ഹെന്റി റോബര്‍ട്സിന്റെയും എഡ്ന വില്‍ഷര്‍ റോബര്‍ട്സിന്റൈയും മകനായി ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബര്‍ 13നാണ് റോബര്‍ട്സ് ജനിച്ചത്. അച്ഛന് ജോലി സൈന്യത്തിലായിരുന്നു. ഇദ്ദേഹത്തിന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട കൂടി സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കുഞ്ഞു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തി കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ന്യൂറോ സര്ജന് റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു. മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചത് ഈ സര്‍ജനാണ്. അങ്ങനെ എന്‍ജിനീയറിംഗ് ബിരുദം സമ്പാദിക്കുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖ തിരഞ്ഞെടുത്തു. പഠനത്തിനിടെ ജോന് ക്ളാര്‍ക്കിനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്തു. റോബര്‍ട്സിന് രണ്ടു ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
യു. എസ് എയര്‍ഫോഴ്സിലും ഹെന്റി റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തിരുന്നു. അവിടുത്തെ ട്രെയ്നിംഗിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നെയും പലവിധ പ്രോജക്ടുകള്‍ക്കു വേണ്ടിയും കഷ്ടപ്പെട്ടു. ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയും റോബര്‍ട്സ് ഉണ്ടാക്കി. 1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലും ജോലി നോക്കി. അതില്പിന്നെയാണ് 71ല്‍ മിറ്റ്സ് സ്ഥാപിക്കുന്നത്.
മിറ്റ്സും മൈക്രോസോഫ്റ്റും
ഇന്നത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. ഇവിടെയാണ് സോഫ്റ്റ്വെയര്‍രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കാര്യത്തില്‍ ഹെന്റി എഡ്വേര്‍ഡ് നല്കിയ പ്രത്യേക പരിഗണനകള്‍ മൈക്രോസോഫ്റ്റ് ചിന്തകളെ ശക്തിപ്പെടുത്തുന്നതരത്തിലായിരുന്നു
1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അവര്‍ദയഴ 8800) എന്ന ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം - മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയ്ര്‍. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര് സൂചിപ്പിച്ചിരുന്നു. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് റോബര്‍ട്ട്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന് അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്റര്‍പ്രട്ടറിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര് വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയും ചെയ്തു. ഇന്റര്‍പ്രട്ടര്‍ 'ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഗേറ്റ്സ്.
രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് മൈക്രോ-സോഫ്റ്റ് (Micro-soft) എന്ന സ്വന്തം കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ ഘയനഴസറസബര്‍ പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി മൈക്രോസോഫ്റ്റ് (Microsoft) ആയിമാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഒരു പുതിയ ജാലകം തുറക്കുന്നു
ഈ ജാലകം (windows) ഇവിടെ അടയുന്നു; മറ്റൊരു പൂമുഖത്ത് തുറക്കാനായി. ലോകത്തെ കംപ്യൂട്ടിംഗ് രീതികളെ മാറ്റിമറിച്ച ബില്‍ഗേറ്റ്സ് ഒടുവില്‍ ഔദ്യോഗികജീവിതത്തിന്റെ ഗേറ്റ് കടന്നു. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളും നിലവില്‍ ചെയര്‍മാനുമായിരുന്ന ബില്‍ഗേറ്റ്സ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നത് നാം കൌതുകത്തോടെ കണ്ടതാണ്. ഈ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തു നിന്നുമാണ് ജൂണ്‍ 27ന് അദ്ദേഹം വിടപറഞ്ഞത്. മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (MS-DOS) എന്ന ജാലകത്തിലൂടെ കംപ്യൂട്ടര്‍ ലോകത്തിലേക്ക് കാലെടുത്തുവച്ച ബില്‍ഗേറ്റ്സ് മാറ്റിമറിച്ചത് ലോകചരിത്രം തന്നെയാണ്. ഗൂഗിള്‍, ആപ്പിള്‍, യാഹൂ തുടങ്ങിയ വമ്പന്മാര് ബിസിനസ്സ് രംഗത്ത് മൈക്രോസോഫ്റ്റിനെതിരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലാണ് നേതൃസ്ഥാനം അലങ്കരിച്ചിരുന്ന മൈക്രോസോഫ്റ്റ് മേധാവിയുടെ പടിയിറക്കം. ബില്‍ ഗേറ്റ്സ് ഇല്ലാത്തൊരു മൈക്രോസോഫ്റ്റ് എന്നത് ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്ന് ഒരു രസികന്‍. തന്റെ 52-ാമത്തെ വയസ്സില്‍ താന്‍ നിര്‍മ്മിച്ച ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബില്‍ഗേറ്റ്സിന് യാതൊരു കുലക്കവുമില്ല. പടിയിറങ്ങി എത്തുന്നത് മറ്റെവിടേക്കെങ്ങുമല്ല, സേവനത്തിന്റെ മറ്റൊരു മുഖത്തേക്കാണ്, ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന് എന്ന ജീവകാരുണ്യ സംഘടനയുടെ അമരക്കാരനായി. ഇതോടെ വിവര വിനിമയ സാങ്കേതികവിദ്യാ മേഖലയില്‍ ഒരു യുഗത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്- ഇതോടെ ബില്‍ഗേറ്റ്സ് യുഗം അവസാനിച്ചു.
മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും ഓരോ വീട്ടിലും ഓരോ കംപ്യൂട്ടര്‍. അതില്‍ ഉപയോഗിക്കുന്നതാവട്ടെ മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകളും. അതായിരുന്നു ബില്‍ഗേറ്റ്സിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ച ചെറുപ്പക്കാരന് കംപ്യൂട്ടറിനല്ല, സോഫ്റ്റ്വെയറിലാണ് മികച്ച ഭാവി എന്ന കാര്യവും മുന്‍കൂട്ടി കണ്ടിരുന്നു. തങ്ങളുടെ എതിരാളികളേക്കാള്‍ സാങ്കേതികവിദ്യയുടെ ഭാവി അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നു എന്നതിനുള്ള തെളിവാണ് വിന്‍ഡോസ്. സാങ്കേതികജ്ഞാനത്തില്‍ മുന്നിട്ടുനിന്ന ഗേറ്റ്സ് ഒരു ബിരുദധാരിപോലുമായിരുന്നില്ല. എന്നിരുന്നിട്ടും സ്വന്തം പരിശ്രമത്താല്‍ ലോകധനാഢ്യരില്‍ ഒരാളായി തീരാന്‍ ഗേറ്റ്സിന് കഴിഞ്ഞുവെന്നത് യഥാര്‍ത്ഥ്യമാണ്. തന്റെ കഴിവ് മനസ്സിലാക്കി കൃത്യമായ സമയത്ത് വളരെ കണിശതയോടെ പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ടുനീങ്ങിയ ഈ യുവാവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്റ്റിനെ പിന്നിലാക്കാന്‍ ഇന്ന് പലരും വിപണിയില്‍ വന്നുകഴിഞ്ഞു. ഇതില്‍ മുന്നിട്ടുനിന്ന ഗൂഗിളിനെ തടയിടാന്‍ മൈക്രോസോഫ്റ്റ് തുനിഞ്ഞതുമാണ്. ഇക്കാര്യത്തില്‍ യാഹൂവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ തുരത്താനായിരുന്നു പരിപാടി. പക്ഷേ, യാഹൂ അധികാരികള്‍ മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം സ്വീകരിച്ചില്ല. ഓഹരികള്‍ക്ക് മൈക്രോസോഫ്റ്റ് കല്പിച്ച വില കുറഞ്ഞുപോയെന്നായിരുന്നു യാഹുവിന്റെ പ്രതികരണം. എന്നാല്‍ പരസ്യം പോലെയുള്ള പോലെയുള്ള മേഖലകളില്‍ ഗൂഗിള്‍ - യാഹൂ സംയുക്ത കരാറുകള്‍ നിലവില്‍വന്നത് മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക സ്ഥാപനങ്ങള്‍ക്ക് വലിയൊരടിയാണ്.
ബില്‍ഗേറ്റ്സ് ചരിതം
വില്യം ഹെന്റി ഗേറ്റ്സ് III എന്ന ബില്‍ഗേറ്റ്സ് 1955 ഒക്ടോബര്‍ 28ന് അമേരിക്കയിലെ സിയാറ്റിലില്‍ ജനിച്ചു. അറ്റോര്‍ണിയായ വില്യം എച്ച്. ഗേറ്റ്സ് സീനിയറിന്റെയും മേരി മാക്സ്വെല് ഗേറ്റ്സിന്റെയും മൂന്നു മക്കളില്‍ ഏക ആണ്‍തരി ആയിരുന്നു ബില്‍ഗേറ്റ്സ്. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച ഗേറ്റ്സിന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നു. കൂടാതെ ചില ധര്‍മ്മസ്ഥാപനങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. തന്റെ രണ്ട് സഹോദരിമാരായ ക്രിസ്റ്റി, ലിബി എന്നിവരോടൊപ്പം ചിരിച്ചുകളിച്ചുവളര്‍ന്ന ബില്‍ഗേറ്റ്സിനെ നിയമത്തിന്റെ വഴിയില്‍ ഒരു മിടുക്കനായി തീര്‍ക്കാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. പക്ഷേ, ബില്‍ഗേറ്റ്സ് ആ വഴി ഉപേക്ഷിച്ചു, പകരം മറ്റൊന്ന് തിരഞ്ഞെടുത്തു; കംപ്യൂട്ടറുകളുടേത്. 1994 ജനുവരി ഒന്ന്. അന്നായിരുന്നു ബില്‍ഗേറ്റ്സ് - മെലിന്‍ഡ വിവാഹം. ഡള്ളാസില്‍ നിന്നുള്ള ഈ സുന്ദരി മൈക്രോസോഫ്റ്റില്‍ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് ബില്‍ഗേറ്റ്സിന്റെ ജീവിതത്തിലേക്ക് പ്രൊമോഷന് കിട്ടിയത്. ഇവര്‍ക്ക് മൂന്ന് മക്കള്‍. ജെന്നിഫര്‍ കാത്റിന് ഗേറ്റ്സ്(12), റോറി ജോണ്‍ ഗേറ്റ്സ്(9), ഫെബി ആഡ്ലേ ഗേറ്റ്സ്(6).മൈക്രോസോഫ്റ്റിന്റെ പ്രോഡക്ട് മാനേജരായിരുന്ന മെലിന്‍ഡ ഫ്രെഞ്ചിനെ വിവാഹം ചെയ്ത ഗേറ്റ്സ് ഭവനത്തിലും രാജകീയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2006 കണക്കനുസരിച്ച് 125 മില്യണ്‍ ഡോളറാണ് വീടും പുരയിടത്തിനും രേഖപ്പെടുത്തിയിട്ടുളളത്. ഇതിന് ഏകദേശം 10 ലക്ഷത്തോളം ഡോളര്‍ ഒരു വര്‍ഷം നികുതി അടയ്ക്കുകയും ചെയ്യുന്നു. സ്വപ്രയത്നത്താല്‍ കോടീശ്വരനായി മാറിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ബില്‍ഗേറ്റ്സിന് സ്വന്തം. പിന്നെ 2007 വരെ ലോകത്തെ അതിസമ്പന്നന് എന്ന പദവിയും നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ സമ്പത്തില്‍ മൂന്നാം സ്ഥാനമാണ്. കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ബില്‍ഗേറ്റ്സിന്റെ ആസ്തി 5,800 കോടി ഡോളറാണ് ഇപ്പോള്‍. ഒരു കാലത്ത് ഇത് 10,000 കോടി ഡോളര്‍ കവിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് എന്ന ബഹുമതി കുറേക്കാലം നിലനിര്‍ത്തിയ ബില്‍ഗേറ്റ്സിന് പണം ഒരിക്കലും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നില്ല. തന്റെ ജീവിത വിജയത്തിന്റെ അളവുകോലായി മാത്രമേ പണത്തിനെ അദ്ദേഹം കണ്ടിരുന്നുള്ളൂ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സ്ഥാനം നേരത്തെ തന്നെ സഹപ്രവര്ത്തകന് സ്റ്റീവ് ബാമര്‍ക്ക് കൈമാറിയിരുന്നു. മൈക്രോസോഫ്റ്റില്‍ നിന്ന് ചുരുങ്ങിയകാലത്തിനുള്ളില്‍ വിരമിക്കുമെന്ന് 2006ല്‍ ബില്‍ സൂചന നല്‍കിയിരുന്നു. കമ്പനി ചെയര്മാന് സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി ബില്‍ഗേറ്റ്സ് മാറിയെങ്കിലും പാര്‍ട്ട്ടൈം ചെയര്‍മാനായി ബോര്‍ഡ് യോഗങ്ങളില്‍ ഗേറ്റ്സ് പങ്കെടുക്കും. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകില്ലെങ്കിലും പ്രത്യേക പദ്ധതികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് അദ്ദേഹം മുന്നിലുണ്ടാവും.
Business at the speed of thought, The Road Ahead എന്നീ പുസ്തകങ്ങള്‍ ബില്‍ഗേറ്റ്സ് രചിച്ചിട്ടുണ്ട്. അറിവിനെ ഒരാള്‍ എങ്ങനെ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതിനെ അധികരിച്ചായിരിക്കും അയാളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് എന്ന് കരുതുന്ന ബില്‍ഗേറ്റ്സ് മികച്ച ആശയങ്ങളാണ് ബുക്കിലൂടെ യുവമനസ്സുകളുമായി പങ്കുവയ്ക്കുന്നത്. ഇംഗ്ളണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ 2005 മാര്‍ച്ച് രണ്ടിന് നടന്ന ഒരു ചടങ്ങില്‍ വച്ച് എലിസബത്ത് രാജ്ഞി, ബില്‍ഗേറ്റ്സിന് 'സര്' എന്ന പദവി നല്കി ആദരിച്ചു. ബിസിനസ്സ് മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും ആഗോളതലത്തില്‍ ആരോഗ്യകാര്യത്തില്‍ ഫൌണ്ടേഷന് വഴിയും മറ്റും നല്കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു ഇത്. ഇരുപതാംനൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ടൈം മാഗസിന് ബില്‍ഗേറ്റ്സിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നിരവധി വര്‍ഷങ്ങളില്‍ വിവിധ മാഗസിനുകള്‍ അതത് വര്‍ഷത്തെ മികച്ച വ്യക്തിയായും ബില്‍ഗേറ്റ്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ സാധിച്ചില്ലെങ്കിലും 2007 ജൂണ്‍ മാസം അവര്‍ ബില്‍ഗേറ്റ്സിനെ ഓണററി ബിരുദം സമ്മാനിച്ച് ആദരിച്ചിരുന്നു. ഇതിനു പുറമെ മറ്റ് രാജ്യങ്ങളിലേതടക്കം നിരവധി യൂണിവേഴ്സിറ്റികളും ബില്‍ഗേറ്റ്സിന് ഹോണററി ബിരുദങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റ്
ലോകത്തിലെ ഏറ്റവും മികച്ച വിവര സാങ്കേതികവിദ്യാ കമ്പനികളില്‍ ഒന്നാണ് അമേരിക്കയിലെ റെണ്ട്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ്. വില്യം ഹെന്റി ഗേറ്റ്സ് III എന്ന ബില്‍ഗേറ്റ്സും കൂട്ടുകാരന് പോള്‍ അലനും ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് എന്ന കമ്പനിക്ക് വിത്തുപാകിയത്. കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട ഈ സ്ഥാപനം ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര് കമ്പനിയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ അപ്ളിക്കേഷന്‍ പ്രോഗ്രാമുകള്‍, സുരക്ഷാ പ്രോഗ്രാമുകള്‍, ഡാറ്റാബേസ്, കംപ്യൂട്ടര്‍ ഗെയിം തുടങ്ങിയ നിരവധി മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ ഈ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. വിന്‍ഡോസ് എന്ന പരമ്പരയില്‍പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഓഫീസ് ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്കി നിര്‍മ്മിച്ചിട്ടുള്ള ഓഫീസ് സോഫ്റ്റ്വെയര് സഞ്ചയവുമാണ് ഈ കമ്പനിയുടെ നേട്ടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍. 102 രാജ്യങ്ങളിലായി പരന്നു കിടന്നുകിടക്കുന്ന ഈ സ്ഥാപനത്തില്‍ ഇന്ന് 90,000 ത്തോളം പേര് ജോലി ചെയ്യുന്നുണ്ട്. സ്റ്റീവ് ബാമര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ വര്‍ഷത്തെ വിറ്റുവരവ് 6000 കോടി ഡോളര്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടര്‍രംഗത്തെ കുത്തക നിലനിര്‍ത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയര് സംരംഭങ്ങളും അതുപോലെ ഗൂഗിള്‍ പോലെയുള്ള വമ്പന്മാരുടെ വളര്‍ച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ്
മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പൊതുവെ അറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്നാണ്. എല്ലാ പതിപ്പുകള്‍ക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും വിന്‍ഡോസ് അധിഷ്ഠിത സോഫ്റ്റ്വെയറുകളില് വിജയംവരിച്ചതാണ് കമ്പനിയുടെ പ്രോഡക്ടുകള്‍ക്ക് ഇങ്ങനെ ഒരു പൊതുപേര് നേടിക്കൊടുത്തത്. 1985 നവംബര്‍ മാസത്തിലാണ് കമ്പനി ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള വിന്‍ഡോസ് 1.0 വേര്‍ഷന്‍ പുറത്തിറക്കുന്നത്. എം. എസ്. ഡോസില്‍ ഉപയോഗിച്ചിരുന്ന കാരക്ടര്‍ യൂസര്‍ ഇന്റര്‍ഫേസിനു പകരം കംപ്യൂട്ടറിനുള്ള നിര്‍ദ്ദേശങ്ങള്‍ ചിത്രരൂപത്തില്‍ (ഐക്കണുകള്‍) നല്കി കംപ്യൂട്ടറിന്റെ ഉപയോഗരീതി എളുപ്പമാക്കി എന്നുള്ളതാണ് വിന്‍ഡോസിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകരണം ലഭിച്ച വിന്‍ഡോസിന്റെ ആദ്യപതിപ്പിനു ശേഷം വിന്‍ഡോസ് 3.1, വിന്‍ഡോസ് 95, വിന്‍ഡോസ് 98, വിന്‍ഡോസ് എന്‍.ടി, വിന്‍ഡോസ് 2000, വിന്‍ഡോസ് മില്ലേനിയം, വിന്‍ഡോസ് എക്സ്.പി, വിന്‍ഡോസ് വിസ്ത എന്നീ പേരുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. വിപണിയില്‍ വിജയം ഉറപ്പിച്ചതിനെത്തുടര്‍ന്നുണ്ട് മൈക്രോസോഫ്റ്റിന് പല പ്രശ്നങ്ങളുമുണ്ടായി. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചെന്നാരോപിച്ച് അമേരിക്കന്‍ ഗവണ്മെന്റ് മൈക്രോസോഫ്റ്റിനെതിരായി അന്വേഷണം നടത്തിയിട്ടുണ്ട്. വിപണിയില്‍ മൈക്രോസോഫ്റ്റിനുള്ള സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നും നടത്തിയിട്ടില്ലെന്ന ഗേറ്റ്സിന്റെ നിലപാട് അംഗീകരിക്കാന്‍ നീതിപീഠം തയ്യാറായിരുന്നില്ല. അതുകൊണ്ട് വലിപ്പവും കുത്തകസ്വഭാവവും കണക്കിലെടുത്ത് കമ്പനിയെ രണ്ടായി പകുക്കാനുള്ള ശ്രമംവരെയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയര് പ്രേമികള്‍ ഏറ്റവും മനുഷ്യനെ ദുഷ്പേര് കൂടി ബില്‍ഗേറ്റ്സിനുണ്ട്. അതുകൊണ്ടുതന്നെ ഐ.ടി. മേഖലയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുണ്ടാവുക സ്വാഭാവികവും. ഇതിനിടെ വിന്‍ഡോസ് എക്സ് പി വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണനം കമ്പനി നിര്‍ത്തലാക്കി. എങ്കിലും 2014 ഏപ്രില്‍ വരെ വിന്‍ഡോസ് എക്സ്.പി യ്ക്കുള്ള സാങ്കേതികസഹായം തുടരാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് വിസ്റ്റ. ലോംഗ്ഹോണ്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്ന വിസ്ത 2007 ജനുവരി 30നാണ് കമ്പനി പുറത്തിറക്കിയത്. ഇതിന്റെ ആദ്യ പതിപ്പ് ഹിന്ദിയടക്കമുള്ള 18 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. കംപ്യൂട്ടറുകള്‍ക്ക് മികച്ച സാങ്കേതികമികവുണ്ടെങ്കിലേ വിന്‍ഡോസ് വിസ്ത ഉപയോഗിക്കുന്നതില്‍ കാര്യമുള്ളൂ എന്ന് നില വന്നതോടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പഴയതുപോലെ മാര്‍ക്കറ്റില്‍ കാര്യമായ ചലനമുളവാക്കാന്‍ സാധിച്ചിട്ടില്ല. ഈയൊരു പ്രതിസന്ധിയെ മറികടക്കാന്‍ 2010 ഓടെ വിന്‍ഡോസ് 7 എന്ന പേരില്‍ പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ടച്ച് സ്ക്രീന്‍ സാങ്കേതികവിദ്യയുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ ഇന്നത്തെ മൌസ് അന്ന് വിസ്മൃതിയിലായേക്കും.
ബില്‍ഗേറ്റ്സ് പുറത്ത്!
ബില്‍ഗേറ്റ്സിന്റെ പതിമൂന്നാം വയസ്സിലാണ് കംപ്യൂട്ടര്‍ഭ്രമം തലയ്ക്കുപിടിക്കുന്നത്. ലെയ്ക്ക്സൈഡ് സ്കൂളിലെ ഒരു കംപ്യൂട്ടറിലായിരുന്നു ബില്‍ഗേറ്റ്സിന്റെ തുടക്കം. ഗണിതത്തില്‍ മിടുക്കുകാട്ടിയിരുന്ന ബില്‍ഗേറ്റ്സ് കംപ്യൂട്ടര്‍ഗെയിമിനു വേണ്ടിയുള്ള പ്രോഗ്രാം എഴുതിക്കൊണ്ടായിരുന്നു അരങ്ങേറിയത്. ഇതിലൂടെ കംപ്യൂട്ടറുമായി ചങ്ങാത്തം ഊട്ടിയുറപ്പിച്ച ഗേറ്റ്സ് പിന്നീട് മറ്റ് പല സ്ഥലങ്ങളിലും പോയി തന്റെ മിടുക്ക് പരിശോധിക്കാന്‍ തുടങ്ങി. കൂട്ടുകാരോടൊപ്പം പല സ്ഥലങ്ങളിലും കംപ്യൂട്ടര്‍ പഠിക്കാനും മറ്റും കറങ്ങിത്തിരിഞ്ഞു നടന്ന ബില്‍ഗേറ്റ്സിനും സംഘത്തിനും ഒരു ദിവസം 'പണി' കിട്ടി. കംപ്യൂട്ടര്‍ സെന്റര്‍ കോര്‍പ്പറേഷന്റെ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനായി ഒരുദിവസം ഓഫീസിലെത്തിയ ബില്‍ഗേറ്റ്സിനെയും മൂന്ന് കൂട്ടുകാരെയും കോര്പ്പറേഷന് അധികൃതര്‍ പുറത്താക്കി. എന്തിനെന്നല്ലേ? സമയംക്രമം വച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സംവിധാനമായിരുന്നു കോര്‍പ്പറേഷനിലേത്. ഈ സമയക്രമത്തെ മറികടക്കുന്നതിനായി അവിടെയുള്ള കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു ബഗിനെ പ്രവര്‍ത്തനക്ഷമമാക്കിയതിന്. ഓസിന് കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശ്രമം നടത്തിയതിന് പോള്‍ അലന് അടക്കം മറ്റ് കൂട്ടുകാരും പുറത്ത്. പിന്നീട് ഈ നാല്‍വര്‍ സംഘം തന്നെ ഡിബഗിംഗിലൂടെ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി. അതിനിടെയാണ് ഈ കുട്ടിസംഘത്തിന് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഇന്‍കോര്‍പ്പറേഷനില്‍ നിന്ന് മറ്റൊരു വാഗ്ദാനം ലഭിക്കുന്നത്. കോബോള് ഭാഷയില്‍ പേറോള്‍ (Payroll) പ്രോഗ്രാം തയ്യാറാക്കുന്നതിനാണിത്. സമയപരിധി നോക്കാതെ അവിടെയുള്ള കംപ്യൂട്ടര്‍ ഉപയോഗിക്കാം പിന്നെ റോയല്‍റ്റിയും - അതായിരുന്നു കുട്ടിസംഘത്തിനുള്ള കോര്‍പ്പറേഷന്റെ പ്രതിഫല വാഗ്ദാനം. ഇത്തരം പ്രോഗ്രാമിംഗ് ശേഷികളെല്ലാം തിരിച്ചറിഞ്ഞ ബില്‍ഗേറ്റ്സിന്റെ സ്കൂള്‍ അധികാരികള്‍ മറ്റൊരു ജോലി കൂടി ഇവനെ ഏല്‍പ്പിച്ചു. വിവിധ ക്ളാസ്സുകളിലായി കുട്ടികളെ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കാന്‍. ഈ പ്രോഗ്രാമില്‍ ഒരു കുസൃതി ഒപ്പിച്ചുകൊണ്ടാണ് ഗേറ്റ്സ് തുടങ്ങിയത്. പെണ്‍കുട്ടികള്‍ കൂടുതലുള്ള ക്ളാസ്സില്‍ തനിക്ക് സ്ഥാനം ലഭിക്കുന്ന വിധത്തിലുള്ള ഒരു പ്രോഗ്രാം, അങ്ങനെ യൊരു പ്രോഗ്രാമാണ് ഗേറ്റ്സ് തയ്യാറാക്കിയത്! തന്റെ പതിനേഴാമത്തെ വയസ്സില്‍ പോള്‍ അലന്, പോള്‍ ഗില്‍ബര്‍ട്ട് എന്നീ കൂട്ടുകാരോടൊപ്പം ചേര്‍ന്ന്
Traf-O-Data എന്ന പേരില്‍ ഒരു സംരംഭം ഉണ്ടാക്കി. ഇന്റലിന്റെ 8008 മൈക്രോപ്രോസര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച കംപ്യൂട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രാഫിക് കൌണ്ടര്‍ ആയിരുന്നു ഇത്. റോഡ് വഴിയുള്ള ഗതാഗതം സംബന്ധിച്ച് ട്രാഫിക് എന്‍ജിനീയര്‍മാര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനമായിരുന്നു ഇത്. അങ്ങനെ ആദ്യ വര്‍ഷം 20,000 അമേരിക്കന്‍ ഡോളര്‍ വരുമാനം ഈ പിള്ളേര് സംഘം സ്വന്തമാക്കി. 1973ല്‍ ലെയ്ക്സൈഡ് (Lakeside) സ്കൂളില്‍ നിന്ന് പാസ്സായി പുറത്തുകടന്നു. പിന്നെ ബിരുദം സമ്പാദനത്തിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടി. പക്ഷേ, ഈ മോഹം പൂവണിയിക്കാന്‍ ബില്‍ഗേറ്റ്സിന് അവിടെ നില്ക്കാനായില്ല. അതിനിടെയായിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ ജനനം. മൈക്രോസോഫ്റ്റിലേക്ക് ചേക്കേറിയ പലരെയും കണ്ടുമുട്ടിയത് ഇവിടെ വച്ചായിരുന്നു. മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സ്റ്റീവ് ബാമര്‍ അവരിലൊരാളാണ്.
സോഫ്റ്റ്വെയറിന്റെ ഭാവി
ഇന്റല്‍ കമ്പനി അവരുടെ 8080 മൈക്രോപ്രോസസര്‍ പുറത്തിറക്കിയ കാലം. 200 ഡോളറില്‍ താഴെ വിലവരുന്ന ഈ ചിപ്പ് ഉപയോഗിച്ച് സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന വിധത്തില്‍ കംപ്യൂട്ടറുകളുണ്ടാക്കാമെന്ന് ബില്‍ഗേറ്റ്സ് അന്നേ കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചെറിയ മുതല്‍ മുടക്കില്‍ കംപ്യൂട്ടര്‍ ലഭ്യമാവുമ്പോള്‍ അതിനുവേണ്ട സോഫ്റ്റ്വെയറും വേണമല്ലോ? ഈയൊരു വിടവ് നികത്താന്‍ ബില്‍ഗേറ്റ്സ് തന്റെ സ്വതസിദ്ധമായ ബിസിനസ് ബുദ്ധി പുറത്തെടുത്തു. സാഹചര്യം മുതലാക്കാന്‍ അന്ന് തുടങ്ങിയതാണ് മൈക്രോ-സോഫ്റ്റ് എന്ന കമ്പനി.
തുടക്കം മൈക്രോ-സോഫ്റ്റിലൂടെ
ചെറുപ്പത്തിലേ ഉള്ള കളിക്കൂട്ടുകാരന് പോള്‍ അലനുമൊന്നിച്ചാണ് മൈക്രോ-സോഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് മൈക്രോ-സോഫ്റ്റ് എന്നതിലെ ഹൈഫന് എടുത്തുകളയും ഇന്നത്തെ രൂപത്തിലുള്ള മൈക്രോസോഫ്റ്റ് ആയി മാറുകയും ചെയ്തു. നിയമകാര്യ വഴിയിലേക്ക് ഗേറ്റ്സിനെ മാറ്റാന്‍ കൊതിച്ചിരുന്ന അച്ഛന് കംപ്യൂട്ടര്‍ മേഖലയിലേക്കുള്ള ഗേറ്റ്സിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തിയില്ല, മാത്രമല്ല പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിന് ബില്‍ഗേറ്റ്സിന് ഏറെ ആത്മവിശ്വാസം നല്കി. 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ വന്ന ഒരു ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അല്ടിര്‍ 8800) എന്ന കംപ്യൂട്ടറിനെക്കുറിച്ചായിരുന്നു അത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം (MITS) -മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയര്‍. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ് റോബര്‍ട്ട്, ഡെമോ വേര്‍ഷന്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബില്‍ഗേറ്റ്സും കൂട്ടുകാരും അതില്‍ വിജയം കണ്ടു. ഇത് ആള്‍ടെയര്‍ ബേസിക് എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു. പോള്‍ അലന് എന്ന കൂട്ടുകാരന് മിറ്റ്സ് ജോലി കൊടുത്തു. പതുക്കെ ബില്‍ഗേറ്റ്സും കൂടെക്കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ നമ്മുടെ ഗേറ്റ്സ്.
മൈക്രോസോഫ്റ്റ് പിറക്കുന്നു
ജോലിയും പഠിത്തവും ഒന്നിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ എത്തി. പിന്നീടാണ് കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച പാര്‍ട്ണര്‍ഷിപ്പിന് പോള്‍ അലനും ബില്‍ഗേറ്റ്സും തുടക്കം കുറിക്കുന്നത്. ഇതിന് ഘയനഴസറസബര്‍ എന്ന പേരാണ് ആദ്യം നല്‍കിയത്. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന പേരില്‍ നിന്ന് ഹൈഫന് എടുത്തുകളഞ്ഞു. അത് മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റിന്റെ ബേസിക് ആള്‍ടെയറിന് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ബേസിക്, കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലാകാന്‍ തുടങ്ങി. ഇതിന്റെ ചുടവുപിടിച്ച് വ്യാജകോപ്പികളും ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ 1976 ഫെബ്രുവരിയില്‍ ഒരു ന്യൂസ്ലെറ്ററില്‍ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ഉന്നത ഗുണനിലവാരമുള്ള സോഫ്റ്റ്വെയറുകള് ഉണ്ടാക്കാനോ വിതരണം ചെയ്യാനോ സംരക്ഷിക്കാനോ ഇനി മിറ്റ്സ് തയ്യാറല്ല. ഇനി അങ്ങനെ വേണമെന്നുണ്ടെങ്കില്‍ പണം നല്‍കിയേ മതിയാകൂ - ഇതായിരുന്നു ഈ കത്തിന്റെ രത്നച്ചുരുക്കം. സോഫ്റ്റ്വെയറിന്റെ ഭാവി ബില്‍ഗേറ്റ്സിന്റെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരുന്ന സമയമായിരുന്നു അത്.
സ്വന്തം കാലിലേക്ക്
1976 അവസാനത്തോടെ മൈക്രോസോഫ്റ്റ് മിറ്റ്സുമായുള്ള വേര്‍പിരിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തു. വിവിധ സിസ്റ്റങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം സോഫ്റ്റ്വെയറുകള് തയ്യാറാക്കി മുന്നേറിയ മൈക്രോസോഫ്റ്റ് 1979ലെ പുതുവത്സരദിനത്തില്‍ കമ്പനിയുടെ ഓഫീസ് അല്‍ബുക്കര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പറിച്ചുനട്ടു. മൈക്രോസോഫ്റ്റില്‍ ഉണ്ടാക്കുന്ന സോഫ്റ്റ്വെയറുകളുടെ എല്ലാ കോഡുകളും വരിതെറ്റാതെ ആദ്യത്തെ അഞ്ചുവര്‍ഷം പരിശോധിച്ച ബില്‍ഗേറ്റ്സിന് പിന്നീട് തിരക്കിന്റെ നാളുകളായിരുന്നു.
ഐ.ബി.എമ്മിന്റെ മഠയത്തരം
1980കളില്‍ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് അനുയോജ്യമായ ബേസിക് ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കുവാന്‍ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളില്‍ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടര്‍ന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുനല്‍കാനായി ബില്‍ഗേറ്റ്സിന്റെ മുന്നിലെത്തി. എന്നാല്‍ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കളായ ഡിജിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതര്‍ ഡിജിറ്റല്‍ റിസര്‍ച്ചുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ലൈസന്‍സിംഗ് സംബന്ധമായ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവളത്തിലെത്തി. പിന്നീടുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുകൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റില്‍ കംപ്യൂട്ടര്‍ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഇന്റല്‍ 8086 ചിപ്പ് അധിഷ്ഠിത കംപ്യൂട്ടറുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതായിരുന്നു. മൈക്രോസോഫ്റ്റ് സിയാറ്റില്‍ കംപ്യൂട്ടര്‍ പ്രോഡക്ടുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്തുകയും തുടര്‍ന്ന് അതിന്റെ അവകാശം വളരെ വിദഗ്ദ്ധമായി ബില്‍ഗേറ്റ്സ് കൈക്കലാക്കുകയും ചെയ്തു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി PC DOS എന്ന പേരില്‍ ഐ.ബി. എമ്മിന് നല്കി. 80,000 ഡോളറിനായിരുന്നു ഈ വില്പന. സൂത്രശാലിയായ ബില്‍ഗേറ്റ്സ് ഒരു നിബന്ധന കൂടി ഇതോടൊപ്പം ഐ.ബി. എമ്മിന്റെ മുന്നില്‍വച്ചു- PC ഡോസ്പകര്‍പ്പവകാശം മൈക്രോസോഫ്റ്റിന് മാത്രം എന്നത്. കംപ്യൂട്ടര്‍രംഗത്തെ ഭീമന്മാരായിരുന്നു ഐ.ബി.എമ്മിന് ഈ അവകാശം നല്‍കുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ല. ഐ.ബി.എം കരുതിയത് സോഫ്റ്റ്വെയര് രംഗത്ത് വെറും ശിശുവായിരുന്ന മൈക്രോസോഫ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുക്കുന്നതു വഴി തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതായിരുന്നു. കൂടുതല്‍ കംപ്യൂട്ടറുകള്‍ വില്‍ക്കുന്നതിലൂടെ തങ്ങള്‍ക്ക് വരുമാനം കൂട്ടണമെന്ന ചിന്ത മാത്രമേ അന്ന് ഐ.ബി. എമ്മിന് ഉണ്ടായിരുന്നുള്ളൂ. അമ്പതിനായിരം ഡോളര്‍ ഫീസ് നല്‍കിയാണ് മൈക്രോസോഫ്റ്റ് സിയാറ്റില്‍ കംപ്യൂട്ടേഴ്സില്‍ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങിയത്. അത് മറിച്ചുവിറ്റത് 30,000 ഡോളര്‍ ലാഭത്തില്‍. മാത്രമല്ല പകര്‍പ്പവകാശം സ്വന്തം കീശയില്‍ ഭദ്രമാക്കി വച്ചുകൊണ്ട്. ഈ സോഫ്റ്റ്വെയറാണ്
MS DOS എന്ന പേരില്‍ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മള് അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടര്‍ലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാന്‍.
മൈക്രോസോഫ്റ്റും ഇന്ത്യയും
ഐ.ടി. രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരോട് ബില്‍ഗേറ്റിന് തികഞ്ഞ മതിപ്പാണുള്ളത്. ബില്‍ഗേറ്റ്സിന് ഇന്ത്യയെന്നാല്‍ പ്രധാനപ്പെട്ട രാജ്യമാണ്. കാരണം മൈക്രോസോഫ്റ്റ് ആസ്ഥാനം കഴിഞ്ഞാല്‍ അവരുടെ ഗവേഷണവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമിക്കതും നടക്കുന്നത് ഇന്ത്യയെന്നതു തന്നെ. മൈക്രോസോഫ്റ്റ് കോര്പ്പറേഷന് ഇന്ത്യ എന്ന പേരില്‍ മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് 1990ല്‍ ന്യൂഡല്‍ഹിയിലാണ്. 1997ലാണ് ബില്‍ഗേറ്റ്സ് ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ ഡവലപ്മെന്റ് വിഭാഗം 1998ല്‍ ഹൈദരാബാദില്‍ തുടങ്ങി. കമ്പനി ആസ്ഥാനം ഒഴിച്ചു നിര്‍ത്തിയാല്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇന്ത്യയിലെ ഈ കാമ്പസ്സിലാണ്. 2000ല്‍ വീണ്ടും ഇന്ത്യയിലെത്തിയ ഗേറ്റ്സ് ഇന്‍ഫോസിസുമായുള്ള ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ചു. 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഹൈദരബാദില്‍ 2002ല്‍ ഗേറ്റ്സ് വീണ്ടുമെത്തി. 2003ലാണ് ഗ്ളോബല്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് സെന്റര്‍ ബാംഗ്ളൂരില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. 1.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി 2005 ഇന്ത്യയില്‍ വീണ്ടുംകാലുകുത്തിയ ബില്‍ഗേറ്റ്സിന് ഇന്ത്യന്‍ ഓഫീസുകള്‍ നല്‍കിയത് എന്നും മികച്ച റിസല്‍ട്ടുകളായിരുന്നു. മലേറിയയ്ക്കും ക്ഷയത്തിനും പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നത് വേഗത്തിലാക്കാനുള്ള ഗവേഷണങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കാന് ബില്‍ഗേറ്റ്സിന്റെ അധീനതയിലുള്ള ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന് മുന്നോട്ടുവന്നിട്ടുണ്ട്. ജോലിയില്‍ തന്നെ എപ്പോഴും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഒരു പ്രതിഭാശാലിയാണ് ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. ബില്‍ഗേറ്റ്സ് ഇല്ലാത്ത ഒരു മൈക്രോസോഫ്റ്റ്. പൂര്‍ണ്ണമായെങ്കിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഇനി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുതരത്തില്‍ മുന്നോട്ടുകൊണ്ടുപോകും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരിട്ടിടപ്പെടാന്‍ ഇല്ലെന്നേയുള്ളൂ... ബില്‍ഗേറ്റ്സ് അണിയറയില്‍ തന്നെയുണ്ട്.
ബില്‍ ആന്‍ഡ് മിലിന്‍ഡ് ഗേറ്റ്സ് ഫൌണ്ടേഷന്
ലോകമെമ്പാടുമുള്ള പാവപ്പെട്ടവര്‍ക്കിടയില്‍ ആരോഗ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ധര്‍മ്മ സംഘടനയാണ് ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്. 2000ല്‍ ആണ് ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സും ചേര്‍ന്ന് ബില്‍ ആന്‍ഡ് മിലിന്‍ഡ് ഗേറ്റ്സ് ഫൌണ്ടേഷന് രൂപീകരിക്കുന്നത്. അതിനു മുമ്പ് നിലവിലുണ്ടായിരുന്ന മൂന്ന് ഫൌണ്ടേഷനുകള്‍ ലയിപ്പിച്ച് ഒന്നാക്കുകയായിരുന്നു. ധര്മ്മസ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അമ്മയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ബില്‍ഗേറ്റ്സ് ഈ മേഖലയില്‍ മുന്നേറുന്നത്. സമൂഹത്തില്‍ നിന്നും ഉണ്ടാക്കിയ പണം സമൂഹത്തിന്റെ തന്നെ നന്മയ്ക്ക് ഉപയോഗപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബില്‍ഗേറ്റ്സ് പറയുന്നു. ആരോഗ്യരംഗത്ത് മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ബില്‍ഗേറ്റ്സിന്റെ ഭാര്യ മെലിന്‍ഡയ്ക്ക് 2006 നവംബറില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
1955 ഒക്ടോബര്‍ 28ന്
സിയാറ്റിലിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു. വില്യം എച്ച് ഗേറ്റ്സ് II ന്റെയും മേരി ഗേറ്റ്സിന്റെയും രണ്ടാമത്തെ കുട്ടിയാണ് ബില്‍ഗേറ്റ്സ്
1968
ലെയ്ക്ക്സൈഡ് സ്കൂളില്‍ പ്രവേശനം നേടി. എട്ടാം ഗ്രേഡില്‍ ബില്‍ഗേറ്റ്സ് പഠിക്കുന്ന സമയത്ത് കളിക്കൂട്ടുകാരനായ പോള്‍ അലന് പത്താം ഗ്രേഡിലായിരുന്നു. ഇക്കാലത്താണ് സ്കൂളില്‍ മദര്‍ ക്ളബിന്റെ നേതൃത്വത്തില്‍ ഒരു ടെലിടൈപ്പ് മെഷീന് വാങ്ങുന്നത്. ഒരു പ്രത്യേകരീതിയിലുള്ള ടൈപ്പ്റൈറ്ററാണിത്. ഈ ഉപകരണത്തിലൂടെ ടെലിഫോണ്‍ ലൈന്‍ വഴി യൂണിവേഴ്സിറ്റിയിലേക്ക് മെസ്സേജുകള്‍ അയക്കാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഈ മെഷീന് പരിചയപ്പെട്ടതുമുതല്‍ ബില്‍ഗേറ്റ്സും കൂട്ടുകാരന് പോള്‍ അലനും അതിനു പിന്നാലെ തന്നെയായിരുന്നു. എന്തിന് ചില ദിവസങ്ങളില്‍ രാത്രിയിലും ഈ ഉപകരണത്തില്‍ പ്രോഗ്രാമിംഗ് നടത്തുന്നതിനായി ഇരുവരും സ്കൂളില്‍ പമ്മിപമ്മി എത്തിയിട്ടുണ്ട്.
മെഷീന് ഉപയോഗിച്ച് ക്ളാസ് ടൈംടേബിളും കുട്ടികളുടെ ഷെഡ്യൂളിംഗും ബില്‍ തയ്യാറാക്കി. ഇതിനിടെയാണ് നല്ല സൌന്ദര്യമുള്ള പെണ്‍കുട്ടികളുടെ ക്ളാസ്സില്‍ വരാന്‍ പ്രത്യേകം കോഡ് തയ്യാറാക്കി പ്രോഗ്രാമില്‍ കുസൃതി ഒപ്പിച്ചത്.
1973
ബിരുദപഠനത്തിനായി ഹാര്‍വാര്‍ഡില്‍ ചേര്‍ന്നു. നിയമപഠനമായിരുന്നു അടിസ്ഥാനം. പക്ഷേ, ഇതിനിടെ കണക്കും ഇക്കണോമിക്സും ബില്‍ഗേറ്റ്സിന്റെ ഇഷ്ടവിഷയമായി. ഇവിടെ വച്ചാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ സി. ഇ. ഒ. ആയ സ്റ്റീവ് ബാമറെ ഗേറ്റ്സ് പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും.
1974 december
പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചുവരുന്നു. ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര് സൂചിപ്പിച്ചിരുന്നു.
1975
കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷാ അധിഷ്ഠിത ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന വ്യാജേന 'മിറ്റ്സ്' അധികൃതരെ വിളിച്ചുപറയുന്നു. മിറ്റ്സ് അധികൃതര്‍ അതിനെ സ്വാഗതം ചെയ്തു. പിന്നെ ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അലനും ഗേറ്റ്സും. ഇരുവരും രാപകലില്ലാതെ ഇതിനു വേണ്ടി കഷ്ടപ്പെട്ടു.
പിന്നീട് ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന് അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വളരെ വിശദമായി ഇതിന്റെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര് വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്കുന്നു.
ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേരുന്നു. ഈ സമയത്താണ് മൈക്രോ-സോഫ്റ്റ് എന്ന സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്.
1976 ഫെബ്രുവരി
'ഹോംബ്യ്രൂ കംപ്യൂട്ടര്‍ ക്ളബി'ന്റെ ന്യൂസ്ലെറ്ററില്‍ ഒരു തുറന്ന കത്ത് ബില്‍ഗേറ്റ്സ് എഴുതുന്നു. ഇതില്‍ കംപ്യൂട്ടര്‍പ്രേമികള്‍ നടത്തുന്ന പകര്‍പ്പവകാശലംഘനത്തെക്കുറിച്ച് പറയുന്നു. മാത്രമല്ല സോഫ്റ്റ്വെയര് ഡവലപ്പര്‍മാരുടെ പകര്‍പ്പവകാശം സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സൂചനയുണ്ട്.
1976 നവംബര്‍ ൨൬' മിറ്റ്സി'ലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിടുതല്‍ നേടി 'മൈക്രോസോഫ്റ്റ്' എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യുന്നു. ബില്‍ഗേറ്റ്സ് - പോള്‍ അലന് എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
1978 december
മൈക്രോസോഫ്ടിന്റെ വരുമാനം ഒരു മില്യണ്‍ ഡോളര്‍ കവിയുന്നു.
1979 ജനുവരി1
അല്‍ബുക്കര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്ക് മൈക്രോസോഫ്റ്റിന്റെ ഓഫീസ് മാറ്റുന്നു. ഇരുവരും ജനിച്ചുവളര്‍ന്ന സ്ഥലത്തിനടുത്ത് മൈക്രോസോഫ്റ്റിന് പുതിയൊരു ഓഫീസും ഉണ്ടാക്കുന്നു.
1980 ജൂണ്‍11
ഹാര്‍വാര്‍ഡില്‍ നിന്ന് പരിചയപ്പെട്ട തന്റെ പഴയകാല സുഹൃത്ത് സ്റ്റീവ് ബാമറെ കമ്പനിയുടെ ബിസിനസ് മാനേജറായി നിയമിക്കുന്നു
1980
ഐ.ബി. എമ്മിനുവേണ്ടി ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുകൊടുക്കാമെന്ന് ബില്‍ഗേറ്റ്സ് സമ്മതിക്കുന്നു. ഇതിന്റെ (എം. എസ്. ഡോഡ്) പകര്‍പ്പവകാശം മൈക്രോസോഫ്റ്റിന് ആയിരിക്കുമെന്ന വ്യവസ്ഥ ഐ.ബി. എം. അംഗീകരിക്കുന്നു.
1981 ജൂലായ് 1
മൈക്രോസോഫ്റ്റ് കമ്പനി നിലവില്‍ വരുന്നു. ബില്‍ഗേറ്റ്സ് (53 ശതമാനം), പോള്‍ അലന് (31), സ്റ്റീവ് ബാമര്‍ (8 ശതമാനം) എന്നീ അനുപാതത്തില്‍ ആയിരുന്നു കമ്പനിയുടെ വിഹിതം നിശ്ചിയിച്ചത്. ആദ്യത്തെ ഓഹരി വില 95 സെന്റ്. ശേഷം മൈക്രോസോഫ്റ്റിന്റെ വരുമാനം 16 മില്യണ്‍ കടക്കുന്നു. കമ്പനിയില്‍ അപ്പോള്‍ ജോലി ചെയ്യാനുണ്ടായിരുന്നത് 128 പേര്.
1983
പോള്‍ അലന് രോഗബാധിതനാവുന്നു. ചികിത്സ ഫലപ്രദമായി നടത്തിയെങ്കിലും പോള്‍ അലന് മൈക്രോസോഫ്റ്റിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നില്ല.
1985
മൈക്രോസോഫ്റ്റിന്റെ വരുമാനം 140 മില്യണ്‍ ഡോളര്‍ കടക്കുന്നു, ഉദ്യോഗസ്ഥരുടെ എണ്ണം 910 ലേക്കും.
1985 നവംബര്‍ 20
എം. എസ്. ഡോസിന് അനുബന്ധമായി ഉപയോഗിക്കാന്‍ ഒരു ഗ്രാഫിക്കല്‍ എക്സ്റ്റന്‍ഷന്‍ പുറത്തിറക്കുന്നു. ഇതാണ് ആദ്യത്തെ വിന്‍ഡോസ് വേര്‍ഷന്‍.
1986
മൈക്രോസോഫ്റ്റ്ആസ്ഥാനം റെഡ്മണ്ടിലേക്ക് മാറുന്നു
1986 മാര്‍ച്ച് 13
മൈക്രോസോഫ്റ്റ് ഓഹരി വിപണിയിലെത്തുന്നു. ആദ്യത്തെ ദിവസം 21 ഡോളറിനും 28 ഡോളറിനുമിടയില്‍ കച്ചവടം നടന്നു.
1987
മാര്‍ക്കറ്റിംഗ് മാനേജരായി മെലിന്‍ഡ ഫ്രഞ്ച്നിയമിതയാകുന്നു. ഇവരാണ് ബില്‍ഗേറ്റ്സിന്റെ ജീവിതത്തിലേക്ക് പിന്നീട് കുടിയേറിയത്.
1988 മാര്‍ച്ച് 18
മൈക്രോസോഫ്റ്റിനെതിരെ ആപ്പിള്‍ കമ്പനി കേസ് കൊടുക്കുന്നു. ആപ്പിള്‍ കമ്പനിയുടെ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുമായി വിന്‍ഡോസിനുള്ള രൂപസാദൃശ്യമായിരുന്നു അടിസ്ഥാന പരാതി. ആറ് വര്‍ഷം കേസ് നടത്തി, ആപ്പിള്‍ വീണു.
1989
മൈക്രോസോഫ്റ്റ് ഓഫീസ് - പുറത്തിറക്കി
1990 മേയ് 22
വിന്‍ഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം കോപ്പി വിറ്റഴിഞ്ഞു. വിന്‍ഡോസ് പോലെയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (ചഞ/2) നിര്‍മ്മിക്കാന്‍ ഐ.ബി. എമ്മുമായി ധാരണയുണ്ടാക്കി.
1990 ആഗസ്റ്റ് 20
മൈക്രോസോഫ്റ്റും ഐ.ബി. എമ്മും തമ്മില്‍ ചഞ/2 പ്രശ്നത്തില്‍ വഴിപിരിഞ്ഞു. വിന്‍ഡോസ് 3.0 ല്‍ ശ്രദ്ധചെലുത്താന്‍ മൈക്രോസോഫ്റ്റ് തീരുമാനം.
1992 ഒക്ടോബര്‍
അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരനായി ഫോര്‍ബ്സ് മാസിക ബില്‍ഗേറ്റ്സിനെ തിരഞ്ഞെടുത്തു. സമ്പാദ്യം - 6.3 ബില്യണ്‍ ഡോളര്‍.
1993 ജനുവരി 20
കംപ്യൂട്ടര്‍ ഭീമന്മാരായ ഐ.ബി. എമ്മിന്റെ ഓഹരി വിലയെ മൈക്രോസോഫ്റ്റ് കടത്തിവെട്ടി
1994 ജനുവരി 1
മെലിന്‍ഡ ഫ്രെഞ്ച് - ബില്‍ഗേറ്റ്സ് വിവാഹം
1994 ജൂണ്‍ 9
ബില്‍ഗേറ്റ്സിന്റെ അമ്മ മേരി ഗേറ്റ്സ് (64) കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് അന്തരിച്ചു
1995 ജൂലായ് 5
ലോകത്തെ അതിസമ്പന്നന് എന്ന പദം ബില്‍ഗേറ്റ്സിന് സ്വന്തം. ഫോര്‍ബ്സ് മാഗസിന് ആണ് പ്രഖ്യാപനം നടത്തിയത്. 2008 വരെ ഈ പദവിയില്‍ ഇദ്ദേഹം തുടര്‍ന്നു.
1995 ആഗസ്റ്റ് 24
വിന്‍ഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റവും മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സര്‍വ്വീസായ ഘഞങ ഉം പുറത്തിറക്കി.
1995 october
വിന്‍ഡോസ് 95ന്റെ 70 ലക്ഷം കോപ്പികള്‍ വിറ്റഴിച്ചു. മൈക്രോസോഫ്റ്റിന്റെ ലാഭത്തില്‍ 58 ശതമാനം വര്‍ദ്ധന.
1996 ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 3.0 പുറത്തിറക്കി.
1996
കംപ്യൂട്ടറുകളോടൊപ്പം സൌജന്യമായി ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 3.0 കൊടുക്കാന്‍ നടപടി സ്വീകരിക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെറ്റ്സ്കേപ്പ് കേസുകൊടുത്തു.
1988
വിപണിയിലെ മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന മൈക്രോസോഫ്റ്റിന്റെ നയം അന്യായമാണെന്ന് അമേരിക്കന്‍ നീതിപീഠം കണ്ടെത്തി.
1998 ജൂണ്‍ 25
വിന്‍ഡോസ് 98 പുറത്തിറക്കി
2000 ജനുവരി
സ്റ്റീവ് ബാമര്‍ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായി.
2000 ജൂണ്‍ 7
വിപണിയിലെ കുത്തക തകര്‍ക്കുന്നതിനായി മൈക്രോസോഫ്റ്റിനെ രണ്ടായി വിഭജിക്കാന്‍ നീതിന്യായ പ്രഖ്യാപനം വന്നു
2000
മൈക്രോസോഫ്റ്റിന്റെ വരുമാനം 229 ബില്യണ്‍ ഡോളറിലെത്തി. ജോലിക്കാരുടെ എണ്ണം 39,000 ത്തിലേക്കും ഉയര്‍ന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന് എന്ന ധര്‍മ്മസ്ഥാപനം തുടങ്ങി.
2001 ഒക്ടോബര്‍ 25
വിന്‍ഡോക്സ് എക്സ്. പി റിലീസ് ചെയ്തു
2001 നവംബര്‍ 15
ഗെയിമിംഗ് കണ്‍സോള്‍ എക്സ്ബോക്സ് പുറത്തിറക്കി
2006 ജൂണ്‍ 15
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നതിനായി രണ്ട് വര്‍ഷത്തിനകം മൈക്രോസോഫ്റ്റില്‍ നിന്നും വിരമിക്കുമെന്ന് ബില്‍ഗേറ്റ്സ് പ്രഖ്യാപിച്ചു.
2007 ജനുവരി
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് വിസ്തയും ഓഫീസ് പാക്കേജായ ഓഫീസ് 2007 ഉം
പുറത്തിറക്കി
2007 ജൂണ്‍
പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ബിരുദത്തിന് ഒരു പരിസമാപ്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല ബില്‍ഗേറ്റ്സിന് ഓണണറി ബിരുദം സമ്മാനിച്ചു
2008 ഫെബ്രുവരി
144.6 ബില്യണ്‍ ഡോളറിന് ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്തെ പ്രമുഖരായ യാഹൂവിനെ ഏറ്റെടുക്കാനുള്ള ഒരു പദ്ധതി മൈക്രോസോഫ്റ്റ് തയ്യാറാക്കി
2008 മാര്‍ച്ച്
മാര്ച്ച്ആഗോളതലത്തില് മൈക്രോസോഫ്റ്റിന് ൯൦,൦൦൦ ഉദ്യോഗസ്ഥരുണ്ട്
2008 ജൂണ്‍ 27
ബില്‍ മിലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനില്‍ ശ്രദ്ധയൂന്നാനായി മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ബില്‍ഗേറ്റ്സ് എന്ന പ്രതിഭാശാലി .
- ടി.വി. സിജു
(തൊഴില്‍വീഥി, മലയാള മനോരമ,
ഇന്റര്‍നെറ്റ് എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നാണ് പലരുടെയും ധാരണ. അത്രമാത്രം താദാത്മ്യം ഇവയ്ക്ക് രണ്ടിനുമുണ്ട്. ഇത് രണ്ടും രണ്ടാണെങ്കിലും ഇന്റര്‍നെറ്റിന്റെ അവിഭാജ്യ ഘടകമായി വേള്‍ഡ് വൈഡ് വെബ് മാറിയിരിക്കുകയാണ്. ആകര്‍ഷകമായ ചിത്രരൂപങ്ങളില്‍ അക്ഷരങ്ങള്‍ക്ക് പുറമെ ശബ്ദ, ചിത്ര, ചലച്ചിത്ര അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന, ലോകത്തിലെ വിവിധ കംപ്യൂട്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന, പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന, പങ്കാളിത്ത സ്വഭാവമുള്ള, തിരഞ്ഞെടുക്കാന്‍ സാധ്യമായ ഒരു വമ്പന്‍ വിജ്ഞാന, വിനോദ, വിവരശേഖരമാണ് വേള്‍ഡ് വൈഡ് വെബ്.
ഇന്റര്‍നെറ്റിന്റെ മുന്നിലിരിക്കുമ്പോള്‍ നിര്‍ബന്ധമായും നാം ഓര്‍ക്കേണ്ട പേരാണ് ടിം ബെര്‍ണേഴ്സ് ലീയുടേത്. വേള്‍ഡ് വൈഡ് വെബ് എന്ന ആശയം ആവിഷ്ക്കരിച്ച മഹാനാണ് ഇദ്ദേഹം.
ഗണിതശാസ്ത്രാധ്യാപകരായ കോണ്‍വെ ബെര്‍ണേഴ്സ് ലീയുടെയും മേരി ലീ വുഡ്സിന്റെയും മകനായി 1955 ജൂണ്‍ 8ന് ലണ്ടനില്‍ ജനിച്ചു.
ടിമോത്തി ബെര്‍ണേഴ്സ് ലീ എന്ന് മുഴുവന്‍ പേരുള്ള ടിം ബേര്‍ണേഴ്സ് ലീ 1976ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സില്‍ ബിരുദം നേടി. ക്യൂന്‍സ് കോളേജില്‍ ബിരുദത്തിനായി പഠിക്കുമ്പോള്‍ ടിം ഒരു കംപ്യൂട്ടര്‍ സ്വന്തമായി നിര്‍മ്മിച്ചു. പഠനത്തിനിടെ ടിമ്മിന് യൂണിവേഴ്സിറ്റിയുടെ കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചു - കാരണമെന്തെന്നല്ലേ? ഒരു സുഹൃത്തുമായി കൂട്ടുചേര്‍ന്ന് യൂണിവേഴ്സിറ്റി കംപ്യൂട്ടര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടത്തിയതിന്.
പഠിക്കുമ്പോള്‍ കണ്ടുമുട്ടിയ ജെനിയെ ജീവിതസഖിയാക്കിയ ടിം ബിരുദ പഠനത്തിന് ശേഷം പ്ളെസ്സി കണ്ട്രോള്സ് ലിമിറ്റഡില്‍ പ്രോഗ്രമറായി ചേര്‍ന്നു. ഭാര്യയും ഇതേ കമ്പനിയില്‍ ലീയോടൊപ്പം ഉണ്ടായിരുന്നു. 1978ല്‍ ഡി.ജി. നാഷ് കമ്പനിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ടൈപ്പ്സെറ്റിംഗിന് വേണ്ടിയുള്ള സോഫ്റ്റ്വെയര് ഉണ്ടാക്കി. ഇവിടെ അധികകാലം ടിം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ടിം ബേര്‍ണേഴ്സ് ലീയ്ക്ക് നില്ക്കാനായില്ല. തുടര്‍ന്ന് യൂറോപ്യന്‍ പാര്ട്ക്കിള് ഫിസിക്സ് ലബോട്ടറിയില്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലിക്ക് കയറി. കാലാവധി അവസാനിച്ചതോടെ 1981 മുതല്‍ 84 വരെ സാങ്കേതിക രൂപകല്പനയുമായി ബന്ധപ്പെട്ട് ഇമേജ് കംപ്യൂട്ടര്‍ സിസ്റ്റംസ് ലിമിറ്റഡില്‍ ജോലി ചെയ്ത ടിം 1984ല്‍ ഫെലോഷിപ്പോടെ പാര്‍ട്ടിക്കിള്‍ ഫിസിക്സ് ലബോറട്ടറിയില്‍ - സേണ്‍ (CERN), വീണ്ടും തിരിച്ചെത്തുകയായിരുന്നു. കണ്‍സള്‍ട്ടന്റ് സോഫ്റ്റ്വെയര് എന്‍ജിനീയര്‍ എന്ന തസ്തികയിലായിരുന്നു നിയമനം. ഡിസ്ട്രിബ്യൂട്ടഡ് റിയല്‍ ടൈം സിസ്റ്റവുമായി ബന്ധപ്പെട്ട ജോലികളായിരുന്നു ഇവിടെ ചെയ്യേണ്ടിയിരുന്നത്. അവിടെ വച്ച് ?എന്ക്വയര്' എന്ന പ്രോഗ്രാമിന് രൂപം നല്കി. ഇത് തികച്ചും സ്വകാര്യ ആവശ്യത്തിനു വേണ്ടിയായിരുന്നു അന്ന് ടിം തയ്യാറാക്കിയത്. ഈയൊരു പ്രോഗ്രാമാണ് പിന്നെ വേള്‍ഡ് വൈഡ് വെബ് അല്ലെങ്കില്‍ ഡബ്ള്യു. ഡബ്ള്യു. ഡബ്ള്യു എന്ന ഇന്റര്‍നെറ്റ് മാന്ത്രികവിദ്യയ്ക്ക് ചുക്കാന്‍ പിടിച്ചത്. ഇന്റര്‍നെറ്റിലൂടെയുള്ള പര്യവേക്ഷണം അനായാസം നടത്താന്‍ കഴിയുന്ന രൂപത്തില്‍ ദൃശ്യ - ശ്രാവ്യ സംവിധാനങ്ങളോടെ അണിയിച്ചൊരുക്കിയ പദ്ധതിയാണിത്. വെബിന്റെ പിതാവ് എന്നറിയപ്പെടുന്ന ലീ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഈ ആശയം മുന്നോട്ടുവയ്ക്കുന്നത്.
സേണില്‍, പ്രവര്‍ത്തിക്കുമ്പോഴാണ് വേള്‍ഡ് വെഡ് വെബിന്റെ പ്രാക്രൂപം തയ്യാറാക്കുന്നത്. എന്ക്വയര് എന്ന് പേരിട്ട ഈ പ്രോഗ്രാം സേണില്‍ നടക്കുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അവിടെയുള്ള ഗവേഷകര്‍ക്ക് അന്യോന്യം കൈമാറാന്‍ കെല്പുള്ളതായിരുന്നു. ഇത് സേണിന്റെ ആവശ്യത്തിന് മാത്രം തയ്യാറാക്കിയ ഒന്നായിരുന്നു.
1984ല്‍ സേണിലേക്ക് മടങ്ങിയെത്തിയ ടിമ്മിന് മുന്നില്‍ മറ്റൊരു ആശയം തെളിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണ വിവരങ്ങളും പ്രോഗ്രാമുകളും സേണിലെ ഗവേഷകര്‍ക്കായി എത്തിക്കാനും ഇവര്‍ക്ക് അത് അന്യോന്യം കൈമാറാനുമുള്ള ഒരു പദ്ധതിയായിരുന്നു ലീയുടെ മനസ്സിലുണ്ടായിരുന്നത്. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഗവേഷകര്‍ക്ക് ലഭിച്ചത് പുതിയ വിവരങ്ങളായിരുന്നു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണ വിവരങ്ങള്‍ ലഭിക്കാന്‍ അന്ന് മാസങ്ങളും വര്‍ഷങ്ങളും ചിലയവസരങ്ങളില്‍ എടുത്തിരുന്നു. കാരണം പ്രോജക്ടിന്റെ വിവരങ്ങള്‍ അച്ചടിച്ചിറങ്ങുന്ന മാസികകളും വാര്‍ഷികപ്പതിപ്പുകളും മാത്രമായിരുന്നു ഇതിനു മുമ്പ് വിവരങ്ങളറിയാന്‍ ആശ്രയിക്കാനുണ്ടായിരുന്നത്. ഈ പദ്ധതി ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പായപ്പോള്‍ ലീ സേണിന് മുമ്പാകെ 1989ല്‍ ഒരു പ്രോജക്ട് നിര്‍ദ്ദേശം സമര്‍പ്പിച്ചു. പക്ഷേ, അതിന് മറുപടിയൊന്നും ലഭിച്ചില്ല. എങ്കിലും നിരാശാകാനാതെ തന്റെ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുകയായിരുന്നു.
വെബില്‍ നിന്ന് വിവരങ്ങള്‍ ഉപയോക്താവിനു ലഭിക്കാനുള്ള ബ്രൗസര്‍ സോഫ്റ്റ്വെയറും (വേള്‍ഡ് വൈഡ് വെബ്) വെബ് സെര്വ്വര് സോഫ്റ്റ്വെയറും (Hyper Text Transfer Protocol Daemon) തയ്യാറാക്കി 1991ല്‍ ഇന്റര്‍നെറ്റിലെത്തിച്ചു. ഇതിന്റെ സവിശേഷതകള്‍ ഉപയോക്താക്കള്‍ ന്യൂസ്ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഗവണ്മെന്റ് ഏജന്‍സികളും വെബിനെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. തുടര്‍ന്ന് ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മൊസൈക്, നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍, ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ എന്നിവ രംഗപ്രവേശം ചെയ്തത്.
വെബ്സൈറ്റുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാനായി വികസിപ്പിച്ച ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്ക് അപ് ലാംഗ്വേജ് ഉപയോഗിച്ച് വിവരങ്ങളും ചിത്രങ്ങളുമെല്ലാം മനോഹരമായി സന്നിവേശിപ്പിക്കുകയും അതിനു ശേഷം യൂണിവേഴ്സല്‍ റിസോഴ്സ് ലൊക്കേറ്റര്‍ (യു. ആര്. എല്‍) എന്ന സങ്കേതത്തിലൂടെ ഇത്തരം വെബ്പേജുകളെ പ്രത്യേകം വിലാസങ്ങള്‍ നല്കി സെര്‍വ്വറുകളില്‍ പ്രതിഷ്ഠിക്കുകയും, ലോകത്തെമ്പാടുമുള്ള ശൃംഖലകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുള്ള എച്ച്.ടി.ടി.പി നിബന്ധനകള്‍ സജ്ജമാക്കുകയും ചെയ്തപ്പോഴാണ് വേള്‍ഡ്വൈഡ് വെബ് എന്ന മാന്ത്രിക വല ഇന്റര്‍നെറ്റിന് പ്രിയങ്കരിയായത്. വെബിനാവശ്യമായ നിബന്ധനകളും രീതികളുമാവിഷ്ക്കരിച്ച് വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (ഡബ്ള്യു 3 സി) 1994ല്‍ സ്ഥാപിച്ചതും ലീ തന്നെ.
ലാഭേച്ഛയില്ലാതെ, സാങ്കേതികവിദ്യ സാധാരണക്കാരനു പ്രയോജനപ്പെടാനായി എന്നും കഠിനാദ്ധ്വാനം ചെയ്യാറുള്ള ലീ ഇവയുടെ ഒന്നിന്റെയും പേറ്റന്റ് കരസ്ഥമാക്കിയിരുന്നില്ല. സ്വന്തമാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ, ഇന്റര്‍നെറ്റിന്റെ തന്നെ അധിപന് എന്ന രീതിയില്‍ മുന്നേറാനുള്ള ഒരവസരമായിരുന്നു അത്. വേള്‍ഡ് വൈഡ് വെബ് എന്നത് ലീയുടെ മാത്രം ആശയമായിരുന്നു. വിവര വിനിമയ വിപ്ളവ ചരിത്രത്തില്‍ ലീയെ വ്യത്യസ്തനാക്കുന്നതും ഈയൊരു വ്യക്തിപ്രഭാവം തന്നെ.
ഇന്റര്‍നെറ്റിന്റെ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡബ്ള്യു 3 കണ്‍സോര്‍ഷ്യം ഡയറക്ടറായ ലീ, മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷണ പ്രവത്തനങ്ങളിലും ഇപ്പോള്‍ സജീവമാണ്. ടൈം മാഗസിന് 1999ല്‍ പോയ നൂറ്റാണ്ടിനെ സ്വാധീനിച്ച നൂറു പ്രമുഖരിലൊരാളായി ബെര്‍ണേഴ്സ് ലീയെ തിരഞ്ഞെടുത്തിരുന്നു. പേറ്റന്റുകള്‍ സ്വന്തമാക്കിയില്ലെങ്കിലും ഇന്റര്‍നെറ്റിലെ മികച്ച സേവനങ്ങള്‍ ലോകത്താകമാനം എത്തിക്കുന്നതില്‍ ദത്തശ്രദ്ധ കാട്ടിയ ലീ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയിലെ മറക്കാനാവാത്ത അദ്ധ്യായമാണ്. മസാച്ചുസെറ്റ്സില്‍ കുടുംബസമേതം കഴിയുന്ന ലീ ഇപ്പോഴും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തിവരുന്നു. വെബിന്റെ സ്വാതന്ത്ര്യം പരമ പ്രധാനമാണെന്നു വിശ്വസിക്കുന്ന ബെര്‍ണേഴ്സ് ലീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് 1999ല്‍ പ്രസിദ്ധീകരിച്ച വീവിംഗ് ദി വെബ്'.
അവാര്‍ഡുകള്‍:
വേള്‍ഡ് വൈഡ് വെബിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബഹുമതികള്‍ ഒരു യോഗ്യതയായി കരുതിയിരുന്നില്ലെങ്കിലും അദ്ദേഹത്തെ തേടിയെത്തിയ ബഹുമതികളില്‍ ഇത് ചിലതുമാത്രം. യംഗ് ഇന്നോവേറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് - കില്‍ബി ഫൗണ്ടേഷന്, എ.സി. എം. സോഫ്റ്റ്വെയര് സിസ്റ്റം അവാര്‍ഡ്, ബ്രിട്ടീഷ് കംപ്യൂട്ടര്‍ അക്കാദമി ഫെലോഷിപ്പ് (1995), ഐ. ഇ. ഇ. ഇ. കംപ്യൂട്ടേഴ്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് അവാര്‍ഡ്, ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊളംബസ് പ്രൈസ് (1997), ചാള്‍സ് ബാബേജ് അവാര്‍ഡ്, മൗണ്ട് ബാറ്റണ്‍ മെഡല്‍ ഓഫ് നാഷണല്‍ ഇലക്ട്രോണിക്സ് കൗണ്‍ില്‍ (1998), വേള്‍ഡ് ടെക്നോളജി അവാര്‍ഡ് (1999), ജോര്‍ജ് സ്റ്റിബിറ്റ്സ് കംപ്യൂട്ടര്‍ പയനിയര്‍ അവാര്‍ഡ്, ഇലക്ട്രോണിക് ഫ്രീഡം ഫൗണ്ടേഷന്‍സ് പയനിയര്‍ അവാര്‍ഡ് (2000), റോയല്‍ സൊസൈറ്റി ഫെലോഷിപ്പ് (2001), ജപ്പാന് പ്രൈസ് (2002), മില്ലേനിയം ടെക്നോളജി പ്രൈസ് (2004), കോമണ്‍വെല്‍ത്ത് അവാര്‍ഡ് - മാസ് കമ്മ്യൂണിക്കേഷന്‍ (2005), ലൗലേസ് മെഡല്‍, എം. ഐ.ടി. ലീഡര്‍ഷിപ്പ് അവാര്‍ഡ് (2007).
സതേണ്‍ക്രോസ് യൂണിവേഴ്സിറ്റി, ഓപ്പണ്‍ യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, പോര്‍ട്ട് എലിസബത്ത് യൂണിവേഴ്സിറ്റി, ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റി തുടങ്ങിയിവിടങ്ങളില്‍ നിന്നുള്ള ഹോണററി ബിരുദങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.
( 1927 - 1990 )
ഡെന്മാര്ക്കില് ജനിച്ചു. 1959ലാണ് നോയ്സിന്റെ നേതൃത്വത്തില്‍ ഐ.സി. കണ്ടുപിടിച്ചത്. ജാക്സ് എസ് കില്‍ബിയും ഈ സമയത്തു തന്നെ ഐ.സി. നിര്‍മ്മിച്ചിരുന്നു.സങ്കീര്‍ണ്ണമായ സര്‍ക്യൂട്ടുകള്‍ ഉപയോഗപ്പെടുത്തി ഐ.സി. നിര്‍മ്മിച്ച നോയ്സിനാണ് പാറ്റന്റ് ലഭിച്ചത്. 1968 ല്‍ ഇന്റല്‍ കമ്പനി സ്ഥാപിച്ചു. 1975 വരെ ഇന്റലിന്റെ പ്രസിഡന്റായും 1975-79 വരെ കമ്പനി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചെറുതാക്കുന്നതിലൂടെ വലുതാകുന്ന ലോകമാണ് കംപ്യൂട്ടര്‍ രംഗവും ഇലക്ട്രോണിക്സ് മേഖലയും. ട്രാന്‍സിസ്റ്ററുകളും പിന്നാലെ വന്ന ഇന്റര്‍ഗ്രേറ്റഡ് സര്‍ക്യൂട്ടുകളുമാണ് ഉപകരണങ്ങളുടെ ചുരുങ്ങല്‍ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. റോബര്‍ട്ട് നോര്‍ട്ടണ്‍ നോയ്സും ജാക് എസ് കില്‍ബിയും ഒരേ സമയത്ത് വിവിധ ദിശകളിലൂടെ നടത്തിയ പരീക്ഷണം യുവതലമുറയ്ക്ക് സമ്മാനിച്ചത് കൈപ്പിടിയിലൊതുങ്ങിയ കംപ്യൂട്ടറും അതുവഴി വിരല്തുമ്പത്തെത്തിയ വിജ്ഞാനവും.ഇലക്ട്രോണിക് ഘടകവസ്തുക്കളെ ചെറുതാക്കിയതിലൂടെ `വലുതായ' ശാസ്ത്രജ്ഞനാണ് റോബര്‍ട്ട് നോര്‍ട്ടണ്‍ നോയ്സ്. `സിലിക്കണ്‍വാലിയുടെ മേയര്‍' എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹമാണ് ഇന്നത്തെ പ്രശസ്തമായ ഇന്റല്‍ കമ്പനി സ്ഥാപിച്ചത്. ചിപ്പ് നിര്‍മ്മാണരംഗത്തെ പ്രശസ്തരായ ഇന്റലിനെക്കുറിച്ച് അറിയാത്തവരായി ഇന്ന് ആരുമുണ്ടാകില്ല. ഇന്റല്‍ പെന്റിയം ഒരുകാലത്ത് അതിപ്രശസ്തമായിരുന്നു. അതിനേക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള മൈക്രോപ്രോസര്‍ ചിപ്പുകളുമായി വിപണിയില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതില്‍ ഇന്റല്‍ ഇന്നും മുന്നിലാണ്. ചിപ്പ് നിര്‍മ്മാണരംഗത്തെ അതികായരായി വളര്‍ന്നുവരാന്‍ തങ്ങള്‍ക്കാവുമെന്ന് റോബര്‍ട്ട് നോയ്സും ഗോര്‍ഡന്‍ മൂറും കമ്പനി സ്ഥാപിക്കുമ്പോള്‍ ആലോചിച്ചുണ്ടാവില്ല.ഡെന്മാര്ക്കിലെ അയോവയില്‍ 1927 ഡിസംബര്‍ 12നാണ് റോബര്‍ട്ട് നോര്‍ട്ടണ്‍ നോയ്സ് ജനിച്ചത്. സുവിശേഷകന്റെ മകനായി പിറന്ന നോയ്സ് 1949ല്‍ ഗ്രിന്നല്‍ കോളേജില്‍ നിന്ന് ബി. എ.യും 1953ല്‍ പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഫിസിക്കല്‍ ഇലക്ട്രോണിക്സില് പി എച്ച്. ഡി. ബിരുദവും നേടി. തുടര്‍ന്ന് 1956 വരെ ഫിലാഡല്‍ഫിയയിലെ `ഫില്‍കോ'യില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. അതിനുശേഷം ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ച വില്യം ഷോക്ലി സ്ഥാപിച്ച `ഷോക്ലി സെമികണ്ടക്ട'റില്‍ ചേര്‍ന്നു. അവിടെയും റോബര്‍ട്ടിന് ഇരിപ്പുറച്ചില്ല. ആരുമായും ഒത്തുപോകാത്ത സ്വഭാവത്തിനുടമായ ഷോക്ലിയുമായി തെറ്റിപ്പിരിഞ്ഞ് റോബര്‍ട്ട് നോയ്സ് മടങ്ങുകയായിരുന്നു. നോയ്സിനോടൊപ്പം മറ്റ് ഏഴു പേര് കൂട്ടിനുണ്ടായിരുന്നു. അങ്ങിനെ 1957ല്‍ റോബര്‍ട്ട് നോയ്സ് , `ഫെയര്‍ചൈല്‍ഡ് സെമികണ്ടക്ടര്‍' എന്ന സ്ഥാപനം തുടങ്ങി. പിന്നീട് അതിന്റെ ജനറല്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത നോയ്സിന് പിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല.കോളേജില്‍ പഠിക്കുന്ന സമയത്ത് ട്രാന്സിസ്റ്ററുകളെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ തന്നെ അതിന്റെ ഭാവി സാദ്ധ്യതകളെ പറ്റി നോയ്സ് ഏറെ ആലോചിച്ചിരുന്നു. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിക്കുമ്പോഴേക്കും ട്രാന്‍സിസ്റ്റര്‍ മേഖലയില്‍ തന്റെ പ്രൊഫസറെക്കാളേറെ വിവരം നോയ്സ് സ്വന്തമാക്കി.1959ലാണ് നോയ്സിന്റെ നേതൃത്വത്തില്‍ ഐ.സി. എന്ന ഇന്റര്‍ഗ്രേറ്റഡ് സര്‍ക്യൂട്ട് കണ്ടുപിടിച്ചത്. അതിന് മുമ്പ് ടെക്സാസ് ഇന്‍സ്ട്രുമെന്റ്സിലെ ജാക് എസ് കില്‍ബിയും ഇതുപോലുള്ള ഒരു ഉപകരണം നിര്‍മ്മിച്ചിരുന്നു. അലുമിനിയം ബാഷ്പം ഉപയോഗിച്ച് വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കി പ്ളാനാര്‍ പ്രക്രിയ വഴി രൂപപ്പെടുത്തിയെടുത്ത ഐ.സി.യുടെ പേറ്റന്റിനായി നോയ്സ് അപേക്ഷ നല്കി. അപ്പോഴാണ് മറ്റൊരാള്‍ ഇതേ രീതിയിലുള്ള ഉപകരണത്തിന് പേറ്റന്റിനായി കാത്തിരിക്കുന്നത് അറിഞ്ഞത്. അതിന് ശേഷം സാങ്കേതിക പ്രശ്നങ്ങളിലൂന്നിയുള്ള കത്തിടപാടുകള്‍ പാറ്റന്റ് ഓഫീസും ഇരു ശാസ്ത്രജ്ഞന്മാരും തമ്മില്‍ നടന്നു. സങ്കീര്‍ണ്ണമായ സര്‍ക്യൂട്ടുകള്‍ ഉപയോഗപ്പെടുത്തി ഐ.സി. നിര്‍മ്മിച്ച നോയ്സിനാണ് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാനായത്. ഇതിനെ തുടര്‍ന്ന് റോബര്‍ട്ട് നോയ്സിന് പാറ്റന്റ് അനുവദിക്കുകയും ചെയ്തു. രണ്ടാമത് അപേക്ഷിച്ചയാള്‍ക്ക് പാറ്റന്റ് നല്‍കിയതിനെതിരെ കില്‍ബി നിയമയുദ്ധം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. 1968ല്‍ പാറ്റന്റ് ലഭിച്ചതിനെ തുടര്‍ന്ന് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ ഐ.സി. ഇലക്ട്രോണിക്സ് മേഖലയെയാകെ അടിമുടി മാറ്റിമറിച്ചു.1968ല്‍ ഫെയര്‍ ചൈല്‍ഡ് സെമികണ്ടക്ടര്‍ കമ്പനിയിലുണ്ടായിരുന്ന അവകാശം വിറ്റ നോയ്സ്, ഐ.സി. വികസിപ്പിക്കുന്നതില്‍ തന്റെ പങ്കാളിയായിരുന്ന ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന് ജൂലായില്‍ ഇന്റല്‍ കമ്പനി സ്ഥാപിച്ചു. വില്യം ഷോക്ലിയുടെ കൂടെയുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന തൊഴിലുടമ - തൊഴിലാളി പ്രശ്നങ്ങള്‍ തങ്ങളുടെ കമ്പനിയില്‍ ആവര്‍ത്തിക്കരുതെന്ന കാര്യത്തില്‍ നോയ്സിന് വളരെ നിഷ്കര്‍ഷയുണ്ടായിരുന്നു. അത് പുതിയൊരു തൊഴില്‍ സംസ്കാരത്തിന് തന്നെ തുടക്കം കുറിച്ചു. ഇന്ന് കംപ്യൂട്ടര്‍ മേഖലയില്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങള്ക്കെല്ലാം കാരണം അന്ന് സിലിക്കണ്‍വാലിയില്‍ റോബര്‍ട്ട് നോയ്സും കൂട്ടരും എടുത്ത തീരുമാനം പിന്നീട് വളര്‍ന്നുവന്ന കമ്പനികള്‍ അതുപോലെ പകര്‍ത്തിയതായിരുന്നു. റോബര്‍ട്ട് നോയ്സ് 1975 വരെ `ഇന്റലി'ന്റെ പ്രസിഡന്റായും 1975 - 79 വരെ കമ്പനി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് `പെന്റിയ'മാണോ എന്ന് അന്വേഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതും കടന്ന് ജിഗാ ഹെര്‍ട്സിലേക്ക് കംപ്യൂട്ടറിന്റെ വേഗത മാറിക്കഴിഞ്ഞു. ദ്രുതഗതിയിലുള്ള ഈ മാറ്റത്തിനിടയില്‍ ഇലക്ട്രോണിക്സ് മേഖലയില്‍ മുടിചൂടാമന്നനായി വാണ റോബര്‍ട്ട് നോര്‍ട്ടണ്‍ നോയ്സ് 1990ല്‍ അന്തരിച്ചു.
( 1941 - * )
ഇറ്റലിയിലെ വിയന്നയില്‍ ജനിച്ചു. 1970ല്‍ `ഇന്റലി'ല്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗം മേധാവിയായി. മൈക്രോപ്രോസസര്‍ വികസിപ്പിച്ചെടുത്ത ഇന്റലിലെ ശാസ്ത്രജ്ഞന്മാരുടെ സംഘത്തിലെ പ്രമുഖന്. `സിലോഗ്' കോര്പ്പറേഷന്, `സിഗ്നെറ്റ്' , `സിനാപ്റ്റിക്സ്' എന്നീ കമ്പനികളുടെ സ്ഥാപകനാണ്. നിരവധി അവാര്‍ഡുകളും ഫെലോഷിപ്പുകളും കിട്ടിയിട്ടുണ്ട്.
1971 ജനുവരിയിലെ ഒരു സായാഹ്നം. ഫെഡറിക്കോ ഫാഗിന് തന്റെ ജോലിയില്‍ മുഴുകിയിരിക്കുകയാണ്. അന്നത്തെ ജോലിയെല്ലാം മിക്കവാറും തീര്‍ന്നു കഴിഞ്ഞിരുന്നു. അപ്പോഴാണ് തന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റല്‍ കോര്‍പ്പറേഷന്റെ ലാബില്‍ നിര്‍മ്മിച്ച ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന്റെ സിലിക്കണ്‍ വാഫര്‍ ഫാഗിന് ലഭിക്കുന്നത്. സമയം വൈകിട്ട് ആറ് മണിയായി കാണും. തന്റെ സഹപ്രവര്‍ത്തകരെല്ലാം ജോലി മതിയാക്കി വീട്ടിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു. പക്ഷെ ഫാഗിന്റെ മനസ്സിലിപ്പോള്‍ ലാബില്‍ നിന്ന് നിര്‍മ്മിച്ച് നല്കിയ വാഫറിനെക്കുറിച്ച് മാത്രമാണ് ചിന്ത. ലാബിലെ ടെസ്റ്റിംഗ് യൂണിറ്റുമായി തന്റെ കയ്യിലുള്ള ഉപകരണത്തെ ഘടിപ്പിച്ചു. ഫാഗിന്റെ നെഞ്ചിലിപ്പോള്‍ തീയാണ്. കൈകള്‍ വിറയ്ക്കുന്നു. അപ്പോഴതാ ലാബിലെ ടെസ്റ്റിംഗ് മോണിറ്ററുകളില്‍ നിന്ന് അനുകൂലമായ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി. ഫാഗിന് സന്തോഷത്തിന്റെ കൊടുമുടിയിലേക്ക്....... അപ്പോഴേക്കും സമയം വെളുപ്പിന് മൂന്ന് മണി. തന്നെയും കാത്ത് വീട്ടില്‍ തനിച്ചിരിക്കുന്ന ഭാര്യയെ ഫാഗിന് ഓര്‍ത്തില്ല. ഉടന്‍ വീട്ടിലേക്ക് മടങ്ങി തന്റെ നിര്‍ണ്ണായകമായ കണ്ടുപിടിത്തത്തിന്റെ ഫലം ഭാര്യ എല്വിയയോട് പറഞ്ഞു.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ മികച്ച കണ്ടുപിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന മൈക്രോപ്രോസസറിന്റെ ടെസ്റ്റിംഗ് വേളയായിരുന്നു ജനുവരിയിലെ ആ സായാഹ്നം. ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തം. മിക്ക ഉപകരണങ്ങളുടെയും നിയന്ത്രണം മൈക്രോപ്രോസസറുകളും മൈക്രോ കണ്‍ട്രോളറുകളും ഏറ്റെടുത്തിരിക്കുന്ന ഇന്നത്തെ സാഹചര്യം അന്ന് ടെഡ് ഹോഫും ഫെഡറിക്കോ ഫാഗിനും സ്റ്റാന്‍ലി മേസറും അടങ്ങുന്ന, മൈക്രോപ്രോസസര്‍ വികസിപ്പിച്ചെടുത്ത ഇന്റലിലെ ശാസ്ത്രജ്ഞ സംഘത്തിന് ഭാവനയില്പോലും ദര്‍ശിക്കാന്‍ പറ്റുന്നതായിരുന്നില്ല.1941 ഡിസംബര്‍ ഒന്നിന് ഇറ്റലിയിലെ വിയന്നയില്‍ ജനിച്ച ഫെഡറിക്കോ ഫാഗിന് പഠനത്തില്‍ മിടുക്കനായിരുന്നു. 1960ല്‍ ബിരുദം നേടിയ ഫാഗിന് 65ല്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇറ്റലിയിലെ Padua യൂണിവേഴ്സിറ്റിയില്‍ അതേ വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി തരപ്പെടുത്തി. തുടര്‍ന്ന് 1966ല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും രാജിവച്ച് CERES കോര്‍പ്പറേഷനില്‍ സീനിയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. അവിടെയും ഫാഗിന് ഇരിപ്പുറച്ചില്ല. ഫാഗിന് നേരെ മിലനിലെ '`എസ്.ജി. എസ്. ഫെയര്ചൈല്ഡ'് കമ്പനിയില്‍ അവസരം നേടി. തുടര്‍ന്ന് അവിടെ നിന്ന് മെറ്റല്‍ ഓക്സൈഡ് സെമികണ്ടക്ടര്‍ ഐ.സി. വികസിപ്പിക്കുകയും ചെയ്തു. അവിടെ തുടങ്ങുന്നു ഫാഗിന്റെ വിജയ കഥ. 1968ല്‍ ഫെയര്‍ചൈല്‍ഡിന്റെ മാതൃസ്ഥാപനമായ കാലിഫോര്‍ണിയയിലെ '`ഫെയര്ചൈല്ഡി'ലേക്ക് മാറിയ ഫാഗിന് അവിടെയും തിളങ്ങി. സിലിക്കണ്‍ ഉപകരണങ്ങളില്‍ അതുവരെ ഉപയോഗിച്ചുവന്ന അലുമിനിയം കണ്ട്രോള് ഗേറ്റ് ടെക്നോളജിക്ക് പകരം സിലിക്കണ്‍ കണ്ട്രോള് ഗേറ്റ് ടെക്നോളജി ഫാഗിന് പരീക്ഷിച്ചു. ഇന്ന് 90 ശതമാനം സിലിക്കണ്‍ ഉപകരണങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിവരുന്നു.1970ല്‍ ഫാഗിന് '`ഫെയര്‍ചൈല്‍ഡ്' ഉപേക്ഷിച്ച് `ഇന്റലി'ലേക്ക് കുടിയേറി. റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗം മേധാവിയായ ഫാഗിന് അവിടെ വച്ചാണ് ടെഡ് ഹോഫിന്റെയും സ്റ്റാന്‍ലിയുടെയും സഹകരണത്തോടെ ചരിത്രത്തിലിടം നേടിയ മൈക്രോപ്രോസസര്‍ എന്ന അത്ഭുത ഉപകരണത്തിന് ജന്മമേകിയത്. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറി തുടങ്ങിയ മൈക്രോപ്രോസസര്‍ നിര്‍മ്മാണം ബിസിനസ് രംഗത്ത് വന്‍ സാധ്യതകളാണ് തുറന്നിട്ടത്.1974ല്‍ `ഇന്റല്‍' വിട്ട് `സിലോഗ്' കോര്പ്പറേഷന് സ്ഥാപിക്കുമ്പോള്‍ ഫാഗിന്റെ മനസ്സിലുണ്ടായിരുന്ന ലക്ഷ്യം മൈക്രോപ്രോസസര്‍ നിര്‍മ്മാണരംഗത്തെ അതികായരായി തന്റെ കമ്പനിയെ വളര്‍ത്തുകയെന്നതാണ്. ഈ രംഗത്ത് ഇന്റലുമായി മത്സരിക്കാന്‍ തുനിഞ്ഞ സിലോഗിനെ 1981ല്‍ മറ്റൊരു കമ്പനി ഏറ്റെടുത്തു. അതോടെ അവിടം വിട്ട ഫാഗിന് `സിഗ്നെറ്റ്' എന്ന പേരില്‍ മറ്റൊരു കമ്പനി സ്ഥാപിച്ച് കംപ്യൂട്ടറിന് വേണ്ട വോയ്സ്, ഡാറ്റാ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. അവിടെയും ഫാഗിന് തന്റെ മനസ്സിനെ കുടിയിരുത്താനായില്ല. 1986ല്‍ `സിനാപ്റ്റിക്സ്' എന്നൊരു സ്ഥാപനം കൂടി അദ്ദേഹം തുടങ്ങി. ന്യൂറല്‍ നെറ്റ്വര്‍ക്കുകളും അനുബന്ധ സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ ഉദ്ദേശിച്ച് രൂപീകരിച്ച ഈ കമ്പനിയുടെ ചെയര്‍മാനായി 1999 മുതല്‍ ഫാഗിന് തുടര്‍ന്നു. മറ്റു ചില സാങ്കേതിക സ്ഥാപനങ്ങളില്‍ കൂടി അദ്ദേഹം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും അവയുടെ പ്രസിഡന്റ് സ്ഥാനവും ഏറ്റെടുത്തിട്ടുണ്ട്. `സിമോസ്' ഇമേജ് സെന്‍സറുകളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന FOVOEN കമ്പനിയുടെ സി. ഇ. ഒ, പ്രസിഡന്റ് എന്നീ നിലകളില്‍ 2003 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാഗിന് കംപ്യൂട്ടര്‍ ലോകത്തിന് നല്കിയ സംഭാവന അമൂല്യം തന്നെ.മികവിനുള്ള അംഗീകാരമായി നിരവധി അവാര്‍ഡുകളും ഫെലോഷിപ്പുകളും ഫാഗിനെ തേടിയെത്തിയിട്ടുണ്ട്. 1988ല്‍ ലഭിച്ച ഇന്റര്‍നാഷണല്‍ മാര്‍ക്കോണി ഫെലോഷിപ്പും 1994ല്‍ ലഭിച്ച എ. ഇ. ഇ. ഇ.യുടെ വാലസ് മക് ഡൊണാള്‍ഡ് അവാര്‍ഡും 1997ല്‍ ലഭിച്ച ക്യോട്ടോ പ്രൈസും അവയില്‍ ചിലത് മാത്രം. കംപ്യൂട്ടര്‍ സയന്‍സില്‍ മിലന് യൂണിവേഴ്സിറ്റിയും ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗില്‍ റോം യൂണിവേഴ്സിറ്റിയും ഇദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. പ്രശസ്തിയുടെ പടിവാതിലുകള്‍ താണ്ടുമ്പോഴും അങ്ങകലെ തന്റെ ഓഫീസിലിരുന്ന് സാങ്കേതിക വിദ്യയുടെ വികാസത്തോടൊപ്പം കംപ്യൂട്ടറിന്റെ സൂക്ഷ്മവല്‍ക്കരണം നോക്കിക്കാണുകയാണ് ഫാഗിന്.
( 1923 - 2005 )
മിസൗറിയിലെ ജെഫേഴ്സണ്‍ സിറ്റിയില്‍ ജനിച്ചു. 1958 ല്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ചിപ്പ് നിര്‍മ്മിച്ചു. മൂന്നാംതലമുറ കംപ്യൂട്ടറുകളുടെ ആവിര്‍ഭാവത്തിന് ഇത് കാരണമായി. 2000ല്‍ ജാക് എസ് കില്‍ബിക്ക് നോബല്‍ സമ്മാനം ലഭിച്ചു. അറുപതിലധികം പേറ്റന്റുകളും കില്‍ബി സ്വന്തമാക്കിയിരുന്നു. 1970ല്‍ അമേരിക്ക, സയന്‍സിനുള്ള ദേശീയ മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി
ട്രാന്‍സിസ്റ്ററുകളുടെ കണ്ടുപിടിത്തത്തോടെ ഇലക്ട്രോണിക്സ് മേഖലയില്‍ ആവേശകരമായ മുന്നേറ്റമുണ്ടായി. എല്ലാ ഉപകരണങ്ങളിലും ട്രാന്സിസ്റ്ററുകള് ആധിപത്യം സ്ഥാപിച്ചു. വാക്വം ട്യൂബുകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ട്രാന്സിസ്റ്ററുകള്, കപ്പാസിറ്ററുകള്‍, റെസിസ്റ്ററുകള്‍ തുടങ്ങി ഒരു ഉപകരണത്തിലെ ഘടക ഭാഗങ്ങള്‍ പലതും ഒരുമിച്ച് കമ്പികള്‍കൊണ്ട് ബന്ധിപ്പിക്കുപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. സങ്കീര്‍ണ്ണ ഉപകരണങ്ങള്‍ കൂടിയാകുമ്പോള്‍ പ്രശ്നം ഗുരുതരമാകും. സിലിക്കണ്‍ പോലുള്ള ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് ഇതിലെ മിക്കഭാഗങ്ങളും തയ്യാറാക്കുന്നത്. ഇവയെല്ലാം ഒരേ ക്രിസ്റ്റലില്‍ തന്നെ രൂപപ്പെടുത്തിയെടുത്താല്‍ കൂട്ടിയിണക്കുമ്പോഴുണ്ടാകുന്ന പ്രശ്നം ഒഴിവാക്കാനാവുമല്ലോ? ഈ ചിന്തയാണ് വളരെ പ്രശസ്തമായ ഇന്റര്‍ഗ്രേറ്റഡ് സര്‍ക്യൂട്ട് എന്ന ഐ.സി.യുടെ കണ്ടുപിടിത്തത്തിലേക്ക് ജാക് എസ്. കില്‍ബിയെ നയിച്ചത്.മിസൗറിയിലെ ജെഫേഴ്സണ്‍ സിറ്റിയില്‍ 1923 നവംബര്‍ എട്ടിന് കില്‍ബി ജനിച്ചു. ഒരു ചെറിയ ഇലക്ട്രിക് കമ്പനി ഉടമയായിരുന്നു കില്‍ബിയുടെ അച്ഛന്. ചെറുപ്പം മുതലേ സാങ്കേതികവിദ്യയില്‍ കമ്പമുണ്ടായിരുന്ന കില്‍ബി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. അതിന് ശേഷം വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇതേ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.ഗ്ളോബല്‍ യൂണിയന് ഇന്‍ കോര്‍പ്പറേഷന്റെ മില്‍വാക്കിയിലുള്ള സെന്‍ട്രല്‍ ലാബ് ഡിവിഷനില്‍ സെറാമിക് അടിസ്ഥാനമാക്കിയുള്ള സില്‍ക് സ്ക്രീന്‍ഡ് സര്‍ക്യൂട്ട് വികസിപ്പിച്ചുകൊണ്ട് ജോലിയാരംഭിച്ച കില്‍ബി പിന്നീട് ടെക്സാസ് ഇന്‍സ്ട്രുമെന്റ്സില്‍ ചേര്‍ന്നു. കമ്പനിയില്‍ എല്ലാവരും വേനലവധിയിലായിരുന്നപ്പോള് കില്‍ബിക്ക് മാത്രം അവധി നിഷേധിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ ചേര്‍ന്നയാള്‍ക്ക് വേനലവധിക്ക് അവകാശമില്ല, കാരണമതായിരുന്നു. ഇതായിരിക്കും ഒരു പക്ഷെ കില്‍ബിക്ക് തുണയായത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ബെല്‍ ലാബില്‍ നിര്‍മ്മിച്ച ട്രാന്‍സിസ്റ്റര്‍ പ്രൊഫസര്‍ തന്റെ ശിഷ്യന്മാര്ക്ക് കാട്ടിക്കൊടുത്തിരുന്നു. ഇതില്‍ പണ്ടേ കില്‍ബിയുടെ മനസ്സുടക്കിയിരുന്നു. ജോലി ചെയ്യാനില്ലാത്തതിനാല്‍ കില്‍ബി ഏറെ സമയം ട്രാന്സിസ്റ്ററുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. ട്രാന്‍സിസ്റ്ററുകളും മറ്റും അര്‍ദ്ധചാലക ക്രിസ്റ്റലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. എന്തുകൊണ്ട് കപ്പാസിറ്റര്‍, റെസിസ്റ്റര്‍ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഘടകങ്ങളും അര്‍ദ്ധചാലകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചുകൂടാ. അങ്ങനെയെങ്കില്‍ ഇവയെല്ലാം ഒരുമിച്ച് ഒറ്റ ക്രിസ്റ്റലില്‍ തന്നെ രൂപപ്പെടുത്തിയെടുക്കാമെന്ന ചിന്തയും കില്‍ബിയുടെ മനസ്സില്‍ തെളിഞ്ഞുവന്നു. എങ്കില്‍ എല്ലാം ഒരൊറ്റ അര്‍ദ്ധചാലക ക്രിസ്റ്റലില്‍ ആയിരിക്കുമ്പോള്‍ അതിന്റെ നിര്‍മ്മാണവും ഉപയോഗവും എളുപ്പമാവുകയും ചെയ്യും. ഈയൊരു ചിന്ത മനസ്സിനെ മദിച്ചപ്പോള് അക്കാര്യം കില്‍ബി തന്റെ ബോസിനെ അറിയിച്ചു. ഇക്കാര്യം ഏറെ താല്പര്യത്തോടെ ശ്രവിച്ച അധികാരികള്‍ അത്തരമൊരു പദ്ധതിക്കുള്ള അനുവാദവും നല്കി. അങ്ങനെ കില്‍ബി 1958 സെപ്തംബര്‍ 12ന് അതിന്റെ ഒരു വര്‍ക്കിംഗ് മോഡല്‍ തയ്യാറാക്കി. പിറ്റെ വര്‍ഷം ഫെബ്രുവരി ആറിന് അതിന്റെ പേറ്റന്റിന് അപേക്ഷ നല്‍കുകയും ചെയ്തു.ഒരു ട്രാന്സ്റ്റിര്, ഒരു കപ്പാസിറ്റര്‍, മൂന്ന് റെസിസ്റ്ററുകള്‍ എന്നിവയടങ്ങിയ ആദ്യത്തെ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിന് ഒരു പേപ്പര്‍ ക്ളിപ്പിന്റെ പകുതിയോളമേ വലിപ്പമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയനുസരിച്ച് ഇന്ന് അതേ വലിപ്പത്തില്‍ ഐ.സി. നിര്‍മ്മിച്ചാല്‍ അതില്‍ 125 മില്യനിലധികം ട്രാന്സിസ്റ്ററുകള് ഉള്ക്കൊള്ളിക്കാനാവും. അത്രമാത്രം പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.ഇന്റഗ്രേറ്റഡ് ചിപ്പുകളുടെ കണ്ടുപിടുത്തം മൂന്നാംതലമുറ കംപ്യൂട്ടറുകളുടെ ആവിര്‍ഭാവത്തിന് കാരണമായി. പിന്നെ ഐ.സി. ഉപയോഗിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഇല്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ലോകത്തെ മാറ്റിമറിച്ച ഐ.സി.യുടെ കണ്ടുപിടിത്തത്തിന് 2000ല്‍ ജാക് എസ് കില്‍ബിക്ക് നോബല്‍ സമ്മാനം ലഭിച്ചു. അതേതുടര്ന്ന് കില്‍ബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ``ഞാന്‍ നിര്‍മ്മിച്ച ഐ.സി. ഇലക്ട്രോണിക്സ് മേഖലയ്ക്ക് വളരെ അത്യാവശ്യമായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അത് ഈ മേഖലയില്‍ ഇത്രമാത്രം മാറ്റം വരുത്തുമെന്ന് എനിക്ക് അന്ന് തോന്നിയതേയില്ല''.കില്‍ബി ഐ.സി. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അതേകാലത്ത് തന്നെ കാലിഫോര്‍ണിയയില്‍ റോബര്‍ട്ട് നോര്‍ട്ടണ്‍ നോയ്സ് എന്ന ശാസ്ത്രജ്ഞനും ഇതേ ചിന്തയില്‍ മുഴുകി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിന്റെ ഫലമായി അവരും ഉപകരണം വികസിപ്പിച്ചിരുന്നു. 1959ല്‍ പേറ്റന്റിനായി അപേക്ഷ നല്കിയപ്പോള് മാത്രമാണ് രണ്ട് സ്ഥലത്ത് നിന്ന് ഒരേ രീതിയിലുള്ള ഉപകരണം നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഇരുവരും മനസ്സിലാക്കുന്നത്. സാങ്കേതികവിദ്യയില്‍ ഇത്തിരി മാറ്റങ്ങള്‍ ഉണ്ടെങ്കിലും രണ്ടിന്റെയും ഉദ്ദേശ്യം ഒന്നുതന്നെയായിരുന്നു. കില്ബിയായിരുന്നു ആദ്യം പേറ്റന്റിനായി അപേക്ഷ നല്‍കിയിരുന്നത്. അതിനെ തുടര്‍ന്ന് പേറ്റന്റ് ആര് നേടുമെന്നുള്ള പ്രശ്നമായി. അങ്ങനെയുണ്ടായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സാങ്കേതികവിദ്യയിലെ മികവ് കണക്കിലെടുത്ത് 1961 ഏപ്രില്‍ 25ന് റോബര്‍ട്ട് നോയ്സിന് ഐ.സി.യുടെ പേറ്റന്റ് അവകാശം നല്കി. കില്‍ബി ജര്മ്മേനിയവും നോയ്സ് സിലിക്കണ്‍ ക്രിസ്റ്റലുകളുമാണ് ഐ.സി.യുടെ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും ഐ.സി. ആദ്യം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് ജാക് എസ് കില്‍ബിക്ക് അവകാശപ്പെട്ടത് തന്നെ.1961ല്‍ ഐ.സി. വ്യാവസായികാടിസ്ഥാനത്തില്‍ ഫെയര്‍ചൈല്‍ഡ് സെമികണ്ടക്ടര്‍ കോര്പ്പറേഷന് പുറത്തിറക്കി. അമേരിക്കന്‍ സൈന്യത്തിന് വേണ്ടി നിര്‍മ്മിച്ച കംപ്യൂട്ടറുകളിലും മിസൈലിലുമാണ് ആദ്യമായി ഐ.സി. ഉപയോഗിച്ചു തുടങ്ങിയത്.കില്‍ബിയുടെ മറ്റൊരു കണ്ടുപിടിത്തമാണ് പോര്‍ട്ടബിള്‍ കാല്‍ക്കുലേറ്റര്‍. 1967ല്‍ കണ്ടുപിടിച്ച ഈ ഉപകരണത്തിന് പുറമെ വിവിധ കണ്ടുപിടുത്തങ്ങള്‍ക്കായി അറുപതിലധികം പേറ്റന്റുകളും കില്‍ബി സ്വന്തമാക്കിയിരുന്നു. 1970ല്‍ അമേരിക്ക സയന്‍സിനുള്ള ദേശീയ മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. അവസാനകാലത്ത് ടെക്സാസ് ഇന്‍സ്ട്രുമെന്റ്സിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന കില്‍ബി 1983ല്‍ അവിടെ നിന്നും വിരമിച്ചു. 154 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഗവേഷണ വികസന കോംപ്ളക്സിന് ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് കില്‍ബിയുടെ ആദരസൂചകമായി അദ്ദേഹത്തിന്റെ പേരും നല്കി. കാന്‍സര്‍ ബാധയോട് മല്ലിട്ട് ഈ മഹാപ്രതിഭ 2005 ജൂണ്‍ 20ന് നമ്മെ വിട്ടുപിരിഞ്ഞു.`കണ്ടുപിടിത്തമെന്നത് ബ്രഹ്മവിദ്യയൊന്നുമല്ല. നിങ്ങള്‍ക്ക് അതീവ താല്പര്യമുള്ള മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുപിടിത്തം താനെ നടന്നുകൊള്ളും. അതൊരു പ്രകൃതി പ്രതിഭാസം മാത്രമാണത്'- കില്‍ബിയുടെ ഈ വാക്കുകള്‍ ഇന്നത്തെ തലമുറയ്ക്കുള്ള ഉപദേശമാണ്.
( 780 - 850 )
ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ഖിവയില്‍ ജനിച്ചു. അറബി ഗണിതശാസ്ത്രജ്ഞന്. ബീജഗണിത(ആള്‍ജിബ്ര)ത്തിന്റെ പിതാവ്. ഇദ്ദേഹത്തിന്റെ `ഹിസ്ബ് അല്‍ ജബ്ര് വ അല്‍ മുഖാബല', എന്നീ പുസ്തകങ്ങളുടെ പേരില്‍ നിന്നാണ് യഥാക്രമം ആള്‍ജിബ്ര, ആല്‍ഗരിതം എന്നീ പദങ്ങളുണ്ടായത്.
ബീജഗണിത(ആള്‍ജിബ്ര)ത്തിന്റെ പിതാവായി അറിയപ്പെടുന്ന മുഹമ്മദ് ഇബ്ന് മുസ അല്‍ ഖ്വാരിസ്മി വിഖ്യാതനായ അറബി ഗണിതശാസ്ത്രജ്ഞനാണ്. ഗണിതശാസ്ത്രത്തിന് ഇന്ത്യക്കാരുടെ സംഭാവനയായ പൂജ്യത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ അല്‍ ഖ്വാരിസ്മി വഹിച്ച പങ്ക് സ്തുത്യര്‍ഹം തന്നെ. ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ഖിവയില്‍ 780ലാണ് അല്‍ ഖ്വാരിസ്മി ജനിച്ചതെന്ന് കരുതുന്നു. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമെന്ന് മറ്റൊരു പക്ഷവുമുണ്ട്. ബാഗ്ദാദില്‍ ഖാലിഫ് മാമൂണിന്റെ ഭരണകാലത്ത് (813 - 833) അല്‍-ഖ്വാരിസ്മിക്ക് വലിയ സ്ഥാനമായിരുന്നു. അക്കാലത്ത് ബാഗ്ദാദിലെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് അന്നത്തെ ഖലീഫയായ അല്‍-മാമൂണിന്റെ സഹായം ഖ്വാരിസ്മിക്ക് ഉണ്ടായിരുന്നു.ഇന്ത്യയില്‍ ജന്മംകൊണ്ട ദശാംശ സംഖ്യാ സമ്പ്രദായം, കണക്കുകൂട്ടലിന് വളരെ എളുപ്പമായിരുന്നു. പൂജ്യം ഉപയോഗിച്ചുള്ള കണക്ക് കൂട്ടല്‍ അതുവരെ പ്രചാരത്തിലുണ്ടായിരുന്നവയെക്കാള് വ്യത്യസ്തവുമായിരുന്നു. ഈ രീതിയെപറ്റി അല്‍-ഖ്വാരിസ്മി തന്റെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ പലതും ലാറ്റിന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിരുന്നു. പുസ്തകം തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരുടെ സംഭാവനയായ പൂജ്യവും മറ്റും അറബി അക്കങ്ങളായി വിവരിക്കപ്പെട്ടു. അങ്ങനെയാണ് ഇന്ത്യയുടെ സംഭാവനയായ പൂജ്യവും മറ്റും അറബി അക്കങ്ങളെന്ന പേരില്‍ പ്രചരിക്കാന്‍ ഇടയായത്. 'ഹിസ്ബ് അല്‍ ജബ്ര് വ അല്‍ മുഖാബല' (Hisab al-jabr W'al Muqabala) എന്ന ഖ്വാരിസ്മിയുടെ പ്രബന്ധത്തിലാണ് ബീജഗണിതത്തെപറ്റി ആദ്യമായി പരാമര്‍ശിക്കുന്നത്. ഈ പുസ്തകത്തിന്റെ പേരിലെ അല്‍-ജബ്ര് എന്ന വാക്കില്‍ നിന്നാണ് ഗണിതശാസ്ത്രത്തിലെ ബീജഗണിതം എന്നര്‍ത്ഥമുള്ള ആള്‍ജിബ്ര എന്ന പദമുണ്ടായത്. Liber Algorismi ( The book of Al- Khwarismi) എന്ന പേരില്‍ അല്‍-ഖ്വാരിസ്മിയുടെ ബീജഗണിത ഗ്രന്ഥം പിന്നീട് ലാറ്റിന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. പൂജ്യം ഉപയോഗിച്ചുള്ള ഗണിതക്രിയകള്‍ വളരെ എളുപ്പമായി തോന്നിയതോടെ സംഖ്യകളുടെ കണക്കുകൂട്ടലിനുള്ള ഒരു പുതിയ വഴിയായി ഈ രീതി മാറുകയായിരുന്നു. ഈ രീതി അല്‍ഗോരിസം എന്നറിയപ്പെടാന്‍ തുടങ്ങി. കണക്കു കൂട്ടലിന്റെ കലയായി അറിയപ്പെടാന്‍ തുടങ്ങിയ അല്ഗോരിസത്തിന് ചില മാറ്റങ്ങള്‍ വന്നപ്പോള്‍ അല്ഗരിതമായി മാറി. കംപ്യൂട്ടര്‍ പ്രോഗ്രാം എഴുതുന്നതിന് മുമ്പ് ഒരു പ്രശ്നം പരിഹരിക്കാന്‍ വേണ്ടി പടിപടിയായി മുന്നേറാന്‍ സഹായിക്കുന്ന നിയമാവലി എന്ന അര്‍ത്ഥത്തിലും അല്‍ഗരിതം എന്ന വാക്ക് പിന്നീട് ഉപയോഗിച്ചു തുടങ്ങി. ജ്യോതിശാസ്ത്ര ഗ്രന്ഥമായ `സിജ് അല്‍ സിന്ദ് ഹിന്ദ്' (Zij al sind hind) ആണ് ഖ്വാരിസ്മിയുടെ ശ്രദ്ധേയമായ മറ്റൊരു കൃതി. ഭാരതീയ ജ്യോതിശാസ്ത്രമായിരുന്നു ഇതിലെ പ്രതിപാദ്യം. ആകാശത്ത് നക്ഷത്രങ്ങളുടെയും സൂര്യന്റെയുമെല്ലാം സ്ഥാനം കണക്കാക്കുന്നതിനെപ്പറ്റിയും സമയ നിര്‍ണ്ണയത്തെപ്പറ്റിയും കാലനിര്ണ്ണയത്തെപ്പറ്റിയും അല്‍-ഖ്വാരിസ്മി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അല്‍-ഖ്വാരിസ്മി 850ല്‍ അന്തരിച്ചു.കംപ്യൂട്ടറിന്റെ അടിസ്ഥാനമായി മാറിയ ബൈനറി സമ്പ്രദായത്തില്‍, ഭാരതത്തിന്റെ കണ്ടെത്തലായ പൂജ്യത്തിനുള്ള സ്ഥാനം എത്രയോ വലുതാണ്. വിദേശരാജ്യങ്ങളില്‍, നമ്മുടെ നേട്ടമായി കരുതുന്ന `പൂജ്യ'ത്തിന്റെ വില പ്രചരിപ്പിക്കാന്‍ അല്‍-ഖ്വാരിസ്മി കാണിച്ച താല്പര്യം നമുക്ക് വെറും പൂജ്യമായി കാണാതെ സംപൂജ്യതയോടെ ഓര്‍ക്കാം.
( 1906 - 1992 )
ന്യൂയോര്‍ക്കില്‍ ജനിച്ചു.?കോബോള്' എന്ന പ്രോഗ്രാമിംഗ് ഭാഷയും കംപയിലറും രൂപകല്‍പ്പന ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. 1943 വരെ വാസ്സാര്‍ കോളേജില്‍ അസോ. പ്രൊഫസറായിരുന്നു. നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നേവിയില്‍ നിന്ന് 1986ല്‍ റിയര്‍ അഡ്മിറലായി റിട്ടയര്‍ ചെയ്തു. കംപ്യൂട്ടര്‍ േ്രപാ്രഗാമില് കടന്നുകൂടുന്ന തെറ്റിന് ?ബഗ്' എന്ന വിളിേപ്പര് നല്കി.
അലാറം ക്ളോക്കുകള്‍ മണിമുഴക്കുന്നത് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു ന്യൂയോക്കില്‍. കൃത്യ സമയത്തുള്ള മണിമുഴക്കത്തിന്റെ രഹസ്യമറിയണമെന്ന് ഈ ഏഴു വയസ്സുകാരിക്ക് ഒരാഗ്രഹം. പിന്നെയൊന്നും ആലോചിച്ചില്ല. ടൈംപീസിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ വീട്ടിലെ ഒരെണ്ണമെടുത്ത് പൊളിച്ചു നോക്കി. സംഗതി പിടികിട്ടിയില്ല. മാത്രമല്ല ക്ളോക്ക് വീണ്ടും പഴയപടിയാക്കി വയ്ക്കാനും കുട്ടിക്ക് കഴിഞ്ഞില്ല. ക്ളോക്കിന്റെ നിര്‍മ്മാണ ഘടന പഠിക്കാന്‍ വീട്ടിലുള്ള വേറൊരെണ്ണം കൈക്കലാക്കി. അങ്ങിനെ ആ വീട്ടിലെ ഏഴ് ക്ളോക്കുകളും ഈ കുസൃതിക്കാരിയുടെ പെണ്‍കുട്ടിയുടെ സ്വഭാവമറിഞ്ഞിട്ടുണ്ട്." Amazing Hopper " ഈ പേരിലായിരുന്നു മുതിര്‍ന്നപ്പോള്‍ അവര്‍ അറിയപ്പെട്ടത്. 1906 ഡിസംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കില്‍ ജനിച്ച ഇവര്‍ ഒരു വിസ്മയം തന്നെയായിരുന്നു. ആദ്യകാല കംപ്യൂട്ടറുകളിലെ പ്രമുഖ പ്രോഗ്രാമറായിരുന്നു ഇവര്‍ - പേര്: ഗ്രേസ് ബി. മുറേ ( Grace Brewster Murray). `കോബോള്' എന്ന പ്രോഗ്രാമിംഗ് ഭാഷയും കംപയിലറും രൂപകല്‍പ്പന ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കക്കാരിയും നാവികസേനാ ഉദ്യോഗസ്ഥയുമായ ഗ്രേസ്, കംപ്യൂട്ടര്‍ രംഗത്തെ അതികായരില്‍ ഒരാളാണ്.ഇന്‍ഷ്വറന്‍സ് ബ്രോക്കറായ വാള്‍ട്ടര്‍ എഫ്. മുറേയുടെയും മേരി കാമ്പെല്ലിന്റെയും മക്കളില്‍ മൂത്തയാളായിരുന്നു ഗ്രേസ്. മികച്ച വിദ്യാര്‍ത്ഥിയെന്ന ബഹുമതി കരസ്ഥമാക്കി കണക്കിലും ഫിസിക്സിലും `വസ്സാര്‍ കോളേജി'ല്‍ നിന്ന് ബിരുദം നേടിയ ഗ്രേസ് 1930ല്‍ Yale യൂണിവേഴ്സിറ്റിയില്‍ നിന്ന് കണക്കില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. തുടര്‍ന്ന് `വാസ്സാര്‍ കോളേജി'ല്‍ ഫാക്കല്‍റ്റിയായി ചേര്‍ന്നു. അതിനിടെ ഇരുപത്തിമൂന്നാം വയസ്സില്‍, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കൊമേഴ്സില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന വിന്‍സെന്റ് ഫോസ്റ്റര്‍ ഹോപ്പറിനെ വിവാഹം ചെയ്തു. ജോലിചെയ്യുന്നതോടൊപ്പം പഠനം തുടര്‍ന്ന ഗ്രേസ് 1934ല്‍ കണക്കില്‍ ഡോക്ടറേറ്റ് ബിരുദവും സ്വന്തമാക്കി. 1943ല്‍ നേവിയില്‍ ജോലി ലഭിക്കുന്നത് വരെ വാസ്സാര്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു. പത്ത് വര്‍ഷം മാത്രം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷം 1945ല്‍ ഗ്രേസ് - വിന്‍സെന്റ് ദമ്പതികള്‍ വിവാഹമോചനം നേടി. അതേ വര്‍ഷം രണ്ടാം ലോകമഹായുദ്ധത്തില്‍ അദ്ദേഹം മരിക്കുകയും ചെയ്തു.മിലിട്ടറി പശ്ചാത്തലമുള്ള ഒരു കുടുംബമായിരുന്നു ഗ്രേസിന്റേത്. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക പങ്കാളിയായതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടണമെന്ന് ഗ്രേസിന് മോഹമുദിച്ചു. പക്ഷേ, അന്ന് വനിതകളെ നേവിയിലേക്ക് എടുക്കുന്ന കാലമായിരുന്നില്ല; എങ്കിലും അവള് അവസരത്തിനായി കാത്തിരുന്നു. സേനാംഗങ്ങളുടെ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീകളെയും നാവികസേനയില്‍ എടുക്കുന്നുവെന്ന വാര്‍ത്ത ഗ്രേസ് മനസ്സിലാക്കി. അങ്ങിനെ Womens Accepted for Voluntary Service - WAVES പദ്ധതി പ്രകാരം ഗ്രേസിനും സേനയില്‍ ചേരാന്‍ അവസരം ലഭിച്ചു. നേവിയില്‍ ലഫ്റ്റനന്റ് ജൂനിയര്‍ ഗ്രേഡ് ലഭിച്ച ഗ്രേസിന് അടുത്ത വര്‍ഷം തന്നെ ബ്യൂറോ ഓഫ് ഓര്‍ഡനന്‍സ് കംപ്യൂട്ടേഷന് പ്രോജക്ടിന്റെ ഭാഗമായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേക്ക് മാറ്റം ലഭിച്ചു. ഹാര്‍വാര്‍ഡില്‍ ഹൊവാര്‍ഡ് എയ്ക്കന്റെ കീഴിലായിരുന്നു ഗ്രേസിന് ജോലി ചെയ്യാനുണ്ടായിരുന്നത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയ പാകത്തില്‍ കംപ്യൂട്ടറിനെ മെരുക്കിയെടുക്കാനാവശ്യമായ പ്രോഗ്രാമുകള്‍ ഗ്രേസിന് മാര്‍ക്ക് -വണ്‍ കംപ്യൂട്ടറില്‍ ചെയ്യേണ്ടി വന്നു.1946 ല്‍ ഗ്രേസ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മാര്‍ക്ക് ടു, മാര്‍ക്ക് ത്രീ കംപ്യൂട്ടറുകളുമായി ചങ്ങാത്തം കൂടി കംപ്യൂട്ടര്‍ മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ഇക്കര്ട്ട് - മോക്ലി കംപ്യൂട്ടര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്നു. ഈ കമ്പനിയാണ് പില്ക്കാലത്ത് `സ്പെറി റാന്‍ഡ് കോര്പ്പറേഷന്' എന്ന പേരില്‍ അറിയപ്പെട്ടത്. ഇവിടെ വച്ച് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച '`യൂണിവാക്' കംപ്യൂട്ടറിന്റെ ഡിസൈനിംഗില്‍ ഗ്രേസ് ഏറെ പ്രാഗത്ഭ്യം കാണിച്ചു. മാര്‍ക്ക് വണ്‍ കംപ്യൂട്ടറിനെക്കാള്‍ ആയിരം മടങ്ങ് വേഗതയുണ്ടായിരുന്ന യൂണിവാക് ആയിരുന്നു അന്നത്തെ തരംഗം. 1971ല്‍ സ്പെറി റാന്‍ഡില്‍ നിന്ന് ഗ്രേസ് വിടവാങ്ങി.മിലിട്ടറിയില്‍ നിന്ന് നേരത്തെ വിടുതല്‍ വാങ്ങിയിരുന്നുവെങ്കിലും നേവല്‍ റിസര്‍വ്വിലെ അംഗമായി തുടര്‍ന്ന ഗ്രേസ് 1986ല്‍ റിയര്‍ അഡ്മിറല്‍ എന്ന സ്ഥാനം അലങ്കരിച്ചുകൊണ്ടാണ് നേവിയോട് പൂര്‍ണ്ണമായും വിടപറഞ്ഞത്. പിന്നീട് ഡിജിറ്റല്‍ എക്യുപ്മെന്റ് കോര്‍പ്പറേഷനില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി ചേര്‍ന്ന ഹോപ്പറിന് അപ്പോള്‍ പ്രായം എണ്‍പത്.ജീവിത സായന്തനത്തിലും കര്‍മ്മനിരതയായി പ്രവര്‍ത്തിച്ച ഗ്രേസിന് നിരവധി ബഹുമതികളും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡാറ്റാ പ്രോസസിംഗ് മാനേജ്മെന്റ് അസോസിയേഷന്റെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി, ഡിഫന്‍സ് സര്‍വ്വീസ് മെഡല്‍, ലീജിയന് ഓഫ് മെറിറ്റ്, ബ്രിട്ടീഷ് കംപ്യൂട്ടര്‍ സൊസൈറ്റിയുടെ ഫെലോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സിന്റെ മക്ഡവല്‍ അവാര്‍ഡ് എന്നിവയ്ക്ക് പുറമെ 47 ഹോണററി ബിരുദങ്ങളും ഇവര്‍ സ്വന്തമാക്കി.പുതിയ നൂറ്റാണ്ട് തുടങ്ങുന്നതു വരെ ജീവിച്ചിരിക്കണമെന്ന ഗ്രേസിന്റെ ആഗ്രഹം മാത്രം സഫലമായില്ല. 1992 ലെ പുതുവര്‍ഷ പുലരി അവരെ ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം ചെയ്തു. വിര്‍ജീനയിലെ ആര്‍ലിംഗ്ടണ്‍ സെമിത്തേരിയില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്. പ്രോഗ്രാമിംഗ് ലാംഗ്വേജ്സ്, സോഫ്റ്റ്വെയര് ഡവലപ്മെന്റ് കണ്‍സെപ്റ്റ്സ്, കംപയിലര്‍ വെരിഫിക്കേഷന്, ഡാറ്റാ പ്രോസസിംഗ് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ഏവര്‍ക്കും പ്രത്യേകിച്ച് വനിതകള്‍ക്ക് ഒരു വഴികാട്ടിയായ ഈ താരത്തിന്റെ സ്മരണാര്‍ത്ഥം അമേരിക്ക നിയന്ത്രിത മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലും - USS Hopper ഉണ്ടാക്കിയിട്ടുണ്ട്.
കംപ്യൂട്ടര്‍ ബഗ്
പ്രാണിയെ പ്രശസ്തയാക്കിയ ഹോപ്പര്കംപ്യൂട്ടറിന് അറിയുന്നത് രണ്ടേ രണ്ട് അക്കങ്ങള്‍ മാത്രം - അത് പൂജ്യവും ഒന്നും. മറ്റൊന്നും കംപ്യൂട്ടറിന് അറിയില്ല. എന്നാല്‍ മനുഷ്യര്‍ക്ക് അറിയാവുന്ന ഭാഷകളും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്നാവും നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ശരിയാണ്, മിക്ക ഭാഷകളും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നുണ്ട്. പിന്നെങ്ങനെ അക്കങ്ങള്‍ മാത്രമറിയുന്ന ഒരു യന്ത്രമെന്ന് കംപ്യൂട്ടറിനെ വിശേഷിപ്പിക്കും?ഇതിന് ഉത്തരം തേടും മുമ്പ് ഗ്രേസ് മുറേ ഹോപ്പര്‍ എന്ന വനിതാ കംപ്യൂട്ടര്‍ വിദഗ്ദ്ധയുടെ ബുദ്ധിസാമര്‍ത്ഥ്യം അറിഞ്ഞുവയ്ക്കുക.
കംപ്യൂട്ടറിന് അറിയുന്നത് ഒന്നും പൂജ്യവും മാത്രം. നമുക്ക് അറിയുന്നതോ മാതൃഭാഷ കൂടാതെ ഇംഗ്ലീഷ് പോലെ പ്രചാരത്തിലുള്ള മറ്റ് ഭാഷകളും. അക്കങ്ങള്‍ മാത്രം - പൂജ്യവും ഒന്നും, '`അക്ഷര'ങ്ങളായുള്ള മെഷീന് ലാംഗ്വേജ് അറിയുന്ന കംപ്യൂട്ടറിനെ '`ഭാഷ' പഠിപ്പിച്ചത് ഗ്രേസ് മുറേ ഹോപ്പറാണ്. ആദ്യകാലത്ത് കംപ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നത് ശാസ്ത്രജ്ഞന്മാരാണ്. ബൈനറി സംഖ്യാ സമ്പ്രദായം മാത്രം മനസ്സിലാകുന്ന കംപ്യൂട്ടറിന് നല്കുന്ന വിവരങ്ങളും ബൈനറിയില്‍ തന്നെയായിരിക്കണമെന്നത് സാധാരണക്കാരെയും മറ്റും കംപ്യൂട്ടറില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. സാധാരണക്കാര്‍ക്കും ലളിതമായി കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരവസ്ഥ ഉണ്ടായിക്കാണാന്‍ ആഗ്രഹിച്ച ഹോപ്പറിന് ചില തടസ്സങ്ങളെ തരണം ചെയ്യേണ്ടതായി വന്നു. ഒന്നാമതായി ബൈനറി സമ്പ്രദായത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന അവസ്ഥ മാറ്റിയെടുക്കണം. അങ്ങനെയെങ്കില്‍ സാധാരണ ഭാഷ ഉപയോഗിച്ച് നല്കുന്ന നിര്‍ദ്ദേശങ്ങളെ കംപ്യൂട്ടറിന്റെ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഒരു ഉപകരണമുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്ന ചിന്ത ഗ്രേസിനെ അത്തരത്തില്‍ ഒന്ന് രൂപകല്‍പ്പന ചെയ്യുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. ഇത് '`കംപയിലര്‍' എന്ന സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണത്തിന് വഴിതെളിച്ചു. നാം നല്കുന്ന നിര്‍ദ്ദേശങ്ങളെ, കംപ്യൂട്ടറിന് മനസ്സിലാകുന്ന ഭാഷയായ മെഷീന് ലാംഗ്വേജ് എന്നറിയപ്പെടുന്ന ബൈനറി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തുകൊടുക്കുന്നത് കംപയിലറാണ്.1952ലാണ് ആദ്യത്തെ കമ്പയിലര് ജനിക്കുന്നത്. ഗ്രേസിന്റെ ആദ്യത്തെ കംപയിലര്‍ A - 0 ( എ - സീറോ) എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ നിരവധി പരിഷ്ക്കരിച്ച പതിപ്പുകള്‍ പിന്നീട് പുറത്തിറക്കി. 'യൂണിവാക്' കംപ്യൂട്ടറിന് വേണ്ടി വികസിപ്പിച്ച B - 0 കംപയിലര്‍ പിന്നീട് Flow-matic എന്ന പേരില്‍ പ്രശസ്തമായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റുന്ന ഭാഷ, മെഷീന് കോഡിലേക്ക് തര്‍ജ്ജമ ചെയ്യാനായാണ് ഫ്ളോ-മാറ്റിക് വികസിപ്പിച്ചെടുത്തത്. ഇത് ഉപയോഗിച്ച് `യൂണിവാക് വണ്‍' , ടു കംപ്യൂട്ടറുകളെ Count, Display തുടങ്ങി ഇരുപതോളം നിര്‍ദ്ദേശങ്ങള്‍ '`പഠിപ്പി'ക്കാന്‍ ഗ്രേസിന് കഴിഞ്ഞു. Common Business Oriented Language - COBOL എന്ന ഭാഷയ്ക്ക് അടിസ്ഥാനമായത് ഫ്ളോ -മാറ്റിക് എന്ന കംപയിലറാണ്. കോണ്‍ഫറന്‍സ് ഓണ്‍ ഡാറ്റാ സിസ്റ്റം ലാംഗ്വേജ് (CODASYL) എന്ന കമ്മിറ്റി 1960ല്‍ വികസിപ്പിച്ചെടുത്ത `കോബോള്' വാണിജ്യകാര്യ ആവശ്യങ്ങള്‍ക്കായി പ്രോഗ്രാമിംഗ് ചെയ്യാന്‍ സാധിക്കുന്ന ഭാഷയാണ്.1952ല്‍ കംപയിലറിനെക്കുറിച്ചുള്ള തന്റെ ആദ്യത്തെ പ്രബന്ധം ഗ്രേസ് അവതരിപ്പിച്ചു. ഇതിന് മുമ്പ് 1946ല്‍ ''A manual of Operations for Automatic Sequence Controlled Calculator' എന്ന പുസ്തകവും ഇവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.`ഹാര്‍വാര്‍ഡ് മാര്‍ക്ക് ടു' എന്ന കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോഴാണ് ഈയൊരു സംഭവമുണ്ടായത് - ഒരു ദിവസം കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായി. എത്ര പണിപ്പെട്ടിട്ടും പ്രവര്‍ത്തനം മുടങ്ങിക്കിടന്ന കംപ്യൂട്ടര്‍ ശരിയായതേയില്ല. അവസാനം കംപ്യൂട്ടര്‍ തുറന്നു പരിശോധിച്ച ഗ്രേസിന് കാണാനായത് അതിനകത്തുള്ള ഒരു റിലേയില്‍ ഒരു ഈയാംപാറ്റ കുടുങ്ങി കിടക്കുന്നതാണ്. ഇതാണ് കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായി നിന്നതെന്ന് ഗ്രേസ് തിരിച്ചറിഞ്ഞു. ശ്രദ്ധാപൂര്‍വ്വം അതിനെ റിലേയില്‍ നിന്നും അടര്‍ത്തി മാറ്റി തന്റെ ലോഗ്ബുക്കില്‍ ടേപ്പ് വച്ച് പ്രാണിയെ ഒട്ടിച്ചുവച്ചു. മാത്രമല്ല ഒരു '`ബഗി'നെ കണ്ടുപിടിച്ചതായി ലോഗ്ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തു. അന്ന് മുതല്‍ കംപ്യൂട്ടര്‍ രംഗത്ത് '`ബഗ്' എന്നത് ഒരു പ്രയോഗമായി നിലനില്ക്കുന്നു. കംപ്യൂട്ടര്‍ പ്രോഗ്രാമില്‍ കടന്നുകൂടുന്ന തെറ്റുകള്‍ പിന്നെ '`ബഗ്' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. തെറ്റുകള്‍ തിരുത്തുന്നതിനെ '`ഡിബഗ്ഗിംഗ്' എന്നും. `ബഗ്' എന്നാല്‍ മലയാളത്തില്‍ പൊതുവെ പ്രാണി എന്നര്‍ത്ഥം.തുള്ളിച്ചാടി നടക്കുന്ന ഒരു ചെറുപ്രാണി എന്നര്‍ത്ഥം വരുന്ന `ഹോപ്പര്‍' എന്ന വാക്ക് ഗ്രേസ് മുറേ ഹോപ്പറിന്റെ പേരില്‍ വന്നത് തികച്ചും യാദൃശ്ചികമാണ്. ഹോപ്പര്‍ എന്നത് ഭര്‍ത്താവിന്റെ പേരാണെങ്കിലും കംപ്യൂട്ടറിനുള്ളില്‍ പ്രാണിയെ കണ്ടുപിടിച്ച് പുതിയ പ്രയോഗം തന്നെ നിലവില്‍ കൊണ്ടുവന്ന ഗ്രേസ് '`കോബോളി'ന്റെ മുത്തശ്ശി എന്ന നിലയിലും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.
( 1902 - 1987 )
ചൈനയിലെ അമോയ് എന്ന സ്ഥലത്ത് ജനിച്ചു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് ടെക്നോളജിയില്‍ ശാസ്ത്രജ്ഞനായി. തുടര്‍ന്ന് ബെല്‍ ടെലിഫോണ്‍ ലബോറട്ടറിയിലെത്തി ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ചു. ഹാര്ഡ്വാര്ഡ്, മിനസോട്ട, വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റികളിലും വിസിറ്റിംഗ് ലക്ചററായിരുന്നു. നിരവധി പേറ്റന്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മഹാശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്. 1906ല്‍ ലീ ഡി ഫോറസ്റ്റ് എന്ന അമേരിക്കാരന്‍ വാക്വം ട്യൂബ് ഉപയോഗിച്ചുണ്ടാക്കിയ ട്രയോഡ് ആണ് ഇലക്ട്രോണിക്സ് എന്ന ശാസ്ത്രശാഖയ്ക്ക് അടിസ്ഥാനമായത്. ഏറെ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന വാക്വം ട്യൂബുകളെ മെരുക്കിയെടുക്കാനാണ് അന്ന് ശാസ്ത്രലോകം ശ്രമിച്ചിരുന്നത്. ഇതിന് അമേരിക്കയിലെ ബെല്‍ ലബോറട്ടറിയില്‍ ഫലപ്രാപ്തിയുണ്ടായി. 1947ല്‍ വില്യം ബി ഷോക്ലി, ജോണ്‍ ബാര്ഡീന്, വാള്‍ട്ടര്‍ എച്ച്. ബ്രറ്റന്‍ എന്നിവര്‍ ചേര്‍ന്ന് ട്രാന്‍സിസ്റ്റര്‍ എന്ന ഉപകരണത്തിന് ജന്മം നല്കി. ഈ ട്രാന്‍സിസ്റ്റര്‍ ഇലക്ട്രോണിക്സ് രംഗത്ത് വരുത്തിവച്ച മാറ്റങ്ങള്‍ അതിശയകരമായിരുന്നു. കെട്ടിടങ്ങളുടെ വലിപ്പമുണ്ടായിരുന്ന കംപ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചെറുതായി. ചെറുതാകല്‍ എന്ന പ്രക്രിയ ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി ചെറുതാക്കാന്‍ കഴിയാത്തത്രയും സൂക്ഷ്മതയിലേക്ക് ട്രാന്സിസ്റ്ററുകള് വളര്‍ന്ന് '`വലുതാ'യി കഴിഞ്ഞു. വര്‍ഷങ്ങളുടെ ഗവേഷണഫലമായി രൂപംകൊണ്ട ട്രാന്സിസ്റ്ററുകള് ഇന്ന് ഉപയോഗിക്കാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങളില്ല. ബഹിരാകാശ രംഗം മുതല്‍ അടുക്കള വരെ ഇലക്ട്രോണിക്സിലെ ഈ അംഗത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞുകഴിഞ്ഞു. ഇവയുടെ ഭാവി, പ്രവചനങ്ങള്‍ക്ക് അപ്പുറമാണെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വില്യം ബി ഷോക്ലിയെയും ജോണ്‍ ബാര്ഡീനെയും നിങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇനിയുള്ളത് വാള്‍ട്ടര്‍ എച്ച്. ബ്രറ്റന്‍ എന്ന ശാസ്ത്രജ്ഞനാണ്.വാള്‍ട്ടര്‍ എച്ച്. ബ്രറ്റന്‍ 1902ല്‍ ചൈനയിലെ അമോയ് എന്ന സ്ഥലത്ത് ജനിച്ചു. അമേരിക്കയിലെ മിനസോട്ട സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്സില്‍ പി എച്ച്.ഡി. ബിരുദം നേടിയ ബ്രറ്റന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് ടെക്നോളജിയില്‍ ശാസ്ത്രജ്ഞനായി. തുടര്‍ന്ന് 1929ല്‍ ബെല്‍ ടെലിഫോണ്‍ ലബോറട്ടറിയിലേക്ക് ചേക്കേറിയ ബ്രറ്റന്‍ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം പ്രശസ്തമായ കണ്ടുപിടിത്തത്തിന്റെ വഴികാട്ടിയാവുകായിരുന്നു.ഖരപദാര്‍ത്ഥങ്ങളുടെ ഉപരിതലസ്വഭാവത്തെക്കുറിച്ച്, പ്രത്യേകിച്ച് അവയുടെ ആന്തര ഭാഗത്തെ അണുഘടനയില്‍ നിന്നും വിഭിന്നമായിരിക്കുന്ന ഉപരിതലത്തിലെ അണുഘടനയെ പറ്റി ഗവേഷണം നടത്തിയ ബ്രറ്റന്‍ എത്തിപ്പെട്ടത് സെമികണ്ടക്ടറുകളുടെ വിസ്മയ ലോകത്തേക്കായിരുന്നു. 1962ല്‍ ബെല്‍ ലാബില്‍ നിന്നും വിടവാങ്ങിയ ബ്രറ്റന്‍ പത്ത് വര്‍ഷക്കാലം വാഷിംഗ്ടണിലെ വിറ്റ്മാന് കോളേജില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. കൂടാതെ ഹാര്ഡ്വാര്ഡ്, മിനസോട്ട, വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റികളിലും വിസിറ്റിംഗ് ലക്ചററായി ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.ബെല്‍ ലബോട്ടറിയില്‍ പതിനാല് വര്‍ഷത്തെ ഗവേഷണം ഫലപ്രാപ്തിയിലെത്താതത് തനിക്ക് മാനസിക പിരിമുറുക്കമുണ്ടാക്കിയെങ്കിലും കമ്പനി അധികൃതര്‍ ഗവേഷണം നിര്‍ത്തിവെക്കാനോ ഗവേഷണ മേഖല മാറ്റനോ പറായാതിരുന്നത് അനുഗ്രഹമായെന്നാണ് ബ്രറ്റന്‍ പിന്നീട് അതേപറ്റി വിലയിരുത്തിയത്. കോപ്പര്‍ ഓക്സൈഡ് അടിസ്ഥാനമാക്കിയുള്ള ട്രയോഡ് ഉപയോഗിച്ച് ജെ. എ. ബെക്കറും ബ്രറ്റനും ചേര്‍ന്ന് നടത്തിയ പരീക്ഷണം ഫലപ്രാപ്തിയിലെത്തിയില്ല. തുടര്‍ന്ന് സ്ഥാപനത്തിലെത്തിയ വില്യം ഷോക്ലിയും ജോണ്‍ ബാര്‍ഡീനും ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങളാണ് ട്രാന്സ്സിസ്റ്ററിന്റെ ജന്മത്തിന് വഴിയായത്.ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണം കോടികളുടെ വിറ്റുവരവുള്ള ഇലക്ട്രോണിക്സ് വ്യവസായത്തിന് നാന്ദികുറിച്ചെങ്കിലും ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഷോക്ലി, ബാര്ഡീന്, ബ്രറ്റന്‍ എന്നിവര്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കാനായില്ല. ഗവേഷണ രംഗത്ത് നിരവധി പേറ്റന്റുകള്‍ സ്വന്തമാക്കിയ ബ്രറ്റന്‍, ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് 1956ല്‍ നോബല്‍ സമ്മാനവും നേടി. ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും അരങ്ങുതകര്‍ക്കുന്ന ഈ നൂറ്റാണ്ടില്‍ ട്രാന്‍സിസ്റ്റര്‍ വിപ്ളവത്തിന് നേതൃത്വം നല്കിയ വാള്‍ട്ടര്‍ എച്ച് ബ്രറ്റന്‍ തന്റെ 85ാം വയസ്സില്‍ -1987ല്‍ നമ്മോട് വിട പറഞ്ഞു.
( 1910 - 1989 )
ലണ്ടനില്‍ ജനിച്ചു. 1947 ഡിസംബറില്‍ വാള്‍ട്ടര്‍ ബ്രറ്റന്‍, ജോണ്‍ ബര്‍ഡീന്‍ എന്നിവരും ചേര്‍ന്ന് ബെല്‍ ലബോറട്ടറിയില്‍ വച്ച് ട്രാന്‍സിസ്റ്ററിന് രൂപം നല്കി. ഇതിന് മൂവര്‍ക്കും 1956ല്‍ നോബേല്‍ സമ്മാനം ലഭിച്ചു. 1948ല്‍ ഷോക്ലി സ്വന്തമായി ജംഗ്ഷന് ട്രാന്സിസ്റ്ററര് വികസിപ്പിച്ചു. 1956ല്‍ `ഷോക്ലി സെമികണ്ടക്ടര്‍ ലബോറട്ടറി' തുടങ്ങി. സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്നിട്ടുണ്ട്.
1939 ഡിസംബര്‍ 29ന് ഷോക്ലി തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു: ``വാക്വം ട്യൂബുകള്‍ ഉപയോഗിക്കാതെ, അര്‍ദ്ധചാലക വസ്തുക്കള്‍ ഉപയോഗിച്ച് ഒരു ആംപ്ളിഫയര്‍ ഉണ്ടാക്കാന്‍ തത്വത്തില്‍ സാധിക്കുമെന്ന് തോന്നുന്നു'' - അത് കഴിഞ്ഞ് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ ഈ സ്വപ്നം പൂവണിയിക്കാന്‍ ഷോക്ലിക്ക് കഴിഞ്ഞുവെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇലക്ട്രോണിക്സ് വിപ്ളവത്തിന് വഴിതെളിച്ച കണ്ടുപിടുത്തമായ ട്രാന്‍സിസ്റ്ററിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റൊരു ബുദ്ധികേന്ദ്രമായിരുന്നു വില്യം ബി ഷോക്ലി. ലണ്ടനില്‍, മൈനിംഗ് എന്‍ജിനീയറുടെ മകനായി 1910ല്‍ ജനിച്ച ഷോക്ലി അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലുമാണ് പഠനം പൂര്ത്തിയതാക്കിയത്. 1936ല്‍ ഡോക്ടറേറ്റ് ബിരുദം പൂര്‍ത്തിയാക്കി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നിറങ്ങിയ ഷോക്ലി അതേ വര്‍ഷം തന്നെ പ്രശസ്തമായ ബെല്‍ ലബോറട്ടറിയില്‍ ചേര്‍ന്നു. അമേരിക്കന്‍ ടെലിഫോണ്‍ ആന്‍ഡ് ടെലിഗ്രാഫ് (എ. ടി. & ടി) എന്ന പ്രമുഖ ടെലികോം കമ്പനിയുടെ ഗവേഷണ വിഭാഗമാണ് അലക്സാണ്ടര്‍ ഗ്രഹാംബെലിന്റെ പേരിലുള്ള ബെല്‍ ലബോറട്ടറീസ്.എ.ടി. ആന്‍ഡ് ടി കമ്പനിക്ക് രാജ്യാന്തര ഫോണ്‍ സര്‍വ്വീസ് തുടങ്ങാനുള്ള പരിപാടിയാണ് ട്രാന്‍സിസ്റ്ററിന്റെ പിറവിക്ക് നിദാനമായത്. രാജ്യാന്തര സര്‍വ്വീസിന് വ്യക്തത വര്ദ്ധിപ്പിക്കുന്നതാനിയി കമ്പി വഴിയെത്തുന്ന സന്ദേശത്തെ ഇടയ്ക്കിടെ വാക്വം ട്യൂബ് ട്രയോഡുകള്‍ വച്ച് ആംപ്ളിഫിക്കേഷന്‍ നടത്തേണ്ടിയിരുന്നു. എന്നാല്‍ വാക്വംട്യൂബിന്റെ പോരായ്മ മനസ്സിലാക്കിയ ബെല്ലിന്റെ ഗവേഷണ വിഭാഗം മേധാവി മെര്വിന് കെല്ലി, ഇതിന് പകരംവയ്ക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താനുള്ള നിര്‍ദ്ദേശം ഗവേഷണ വിഭാഗത്തിന് നല്കി. ഉപകരണം കണ്ടെത്താനുള്ള ചുമതല വില്യം ബ്രാഡ്ഫെഡ് ഷോക്ലിക്കായിരുന്നു. തന്റെ സഹപ്രവര്‍ത്തകനായ വാള്‍ട്ടര്‍ ഹൗസര്‍ ബ്രറ്റനും മിനസോട്ട സര്‍വ്വകലാശാലയില്‍ ഗവേഷകനായിരുന്ന ജോണ്‍ ബര്ഡീനുമായിരുന്നു ഇദ്ദേഹത്തിന് സഹായത്തിനുണ്ടായിരുന്നത്.അതിഭാവനാശാലിയായ വില്യം ബി ഷോക്ലിയാണ് ട്രാന്‍സിസ്റ്റര്‍ എന്ന സുന്ദര സ്വപ്നം വിഭാവനം ചെയ്തത്. ഷോക്ലിയുടെ ഭാവനയ്ക്ക് പ്രായോഗിക രൂപം നല്കിയതാവട്ടെ വാള്‍ട്ടര്‍ ബ്രറ്റനും. പരീക്ഷണ ഫലങ്ങള്‍ക്ക് സൈന്താന്തിക വിശദീകരണം നല്‍കുകയെന്ന ദൗത്യം ജോണ്‍ ബര്‍ഡീനും ഏറ്റെടുത്തപ്പോള്‍ ട്രാന്‍സിസ്റ്റര്‍ എന്ന സ്വപ്നം പൂവണിയുകയായിരുന്നു. ഗവേഷണത്തിന് ദാര്‍ശിക നേതൃത്വം നല്‍കിയിരുന്ന ഷോക്ലി പലപ്പോഴും പരീക്ഷണങ്ങളില്‍ സജീവമായിരുന്നില്ല. ബര്‍ഡീനും ബ്രറ്റനും ചേര്‍ന്ന് ആദ്യത്തെ ട്രാന്‍സിസ്റ്റര്‍ വികസിപ്പിച്ചെടുത്തപ്പോള് ഷോക്ലി ഗവേഷണശാലയിലുണ്ടായിരുന്നില്ല. 1947 ഡിസംബറിലാണ് ആദ്യത്തെ ട്രാന്‍സിസ്റ്ററിന് ജന്മം നല്‍കുന്നത്. താനില്ലാത്തപ്പോള് മറ്റ് രണ്ടു പേര് ചേര്‍ന്ന് നടത്തിയ ഗവേഷണം വിജയത്തിലെത്തിയത് ഷോക്ലിയെ കുപിതനാക്കി. ഇതോടെ സംഘത്തില്‍ ഭിന്നത രൂക്ഷമായി. തുടര്‍ന്ന് സ്വന്തമായി ഇതിലും മികച്ച ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിക്കാനാവുമോ എന്ന് ഷോക്ലി ചിന്തിച്ചു. ആ ശ്രമം 1948ല്‍ വിജയിക്കുകയും ചെയ്തു. ഷോക്ലി അന്ന് വികസിപ്പിച്ചെടുത്ത ജംഗ്ഷന് ട്രാന്സിസ്റ്റററായിരുന്നു പ്രായോഗിക ആവശ്യങ്ങള്‍ക്ക് ഏറെ അനുയോജ്യമായിരുന്നത്.രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്കന്‍ നാവികസേനയുടെ അന്തര്‍വാഹിനി പ്രതിരോധ സേനയില്‍ പ്രവര്‍ത്തന പരീക്ഷണ സംഘത്തിന്റെ ഡയറക്ടറായി ഷോക്ലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1954ല്‍ പ്രതിരോധ വിഭാഗത്തിന്റെ ആയുധവ്യൂഹങ്ങളുടെ മൂല്യനിര്‍ണ്ണയ സംഘത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായും നിയമിതനായി. യുദ്ധാനന്തരം ബെല്‍ ലബോറട്ടറിയില്‍ ട്രാന്‍സിസ്റ്റര്‍ ഗവേഷണത്തിന്റെ തലവനായി ഷോക്ലി ചേക്കേറി. ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിത്തത്തിന്റെ അവകാശം സ്വന്തമാക്കാന്‍ ഷോക്ലി പിന്നീട് നടത്തിയ ശ്രമം മറ്റുള്ളവരെ ചൊടിപ്പിച്ചു. തന്മൂലം ഷോക്ലി മറ്റുള്ളവരില്‍ നിന്നും ഏറെ അകന്നു. വടംവലിയില്‍ തളര്‍ന്ന ഷോക്ലി 1956ല്‍ ബെല്‍ ലബോറട്ടറി ഉപേക്ഷിച്ച് സാന്‍ഫ്രാന്‍സിസ്കോയില്‍ `ഷോക്ലി സെമികണ്ടക്ടര്‍ ലബോറട്ടറി` എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങി. ഇവിടെ വച്ച് ജര്മ്മേനിയത്തിന് പകരം സിലിക്കണ്‍ പരലുകള്‍ ഉപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കാനുളള ശ്രമം ആരംഭിച്ചു. ഇതിനായി ഒരു സംഘം ശാസ്ത്രജ്ഞരെ അദ്ദേഹം തിരഞ്ഞെടുത്തു. പക്ഷെ ഷോക്ലിയുടെ തലതിരിഞ്ഞ സ്വഭാവം ഇവിടെയും പ്രശ്നങ്ങളുണ്ടാക്കി. ആരുമായും ഒത്തൊരുമയില്‍ പോകാനാവാതിരുന്ന ഷോക്ലിയുടെ സ്ഥാപനത്തില്‍ നിന്നും ഇതിനിടെ ശാസ്ത്രജ്ഞന് ഒഴിഞ്ഞുപോക്കാരംഭിച്ചു. ഇവിടം വിട്ട റോബര്‍ട്ട് നോര്ട്ടന് നോയ്സും ഗോര്‍ഡന്‍ മൂറും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇന്ന് പ്രശസ്തിയുടെ പടിവാതിലിലുള്ള ഇന്റല്‍ കോര്പ്പറേഷന്. ഒറ്റ ട്രാന്‍സിസ്റ്ററിന്റെ ലോകത്ത് നിന്നും അവര്‍ വിടവാങ്ങിയത് ഒരിഞ്ച് സ്ഥലത്ത് ലക്ഷക്കണക്കിന് ട്രാന്സിസ്റ്ററുകള് ഒന്നായിനിര്‍ത്തുന്ന സാങ്കേതിവിദ്യയിലേക്കായിരുന്നു. ഇവരുടെ കമ്പനി ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ തുടങ്ങിയിട്ടും ഷോക്ലിയുടെ സ്ഥാപനത്തിന് വാണിജ്യാടിസ്ഥാനത്തില്‍ ഒരു ഉല്‍പ്പന്നം പോലും പുറത്തിറക്കാനായില്ലെന്നത് ദു:ഖ സത്യം തന്നെ.ഹിറ്റ്ലറുടെ ശുദ്ധവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്നു ഷോക്ലി. അമേരിക്കന്‍ നീഗ്രോകളുടെ അധമാവസ്ഥയ്ക്ക് കാരണം അവരുടെ വംശപരമായ ജനിതക തകരാറുകളാണെന്ന അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവന അമേരിക്കയില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കി. അമേരിക്കയിലെ ഏറ്റവും നികൃഷ്ടനായി ഇയാളെ കണക്കാക്കി, ചിലര്‍ അദ്ദേഹത്തിന്റെ കോലങ്ങള്‍ നഗരവീഥിയിലുടനീളം അഗ്നിക്കിരയാക്കി. കൂടാതെ പല സര്‍വ്വകലാശാലകളും അദ്ദേഹത്തെ ബഹിഷ്ക്കരിക്കുയും ചെയ്തു. എന്നിട്ടും കിട്ടുന്ന അവസരങ്ങളെല്ലാം തന്റെ സിദ്ധാന്തം പ്രചരിപ്പിക്കാനായി ഉപയോഗിച്ച ഷോക്ലി ഒരു ഭാവ വ്യത്യാസവുമില്ലാതെ മുന്നോട്ടുപോയി. അവസാനം സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ എമിററ്റ്സ് പ്രൊഫസറായി ജോലി നോക്കിയിരുന്ന ഷോക്ലി 1989ല്‍ ഇഹലോകവാസം വെടിഞ്ഞു.ഇലക്ട്രോണിന്റെ പ്രവാഹം നിയന്ത്രിക്കുന്നതിനുള്ള അര്‍ദ്ധചാലകമാണ് ട്രാന്‍സിസ്റ്റര്‍ എന്നറിയുമ്പോഴും ടെക്നോളജിയുടെ കുത്തൊഴുക്കില്‍ ട്രാന്സിസ്റ്ററുകള് ഇന്നും ഒരു വിസ്മയമായി കാലും നീട്ടിയിരിക്കുന്നു.
(1908 - 1991)
അമേരിക്കയിലെ വിസ്കോസിനില്‍ ജനിച്ചു. രണ്ട് തവണ നോബല്‍ സമ്മാനം ലഭിച്ചു. ആദ്യ പുരസ്ക്കാരം ട്രാന്സിസ്റ്ററിന്െറ കണ്ടുപിടിത്തത്തിനും രണ്ടാമത്തേത് സൂപ്പര്‍ കണ്ടക്ടിവിറ്റി എന്ന അതിചാലകതയെക്കുറിച്ച് വിശദീകരണം നല്കിയ സിദ്ധാന്തത്തിനും. ബെല്‍ ലബോറട്ടറി, മിനസോട്ട യൂണിവേഴ്സിറ്റി, ഇല്ളിനോയ്സ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്
കംപ്യൂട്ടറുകള്‍ ഇന്ന് മനുഷ്യന്റെ സന്തത സഹചാരിയായി കഴിഞ്ഞു. ഒരു കെട്ടിടത്തിന്റെ വലിപ്പമുണ്ടായിരുന്ന കംപ്യൂട്ടറുകള്‍ രക്തത്തിലൂടെ ഓടി നടക്കാന്‍ പാകത്തിലുള്ള നാനോ കംപ്യൂട്ടറുകള്‍ക്ക് വഴിമാറി. ഇതിനെല്ലാം കാരണമായത് ആധുനിക ഇലക്ട്രോണിക്സിന്റെ വളര്‍ച്ചയാണ്.വാക്വം ട്യൂബുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന പഴയകാല ഭീമന് കംപ്യൂട്ടറുകളെ നമ്മുടെ ഉള്ളംകൈയിലൊതുക്കിയത് ട്രാന്‍സിസ്റ്റര്‍ എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തത്തോടെയാണ്. മൂന്നു കാലുകളുമായി പിറന്ന ട്രാന്സ്റ്റിസ്റ്റര് എന്ന ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് പിന്നില്‍ മൂന്ന് ബുദ്ധികേന്ദ്രങ്ങളുണ്ടായിരുന്നു എന്നത് യാദൃശ്ചികമാവാം. ജോണ്‍ ബാര്ഡീന്, വില്യം ഷോക്ലി, വാള്‍ട്ടര്‍ ബ്രറ്റയിന് എന്നിവരാണ് ഈ പ്രതിഭകള്‍.വാക്വം ട്യൂബിന് പകരം നില്ക്കുന്ന ട്രാന്സിസ്റ്ററുകളെ പ്രിയങ്കരനാക്കിയത് അവയുടെ വലിപ്പക്കുറവും പ്രവര്‍ത്തിക്കാന്‍ കുറൗ അളവില്‍ ഊര്‍ജ്ജം മതിയെന്നതുമാണ്. ഒരു സെന്റിമീറ്റര്‍ സ്ക്വയര്‍ അളവില്‍ ദശലക്ഷക്കണക്കിന് ട്രാന്സിസ്റ്ററുകള് ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കുന്ന അതിസൂക്ഷ്മ ചിപ്പുകള്‍ ഇന്ന് പുതുമയല്ല. ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അടിസ്ഥാനശിലയായി മാറിയ ട്രാന്‍സിസ്റ്ററിന്റെ കണ്ടുപിടിത്തത്തിന് 1956ല്‍ മൂവര്‍ക്കും സംയുക്തമായി നോബല്‍ സമ്മാനം ലഭിച്ചു.നോബല്‍ സമ്മാനം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ശാസ്ത്ര വിഷയങ്ങളില്‍ രണ്ട് തവണ നോബല്‍ സമ്മാനം ലഭിച്ചാലോ. പിന്നെ പറയാനില്ല. അങ്ങനെ രണ്ട് തവണ നോബല്‍ സമ്മാനം ലഭിച്ചയാളാണ് ജോണ്‍ ബാര്ഡീന് എന്ന ശാസ്ത്രജ്ഞന്. ആദ്യ പുരസ്ക്കാരത്തിന് ബാര്ഡീനെ അര്‍ഹനാക്കിയത് ട്രാന്‍സിസ്റ്ററിന്റെ കണ്ടുപിടിത്തവും രണ്ടാമത്തേത് സൂപ്പര്‍ കണ്ടക്ടിവിറ്റി എന്നറിയപ്പെടുന്ന അതിചാലകതയെ കുറിച്ച് വിശദീകരണം നല്കിയ സിദ്ധാന്തത്തിനും.1908 മേയ് 23ന് അമേരിക്കയിലെ വിസ്കോസിനില്‍ ആയിരുന്നു ജോണ്‍ ബാര്ഡീന് ജനിച്ചത്. വിസ്കോസിന് സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്കൂളിലെ ഡീന്‍ ആയിരുന്നു പിതാവ്. എന്‍ജിനീയറിംഗ് ബിരുദത്തിന് ശേഷം 1936ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കിയ ബാര്ഡീന് നോബല്‍ സമ്മാന ജേതാവായ യൂജിന്‍ പി. വിഗ്നറുടെ കീഴില്‍ ഗവേഷണം ആരംഭിച്ചു. 1938 മുതല്‍ മൂന്ന് വര്‍ഷക്കാലം മിനസോട്ട യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായി ജോലി നോക്കിയ ബാര്ഡീന് രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ നാവിക ആയുധ ഗവേഷണശാലയില്‍ മുഖ്യ ശാസ്ത്രജ്ഞനായി ചേര്‍ന്നു. തുടര്‍ന്ന് 1946ല്‍ അദ്ദേഹം ബെല്‍ ടെലിഫോണ്‍സ് ലബോറട്ടറിയിലെത്തി. സുഹൃത്തായ വില്യം ഷോക്ലിയുടെ ക്ഷണമനുസരിച്ച് ബെല്‍ ലാബില്‍ ചേര്‍ന്ന ബാര്ഡീന് അവിടെതന്നെയുണ്ടായിരുന്ന വാള്‍ട്ടര്‍ ബ്രറ്റയിനും ചേര്‍ന്ന് അര്‍ദ്ധചാലക പദാര്‍ത്ഥങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഗവേഷണമാരംഭിച്ചു. ഇതാണ് ഒടുവില്‍ ലോകചരിത്രത്തിന്റെ ഗതിവിഗതികളെ മുഴുവന്‍ മാറ്റിമറിച്ച ട്രാന്‍സിസ്റ്റര്‍ എന്ന കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. 1947 നവംബര്‍ 17ന് അവര്‍ ആദ്യത്തെ ട്രാന്‍സിസ്റ്റര്‍ രൂപപ്പെടുത്തിയെടുത്തു. ഇതിന് 1956ല്‍ ഭൗതികത്തിനുള്ള നോബല്‍ സമ്മാനം ഇവര്‍ മൂവര്‍ക്കുമായി നേടിക്കൊടുത്തു.ട്രാന്‍സിസ്റ്റര്‍ ഗവേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബെല്‍ ലാബ്സ് വിട്ട ബാര്ഡീന് 1957ല്‍ ഇല്ലിനോയ്സ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. തുടര്‍ന്ന് അവിടെയുള്ള രണ്ട് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് അതിചാലകതയെക്കുറിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പ്രത്യേക താപനിലയിലെത്തുമ്പോള്‍ ചില പദാര്‍ത്ഥങ്ങള്‍ക്ക് വൈദ്യുത പ്രതിരോധം നഷ്ടപ്പെടുന്ന പ്രതിഭാസം എങ്ങനെ യുക്തിഭദ്രമായി വിശദീകരിക്കാം എന്നതായിരുന്നു ഗവേഷണത്തിന് പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1957 ആയപ്പോഴേക്കും കൂപ്പര്‍, ഫ്രീഷദ്ദ എന്നിവരോടൊത്ത് ചേര്‍ന്ന് ബാര്ഡീന് ലക്ഷ്യം കണ്ടു. പില്ക്കാലത്ത്, അതിചാലകതയിലുണ്ടായ എല്ലാ സൈദ്ധാന്തിക പഠനങ്ങള്‍ക്കും അടിത്തറയായത് ഇവരുടെ ഈ സിദ്ധാന്തമായിരുന്നു. ഈ കണ്ടുപിടിത്തത്തിനായി ജോണ്‍ ബാര്ഡീന് ഒരിക്കല്‍ കൂടി നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഇതിന് പുറമെ അര്‍ദ്ധചാലകങ്ങളുടെ ചില പ്രത്യേക ധര്‍മ്മങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു സിദ്ധാന്തത്തിന്റെ കര്‍ത്താവ് കൂടിയാണ് ബാര്ഡീന്.ഇലക്ട്രോണിക്്സ് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമായി മാറിയ ട്രാന്‍സിസ്റ്റര്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എത്രയോ വലുതാണ്. വലുപ്പം കൂടിയ പല ഉപകരണങ്ങളും ഇന്ന് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പോലും കഴിയാത്തത്ര ചെറുതായിരിക്കുന്നു. അതിന് വഴിവെളിച്ചമാറിയ ജോണ്‍ ബാര്ഡീന് 1991 ഫെബ്രുവരി എട്ടിന് ബോസ്റ്റണില്‍ വച്ച് അന്തരിച്ചു.
അവസാനം പരിഷ്കരിച്ചത് : 6/30/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യയിലെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനങ്ങളും