പരിണാമ പ്രക്രിയയില്‍ സ്ത്രീ ശരീരം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി .ആധുനിക സ്ത്രീ ഒരു അസാധാരണ ജീവിയാണ്.സ്ത്രീ ശരീരത്തിന്റെ മനോഹാരിതയും സവിശേഷതകളും അനേകം കോടി വര്‍ഷങ്ങളിലൂടെയുള്ള പരിണാമത്തിന്റെ അനന്തരഫലമായി വികസിച്ചതാണ്.ഭൂമുഖത്തെ ഏറ്റവും അത്ഭുതകരമായ ജീവിയായ സ്ത്രീയില്‍ വളരെയേറെ നീക്കുപോക്കുകളും സൂക്ഷമമായ പരിഷ്കാരങ്ങളുമുണ്ട്.പല സ്ഥലത്തും പല സമയങ്ങളിലും മനുഷ്യ സമുദായങ്ങള്‍ ആയിരം രീതിയില്‍ സത്രീ ശരീരത്തെ മോഡി പിടിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.ഇത്തരം വിപുലീകരണങ്ങള്‍ ആഹ്ളാദകരമാണ്.ചിലതു വേദനാ ജനകവും .പക്ഷേ എല്ലാ ശ്രമങ്ങളും സുന്ദരമായ സ്ത്രീ സങ്കല്‍പ്പത്തെ കൂടുതല്‍ സുന്ദരമാക്കുവാനാണ്.അത്തരമൊരു ശ്രമമാണ് വാടക ഗര്‍ഭ ധാരണം
ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രം ഗര്‍ഭ ധാരണത്തിനും പ്രസവത്തിനുമായി നല്‍കുക വഴി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കുവാന്‍ സൌകര്യമൊരുക്കുന്ന സമ്പ്രദായമാണ് വാടക ഗര്‍ഭധാരണം (സറഗസി)
കുട്ടികളെ ജനിപ്പിക്കുവാന്‍ ആവശ്യമുള്ള ദമ്പതിമാര്‍ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടെ ഏതെങ്കിലുമോ ബീജവും അണ്ഡവും തമ്മില്‍ യോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ച് ശേഷം കൈമാറുന്ന രീതിയാണ് വാടക ഗര്‍ഭധാരണം .സാധാരണയായി ഗര്‍ഭാശയ തകരാര്‍ മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് ഈ രീതി അവംലംഭിക്കുന്നത്.ഇത്തരത്തില്‍ ഗര്‍ഭപാത്രം നല്കുന്ന സ്ത്രീയെ സറഗേറ്റ് അമ്മ അഥവാ മറ്റമ്മ എന്നാണ് വിളിക്കുന്നത്.സറഗസിയില്‍ ആ സൌകര്യം ഉപയോഗപ്പെടുത്തുന്ന ദമ്പതികളുടെ തന്നെ അണ്ഡവും ബീജവും തമ്മില്‍ സങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന സിക്താണ്ഡത്തെ ഗര്‍ഭ പാത്രത്തില്‍ പേറി പ്രസവിക്കുന്ന രീതിയാണിത്.അല്ലെങ്കില്‍ ഗര്‍ഭപാത്രം നല്കുന്ന സത്രീയുടെ തന്നെ അണ്ഡം ദമ്പതികളില്‍ ഭര്‍ത്താവിന്റെ ബീജവുമായി സംയോജിപ്പിച്ച് സിക്താണ്ഡം സൃഷ്ടിച്ച് മറ്റമ്മയ്യില് നിക്ഷേപിക്കുന്ന രീതിയും ഉണ്ട്. ചിലര്‍ പരോപാകാര തല്പരതയോടെ ഗര്‍ഭപാത്രം നല്കുമ്പോള് മറ്റു ചിലര്‍ പ്രതിഫലം വാങ്ങിയും നല്കുന്നു.
ശാരീരീക വൈകല്യങ്ങളാല്‍ ഗര്‍ഭധാരണം അസാധ്യമായവര്‍ക്ക് സ്വന്തം രക്തത്തിലുള്ല കുഞ്ഞിനെ ലഭിക്കാനുള്ള സംവിധാനമായി മറ്റൊരു സ്ത്രീയെ ഉപയോഗിച്ച് കൊണ്ടായിരുന്നു വാടക ഗര്‍ഭപാത്രത്തിന്റെ തുടക്കം എന്നാല്‍ ഇത് വിജയം വരിച്ചതോടെ ഉന്നതങ്ങളിലിരിക്കുന്നവരുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞു.വൈകല്യങ്ങളില്ലെങ്കിലും സമയകുറവും ജോലിയുമെല്ലാം കണ്ടുകൊണ്ട് സ്ത്രീകള്‍ പ്രസവം കരാര്‍ നല്‍കുകയാണ് പതിവ് .പ്രസവം മൂലം ലീവെടുത്താല്‍ വന്‍തുക തന്നെ നഷ്ടമാകും .നേരെ മറിച്ച് ഒരു മാസത്തെ ശമ്പളം മതി സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞിനെ ലഭിക്കാന്‍ ഗര്‍ഭധാരണം മൂലം ഉണ്ടാകുന്ന ഒരു പ്രയാസവും അറിയാതെ പേറ്റുനോവറിയാതെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് കുഞ്ഞിനെ കരസ്ഥമാക്കുന്ന സംവിധാനം ആയി വാടക ഗര്‍ഭ ധാരണം മാറി
2005 ല്‍ തിരുവനന്തപുരം സമദ് ആശുപത്രിയിലായിരുന്നു കേരളത്തിലെ ആദ്യത്തെ വാടക ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞു പിറന്നത്.നാല്‍പ്പത് കഴിഞ്ഞ കൊച്ചി സ്വദേശികളായ ദമ്പതികള്‍ക്കായിരുന്നു പരീക്ഷണം .ഗര്‍ഭ പാത്ര തകരാറുള്ള സ്ത്രീ യ്ക്ക് വേണ്ടി പ്രസവിക്കാന്‍ മറ്റൊരു സ്ത്രീയെ കണ്ടെത്തി ദമ്പതികളുടെ ബീജവും അണ്ഡവും ശേഖരിച്ച് ഭ്രൂണത്തെ വാടക മാതാവില്‍ നിക്ഷേപിച്ചു.ആദ്യം പരാജയപ്പെട്ടെങ്കിലും പരീക്ഷണം പിന്നീട് വിജയിച്ചു.പ്രസവ ശേഷം യുവതി കുഞ്ഞിനെ ദമ്പതിമാര്‍ക്ക് കൈമാറി
എന്നാല്‍ കാലക്രമേണ ഏതു മേഖലകളിലെയും പോലെ തന്നെ വാടക ഗര്‍ഭധാരണത്തിലും ചൂഷണങ്ങള്‍ അനേകമായി.ഒരു വാണിജ്യപരമായി അവ മാറികൊണ്ടിരുന്നു.വാടക ഗര്‍ഭത്തില്‍ പിന്നെ അനേകം കുട്ടികള്‍ പിന്നീട് അനാഥരായി തീരേണ്ടിവന്നു.ഇത്തരമൊരു അവസ്ഥയില്‍ തായ്ലന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൂടി വരുന്നതായും രാജ്യം ഇതിനെതിരെ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിനും തീരുമാനിച്ചു.
2016 ലെ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് അവതരിപ്പിക്കുന്നതിന് പ്രധാമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം അനുമതി നല്കി .കേന്ദ്രതലത്തില്‍ ദേശീയ സറഗസി ബോര്‍ഡും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാന സറഗസി ബോര്‍ഡുകളും അനുയോജ്യമായ അതോറിറ്റികളും രൂപീകരിച്ചുകൊണ്ട് രാജ്യത്ത് വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനായി ബില്‍ പാസ്സാക്കുകയും വാടക ഗര്‍ഭധാരണത്തിന് ഫലപ്രദമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തു.വാണിജ്യപരമായ വാടക ഗര്‍ഭധാരണം നിരോധിക്കല്‍ വന്ധ്യരായ ദമ്പതികള്‍ക്ക് ആവശ്യഘട്ടങ്ങളില്‍ അനുവദിക്കാവുന്ന ധാര്‍മ്മികമായ വാടക ഗര്‍ഭധാരണം എന്നിവ ബില്‍ ഉറപ്പു നല്കുന്നു.ധാര്‍മ്മികമായ വാടക ഗര്‍ഭധാരണം ആവശ്യമായ രാജ്യത്തെ വന്ധ്യരായ എല്ലാ ദമ്പതിമാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു.കൂടാതെ വാടക ഗര്‍ഭം ധരിക്കുന്ന മാതാവിന്റെയും അതിലുണ്ടാകുന്ന കുട്ടിയുടെയും അവകാശങ്ങളും സംരക്ഷിക്കപെടുന്നു.ജമ്മു-കാശ്മീര്‍ ഒഴികെയുള്ള രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും ഈ ബില്ല് ബാധകമാണ്.രാജ്യത്തെ വാടക ഗര്‍ഭധാരണ സേവനങ്ങള്‍ നിയന്ത്രിക്കപ്പെടും എന്നുള്ളതാണ് ഈ നിയത്തിന്റെ ഗുണങ്ങളില്‍ പ്രധാനം .വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരും കുഞ്ഞുങ്ങളും ചൂഷണം ചെയ്യപെടാനുള്ള സാധ്യതയെ നിയമം ഇല്ലാതാക്കുന്നു.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് പ്രതീക്ഷയുടെ പുതിയൊരു പ്രകാശമാണ് വാടക ഗര്‍ഭ ധാരണം എന്നിരുന്നാലും ഒരു ചോദ്യം ബാക്കിനില്ക്കുന്നു.ആരാണ് യഥാര്‍ത്ഥ മാതാവ് .അണ്ഡം കൊടുത്തവളോ ഗര്‍ഭ പാത്രം വാടകയ്ക്ക് നല്കിയവളോ .ഇങ്ങനെ ധാരാളം ചോദ്യങ്ങള്‍ വാടക ഗര്‍ഭധാരണത്തില്‍ ഉയര്‍ന്നു വരുന്നു.വാടക ഗര്‍ഭപാത്രത്തില്‍ നിന്നാണ് ഭ്രൂണം ശിശുവായി തീരുന്നതും വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും നടക്കുന്നത്.ഗര്‍ഭ ധാരണത്തിന്റെയും പ്രസവത്തിന്റെയും വേദനകള്‍ സമ്മാനിക്കുന്നതും വാടക മാതാവ് തന്നെ ചുരുക്കത്തില്‍ തലമുറകളുടെ വംശ ബന്ധം ചോദ്യം ചെയ്യപെടുകയാണിവിടെ.
സൌന്ദര്യത്തിനു പുറത്തുള്ല ഇഷ്ടത്തേക്കാള്‍ തലമുറയെ നിലനിര്‍ത്തുന്ന പ്രക്രിയ കൂടുതലായി സ്ത്രീ വഹിക്കുന്നതിനാല്‍ സ്ത്രീ ശരീരം ബഹുമാനം അര്‍ഹിക്കുന്നു.ഒരു സ്ത്രീ എന്നതിനെക്കാള്‍ അമ്മയായിരിക്കുക എന്നതാണ് സത്രീകള്‍ അധികവും ആഗ്രഹിക്കുന്നത്.പ്രത്യുല്‍പ്പാദനത്തിന്റെ സങ്കീര്ണണതകള് നിറഞ്ഞു നില്ക്കുന്നതും സ്ത്രീയിലാണ്.ഗര്‍ഭധാരണം ,പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവയൊക്കെ സ്ത്രീയെന്ന സംജ്ഞയ്ക്ക് ഒപ്പം നില്ക്കുന്ന പ്രക്രിയകളാണ്.ദാമ്പത്യജീവിതത്തിന്റെ വിജയമെന്നത് തലമുറ നിലനിര്‍ത്തുമ്പോഴാണ്.അവര്‍ മാതാപിതാക്കള്‍ ആവുമ്പോഴാണ്.എന്നാല്‍ എല്ലാ സ്ത്രീകളിലെയും ശാരീരീകാവസ്ഥകള് ഒന്നുപോലെ ആയിരിക്കില്ല.പ്രത്യുല്പ്പാദനത്തിന് ശേഷിയില്ലാത്ത സ്ത്രീകള്‍ക്ക് ദമ്പതിമാര്‍ക്ക് ആശ്വാസകരമായ രീതിയാണ് വാടക ഗര്‍ഭധാരണം എന്നു പറയുന്നത്.
കടപ്പാട്- റിന്‍സി റോസ്
അവസാനം പരിഷ്കരിച്ചത് : 2/26/2020
കൂടുതല്‍ വിവരങ്ങള്‍
ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ
ഗര്‍ഭകാലത്തെ അസ്വാസ്ഥ്യങ്ങളും പരിഹാരവും
കൂടുതല്‍ വിവരങ്ങള്‍