൻ ഡ്രസിംഗുകൾ നല്ല ഗുണംചെയ്യും.

മുറിവുണക്കത്തിന് സിറ്റോസ്റ്റിറോൾ, ലൈസീൻ, ബെക്കാപ്ലെർമിൻജെൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. ജനറ്റിക് എൻജിനിയറിംഗ് വഴി വികസിപ്പിച്ചെടുത്ത അപ്ലിഗ്രാഫ്റ്റ്, ഡെർമാഗ്രാഫ്റ്റ് എന്നിവ അൾസർ ചികിത്സയിലെ നൂതനരീതികളാണ്. ആൽഫാ ലൈപോയിക് ആസിഡ്, ഈവനിംഗ് പ്രിംറോസ് ഓയിൽ എന്നിവയടങ്ങിയ ആൻറി ഓക്സിഡൻറുകൾ നല്ലതാണ്.മരുന്നുകൾ ഡോക്ടറുടെനിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

കിടത്തിചികിത്സ
താഴെപറയുന്ന സാഹചര്യങ്ങളിൽ രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതാണ്.
* വ്രണത്തിന് കറുപ്പുനിറം.
* അൾസറിൽനിന്ന് അണുബാധ എല്ലുകളിലേക്കു വ്യാപിച്ചാൽ.
* അൾസർ പാദങ്ങളിൽനിന്ന് കാലുകളിലേക്കു വ്യാപിച്ചാൽ.
* അൾസറിൽനിന്ന് ദുർഗന്ധം വമിക്കുന്ന തരത്തിൽ പഴുപ്പ് നിറയുകയാണെങ്കിൽ.
* അനിയന്ത്രിതമായി രക്‌തത്തിലെ പഞ്ചസാര ഉയർന്നാൽ.

ശ്രദ്ധിക്കുക

  • രക്‌തസമ്മർദം, രക്‌തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈൽ, രക്‌തത്തിലെ പഞ്ചസാര എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിപ്പിക്കുക.
  • ഡോക്ടർ നിർദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുക.
  • കൊഴുപ്പു കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം കഴിക്കുക.
  • മദ്യപാനം പൂർണമായും നിർത്തുക.
  • എല്ലാദിവസവും രാത്രി കാൽപാദം പരിശോധിക്കുക. മുറിവുകൾ, നിറവ്യത്യാസം, നീർക്കെട്ട് , വിരലുകൾക്കിടയിൽ പൂപ്പൽബാധ, കാൽവെള്ളയിൽ ആണി, തടിപ്പ് ഇവയുണ്ടോയെന്ന് പരിശോധിക്കുക. ഇളംചൂടുവെള്ളത്തിൽ കാൽ കഴുകുക. കാൽ കഴുകിയശേഷം നന്നായി ഉണക്കിയെടുക്കുക. വിരലുകൾക്കിടയിലുള്ള വെള്ളം ഒപ്പിയെടുക്കുക. ഇത് പൂപ്പൽബാധ ഉണ്ടാകാതെ തടയും.
  • ചർമത്തിൻറെ മൃദുലത നിലനിർത്താൻ പെട്രോളിയം ജെല്ലി പുരട്ടുക. കാലിൻറെ അടിയിൽ ആണികൾ കണ്ടാൽ അത് റേസർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കരുത്. പകരം ഒരു ചർമരോഗ വിദഗ്ധൻറെ സേവനം തേടുക.
  • കൃത്യമായ ഇടവേളകളിൽ ശ്രദ്ധയോടെ നഖം മുറിക്കുക. നഖത്തിൻറെ അരികുകൾ മുറിക്കാൻ ശ്രമിക്കരുത്.
  • എല്ലാസമയവും ഷൂസ്, സോക്സ് ഇവ ഉപയോഗിക്കുക. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കരുത്. കാലിന് പാകമായ ഷൂസ് മാത്രം ഉപയോഗിക്കുക. പ്ലാസ്റ്റ്ിക് ഷൂസ്, അറ്റം കൂർത്തതും ഉയർന്ന ഹീൽ ഉള്ളതുമായ ഷൂസ് ഇവ ഉപയോഗിക്കരുത്. ഇരിക്കുന്പോൾ കാലുകൾ തറനിരപ്പിൽനിന്ന് ഉയർത്തിവയ്ക്കുക. കാലുകൾ തമ്മിൽ പിണച്ചുകൊണ്ട് ഇരിക്കരുത്.
  • ശരിയായ രീതിയിൽ വ്യായാമം ചെയ്യുക. നടത്തം, നൃത്തം, നീന്തൽ, സൈക്ലിംഗ് എന്നിവ നല്ല വ്യായാമമാണ്. ഓട്ടം, ഹൈജംപ് ഇവ ചെയ്യരുത്.
  • ശരിയായ ഭക്ഷണവും ചിട്ടയായ ജീവിതവും ഡോക്ടർമാർ നിർദേശിക്കുന്ന രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവുംകൊണ്ട് പ്രമേഹബാധിതനായ ഒരാളുടെ ജീവിതം സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാകും.

വിവരങ്ങൾ
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോൺ: 04972 727828.

ഡോക്ടറുടെ നിർദേശമില്ലാതെ ക്രീമുകൾ ഉപയോഗിക്കരുത്

വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്.

വിള്ളലൊഴിവാക്കാൻ ചെയ്യാവുന്നത്

  • ഫൂട്ട് ഷേവർ ഉപയോഗിച്ചു കാൽപ്പാദത്തിനടിയിലെ കട്ടിയേറിയ മൃതചർമം നീക്കം ചെയ്യുക. ചർമത്തിൻറെ കനം കുറഞ്ഞു മാർദവമുളളതാകുന്പോൾ മാത്രമേ ഇതു ചെയ്യാവൂ. കത്രിക, ബ്ലേഡ്, കത്തി തുടങ്ങിയവ ഇതിനുപയോഗിക്കരുത്.
  • വീടിനുളളിൽ സ്ലിപ്പർ ധരിച്ചു നടക്കുക.

ഉപ്പൂറ്റി വിണ്ടുകീറിയാൽ...

  • കാൽപ്പാദം കഴുകിത്തുടച്ചു വൃത്തിയാക്കിയശേഷം വിണ്ടുകീറിയ ഭാഗങ്ങളിൽ ഹൈഡ്രോജനേറ്റഡ് വെജിറ്റബിൾ ഓയിൽ (സൂര്യകാന്തി..)പുരുക. തുടർന്നു കട്ടിയേറിയ സോക്സ് ധരിക്കുക. ഇതു രാത്രിയിൽ ചെയ്യുന്നത് ഉചിതം.
  • ഏത്തപ്പഴം അരച്ചു കുഴന്പാക്കി വിണ്ടു കീറിയ ഭാഗത്തു പുരുക. ഒരാഴ്ച തുടർച്ചയായി ഇതു ചെയ്യുക. വെളിച്ചെണ്ണ കലർത്തി പുരുന്നതും ഫലപ്രദം.
  • നാരങ്ങാനീരു കലർത്തിയ വെളളത്തിൽ പാദം 10 മിനിട്ട് മുക്കി വയ്ക്കുക. തുടർന്നു ഫൂട്ട് ബ്രഷ് ഉപയോഗിച്ചു കാലിലെ മൃതചർമം ഉരച്ചു കളയുക. ചാണക്കല്ലിൽ ഉരയ്ക്കുന്നതും ഫലപ്രദം.

കാൽ കഴുകി തുടച്ച ശേഷം വാസലിനും നാരങ്ങാനീരും ചേർത്തു പുരട്ടുക. രാത്രി 
കിടക്കുന്നതിനു മുന്പ് ഇതു ചെയ്യുക.

  • ഗ്ലിസറിനും പനിനീരും ചേർത്തു വിളളൽ വീണ ഭാഗങ്ങളിൽ പുരട്ടുക. പാരഫിൻ മെഴുകും കടുകെണ്ണയും ചേർത്തു പുരുന്നതും ഫലപ്രദം.
  • നിർജ്‌ജലീകരണം പരിഹരിക്കുന്നതിനും ചർമത്തിൻറെ വരൾച്ച തടയുന്നതിനും ദിവസവും ധാരാളം വെളളം കുടിക്കുക.
  • ഓപ്പൺ ഹീൽ, ഹൈ ഹീൽ ചെരുപ്പുകൾ ഒഴിവാക്കുക.
  • ഇറുകിയ ഷൂസുകൾ ധരിക്കരുത്.
  • ചെറിയ അളവിൽ ബേബി ഓയിൽ കലർത്തിയ ചൂടുവെളളത്തിൽ കാൽപ്പാദം മുക്കിവയ്ക്കുക. തുടച്ചു വൃത്തിയാക്കിയ കാൽപ്പാദത്തിൽ എണ്ണമയം നിലനിർത്താൻ സഹായകമായ ക്രീം പുരുക. വിറ്റാമിൻ ഇ അടങ്ങിയ ക്രീമുകൾ ലഭ്യമാണ്.(ക്രീമുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക).

നനഞ്ഞു മൃദുവായ ഉപ്പൂറ്റി ചാണക്കല്ലിൽ ഉരയ്ക്കുക. മൃതചർമം ഇളകിപ്പോകുന്നതിന് അതു സഹായകം. ചർമത്തിൻറെ കനം കുറയ്ക്കുന്നതിനും ഇതു സഹായകം.
തേൻ ചേർത്ത ചൂടുവെളളത്തിൽ ഉപ്പൂറ്റി 15 മിനിട്ടു നേരം മുക്കിവയ്ക്കുക.

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ ഇ ക്യാപ്സൂൾ കഴിക്കുന്നതും വിറ്റാമിൻ ഇ അടങ്ങിയ ക്രീമുകൾ ഉപ്പൂറ്റിയിൽ പുരുന്നതും ഗുണപ്രദം.(ഡോക്ടറുടെ നിർദേശപ്രകാരം മാത്രം)

ഉപ്പൂറ്റിയിൽ പെട്രോളിയം ജെല്ലി പുരുക. കഴുകിയുണക്കിയ മൃദുവായ സോക്സ് ധരിക്കുക. ഉപ്പൂറ്റിയിലെ വിളളലുകളിൽ പെട്രോളിയം ജെല്ലി പുരുക.

ഇത്തരം മാർഗങ്ങളിലൂടെ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ ഭേദപ്പെടുന്നില്ലെങ്കിൽ ചർമരോഗ വിദഗ്ധനെ കാണുക. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ വിപണിയിൽ ലഭ്യമായ ക്രീമുകൾ ഉപയോഗിക്കരുത്. ചിലതരം ക്രീമുകൾ ത്വക്കിലെ അസ്വസ്‌ഥത വർധിപ്പിക്കാനിടയുണ്ട്.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 6/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate