പലരും ഗര്‍ഭത്തിന്റെ ആദ്യലക്ഷണം ഛര്‍ദ്ദിയിലൂടെയാണു തിരിച്ചറിയുക. ഈ ഛര്‍ദി (മോണിങ് സിക്നസ്) മിക്കവാറും ഒന്നാം ഘട്ടത്തോടെ (12 ആഴ്ച) മാറുമെങ്കിലും ചില സ്ത്രീകളില്‍ അത് 24 ആഴ്ചവരെയും മറ്റു ചിലര്‍ക്കു പ്രസവം വരെയും നീണ്ടു നില്‍ക്കാറുണ്ട്. ഒന്നാമത്തെ പ്രസവത്തിലാണു ഛര്‍ദ്ദിയുള്‍പ്പെടെയുള്ള പ്രഭാത അസ്വസ്ഥതകള്‍ കൂടുതല്‍ കാണാറ്. ആഹാരം തീരെ കഴിക്കാനാവാത്ത വിധം പ്രശ്നമുള്ളവര്‍ ഡോക്ടറുടെ സേവനം തേടണം.
ഭയം, ഗര്‍ഭഛിദ്രത്തെ
ഗര്‍ഭിണിയാണെന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഗ്രഭഛിദ്രമുണ്ടാകുമോ എന്ന ഭയത്തിലാണ് മിക്ക സ്ത്രീകളും. ഗര്‍ഭഛിദ്രം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നും രണ്ടും ഘട്ടങ്ങളിലാണ്. അതുകഴിഞ്ഞാല്‍ ഗര്‍ഭമലസാനുള്ള സാധ്യത വളരെ വിരളമാണ്. 12 ആഴ്ചയ്ക്കകം ഗര്‍ഭഛിദ്രമുണ്ടാകുന്നതിന്റെ പ്രധാന കാരണം പാരമ്പര്യ ഘടകങ്ങളാണ്
രണ്ടാം ഘട്ടത്തില്‍ പാരമ്പര്യകാരണങ്ങള്‍ കൊണ്ടോ, ഗര്‍ഭപാത്രത്തിന്റെ അസ്വാഭാവികത്വം കൊണ്ടോ ഗര്‍ഭമലസാം. ഗര്‍ഭപാത്രം ശരിയായനിലയിലല്ലെങ്കിലും മൂന്നുനാലു മാസം വരെ ഗര്‍ഭസ്ഥശിശു വളരുമെങ്കിലും പിന്നീടു വളരുവാന്‍ ഗര്‍ഭപാത്രം അനുവദിക്കാത്തതിനാല്‍ ഗര്‍ഭമലസല്‍ നടക്കും. കൂടാതെ, വൈറല്‍ പനികള്‍, യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിവ മൂലവും ഗര്‍ഭഛിദ്രം നടക്കാം. ഇതില്‍ യൂറിനറി ഇന്‍ഫക്ഷന്‍ തന്നെയാണു വലിയ വില്ലന്‍.
മൂത്രത്തില്‍ അണുബാധ ഉണ്ടായാല്‍
വന്ധ്യത, ഗര്‍ഭഛിദ്രം, കുഞ്ഞിന്റെ വളര്‍ച്ച കുറയല്‍, കുട്ടിക്ക് വളര്‍ച്ചയെത്തും മുമ്പുള്ള പ്രസവം തുടങ്ങി വിവിധ പ്രശ്നങ്ങള്‍ക്കു യൂറിനറി ഇന്‍ഫക്ഷന്‍ കാരണമാകുന്നു. മൂത്രസഞ്ചിയും വൃക്കകളും ഉള്‍പ്പെടെ മൂത്രനാളിയുമായി ബന്ധപ്പെട്ട ഏതുഭാഗത്തുണ്ടാകുന്ന അണുബാധയും ഗൌരവമര്‍ഹിക്കുന്നു.
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, അടിവയറ്റില്‍ നേരിയ വേദന, എന്നിവയില്‍ തുടങ്ങി മൂത്രത്തില്‍ രക്തം കാണുക, പനി മുതലായവ വരെയുള്ള ലക്ഷണങ്ങള്‍ മൂത്രത്തിലെ അണുബാധമൂലം ഉണ്ടാകാം. എന്നാല്‍ മിക്കവരിലും അണുബാധ രൂക്ഷമായ ശേഷമായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാവുക.
ഗര്‍ഭിണിയെ സംബന്ധിച്ച് അപകടകരമായ അവസ്ഥയാണിത്. അതിനാല്‍ തുടര്‍ച്ചയായ മൂത്രപരിശോധന (മാസത്തിലൊരിക്കല്‍) നടത്തുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്.
ധാരാളം വെള്ളം കുടിക്കുന്നതും മൂത്രം കെട്ടിനിര്‍ത്താതെ അടിക്കടി മൂത്രമൊഴിക്കുന്നതും അണുബാധകുറയാന്‍ സഹായിക്കും. ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം മൂത്രമൊഴിക്കുന്നത് ഇതുമൂലമുണ്ടാകാനിടയുള്ള അണുബാധ ഒഴിവാക്കാന്‍ സഹായിക്കും.
മഞ്ഞപ്പിത്തം സൂക്ഷിക്കാം
മഞ്ഞപ്പിത്തം പലതരമുണ്ട്. ഇതില്‍ വെള്ളത്തിലൂടെയും മറ്റും പകരുന്ന എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണു ഗര്‍ഭിണികളില്‍ കൂടുതലായി കാണാറുള്ളത്. നല്ല ചികിത്സയും വിശ്രമവും നല്‍കാമെങ്കില്‍ രോഗത്തെ അതിജീവിക്കാനാകും. ഭയപ്പെടേണ്ട ആവശ്യവുമില്ല. താഴ്ന്ന ജീവിത സാഹചര്യമുള്ളവരില്‍ ശുചിത്വക്കുറവുമൂലവും മറ്റും പലപ്പോഴും ചികിത്സ വേണ്ടത്ര ഫലപ്രദമാകാറില്ല. ആ സാഹചര്യത്തില്‍ രോഗം അപകടകാരിയാകും. ഗര്‍ഭസ്ഥ ശിശു മരണപ്പെടാന്‍ വരെ സാധ്യതയുണ്ട്.
അഞ്ചാം പനി അപകടം
അപകടകരമായ അവസ്ഥയാണ് അഞ്ചാം പനി അഥവാ മീസില്‍സ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ജര്‍മന്‍ മീസില്‍സ്. കുഞ്ഞിന് അംഗവൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ജീവഹാനിയോവരെ സംഭവിക്കാം. എന്നാല്‍ ഈ രോഗം വരാതിരിക്കാന്‍ എം എം ആര്‍ വാക്സിന്‍ (മീസില്‍സ്, മംസ്, റൂബല്ല വാക്സിനേഷന്‍) എടുത്താല്‍ മതി. പെണ്‍കുട്ടികള്‍ക്കു തീര്‍ച്ചയായും ഇത് എടുത്തിരിക്കണം.
അതുപോലെ വാക്സിനിലൂടെ തടയാവുന്ന രോഗമാണു ചിക്കന്‍ പോക്സ്. ഗര്‍ഭകാലത്തു ചിക്കന്‍ പോക്സിനൊപ്പം ന്യൂമോണിയ കൂടി വരാറുണ്ട്. ഈ ഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള ചികിത്സ വേണ്ടിവരും. ഗര്‍ഭകാലത്തു മലേറിയ, ടൈഫോയിഡ് എന്നിവ വരാതെ സൂക്ഷിക്കണം. ഇതു പലപ്പോഴും ഗര്‍ഭഛിദ്രത്തിനു കാരണമാകാറുണ്ട്.
ബി പിയും എക്ളാംസിയയും
ഗര്‍ഭകാലത്തെ മറ്റൊരു വില്ലനാണു ബ്ളഡ് പ്രഷര്‍. ബി പി കൂടി, കാലിലും സന്ധികളിലും നീരും മൂത്രത്തിന്റെ അളവു കുറയുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. മൂത്രത്തില്‍ പ്രോട്ടീന്‍ വര്‍ദ്ധിക്കുക, തലവേദന മുതലായ പ്രശ്നങ്ങളും ഒരുമിച്ചു വരാം. ഗര്‍ഭകാലത്തു മാത്രം കാണുന്ന പ്രശ്നങ്ങളെ പ്രീ എക്ളാംസിയ എന്നാണ് പറയുന്നത്. ഇതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. ഗര്‍ഭപാത്രത്തില്‍ വച്ചു കുഞ്ഞു മരിക്കാനോ, സമയത്തിനു മുമ്പു പ്രസവിക്കാനോ ഇതു കാരണമാവാം. അതിനാല്‍ ബി പി യോ പ്രീ എക്ളാംസിയയുടെ ലക്ഷണങ്ങളോ കണ്ടാല്‍ ചികിത്സിക്കാന്‍ മടിക്കേണ്ട. ബി പി ഉള്ള പക്ഷം 15 ദിവസത്തിലൊരിക്കല്‍ ടെസ്റ്റു ചെയ്യുകയും ഉപ്പിന്റെ ആധിക്യമുള്ള ഭക്ഷണങ്ങള്‍ (അച്ചാര്‍, പപ്പടം തുടങ്ങിയവ) ഒഴിവാക്കുകയും ആവശ്യമെങ്കില്‍ മരുന്നു കഴിക്കുകയും വേണം.
ഉയര്‍ന്ന ബിപി പരിധി കവിഞ്ഞാല്‍ അമ്മയുടെ തലയിലുള്ള ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും തന്‍മൂലം രക്തസ്രാവം മൂലം ഫിറ്റ്നസ് വന്നു കുഞ്ഞു വയറ്റില്‍വച്ചു മരിക്കുന്നതിനും കാരണമാകും. ഈ അവസ്ഥയ്ക്ക് എക്ളാംസിയ എന്നു പറയുന്നു. അതിനാല്‍ ഇത്തരമൊരു അപകടാവസ്ഥ ഉണ്ടായാല്‍ ഉടന്‍ മരുന്നിലൂടെ പ്രസവിപ്പിച്ചു കുട്ടിയെ പുറത്തെടുത്ത് അമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കും.
പ്രമേഹം വന്നാല്‍
13 ശതമാനത്തോളം ഗര്‍ഭിണികളും പ്രമേഹ രോഗികളാണത്രേ. പ്രമേഹം മൂലം ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ ഗര്‍ഭഛിദ്രമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രമേഹമില്ലെങ്കിലും 28ാം ആഴ്ചയില്‍ ഗൂക്കോസ് ചലഞ്ച് ടെസ്റ്റ് നടത്തി പ്രമേഹത്തിന്റെ സാധ്യത അറിയാന്‍ കഴിയും. അച്ഛനും അമ്മയ്ക്കും പ്രമേഹമുള്ളവരാണെങ്കില്‍ ഈ ടെസ്റ്റ് നേരത്തെ തന്നെ നടത്തണം. 28 ആഴ്ചയ്ക്കുശേഷം പ്രമേഹമുണ്ടായാല്‍ ഗര്‍ഭസ്ഥശിശു വേഗത്തില്‍ വളര്‍ന്നു വലുതായി സമയത്തിനു മുമ്പു പ്രസവിക്കാനും പ്രസവത്തില്‍ പ്രശ്നങ്ങളുണ്ടാകാനും ചിലപ്പോള്‍ കുഞ്ഞിന്റെ ജീവഹാനിക്കു തന്നെ കാരണമായേക്കാം.
വേരിക്കോസും പൈല്‍സും
ഗര്‍ഭസ്ഥശിശു വളരും തോറും ഇടുപ്പിലെ രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദവും കൂടും. ഇതുമൂലം കാലുകളില്‍ നിന്നുള്ള അശുദ്ധരക്തം അവിടെ തങ്ങിനില്‍ക്കുന്നതാണു വെരിക്കോസ് വെയിന് കാരണമാകുന്നത്.
പൈല്‍സിന്റെ അസുഖമുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതോടെ ആ രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നതായി കാണാറുണ്ട്.
ബെഡ് റെസ്റ്റ് എപ്പോള്‍?
ചിലരില്‍ കണ്ടുവരുന്ന ഒരവസ്ഥയാണു ഗര്‍ഭപാത്രം താഴേക്കു തള്ളിവരല്‍. ആദ്യ മൂന്നുമാസം കാലുകള്‍ ഉയര്‍ത്തിവച്ചു ബഡ്റെസ്റ്റ് എടുക്കുന്നതു നല്ലതാണ്. ഗര്‍ഭപാത്രം പിന്നീടു വലുതാകുമ്പോള്‍ ഇതു താനെ മാറിക്കോളും. അതുപോലെ 23 പ്രാവശ്യം അബോര്‍ഷനായിപ്പോയ ശേഷം വീണ്ടും ഗര്‍ഭിണിയായവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൂര്‍ണ വിശ്രമം നല്‍കുന്നതായിരിക്കും ഉത്തമം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ രക്തത്തുള്ളികള്‍ പോകുന്നതു കണ്ടാല്‍ വിശ്രമിക്കാന്‍ മടിക്കരുത്. ബെഡ്റെസ്റ്റ് തന്നെയാണ് ഇവിടെയും അഭികാമ്യം. കുഞ്ഞിനു വളര്‍ച്ച കുറവാണെങ്കിലും വിശ്രമത്തിലൂടെ അതു നികത്താന്‍ കഴിയും.
ആരോഗ്യവും, ആയുസും, അഴകും, ബുദ്ധി ശക്തിയും, സല്‍സ്വഭാവവും എല്ലാം തികഞ്ഞ ഒരു കുഞ്ഞ് ഏതൊരു അച്ഛന്റെയും അമ്മയുടെയും പ്രാര്‍ഥനയാണ്. അച്ഛന്‍െറയും അമ്മയുടെയും ശരീരം മാത്രമാണ് കുഞ്ഞിന്‍െറ അടിസ്ഥാനമാകുന്നതെന്ന ചിന്ത ശരിയല്ല. രണ്ടുപേരുടെ മനസും ചിന്തയും ഭാവനയുമെല്ലാം കുഞ്ഞിലേക്ക് പകരുക തന്നെ ചെയ്യും. ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ അച്ഛനമ്മമാരും ഒരുങ്ങണം.
നല്ല അച്ഛനും അമ്മയും ആവുക എന്നതാണ് നല്ല കുഞ്ഞുണ്ടാവാനുള്ളതിനുള്ള ആദ്യത്തെ ചുവടുവയ്പ്. ശുദ്ധ രക്തത്തില്‍ നിന്നും ആരോഗ്യമുള്ള കോശങ്ങളില്‍ നിന്നുമാണ് നവജാത കോശത്തിന് ആരോഗ്യമുള്ള ജീവന്‍ സ്വീകരിക്കാന്‍ സാധിക്കുക. ആരോഗ്യമുള്ള അച്ഛനു മാത്രമേ ആരോഗ്യമുള്ള ബീജത്തെ സൃഷ്ടിക്കാന്‍ കഴിയൂ. അണ്ഡവും അതു വളരുന്ന ചുറ്റുപാടും പരിശുദ്ധമായിരുന്നാലേ തുടര്‍ന്നുള്ള കോശവിഭജനങ്ങളും ഒരു കുഞ്ഞിലേക്കുള്ള വളര്‍ച്ചയും പൂര്‍ണമാവൂ. അണ്ഡവും ബീജവും ഒന്നുചേരുന്നതു മുതല്‍ പുതിയൊരു ജീവന്‍െറ തുടിപ്പ് സ്ത്രീ ഉദരത്തില്‍ ഏറ്റുവാങ്ങുകയാണ്. ഈ നിമിഷം മുതല്‍ അവള്‍ വിധേയയാവുന്ന ഓരോ വികാരവും അനുഭൂതിയും ആരോഗ്യപരിപാലനവും, ജീവിതരീതിയും എല്ലാം തന്നെ അവളിലെ നവചൈതന്യ തുടിപ്പിനെ ബാധിക്കുന്നു. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലഘട്ടം ശാരീരികവും മാനസികവുമായ പല മാറ്റങ്ങളുടേതുമാകുന്നു.
ശരീരം ശുദ്ധമാക്കുക
ഗര്‍ഭധാരണവും പ്രസവവും ഒരു രോഗാവസ്ഥയല്ലെന്നും ശരീരത്തിന്‍െറ നൈസര്‍ഗികമായൊരവസ്ഥയാണെന്നുമുള്ള തിരിച്ചറിവ് അനിവാര്യമാണ്. ആരോഗ്യമുള്ള ശരീരമാണു ഗര്‍ഭം ധരിക്കുന്നത്. ശരീരമാലിന്യങ്ങളെ നീക്കം ചെയ്ത് ശുദ്ധീകരിക്കാന്‍ പല നടപടികളും ശരീരം സ്വീകരിക്കും. ഛര്‍ദ്ദിയും വയറിളക്കവും ചിലപ്പോള്‍ പനിയും ഭക്ഷണത്തോടുള്ള വിരക്തിയുമെല്ലാം ശരീരം പ്രകടിപ്പിക്കും. ഏറ്റവും ശ്രേഷ്ഠമായ അന്തരീക്ഷം കുഞ്ഞിനായി ഒരുക്കുക എന്നതാണു ശരീരത്തിന്‍െറ ആവശ്യം. പ്രകൃതി ജീവനം അനുഷ്ഠിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒന്നും കാണാറില്ല. ഗര്‍ഭാവസ്ഥയില്‍ ആഹാരമല്ലാതെ മറ്റൊന്നും തന്നെ ശരീരത്തിലേക്കു കടക്കരുത്. യാതൊരുവിധ രാസവിഷയങ്ങളും ഹെര്‍ബല്‍, നാച്ചുറല്‍, കെമിക്കല്‍ മരുന്നുകളായോ പ്രിസര്‍വേറ്റീവ്സ്, അഡിക്റ്റീവ്സ് തുടങ്ങിയ ഭക്ഷണ ചേരുവകളായോ ശരീരത്തിലെത്തരുത്.
ആഹാരം മുതല്‍ വ്യായാമം വരെ
മൊബൈല്‍ ഫോണ്‍, എക്സ്റേ, സ്കാനിങ് തുടങ്ങിയ റേഡിയേഷനില്‍ നിന്നും അകന്നുനില്‍ക്കണം. പ്രത്യേക സംരക്ഷണവും ശാന്തമായ ചുറ്റുപാടും തികഞ്ഞ മനോശാരീരിക പാലനവും ഉറപ്പുവരുത്തണം. ശുദ്ധവായു, ശുദ്ധാഹാരം, ശുദ്ധജലം എന്നിവ അനിവാര്യമാണ്. ആവശ്യത്തിനു വെള്ളം കുടിക്കണം. നിര്‍ജലീകരണം പല പ്രതിസന്ധികള്‍ക്കും ഇടയാക്കും. ദിവസവും ഒരു മണിക്കൂറെങ്കിലും സൂര്യ പ്രകാശമേല്‍ക്കണം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. ചൂട് ഉള്ളില്‍ പിടിച്ചുനിര്‍ത്താതെ എത്രയും വേഗത്തില്‍ വായുവുമായുള്ള സമ്പര്‍ക്കത്തിന് ഇടകൊടുക്കണം. ഖാദി വസ്ത്രങ്ങള്‍ ഈയൊരു കാര്യം ഭംഗിയായി ചെയ്യുന്നുണ്ട്.
മിതമായ വ്യായാമങ്ങളും നിര്‍ബന്ധം തന്നെ. ഗര്‍ഭാവസ്ഥയില്‍ ചെയ്യാവുന്ന ചില യോഗമുദ്രകള്‍ പരിശീലിക്കുക. അല്‍പദൂരം നടക്കുക എന്നിവയെല്ലാം തന്നെ സുഖപ്രസവത്തിനു സഹായകമാവും. അമ്മയുടെ ആഹാരക്രമങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഗര്‍ഭധാരണത്തിനുവേണ്ടി തയാറെടുക്കുമ്പോള്‍ തന്നെ ആഹാരപാനീയങ്ങളാല്‍ ശരീരത്തെ ശുദ്ധമാക്കണം.
പ്രത്യേകം കഴിക്കേണ്ടത്
ഒരു മാസമെങ്കിലും വേവിക്കാത്ത ആഹþരം (പഴങ്ങള്‍, പച്ചക്കറികള്‍, ജ്യൂസ്, കരിക്ക്) മാത്രം കഴിച്ച് ശരീരത്തെ പാകപ്പെടുത്തുന്നത് അത്യുത്തമമാണ്. ഇങ്ങനെ ചെയ്താല്‍ ഗര്‍ഭകാലത്ത് പറയത്തക്ക യാതൊരു ബുദ്ധിമുട്ടുകളും കാണില്ല. വളരെ സ്വാഭാവികതയോടെ ആരോഗ്യം അനുഭവിക്കാം. ഗര്‍ഭകാലത്തും വേവിക്കാത്ത ആഹാരമാണ് ഏറ്റവും നല്ലത്. ഈ രീതി തുടരാന്‍ പ്രയാസം തോന്നുന്നവര്‍ക്ക് ഒരുനേരം വേവിച്ച ആഹാരവും രണ്ടു നേരം പഴങ്ങളും എന്ന ക്രമത്തില്‍ കഴിക്കാം. രാവിലെയും, വൈകുന്നേരവും പഴങ്ങളോ പച്ചക്കറികളോ പഴച്ചാറുകളോ കഴിക്കുക. ഉച്ചയ്ക്ക് തവിടു കളയാത്ത അരിയുടെ ചോറും പച്ചക്കറികളും. വേവിച്ച കറികളും വേവിക്കാതെയുള്ളതും ഉള്‍പ്പെടുത്തണം. ആവശ്യത്തിനു വിറ്റമിനും ഫോളിക് ആസിഡുമെല്ലാം ഇതില്‍നിന്നും ലഭിക്കും. ഇലക്കറികള്‍, കാബേജ്, കോളിഫ്ളവര്‍, തക്കാളി, നെല്ലിക്ക തുടങ്ങി എല്ലാ പച്ചക്കറികളും ഉപയോഗിക്കാം. ഏറ്റവും ശുദ്ധമായി വേണം ആഹാരം പാചകം ചെയ്യുന്നതും കഴിക്കുന്നതും. മണ്‍പാത്രത്തിലേ ആഹാരം പാചകം ചെയ്യാവൂ. പാചകം ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ കഴിക്കുകയും ചെയ്യണം.
ഭക്ഷണത്തില്‍ ഉപേക്ഷിക്കേണ്ടവ
. ചായ, കാപ്പി, പാല്‍, പഞ്ചസാര, മൈദ ചേര്‍ത്തുണ്ടാക്കിയവ. . കൃത്രിമ കളര്‍, രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയവ. . പുളിപ്പിച്ച മാവു കൊണ്ടുള്ള പലഹാരങ്ങള്‍, ടിന്‍ ഫുഡ്, പരിപ്പ് വര്‍ഗങ്ങള്‍, ഉഴുന്ന്. . മത്സ്യം, മാംസം, മുട്ട, നെയ്യ്, വനസ്പതി എണ്ണകള്‍ എന്നിവ ഒഴിവാക്കാം. . ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, എണ്ണയില്‍ വറുത്തതും പൊരിച്ചതും. . പുഴുക്കലരി, ഫ്രിഡ്ജില്‍ വച്ചവ, ഐസ് . വറ്റല്‍മുളക്, മസാലകള്‍, കായം, ഉള്ളി, സവാള, വെളുത്തുള്ളി, അധികം എരിവ്, ഉപ്പ്, പുളി ചേര്‍ന്നവ. . അലുമിനിയം, ഹിന്റാലിയം, നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്തവ. . മദ്യം, പുകയില, സോപ്പ്, പെര്‍ഫ്യൂം, ടൂത്ത്പേസ്റ്റ്, പൌഡര്‍.
പാചകം ചെയ്യുമ്പോള്‍
. മണ്‍പാത്രങ്ങള്‍, കല്‍ച്ചട്ടി , ഓട്ടുപാത്രങ്ങള്‍, വെളുത്തീയം പൂശിയ ചെമ്പ്, പിച്ചള പാത്രങ്ങള്‍ എന്നിവയുമാവാം. . എരുവിന് ഇഞ്ചി, പച്ചമുളക് . പുളിക്ക് മാങ്ങ, തക്കാളി, നെല്ലിക്ക, നാരങ്ങ . മധുരത്തിന് ശര്‍ക്കര, ചക്കര, തേന്‍, കരിമ്പ് . കുടിക്കാന്‍ ശുദ്ധജലം, തേന്‍വെള്ളം, ഇളനീര്‍, ഞെരിഞ്ഞില്‍, നെല്ലിക്കാവെള്ളം, ജീരകം, ഉലുവ, തുളസി, ചുക്ക്
ഗര്‍ഭത്തിന്‍െറ അവസാന മാസം പൂര്‍ണമായും വേവിക്കാത്ത ആഹാരം മാത്രമാക്കുക, ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറിയും ജ്യൂസും ഏതുമാവാം. ഈയൊരു ജീവിതചര്യ പിന്തുടര്‍ന്നാല്‍ നിങ്ങളാഗ്രഹിക്കുന്നതുപോലെ തന്നെ പൂര്‍ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെയാവും ലഭിക്കുക തീര്‍ച്ച.
പഴം കഴിക്കുമ്പോള്‍
ഗര്‍ഭിണി പഴങ്ങള്‍ മറ്റു ഭക്ഷണത്തോടൊപ്പം ചേര്‍ത്തു കഴിക്കരുത്. മാത്രമല്ല, മധുരമുള്ള പഴങ്ങളും പുളിപ്പഴങ്ങളും ചേര്‍ത്തു കഴിക്കരുത്. ഉദാ: പൈനാപ്പിള്‍, ഓറഞ്ച്, മൂസംബി തുടങ്ങിയവ പുളിപ്പഴങ്ങളും ചക്ക, സപ്പോര്‍ട്ട, ഈന്തപ്പഴം, വാഴപ്പഴം, പേരയ്ക്ക എന്നിവ മധുരപഴങ്ങളുമാണ്.
-ഡോ എം സി സൌമ്യ ചീഫ് കണ്‍സള്‍ട്ടന്റ് നേച്ചര്‍ ലൈഫ് ഹോസ്പിറ്റല്‍, കോഴിക്കോട്.-
ഗര്‍ഭമുണ്ടോയെന്ന സംശയത്തോടെയും പരിശോധന നടത്തി ഗര്‍ഭം ഉറപ്പാക്കിയുമാണു ഭൂരിപക്ഷം പേരും ഡോക്ടറുമായുള്ള ആദ്യകൂടിക്കാഴ്ചയ്ക്കെത്തുന്നത്. ഡോക്ടര്‍ മൂത്രപരിശോധനയിലൂടെ ഗര്‍ഭം ഉറപ്പാക്കിയശേഷമാണ് ആദ്യ കൂടിക്കാഴ്ചയിലെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്.
ഗര്‍ഭധാരണം ഉറപ്പുവരുത്തിയാലുടനെ പ്രതീക്ഷിക്കുന്ന പ്രസവദിവസം പറയാന്‍ ഡോക്ടര്‍ക്കു കഴിയും. ഇതിന് അവസാന മാസമുറ എന്ന ദിവസത്തോടൊപ്പം 9 മാസവും 7 ദിവസവും കൂട്ടിയാല്‍ മതി.
ആദ്യഘട്ടത്തില്‍ ഛര്‍ദി മൂലം പലപ്പോഴും വേണ്ടയളവില്‍ എല്ലാ ആഹാരങ്ങളും കഴിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. രണ്ടു ഗാസ് പാല്‍ എങ്കിലും ഇവര്‍ കുടിക്കണമെങ്കിലും പാലിനോടുള്ള വിരക്തി ചിലരില്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ തൈര് നല്ലൊരു ഉപാധിയാണ്. മിക്ക ഛര്‍ദിയും ആദ്യഘട്ടം കഴിയുന്നതോടെ മാറുമെങ്കിലും ചിലരില്‍ ഇതു തുടരാറുണ്ട്. കഠിനമായ ഛര്‍ദിമൂലം ആഹാരം ഒട്ടും കഴിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടായാല്‍ മരുന്നു നല്‍കി ഛര്‍ദി കുറയ്ക്കേണ്ടി വരും. അല്ലെങ്കില്‍ ഡ്രിപ് കൊടുക്കേണ്ട സാഹചര്യവും വരാം. പക്ഷേ, ഇതു ഭയക്കേണ്ട അവസ്ഥയല്ല.
ആദ്യ പരിശോധനയില്‍
ആദ്യ ചെക്കപ്പിനു പോകുമ്പോള്‍ തന്നെ കുടുംബാരോഗ്യചരിത്രം ഡോക്ടര്‍ ചോദിച്ചറിയും. ബി പി പ്രമേഹം, അലര്‍ജി എന്നിവ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രമേഹ പശ്ചത്തലമുണ്ടെങ്കില്‍ അഞ്ചുമാസം കഴിയുമ്പോള്‍ ഗൂക്കോസ് ചലഞ്ച് ടെസ്റ്റു നടത്തി കണ്ടുപിടിക്കണം. കാരണം, ഗര്‍ഭകാലത്തു ചിലര്‍ക്കു രോഗം വരാനുള്ള സാധ്യതയുണ്ട്. ചിലരില്‍ രക്താതിമര്‍ദ്ദവും കാണാറുണ്ട്. നേരത്തെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത പല രോഗങ്ങളും ഗര്‍ഭാരംഭ പരിശോധനകളിലാണു തിരിച്ചറിയുന്നത്.
അത്തരത്തില്‍ ഏതെങ്കിലും രോഗം ശ്രദ്ധയില്‍ പെട്ടാല്‍ അതു ഗര്‍ഭത്തെ ബാധിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും ചികിത്സയും ഡോക്ടറുടെ നിര്‍ദേശാനുസരണം സ്വീകരിക്കണം.
ഗര്‍ഭം അലസിയാല്‍
ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭമലസിപ്പോയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുമ്പ് എപ്പോഴാണോ ഗര്‍ഭമലസിയത് ആ കാലം കഴിയുന്നതു വരെ വിശ്രമിച്ചു മരുന്നു കഴിക്കേണ്ടതാണ്. ചിലരില്‍ ഗര്‍ഭിണിയായി മാസമുറ നില്ക്കുമ്പോള്‍ത്തന്നെ ശക്തമായ വയറുവേദന ഉണ്ടാകാറുണ്ട്. ഒപ്പം ചിലരില്‍ തലചുറ്റലും ബോധക്ഷയവും സംഭവിക്കാം.
ഗര്‍ഭാശയത്തിനു പുറത്തു ബീജവാഹിനി കുഴലില്‍ ഗര്‍ഭം ധരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇത്. ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാകണം. മറ്റു പല കാരണങ്ങള്‍കൊണ്ടും വയറുവേദനയുണ്ടാകും. പക്ഷേ, സ്കാന്‍ ചെയ്ത് അതു ട്യൂബല്‍ പ്രഗ്നന്‍സി അല്ലെന്നു ഉറപ്പുവരുത്തണം.
മരുന്നുകള്‍ ശ്രദ്ധയോടെ
ഗര്‍ഭത്തിന്റെ ആദ്യകാലത്തു ഫോളിക് ആസിഡും ആവശ്യമെങ്കില്‍ ദഹനത്തിനുള്ള മരുന്നുമൊഴികെ മറ്റൊന്നും കൊടുക്കാറില്ല. പിന്നെ ഗര്‍ഭിണിയുടെ ശാരീരിക സ്ഥിതി അനുസരിച്ചു മരുന്നുകള്‍ നല്‍കും. ചില മരുന്നുകള്‍ കുഞ്ഞിനു തകരാറുകള്‍ വരുത്തുമെന്നതിനാല്‍ ശ്രദ്ധയോടെ മാത്രമേ നല്‍കാവൂ. അതുകൊണ്ടു സാധാരണ കാണുന്ന ഡോക്ടറെ അല്ലാതെ അത്യാവശ്യത്തിനു മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടിവന്നാല്‍ രോഗി, താന്‍ ഗര്‍ഭിണിയാണെങ്കില്‍ ആ വിവരം പരിശോധിക്കുന്ന ഡോകടറെ അറിയിക്കണം. കഴിക്കുന്ന മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം.
എല്ലാവിധ ശസ്ത്രക്രിയയും കഴിയുന്നതും ഈ കാലത്ത് ഒഴിവാക്കുന്നതാണു നല്ലത്. മാനസികരോഗങ്ങള്‍ക്കും എപ്പിലപ്സി (അപസ്മാരം) രോഗങ്ങള്‍ക്കും മരുന്നുകള്‍ മുടക്കാന്‍ പാടില്ലാത്തതാണ്. ഈ മരുന്നുകള്‍ പൊതുവേ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കില്ല എങ്കിലും ഈ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അതു ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. അതുപോലെ ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ ഗര്‍ഭിണിയാകരുതെന്നു നിഷ്കര്‍ഷയുണ്ട്.
ശാന്തമാകാം മനസ്
ഗര്‍ഭം ഒരു രോഗാവസ്ഥയല്ല. സ്ത്രീജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. സന്തോഷപൂര്‍വം ഇതിനെ സ്വീകരിക്കുക. ഗര്‍ഭധാരണം നടന്നതു മുതല്‍ സന്തോഷമായിരിക്കാന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. അമ്മയുടെ ടെന്‍ഷന്‍ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കുമെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. അമ്മയുടെ പിരിമുറുക്കം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും വളര്‍ച്ചയെയും ബാധിക്കാം. അതുകൊണ്ട് അമ്മയുടെ മാനസികാരോഗ്യം പ്രധാന ഘടകമാണ്.
മനസിനെ ശാന്തമാക്കുന്ന യോഗ, സംഗീതം എന്നിവയെല്ലാം വളരെ നല്ലതാണ്. പക്ഷേ, ആയാസമുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം. ഗര്‍ഭമലസാന്‍ സാധ്യതയുള്ളവരിലൊഴികെ നടത്തം ഒരു നല്ല വ്യായാമമാണ്. സംഗീതം, വായന ഇവയും മനസിനു സന്തോഷം പകരും. പക്ഷേ, ഒരിക്കലും കിടന്നു വായിക്കരുതെന്ന് ഓര്‍ക്കണം.
തിരഞ്ഞെടുപ്പു പ്രധാനം
ആശുപത്രിയിലേയ്ക്കുള്ള ദൂരം, ആശുപത്രിയിലെ സൌകര്യങ്ങള്‍, ഡോക്ടറുടെ പരിചയസമ്പന്നത, ആശുപത്രിയുടെ വിശ്വാസ്യത തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തി വേണം ഡോക്ടറേയും ആശുപത്രിയേയും തിരഞ്ഞെടുക്കാന്‍. ആദ്യകൂടിക്കാഴ്ച മുതല്‍ പ്രസവം വരെ ഒരു ഡോക്ടറെ തന്നെ കാണാനായാല്‍ നന്ന്. കഴിയുന്നില്ലെങ്കില്‍ നാലഞ്ചുമാസങ്ങള്‍ക്കുശേഷമെങ്കിലും പ്രസവത്തിനു തിരഞ്ഞെടുക്കുന്ന ആശുപത്രിയില്‍ തന്നെ ഡോക്ടറെ കണ്ടുതുടങ്ങണം.
മിക്ക സ്വകാര്യ ആശുപത്രികളിലും രോഗിയുടെ ഫയല്‍ ആശുപത്രിയില്‍ത്തന്നെ സൂക്ഷിക്കാറാണു പതിവ്. ആദ്യ കൂടിക്കാഴ്ച മുതലുള്ള വിവരങ്ങള്‍ (ഡോക്ടറുടെ ഉപദേശങ്ങള്‍, മരുന്നിന്റെ വിവരങ്ങള്‍, പരിശോധനാ ഫലങ്ങള്‍ മുതലായവ) ഉള്‍പ്പെടുന്ന ഫയല്‍ സ്വന്തമായി സൂക്ഷിക്കുന്നതു നല്ലതാണ്. ഒരു അടിയന്തര സാഹചര്യത്തില്‍ മറ്റൊരാശുപത്രിയില്‍ പോകേണ്ടി വന്നാല്‍ ഈ ഫയല്‍ ഏറെ സഹായകരമാകും.
നാല്പതു ആഴ്ച അഥവാ 280 ദിവസമാണു സമ്പൂര്‍ണ ഗര്‍ഭകാലം. കുഞ്ഞിന്റെ വളര്‍ച്ചയും ഗര്‍ഭത്തിന്റെ നിര്‍ണായക സമയങ്ങളെയും വേര്‍തിരിച്ചു ഗര്‍ഭകാലത്തെ മൂന്നുഘട്ടങ്ങളായി (ട്രൈമെസ്റ്റര്‍) തിരിക്കാറുണ്ട്.
ഇതില്‍ ആദ്യത്തെ 12 ആഴ്ച (മൂന്നുമാസം)യാണ് ഒന്നാം ഘട്ടം. 13 മുതല്‍ 25 ആഴ്ച വരെ (നാലു മുതല്‍ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച വരെ (ഏഴാം മാസം മുതല്‍ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണു തിരിച്ചിരിക്കുന്നത്.
ഇതില്‍ ഒന്നാമത്തെ ഘട്ടത്തിലാണു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഭ്രൂണം ശിശുവായി പരിണമിക്കുന്നത് ഈ ഘട്ടത്തിലാണ്. ഗര്‍ഭിണിയായി മാറിയതു മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും ഓക്കാനം, ഛര്‍ദി, ക്ഷീണം എന്നിവ ഈ സമയത്തു സാധാരണമാണ്. ഗര്‍ഭസ്ഥശിശു രൂപം കൊണ്ട് അവയവങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്ന സമയമാണ് ആദ്യ മൂന്നുമാസം.
ആദ്യനാളുകളിലെ കരുതല്‍
ഗര്‍ഭമായി ആദ്യത്തെ 30 ദിവസം പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ 31ാം ദിവസം മുതലുള്ള 60 ദിവസമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനു എല്ലാ അവയവങ്ങളും ഉണ്ടാകുന്ന സമയമാണിത്. ഹൃദയം, തലച്ചോറ് തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന ആ സമയത്തു ഗര്‍ഭിണി ഉപയോഗിക്കുന്ന മരുന്നുകള്‍, ഭക്ഷണം, ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങള്‍ എന്നിവ കുട്ടിയെ ബാധിക്കും.
കുട്ടികളില്‍ വൈകല്യം സൃഷ്ടിക്കപ്പെടാനുള്ള സാധ്യത ഈ സമയത്താണു കൂടുതല്‍. ഗര്‍ഭമലസലും ഈ ഘട്ടത്തില്‍ കൂടുതലായി കാണാറുണ്ട്. ശരീരത്തിനു ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളിലെയും ഓട്ടോറിക്ഷയിലേയും യാത്ര ഈ അവസരത്തില്‍ ഒഴിവാക്കുകയാണ് അഭികാമ്യം. ആദ്യമാസങ്ങളില്‍ വിശപ്പില്ലായ്മയും ക്ഷീണവും ഛര്‍ദിയും സാധാരണമാണ്.
ഹോര്‍മോണ്‍ മാറ്റങ്ങള്‍ അറിയാം
ഹോര്‍മോണ്‍ വ്യതിയാനം മൂലം ഈ സമയത്തു ഗര്‍ഭിണിയില്‍ ഉത്കണ്ഠയും കൂടുതലാണ്. വേണ്ടത്ര വിശ്രമം അനിവാര്യമാണ്. ഭക്ഷണക്രമത്തിലും വ്യത്യാസം വരുത്തുന്നതു നന്നായിരിക്കും. ഈ മാസങ്ങളില്‍ കുറേശ്ശെ കഴിക്കുക. അടുപ്പിച്ചു കഴിക്കുന്നതും നല്ലതാണ്. വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുന്നതും ഗുണകരം തന്നെ.
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഭക്ഷണം കഴിക്കരുത്. ഒന്നു നടന്ന ശേഷം കഴിക്കുന്നതാണു നല്ലത്. അതുപോലെ രാത്രികിടക്കുന്നതിനു രണ്ടുമണിക്കൂര്‍ മുമ്പു ഭക്ഷണം കഴിച്ച ശേഷം അല്‍പ ദൂരം നടന്ന ശേഷം ഉറങ്ങാന്‍ കിടക്കുന്നതാവും നല്ലത്. പല അസ്വസ്ഥതകളും ഇതിലൂടെ അകറ്റാനാകും.
അണുബാധ സൂക്ഷിക്കാം
മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൈകിപ്പിക്കരുത്. മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഇടയ്ക്കു കഴിക്കാം.
സാധാരണ ജോലികളൊക്കെ ഈ സമയത്തു ചെയ്യാം. ലൈംഗികബന്ധമോ ചെറിയ യാത്രകളോ അപകടകരമല്ല. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഫോളിക് ആസിഡ് ഗുളികകള്‍ ഒഴികെ മറ്റു മരുന്നുകള്‍ സാധാരണ നിലയില്‍ വേണ്ടി വരാറില്ല.
രണ്ടാം ഘട്ടത്തിലെ മാറ്റങ്ങള്‍
രണ്ടാം ഘട്ടത്തിന്റെ തുടക്കം മുതലാണു ഗര്‍ഭിണിയില്‍ ശാരീരിക മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക. സ്തനങ്ങള്‍ വലുതായി തുടങ്ങും. 14ാംമത്തെ ആഴ്ചയോടെ കുഞ്ഞിന്റെ വളര്‍ച്ച വേഗത്തിലാകും. ഒപ്പം ഗര്‍ഭിണിയുടെ അടിവയര്‍ വീര്‍ത്ത് ഗര്‍ഭം പ്രകടമാകും. ഏതാണ്ട് 20 ആഴ്ച ആകുമ്പോഴേക്കുമാണു ഗര്‍ഭസ്ഥ ശിശുവിനു എല്ലാ അവയവങ്ങളും രൂപപ്പെട്ടു പൂര്‍ണശിശുവായി വളരാന്‍ തുടങ്ങുന്നത്.
ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ഹൃദയം, ശ്വാസകോശം തുടങ്ങി വിവിധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. രക്തത്തിന്റെ അളവു കൂടും. ഇതിന്റെയൊക്കെ ഫലമായി പോഷകങ്ങളും കൂടുതലായി വേണ്ടിവരും. അതുപഹരിക്കാന്‍ കൂടുതല്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. കാത്സ്യവും ഇരുമ്പു സത്തും വേണ്ട അളവില്‍ ലഭ്യമാകാന്‍ അയണ്‍ ഗുളികയും കാത്സ്യം ഗുളികയും ഡോക്ടറിന്റെ നിര്‍ദേശാനുസരണം കഴിക്കണം.
ആയാസരഹിതവും മിതവുമായ വ്യായാമം ഈ ഘട്ടത്തില്‍ ഗര്‍ഭിണികള്‍ ശീലിക്കണം. സാധാരണ വീട്ടു ജോലികള്‍ക്കു പുറമേ നടത്തം നല്ലൊരു വ്യായാമമായിരിക്കും.
മലബന്ധമകറ്റാന്‍ വഴികള്‍
ഗര്‍ഭിണികളില്‍ ചിലര്‍ക്ക് ഈ ഘട്ടത്തില്‍ മലബന്ധം കാണാറുണ്ട്. ഇതൊഴിവാക്കാന്‍ നാരുകള്‍ ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും ധാരാളമായി വെള്ളം കുടിക്കുന്നതും നല്ലതാണ്. ചില അയണ്‍ ഗുളികകള്‍ മലബന്ധം വര്‍ധിപ്പിക്കാറുണ്ട്. അതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറോടു വിവരം പറഞ്ഞു ഗുളിക മാറ്റി വാങ്ങണം.
പ്രമേഹ പരിശോധന നടത്താം
രണ്ടാം ഘട്ടത്തില്‍ ലൈംഗിക ജീവിതം പൊതുവെ സുരക്ഷിതമാണ്. ഗര്‍ഭാരംഭത്തിലെ പേടി മാറി ഗര്‍ഭിണി കൂടുതല്‍ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും കഴിയുന്ന സമയമാണ് ഇത്.
ഈ അവസരത്തില്‍ പ്രമേഹ പരിശോധനയും നടത്തണം. കുഞ്ഞിനെ ഏതെങ്കിലും തരത്തിലുള്ള വൈകല്യം ബാധിച്ചിട്ടുണ്ടെങ്കില്‍ സ്കാനിങിലൂടെ തിരിച്ചറിയാനും ഈ ഘട്ടത്തില്‍ കഴിയുന്നു.
അവസാന ഘട്ടത്തില്‍ ശ്രദ്ധിക്കാന്‍
26 മുതല്‍ പ്രസവം വരെയുള്ള (40ാം ആഴ്ച) അവസാന ഘട്ടമാണിത്. ഏഴുമാസം (30 ആഴ്ച മുതല്‍) കഴിയുന്നതോടെ കുഞ്ഞിന്റെ ചലനങ്ങള്‍ പുറത്തു പ്രകടമായി തുടങ്ങും. പ്രസവത്തിനു തൊട്ടു മുമ്പുള്ള ആഴ്ചകളില്‍ ഇതു നന്നായി തിരിച്ചറിയാം. ഗര്‍ഭത്തിന്റെ അവസാനത്തേയും മൂന്നാമത്തേതുമായ ഈ ഘട്ടത്തിലും ഗര്‍ഭിണികള്‍ക്കു ലഘു വ്യായാമം നല്ലതാണ്. വീട്ടുമുറ്റത്തിലൂടെ സാവധാനത്തിലുള്ള നടപ്പു തന്നെയാണ് ഇവിടെ നല്ലത്.
പ്രസവത്തോടടുക്കുമ്പോള്‍ മിക്കവരിലും പ്രത്യേകിച്ച് ആദ്യപ്രസവമാണെങ്കില്‍ ഭയവും ആശങ്കകളും കൂടി വരും. കഴിയുന്നതും സന്തോഷത്തോടെ ഇരിക്കുവാന്‍ ശ്രമിക്കണം. അനാവശ്യ ആകുലതകള്‍ പുലര്‍ത്തുന്നവരില്‍ സ്വാഭാവിക പ്രസവത്തിനുള്ള സാധ്യത കുറവായിരിക്കും എന്നോര്‍ക്കുക. ഈ സമയത്തു ഭര്‍ത്താവിന്റെയും വീട്ടിലുള്ള മറ്റു അംഗങ്ങളുടെയും പിന്തുണ ഗര്‍ഭിണികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പ്രയോജനപ്പെടും.
38 ആഴ്ച പിന്നിടുന്നതോടെ കുഞ്ഞു പുറത്തുവരാന്‍ വേണ്ട പൂര്‍ണ വളര്‍ച്ച എത്തിയിരിക്കും. ശ്വാസകോശവും കരളും വൃക്കകളും മറ്റു അവയവങ്ങളുംമൊക്കെ അമ്മയില്‍ നിന്നും വേറിട്ടു ജീവിക്കാനുള്ള ശേഷിയും വളര്‍ച്ചയും ഈ സമയത്തു നേടിയിരിക്കും.
യാത്രകള്‍ ഒഴിവാക്കാം
അവസാന മാസങ്ങളില്‍ നീണ്ടതും ആയാസകരവുമായ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. ലൈംഗികതയ്ക്കും ഈ സമയത്ത് അവധി നല്‍കണം. തലവേദന, നീര്‍വീക്കം, അമിത രക്തസമ്മര്‍ദം മുതലായ പ്രശ്നങ്ങളും ഇക്കാലത്തു ഗര്‍ഭിണികള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
ഇത്തരത്തില്‍ അസ്വസ്ഥത തോന്നുന്നവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഡോക്ടറെ കാണണം. ഒമ്പതു മാസമായാല്‍ എല്ലാ ആഴ്ചയും ഡോക്ടറെ കണ്ടു പരിശോധന നടത്തണം. അവസാന ആഴ്ചകളില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വേദനതോന്നിയാല്‍ ഉടന്‍ ആശുപത്രിയിലെത്തണം.
പ്രത്യേകം ഓര്‍മിക്കാന്‍
ഗര്‍ഭകാലത്തിന്റെ മൂന്നു ഘട്ടങ്ങളിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
. ഭക്ഷണം സാധാരണ കഴിക്കാറുള്ളതു മതി. പയറു വര്‍ഗങ്ങള്‍, പാല്‍, മുട്ട തുടങ്ങിയവയും ഇരുമ്പ്, കാത്സ്യം എന്നിവയും ധാരാളമായി അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. . വ്യായാമം ചെയ്യുന്നവരാണെങ്കില്‍ അതു തുടരാം. എന്നാല്‍ ലഘുവ്യായാമങ്ങളാവും ഉചിതം. . വെള്ളം ധാരാളമായി കുടിക്കുക. . ഇരുചക്രമുച്ചക്ര വാഹന യാത്രകള്‍ ഒഴിവാക്കുകയും നീണ്ട വാഹനയാത്രകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുക. . രക്തംപോക്ക്, വെളുത്ത ദ്രാവകം പോകുക, അടിവയറ്റില്‍ വേദന, കുട്ടിയുടെ അനക്കം കുറയുക എന്നിവ തോന്നിയാല്‍ ഡോക്ടറെ കണ്ടു വിശദ പരിശോധന നടത്തണം.
സംശയം അകറ്റി സുഖപ്രസവം
ഗര്‍ഭകാലം ശരിക്കും ചിട്ടകളുടെ കാലമാണ്. ഭക്ഷണത്തിലും വ്യായാമത്തിലും ഉറക്കത്തിലുമെല്ലാം ചിട്ടകള്‍ പാലിക്കേണ്ട കാലം. ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം മുതല്‍ കുഞ്ഞുവാവയെ ഏറ്റു വാങ്ങുന്നതു വരെയുള്ള കാലത്തു ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം.
∙ ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ ഓക്കാനവും ഛര്‍ദിയും കടുത്ത രീതിയിലായാല്‍ പ്രത്യേക ശ്രദ്ധവേണ്ടതുണ്ടോ?
ചിലരില്‍ 12 ആഴ്ച വരെയുള്ള കാലഘട്ടം അല്‍പം ദുര്‍ഘടം നിറഞ്ഞതായി കാണാം. ഓക്കാനവും ഛര്‍ദിയും സാധാരണമാണ്. ക്രമേണ അതു കുറഞ്ഞു കൊള്ളും. ബിസ്ക്കറ്റുപോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതു ഛര്‍ദ്ദി കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണവും പാനീയങ്ങളും കുറഞ്ഞ അളവില്‍ കൂടുതല്‍ തവണയാക്കി കഴിക്കുന്നതാണു നല്ലത്.
അധികരിച്ച ഓക്കാനവും ഛര്‍ദിയും ചിലപ്പോള്‍ മരുന്നു കൊണ്ടും പാനീയ ചികിത്സകൊണ്ടും മാറാതെ വരുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ ചികിത്സ തേടണം. കരളിനെയും വൃക്കകളെയും പ്രവര്‍ത്തനരഹിതമാക്കുന്ന സ്ഥിതിവരെ വരാം. തീവ്രപരിചരണം വേണ്ടി വരാറുണ്ട്. ഇരട്ടഗര്‍ഭം ധരിക്കുന്നവര്‍ക്കും മോളാര്‍ പ്രഗ്നന്‍സി ഉള്ളവര്‍ക്കും അധികരിച്ച ഛര്‍ദ്ദി കാണാറുണ്ട്.
∙ ഗര്‍ഭകാലത്തു ധാരാളം വെള്ളം കുടിക്കണമെന്നു പറയുന്നതെന്തുകൊണ്ട്?
ദിവസം എല്ലാത്തരം പാനീയങ്ങളുമുള്‍പ്പെടെ രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചായയും കാപ്പിയും അധികം വേണ്ട. പഴച്ചാറുകള്‍ നല്ലതാണ്. ഇവ തയാറാക്കുമ്പോള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ പഴങ്ങള്‍ പതിനഞ്ചുമിനിട്ടു ഇട്ടു വച്ചതിനുശേഷം മാത്രം തയാറാക്കുന്നതാണു നല്ലത്. കീടനാശിനികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ അതു സഹായിക്കും. ഗര്‍ഭകാലത്തു മിക്കവരിലും കാണുന്ന യൂറിനറി ട്രാക്ട് ഇന്‍ഫക്ഷന്‍ കുറയ്ക്കുന്നതിനും കൂടുതല്‍ വെള്ളം കുടിക്കണം. ഗര്‍ഭകാലത്തു വിയര്‍പ്പും കൂടുതലായിരിക്കും.
∙ ഗര്‍ഭിണി പൈനാപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കുന്നതുകൊണ്ടു ദോഷമുണ്ടോ?
ഇഷ്ടമുള്ള ഏതാഹാരവും കഴിക്കാം. പൈനാപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കുന്നതില്‍ തെറ്റില്ല. ഗര്‍ഭകാലത്തു സ്വാദിഷ്ഠമായ ആഹാരം കഴിക്കാന്‍ താല്‍പര്യം തോന്നാം. ചിലതു വേണ്ടെന്നും തോന്നാം. അധികം വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണം ഒഴിവാക്കുന്നതു നന്ന്. ചോറില്‍ ഉപ്പിട്ടു കഴിക്കുന്നതും ഉപ്പിലിട്ടതും ഉണക്കമീനും ഉപ്പേരിയും പപ്പടവും ഒഴിവാക്കുന്നതും നന്നായിരിക്കും.
∙ ഗര്‍ഭകാലത്ത് എത്ര തൂക്കം കൂടണം?
ഗര്‍ഭകാലത്ത് ആകെ 1012 കി ഗ്രാം തൂക്കം വരെ കൂടാം. കുഞ്ഞിന്റെയും മറുപിള്ളയുടെയും ഫ്ളൂയിഡിന്റെയും അമ്മയുടെയും എല്ലാം ഉള്‍പ്പെടെയാണിത്. ആദ്യത്തെ മൂന്നു മാസം തൂക്കം കൂടില്ല. ചിലപ്പോള്‍ കുറഞ്ഞുവെന്നും വരാം. പിന്നീട് ആഴ്ചയില്‍ അര ഒന്ന് കി ഗ്രാം അനുസരിച്ചു കൂടുകയും ചെയ്യുന്നു. വളരെ അപൂര്‍വമായി തൂക്കം കുറഞ്ഞും വരാറുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചക്കുറവും ആഗിരണം ചെയ്തിരിക്കുന്ന ലായനിയുടെ കുറവും ഇതിനു കാരണമാകാം. ചിലപ്പോള്‍ തൂക്കം അധികമാകാറുണ്ട്. രക്തസമ്മര്‍ദം കൂടുന്നതിന്റെ മുന്‍പായുള്ള നീരുകൊണ്ടും വെള്ളം കെട്ടുന്നതുകൊണ്ടും വലിയ കുട്ടി ആകുന്നതും ഇതിനു കാരണമാകാം. ഇത്തരം അവസ്ഥകളില്‍ പ്രത്യേകം ശ്രദ്ധ വേണം.
∙ ഗര്‍ഭകാലത്തെ അമിതവണ്ണം അപകടമാണോ?
ഗര്‍ഭകാലത്തുണ്ടാകുന്ന അമിതവണ്ണം പ്രസവശേഷം കുറയ്ക്കുന്നത് ഏറെ ശ്രമകരമാണ്. ചിലര്‍ക്കു ഗര്‍ഭകാലത്തെ അമിതവണ്ണം മൂലം പില്‍ക്കാലത്തു അസുഖങ്ങളുണ്ടാകാം. ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കുകയും വേണ്ടത്ര വ്യായാമം ചെയ്യുകയുമാണ് അമിതവണ്ണം തടയാനുള്ള മാര്‍ഗം. വണ്ണം വയ്ക്കുമെന്നു കരുതി ഡയറ്റിങ് നടത്തുന്നതു ഗര്‍ഭകാലത്ത് അപകടമാണ്. അമിതവണ്ണമുള്ളവരില്‍ പ്രസവത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.
∙ ഗര്‍ഭകാല വ്യായാമം എങ്ങനെവേണം? ജോലികള്‍ ചെയ്യാമോ? ഏതുതരം വ്യായാമങ്ങളാണ് അനുയോജ്യം?
ഏതു തരത്തിലുള്ള ജോലി നേരത്തെചെയ്തിരുന്നോ അതൊക്കെ തുടര്‍ന്നും ചെയ്യാം. ഉദ്യോഗസ്ഥകള്‍ ഒരേ ഇരിപ്പില്‍ ഇരിക്കാതെ ഇടയ്ക്കു എഴുന്നേറ്റു നടക്കാന്‍ ശ്രമിക്കണം. കാല്‍ പൊക്കിവയ്ക്കാനുള്ള സംവിധാനവും നല്ലതുതന്നെ. ഒരുപാടുനേരം നിന്നു ജോലി ചെയ്യുന്നതു നന്നല്ല.
എല്ലാ ദിവസവും ശുദ്ധ വായു കിട്ടുന്ന അന്തരീക്ഷത്തില്‍ അരമണിക്കൂര്‍ നടക്കുന്നതു നüല്ലത്. ഇടുപ്പെല്ലുകള്‍ക്ക് അയവു വരുത്താനുതകുന്ന വ്യായാമമുറകളും യോഗയും ചെയ്യാം. വ്യായാമം തുടങ്ങും മുമ്പു സങ്കീര്‍ണമല്ലാത്ത ഗര്‍ഭമാണെന്ന് ഉറപ്പു വരുത്തിയിരിക്കണം. ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളുണ്ടെങ്കില്‍ വ്യായാമങ്ങള്‍ ഒഴിവാക്കുക. ഏതായാലും ഗര്‍ഭിണിക്കു കഠിന വ്യായാമം വേണ്ട.
∙ എന്താണ് ട്യൂബല്‍ പ്രഗ്നന്‍സി? ഇത് എത്രത്തോളം അപകടകരമാണ്?
അപൂര്‍വമായി ഭ്രൂണം ഗര്‍ഭപാത്രത്തിനു പുറത്ത്, അതായത് അണ്ഡവാഹിനിക്കുഴലിലോ, അണ്ഡാശയത്തിലോ വയറിലോ പറ്റിപ്പിടിച്ചു വളരാന്‍ ശ്രമിക്കാറുണ്ട്. അതുമൂലം ഭ്രൂണത്തിന് വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതെ പൊട്ടുകയും പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്തുനിന്നും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും അപകടം തിരിച്ചറിയുന്നതിനു മുമ്പുതന്നെ അമ്മയ്ക്കു ജീവഹാനി സംഭവിച്ചെന്നും വരാം. ഇത് ഒഴിവാക്കാന്‍ ആദ്യഘട്ട സ്കാനിങ് സഹായിക്കും.
ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ അമിതമായി വയറുവേദന, പ്രത്യേകിച്ച് ഒരു വശത്തുള്ള വേദന, നടുവുകഴപ്പ്, രക്തംപോക്ക് ഇവ കണ്ടാല്‍ ഉടന്‍തന്നെ പരിശോധന നടത്തേണ്ടതാണ്. ആദ്യഘട്ടത്തില്‍ ഗര്‍ഭം അലസുന്നതിന്റെ ലക്ഷണങ്ങളും ഏറെക്കുറെ സമാനമാണ്.
∙ ഗര്‍ഭകാലത്തു സൌന്ദര്യ പ്രശ്നങ്ങള്‍ കൂടുമോ? മുഖത്തും കഴുത്തിലുമുള്ള കറുത്ത പാടുകള്‍, സ്ട്രെച്ച് മാര്‍ക്ക് എന്നിവ മാറ്റാനാവുമോ?
ഗര്‍ഭകാലത്തു ചിലര്‍ക്കു കഴുത്തിലും മാറിടത്തിലും വയറ്റിലും കറുത്ത പാടുകള്‍ കൂടുതലായി ഉണ്ടാകാറുണ്ട്. നീരുവരുന്നതുകൊണ്ടും മുഖം വികൃതമാകാനിടയുണ്ട്. വയറില്‍ സ്ട്രെച്ച് മാര്‍ക്ക് ഉണ്ടാകും. ഇവ കുറയ്ക്കാനായി പലതരം ക്രീമുകളും ജല്ലികളും ഇന്നു സുലഭമാണ്. പ്രസവാനന്തരമുള്ള തേച്ചുകുളിയോടു കൂടി കറുത്തപാടുകളൊക്കെ സാധാരണ മാറാറുണ്ട്.
സ്ട്രെച്ച് മാര്‍ക്ക് കുറെയൊക്കെ വെളുത്ത പാടായി കിടക്കാറുണ്ട്. പ്രത്യേകിച്ചും ഒന്നില്‍ കൂടുതല്‍ ഗര്‍ഭം ധരിച്ചവര്‍ക്കും വലിയ കുട്ടിയെ ഗര്‍ഭം ധരിച്ചവര്‍ക്കും വയറു ചാടാനും സ്ട്രെച്ച് മാര്‍ക്ക് കൂടുതലായി കാണാനും ഇടയുണ്ട്.
∙ ഗര്‍ഭിണി ഏതുതരം വസ്ത്രം ധരിക്കുന്നതാണു സുഖകരം?
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ഇറുക്കമുള്ള വസ്ത്രങ്ങള്‍ വയറിനു അസ്വസ്ഥതയുണ്ടാക്കും. ഗര്‍ഭകാലത്തു മുന്‍ഭാഗം തുറക്കുന്ന തരം വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുട്ടി ഉണ്ടായിക്കഴിഞ്ഞും ഉപയോഗിക്കാന്‍ എളുപ്പമാണ്. വൃത്തിയുള്ള കോട്ടണ്‍ പാന്റീസ് ധരിക്കണം. വൃത്തിയില്ലാത്ത പാന്റീസ് ധരിച്ചാല്‍ യോനീഭാഗത്ത് അണുബാധയുണ്ടാകും. ഇതു ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാകാനും ഇടയാക്കും.
ഗര്‍ഭകാലത്തു സ്തനങ്ങളുടെ വലിപ്പം കൂടുന്നതുകൊണ്ടു പുതിയ അളവിലുള്ള ബ്രാ തിരഞ്ഞെടുക്കണം. ഇല്ലെങ്കില്‍ സ്തനങ്ങള്‍ അയഞ്ഞു തൂങ്ങാനിടയാകും.
∙ ഗര്‍ഭകാലത്ത് മടമ്പുയര്‍ന്ന ചെരിപ്പു ധരിക്കുന്നതു അപകടമാണോ?
ഗര്‍ഭകാലത്ത് അധികം ഹീല്‍സ് ഉള്ള ചെരിപ്പ് ഇടാതിരിക്കുന്നയാണു നല്ലത്. പുറം വേദനയും നടുവേദനയും കൂടാന്‍ ഇടയുണ്ട്.
∙ ഗര്‍ഭിണിയുടെ കാര്യത്തില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വൃതിയാനങ്ങള്‍ മൂലം ശാരീരികവും മാനസികവുമായ മാറ്റം സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്തു മാനസികസംഘര്‍ഷം കഴിവതും ഒഴിവാക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതാണ്. ഭര്‍ത്താവിന്റെ സാമീപ്യം ഉദരത്തില്‍ വളരുന്ന ശിശു തിരിച്ചറിയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ മാനസികനില മനസിലാക്കാന്‍ കഴിവുണ്ടാകുമെന്നതുകൊണ്ട് അമ്മ എപ്പോഴും സന്തോഷവതിയായിരിക്കണം.
∙ സിസേറിയന്‍ മുന്‍കൂട്ടി പ്രവചിക്കാനാവുമോ? സാധാരണ പ്രസവമാണോ സിസേറിയനാണോ നല്ലത്?
ഗര്‍ഭപരിചരണകാലത്തു തന്നെ പ്രസവം സാധാരണ നിലയിലോ ഓപ്പറേഷനോ എന്നു ഏറെക്കുറെ പറയാന്‍ സാധിക്കും. ചില കാരണങ്ങള്‍ കൊണ്ടു സിസേറിയന്‍ വേണമെന്നു നേരത്തെ തീരുമാനിക്കാവുന്നതാണ്. അതില്‍ ഏറ്റവും പ്രധാനം കുഞ്ഞിന്റെ തലയും അമ്മയുടെ ഇടുപ്പ് അസ്ഥികളും തമ്മിലുള്ള താരതമ്യമാണ്. കുഞ്ഞിന്റെ തല ചെറുതാണെങ്കിലും വലുതാണെങ്കിലും സുഖപ്രസവത്തിനു സാധ്യത കുറയും.
കൂടാതെ കുഞ്ഞിന്റെ കിടപ്പിന്റെ വ്യത്യാസം, മറുപിള്ള സ്ഥാനം താഴെയായിട്ടുള്ളത്, അധികരിച്ച രക്തസമ്മര്‍ദം തുടങ്ങിയവ മൂലവും ഗര്‍ഭപാത്രമുഴകള്‍ കുഞ്ഞിന്റെ താഴോട്ടുള്ള വഴി തടസപ്പെടുത്തുന്ന രീതിയില്‍ വന്നാലും സിസേറിയന്‍ തന്നെ വേണം.
സുഖപ്രസവമാണോ സിസേറിയനാണോ മെച്ചമെന്നു പറയാന്‍ പറ്റില്ല. രണ്ടിനും അതിന്റേതായ മെച്ചവും തകരാറുകളും ഉണ്ട്.
സിസേറിയന്‍ ചെയ്യുമ്പോഴുള്ള അനസ്തീഷ്യയുടെ റിസ്ക് ഇന്ന് വളരെ അധികം കുറഞ്ഞിട്ടുണ്ട്. ചെയ്യുന്ന രീതിയിലും തയ്ക്കാനുപയോഗിക്കുന്ന നൂലുകളിലും വന്നിട്ടുള്ള പുരോഗതികൊണ്ടു നേരത്തെ ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്കും കുറവുവന്നിട്ടുണ്ട്. ഗര്‍ഭധാരണം അസുഖമല്ല. സാധാരണ വരുന്ന ഒരു പ്രക്രിയയായി കണക്കാക്കി സുഖപ്രസവം നടത്തുന്നതാണ് ഉത്തമം.
∙ സുഖപ്രസവസാധ്യത കുറയുന്നതെങ്ങനെ?
സാധാരണ പ്രസവം എന്നു തീരുമാനത്തില്‍ എത്തിയാല്‍ സ്വതവേയുള്ള വേദന തുടങ്ങി, വേദനസംഹാരികള്‍ ആവശ്യാനുസരണം നല്‍കി വേണ്ട പരിരക്ഷ നടത്തി പ്രസവിക്കാവുന്നതാണ്. വിചാരിച്ചിരുന്ന തീയതി കടന്നു പോകുക, വളര്‍ച്ച മുരടിക്കുക, രക്തസമ്മര്‍ദം കൂടുക, രക്തസ്രാവം ഉണ്ടാവുക. ഗര്‍ഭപാത്രമുഖം ക്രമാനുസൃതമായി വികസിക്കാതിരിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ഉടനെതന്നെ പ്രസവം ത്വരിതപ്പെടുത്തുകയോ ഓപ്പറേഷന്‍ ചെയ്യുകയോ വേണം.
∙ ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ വീണ്ടും സിസേറിയന്‍ വേണ്ടി വരുമോ?
ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞാല്‍ വീണ്ടും സിസേറിയന്‍ വേണമൊ എന്നുള്ളതു നേരത്തെ ചെയ്തതിന്റെ കാരണവും രണ്ടാമത്തെ ഗര്‍ഭകാലത്തെ നിരീക്ഷണങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്. വീണ്ടും സിസേറിയന്‍ തന്നെ വേണമെന്നു നിര്‍ബന്ധമില്ല. രണ്ടോ മൂന്നോ സിസേറിയന്‍ ആകുമ്പോള്‍ പ്രസവം നിറുത്തുന്ന ശസ്ത്രക്രിയ കൂടി ചിലപ്പോള്‍ ചെയ്യാറുണ്ട്. എത്ര പ്രാവശ്യം വേണമെങ്കിലും സിസേറിയന്‍ നടത്താവുന്നതാണ്. 14 വരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
∙ ഇരട്ടഗര്‍ഭത്തില്‍ എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്?
ഒന്നിലധികം ഗര്‍ഭധാരണം ഇപ്പോള്‍ കുറച്ചുകൂടി കൂടിയിട്ടുണ്ട്. വന്ധ്യതാ ചികിത്സ കൊണ്ടും ഒന്നിലധികം ഗര്‍ഭം ധരിക്കാനിടയുണ്ട്. സ്കാനിങ് വഴി ഏതു തരമാണെന്നു കണ്ടുപിടിക്കാനും കുട്ടിയുടെ കിടപ്പു നിരീക്ഷിക്കാനും പറ്റും. ഗര്‍ഭകാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ അധികരിച്ചുണ്ടാകാം. ഛര്‍ദി, വിളര്‍ച്ച, രക്തസമ്മര്‍ദം, രക്തസ്രാവം, ക്ഷീണം തുടങ്ങിയവ ഉണ്ടാകാം. സിസേറിയന്‍ മിക്കപ്പോഴും വേണ്ടിവരാറുണ്ട്.
∙ കാലിലെ നീര് അപകടകരമാണോ?
നീര് അപകടകരമല്ല. അതു വിശ്രമിച്ചാല്‍ കുറയും. എന്നാല്‍ കൈകളിലും മുഖത്തും നീരു കാണുന്നുവെങ്കില്‍ അതു നിസാരമാക്കരുത്. ചികിത്സ തേടണം.
യാത്രയില്‍ ശ്രദ്ധിക്കാന്‍
യാത്ര മിതമായി ആകാം. അമിതമായ ആയാസവും കുലുക്കവുമുള്ള യാത്ര കഴിവതും ഒഴിവാക്കണം. മൂത്രം കെട്ടിനില്‍ക്കാന്‍ ഇടയാകാതെ ശ്രദ്ധിക്കണം
ആദ്യ മൂന്നു മാസങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നതു കുറയ്ക്കാം. വളരെ നീണ്ട യാത്രകള്‍ ഗര്‍ഭിണിക്ക് അസ്വസ്ഥതയുണ്ടാക്കാം. അതുകൊണ്ട് ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ചെറുതായി വിശ്രമിക്കുന്നതു നല്ലതാണ്. നേരത്തെ ഗര്‍ഭം അലസിയവര്‍ യാത്രകളില്‍ പ്രത്യേകം കരുതലെടുക്കണം
കാറില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം. ചിക്കന്‍പോക്സ്. ഹെപ്പറൈറ്റിസ്, ടൈഫോയിഡ് എന്നിങ്ങനെയുള്ള സാംക്രമിക രോഗങ്ങള്‍ യാത്രയ്ക്കിടെ പിടിപെടാം. അതുകൊണ്ടു ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ കുത്തിവയ്പുകളെടുത്തിരിക്കണം.
യാത്രയില്‍ ഛര്‍ദിക്കുന്നവരും മറ്റു അസ്വസ്ഥതകളുള്ളവരുമായ ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ആവശ്യമായ മരുന്നുകള്‍ കഴിച്ചാല്‍ മതി. ഗര്‍ഭം 36 ആഴ്ച പിന്നിട്ടു കഴിഞ്ഞാല്‍ യാത്ര ചെയ്യുന്നതു സുരക്ഷിതമല്ല.
ഉറക്കം ചരിഞ്ഞു കിടന്നു വേണം
മലര്‍ന്നു കിടക്കുമ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭപാത്രം മാതാവിലെ രക്തധമനികളില്‍ സമ്മര്‍ദം ചെലുത്തും. അതുവഴി കുഞ്ഞിനു കിട്ടേണ്ട രക്തത്തിന്റെ അളവും പ്രാണവായുവും കുറയാനിടയുണ്ട്. അതു കാരണം മലര്‍ന്നു കിടക്കുന്നതു നല്ലതല്ല. സ്വതവെ ഗര്‍ഭപാത്രത്തിനു വലത്തോട്ടു ചെറിയ ചരിവുള്ളതിനാല്‍ ഇടതുവശം ചരിഞ്ഞുകിടക്കാനാണ് ഉപദേശിക്കുന്നത്. വശങ്ങളിലേക്കു ചരിഞ്ഞുകിടക്കുന്നതാണു നല്ലത്. വളരെ പ്രയാസമുള്ളവര്‍ തലയണവശത്തു വച്ചു നടുവു ഉയര്‍ത്തി കിടക്കാന്‍ ശ്രമിക്കുന്നു. രണ്ടു തലയിണ വച്ചു വലതുകാല്‍ ഉയര്‍ത്തിക്കിടക്കുന്നതും സുഖകരമായ രീതിയാണ്.
ഗര്‍ഭിണി രാത്രിയില്‍ ആറുമുതല്‍ എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. ഇതു കൂടാതെ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം വിശ്രമിക്കണം. രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ തകരാറുകള്‍ എന്നിവയുള്ള ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഉറങ്ങണം.
ഗര്‍ഭിണിക്കു നല്‍കുന്ന പരിചരണം കുഞ്ഞിനും അമ്മയ്ക്കും വേണ്ടിയുള്ളതാണെന്നു നമുക്കറിയാം. എന്നാല്‍ പ്രസവത്തിനുശേഷമുള്ളതോ? പ്രസവാനന്തരം അമ്മയ്ക്കു നല്‍കുന്ന പരിചരണം ആയുഷ്ക്കാലം അമ്മയ്ക്കു വേണ്ടിയുള്ളതാണ്. മാത്രമല്ല, വരും തലുറകളെ വളര്‍ത്താനുള്ള ആരോഗ്യം നല്‍കാനുള്ളതും. പ്രസവാനന്തര പരിചരണത്തിനു മൂന്നു ഘട്ടങ്ങളാണ്.
പ്രസവശേഷം ഒരാഴ്ച ഗര്‍ഭാശയശുദ്ധിക്കുള്ള ഔഷധങ്ങള്‍.
പിന്നീടുള്ള രണ്ടാഴ്ച പ്രസവത്തോട് അനുബന്ധിച്ചുള്ള വാതവികാരങ്ങള്‍ മാറി ഗര്‍ഭാശയത്തിനു ബലമുണ്ടാകാനുള്ള ഔഷധങ്ങള്‍.
മൂന്നാം ഘട്ടം: ദേഹപുഷ്ടിക്കു വേണ്ട ഔഷധങ്ങള്‍.
പ്രസവശേഷം 90 ദിവസം വരെയോ അടുത്ത ആര്‍ത്തവം തുടങ്ങുന്നതു വരെയോ സ്ത്രീയെ സൂതിക എന്ന പേരില്‍ ആയുര്‍വേദത്തില്‍ പറയുന്നു. ശരിയായ ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി സൂതികയയ്ക്കു പ്രത്യേകം ആഹാരവും പരിചരണവും ശാസ്ത്രം നിര്‍ദേശിക്കുന്നു. ഇത്തരം പരിചരണം ഗര്‍ഭാശയം ചുരുങ്ങി പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സഹായിക്കുന്നതു കൂടാതെ ശരിയായി മുലപ്പാലുണ്ടാകാനും രോഗാണുബാധ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കുന്നു.
ആദ്യഘട്ടത്തില്‍ വേണ്ട ഔഷധങ്ങള്‍: ദീപ്യകാദികഷായം,ദീപ്യകാദിചൂര്‍ണം, പഞ്ചകലോസവം, പഞ്ചകോലപൂര്‍ണം, പുളിലേഹ്യം, അശോകാരിഷ്ടം, ഹിംഗുചാദിചൂര്‍ണം മുതലായവ കഴിക്കാം.
രണ്ടാംഘട്ടത്തില്‍ : വാതഹരങ്ങളായ ഔഷധങ്ങള്‍ ധന്വാന്തരം കഷായം, വിദാര്യാദി കഷായം, ദശമൂലം കഷായം, ധ്വാനന്തരം ഗുളിക, ദശമൂലാരിഷ്ടം, ജീരകാദ്യാരിഷ്ടം, ധാന്വന്തരാരിഷ്ടം, മൃതസജ്ജീവനി, ദ്രാക്ഷാരിഷ്ടം ഇവയും.
മൂന്നാംഘട്ടത്തില്‍: ശരീരപുഷ്ടിക്കുവേണ്ടിയുള്ള സൌഭാഗ്യശുണ്ഠി, വിദാര്യാദി ഘൃതം, ച്യവനപ്രാശം, അശ്വഗന്ധാദിലേഹ്യം, അമൃതപ്രാശം ഇവ വിധിപ്രകാരം സേവിക്കണം.
മേല്‍പറഞ്ഞ ഔഷധങ്ങള്‍ വൈദ്യ നിര്‍ദേശപ്രകാരം അല്ലാതെ സേവിക്കരുത്. ശാരീരികസ്ഥിതി അനുസരിച്ച് അളവില്‍ വ്യത്യാസം വരുത്തണം.
എണ്ണതേച്ചു കുളിക്കുന്നതിന്
ധാന്വന്തരം തൈലം, പിണ്ഡതൈലം, ലാക്ഷാദി, ബലാശാവഗന്ധാദി, സഹചരാദി ഇവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. പഴുത്ത പ്ളാവില ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുളിക്കാന്‍ നല്ലതാണ്.
പ്രസവിച്ച് 12 ദിവസം കഴിയുന്നതുവരെ മത്സ്യമാംസാദികള്‍ ഒഴിവാക്കാം. ചുവന്നുള്ളിയും മഞ്ഞള്‍പ്പൊടിയും കൂടി നറുനെയ്യില്‍ വറുത്തതു കഴിക്കാം. കപ്പല്‍ മുളക്, മരപ്പുളി, ഗുരുത്വമുള്ള ആഹാരങ്ങള്‍, പച്ചവെള്ളം മുതലായവ വര്‍ജിക്കണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. മലബന്ധമുണ്ടാക്കുന്ന ആഹാരങ്ങള്‍ വര്‍ജിച്ച് ധാരാളം നാരുകള്‍ അടങ്ങിയവ ഉപയോഗിക്കുക. ഉദാ: ജലക്കറികള്‍, പഴങ്ങള്‍ എന്നിവ.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
ഇന്നത്തെക്കാലത്തു പ്രസവവും സിസേറിയനും നടന്നുവരുന്നത് അലോപ്പതി ഹോസ്പിറ്റലുകളില്‍ മാത്രമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം ഹോസ്പിറ്റലുകളില്‍ കൊടുക്കുന്ന മരുന്നുകളും ടോണിക്കുകളും എല്ലാം തീര്‍ന്നതിനുശേഷം മാത്രമേ പ്രസവരക്ഷയ്ക്കുള്ള മരുന്നിനായി ഒരു ആയുര്‍വേദ വൈദ്യനെ സമീപിക്കുന്നുള്ളൂ. അപ്പോഴേക്കും മരുന്നു കഴിക്കേണ്ട സമയം അതിക്രമിച്ചിരിക്കും. അതിനാല്‍ പ്രസവിച്ച ഉടന്‍ തന്നെ ചികിത്സ തുടങ്ങാം.
മറ്റൊരു പ്രധാന കാര്യം പ്രസവപരിചരണത്തിനു നില്‍ക്കുന്ന സ്ത്രീകള്‍ തന്നെ മരുന്നുകള്‍ ഉണ്ടാക്കി കൊടുക്കുന്ന പ്രവണതയാണ്. പണ്ട് പ്രത്യേക പ്രാവീണ്യം നേടിയവരായിരുന്നു ഇവര്‍. എന്നാല്‍ ഇന്നു സ്ഥിതി അതല്ലല്ലോ. ഇപ്പോള്‍ പുസ്തകശാലകളില്‍ മാത്രമല്ല വൈദ്യപുസ്തകങ്ങള്‍ കണ്ടുവരുന്നത്, വഴിയോരങ്ങളിലും മറ്റുമുള്ള വില്‍പ്പനച്ചരക്കുകള്‍ ആയതിനാലുള്ള ദോഷഫലങ്ങള്‍ ആണിത്. വിധിയാംവണ്ണവും മാത്രാനുസൃതമായും അല്ല നിര്‍മിച്ചു കൊടുക്കുന്നത്. ലേഹ്യങ്ങളുടെയും ഘൃതങ്ങളുടെയും ശരിയായ പാകം നോക്കാതെയാണ് ഇവര്‍ ഔഷധനിര്‍മാണം നടത്തുന്നത്.
തേന്‍ വീണ്ടും ചൂടാക്കരുത്
പ്രസവശേഷം കഠിനമായ ഛര്‍ദിയോടെ ഒരു സ്ത്രീയെ കാണാനിടയായി. വിവരം അന്വേഷിച്ചപ്പോള്‍ അവരുടെ വീട്ടില്‍ പ്രസവപരിചരണത്തിനു നിന്ന സ്ത്രീ ദേഹപുഷ്ടിക്കുള്ള ലേഹ്യം ഉണ്ടാക്കിക്കൊടുത്തു. അതിന്റെ പാകം ശരിയാകാത്തതിനാല്‍ തേന്‍ ചേര്‍ത്തതിനുശേഷം വീണ്ടും അടുപ്പില്‍ വച്ചു ചൂടാക്കി. തേന്‍ ചേര്‍ന്ന ഔഷധം ചൂടാക്കിയാല്‍ അതു വിഷസമാനമാകും എന്ന് ആയുര്‍വേദം പറയുന്നു. ഔഷധ യോഗങ്ങളില്‍ പറഞ്ഞിരിക്കുന്ന ഓരോ യോഗത്തിലുള്ള മരുന്നുകള്‍ക്കും അതിന്റേതായ മാത്രയുണ്ട്. അതിന് അനുസരിച്ചു നിര്‍മിക്കുന്നതാണ് ഉത്തമം. ഔഷധമാത്ര കൂടുന്നതോ കുറയുന്നതോ കൊണ്ടോ പ്രയോജനമില്ല. ഗര്‍ഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും നല്‍കുന്ന ശ്രദ്ധയും പരിചരണവും മരണം വരെ ഗുണം ചെയ്യുമെന്നറിയുക.
-തയാറാക്കിയത്: ഡോ. എസ് ശ്രീജിത്ത്-
ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്‍റെയും സുസ്ഥിതിയാണ് പ്രധാനപ്പെട്ട കാര്യം. അത് കണക്കിലെടുത്തുവേണം യാത്രയെക്കുറിച്ച് തീരുമാനമെടുക്കാന്‍. യാത്രയ്ക്ക് ആലോചിക്കുമ്പോള്‍ ഗര്‍ഭിണികള്‍ അറിയേണ്ടതെല്ലാം
ഗര്‍ഭകാലത്ത് യാത്ര ചെയ്യുന്നതു കൊണ്ട് കുഴപ്പമുണ്ടോ…?. ഗര്‍ഭിണികളുടെ പ്രധാന ആശങ്കയാണിത്. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ നിങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യസംബന്ധമായി കുഴപ്പങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആരോഗ്യസ്ഥിതി മനസ്സിലാക്കി മുന്‍കരുതലുകളും നിയന്ത്രണങ്ങളും സ്വീകരിക്കണം. വിദഗ്ധ അഭിപ്രായത്തിന് ഡോക്ടറുടെ സഹായവും തേടാം.
ഒമ്പതുമാസം നീളുന്ന ഗര്‍ഭകാലത്ത് പൂര്‍ണമായും യാത്രഒഴിവാക്കല്‍ ബുദ്ധിമുട്ടാണ്. യാത്രയില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വേണ്ടത്. ഗര്‍ഭസംബന്ധമായി കുഴപ്പങ്ങളില്ലാത്തവര്‍ക്ക് പേടിക്കാതെ യാത്രചെയ്യാം. ദൂരം, എത്തുന്ന സ്ഥലം, യാത്ര ചെയ്യുന്ന വാഹനം (കാര്‍, ബസ്, വിമാനം), നിങ്ങളുടെ ആരോഗ്യം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ആദ്യ എട്ട് മാസങ്ങളില്‍ യാത്ര ചെയ്യുന്നത് മൂലം സാധാരണയായി പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ മെഡിക്കല്‍ സഹായത്തിന്‍റെ ലഭ്യത, യാത്രയിലെ അസൗകര്യങ്ങള്‍, വ്യായാമം, ആവശ്യത്തിന് ഭക്ഷണവും ജലവും എന്നീ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ഗര്‍ഭകാല പ്രമേഹം, പ്ളാസന്റയിലെ കുഴപ്പങ്ങള്‍, അതീവ രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ദീര്‍ഘയാത്രകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.
യാത്ര ചെയ്യാന്‍ ആസൂത്രണം ചെയ്യുംമുമ്പേ ഡോക്ടറുമായി ചര്‍ച്ച ചെയ്യണം. യാത്രചെയ്യേണ്ട ദൂരം, യാത്രാരീതി, യാത്രചെയ്യുമ്പോഴും ചെയ്തശേഷവും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യണം.
ഗര്‍ഭത്തിന്‍റെ 13 മുതല്‍ 28 വരെയുള്ള ആഴ്ചകളില്‍ സുരക്ഷിതമായി യാത്ര ചെയ്യാവുന്നതാണ്. പൊതുവെ ഈ കാലയളവില്‍ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കാന്‍ ഇടയില്ല. മാസം തികയാതുള്ള പ്രസവത്തിനും ഈ സമയത്ത് സാധ്യത കുറവാണ്. എന്നാല്‍ പ്രസവ തീയതിക്ക് മുമ്പത്തെ രണ്ടും മൂന്നും ആഴ്ചകള്‍ യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഇക്കാലത്ത് വീടിനോട് അടുത്തായിരിക്കുന്നതാണ് ഉചിതം. ഗര്‍ഭകാലത്തെ യാത്രകളിലെല്ലാം കൂട്ടിന് ഒരാള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
കാര്‍ / ട്രെയിന്‍ യാത്രകള്‍
ഗര്‍ഭകാലത്ത് ട്രെയിന്‍യാത്ര പൊതുവേ സുരക്ഷിതമാണ്. എന്നാല്‍ ആദ്യമൂന്നുമാസം പൂര്‍ത്തിയാകും വരെ കാര്‍/ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്ക് എഴുന്നേല്‍ക്കാനും കൈയ്യും കാലും നിവര്‍ക്കാനും മറക്കരുത്.
ആദ്യമൂന്ന് മാസത്തിനു ശേഷമേ കാറില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ. കാര്‍ യാത്ര എപ്പോഴും സുഖകരമായിരിക്കില്ല. കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളിലൂടെയുളള യാത്ര അപകടകരമാണ്. ഇത്തരം വഴികളിലൂടെ പരമാവധി വേഗത കുറച്ച് സഞ്ചരിക്കണം. അടിവയറിന് താഴെയായി സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം. രണ്ടുമണിക്കൂര്‍ ഇടവിട്ട് വാഹനം നിറുത്തി വിശ്രമിച്ചശേഷമേ യാത്ര തുടരാവൂ.
വിമാനയാത്ര
നിങ്ങള്‍ക്ക് ഗര്‍ഭകാലപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പ്രസവതീയതിയുടെ ആറാഴ്ച മുമ്പുവരെ വിമാനയാത്ര ചെയ്യാം. പ്രസവതീയതി ഡോക്ടറോട് ചോദിച്ച് അറിയണം. ഗര്‍ഭത്തിന്റെ എട്ടാംമാസം മുതല്‍ യാത്ര ചെയ്യാന്‍ വിമാനക്കമ്പനികള്‍ ഇപ്പോള്‍ ഗര്‍ഭിണികളെ അനുവദിക്കാറില്ല.
ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ വിമാനയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. വിമാനത്തില്‍ കയറും മുമ്പ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ശരീര പരിശോധന നടത്താറുണ്ട്. എന്നാല്‍ ഇത് ഗര്‍ഭസ്ഥ ശിശുവിന് കുഴപ്പങ്ങള്‍ ഉണ്ടാക്കില്ല. വിമാനത്തില്‍ സഞ്ചരിക്കുമ്പോളുണ്ടാകുന്ന അന്തരീക്ഷ മര്‍ദ്ദവ്യതിയാനവും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. നിങ്ങളുടെയും കുട്ടിയുടെയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാലും ശരീരം അത് ക്രമീക രിച്ചുകൊള്ളും. അതിനാല്‍ പേടിക്കേണ്ടതില്ല.
ദൈര്‍ഘ്യമേറിയ യാത്രയാണെങ്കില്‍ ഇടയ്ക്ക് എഴുന്നേറ്റ് നടന്ന് കൈകാലുകള്‍ നിവര്‍ത്തണം. അനങ്ങാതെ ഏറെനേരം ഇരിക്കുന്നത് രക്തചംക്രമണത്തെ ബാധിക്കും. വിമാനത്തില്‍ കയറും മുമ്പും യാത്രയ്ക്കിടയിലും ആവശ്യത്തിന് ജലം കുടിക്കണം. ജലം കൂടുതല്‍ കുടിക്കുന്നത് ഡീഹൈഡ്രേഷനും മനം മറിച്ചിലും തടയും.
വിമാനത്തിലോ ട്രെയിനിലോ കാറിലോ യാത്ര ചെയ്യുമ്പോഴൊക്കെ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനകാര്യങ്ങളുണ്ട്. ഇവ ശ്രദ്ധിച്ചാല്‍ യാത്ര സുരക്ഷിതവും സുഖകരവുമാക്കാം.
മാനസികസമ്മര്‍ദ്ദം കുറയ്ക്കണം
യാത്രകള്‍ ഒഴിവാക്കി ഒമ്പതുമാസം വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കഴിയില്ല. യാത്ര സംബന്ധിച്ച ഉത്കണ്ഠകള്‍ ഒഴിവാക്കാന്‍ ചില ലളിതമായ ആസൂത്രണങ്ങളിലൂടെ സാധിക്കും. എയര്‍പോര്‍ട്ട്/റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കഴിവതും നേരത്തെ ചെല്ലാന്‍ ശ്രമിക്കണം. വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പ് വിമാനം/ട്രെയിന്‍ എന്നിവ ലേറ്റാകുമോയെന്ന് ഫോണ്‍ ചെയ്ത് അന്വേഷിക്കണം. അധികം ലഗേജുകള്‍ കൊണ്ടുപോകാതിരിക്കണം. വീലുകളുള്ള സ്യൂട്ട്കെയ്സുകള്‍ ഉപയോഗിച്ചാല്‍ ഭാരം ചുമക്കേണ്ടി വരില്ല. പോര്‍ട്ടര്‍മാരുടെ സഹായവും സ്വീകരിക്കാം. നീണ്ട ക്യൂ, വിമാനം/ ട്രെയിന്‍ വൈകല്‍ എന്നിവ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇടയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനസ് റിലാക്സ് ചെയ്യുക. പുസ്തകം വായിച്ചും ഐപോഡില്‍ നല്ലൊരു പാട്ടുകേട്ടും സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാം.
ഇടയ്ക്കിടെയുള്ള ലഘുഭക്ഷണം
വിമാനം/ കാര്‍/ ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കുക. ഇത് നിങ്ങളുടെ യാത്രാക്ഷീണം കുറയ്ക്കും. ഗര്‍ഭകാലപ്രശ്നങ്ങളായ മോര്‍ണിംഗ് സിക്ക്നെസ്, രക്തത്തിലെ പഞ്ചസാരക്കുറവ്, തളര്‍ച്ച എന്നിവ ഒഴിവാക്കാന്‍ ഇത് ഉപകരിക്കും.
കൈയ്യും കാലും ഇടയ്ക്ക് നിവര്‍ത്തുക
കാര്‍/ വിമാന യാത്രകള്‍ക്കിടയില്‍ ഓരോ മണിക്കൂര്‍ ഇടവിട്ടെങ്കിലും നടക്കാനും കൈയ്യും കാലും അനക്കാനും ശ്രദ്ധിക്കണം. രക്തചംക്രമണം നിലനിറുത്താന്‍ ഇത് ഉപകരിക്കും.
ഡീഹൈഡ്രേഷന്‍
ഗര്‍ഭിണികള്‍ക്ക് ധാരാളം ജലാംശം ആവശ്യമാണ്. യാത്രയ്ക്കിടെ ഡീഹൈഡ്രേഷന്‍ നടന്ന് ശരീരത്തിലെ ജലാംശം ഇല്ലാതാകാനിടയുണ്ട്. അതിനാല്‍ കുടിവെള്ള കുപ്പി കൈയ്യില്‍ കരുതുക. ദാഹം വരുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം മാറ്റുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യത്തിന് വെള്ളം കുടിക്കുക.
വസ്ത്രധാരണം
യാത്രയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം. യാത്രയ്ക്കിടെ ശരീരോഷ്മാവ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചൂട് കൂട്ടുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ സ്വഭാവം അനുസരിച്ച് ചൂട്/തണുപ്പ് പ്രധാനം ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കണം.
മറ്റ് മുന്‍കരുതലുകള്‍
ഗര്‍ഭകാലത്തിന്‍റെ അവസാന ആഴ്ചകളില്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. നന്നായി പാചകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. വേവിക്കാത്ത ഭക്ഷണപദാര്‍ത്ഥങ്ങളും സലാഡുകളും ഒഴിവാക്കുക. വിനോദയാത്രയ്ക്ക് നിങ്ങള്‍ പോകുന്നുവെന്നിരിക്കട്ടെ; സാഹസികമായ കായികവിനോദങ്ങളും റൈഡുകളും ഒഴിവാക്കണം.
ഗര്‍ഭകാലം: കാണാമറയത്തെ പാടുകള്‍ അകറ്റാം
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രധാനപ്രശ്നമാണ് സ്ട്രെച്ച് മാര്‍ക്ക്സ് എന്ന പേരിലറിയപ്പെടുന്ന പാടുകള്‍. ചുവപ്പ് നിറത്തിലും ചിലപ്പോള്‍ നീലനിറത്തിലും ചുവപ്പ് കലര്‍ന്ന ബ്രൗണ്‍നിറത്തിലും വരകളായും പുള്ളികളായുമാണ് പാടുകള്‍ കാണപ്പെടുക. വയറിനു പുറമേ മാറിടം,തോളുകള്‍, അരക്കെട്ട്, തുടകള്‍, നിതംബം എന്നിവിടങ്ങളിലും പാടുകള്‍ രൂപപ്പെടും. സ്ട്രൈ ഗ്രാവിഡ്രോം എന്നാണ് വൈദ്യശാസ്ത്രത്തില്‍ കാണാമറയത്തെ ഈ പാടുകള്‍ അറിയപ്പെടുന്നത്.
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രധാനപ്രശ്നമാണ് സ്ട്രെച്ച് മാര്‍ക്ക്സ് എന്ന പേരിലറിയപ്പെടുന്ന പാടുകള്‍. കടുംചുവപ്പ് നിറത്തിലും ചിലപ്പോള്‍ നീല നിറത്തിലും ചുവപ്പ് കലര്‍ന്ന ബ്രൗണ്‍നിറത്തിലും വരകളായും പുള്ളികളായുമാണ് പാടുകള്‍ കാണപ്പെടുക. വയറിനു പുറമേ മാറിടം,തോളുകള്‍, അരക്കെട്ട്, തുടകള്‍, നിതംബം എന്നിവിടങ്ങളിലും പാടുകള്‍ രൂപപ്പെടും. സ്ട്രൈ ഗ്രാവിഡ്രോം എന്നാണ് വൈദ്യശാസ്ത്രത്തില്‍ കാണാമറയത്തെ ഈ പാടുകള്‍ അറിയപ്പെടുന്നത്.
ഗര്‍ഭത്തിന്റെ മൂന്നു മുതല്‍ ആറുവരെയുള്ള മാസങ്ങളിലാണ് സാധാരണ പാടുകള്‍വീണുതുടങ്ങുക. പുക്കിളിനു സമീപത്തും പിന്നീട് അടിവയറ്റിലുമാകും ഇവ ആദ്യം വീഴുക. പാരമ്പര്യമാണ് പാടുകളുണ്ടാകാനുള്ള പ്രധാനകാരണം. നിങ്ങളുടെ അമ്മയുടെ വയറിനുപുറത്തെ ചര്‍മ്മത്തില്‍ ഗര്‍ഭകാലത്ത് പാടുകള്‍ വീണിട്ടുണ്ടോ എന്ന് നോക്കുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്കും പാടുകള്‍ വീണേക്കാം. അതേപോലെ ആദ്യ ഗര്‍ഭകാലത്ത് പാടുകള്‍ വീണിട്ടുണ്ടെങ്കില്‍ പിന്നീടും പാട് ഉണ്ടാകും.
പാടുകള്‍ സൗന്ദ്രര്യം നഷ്ടപ്പെടുത്തുമെന്ന് നിരാശപ്പെടേണ്ട. ഇവ കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കുകയാണ് ആദ്യമാര്‍ഗം. ശരീരഭാരവും തടിയും കൂടുന്നതോടെ ത്വക്ക്വികസിക്കുന്നതാണ് പാടുകളുണ്ടാകുനുള്ള കാരണം. ഗര്‍ഭകാലത്ത് ശരീരഭാരം കണക്കാക്കി, അമിതമായി വര്‍ദ്ധിക്കാതെ നിയന്ത്രിക്കണം. എന്നാല്‍ ശരീരതൂക്കം ആവശ്യത്തിന് ഉണ്ടാകുകയും വേണം. ക്രമാനുഗതമായി തൂക്കവും വണ്ണവും വര്‍ദ്ധിക്കുന്നതാണ് നിങ്ങളുടെയും വയറ്റില്‍ കിടക്കുന്ന കുട്ടിയുടെയും ആരോഗ്യത്തിന് ഉത്തമം.
ഇതുപോലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ശരീരം ഈര്‍പ്പത്തോടെ സൂക്ഷിക്കുക എന്നത്. തൂക്കവും വണ്ണവും പെട്ടെന്നു വര്‍ദ്ധിക്കുന്നതിനാല്‍ വയറും മാറിടവും പ്രത്യേകം ശ്രദ്ധിക്കണം. അയവും കട്ടികുറവും വലിച്ചിലും ചര്‍മ്മത്തിന്റെ സവിശേഷതകളാണ്. ചര്‍മ്മം ഈര്‍പ്പത്തോടെ സൂക്ഷിച്ചാല്‍ ഗര്‍ഭകാലത്ത് പാടുകള്‍ വീഴാനുള്ള സാധ്യത കുറയും.
വരണ്ട ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഏത് ഉല്പ്പന്നവും തത്വത്തില്‍ നല്ലതാണ്. എങ്കിലും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. വയറ്റിലെ ചര്‍മ്മം ഗര്‍ഭകാലത്ത് വികസിക്കും. ത്വക്കിലെ ചെറിയ രോമകൂപങ്ങളും ഇതോടൊപ്പം വികസിക്കും. വയറിനു പുറത്ത് ക്രീമുകള്‍ പുരട്ടുന്നതോടെ ഇവയിലടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍ രോമകൂപങ്ങളിലൂടെ പ്രവേശിച്ച് രക്തത്തില്‍ കലരും. നിങ്ങളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തെ ഇത് ബാധിച്ചേക്കാം. അതിനാല്‍ വയറില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന സ്കിന്‍ കെയര്‍ ഉല്പ്പന്നങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
രാസപദാര്‍ത്ഥങ്ങളടങ്ങിയവ ഉപേക്ഷിക്കുകയാണ് വേണ്ടത്. സ്വഭാവികവും പ്രകൃതിദത്തവുമായ ചര്‍മ്മസംരക്ഷണ ഉല്പ്പന്നങ്ങളാണ് നല്ലത്. ഇത്തരം ഔഷധങ്ങളേ ഉദരത്തില്‍ തേച്ചു പിടിപ്പിക്കാവൂ. ശുദ്ധമായ കൊക്കോ ബട്ടര്‍ അടങ്ങിയ ക്രീമുകള്‍ ഇതിനായി ഉപയോഗിക്കാം. എന്നാല്‍ ഇത് പാടുകള്‍ മായ്ക്കുമെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല. കൊക്കോ ബട്ടറിന് ഇത്തരം ചില സവിശേഷതകളുണ്ടെന്ന് തലമുറകളായി സ്ത്രീകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്.
കൊക്കോവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ കൊഴുപ്പുകലര്‍ന്ന ജൈവ എണ്ണയ്ക്ക് ചര്‍മ്മത്തെ ഈര്‍പ്പത്തോടെ പാടുകള്‍ വീഴാതെ മൃദുവായി നിലനിര്‍ത്താനുള്ള സവിശേഷ കഴിവുണ്ട്.
നിങ്ങളുടെ ചര്‍മ്മത്തില്‍ ഇതിനകം തന്നെ പാടുകള്‍ വീണിട്ടുണ്ടോ? എങ്കില്‍ അവയെ ഈര്‍പ്പമയമുള്ളതാക്കി സൂക്ഷിക്കുക. ഈര്‍പ്പമയമുള്ള ചര്‍മ്മം പ്രസവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം സാവധാനം പഴയരീതിയിലേക്ക് മടങ്ങിച്ചെല്ലാന്‍ തുടങ്ങും.
മനസുവച്ചാല്‍ അടുക്കളയില്‍ സ്വയം തയാറാക്കാം പ്രകൃതിദത്ത ചര്‍മ്മസംരക്ഷണ വസ്തുക്കള്‍.
തയാറാക്കുന്ന വിധം
കൊക്കോ ബട്ടറും വെളിച്ചെണ്ണയും തുല്യഅളവില്‍ എടുത്ത് ചൂടാക്കുക. നന്നായി ഇളക്കുക. ഇവ രണ്ടും ചേര്‍ന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി താഴെവച്ച് തണുപ്പിക്കുക. ഇത് ഉദരം, അര, നിതംബം മാറിടം, തോളുകള്‍ എന്നീ ശരീരഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. പിന്നീട് ഈ ഭാഗം നനച്ചശേഷം ഇളം ചൂടുള്ള പാലില്‍ വെള്ളത്തുണി മുക്കി തുടയ്ക്കണം. തുണിപിഴിഞ്ഞ് വീണ്ടും ഒരു മണിക്കൂറോളം ഇത് തുടരണം.
കുളിക്കാം, തേന്‍ ചേര്‍ത്ത്
ഇളം ചൂടുവെള്ളത്തില്‍ രണ്ടു തുള്ളി തേന്‍ ചേര്‍ത്ത് കുളിച്ചാല്‍ ചര്‍മ്മത്തിന് സ്വാഭാവിക ഈര്‍പ്പം കൈവരും. ഖവറില്‍ കുളിക്കുന്നവരായാലും ഇത് ഉപയോഗിക്കാം. ഉദരഭാഗത്തെ നനഞ്ഞ ചര്‍മ്മത്തിനുമേല്‍ തേന്‍ തേച്ചുപിടിപ്പിക്കുക. കുളിക്കുമ്പോഴും മെല്ലെ തടവുക
വന്ധ്യത കാരണങ്ങളും, ചികിത്സയും
Dr. Gopinathan DGO, MD, Head of the Department, Obstetrics & Gynaecology, Edappal Hospitals
നീണ്ടനാള്‍ കാത്തിരുന്നിട്ടും വീട്ടിലേക്ക് കുഞ്ഞതിഥി വരാനെന്തേ വൈകുന്നത്…? എല്ലാ ദമ്പതിമാരുടെയും സ്വപ്നമാണ് പൊന്നോമനയുടെ പിറവി. എന്നാല്‍ ഏറെ കാത്തിട്ടും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ പിന്നെ ഡോക്ടറെ കാണാന്‍ വൈകരുത്. നിങ്ങളുടെ സ്വപ്നങ്ങളെ വിഫലമാക്കുന്നത് വന്ധത്യയാകാം. ഗര്‍ഭം ധരിച്ചാലും അബോര്‍ഷനുണ്ടാകുന്നത് വന്ധ്യത തന്നെയാണ്. സങ്കീര്‍ണ്ണമായ പ്രത്യുല്പ്പാദ പ്രവര്‍ത്തനങ്ങളിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറക്കുന്നത്. സ്ത്രീകളിലെ അണ്ഡവിസര്‍ജനം, ഗര്‍ഭാശയപ്രശ്നങ്ങള്‍ എന്നിവ വന്ധ്യതയിലേക്ക് നയിക്കാം. പുതിയ കാലഘടത്തിലെ ജീവിതശൈലിയില്‍ വന്ധ്യത ഉണ്ടാകാനുള്ള സാധ്യതകളുമേറെയാണ്. നേരത്തെ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ തേടിയാല്‍ വന്ധ്യത ഒരു പരിധിവരെ ഒഴിവാക്കാം.
വന്ധ്യത ഉണ്ടാകുന്നത് ആര്‍ക്ക്?
സ്ത്രീക്കും പുരുഷനും വന്ധ്യത ഉണ്ടാകാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വന്ധ്യത ഉണ്ടാകാന്‍ തുല്യസാധ്യതയുണ്ട്. രണ്ടുപേരുടെയും പ്രശ്നങ്ങള്‍ കൊണ്ടും വന്ധ്യതയുണ്ടാകാം.
പുരുഷന്മാരിലെ വന്ധ്യത
ബീജത്തിലെ കൗണ്ട് കുറവാണ് പുരുഷവന്ധ്യതയുടെ പ്രധാന കാരണം. ജന്മനായുണ്ടാകുന്ന പ്രശ്നങ്ങളും അപകടങ്ങളും മുറിവുകളും വന്ധ്യതയിലേക്ക്നയിച്ചേക്കാം.
കാരണങ്ങള്‍
പുരുഷബീജത്തിന്റെ ഉല്പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി വസ്തുതകളുണ്ട്. മാറിയ ജീവിതസാഹചര്യവും പുത്തന്‍ ജീവിതശൈലിയും പ്രധാന കാരണങ്ങളാണ്. ബീജത്തിലെ കൗണ്ടും ശേഷിയും കുറയ്ക്കുന്ന കാരണങ്ങള്‍ ഇവയാണ്.
1. ആല്‍ക്കഹോള്‍, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം
2. ആരോഗ്യപ്രശ്നങ്ങള്‍
3. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
4. റേഡിയേഷന്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍
5. പ്രായം
സ്ത്രീകളിലെ വന്ധ്യത
അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട തകരാറുകളാണ് സ്ത്രീകളിലെ വന്ധ്യതയുണ്ടാക്കുന്നത്. ക്രമം തെറ്റിയ ആര്‍ത്തവം പിന്നീട് അണ്ഡോത്പാദനത്തിലെ തകരാറുകളുടെ സൂചനയാണ്. ഗര്‍ഭാശയത്തിലേക്കുള്ള അണ്ഡവാഹിനിക്കുഴലില്‍ ഉണ്ടാകുന്ന തടസവും ഗര്‍ഭപാത്രത്തിന്റെ തകരാറും വന്ധ്യതയിലേക്ക് നയിച്ചേക്കാം.
കാരണങ്ങള്‍
1. പ്രായം
2. മാനസിക സമ്മര്‍ദ്ദം
3. പോഷകാഹാര കുറവ്
4. അമിതമായ വ്യായാമം
5. പൊണ്ണത്തടി, മെലിച്ചില്‍
6. ലൈംഗിക രോഗങ്ങള്‍
7. ഹോര്‍മോണ്‍ വ്യതിയാനം
സ്ത്രീകളിലെ വന്ധ്യതയ്ക്ക് പ്രായം പ്രധാന കാരണമാണ്. പ്രായമേറുന്തോറും ഗര്‍ഭം ധാരണ സാധ്യത കുറയുന്നു. പ്രായമായ സ്ത്രീകളില്‍ (വയസ് 30 മുതല്‍) ബീജസംയോജനത്തില്‍ ഏര്‍പ്പെടാന്‍ അണ്ഡത്തിന് ശേഷികുറഞ്ഞ് വരുന്നതായി വിദഗ്ധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കൂടിയുണ്ടെങ്കില്‍ ശേഷി വീണ്ടും കുറയും. ഗര്‍ഭം ധരിച്ചാലും ഇവരില്‍ അബോര്‍ഷന് സാധ്യത കൂടും. 30 വയസില്‍ താഴെയുള്ള സ്ത്രീകള്‍ ഒരു വര്‍ഷം ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം. മുപ്പതുവയസായ സ്തീകളില്‍ ആറുമാസം ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്. സമയോചിതമായി ചികിത്സ തേടിയാല്‍ വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കാം. ആര്‍ത്തവ കാലത്തെ അതിയായ വേദന, അടിവയറ്റിലെ വേദന, ഗര്‍ഭമലസല്‍ എന്നിവയുണ്ടായാല്‍ വന്ധ്യതാ പരിശോധനയ്ക്ക് വിധേയയാകണം
ചികിത്സാരീതികള്‍
ആധുനിക വൈദ്യശാസ്ത്രരംഗത്ത് അനേകം ചികിത്സാരീതികള്‍ നിലവിലുണ്ട്. മരുന്ന്, സര്‍ജറി, ക്രിത്രിമ ബീജസങ്കലനം തുടങ്ങിയ മാര്‍ഗങ്ങളാണ് അവയില്‍ പ്രധാനം. ദമ്പതികളുടെ പ്രായം, പരിശോധന ഫലങ്ങള്‍, ആരോഗ്യനില എന്നിവയുടെ അടിസ്ഥാനത്തിലാണ് ചികിത്സ നല്‍കുന്നത്.
ജന്മപുണ്യത്തിന്‍റെ ക്രാഫ്റ്റ്
വന്ധ്യതാ ചികിത്സാ രംഗത്ത് മള്‍ട്ടിസ്പെഷ്യാലിറ്റി സങ്കല്പം കേരളത്തില്‍ ആദ്യമായി യാഥാര്‍ത്ഥ്യമാക്കിയത് ക്രാഫ്സ്റ്റാണ്. എങ്ങനെയാണ് ഇത്തരമൊരു കാഴ്ച്ചപ്പാടിലേക്ക് വന്നത്?
വാസ്തവത്തില്‍ എന്‍റെ ചികിത്സാനുഭവങ്ങളും പഠനാനുഭവങ്ങളുമാണ് എന്‍റെ കാഴ്ച്ചപ്പാടുകളെ രൂപപ്പെടുത്തിയത്. വന്ധ്യത ഒരു ശാപമായി കാണുന്ന സമൂഹത്തില്‍ ശാസ്ത്രീയ ചികിത്സാ വിധികളിലൂടെ ദമ്പതികളുടെ ദു:ഖങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. സിംഗപ്പൂര്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഉന്നതപഠനം നേടാന്‍ സാധിച്ചതോടെ, കേരളത്തിലും ഈ നന്മകള്‍ എത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ ചിന്തിച്ചു. വന്ധ്യതാനിവാരണ ചികിത്സ വ്യത്യസ്ത സ്പെഷ്യാലിറ്റികളുടെ ഏകോപനത്തിലൂടെ മാത്രമേ ഫലപ്രദമാക്കുവാന്‍ കഴിയൂ എന്നും ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സമഗ്രവും സമ്പൂര്‍ണ്ണവുമായ വന്ധ്യതാ ചികിത്സ ഒരു കുടക്കീഴില്‍ എന്ന ആശയം ക്രാഫ്റ്റില്‍ എനിക്ക് യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിഞ്ഞത്.
1999ലാണല്ലോ താങ്കള്‍ ക്രാഫ്റ്റ് ആരംഭിക്കുന്നത്. 2012 ആകുമ്പോഴേക്കും ഇന്‍ഡ്യയിലെ തന്നെ മികച്ച വന്ധ്യതാ നി വാരണ ചികിത്സാകേന്ദ്രം എന്ന പ്രശസ്തി ക്രാഫ്റ്റ്, ആര്‍ജ്ജിച്ചുകഴിഞ്ഞു. എങ്ങനെയാണ് ഈ വിജയം നേടിയത്?
ദീര്‍ഘവീക്ഷണവും, ഉറച്ചമൂല്യങ്ങളുമാണ് അതിന് സഹായിച്ചത് എന്നാണ് എന്‍റെ എളിയ അഭിപ്രായം. അളവറ്റ ഈശ്വരകൃപ, വിദഗ്ധരായ സഹപ്രവര്‍ത്തകരുടെ സഹകരണം എന്നിവയും എടുത്തു പറയേണ്ടതുണ്ട്. വീഡിയോ, എന്‍ഡോസ്കോപ്പിക് സര്‍ജറി, IUI സെന്റര്‍ PESA-ICSI-TESA-ICSI പ്രസവങ്ങള്‍, പ്രിനേറ്റല്‍ ചികിത്സാ നിര്‍ണ്ണയം, ഫ്രോസന്‍ എംബ്രിയോ ട്രാന്‍സ്ഫര്‍ ബേബി, അസിസ്റ്റഡ് ഹാച്ചിങ്ങ് ബേബി, ബ്ളാസ്റ്റോസിസ്റ്റ് ട്രാന്‍സ്ഫറിലൂടെയുള്ള പ്രസവം എന്നിങ്ങനെ ക്രാഫ്റ്റ് സ്വന്തമാക്കിയ നിരവധി നേട്ടങ്ങള്‍ എല്ലാം കേരളത്തില്‍ ആദ്യത്തേതാണ്. ഗുസജ്ജമായ ലാബുകള്‍, ആധുനിക യന്ര്ത സംവിധാനങ്ങള്‍ എന്നിവയ്ക്കു പുറമെ വിദഗ്ധരായ ഡോക്ടറന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും സമര്‍പ്പിത സേവനവും കൂടെ ഉണ്ടെങ്കിലേ ഈ വിജയങ്ങളെല്ലാം നേടാന്‍ കഴിയൂ.
വന്ധ്യതാ ചികിത്സാരംഗത്തെ അധാര്‍മ്മികതയെക്കുറിച്ച് ഡോക്ടര്‍ സൂചിപ്പിച്ചുവല്ലോ. എന്തൊക്കെയാണ് അവ?
വന്ധ്യതാ ചികിത്സയെ സംബന്ധിച്ച് വിശദവും വ്യക്തവുമായ നിയമങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിലെല്ലാം ഉണ്ട്. ഇവയെല്ലാം അവിടങ്ങളില്‍ കര്‍ശനമായി നടപ്പാക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്‍ഡ്യയിലെ നിയമങ്ങള്‍ അപര്യാപ്തങ്ങളാണ്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വന്ധ്യതാ നിവാരണ ചികിത്സാ രംഗത്ത് കൃത്യമായ നിയമനിര്‍ മ്മാണം നടപ്പിലാക്കണം.
ദാതാക്കളെ ഉപയോഗപ്പെടുത്തിയുള്ള ചികിത്സ ക്രാഫ്റ്റില്‍ നല്‍കുന്നില്ലല്ലോ. എന്തുകൊണ്ടാണിത്?
പലപ്പോഴും പലരും ഒരു എളുപ്പവഴിയെന്ന നിലയിലാണ് ദാതാക്കളില്‍ നിന്നും ബീജമോ അണ്ഡമോ സ്വീകരിച്ചജഌ ചികിത്സാമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ കര്‍ശനമായ ഒരു നിലപാടാണ് ക്രാഫ്റ്റില്‍ സ്വീകരിച്ചിരിക്കുന്നത്. കാരണം വന്ധ്യതാനിവാരണ ചികിത്സയെ ഒരു കച്ചവടമായി ഞങ്ങള്‍ കണ്ടിട്ടില്ല എന്നതുതന്നെ ക്രാഫ്റ്റില്‍ നിന്നും ജനിക്കുന്ന ഓരോ കുട്ടിയുടെയും പിതൃത്വം ആ ദമ്പതികള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും. അല്ലാതെയുള്ള ചികിത്സ ദൈവനിഷേധമല്ലേ.
25000ത്തിലേറെ ജന്മസാഫല്യങ്ങള്‍ എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നു ക്രാഫ്റ്റ്. ആരോടാണ് കടപ്പാട്?
ആദ്യത്തെ കടപ്പാട് പരമകാരുണികനായ ദൈവത്തോടുതന്നെ. വിവിധ ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, വിദഗ്ധരായ ഭിഷഗ്വരന്മാരുടേയും സയന്റിസ്റ്റുകളുടേയും കര്‍മ്മശേഷിയെ ഏകോപിപ്പിച്ചുകൊണ്ട്, സമഗ്രവും സമ്പൂര്‍ണ്ണവുമായ ഒരു വന്ധ്യതാ നിവാരണ ചികിത്സാലയം എന്ന ചിന്ത എന്നില്‍ അങ്കുരിപ്പിച്ച എന്‍റെ ചികിത്സാനുഭവങ്ങളോടും പഠനാനുഭവങ്ങളോടും എനിക്ക് കടപ്പാടുണ്ട്. സുതാര്യവും ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ചതുമായ വന്ധ്യതാ നിവാരണ ചികിത്സ എന്ന ക്രാഫ്റ്റിന്‍റെ കാഴ്ച്ചപാടിനെ അംഗീകരിക്കുന്ന ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ദമ്പതിമാരെയും കടപ്പാടോടുകൂടെ മാത്രമെ ഓര്‍മ്മിക്കുവാന്‍ കഴിയൂ.
പ്രൊഫ.ഡോ.സി.മുഹമ്മദ് അഷറഫ്
ചെയര്‍മാന്‍ & മെഡിക്കല്‍ഡയറക്ടര്‍
ക്രാഫ്റ്റ് ഹോസ്പിറ്റല്‍ &
റിസര്‍ച്ച് സെന്റര്‍
കൊടുങ്ങല്ലൂര്‍, തൃശൂര്‍
ഗര്‍ഭിണികള്‍ എന്താ ഛര്‍ദ്ദിക്കുന്നത്? ഗര്‍ഭിണികളോട് ആദ്യ മൂന്ന് മാസങ്ങളില്‍ വാഹനയാത്ര ചെയ്യരുതെന്ന് പറയുന്നത് എന്തുകൊണ്ടാ?
അമ്മ ഗീതയ്ക്കു മുന്നില്‍ ഇങ്ങനെ ആയിരം ചോദ്യങ്ങളുമായാണ് വീണ വന്നത്. വീണയുടെ പ്രെഗ്നെന്‍സി ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത് മുതല്‍ തുടങ്ങിയതാ ഈ സംശയങ്ങള്‍. വീണയുടെ അടുത്ത് ചെന്നിരുന്ന്അമ്മ പറഞ്ഞു തുടങ്ങി ഗര്‍ഭകാലത്ത് ആരോഗ്യപരമായി എങ്ങനെ ചെയ്യണം എന്തു ചെയ്യണം എന്ന തുടങ്ങുന്ന പത്തു കാര്യങ്ങള്‍.
ജീവിതത്തിലെ വര്‍ണ്ണങ്ങളുടെ തുടക്കമാണ് ഗര്‍ഭകാലം. മനസ്സും ശരീരവും ഒരുമിച്ച് ഒരു പുതുജീവന് വേണ്ടി കാത്തിരിക്കുന്ന ഒമ്പത് മാസക്കാലം. ഈ സമയത്ത് ഒരുപാട് സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരുപോലെകടന്നു വന്നാല്‍, വീണയെ പോലെ ഈ പത്ത് കാര്യങ്ങള്‍ നിങ്ങളും ഓര്‍ത്തുവച്ചോളൂ…
1 ആരോഗ്യത്തെ കുറിച്ചുള്ള സംശയങ്ങളുടെ കാലമാണ് ഗര്‍ഭകാലം. പ്രത്യേകിച്ചും ആദ്യ ഗര്‍ഭം. ഒരു ഭ്രൂണം ഉദരത്തില്‍ ജന്മം കൊണ്ട് കഴിഞ്ഞാല്‍ പിന്നെ അതിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അമ്മയുടെ ശരീരത്തിനും വ്യത്യാസമുണ്ടാകും. എന്തെല്ലാം കാര്യത്തിലാണോ സംശയങ്ങള്‍ അതെല്ലാം തന്നെ ചുറ്റുമുള്ള അനുഭവ സമ്പന്നരുമായി പങ്കുവയ്ക്കാന്‍ മറക്കരുത്. അമ്മ, സുഹൃത്തുക്കള്‍, പ്രസവം കഴിഞ്ഞ സ്ത്രീകള്‍, നല്ല പുസ്തകങ്ങള്‍ ഇവരില്‍ നിന്നെല്ലാം സംശയങ്ങള്‍ തീര്‍ക്കാം.
2 വാരിവലിച്ച് ഭക്ഷണം കഴിക്കാതെ, വേണ്ട ഭക്ഷണം മാത്രം കഴിക്കുക. ഒപ്പം ധാരാളം വെള്ളം കുടിക്കുക. അമിതമായ തടി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
3 ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കും കുഞ്ഞിനും സിഗരറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവ വില്ലന്മാരാണ്. അതുകൊണ്ട് തന്നെ ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കുക. അവ ദൂഷ്യമായ രീതിയില്‍ ബാധിക്കും.ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
4 താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ചിലര്‍ നിത്യേന ചെയ്തിരുന്ന വ്യായാമമെല്ലാം നിറുത്തി ബെഡ്‌റെസ്റ്റിനെ കൂട്ടുപിടിക്കും. എന്നാല്‍ ഗര്‍ഭിണിയാകും വരെ എന്തെല്ലാം വ്യായാമങ്ങള്‍ ചെയ്തിരുന്നോ അതെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും ചെയ്യാവുന്നതാണ്.
5 നിത്യേനയുള്ള ജോലികളില്‍ നിന്ന് ഇടവേളകള്‍ കണ്ടെത്തുക. ശരീരത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക. പകല്‍ സമയങ്ങളില്‍ ഉറങ്ങിയാല്‍ എത്ര സമയം രാത്രി ഉറങ്ങും എന്ന കാര്യവും ശ്രദ്ധിക്കുക.
6 ഉദരത്തിലുള്ള കുഞ്ഞിനോട് സംസാരിക്കാന്‍ സമയം കണ്ടെത്തുക. കാരണം പത്ത് ആഴ്ച വളര്‍ച്ചയുള്ള കുഞ്ഞ് നിങ്ങളുടെ ശബ്ദം, വെളിച്ചം, ഗാനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്. കുഞ്ഞിനോട് എപ്പോഴും സംസാരിച്ചാല്‍ കുഞ്ഞും അമ്മയുമായുള്ള ബന്ധം കുഞ്ഞിന്റെ ജനന ശേഷവും ദൃഢമായിരിക്കും. ഒപ്പം ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ടെന്‍ഷനുകളും കുറയും.
7 ഗര്‍ഭകാലത്ത് മന:പ്രയാസങ്ങള്‍ വരാതിരിക്കാന്‍ ശ്ര ദ്ധിക്കുക. മന:പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ യോഗയും മെഡിറ്റേഷനും ഒരു പരിധി വരെ സഹായിക്കും.
8 സാധാരണ പ്രസവത്തിനായി കൃത്യമായ എക്‌സര്‍സൈസുകളും ഭക്ഷണ ക്രമമവും പാലിക്കുകയും ചെയ്യേണ്ടതാണ്.
9 ഗര്‍ഭിണികള്‍ ഭര്‍ത്താവില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഏറെ പരിഗണനയും സ്‌നേഹവും ആഗ്രഹിക്കുന്ന കാലമാണ് ഇത്. ജീവിതത്തില്‍ വളരെ പ്രത്യേകത നിറഞ്ഞ സമയം കൂടിയാണിത്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിപരമായ വികാസത്തിനും വേണ്ടി മനസ്സിലെ ആകുലതകള്‍ എല്ലാം മാറ്റി വച്ച് ആത്മവിശ്വാസത്തോടെ ഇരിക്കുക. ഒരു സ്ത്രീക്ക് മാത്രം കഴിയുന്ന ഒന്നാണ് പുതിയൊരു ജീവന്‍ ഉദരത്തില്‍ ചുമന്ന് അതിന് ജന്മം നല്‍കുക എന്നത്.
10 സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ ബോധവതികളാകും ഈ സമയം. ഏറ്റവും മികച്ച ആരോഗ്യം അവര്‍ ആഗ്രഹിക്കുന്നു. ആരോഗ്യത്തിന് വേണ്ടിയുള്ള നല്ല ശീലങ്ങള്‍ തുടങ്ങുന്നതും ഈ സമയത്തു തന്നെ. പിന്നീടുള്ള ജീവിതത്തിലും ഇത് തുടരാന്‍ ശ്രദ്ധിക്കുക.
കടപ്പാട് -www.smartfamilyonline.com
അവസാനം പരിഷ്കരിച്ചത് : 7/22/2020
ഗര്‍ഭകാലത്തെ അസ്വാസ്ഥ്യങ്ങളും പരിഹാരവും
ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍