অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രസവാനന്തര ശുശ്രൂഷയുടെ പ്രാധാന്യം

പ്രസവാനന്തര ശുശ്രൂഷ

പ്രസവം നടന്നതിന്റെ തൊട്ടടുത്ത നിമിഷംമുതല്‍ ആറുമുതല്‍ എട്ട് ആഴ്ചവരെ കാലയളവിന് "പ്യുര്‍പേറിയം' എന്നുപറയുന്നു. ഈ സമയത്തിനുള്ളില്‍ അമ്മയുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, ഗര്‍ഭാശയം എല്ലാം പഴയ നിലയില്‍ എത്തിച്ചേരുന്നു. വളരെയേറെ ശ്രദ്ധയും പരിചരണവും വേണ്ട സമയമാണിത്. കുഞ്ഞിനെ വേണ്ടരീതിയില്‍ പരിചരിക്കാനുള്ള ആരോഗ്യവും അറിവും കാര്യക്ഷമതയും അമ്മയ്ക്ക് ഈ സമയത്ത് ഉണ്ടാവണം. സ്തനപരിചരണം, മുലയൂട്ടല്‍, പ്രത്യുല്‍പ്പാദന അവയവങ്ങളുടെ ശുചിത്വം, വീണ്ടും ഉടന്‍ ഗര്‍ഭംധരിക്കാതിരിക്കല്‍ എന്നീ കാര്യങ്ങളിലെല്ലാം അറിവുണ്ടാകണം. വികസിത, അവികസിത രാജ്യങ്ങളിലെ സ്ത്രീകള്‍ ഈ കാലയളവില്‍ പല ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യങ്ങള്‍, ശരീരഭാരം വളരെ കൂടുകയോ കുറയുകയോ ചെയ്യുക, സന്ധിവാതം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഉറക്കക്കുറവ് ഇവ ചില ഉദാഹരണങ്ങള്‍ മാത്രം. പ്രസവാനന്തരം വിഷാദരോഗത്തിന് അടിമപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു.

എന്തൊക്കെശാരീരികമാറ്റങ്ങള്‍


Involution അഥവാ back development  ആണ് നടക്കുന്നത്. പ്രസവം കഴിയുന്ന ഉടനെ ഗര്‍ഭാശയത്തിന് വലുപ്പം കൂടും. ഏകദേശം 16 സെ. മീ. നീളവും 13 സെ. മീ. വീതിയും ഉണ്ടാവും. ഗര്‍ഭാശയമുഖം വളരെ അയഞ്ഞും വിസ്താരമുള്ളതുമാകും. ചെറിയ മുറിവുകളും നീര്‍ക്കെട്ടും ഉണ്ടാകും. ഗര്‍ഭപാത്രത്തിന് ഉള്‍വശം വ്രണസ്വഭാവത്തോടുകൂടിയിരിക്കും. രണ്ടുമൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭാശയമുഖത്തിന് പഴയ ആകൃതി കൈവരും. ഗര്‍ഭാശയത്തിന്റെ വ്യാപ്തം കുറയുന്നു. ഉള്ളിലെ ഭിത്തിയായ എന്‍ഡോമെട്രിയം പഴയ നിലയില്‍ എത്തുന്നതിനാല്‍ വ്രണസ്വഭാവം മാറി ഗര്‍ഭാശയം ഭേദപ്പെട്ട അവസ്ഥയിലാകുന്നു. ഗര്‍ഭാശയസ്നായുക്കള്‍, അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകള്‍ ഇവയെല്ലാം പഴയ നിലയിലെത്തുന്നു. ഈ മാറ്റങ്ങളെല്ലാംതന്നെ സ്ത്രീയുടെ ആരോഗ്യം, പ്രായം, പ്രസവിച്ചരീതി, മുലയൂട്ടല്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഈ മാറ്റങ്ങളെ ഏറ്റവും ത്വരിതപ്പെടുത്തുന്ന ഒന്നാണ് മുലയൂട്ടല്‍. പ്രസവംകഴിഞ്ഞ് നിമിഷങ്ങള്‍ക്കകം മുലയൂട്ടല്‍ ആരംഭിക്കാം. മുലഞെട്ടിലെ നാഡികളുടെ ഉത്തേജനത്താല്‍ ഗര്‍ഭാശയം ചുരുങ്ങുന്നു എന്നത് ശ്രദ്ധേയമാണ്. നാഡിമിടിപ്പിന്റെ വേഗം മിനിറ്റില്‍ 90ല്‍ കൂടിയിരിക്കുക, ശരീര താപനില കൂടിയിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അണുബാധയെ സൂചിപ്പിക്കുന്നു. സ്തനങ്ങളില്‍ നീര്‍ക്കെട്ടും പഴുപ്പും പലപ്പോഴും ഉണ്ടാകാം. മൂത്രതടസ്സം, മൂത്രത്തിലെ അണുബാധ തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. മലബന്ധം വളരെ സാധാരണമാണ്. രക്താര്‍ശസ്സും ചിലരെ വിഷമിപ്പിക്കാറുണ്ട്. പ്രതിരോധശേഷി കുറയുന്ന അവസരത്തില്‍ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങളെല്ലാം ചികിത്സിച്ചു ഭേദമാക്കാന്‍ പ്രയാസമാകും.

ആയുര്‍വേദ ശാസ്ത്രത്തില്‍ പ്രസവാനന്തര ശുശ്രൂഷയ്ക്ക് വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രസവിച്ച സ്ത്രീയെ സൂതിക എന്നാണ് ആയുര്‍വേദം വിവക്ഷിക്കുന്നത്. ശാസ്ത്രാനുസാരേണയുള്ള സൂതികാ പരിചരണം പ്രത്യേക ക്രമത്തില്‍ പറഞ്ഞിരിക്കുന്നു.

ഭക്ഷണവും പരിചരണവും


സൂതികയ്ക്ക് വിശപ്പുണ്ടായാലുടന്‍ പഞ്ചകോലചൂര്‍ണം എണ്ണിയിലോ നെയ്യിലോ ചേര്‍ത്ത് നല്‍കണം. എത്രദിവസം കഴിഞ്ഞ് എന്നല്ല, വിശപ്പുണ്ടായശേഷം മാത്രം എന്നാണ് നിര്‍ദേശിക്കുന്നത്. എണ്ണയും നെയ്യും ഉപയോഗിക്കാന്‍ കഴിയാത്തവളാണെങ്കില്‍ വാതശമനങ്ങളായ മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ കഷായങ്ങളില്‍ ചേര്‍ത്ത് പഞ്ചകോലചൂര്‍ണം നല്‍കണം. ധന്വന്തരം, ദശമൂലം, വിദാര്യാദി തുടങ്ങിയ കഷായങ്ങള്‍ നന്ന്. പുറമെ ശര്‍ക്കരചേര്‍ത്ത ചൂടുവെള്ളമോ വാതശമനങ്ങളായ മരുന്നുകളിട്ടു തിളപ്പിച്ച വെള്ളമോ കുടിക്കണം. വികസിച്ചുനില്‍ക്കുന്ന വയറിനുള്ളിലെ വായു കോപിക്കാതിരിക്കാനും പോകാനുള്ള രക്തം സുഗമമായി പോകാനും ഈ പ്രയോഗം സഹായിക്കുന്നു. ധന്വന്തരം തൈലത്താല്‍ നച്ച തുണികൊണ്ട് വയറ് ചുറ്റിക്കെട്ടണം. തൈലം തേച്ചശേഷം വാതശമനങ്ങളായ ഔഷധങ്ങളിട്ടു തിളപ്പിച്ച കഷായവെള്ളത്തില്‍ കുളിപ്പിക്കണം. ഇന്ന് നടത്തുന്ന വേതുകുളികൊണ്ട് ഇതുതന്നെയാവാം ഉദ്ദേശിക്കുന്നത്. ഈ വിധികള്‍ മൂന്നുദിവസം അനുഷ്ഠിച്ചശേഷം വിദാര്യാദിനെയ്യ് ചേര്‍ത്ത കഞ്ഞിയോ പാല്‍ക്കഞ്ഞിയോ കൊടുക്കണം. നാലു ദിവസം തുടരുക. ശരീരപുഷ്ടി നല്‍കുന്ന ആഹാരം കൊടുത്തുതുടങ്ങണം. 12 ദിവസം കഴിഞ്ഞേ മാംസം നല്‍കാവു. അതിനുശേഷം മാംസം നിഷേധിച്ചിട്ടില്ല എന്നു ശ്രദ്ധിക്കുക. യവം, ലന്തക്കുരു, മുതിര ഇവ വേവിച്ചെടുത്ത വെള്ളത്തില്‍ പക്ഷികളുടെ മാംസം പാകംചെയ്തെടുത്ത മാംസരസവും ഞവരിയരിച്ചോറും ശരീരബലത്തിനും ദഹനശക്തിക്കും അനുസരിച്ച് നല്‍കാം. ബലവര്‍ധകങ്ങളും മധുരരസം കൂടുതലുള്ളതും ശരീരത്തെ പുഷ്ടിപ്പിച്ചെടുക്കുന്നതുമായ ആഹാര ഔഷധങ്ങള്‍ നല്‍കണം. ഇത് അടിസ്ഥാനമാക്കിയാണ് അരിഷ്ടങ്ങള്‍, ലേഹ്യം തുടങ്ങിയവയെല്ലാം സൂതികയ്ക്ക് നല്‍കുന്നത്.

പ്രസവശേഷം 45 ദിവസംവരെയോ ആദ്യ ആര്‍ത്തവം ഉണ്ടാകുന്നതുവരെയോ ആണ് സൂതിക എന്ന പേരിനര്‍ഹത. പല സ്ത്രീകള്‍ക്കും വളരെ താമസിച്ചാണ് പിന്നീട് ആര്‍ത്തവം ഉണ്ടാകുന്നത്. ക്രോധം, ആയാസം, ലൈംഗികബന്ധം ഇവ സൂതികയ്ക്ക് നിഷേധിച്ചിരിക്കുന്നു. ആര്‍ത്തവദര്‍ശനത്തിനു മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയാകുന്നത് സാധാരണമായിരിക്കുന്നു. 45 ദിവസത്തിനുള്ളില്‍ ആയുര്‍വേദമരുന്നുകള്‍ സേവിക്കുമ്പോഴാണ് യഥാര്‍ഥ പ്രയോജനം ലഭിക്കുന്നത്. വെള്ളമോ പാലോ കുടിക്കാന്‍പാടില്ല, കഠിനപഥ്യം ആവശ്യമാണ് തുടങ്ങിയ ചിന്തകളാണ് പലരെയും ആയുര്‍വേദ ചികിത്സയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. ചില സ്ത്രീരോഗവിദഗ്ധരെങ്കിലും ഈ ചികിത്സാക്രമം ആവശ്യമില്ലെന്നു പറയാറുമുണ്ട്. ഗ്രന്ഥങ്ങളില്‍ നിര്‍ദേശിക്കുന്ന വിധികളില്‍ പാലും പാല്‍ക്കഞ്ഞിയും മാംസവും മാംസരസവും ഉപയോഗിക്കാന്‍ പറയുന്നു. "ക്വഥിത ശീതംച തോയം പായയേത്' തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ചിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്.

ഗ്രന്ഥങ്ങളില്‍ പൊതുവായ വിധികളാണ്. ഇതിന് പ്രാദേശിക ഭേദങ്ങളുണ്ട്. പ്രസവിച്ച സ്ത്രീയുടെ ശരീരഘടന, അനുബന്ധ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പ്രസവാനന്തര ചികിത്സ നിശ്ചയിക്കുന്നത്. എന്നാലിത് പല മരുന്നുകമ്പനികളും ഇതുമൊരു പാക്കേജാക്കി മാറ്റിയിരിക്കുന്നു. ഡോക്ടറുടെ ഉപദേശംതേടാതെ മരുന്നുകഴിക്കുന്ന പ്രവണതയും കൂടിവരുന്നു. ജനങ്ങള്‍ക്ക് ആയുര്‍വേദവിധികളിലുള്ള വിശ്വാസം നഷ്ടപ്പെടാനേ ഇത് ഉപകരിക്കൂ. ഗര്‍ഭവൃദ്ധിയാല്‍ ശരീരത്തിലെ മുഴുവന്‍ ധാതുക്കളും ക്ഷീണിച്ചും ശിഥിലവുമായിരിക്കുക, പ്രസവസമയത്തെ വേദനയും ബദ്ധപ്പാടും, ഗര്‍ഭാശയസ്രാവങ്ങള്‍, രക്തം ഇവ കൂടുതലായി പുറത്തേക്കു പോകുക. ഇങ്ങനെ അനേകം ക്ലേശങ്ങളാല്‍ ക്ഷീണിതമായ ശരീരത്തിനുവേണ്ടി ചെയ്യുന്ന ഈ ഔഷധാചാരങ്ങള്‍ ശരീരത്തെ നവീകരിക്കുന്നു. പ്രസവരക്ഷ ഒരു രസായന പ്രയോഗംപോലെ സ്ത്രീക്ക് പുതുജീവന്‍ നല്‍കുന്നു.

കടപ്പാട് : ഡോ. ഉഷ കെ പുതുമന

അവസാനം പരിഷ്കരിച്ചത് : 10/25/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate