অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എന്താണ് ജ്യോതിശാസ്ത്രം?

എന്താണ് ജ്യോതിശാസ്ത്രം?

വളരെ അധികം തെറ്റിദ്ധാരണക്ക് വിധേയമായ ഒരു പദമാണ് ജ്യോതിശാസ്ത്രം. ഇത് ജ്യോതിഷവുമായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആകാശ ഗോളങ്ങള് മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തില് മനുഷ്യരുടെ ഭാവി പ്രവചിക്കാന് കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. എന്നാല് ഗ്രഹങ്ങള് (planets), ധൂമകേതുക്കള് (comets), നക്ഷത്രങ്ങള് (stars), താരാപഥങ്ങള് (galaxies) തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിശാസ്ത്രം. അതായത് ജ്യോതിഷം ഒരു വിശ്വാസമാണ് അഥവാ വിശ്വാസത്തില് അധിഷ്ഠിതം ആണ് എന്നാല് ജ്യോതിശാസ്ത്രം ഒരു ശാസ്ത്രശാഖയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത അവസ്ഥ പലപ്പോഴും തെറ്റിദ്ധാരണകള്ക്ക് അവസരം ഒരുക്കുന്നു. ഇതിനു പ്രധാന കാരണം രണ്ടിലും ഒരേ നാമങ്ങളും പദങ്ങളും ഉപയോക്കുന്നതാവാം. പൌരാണിക കാലത്ത് ഒരേ അടിസ്ഥാനത്തില് വളരുകയും എന്നാല് ശാസ്ത്ര പുരോഗതിയില് ഒന്ന് മുന്നോട്ടു പോവുകയും മറ്റേതു വിശ്വാസത്തില് അധിഷ്ടിതമാവുകയും ചെയ്തതാണ് ഇതിനു വഴി വെച്ചത്. സുപ്രസിദ്ധ ജര്മന് ജ്യോതിശാസ്ത്രജ്ഞനായ കെപ്ലര് നടത്തിയ പ്രശസ്തമായ ഒരു താരതമ്യം ഉണ്ട്. അതിബുദ്ധിമതിയായ അമ്മയുടെ വിഡ്ഢിയായ മകള് എന്നാണ് അദ്ദേഹം ജ്യോതിഷത്തെ ജ്യോതിശാസ്ത്രത്തോട് ബന്ധപെടുത്തി പറഞ്ഞത്.

 

‘പ്രകാശത്തിന്റെ ശാസ്ത്രം’ എന്ന അര്ത്ഥത്തില് ആണ് ജ്യോതിശാസ്ത്രം എന്ന നാമം ഉണ്ടായത്. ആദിമ കാലം മുതല് മനുഷ്യന് ആകാശ നിരീക്ഷണം നടത്തിയിരുന്നു. സൂര്യചന്ദ്രാദികളുടെയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും പ്രത്യേകതകളും അവര് നിരീക്ഷിച്ചു. അതുവഴി സൂര്യന്, ചന്ദ്രന് എന്നിവയുടെ സ്ഥാനം നക്ഷത്രഗണങ്ങളുടെതുമായി താരതമ്യം ചെയ്ത് കാലനിര്ണയം നടത്തി ഋതുക്കളുടെ മാറ്റത്തെപ്പറ്റി മനസ്സിലാക്കി. സൂര്യന്റെ സ്ഥാനം ഏതു നക്ഷത്ര ഗണത്തില് എത്തുമ്പോഴാണ് മഴ ആരംഭിക്കുന്നത്, എപ്പോഴാണ് കൃഷി ഇറക്കേണ്ടത് തുടങ്ങിയ കാര്യങ്ങള് നിര്ണയിക്കാന് ഇത് ആദിമ മനുഷ്യനെ സഹായിച്ചു. ആ കാലത്ത് നഗ്നനേത്രങ്ങള് കൊണ്ടുള്ള നിരീക്ഷണം മാത്രം ആയിരുന്നു ഇതിനു ഏക വഴി. പൌരാണിക ലോകത്തെ പ്രധാന നാഗരികതകളില് ജ്യോതിശാസ്ത്രവും വളര്ന്നിരുന്നു. ബാബിലോണിയയിലും ഈജിപ്തിലും ഇന്ത്യയിലും ചൈനയിലും പേര്ഷ്യയിലും തെക്കേ അമേരിക്കന് നാഗരികതകളിലും ജ്യോതിശാസ്ത്രത്തിന് പ്രാധാന്യം ലഭിച്ചു. അവര് നിരീക്ഷണത്തിനായി സൌകര്യങ്ങള് ഉണ്ടാക്കിയിരുന്നു. എന്നാല് അന്ന് ഉണ്ടായിരുന്ന ധാരണ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ് എന്നായിരുന്നു.

എന്നാല് മധ്യകാലത്ത് യൂറോപ്പില് നിലവിലിരുന്ന ഇരുണ്ടയുഗത്തില് ജ്യോതിശാസ്ത്രത്തിന് മാത്രമല്ല പൊതുവില് ശാസ്ത്രപുരോഗതിക്ക് തിരിച്ചടിയേറ്റു. പിന്നീട് നവോദ്ധാന കാലത്തിന്റെ തുടക്കത്തില് റോമിന്റെ നിയന്ത്രണങ്ങള്ക്കും അബദ്ധ ധാരണകള്ക്കും എതിരെ ശബ്ദിച്ചവര്ക്ക് നേരിട്ട അനുഭവങ്ങള് മറക്കാന് പറ്റുന്നതല്ല. ബ്രൂണോയുടെയും ഗലീലിയോയുടെയും അനുഭവങ്ങള്, എന്നാല് ശാസ്ത്രത്തിന്റെ പുരോഗതിയെ പിന്നോട്ടടിപ്പിച്ചില്ല. എന്നാല് യൂറോപ്പ് പിന്നോട്ട് പോയ കാലത്തും ഏഷ്യയില് ജ്യോതിശാസ്ത്രം വളരുകയായിരുന്നു. അറേബ്യയിലും പേര്ഷ്യയിലും നിരവധി പ്രഗല്ഭ ജ്യോതിശാസ്ത്രജ്ഞര് ഉയര്ന്നു വന്നു. അക്കാലത്ത് നിരവധി നക്ഷത്രങ്ങള്ക്ക് നല്കിയ അറബി നാമങ്ങള് ഇന്ന് ഉപയോഗിച്ചുവരുന്നു. അല്‍ദെബരാന്‍ (രോഹിണി), മെരാക്,  അല്‍ടെയര്‍ തുടങ്ങിയവ ഉദാഹരണം.

 

നവോദ്ധാന കാലഘട്ടത്തില് യൂറോപ്പില് ശാസ്ത്രം അതിവേഗം പുരോഗമിച്ചു. ജ്യോതിശാസ്ത്രത്തിലും വന് മാറ്റങ്ങളാണ് ഉണ്ടായത്. അതുവരെ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമി ആണ് എന്നാണു വിശ്വസിച്ചിരുന്നത്. എന്നാല് കോപ്പര് നിക്കസ് സൂര്യനെ കേന്ദ്രമായി ഒരു പ്രപഞ്ച മാതൃക അവതരിപ്പിച്ചു. അന്നത്തെ കാലത്ത് അത് ഒരു വമ്പിച്ച മാറ്റം തന്നെ ആയിരുന്നു. പിന്നീട് കെപ്ലറും ഗലീലിയോവും ഈ വിഷയത്തില് കൂടുതല് പഠനങ്ങള് നടത്തി. ഗലീലിയോ ദൂരദര്ശിനിയുടെ ഘടനയില് പരിഷ്കാരം വരുത്തുകയും അതുവഴി ചന്ദ്രനെയും സൂര്യനെയും ബുധന്, ശുക്രന്, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളെയും വ്യാഴത്തിന്റെയും ശനിയുടേയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കുകയും ചെയ്തു. ഇത് ഭൂമി പ്രപഞ്ച കേന്ദ്രം അല്ലെന്നും മറ്റു ഗ്രഹങ്ങളെ പോലെ സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം മാത്രമാണെന്നും ഉള്ള സത്യത്തെ ഉറപ്പിച്ചു.

നൂറ്റാണ്ടുകള്ക്കൊപ്പം ജ്യോതിശാസ്ത്രത്തിലും വന് പുരോഗതി ഉണ്ടായി. ടെലിസ്കോപ്പ് കൂടുതല് മെച്ചപ്പെട്ടതായി. യുറാനസ്,നെപ്ട്യൂണ് എന്നിവയെ പത്തൊമ്പതാം നൂറ്റാണ്ടാവുമ്പോഴേക്ക് കണ്ടെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില് തന്നെ പ്ലൂട്ടോയെ കണ്ടെത്തി എങ്കിലും ഗ്രഹമായി പരിഗണിക്കാന് വേണ്ട യോഗ്യതകള് അതിനില്ലാത്തതിനാല് ഗ്രഹം എന്ന സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടു.നിരവധി ശാസ്ത്രജ്ഞര് ജ്യോതിശാസ്ത്രത്തില് വിവിധ മേഖലകളില് അനവധി സിദ്ധാന്തങ്ങള് അവതരിപ്പിച്ചു. ചിലവ തള്ളിക്കളഞ്ഞു. നിരവധി സിദ്ധാന്തങ്ങള് മുന്നോട്ടു പോയി. പലതും പുതിയ അറിവുകള്ക്കൊപ്പം പുതുക്കപ്പെട്ടു. സൂര്യന് ഒരു സാധാരണ നക്ഷത്രം ആണെന്ന് പലരും സിദ്ധാന്തിച്ചെങ്കിലും സ്പെക്ട്രോസ്കോപിന്റെ വരവോടെ ആണ് ഇതിനു ഒരു സ്ഥിരീകരണം ലഭിച്ചത്. 1815 -ല് ഫ്രോണ് ഹോഫര് സൂര്യന്റെ സ്പെക്ട്രത്തില് നിരവധി രേഖകള് കണ്ടെത്തി. ഇതിനു കാരണം സൂര്യനിലെ വിവിധ മൂലകങ്ങളുടെ സാന്നിദ്ധ്യം ആണെന്ന് കിര്ഷോഫ് കണ്ടുപിടിച്ചു. ഇതോടെ സൂര്യന് ഒരു സാധാരണ നക്ഷത്രം മാത്രം ആണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു

ഇരുപതാം നൂറ്റാണ്ടില് മാത്രം ആണ് സൌരയൂഥത്തിന്റെ യഥാര്ത്ഥ രൂപം തിരിച്ചറിഞ്ഞതും ആകാശഗംഗ എന്ന നമ്മുടെ താരാപഥത്തെ കുറിച്ച് മനസ്സിലാക്കിയതും അത് പോലെയുള്ള കോടാനുകോടി താരാപഥങ്ങള് ഉണ്ടെന്നു തിരിച്ചറിഞ്ഞതും. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും മറ്റു ബാഹ്യാകാശ വസ്തുക്കളെക്കുറിച്ച് കൂടുതല് മനസ്സിലാകുകയും നക്ഷത്രങ്ങളുടെ ജനനം, അതിനു സംഭവിക്കുന്ന പരിണാമങ്ങള്, അതിന്റെ അന്ത്യം, പിന്നീട് സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള് എന്നിവ കൂടുതല് പഠിക്കുകയും ആ പഠനം തുടരുകയും ചെയ്യുന്നു. ഇത് മാത്രമല്ല, ജ്യോതിശാസ്ത്രം, പ്രപഞ്ചത്തില് നടക്കുന്ന വിവിധങ്ങളായ പ്രതിഭാസങ്ങള് പഠിക്കുകയും വിശദീകരിക്കുകയും പ്രവചിക്കുകയും ചെയ്യുന്നു.

ജ്യോതിശാസ്ത്രത്തിന്‍റെ ചരിത്രം – പൌരാണിക ജ്യോതിശാസ്ത്രം.

ജ്യോതിശാസ്ത്രത്തിന്‍റെ ചരിത്രം നിരവധി സഹസ്രാബ്ദങ്ങള്‍ മുന്‍പ്‌ തുടങ്ങിയതാണ്. പ്രാചീന മനുഷ്യന്‍ ആകാശത്തില്‍ നക്ഷത്രങ്ങളെയും സൂര്യചന്ദ്രാദികളെയും നോക്കി അത്ഭുതപ്പെട്ടിരുന്നു. സമൂഹങ്ങള്‍ രൂപപ്പെട്ടതോടെ ആശയ കൈമാറ്റം വേഗത നേടിയത് ഈ അത്ഭുതം ആരാധനയിലേക്കും കണക്കുകൂട്ടലുകളിലേക്കും എത്തുന്നതിന്‍റെ വേഗം കൂട്ടി. നദീതടസംസ്കാരങ്ങളുടെ പിറവി ആകാശത്തിലെ പ്രതിഭാസങ്ങളെ ദൈനദിന ജീവിതവുമായി ബന്ധപ്പെടുത്തുന്നതിന് സാഹചര്യം ഒരുക്കി. മഴ തുടങ്ങുന്നതെപ്പോള്‍, വിത്തിറക്കേണ്ടത് ഏതു സമയം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ നക്ഷത്രങ്ങളുടെ സ്ഥാനം ഉപയോഗിക്കാന്‍ തുടങ്ങിയത് വാനനിരീക്ഷണത്തോടുള്ള സമീപനത്തില്‍ വന്‍മാറ്റങ്ങള്‍ വരുത്തി. മിക്കവാറും എല്ലാ പൌരാണിക നാഗരികതകളും പ്രപഞ്ചം, അതിന്‍റെ തുടക്കം, സ്രഷ്ടാവ്‌, ജീവന്‍റെ ഉല്പത്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പലതരം സങ്കല്‍പ്പങ്ങള്‍ മെനഞ്ഞിരുന്നു. അവ മിക്കവാറും അസംബന്ധങ്ങളും ആയിരുന്നു. ആദ്യകാല ഈജിപ്ഷ്യന്‍ ജനതയുടെ വിശ്വാസം പ്രപഞ്ചം വളരെ വലിയ ഒരു പെട്ടി ആണെന്നും അതിന്‍റെ അടിത്തട്ടിലെ തലത്തിന്‍റെ മധ്യത്തിലാണ് ഈജിപ്ത് എന്നും ഈ പെട്ടിയുടെ മുകളില്‍ നിന്ന് താഴോട്ടു തൂക്കിയിട്ടിരിക്കുന്ന വിളക്കുകളാണ് നക്ഷത്രങ്ങള്‍ എന്നും ആയിരുന്നു. പിന്നീട് സിറിയസ് (രുദ്രന്‍) നക്ഷത്രത്തിന്‍റെ ഉദയം നോക്കി നൈല്‍ നദിയില്‍ എപ്പോള്‍ വെള്ളം ഉയരാന്‍ തുടങ്ങും എന്ന് കണക്ക് കൂട്ടാന്‍ അവര്‍ പഠിച്ചു. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തെക്കുറിച്ച് അതെ കാരണം കൊണ്ട് തന്നെ കൂടുതലായൊന്നും മനസ്സിലാക്കേണ്ട എന്ന് ചിലര്‍ കരുതിയപ്പോള്‍ ചില നാഗരികതകള്‍ ആദ്യകാലത്ത് തന്നെ ആകാശ നിരീക്ഷണങ്ങളും രേഖപ്പെടുത്തലുകളും നടത്തി. ബി.സി. 1300-ഇല്‍ രേഖപ്പെടുത്തിയതെന്ന് കരുതപ്പെടുന്ന ചൈനീസ് ജ്യോതിശാസ്ത്രക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂവായിരം വര്‍ഷങ്ങള്‍ മുന്‍പ്, നാടോടികളായിരുന്ന ചാല്‍ഡിയന്‍ ഗോത്രക്കാരാണ് ആദ്യമായി രാശിചക്രത്തിലെ നക്ഷത്രങ്ങള്‍ക്ക് സിംഹം, കാള, ഞണ്ട് തുടങ്ങിയ രൂപങ്ങള്‍ കല്പിച്ചത്. ഈ രൂപങ്ങളാണ് പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നത്. ബി.സി. 700-കളില്‍ തന്നെ ബാബിലോണിയന്‍മാര്‍ക്ക്‌ ചില പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പ്രവചിക്കാന്‍ സാധിച്ചിരുന്നു. ആദ്യമായി ഒരു നക്ഷത്ര കാറ്റലോഗ് ഉണ്ടാക്കിയതും ബാബിലോണിയക്കാര്‍ ആയിരുന്നു. ഈജിപ്ഷ്യന്‍മാര്‍ അവരുടെ പിരമിഡുകള്‍ നിര്‍മിക്കുന്നതിന് ധ്രുവനക്ഷത്രത്തിന്‍റെ സ്ഥാനം ശ്രദ്ധിച്ചിരുന്നു. കൂടാതെ ക്രിസ്തുവിനു മുന്‍പ്‌ മൂന്നാം നൂറ്റാണ്ടില്‍ തന്നെ അവര്‍ ഉപയോഗിച്ചിരുന്ന കലണ്ടര്‍ ഒരു വര്‍ഷം എന്നത് 365 ദിവസങ്ങള്‍ ഉള്ളതായിരുന്നു.

ജ്യോതിശാസ്ത്രം ഏറ്റവും പുരോഗമിച്ച നാഗരികതകളില്‍ ഒന്നായിരുന്നു ചൈനയില്‍. അറബികള്‍ ശക്തരായി വരുന്നതിനു മുന്‍പുള്ള ലോകത്തില്‍, ഏറ്റവും കൃത്യതയും സ്ഥിരതയും ഉള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും നടത്തിയത് ചൈനക്കാര്‍ ആയിരുന്നു. ക്രിസ്തുവിനു മുന്‍പ് പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ രാശികളെക്കുറിച്ച് അവര്‍ അടിസ്ഥാനപരമായ ധാരണകള്‍ വച്ചുപുലര്‍ത്തിയിരുന്നു. 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അവര്‍ക്ക് ഗ്രഹണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമായിരുന്നു. ക്രിസ്തുവിനു പിന്‍പ് പത്താം നൂറ്റാണ്ടിനു മുന്‍പ് തന്നെ അവര്‍ നിര്‍മിച്ചിരുന്ന ആകാശമാപ്പില്‍ ആയിരത്തിമുന്നൂറിലധികം നക്ഷത്രങ്ങളെ അടയാളപ്പെടുത്തിയിരുന്നു. കൂടാതെ ആകാശപ്രതിഭാസങ്ങളെ അവര്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. ബി.സി.352 നും എ.ഡി.1604 നും ഇടയില്‍ പുതുതായി പ്രത്യക്ഷപ്പെട്ട 75 താരങ്ങളെപ്പറ്റി ചൈനീസ് രേഖകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 1054-ഇല്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു പുതിയ നക്ഷത്രത്തെ അവര്‍ “അതിഥി നക്ഷത്രം” എന്ന പേരില്‍ അടയാളപ്പെടുത്തിയിരുന്നു. അത് ഒരു സൂപ്പര്‍നോവ ആയിരുന്നെന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടവരാശിയിലെ ക്രാബ് നെബുലയുടെ ഉല്‍പ്പത്തിക്ക് കാരണമായത് ഈ സൂപ്പര്‍നോവ സ്ഫോടനം ആയിരുന്നു. ക്രിസ്തുവിനു പിന്‍പ് രണ്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതത്തോടൊപ്പം ഭാരതീയ ജ്യോതിശാസ്ത്രചിന്തകളും ചൈനയില്‍ എത്തി എങ്കിലും പത്താം ശതകത്തോടെ ആണ് ഒരു ശക്തമായ കൂടിച്ചേരല്‍ നടക്കുന്നത്. അക്കാലത്ത്‌ നിരവധി ഭാരതീയ ചിന്തകര്‍ ചൈന സന്ദര്‍ശിക്കുകയും അവിടെ അവരുടെ ചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. യീ സിങ് തുടങ്ങി നിരവധി പ്രമുഖരായ ചൈനീസ് ചിന്തകര്‍ ഭാരതീയ ചിന്തകള്‍ കൂടുതലായി പഠിച്ചു.

ഗ്രീക്കുകാരും ജ്യോതിശാസ്ത്രത്തില്‍ വളരെ അധികം മുന്നോട്ടു പോയിരുന്നു. ക്രിസ്തുവിനു മുന്‍പ്‌ എട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഇതിഹാസങ്ങളായ ഇലിയഡ്‌, ഒഡിസ്സി എന്നിവയില്‍ വേട്ടക്കാരന്‍, വലിയ കരടി(ഉര്‍സ മേജര്‍), അവ്വപുരുഷന്‍(ബൂട്ടസ്) എന്നീ നക്ഷത്രരാശികളെയും ഹയ്‌ഡിസ്, കാര്‍ത്തിക എന്നീ താരാവ്യൂഹങ്ങളെയും സിറിയസ് നക്ഷത്രം തുടങ്ങിയവയെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഗ്രീക്ക് ജ്യോതിശാസ്ത്രചിന്തകരില്‍ പ്രഗല്‍ഭര്‍ ആയിരുന്നു ഥയ്‍ലീസ്‌, അനാക്സിമാന്‍റെര്‍, ഹിപ്പാര്‍ക്കസ്‌, ഇറാത്തോസ്തെനെസ്‌, അരിസ്താര്‍ക്കസ്സ്, അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍. ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍ അനാക്സിമാന്‍റെര്‍, ഭൂമി ഒരു ദണ്ട് പോലെ ആണെന്നും അത് പ്രപഞ്ച കേന്ദ്രം ആണെന്നും അഭിപ്രായപ്പെട്ടു. പിന്നീട് വന്ന പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ അതില്‍ മാറ്റം വരുത്തി ഭൂമി ഗോളം ആണെന്നും അത് പ്രപഞ്ച കേന്ദ്രം ആണെന്നും ഉറപ്പിച്ചു. ഭൂമി സൂര്യന് ചുറ്റും പരിക്രമണം ചെയ്യുകയാണെന്ന് ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടു മുന്‍പ് അരിസ്താര്‍ക്കസ്സ് പ്രഖ്യാപിച്ചെങ്കിലും അതിന് സ്വീകാര്യത ലഭിച്ചില്ല. ഇക്കാലത്ത് തന്നെ ഇറാത്തോസ്തെനെസ് ഭൂമിയുടെ ചുറ്റളവ്‌ ഏകദേശം 39,690 കി.മീ. ആണെന്ന് നിര്‍ണയിച്ചു. ഇത് ഇന്നത്തെ കൃത്യമായ കണക്കില്‍ നിന്ന് 2% മാത്രം കുറവായിരുന്നു. ക്രിസ്തുവിനു മുന്‍പ് ഏഴാം നൂറ്റാണ്ട് മുതല്‍ ക്രിസ്തുവിനു പിന്‍പ് രണ്ടാം നൂറ്റാണ്ടുവരെ ആയിരുന്നു ഗ്രീക്ക് ജ്യോതിശാസ്ത്രത്തിന്‍റെ സുവര്‍ണകാലം. ഗ്രീക്ക്‌ ചിന്തകര്‍ നിരവധി തത്വങ്ങള്‍ ആവിഷ്കരിച്ചു. പിന്നീട് യൂറോപ്പില്‍ പ്രബലശക്തിയായ റോമാക്കാര്‍ ഈ ഗ്രീക്ക് ചിന്തകള്‍ ലോകത്ത് പ്രചരിപ്പിച്ചു. അതുവഴി അവ ലോകത്തില്‍ മുഴുവന്‍ അംഗീകരിക്കപ്പെട്ടു. ക്രിസ്തുവിനു പിന്‍പ് രണ്ടാം നൂറ്റാണ്ടില്‍, അലെക്സാണ്‍ട്രിയക്കാരനായ ക്ലോഡിയസ് ടോളമി ഭൂമിയെ പ്രപഞ്ചകേന്ദ്രമാക്കിക്കൊണ്ടുള്ള പ്രപഞ്ചഘടന പരിഷ്കരിച്ചു. യൂറോപ്പില്‍ മാത്രമല്ല അറബ് ലോകത്തും അംഗീകരിക്കപ്പെട്ട പ്രപഞ്ച മാതൃക ആയി ഇത് മാറി. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ പ്രപഞ്ചഘടന പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസും ബ്രൂണോവും ഗലീലിയോവും ചോദ്യം ചെയ്യുന്ന കാലം വരെ നിലനിന്നു. ഗ്രീക്ക് റിപ്പബ്ലിക്കുകളുടെ തകര്‍ച്ചക്ക്‌ ശേഷം റോമാസാമ്രാജ്യം അതിന്റെ ഉന്നതിയില്‍ നിന്ന എട്ടു നൂറ്റാണ്ടോളം യൂറോപ്പില്‍ ജ്യോതിശാസ്ത്രത്തിനു തിരിച്ചടി നേരിട്ടു. അന്ന് ജ്യോതിഷത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ടു. ക്രിസ്തുവിനു പിന്‍പ് ആദ്യ സഹസ്രാബ്ദത്തില്‍ യൂറോപ്പില്‍ ഇരുണ്ട യുഗം ശാസ്ത്ര പുരോഗതിയെ പിന്നോട്ടടിച്ചപ്പോള്‍ ഏഷ്യയില്‍ വന്‍ കുതിപ്പ് നടക്കുകയായിരുന്നു. റോമന്‍ കത്തോലിക്‌ ചര്‍ച്ചിന്‍റെ നിയന്ത്രണത്തില്‍ യൂറോപ്പ് എ.ഡി. 1300 വരെ ഈ ഇരുണ്ട യുഗത്തില്‍ ആയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ പേര്‍ഷ്യയിലും ചൈനയിലും ഭാരതത്തിലും നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ ഉയര്‍ന്നു വന്നു.

ഇസ്ലാമിന്റെ സുവര്‍ണ കാലം എന്നറിയപ്പെടുന്ന ക്രിസ്തുവിനു പിന്‍പ് 8 – 15 നൂറ്റാണ്ടുകളിലായിരുന്നു അറബ് ലോകത്ത്‌ ജ്യോതിശാസ്ത്രത്തിന്‍റെയും സുവര്‍ണകാലം. ഇന്നും നിരവധി നക്ഷത്രങ്ങള്‍ക്ക് അറബ് നാമങ്ങളാണ് ഉപയോഗിച്ചു വരുന്നതെന്ന് ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞത്‌ ഓര്‍ക്കുന്നുണ്ടാവും എന്ന് കരുതുന്നു. ഗ്രീക്ക്, ഭാരതീയ ജ്യോതിശാസ്ത്രജ്ഞര്‍ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി വിപുലമായ ഗണിതശാസ്ത്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രപഞ്ചവിശകലനങ്ങളും സിദ്ധാന്തങ്ങളും മുന്നോട്ടു വച്ചപ്പോള്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള വാനനിരീക്ഷണത്തില്‍ അടിസ്ഥാനത്തില്‍ ആയിരുന്നു ഇസ്ലാമിന് മുന്‍പുള്ള അറബ് ജ്യോതിശാസ്ത്രം പ്രബലമായത്. പിന്നീട് ജ്യോതിശാസ്ത്രത്തിലെ പ്രബലമായ തത്വസംഹിതകള്‍ ഭാരതത്തില്‍ നിന്നും ഗ്രീസില്‍ നിന്നും അറേബ്യയില്‍ എത്തിച്ചേര്‍ന്നു. നിരവധിയായ നിരീക്ഷണങ്ങളും നിഗമനങ്ങളും മാത്രമല്ല ഗ്രീക്കുകാരുടെയും ഭാരതീയരുടെയും നിരവധി കണ്ടുപിടുത്തങ്ങള്‍ അവര്‍ കൂട്ടിചേര്‍ക്കലുകളോടെയും തിരുത്തലുകളോടെയും ലോകത്ത്‌ പ്രചരിപ്പിച്ചു. അറബ് ലോകത്ത്‌ നിരവധി നിരീക്ഷണാലയങ്ങള്‍ ദമാസ്ക്കസ് മുതല്‍ ബാഗ്ദാദ് വരെ സ്ഥാപിച്ചിരുന്നു. അക്കാലത്തെ പ്രമുഖ അറബ് ജ്യോതിശാസ്ത്രജ്ഞരായിരുന്നു അല്‍ ബിറൂണി, അല്‍ ഖ്വാരിസ്മി, അല്‍ ബത്താനി, താബിത് ഇബ്ന്‍ ഖുറാ, ഒമര്‍ ഖയ്യാം, അല്‍ ഫര്‍ഘാനി, അല്‍ ഖുജണ്ടി തുടങ്ങിയവര്‍. ടോളമിയുടെ ഭൂമി കേന്ദ്രമായുള്ള ഘടന ആയിരുന്നു അന്ന് അംഗീകരിച്ചിരുന്നത് എങ്കിലും പല അറബ് ജ്യോതിശാസ്ത്രജ്ഞരും ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇബ്ന്‍ അല്‍ ഹയ്ത്തം എഴുതിയ “ഡൌട്സ് ഓണ്‍ ടോളമി” എന്ന ഗ്രന്ഥം. എന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം അറബ് ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ച വിവിധങ്ങളായ കാരണങ്ങളാല്‍ മരവിച്ചു.

ജ്യോതിശാസ്ത്രം പുരാതന ഭാരതത്തില്‍

പുരാതന ഭാരതീയ ജ്യോതിശാസ്ത്രജ്ഞരും, നിരീക്ഷണത്തിലും ഗോളങ്ങളുടെ സ്ഥാനനിര്‍ണയത്തിലും മികവ് പുലര്‍ത്തിയിരുന്നു. സിന്ധുനദീതട സംസ്കാരകാലത്ത്‌ ക്രിസ്തുവിന് 2300 വര്‍ഷം മുന്‍പ് തന്നെ ജ്യോതിശാസ്ത്രപരമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സിന്ധുനദീതട സംസ്കാരത്തെ തകര്‍ത്തെറിഞ്ഞ ആര്യന്മാരുടെ രംഗപ്രവേശത്തോടെ ഭാരതീയ ജ്യോതിശാസ്ത്രത്തില്‍ വന്‍ മാറ്റങ്ങള്‍ വന്നു. അവര്‍ രാശിചക്ര സങ്കല്‍പം (സിംഹം, കന്യ… തുടങ്ങിയ നക്ഷത്ര ഗണങ്ങള്‍) ഭാരതത്തില്‍ എത്തിച്ചു. വേദങ്ങളിലും പുരാണങ്ങളിലും ജ്യോതിശാസ്ത്രസംബന്ധിയായ നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. എന്നാല്‍ അന്നത്തെ ജ്യോതിശാസ്ത്രജ്ഞരെയും അവരുടെ പഠനങ്ങളെയും കുറിച്ചുള്ള ലിഖിതങ്ങള്‍ കുറവായിരുന്നത് ഇതിന്‍റെ ചരിത്രപഠനത്തെ ബാധിച്ചു. മതപരമായ കാര്യങ്ങളും ജ്യോതിശാസ്ത്രവും പരസ്പരം ബന്ധപ്പെട്ടിരുന്നു. കൃഷി സംബന്ധിയായ ആവശ്യങ്ങള്‍ ആണ് ജ്യോതിശാസ്ത്രത്തിലേക്ക്‌ മനുഷ്യനെ എത്തിച്ചതെങ്കിലും പിന്നീട് മതപരമായ ചടങ്ങുകള്‍ നിര്‍ണയിക്കാന്‍ ഉപയോഗിക്കുക വഴി ജ്യോതിഷത്തിലേക്കും വിശ്വാസത്തിലേക്കും വഴി മാറുകയായിരുന്നു. ലഗഥന്‍ ക്രോഡീകരിച്ച ‘വേദാംഗ ജ്യോതിഷം’ എന്ന കൃതിയാണ് ഭാരതത്തില്‍ ഏറ്റവും പഴക്കം ചെന്ന ജ്യോതിശാസ്ത്ര കൃതി. ഇതില്‍ സൂര്യചന്ദ്രന്‍മാരുടെ സ്ഥാനം, ഗ്രഹണം, സംക്രമം തുടങ്ങിയവയെപ്പറ്റി പ്രതിപാദിക്കുന്നു. പൂജകള്‍ നടത്തുക തുടങ്ങിയ ചടങ്ങുകള്‍ക്ക് സമയം നിര്‍ണയിക്കാന്‍ ജ്യോതിശാസ്ത്രത്തെ വേദകാലത്തും ശേഷവും ആശ്രയിച്ചിരുന്നു. ഈ കാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും വേദാംഗ ജ്യോതിഷം പ്രതിപാദിക്കുന്നത്. അക്കാലത്ത്‌ തന്നെ 27 നക്ഷത്രങ്ങളെയും രാശിചക്രത്തിലെ 12 നക്ഷത്രരാശി ചിഹ്നങ്ങളെയും ഗ്രഹങ്ങളെയും ഗ്രഹണം തുടങ്ങി പ്രതിഭാസങ്ങളെയും പറ്റി അറിയാമായിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഭാരതീയ – ഗ്രീക്ക്‌ ജ്യോതിശാസ്ത്രപഠനങ്ങള്‍ തമ്മില്‍ കൂടിച്ചേരലുകള്‍ നടന്നു. സിദ്ധാന്തങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഇതിന് ഒരു പ്രധാന സൂചകമാണ് രണ്ടാം നൂറ്റാണ്ടില്‍ ഗ്രീക്കില്‍ നിന്ന് സംസ്കൃതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട ‘യവന ജാതകം’ എന്ന കൃതി. അക്കാലം മുതല്‍ ഭാരതീയ ജ്യോതിഷത്തില്‍ യവന ജ്യോതിഷത്തിന്‍റെ ശക്തമായ സ്വാധീനം ഉണ്ട്.

 

ക്രിസ്തുവിനു പിന്‍പ് അഞ്ചും ആറും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ആര്യഭട്ടന്‍, വരാഹമിഹിരന്‍, ബ്രഹ്മഗുപ്തന്‍, ഭാസ്കരന്‍, ലല്ലന്‍ തുടങ്ങിയവര്‍ ആയിരുന്നു ഭാരതീയ ജ്യോതിശാസ്ത്രജ്ഞരില്‍ പ്രഗല്‍ഭര്‍. ഈ കാലഘട്ടം ആയിരുന്നു പൌരാണിക ഭാരതീയ ജ്യോതിശാസ്ത്രത്തിന്‍റെ സുവര്‍ണ കാലം. ഇക്കാലത്ത് സിദ്ധാന്ത ജ്യോതിശാസ്ത്രം വളര്‍ന്നു. ഭൂമി പ്രപഞ്ചകേന്ദ്രം അല്ല എന്ന് പ്രഖ്യാപിച്ച ആര്യഭട്ടനെ, അന്നത്തെ പ്രധാനികള്‍ പുച്ഛിച്ച് തള്ളി. കേരളത്തില്‍ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആര്യഭട്ടന്‍ എഴുതിയ ‘ആര്യഭട്ടീയം’ ലോകത്തിന്‌ ഭാരതീയ ജ്യോതിശാസ്ത്രം നല്‍കിയ മഹത്തായ സംഭാവനയാണ്. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുനതിനുള്ള സങ്കേതം അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങുകയാണെന്നും അതാണ്‌ നക്ഷത്രങ്ങളുടെ പടിഞ്ഞാറോട്ടുള്ള ചലനത്തിന് കാരണം എന്നും ചന്ദ്രന്‍റെ പ്രകാശത്തിനു കാരണം സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദിനം തുടങ്ങുന്നത് അര്‍ദ്ധരാത്രി ആണെന്ന് പറഞ്ഞ ആദ്യകാല ഗ്രന്ഥവും ഇതാണ്. ആര്യഭട്ടന്‍റെ സിദ്ധാന്തങ്ങള്‍ അറബ് ജ്യോതിശാസ്ത്രത്തില്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബ്രഹ്മഗുപ്തന്‍റെ ‘ബ്രഹ്മഗുപ്ത സിദ്ധാന്തം’ 771-ഇല്‍ അല്‍ ഫസായി അറബിയിലേക്ക് തര്‍ജുമ ചെയ്തു. ഈ ഗ്രന്ഥം ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും വന്‍ സ്വാധീനം ചെലുത്തി. പൂജ്യത്തിന്‍റെ പ്രത്യേകതകള്‍ ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. അദ്ദേഹം ഭൂമി ഒരു ഗോളം ആണെന്നും ഒരു ദിനം തുടങ്ങുന്നത് അര്‍ദ്ധരാത്രി ആണെന്നും ഉള്ള വാദത്തെ പിന്തുണച്ചു. വരാഹമിഹിരന്‍, ആറാം നൂറ്റാണ്ടില്‍ സിദ്ധാന്തജ്യോതിശാസ്ത്രത്തെ അഞ്ചായി ക്രോഡീകരിച്ച് ‘പഞ്ചസിദ്ധാന്തിക’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. ഇതില്‍ ഏറ്റവും പ്രധാനം ‘സൂര്യ സിദ്ധാന്തിക’ ആയിരുന്നു. ഭൂമിയുടെ അച്ചുതണ്ടിന്‍റെ ചരിവ് 24 ഡിഗ്രി ആയി കണക്ക് കൂട്ടിയിരുന്നു. അച്ചുതണ്ടിന്‍റെ ഭ്രമണത്തിന് ഏകദേശം 26,000 വര്‍ഷങ്ങള്‍ എടുക്കും എന്ന് ഇന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ഭ്രമണത്തെപ്പറ്റി വരാഹമിഹിരന്‍ കണക്കുകൂട്ടിയിരുന്നു. അദ്ദേഹത്തിന്‍റെ കണക്ക്‌ കൃത്യം ആയിരുന്നില്ലെങ്കിലും അങ്ങനെ ഒരു കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ ആ കാലത്ത്‌ അദ്ദേഹത്തിനായി.

ഭാരതീയ ജ്യോതിശാസ്ത്രമുന്നേറ്റത്തില്‍ കേരളീയ ജ്യോതിശാസ്ത്രജ്ഞരുടെ ശക്തമായ സംഭാവന ഉണ്ടായിരുന്നു. ജ്യേഷ്ഠദേവന്‍, അച്യുതപ്പിഷാരടി, നീലകണ്‌ഠന്‍ സോമയാജി തുടങ്ങിയവരായിരുന്നു പ്രധാനികള്‍. നീലകണ്‌ഠന്‍ സോമയാജി അദ്ദേഹത്തിന്‍റെ ‘തന്ത്രസംഗ്രഹം’ എന്ന ഗ്രന്ഥത്തില്‍ ആര്യഭട്ടന്‍റെ ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളെപ്പറ്റിയുള്ള ചിന്തകളില്‍ ചെറിയ മാറ്റം വരുത്തി. ഈ മാറ്റം കെപ്ലറിന്‍റെ സിദ്ധാന്തം വരുന്ന കാലം വരെ നിലനിന്ന ഒരു മാതൃകയായിരുന്നു. ‘ആര്യഭട്ടീയ ഭാഷ്യ’ എന്ന ഭാഗത്തില്‍ അദ്ദേഹം ഒരു പുതിയ പ്രപഞ്ച മാതൃക മുന്നോട്ടു വെച്ചു. ഈ സംവിധാനത്തില്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നതായും എന്നാല്‍ അതേ സമയം സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായും കാണിച്ചിരിക്കുന്നു. യൂറോപ്പിലും പടിഞ്ഞാറന്‍ ഏഷ്യയിലും ടോളമിയുടെ, എല്ലാ ഗ്രഹങ്ങളും ഭൂമിയെ ചുറ്റുന്നു എന്ന രീതിയിലുള്ള മാതൃക നിലനിന്ന കാലത്താണ് കേരളത്തില്‍ നീലകണ്‌ഠന്‍ സോമയാജി ഇങ്ങനെ ഒരു സിദ്ധാന്തം മുന്നോട്ടു വെച്ചത്. ഇതിനോട് സാമ്യമുള്ള മാതൃകയാണ് ഒരു നൂറ്റാണ്ടിനുശേഷം പ്രശസ്ത സ്വീഡിഷ്‌ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടൈക്കോ ബ്രാഹ മുന്നോട്ടു വെച്ചത്. കൊടുങ്ങല്ലൂര്‍ പ്രാചീന കേരളത്തിലെ പ്രധാന ജ്യോതിശാസ്ത്രകേന്ദ്രം ആയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണാലയം ഇവിടെ കുറച്ചു നൂറ്റാണ്ടുകള്‍ മുന്‍പ് വരെ ഉണ്ടായിരുന്നു. എന്നാല്‍ ഈ കാലത്തിന് ശേഷം ഭാരതീയ ജ്യോതിശാസ്ത്രത്തില്‍ വലിയ പുരോഗതികള്‍ ഉണ്ടായില്ല.

നവോത്ഥാനം, അതിനെ തുടര്‍ന്ന് ജ്യോതിശാസ്ത്രത്തിനുണ്ടായ പുരോഗതി എന്നിവയെപ്പറ്റി അടുത്ത അദ്ധ്യായത്തില്‍.

ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം – ഇരുണ്ട യുഗം, നവോത്ഥാനം.

എ.ഡി. 330 – റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍റയിന്‍ തന്റെ സാമ്രാജ്യതലസ്ഥാനം റോമില്‍ നിന്നും, ഇന്നത്തെ തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍ എന്നറിയപ്പെടുന്ന, അന്നത്തെ ബൈസാന്തിയത്തിലെക്ക് മാറ്റുകയും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കോണ്‍സ്റ്റന്‍റയിന്‍ തന്റെ നഗരത്തില്‍ നിരവധി ഗ്രന്ഥശാലകള്‍ നിര്‍മിക്കുകയും പ്രമുഖരായ പുരാതന ഗ്രീക്ക്‌ ചിന്തകന്‍മാരുടെ രചനകള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്തു. എ.ഡി. 337-ല്‍ അദ്ദേഹം അന്തരിച്ചു. എ.ഡി. 395-ല്‍ റോമാ സാമ്രാജ്യം പിളരുകയും റോം തലസ്ഥാനമായി പടിഞ്ഞാറന്‍ റോമാസാമ്രാജ്യവും, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ തലസ്ഥാനമായി ബൈസാന്തിയന്‍ സാമ്രാജ്യവും രൂപീകരിക്കപ്പെട്ടു. ഇതോടൊപ്പം ക്രിസ്തുമതവും രണ്ടായി പിരിഞ്ഞു. ബൈസാന്തിയന്‍ സാമ്രാജ്യഭാഗത്ത്‌ കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ വിഭാഗവും റോം ഭാഗത്ത്‌ റോമന്‍ കത്തോലിക്ക വിഭാഗവും. എന്നാല്‍ എ.ഡി. 476-ല്‍ വിസിഗോത്തുകള്‍ തുടങ്ങിയ ജെര്‍മാനിക് വംശജരായ ബാര്‍ബേറിയന്‍മാര്‍, ഫ്ലാവിയസ് ഓഡോവെക്കറിന്റെ നേതൃത്വത്തില്‍, റോമുലസ് അഗസ്റ്റസ്സിനെ തോല്‍പ്പിച്ച് റോമില്‍ അധികാരം പിടിച്ചെടുത്തു. ഈ സംഭവം പടിഞ്ഞാറന്‍ റോമാസാമ്രാജ്യത്തിന്റെ അസ്തമയം ആയും മദ്ധ്യയുഗ(ഇരുണ്ട യുഗ)ത്തിന്റെ തുടക്കം ആയും ആണ് കണക്കാക്കുന്നത്. ഇരുണ്ട യുഗം പതിനാലാം നൂറ്റാണ്ട് വരെ നീണ്ടുനിന്നു. ഈ കാലയളവില്‍ യൂറോപ്പില്‍ കാര്യമായ പഠനങ്ങളോ നിരീക്ഷണങ്ങളോ നടന്നില്ല. ആക്രമണങ്ങളും അട്ടിമറികളും കൊണ്ട് അരക്ഷിതമായ ഈ കാലഘട്ടത്തില്‍ പോപ്പ്, യൂറോപ്പില്‍ ചിതറിപ്പോയ ചെറുരാജ്യങ്ങളിലെ രാജാക്കന്‍മാരെക്കാള്‍ ശക്തനായി. ‘ഇരുണ്ട യുഗം’ എന്നത് യൂറോപ്പിനെ മാത്രം സംബന്ധിച്ച ഒരു സംജ്ഞ ആണ് എന്നും മദ്ധ്യയുഗത്തില്‍ ഏഷ്യയില്‍ മികച്ച ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തില്‍ വന്‍ കുതിച്ചുചാട്ടം നടക്കുകയായിരുന്നു എന്നും കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ചത് ഓര്‍ക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്രീക്ക് ഭാഷയില്‍ ആയിരുന്നു യൂറോപ്പിലെ പൌരാണിക ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരുന്നത്. മൂന്നാം നൂറ്റാണ്ടിനു ശേഷം ഈ ഭാഷയില്‍ പ്രാവീണ്യം കുറഞ്ഞത് ഈ പൌരാണിക ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ കൂടുതല്‍ വിശദമായി പഠിക്കുന്നതില്‍ തടസ്സം ഉണ്ടാക്കി. ഈ ഗ്രന്ഥങ്ങളുടെ സംക്ഷിപ്തരൂപങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും ലഭ്യമായിരുന്നത്. അക്കാലത്ത്‌ ലഭ്യമായിരുന്ന ലാറ്റിന്‍ ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ പ്രധാനമായും കാപ്പെല്ല, പ്ലിനി, മാക്രോബയ്സ് തുടങ്ങിയവരുടെതായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ്‌ സന്യാസിയായ ബീഡ്, ഈസ്റ്റര്‍ ദിവസം ജ്യോതിശാസ്ത്രപരമായി കണക്ക് കൂട്ടാനുള്ള ഒരു മാര്‍ഗം, ‘കംപ്യുട്ടസ്’, മുന്നോട്ടുവെച്ചു. പന്ത്രണ്ടാം നൂറ്റാണ്ട് വരെ മതപഠനത്തില്‍ ഇത് ഒരു പ്രധാനഭാഗമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കാന്റെര്‍ബറിയിലെ ആര്‍ച് ബിഷപ്പ്‌ ആയിരുന്ന ജെയിംസ് ഉഷര്‍, ബൈബിള്‍ കഥകളുടെ അടിസ്ഥാനത്തില്‍ കണക്ക് കൂട്ടി പ്രപഞ്ചം ഉണ്ടായത് “ക്രിസ്തുവിന് മുന്‍പ്‌ 4004 ഒക്ടോബര്‍ 23 ന് രാത്രി 9 മണി”ക്കാണെന്ന് പ്രഖ്യാപിച്ചു. ഇരുണ്ടയുഗത്തിലെ ജനങ്ങളുടെയും മതപ്രമാണിമാരുടെയും തെറ്റിദ്ധാരണകളുടെ ആഴം എത്രത്തോളം എന്ന് പൊതുവില്‍ ഇതില്‍നിന്നും മനസ്സിലാകും. പക്ഷെ അപ്പോഴേക്കും മാറ്റങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിക്കോള്‍ ഓറം എന്ന ബിഷപ്പ്‌, ഭൂമി ആണ് ഭ്രമണം ചെയ്യുന്നത് എന്ന വാദത്തിനെതിരായി ഉയര്‍ത്തിയ വാദങ്ങള്‍ അടിസ്ഥാനമുള്ളതല്ല എന്ന് അഭിപ്രായപ്പെട്ടു എങ്കിലും പൊതു അഭിപ്രായമായ, ഭൂകേന്ദ്ര സിദ്ധാന്തത്തെ തള്ളിക്കളയാന്‍ ധൈര്യപ്പെട്ടില്ല. പതിനഞ്ചാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ കുസയിലെ കര്‍ദിനാള്‍ ആയിരുന്ന നിക്കോളാസ്, ഭൂമി സൂര്യനെ ചുറ്റുകയാണെന്നും എല്ലാ നക്ഷത്രങ്ങളും സൂര്യനെപോലെ ആണെന്നും അഭിപ്രായപ്പെട്ടു. എങ്കിലും ഒരു ശാസ്ത്രീയ പ്രപഞ്ച മാതൃക നിര്‍ദ്ദേശിക്കാന്‍ അദ്ദേഹത്തിനായില്ല. എ.ഡി. 1453-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍, കോണ്‍സ്റ്റന്‍റയിന്‍ പതിനൊന്നാമനെ വധിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടിച്ചെടുത്തു. എന്നാല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ ജനങ്ങള്‍വന്‍തോതില്‍ പലയാനം ചെയ്തു. അവര്‍ യൂറോപ്പിലേക്ക് പലായനം ചെയ്തപ്പോള്‍, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ നഗരത്തില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട ഗ്രന്ഥങ്ങളും കൂടെ കൊണ്ടുപോയി. ഇത് എ.ഡി.1300-കളില്‍ ആരംഭിച്ച വിജ്ഞാനവിപ്ലവത്തിന് ഊര്‍ജം പകര്‍ന്നു.

നവോദ്ധാനം

നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ – പോളണ്ടില്‍ ജനിച്ച ഈ ശാസ്ത്രജ്ഞനാണ് അന്ധകാരത്തില്‍ നിന്ന് നവോത്ഥാനത്തിലേക്കുള്ള യൂറോപ്പിന്റെ കുതിപ്പിന് തുടക്കമിട്ടത്. 1473-ല്‍ റ്റോറുണ്‍ എന്ന സ്ഥലത്ത്‌ ജനിച്ച കോപ്പര്‍നിക്കസ് 1496-ല്‍ ഇറ്റലിയിലേക്ക്‌ വൈദ്യവും ക്രൈസ്തവനിയമവും പഠിക്കാന്‍ പോയി. അവിടെ വച്ച് ജോഹന്നാസ്‌ റജിയോമൊണ്ടാനസ് എന്ന ജ്യോതിശാസ്ത്രജ്ഞന്റെ കൃതികള്‍ വായിക്കാനിടയായതും 1500-ല്‍ നടന്ന കലണ്ടര്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതും അദ്ദേഹത്തെ ജ്യോതിശാസ്ത്രത്തില്‍ ആകൃഷ്ടനാക്കി. പ്രാചീന ഗ്രീസില്‍ നിന്ന് കടം കൊണ്ടവയായിരുന്നു അക്കാലത്ത്‌ യൂറോപ്പില്‍ നിലവിലിരുന്ന ധാരണകള്‍. ഹിപ്പാര്‍ക്കസ്‌, ടോളമി തുടങ്ങിയ പ്രാചീനലോകത്തെ പ്രഗത്ഭര്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ പ്രകാരം ഭൂമി പ്രപഞ്ച കേന്ദ്രമാണ്, സൂര്യനടക്കം എല്ലാ ബാഹ്യാകാശവസ്തുക്കളും ഭൂമിയെ ചുറ്റുകയാണ്. ഗ്രഹങ്ങളുടെ സ്ഥാനചലനം കണക്കുകൂട്ടാന്‍ ഈ നിയമങ്ങള്‍ കുറച്ചൊക്കെ വിജയിച്ചു എങ്കിലും ദീര്‍ഘകാലപ്രവചനം എല്ലായിപ്പോഴും തെറ്റിക്കൊണ്ടിരുന്നു. എന്നാല്‍ ഭൂമിക്ക് പകരം സൂര്യന്‍ പ്രപഞ്ചകേന്ദ്രം ആക്കി കണക്കാക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് കോപ്പര്‍നിക്കസ് മനസ്സിലാക്കി. അദ്ദേഹം പുതിയ സിദ്ധാന്തത്തിന്റെ ഗണിതവിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ശ്രമം തുടങ്ങി. പുതിയ സിദ്ധാന്തം വച്ച് പല പ്രശ്നങ്ങളും പരിഹരിക്കാന്‍ പറ്റിയതോടെ അദ്ദേഹം ഈ സിദ്ധാന്തം പുസ്തകരൂപത്തില്‍ തയ്യാറാക്കി. എന്നാല്‍ അത് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം ഭയപ്പെട്ടു. കാരണം അക്കാലത്ത് യൂറോപ്പില്‍ സര്‍വശക്തനായിരുന്ന പോപ്പിന്റെ കീഴിലുള്ള കത്തോലിക്കാസഭ, ടോളമിയുടെ സിദ്ധാന്തം ആണ് ശരി എന്നാണ് വിശ്വസിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും. എന്നാല്‍ 1530-ല്‍ അദ്ദേഹം ധൈര്യം സംഭരിച്ച് തന്റെ ഗ്രന്ഥത്തിന്റെ ഒരു സംക്ഷിപ്തരൂപം ചിന്തകര്‍ക്ക് കൈമാറി. അത് യൂറോപ്പില്‍ വന്‍പ്രതികരണങ്ങള്‍ ഉണ്ടാക്കിയതോടെ ജോര്‍ജ്‌ ജോകിം റെട്ടിക്കസ് എന്ന ഗണിതജ്ഞന്റെ നിര്‍ബന്ധത്തിന് വഴങ്ങി പുസ്തകം, De revolutionibus orbium coelestium (On the Revolutions of the Celestial Spheres) പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ടിയെഡിമാന്‍ ഗീസ് എന്ന ബിഷപ്പിന് നല്‍കി. അദ്ദേഹത്തില്‍ നിന്നും റെട്ടിക്കസ് ഗ്രന്ഥം സ്വീകരിച്ച് പ്രസിദ്ധീകരണത്തിനായി അച്ചടി ആരംഭിച്ചു. എന്നാല്‍ പൂര്‍ത്തിയാക്കും മുന്‍പേ അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടിവരികയും പകരം ചുമതല ഏറ്റെടുത്ത ലുഥറന്‍ പുരോഹിതനായ ആന്‍ഡ്രിയാസ് ഓസിയാന്‍ഡര്‍ കോപ്പര്‍നിക്കസ്സിനോടാലോചിക്കാതെ ഒരു ആമുഖം എഴുതിച്ചേര്‍ക്കുകയും ചെയ്തു. “ഈ സിദ്ധാന്തം ഗ്രഹങ്ങളുടെ യഥാര്‍ത്ഥ ചലനത്തെപ്പറ്റിയുള്ളതല്ലെന്നും അവയുടെ സ്ഥാനം നിര്‍ണയിക്കാനുള്ള ഒരു ഗണിതസൂത്രം മാത്രം ആണെന്നും” ഇതില്‍ പറഞ്ഞിരുന്നു. ഇത് കോപ്പര്‍നിക്കസ് തന്നെ ചെയ്തതാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചതിന് മറുപടി പറയാന്‍ അദ്ദേഹം ജീവിച്ചിരുന്നതുമില്ല. ഒടുവില്‍ 1609-ല്‍ കെപ്ലര്‍ ആണ് സത്യം കണ്ടുപിടിച്ചത്. അതുവരെ ആ കളങ്കം കോപ്പര്‍നിക്കസ്സിന്റെ പേരില്‍ തന്നെ കിടന്നു.

 

ടോളമിയുടെ സിദ്ധാന്തം പല പ്രതിഭാസങ്ങളും വിശദീകരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ബുധനും ശുക്രനും സൂര്യനില്‍ നിന്ന് ഒരു പ്രത്യേക ദൂരത്തില്‍ കൂടുതല്‍ അകലുന്നില്ല എന്നത് അതിലൊന്നായിരുന്നു. ബുധന് ഇത് 28 ഡിഗ്രിയും ശുക്രന് 48 ഡിഗ്രിയും ആണ്. ഇവ കിഴക്ക് ദിക്കിലായാലും പടിഞ്ഞാറായാലും ഇതില്‍ കൂടുതല്‍ അകലില്ല. ഇവ ഭൂമിയെ ആണ് ചുറ്റുന്നതെങ്കില്‍ ഇത് സംഭവിക്കില്ല എന്നുറപ്പാണ്. എന്നാല്‍ സൂര്യനെ ചുറ്റുന്നു എന്ന കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തം ശരി ആണെങ്കില്‍ ഇത് സംഭവിക്കുന്നതിന് വിശദീകരണം കിട്ടും. അതുപോലെ തന്നെ ഗ്രഹങ്ങളുടെ വക്രഗതിക്കും കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തപ്രകാരം വിശദീകരണം ലഭിച്ചു. കാരണം ഭൂമിക്കും സൂര്യനും ഇടയിലുള്ള ഗ്രഹങ്ങള്‍ ഭൂമിയെ പിന്നിലാക്കി വേഗത്തില്‍ ചുറ്റിക്കടന്നുപോകും. ഭൂമിക്ക് ശേഷം ഉള്ള ഗ്രഹങ്ങളെ പിന്നിലാക്കി ഭൂമിയും മുന്നോട്ടുപോകും. ഏതെങ്കിലും ഗ്രഹവും ഭൂമിയും സൂര്യന്റെ ഒരു വശത്താവുമ്പോള്‍ ഒരേ ദിശയില്‍ നീങ്ങുന്നതായും എതിര്‍വശങ്ങളിലാവുമ്പോള്‍ എതിര്‍ദിശകളിലേക്ക് നീങ്ങുന്നതായും തോന്നും എന്ന് കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തപ്രകാരം വിശദീകരിക്കാന്‍ പറ്റി. ഭൂമി നിശ്ചലം ആണെന്ന ടോളമിയുടെ സിദ്ധാന്തപ്രകാരം ഇത് വിശദീകരിക്കാന്‍ പറ്റില്ലായിരുന്നു. പക്ഷെ കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തിലും ചില പിഴവുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം, ഗ്രഹങ്ങളുടെ പരിക്രമണം വൃത്താകൃതിയില്‍ ആണെന്നായിരുന്നു കരുതിയത്‌. പിന്നീട് കെപ്ലര്‍ ആണ് ഇത് തിരുത്തിയത്. കോപ്പര്‍നിക്കസ്സിന്റെ ചിന്തകള്‍ പടിഞ്ഞാറന്‍ ജ്യോതിശാസ്ത്രലോകത്ത്‌ ഒരു പുത്തന്‍ ഉണര്‍വുണ്ടാക്കി. എന്നാല്‍ ഈ സിദ്ധാന്തം സഭയുടെ വിശ്വാസങ്ങള്‍ക്ക്‌ എതിരായിരുന്നു. അതുകൊണ്ട് തന്നെ ഇത് പ്രചരിപ്പിക്കുന്നത് വലിയ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജിയോര്‍ദാനോ ബ്രൂണോ എന്ന ഇറ്റാലിയന്‍ ചിന്തകന്‍ ഈ സിദ്ധാന്തത്തെ പിന്തുണച്ചു. അദ്ദേഹം വിശ്വസിച്ചത് സൂര്യന്‍ പ്രപഞ്ചത്തിലെ ഒരു സാധാരണ നക്ഷത്രം മാത്രം ആണെന്നും പ്രപഞ്ചത്തില്‍ അസംഖ്യം കേന്ദ്രങ്ങളില്‍ മനുഷ്യനേക്കാള്‍ വികസിത ജീവവര്‍ഗങ്ങള്‍ ഉണ്ടാകാം എന്നുമായിരുന്നു. ഇത് കത്തോലിക്കാസഭക്ക്‌ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. 1593-ല്‍ തടങ്കലില്‍ അടക്കപ്പെട്ട ബ്രൂണോയെ 1600-ല്‍ വിചാരണക്ക് ശേഷം ചുട്ടുകൊന്നു. ബ്രൂണോവിന്റെ രക്തസാക്ഷിത്വം ശാസ്ത്രലോകത്തിന്‌ ഒരു താക്കീതായി.

ഗ്രീക്ക്‌ ജ്യോതിശാസ്ത്രത്തിലെ ഒരു പ്രധാന നിഗമനം, മാറ്റങ്ങള്‍ നടക്കുന്നത് ഭൂമിയില്‍ മാത്രം ആണെന്നും നക്ഷത്രങ്ങള്‍ അടങ്ങുന്ന ജ്യോതിര്‍മണ്ഡലം മാറ്റങ്ങള്‍ ഇല്ലാത്തതാണെന്നും ആയിരുന്നു. ഇതിനെ തിരുത്തിയ ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നു ഡെന്‍മാര്‍ക്ക്കാരനായ ടൈക്കോ ബ്രാഹ. ജ്യോതിശാസ്ത്രത്തില്‍ പരിശീലനം നേടിയിരുന്ന നേടിയിരുന്ന ബ്രാഹ, 1572 നവംബര്‍ മാസത്തില്‍ അത്ഭുതകരമായ ഒരു ജ്യോതിശാസ്ത്രപ്രതിഭാസം കണ്ടു. അത് വരെ നക്ഷത്രമാപ്പുകളില്‍ സ്ഥാനം ഒന്നും ഇല്ലാതിരുന്ന ഒരു നക്ഷത്രം ഉജ്ജ്വലപ്രഭയോടെ ‘കാസിയോപ്പിയ’ നക്ഷത്രരാശിക്ക് സമീപം വടക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു വര്‍ഷത്തിലധികം ആകാശത്ത് നിന്ന ശേഷം അപ്രത്യക്ഷമായ ഈ നക്ഷത്രത്തെക്കുറിച്ച് ‘ഒരു നവതാരം’ (De Nova Stella) എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിച്ചു. (അത് ഒരു സാധാരണ നക്ഷത്രം അല്ല, ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതാണെന്ന് ഇന്ന് നമുക്കറിയാം). ഗ്രന്ഥത്തിന്റെ പ്രകാശനത്തോടെ പ്രശസ്തനായ അദ്ദേഹത്തെ ഡെന്‍മാര്‍ക്കിലെ രാജാവായ ഫ്രെഡെറിക്ക് രണ്ടാമന്‍, ഹവെന്‍ ദ്വീപില്‍ നിരീക്ഷണാലയങ്ങള്‍ നിര്‍മിക്കാന്‍ സഹായിച്ചു. അവിടെ അക്കാലത്ത്‌ ലഭ്യമായതില്‍ ഏറ്റവും മികച്ച ഉപകരണങ്ങള്‍ സ്ഥാപിച്ചു. 1577-ല്‍ പ്രത്യക്ഷപ്പെട്ട ഒരു വാല്‍നക്ഷത്രത്തെപ്പറ്റി ബ്രാഹ ഈ നിരീക്ഷണാലയങ്ങള്‍ ഉപയോഗിച്ച് സൂക്ഷ്മമായി പഠിച്ചു. അതിന്റെ പാത ദീര്‍ഘവൃത്തം ആണെന്ന് അദ്ദേഹത്തിന്റെ പഠനങ്ങള്‍ തെളിയിച്ചു. ഗ്രഹങ്ങളുടെയും സൂര്യന്റെയും ചലനങ്ങള്‍ അദ്ദേഹം നിരീക്ഷിച്ച് രേഖപ്പെടുത്തി. ഒരു വര്‍ഷത്തിന്റെ നീളം ഒരു സെക്കന്‍റില്‍ കുറഞ്ഞ വ്യത്യാസത്തോടെ അദ്ദേഹം കണക്ക് കൂട്ടി. അങ്ങനെ കണക്കുകൂട്ടിയതിന്‍പ്രകാരം, പോപ്പ് ഗ്രിഗറി മുന്‍കൈയെടുത്ത് പരിഷ്കരിച്ച കലണ്ടറാണ് ഗ്രിഗേറിയന്‍ കലണ്ടര്‍ എന്ന പേരില്‍ ഇന്നുപയോഗിക്കുന്നത്. പിന്നീട് പുതിയ ഡെന്‍മാര്‍ക്ക്‌ രാജാവുമായി തെറ്റിയ ബ്രാഹ, പ്രാഗിലേക്ക് പോയി. അവിടെ ഒരു നിരീക്ഷണാലയം സ്ഥാപിച്ച അദ്ദേഹം 1600-ല്‍ ഒരു പുതിയ സഹായിയെ സ്വീകരിച്ചു. ജോഹന്നാസ്‌ കെപ്ലര്‍ എന്ന ഈ സഹായി, 1601-ല്‍ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. തന്റെ വിലപ്പെട്ട നിരീക്ഷണങ്ങള്‍, ബ്രാഹ കെപ്ലറിനെ ഏല്‍പ്പിച്ചു. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ബ്രാഹ കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തം ശരി ആണെന്ന് അംഗീകരിച്ചിരുന്നില്ല. അദ്ദേഹം തന്റെതായ ഒരു സിദ്ധാന്തം രൂപീകരിച്ചു. ഇതുപ്രകാരം സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുകയാണെന്നും മറ്റു ഗ്രഹങ്ങള്‍ സൂര്യനെ ആണ് ചുറ്റുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് ഒരു നൂറ്റാണ്ട് മുന്‍പ്‌ കേരളത്തില്‍ നീലകണ്‌ഠന്‍ സോമയാജി ഇതേപോലെ ഒരു സിദ്ധാന്തം മുന്നോട്ടു വെച്ചിരുന്നത് അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നത് കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ചത് ഓര്‍മിക്കുന്നുണ്ടാകുമല്ലോ.

1604 ഒക്ടോബര്‍ – വീണ്ടും ഒരു നവതാരം ആകാശത്ത് പ്രത്യക്ഷപ്പെട്ടു. സര്‍പ്പധരന്‍ (Ophiuchus) എന്ന നക്ഷത്രരാശിയില്‍ കണ്ട ഈ നവതാരം(സൂപ്പര്‍നോവ) യൂറോപ്പില്‍ നവോത്ഥാനചിന്തകര്‍ക്കിടയില്‍ നടന്നു കൊണ്ടിരുന്ന വന്‍മാറ്റങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. ഇറ്റലിക്കാരനായ ഗലീലിയോ ഗലീലി ഈ അവസരം ഉപയോഗിച്ച്, ഭൂമിക്ക്‌ പുറത്തുള്ള പ്രപഞ്ചം മാവറ്റമില്ലാത്തതാണ് എന്ന അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തിനെതിരെ ആഞ്ഞടിച്ചു. ഇതിനുമുന്‍പ്‌ തന്നെ പെന്‍ഡുലത്തെപ്പറ്റിയുള്ള പഠനങ്ങള്‍, വസ്തുക്കളുടെ പതനത്തെപ്പറ്റിയുള്ള പഠനങ്ങള്‍ തുടങ്ങിയവയിലൂടെ പ്രശസ്തനായിരുന്നു. ഒരു വസ്തുവിന്റെ ഒരേ വേഗത്തിലുള്ള ചലനത്തിന് പുതുതായി ഒരു ബലം നല്‍കേണ്ട ആവശ്യം ഇല്ല, ഒരു പുതിയ ബലം നല്‍കിയാല്‍ അതിന്റെ ചലന വേഗം വര്‍ദ്ധിക്കും എന്ന് അദ്ദേഹം വാദിച്ചു. ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഈ ഗ്രഹങ്ങളുടെ ചലനത്തിന് കാരണം അതിന്റെ ദേവതകള്‍ തള്ളുന്നതാണ് എന്നതായിരുന്നു അക്കാലത്തെ വിശ്വാസം. ഇതോടൊപ്പം അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തിനെതിരെയുള്ള വാദങ്ങള്‍ കൂടി ആയപ്പോള്‍ അദ്ദേഹത്തിന് സ്വന്തം നാടായ പിസയില്‍ തുടരാന്‍ പറ്റാത്ത അവസ്ഥ ഉടലെടുത്തു. അദ്ദേഹം വെനീസിലേക്ക് മാറി. 1608-ല്‍ ഹോളണ്ടുകാരനായ ഹാന്‍സ് ലിപ്പെര്‍ഷേ എന്നൊരാള്‍ ഒരു പുതിയ ഉപകരണം കണ്ടെത്തിയതായി അദ്ദേഹം അറിഞ്ഞു. ലെന്‍സുകള്‍ ഉപയോഗിച്ചുള്ള ഒരു ദൂരദര്‍ശിനി ആയിരുന്നു അത്. അതോടെ ഗലീലിയോ, അത്തൊരം ഒന്ന് നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചു. ആദ്യമായി 3x ശേഷിയുള്ള ഒരു ദൂരദര്‍ശിനി ഉണ്ടാക്കിയ അദ്ദേഹം പിന്നീട് ഒരു 30x ശേഷിയുള്ളതും നിര്‍മിച്ചു. ഇതുപയോഗിച്ച് അദ്ദേഹം ആകാശനിരീക്ഷണം ആരംഭിച്ചതോടെ ജ്യോതിശാസ്ത്രത്തില്‍ ദൂരദര്‍ശിനികളുടെ യുഗം ആരംഭിച്ചു.

ചന്ദ്രനെ നിരീക്ഷിക്കാന്‍ ആരംഭിച്ച അദ്ദേഹം, ചന്ദ്രോപരിതലത്തിലെ പര്‍വതങ്ങളും കുഴികളും നിരീക്ഷിച്ച് അതിന്റെ ചിത്രങ്ങള്‍ വരച്ചു. എന്നാല്‍ അദ്ദേഹത്തിന് നാല് മാസം മുന്‍പ്‌ തന്നെ, 1609 ജൂലൈയില്‍, ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ തോമസ്‌ ഹാരിയറ്റ്‌ ചന്ദ്രന്റെ രേഖാചിത്രങ്ങള്‍ വരച്ചിരുന്നു. സൂര്യനെ ദൂരദര്‍ശിനിയിലൂടെ നേരിട്ട് നിരീക്ഷിച്ച ഗലീലിയോ, സൗരോപരിതലത്തിലെ കറുത്തപാടുകള്‍, സൗരകളങ്കങ്ങള്‍, വരച്ച് അടയാളപ്പെടുത്തി. തുടര്‍ച്ചയായുള്ള നിരീക്ഷണങ്ങളിലൂടെ ഈ പാടുകള്‍ സ്ഥാനം മാറുന്നുണ്ടെന്ന് കണ്ടെത്തിയ അദ്ദേഹം, ഇതിനു കാരണം സൂര്യന്റെ സ്വയംഭ്രമണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ കാഴ്ചശക്തി ക്ഷയിക്കാന്‍ കാരണമായി. മറ്റു നിരവധി നക്ഷത്രങ്ങളെ പുതുതായി ടെലിസ്കോപ്പിലൂടെ നിരീക്ഷിച്ച അദ്ദേഹം, സൂര്യനും അവയിലൊന്ന് മാത്രം ആണെന്ന് വാദിച്ചു. ഗ്രഹങ്ങളെ നിരീക്ഷിച്ച അദ്ദേഹം, വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെ കണ്ടെത്തി. ഇയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ ഉപഗ്രഹങ്ങള്‍, ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ഇവയുടെ പരിക്രമണം നിരീക്ഷിച്ച ഗലീലിയോ, ഇവ നാലും വ്യാഴത്തെ ചുറ്റുകയാണെന്ന് കണ്ടു. ശുക്രനെ നിരീക്ഷിച്ച ഗലീലിയോ, അതിനും ചന്ദ്രനെപോലെ വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാകുന്നു എന്ന് കണ്ടു. സ്വാഭാവികമായും അത് സ്വയം പ്രകാശിക്കുന്നതല്ലെന്നും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും, എല്ലാ ഗ്രഹങ്ങളും തിളങ്ങുന്നത് ഇങ്ങനെ തന്നെ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ചന്ദ്രബിംബത്തിന്റെ തിളക്കമില്ലാത്ത ഭാഗം മങ്ങിക്കാണുന്നതിന്റെ കാരണം, ഭൂമി പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം ആണെന്ന് കണ്ടെത്തി. ഇതോടെ ഭൂമിയും മറ്റു ഗ്രഹങ്ങളെ പോലെ തിളങ്ങുന്നു എന്ന് തെളിഞ്ഞു. അപ്പോള്‍ ഭൂമിക്ക്‌ പ്രപഞ്ചത്തില്‍ പ്രത്യേകിച്ച് ഒരു സ്ഥാനം ഇല്ലെന്നും മറ്റു ഗ്രഹങ്ങളെ പോലെ ആണെന്നും വന്നു. ഇതെല്ലാം സ്വാഭാവികമായും, അന്ന് പ്രബലസിദ്ധാന്തമായിരുന്ന, ടോളമിയുടെ സിദ്ധാന്തത്തെ തള്ളിക്കളയുന്നതും, കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തെ ന്യായീകരിക്കുന്നതും ആയിരുന്നു. 1610-ല്‍ തന്റെ നിരീക്ഷണവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ‘Sidereus Nuncius’ (Starry Messenger) എന്നൊരു പ്രബന്ധം അദ്ദേഹം പ്രസിദ്ധപ്പെടുത്തി.

 

ഇതോടെ ഗലീലിയോക്കെതിരെ എതിര്‍പ്പുകള്‍ വര്‍ദ്ധിച്ചു. കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തം വിശ്വാസവിരുദ്ധമായി പോപ്പ് പ്രഖ്യാപിക്കുകയും ഗലീലിയോവിനെ അതിനനുകൂലമായി സംസാരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. 1632-ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥം, “രണ്ടു മുഖ്യ പ്രപഞ്ചവ്യവസ്ഥകളെക്കുറിച്ച് ഒരു സംവാദം” (Dialogue Concerning the Two Chief World Systems), പ്രകാശനം ചെയ്തു. ഇതില്‍ അദ്ദേഹം കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തെ അനുകൂലിച്ചു. ഇതോടെ വിശ്വാസത്തെ തള്ളിപ്പറഞ്ഞതിനും ദൈവനിന്ദക്കും അദ്ദേഹത്തെ കുറ്റവിചാരണക്ക് വിധേയനാക്കി. 1633 ജൂണ്‍ 22ന് അദ്ദേഹം തന്റെ ചിന്തകളെ തള്ളിപ്പറഞ്ഞ് കോപ്പര്‍നിക്കസ്സിന്റെ സിദ്ധാന്തത്തെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതനായി. ബ്രൂണോവിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ അതിന് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിരിക്കാം. “കുറ്റം ഏറ്റുപറയുക, മൂന്നുവര്‍ഷത്തേക്ക് എല്ലാ ആഴ്ചയും പള്ളിയില്‍ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുക, ഇനിമേല്‍ ദൈവനിന്ദ ചെയ്യില്ലെന്ന് സത്യം ചെയ്യുക” ഇതായിരുന്നു ശിക്ഷ. എന്നാല്‍ മുട്ടുകുത്തി തള്ളിപ്പറഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍, “Eppur si muove” (“എങ്കിലും അത് ചലിച്ചുകൊണ്ടിരിക്കുന്നു” – “And yet it moves”) എന്ന് പിറുപിറുത്തു എന്ന് ഒരു കഥ. 1642-ല്‍ അദ്ദേഹം മരിച്ചപ്പോള്‍ ശവം പള്ളി സെമിത്തേരിയില്‍ അടക്കാന്‍ പോപ്പ്‌ ഉര്‍ബാന്‍ എട്ടാമന്‍ സമ്മതിച്ചില്ല. 1835 വരെ അദ്ദേഹത്തിന്റെ പുസ്തകം നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ആയിരുന്നു.

1600-ല്‍ ടൈക്കോ ബ്രാഹക്ക് ഒരു സഹായിയെ ലഭിച്ചതായി നേരത്തെ പറഞ്ഞുവല്ലോ. ജോഹന്നാസ്‌ കെപ്ലര്‍ എന്ന ജര്‍മനിക്കാരന്‍ ആയിരുന്നു അത്. ആസ്ത്രിയയിലെ ഗ്രാസ് സര്‍വകലാശാലയില്‍ ജ്യോതിശാസ്ത്രാദ്ധ്യാപകനായിരുന്ന അദ്ദേഹം, അവിടെ നിന്ന് 1597-ല്‍ പ്രാഗിലേക്ക് പോയി. ടൈക്കോ ബ്രാഹയുടെ സഹായിയായി മാറിയ അദ്ദേഹത്തിന്, ബ്രാഹയുടെ മരണശേഷം അദ്ദേഹത്തിന്റെ പഠനങ്ങളുടെ വിലപ്പെട്ട ശേഖരം ലഭിച്ചു. 1604-ലെ നവതാരം (സൂപ്പര്‍നോവ) കെപ്ലറിനെയും ആവേശഭരിതനാക്കി. ഈ സൂപ്പര്‍നോവാ അവശിഷ്ടം ‘കെപ്ലറിന്റെ സൂപ്പര്‍നോവ’ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് ലഭിച്ച ബ്രാഹയുടെ ഒരു പ്രധാനപ്പെട്ട നിരീക്ഷണം ചൊവ്വയുടെ സഞ്ചാരപഥത്തെപ്പറ്റി ഉള്ളതായിരുന്നു. 1530-ല്‍ കോപ്പര്‍നിക്കസ് പ്രഖ്യാപിച്ചത് ഗ്രഹങ്ങള്‍ വൃത്താകാരപഥത്തിലൂടെ സൂര്യനെ ചുറ്റുന്നു എന്നായിരുന്നു. പക്ഷെ ബ്രാഹയുടെ പഠനങ്ങള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കിയപ്പോള്‍, അതങ്ങനെ ആവില്ലെന്നും, ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത് ദീര്‍ഘവൃത്താകാരപഥത്തിലൂടെ ആണെന്നും കെപ്ലര്‍ മനസ്സിലാക്കി. ഇതാണ് കെപ്ലറുടെ ഒന്നാം ഗ്രഹചലനനിയമം – “എല്ലാ ഗ്രഹങ്ങളും സൂര്യനുചുറ്റും ദീര്‍ഘവൃത്താകാരപഥത്തിലൂടെ സഞ്ചരിക്കുന്നു. സൂര്യന്‍, ആ ദീര്‍ഘവൃത്തത്തിന്റെ ഒരു നാഭിയില്‍ സ്ഥിതി ചെയ്യുന്നു”. 1609-ല്‍ അദ്ദേഹം തന്റെ പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ‘Astronomia nova’ (New Astronomy- ‘നവ ജ്യോതിശാസ്ത്രം’) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. “സൂര്യനെയും ഗ്രഹത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേര്‍രേഖ, തുല്യസമയം കൊണ്ട് എപ്പോഴും തുല്യവിസ്തൃതിയിലൂടെ കടന്നുപോകും” എന്നതാണ് രണ്ടാം ഗ്രഹചലനനിയമം. 1619-ല്‍ പ്രസിദ്ധീകരിച്ച ‘Harmonices Mundi’ (“Harmony of the World”) എന്ന ഗ്രന്ഥത്തിലാണ് മൂന്നാം ഗ്രഹചലനനിയമം പ്രത്യക്ഷപ്പെടുന്നത്. “ഗ്രഹത്തിന്റെ പരിക്രമണസമയത്തിന്റെ വര്‍ഗം, സൂര്യനില്‍ നിന്നുള്ള ദൂരത്തിന്റെ മൂന്നാം ഘാതത്തിന് തുല്യമായിരിക്കും”. 1611-ല്‍ പ്രസിദ്ധീകരിച്ച ‘Dioptrice’ എന്ന പ്രബന്ധത്തില്‍ ടെലിസ്കോപ്പുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹം ‘കെപ്ലേറിയന്‍ ടെലിസ്കോപ്പ്’ എന്നറിയപ്പെടുന്ന ടെലിസ്കോപ്പ് രൂപകല്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തു. 1630-ല്‍ അദ്ദേഹം ഇന്നത്തെ ജര്‍മനിയിലെ റിസന്‍സ്ബര്‍ഗ് എന്ന സ്ഥലത്ത് വച്ച് അന്തരിച്ചു.

ഗലീലിയോവിന്റെയും കെപ്ലറിന്റെയും കാലഘട്ടത്തോടെ യൂറോപ്യന്‍ ജ്യോതിശാസ്ത്രത്തില്‍ നവോത്ഥാനകാലഘട്ടം അവസാനിച്ചു. ഐസക്ക്‌ ന്യൂട്ടന്‍, ഹൈഗന്‍സ്,ഹാലി തുടങ്ങിയ പ്രതിഭാധനരുടെ കാലം ആയിരുന്നു തുടര്‍ന്ന് വന്നത്. ഇവര്‍ സിദ്ധാന്തങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ജ്യോതിശാസ്ത്രത്തെ മുന്നോട്ടു കൊണ്ടുപോയി.

അവസാനം പരിഷ്കരിച്ചത് : 7/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate