অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബാലനീതി നിയമം

ബാലനീതി നിയമം

ബാലനീതി നിയമം - ആമുഖം

Juvenile Justice

(Care and Protection of Children Act 2015)

ഇന്‍ഡ്യന്‍ ഭരണഘടനയില്‍ 14, 15, 19, 21, 23, 24, 45 എന്നീ അനുഛേദങ്ങള്‍ കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായി നിയമങ്ങളും വ്യവസ്ഥകളും സംവിധാനങ്ങളും അനുശാസിക്കുന്നതിനാലും കുട്ടികളുടെ സാര്‍വ്വലൗകികമായ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച കുട്ടികളുടെ അവകാശ ഉടമ്പടി 1992 ല്‍ ഭാരതം ഒപ്പുവെച്ചതിനാല്‍ രാജ്യത്തെ ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യം നല്‍കുക എന്നത് ഭാരതത്തിന്‍റെ കടമയാണ്. ഈ പശ്ചാത്തലത്തിലാണ് നാളിതുവരെ നിലനിന്നിരുന്ന കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടും സുരക്ഷിത ബാല്യത്തിന് സമഗ്രമായ ഒരു നിയമം സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്.

ഈ നിയമത്തിന്‍റെ പ്രധാന സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ വകുപ്പ് 2(12) പ്രകാരം 0 മുതല്‍ 18 വയസ്സുവരെയുള്ള ഏതൊരാളെയും കുട്ടി എന്ന് നിര്‍വ്വചിക്കുന്നു. കൂടാതെ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി (CHILD IN CONFLICT WITH LAW)  ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടി (CHILD IN NEED OF CARE & PROTECTION) എന്നിങ്ങനെ കുട്ടികളെ രണ്ടായി തരം തിരിക്കുകയും ചെയ്യുന്നു. ഗണം തിരിച്ച് ഏറ്റവും അനുയോജ്യമായ സേവനം കുട്ടിക്ക് ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഈ നിയമം കുട്ടികളെ രണ്ടു തരത്തില്‍ നിര്‍വ്വചിക്കുന്നത്.

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍

കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന കുട്ടികളെയാണ് നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്ന് നിര്‍വ്വചിക്കുന്നത്.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍

തെരുവുകുട്ടികള്‍, ബാലവേല ചെയ്യുന്ന കുട്ടികള്‍, ശൈശവ വിവാഹത്തിന് ഇരയാകുന്ന കുട്ടികള്‍, ഭിക്ഷാടനം ചെയ്യുന്ന കുട്ടികള്‍, അത്യാഹിതത്തില്‍പ്പെടുന്ന കുട്ടികള്‍, എച്ച്.ഐ.വി. എയ്ഡ്സ് ബാധിച്ച കുട്ടികള്‍ ശാരീരികമായോ ലൈംഗികമായോ പീഡനത്തിനിരയായ കുട്ടികള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ട കുട്ടികള്‍, മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികള്‍, മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്ന കുട്ടികള്‍ തുടങ്ങി അങ്ങേയറ്റം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളാണ് ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍. കുട്ടികളെ രണ്ടായി തരംതിരിക്കുന്നതിനൊപ്പം തന്നെ അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കുവേണ്ടി ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡും (JJB) ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കുവേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (CWC) എല്ലാ ജില്ലകളിലും രൂപീകരിക്കുവാന്‍ ഈ നിയമം നിര്‍ദ്ദേശിക്കുന്നു. ദത്തെടുക്കല്‍, സ്പോണ്‍സര്‍ഷിപ്പ്, ഫോസ്റ്റര്‍ കെയര്‍ എന്നിവയ്ക്കുവേണ്ടി CARA(CENTRAL ADOPTION RESOURCE AUTHORITY). കുട്ടികളുടെ സുരക്ഷിതത്വത്തിനായി സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് (SJPU), സ്പെഷ്യല്‍ ഹോം, ചില്‍ഡ്രന്‍സ് ഹോം, ഒബ്സര്‍വേഷന്‍ ഹോം തുടങ്ങിയവ സ്ഥാപിക്കുന്നതിനും ബാലനീതി നിയമം നിര്‍ദ്ദേശിക്കുന്നു. നിയമത്തിന്‍റെ നടത്തിപ്പിന്‍റെ ഏകോപനം നിര്‍വ്വഹിക്കേണ്ടത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളാണ്.

ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (JJB)

ബാലനീതി നിയമം 2015 ലെ 4 മുതല്‍ 26 വരെയുള്ള വകുപ്പുപ്രകാരം നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികളുടെ കാര്യം നോക്കുന്ന സംവിധാനമാണ് ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ഈ സംവിധാനത്തില്‍ അതാത് ജില്ലകളിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ചെയര്‍ പേഴ്സണ്‍. രണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ കൂടി അംഗങ്ങളായുള്ള ഈ ബഞ്ചില്‍ കുറഞ്ഞത് ഒരു വനിതയുടെ പ്രാതിനിധ്യമെങ്കിലും ഉണ്ടായിരിക്കണം.

നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികളെ 24 മണിക്കൂറിനുള്ളില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാ ക്കേണ്ടതാണ്. കൊല്ലം ബീച്ച് റോഡിലുള്ള ഒബ്സര്‍വേഷന്‍ ഹോമിലാണ് ബോര്‍ഡ് കൂടുന്നത്. ബാലനീതി നിയമം വകുപ്പ് 4(1) പ്രകാരം നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും തീര്‍പ്പു കല്‍പ്പിക്കുന്നതിനുമുള്ള പൂര്‍ണ്ണ അധികാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനാണ്.

16 വയസു കഴിഞ്ഞതും വളരെ ഗൗരവപ്പെട്ട കുറ്റങ്ങള്‍ ചെയ്തതുമായ കുട്ടികളെ പ്രാഥമിക വിശകലന (Preliminary Assessment) ത്തില്‍ കുട്ടിയെ മുതിര്‍ന്ന ആളെപ്പോലെ വിചാരണ ചെയ്യാം എന്നു കാണുന്ന പക്ഷം കേസ് കുട്ടികളുടെ കോടതി അഥവാ കൊല്ലം സെക്ഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ബോര്‍ഡിന് ഉത്തരവിടാന്‍ കഴിയും.

കുറ്റവും ശിക്ഷയും

ബാലനീതി നിയമം 2015 കുട്ടികളുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങള്‍ക്ക് അനുശാസിക്കുന്ന ശിക്ഷകള്‍ താഴെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

വകുപ്പ്

കുറ്റം

ശിക്ഷ

33

ഏതെങ്കിലും കുട്ടികളെഉപേക്ഷിച്ചോ നഷ്ടപ്പെട്ടോ കിട്ടിയിട്ട് അറിയിക്കാതിരുന്നാല്‍

6 മാസം വരെ തടവും പിഴയും

42

കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ബാലനീതി നിയമപ്രകാരം സര്‍ക്കാര്‍  രജിസ്ട്രേഷന്‍ വാങ്ങിയില്ലെങ്കില്‍

 

1 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും

 

74

കുറ്റകൃത്യത്തിന് ഇരയായ കുട്ടികളുടെയോ കുറ്റകൃത്യങ്ങള്‍ ചെയ്ത കുട്ടികളുടെയോ വിവരങ്ങള്‍ പുറത്തുവിടുക

6 മാസം വരെ തടവും പിഴയും

 

75

 

കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികള്‍ക്ക് മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക

 

3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും

 

76

 

ഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കല്‍

 

5 വര്‍ഷം വരെ തടവും  1 ലക്ഷം രൂപ വരെ പിഴയും

 

77

 

മദ്യം, പുകയില, ലഹരി വസ്തുക്കള്‍ കൊടുക്കല്‍

 

7 വര്‍ഷം വരെ തടവും 1 ലക്ഷം രൂപവരെ പിഴയും

 

78

 

മദ്യമോ മയക്കുമരുന്ന് വില്‍പ്പനയ്ക്കോ വിതരണത്തിനോ കള്ളക്കടത്തിനോ കുട്ടിയെ ഉപയോഗിച്ചാല്‍

 

7 വര്‍ഷം വരെ കഠിന തടവും 1 ലക്ഷം രൂപ പിഴയും

 

79

 

അടിമവേല ചെയ്യിപ്പിക്കുകയോ ജോലി ചെയ്യിച്ച് സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്താല്‍

 

5 വര്‍ഷം വരെ തടവും 1 ലക്ഷം രൂപവരെ പിഴയും

 

80

 

അനധികൃതമായി കുട്ടികളെ ദത്ത് കൊടുത്താല്‍

 

3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും

 

81

 

കുട്ടികളെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്താല്‍

 

5 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും

 

82

 

സ്ഥാപനത്തിലെ അമിത ശിക്ഷ

 

3 മാസം വരെ തടവും പിഴയും

 

83

പ്രശ്നങ്ങള്‍ ഉണ്ടാക്കാനായി കുട്ടികളെ ദുരുപയോഗം ചെയ്താല്‍

1 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (CWC)

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്ന സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു ചെയര്‍പേഴ്സണും 4 അംഗങ്ങളും ചേര്‍ന്നതാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി.

ചെയര്‍പേഴ്സണ്‍ കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ള ആളായിരിക്കണം. മറ്റംഗങ്ങളില്‍ ഒരാളെങ്കിലും വനിത ആയിരിക്കണം. അംഗങ്ങളും കുട്ടികളുടെ അവകാശസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യം ലഭിച്ച ആളുകളായിരിക്കണം. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അധികാരങ്ങളാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയിട്ടുള്ളത്.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ ആര്‍ക്കുവേണമെങ്കിലും കമ്മിറ്റിയുടെ മുമ്പാകെയോ ഒരു അംഗത്തിന്‍റെ മുമ്പാകെയോ ഹാജരാക്കാവുന്നതാണ്. കൊല്ലം ബീച്ച് റോഡിലുള്ള ചില്‍ഡ്രന്‍സ് ഹോമിലാണ് പൊതുവെ കമ്മിറ്റി നടക്കാറുള്ളത്.

CWC യുടെ പ്രധാന പ്രവൃത്തി/ഉത്തരവാദിത്വം

1. കുട്ടിയെ ദത്തെടുക്കാന്‍ നിയമപ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി ബോധിപ്പിക്കാവുന്നതാണ്.

സ്ഥാപനേതര സംരക്ഷണ മാര്‍ഗ്ഗങ്ങള്‍

സംരക്ഷണത്തിനും പുനരധിവാസത്തിനുംവേണ്ടി ബാലനീതി നിയമം നിര്‍ദ്ദേശിക്കുന്ന പ്രധാന സംവിധാനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ദത്തെടുക്കല്‍ (Adoption)

ദത്തെടുക്കല്‍ എന്നാല്‍ നിയമപരമായ എല്ലാ അവകാശങ്ങളോടുംകൂടി കുട്ടിയെ സംരക്ഷണത്തിനായി ഏറ്റെടുക്കുക എന്നതാണ്. പൈതൃക അവകാശമെന്നപോലെ എല്ലാ കാര്യത്തിലും ഈ കുട്ടിക്കും അവകാശമുണ്ടായിരിക്കും. ദത്തെടുക്കല്‍ ആജീവനാന്തമാണ്. ഒരു കുട്ടിയെ ദത്തെടുക്കുന്നതിനായി www.cara.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

പോറ്റി വളര്‍ത്തല്‍ (Foster Care)

സ്വന്തം കുടുംബത്തില്‍ നിര്‍ത്താനോ ദത്തുകൊടുക്കാനോ കഴിയാത്ത കുട്ടികളെ താല്‍ക്കാലികമായി മറ്റൊരു കുടുംബത്തില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കുന്നതിനെ പോറ്റിവളര്‍ത്തല്‍ (Foster Care)  എന്നു പറയുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കുട്ടികളെ പോറ്റി വളര്‍ത്താന്‍ നല്‍കുന്നത്.

വീട്ടില്‍ നിര്‍ത്തി ധനസഹായം നല്‍കല്‍ (Sponsorship)

അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് മെച്ചമായ ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കുവാനായി നല്‍കുന്ന ധനസഹായത്തെയാണ് സ്പോണ്‍സര്‍ഷിപ്പ് എന്നു പറയുക. കുടുംബത്തോടൊപ്പം നില്‍ക്കാന്‍ കുട്ടിയെ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴിയാണ് ധനസഹായം നല്‍കുക.

സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്

നിയമവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത കുട്ടികളെ സംബന്ധിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുവാനായി എല്ലാ ജില്ലയിലും ഒരു പ്രത്യേക പോലീസ് യൂണിറ്റ് സ്ഥാപിക്കണമെന്ന് ബാലനീതി നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് സ്പെഷ്യല്‍ ജൂവനൈല്‍ പോലീസ് യൂണിറ്റ് എന്ന് അറിയപ്പെടുന്നു. കുട്ടികളുമായി ഇടപഴകുവാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഈ യൂണിറ്റില്‍ നിയമിക്കുന്നത്. ഇപ്പോള്‍ ജില്ലയില്‍ ഡി.സി.ആര്‍.ബി. ആണ് ഈ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നത്.

ബാലസംരക്ഷണ സദനങ്ങള്‍

ചില്‍ഡ്രന്‍സ് ഹോം

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ താല്‍ക്കാലികമായി പാര്‍പ്പിക്കുന്ന സദനം കൊല്ലത്ത് ബീച്ച് റോഡില്‍ ആണ്‍കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമും ശക്തികുളങ്ങരയിലും മയ്യനാടും പെണ്‍കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമും നിലനില്‍ക്കുന്നു.

ഒബ്സര്‍വേഷന്‍ ഹോം

നിയമവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത കുട്ടികളെ താല്‍ക്കാലികമായി സംരക്ഷിക്കുവാനുള്ള സദനം. കൊല്ലത്ത് ബീച്ച് റോഡില്‍ ഗവണ്‍മെന്‍റ് ഒബ്സര്‍വേഷന്‍ ഹോം നിലനില്‍ക്കുന്നു.

സ്പെഷ്യല്‍ ഹോം

നിയമവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത കുട്ടികളെ 3 വര്‍ഷം വരെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങള്‍. തിരുവനന്തപുരത്തും കോഴിക്കോടും സ്പെഷ്യല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നു.

പ്ലേസ് ഓഫ് സേഫ്റ്റി

ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത കുട്ടികളെ പ്രത്യേക സാഹചര്യത്തില്‍ താമസിപ്പിക്കാനുള്ള സദനമാണ് പ്ലേസ് ഓഫ് സേഫ്റ്റി. കേരളത്തില്‍ തൃശൂരില്‍ ആണ് പ്ലേസ് ഓഫ് സേഫ്റ്റി പ്രവര്‍ത്തിക്കുന്നത്.

ഷെല്‍ട്ടര്‍ ഹോം

സര്‍ക്കാരിന്‍റെ അംഗീകാരത്തോടുകൂടി അത്യാവശ്യഘട്ടങ്ങളില്‍ താല്‍ക്കാലികമായി കുട്ടികളെ സംരക്ഷിക്കുവാന്‍ ഉള്ള സദനങ്ങളെയാണ് ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നു പറയുന്നത്.

CWC യുടെ പ്രവൃത്തികളും ഉത്തരവാദിത്തവും

1.    കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കുന്ന കുട്ടികളെ സ്വീകരിക്കുക.

2.    ഹാജരാക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക.

3.    സ്വമേധയാ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏറ്റെടുത്ത് തീര്‍പ്പാക്കുക.

4.    കുട്ടികളുടെ സംരക്ഷണത്തിന് വെല്ലുവിളി ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അന്വേഷണം നടത്തുക.

5.    ശ്രദ്ധയും സംരക്ഷണവും അഭയവും ഉറപ്പുവരുത്തുക.

6.    ആവശ്യമെങ്കില്‍ ഹാജരാക്കുന്ന കുട്ടികളുടെ വൈദ്യപരിശോധന നടത്തുകയും പ്രായം സ്ഥിരീകരിക്കുകയും ചെയ്യുക.

7.    കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനോടൊപ്പം കാണാതെ പോകുന്ന കുട്ടികളെ കണ്ടെത്തുകയും വീടുകളില്‍ തിരിച്ചെത്തിക്കുകയും ചെയ്യുക.

8.    കമ്മിറ്റിയുടെ നടപടിക്രമങ്ങളും ഓരോ കുട്ടിയെക്കുറിച്ചും എടുത്ത തീരുമാനവും എഴുതി തയ്യാറാക്കി സൂക്ഷിക്കുക.

9.    ശിശുസൗഹൃദ അന്തരീക്ഷം കമ്മിറ്റിയില്‍ ഉറപ്പുവരുത്തുക.

10.   കുഞ്ഞുങ്ങളില്ലാത്ത മാതാപിതാക്കള്‍ക്ക് ഫോസ്റ്റര്‍ കെയര്‍ നടപടികളുടെ നിയമവ്യവസ്ഥ പരിശോധിക്കുകയും കുഞ്ഞുങ്ങളെ ലഭ്യമാക്കുകയും ചെയ്യുക.

11.   ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ സാക്ഷിപത്രം നല്‍കുക.

12.   കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളെ സന്ദര്‍ശിക്കുകയും ആ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.

13.   കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സംയോജിച്ച് പ്രവര്‍ത്തിക്കുക.

14.   അതാത് ജില്ലകളിലുള്ള സന്നദ്ധസംഘടനകളുടെയും ആശുപത്രികള്‍, കൗണ്‍സലിംഗ് സെന്‍ററുകള്‍ തുടങ്ങി കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങളുടെ മേല്‍വിലാസപ്പട്ടിക തയ്യാറാക്കി സൂക്ഷിക്കുക.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എടുത്ത തീരുമാനങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി ബോധിപ്പിക്കാവുന്നതാണ്.

കടപ്പാട് :റോയ് മാത്യു വടക്കേല്‍

അവസാനം പരിഷ്കരിച്ചത് : 2/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate