অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുര്‍ ആരോഗ്യം

സൊറിയാസിസ്

എന്താണ് സൊറിയാസിസ് :

ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണു സൊറിയാസിസ്. പ്രതിരോധ വ്യവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാലും ജനിതക കാരണങ്ങളാലും  സൊറിയാസിസ് ഉണ്ടാകാം.തൊലിയുടെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചാ നിരക്കാണ് സൊറിയാസിസ് രോഗമുള്ളവരുടെ തൊലിപ്പുറത്തുള്ള പാടുകള്‍ക്ക് കാരണമാകുന്നത്.

ലക്ഷണങ്ങള്‍ :

ചുവന്നു തിണര്‍ത്ത പാടുകള്‍ക്ക് മേലെ വെള്ളി നിറമുള്ള ചെതുമ്പലുകള്‍ ആണു സൊറിയാസിസിന്‍റെ ലക്ഷണം. കൈമുട്ട്, കാല്‍മുട്ട്, തല, മുഖം, കാല്‍പാദം, കൈവെള്ള എന്നിവിടങ്ങളില്‍ ആണു ഇത് സാധാരണയായി കണ്ടു വരുന്നത്. വായിലും കൈകാല്‍ നഖങ്ങളിലും ഉണ്ടാകാറുണ്ട്.സധാരണയായി മുതിര്‍ന്നവരിലാണു ഇത് കണ്ടുവരുന്നതെങ്കിലും കുട്ടികളിലും, കൌമാരക്കാരിലും ഇത് ഉണ്ടാകാറുണ്ട്. തലയില്‍ കട്ടിയുള്ള താരന്‍ പോലെയും സൊറിയാസിസ് വരാറുണ്ട്. അസഹ്യമായ ചൊറിച്ചിലും അനുഭവപ്പെടാം.

രോഗനിര്‍ണ്ണയം :

തൊലിപ്പുറത്ത് കാണുന്ന പാടിന്‍റെ സ്വഭാവം കണ്ടാല്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കമെങ്കിലും രോഗനിര്‍ണയത്തിനു സ്കിന്‍ ബയോപ്സി (തൊലിപ്പുറത്ത് നിന്നുള്ള ബയോപ്സി) ചെയ്താണ് സോറിയാസിസ് ആണെന്ന് ഉറപ്പിക്കാറുള്ളത്.

സൊറിയാറ്റിക് ആര്‍ത്രൈറ്റിസ് :

സന്ധികളെ സൊറിയാസിസ് ബാധിക്കുന്ന അവസ്ഥയാണിത്. സന്ധികളില്‍ വീക്കവും വേദനയും ഉണ്ടാകും. ഇത് കഠിനമായ ശരീര വേദന ഉണ്ടാക്കുന്നു.

സൊറിയാസിസ് ഉണ്ടാക്കുന്ന പ്രശനങ്ങള്‍ :

പ്രധാനമായും തൊലിപ്പുറത്തുള്ള പാടുകള്‍ തന്നെയാണ്. ഇത് കാണുന്നവര്‍ക്ക് ബുദ്ദിമുട്ട് ഉണ്ടാകുന്നു എന്നതിനാല്‍ സൊറിയാസിസ് ഉള്ളവര്‍ പൊതു ഇടങ്ങളിലേക്ക് വരാന്‍ മടി കാണിക്കുന്നു. സന്ധികളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന കഠിനമായ വേദന കാരണം നമ്മുടെ ദൈനംദിന കര്‍മങ്ങള്‍ ചെയ്യാന്‍ ബുദ്ദിമുട്ട് ഉണ്ടാകുന്നു.

ചികിത്സ :

പാടുകലുടെ സ്ഥാനം, വലുപ്പം, വ്യാപ്തി എന്നിവയെ ആശ്രയിച്ചാണ് രോഗചികിത്സ. തൊലിപ്പുറമെ ഉപയോഗിക്കുന്ന ഓയിന്മെന്‍റ് പോലുള്ളവയോ, ലൈറ്റ് തെറാപ്പി അല്ലെങ്കില്‍ ഫോട്ടോതെറാപ്പിയോ (അള്‍ട്രാ വയലറ്റ് പോലുള്ള രശ്മികള്‍ കടത്തി വിട്ടുള്ള ചികിത്സ) സൊറിയാസിസിന്‍റെ ചികിത്സാ രീതിയാണ്. അകത്തുകഴിക്കുന്ന മരുന്നുകളും ആവാം. തൊലിപ്പുറമേയുള്ളതും അകത്തു കഴിക്കാവുന്നതും ചേര്‍ത്തുള്ള ചികിത്സാരീതിയും ഉണ്ട്. ഇത് മേല്‍പറഞ്ഞ പോലെ സൊറിയാസിസിന്‍റെ സ്ഥാനവും വ്യാപ്തിയും ഒക്കെ അനുസരിച്ചാണ്.

സൊറിയാസിസിനു ആയുര്‍ വേദം :

തൊലിപ്പുറത്തുള്ള ഏത് രോഗത്തിനും എന്ന പോലെ സൊറിയാസിസിനും തൊലിപ്പുറമേയുള്ള ഔഷധ പ്രയോഗം നടത്തുകയും മരുന്ന് ഉള്ളില്‍ കഴിക്കുകയുമാണ് ചെയ്യുന്നത്. കഷായം, ചൂര്‍ണ്ണം, ഘൃതം, ഗുളികകള്‍ തുടങ്ങിയവ ഉള്ളില്‍ കഴിക്കുന്നു. ഇതിനോടൊപ്പം തന്നെ പഞ്ചകര്‍മ്മ ചികിത്സയും, കേരളത്തിന്‍റെ സവിശേഷ ചികിത്സയായ തക്രധാരയും സൊറിയാസിസിനു ഫലപ്രദമായ ചികിത്സാ രീതിയാണ്. ഇതിനോടൊപ്പം ചൊറിച്ചില്‍, വേദന, സന്ധിയിലെ പിടുത്തം എന്നിവ കുറക്കുവാനുള്ള ബാഹ്യ ഔഷധ പ്രയോഗങ്ങളും ഉണ്ട്.

ജീവിതശൈലി :

ലളിതമായതും പോഷക സമൃദ്ദവുമായ സസ്യാഹാരരീതിയാണു സൊറിയാസിസ് രോഗികള്‍ക്ക് അഭികാമ്യം. വഴുതന, ഉഴുന്ന്, തൈര്, കൂടുതല്‍ അളവിലുള്ള ഉപ്പ്, പുളി എന്നിവ ഒഴിവാക്കേണ്ടതാണ്. മാനസിക പിരിമുറുക്കം കുറക്കുക, ശാന്തമായ ജീവിതം എന്നിവ ഏതൊരു ചികിത്സയിലും എന്ന പോലെ ഇവിടെയും പ്രധാനമാണ്.

കണ്ണിനെ കാക്കാം

 

നല്ല ഭക്ഷണക്രമം

നല്ല കാഴ്ചയ്ക്കും കണ്ണുകളുടെ ആരോഗ്യത്തിനും നമ്മള്‍ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഒമേഗാ-3 ഫാറ്റി ആസിഡ്, സിങ്ക്, തുടങ്ങിയ പോഷകങ്ങള്‍ കണ്ണുകള്‍ക്ക് അത്യന്താപേക്ഷിതമാണ്.

  • ചീര, മുരിങ്ങായില പോലുള്ള ഇലക്കറികള്‍.
  • ക്യാരറ്റ് പോലുള്ള പച്ചക്കറികള്‍.
  • മത്സ്യങ്ങള്‍.
  • മുട്ട, പയര്‍ വര്‍ഗങ്ങള്‍, കടല തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍.
  • ഓറഞ്ച്, മൂസമ്പി തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍.

തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

പുകവലി ഒഴിവാക്കുക.

പുകവലി പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. പുകവലി കണ്ണിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. കണ്ണില്‍ പാടകെട്ടി കാഴ്ച മങ്ങുക, കണ്ണിലെ ഞരമ്പുകള്‍ക്ക് കേട് സംഭവിക്കുക, തുടങ്ങി കാഴ്ച ശക്തിയെ ബാധിക്കുന്ന ഒരുപാട് ബുദ്ദിമുട്ടുകള്‍ പുകവലി കൊണ്ട് ഉണ്ടാകുന്നു.

കണ്ണിന്  വിശ്രമം നല്‍കുക.

ദീര്‍ഘ സമയം തുടര്‍ച്ചയായി മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കുക, വായിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് കണ്ണിന്‍റെ ആരോഗ്യത്തേയും കാഴ്ചയേയും ബാധിക്കുന്നു. കണ്ണിന് ആയാസം ഉണ്ടാവുക, മങ്ങല്‍ അനുഭവപ്പെടുക, ഒന്നിലേക്ക് ഫോക്ക്സ് ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാവുക, തല വേദന ഉണ്ടാവുക, കണ്ണ് വരളുക തുടങ്ങി കണ്ണിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഇത് കാരണമായി ഉണ്ടാകുന്നു.അതിനാല്‍ കണ്ണിന് വിശ്രമം ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ദിക്കേണ്ടതാണ്.

  • ഓരോ ഇരുപത് മിനിറ്റിലും ഇരുപത് സെക്കന്‍റ് നേരം സ്ക്രീനില്‍ നിന്ന് കാഴ്ച മാറ്റി കണ്ണിനു വിശ്രമം നല്‍കുക.
  • എല്ലാ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും പതിനഞ്ച് മിനിറ്റ് സമയം കമ്പ്യൂട്ടറിന്‍റെ മുന്നില്‍ നിന്നുമെഴുന്നേറ്റ് കണ്ണിനും ശരീരത്തിനും പൂര്‍ണ്ണ വിശ്രമം നല്‍കുക.
  • ആന്‍റി ഗ്ലയര്‍ കണ്ണടകള്‍ ഉപയോഗിക്കുക.
  • കമ്പ്യൂട്ടറില്‍ ആന്‍റി ഗ്ലയറ് സ്ക്രീന്‍ ഉപയോഗിക്കുക.
  • കണ്ണിനു നേരെയായി മോണിറ്ററിന്‍റെ മുകള്‍ ഭാഗം വരുന്ന രീതിയില്‍ കമ്പ്യൂട്ടര്‍ വയ്ക്കുക.
  • കണ്ണുകള്‍ ഇടക്കിടെ ചിമ്മിത്തുറക്കുക.
  • കാല്‍പാദം തറയില്‍ ഉറപ്പിച്ച് ഇരിക്കുക.

ഗ്യാസ് ഒരു ട്രബിള്‍ ആകാതിരിക്കാന്‍

ദൈനം ദിന ജീവിതത്തില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് ഗ്യാസ് ട്രബിള്‍. ഏമ്പക്കമായോ അല്ലെങ്കില്‍ കീഴ്ശ്വാസം ആയോ ഇത് പുറത്തേക്ക് പോകുന്നു. നമ്മള്‍ സാധാരണയായി ഇതിനു ആശ്വാസം കിട്ടാന്‍ സോഡാ കുടിക്കാറുണ്ട്. പക്ഷെ സോഡാ ഒരു മിഥ്യാ ആശ്വാസം ആണ്. കാരണം സോഡ കുടിക്കുമ്പോള്‍ പുറത്തു പോകുന്നത് സോഡയില്‍ അടങ്ങിയ കാര്‍ബണ്‍ വാതകം തന്നെയാണ്.ചില ഭക്ഷണക്രമീകരണങ്ങള്‍ കൊണ്ട് ഗ്യാസ് ട്രബിളിനു പരിഹാരം കാണാവുന്നതാണ്.

  • രാവിലെ എഴുന്നേറ്റ്ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നത് ശീലമാക്കുക.
  • ഭക്ഷണം കൃത്യസമയത്ത് തന്നെ കഴിക്കുക.
  • പ്രഭാത ഭക്ഷണം കൂടുതല്‍ അളവിലും അതിനെ താരതമ്യപ്പെടുത്തി കുറഞ്ഞ അളവില്‍ ഉച്ചയ്ക്കും അതിലും കുറവ് അളവില്‍ രാത്രിയും കഴിക്കുക.
  • ഏറെ നേരം വിശന്നിരുന്ന് വയറ് കാലിയാക്കിയിടരുത്.
  • വിശക്കുന്നതിനു മു ന്‍പ് ഭക്ഷണം കഴിക്കാതിരിക്കുക.
  • ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.
  • ഭക്ഷണം കഴിച്ച ഉടനെ ആയാസപ്പെട്ട ജോലികള്‍ ചെയ്യാതിരിക്കുക.
  • ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാതിരിക്കുക.

ഗ്യാസ് ട്രബിള്‍ മാറാന്‍ ഗൃഹവൈദ്യം

  • അന്‍പതു ഗ്രാം വെളുത്തുള്ളി ഒരു ഗ്ലാസ്സ് പാലില്‍ ചേര്‍ത്ത് ദിവസേന കിടക്കാന്‍ നേരം കുടിക്കുക.
  • വെളുത്തുള്ളീ, പാല്‍ക്കായം, ഇഞ്ചി, ഉപ്പ് എന്നിവ സമം ചേര്‍ത്ത് അരച്ച് കിടക്കാന്‍ നേരം കഴിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക.
  • പനിനീരും വെറ്റിലനീരും ഉപ്പും ഒരുമിച്ച് ചേര്‍ത്ത് ഒരോ ടീസ്പൂണ്‍ വീതം കഴിക്കുക.
  • ജീരകം ചവച്ചരച്ച് കഴിക്കുകയോ, ജീരകമിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയോ ചെയ്യുക.
  • ആഹാരത്തില്‍ മോര്‌, ഉലുവ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തുക.
  • മാതള നാരങ്ങത്തോട് ഉണക്കിപ്പൊടിച്ച് ജീരകം ചേര്‍ത്ത് കഴിക്കുക.
  • ചെറുതായി നുറുക്കിയ ഇഞ്ചിയില്‍ ഉപ്പും ചെറുനാരങ്ങാ നീരും ചേര്‍ത്ത് ആഹാരത്തോടൊപ്പം കഴിക്കുക.
  • വെളുത്തുള്ളി ചുട്ടു തിന്നുക.

 

പത്ത് കല്‍പനകള്‍

ഹൃദ്രോഗത്തിന്‍റെയും പക്ഷാഘാതത്തിന്‍റേയും ഇന്നത്തെ അപകടകരമായ സ്ഥിതി മാറണമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ ഇതിന്‍റെ വരും വരായ്കകളെപ്പറ്റി മനസ്സിലാക്കുകയും ഈ രോഗങ്ങള്‍ തടയുന്നതിനെപ്പറ്റിയുള്ള മാര്‍ഗങ്ങള്‍ അറിയുകയും വേണം. താഴെ പറയുന്ന പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മുടെ സമൂഹത്തിലെ ജീവിതശൈലീ രോഗങ്ങളുടെ അളവ് മുപ്പത് ശതമാനത്തോളം കുറക്കാന്‍ സാധിക്കും.

  1. അമിതാഹാരവും അമിത വണ്ണവും കുറയ്ക്കുക.ഇതില്‍ ഏറ്റവും പ്രധാനം അമിത വണ്ണമുള്ള കുട്ടികളെ കണ്ടുപിടിച്ച് അവരേയും അവരുടെ മാതാപിതാക്കളേയും അഹാരത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി മനസ്സിലാക്കിക്കൊടുക്കുക എന്നതാണു. ഇതുവഴി ഭാവി തലമുറയെ ആരോഗ്യമുള്ളവരാക്കാന്‍ കഴിയും.
  2. പുകവലി നിശ്ശേഷം ഒഴിവാക്കുക.
  3. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്‌. ഇത് ഒരു തരത്തിലും ഹൃദ്രോഗം വരാതിരിക്കാനുള്ള മരുന്നല്ല. മദ്യപാനം ഒഴിവാക്കുക.
  4. ദിവസം ഒരു മണീക്കൂറെങ്കിലും വ്യായാമം ചെയ്യുക.കുട്ടികളും മുതിര്‍ന്നവരും എല്ലാം ഏതെങ്കിലും തരത്തിലുള്ള കളികളിലോ വ്യായാമങ്ങളിലോ ഏര്‍പ്പെടേണ്ടതാണ്‌. കുട്ടികള്‍ക്കായ് കൂടുതല്‍ കളി സ്ഥലങ്ങളും, മുതിര്‍ന്നവര്‍ക്കും, പ്രായമായവര്‍ക്കും നടക്കാന്‍ ഉദ്യാനങ്ങളും മറ്റും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ സഹായത്തോടെ സ്ഥാപിക്കേണ്ടതാണ്.
  5. മുപ്പത് വയസ്സ് കഴിഞ്ഞ എല്ലാവരും മൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാകേണ്ടതാണ്. ഈ സമയത്ത് അമിത ഭാരമുണ്ടോ എന്ന് നോക്കുന്നതിനോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോളിന്‍റെ അളവ് (അവയുടെ ഘടകങ്ങളുടെ അളവ്) എന്നിവ നിര്‍ബന്ധമായും പരിശോധിക്കേണ്ടതാണ്.
  6. കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം, രക്ത സമ്മര്‍ദ്ദം എന്നിവ ഉണ്ടെങ്കില്‍ ആ കുടുംബത്തിലെ അംഗങ്ങള്‍, ഇരുപതു വയസ്സിനു മുന്‍പ് തന്നെ ഒറ്റത്തവണ എങ്കിലും നിദ്ദേശിച്ച പരിശോധനകള്‍ക്ക് വിധേയരാവേണ്ടതാണ്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള സൌകര്യം ഏര്‍പ്പെടുത്തണം.
  7. കേരളത്തിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ അവരുടെ ലാബ് പൊതു ജനങ്ങള്‍ക്കായ് സൌജന്യ നിരക്കില്‍ നല്‍കാന്‍ സൌകര്യം ഒരുക്കിയാല്‍ നല്ലതാണ്. ആ ദിവസം അവര്‍ക്ക് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും.
  8. കേരളസമൂഹത്തില്‍ ഭക്ഷണത്തില്‍ ഉപ്പിന്‍റെ ഉപയോഗം ക്രമാതീതമാണ്. ഇത് നിയന്ത്രിച്ചേ പറ്റൂ. ഈ നിയന്ത്രണം കൊണ്ടു മാത്രം രക്തസമ്മര്‍ദ്ധം ഇരുപത് ശതമാനത്തോളം കുറയ്ക്കുവാന്‍ സാധിക്കും.
  9. ഒഴിവു കാലങ്ങള്‍, വാരാന്ത്യങ്ങള്‍ എന്നിവ കുടുംബത്തോടു കൂടി മാനസിക ഉല്ലാസത്തിനു വേണ്ടി ചിലവിടേണ്ടതാണ്. ആരോഗ്യം നിലനിര്‍ത്താന്‍ മാനസിക ഉല്ലാസം അത്യാവശ്യമാണ്.
  10. ഗര്‍ഭകാലത്ത് ഉചിതമായ പോഷകാഹാരങ്ങള്‍ അമ്മമാര്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ അവയവങ്ങളുടെ, പ്രത്യേകിച്ച് ആന്തരികാവയവങ്ങളുടെ പൂര്‍ണ്ണ വളര്‍ച്ചക്ക് അത്യാവശ്യമാണ്, ഇത്തരത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക് നാല്‍പത്-അന്‍പത് വയസ്സാകുമ്പോള്‍ പ്രമേഹം, രക്ത സമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറവായിരിക്കും.

 

ഡോ. ജി. വിജയരാഘവന്‍.

(കിംസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനാണ് ലേഖകന്‍)

സെലിയാക് ഡിസീസ് എന്ന കുടൽ രോഗം

ദഹന വ്യവസ്ഥയിൽ ക്രമക്കേടുണ്ടാക്കുന്ന ഒരു രോഗമാണ്  സെലിയാക് ഡിസീസ് (celiac disease). ചെറു കുടലിനെയാണിത് ബാധിക്കുന്നത്. ചെറു കുടലിനെ മൊത്തം തകരാറിലാക്കി ദഹന പ്രക്രിയകളെ അട്ടിമറിക്കുന്നു. കുടൽ കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.

ഗ്ലുടെൻ (gluten) എന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നവർക്കാണ് ഈ രോഗം അധികം വരുന്നത്. ഗോതമ്പ്, ബാർലി പോലുള്ള ധാന്യങ്ങളിൽ  ഗ്ലുടെൻ കൂടുതൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ അവയടങ്ങിയ ഭക്ഷണങ്ങളിലെല്ലാം  ഈ രോഗത്തിന്‍റെ സാധ്യതയും അടങ്ങിയിരിക്കും. ബ്രെഡ് , കുക്കീസ്, കേക്ക്, തുടങ്ങിയവയിലും റ്റൂത്ത് പേസ്റ്റ്, ലിപ് ബാമുകൾ, ലിപ്സ്റ്റിക്കുകൾ എന്നീ ഉൽപ്പന്നങ്ങളിലും ഈ പ്രോട്ടീൻ കൂടുതൽ കണ്ട് വരുന്നു. . ജനിതക പ്രത്യേകതകൾ മൂലവും പാരമ്പര്യമായും ഈ രോഗം ഉണ്ടാകാറുണ്ട്

വളരെ ഗൌരവത്തിലെടുക്കേണ്ട  ഒരു രോഗമാണിത്. ദീർഘ കാലത്തേക്കുള്ള ദഹന പ്രശ്നങ്ങൾ ഇതുണ്ടാക്കുന്നു. മാത്രമല്ല ശരീര വളർച്ചയ്ക്കാവശ്യമായ പോഷക വസ്തുക്കൾ വലിച്ചെടുക്കുന്നതിൽ ശരീരം മടിക്കുന്നതായും കാണാം. കുടലിനപ്പുറമുള്ള അവയവങ്ങളിലെ രോഗങ്ങൾക്കും  സെലിയാക്ക് ഡിസീസ് കാരണമാകാറുണ്ട്. ഓസ്റ്റിയോപൊറോസിസ്,സിരാ വ്യൂഹത്തിലുണ്ടാകുന്ന രോഗങ്ങൾ, പ്രത്യുൽപ്പാദന വ്യവസ്ഥയിലെ തകരാറ്,  കരൾ രോഗങ്ങൾ, ലിംഫോമ എന്ന കാൻസർ തുടങ്ങിയ നിരവധി രോഗങ്ങളിലേക്ക് നയിക്കപ്പെടാനും സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

  • കടുത്ത ക്ഷീണം
  • ദഹനത്തിലുള്ള ക്രമക്കേടുകൾ
  • ഓക്കാനം, ഛർദി
  • വയറിളക്കം
  • ഗ്യാസ്
  • വയറുവേദന

കുട്ടികളിലെ ലക്ഷണങ്ങൾ

  • ഈ രോഗം ബാധിച്ച കുട്ടികളിൽ , വളർച്ചക്കാവശ്യമായ പോഷകങ്ങളുടെ ആഗിരണം ക്രമമായി നടക്കുകയില്ല.
  • പല്ലിന്‍റെ ഇനാമൽ പോവുക
  • പ്രായപൂർത്തി(puberty)യാകാനുള്ള കാലതാമസം
  • ഭാര നഷ്ടം
  • ഉയരക്കുറവ്

പ്രായപൂർത്തിയായവരിലെ ലക്ഷണങ്ങൾ

  • അനീമിയ
  • എല്ലുകൾക്കും സന്ധികൾക്കും വേദന
  • തലവേദന
  • ഡിപ്രഷൻ
  • ഉത്ക്കണ്ഠാരോഗം
  • വന്ധ്യത
  • ഗർഭമലസലുകൾ
  • ആർത്തവം താമസിക്കൽ
  • കൈകാലുകൾ തരിപ്പ്

പ്രതിരോധിക്കാൻ

ഗ്ലൂടൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും പഴങ്ങൾ, പച്ചക്കറികൾ പാലുൽപ്പന്നങ്ങൾ, മത്സ്യം, സീ ഫുഡുകൾ, നട്ട്സ് തുടങ്ങിയവ കൂടുതൽ കഴിക്കുന്നതും നല്ലതാണ്. കിഴങ്ങ്, ഉരുളക്കിഴങ്ങ്, ബീൻസ്,സോയാ പയർ, ചോളം,  ചാമ തുടങ്ങിയവ കൂടുതൽ ഭക്ഷിക്കുക.

എല്ലുകൾക്ക് ഭീഷണിയുമായി ഒസ്റ്റിയോപൊറോസിസ്

എല്ലുകളാണ് ശരീര ഘടനയുടെ ചട്ടക്കൂട്. തലച്ചോറ്, ഹൃദയം തൂടങ്ങിയ ആന്തരികാവയവങ്ങളെ സംരക്ഷിച്ച് ശരീരത്തെ താങ്ങി നിര്‍ത്തുന്നതും, ശരീരത്തിന്‍റെ ചലനം സുഗമമാക്കുന്നതും എല്ലുകളാണ്.  ബലമില്ലെങ്കില്‍ അവ പെട്ടെന്ന് ഒടിയുകയും അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യും. എല്ലുകളെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. അവയിൽ ഏറ്റവും സാധാരണ കണ്ടുവരുന്ന രോഗമാണ് ഒസ്റ്റിയോപൊറോസിസ്. എല്ലുകളുടെ ബലം കുറയുകയും അവ ഒടിയാനുള്ള പ്രവണത കാണിക്കുകയുമാണ് രോഗ ലക്ഷണം. ഈ രോഗം ബാധിച്ച രോഗികളുടെ നട്ടെല്ല്, കയ്യിന്‍റെ കുഴ, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങൾക്ക് പെട്ടെന്ന് ഒടിവ് സംഭവിക്കാൻ സാധ്യതയുണ്ട്. ചെറുപ്പം മുതലേ നമ്മുടെ ശരീരത്തിൽ  ധാരാളം എല്ലുകൾ രൂപം കൊള്ളുന്നുണ്ട്. പഴയ എല്ലുകൾ പോയി പുതിയ എല്ലുകളുമുണ്ടാകുന്നു.എന്നാൽ കൂടുതൽ വയസ്സാകുമ്പോൾ എല്ലുകളുടെ വളർച്ച മുരടിക്കുന്നു. അതുകൊണ്ട് എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിച്ചില്ലെങ്കിൽ, എല്ലുകൾക്ക് നഷ്ടം സംഭവിക്കാനും ഈ രോഗം ബാധിക്കാനും സാധ്യതയുണ്ട്. എല്ലുകളുടെ ഒടിവ് തന്നെയാണ് ഒസ്റ്റിയോപൊറൊസിസിന്‍റെ ലക്ഷണം. എല്ലുകൾ ദുർബ്ബലമാണെന്ന് പലരും അറിയാറില്ല.

ഒസ്റ്റിയോപൊറോസിസ് ബാധിക്കുവാൻ നിരവധി കാരണങ്ങളുണ്ട് അവ പലതും നമ്മുടെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. അതുപോലെ തന്നെ നമ്മുടെ കണ്ട്രോളിൽ ഒതുങ്ങാത്ത മറ്റു പല കാരണങ്ങൾ കൊണ്ടും ഈ രോഗം ബാധിക്കാം. നമുക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളിൽ ഒന്നാമത്തേത് ആഹാരഘടന (ഡയറ്റ്) തന്നെയാണ്. ആവശ്യത്തിന് കാത്സ്യം സംഭരിച്ചില്ലെങ്കിൽ ഈ രോഗം വരാം. അതുപോലെ തന്നെ വിറ്റാമിൻ ഡിയുടെ അപര്യാപ്തതയും  രോഗത്തിനു കാരണമാകുന്നു. ദീർഘകാലം എക്സർസൈസ് ചെയ്യാതിരിക്കുന്നത് ഈരോഗം ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പേശികളുടെയെന്നപോലെ തന്നെ എല്ലുകളുടെ ആരോഗ്യത്തിനും സുപ്രധാനമാണ് വ്യായാമം. ശരീരം കൂടുതൽ മെലിയുന്നതും  ഈ രോഗം ബാധിക്കാനുള്ള കാരണമാകുന്നു. സിഗററ്റ് വലി ശരീരത്തിലെ കാത്സ്യത്തിന്‍റെ ഉപയോഗത്തെ തടസ്സപ്പെടുത്തുന്നതും ഈ  രോഗം വിളിച്ചുവരുത്തുന്നു. മറ്റൊരു പ്രധാന രോഗകാരണം ആൽക്കഹോളാണ്.

പ്രായം കൂടുന്തോറും ഒസ്റ്റിയോപൊറോസിസ് ബാധിക്കാനുള്ള സാധ്യത കൂടുന്നു. പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഈ രോഗസാധ്യത, കാത്സ്യവും വിറ്റാമിൻ ഡി യും അടങ്ങിയ ഭക്ഷണം കൂടുതൽ കഴിച്ചാൽ ഈ രോഗ സാധ്യത കുറയ്ക്കാൻ കഴിയുന്നു. വ്യായാമം ചെയ്യാൻ മടിക്കരുത്. ഹോർമോൺ റിപ്ലേസ്മെന്‍റ് തെറാപ്പി പോലുള്ള ചികിത്സാമാർഗങ്ങൾ വഴി ഒസ്റ്റിയോപൊറോസിസിനെ നിയന്ത്രിക്കാം.

അത്‌ലറ്റാകില്ല, ന്യൂട്രീഷനില്ലാതെ

ഏതൊരു അത്‌ലറ്റിന്‍റേയും അവശ്യ ഘടകമാണ് പോഷകാഹാരങ്ങള്‍. വേണ്ടത്ര ഊർജം സംഭരിച്ചാൽ മാത്രമേ  പരിശീലനം (practice) മുതൽ മത്സരം (Competition) വരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുകയുള്ളു. മതിയായ ശരീര വളർച്ചയെയും ആരോഗ്യത്തേയും ഉറപ്പിക്കാതെ ഒരു മികച്ച അത്‌ലറ്റ്  ആവാന്‍ സാധ്യമല്ലാ എന്ന് ചുരുക്കം.

നാൽപ്പത് ദശലക്ഷത്തിലധികം കുട്ടികളാണ് പ്രതിവർഷം വിവിധ സ്പോർട്ട്സ് സംഘടനകൾ വഴി  അതലറ്റുകളാകാൻ പരിശീലിക്കപ്പെടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ  യുവ അത്‌ലറ്റുകളിൽ ഭൂരിഭാഗത്തിനും   തങ്ങൾക്കുവേണ്ട ശരിയായ പോഷക പരിരക്ഷകളെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല എന്നതാണ് സത്യം. പരിശീലനം ലഭിക്കുന്ന ഈ യുവാക്കളിൽ ഭൂരിഭാഗം പേരും  തമാശയിൽക്കവിഞ്ഞ് അത്‌ലറ്റിക്സിനെ ഗൌരവമായും എടുക്കുന്നുമില്ല. അതുകൊണ്ടുതന്നെ ന്യൂട്രീഷൻ പോലുള്ള കണ്സപറ്റുകളെപ്പറ്റി അവർ തീരെ ശ്രദ്ധാലുക്കളുമാകുന്നില്ല. അതുപോലെ തന്നെ അത്‌ലറ്റിക്സിനെ ഒരു ‘കരിയർ‘ ആയി എടുക്കുന്നവർ പോലും ഉചിതാഹാരത്തിന്‍റെ അവശ്യകതയെപ്പറ്റി ബോധവാന്മാരാകുന്നില്ല എന്നതാണ് ഖേദകരം.

മെലിയാന്‍ ആഗ്രഹമുണ്ടോ ?

അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് അത് കുറയ്ക്കാൻ ചില നാട്ടറിവുകൾ :

  • നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ് ഒരു ഔണ്‍സ് വീതം ദിവസവും അതിരാവിലെ വെറും വയറ്റിൽ കഴിക്കുക.
  • ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് സേവിക്കുക.
  • ചെറുതേനും വെള്ളവും സമം ചേർത്ത് അതിരാവിലെ ദിവസവും കഴിക്കുക
  • വെറും വയറ്റിൽ വെള്ളം കുടിച്ച് 10 മിനിട്ട് നടക്കുക

വ്യായാമം വളരെ പ്രധാനമാണ്  :

  • നടക്കുക
  • സൈക്കിള്‍ ചവിട്ടുക
  • യോഗ ശീലമാക്കുക.
  • നീന്തുക.

അമിത വണ്ണമുള്ളവർ കഴിക്കാന്‍ പാടില്ലാത്തവ :

ഭക്ഷണക്രമം വളരെ അധികം പ്രധാനപ്പെട്ടതാണ്. വാരി വലിച്ച് കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുന്നു. താഴെ പറയുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ചുരുക്കുന്നതും അമിത വണ്ണം കുറയുന്നതിന് സഹായിക്കുന്നു.

  • പാല്‍
  • തൈര്
  • മുട്ട
  • മാംസം
  • മത്സ്യം
  • എണ്ണയില്‍ പൊരിച്ചതും വറുത്തതും
  • മധുരപ്പലഹാരങ്ങള്‍
  • തണുത്ത ഭക്ഷണ പാനീയങ്ങള്‍

പക്വവും ആരോഗ്യകരവുമായ ശാരീരിക വളർച്ചയ്ക്കുതകുന്ന പോഷകാഹാരത്തെ അളക്കുന്നതിന് തീർച്ചയായും വസ്തുനിഷ്ഠമായ ചില മാനദണ്ഡങ്ങളുണ്ട്. കൌമാരക്കാരിലെ ഊർജാവശ്യകതയെ മുൻ നിർത്തി ഇത് നിർണയിക്കപ്പെടുന്നു. അവരുടെ ‘കലോറി ഇൻ ടേക്കുകൾ‘ ആണ് സുപ്രധാനം. കുട്ടികളിൽ നിന്ന് മുതിർച്ചയിലേക്ക് കടക്കുമ്പോൾ വിവിധ സ്റ്റേജുകളിൽ  വിവിധങ്ങളായ ഊർജാവശ്യമാണ് വരുന്നത്.  ഫിസിക്കൽ ആക്റ്റിവിറ്റിയുടെ തോത് വർദ്ധിക്കുന്നതനുസരിച്ച കൂടുതൽ എനർജിയും ആർജ്ജിക്കേണ്ടതായി വരുന്നു. ഇവിടെയാണ് അത്‌ലറ്റുകൾക്ക്  ഉചിതമായ ന്യൂട്രീഷൻ ആവശ്യമാകുന്നത്.

ഏത് അത്‌ലറ്റ് ട്രെയിനിംഗ് പ്രോഗ്രാമുകളുടേയും സുപ്രധാനമായ വിഷയമാണ് ശരിയായ ന്യൂട്രീഷൻ എന്നുള്ളത്. കടുത്ത എക്സർസൈസ് സമ്മർദ്ദങ്ങൾക്കനുസരിച്ചുള്ള ഊർജദാനം അനിവാര്യമാണ്. എന്നാൽ കൂടുതല്‍ കായികത ആവശ്യമുള്ള ഫിസിയോളജിക്കൽ ട്രെയിനിംഗും , പോഷകാഹാരത്തിന്‍റെ  അനിവാര്യതയുടെ ഗ്രാഫുകളും തമ്മിൽ തുലനം ചെയ്യാനുള്ള അവബോധവും ഈ മേഖലയിൽ വളരെ പരിമിതമായാണ് കാണുന്നത്.

സാധാരണ ഒരു യുവാവും, അത്‌ലറ്റിക്സ് പരിശീലിക്കപ്പെടുന്ന ഒരു യുവാവും തമ്മിൽ വേർ തിരിച്ചറിയാനോ, അവരുടെ ന്യൂട്രീഷനൽ അവശ്യകതയുടെ തോതുകളെപ്പറ്റി പഠിക്കാനോ ആരും മെനക്കെടുന്നില്ല. സാധാരണ വളർച്ച, രോഗം ഇവയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പോഷകാഹാര അവശ്യകതയെ മാനകമാക്കിക്കൊണ്ടാണ് നാം അത്‌ലറ്റ് മേഖലയേയും സമീപിക്കുന്നതെന്നതാണ് സത്യം.  എന്നാൽ  സാധാരണ യുവാവും അത്‌ലറ്റ് മേഖലയിലെ യുവാവും തമ്മിൽ ഊർജവ്യയത്തിന്‍റേയും, വളർച്ചാപരമായ മെറ്റബോളിസത്തിന്‍റേയും കാര്യത്തിൽ  പ്രകടമായ അന്തരമുണ്ടെന്ന കാര്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ അത്‌ലറ്റുകളുടെ ശാരീരികമായ ആവശ്യത്തിന്  ഉചിതമായ ഒരു ഫുഡ് കോഡ് ശുപാർശചെയ്യാൻ അധികൃതർ പരാജയപ്പെടുന്നു.

ശാരീരിക വളർച്ചയുടെ മുഖ്യസ്രോതസ്സ് ആഹാരം തന്നെയാണ്. ആഹാരത്തിലെ വിവിധഘടകങ്ങൾ ശരീരത്തിന്‍റെ ആരോഗ്യത്തെ  നിയന്ത്രിക്കുന്നു. അത്‌ലറ്റുകളെയും സാധാരണ യുവാക്കളെയും താരതമ്യം  ചെയ്യുമ്പോള്‍ ഈ  ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ പ്രസക്തമായി വരുന്നു.

പ്രോട്ടീൻ

കോശങ്ങളുടെ പ്രവർത്തനത്തിനും ശാരീരിക ടിഷ്യൂകളുടെ സമന്വയത്തിലും സുപ്രധാന ഘടകമാണ് പ്രോട്ടീൻ. സാധാരണ വ്യക്തികളെക്കാൾ കൂടുതൽ  പ്രോട്ടീൻ ഭക്ഷണം അത്‌ലറ്റുകള്‍ക്ക് ആവശ്യമാണ്. ആരോഗ്യവാനായ ഒരാളുടെ  ഒരു കിലോ ശരീര പിണ്ഡത്തിന് 0.8  ഗ്രാമിനും 1.2 ഗ്രാമിനും ഇടക്ക് പ്രൊട്ടീൻ വേണമെന്നാണ് വിദഗ്ധർ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. 97 ശതമാനം ജനങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ ഈ ശുപാർശക്കനുസരിച്ചുള്ള പ്രോട്ടീൻ ആർജനം മതി.എന്നാൽ അത് ലറ്റുകൾക്ക് സാധാരണക്കാരിൽ നിന്ന് എത്രയധികം പ്രോട്ടീൻ ആ ആവശ്യമാണെന്നതിനെക്കുറിച്ച്  വിവിധ കാഴ്ചപ്പാടുകൾ ഉയർന്ന് വരുന്നുണ്ട്. സാധാരണക്കാരെക്കാൾ     രണ്ട് മടങ്ങും, മൂന്ന് മടങ്ങും പ്രോട്ടീൻ അത്‌ലറ്റുകൾക്ക് ആർജ്ജിക്കേണ്ടതുണ്ടെന്ന് അഭിപ്രായങ്ങളുയരുന്നു. എന്തായാലും ഇരട്ടിയോ, ഇരട്ടിയിലധികമോ പ്രോട്ടീൻ അത്‌ലറ്റുകൾക്കാവശ്യമെന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.   ഉചിതമായ പ്രോട്ടീൻ ആർജ്ജനവും വ്യായാമമുറകൾ കൊണ്ട്  അതിന്‍റെ ഉപയോഗവും വണ്ണ നിയന്ത്രണവുമൊക്കെ അടങ്ങിയതാണ് അത്‌ലറ്റുകളുടെ പ്രോട്ടീൻ മാനേജ്മെന്‍റ്.  കൊഴുപ്പും  (fat) കാർബോ ഹൈഡ്റേറ്റുമായും താരതമ്യം ചെയ്യുമ്പോൾ പ്രോട്ടീന് ദഹനത്തിനും ആഗിരണത്തിനുമാവശ്യമായ   കൂടുതൽ ‘താപന പ്രഭാവം’  ( thermic effect) ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുട്ടയുടെ  വെള്ളക്കരു, പാൽ ഉൽപ്പന്നങ്ങൾ  തുടങ്ങിയ പ്രോട്ടീൻ റിച്ച് ഭക്ഷണങ്ങളാണ് അത്‌ലറ്റുകൾക്ക് അഭികാമ്യമായിട്ടുള്ളത്. മുൻപ് സൂചിപ്പിച്ചത് പോലെ പ്രോട്ടീൻ സിന്തസിസ് നിലനിർത്താനായി അത്‌ലറ്റുകൾ കൂടുതൽ പ്രോട്ടീൻ കഴിക്കേണ്ടതാണ്. സ്പീഡും, കരുത്തും,  ‘കോശ സം‌യുക്ത വികാസ’വും (hypertrophy) വർദ്ധിപ്പിക്കാനും, പേശികൾ ബലവത്താക്കാനും ഇതവരെ സഹായിക്കും.

കൊഴുപ്പ്

പ്രായപൂർത്തിയാകുന്ന സമയത്ത് ശരീര പിണ്ഡത്തിന്‍റേയും അസ്ഥികൂട പിണ്ഡത്തിന്‍റേയും 50 ശതമാനം വർദ്ധനവാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാലത്ത് കൊഴുപ്പ് ഭക്ഷണത്തിന്‍റെ ആവശ്യം അധികമാണ്. കൌമാരക്കാരായ അത്‌ലറ്റുകളെ സംബന്ധിച്ച് ഇത് കൂടുതൽ പ്രധാനമായി വരുന്നു. ഡയറ്ററി ലിപ്പിഡുകൾ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയുടെ ആഗിരണത്തിന് അത്യാവശ്യമാണ്. കൊൾസ്ട്രോളിനേയും ലൈംഗിക ഹോർമോണിന്‍റേയും സുഗമമായ നിയന്ത്രണത്തിന് ഇത് സഹായിക്കും. എന്നാൽ 30 ശതമാനത്തിലധികം കൊഴുപ്പുപയോഗം അത്‌ലറ്റുകൾക്ക് അഭികാമ്യമല്ല. അമിതമായ ഭാര വർദ്ധനവിന് ഇത് കാരണമാകും. കാർഡിയോ വാസ്കുലർ രോഗങ്ങൾക്കും സാധ്യതയേറും. എന്നാൽ മീനെണ്ണപോലുള്ള കൊഴുപ്പ് ഭക്ഷണത്തിന്‍റെ ഉപയോഗം  കാർഡിയോ വാസ്കുലർ  ആരോഗ്യത്തിന് സഹായിക്കും. അത്‌ലറ്റുകൾക്ക് ഉചിതമായ കൊഴുപ്പാണ് മീനെണ്ണ.

കാർബോ ഹൈഡ്രേറ്റ്

മനുഷ്യശരീരത്തിലെ മെറ്റാബോളിസത്തിന്‍റെ ത്വരിത പ്രവർത്തനത്തിന് മുഖ്യ ഇന്ധനങ്ങളാണ് കൊഴുപ്പും കാർബോ ഹൈഡ്രേറ്റുകളും.  പരിശീലനങ്ങൾക്കിടയിൽ ഒരു മുതിർന്ന അത്‌ലറ്റിന്കി ലോഗ്രാമിന് 5 മുതൽ 12 വരെ ഗ്രാം കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ  കഴിക്കേണ്ടതുണ്ട്. പ്രായം കുറഞ്ഞ അത്‌ലറ്റുകൾ തങ്ങളുടെ ഭക്ഷണത്തിന്‍റെ  50 ശതമാനമെങ്കിലും കാർബോ ഹൈഡ്രേറ്റ് ഭക്ഷണം കഴിക്കണം. വ്യായാമത്തിന്‍റെ തീക്ഷ്ണതയനുസരിച്ച്  ഇതിന്‍റെ അളവ് കൂട്ടാം. അരി, ഗോതമ്പ്, റാഗി തുടങ്ങിയ ധാന്യങ്ങളിൽ  ധാരാളം കാർബോ ഹൈഡ്രേറ്റ് ഉണ്ട്. രക്തത്തിലെ  ഗ്ലൂക്കോസിന്‍റെ   തോത് നിലനിർത്താൻ കാർബോ ഹൈഡ്രേറ്റുകൾ അനിവാര്യമാണ്. വ്യായാമത്തിലെ ക്ഷീണമകറ്റുന്നതിൽ ഇത് സുപ്രധാനമാണ്. ശരീരത്തിലെ ഗ്ലൈക്കൊജൻ സംഭരണം വർദ്ധിപ്പിച്ച് പരിശീലനത്തെയും പ്രകടനത്തെയും ശക്തിമത്താക്കാൻ കാർബോ ഹൈഡ്രേറ്റ് വഹിക്കുന്ന പങ്ക് ചെറുതല്ല. ഗ്ലൈക്കൊജൻ ലെവൽ താണാൽ കടുത്ത ക്ഷീണമനുഭവപ്പെടുമെന്നത് തീർച്ച.  അതുകൊണ്ടുതന്നെ രക്തത്തിലെ  ഗ്ലൂക്കോസ് നിലനിർത്തുന്നത് സുപ്രധാനമാണ്. ശരീരത്തിനുമാത്രമല്ല തലച്ചോറിനും ഗ്ലൂക്കോസ് കൂടിയേ പറ്റൂ എന്നത് ഗ്ലൂക്കോസ് ദായകമായ കാർബോ ഹൈഡ്രേറ്റിന്‍റെ പ്രാധാന്യം വ്യക്തമാകുന്നു.

ജലം

പരിശീലന സമയത്തും മത്സര സമയത്തുമുള്ള  ശരീരത്തിലെ ജലത്തിന്‍റെ തോതിലുള്ള കുറവ് അത്‌ലറ്റുകൾ നേരിടുന്ന കടുത്ത പ്രശ്നമാണ്. അഡൾട്ടുകളെ അപേക്ഷിച്ച് പ്രായം കുറഞ്ഞ അത് ലറ്റുകളിൽ വിയർപ്പുവഴി ജലം പോകുന്നതിന്‍റെ തോത് കുറയും. ശരീരത്തിലെ ജലം നിലനിർത്തുന്നതിന് ഇതവരെ സഹായിക്കുമെങ്കിലും, ശരീരത്തിലെ അധിക ചൂട് പുറത്തുകളയാൻ പറ്റുന്നില്ല. അത്‌ലറ്റുകളിൽ സംഭവിക്കുന്ന ഹൈപ്പോ ഹൈഡ്രേഷൻ എന്ന ജല നഷ്ടം ‘ഫിസിയോളജിക്കൽ സ്ട്രൈന്‍‘ ഉണ്ടാക്കുന്നു.  ‘ഹീറ്റ് ഇഞ്ച്വറി‘ ക്കും കാരണമാകുന്നു. പ്ലാസ്മയുടെ വ്യാപ്തം കുറയുന്നതുവഴി കാർഡിയോവാസ്കുലർ  സ്ട്രൈനും  സംഭവിക്കും. അതുകൊണ്ടുതന്നെ അത് ലറ്റുകൾ  കൂടുതൽ വെള്ളം കുടിക്കാനും പഴവർഗങ്ങൾ പോലുള്ള  ജലാംശ ഭക്ഷണം വർദ്ധിപ്പിക്കാനും ശ്രദ്ധിക്കണം. പരിശീലിക്കുന്നവരിൽ 66 ശതമാനം അത് ലറ്റുകളും ഹൈപ്പോ ഹൈഡ്രേഷന്‍ അനുഭവിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.  ഒരു കിലോഗ്രാം ശരീര പിണ്ഡത്തിന്  5 മുതൽ 7 വരെ എം.എൽ വെള്ളം അത്‌ലറ്റുകൾ (പരിശീലനത്തിനു നാലുമണിക്കൂർ മുൻപ്) കുടിക്കണമെന്ന് ദ അമേരിക്കൻ കൊളെജ് ഓഫ് സ്പോർട്ട്സ് മെഡിസിൻ പുറപ്പെടുവിച്ച ‘പൊസിഷൻ സ്റ്റാന്‍റ് ഓൺ ന്യൂട്രീഷന്‍ ആന്‍റ്  അത്‌ലറ്റിക് പെർഫോമൻസ്’ എന്ന രേഖ ശുപാർശ ചെയ്യുന്നു.

മൈക്രോ ന്യൂട്രിയന്‍റുകൾ

വിറ്റാമിനുകളും  ധാതുക്കളും (മിനറലുകൾ) ആണ് മൈക്രോ ന്യൂട്രിയന്‍റുകൾ എന്ന വിഭാഗത്തിൽ വരുന്നത്. ശരീരത്തിന്‍റെ സാധാരണ പ്രവർത്തനങ്ങൾക്ക് ഇവ അനിവാര്യമാണ്. അനുബന്ധമായ മറ്റുൽപ്പന്നങ്ങൾ  വഴിയല്ലാതെ  ആഹാരം വഴിയാണ് ഇവ ഉള്ളിൽ ചെല്ലേണ്ടതെന്ന് അമേരിക്കൻ  ഡയറ്റിക് അസോസിയേഷൻ  ശുപാർശ ചെയ്യുന്നുണ്ട്. ഊർജാവശ്യത്തെ മുൻ നിർത്തി അത്‌ലറ്റുകൾ മറ്റുള്ളവരെക്കാൾ കൂടുതൽ മൈക്രോ ന്യൂട്രിയന്‍റുകൾ അകത്താക്കേണ്ടതാണ്.

മൈക്രോ ന്യൂട്രിയന്‍റ് അപര്യാപ്തത അത്‌ലറ്റുകളിൽ വർദ്ധിച്ച് വരുന്നതായി പഠനങ്ങൾ കാണിക്കുന്നു. പെൺ  അത്‌ലറ്റുകളിലാണ് ഈ ‘ റിസ്ക്’ കൂടുതലായി കാണുന്നത്. അയണിന്‍റേയും കാത്സ്യത്തിന്‍റേയും കുറവ് അത്‌ലറ്റുകളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചേക്കാം. ഇരുമ്പിന്‍റെ കുറവ് മൂലമുണ്ടാകുന്ന അനീമിയയാണ് അത്‌ലറ്റുകൾക്കുള്ള കടുത്ത ഭീഷണി. പ്രകടനത്തിലെ ക്രമാനുഗതമായ അപചയമാണ് ഇതിന്‍റെ ലക്ഷണം. 9 മുതൽ 13 വരെ വയസുള്ള കുട്ടികൾ പ്രതിദിനം  18 മില്ലി ഗ്രാം അയൺ കണ്ടന്‍റ്  ഭക്ഷണം കഴിക്കണം. 14 മുതൽ 18 വയസ്സ് വരെയുള്ളവർ യഥാക്രമം 11 മില്ലിഗ്രാം , 5 മില്ലിഗ്രാം കഴിക്കണം. ഇരുമ്പടങ്ങിയ റെഡ് മീറ്റ്, ബീൻസ്, പച്ചക്കറികൾ എന്നിവ ധാരാളം  കഴിച്ച് അയൺ സ്റ്റാറ്റസ് വർദ്ധിപ്പിക്കണമെന്ന് എ എം എ, എ ഡി എ പോലുള്ള  നിരവധി ആധികാരിക സംഘടനകൾ  നിർദ്ദേശിക്കുന്നു. കപ്പലണ്ടി, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ പതിവായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

ശരീരത്തിലെ സോഡിയവും പൊട്ടാസ്യവും വിയർപ്പിലൂടെ  വ്യായാമ സമയത്ത് നഷ്ടപ്പെടുകയെന്നതാണ് അത് ലറ്റുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതൊഴിവാക്കാൻ മൈക്രോ ന്യൂട്രിയന്‍റുകളടങ്ങിയ ഭക്ഷണത്തിന് ഉചിതമായ പ്രാധാന്യം നൽകിയേ പറ്റൂ.

എന്തൊരു താരന്‍ !

ശരീരത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും ചെറിയ അളവില്‍ തൊലി പൊടി രൂപത്തില്‍ പൊളിഞ്ഞു പോകാറുണ്ട്. തലയില്‍ നിന്ന് അമിതമായി തൊലി പൊളിഞ്ഞു പോകുന്നതിനെയാണു താരന്‍ എന്നു പറയുന്നത്. എന്നാല്‍ താഴെ പറയുന്നവ ഉണ്ടാകുമ്പോഴാണു താരന്‍ ഒരു വില്ലനാകുന്നത്.

  • മുടി അമിതമായി കൊഴിയുക.
  • അസഹനീയമായ ചൊറിച്ചില്‍.
  • മുഖത്തും ദേഹത്തും ഒക്കെ പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍.
  • താരന്‍ ഇറങ്ങിവരുമ്പോള്‍ ഉണ്ടാകുന്ന കണ്‍പീലികളുടേയും പുരികത്തിന്‍റേയും കൊഴിഞ്ഞു പോകല്‍.

താരന്‍റെ ശല്യം കുറയ്ക്കാന്‍ ഭക്ഷണക്രമം :

  • എണ്ണമയമുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക.
  • ചായ,കാപ്പി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
  • പഞ്ചസാര, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
  • പഴ വര്‍ഗ്ഗങ്ങള്‍,ജ്യൂസ് എന്നിവ ധാരാളമായി കഴിക്കുക.
  • പച്ചക്കറികള്‍, പയറു വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
  • വെള്ളം ധാരാളമായി കുടിക്കുക.

താരന് ഗൃഹവൈദ്യം

  • കറ്റാര്‍ വാഴ രാത്രി തേച്ചു പിടിപ്പിച്ച് രാവിലെ കഴുകിക്കളയുക.
  • ചെറു ചൂടൂള്ള എണ്ണയും നാരങ്ങാ നീരും ചേര്‍ന്ന മിശ്രിതം തലയില്‍ തേച്ചുപിടിപ്പിച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയുക.
  • രണ്ട് സ്പൂണ്‍ ചെറുപയര്‍ പൊടിയും അര കപ്പ് തൈരും ചേര്‍ത്ത് തലയില്‍ തേച്ച് അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.
  • കഞ്ഞിവെള്ളം കൊണ്ട് തല കഴുകുക.
  • കുറുന്തോട്ടി താളി ഉപയോഗിച്ച് തല കഴുകുക.

ഇത് കൂടാതെ നമ്മള്‍ ഉപയോഗിക്കുന്ന ചീര്‍പ്പ്, തോര്‍ത്ത്, തലയിണയുടെ കവര്‍, ബെഡ് ഷീറ്റ് എന്നിവ ഇടക്കിടക്ക് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. സൂക്ഷിക്കുക.

കടപ്പാട്-http:channellife.in/category

അവസാനം പരിഷ്കരിച്ചത് : 5/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate