অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭകാലം ശ്രദ്ധയോടെ

ഗര്‍ഭകാലം ശ്രദ്ധയോടെ

ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്‌

അമിതവണ്ണം തൊട്ട് മാനസികസമ്മര്‍ദ്ദം വരെ ഗര്‍ഭം അലസാന്‍ കാരണമാകാം. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍...

ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്ചയ്ക്കുള്ളില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഗര്‍ഭം അലസല്‍. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ പതിമൂന്ന് ആഴ്ചകളിലാണ് കൂടുതലായും ഗര്‍ഭം അലസല്‍ കാണുന്നത്. ഈ കാലയളവില്‍ പ്രത്യേക ശ്രദ്ധ വേണം.

കുട്ടിയുടെ ക്രോമോസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാവാം. അമ്മയ്ക്ക് ഗര്‍ഭകാലത്ത് മഞ്ഞപ്പിത്തമോ ന്യൂമോണിയയോ വന്നാല്‍ ഗര്‍ഭം അലസലിന് സാധ്യത കൂടുതലുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

ആദ്യ തവണ ഗര്‍ഭം അലസി എന്നത് കൊണ്ട് അമിതമായി ഭയപ്പെടേണ്ടതില്ല. ഇത് പിന്നീട് ആരോഗ്യത്തോടെയുള്ള കുട്ടിയുടെ ജനനത്തിന് തടസ്സമാവില്ല. എന്നാല്‍ തുടര്‍ച്ചയായി ഗര്‍ഭം അലസുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഗര്‍ഭം അലസല്‍ മുന്‍കൂട്ടി തിരിച്ചറിയാം. കടുത്ത പുറം വേദന, വയറു വേദന, അസാധാരണമായ രീതിയില്‍ രക്തംവരിക എന്നിവ ഇതിന്റെ സൂചനകളാണ്. ഇത്തരം സൂചനകളുണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം ആരായണം. സാധാരണ ചെറിയ രീതിയില്‍ ബ്ലീഡിംഗ് മിക്കവര്‍ക്കും ഉണ്ടാവും. അതിനെച്ചൊല്ലി ഭയപ്പെടേണ്ടതില്ല.
ഗര്‍ഭം അലസല്‍ സംഭവിക്കുമോ എന്ന് അമിതമായ ആശങ്ക പുലര്‍ത്തേണ്ടതില്ല. അത്തരം ആശങ്കകള്‍ മറ്റൊരു വിധത്തില്‍ കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കുകയും ചിലപ്പോള്‍ അത് തന്നെ ഗര്‍ഭം അലസലിന് കാരണമാവുകയും ചെയ്‌തേക്കാം. തൈറോയ്ഡ്, പ്രമേഹം പോലുള്ള വിട്ടുമാറാത്ത അസുഖങ്ങളുണ്ടെങ്കില്‍ ഗര്‍ഭകാലത്ത് അത് നിയന്ത്രിക്കണം. അമിതമായി മരുന്നുപയോഗിക്കുന്നതും ദോഷകരമാണ്. 
ഗര്‍ഭകാലത്ത് ചിട്ടയായി വൈദ്യ പരിശോധനയ്ക്ക് വിധേയമാകുന്നത് ഗര്‍ഭം അലസല്‍ ഒഴിവാക്കാന്‍ സഹായിക്കും. ഫോളിക് ആസിഡ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ശരീത്തിനാവശ്യമായ രീതിയില്‍ ലഭ്യമാക്കണം. ജപ്പാന്‍ പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളും രോഗങ്ങളും വരാതെ നോക്കണം. ഹോട്ട്‌ഡോഗ്‌സ് പോലുള്ള ഇന്‍സ്റ്റന്റ് വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മദ്യം, ആസ്​പിരിന്‍പോലുള്ള മരുന്നുകള്‍ എന്നിവ ഉപയോഗിക്കരുത്. എക്‌സറേ, ഇലക്ട്രിക് ബ്ലാങ്കറ്റ്, വാട്ടര്‍ബെഡ് എന്നിവ ഒഴിവാക്കണം. ശരീരത്തിന്റെ താപം ഉയരാതെ നോക്കുകയും വേണം. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാവു.

ഗര്‍ഭം അലസല്‍: കാരണങ്ങള്‍ നിരവധി

ആവശ്യമായ വിശ്രമമില്ലാത്തത്. 

വാഹനങ്ങളില്‍ ജോലിക്കും മറ്റുമായി അമിതമായി സഞ്ചരിക്കുന്നത്. 
ഗര്‍ഭധാരണത്തിന് മുമ്പ് കഴിച്ചിരുന്ന മരുന്നുകള്‍ ഡോക്ടറുടെ അനുമതിയില്ലാതെ തുടരുക.
ക്രമമല്ലാത്ത ഭക്ഷണ രീതി.
സന്തുലിതമല്ലാത്ത ഭക്ഷണങ്ങള്‍.
പോഷകാഹാരക്കുറവ്.
രക്തക്കുറവ്.
അമിതമായ മാനസിക സമ്മര്‍ദം.
ചിട്ടയില്ലാത്ത ജീവിതരീതി.
അമ്മയുടെ അമിതവണ്ണം. ശരീരത്തില്‍ കൊഴുപ്പടിയുന്നത്.
ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് (മുഴകള്‍)
പുകവലി, മദ്യപാനം.
ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍.
അമ്മയ്ക്ക് പിടിപെടുന്ന പകര്‍ച്ചവ്യാധികള്‍
അണുബാധ

കടപ്പാട്: ഡോ.ശാന്ത വാര്യര്‍

എത്ര മനോഹരം ഈ കാത്തിരിപ്പ്‌

പ്രസവം കാത്ത് രോഗിയെപ്പോലെ കിടന്ന കാലം മാറി. ചിട്ടയായ വ്യായാമം, കലോറി കണക്കാക്കിയുള്ള ഭക്ഷണം, എന്തിനേറെ ഗര്‍ഭിണികള്‍ക്ക് പ്രത്യേക ഫാഷന്‍ വസ്ത്രങ്ങള്‍ വരെ വന്നുകഴിഞ്ഞു...

കൊച്ചിയുടെ തിരക്കുകളില്‍ നിന്നകലെ പനമ്പിള്ളി നഗറിന്റെ സ്വസ്ഥമായ അന്തരീക്ഷത്തില്‍, റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു വീട്, 'ബര്‍ത്ത് വില്ലേജ്'. ചുറ്റിലും പൂച്ചെടികള്‍.

സ്വീകരണമുറിയില്‍ കണ്ണിന് ഇമ്പമേകുന്ന സ്വര്‍ണനിറമുള്ള പുല്‍ കാര്‍പെറ്റ്. ചുവരില്‍ മാതൃത്വത്തിന്റെ മുഗ്ദ്ധഭാവങ്ങള്‍ നിറയുന്ന ചിത്രങ്ങള്‍... മുറികളിലൂടെ സംഗീതത്തിന്റെ നേരിയ വീചികള്‍ ഒഴുകിനടക്കുന്നു. 'എന്ന തപം ചെയ്‌വനേ... യശോദാ...' പാട്ടില്‍ ലയിച്ച് ഏതാനും ഗര്‍ഭിണികള്‍ കാര്‍പെറ്റില്‍ ഇരിപ്പുണ്ട്. ഇത് ഗര്‍ഭിണികളുടെ സങ്കേതമാണ്. പ്രസവം എന്ന കടുത്ത അനുഭവത്തെ എങ്ങനെ സൗന്ദര്യമുള്ള മുഹൂര്‍ത്തങ്ങളായി മാറ്റാമെന്ന് ഇവിടുത്തെ ക്ലാസുകളില്‍ പഠിപ്പിക്കുന്നു. യൂറോപ്പില്‍ രൂപം കൊണ്ട 'ലാമാസെ' എന്ന ചൈല്‍ഡ് ബെര്‍ത് ടെക്‌നിക്കുകളാണ് അടിസ്ഥാനം. ഒരു സര്‍ട്ടിഫൈഡ് ലാമാസെ പ്രാക്ടീഷണര്‍ ആയ പ്രിയങ്കാ ഇടിക്കുളയാണ് ബെര്‍ത് വില്ലേജിന്റെ സ്ഥാപകയും പരിശീലകയും. 

മുകളിലത്തെ നിലയില്‍ നിന്നും സ്ത്രീകളുടെ ആഹ്ലാദം തുളുമ്പുന്ന ചിരികള്‍ സ്റ്റെയര്‍കെയ്‌സ് ഇറങ്ങിവന്നു. ദീപ, റിതു, സുബി, റേഷ്മ... ഗര്‍ഭകാലത്തിന്റെ നിര്‍വൃതി അവരുടെയെല്ലാം മുഖങ്ങളിലുണ്ട്. എല്ലാവരും ഭംഗിയുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ''ഇവിടെ പലരും എത്തുന്നത് 'അയ്യോ, ഞാന്‍ ഗര്‍ഭിണിയാണ്. ഇതെങ്ങനെ കഴിച്ചുകൂട്ടും എന്നറിയില്ല' എന്ന മട്ടിലാണ്. ഇവിടെനിന്ന് ലഭിക്കുന്ന ക്ലാസുകളും പരിശീലനങ്ങളും അവരെ പോസിറ്റീവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഗര്‍ഭം ഒരു രോഗാവസ്ഥയല്ല. സന്തോഷം നിറഞ്ഞ, പ്രതീക്ഷാഭരിതമായ കാത്തിരിപ്പിന്റെ കാലമാണത്,'' -പ്രിയങ്ക പറഞ്ഞു.

കൈ കൊണ്ട് കഴിക്കാമോ?

അതായിരുന്നു അമ്മായിയമ്മയുടെ പ്രധാന സംശയം... മരുമകള്‍ക്ക് ഡോക്ടര്‍ ബെഡ്‌റെസ്റ്റ് പറഞ്ഞു. ഇപ്പോള്‍ ഏഴാം മാസം. ഡോക്ടര്‍ പ റഞ്ഞത് 'അക്ഷരംപ്രതി' അനുസരിച്ചതാണവര്‍. അതിനുശേഷം ഗര്‍ഭിണി സദാസമയവും കിടക്കയിലാണ്. ബാത്‌റൂമിലേക്ക് പോവാന്‍മാത്രം എഴുന്നേല്‍ക്കും. ഇപ്പോഴവര്‍ ചോദിക്കുന്നത് മരുമകള്‍ക്ക് ഭക്ഷണം കൈകൊണ്ട് വാരിക്കഴിക്കാമോ എന്നാണ്. ബെഡ്‌റെസ്റ്റ് എന്ന് പറഞ്ഞാല്‍ കഠിനാധ്വാനം ഒഴിവാക്കുക എന്നേ ഉദ്ദേശിക്കുന്നുള്ളൂ. സാധാരണ ചെയ്യാവുന്ന എല്ലാകാര്യങ്ങളും ഗര്‍ഭിണി ചെയ്യുകതന്നെ വേണം. ശരീരം അനങ്ങാതിരുന്നാല്‍ മറ്റു പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനാണിട.

ബര്‍ത് വില്ലേജില്‍ ഗര്‍ഭിണികള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ സ്റ്റോര്‍ മുകളിലത്തെ നിലയിലാണ്. ലിഫ്റ്റില്ല. പൂര്‍ണഗര്‍ഭിണികള്‍ ശ്രദ്ധയോടെ കോണി കയറുകയും ഇറങ്ങുകയും ചെയ്യും. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. പേശികള്‍ക്ക് ചലനം സാധ്യമാക്കും. കുഞ്ഞിന്റെ ചലനത്തിനും സഹായകമാണ്.

വെറും നിലത്ത് ഇരിക്കാന്‍ പൊതുവെ എല്ലാവര്‍ക്കും മടിതന്നെ. ഗര്‍ഭിണിയായാല്‍ പിന്നെ കസേര വിട്ടൊരു കളിയേയില്ല. തറയില്‍ പായയോ കാര്‍പെറ്റോ വിരിച്ച് അതില്‍ ഇരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കുറച്ചധികം നേരം ഇരിക്കുമ്പോള്‍ ഇടയ്ക്ക് ഇരിപ്പിന്റെ പൊസിഷന്‍ മാറ്റണമെന്ന് മാത്രം. ഏറ്റവും നല്ലരീതി ചമ്രം പടിഞ്ഞുള്ള ഇരിപ്പാണ്. മുന്നോട്ട് അല്പം ചാഞ്ഞ് ഇരിക്കുക. ''ദിവസം രണ്ട് മണിക്കൂറാണ് ക്ലാസുകള്‍. ഗര്‍ഭാവസ്ഥ, പ്രസവം, കുഞ്ഞിനെ വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് ക്ലാസിലെ വിഷയങ്ങള്‍. '' പ്രിയങ്ക പറയുന്നു.

വ്യായാമം, ധ്യാനം

ഗര്‍ഭിണികളെ വീടിന് പുറത്ത് വിടാന്‍ പലര്‍ക്കും ഭയമാണ്. സത്യത്തില്‍ എന്നും പ്രഭാതത്തില്‍ കുറച്ച് ദൂരം നടക്കുന്നത് വളരെ നല്ലതാണ്. രാവിലത്തെ ഇളംചൂടുള്ള സൂര്യപ്രകാശം ഗര്‍ഭിണിയുടെ വയറില്‍ പതിക്കുന്നത് ആരോഗ്യകരംതന്നെ. ശരീരത്തിനാവശ്യമായ പല ധാതുക്കളും സൂര്യപ്രകാശത്തിലുണ്ട്. വൈകീട്ടോ രാവിലെയോ കുറച്ച് സമയം ധ്യാനം (മെഡിറ്റേഷന്‍) ശീലിക്കുന്നതും വളരെ ഗുണം ചെയ്യും. സ്വസ്ഥമായ ഒരു മുറിയില്‍, നല്ല വെളിച്ചവും ശുദ്ധവായുവുമുള്ള അന്തരീക്ഷത്തില്‍ കുറച്ച് നേരം ഏകാഗ്രമായിരിക്കുക. പോസിറ്റീവായി ചിന്തിക്കുക. ഗര്‍ഭത്തിലെ കുഞ്ഞിനോട് സംസാരിക്കുന്നത് പോലെയിരിക്കും ഈ അനുഭവം. നല്ല ശാന്തമായ സംഗീതം കേട്ടിരിക്കുന്നതും നല്ലത്. 
ഗര്‍ഭിണി അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കണം എന്ന് പഴമക്കാര്‍ പറയും. സത്യമാണ്. രുചി തോന്നുന്നതുതന്നെ കഴിക്കാം. പക്ഷേ, വലിയ അളവില്‍ വാരി വലിച്ച് കഴിച്ചാല്‍ തടി കൂടും. ഷുഗര്‍, ബി.പി., കൊളസ്‌ട്രോള്‍പോലുള്ള അനുബന്ധരോഗങ്ങളും പിടിപെടും. ചിലര്‍ക്ക് മത്സ്യം തീരെ കഴിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ആ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇഷ്ടമുള്ളത് കഴിക്കാം എന്ന് കരുതി മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കേണ്ട. പ്രമേഹസാധ്യതതന്നെ പ്രശ്‌നം. ഒരു കലോറിചാര്‍ട്ട് ഉണ്ടാക്കി നിത്യഭക്ഷണം ക്രമീകരിക്കുകയാണ് നല്ല വഴി.

നാടന്‍ഭക്ഷണം, വീട്ടില്‍തന്നെ ഉണ്ടാക്കുന്ന വിഭവങ്ങള്‍തന്നെ കഴിക്കുക. ചൈനീസ് ഫുഡ് തീര്‍ത്തും ഒഴിവാക്കണം. വെള്ളം ധാരാളം കുടിക്കണം. ദിവസം 8-12 ഗ്ലാസ് എന്ന തോതില്‍. വെള്ളം ശരിക്ക് ശരീരത്തിലെത്താത്തതിനാലാണ് ചിലര്‍ക്ക് എപ്പോഴും തലവേദന വരുന്നത്. 
വീട്ടില്‍ വെറുതെ കിടന്ന് കഴിച്ചുകൂട്ടുന്നത് തടി കൂട്ടും, അലസത വര്‍ധിപ്പിക്കും. എന്തിലെങ്കിലും മുഴുകുന്നതാണ് ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിനും നല്ലത്. ''ഒരിക്കല്‍ ഒരു ഗര്‍ഭിണി പറഞ്ഞു; 'ഞാന്‍ നല്ലോണം പഠിക്കുമായിരുന്നു' എന്ന്. ഏതെങ്കിലും ഒരു പുതിയ ഭാഷ പഠിക്കാന്‍ ഞാനവരോട് നിര്‍ദേശിച്ചു. ഗര്‍ഭകാലത്ത് അവര്‍ ജര്‍മന്‍ഭാഷ പഠിച്ചുതുടങ്ങി. പിന്നീട് കാണുമ്പോഴെല്ലാം ഉത്സാഹഭരിതയായിരുന്നു അവര്‍. തലച്ചോറ് ചടുലമായി പ്രവര്‍ത്തിച്ചതിന്റെ ഫലം. പഠിക്കുമ്പോള്‍ തലച്ചോറ് സജീവമാവുകയാണല്ലോ''- പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള ഏതെങ്കിലും ഹോബി തെരഞ്ഞെടുക്കുക. വരയ്ക്കാനാണ് ഇഷ്ടമെങ്കില്‍ പെയിന്റിങ്ങോ ഡ്രോയിങ്ങോ ചെയ്യുക. തുന്നല്‍, കൗതുകവസ്തുനിര്‍മാണം, എഴുത്ത് എന്നിങ്ങനെ.

പേടി വേണ്ടേ വേണ്ട

ഗര്‍ഭിണിയായാല്‍ പിന്നെ പ്രസവത്തെക്കുറിച്ചാണ് പേടി മുഴുവനും. പ്രസവവേദനയെക്കുറിച്ചും മറ്റും. ഭയത്തെ ഇല്ലാതാക്കാനുള്ള നല്ല വഴി ഭയപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുകയാണ്. പ്രസവത്തിന്റെ വിവിധ വശങ്ങള്‍, ശസ്ത്രക്രിയ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലേബര്‍ റൂമിലെ ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

പ്രസവവേദന വരുന്നതും കാത്തിരിക്കരുത്. പലരും ഉത്കണ്ഠാകുലരായി കിടക്കുകയാണ് പതിവ്. മറ്റുള്ളവരോട് സംസാരിക്കുകയും മുറിയില്‍ നടക്കുകയും ചെയ്യണം. ഇത് പ്രസവവേദന എളുപ്പം വരാന്‍ സഹായിക്കും. ലേബര്‍ റൂമില്‍ ഭര്‍ത്താവും ഉണ്ടാവുന്നത് ഇപ്പോള്‍ സാധാരണമാണ്. അത് സ്ത്രീക്ക് മാനസികപിന്തുണ നല്‍കും.

ഗര്‍ഭകാലത്ത് സ്ത്രീക്ക് സന്തോഷം നല്‍കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ ശ്രദ്ധയും പരിചരണവും അവര്‍ പ്രത്യേകം ആഗ്രഹിക്കുന്ന സമയമാണിത്.

പ്രഗ്‌നന്‍സി ഫാഷന്‍

സ്റ്റൈലിഷ് ആയ വസ്ത്രധാരണം ഗര്‍ഭകാലത്തും സാധിക്കും. നല്ല ഷെയ്പ്പുള്ള കുര്‍ത്തകളും ടോപ്പുകളും ട്യൂണിക്കുകളും ഗര്‍ഭിണികള്‍ക്ക് ഉപയോഗിക്കാം. വയറില്‍ മുറുകാതെ നില്‍ക്കുന്ന സ്‌ട്രെച്ച് ജീന്‍സ് നല്ലത്. ഒഴുകിക്കിടക്കുന്ന ജോര്‍ജറ്റ്, ഷിഫോണ്‍ തുണിത്തരങ്ങള്‍ ഭംഗി നല്‍കും. ശരീരത്തിന് സുഖകരം കോട്ടണ്‍, ബനിയന്‍ തുണിത്തരങ്ങളാണ്. പലതരം ഫ്രോക്കുകള്‍ പ്രെഗ്‌നന്‍സി ഫാഷനില്‍ വരുന്നു. ടോപ്പും ലെഗ്ഗിന്‍സും നല്ലത്.

വാട്ടര്‍ ബര്‍ത്ത് കേരളത്തിലും

കേരളത്തില്‍ പിറന്ന ആദ്യത്തെ 'വാട്ടര്‍ ബേബി' ആണ് ജാന്‍വി. മാവേലിക്കര സ്വദേശികളായ ഹണി-സോണി ദമ്പതികളുടെ കുഞ്ഞ്. കഴിഞ്ഞ ജനവരി എട്ടിന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ വാട്ടര്‍ബര്‍ത്തിലൂടെയാണ് ജാന്‍വി ജനിച്ചത്. 

പലതരം പ്രസവ രീതികളില്‍ ഒന്നാണ് വാട്ടര്‍ ബര്‍ത്ത്. ശരീരോഷ്മാവിന് തുല്യമായ ചൂടില്‍ ശുദ്ധീകരിച്ച ജലം നിറച്ച ഒരു മിനി സ്വിമ്മിങ് പൂളിലാണ് പ്രസവം നടക്കുന്നത്. വെള്ളത്തില്‍ ഗര്‍ഭിണിയ്ക്ക് ഇഷ്ടംപോലെ ചലിയ്ക്കാന്‍ സാധിക്കുന്നു. തീരെ സ്ട്രസ്സ് ഇല്ലാതെ വരുന്നതിനാല്‍ പ്രസവം എളുപ്പമാവുന്നു. ഗര്‍ഭാവസ്ഥയില്‍ ഫ്ലയിഡിനകത്ത് കഴിയുന്നതിനാല്‍ ശിശുവിനും ജലത്തിലേക്കുള്ള പിറവി സുഖകരമാവുന്നു. ജനിച്ച ഉടന്‍ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് മാറ്റുന്നു. വാട്ടര്‍ബര്‍ത്തിന് തയ്യാറെടുക്കുന്ന ഗര്‍ഭിണി ആരോഗ്യവതിയായിരിക്കണം എന്നത് പ്രധാനം. കൂടാതെ ഈ രീതിയില്‍ താത്പര്യവും വേണം, ഗൈനക്കോളജിസ്റ്റ് ഡോ. അഗത മോണിസ് പറയുന്നു. വിദഗ്ധരുടെ സഹായത്തോടെ നടക്കുന്ന വാട്ടര്‍ബര്‍ത്തിന് ചെലവ് 35,000 രൂപയ്ക്ക് മുകളിലാണ്.

ഞാന്‍ കേള്‍ക്കുന്നതെല്ലാം സത്യമാണോ?

ഗര്‍ഭിണികള്‍ക്ക് പപ്പായ കഴിക്കാമോ? വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ കൂട്ടുമോ? മൊബൈല്‍ ടവറിനടുത്ത് താമസിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ? ഓരോ കാര്യത്തെക്കുറിച്ചും നൂറുനൂറ് സംശയങ്ങളാണ് നമുക്ക്. എല്ലാത്തിനും മറുപടിയിതാ. തയ്യാറാക്കിയത്: ഡോ.ബി.പത്മകുമാര്‍ (അസോ. പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ) ഡോ.ടി.പി.ഉദയകുമാരി (വിമന്‍സ് ഹെല്‍ത്ത് ക്ലിനിക്ക്, കോട്ടക്കല്‍ ആര്യവൈദ്യശാല)

തെക്കോട്ട് തല വെച്ച് കിടക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?

നന്ന് കിഴക്കോട്ട്, ആവാം തെക്കോട്ട്, അരുത് വടക്കോട്ട് നന്നല്ല പടിഞ്ഞാട്ട്എന്നാണ് പറയാറ്. ഭൂമിയുടെ കാന്തിക ദിശ വടക്കോട്ടാണ്. അതുകൊണ്ട് വടക്കോട്ട് തലവെച്ചു കിടക്കുന്നത് നന്നല്ല. കാരണം രക്തത്തിലെ വര്‍ണവസ്തുവായ ഹിമോഗ്ലാബിനില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം തലയിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഹാനികരമാണ്. രാത്രിയില്‍ നാം കിടന്നുറങ്ങുമ്പോഴും തലച്ചോര്‍ സുഗമമായി പ്രവര്‍ത്തിച്ചാലേ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുകയുള്ളൂ. തെക്കോട്ടു തലവെച്ച് കിടക്കുമ്പോള്‍ അത്രയും കുഴപ്പമില്ല, കാരണം ഇരുമ്പിന്റെ അംശം കാലിലേക്കു മാത്രമേ പ്രവഹിക്കുകയുള്ളൂ. ഏറ്റവും നല്ലത് കിഴക്കോട്ട് തലവെച്ചു കിടക്കുന്നതാണ്, അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കും.

പ്രമേഹ രോഗികള്‍ ഷുഗര്‍ലെസ് ഷുഗര്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ?

കലോറി കുറഞ്ഞതും പഞ്ചസാരയ്ക്കു പകരമുള്ളതുമായ മധുരമാണ് ഷുഗര്‍ഫ്രീ അഥവാ ഷുഗര്‍ലെസ് ഷുഗര്‍. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഈ കൃത്രിമ മധുരപദാര്‍ഥങ്ങള്‍ സുരക്ഷിതമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. അസ്​പാര്‍ട്ടം, സുക്രലോസ്, സാക്കറിന്‍ തുടങ്ങിയവയാണ് സുരക്ഷിതമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവ അമിതയളവില്‍ കഴിക്കരുത്. പരമാവധി ചെറിയ ആറു സാഷേകള്‍ വരെ പ്രതിദിനം ഉപയോഗിക്കാം.

സ്ഥിരമായി ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ക്ക് വന്ധ്യതയുണ്ടാവുമെന്ന് പറയുന്നു, ശരിയാണോ?

സ്ഥിരമായി ബൈക്ക് യാത്ര ചെയ്യുന്നവരില്‍ പുരുഷവന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. ബൈക്കിലിരുന്ന് യാത്രചെയ്യുമ്പോഴത്തെ ചൂടും നിരന്തരമായ കുലുക്കവും വൃഷണങ്ങളില്‍ വെച്ചുള്ള ബീജ ഉത്പാദനത്തെ കുറയ്ക്കുന്നു. ചൂടാണ് ബീജത്തിന്റെ പ്രധാന എതിരാളി. ചൂടുള്ള അന്തരീക്ഷത്തില്‍നിന്ന് ജോലി ചെയ്യുന്നവര്‍ക്കുപോലും ബീജസംഖ്യ കുറയാറുണ്ട്. അതുകൊണ്ട് ദീര്‍ഘനേരം ബൈക്ക് യാത്രകള്‍ നിരന്തരം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

പ്രമേഹം ഉള്ളവര്‍ പഴങ്ങള്‍ കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ? ഏതൊക്കെ പഴങ്ങള്‍ കഴിക്കാം?

പ്രമേഹരോഗികള്‍ക്ക് ചില പഴവര്‍ഗങ്ങള്‍ സുരക്ഷിതമായി കഴിക്കാവുന്നതാണ്. എന്നാല്‍ പ്രമേഹം പൂര്‍ണമായും നിയന്ത്രണവിധേയമാണെങ്കില്‍ മാത്രം പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. പേരയ്ക്ക, വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ നാരുകളടങ്ങിയതും എന്നാല്‍ മധുരം കുറഞ്ഞതുമായ പഴങ്ങളാണ് അഭികാമ്യം. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയ്ക്ക് വഴങ്ങാറില്ല. നാരുകള്‍ ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും ആഗിരണത്തെ നിയന്ത്രിച്ചുകൊണ്ട് രക്തത്തിലെ ഇവയുടെ അളവിനെ കുറച്ചുനിര്‍ത്തുന്നു. എന്നാല്‍ ചക്ക, മാമ്പഴം, പഴച്ചാറുകള്‍, ഉണങ്ങിയ പഴങ്ങള്‍ ഇവ ഒഴിവാക്കണം.

മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ടു നടന്നാല്‍ റേഡിയേഷനുണ്ടാവുമോ?

മൊബൈല്‍ ഫോണില്‍ നിന്ന് പുറപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ തലച്ചോറിനെയും മറ്റു ശരീരഭാഗങ്ങളെയും ബാധിക്കില്ല എന്നതാണ് ഇതുവരെയുള്ള ഗവേഷണങ്ങളില്‍ ഭൂരിഭാഗവും സൂചിപ്പിക്കുന്നത്. എന്നാല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബീജസംഖ്യ 30 ശതമാനംവരെ കുറയാമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയത്തിന്റെ ഭാഗത്ത് വൈദ്യുതകാന്തിക തരംഗങ്ങള്‍ അടിക്കുന്നത് നന്നല്ല. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുളളവര്‍ മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിടരുത്.

വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ വരുമോ?

വെളിച്ചെണ്ണയിലെ തൊണ്ണൂറു ശതമാനത്തിലധികം വരുന്ന ഫാറ്റി ആസിഡുകളും പൂരിതമാണ്. പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും. അതുപോലെതന്നെ ശരീരത്തിന് ഗുണകരമായ ഒമേഗ 6, ഫാറ്റി ആസിഡുകള്‍ വെളിച്ചെണ്ണയില്‍ തുലോം കുറവാണ്. ശരീരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗപ്പെടുന്ന അപൂരിതകൊഴുപ്പുകളും വെളിച്ചെണ്ണയില്‍ കുറവാണ്. വെളിച്ചെണ്ണയില്‍ നാല്‍പ്പതു ശതമാനത്തോളമുള്ള ലാറിക് ആസിഡുകൊണ്ട് വളര്‍ച്ചയുടെ പ്രായം കഴിഞ്ഞാല്‍ പ്രത്യേകിച്ചു ഗുണമൊന്നുമില്ല. വെളിച്ചെണ്ണപ്രിയരായ കേരളീയരുടെ ആഹാരത്തില്‍ 24 മുതല്‍ 28 ശതമാനം വരെ ഊര്‍ജം വെളിച്ചെണ്ണയില്‍ നിന്നാണ് ലഭിക്കുന്നത്. നമ്മുടെയിടയില്‍ അമിത കൊളസ്‌ട്രോളിന്റെ പ്രശ്‌നവും കൂടിവരികയാണ്. അതുകൊണ്ട് വെളിച്ചെണ്ണയുടെ അമിത ഉപയോഗം കുറച്ച് സൂര്യകാന്തിയെണ്ണ, എള്ളെണ്ണ, തവിടെണ്ണ തുടങ്ങിയ അപൂരിത കൊഴുപ്പടങ്ങിയ എണ്ണ കൂടുതലായി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

തണ്ണിമത്തന്‍ കഴിക്കുന്നത് ലൈംഗികശേഷി കൂട്ടുമെന്ന് കേട്ടു. അത് ശരിയാണോ?

തണ്ണിമത്തന് ലൈംഗിക ഉത്തേജനമുണ്ടാക്കാനുള്ള കഴിവുണ്ട്. ഒരു നാടന്‍ വയാഗ്ര (ലൈംഗിക ഉത്തേജന ഔഷധം) ആയിട്ടാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്. ലിംഗ ഉദ്ധാരണമുണ്ടാകണമെങ്കില്‍ ലിംഗത്തിലെ രക്തക്കുഴലുകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കണം. ലൈംഗിക ഉത്തേജനമുണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള സംവേദനപ്രവാഹങ്ങള്‍ ലിംഗത്തിലെ നാഡീഞരമ്പുകളിലെത്തുന്നു. ഈ നാഡീഞരമ്പുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഈ നൈട്രിക് ഓക്‌സൈഡാണ് ലിംഗത്തിലെ രക്തധമനികളെ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നത്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന രാസഘടകത്തിന് രക്തധമനികളെ വികസിപ്പിക്കാനും അങ്ങനെ രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും. അങ്ങനെ വയാഗ്ര പ്രവര്‍ത്തിക്കുന്നതുപോലെ തണ്ണിമത്തനും ലിംഗ ഉദ്ധാരണത്തിനും ലൈംഗിക സംതൃപ്തിക്കും ഇടവരുത്തും.

ടൈറ്റ് ജീന്‍സിടുന്നത് കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമോ?

ടൈറ്റായ ജീന്‍സും അടിവസ്ത്രങ്ങളും ധരിക്കുന്നത് പുരുഷ വന്ധ്യതയ്ക്കു കാരണമാകാം. ബീജസംഖ്യ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വൃഷണങ്ങളിലാണ് ബീജം ഉത്പാദിപ്പിക്കപ്പെടുന്നത്. നേര്‍ത്ത മാംസപേശികൊണ്ട് നിര്‍മിച്ച വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. ശരീരത്തിനകത്തെ താപനിലയെക്കാള്‍ ഒരു ഡിഗ്രിയെങ്കിലും ചൂടു കുറവായിരിക്കും വൃഷണങ്ങള്‍ക്ക്. ശരീരതാപനിലയില്‍ ബീജോത്പാദനം നടക്കുകയില്ല. അതുകൊണ്ടാണ് വൃഷണങ്ങളെ ശരീരത്തിനുപുറത്ത് പ്രത്യേകം വൃഷണസഞ്ചിയിലാക്കിയിരിക്കുന്നത്. ടൈറ്റായ ജീന്‍സും മറ്റും ധരിക്കുമ്പോള്‍ വൃഷണങ്ങള്‍ തിങ്ങിഞെരുങ്ങി ശരീരത്തോട് ചേര്‍ന്നിരിക്കുകയും, താപനില കൂടുന്നതുകൊണ്ട് ബീജോത്പാദനത്തിന് തടസ്സം നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും നല്ലത്. ടൈറ്റായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരഭാഗങ്ങളിലെ ഈര്‍പ്പം നിലനില്‍ക്കുന്നതിനും ഫംഗസ് ബാധയ്ക്കും ഇടയാക്കാവുന്നതാണ്.

പപ്പായയും മുരിങ്ങയും ഉള്ള സ്ഥലത്ത് മൊബൈലിന് റെയ്ഞ്ച് കൂടുമെന്ന് ചിലര്‍ പറയുന്നു. ശരിയാണോ? ഇവ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്‌നമുണ്ടോ?

മൊബൈല്‍ ടവറുകള്‍പ്രസരിപ്പിക്കുന്ന റേഡിയേഷനെ ആവാഹിക്കാനുള്ള കഴിവ് മുരിങ്ങയ്ക്കും പപ്പായക്കും ഉണ്ടെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് മുരിങ്ങയിലയും പപ്പായയും ഭക്ഷിക്കുന്നത് അര്‍ബുദം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുമെന്ന വാദം തികച്ചും തെറ്റാണ്. ഔഷധഗുണവും പോഷകമൂല്യവുംഏറെയുള്ളതാണ് പപ്പായയും മുരിങ്ങയിലയും. വിറ്റാമിനുകള്‍ ധാരാളമുള്ള മുരിങ്ങയില കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ മുരിങ്ങനീരിന് കഴിയും. വാതരോഗം, മൂത്രതടസ്സം, സന്ധികളിലെ വേദന എന്നിവയ്ക്കും നല്ലതാണ്. പപ്പായയാവട്ടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്.

സ്ഥിരമായി എ.സി മുറിയിലിരിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമോ?

തുടര്‍ച്ചയായി എ.സി. ഉപയോഗിക്കുന്നതുകൊണ്ട് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. എ.സി. ഉപയോഗിച്ച് ശീതീകരിച്ച മുറിയിലെ തണുത്തവായു സ്ഥിരമായി ശ്വസിക്കുന്നതിനെത്തുടര്‍ന്ന് വിട്ടുമാറാത്ത ജലദോഷം, പനി, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. എ.സി. ഉപകരണത്തിലെ ഫില്‍റ്റര്‍ കൃത്യമായി വൃത്തിയാക്കാതെയിരുന്നാല്‍ ബാക്ടീരിയകള്‍ പെരുകി, മുറിയിലെ വായു മലിനമാകാനിടയുണ്ട്. ഈ വായു ശ്വസിക്കുന്നതിനെ തുടര്‍ന്ന് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായേക്കാം. എ.സി.യിലെ വായുചംക്രമണം കുറഞ്ഞ അന്തരീക്ഷത്തില്‍ വൈറസ് ബാധയുമുണ്ടാകാനിടയുണ്ട്. ഇത് തൊണ്ട, മൂക്ക്, ടോണ്‍സില്‍ തുടങ്ങിയവയില്‍ രോഗാണുബാധയ്ക്ക് കാരണമാകാം. സ്ഥിരമായി എ.സി. മുറിയില്‍ ഇരിക്കുന്നതിനെ തുടര്‍ന്ന് സന്ധിവാതരോഗികളുടെ വേദനയും, സന്ധികളുടെ പിടിത്തവും അധികരിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൗതുകകരമായ മറ്റൊരു നിരീക്ഷണം പതിവായി എ.സി.യിലിരിക്കുന്നത് പൊണ്ണത്തടിക്കു കാരണമായേക്കും എന്നതാണ്. അതുകൊണ്ട് എ.സിയുടെ ഉപയോഗം മിതവും നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.

മദ്യത്തോടൊപ്പം ഇഞ്ചി പോലുള്ളവ കഴിച്ചാല്‍ ദോഷങ്ങള്‍ കുറയുമെന്നത് ശരിയാണോ?

മദ്യത്തോടൊപ്പം ചില ഭക്ഷണസാധനങ്ങളും കരള്‍ രോഗത്തിനുള്ള മരുന്നുകളുമൊക്കെ കഴിച്ചാല്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയുമെന്ന വിശ്വാസം നിലവിലുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. ഇഞ്ചിയ്ക്കും മറ്റു മരുന്നുകള്‍ക്കും മദ്യത്തോടൊപ്പം കഴിക്കുന്നതുകൊണ്ട് കരള്‍രോഗത്തെയോ ഉദരരോഗങ്ങളെയോ ഒഴിവാക്കാനുള്ള കഴിവൊന്നുമില്ല. മദ്യത്തോടൊപ്പം പലപ്പോഴും കൂടുതലായി അകത്താക്കുന്നത് കൊഴുപ്പുകൂടിയ ഭക്ഷണസാധനങ്ങളായിരിക്കും. ഇത് അമിത കൊളസ്‌ട്രോളിനും തുടര്‍ന്ന് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമൊക്കെ കാരണമാകും.

ഗര്‍ഭിണികള്‍ പുളി, മാങ്ങ എന്നിവയിലൊക്കെ അമിത താത്പര്യം കാട്ടുന്നത് കണ്ടിട്ടുണ്ട്. ഇതെന്തുകൊണ്ടാണ്?

ഗര്‍ഭിണികള്‍ക്ക് ഗര്‍ഭാവസ്ഥയുടെ പ്രാരംഭകാലങ്ങളില്‍ ചില പ്രത്യേക ഭക്ഷണസാധനങ്ങളോട് പ്രതിപത്തി കൂടുതലായി ഉണ്ടാകാറുണ്ട്. സാധാരണയായി മൂന്നാം മാസം പിന്നിട്ട് നാലാം മാസത്തിലേക്കെത്തുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നത്. പ്രത്യേകിച്ചും പുളിരസമുള്ള വസ്തുക്കളോടാണ് കൂടുതല്‍ അഭിനിവേശം ഉണ്ടാകുന്നത്. ഇതിനെ 'വ്യാക്കൂണ്‍' എന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഈ ഒരു ശാരീരികമാറ്റത്തിന് വ്യക്തമായ കാരണം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്ക് മണ്ണെണ്ണ, പെട്രോള്‍, നെയില്‍ പോളിഷ്, കളിമണ്ണ് തുടങ്ങിയ വസ്തുക്കോളാടായിരിക്കും കൂടുതല്‍ പ്രതിപത്തി. ഏതായാലും താത്പര്യം അതിരുകടക്കുമ്പോള്‍ വൈദ്യോപദേശം തേടേണ്ടിവന്നേക്കാം.

കിടപ്പുമുറിയില്‍ കമ്പ്യൂട്ടര്‍ വെക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?

കിടപ്പുമുറി ഉറങ്ങാന്‍ മാത്രമുള്ളതാണ്. ശാന്തമായ ഉറക്കം പ്രദാനം ചെയ്യുന്നതായിരിക്കണം കിടപ്പുമുറിയിലെ അന്തരീക്ഷം. കമ്പ്യൂട്ടറും ടി.വി.യുമൊക്കെ കിടപ്പുമുറിയിലേക്ക് എത്തിക്കാതിരിക്കുന്നതാണ് നല്ലത്. രാത്രിയില്‍ കൂടുതല്‍ നേരം ഉറക്കമിളച്ച് ഇവ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്തുന്നു. ഫലമോ പകല്‍സമയത്തുള്ള ഉറക്കം തൂങ്ങലും കോട്ടുവായിടലും തന്നെ. കുട്ടികള്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. പ്രായമുള്ളവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ കുറഞ്ഞാലും വലിയ കുഴപ്പമില്ല. രാത്രിയില്‍ സുഖമായി ഉറങ്ങിയാല്‍ മാത്രമേ നവോന്മേഷത്തോടെ രാവിലെ ഉണരാന്‍ കഴിയൂ. തല ചൂടാക്കുന്ന ഇലക്‌ടോണിക് ഉപകരണങ്ങള്‍ കിടപ്പറയില്‍ നിന്ന് ഒഴിവാക്കണം.

കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ കളിപ്പാട്ടമായി നല്‍കുന്നതില്‍ അപകടമുണ്ടോ?

കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും മൊബൈല്‍ഫോണില്‍നിന്ന് പുറപ്പെടുന്ന ഇലക്‌ട്രോ-മാഗ്നറ്റിക് റേഡിയേഷന്‍ പ്രതികൂലമായി ബാധിക്കാം. കുട്ടികളുടെ തലയോട്ടി വളരെ മൃദുവാണ്. അതുകൊണ്ട് കൂടുതല്‍ തരംഗങ്ങള്‍ തലച്ചോറിലെത്താനിടയുണ്ട്.

മൊബൈല്‍ ടവറിനടുത്ത് വീട് വെച്ച് താമസിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമോ?

മൊബൈല്‍ ടവറുണ്ടാക്കാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി നിരവധി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടവറില്‍നിന്ന് പുറപ്പെടുന്ന വിദ്യുത് കാന്തികതരംഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായേക്കാമെന്നാണ് പ്രാഥമിക സൂചനകള്‍. ജര്‍മനിയില്‍ പത്തുവര്‍ഷത്തിലേറെയായി നടത്തിയ പഠനം തെളിയിച്ചത് മൊബൈല്‍ ടവറിനു സമീപം 400 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അര്‍ബുദമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. സ്തനാര്‍ബുദം, കൂടാതെ പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ്, കുടല്‍, ചര്‍മം, ശ്വാസകോശം, രക്താര്‍ബുദം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം കണ്ടെത്തി. മറ്റുചില പഠനങ്ങളും ഇതേ ദിശയില്‍തന്നെയാണ് സൂചനകള്‍ നല്‍കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനെ തുടര്‍ന്ന് രോഗാണുബാധയ്ക്കും സാധ്യതയേറെയാണ്. മറവിരോഗം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളും മൊബൈല്‍ ടവറിനു സമീപം താമസിക്കുന്നവരില്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

അക്യുപങ്ചര്‍ ചെരിപ്പ് ദീര്‍ഘകാലം ഉപയോഗിക്കുന്നത് കൊണ്ട് ദോഷമുണ്ടോ?

ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പാദങ്ങളുടെ വേദനയ്ക്ക് അക്യുപങ്ചര്‍ ചെരിപ്പ് ഉപയോഗിക്കുന്നത് ഒരു പരിധിവരെ പ്രയോജനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ നീണ്ടനാള്‍ ഇവ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ല. പാദങ്ങളുടെ വേദന നിരവധികാരണങ്ങള്‍ കൊണ്ടുണ്ടാകാം. കൃത്യമായ അളവിലും പാകത്തിലുമുള്ള പാദരക്ഷകള്‍ ഉപയോഗിക്കാത്തതുതന്നെ ഒരു പ്രധാന കാരണം. കൂടാതെ ഉപ്പൂറ്റിഭാഗത്തെ അസ്ഥിയ്ക്കുണ്ടാകുന്ന തടിപ്പ്, നാഡീഞരമ്പുകളിലുണ്ടാകുന്ന ചെറിയ വീക്കം (ന്യൂറോമ) തുടങ്ങിയവയും ദീര്‍ഘകാല പാദവേദനയ്ക്കു കാരണമാണ്. എന്നാല്‍ എല്ലാവിധ പാദവേദനകള്‍ക്കും അക്യുപങ്ചര്‍ ചെരുപ്പുകള്‍ ഫലപ്രദമാകണമെന്നില്ല.

യാത്രയില്‍ വായിക്കരുതെന്ന് കേട്ടിട്ടുണ്ട്. അതെന്തുകൊണ്ടാണ്?

യാത്ര ചെയ്യുമ്പോള്‍ കഴിയുമെങ്കില്‍ ദീര്‍ഘനേരമുള്ള വായന ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലിരുന്നുകൊണ്ട് വായിക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ണിന് ഫോക്കസ് ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് കണ്ണിന്റെ ചലനങ്ങളെയും കൃഷ്ണമണിയുടെ സങ്കോചവികാസത്തെയും നിയന്ത്രിക്കുന്ന പേശികള്‍ക്ക് കൂടുതല്‍ ജോലിഭാരവും സമ്മര്‍ദവും നല്‍കുന്നു. തുടര്‍ന്ന് കണ്ണുവേദനയും തലവേദനയുമൊക്കെ ഉണ്ടാകാനിടയുണ്ട്. കൂടാതെ ഇടയ്ക്കിടയ്ക്ക് പുറത്തേക്കു നോക്കുമ്പോള്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളെ കാണുമ്പോള്‍ കണ്ണിനുണ്ടാകുന്ന അനിയന്ത്രിത ചലനങ്ങള്‍ (ഒപ്‌റ്റോ കൈനറ്റിക് നിസ്റ്റാഗ്മസ്) കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ നല്‍കുകയാണ് ചെയ്യുന്നത്.

രാത്രി മോര് കഴിക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇതിന് വല്ല കാരണവുമുണ്ടോ?

രാത്രിയില്‍ മോരുകഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമില്ല. എന്നാല്‍ തൈര് കഴിക്കുമ്പോള്‍ അല്പം കരുതല്‍ വേണം. കഫത്തിന്റെ ഉപദ്രവമുള്ളവര്‍ രാത്രിയില്‍ തൈര് കഴിച്ചാല്‍ ഇത് കൂടാന്‍ സാധ്യതയുണ്ട്.

നേരത്തെ ഉറങ്ങി നേരത്തെ എണീക്കണമെന്ന് പറയാറുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ?

പ്രഭാതത്തില്‍ ശാന്തമായ അന്തരീക്ഷമാണുള്ളത്. ഇത് ബുദ്ധിക്ക് ഉണര്‍വും ശരീരത്തിന് ഉന്മേഷവും നല്‍കുന്നു. അതിരാവിലെ (ബ്രാഹ്മമുഹൂര്‍ത്തത്തില്‍) ഉണരുന്നതാണ് ഏറ്റവും നല്ലതെന്ന് പഴമക്കാര്‍ പറയുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തൈരും കാന്താരിമുളകും ചേര്‍ത്തു കഴിച്ചാല്‍ മതിയെന്ന് ചിലര്‍ പറഞ്ഞു. ശരിയാണോ?

തൈര് സാധാരണയായി കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയാണ് ചെയ്യുക. പക്ഷേ, മോരില്‍ കറിവേപ്പില അരച്ചുകലക്കി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കാന്താരി മുളകിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

പാലും തൈരും അടുപ്പിച്ച് കഴിക്കരുതെന്ന് പറയാറുണ്ട്. അതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?

പാലിന്റെ കൂടെ പുളിരസമുള്ള പദാര്‍ഥങ്ങള്‍ കഴിക്കരുതെന്ന് പറയാറുണ്ട്. തൈരിന് അമ്ലരസം (പുളിരസം) ഉള്ളതിനാല്‍ പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് ദഹനക്കുറവിന് ഇടയാക്കും

എണ്ണ തേച്ചുകുളി ശരീരത്തിന് നല്ലതാണെന്ന് കേട്ടു. വിവിധ പ്രായത്തിലുള്ളവര്‍ക്ക് തേച്ചു കുളിക്കാന്‍ പറ്റിയ എണ്ണകളുണ്ടോ?


ണ്ണതേച്ചുകുളി ഉന്മേഷവും ചര്‍മത്തിന് കാന്തിയും ശരീരത്തിന് ദൃഢതയും നല്‍കുന്നു. സാധാരണയായി കുട്ടികള്‍ക്ക് ലാക്ഷാദി തൈലം, യൗവനാവസ്ഥയിലുള്ളവര്‍ക്ക് ബലാവനാദി തൈലം/ ധാന്വന്തരം തൈലം ഇവ ഉപയോഗിക്കാം. പ്രായമായവര്‍ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കില്‍ അതിനനുസൃതമായ തൈലങ്ങളോ അല്ലെങ്കില്‍ പ്രഭജനം കുഴമ്പ്, കൊട്ടന്‍ ചുക്കാദി തൈലം എന്നിവ ഉപയോഗിക്കാം.

ഗര്‍ഭകാലത്ത് പപ്പായ കഴിക്കരുതെന്ന് പറയാറുണ്ട്. ഇതിലെന്തെങ്കിലും വസ്തുതയുണ്ടോ?

ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുതെന്ന് പറയുന്നതില്‍ യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ല. ഒരു അന്ധവിശ്വാസം മാത്രമാണിത്. മുന്‍കാലങ്ങളില്‍ പ്രാകൃതമായ രീതിയില്‍ ഗര്‍ഭമലസിപ്പിക്കാനായി ചില നാട്ടുചികിത്സകര്‍ പപ്പായയുടെ ചുന ഉപയോഗിച്ചിരുന്നു. പപ്പായ ചുന ഗര്‍ഭമലസിപ്പിക്കും എന്ന ഭയം മൂലമാണ് ഇപ്പോഴും പപ്പായയെ അകറ്റിനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ പപ്പായ പഴമോ വേവിച്ച പപ്പായയോ ഗര്‍ഭിണികള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാക്കുകയില്ല. മറിച്ച് പപ്പായയിലടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ ഗര്‍ഭിണിക്ക് ഗുണകരമാണ്. കൂടാതെ മലബന്ധം ഒഴിവാക്കാനും പപ്പായ ഉപകരിക്കും.

ദീര്‍ഘകാലം ഫ്രിഡ്ജില്‍ വെച്ച പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?

പച്ചക്കറികള്‍ കഴിയുന്നതും ഫ്രഷായി ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ദീര്‍ഘനാള്‍ ഭക്ഷണസാധനങ്ങളും പച്ചക്കറിയും ഫ്രിഡ്ജില്‍ വെക്കുന്നതിനെ തുടര്‍ന്ന് പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാനും രോഗാണുബാധ ഉണ്ടാകാനുമിടയുണ്ട്. ഫ്രിഡ്ജിന്റെ പവര്‍സപ്ലൈ, ഫ്രിഡ്ജ് കൈകാര്യം ചെയ്യുന്ന രീതി, ഫ്രിഡ്ജിനുള്ളില്‍ എങ്ങനെയാണ് പച്ചക്കറി സൂക്ഷിച്ചിരിക്കുന്നത്, ഫ്രിഡ്ജിന്റെ താപനില ക്രമീകരണം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറിയുടെ ഗുണമേന്മ. പച്ചക്കറികളില്‍ സുലഭമായടങ്ങിയിരിക്കുന്ന ജീവകങ്ങളും ആന്റി ഓക്‌സിഡന്റുകളും ദീര്‍ഘനാള്‍ ശീതീകരിച്ചാല്‍ നഷ്ടപ്പെടാനാണിട.

പ്രസവശേഷം ആരോഗ്യപരിചരണം

പ്രസവശേഷം അമ്മയ്ക്ക് ആവശ്യമായ പരിചരണങ്ങളെക്കുറിച്ച് ഡോ.ഷീലാമണി(കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്) വിശദീകരിക്കുന്നു...

അമ്മയാകുക, സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമാണിത്. കുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന നിഷ്‌കളങ്കമായ മുഖം കാണുമ്പോള്‍ അതുവരെ അനുഭവിച്ച കഷ്ടപ്പാടും വേദനയുമൊക്കെ അമ്മ മറക്കും. ഇനി അറിയേണ്ടത് പ്രസവം കഴിഞ്ഞുള്ള ദിനങ്ങളില്‍ അമ്മയ്ക്ക് ആവശ്യമായ പരിചരണത്തെപ്പറ്റിയാണ്.

എപ്പോള്‍ ആസ്​പത്രി വിടാം?

സാധാരണ പ്രസവം കഴിഞ്ഞ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തികച്ചും നോര്‍മലാണെങ്കില്‍ 48 മണിക്കൂറിനുശേഷവും സിസേറിയനാണെങ്കില്‍ 4-5 ദിവസങ്ങള്‍ക്കു ശേഷവും ഡിസ്ചാര്‍ജ് ചെയ്യാം.

അമ്മയുടെ രക്ത ഗ്രൂപ്പ് നെഗറ്റീവും കുഞ്ഞിന്റേത് പോസിറ്റീവുമാണെങ്കില്‍ പ്രസവം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ അമ്മയ്ക്ക് ആന്റി ഡി കുത്തിവെപ്പ് നല്‍കണം. ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യമുണ്ടാക്കുന്ന റുബെല്ലാ ബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പും ഈയവസരത്തില്‍ അമ്മയ്ക്ക് നല്‍കണം. പിന്നീടുണ്ടാകുന്ന കുട്ടികള്‍ക്ക് രോഗബാധ വരാതിരിക്കാനുള്ള മുന്‍കരുതലാണിത്.

നവജാത ശിശുവിന് 'ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍' (ഒലുമശേശേ െആ ഢമരരശില), ബി.സി.ജി, ഓറല്‍ പോളിയോ വാക്‌സിന്‍ എന്നിവയുടെ ആദ്യത്തെ ഡോസും ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പേ കൊടുക്കാം.

ആസ്​പത്രി വിട്ടശേഷം ശ്രദ്ധിക്കേണ്ട എന്തെങ്കിലുമുണ്ടോ?

എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.
അമിത രക്തസ്രാവം - ഗര്‍ഭാശയത്തിലെ അണുബാധ മൂലമോ പറ്റിപ്പിടിച്ചിരിക്കുന്ന മറുപിള്ളയുടെ അംശം മൂലമോ ആകാം.

പനി, വിറയല്‍, വയറുവേദന ദുര്‍ഗന്ധത്തോടെയുള്ള പഴുപ്പ് പോകല്‍ - ഗര്‍ഭാശയത്തിലെ അണുബാധയുടെ ലക്ഷണം ആകാം.
പനി, വയറുവേദന, മൂത്രം തരിപ്പ്, കൂടെക്കൂടെ മൂത്രം പോക്ക് - മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണം, തലവേദന, കാഴ്ച മങ്ങല്‍ (പ്രസവിച്ച് 72 മണിക്കൂറിനകം) - അമിത രക്തസമ്മര്‍ദം മൂലമാകാം.

കാല്‍വണ്ണയില്‍ വേദനയും നീരും (പ്രത്യേകിച്ചും ഒരു കാലില്‍ മാത്രം) - കാലിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന അവസ്ഥ മൂലമാകാം. 

പെട്ടെന്നുള്ള ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ നെഞ്ചുവേദന - ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലിന്റെ ബ്ലോക്ക് ആവാം.
മേല്‍പ്പറഞ്ഞ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ ആസ്​പത്രിയില്‍ എത്തി വിദഗ്ധ ചികിത്സ എടുക്കേണ്ടതാണ്.


ഏതൊക്കെ അവസരങ്ങളിലാണ് കൂടുതല്‍ ദിനങ്ങള്‍ ആസ്​പത്രിയില്‍ കിടക്കേണ്ടത്?


പ്രസവം കഴിഞ്ഞ് അമ്മയ്ക്ക് അമിത രക്തസ്രാവം, പനി, മുറിവില്‍ പഴുപ്പ്, ബ്ലഡ് പ്രഷര്‍, ഹൃദ്രോഗം, വിളര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകള്‍ ഉള്ളപ്പോഴും കുഞ്ഞിനെ മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍, രോഗാണുബാധ തുടങ്ങിയ അവസരങ്ങളിലും കൂടുതല്‍ ചികിത്സയ്ക്കായി ഹോസ്​പിറ്റലില്‍ തങ്ങേണ്ടിവരും. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ വീട്ടില്‍ പോകാവൂ.

വീട്ടില്‍ വന്ന ശേഷം വീണ്ടും പരിശോധിക്കേണ്ടതുണ്ടോ?

തീര്‍ച്ചയായും ആറാഴ്ച കഴിഞ്ഞ് പരിശോധന അത്യാവശ്യമാണ്. ഈ സമയം കൊണ്ട് അമ്മയുടെ ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയില്‍ ആയോ, അണുബാധ വല്ലതും ഉണ്ടോ, കുഞ്ഞിന് ആവശ്യത്തിന് പാല്‍ കിട്ടുന്നുണ്ടോ എന്നൊക്കെ ഡോക്ടര്‍ പരിശോധിച്ചുറപ്പാക്കും.

ഗര്‍ഭാവസ്ഥയില്‍ പ്രമേഹം, പ്രഷര്‍, വിളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരുടെ ബ്ലഡ് ഷുഗര്‍, പ്രഷര്‍, ഹീമോഗ്ലോബിന്‍ തുടങ്ങിയവ ഇപ്പോള്‍ നോര്‍മലാണോ എന്ന് പരിശോധിക്കണം. സാധാരണ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളില്‍ രക്തസമ്മര്‍ദം നോര്‍മലാകും. രക്തസമ്മര്‍ദം കൂടുതലുണ്ടെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടായിരുന്ന 50% പേര്‍ക്കും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ഇവര്‍ക്കുള്ള കൗണ്‍സലിങ് ഡോക്ടര്‍ നല്‍കും.

കുഞ്ഞിനെ മുലയൂട്ടേണ്ടതെപ്പോള്‍?

പ്രസവം കഴിഞ്ഞ് കഴിയുന്നതും നേരത്തെ മുലയൂട്ടല്‍ തുടങ്ങണം. സാധാരണ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിലും സിസേറിയനുശേഷം മയക്കം വിട്ടു കഴിഞ്ഞും പാല്‍ കൊടുത്തു തുടങ്ങാം. ആദ്യത്തെ രണ്ടുദിവസം കൊഴുത്ത മഞ്ഞ നിറത്തിലുള്ള പാലാണ് ഉണ്ടാകുന്നത്. ഇതിന് കൊളോസ്ട്രം എന്നു പറയും. ഇതില്‍ കുഞ്ഞിന് പ്രതിരോധശക്തി ഉണ്ടാക്കുന്ന ഘടകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?

വ്യക്തിശുചിത്വവും ഒപ്പം സ്തനങ്ങളുടെ ശുചിത്വവും പാലിക്കുക. രണ്ടു സ്തനങ്ങളില്‍ നിന്നും മാറിമാറി പാലു കൊടുക്കണം. കുഞ്ഞിന്റെ ആവശ്യമനുസരിച്ച് പാല് കൊടുക്കുന്നതാണ് നല്ലത്. ചില കുഞ്ഞുങ്ങള്‍ എപ്പോഴും ഉറങ്ങും. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ഉണര്‍ത്തി പാല് കുടിപ്പിക്കണം. മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയാണെങ്കില്‍ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ മുലഞെട്ട് വിണ്ടുകീറിയേക്കാം. ഇതിനുള്ള ലേപനങ്ങള്‍ മുലയൂട്ടലിനുശേഷം പുരട്ടാം. ഓരോ തവണയും പാല്‍ കൊടുത്തുകഴിഞ്ഞ് കുഞ്ഞിനെ തോളത്ത് കമിഴ്ത്തിക്കിടത്തി പതുക്കെത്തട്ടി ഉള്ളിലുള്ള വായു കളയണം. മടിയില്‍ കമിഴ്ത്തിക്കിടത്തിയും ഇങ്ങനെ തട്ടിക്കൊടുക്കാം.

സ്തനങ്ങളില്‍ വേദനയുണ്ടാകുന്നത് എന്തുകൊണ്ടാണ്?

മൂന്നാം ദിവസം മുതല്‍ പാല്‍ നല്ലതുപോലെ വന്നു തുടങ്ങും. കുഞ്ഞിനെ നന്നായി മുലയൂട്ടിയില്ലെങ്കില്‍ പാല്‍ കെട്ടിനിന്ന് നീരും വേദനയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നവരിലും വിണ്ടുകീറിയിരിക്കുന്നവരിലും ഇങ്ങനെ സംഭവിക്കാം. എപ്പോഴും ബ്രസ്റ്റ് സപ്പോട്ടിങ്ങ് ബ്രാ ഉപയോഗിക്കുക. കുഞ്ഞ് കുടിച്ചുകഴിഞ്ഞ് അധികമുള്ള പാല്‍ പിഴിഞ്ഞുകളയുക. ചിലപ്പോള്‍ സ്തനങ്ങളില്‍ പാല്‍ കെട്ടി നില്‍ക്കുന്നതിനോടൊപ്പം നീരും വേദനയും പനിയും വിറയും അനുഭവപ്പെടാം. ഇത് അണുബാധ മൂലമാണ്. ഇതിന് വിദഗ്ധ ചികിത്സ ആവശ്യമാണ്.

മുലയൂട്ടുമ്പോള്‍ ആഹാര രീതി എങ്ങനെയാണ്?

മുലയൂട്ടുമ്പോള്‍ അധിക പോഷണം ആവശ്യമാണ്. ആഹാരത്തില്‍ കൂടുതല്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ഉള്‍പ്പെടുത്തി യാല്‍ ഈ സമയത്തെ മലബന്ധവും മാറിക്കിട്ടും. അതുപോലെത്തന്നെ ധാരാളം വെള്ളം കുടിക്കുകയും 4-5 തവണ മൂത്രമൊഴിക്കുകയും വേണം. അയണ്‍ ഗുളികകള്‍ മൂന്നുമാസം വരെ കഴിക്കണം.

മുലയൂട്ടുമ്പോള്‍ അമ്മ മരുന്നുകള്‍ ഉപയോഗിക്കാമോ?

അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിന് ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരു മരുന്നും ഈ സമയം കഴിക്കരുത്.

മുലപ്പാല്‍ കൊടുക്കരുതാത്തത് എപ്പോഴാണ്?

അമ്മയ്ക്ക് ക്ഷയരോഗം, പ്രസവം കഴിഞ്ഞ് മനോരോഗം, കാന്‍സര്‍ ചികിത്സ, ബ്രസ്റ്റ് കാന്‍സര്‍, എയിഡ്‌സ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമുണ്ടെങ്കില്‍ മുലയൂട്ടുന്നത് സുരക്ഷിതമല്ല.

പ്രസവശേഷം ശരീരഭാരം കുറയ്ക്കാനുള്ള നല്ല മാര്‍ഗം ഏതാണ്?

മിക്കവാറും സ്ത്രീകളും പ്രസവം കഴിഞ്ഞ് പെട്ടെന്ന് തൂക്കം കുറച്ച് പഴയ രൂപത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഒന്‍പത് മാസം കൊണ്ടാണല്ലോ തൂക്കം കൂടിയത്. ഒരാഴ്ച അരക്കിലോയില്‍ കൂടുതല്‍ തൂക്കം കുറയ്ക്കാന്‍ ശ്രമിക്കേണ്ട. ആദ്യത്തെ ആഴ്ചയില്‍തന്നെ ലഘു വ്യായാമങ്ങള്‍: (ഡീപ് ബ്രീത്തിങ്, കുറേശ്ശെ നടത്തം തുടങ്ങിയവ) ചെയ്യാം. കാലില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഇതു നല്ലതാണ്.

പിന്നീട് വയറിലെ പേശികള്‍ മുറുകാനുള്ള വ്യായാമം എല്ലാ ദിവസവും 3- 4 തവണ ചെയ്യാം. പ്രസവംമൂലം അയവു കൂടിയ ഭഗപേശികളുടെ മുറുക്കം വര്‍ധിപ്പിക്കാന്‍ 'കെഗല്‍സ്' വ്യായാമം ചെയ്യാം. ചിലര്‍ക്ക് പ്രസവശേഷം അറിയാതെ മൂത്രം പോകും; ഈ പ്രശ്‌നത്തിന് ഈ വ്യായാമം ഒരു പരിഹാരമാണ്.

മൂന്നു മാസമാകുമ്പോഴേക്കും എയ്‌റോബിക്‌സ്, നീന്തല്‍, എന്നിവയൊക്കെ ചെയ്യാം. യോഗയും നല്ലതാണ്. ഈ സമയം കൊണ്ടേ പേശികളും സന്ധികളും പൂര്‍വസ്ഥിതിയിലാകുകയുള്ളൂ.

കുഞ്ഞിനെ പാലൂട്ടുന്നതിന് മുമ്പ് വ്യായാമം ചെയ്യാമോ?

മുലയൂട്ടുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നത് സ്തനങ്ങളില്‍ വേദനയുണ്ടാക്കും. പാലൂട്ടല്‍ കഴിഞ്ഞതിനുശേഷം വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഈ സമയം സ്‌പോര്‍ട്‌സ് ബ്രാ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ഏതുതരം ഗര്‍ഭനിരോധന മാര്‍ഗമാണ് അഭികാമ്യം?

ആസ്​പത്രി വിടുന്നതിന് മുമ്പുതന്നെ ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റി ചോദിച്ചറിയണം. ആവശ്യത്തിന് കുട്ടികളുള്ളവര്‍ക്ക് കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ പ്രസവത്തോടെ നിര്‍ത്തുകയോ, ആറാഴ്ചകള്‍ക്കു ശേഷം പ്രസവം നിര്‍ത്തുകയോ ചെയ്യാം.

ആദ്യത്തെ കുട്ടിയുടെ ജനനത്തിനുശേഷം ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷത്തിനുശേഷം വേണം അടുത്ത കുഞ്ഞ് ജനിക്കാന്‍. ഈ സമയത്ത് പല തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. മുലപ്പാലിന്റെ അളവിനെ ബാധിക്കാത്ത മാര്‍ഗമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കാവുന്ന കോപ്പര്‍ ടി പോലുള്ളവയോ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്ന നിരോധന മാര്‍ഗങ്ങളോ ഉപയോഗിക്കാം. ഗര്‍ഭനിരോധന ഉറകളും ഉപയോഗിക്കാം. പക്ഷേ, ഇതിന് പരാജയത്തോത് കൂടുതലാണ്. അതുപോലെ ബീജം ഉള്ളില്‍ പോകാതെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതും ഫലപ്രദമായ മാര്‍ഗമല്ല.

മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധനമാര്‍ഗമായി കരുതാമോ.

മുഴുവന്‍ സമയവും മുലപ്പാല്‍ മാത്രം കുട്ടിക്കു നല്‍കുന്ന ഒരു സ്ത്രീക്ക് ആദ്യത്തെ നാലുമുതല്‍ ആറ് ആഴ്ചവരെ ഗര്‍ഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ഇത് 100 ശതമാനം നല്ല മാര്‍ഗമല്ല.

പ്രസവശേഷം ആറാഴ്ചയ്ക്കു മുമ്പായി സെക്‌സില്‍ ഏര്‍പ്പെടാമോ.

ആറാഴ്ചയ്ക്കു മുമ്പ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അഭികാമ്യമല്ല. മുറിവ് നല്ലവണ്ണം ഉണങ്ങിയിട്ടില്ലെങ്കില്‍ സെക്‌സ് വേദനാജനകമായിരിക്കും. കാലക്രമേണ ലൈംഗികതയോട് ഭയമുണ്ടാകുകയും ചെയ്യും. ഇതുമൂലം അണുബാധയ്ക്കും സാധ്യത ഏറെയാണ്.
മറ്റൊരു പ്രധാന കാര്യം കുട്ടിക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന അമ്മയാണെങ്കില്‍ ആറാഴ്ചയ്ക്കു മുമ്പുള്ള ലൈംഗികബന്ധം മൂലം ഗര്‍ഭിണിയാകാനുള്ള സാധ്യതയുമുണ്ട്.

പ്രസവം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എന്തൊക്കെ.

മലമൂത്ര വിസര്‍ജനത്തിനു ശേഷം മുമ്പില്‍നിന്നും പിറകിലേക്കു വേണം കഴുകാന്‍. ഇത് അണുബാധ കുറയ്ക്കാന്‍ വേണ്ടിയാണ്. ദിവസേന സാനിറ്ററി പാഡുകള്‍ മൂന്നു തവണയെങ്കിലും മാറ്റണം. മുറിവില്‍ ആവി പിടിപ്പിക്കുന്നതും ഉപ്പിട്ട ചെറു ചൂടുവെള്ളത്തില്‍ ഇരിക്കുന്നതും നീരും അസ്വസ്ഥതയും മാറ്റാന്‍ സഹായിക്കും. സാധാരണ മൂന്നാഴ്ചകൊണ്ട് തയ്യല്‍ ഉണങ്ങും.

പ്രസവം കഴിഞ്ഞ് എപ്പോഴാണ് ആര്‍ത്തവം കൃത്യമായി അണ്ഡവിസര്‍ജനം ഉണ്ടാകുന്നത്.

കുഞ്ഞിന് നല്ലവണ്ണം പാല്‍ കൊടുത്തിട്ടില്ലെങ്കില്‍ ആറ് - എട്ട് ആഴ്ചയ്ക്കകം ആര്‍ത്തവം വരും. ചിലര്‍ക്ക് ഒന്നര വര്‍ഷം വരെയും ആര്‍ത്തവം വരാതെയിരിക്കാം. ആറാഴ്ചയ്ക്കുശേഷം അണ്ഡവിസര്‍ജനം നടക്കാനും ഗര്‍ഭിണിയാകാനും സാധ്യതയുണ്ട്.

സിസേറിയന്‍ വേണ്ടത് എപ്പോള്‍

സിസേറിയന്‍ ആവശ്യമായി വരുന്ന ഘട്ടം എപ്പോഴാണ്? സര്‍ജറിയ്ക്കു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ? ഡോ.ഷീലാമണി (ഗൈനക്കോളജി വിഭാഗം, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്) വിശദീകരിക്കുന്നു...

സ്വാഭാവിക പ്രസവം സാധ്യമല്ലാത്ത അവസരത്തില്‍ ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ചെയ്തുവരുന്ന ഒരു ശസ്ത്രക്രിയയാണിത്. ലോകാരോഗ്യസംഘടന 10-15 ശതമാനം മാത്രമേ സിസേറിയന്‍ ശുപാര്‍ശ ചെയ്യുന്നുള്ളൂവെങ്കിലും സിസേറിയന്റെ എണ്ണം ഇന്ന് അനുദിനം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഐ.സി.എം.ആര്‍. (Indian council of medical research) ന്റെ പഠനം അനുസരിച്ച് ഇന്ത്യയില്‍ 1980-കളില്‍ 13.8% ആയിരുന്ന സിസേറിയന്റെ എണ്ണം ഇന്ന് 47% വരെ എത്തിയിരിക്കുന്നു.

എന്തുകൊണ്ട് സിസേറിയന്റെ എണ്ണം വര്‍ധിക്കുന്നു?

മുമ്പൊക്കെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനുള്ള അന്തിമമാര്‍ഗമായിട്ടാണ് സിസേറിയനെ കണ്ടിരുന്നത്. അതിനുപകരം സുരക്ഷിതമായ ഒരു മാര്‍ഗമെന്ന നിലയിലാണ് ഇന്ന് സിസേറിയനെ കരുതുന്നത്. 
നല്ലൊരു ശതമാനം പെണ്‍കുട്ടികളും ഒരു ജോലി കിട്ടിയതിനുശേഷം മാത്രം വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. അങ്ങനെ താമസിച്ചുള്ള വിവാഹം വൈകിയുള്ള ഗര്‍ഭധാരണത്തിലേക്കു നയിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷവും വന്ധ്യതാ ചികിത്സയ്ക്കുശേഷവുമൊക്കെ ഗര്‍ഭിണിയാകുന്നവര്‍ ഒരു ചെറിയ റിസ്‌ക് കൂടി എടുക്കാന്‍ തയ്യാറാകുകയില്ല. ഏതു മാര്‍ഗത്തില്‍ കൂടിയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സുരക്ഷിതമായി കിട്ടണം എന്നുമാത്രം ആഗ്രഹിക്കും.
വൈദ്യചികിത്സാരംഗത്ത് ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ കടന്നുവരവ് കൂടി. ഇപ്പോള്‍ അള്‍ട്രാസോണോഗ്രാം, സി.ടി.ജി., തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും സങ്കീര്‍ണതകളും മനസ്സിലാക്കി ഉടന്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. ഇതും സിസേറിയന്റെ എണ്ണം കൂടാന്‍ കാരണമായി. 

പിന്നെ സിസേറിയന്‍ ആവശ്യപ്പെട്ടുവരുന്നവരുടെയും എണ്ണം ഇന്നു കൂടുതലാണ്. വര്‍ധനവിന്റെ മറ്റൊരു കാര്യം ആദ്യത്തെ സിസേറിയന് ശേഷം അടുത്ത ഗര്‍ഭത്തില്‍ വീണ്ടും സിസേറിയന്‍ ആകാം എന്നതാണ്.

ഏത് തരം അനസ്‌തേഷ്യയാണ് സുരക്ഷിതം?

ഏറ്റവും സുരക്ഷിതം നടുവില്‍ കുത്തിവെച്ച് ശസ്ത്രക്രിയ ചെയ്യുന്നതാണ്. ഇതിന് സ്‌പൈനല്‍ അനസ്‌തേഷ്യ എന്നു പറയും. ഇതുമൂലം ശസ്ത്രക്രിയാസമയത്ത് രോഗി പൂര്‍ണമായും സുബോധാവസ്ഥയിലാവും. നല്ല സ്വസ്ഥത കിട്ടും. രക്തസ്രാവം കുറവുമായിരിക്കും. മറ്റൊരു പ്രധാന ഗുണം എടുത്ത ഉടനെ തന്നെ അമ്മയ്ക്ക് കുഞ്ഞിനെ കാണാന്‍ കഴിയുമെന്നതാണ്.

നട്ടെല്ലില്‍ കുത്തിവെച്ചു ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ രോഗിയുടെ പ്രത്യേകതാല്പര്യപ്രകാരവും ജനറല്‍ അനസ്‌തേഷ്യ കൊടുക്കും. പക്ഷേ, ഇത് ചെയ്യുമ്പോള്‍ ആമാശയത്തില്‍ നിന്നു ശ്വാസനാളത്തിലേക്ക് ആഹാരത്തിന്റെ അംശം കയറി കൂടുതല്‍ സങ്കീര്‍ണമാവാന്‍ സാധ്യതയുണ്ട്. അതുപോലെത്തന്നെ ഇതിന് രക്തസ്രാവവും കൂടുതലാണ്.

സിസേറിയന് എത്രനേരം മുമ്പ്് ആഹാരം കഴിക്കാം?

സിസേറിയന്‍ സാധ്യത ഉള്ളവര്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള എട്ട് മണിക്കൂര്‍ ആഹാരവും വെള്ളവും കൊടുക്കരുത്. പക്ഷേ, എമര്‍ജന്‍സി സര്‍ജറി ആണെങ്കില്‍ ഇത് സാധ്യമല്ലല്ലോ. ഇങ്ങനെയുള്ള അവസരത്തില്‍ ആഹാരം കഴിച്ചതുമൂലമുള്ള അപകടസാധ്യത മനസ്സിലാക്കി സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചതിനുശേഷം മാത്രമേ ഡോക്ടര്‍ സിസേറിയന് ഒരുങ്ങുകയുള്ളൂ.

സിസേറിയന്‍ എത്രതരം ഉണ്ട്?

സിസേറിയന്‍ രണ്ടുതരം ഉണ്ട്. 1) ഇലക്ടീവ്. 2) എമര്‍ജന്‍സി. മുന്‍കൂട്ടി തീരുമാനിച്ചു ചെയ്യുന്നതാണ് ഇലക്ടീവ് സിസേറിയന്‍. ഉദാ: ഇടുപ്പുവികസനം ഇല്ലായ്മ, ഒന്നില്‍ക്കൂടുതല്‍ സിസേറിയന്‍ ആയവര്‍ തുടങ്ങിയ സാഹചര്യങ്ങളില്‍. ഒരു മുന്‍കരുതലുമില്ലാതെ പെട്ടെന്ന് അമ്മയുടെയോ കുഞ്ഞിന്റെയോ സുരക്ഷിതത്വത്തിനുവേണ്ടി ചെയ്യുന്നതാണ് എമര്‍ജന്‍സി. ഉദാ: കുഞ്ഞിന് പെട്ടെന്ന് ശ്വാസംമുട്ടല്‍, പൊക്കിള്‍ക്കൊടി പുറത്തുചാടല്‍, അമ്മയ്ക്ക് അനിയന്ത്രിതമായ രക്തസമ്മര്‍ദം, അമിതരക്തസ്രാവം തുടങ്ങിയവ ഇതില്‍പ്പെടും. ഇലക്ടീവിനെ അപേക്ഷിച്ച് എമര്‍ജന്‍സി സിസേറിയന് രക്തസ്രാവവും മറ്റു സങ്കീര്‍ണതകളും കൂടുതലായിരിക്കും.

സിസേറിയനുശേഷം വയറിലെ മുറിപ്പാട് ചിലര്‍ക്ക് നെടുകെയും ചിലര്‍ക്ക് കുറുകെയും കാണുന്നുണ്ടല്ലോ?

മുമ്പൊക്കെ സിസേറിയന്‍ പൊക്കിളിനുതാഴെ നെടുകെ മുറിവുണ്ടാക്കിയാണ് ചെയ്തിരുന്നത്. പക്ഷേ, കൂടുതല്‍ സുരക്ഷിതം കുറുകെയുള്ള മുറിവാണ്. ഇതിനു ഫാനന്‍സ്റ്റില്‍ (ുളമിിലിേെലശഹ) ഇന്‍സിഷന്‍ എന്നു പറയും. പെട്ടെന്ന് മുറിവുണങ്ങാനും മുറിപ്പാട് പുറത്തേക്കു കാണാതിരിക്കാനും ഹെര്‍ണിയ മുതലായ പ്രശ്‌നങ്ങള്‍ കുറയാനും ഇതുവഴി സാധിക്കുന്നു.

പക്ഷേ, വളരെപെട്ടെന്ന് കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരുന്ന അവസരത്തില്‍ ഇപ്പോഴും ചിലര്‍ നെടുകെയുള്ള മുറിവ് ഇടുന്നുണ്ട്.

സിസേറിയന് എന്തെങ്കിലും അപകടസാധ്യതകള്‍ ഉണ്ടോ?

ഇതൊരു മേജര്‍ സര്‍ജറി ആയതിനാല്‍ സാധാരണ ഒരു ശസ്ത്രക്രിയയുടെ എല്ലാ സങ്കീര്‍ണതകളും സിസേറിയനും ഉണ്ടാകാം. ഇവയെ ശസ്ത്രക്രിയാസമയത്ത് ഉണ്ടാകുന്നവ, ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്നവ, ഭാവിയില്‍ ഉണ്ടാകാനിടയുള്ളവ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

ശസ്ത്രക്രിയാ സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

അമിത രക്തസ്രാവം: ഇത് പ്രധാനമായും നാലുകാരണങ്ങള്‍കൊണ്ടാണ്.

1. ഗര്‍ഭപാത്രം ചുരുങ്ങാത്തതുകൊണ്ട്, 2. വലിയ രക്തക്കുഴല്‍ മുറിഞ്ഞതുമൂലം, 3. മറുപിള്ള ഗര്‍ഭാശയത്തിലേക്ക് ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍; ഇതുമൂലം ചിലപ്പോള്‍ ഗര്‍ഭാശയം തന്നെ നീക്കം ചെയ്യേണ്ടിവന്നേക്കാം, 4. രക്തം കട്ടപിടിക്കാതെയിരിക്കുന്ന അവസ്ഥമൂലം.

മൂത്രസഞ്ചി, കുടല്‍, മൂത്രനാളി തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്കുള്ള മുറിവ്. 

കുഞ്ഞിന്റെ തല പുറത്തേക്കെടുക്കാന്‍ വലിയ ബുദ്ധിമുട്ട് - കുഞ്ഞിന് മുറിവ്, എല്ലിന് ഒടിവ്.

അനസ്‌തേഷ്യ മൂലമുള്ള പ്രശ്‌നങ്ങള്‍

താഴ്ന്ന രക്തസമ്മര്‍ദം

ശ്വാസം മുട്ടല്‍.

ഹൃദയ സ്തംഭനം.

അബോധാവസ്ഥ (ബോധം വീഴാതെയിരിക്കുക തുടങ്ങിയവ).

ശസ്ത്രക്രിയ കഴിഞ്ഞുള്ള സങ്കീര്‍ണതകള്‍

വയറ്റില്‍ വായു കെട്ടിക്കിടക്കുക

കുടല്‍മാലകളുടെ സ്തംഭനം .

മുറിവ് പഴുക്കല്‍.

മുറിവിലെ തുന്നല്‍ വിട്ടുപോകുക

കാല്‍ ഞരമ്പില്‍ രക്തം കട്ടപിടിക്കല്‍.

രക്തം കട്ടപിടിക്കുന്നത് മൂലം ശ്വാസതടസ്സം.

അമിത രക്തസ്രാവം

ഭാവിയില്‍ ഉണ്ടാകാനിടയുള്ള സങ്കീര്‍ണതകള്‍

മുറിപ്പാടിന്റെ ഭാഗത്ത് ഹെര്‍ണിയ.

മുറിപ്പാടില്‍ എന്‍ഡോമെട്രിയോസിസ് വരുക.

മൂത്രസഞ്ചിയില്‍ മുറിവുണ്ടായി ഫിസ്റ്റുല.

അടുത്ത ഗര്‍ഭത്തില്‍ പ്രസവത്തിനു മുമ്പേ മുറിവ് വിട്ടുപോകുക.

അടുത്ത ഗര്‍ഭത്തില്‍ മറുപിള്ള മുറിവില്‍ ഒട്ടിപ്പിടിക്കുക.

സസേറിയന്‍ കഴിഞ്ഞ് എപ്പോള്‍ മുതല്‍ ആഹാരം കഴിച്ചുതുടങ്ങാം?

ഛര്‍ദിയും മറ്റു പ്രശ്‌നങ്ങളുമില്ലെങ്കില്‍ ആറ് മണിക്കൂറിനുശേഷം വെള്ളം കൊടുക്കാം. പിറ്റേ ദിവസം തന്നെ ഖരരൂപത്തിലുള്ള ആഹാരം ടുക്കാം.

ഇതോടൊപ്പം കൈകാല്‍ ചലിപ്പിക്കുകയും ഡീപ് ബ്രീതിങ് വ്യായാമം ചെയ്യുകയുംവേണം. പതുക്കെ എഴുന്നേറ്റു നടക്കുക. കാല്‍ ഞരമ്പില്‍ രക്തം കട്ടപിടിക്കാതിരിക്കാനും രക്തക്കട്ട ശ്വാസകോശത്തില്‍ തടഞ്ഞ് ശ്വാസംമുട്ടുണ്ടാകാതിരിക്കാനും ഇതെല്ലാം സഹായിക്കുന്നു.
മയക്കം വിട്ടു കഴിഞ്ഞാലുടന്‍ തന്നെ കുഞ്ഞിനെ മുലയൂട്ടി തുടങ്ങാം. സ്തനങ്ങളില്‍ നിന്നും ആദ്യം വരുന്ന കട്ടികൂടിയ കൊളസ്ട്രം എന്ന പാല്‍ പോഷകമൂല്യമുള്ളതും കുഞ്ഞിന് പ്രതിരോധശക്തി കൊടുക്കുന്നതുമാണ്.

ആദ്യപ്രസവം സിസേറിയന്‍ വഴിയായാല്‍ പിന്നീട് സ്വാഭാവിക പ്രസവം ആകുമോ?

ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ് വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവത്തിനു മുമ്പായി മുറിവു വിട്ടുപോകാനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ ശതമാനം പേരിലേ (0.5-2%) ഇതു സംഭവിക്കുകയുള്ളൂ.ഇതിന് വി.ബി. എ. സി. ട്രയല്‍ ഓഫ് ലേബര്‍ (Vaginal Birth After Caesarean Section) എന്നു പറയും.

ഏതൊക്കെ പ്രശ്‌നമുള്ള ഗര്‍ഭിണികള്‍ക്കാണ് വിബിഎസി ട്രയല്‍ വേണ്ടിവരിക?

പല കാര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ആദ്യത്തെ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിക്ക് രണ്ടാമത് സ്വാഭാവിക പ്രസവമാകാമോ എന്നു തീരുമാനിക്കുന്നത്.

ഇതില്‍ ഏറ്റവും പ്രധാനം എന്തു കാരണംകൊണ്ടാണ് മുമ്പ് ചെയ്യേണ്ടി വന്നത് എന്നാണ്. ഉദാ. കുഞ്ഞിന്റെ ശ്വാസംമുട്ടല്‍, കിടപ്പിലുള്ള വ്യത്യാസം തുടങ്ങിയവയാണെങ്കില്‍ ഇത്തവണ സ്വാഭാവിക പ്രസവത്തിനു തിരഞ്ഞെടുക്കാം.

നേരേ മറിച്ച് ഇടുപ്പെല്ലിന് വികാസമില്ലാത്തതുകൊണ്ട് അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ സിസേറിയന്‍ കഴിഞ്ഞ വ്യക്തിയാണെങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു ട്രയലിന് തയ്യാറാവില്ല. ഇവര്‍ക്ക് വേദന തുടങ്ങുമ്പോള്‍ തന്നെ മുറിവ് വിട്ടുപോകാനുള്ള സാധ്യതയുണ്ട്.

അതുപോലെതന്നെ ആദ്യത്തെ സിസേറിയനില്‍ അണുബാധ ഉണ്ടായിരുന്നോ എന്നതും മുറിവ് വിട്ടുപോകാന്‍ കാരണമാകും.

ഇതിനെല്ലാമുപരി ഇപ്പോഴുള്ള കുഞ്ഞിന്റെ കിടപ്പ് എങ്ങനെ എന്നുള്ളതാണ് ഏറ്റവും പ്രധാനം-കുഞ്ഞിന്റെ തൂക്കം ശരാശരിയും കിടപ്പ് ശരിയായ രീതിയിലും, ആണെങ്കില്‍ സ്വാഭാവിക പ്രസവം മതി. ഇതിന്റെ വിജയത്തോത് 70% ആണ്. ട്രയല്‍ എല്ലാ സൗകര്യങ്ങളുമുള്ള സൂക്ഷ്മ നിരീക്ഷണത്തില്‍ ചെയ്യേണ്ട ഒരു കാര്യമാണ്. മുറിവ് വിട്ടുപോകാനുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ എമര്‍ജന്‍സി സിസേറിയന്‍ ചെയ്യേണ്ടിവരും.

മുറിവ് വിട്ടുപോകുന്നതിനു മുമ്പുള്ള അപായ സൂചനകള്‍ എന്തൊക്കെ?

പൊക്കിളിനു താഴെയുള്ള നിരന്തരമായ വേദന.
ചെറിയ തോതിലുള്ള രക്തം പോക്ക്.
ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്നു തോന്നല്‍.
കുഞ്ഞിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം.

അടുത്ത ഗര്‍ഭധാരണം എപ്പോഴാകാം?

ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത്മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തെ ഇടവേളയാണ് ഏറ്റവും ഉചിതം.

സിസേറിയന് ശേഷം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണോ?

സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആറ് ആഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

സിസേറിയന് ശേഷം എപ്പോള്‍ വ്യായാമം ചെയ്തു തുടങ്ങാം?

സിസേറിയന്‍ കഴിഞ്ഞ് കഴിയുന്നതും നേരത്തേ ലഘു വ്യായാമങ്ങളില്‍ ഏര്‍പ്പെടാം. ഡീപ് ബ്രീതിങ്, മിതമായ നടത്തം എന്നിവ ഇതില്‍പ്പെടും. അടുത്തപടിയായി അടിവയറിനുള്ള വ്യായാമം, ഭഗപേശികളുടെ വ്യായാമം തുടങ്ങിയവ ചെയ്യാം. മുറിവ് ഉണങ്ങാന്‍ ഏറ്റവും കുറഞ്ഞത് ആറ് ആഴ്ച എടുക്കും. ഇതു കഴിഞ്ഞേ എയ്‌റോബിക്‌സ്, ബ്രിസ്‌ക് വോകിങ്, നീന്തല്‍, ജോഗിങ്, സൈക്കിള്‍ സവാരി പോലുള്ള കഠിന വ്യായാമങ്ങള്‍ ചെയ്യാവൂ. ഇത് തുടക്കത്തില്‍ 10-15 മിനുട്ട് ചെയ്യാം. ഓരോ ദിവസവും സമയദൈര്‍ഘ്യം കൂട്ടാം.

സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം?

സിസേറിയന്‍ കഴിഞ്ഞ് മിനിമം ആറാഴ്ച കഴിഞ്ഞേ ബന്ധപ്പെടാവൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും. ബന്ധപ്പെടുമ്പോള്‍ വയറില്‍ മുറിപ്പാടുണ്ടെന്ന ബോധം ഉണ്ടായിരിക്കണം. പിന്നെ അവരുടെ ശാരീരികവും മാനസികവുമായ താല്പര്യമനുസരിച്ച് മുന്നോട്ടു പോകുക.

സിസേറിയന്‍ തീരുമാനിക്കുമ്പോള്‍

ഒരു ഗര്‍ഭിണിക്ക് സ്വാഭാവികപ്രസവം നടക്കുമോ അതോ സിസേറിയന്‍ ആകുമോ എന്നത് പലകാര്യങ്ങളെ അവലോകനം ചെയ്താണ് തീരുമാനിക്കുന്നത്. 

ആദ്യത്തെ പ്രസവം സിസേറിയനായാല്‍
ഇടുപ്പെല്ലിന് വികാസം ഇല്ലായ്മ.
കുഞ്ഞിന് തൂക്കക്കൂടുതല്‍.
കുഞ്ഞിന്റെ കിടപ്പിലുള്ള വ്യത്യാസം.
വിവിധ ഉപകരണങ്ങള്‍ ഫോര്‍സെപ്‌സ്, വാക്വം തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രസവം.
വേദന വരാനായി മരുന്നു വെച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥ.
കുഞ്ഞിന് ശ്വാസം മുട്ടല്‍.
പൊക്കിള്‍ക്കൊടി പുറത്തുചാടല്‍.
കുഞ്ഞിന്റെ വളര്‍ച്ചക്കുറവ്, അംനിയോടിക് ദ്രാവകത്തിന്റെ കുറവ്.
ഇരട്ടക്കുട്ടികള്‍, അവരുടെ കിടപ്പിലുള്ള വ്യത്യാസം.
മറുപിള്ളയുടെ സ്ഥാനചലനം. അതായത് മറുപിള്ള ഗര്‍ഭാശയഗളത്തില്‍ പൊതിഞ്ഞിരിക്കുന്നത്.
പ്രസവത്തിന് മുമ്പേ മറുപിള്ള വിട്ടുവരിക

അമ്മയുടെ പ്രശ്‌നങ്ങള്‍:

പ്രായക്കൂടുതല്‍ അതായത് ആദ്യ പ്രസവം 35 വയസ്സിനുശേഷം.
കുട്ടികളുണ്ടാകാനുള്ള നീണ്ട ചികിത്സ.
ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭം അലസല്‍.
അമിത രക്തസമ്മര്‍ദ്ദം.
എച്ച്.ഐ.വി ബാധിച്ച ഗര്‍ഭിണി.
സിസേറിയന്‍ ആവശ്യപ്പെട്ടുവരുന്നവര്‍.
ഇഷ്ടപ്പെട്ട സമയവും ദിവസവും നോക്കിയുള്ള കുഞ്ഞിന്റെ ജനനം.
സാധാരണ പ്രസവത്തെ ഭയക്കുന്നവര്‍.
കുഞ്ഞിന്റെ ജീവനെപ്പറ്റി അമിത ഉത്കണ്ഠയുള്ളവര്‍.

ഗര്‍ഭകാലത്ത് ചെയ്യാവുന്നതും ചെയ്യരുതാത്തതും

ഭക്ഷണത്തിലും ജീവിതരീതിയിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഡോ. ഷീലാമണി വിശദീകരിക്കുന്നത്...

ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. തന്റെയുള്ളില്‍ ഒരു കുഞ്ഞ് വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന അറിവ് അത്യാനന്ദവും ഉന്മേഷവും ഉളവാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു; അമ്മയ്ക്ക് കുഞ്ഞിനോട് അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുകയാണ്. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിനെയും ബാധിക്കാം. ഈ സമയത്ത് അമ്മയ്ക്ക് തന്നെപ്പറ്റിയും ഗര്‍ഭസ്ഥശിശുവിനെപ്പറ്റിയും ഒരുപാട് സംശയങ്ങള്‍ കാണും. എന്തൊക്കെയായിരിക്കും അവ.

ഗര്‍ഭിണിയാകുന്നതിനു മുന്‍പുതന്നെ ഡോക്ടറെ കാണേണ്ടതുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ഗര്‍ഭിണിയാകുന്നതിനു മുന്‍പ് ഉണ്ടാകേണ്ടതാണ്. വിളിക്കാതെ വരുന്ന അതിഥിയെ നാം വേണ്ടവിധം സ്വീകരിക്കാറില്ലല്ലോ. ഈ സമയം ഡയബറ്റിക്‌സ്, ബ്ലഡ് പ്രഷര്‍, എപ്പിലപ്‌സി, ഹൃദയരോഗങ്ങള്‍ തുടങ്ങിയവയുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കുഞ്ഞിന് ഹാനികരമല്ലാത്ത മരുന്നുകള്‍ കഴിക്കേണ്ടതാണ്. അതുപോലെ ലൈംഗികരോഗങ്ങളും ജനിതകരോഗങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കാനുമാവും.

എപ്പോഴാണ് പ്രെഗ്‌നന്‍സി ടെസ്റ്റ് ചെയ്യേണ്ടത്?

ക്രമമായി ആര്‍ത്തവം ഉണ്ടാകുന്ന ഒരാള്‍ക്ക് മാസമുറ തെറ്റി രണ്ടുദിവസത്തിനകംതന്നെ താന്‍ പ്രെഗ്‌നന്റ് ആണോ എന്ന് മൂത്രം പരിശോധിച്ച് അറിയാം. ഈ ടെസ്റ്റ് വീട്ടില്‍വെച്ചുതന്നെ ചെയ്യാവുന്നതാണ്. ഇപ്പോള്‍ മാസമുറ തെറ്റുന്നതിന് മുന്‍പുതന്നെ മൂത്രം പരിശോധിച്ച് ഗര്‍ഭിണിയാണോ എന്നറിയാനും ടെസ്റ്റുകള്‍ ഉണ്ട്.

യൂറിന്‍ ടെസ്റ്റ് പോസിറ്റീവ് ആകുന്നതിന് ഒരാഴ്ച മുന്‍പുതന്നെ രക്തപരിശോധനയിലൂടെയും ഗര്‍ഭിണിയാണോ എന്ന് അറിയാന്‍പറ്റും. പക്ഷേ, ഇത് താരതമ്യേന ചെലവേറിയതാണ്.

ആദ്യത്തെ മൂന്ന് മാസം

ഗര്‍ഭകാലം അവസാനം ആര്‍ത്തവം വന്ന തീയതി മുതല്‍ 9 മാസവും 7 ദിവസവുമാണ് (280 ദിവസം). ഇതിനെ മൂന്നായി തിരിക്കാം. ആദ്യത്തെ 3 മാസം, രണ്ടാമത്തെ 3 മാസം, അവസാന ഘട്ടമായ 3 മാസം.

ഗര്‍ഭിണികള്‍ക്ക് ആരംഭലക്ഷണങ്ങള്‍ മാസമുറ തെറ്റിയ ഉടനെത്തന്നെയാണ് അനുഭവപ്പെടുക. അതിവയാണ്.

ക്ഷീണം
ഓക്കാനം, ഛര്‍ദി
ചില പ്രത്യേക ആഹാരത്തോട് താല്പര്യം.
സ്തനങ്ങള്‍ക്ക് വേദന, വിങ്ങല്‍
അടിവയറ്റില്‍ ചെറിയ അസ്വസ്ഥത
കൂടെക്കൂടെ മൂത്രം പോക്ക്.

എപ്പോഴാണ് ആദ്യ ചെക്കപ്പ്് നടത്തേണ്ടത്?

ആദ്യത്തെ ചെക്കപ്പ് കഴിയുന്നത്ര നേരത്തേയാക്കുക. ഈ സമയം ഡോക്ടര്‍ ഗര്‍ഭിണിയെ പരിശോധിക്കുകയും, രക്ത-മൂത്ര പരിശോധന, സ്‌കാനിങ് തുടങ്ങിയവ നടത്തി എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം.

അമിതമായ ഛര്‍ദിയുടെ കാരണങ്ങള്‍ എന്തൊക്കെ?

സാധാരണയില്‍ കവിഞ്ഞ ഛര്‍ദിയുണ്ടായാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്. സാധാരണ ഗര്‍ഭത്തിലും ഒന്നില്‍ക്കൂടുതല്‍ ഗര്‍ഭമുള്ളപ്പോഴും മുന്തിരിക്കുലഗര്‍ഭത്തിലും അമിതഛര്‍ദി ഉണ്ടാകാം. ഇത് അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയേ മനസ്സിലാക്കാന്‍പറ്റുകയുള്ളൂ.

രക്തസ്രാവം ആദ്യത്തെ മൂന്നുമാസത്തില്‍ ഉണ്ടാകുമോ?

എപ്പോള്‍ രക്തസ്രാവം ഉണ്ടായാലും ഉടന്‍തന്നെ ഡോക്ടറുടെ അടുത്തെത്തുക. ഗര്‍ഭമലസല്‍, ട്യൂബല്‍ പ്രഗ്‌നന്‍സി, മുന്തിരിക്കുലഗര്‍ഭം എന്നിവയുടെ ലക്ഷണമായി രക്തസ്രാവം ഉണ്ടാകാം. ചിലപ്പോള്‍ സ്വാഭാവികമായ ഗര്‍ഭാവസ്ഥയിലും ഇങ്ങനെ ചെറിയതോതില്‍ രക്തസ്രാവം ഉണ്ടാകാം. ഇത് സ്‌കാനിങ്ങിലൂടെ മനസ്സിലാക്കാം.

ഏതൊക്കെ ആഹാരങ്ങള്‍ കഴിക്കാം?

ഭക്ഷണം പോഷകസമൃദ്ധവും സമീകൃതവും ആയിരിക്കണം. ഈ സമയത്ത് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. ദിവസം രണ്ടുഗ്ലാസ് പാലെങ്കിലും കഴിക്കണം. മീന്‍, മുട്ട, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കണം.
ഗര്‍ഭമലസാന്‍ സാധ്യതയുള്ള ചില എന്‍സൈമുകള്‍ അടങ്ങിയ പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. വെള്ളം ധാരാളം കുടിക്കുക. പ്രസവശേഷം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഗര്‍ഭകാലത്ത് യാത്ര ഒഴിവാക്കണോ?

സൈക്കിളിലും ഓട്ടോയിലും കുലുങ്ങിയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. തീവണ്ടിയിലും വിമാനത്തിലുമുള്ള യാത്ര സുരക്ഷിതമാണ്. രക്തസ്രാവം, മാസംതികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ യാത്ര പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

ഏതൊക്കെ മരുന്നുകള്‍ കഴിക്കാം?

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഒരു മരുന്നും ഉപയോഗിക്കരുത്. എന്തെങ്കിലും അസുഖങ്ങള്‍ക്ക് മരുന്നുപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ ഡോസ് കുറയ്ക്കുകയോ സുരക്ഷിതമായ മരുന്നുകള്‍ കഴിക്കുകയോ ചെയ്യണം. ഫോളിക് ആസിഡ് ഗുളിക ആദ്യമേ കഴിച്ചുതുടങ്ങുക.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ?

ആരോഗ്യകരമായ ലൈംഗികബന്ധം ആദ്യത്തെ 6 മാസം പുലര്‍ത്താവുന്നതാണ്. പക്ഷേ, പ്രസവം അടുക്കുന്തോറും ബന്ധപ്പെടാതിരിക്കുന്നതാണ് അഭികാമ്യം.

മൂന്ന് മുതല്‍ ആറ് മാസം വരെ

ഈ സമയം ആദ്യത്തെ മൂന്നുമാസത്തിലുണ്ടായിരുന്ന അസ്വസ്ഥതകളൊക്കെ മാറി ആഹാരത്തിന് രുചി തോന്നിത്തുടങ്ങും. ശരീരത്തിന് തൂക്കം കൂടുകയും ചെയ്യും.

എപ്പോഴാണ് കുഞ്ഞിന്റെ ചലനം അനുഭവപ്പെടുന്നത്?

ആദ്യഗര്‍ഭത്തില്‍ 18 ആഴ്ചമുതല്‍ ചെറിയതോതില്‍ ചലനം അനുഭവപ്പെട്ടുതുടങ്ങും. രണ്ടാമത്തേതുമുതല്‍ കുറച്ചുകൂടി നേരത്തേ അതായത് 16 ആഴ്ചമുതലേ ചലനം അറിയും.

എത്ര ചെക്കപ്പ് ആണ് നടത്തേണ്ടത്?

സാധാരണയായി ആദ്യത്തെ 28 ആഴ്ച വരെ മാസംതോറും ചെക്കപ്പ് വേണം. അതു കഴിഞ്ഞ് 36 ആഴ്ചവരെ രണ്ടാഴ്ചയിലൊരിക്കല്‍. ഇതിനുശേഷം ആഴ്ചയിലൊരിക്കല്‍ഡോക്ടറെ കണ്ടാല്‍ മതി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൂടുതല്‍ തവണ പരിശോധന ആവശ്യമാണ്.

എന്തൊക്കെ മരുന്നുകള്‍ നല്‍കണം?

അമ്മയ്ക്കും കുഞ്ഞിനും വിളര്‍ച്ചയുണ്ടാകാതിരിക്കാനും കുഞ്ഞിന്റെ എല്ലിനും പല്ലിനും പുഷ്ടിയുണ്ടാവാനും അയേണ്‍, കാല്‍സ്യം ഗുളികകള്‍ അത്യാവശ്യമാണ്.

എപ്പോഴൊക്കെയാണ് ടെറ്റനസ് കുത്തിവെപ്പ് എടുക്കേണ്ടത്?

പ്രസവശേഷം കുഞ്ഞിന് ടെറ്റനസ് വരാതിരിക്കാനാണ് അമ്മയ്ക്ക് കുത്തിവെപ്പ് നല്‍കുന്നത്. 6 ആഴ്ച ഇടവിട്ട് രണ്ട് ഡോസ് നല്‍കാം. ആദ്യഡോസ് 16-24 വരെയുള്ള ആഴ്ചകളില്‍ നല്‍കാം. ആദ്യത്തെ കുഞ്ഞ് രണ്ടുവയസ്സില്‍ താഴെയാണെങ്കില്‍ അടുത്ത ഗര്‍ഭത്തില്‍ 36 ആഴ്ചയില്‍ ഒരു ബൂസ്റ്റര്‍ ഡോസ് മതിയാകും.

അവസാനത്തെ മൂന്ന് മാസം

ഈ സമയത്ത് കുഞ്ഞിന്റെ വളര്‍ച്ച വളരെ വേഗത്തിലാണ്.അതനുസരിച്ച് അമ്മയുടെ അസ്വസ്ഥതകളും കൂടും. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഈ ഘട്ടത്തിലാണ് വരുന്നത്. 24-28 ആഴ്ചയില്‍ ഗര്‍ഭകാലത്ത് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത മനസ്സിലാക്കാം. 130 ാഴയോ അതില്‍ക്കൂടുതലോ ഷുഗര്‍ ഉണ്ടെങ്കില്‍ ജി.ടി.ടി. (ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്) ചെയ്യണം.

എത്രസമയം ഉറങ്ങണം?

രാത്രി 8-9 മണിക്കൂര്‍ ഉറങ്ങണം. ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂര്‍ ഇടതുവശം ചരിഞ്ഞുകിടന്നു വിശ്രമിക്കുന്നതും നല്ലതാണ്.

ഗര്‍ഭകാലത്ത് വ്യായാമം ചെയ്യാമോ?

ബി.പി, ഷുഗര്‍ എന്നീ പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് അധികം ആയാസമുണ്ടാകാത്ത സാധാരണ വീട്ടുജോലികള്‍ ചെയ്യാം. അരമണിക്കൂര്‍ നടത്തമോ നീന്തലോ ഡീപ് ബ്രീത്തിങ് വ്യായാമമോ ശീലിക്കാം.

ഏതുതരം ചെരുപ്പ് ഉപയോഗിക്കണം?

ഹൈഹീല്‍ഡ് ചെരുപ്പ് ഉപയോഗിക്കു
ന്നത് നട്ടെല്ലിന് കൂടുതല്‍ ആയാസം ഉണ്ടാ
ക്കും. സാധാരണ ഫ്ലറ്റ് ചെരുപ്പ് ഉപയോഗിക്കാം.
അയഞ്ഞുകിടക്കുന്ന കോട്ടണ്‍വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.

വെള്ളപോക്ക് സാധാരണമാണോ?

ദുര്‍ഗന്ധമില്ലാത്ത, ചൊറിച്ചിലില്ലാത്ത ദ്രവത്തിന് ചികിത്സ ആവശ്യമില്ല. ഈ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സിക്കേണ്ടതാണ്. വ്യക്തിശുചിത്വം പാലിക്കുക പ്രധാനമാണ്.

എന്തൊക്കെയാണ് അപകടസൂചനകള്‍?

എപ്പോഴെങ്കിലും രക്തസ്രാവം ഉണ്ടായാല്‍
തലവേദന, കാഴ്ച മങ്ങല്‍, മൂത്രക്കുറവ് എന്നിവ വന്നാല്‍. ഇതൊക്കെ എക്ലാംസിയ എന്ന രോഗത്തിന്റെ ലക്ഷണമാണ്.
വിശ്രമിച്ചാല്‍ മാറാത്ത കാലിലെ നീര്‍ക്കെട്ട്.
വയറുവേദന
ശിശുവിന്റെ അനക്കം (ചലനം) കുറയുക.
മൂത്രത്തില്‍ പഴുപ്പ്
ഉള്ളില്‍നിന്ന് പഴുപ്പ് പോകുക
നേരത്തേ വെള്ളം പൊട്ടിപ്പോവുക
ഇങ്ങനെ എന്തെങ്കിലും വന്നാല്‍ ഉടന്‍തന്നെ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.

ഗര്‍ഭകാലത്ത് കൃത്യമായി പരിശോധന നടത്തുകയും ഡോക്ടര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് മരുന്നുകളും ആഹാരരീതിയും ജീവിതശൈലിയും ക്രമീകരിക്കണം.

ഗ്യാസ്ട്രബിളും നെഞ്ചെരിച്ചിലും

അസിഡിറ്റി: ഗര്‍ഭകാലത്ത് ചിലര്‍ക്ക് ഗ്യാസ്ട്രബിളും നെഞ്ചെരിച്ചിലും അനുഭവപ്പെടാം. കിടക്കുമ്പോള്‍ ഇത് കൂടുതലായനുഭവപ്പെടും. തലയുയര്‍ത്തിവെച്ച് പകുതി ചാരിയിരിക്കുകയാണ് നല്ലത്.

മലബന്ധം: ഒരു സാധാരണ പ്രശ്‌നമാണ്. ഇതിന് ധാരാളം പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇതുകൊണ്ട് പ്രയോജനമില്ലെങ്കില്‍ മലം അയഞ്ഞുപോകുന്ന മരുന്നുകള്‍ ഉപയോഗിക്കാം.

മസില്‍പിടിത്തം: രണ്ടാംമാസംതൊട്ട് ചിലരില്‍ മസിലുകള്‍ക്ക് വലിച്ചിലും പിടുത്തവും വരാറുണ്ട്. കാല്‍സ്യം ഗുളികകള്‍ കഴിച്ചാല്‍ ഇതൊരു പരിധിവരെ മാറും. വേദനയ്ക്ക് വൈറ്റമിന്‍ 'ഇ' ഗുളിക നല്‍കുന്നു.

വന്ധ്യത: ആയുര്‍വേദ ചികിത്സ ഫലപ്രദം

കുഞ്ഞുണ്ടാകാന്‍ വൈകിയാല്‍ പിന്നെ ടെന്‍ഷനായി, പ്രശ്‌നങ്ങളായി. കാരണങ്ങള്‍ പലതാണ്. വന്ധ്യതയ്ക്കുള്ള ആയുര്‍വേദ ചികിത്സാവിധികള്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം ഋഷികുമാരന്‍ നമ്പൂതിരി വിശദീകരിക്കുന്നു...

ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഒരു കുഞ്ഞുണ്ടാവുക എന്നത്. എന്നാല്‍ എല്ലാവര്‍ക്കും സന്താനലബ്ധി ആഗ്രഹിക്കുംപോലെ ഉണ്ടായെന്നുവരില്ല. ചിലര്‍ക്ക് ജന്മനാലുള്ള ശാരീരിക പ്രശ്‌നങ്ങളാകാം കാരണം. മറ്റുചിലര്‍ക്ക് താത്കാലികമായ ചില തടസ്സങ്ങള്‍കൊണ്ട് ഗര്‍ഭധാരണത്തിന് വിഷമം നേരിടുന്നതാകാം.

ശരിയായ കാരണം കണ്ടെത്തിയാല്‍ ഒട്ടുമിക്ക വന്ധ്യതാ പ്രശ്‌നങ്ങളും ചികിത്സിച്ച് ഭേദമാക്കാന്‍ ആയുര്‍വേദം വഴി നിര്‍ദേശിക്കുന്നുണ്ട്. ശുക്ലാര്‍ത്തവശുദ്ധിയാണ് വന്ധ്യതയ്ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ചികിത്സാമാര്‍ഗം.

ആദ്യം ഗര്‍ഭധാരണത്തിന് തടസ്സമാകുന്ന കാരണങ്ങള്‍ കണ്ടെത്തിയശേഷമേ വന്ധ്യതയ്ക്ക് ചികിത്സ സാധ്യമാകൂ. വന്ധ്യത അനുഭവിക്കുന്ന മൂന്നിലൊന്ന് പേര്‍ക്കും പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളാണ് ഗര്‍ഭധാരണത്തിന് തടസ്സമാവുന്നത്. ഉദ്ധാരണശേഷിയില്ലായ്മ, ശീഘ്രസ്ഖലനം, സ്ത്രീകളിലെ ലൈംഗികമരവിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ പലതിന്റെയും അടിസ്ഥാനകാരണം മാനസികമാണ്. ഇതിന് മാനസിക ചികിത്സയാണ് വേണ്ടത്. മാനസിക കാരണങ്ങള്‍ കൊണ്ട് അല്ലാതെ ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയ്ക്ക് കാരണങ്ങള്‍ പലതുണ്ട്.

ആഹാരരീതിയിലെ മാറ്റം

ഹോട്ടല്‍ ഭക്ഷണം രുചികരമായിരിക്കാം. പക്ഷേ, അതിന്റെ ചേരുവകളില്‍ ഏറെയും ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. എണ്ണയില്‍ വറുത്തതും അധികം എരിവ്, പുളി എന്നിവ ചേര്‍ത്തതുമായ ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നത് പ്രത്യുത്പാദനശേഷിയെ ബാധിക്കും.

മാംസവും കൊഴുപ്പും കൂടിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകള്‍ക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് പോലുള്ള രോഗത്തിന് സാധ്യത കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ നാരടങ്ങിയ ഭക്ഷണം ശീലിക്കുന്നത് നന്നായിരിക്കും. അമിതഭക്ഷണവും അല്പഭക്ഷണവും നന്നല്ല. ഇതുരണ്ടും ആര്‍ത്തവദൂഷ്യങ്ങള്‍ ഉണ്ടാക്കും.

കീടനാശിനി തളിച്ച പഴങ്ങള്‍ കഴിക്കുന്നത് പ്രത്യുത്പാദനശേഷിയെ തകരാറിലാക്കാന്‍ പോന്നതാണ്. നാടന്‍ കോഴിയിറച്ചി, ആട്ടിറച്ചി എന്നിവ വാജീകരണശേഷിയുള്ള ഭക്ഷണമാണ്.

മരുന്നുകള്‍ ദോഷം

മറ്റു രോഗത്തിനുവേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി വന്ധ്യത വരാനുള്ള സാധ്യത ചുരുക്കമാണെങ്കിലും നിലവിലുണ്ട്. മനോരോഗചികിത്സയ്ക്കായി അലോപ്പതി മരുന്നുകളുടെ തുടര്‍ച്ചയായുള്ള ഉപയോഗം കൂടുതല്‍ അപകടകരമാണ്. അര്‍ബുദത്തിനുവേണ്ടി ഉപയോഗിക്കുന്ന ഹോര്‍മോണ്‍ സ്വഭാവമുള്ള ചില മരുന്നുകളുടെ ഉപയോഗം ബീജോത്പാദകകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.
ഉത്തേജകമരുന്നുകള്‍, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം വലിയ അളവില്‍ പ്രത്യുത്പാദനശേഷിയെ ബാധിക്കാം. അണുബാധ തടയാന്‍ തുടര്‍ച്ചയായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും നല്ലതല്ല.

ആയുര്‍വേദമരുന്നുകളില്‍ മനോരോഗചികിത്സയ്ക്കുള്ള സര്‍പ്പഗന്ധിമരുന്ന് തുടര്‍ച്ചയായി കഴിക്കുന്നത് ചിലപ്പോള്‍ പ്രശ്‌നമായി കാണാറുണ്ട്.

പരുത്തി വസ്ത്രങ്ങള്‍ നല്ലത്

ഇറുകിയ വസ്ത്രധാരണം ശരീരത്തെ ചൂടുപിടിപ്പിക്കും. കാറ്റു തട്ടാത്ത രീതിയില്‍ വസ്ത്രം ധരിച്ചാല്‍ വൃഷണങ്ങളില്‍ ബീജം വളരാന്‍ സാധിക്കാതെ നശിച്ചുപോകും. ഗര്‍ഭാശയത്തിലേക്ക് കാറ്റ് കടക്കുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് സ്ത്രീകളുടെ കാര്യത്തില്‍ നല്ലത്. ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം.

പ്രമേഹം മുഖ്യശത്രു

സ്ത്രീക്കും പുരുഷനും പ്രമേഹം അനപത്യതയ്ക്കുള്ള കാരണമാകാറുണ്ട്. വാതരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, ഹെര്‍ണിയ, പാരമ്പര്യരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, അര്‍ശസ്സ് പോലുള്ളവ ലൈംഗികശേഷി കുറയ്ക്കുന്നതായി കാണാറുണ്ട്.

ലൈംഗികമല്ലാത്ത ഏതെങ്കിലും രോഗം അനപത്യതയ്ക്ക് കാരണമാകുന്നുവെങ്കില്‍ ആ രോഗത്തിന് ആദ്യം ചികിത്സയിലൂടെ ശമനമുണ്ടാക്കുകയാണ് വേണ്ടത്. ഈ ചികിത്സയ്‌ക്കൊപ്പം തന്നെ ആര്‍ത്തവശുദ്ധിക്കും ബീജശുദ്ധിക്കും ചികിത്സകള്‍ നല്‍കണം.

പ്രായം പ്രധാനം

ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീയുടെ പ്രായത്തിന് പ്രാധാന്യമുണ്ട്. സന്താനലബ്ധിക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രായം സ്ത്രീക്ക് പതിനെട്ടും പുരുഷന് 21ഉം ആണ്. കേരളീയ സാഹചര്യത്തില്‍ ഇത് സാധ്യമാകാറില്ല. എങ്കിലും സ്ത്രീക്ക് ഗര്‍ഭധാരണത്തിന് 18-25 പ്രായമാണ് നല്ലത്. പ്രായം കൂടുന്നത് പ്രത്യുത്പാദനശേഷിയെയും ബാധിക്കും. വന്ധ്യതാചികിത്സയിലും പ്രായം പ്രധാനഘടകമാണ്.

വ്യായാമം ഗുണകരം

പ്രത്യുത്പാദന വ്യവസ്ഥ ഭംഗിയായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ആരോഗ്യം വേണം. ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് ലൈംഗികജീവിതം അത്ര സുഖകരമായിരിക്കില്ല. കുടവയറും പ്രധാനപ്രശ്‌നമാണ്. ശരിയായ ലൈംഗികശേഷി ഉണ്ടാവുന്നതിനും താത്പര്യം ഉണ്ടാവുന്നതിനും ബീജോത്പാദനവും ശുക്ലോത്പാദനവും നന്നായി നടക്കാനും ശാരീരികാരോഗ്യം പ്രധാനമാണ്. പ്രത്യുത്പാദനവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ആര്‍ത്തവശുദ്ധിക്കും ചിട്ടയായ വ്യായാമം ഗുണം ചെയ്യും.
ആയുര്‍വേദവിധിപ്രകാരം ലൈംഗിക ഉത്തേജനം കൂട്ടാന്‍ പറ്റിയ വ്യായാമം നീന്തലാണ്. നല്ല വെള്ളമുള്ള കുളത്തില്‍ ദിവസവും അര മണിക്കൂറെങ്കിലും നീന്തിക്കുളിക്കുന്നത് ശരീരത്തിന് ഉണര്‍വ് നല്കും. അതിലുപരി ഇത് പ്രത്യുത്പാദന അവയവങ്ങളെ തണുപ്പിക്കും. ബീജാര്‍ത്തവശുദ്ധികള്‍ക്ക് നീന്തിക്കുളി ഗുണം ചെയ്യാറുണ്ട്.

ദിവസവും അല്പസമയം നീണ്ടുനിവര്‍ന്നുള്ള നടത്തം ശീലമാക്കുന്നത് ശരീരത്തില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ ഉണ്ടാവാന്‍ സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവചക്രം കൃത്യമാകാനും നടത്തം നല്ലതാണ്. കാല്‍മുട്ട് നിലത്ത് കുത്തി നെറ്റി തറയില്‍ തട്ടിച്ച് നമസ്‌കരിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭാശയത്തിന് ആരോഗ്യം ഉണ്ടാക്കുന്ന വ്യായാമമാണ്. പുരുഷന് സൂര്യനമസ്‌കാരമാണ് നല്ലത്. പകലുറങ്ങുന്നതും അമിതമായി ഉറങ്ങുന്നതും ഉറക്കം തീരെ കുറയുന്നതും നന്നല്ല. അമിത ഉറക്കക്കാരുടെ ബീജത്തിന് ഉണര്‍വ് കുറവായിരിക്കും. ആര്‍ത്തവദുഷ്ടിക്കും പകലുറക്കം കാരണമാകാം.

സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ചില പ്രത്യേക ചര്യകള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗികബന്ധം നന്നല്ല. ആര്‍ത്തവകാലത്ത് സ്ത്രീയുടെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ആ സമയത്ത് വിശ്രമമാണ് വേണ്ടത്. ആര്‍ത്തവകാലത്ത് പുല്‍പ്പായയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നത് ഗര്‍ഭാശയ ആരോഗ്യത്തിന് സഹായിക്കും.

സിസേറിയന് ശേഷം ദേഹരക്ഷ

എനിക്ക് 26 വയസ്സുണ്ട്. ആദ്യ പ്രസവമാണ്. സിസേറിയനിലൂടെയാണ് പ്രസവം നടന്നത്. സിസേറിയനുശേഷം സാധാരണ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
സഫാന മുഹമ്മദലി, ആലുവ

സിസേറിയനിലൂടെ പ്രസവിക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികം വര്‍ധിച്ചിരിക്കുന്നു. 20-25% സ്ത്രീകള്‍ ഇന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്കുന്നത്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യസ്ഥിതി പ്രതികൂലമായി വരുന്ന സാഹചര്യങ്ങളിലാണ് സിസേറിയന്‍ വേണ്ടിവരുന്നത്.

സിസേറിയന് ശേഷം

സിസേറിയന് ശേഷം നല്കുന്ന പരിചരണം, ചികിത്സ, കരുതല്‍, പ്രസവരക്ഷ എന്നിവ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഓപ്പറേഷന്‍ ചെയ്യേണ്ടിവരുന്ന സാഹചര്യം, അമ്മയുടെ ആരോഗ്യസ്ഥിതി, ഓപ്പറേഷന്‍ സമയത്തുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവ അവയില്‍ പ്രധാനപ്പെട്ട ചിലതാണ്.

ഗര്‍ഭകാലത്തേക്കാളും അധികം ശ്രദ്ധയും പരിചരണവും അവശ്യം വേണ്ട ദിനങ്ങളാണ് പ്രസവശേഷമുള്ള കാലഘട്ടം. മുറിവു മൂലമുണ്ടാകുന്ന അതികഠിനമായ വേദന പലര്‍ക്കും താങ്ങാനാവാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മുലപ്പാലിലൂടെ ഇത് കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും നവജാതശിശുവിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
ആദ്യത്തെ 12 മണിക്കൂറിനുശേഷം പതുക്കെ എണീറ്റ് നടക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍. ആദ്യം എണീക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടാം. അല്പം ശ്രദ്ധിച്ചാല്‍ മാത്രം മതി. ഏതെങ്കിലും വശത്തേക്ക് ചരിഞ്ഞ് എണീക്കുന്നതാണ് ഉത്തമം. അതുമൂലം തയ്യലിലുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനാവും. ചുമയ്ക്കുകയോ മറ്റോ ചെയ്യേണ്ടിവന്നാല്‍ തയ്യലിന്റെ ഭാഗത്ത് കൈകൊണ്ട് താങ്ങ് നല്കാവുന്നതാണ്. മൂന്നാം ദിവസം മുറിവിന്റെ പുറത്തുള്ള ഡ്രസിംഗ് മാറ്റിക്കഴിഞ്ഞാല്‍ കുളിക്കാം. വൃത്തിയുള്ള തുണിയുപയോഗിച്ച് തയ്യലിന്റെ ഭാഗത്തുള്ള ഈര്‍പ്പം തുടച്ച് ഉണക്കുകയും വേണം. ഉപ്പുവെള്ളം കൊണ്ട് മുറിവിന്റെ ഭാഗം കഴുകുന്നത് മുറിവുണങ്ങാന്‍ സഹായിക്കും.
ഓപ്പറേഷന് ശേഷം സാധാരണ പ്രസവശേഷമുള്ളതുപോലെ രക്തസ്രാവം ഉണ്ടാവാം. അതുകൊണ്ടുതന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള തുണിയോ പാഡോ ഉപയോഗിക്കണം. 6 മണിക്കൂറിനിടയ്ക്ക് അത് മാറ്റുകയും വേണം.

ആഹാരക്രമം

ഓപ്പറേഷനുശേഷം ആദ്യത്തെ 12 മണിക്കൂറിനുശേഷം വെള്ളവും മറ്റു പാനീയങ്ങളും ഉപയോഗിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാവണം എന്നുമാത്രം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പിറ്റേ ദിവസം കട്ടി കുറഞ്ഞ ആഹാരം കഴിച്ചുതുടങ്ങാം. മൂന്നാം ദിവസം മുതല്‍ സാധാരണ ആഹാരം കഴിക്കാം. മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. ഗര്‍ഭകാലത്തു കഴിച്ചതുപോലുള്ള പോഷകമൂല്യമുള്ള ആഹാരം കഴിക്കണം. വെള്ളം ധാരാളം കുടിക്കണം. വെള്ളം കുടിക്കാതിരുന്നാല്‍ ദോഷങ്ങള്‍ പലതാണ്, പ്രത്യേകിച്ചും മൂത്രാശയരോഗങ്ങള്‍. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ മൂത്രാശയത്തില്‍ പഴുപ്പും അതുമൂലം പനിയും മൂത്രമൊഴിക്കുമ്പോള്‍ വേദനയും മറ്റു പ്രശ്‌നങ്ങളുമുണ്ടാകുന്നു.
പ്രസവത്തിനുശേഷം എത്രയും നേരത്തേ മുലയൂട്ടുന്നുവോ അത്രയും നല്ലത്. ശരിയായ രീതിയിലും അളവിലും മുലപ്പാലുണ്ടാവാന്‍ നേരത്തേ തന്നെ കുഞ്ഞിനെ മുലയൂട്ടണം. 

5-6 ദിവസങ്ങള്‍ക്കുള്ളില്‍ വയറിലുള്ള മുറിവുണങ്ങും. എന്നാലും ഗര്‍ഭപാത്രത്തിലുള്ള മുറിവുണങ്ങാന്‍ ആറ് ആഴ്ചയെങ്കിലും എടുക്കാം. അതുകൊണ്ട് ഈ സമയത്ത് ആയാസകരമായ ജോലിയില്‍ ഏര്‍പ്പെടുന്നത് നല്ലതല്ല. 

രക്തം ഉണ്ടാവാനുള്ള അയണ്‍ ഗുളിക, കാത്സ്യം ഗുളിക എന്നിവയല്ലാതെ മറ്റൊന്നും കഴിക്കേണ്ട ആവശ്യമില്ല. മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ഗുളികകള്‍ കഴിക്കണം. ആറാഴ്ച കഴിഞ്ഞശേഷം യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ കൂടി നിര്‍ബന്ധമായും ഡോക്ടറെ കാണണം. അടുത്ത ഗര്‍ഭധാരണം രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ടാകുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. അതുകൊണ്ടുതന്നെ യോജിച്ച ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കണം.

വന്ധ്യതയ്ക്ക് ചികിത്സിക്കേണ്ടതെപ്പോള്‍

എനിക്ക് 25 വയസ്സായി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇതുവരെയും കുട്ടികള്‍ ഇല്ല. 5 മാസമായപ്പോള്‍ ഞങ്ങള്‍ ഒരു ഡോക്ടറെ കണ്ട് സ്‌കാനിങ് നടത്തി. ടശുവലില100 എന്ന ഗുളിക തന്നു. മാസമുറ തുടങ്ങി 10-ാം ദിവസം മുതല്‍ ഫോളിക്കുലാര്‍ സ്റ്റഡി നടത്തി. അണ്ഡം ധാരാളം ഉണ്ടാവുന്നുണ്ട്. ഭര്‍ത്താവിന് കുഴപ്പമൊന്നുമില്ല. സാധാരണ നിലയില്‍ ഗര്‍ഭിണിയാവാന്‍ അണ്ഡാശയങ്ങളില്‍ എത്ര അണ്ഡങ്ങള്‍ വേണം?

സുജാത, തിരുവനന്തപുരം

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമെങ്കിലും ആരോഗ്യകരമായ, കൃത്യമായ ലൈംഗികബന്ധത്തിനുശേഷവും ഗര്‍ഭിണിയായില്ലെങ്കില്‍ മാത്രമാണ് വന്ധ്യതയെന്ന് സൂചിപ്പിക്കുന്നത് എന്നതാണ് ശാസ്ത്രീയസത്യം. പ്രത്യേകിച്ചും സ്ത്രീയുടെ പ്രായം 28 വയസ്സിനു താഴെയാണെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞു മതി പരിശോധനയും ചികിത്സയും. 30 വയസ്സിനുമേല്‍ സ്ത്രീക്ക് പ്രായമുണ്ടെങ്കില്‍മാത്രം 6 മാസം കഴിയുമ്പോള്‍ പരിശോധന ആവശ്യമാണ്.
ഒരു പ്രാവശ്യം ബന്ധപ്പെട്ടാല്‍ മാത്രം ഗര്‍ഭധാരണം നടക്കുന്നത് വളരെ അപൂര്‍വമാണ്. കൃത്യമായി മാസമുറയുള്ളവരില്‍, അതായത് 28-30 ദിവസങ്ങളില്‍ മാസമുറയുള്ളവരില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബന്ധപ്പെട്ടാല്‍ ഗര്‍ഭിണിയാവാനുള്ള സാധ്യത 30-35 ശതമാനം മാത്രമാണ്. ഒരു ആര്‍ത്തവചക്രത്തിന്റെ മധ്യഭാഗത്തുള്ള മൂന്നോ നാലോ ദിവസം മാത്രമാണ് ഗര്‍ഭധാരണത്തിന് സാധ്യതയുള്ളത്. ഇതുവെച്ച് കണക്കാക്കിയാല്‍ ഒരു വര്‍ഷത്തോളം കൃത്യമായി ബന്ധപ്പെട്ടാലേ 100 ശതമാനം ദമ്പതികള്‍ക്കും ഗര്‍ഭധാരണ സാധ്യതയുള്ളൂ.
ഓരോ ആര്‍ത്തവചക്രത്തിലും 5 മുതല്‍ 10 വരെ അണ്ഡകോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. എങ്കിലും, ഒന്നു മാത്രമേ പൂര്‍ണവളര്‍ച്ച പ്രാപിക്കുകയുള്ളൂ. ഓരോ മാസവും ഒരു അണ്ഡാശയത്തില്‍ നിന്നാണ് അണ്ഡം വളരുന്നത്. കൃത്യമായ മാസമുറയുള്ള സ്ത്രീകളില്‍ ഇടത്തെയും വലത്തെയും അണ്ഡാശയത്തില്‍നിന്ന് മാറി മാറി അങ്ങനെ വളരുന്നു. ഈ വളര്‍ച്ചയ്ക്ക് ശരിയായ ഹോര്‍മോണ്‍ പ്രവര്‍ത്തനം അത്യാവശ്യമാണ്. ഗര്‍ഭിണിയാവാന്‍ അണ്ഡം ഒന്നു മാത്രം മതി. പക്ഷേ, ബീജങ്ങള്‍ ധാരാളം വേണം. അതും നല്ല ചലനക്തിയുള്ളവ. അണ്ഡോല്പാദനം ശരിയായി നടക്കുന്ന ദമ്പതികള്‍ കുറച്ചുകൂടി ക്ഷമിക്കുന്നതാണ് നല്ലത്.

മനസ്സും വന്ധ്യതയും

പ്രത്യുല്പാദന അവയവങ്ങളുടെ പ്രവര്‍ത്തനം, മനസ്സും ചിന്തയും തലച്ചോറുമായി വളരെ സങ്കീര്‍ണമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ദമ്പതികളുടെ മനസ്സിലുണ്ടാകുന്ന ചെറിയ സമ്മര്‍ദംപോലും ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്താം. വിവാഹം കഴിഞ്ഞ് അഞ്ചു മാസമായല്ലോ; ഗര്‍ഭിണിയായില്ലല്ലോ എന്ന ചിന്തമാത്രം മതി ഗര്‍ഭധാരണം വൈകാന്‍. അതോടൊപ്പം വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യശരങ്ങള്‍ കൂടിയാവുമ്പോള്‍ ആശങ്ക അധികമാവും.

ഈ ആശങ്ക മനസ്സില്‍ നിറച്ച് ഗര്‍ഭിണിയാവില്ലേ എന്ന ടെന്‍ഷനിലൂന്നിയാവും ഓരോ പ്രാവശ്യവും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. ഈ സമ്മര്‍ദംമൂലം ചടങ്ങായി മാറുന്ന ബന്ധപ്പെടല്‍ സ്വാഭാവികഗര്‍ഭ ധാരണത്തിന് ഉതകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടയുന്നു. ഫലമോ? ഗര്‍ഭധാരണം വീണ്ടും വൈകുന്നു.

പരിഹാരമാര്‍ഗങ്ങള്‍

വന്ധ്യതയ്ക്ക് എപ്പോള്‍ ചികിത്സ തുടങ്ങണം, എപ്പോള്‍ നൂതനവും അതിനൂതനവുമായ ചികിത്സാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം ഇവയെക്കുറിച്ചെല്ലാം വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. അമിത ആശങ്കയുള്ള രോഗികളെ തൃപ്തിപ്പെടുത്താന്‍വേണ്ടി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ചികിത്സാവിധികള്‍ ഉപയോഗിക്കുന്ന പ്രവണത ഏറിവരുന്നു. 
വിശദമായ പരിശോധനയാണ് ആദ്യപടി. പ്രത്യേകിച്ചും സ്ത്രീകളില്‍ ആര്‍ത്തവചക്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് പല പരിശോധനകളും ചെയ്യേണ്ടത്. മൂന്നോ നാലോ മാസം എടുക്കും പരിശോധനയ്ക്കുമാത്രം. കൃത്യമായ കാരണം കണ്ടുപിടിച്ചിട്ടു ചെയ്യേണ്ടതാണ് ചികിത്സാവിധികള്‍. അതും ഘട്ടംഘട്ടമായി. 
ആദ്യഘട്ടം ഉപയോഗിക്കുന്ന മരുന്നുകള്‍ അതിന്റെ കാലാവധി അനുസരിച്ച് ഉപയോഗിച്ച് ഫലപ്രദമായില്ലെങ്കില്‍ ലാപ്രോസ്‌കോപി, ഹോര്‍മോണ്‍ പരിശോധന തുടങ്ങിയ അടുത്ത ഘട്ടത്തിലേക്ക് കടക്കാവൂ. രണ്ടാം ഘട്ടവും ഫലപ്രദമായില്ലെങ്കിലേ ഐ.യു.ഐ., ഇക്‌സി, ടെസ്റ്റ്ട്യൂബ് തുടങ്ങിയ അതിനൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കാവൂ. ഈ ചികിത്സാ വിധികള്‍ പൂര്‍ത്തിയാവാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടായേക്കാം. ദമ്പതികള്‍ ക്ഷമയോടെ, മടുത്തുപോകാതെ വിശ്വാസത്തോടെ ചികിത്സ തുടരുകയാണ് വേണ്ടത്.

ഗര്‍ഭകാലത്തെ ഞരമ്പ്് തടിക്കല്‍

നാലു കുട്ടികളുടെ അമ്മയാണ് ഞാന്‍. ഗര്‍ഭിണിയായിരുന്നപ്പോള്‍ കാലുകളിലും തുടയുടെ ഭാഗത്തും നീലിച്ച് ഞരമ്പ് പിടച്ച് കിടപ്പുണ്ടായിരുന്നു. ഇപ്പോഴും അതുണ്ട്. മാസമുറ സമയത്ത് വല്ലാത്ത ബുദ്ധിമുട്ടാണ്. വേദനയും ബ്ലീഡിങ്ങും ഉണ്ട്. ഞരമ്പു പിടച്ചില്‍കൊണ്ടാണോ ഇതെല്ലാം?


ശില്‍പ്പ, കണ്ണൂര്‍

ഇത്തരത്തില്‍ ഞരമ്പുകളില്‍ ഉണ്ടാകുന്ന തടിപ്പിന് വെരിക്കോസ് വെയിന്‍ എന്നാണ് പറയുന്നത്. ഇത് മിക്കവാറും പ്രസവശേഷം അപ്രത്യക്ഷ മാവാറുണ്ട്.

പല കാരണങ്ങള്‍കൊണ്ടാണ് ഗര്‍ഭകാല ഞരമ്പ് പിടച്ചില്‍ ഉണ്ടാവുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഉണ്ടാവുന്ന ചില പ്രത്യേകതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം കാലിലെ ഞരമ്പുകളില്‍ ദ്രാവകം തങ്ങിനില്‍ക്കുന്നു. വളരുന്ന ഗര്‍ഭസ്ഥശിശുവിന് സൗകര്യമായി കിടപ്പിനാവാശ്യമായി ഗര്‍ഭപാത്രം വികസിക്കുകയാണല്ലോ. ഗര്‍ഭപാത്രത്തിന്റെ പിറകില്‍ സ്ഥിതിചെയ്യുന്ന ധമനികളില്‍ സമ്മര്‍ദം ഉണ്ടാവുകയും ഇതിന്റെ ഫലമായി കാലില്‍നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം മന്ദീഭവിക്കുകയും തങ്ങിനില്‍ക്കുകയും ഞരമ്പുകള്‍ തടിച്ചുവരികയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ ഉണ്ടാവുന്ന ഞരമ്പ് തടിപ്പ് പ്രസവശേഷം പൂര്‍ണമായി മാറുന്നു. ചിലരില്‍ പാരമ്പര്യം ഒരു കാരണമാവാറുണ്ട്. ഇക്കൂട്ടരില്‍ പ്രസവശേഷവും ഇതൊരു പ്രശ്‌നമായി തുടരുന്നു. തുടരേതുടരേയുള്ള ഗര്‍ഭധാരണമാണ് മറ്റൊരു പ്രധാന കാരണം.

രോഗലക്ഷണങ്ങള്‍

ആറുമാസത്തിനുശേഷം കണങ്കാലിലുണ്ടാവുന്ന നീര്-പ്രത്യേകിച്ച് കുറച്ചു സമയം നില്‍ക്കുമ്പോള്‍-കാലിലുണ്ടാകുന്ന വേദന പ്രത്യേകിച്ചും പാദങ്ങളില്‍-ഇവയെല്ലാം ആദ്യലക്ഷണങ്ങളാണ്. അപ്പോള്‍ മുന്‍കരുതലുകള്‍ എടുത്താല്‍ വെരിക്കോസ് വെയിന്‍ തടയാനാവും. ഇല്ലെങ്കില്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ വീര്‍ത്ത്, നീലിച്ച്, പിണഞ്ഞുകിടക്കും.

പ്രതിവിധി

വെരിക്കോസ് വെയിന്‍മൂലമുണ്ടാകുന്ന വേദനയും അസ്വസ്ഥതയും കണക്കിലെടുത്ത് ഇത് തീരെ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതാണ് അഭികാമ്യം. ആറുമാസം ഗര്‍ഭമാവുമ്പോഴേക്കും മുന്‍കരുതലുകള്‍ ശീലിച്ചു തുടങ്ങണം. അധികനേരം നില്‍ക്കേണ്ടി വന്നാല്‍, ഒരു പാദം പെട്ടിയിലോ ഉയരം കുറഞ്ഞ സ്റ്റൂളിലോ ഉയര്‍ത്തിവെക്കുക. ഇടവിട്ട് നടക്കുകയും വേണം. നടക്കുമ്പോള്‍ മാംസപേശികള്‍ അയയുവാനും കാലുകളിലും പാദങ്ങളിലും ഉള്ള ധമനികളില്‍ രക്തം തങ്ങിനില്‍ക്കുന്നത് തടയുവാനും സഹായിക്കും. നടന്നാല്‍ രോഗം കൂടുമെന്നും വിശ്രമം എടുത്താല്‍ മാറുമെന്നും ഒരു തെറ്റുധാരണ പരക്കേയുണ്ട്. പകല്‍ അടുക്കളജോലിയില്‍ വ്യാപൃതരായിരിക്കുന്നവര്‍, ഇടയ്ക്കിടയ്ക്ക് കാലുകള്‍ ഉയര്‍ത്തിവെക്കുന്നത് നല്ലതാണ്. ഉറങ്ങുമ്പോള്‍ തലയിണയോ മറ്റോ വെച്ച് കാലുകള്‍ ഉയര്‍ത്തിവെക്കുക. ഇലാസ്റ്റിക് കാലുറകള്‍ ഉപയോഗിക്കുന്നത് മറ്റൊരു പ്രതിവിധിയാണ്. കാലിന്റെ തുടഭാഗം വരെ നീളമുള്ള കാലുറകള്‍ ആണ് നല്ലത്.
ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. പാദം മുതല്‍ തുടയുടെ മുകള്‍ഭാഗംവരെ ബാന്‍ഡേജ് ചുറ്റിയാല്‍ മാത്രമേ പ്രയോജനമുള്ളൂ. എല്ലാ സമയത്തും ബാന്‍ഡേജ് ചുറ്റിയിരിക്കണം. തോന്നുമ്പോള്‍ അഴിച്ചുമാറ്റിയാല്‍ ഗുണം ചെയ്യില്ല. 

ചിലതരം ഗുളികകള്‍ ഇന്ന് ലഭ്യമാണ്. തത്കാലം ആശ്വാസം ലഭിക്കുമെങ്കിലും പൂര്‍ണമായ സൗഖ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഗുളികകളുടെ ഗര്‍ഭകാലത്തുള്ള ഉപയോഗം എത്രകണ്ട് സുരക്ഷിതമാണെന്നു പറയാനുമാവില്ല.

ശസ്ത്രക്രിയയും മറ്റു ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സാ രീതികളും ലഭ്യമാണ്. പക്ഷേ, ഗര്‍ഭാവസ്ഥയില്‍ അവയൊന്നും പൂര്‍ണമായും പരിഹാരമല്ല.

വെരിക്കോസ് വെയിനും ആര്‍ത്തവവും

മൂന്നോ അതിലധികമോ പ്രാവശ്യം ഗര്‍ഭിണിയാകുന്നവരില്‍ ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. പ്രസവശേഷം ശരീരം പൂര്‍വസ്ഥിതിയിലാവാന്‍ രണ്ടുമൂന്ന് വര്‍ഷമെങ്കിലും എടുക്കും. ഇതിനിടയില്‍ വീണ്ടും ഗര്‍ഭിണിയാവുന്നത് കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് കാരണമാവുന്നു. ഗര്‍ഭപാത്രത്തിലും അതിനു ചുറ്റുമുള്ള രക്തധമനികളിലും ഉണ്ടാവുന്ന മാറ്റം അങ്ങനെ നിലനില്‍ക്കുകയും പിന്നീട് ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.


ഡോ. നിര്‍മല സുധാകരന്‍
പ്രൊഫസര്‍, ഗൈനക്കോളജി വിഭാഗം
മെഡിക്കല്‍ കോളജ്, തിരുവനന്തപുരം

എസ്.എല്‍.ഇ രോഗികളുടെ ഗര്‍ഭധാരണം

'എസ്.എല്‍.ഇ.' എന്ന രോഗം ബാധിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാന്‍. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഈ രോഗം കണ്ടുപിടിച്ചത്. ഇപ്പോള്‍ എന്റെ മകള്‍ വളര്‍ന്ന് വിവാഹിതയായി. ഇതുവരെ മറ്റു രോഗങ്ങളൊന്നും അവള്‍ക്കുണ്ടായിട്ടില്ല. അവള്‍ക്ക് ഗര്‍ഭിണിയാവാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ?

കാര്‍ത്തിക, നടത്തറ

അടുത്ത തലമുറയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന ഒരപൂര്‍വ രോഗമാണ് എസ്.എല്‍.ഇ. എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസിസ് (ട്യേെലാശര ഘൗുൗ െഋൃശവേലാലീേശെ)െ എന്ന രോഗം.

എസ്.എല്‍.ഇ രോഗമുള്ളവരില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം താളംതെറ്റും. ഇതിന്റെ ഫലമായി സ്വന്തം ശരീരത്തിലെ കോശങ്ങളെയും പുറമെനിന്നുള്ള മറ്റു രോഗാണുക്കളെയും വേര്‍തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇതുമൂലം സ്വന്തം ശരീരത്തെ ശത്രുവാണെന്ന് തെറ്റിദ്ധരിച്ച് കോശങ്ങള്‍ക്കെതിരെ പ്രതിപ്രവര്‍ത്തനം നടത്തുന്നതുമൂലം പല രോഗലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു.

രോഗലക്ഷണങ്ങള്‍

രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിശേഷം ഭേദമാക്കാനുള്ള ചികിത്സകളുമില്ല. ഇക്കാരണങ്ങള്‍കൊണ്ടാണ് ഈ രോഗത്തിന്റെ നിര്‍ണയവും ചികിത്സയും വൈകുന്നത്. മാത്രമല്ല, ഒരിക്കല്‍ പ്രാരംഭലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം, കുറെ നാള്‍ കഴിഞ്ഞ് എല്ലാ രോഗലക്ഷണങ്ങളും അപ്രത്യക്ഷമാവും. അതുകൊണ്ട് രോഗം ഭേദമായി എന്ന മിഥ്യാധാരണ ഉണ്ടാവുന്നു. ഈ സമയത്തും പ്രതിപ്രവര്‍ത്തനം ഒരു തടസ്സവുംകൂടാതെ നടക്കുന്നുണ്ടാവും. മറ്റ് അസ്വസ്ഥകള്‍ ഉണ്ടാവാത്തതുകൊണ്ട് ഇപ്പോള്‍ അസുഖമില്ല എന്ന തോന്നലുണ്ടാവുന്ന രോഗി മരുന്ന് നിര്‍ത്തുന്നു. സ്വയം അറിയാതെ രോഗം ഗുരുതരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമായും വൃക്ക, തൊലിപ്പുറം, രക്താണുക്കള്‍, സന്ധി ഇവയെയെല്ലാമാണ് രോഗം ബാധിക്കുന്നത്.
രോഗത്തിന്റെ മൂലകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും പാരമ്പര്യവും ഒരു കാരണമായി കണക്കാക്കപ്പെടുന്നു. ഇത്തരം രോഗമുള്ളവരില്‍ ഭൂരിഭാഗം പേരുടെ കുടുംബത്തിലും രോഗലക്ഷണമുള്ള ഒരാളെങ്കിലും ഉണ്ടെന്നുള്ളതാണ് വസ്തുത. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ഇവരിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്കും രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ശരീരകോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പ്രത്യേകതരം ഘടകങ്ങളെ നൂതന രക്തപരിശോധനയിലൂടെ മാത്രമേ കണ്ടുപിടിക്കാനാവൂ. ചെലവേറിയ ഈ രക്തപരിശോധനകള്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള ലബോറട്ടറികളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഗര്‍ഭിണിയാകാമോ?

വളരെ ചിന്തിച്ചും വിദഗ്ധ പരിശോധനകള്‍ക്കും ശേഷം മാത്രം തീരുമാനിക്കേണ്ടതാണ് ഗര്‍ഭിണിയാകാമോ എന്നത്. രോഗം ഏതെല്ലാം അവയവങ്ങളെ ബാധിച്ചിട്ടുണ്ട്? എത്ര ഗുരുതരമാണ് രക്തത്തിലെ ആന്റിബോഡിയുടെ അളവ്, ഉപയോഗിക്കുന്ന മരുന്നിന്റെ എണ്ണം, തരം, ഡോസ്, അങ്ങനെ പല കാര്യങ്ങള്‍ കണക്കിലെടുത്താണ് ഗര്‍ഭിണിയാവാമോ എന്ന് തീരുമാനിക്കേണ്ടത്. ചുരുങ്ങിയത് നാലു മാസമെങ്കിലും രോഗം നിയന്ത്രണമായ സാഹചര്യത്തിലെ ഗര്‍ഭിണിയാകാവൂ. ഉപയോഗിച്ചിരുന്ന ചില മരുന്നുകള്‍ നിര്‍ത്തിവെക്കേണ്ടതായും വരും.
രോഗം ബാധിച്ച സ്ത്രീക്ക്, രോഗാവസ്ഥ നിയന്ത്രണത്തിലാണെങ്കില്‍പോലും ഗര്‍ഭകാലം അത്ര സുരക്ഷിതമല്ല. ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രകടമാവുന്നതും ഗര്‍ഭിണിയാകുമ്പോഴാകും. മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവരിലും രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. തുടരെത്തുടരെ ഗര്‍ഭം അലസിപ്പോവുക, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കുക, ഗര്‍ഭാവസ്ഥയില്‍തന്നെ കുഞ്ഞിന് മരണം സംഭവിക്കുക തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ട്. വൃക്കയില്‍ ഈ രോഗം ബാധിച്ചവരിലാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നത്. ഗര്‍ഭിണിയാവുമ്പോഴേക്കും ഇവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാവുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം മരുന്നുകള്‍ കൊണ്ടുപോലും നിയന്ത്രിക്കാനാവാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാവും. ഇതുമൂലം അമ്മയുടെ ജീവനുതന്നെ ഭീഷണിയാവാനും കാരണമാവുന്നു.
ആധുനിക സജ്ജീകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉള്ള ആശുപത്രിയിലാവണം ഇത്തരക്കാരുടെ ഗര്‍ഭകാല പരിരക്ഷയും പ്രസവവും നടത്തേണ്ടത്. ആധുനിക ചികിത്സാരീതികള്‍ നല്‍കുന്നതുമൂലം ഇങ്ങനെ പല അമ്മമാരും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നു എന്നതും ആശ്വാസത്തിന് വകയേകുന്നു.

ഡോ. നിര്‍മല സുധാകരന്‍

കടപ്പാട്-channelkeralalzone.blogspot.in,മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 1/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate