നവജാത ശിശുക്കളുടെ ശരീരത്തില്‍ എന്തൊക്കെ പുരട്ടാം... ഏതൊക്കെ എണ്ണകളും സോപ്പും ക്രീമും ഉപയോഗിക്കാം എന്നറിയേണ്ടേ?
കുഞ്ഞുവാവ ഉണ്ടാകുമ്പോള്‍തന്നെ അമ്മമാര്‍ക്ക് സംശയങ്ങള്‍ തുടങ്ങുകയായി.കുട്ടികളുടെ ചര്‍മ്മ സംരക്ഷണത്തെക്കുറിച്ചും ഏതൊരമ്മയ്ക്കും ടെന്‍ഷനുണ്ടാവാം.
കുഞ്ഞിനെ ഏത് എണ്ണ തേപ്പിക്കണം, സോപ്പ് ഉപയോഗിക്കാമോ , ക്രീമുകളും ലോഷനും ഉപയോഗിക്കാമോ എന്നിങ്ങനെ പല തരം ആശങ്കകളാകും അമ്മയുടെ മനസില്‍. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ വെളിച്ചെണ്ണയും ഔഷധ എണ്ണകളുമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ സമ്മതിക്കുകയുമില്ല.
എന്നാല്‍ പുതിയ അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന സോപ്പുകള്‍ ക്രീമുകള്‍ ,ലോഷന്‍ , എണ്ണകള്‍ എന്നിവയെക്കുറിച്ചും ഏതുതരത്തിലുള്ളവ ഉപയോഗിക്കാം , ഏതൊക്കെ ചേരുവകള്‍ അടങ്ങിയവയാണ് ഫലപ്രദം എന്നൊക്കെയുള്ള അറിവുകളിതാ...
ലോഷനുകള്‍, ക്രീമുകള്‍
നവജാത ശിശുക്കളുടെ ചര്‍മ്മം വളരെ ലോലമായതുകൊണ്ടുതന്നെ ലോഷനുകളും ക്രീമുകളും മറ്റും ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ജനിച്ച് അടുത്ത ദിവസം മുതല്‍ ഇവ ഉപയോഗിക്കുന്നതുകൊണ്ട് തെറ്റില്ല.
വരണ്ട ചര്‍മ്മമുള്ള കുട്ടികള്‍ക്ക് ലോഷന്‍ പുരട്ടുന്നത് ചര്‍മ്മത്തിന് മൃദുത്വം നല്കുന്നു. . കുട്ടികളുടെ ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്ക് ചില ഡോക്ടര്‍മാര്‍ സാധാരണ പെട്രോളിയം ജല്ലി ഉപയോഗിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
പ്രകൃതിദത്തമായ ചേരുവകളാണോ ഉപയോഗിക്കുന്ന ലോഷനിലും ക്രീമിലും അടങ്ങിയിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
സോപ്പുകള്‍
സാധാരണ സോപ്പ് ഉപയോഗിക്കുന്നത് കൂടുതലും ചര്‍മ്മം വരളാന്‍ കാരണമാകാറുണ്ട്. അതുകൊണ്ട് പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയ സോപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
കറ്റാര്‍വാഴയുടെ ജെല്ലി, വെളിച്ചെണ്ണ, പാം ഒലിവ് , സൂര്യകാന്തി എണ്ണ തുടങ്ങിയവ അടങ്ങിയ സോപ്പുകള്ാണ് ഉത്തമം. കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ നിര്‍മ്മലവും ലോലവുമായതുകൊണ്ട് കെമിക്കലുകള്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
അധികം സുഗന്ധമില്ലാത്തതും എന്നാല്‍ ഒരു നേരിയ വാസനയുള്ളതുമായ സോപ്പാണ് എപ്പോഴും നല്ലത്. ബദാംഎണ്ണ, ഒലിവ് എണ്ണ, പാല് എന്നിവ അടങ്ങിയ സോപ്പാണ് ഏറ്റവും പ്രകൃതിദത്തമായതെന്ന് പറയാം.
എണ്ണകള്‍
നവജാത ശിശുക്കളുടെ ശരീരത്തിന്് തേങ്ങ വെന്ത വെളിച്ചെണ്ണയാണ് ഏറ്റവും ഉത്തമം. വെളിച്ചെണ്ണയെ ചര്‍മ്മം പെട്ടെന്ന് വലിച്ചെടുക്കുന്നു. അത് ചര്‍മ്മത്തെ മൃദുവായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
വെളിച്ചെണ്ണയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് . ഇത് ചര്‍മ്മത്തിന് പ്രയോജനപ്രദമാണ്. പച്ചമരുന്നുകള്‍ ചതച്ചിട്ട് കാച്ചിയ വെളിച്ചെണ്ണയും കുട്ടികളുടെ ശരീരത്തില്‍ തേക്കാവുന്നതാണ്.
ഏലാദി, നാല്‍പ്പാമരാദി വെളിച്ചെണ്ണ, മഞ്ചട്ടി, മഞ്ഞള്‍,തേനിന്റെ മെഴുക് തുടങ്ങിയവ ഇട്ട് കാച്ചിയ എണ്ണകള്‍ എന്നിവയും കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന് ഉത്തമം തന്നെ.
കടുകെണ്ണ
ചെറിയ കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും കടുകെണ്ണ തേച്ച് കുളിക്കുന്നത് ആരോഗ്യപ്രദമാണ്. ചൂടാക്കിയ കടുകെണ്ണ ഒരിക്കലും കുട്ടികളെ തേപ്പിക്കാന്‍ ഉപയോഗിക്കരുത്. തണുപ്പുകാലത്താണ് കടുകെണ്ണ ഏറ്റവും ഉത്തമം
എള്ളെണ്ണ
എള്ളെണ്ണ തണുപ്പുകാലത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം. ആയുര്‍വേദത്തിലെ ഏറ്റവും നല്ല മസാജിങ് ഓയിലുമാണിത്.
ബദാം എണ്ണ
വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമായ എണ്ണയാണ് ബദാം എണ്ണ.
സൂര്യകാന്തി എണ്ണ
വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡ് തുടങ്ങിയവ ഏറ്റവും കൂടുതല്‍ അടങ്ങിയ എണ്ണയാണ് സൂര്യകാന്തി എണ്ണ.
വിവരങ്ങള്‍ക്ക് കടപ്പാട് :ഡോ. സുനു ജോണ്‍, പീഡിയാട്രിഷന്
കാരിത്താസ് ഹോസ്പിറ്റല്‍
ആദ്യകരച്ചില്‍ ഒരല്പം വൈകിയാല്‍ , ആവശ്യത്തിനു പാല് കുടിക്കാതെ വന്നാല്‍, കമിഴാന്‍ വൈകിയാല്‍, മുട്ടിലിഴിഞ്ഞു നടക്കാതിരുന്നാല്‍.. ഇങ്ങനെ ആശങ്കകളുടെ ഒരു പര്‍വ്വതം തന്നെ അമ്മമാരുടെ മനസ്സിലുണ്ടാകും. കുഞ്ഞിന്റെ തൂക്കം, പൊക്കം, വളര്‍ച്ച, മാറ്റങ്ങള്‍, ഇവയൊക്കെ മനസ്സിലാക്കാം..
ഏതൊരു സ്ത്രീയുടെയും ലോകം മാറിമറിയുന്നത് കണ്മണിയുടെ വരവോടെയാണ്. അന്നു വരെ കാണാത്ത കാഴ്ചകള്‍, ശ്രദ്ധിക്കാത്ത ശബ്ദങ്ങള്‍...എന്നു വേണ്ട ചുറ്റുമുള്ള ലോകം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പുതുതാണ്.
കുഞ്ഞു മിഴി ചിമ്മുന്നതും പാല് കുടിക്കുന്നതും ഓരോ ദിവസങ്ങളിലും കുഞ്ഞ് വളരുന്നതും, മാറ്റം വരുന്നതും ആകാംക്ഷയോടെ നോക്കിയിരിക്കാത്ത അമ്മമാര്‍ ഉണ്ടാവില്ല. ആകാംക്ഷയുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെ ആശങ്കയുണ്ടാകുമെന്നത് ലോകസഹജം.
ആദ്യകരച്ചില്‍ ഒരല്പം വൈകിയാല്‍, ആവശ്യത്തിനു പാല് കുടിക്കാതെ വന്നാല്‍, കമിഴാന്‍ വൈകിയാല്‍, മുട്ടിലിഴഞ്ഞു നടക്കാതിരുന്നാല്‍... ഇങ്ങനെ ആശങ്കകളുടെ ഒരു പര്‍വ്വതം തന്നെ അമ്മമാരുടെ മനസ്സിലുണ്ടാകും.
അതിന്റെയൊപ്പം ബന്ധുമിത്രാധികളില്‍ ആരെങ്കിലുമൊരു 'കമന്റ്' കൂടി പറഞ്ഞാല്‍ പിന്നെ അമ്മയുടെ മനസ്സ് തീച്ചുളയില്‍ ഉരുകും. തെറ്റായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ചെവി കൊടുത്ത് ആശങ്കപ്പെടുന്നതിലും മെച്ചം ഇതൊക്കെ മുന്‍കൂട്ടി അറിഞ്ഞു വയ്ക്കുന്നതല്ലേ... കുഞ്ഞിന്റെ തൂക്കം, പൊക്കം, വളര്‍ച്ച, മാറ്റങ്ങള്‍, പ്രത്യേകം ശ്രദ്ധിക്കേണ്ടവ ഇവയൊക്കെ മനസ്സിലാക്കാം..
കുഞ്ഞുമാറ്റങ്ങള്‍
1. മൂന്നാഴ്ച പ്രായമാകുമ്പോള്‍ തന്നെ നോക്കി സംസാരിക്കുന്ന അമ്മയെ കുഞ്ഞ് ശ്രദ്ധിച്ചു തുടങ്ങും.
2. ഒരു മാസത്തിനും ഒന്നരമാസത്തിനും ഇടയില്‍ അമ്മയെ നോക്കി ചിരിക്കും.
3. രണ്ടു മാസത്തോടെ കുഞ്ഞിന്റെ തൊട്ടടുത്തു കാട്ടുന്ന നിറമുള്ള വസ്തുക്കളെ മാറിമാറി നോക്കും.
4. മൂന്നു മാസമാകുന്നതോടെ അമ്മയെ തിരിച്ചറിയുകയും, ചിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും.
5. ആറാം മാസത്തില്‍ കൈതാങ്ങി നിലത്തിരിക്കും
6. ഏഴാം മാസത്തില്‍ സഹായമില്ലാതെ ഇരിക്കും.
7. എട്ടാം മാസത്തോടെ ഇഴയാന്‍ ആരംഭിക്കും.
8. ഒന്‍പതാം മാസമാകുമ്പോള്‍ എഴുന്നേല്ക്കാന് ശ്രമിക്കും.
9. പത്താം മാസത്തില്‍ പിടിച്ചെഴുന്നേല്ക്കാന് ശ്രമിക്കും.
10. ഒരു വയസാകുമ്പോള്‍ സഹായമില്ലാതെ അല്പനേരം എഴുന്നേറ്റ് നില്ക്കാനാകും.
11. പതിനൊന്നു മാസത്തിനും പതിനഞ്ചുമാസത്തിനും ഇടയില്‍ പരസഹായമില്ലാതെ നടക്കാന്‍ പഠിക്കും.
12. പതിനഞ്ചുമാസം കഴിയുമ്പോള്‍ കുട്ടി കോണിപ്പടികള്‍ ഇഴഞ്ഞ് കയറാന്‍ ശ്രമിക്കും.
13. ഒന്നരവയസില്‍ ചായപ്പെന്‍സില്‍കൊണ്ട് കുത്തിക്കുറിക്കും.
14. രണ്ടു വയസില്‍ നെടുകെയും കുറുകെയുമുള്ള വരയിടാനാവും. മൂന്നുവയസില്‍ വൃത്തം വരയ്ക്കാന്‍ തുടങ്ങും.
15. മൂന്നു വയസിനും നാലു വയസിനുമിടയില്‍ ഒരാളുടെ തലയും കൈകാലുകളും വരയ്ക്കാനാകും.
ഈ പറഞ്ഞതിലെല്ലാം ചെറിയ വ്യത്യാസം മുമ്പോട്ടോ പുറകോട്ടോ ഉണ്ടാവാം. എന്നാല്‍ ഒന്നരവയസായിട്ടും നടക്കാത്ത കുട്ടിയെ ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കണം.
ഒന്നു മുതല്‍ മൂന്നു മാസം വരെ പ്രായമായ കുഞ്ഞ്
ഓരോ മാസവും 700 ഗ്രാം മുതല്‍ 900 ഗ്രാം വരെ തൂക്കം വര്‍ധിക്കും. നാല് മാസം പൂര്‍ത്തിയാകുമ്പോഴേക്കും കൈകുത്തി തലയുയര്‍ത്താനാകും. ഇതോടെ കഴുത്തിന്റെ ബലം വര്‍ധിച്ചുതുടങ്ങും. കൈവിരലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യും. കൈ വായിലേക്ക് കൊണ്ടുവരും.
ചെറിയ സാധനങ്ങള്‍ കൈയില്‍ പിടിക്കും. അടുത്തുനില്ക്കുന്നവരുടെ മുഖത്തുനോക്കും. ചലിക്കുന്ന വസ്തുക്കളെ മാറി മാറി നോക്കും. ശബ്ദം കേള്‍ക്കുന്നിടത്തേക്ക് തലതിരിച്ചു നോക്കും. മറ്റുള്ളവരെ നോക്കി ചിരിക്കും. കളിയും കളിപ്പിക്കലും ഇഷ്ടപ്പെടും.
നാലു മുതല്‍ ഏഴുമാസം വരെ
വശങ്ങളിലേക്ക് ഉരുണ്ടുമറിയുന്നു. ആദ്യം പിടിച്ചും പിന്നീട് പിടിക്കാതെയും ഇരിക്കുന്നു. തുടര്‍ന്ന് കാലില്‍ ശരീരത്തിന്റെ ബലം കൊടുക്കുന്നു. ഒരു കൈയില്‍നിന്ന് അടുത്ത കൈയിലേക്ക് സാധനങ്ങള്‍ മാറ്റുന്നു. പേരു വിളിക്കുമ്പോള്‍ ശ്രദ്ധിക്കുന്നു.
വേണ്ടെന്ന് തലകൊണ്ട് ആംഗ്യം കാണിക്കുന്നു. ശബ്ദം കേട്ട് തിരിച്ച് ശബ്ദമുണ്ടാക്കുന്നു. സന്തോഷവും വിഷമവും ശബ്ദംകൊണ്ട് അറിയിക്കുന്നു. അടുത്തുള്ളവരുമായി കളിക്കുവാന്‍ ഇഷ്ടപ്പെടുന്നു. കണ്ണാടിയിലെ പ്രതിരൂപം ഇഷ്ടപ്പെടുന്നു.
എട്ടു മുതല്‍ 12 മാസം വരെ
പേരു വിളിക്കുമ്പോള്‍ സഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നു. വയര്‍ നിലത്തുറപ്പിച്ചിഴയുന്നു. കൈയും കാല്‍മുട്ടും കുത്തി ഇഴയുന്നു. മെല്ലെ പിടിച്ചെഴുന്നേറ്റു നില്ക്കുന്നു. അല്പനേരം പിടിക്കാതെ നില്ക്കുന്നു. രണ്ടുമൂന്നു ചുവട്തനിയെ നടക്കുന്നു. സംസാരിക്കാന്‍ ശ്രമിക്കുന്നു.
അമ്മ, അച്ഛ പറയുന്നു, വാക്കുകള്‍ കേട്ട് ഉച്ചരിക്കുന്നു. കൈയിലുള്ളവ കുലുക്കുകയും നിലത്തെറിയുകയും ചെയ്യുന്നു. ആംഗ്യങ്ങള്‍ അനുകരിക്കുന്നു.
പാലോ വെള്ളമോ ഗ്ലാസില്നിന്നും കുടിക്കാന്‍ ശീലിക്കുന്നു. തലചീകുന്നു. ഫോണ്‍ ഡയല് ചെയ്യുന്നു. അപരിചിതരുടെ മുമ്പില്‍ വിതരണവും ഉത്കണ്ഠയും പ്രകടിപ്പിക്കുന്നു.
അച്ഛനോ അമ്മയോ വിട്ടുപോകുമ്പോള്‍ കരയുന്നു. മറ്റുള്ളവരെ അനുകരിക്കുന്നു. പേടിച്ച് കരയുന്നു. വിരലുകള്‍കൊണ്ട് ആഹാരമെടുത്ത് കഴിക്കുന്നു. വസ്ത്രങ്ങളിടാന്‍ സ്വയം സഹായിക്കുന്നു.
അപകടകാരികളായ മിക്ക രോഗങ്ങളും കുട്ടികള്‍ക്ക് വരാതിരിക്കാന്‍ കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്പുകള്‍ സഹായിക്കും. അച്ഛനമ്മമാര്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് യഥാവിധി നല്കുന്നതില് യാതൊരു ഉപേക്ഷയും വരുത്തരുത്.
നിശ്ചയിച്ചിട്ടുള്ള സമയത്തുതന്നെ അവ നല്‍കിയിരിക്കണം. ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കണം.
വാക്സിനുകള്‍
1. ബി.സി.ജി.
ഇന്ത്യയിലിന്നും അസംഖ്യം ജനങ്ങളുടെ ജീവന് അപഹരിക്കുന്ന രോഗമാണ് ക്ഷയം. ക്ഷയരോഗത്തിനെതിരെയുള്ള പ്രതിരോധ വാക്സിനാണ് ബി.സി.ജി. ആദ്യം തന്നെ ഇടത്തെ കൈയുടെ മുകളില്‍ ഒറ്റപ്രാവശ്യം ചെയ്യുന്ന വാക്സിനാണിത്. കുത്തിവയ്പിനെ തുടര്‍ന്ന് പനിയോ വേദനയോ ഒന്നും ഉണ്ടാകാറില്ല.
ഒന്നരമാസത്തിനുള്ളില്‍ മരുന്ന് കുത്തിയ ഭാഗത്ത് ചെറിയ തടിപ്പ് പൊന്തിനില്ക്കും.ഏകദേശം മൂന്നുനാല് മാസം കഴിയുമ്പോള്‍ തൊലിയിലെ ഈ ചെറിയ തടിപ്പ് മാഞ്ഞ് പോകാം. കുത്തിവയ്പ് കഴിഞ്ഞ് രണ്ട് മാസമായിട്ടും കുത്തിവച്ച ഭാഗത്ത് തടിപ്പോ വീക്കമോ ഉണ്ടാകുന്നില്ലെങ്കില്‍ വിവരം ഡോക്ടറോട് പറയണം.
കുത്തിവയ്പ് വിജയപ്രദമാണോ എന്ന് ഡോക്ടര്‍ വിലയിരുത്തേണ്ടിവരും. ചില കുട്ടികള്‍ക്ക് ഇടത്തേ കക്ഷത്തോ കഴുത്തിലോ ഗ്രന്ഥിവീക്കം ഉണ്ടാകാം. ഇതിന് ആഴ്ചകളോളം ചികിത്സ വേണ്ടിവരും.
2. ഡി.പി.റ്റി (ട്രിപ്പിള്‍ ആന്റിജന്‍)
ഡിഫ്ത്തീരിയ, വില്ലന്‍ചുമ, കുതിരസന്നി എന്നീ മാരകരോഗങ്ങളെ ചെറുക്കാനാണ് ട്രിപ്പിള്‍ ആന്റിജന്‍ എടുക്കുന്നത്. കുത്തിവയ്പ് കഴിഞ്ഞ് പനി, കുത്തിവച്ച ഭാഗത്ത് വേദന, നീര്, അസ്വസ്ഥത ഇവയൊക്കെയുണ്ടാകാം. ഇതൊക്കെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറിപ്പോകും.
പനിയോ വേദനയോ ഉണ്ടെങ്കില്‍ പാരാസെറ്റാമോള്‍ സിറപ്പ് കൊടുത്താല്‍ മതി. എന്നാല്‍ കുത്തിവച്ച സ്ഥാനത്ത് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടും വേദനയോ ചുവപ്പോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം.
3. പോളിയോ വാക്സിന്
പോളിയോമൈലൈറ്റിസ് എന്ന രോഗം വരാതിരിക്കാനാണിത് നല്‍കുന്നത്. ഇത് തുള്ളിമരുന്നായി വായിലൊഴിച്ചാണ് കൊടുക്കുന്നത്. പനിയോ വയറിളക്കമോ മറ്റ് പാര്‍ശ്വഫലങ്ങളോ ഒന്നുമില്ല. അഞ്ച് ഡോസുകളായാണ് ഇത് നല്‍കുന്നത്.
4 മീസില്‍സ് വാക്സിന്
മണ്ണന്‍പനി വരാതിരിക്കാനാണ് ഇതെടുക്കുന്നത്. കടുത്ത മണ്ണന്‍പനി ഉണ്ടാകുന്ന കുട്ടികള്‍ക്ക് ന്യുമോണിയ, ഹൃദ്രോഗം, മെനിഞ്ചൈറ്റിസ് എന്നീ ഗുരുതരമായ രോഗാവസ്ഥകള്‍ ചിലപ്പോഴെങ്കിലുമുണ്ടാകാം.
ആറ് മാസത്തിനും ഒന്‍പത് മാസത്തിനും ഇടയ്ക്കാണിത് നല്‍കേണ്ടത്. തുടര്‍ന്ന് നല്കുന്ന എം.എം.ആര്. വാക്സിനും ഈ രോഗം പ്രതിരോധിക്കും. മീസില്‍സ് വാക്സിന് റിയാക്ഷനോ പനിയോ പതിവില്ല.
5. എം.എം.ആര്. വാക്സിന്
മണ്ണന്‍പനി, മുണ്ടിനീര്, ജര്‍മന്‍ മീസില്‍സ് (റൂബല്ല) എന്നീ രോഗങ്ങള്ക്കെത്തിരെയുള്ള വാക്സിനാണിത്. ജര്‍മന്‍ മീസില്‍സിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ പെണ്‍കുട്ടികള്‍ക്ക് വളരെ പ്രധാനമാണ്.
ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ നാല് മാസത്തിനുള്ളില്‍ ജര്‍മന്‍ മീസില്‍സ് വന്നാല്‍ ഗര്‍ഭശിശുവിന്റെ ഹൃദയം, തലച്ചോറ്, കണ്ണുകള്‍, മറ്റവയവങ്ങള്‍ എന്നിവയ്ക്ക് ജന്മനായുള്ള വൈകല്യങ്ങള്‍ സംഭവിക്കാം.
6. ഹിബ് വാക്സിന്
ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സ ടൈപ്പ് ബി എന്ന രോഗാണുമൂലമുണ്ടാകുന്ന ഏറെ ഗുരുതരമായ ന്യുമോണിയ, മെനിഞ്ചൈറ്റിസ് ഇവ വരാതിരിക്കാനാണ് ഹിബ് വാക്സിനെടുക്കുന്നത്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വരാവുന്ന ഏറ്റവും മാരകമായ രോഗബാധയാണിത്.
ഹിബ് വാക്സിന് കുത്തിവയ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം. ഒരു മാസം ഇടവിട്ട് മൂന്ന് ഡോസുകളിലാണിത് നല്‍കുന്നത്. ട്രിപ്പിള്‍ ആന്റിജനോടൊപ്പം ഇത് നല്‍കാം.
7. ഹെപ്പറ്റൈറ്റിസ്- ബി വാക്സിന്
ഹെപ്പറ്റൈറ്റിസ് -ബി വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തം തടയാനാണ് ഈ വാക്സിനെടുക്കുന്നത്. ജനനം കഴിഞ്ഞ് അധികം താമസിയാതെ ബി.സി.ജി.യോടും പോളിയോയോടും ഒപ്പം ആദ്യഡോസ് നല്‍കണം. ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും ആറാം മാസത്തില്‍ മൂന്നാം ഡോസും നല്‍കണം.
ജനിച്ചയുടന്‍ ഹെപ്പറ്റൈറ്റിസ് -ബി വാക്സിന് എടുക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ആദ്യ ഡോസ് നല്കി ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും ആദ്യ ഡോസ് കഴിഞ്ഞ് ആറാം മാസത്തില്‍ മൂന്നാം ഡോസും നല്‍കാം. ഗര്‍ഭകാലത്തെ രക്തപരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് -ബി ആണെന്ന് കണ്ടാല്‍ ശിശു ജനിച്ച് 12 മണിക്കൂറിനുള്ളില്‍ വാക്സിന് നല്‍കണം.
ഇത്തരം ശിശുക്കള്‍ക്ക് ഹെപ്പറ്റൈറ്റിസ്- ബി വാക്സിന് നല്‍കുന്നതോടൊപ്പം ശരീരത്തിന്റെ മറ്റൊരുഭാഗത്ത് ഹെപ്പറ്റൈറ്റിസ് -ബി ഇമ്യൂണോഗ്ലോബുലിന്‍ എന്ന മരുന്നും കുത്തിവയ്ക്കണം. ഇവരിലും ഹെപ്പറ്റൈറ്റിസ്-ബി വാക്സിന് രണ്ടാമത്തെ ഡോസ് ഒരു മാസം കഴിഞ്ഞും മൂന്നാമത്തെ ഡോസ് ആദ്യഡോസ് കഴിഞ്ഞ് ആറാംമാസത്തിലും നല്‍കണം.
8. ചിക്കന്‍ പോക്സ് വാക്സിന്
ഒരു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് വരാതിരിക്കാന്‍ പതിനഞ്ചാം മാസത്തില്‍ നല്കുന്ന എം.എം.ആര്. മീസില്‍സ്, മംപ്സ്, റൂബെല്ലാ (അഞ്ചാംപനി, ജര്മന്പനി) വാക്സിനോടൊപ്പം ചിക്കന്‍പോക്സ് വാക്സിനും നല്‍കാവുന്നതാണ്.
9. ടൈഫോയിഡ് വാക്സിന്
രണ്ടു മുതല്‍ മൂന്നുവയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ടൈഫോയിഡിനെതിരെ നല്കുന്ന ഒറ്റ ഡോസ് വാക്സിനാണ് ടൈഫോയിഡ് വാക്സിന്. ഒരു ഡോസിന് മൂന്നു വര്‍ഷത്തേക്കുള്ള പ്രതിരോധശക്തിയുണ്ട്.
താമസിച്ചുപോയതുകൊണ്ട് കുത്തിവയ്പ് എടുക്കാതിരിക്കുന്നത് അബദ്ധമാണ്. എത്രയും വേഗം ഡോക്ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്പുകള്‍ എടുക്കണം. പ്രതിരോധ കുത്തിവയ്പിന്റെ ഒരു ഡോസെടുക്കാന്‍ വിട്ടുപോയാല്‍ കുത്തിവയ്പ് ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടതില്ല. ബാക്കിയുള്ള ഡോസുകള്‍ വൈകാതെ എടുത്താല്‍ മതി.
മുകളില്‍ പറഞ്ഞ വാക്സിനുകള്തന്നെ നാലോ അഞ്ചോ വാക്സിനുകള്‍ വീതം കൂടുതല്‍ സൗകര്യപ്രദമായി കുത്തിവയ്പുകളുടെ എണ്ണം കുറച്ച് നല്കാവുന്ന രീതിയില്‍ ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍
1. 6-8 ആഴ്ച തിരിച്ചറിഞ്ഞു ചിരിക്കുന്നു
2. 12-6 ആഴ്ച കഴുത്ത് ഉറയ്ക്കുന്നു.
3. 4-ാം മാസം കമിഴ്ന്നു വീഴുന്നു
4. 5-6 മാസം മടിയില്‍ സഹായത്തോടെ ഇരിക്കുന്നു, കൊടുക്കുന്ന വസ്തുക്കള്‍ പിടിക്കുന്നു
5. 6 -ാം മാസംകസേരയില് ചാരി ഇരിക്കുന്നു, ആടുന്ന വസ്തുക്കള്‍ പിടിച്ചെടുക്കുന്നു
6. 7 -8 മാസം സഹായമില്ലാതെ ഇരിക്കുന്നു
7. 10-ാം മാസംമുട്ടുകുത്തി ഇഴയുന്നു
8. 11-ാം മാസം പിടിച്ചുനില്ക്കുന്നു
9. 12-ാം മാസം സഹായമില്ലാതെ നടന്നു തുടങ്ങുന്നു
10. 12-14 മാസംസഹായമില്ലാതെ ഓടിനടക്കുന്നു
11. 2 വയസ് കോണിപ്പടി കയറുന്നു. രണ്ടുകാലും ഒരു പടിയില്‍ വച്ച് വച്ച് കോണിപ്പടി കയറുന്നു
12. 3 വയസ് ഒരു കാല് ഒരു പടിയില്‍വച്ച് കോണിപ്പടി കയറുന്നു. തനിയെ വസ്ത്രം ഇടാനും അഴിക്കാനും പഠിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ താരതമ്യേന തൂക്കവും ഉയരവും അല്പം കുറവായിരിക്കും.
പ്രായം------------------തൂക്കം-----------------------------------------ഉയരം
ജനിക്കുമ്പോള്‍---------2 1/2 മുതല്‍ 3 1/2 കി.ഗ്രാം വരെ
മൂന്നാം മാസം --------5 1/3 കി.ഗ്രാം---------------------------- 59 സെ.മീ
ആറാം മാസം -----------7 ---------------------------------------- 65 സെ.മീ
ഒന്‍പതാം മാസം ------ 8 ---------------------------------------- 69സെ.മീ
ഒരു വയസ് ------------- 9 ---------------------------------------- 74സെ.മീ
രണ്ടു വയസ് -------------- 11 --------------------------------------- 84 സെ.മീ
മൂന്നു വയസ് ---------------- 12 ------------------------------------- 90 സെ.മീ
നാലു വയസ് -------------- 14 ------------------------------------- 96 സെ.മീ
അഞ്ചു വയസ് ----------------17 ------------------------------------ 104 സെ.മീ
ആറു വയസ് ------------------ 19 ----------------------------------- 114 സെ.മീ
ഏഴു വയസ്, ------------------ 21 ------------------------------------ 119 സെ.മീ
എട്ടു വയസ് -------------------- 23 ----------------------------------- 124 സെ.മീ
ഒന്‍പതു വയസ് --------------- 25 ----------------------------------- 130 സെ.മീ
പത്തു വയസ് ------------------- 27 ----------------------------------- 137 സെ.മീ
പ്രത്യേകം ശ്രദ്ധിക്കുക
1. ഒന്നര രണ്ട് മാസം പ്രായമുള്ളപ്പോള്‍ ശബ്ദം കേള്‍പ്പിക്കുന്നിടത്തേക്ക് കുഞ്ഞ് മുഖം തിരിച്ച് നോക്കാതിരിക്കുന്നത്.
2. മൂന്ന്, നാല് മാസമായിട്ടും ആളെ കണ്ടാലും കളിപ്പാട്ടം കണ്ടാലും പ്രത്യേകം ശ്രദ്ധിക്കുന്നില്ലെങ്കില്‍.
3. നാലഞ്ച് മാസമായിട്ടും അമ്മ മടിയിലിരുത്തുമ്പോള്‍ തല നിവര്ത്തിപ്പിടിക്കുന്നില്ലെങ്കില്.
4. ഒന്‍പതാം മാസമായിട്ടും പരസഹായമില്ലാതെ ഇരിക്കാന്‍ കഴിയുന്നില്ലെങ്കില്‍.
5. പത്ത് മാസമായിട്ടും ആവര്‍ത്തിച്ച് ശബ്ദമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍.
6. ഒന്നര വയസായിട്ടും തനിയെ നടക്കാന്‍ കഴിയുന്നില്ലെങ്കില്‍.
7. ഒന്നേമുക്കാല്‍ വയസായിട്ടും ഒരു വാക്കുപോലും സംസാരിക്കുന്നില്ലെങ്കില്‍.
8. രണ്ടേകാല്‍ വയസായിട്ടും രണ്ടുമൂന്ന് വാക്കുചേര്‍ത്ത് സംസാരിക്കാനായില്ലെങ്കില്‍.
9. നാല് വയസായിട്ടും വ്യക്തമായി മനസിലാകുന്ന രീതിയില്‍ സംസാരിക്കുന്നില്ലെങ്കില്‍.
മേല്‍ സൂചിപ്പിച്ചതുപോലെയുള്ള പോരായ്മകള്‍ ഉള്ളപ്പോള്‍ കുഞ്ഞിനെ ആറാമത്തെ ആഴ്ചയിലും ആറാമത്തെ മാസത്തിലും പത്താമത്തെ മാസത്തിലും ഒന്നരവയസിലും മൂന്നുവയസിലും ഒരു വിദഗ്ദ്ധ ചികിത്സകനെക്കൊണ്ട് പരിശോധിപ്പിക്കണം.
കുത്തിവയ്ക്കേണ്ടപ്പോള് കുഞ്ഞിന് അസുഖമായാല്‍
കടുത്ത പനിയോ വലിയ അസ്വാസ്ഥ്യമോ ആണെങ്കില്‍ മാത്രമേ കുഞ്ഞിന്റെ പ്രതിരോധകുത്തിവയ്പ് മാറ്റിവയ്ക്കാവൂ. ചെറിയ ജലദോഷം, മൂക്കൊലിപ്പ്, ചുമ, തൊലിപ്പുറത്ത് ചുവപ്പ്, തടിപ്പ്, മറ്റ് ചെറിയ അസുഖങ്ങള്‍ ഇവയൊന്നും കുത്തിവയ്പ് മാറ്റിവയ്ക്കാനുള്ള കാരണങ്ങളല്ല.
വലിയ പനിയോ വയറിളക്കമോ ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സിച്ച് ഭേദമാക്കിയശേഷം എളുപ്പം കുത്തിവയ്പെടുക്കണം.
ടൈഫോയിഡ് വാക്സിന് കാപ്സ്യൂളായി
ക്യാപ്സ്യൂള്‍ രൂപത്തിലുള്ള ടൈഫോയ്ഡ് വാക്സിനും ലഭ്യമാണ്. ആറ് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മൂന്ന് ക്യാപ്സ്യൂളുകളായി നല്കിയാല് മതിയാകും. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് ഇത് വീണ്ടും ആവര്‍ത്തിക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട് :ഡോ. വി. കെ ജയകുമാര്‍
കുഞ്ഞിക്കരച്ചില്‍ കേട്ട് ഇനി ടെന്‍ഷനാവേണ്ട..കുഞ്ഞുങ്ങളുടെ കരച്ചിലിന് കാരണം കണ്ടെത്തി പരിഹാരം കണ്ടെത്താം..
അമ്മമാരുടെ ഉറക്കം കെടുത്തലിനെപ്പറ്റി പറയുന്ന ഒന്നാണല്ലോ കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചില്. കാര്യവും കാരണവുമറിയാതെയുള്ള കരച്ചിലുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അമ്മമാര്‍ പാടുപെടാറാണ് പതിവ്.
വിശക്കുമ്പോള്‍ മാത്രമോ,വാശിക്കാരായതു കൊണ്ടോ മാത്രമാണ് കുഞ്ഞുങ്ങള്‍ കരയുന്നതെന്ന തെറ്റിദ്ധാരണ പല അമ്മമാര്‍ക്കിടയിലും ഉണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ കരച്ചില് പല കാരണങ്ങള്‍ കൊണ്ടാവാം. അതു മനസ്സിലാക്കുന്ന കാര്യത്തിലും അമ്മമാര്‍ മിടുക്കികളാവണം.
കരച്ചില്
കരയാത്ത കുഞ്ഞുങ്ങളില്ലല്ലോ. ജനിച്ചയുടന്‍ തന്നെ കുഞ്ഞു കരയും. ശ്വാസോച്ഛ്വാസം കരച്ചിലൂടെയാണ് തുടങ്ങുക. കുഞ്ഞു കരയുമ്പോള്‍ അമ്മയ്ക്ക് വിഷമമാകും. എന്നാല്‍ കുഞ്ഞുങ്ങളുടെ കരച്ചില് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ അമ്മയ്ക്ക് കഴിയണം.
കുഞ്ഞ് കരയുമ്പോള്‍
ഒാരോ കുഞ്ഞിനും ഓരോ രീതിയാണ്. കുഞ്ഞ് കരയുന്നത് എപ്പോഴും എന്തെങ്കിലും സഹായത്തിനായിരിക്കും. അല്ലെങ്കില്‍ അസ്വാസ്ഥ്യം മൂലമായിരിക്കും.
അത് വിശപ്പാകാം, ദേഹത്തുള്ള തുണി നനഞ്ഞിട്ടാകാം, ശരീരത്തിലെ മറ്റ് അസുഖാനുഭവം ആകാം, അസ്വാസ്ഥ്യം കുഞ്ഞ് കരഞ്ഞ് മാറ്റുന്നതാവാം.
കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് അമ്മയ്ക്കു എളുപ്പം മനസ്സിലാകും. കരച്ചിലിന്റെ രീതിയില്‍ നിന്നു തന്നെ കാരണം മിക്കവാറും മനസ്സിലാകും. വിശന്നുള്ള കരച്ചില് ഹ്രസ്വവും ശബ്ദം കുറഞ്ഞതുമായിരിക്കും.
ദേഷ്യത്തിലുള്ള കരച്ചിലിന് ശബ്ദം കൂടും. വേദനിച്ചുള്ള കരച്ചില് പെട്ടെന്നും ഉച്ചത്തിലുമായിരിക്കും. ഉറങ്ങിയുണരുമ്പോള്‍ കുട്ടികള്‍ കരയുന്നത് മിക്കപ്പോഴും വിശന്നിട്ടാകും.
എങ്ങനെ കരച്ചിലകറ്റാം?
1. ഏറ്റവും എളുപ്പവഴി എത്രയും പെട്ടെന്ന് കുഞ്ഞിനെ എടുത്ത് ശരീരത്തോട് ചേര്ത്തുപിടിക്കാവുന്നതാണ്.
2. കുഞ്ഞിനെ കയ്യിലെടുത്ത് താരാട്ടണം
3. തോളില്‍ കിടത്തി തലയിലും മുതുകിലും മൃദുവായി തട്ടിയാല്‍ നന്ന്.
4. കമ്പിളിയിലോ ബ്ളാങ്കറ്റിലോ പൊതിഞ്ഞു കിടത്താം.
5. പാട്ടുപാടി കേള്‍പ്പിക്കാം.
6. സന്തോഷത്തോടെ കുഞ്ഞിനോട് സംസാരിക്കണം.
7. ശബ്ദം കുറച്ച് പാട്ട് കേള്‍പ്പിക്കുന്നതും കൊള്ളാം.
8. കൈയില്‍ എടുത്തു കൊണ്ട് നടക്കാം.
9. തോളില്‍ കിടത്തി മുതുകില്‍ തട്ടി വയറ്റിലെ ഗ്യാസ് കളയുന്നതും നന്ന്.
10. ഇളം ചുടുവെള്ളത്തില്‍ നനച്ചു തുടയ്ക്കാം.
ചില കുഞ്ഞുങ്ങള്‍ കരഞ്ഞിട്ടേ ഉറങ്ങൂ. അല്പനേരം കരയാന്‍ വിട്ടാല്‍ കരഞ്ഞ് ക്ഷീണിച്ച ശേഷം മെല്ലെ ഉറങ്ങിക്കൊള്ളും. എന്തു ചെയ്തിട്ടും ഉറങ്ങുന്നില്ലെങ്കില്‍ കുഞ്ഞിന് എന്തെങ്കിലും അസുഖമായിരിക്കുമെന്നൂഹിക്കാം.
പനിയാകാം, ചെവി വേദനയാകാം, കണ്ണുവേദനയാകാം, വയറുവേദനയാകാം. ഇതിനു ഡോക്ടറെ കണ്ടേ മതിയാകൂ. കുഞ്ഞിനും ടെന്‍ഷന്‍ ഉണ്ടാകാമെന്നു പറഞ്ഞല്ലോ. കുഞ്ഞ് കരയുമ്പോള്‍ അമ്മയ്ക്കു ടെന്‍ഷന്‍ കൂടരുത്. ശാന്തമായി സമചിത്തതയോടെ കുഞ്ഞിനെ സാന്ത്വനിപ്പിക്കുക.
കുട്ടി എത്ര കരഞ്ഞാലും അമ്മ ദേഷ്യം പിടിക്കരുത്. അമ്മ എത്ര ശാന്തമായിരിക്കുന്നോ അത്രയും വേഗം കുഞ്ഞിന്റെ കരച്ചിലകറ്റാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കുഞ്ഞുങ്ങള്‍ കരയും. നവജാതശിശുക്കള്‍ ഒന്നു മുതല്‍ നാലു മണിക്കൂര്‍ വരെ വെറുതേ ഒരു ദിവസം കരയാറുണ്ട്.
അമ്മയുടെ ഗര്‍ഭാശയത്തിനു പുറത്തെ വ്യത്യസ്തമായ ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമായും കുഞ്ഞു കരയാം. കുഞ്ഞ് കരയുമ്പോഴെല്ലാം കരച്ചിലകറ്റാന്‍ ഒരമ്മയ്ക്കും കഴിഞ്ഞെന്നു വരില്ല. അതോര്‍ത്തു വിഷമിക്കുകയും വേണ്ട.
നിര്‍ബന്ധബുദ്ധി, ശാഠ്യം
കുട്ടികളുടെ മനസ്സ് വളരെ ലോലമാണ്. വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കുഞ്ഞ് നിരാശപ്പെടും. വിശപ്പ്, ക്ഷീണം, ശ്രദ്ധ കിട്ടാതിരിക്കല്‍ ഇവയെല്ലാം കുഞ്ഞുങ്ങളുടെ നിര്ബന്ധശീലത്തിന് കാരണമാവാം.
ആഹാരം കഴിക്കാതിരിക്കുക, വസ്ത്രം മാറാനും കുളിക്കാനും തയ്യാറാവാതിരിക്കുക, ആഗ്രഹിച്ചതെല്ലാം കൈയില്‍ കിട്ടാതിരിക്കുക, ഇഷ്ടം തോന്നിയത് ചെയ്യാന്‍ പറ്റാതിരിക്കുക എന്നീ സന്ദര്‍ഭങ്ങളിലെല്ലാം അമിതവാശി പിടിച്ച് കുഞ്ഞുങ്ങള്‍ നിര്‍ബന്ധശീലം കാണിക്കാം. ചിലപ്പോള്‍ ഈ വാശിപ്രകടനം അമ്മയുടെയോ മറ്റുള്ളവരുടെയോ ശ്രദ്ധ പിടിച്ചു പറ്റാനാവാം.
തന്റെയുള്ളിലെ വികാരങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോഴും ഇതുകൊണ്ടാവാം. മനസ്സിലെ അനിഷ്ടം അകറ്റാന്‍ കുഞ്ഞിന് കഴിവുണ്ടാവില്ല. നിര്‍ബന്ധപൂര്‍വ്വം തോന്നുന്നതെല്ലാം ചെയ്യും. വാശി കൂടി ഉച്ചത്തില്‍ കരയാം, കൈ കാല് കടിക്കാം, നിലത്ത് കിടന്നുരുളാം, മുന്നില്‍ കാണുന്നത് തട്ടി മറിക്കാം. വളരെ ശ്രദ്ധയോടെ വേണം ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍.
ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഉറക്കം വരാത്തപ്പോഴും കരച്ചിലും വാശിയുമുണ്ടാകും. നിര്‍ബന്ധം കാട്ടുന്ന കുട്ടിയുടെ ശ്രദ്ധ കൗശലപൂര്‍വ്വം മറ്റെന്തിലെക്കെങ്കിലും തിരിച്ചുവിടാന്‍ ശ്രമിക്കണം.അതിന് കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിന്റെ വാശിപ്രകടനത്തിന് യാതൊരു പ്രാധാന്യവുമില്ലാത്ത രീതിയില്‍ അവഗണിക്കണം.
കുഞ്ഞുണ്ടാക്കുന്ന രംഗം ശ്രദ്ധിക്കാനേ പോകരുത്. ഇങ്ങനെ ശ്രദ്ധിക്കാതെയിരിക്കുമ്പോള്‍ കുഞ്ഞിന് അറിയാതെ എന്തെങ്കിലും പരിക്കോ അപകടമോ പറ്റാതെയിരിക്കാനും നോക്കണം. സ്ഥിരമായും നിര്‍ബന്ധമായും വാശി കാണിക്കുന്ന കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് വിലയിരുത്തേണ്ടി വരും.
നിര്‍ബന്ധബുദ്ധിയും വാശിയും അംഗീകരിച്ച് കൊടുക്കാതെയിരിക്കുന്നതാണ് ശരിയായ മാര്‍ഗ്ഗം. ഒരിക്കലും നാം കൂടിയിടപ്പെട്ട് രംഗം വഷളാക്കരുത്. നിര്‍ബന്ധബുദ്ധി കാട്ടുന്നത് അവഗണിക്കുക. അതിന് പ്രാധാന്യം കൊടുക്കരുത്. നമ്മള് മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ വാശി മെല്ലെ കുറഞ്ഞു വരും.
വാശി പിടിച്ച് മാറിയിരിക്കുന്ന കുട്ടിയെ നിര്‍ബന്ധബുദ്ധി കുറയ്ക്കുന്ന സമയത്ത് അവന്റെ ശീലങ്ങളെ അനുമോദിച്ച് സംസാരിക്കുക. വാശി കാണിക്കുമ്പോള്‍ കുട്ടിയെ തല്ലരുത്. ദുശ്ശാഠ്യം കാണിക്കുമ്പോള്‍ ആശ്വസിപ്പിക്കുന്നത് ചില കുട്ടികള്‍ക്ക് ഇഷ്ടപ്പെടില്ല.
അടുത്തേയ്ക്ക് ചെല്ലുന്ന അമ്മയോട് 'പൊയ്ക്കോ' എന്നു പറഞ്ഞാല്‍ തിരിച്ചുപോകണം. ഇത് കുട്ടിയില്‍ മാനസാന്തരം ഉണ്ടാക്കും. ദുശ്ശാഠ്യശീലം വളരെ പെട്ടെന്ന് മാറുന്നില്ലെങ്കില്‍ വിദഗ്ധചികിത്സകന്റെ സേവനം തേടണം. സ്വയമോ മറ്റുള്ളവരാലോ മുറിവുകള്‍ പറ്റുക, ദിവസവും പലതവണ നിര്‍ബന്ധബുദ്ധി കാണിക്കുകയോ ചെയ്യുമ്പോള്‍ വിദഗ്ദ്ധ പരിശോധന കൂടിയേ തീരൂ.
കുഞ്ഞുങ്ങളോട് ആവേശത്തോടെയും, ആഹ്ളാദത്തോടെയും സംസാരിച്ചു നോക്കൂ. വാത്സല്യം വാക്കുകളിലൂടെ, വാചകങ്ങളിലൂടെ പുറത്തേക്കൊഴുകട്ടെ...
കുഞ്ഞിനോടു സംസാരിക്കുന്നത് അരമണിക്കൂര്‍ 'കളഞ്ഞേക്കാം' എന്ന മനോഭാവത്തോടെ, റേഷന്‍ സംസാരം സമ്മാനിക്കുന്ന രീതിയിലാവരുത്. ആവേശത്തോടെ, ആഹ്ളാദത്തോടെയുള്ള ഒരു സംസാരമാണ് നടത്തേണ്ടത്. കുഞ്ഞിനോടുള്ള വാത്സല്യം വാക്കുകളിലൂടെ, വാചകങ്ങളിലൂടെ പുറത്തേക്കൊഴുകണം.
ആ സംസാരത്തില്‍ നാം ലയിക്കണം. കുഞ്ഞുമായി ഇടപെടുമ്പോഴെല്ലാം ഈ വര്‍ത്തമാനം പറച്ചിലും നടക്കണം. കുഞ്ഞിനോട് ഒരേ കാര്യം തന്നെ അനേകമനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയണം.
'ഇങ്കു, ഇങ്കു, ഇങ്കു... ഞങ്ങടെ വാവക്കുട്ടി ഇങ്കു കഴിക്കാന്‍ പോവുകയാണല്ലോ. ഇങ്കു ഇങ്കു ഇങ്കു തിന്നു വലുതാകാന്‍ പോവുകയാണല്ലോ...'' ഇങ്ങനെ അനേകതവണ അനേകദിവസങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ 'ഇങ്കു' എന്ന പദം കുഞ്ഞിന് പരിചിതമാകുന്നു.
പാല്, വെള്ളം, കാക്ക, പൂച്ച, അമ്പിളിമാമന്... ഇങ്ങനെ ചുറ്റുപാടുമുള്ള, കുഞ്ഞിന്റെ പരിചയസീമയിലുള്ള വസ്തുക്കളെപ്പറ്റി പറഞ്ഞുപറഞ്ഞാണ് ആ പേരുകള്‍ കുഞ്ഞിനു പരിചിതമാകുന്നത്.
കേട്ടുകേട്ടു പഠിക്കല്‍
കുഞ്ഞ് സംസാരിക്കാന്‍ പഠിക്കുന്നതിനും എത്രയോ മുമ്പുതന്നെ കുഞ്ഞിന് നമ്മുടെ സംസാരം മനസിലാക്കാന്‍ കഴിയുന്നു. ഇത് നിരന്തരമായ കേള്‍വിയിലൂടെയാണ് സാധ്യമാകുന്നത്. കേട്ടുകേട്ടു പഠിക്കല്‍. സംസാരം മാത്രമല്ല കുഞ്ഞിനെ കേള്‍പ്പിക്കേണ്ടത്. പാട്ടും കേള്‍പ്പിക്കണം. പാടി കേള്‍പ്പിക്കണം.
കൊച്ചുകുഞ്ഞിന് രസിക്കുന്ന, താളവും ലാളിത്യവുമുള്ള നാടന്‍പാട്ടുകള്‍ പാടികേള്‍പ്പിക്കാം. നോണ്‍സെന്‍സ് പാട്ടുകള്‍വരെ പാടാം. കുട്ടി ആ പാട്ടുകള്‍ കേട്ടു രസിക്കും. നല്ല ലയമുള്ള ശാസ്ത്രീയസംഗീതംവരെ കുഞ്ഞിനെ കേള്‍പ്പിക്കണം. ആവര്‍ത്തിച്ചു കേള്‍പ്പിക്കണം.
കേട്ടുകേട്ട് കുഞ്ഞിന് അത്തരം നല്ല പാട്ടുകള്‍ പരിചിതമാകും. കുഞ്ഞ് അതില്‍ ലയിക്കും. ചില കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ ചില പാട്ടുകള്‍ കേള്‍ക്കണമെന്ന ശീലം തന്നെ ഉണ്ടാകാറുണ്ട്. കൊച്ചുകുഞ്ഞുങ്ങള്‍ക്കുവരെ കേള്‍വിജ്ഞാനം ഉണ്ടാകുമെന്നര്‍ത്ഥം.
മലക്കിടപ്പു കിടക്കുന്ന കുഞ്ഞുങ്ങളോട് അവര്‍ കിടക്കുമ്പോള്‍ അടുത്തിരുന്നു വര്‍ത്തമാനം പറയാം. അവരെ കാലില്ക്കിടത്തിയും തോളില്‍ കിടത്തിയും താലോലിക്കുമ്പോഴും വര്‍ത്തമാനം പറയാം. തല നേരേ നില്‍ക്കാറായ ഘട്ടത്തില്‍ കുഞ്ഞിനെയും എടുത്ത് പുറത്തുകൂടിയും മുറിയിലൂടെയും നടക്കാം.
ഓരോരോ സാധനവും കാണിച്ചുകൊടുത്ത് വര്‍ത്തമാനം പറയാം. ആദ്യമാദ്യം കുഞ്ഞിന് ഒന്നില്തന്നെ നോക്കി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവുണ്ടായിരിക്കുകയില്ല. പക്ഷേ സാവധാനം കുഞ്ഞിന് അതിനുള്ള കഴിവ് കൈവരും. അപ്പോള്‍ ഓരോന്നും കാണിച്ച് പേരുകള്‍ ആവര്‍ത്തിച്ചു പറയണം. സാവധാനം കുട്ടിക്കു പേരു പിടികിട്ടും.
കാക്ക എന്നു നാം പറയുമ്പോള്‍ കാക്കയുടെ നേരെ കുഞ്ഞ് നോക്കും; പൂവ് എന്നു പറയുമ്പോള്‍ പൂവിനുനേരെയും. കുഞ്ഞിനെ മടിയിലിരുത്തി തപ്പുകൊട്ടിപാട്ടു പാടാനും കൈകൊട്ടിപ്പാട്ടു പാടാനും 'ഉറുമ്പേ ഉറുമ്പേ' കളിപ്പാട്ടു പാടാനുമൊക്കെ ഈ പ്രായത്തില്‍ തുടങ്ങാം.
മുതിര്‍ന്നവര്‍ കരുതുന്നതിലും എത്രയോ പെട്ടെന്ന്, എത്രയോ കൂടുതല്‍ നന്നായി കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കും. ആസ്വദിക്കും. പ്രതികരിക്കുകയും ചെയ്യും. കുഞ്ഞുങ്ങളുടെ ഭാഷാപഠനം അവര്‍ സംസാരിച്ചു തുടങ്ങും മുമ്പേ ആരംഭിക്കും. മുതിര്‍ന്നവരുടെ സംസാരത്തില്‍ നിന്ന് അവരുടെ ഭാഷാപഠനം തുടങ്ങുമെന്ന് ഇത്രയും പറഞ്ഞതില്‍നിന്നും വ്യക്തമായല്ലോ.
കൊഞ്ചി പറയരുതേ.
തീരെ ചെറിയ കുഞ്ഞുങ്ങളോടു നാം സംസാരിക്കുമ്പോള്‍ കൊഞ്ചിപ്പറയും. കുഞ്ഞിനോടുള്ള വാത്സല്യംമൂലമാണ് കൊഞ്ചിപ്പോകുന്നത്. അല്പമൊക്കെ കൊഞ്ചല് നന്ന്. കുഞ്ഞിനോട് ഏറ്റവും അടുത്ത്, ഹൃദയത്തില്‍ തൊട്ടു സംസാരിക്കാന്‍ ആ കൊഞ്ചല് സഹായിക്കും. പക്ഷേ, കൊഞ്ചല് കൂടരുത്. കുഞ്ഞ് വലുതായി വരുന്നതനുസരിച്ച് കൊഞ്ചല് കുറച്ച് നല്ല ഭാഷതന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
കുഞ്ഞ് വര്‍ത്തമാനം തുടങ്ങുമ്പോള്‍ കൊഞ്ചിക്കുഴഞ്ഞ്, കുറുക്കിയും മുറിച്ചും കുഞ്ഞിന്റെ സ്വന്തം ഭാഷയിലേ സംസാരിച്ചു തുടങ്ങൂ. അപ്പോള്‍ രക്ഷിതാക്കള്‍ കൊഞ്ചല് നിര്‍ത്തി നല്ല ഭാഷയില്‍തന്നെ നിരന്തരം സംസാരിക്കണം. എന്നാല്‍ മാത്രമേ കുഞ്ഞിന്റെ ഭാഷാശേഷി പ്രായത്തിനനുസരിച്ച് ഉയരൂ; നിലവാരം ഉള്ളതാകൂ.
ഇങ്ങനെ 'ഭാഷാപഠനം' പുരോഗമിക്കുന്നതിനിടയില്‍ കുഞ്ഞ് വളരും. സംസാരിക്കാനുള്ള ശ്രമം തുടങ്ങും. അച്ച, അമ്മ, ടാറ്റാ എന്നൊക്കെ പറയാന്‍ തുടങ്ങും. ചില കുഞ്ഞുങ്ങള്‍ ഒരു വയസാകുമ്പോള്‍ സംസാരിക്കും. ചിലര്‍ കുറെക്കൂടി താമസിക്കും. സംസാരിക്കാനുള്ള കുഞ്ഞിന്റെ ശ്രമത്തെ പ്രോത്സാഹിപ്പിക്കണം.
രക്ഷിതാക്കള്‍ കുഞ്ഞു പറഞ്ഞത് ഏറ്റുപറയുകയും സന്തോഷിച്ച് ഉമ്മകൊടുത്തും തലോടിയും തടവിയും മറ്റും കുഞ്ഞിനെ അംഗീകരിക്കുകയും വേണം. മുതിര്‍ന്നവര്‍ തന്റെ സംസാരം ആസ്വദിക്കുന്നുണ്ട് എന്നറിയുന്നതോടെ സംസാരിക്കാനുള്ള കുഞ്ഞിന്റെ ആവേശം കൂടും. കമിഴ്ന്നുവീഴാനും നീന്താനും തല പൊക്കിപ്പിടിക്കാനുമൊക്കെ കാണിച്ച അത്ര ആവേശത്തോടെ കുഞ്ഞ് സംസാരിക്കാനും ശ്രമിക്കും.
കമിഴ്ന്നുവീഴലും തലപൊക്കിപ്പിടിക്കലും നെഞ്ച് ഉരച്ചു നീന്തലുമെല്ലാം കുഞ്ഞിന് രസകരമായ, അതേസമയം വെല്ലുവിളികള്‍ നിറഞ്ഞതുമായ പാഠങ്ങളാണല്ലോ. ആ പരീക്ഷകളെല്ലാം വിജയകരമായി പാസായ കുഞ്ഞ് അതിനിടയില്‍ അനേകം ഭാഷാപരീക്ഷകളും പാസായി ഭാഷാശേഷി വളര്ത്തിക്കഴിഞ്ഞിട്ടുണ്ട്.
രക്ഷിതാക്കള്‍ അറിഞ്ഞിട്ടില്ലെന്നേയുള്ളൂ. സംസാരം തുടങ്ങി എന്നതിനര്‍ത്ഥം ഭാഷാപരമായ ഉയര്‍ന്ന (ഉപരി)പഠനത്തിന് കുഞ്ഞ് തയാറായിരിക്കുന്നുവെന്നുതന്നെയാണ്.
കഥകള്‍ പറഞ്ഞാലോ?
ഈ ഘട്ടത്തില്‍ കൂടുതല്‍ നിലവാരമുള്ള സംസാരം കുഞ്ഞുമായി നടത്തണം. കഥ പറയലും തുടങ്ങണം. ആദ്യം വളരെ വളരെ ചെറിയ കഥകള്‍ മതി. 'മിനി' കഥകളല്ല 'മൈക്രോ' കഥകള്‍ മാത്രം. നാലോ അഞ്ചോ വാചകങ്ങളില്‍ ഒതുങ്ങുന്ന കഥകള്‍. കഥകള്‍ക്കു നാടകീയത ഉണ്ടെങ്കില്‍ നന്ന്. കുഞ്ഞുങ്ങള്‍ക്കു പരിചയമുള്ളവരാകണം കഥാപാത്രങ്ങള്‍.
കാക്കയും പൂച്ചയും അമ്മൂമ്മയും മറ്റും. ആനയും ഉറുമ്പും പൂമ്പാറ്റയും മാവും ഒക്കെ കഥാപാത്രങ്ങളാകാം. പതുക്കെപ്പതുക്കെ കഥകളുടെ ക്യാന്‍വാസ് വലുതാക്കാം. ഒന്നും രണ്ടും മൂന്നും വയസുകാര്‍ക്കു പറ്റിയ വളരെ ചെറിയ കുട്ടിക്കഥകള്‍ വേണ്ടത്ര കിട്ടാന്‍ വിഷമമാണ്. കുറെ ശേഖരിച്ചുപറയാം. കുറെ കഥകള്‍ പ്രായത്തിനനുസരിച്ച് മാറ്റി പറയാം.
കുറെ സന്ദര്‍ഭത്തിനനുസരിച്ച് ഉണ്ടാക്കിയും പറയാം. മൂന്നുവയസുകാരോട് ലളിതമായ ഏതു കഥയും പറയാം. ജന്തുകഥകള്‍, പുരാണകഥകള്‍, തമാശക്കഥകള്‍, മൂല്യബോധം പകരുന്ന കഥകള്‍ തുടങ്ങിയവ. കുട്ടികളോട് കഥകള്‍ പറയാന്‍ തുടങ്ങുമ്പോഴാണ് രക്ഷിതാക്കള്‍ കുഴയുക! തങ്ങള്‍ക്കു വളരെ കുറച്ചു കഥകള്‍ മാത്രമേ അറിയൂ എന്ന് ആദ്യംതന്നെ അവരറിയും.
പിന്നെ കഥകള്‍ കണ്ടെത്തുക എന്നതാകും രക്ഷിതാക്കളുടെ ജോലി. കഥകള്‍ ഉണ്ടാക്കി പറയാനും ചില രക്ഷിതാക്കള്‍ ശ്രമിക്കും. അതോടെ രക്ഷിതാക്കളുടെ നിലവാരവും ഉയരും എന്നുള്ളതാണ് ഏറെ രസകരമായ വസ്തുത.
സ്വന്തം കുഞ്ഞിനുവേണ്ടിയെങ്കിലും രക്ഷിതാക്കള്‍ കുറച്ചു വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് നല്ലതല്ലേ? മൂന്നു വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്ന കാര്യമാണ് ഇവിടെ വിവരിക്കുന്നത്. അവരുടെ ഭാഷാശേഷി വര്‍ധിപ്പിക്കുന്ന കാര്യം.
ആദ്യം കുഞ്ഞിന്റെ ചുറ്റുപാടുമുള്ള കാര്യങ്ങളെപ്പറ്റിത്തന്നെയാണ് കുഞ്ഞിനോടു സംസാരിക്കേണ്ടത്. കാക്കയും പൂച്ചയും കാറും ലോറിയും അമ്പിളിമാമനും വിമാനവും പൂക്കളും പൂമ്പാറ്റയും അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും ചേട്ടനും ചേച്ചിയും ആന്റിയും അങ്കിളും കല്ലും കളിപ്പാട്ടങ്ങളും ഉറമ്പും അണ്ണാനും അപ്പവും പഴവും പാലും.. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ അവസാനമില്ലാത്ത എത്രയെത്ര വിഷയങ്ങള്‍, വസ്തുക്കള്‍, കഥാപാത്രങ്ങള്‍.
ഒരു ശിശുവിന്റെ ചുറ്റുമുള്ള, ശിശു നേരിട്ട് ഇടപഴകുന്ന വിഷയങ്ങള്‍ തന്നെ എത്രയെത്രയാണ്. അവയെ പരിചയപ്പെടുത്താം. അവയെപ്പറ്റി പറയാം. അക്കൂട്ടത്തില്‍ ശിശുവിന്റെ ശരീരംവരെ പഠനവിഷമയാക്കാം. സ്വന്തം കൈയും കാലും മൂക്കും നാക്കും മുഖവും തലമുടിയും പല്ലും കണ്ണും ഒക്കെ തൊട്ടുകാണിച്ച് കളിക്കാന്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് എന്ത് ഉത്സാഹമാണ്.
മോടെ കണ്ണ് ഏതാണ് എന്നു നാം ചോദിക്കുമ്പോള്‍ സന്തോഷത്തോടെ അവള് കണ്ണില്‍ വിരല്‍തൊട്ടു കാണിക്കും. 'മിടുക്കി' എന്നു നമ്മള് അഭിനന്ദിക്കുമ്പോള്‍ ഒരു ഐ.എ.എസ്. പരീക്ഷ ജയിച്ച ഗമയായിരിക്കും നമ്മുടെ പുന്നാരക്കുട്ടിക്ക്.
തീര്‍ച്ചയായും കുട്ടി ഒരു പരീക്ഷ ജയിച്ചിരിക്കുകയാണ്. അങ്ങനെ ഓരോ കണ്ടെത്തലും കുട്ടി നടത്തുമ്പോള്‍, ഓരോ ചോദ്യത്തിനും ശരി ഉത്തരം പറയുമ്പോള്‍, നാം കുട്ടിയെ അനുമോദിക്കണം.
അംഗീകരിക്കണം. അപ്പോള്‍ കുട്ടിക്കു കൂടുതല്‍ പഠിക്കാന്‍ തോന്നും. പഠനം അംഗീകാരത്തിനുള്ള ഉപാധിയായി കുട്ടി കാണും. പഠനം വിലയുള്ള ഒരു പ്രവൃത്തിയാണ് എന്നു കുട്ടി മനസിലാക്കും. ഉത്സാഹത്തോടെ പഠിക്കാനുള്ള മനോഭാവം കുട്ടിയില്‍ വളരും.
കുട്ടി നന്നായി ചിരിച്ചാലും നന്നായി ഓടിയാലും നന്നായി ഗുസ്തിപിടിച്ചാലും നാം കുട്ടിയെ അനുമോദിക്കണം. അതുപോലെ നന്നായി കാര്യം മനസിലാക്കുമ്പോഴും നന്നായി ഭാഷ പ്രയോഗിക്കുമ്പോഴും നാം കുട്ടിയെ അനുമോദിച്ച് പ്രോത്സാഹിപ്പിക്കണം.
ഇങ്ങനെ മുന്നുവയസുവരെയുള്ള കാലഘട്ടത്തില്‍ രക്ഷിതാക്കള്‍ ബോധപൂര്‍വം കുട്ടിയുമായി ഇടപഴകി കുട്ടിയുടെ ഭാഷാശേഷി വര്‍ധിച്ചാല്‍ അത്ഭുതകരമായിരിക്കും അതിന്റെ ഫലം. ഏകദേശം മുന്നുവയസില്‍ പ്ലേ സ്കൂളില്‍ (കിന്റര്‍ ഗാര്‍ട്ടണില്‍) ചേര്‍ക്കുമ്പോള്‍തന്നെ കുട്ടി ഭാഷയില്‍ നല്ല കഴിവുള്ള കുട്ടിയായിരിക്കും. ക്ലാസില്‍ കുട്ടി തിളങ്ങാന്‍ ഇതു കാരണവുമാകും.
കുട്ടികളെ എങ്ങനെ ഭാഷ പഠിപ്പിക്കണം? ഏതു പ്രായം മുതല്‍ പഠിപ്പിക്കണം? അക്ഷരം പഠിപ്പിച്ചാണോ ഭാഷ പഠിപ്പിച്ചു തുടങ്ങേണ്ടത്? ഇന്നത്തെ ശാസ്ത്രസാങ്കേതികയുഗത്തില്‍ ഭാഷാപഠനത്തിന് അത്ര പ്രസക്തിയുണ്ടോ? ഇങ്ങനെ പല സംശങ്ങളും രക്ഷിതാക്കള്‍ ചോദിക്കാറുണ്ട്. ഭാഷാ പഠനവിദ്യകളെപ്പറ്റി ചില കാര്യങ്ങള്‍ വിശദീകരിക്കം.
ആദ്യംതന്നെ ഒരു കാര്യം പറയട്ടെ. അതിപ്രധാനമാണ് കുട്ടികളുടെ ഭാഷാശേഷി വളര്‍ത്തുകയെന്നത്. ഇന്നത്തെ ശാസ്ത്രസാങ്കേതികയുഗത്തില്‍ ഭാഷാപഠനത്തിന് പ്രാധാന്യം കുറഞ്ഞിട്ടില്ല. ഇന്നത്തെ ലോകത്തിന് ജീവിതവിജയത്തിന് അത്യാവശ്യം വേണ്ട ഒന്നാണ് ഫലപ്രദമായ കമ്യൂണിക്കേഷനുള്ള കഴിവ്.
എന്‍ജിനീയര്‍ക്കും ഡോക്ടര്‍ക്കും ടീച്ചര്‍ക്കും വക്കീലിനും പുരോഹിതനും രാഷ്ട്രീയപ്രവര്‍ത്തകനും വീട്ടമ്മയ്ക്കും എല്ലാം ഇതു വേണം. ഈ കഴിവിന്റെ അടിത്തറയാണ് ഭാഷാശേഷി. ഭാഷ അനായാസം ഉപയോഗിക്കാനുള്ള കഴിവ്. ഇത് ചെറുപ്പം മുതല്‍തന്നെ വളര്‍ത്തിയെടുക്കുകയും വേണം. അച്ഛനമ്മമാര്‍ അല്പം ശ്രദ്ധിച്ചാല്‍ അനായാസം ഇതു സാധ്യമാക്കാം.
വെള്ളത്തിലിറങ്ങി നീന്തല്‍ പഠിക്കുംപോലെ ഭാഷ ഉപയോഗിച്ചാണ് പഠിക്കേണ്ടത്. അത് കുട്ടി ജനിക്കുമ്പോള്‍ മുതല്‍ സ്വാഭാവികമായി ആരംഭിക്കുന്ന ഒരു പ്രക്രിയയാണ്. വളരെ ചെറിയ കുട്ടിയെ നാം എടുത്ത് താലോലിക്കുമ്പോഴും കുളിപ്പിക്കുമ്പോഴും ഭക്ഷണം കൊടുക്കുമ്പോഴും ഉറക്കുമ്പോഴുമെല്ലാം കുട്ടിയുമായി സംസാരിക്കാറുണ്ട്.
ചെറിയ കുട്ടിയല്ലേ, ഒന്നും മനസിലാക്കാന്‍ പ്രായമായിട്ടില്ലല്ലോ. അതിനാല്‍ അതിന്റെ മുന്നില്‍ സംസാരമേ വേണ്ട എന്നു കരുതരുത്. കുട്ടിക്കു ചുറ്റും നിരന്തരം സംസാരം നടത്തണം. കുട്ടിയോടും മറ്റുള്ളവരോടുമായുള്ള സംസാരം. ആ ഭാഷാപ്രളയത്തില് വേണം കൊച്ചുകുഞ്ഞു വളരാന്‍.
പണ്ട് കൂട്ടുകുടുംബം നിലനിന്നകാലത്ത് കേരളത്തിലെ കുട്ടികള്‍ കൂടുതല്‍ എളുപ്പത്തില്‍ നന്നായി സംസാരിച്ചിരുന്നുവെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അന്നൊക്കെ അമ്മൂമ്മമാര് കൊച്ചുകുഞ്ഞുങ്ങളെ ഓമനിക്കുകയും അവരോട് നിരന്തരം കൊഞ്ചി സംസാരിക്കുകയും ചെയ്തിരുന്നു. ധാരാളം കുട്ടികള്‍ ശിശുവിനു ചുറ്റും എപ്പോഴുമുണ്ടായിരുന്നു.
അതിനാല്‍ ശിശുവിന് അനേകം പേരുടെ സംസാരം കേട്ടുവളരാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് അമ്മൂമ്മമാര് ടി.വി. ക്കു മുന്നിലാണ്; അവര്‍ക്ക് സംസാരിക്കാനും കുഞ്ഞിനോട് കൊഞ്ചാനുമൊന്നുമറിയാതായിരിക്കുന്നു. രക്ഷിതാക്കള്‍ക്കോ ജോലിത്തിരക്കുമൂലം കുഞ്ഞിനോട് മിണ്ടാന്‍ സമയവുമില്ല.
കുട്ടികളേ വേണ്ട എന്നുവരെ മുന്‍കൂട്ടി നിശ്ചയിച്ച് കുടുംബജീവിതം നയിക്കുന്ന ദമ്പതിമാര്വരെ കൂടിവരുന്ന കാലമാണിത്. ഒരു കുട്ടി ആയേക്കാം എന്നു തീരുമാനിക്കുന്ന ദമ്പതിമാര്ക്കാണല്ലോ കുട്ടികള്‍ കാണുക. വീട്ടില്‍ രണ്ടു കുട്ടികള്‍ കാണാനുള്ള സാധ്യതപോലും വിരളമായിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ ഒരു കുഞ്ഞ് വീട്ടില്‍ മറ്റു കുട്ടികള്‍ക്കിടയില്‍ വളരാനുള്ള സാഹചര്യവുമില്ല. അപ്പോള്‍ സമയമില്ലെങ്കിലും ഉണ്ടാക്കി രക്ഷിതാക്കള്‍തന്നെ കുഞ്ഞിനോട് നിരന്തരം സംസാരിക്കുകമാത്രമേ വഴിയുള്ളൂ.
കടപ്പാട്:പ്രഫ. എസ്. ശിവദാസ്
കുഞ്ഞുപ്പല്ലുകള്‍ മുളയ്ക്കുന്നത് കാണുമ്പോഴത്തെ അമ്മമാരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതു തന്നെ. ആരും കണ്ടാല്‍ കൊതിക്കുന്ന കുഞ്ഞുപല്ലുകള്‍ നിങ്ങളുടെ കുഞ്ഞിനും കൊതിക്കുന്നില്ലെ...
സാധാരണയായി കുഞ്ഞുങ്ങളി ല്‍ ആറു മാസം പ്രായമാകുമ്പോള്‍ പല്ലു മുളയ്ക്കാന്‍ തുടങ്ങും. ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. ഇതിനെ 'നേറ്റല്‍ പല്ലുകള്‍' എന്നു വിളിക്കുന്നു. എന്നാല്‍, മറ്റുചില കുഞ്ഞുങ്ങളില്‍ ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ഇവ നിയോനേറ്റല്‍ പല്ലുകള്‍ എന്നറിയപ്പെടുന്നു.
ചില കുട്ടികളില്‍ ആറു മാസത്തിനുമുമ്പ് പല്ലു മുളച്ചുതുടങ്ങുന്നു. എന്നാല്‍, ചില കുട്ടികളില്‍ എട്ടോ ഒമ്പതോ പത്തോ മാസങ്ങള്‍ കഴിഞ്ഞിട്ടേ പല്ലുകള്‍ മുളയ്ക്കാന്‍ തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൗരവമായി കണക്കാക്കേണ്ടതില്ല.
ജനിക്കുമ്പോള്‍തന്നെ മുളച്ച പല്ലുകള്‍ ഉള്ള കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്ക് പ്രയാസം ഉണ്ടാകാറുണ്ട്. അതേസമയം പൂര്‍ണമായി രൂപം പ്രാപിക്കാത്ത ഇത്തരം പല്ലുകള്‍ കുഞ്ഞുങ്ങളുടെ നാക്കിനടിയില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നതിനു ഹേതുവാകാറുണ്ട്. ഇത്തരം തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ പല്ലുകള്‍ എടുത്തുകളയുകയാണ് ഉത്തമം. ഇതിനായി ശിശുദന്തചികിത്സാവിദഗ്ദ്ധനെത്തന്നെ കാണണം.
ആദ്യമായി പല്ലു മുളയ്ക്കുമ്പോള്‍ മോണയ്ക്ക് ചുവപ്പ്, തടിപ്പ്, പനി, വയറിളക്കം, വായില്‍നിന്ന് ഉമിനീര്‍സ്രവം എന്നിവ ഉണ്ടാകാറുണ്ട്. കുട്ടികളില്‍ ഇതോടൊപ്പം അസ്വസ്ഥത, വിശപ്പില്ലായ്മ, കരച്ചില് മുതലായ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. ഇതിനെ റ്റീത്തിങ് സിക്നസ് എന്നു പറയുന്നു.
ഈ അവസ്ഥകളെ നിയന്ത്രിക്കുന്നതിന് പല മാര്‍ഗങ്ങളുണ്ട്. കടിക്കാന്‍ പറ്റുന്ന കളിപ്പാട്ടങ്ങള്‍ (റ്റീത്തിങ് റിങ്ങുകള്‍, താക്കോല്‍, കിലുക്കാംപെട്ടി) കടിക്കുന്നതുവഴി അസ്വസ്ഥത കുറയ്ക്കാം.
പക്ഷേ, ഇത്തരം കളിപ്പാട്ടങ്ങള്‍ ശുചിത്വമുള്ളതും സുരക്ഷിതവും രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതും വലുപ്പത്തില്‍ ചെറുതല്ലാത്തതും ഭാഗങ്ങള്‍ ഇളകിവരാത്തവയുമായിരിക്കണം. ചെറിയ കളിപ്പാട്ടങ്ങള്‍ കൊടുത്താല്‍ കടിക്കുന്ന കൂട്ടത്തില്‍ വിഴുങ്ങാനും ശ്വാസതടസം ഉണ്ടാകാനും കാരണമാകും എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കടിക്കാന്‍ പറ്റുന്ന ആഹാരങ്ങള്‍, അധികം പഞ്ചസാരയോ മധുരമോ ഇല്ലാത്ത കട്ടിയുള്ള റെസ്ക്, ബിസ്കറ്റ് എന്നിവ ഈ അവസരത്തില്‍ കടിച്ചുതിന്നാന്‍ കൊടുക്കാവുന്നതാണ്. വേദന ശമിപ്പിക്കുന്നതിനായി അനസ്തറ്റിക് ഓയിന്റ്മെന്റുകള്‍ മോണയില്‍ പുരട്ടാം.
പനിയും വേദനയും കൂടുതലുണ്ടെങ്കില്‍ ശിശുക്കള്‍ക്ക് പാരസെറ്റമോള്‍ അടങ്ങിയ വേദന സംഹാരികള്‍ കൊടുക്കാവുന്നതാണ്. ഇതൊക്കെ ഒരു ശിശുദന്തരോഗചികിത്സാ വിദഗ്ദ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രം നടത്തേണ്ടതാണ്.
വൈകി മുളയ്ക്കുന്ന പല്ലുകള്‍
സാധാരണ പല്ലുകള്‍ മുളയ്ക്കുന്ന പ്രായം കഴിഞ്ഞ അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ചില കുട്ടികളില്‍ പല്ലുകള്‍ (പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും) വൈകിയാണ് മുളയ്ക്കാറ്. 6 മാസം വരെയുള്ള കാലതാമസം സ്വാഭാവികമാണ്.
എന്നാല്‍, അതുകഴിഞ്ഞും പല്ലു മുളച്ചില്ലെങ്കില്‍ വിദഗ്ദ്ധ ദന്തഡോക്ടറുടെ നിര്‍ദ്ദേശം തേടണം. ചില തൈറോയിഡ്, പാരാതൈറോയിഡ് എന്നീ ഹോര്‍മോണുകളുടെ അളവിന്റെ വ്യത്യാസം പല്ലുകള്‍ മുളയ്ക്കുന്നതിനുള്ള കാലതാമസത്തിന് ഇടവരുത്തും. ഗ്രന്ഥികളുടെ പ്രവര്ത്തനക്കുറവുമൂലമുണ്ടാകുന്ന അവസ്ഥ ചികിത്സിച്ചു ശരിയാക്കേണ്ടതാണ്.
സ്ഥിരം പല്ലുകള്‍ വൈകി മുളയ്ക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്
1. പാല്‍പ്പല്ലുകള്‍ നേരത്തേ ഇളക്കിമാറ്റിയതുകൊണ്ട്.
2. പല്ലിന്റെ വളര്‍ച്ചാവഴിയിലുണ്ടാകുന്ന തടസം. ഇത് മറ്റൊരു പല്ലു കാരണമോ, പാല്‍പ്പല്ലുകളുടെ ദ്രവിച്ച ഭാഗം ഇരിക്കുന്നതുകൊണ്ടോ, അതിനുമുകളില്‍ കട്ടിയുള്ള ശ്ലേഷ്മകലയുടെ ആവരണം ഉണ്ടായതുകൊണ്ടോ ആയിരിക്കാം.
3. പൊതുവായ വളര്‍ച്ചക്കുറവുകൊണ്ടോ എല്ലിന്റെ ക്രമക്കേടുകൊണ്ടോ ഉണ്ടാകുന്ന പ്രശ്നം.
സാധാരണയായി വളര്ച്ചാവഴിയിലുള്ള തടസം നീക്കിയാല്‍ പല്ലിന്റെ വളര്‍ച്ച ത്വരിതപ്പെടും. മുളയ്ക്കേണ്ട പല്ലിനെ മൂടിയിരിക്കുന്നതു കട്ടിയുള്ള മോണ മാറ്റിക്കൊടുത്തോ, ഇളകിപ്പോകാതെ നിലകൊള്ളുന്ന പാല്‍പ്പല്ലിന്റെ ദ്രവിച്ചിരിക്കുന്ന കുറ്റികള്‍ നീക്കം ചെയ്തോ ഇത്തരം തടസങ്ങള്‍ ഒഴിവാക്കാം.
ചിലപ്പോള്‍ ഒന്നോ അതിലധികമോ പല്ലുകള്‍ മുളയ്ക്കാതിരിക്കാറുണ്ട്. ഇത് മറ്റൊരു പല്ലിന്റെ സ്ഥാനം തെറ്റിയ വളര്‍ച്ച, പല്ലുകള്‍ മുളയ്ക്കേണ്ട സ്ഥലത്ത് അധികം പല്ലുകളുണ്ടായി, തല്‍സ്ഥാനത്ത് തടസം സൃഷ്ടിക്കുന്നു. ചില കുഞ്ഞുങ്ങളില്‍ ഒരു പല്ലിന്റെ അഭാവം, ചിലയവസരങ്ങളില്‍ ഒന്നിലധികം പല്ലുകള്‍ ഇല്ലാതെയിരിക്കുന്ന അവസ്ഥയും കാണാം.
എന്നാല്‍, ഹെറിഡിറ്ററി എക്ടോഡേര്മല് ഡിസ്പ്ലാസിയ എന്ന പാരമ്പര്യരോഗമുള്ള കുട്ടികളില്‍ ഭാഗികമായോ പൂര്‍ണമായോ പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും ഇല്ലാതെയിരിക്കുന്ന അവസ്ഥ കണ്ടുവരുന്നു.
ചിലപ്പോള്‍ ആകൃതിയില്ലാത്ത പല്ലുകളും ഉണ്ടാവും. ആവശ്യമെന്നു തോന്നുന്ന സ്ഥലങ്ങളില്‍ പല്ലു വച്ചുകൊടുക്കുകയും ഉള്ള പല്ലിന്റെ സ്ഥാനവും വിവിധ ചികിത്സാരീതികള്‍ ഉപയോഗിച്ച് ഭേദപ്പെടുത്തിയെടുക്കുകയും ചെയ്യാം.
സാധാരണ 20 പാല്‍പ്പല്ലുകളും 32 സ്ഥിരം പല്ലുകളുമാണ് മനുഷ്യനില്‍ കാണുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അധികം പല്ലുകള്‍ മുളച്ചുകാണാറുണ്ട്. അധികം പല്ലുകള്‍ ചിലപ്പോള്‍ അടുത്തുള്ള പല്ലിന്റെ ആകൃതിയിലായിരിക്കും. അതിനെ സപ്ലിമെന്റല്‍ പല്ലുകള്‍ എന്നു പറയുന്നു.
ചില അധികം പല്ലുകള്‍ സ്ഥിരംപല്ലുകള്‍ മുളച്ചുവരുന്നതിനു തടസമുണ്ടാക്കുകയും പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് മുന്വരിപ്പല്ലുകള്ക്കിടയിലാണ് വിടവുണ്ടാകുക. ഇവയാണ് മീസിയോഡെന്സ്.
അടുത്തുള്ള പല്ലുകളുമായുള്ള ചേര്‍ച്ചക്കുറവ്, തല്സ്ഥാനത്തുള്ള പല്ലുകള്‍ മുളയ്ക്കാതിരിക്കല്, ശരിയായ പല്ലിന്റെ വളര്‍ച്ചയ്ക്ക് തടസം, പല്ലുകളെ തല്‍സ്ഥാനത്തുനിന്നും തള്ളിമാറ്റി സ്ഥാനം തെറ്റി മുളയ്ക്കാന്‍ സാഹചര്യമൊരുക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നാല്‍ ചികിത്സയൊന്നും അത്യാവശ്യമില്ല. എന്നാല്‍, ഭംഗിക്കുറവ് അനുഭവപ്പെട്ടാല്‍ ഇത് എടുത്തുമാറ്റണം.
പൂര്‍ണമായും മുളച്ചുകഴിഞ്ഞശേഷം ഇവ ഇളക്കിമാറ്റുകയാണ് നല്ലത്. ചില അവസരങ്ങളില്‍ അധികം പല്ലുകള്‍ പുറത്ത് മുളച്ചുവരാനുള്ള സാധ്യത പരിമിതമാണ്. അത്തരം അവസരങ്ങളില്‍ ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കാം.
സാധാരണ പല്ലിന്റെ വളര്‍ച്ചയ്ക്ക് തടസം ഉണ്ടാക്കുന്നതിനാലും ഞെരുങ്ങി വളര്‍ന്ന് വായ് വൃത്തിയാക്കാനും അധികം പല്ലുകള്‍ പ്രശ്നമുണ്ടാക്കാനിടയുണ്ട്. അത്തരം പല്ലുകള്‍ എടുത്തുകളയണം.
ചില ഹോര്‍മോണുകളുടെ അഭാവംമൂലം വളര്‍ച്ചയിലും വികസനത്തിലുമുണ്ടാകുന്ന അസ്വാഭാവികതയും പോരായ്മകളും കാരണമാണ് മീസിയോഡെന്സ് ഉണ്ടാകുന്നതും പല്ലുകള്‍ വരാതെ പോകുന്നതും.
ജനനസമയത്ത് ചില കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വികസനപോരായ്മയാണ് മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും. ഏകദേശം 1/1000 ജനനം എന്ന അനുപാതത്തില്‍ ഇതു കണ്ടുവരുന്നു.
അണ്ണാക്കിലെ വിള്ളല്‍, ചെറിയ ദ്വാരമായോ, വലിയ വിടവായോ കാണാം. ചില അവസരങ്ങളില്‍ മൂക്കും വായും തമ്മില്‍ ഒരു വഴിയുണ്ടാക്കിയിരിക്കുന്നതായി കാണാം. കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്നു.
കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഫീഡിങ് പ്ലേറ്റ് നിര്‍മിച്ചു നില്കാന് ഒരു ശിശുരോഗചികിത്സാവിദഗ്ദ്ധനു കഴിയും. അണ്ണാക്കില്‍ വിള്ളല്‍ പില്ക്കാലത്ത് സംസാരശേഷിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. അണ്ണാക്കില്‍ വിള്ളലുള്ള കുട്ടികളില്‍ പല്ല് ശരിയായ സ്ഥാനത്ത് മുളയ്ക്കണമെന്നില്ല.
അധികം പല്ലുകളോ, ചില അവസരങ്ങളില്‍ പല്ലുകളുടെ അഭാവമോ ഉണ്ടാകാം. ഒരു വിദഗ്ദ്ധ ദന്തഡോക്ടറെ കൃത്യമായി കണ്ടുകൊണ്ടിരിക്കണം. അണ്ണാക്കിലുള്ള വിള്ളല്‍ ചെറിയ ശസ്ത്രക്രിയകള്‍ പല ഘട്ടങ്ങളിലായി നടത്തി ഒരുപരിധിവരെ നികത്താന്‍ ശിശുരോഗ ശസ്ത്രക്രിയാവിദഗ്ദ്ധനു കഴിയും.
കുട്ടി ജനിച്ച ഉടന്‍തന്നെ ശിശുരോഗശസ്ത്രക്രിയാവിദഗ്ദ്ധന്റെ നിര്‍ദ്ദേശവും തേടണം. അണ്ണാക്കിലെയും ചുണ്ടിലെയും വിള്ളലിന് അനുസൃതമായി ഫീഡിങ് പ്ലേറ്റ് എന്ന ഉപകരണം ഉണ്ടാക്കി കുട്ടിയുടെ വായില്‍ വച്ചുകൊടുത്ത് കുട്ടിക്ക് കുപ്പിപ്പാല് കൊടുക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിന് ശിശു ദന്തരോഗചികിത്സാവിദഗ്ദ്ധനു കഴിയും.
തന്മൂലം കുട്ടി കുടിക്കുന്ന പാല് മൂക്കില്‍ക്കൂടി വെളിയിലോട്ടുവരാതെ അകത്തേക്കു വലിച്ച് ശ്വാസകോശത്തിലോട്ടു പോകുന്നതു തടയാം. ഫീഡിങ് പ്ലേറ്റ് ഉപയോഗംമൂലം സാധാരണയായി അണ്ണാക്കില്‍ വിള്ളല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുട്ടികളില്‍ ഉണ്ടാകാറുള്ള ആസ്പിറേഷന്‍ ന്യുമോണിയ നിയന്ത്രിക്കാന്‍ സാധിക്കും.
അണ്ണാക്കിലെ ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമുള്ള വിടവുകള്‍ ഓബ്റ്റുറേറ്റര്‍ എന്ന ഒരു ഉപകരണം അക്രീലിക് എന്ന പദാര്‍ത്ഥം ഉപയോഗിച്ചു നിര്മിച്ചുവച്ചാല് വായിലെ വിള്ളല്‍ അടച്ചെടുക്കുവാന് സാധിക്കും.
ഈ പരിചരണ ചികിത്സോപാധികള്മൂലം ശരിയായി ആഹാരം കഴിക്കുവാനും ആരോഗ്യമുള്ള സാധാരണ കുട്ടികളെപ്പോലെ വളരുവാനും ഇത്തരം കുട്ടികള്‍ക്കു കഴിയും. സാങ്കേതിക സഹായവും ശരിയായ പോഷണക്രമവും വൈകല്യമുള്ള കുട്ടികളെ ശരിയായരീതിയില്‍ വളര്‍ത്തുവാന്‍ സഹായിക്കും.
മുച്ചുണ്ടും അണ്ണാക്കില്‍ വിള്ളലുള്ള കുട്ടികളുടെ പല്ല് ശരിയായ സ്ഥാനത്തു മുളയ്ക്കണമെന്നില്ല. അണ്ണാക്കിനു വിള്ളലുള്ള കുട്ടിയുടെ പല്ലില്‍ പോടുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കുട്ടികളെ ഒരു ദന്തഡോക്ടറെ ചിട്ടയായി കാണിച്ചുകൊണ്ടിരിക്കണം.
സാധാരണഗതിയില്‍ ഓര്‍ത്തോ ഡോണ്ടിക് ചികിത്സ വേണ്ടിവരും. ഇത്തരം അണ്ണാക്കില്‍ വിള്ളലുള്ള കുട്ടികളെ ചികിത്സിക്കുന്നതിന് ഒരു 'ടീം അപ്രോച്ച്' ആണ് ആവശ്യം. അതില്‍ പീഡിയാട്രീഷന്‍, പീഡോഡോന്റിസ്റ്റ്, അനസ്തേഷ്യസ്, ഓര്‍ത്തോഡെന്റിസ്റ്റ് മുതലായ സ്പെഷ്യലിസ്റ്റുകളുടെ കൂട്ടായ സേവനം ആവശ്യമാണ്.
കടപ്പാട്:ഡോ. എന്‍ രത്നകുമാരി
കുഞ്ഞുങ്ങളെ എപ്പോഴും എടുക്കേണ്ടതുണ്ടോ? പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല.
ചില അമ്മമാര്‍ കുഞ്ഞു വളര്‍ന്നാലും നിലത്തിരുത്താറില്ല.
ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞായാലും കരയുമ്പോള്‍ കൈയിലെടുത്ത് ഓമനിച്ചാല്‍ കരച്ചില് നിര്‍ത്തും. സ്നേഹത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള നൈസര്‍ഗികമായ ആഗ്രഹമാണിതിന് കാരണം.
കുഞ്ഞുങ്ങളെ എപ്പോഴും എടുക്കേണ്ടതുണ്ടോ? കൈയിലോ ഒക്കത്തോ എടുത്തു വയ്ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും ഇഷ്ടമായിരിക്കും. കുഞ്ഞിന്റെ മനസിലെ സുരക്ഷിതത്വബോധമാവാം കാരണം.
എന്നാല്‍ പ്രായത്തിനനുസരിച്ച സ്വാശ്രയത്വം കൈവരിക്കാന്‍ ഇതുതകില്ല. അതിനാല്‍ എപ്പോഴും കുഞ്ഞിനെ എടുക്കുന്നതു നന്നല്ല.
ഒരു വയസ് കഴിഞ്ഞാല്‍ എപ്പോഴും അമ്മയും അച്ഛനും അടുത്തുള്ളതായിരിക്കും കുഞ്ഞിന് ഇഷ്ടം. അമ്മയുമച്ഛനും തന്നെ എപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് കുഞ്ഞിന് തോന്നണം.
അതുകൊണ്ടുതന്നെ പിണക്കം നടിച്ചാലും വെറുതെയായാലും തമാശയായിട്ടായാലും "ചീത്ത കുട്ടിയാ", "നിന്നെ ഇഷ്ടമല്ല", "ഞാന്‍ പൊയ്ക്കളയും." എന്നൊന്നും കുഞ്ഞിനോട് പറയരുത്.
എന്തുതന്നെ കുഞ്ഞ് ആവശ്യപ്പെട്ടാലും അതിലധികം നല്കുന്ന രക്ഷിതാക്കളുമുണ്ട്. ഇവിടേയും നിയന്ത്രണം വേണം. സമ്മാനങ്ങള്‍ക്കും ഡ്രസിനും കളിപ്പാട്ടങ്ങള്‍ക്കും ഉപരിയായി അച്ഛനമ്മമാരുടെ സ്നേഹവും തന്നോടൊപ്പം ചെലവഴിക്കുന്ന സമയവുമാണ് കുഞ്ഞിന് വേണ്ടത്.
സ്നേഹത്തോടെ സംസാരിക്കാതെ സദാ കുറ്റപ്പെടുത്തുകയോ വിരട്ടുകയോ ചെയ്താല്‍ അനഭിലഷണീയമായ സ്വഭാവരീതികള്‍ കുഞ്ഞില്‍ വളര്‍ന്ന് വരാനിടയാകും.
അമ്മയെ വിട്ടുമാറാത്ത കുട്ടി
അമ്മയുടെ വസ്ത്രത്തില്‍ തൂങ്ങി അമ്മയെ വിട്ടുമാറാത്ത കുട്ടികള്‍ ധാരാളമാണ്. കുഞ്ഞിനെ ഒരു നിമിഷംപോലും വിട്ടുമാറാത്ത അമ്മമാര്‍ തന്നെയാണ് ഇതിനുത്തരവാദികള്‍.
കുഞ്ഞുങ്ങള്‍ക്ക് സ്വേച്ഛാനുസരണം പ്രവര്‍ത്തിക്കാനുള്ള കഴിവ് ചെറുപ്രായത്തിലേ നല്‍കണം. കുഞ്ഞിന് കളിക്കാന്‍ അവസരം നല്കുന്നതുപോലെ മറ്റു കുട്ടികളുമായോ സ്നേഹമുള്ള അഭ്യുദയകാംക്ഷികളുമായോ സമയം ചെലവഴിക്കാനും അവസരം കൊടുക്കണം.
പരിഹാരമാര്‍ഗങ്ങള്‍
1. കുട്ടിയെ തുടക്കത്തില്‍ അല്പസമയത്തേക്കും പിന്നീട് മണിക്കൂറുകളോളവും മറ്റ് കുട്ടികളോടൊപ്പം പ്ലേ സ്കൂളിലോ ഡേകെയര്‍ സെന്ററിലോ വിടുക. ഇങ്ങനെ വിടുമ്പോള്‍ രക്ഷിതാവ് ആ സമയം എന്തു ചെയ്യുന്നുവെന്നും എവിടെയായിരിക്കുമെന്നും കുട്ടിയോട് പറയണം.
2. അമ്മ കുറെ സമയം കഴിഞ്ഞുവരുമെന്ന് പറയാന്‍ മറക്കരുത്. പറയുന്ന സമയത്ത് ചെല്ലുകയും വേണം. ഇത് പ്രധാന കാര്യമാണ്.
3. കുട്ടികള്‍ക്ക് കളിയിലേര്പ്പെടുന്നതാണ് എപ്പോഴും ഇഷ്ടം. അതുകൊണ്ട് ഈ സമയത്ത് ധാരാളം ആക്ടിവിറ്റി കിട്ടുന്നുവെന്നുറപ്പാക്കണം.
4. രക്ഷിതാവ് ദിവസങ്ങളോളം മാറിനില്‍ക്കേണ്ടി വരുമ്പോള്‍ ആ വേര്‍പാട് നേരിടാന്‍ കുട്ടിയെ തയാറാക്കിയിരിക്കണം.
അച്ഛനും മക്കളും
മക്കളോടുള്ള അച്ഛന്റെ മനോഭാവം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. ഏറ്റവും നല്ല അച്ഛന് മകന്റെ അടുത്ത സുഹൃത്തിനെപ്പോലെ ആകണം. അവനെ സ്നേഹിക്കുന്ന, അംഗീകരിക്കുന്ന, അവന്റെ കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്ക്കുന്നയാള്.
എന്നാല്‍ മിക്ക പിതാക്കന്മാരും തന്റെ ആജ്ഞാനുവര്‍ത്തിയായ, തന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കുട്ടി തന്നെയാവണം മകന് എന്നാണ് ചിന്തിക്കുന്നത്.
തന്റെ മകന് എല്ലാ കാര്യത്തിലും ഒന്നാമനായിരിക്കണം എന്ന് വിചാരിക്കുകയും അങ്ങനെ നടക്കാതെ വരുമ്പോള്‍ അതില്‍ കുണ്ഠിതപ്പെട്ട് മനസില്‍ നിരാശ വച്ചുപുലര്‍ത്തുകയും ആ നിരാശയുടെ പ്രതിഫലനങ്ങള്‍ അവനോടുള്ള പെരുമാറ്റത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തു കാണാറുണ്ട്.
ചെറുപ്രായത്തിലേ മകനോടു നന്നായി ആശയവിനിമയം നടത്തുകയും ലോകത്തെയും ജീവിതത്തെയും കുറിച്ച് അവനെ പറഞ്ഞ് പഠിപ്പിക്കുകയും അവന്റെ വിഷമങ്ങളിലും പരാധീനതകളിലും അവനോടൊപ്പം നിന്ന് അവനെ സഹായിക്കുകയും ചെയ്യുന്ന പിതാവ് ദു:ഖിക്കേണ്ടി വരില്ല.
എല്ലായ്പ്പോഴും പരിഗണനയും പ്രോത്സാഹനവും നല്കുന്ന അച്ഛന് മകന്റെ വ്യക്തിത്വവളര്‍ച്ച അഭിമാനമേകും. ഇടയ്ക്കിടയുള്ള സമ്മാനങ്ങള്‍, ഒരുമിച്ചുള്ള വിനോദയാത്രകള്‍ ഇവയൊക്കെ ഏറ്റവും നല്ല ഹൃദയബന്ധം ഉറപ്പാക്കും.
അച്ഛനും മകളും തമ്മിലുള്ള ബന്ധവും ഇതുപോലെ സ്നേഹസമ്പന്നമായിരിക്കണം. അമ്മയോട് മകള്‍ക്കുള്ള സ്നേഹവും സ്വാതന്ത്ര്യവും അച്ഛനോടും ഉണ്ടാവണം.
തന്റെ ജീവിതത്തിലെ സര്‍വപ്രധാനമായ വ്യക്തിയാണ് അച്ഛനെന്ന് മകളും തന്റെ ജീവിതത്തില്‍ താന്‍ അങ്ങേയറ്റം സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന തന്റെ ഓമനയാണ് മകളെന്ന് അച്ഛനും വിചാരിക്കണം.
അമ്മയും അച്ഛനും ഒരുപോലെ സ്നേഹിക്കുന്ന മക്കളും അമ്മയെയും അച്ഛനെയും ഒരുപോലെ സ്നേഹിക്കുന്ന മക്കളുമുള്ള കുടുംബം സ്വര്‍ഗതുല്യമായിരിക്കും.
കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നമ്മളെ അറിയിക്കുന്നതിന് ഒരു ഭാഷയുണ്ട്. കുറച്ചു ശബ്ദങ്ങളും കൂടുതല്‍ ആംഗ്യങ്ങളുമുള്ള അവരുടെ ഭാഷ മനസിലാക്കിയെങ്കില്‍ മാത്രമേ നമുക്ക് അവരുടെ ആവശ്യങ്ങള്‍ അ റിയാന്‍ സാധിക്കൂ.
"എന്താ വാവേ കരയുന്നേ? വാവയ്ക്ക് ഇങ്കു വേണോ..?" തൊട്ടിലില്‍ കിടന്നു കരയുന്ന കുഞ്ഞിനോട് ഇങ്ങനെ ചോദിച്ചതുകൊണ്ടു കാര്യമില്ല. ചോദ്യങ്ങള്‍ കൂടിയാല്‍ കുട്ടികള്‍ കൂടുതല്‍ ഉറക്കെ കരയുകയേ ഉള്ളൂ.
അവര്‍ ആംഗ്യത്തിലൂടെയോ ചെറിയ ശബ്ദങ്ങളിലൂടെയോയാണ് നമ്മളോട് സംസാരിക്കാന്‍ ശ്രമിക്കുന്നത്. ആ ഭാഷ മനസിലാക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ കുഞ്ഞുങ്ങള്‍ നമ്മളോട് സംസാരിക്കാ ന് ശ്രമിക്കുന്നതെന്തെന്ന് അറിയാന്‍ പറ്റൂ.
ലോകത്ത് ഏറ്റവും മനോഹരമായ ഭാഷ കുഞ്ഞുങ്ങളുടെ ഭാഷയാണ്.ആ ഭാഷയിലൂടെയാണവര്‍ ആവശ്യങ്ങള്‍ അറിയിക്കുക. അമ്മയോ മറ്റാരെങ്കിലുമോ അത് മനസിലാക്കി ആവശ്യം സാധിച്ചു കൊടുത്താല്‍ അവര്‍ വളരെ സന്തോഷത്തിലാവും. കുഞ്ഞ് നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ കുഞ്ഞ് കരയാന്‍ തുടങ്ങും.
കരച്ചിലിലൂടെ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമാണ്. അവരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ആത്മവിശ്വാസം കുറയുകയും ചെയ്യും.
കുഞ്ഞുങ്ങളെ പരിപാലിക്കുമ്പോള്‍ ഏറ്റവും ആസ്വാദ്യകരമായ പ്രവൃത്തിയാണ് അവരുടെ ഭാഷ മനസിലാക്കുക എന്നത്. ഈ ഭാഷ മനസിലാക്കിക്കഴിഞ്ഞാല്‍ കുഞ്ഞിനെ കരയിക്കേണ്ട അവസ്ഥയുണ്ടാകില്ല. കുഞ്ഞുമായുള്ള ബന്ധം ഒന്നുകൂടി ദൃഢമാകും. ഓരോ കുഞ്ഞിന്റേയും ഭാഷ വ്യത്യസ്തമായിരിക്കും. എന്നാലും ഒരു അടിസ്ഥാന ധാരണയുണ്ടെങ്കില്‍ കുഞ്ഞിന്റെ ഭാഷ മനസിലാക്കാന്‍ വിഷമമില്ല.
ആ ഭാഷയിലെ, കുഞ്ഞു ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍, ആംഗ്യങ്ങള്‍ കാണുമ്പോള്‍, തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് അവരുടെ ഭാഷ മനസിലാക്കി അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയാണു വേണ്ടത്.
വിശക്കുന്ന സമയത്ത് കുഞ്ഞ് പ്രത്യേകതരം ആംഗ്യങ്ങള്‍ കാണിക്കും. ശബ്ദമുണ്ടാക്കും. കളിക്കുന്ന സമയത്തുണ്ടാക്കുന്ന ശബ്ദത്തില്‍ നിന്നും ആംഗ്യത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്. കൂടുതല്‍ ആംഗ്യങ്ങളും കുറച്ചു ശബ്ദവും കൂടിച്ചേര്‍ന്നതാണ് കുഞ്ഞുങ്ങളുടെ ഭാഷ. നന്നായി നിരീക്ഷിക്കുകയാണെങ്കില്‍ കുറച്ച് ആഴ്ചകള്‍ കൊണ്ടു കുഞ്ഞിന്റെ ഭാഷ മനസിലാക്കാം.
അവരുടെ ഭാഷ പഠിക്കുമ്പോഴാണ്, എത്ര സമര്‍ഥമായാണ് കുഞ്ഞുങ്ങ ള്‍ ഓരോ കാര്യവും അവതരിപ്പിക്കുന്നതെന്നു മനസിലാവുക. കുഞ്ഞിന്റെ ഭാഷയ്ക്കനുസരിച്ച് ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അപ്പോഴേ അച്ഛനെയും അമ്മയെയും കുറിച്ച് കുഞ്ഞിന് പ്രത്യേക വിശ്വാസം രൂപപ്പെടുകയുള്ളൂ. അപ്പോള്‍ സ്നേഹബന്ധത്തിന്റെ ആഴം വര്‍ധിക്കും. ഒപ്പം അവരെ മനസിലാക്കാന്‍ കുഞ്ഞ് ശ്രമിക്കുകയും ചെയ്യും.
എങ്ങനെ വളര്‍ത്തുന്നു എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവം ചിട്ടപ്പെടുന്നതും കുഞ്ഞു വളരുന്നതും. ഈ വളര്‍ച്ചയുടെ സമയത്ത്, നല്ല രീതിയിലുള്ള ഗുണപാഠങ്ങള്‍ കുട്ടികള്‍ക്കു നല്കാന് അവരുടെ ഭാഷ പഠിക്കണം. അതിനു കഴിഞ്ഞാല്‍ കുഞ്ഞുമായുള്ള സംസര്‍ഗം രസകരമായിരിക്കും. മനസിന് കൂടുതല്‍ സന്തോഷം ലഭിക്കും.
കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം എല്ലാ മാതാപിതാക്കളുടെയും സംതൃപ്തിയുടെ ഭാഗമാണ്. കുഞ്ഞിന്റെ കരച്ചിലും അസുഖങ്ങളും ഉറക്കമില്ലാത്ത രാത്രികളും മറ്റു പ്രശ്നങ്ങളും മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം. ഈ പ്രശ്നങ്ങളെ മാറ്റിയെടുക്കാന്‍, കുഞ്ഞുങ്ങളുടെ ഭാഷ പഠിക്കുന്നത് സഹായിക്കും.
കുഞ്ഞുങ്ങളെ മടിയിലോ നെഞ്ചിലോ കയറ്റിയിരുത്തി അവരുടെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മുഖത്തെ ഭാവ വ്യത്യാസങ്ങള്‍, നിങ്ങള്‍ സംസാരിക്കുന്ന രീതി ഇവയെല്ലാം കുഞ്ഞുങ്ങള്‍ നന്നായി നിരീക്ഷിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്നത് കാണാം.
ഭാഷ പഠിക്കുന്നത് പോലെ തന്നെയാണ് കുഞ്ഞുങ്ങള്‍ എന്തിനു കരയുന്നു എന്നു മനസിലാക്കുന്നതും. എപ്പോഴും കുഞ്ഞ് കരയുന്നത് ഒരു പോലെയല്ല. വിശക്കുമ്പോള്‍ കരയുന്നത് പോലെയല്ല വാശി വരുമ്പോഴോ അസുഖങ്ങള്‍ വരുമ്പോഴോ കരയുന്നത്.
കുഞ്ഞുങ്ങളെ മനസിലാക്കിയെങ്കില്‍ മാത്രമേ ഈ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കു. വിശക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ സ്വാഭാവികമായും വിരല്‍ വായില്‍ വെക്കാറുണ്ട്. ശരീരത്തില്‍ എവിടെയെങ്കിലും വേദന അനുഭവപ്പെടുന്നുവെങ്കില്‍ അവിടെ ചൊറിയാനോ പിടിച്ച് വലിക്കാനോ ശ്രമിക്കുന്നത് കാണാം.
ചില ആഹാരങ്ങള്‍ ശിശുക്കളില്‍ പലവിധ അസ്വസ്ഥതകളുമുണ്ടാക്കും. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അനുയോജ്യമായ രീതിയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നല്കാന് അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുഞ്ഞുവാവ രാത്രിയില്‍ അസ്വസ്ഥനാവുന്നുണ്ടോ? കാരണം കൂടാതെ കരയുന്നുണ്ടോ? മുലപ്പാലടക്കം കുടിക്കാന്‍ വിസമ്മതിക്കുന്നുണ്ടോ? ദഹനക്കേടുകൊണ്ടുള്ള വയറിന്റെ അസ്വസ്ഥതകളും വയറുവേദനയുമാവാം കാരണം. പാവം, മിണ്ടാന്‍ സാധിക്കാത്തതുകൊണ്ട് അതു പ്രകടിപ്പിക്കാനാവുന്നില്ലെന്നു മാത്രം.
ചില ആഹാരങ്ങള്‍ ശിശുക്കളില്‍ പലവിധ അസ്വസ്ഥതകളുമുണ്ടാക്കും. ഭക്ഷണം ദഹിക്കാതെ വരുമ്പോള്‍ വയറില്‍ മറ്റ് രോഗങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അനുയോജ്യമായ രീതിയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നല്കാന് അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. നവജാതശിശുക്കള്‍ക്കുള്ള ആഹാരപദാര്‍ഥങ്ങള്‍ക്ക് വളരെയേറെ ശ്രദ്ധനല്കണം.
വളര്‍ച്ചയുടെ നാള്‍വഴിയില്‍
പ്രായത്തിനനുസരിച്ചാണ് കുട്ടികള്‍ ആഹാ രം കഴിക്കുക. ജനിച്ചുവീണ കുട്ടികള്‍ കൂടു തല്‍ തവണ പാലുകുടിക്കും. ഒരു ദിവസം രണ്ട് മൂന്ന് മണിക്കൂര്‍ ഇടവിട്ട് എട്ട് മുതല്‍ 12 തവണ വരെ പാലുകൊടുക്കുക. നവജാ തശിശുക്കള് ഒരുതവണ രണ്ടോ മൂന്നോ ഔണ്‍സ് പാല് കുടിക്കും. വയറ് ചെറുതാ യതിനാലാണ് ചെറിയ അളവില്‍ ഇടയ്ക്കിടെ കുടിക്കുന്നത്. ഒരുമാസം പ്രായമാകു മ്പോള്‍ നാല് മുതല്‍ ആറ് ഔണ്‍സ് വരെ ഒരുതവണ കുടിക്കും. ഇതോടെ പാല് കുടിക്കുന്നതിന് ഇടയ്ക്കുള്ള സമയം വര്‍ദ്ധിക്കും.
കുറുക്ക് പോലുളളവ കുടിക്കുന്ന കുട്ടി കള്‍ക്ക് ആഹാരത്തിനിടയ്ക്ക് ഇടവേളക ള്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. കാരണം കുറുക്ക് മുലപ്പാല്‍ പോലെ എളുപ്പത്തില്‍ ദഹിക്കില്ല. കുഞ്ഞ് വളരുന്നതിനനുസരിച്ച് ഭക്ഷണ ഇടവേളകളും കൂടും.
ആറാം മാസം
കുഞ്ഞിന് ആറുമാസമായാല്‍ ഒരുദിവസം നാലു മുതല്‍ ആറുവരെ തവണ ഊട്ടിയാ ല്‍ മതി. 2430 ഔണ്‍സ് ആഹാരം മതിയാ കും. കഴിക്കുന്നതിനനുസരിച്ച് ഖര ആഹാ രം എത്ര തവണ ഭക്ഷണം നല്‍കണമെന്ന് തീരുമാനിക്കുക.
മുലയൂട്ടുമ്പോള്‍
മുലയൂട്ടുമ്പോള്‍ കുഞ്ഞ് എത്രമാത്രം പാല് കുടിക്കുന്നുണ്ടെന്നറിയാന് കഴിയില്ല. അതി നാല് കുഞ്ഞിന്റെ വയര്‍ നിറയുംവരെ പാല് നല്‍കുക. ഇതിന് നവജാതശിശുക്കള്‍ 40 മിനിറ്റ് വരെ എടുക്കും.
ആഹാരക്രമം
കുഞ്ഞിനെ നന്നായി ശ്രദ്ധിച്ച് ആഹാരക്രമം നിശ്ചയിക്കുക. ആദ്യവര്‍ഷത്തില്‍ അടിക്ക ടി ഈ ക്രമം മാറ്റേണ്ടി വരാം. വിശക്കുന്ന സമയത്ത് ഊട്ടിയാല്‍ കുഞ്ഞിന് ആവശ്യ മുള്ള അളവില്‍ ഭക്ഷണം ലഭിക്കും. പെട്ടെ ന്ന് വിശപ്പ് കുറയുക, ഭാരം കൂടാതിരിക്കുക, അടിക്കടി മൂത്രം ഒഴിക്കുക തുടങ്ങിയ ലക്ഷ ണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഒരു ശിശുരോഗ വിദഗ്ദ്ധനെ കണ്ട് കുഞ്ഞിന് അസുഖങ്ങ ളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.
നാടന്‍ ഭക്ഷണക്രമം
മുലകുടി മാറി സാധാരണ ഭക്ഷണക്രമം ശീ ലിച്ചു തുടങ്ങുന്ന കുട്ടികള്‍ക്ക് ദഹനത്തി ലും ശരീരപുഷ്ടിയിലുമുള്ള ഏറ്റക്കുറച്ചി ലുകള്‍ തീര്‍ക്കാന്‍ മലര്‍പ്പൊടിയും പഞ്ച സാരയും ഏലത്തരിയും ഇളയകൂവളക്കാ യുടെ ഉള്ളിലെ ചോറും ചേര്‍ത്തുണ്ടാ ക്കുന്ന കൊഴുക്കട്ട, തേനും മലരും കല്‍ക്ക ണ്ടവും മുരല്പ്പഴവും ചേര്‍ത്ത് ഉരുട്ടിയെടു ക്കുന്ന പലഹാരം എന്നിവ വളരെ നല്ലതാണ്.
കുട്ടികള്‍ക്ക് മലര് ഇടക്കിടയ്ക്ക് കൊ ടുക്കുന്നത് അത്യാവശ്യമാണ്. തണുത്തുറ ഞ്ഞ ഭക്ഷണം കഴിവതും കൊടുക്കാതിരിക്കുക. ഇത് തൊണ്ടവേദന, ജലദോഷം എന്നിവയുണ്ടാക്കുമെന്നുമാത്രമല്ല, പനിയടക്കമുള്ള രോഗങ്ങള്‍ക്കും കാരണമാകും.
വെണ്ണയും നെയ്യും ഇന്നത്തെ കുട്ടിക ള്‍ക്ക് ബൗദ്ധിക വ്യായാമം വളരെ കൂടുത ലാണ്. അതിനാല്‍ നെയ്യ് പോലെ അവര്‍ക്ക് പ്രയോജനപ്പെടുന്ന ആഹാരം വേറെയില്ല. ഗ്രഹണശേഷി, ഓര്‍മശക്തി, കാഴ്ച ശക്തി തുടങ്ങിയവ വര്‍ദ്ധിപ്പിക്കാന്‍ നെയ്യിക്ക് കഴിവുണ്ട്. നറുനെയ്യ് നിത്യവും ഉപ യോഗിക്കുന്നവര്‍ പഠനത്തിലും മുന്നില്‍ നില്‍ക്കുമെന്ന് ആയുര്‍വേദം പറയുന്നു. നിത്യവും കടഞ്ഞെടുക്കുന്ന വെണ്ണയായാല് കൂടുതല്‍ നന്ന്.
മുലയൂട്ടല്‍ എപ്പോള്‍ തുടങ്ങണം ?
സുഖപ്രസവമാണെങ്കില്‍ പ്രസവിച്് ഒരു മണചിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ മയക്കം തെളിഞ്ഞതിനുശേഷം കഴിവതും ആദ്യത്തെ രണ്ടുമുതല്‍ നാലുമണിക്കൂറിനുള്ളിലും മുലയൂട്ടാന്‍ തുടങ്ങണം. മുല വലിച്ചുകുടിക്കാനുള്ള കുഞ്ഞിന്റെ കഴിവ് (Sucking reflex) ഏറ്റവും ശക്തമായിരിക്കുന്നത് പ്രസവശേഷമുള്ള ആദ്യ മണിക്കൂറിലാണെന്നറിയുക.
മുകളില്‍ പറഞ്ഞ ഗുണവശങ്ങളെല്ലാമുണ്ടെങ്കിലും ഇനി പറയുന്ന സാഹചര്യങ്ങളില്‍ മുലയൂട്ടരുത്.
1. അമ്മയ്ക്ക് ക്ഷയം, കാന്‍സര്‍, എയ്ഡ്സ് മുതലായ രോഗങ്ങള്‍ ഉണ്ടെങ്കില്‍.
2. മദ്യം, മയക്കുമരുന്നുകള്‍, ഫിനോബാര്‍ബിറ്റോണ്‍, സ്റ്റീറോയ്ഡ് എന്നിവ അടങ്ങിയ മരുന്നുകള്‍, ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ മുതലായവ ഉപയോഗിക്കുന്ന അമ്മമാര്‍.
3. മാനസികാസ്വാസ്ഥ്യമുള്ളവരും അതിനുള്ള മരുന്നുകള്‍ കഴിക്കുന്നവരുമായ അമ്മമാര്‍.
4. മുലയില്‍ വിണ്ടുകീറലുകള്‍, പഴുപ്പ് മുതലായവ ഉള്ളപ്പോള്‍.
5. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍- കാരണം ഇവര്‍ക്ക് ശരിയാംവിധം മുലവലിച്ചു കുടിക്കാനുള്ള ആരോഗ്യം ഉണ്ടായിരിക്കുകയില്ല. കൂടാതെ ശ്വാസകോശത്തിലേക്ക് പാല് ഇറങ്ങി ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.
ഇത്രസമയം കൂടുമ്പോള്‍ കൊടുക്കുക എന്നതിനേക്കാള്‍ കുഞ്ഞിന് ആവശ്യമുള്ളപ്പോഴൊക്കെ മുലകൊടുക്കുക എന്നതാണ് നല്ലത്.
പലപ്പോഴും ശരീരത്തിനാവശ്യമായ ഒരു പ്രക്രിയയാണ് ചുമ. പക്ഷേ അധികമായാല്‍ അമൃതും വിഷമെന്ന് പറയുന്നതു പോലെ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന അസാധാരണമായ ചുമ പേടിക്കേണ്ടതു തന്നെയാണ്.
ഡോക്ടര്‍, ഈ ചുമ കേട്ടു നില്ക്കാന് തന്നെ പ്രയാസമാണ്. കൊച്ചു കുഞ്ഞല്ലേ അവന് ശ്വാസം കിട്ടാതെ ചുമയ്ക്കുന്നതു കാണുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പലപ്പോഴും വിഷമിക്കാറുണ്ട്. കഫ് സിറപ്പ് കൊടുത്തിട്ടും തത്കാലത്തേക്കുള്ള ആശ്വാസമേ കിട്ടുന്നുള്ളു.
നാലു വയസ്സുള്ള മകനെ മടിയിലിരുത്തി സങ്കടപ്പെടുന്ന ഒരുപാട് അമ്മമാരെ ഞാന്‍ എന്റെ ആശുപത്രി മുറിയില്‍ കണ്ടിട്ടുണ്ട്.
കുഞ്ഞുങ്ങളിലെ ചുമ അല്‍പ്പം പേടിക്കേണ്ടതു തന്നെയാണ്. പലപ്പോഴും കാരണം കണ്ടെത്താതെ ചികിത്സ നടത്തുന്നതാണ് ഇത്തരം ചുമകള്‍ അപകടമാകാനുള്ള കാരണം.
കുട്ടികളില്‍ വളരെയധികം കാണപ്പെടുന്നതും മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നതുമായ ഒന്നാണിത്. കാരണങ്ങളും ചികിത്സയും ഏറെക്കുറെ ഒന്നുതന്നെയാണെങ്കിലും മുതിര്‍ന്നവരിലെ ചുമയില്‍നിന്നും ചില വ്യത്യാസങ്ങളുണ്ട്.
കാരണങ്ങള്‍
1. കാന്‍സര്‍, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ കുട്ടികളില്‍ വിരളമാണ്.
2. ആസ്ത്മ, ശ്വാസനാളങ്ങളിലെയും, തൊണ്ട, മൂക്ക് എന്നിവയിലെയും അണുബാധ എന്നിവയാണ് കൂടുതലും കാരണം.
3. വില്ലന്‍ചുമയും കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നു.
4. ബോര്ഡറ്റെല്ലാ പെര്‍ടൂസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാവുന്ന ഈ രോഗം കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.
5. മാതാപിതാക്കളുടെ പുകവലി (പാസീവ് സ്മോക്കിംഗ്) കുട്ടികളില്‍ കൂടെക്കൂടെ ചുമ, ജലദോഷം, കഫക്കെട്ട് എന്നിവയുണ്ടാക്കും. ശ്വാസനാളത്തിന്റെയും ഹൃദയത്തിന്റെയും ചില ജന്മവൈകല്യങ്ങളും നവജാത ശിശുക്കളില്‍ കടുത്ത ചുമയ്ക്ക് കാരണമായേക്കാം.
മാനസികകാരണങ്ങള്‍
പോസ്റ്റ്നേസല്‍ ഡ്രിപ് ഇല്ലെങ്കിലും തൊണ്ടയില്‍നിന്നും കഫമിളക്കിക്കളയാന് ശ്രമിക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കി ചുമയ്ക്കുന്നത് ചിലരുടെ ശീലം മാത്രമാണ്. ചില കുട്ടികള്‍ സ്ക്കൂളില്‍ പോകാനും മറ്റും മടികൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലോ അബോധമായി ചുമയെ ഒരായുധമാക്കുന്നു. ഇത്തരം ചുമ രാത്രിയില്‍ കുട്ടി ഉറങ്ങിക്കഴിയുന്നതോടെ നിലയ്ക്കുന്നു എന്നതില്‍ നിന്നും ഇങ്ങനെയുളള ചുമയാണെന്ന് മനസ്സിലാക്കാം. എങ്കിലും മറ്റ് രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
കാരണമറിയാതെ കഫ് സിറപ്പുകള്‍ വാങ്ങിക്കഴിക്കുന്നത് ചിലരുടെ സ്വഭാവമാണ്. ഇത് പല തരത്തില്‍ അപകടകരമാണ്. രോഗകാരണം അറിയാന്‍ വൈകിപ്പോകുമെന്നതു തന്നെ പ്രധാനപ്പെട്ടത്. ചില കഫ് സിറപ്പുകളില്‍ ആല്‍ക്കഹോളുണ്ട്. ഇതും അപകടമാണ്. ആന്റിഹിസ്റ്റമിനുകള്‍ മയക്കത്തിനു കാരണമാവുന്നു. കൊഡീന്‍ മലബന്ധവും ഫിനൈല്‍ പ്ര?പനോളമിന് അമിതരക്തസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം പിന്നെയും ഉയരാനിടയാക്കുന്നു.
ഭവിഷ്യത്തുകള്‍
ശക്തമായി ചുമയ്ക്കുമ്പോള്‍ നെഞ്ചിനുള്ളിലെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതുമൂലം ശ്വാസകോശത്തിന്റെ ചിലഭാഗങ്ങളില്‍ വിള്ളലുണ്ടായി വായു ശ്വാസകോശത്തിന് പുറത്തു കടന്ന് അതിശക്തമായ ശ്വാസതടസ്സം സൃഷ്ടിക്കാം. കൂടാതെ ഇത്തരം ഘട്ടങ്ങളില്‍ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനാല്‍ രോഗിക്ക് തലകറക്കം, കണ്ണിലിരുട്ടുകയറുക, ബോധക്ഷയം എന്നിവയും ഉണ്ടാവാം.
നെഞ്ചിലെയും, ഉദരഭാഗത്തെയും പേശികള്‍ വലിഞ്ഞു മുറുകി വേദന, വാരിയെല്ലുകളുടെ പൊട്ടല്‍, ഉറക്കക്കുറവ്, അറിയാതെ മൂത്ര വിസര്‍ജ്ജനം ചെയ്തു പോകുന്ന അവസ്ഥ, എന്നിവയും വിട്ടുമാറാത്ത ചുമ മൂലമുണ്ടാവാം. ഉദരപേശികളില്‍ വിളളലുണ്ടായി അതുവഴി ആന്തരീകാവയവങ്ങള്‍ പുറത്തേക്കു തളളിവരുന്ന ആന്ത്രവീക്കത്തിന്റെ (ഹെര്‍ണിയ) പ്രധാന കാരണം തുടര്‍ച്ചയായുളള ചുമയാണ്.
ചികില്‍സ
അന്യവസ്തുക്കള്‍ ശ്വാസനാളത്തില്‍ കടക്കുന്നത് കുട്ടികളില്‍ സാധാരണമാണ്. ബ്രോങ്കോസ്കോപ്പി പോലുള്ള പരിശോധന വഴി ഈ അവസ്ഥ നിര്‍ണ്ണയിക്കാനും അവയെ ശ്വാസക്കുഴലുകളില്‍ നിന്നു നീക്കാനും കഴിയും. തീരെ ചെറിയ കുട്ടികളില്‍ പാലും മറ്റും കുടിക്കുമ്പോള്‍ ശ്വാസനാളത്തിലേക്ക് കടക്കുന്നതും സാധാരണമാണ്. മേലണ്ണാക്കിലെ ജന്മനായുള്ള വിടവ് ഉള്ള കുട്ടികള്‍ക്ക് ഇതിന് സാദ്ധ്യതയേറുന്നു.
ഗര്‍ഭകാലത്തെ ചുമ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. കാരണം, അമിതമായ ചുമ മാതാവിനും ശിശുവിനും ദോഷകരമാണ്, ഗര്‍ഭമലസാനുള്ള സാധ്യതവരെയുണ്ട്. പ്രസവശേഷം ചുമയ്ക്കുമ്പോള്‍ തുന്നലുകള്‍ വിട്ടുപോകുവാനും സിസേറിയന് ശസ്ത്രക്രിയ ചെയ്തവരില്‍ ഇന്ക്ലിഷനല് ഹെര്‍ണി യയ്ക്കും (Incisional Hernia) സാദ്ധ്യതയേറെ. ചുമ മരുന്നുകള്‍ അമിതമായി കഴിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനെ പ്രതികൂലമായി ബാധിക്കാം. ഗര്‍ഭകാലത്ത് X-ray എടുക്കുന്നത് ആശാസ്യമല്ലാത്തതിനാല്‍ രോഗനിര്‍ണ്ണയത്തിന് മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും.
ചുമയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം
ചുമയിലൂടെ പകരുന്ന രോഗങ്ങള്‍ അനവധിയാണ്. (ഉദാ ക്ഷയരോഗം, ന്യൂമോണിയ, വൈറല്‍ പനി, ഇന്‍ഫ്ളുവെന്‍സാ, ഡിഫ്തീരിയ, വില്ലന്‍ചുമ) അതിനാല്‍ ചുമയ്ക്കുമ്പോള്‍ വായും മൂക്കും മൂടിപ്പിടിക്കണം. അതുപോലെതന്നെ തുറസ്സായ സ്ഥലങ്ങളില്‍ ചുമച്ചു തുപ്പുന്നതും രോഗം പരക്കാന്‍ ഇടയാക്കും. വാഷ്ബേസിനില്‍ തുപ്പി നന്നായി വെള്ളമുപയോഗിച്ച് കഴുകിക്കളയുകയോ കഫം ശേഖരിച്ച് അണുനാശിനി ചേര്‍ത്ത് കുഴിച്ചുമൂടുകയോ വേണം.
കടപ്പാട്: ഡോ. പി. വേണുഗോപാല്‍
അഡീഷണല്‍ പ്രഫസര്‍
നെഞ്ചുരോഗവിഭാഗം, ആലപ്പുഴ മെഡിക്കല്‍ കോളജ്
ബാലാരിഷ്ടതകള്‍ക്കു കാരണം വൈറസും ബാക്ടീരിയയും ഫംഗസും അടങ്ങുന്ന അണുക്കളുടെ സാമ്രാജ്യമാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ മക്കളെ അത്തരം രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാം.
സ്വാതന്ത്ര്യദിനത്തിന് പിറ്റേന്ന് വീട്ടുജോലികള്‍ വളരെ തിടുക്കത്തില്‍ ചെയ്യുകയായിരുന്നു ഷീലയും ബേബിയും. അപ്പോഴാണ് വീണക്കുട്ടി കുളിക്കാതെ, ഒരുങ്ങാതെ അമ്മയുടെ മുന്നിലേക്ക് കിണുങ്ങിച്ചെന്നു. അമ്മേ... ഞാനിന്ന് സ്കൂളില്‍ പോകുന്നില്ല. എനിക്ക് ഭയങ്കര പനിയും തലവേദനയും ശരീരവേദനയും തൊണ്ടവേദനയുമാണ്.
ഷീല ദേഷ്യപ്പെട്ടുകൊണ്ട് മകളോടു പറഞ്ഞു, മോളേ നീ പോ... നിന്റെ കള്ളത്തരം ഇനിയും മാറ്റിവയ്ക്ക്. ഇല്ലമ്മേ എനിക്ക് പനിയുണ്ട് അമ്മ എന്നെ തൊട്ടു നോക്കിക്കേ, ഷീല വീണക്കുട്ടിയുടെ നെറ്റിയില്‍ തൊട്ടുനോക്കി, കുറച്ച് ചൂടുണ്ട്. സാരമില്ല എങ്കിലും സ്കൂളിലേക്ക് പൊയ്ക്കോ. ഇന്ന് പരീക്ഷയും ഒരുപാട് പഠിക്കാനുമില്ലേ. വീണക്കുട്ടി മനസില്ലാമനസോടെ സ്കൂളിലേക്ക് പോയി.
എന്നാല്‍ വൈകിട്ട് എത്തിയ വീണക്കുട്ടി തീരെ അവശനിലയിലായിരുന്നു. ഷീല വേഗം കുട്ടിയുമായി ഡോക്ടറുടെ മുന്നിലെത്തി. പരിശോധിച്ചപ്പോഴാണ് അറിഞ്ഞത്. വീണയ്ക്ക് വൈറല്‍പനിയും രക്തത്തിന്റെ അളവ് കുറയുകയും ചെയ്തെന്ന്. ഇത്തരം മാതാപിതാക്കള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് മാലിന്യങ്ങളാണ്.
ഇവയിലൂടെ ഫംഗസുകളും ബാക്ടീരിയകളും പെരുകുന്നു. ഇത്തരത്തില്‍ വ്യാപിക്കുന്ന ചില രോഗങ്ങളാണ് ജലദോഷം, വൈറല്‍പ്പനി, ചുമ, ഛര്‍ദ്യാതിസാരം, മഞ്ഞപ്പിത്തം,എലിപ്പനി, ന്യൂമോണിയ, ടൈഫോയ്ഡ്, കോളറ, മലേറിയ, വയറിളക്കം, ചൊറി, വിരശല്യം, അഞ്ചാംപനി, അലര്‍ജി എന്നിവ.
ജലദോഷം
വൈറസിനാല്‍ ഉണ്ടാകുന്ന രോഗമാണ് ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഇതിന് തീരെ ഫലപ്രദമല്ല. എന്നാല്‍ സാധാരണ ജലദോഷങ്ങള്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെങ്കില്‍ മരണത്തിന് വരെ ഇടയാക്കുന്നു.
ചികിത്സാവിധികള്‍
മൂക്കൊലിപ്പ് കുറയ്ക്കുവാനായി ഡി- കണ്ജസ്റ്റ്മെന്റ് മരുന്നുകള്‍ ഉപയോഗിക്കേണ്ടതില്ല. മൂക്കടപ്പ്മൂലം ആഹാരം കഴിക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ പഞ്ഞി ചുറ്റിയ ഈര്‍ക്കില്‍ ഉപയോഗിച്ച് കുട്ടിയുടെ മൂക്ക് വൃത്തിയാക്കുകയും രണ്ടുതുള്ളി ഡ്രിസ്റ്റാന് അല്ലെങ്കില്‍ ഒട്രിവിന്‍ (Dristan or otrivin) ഒഴിക്കുക.
കുട്ടിയുടെ തല പുറകുവശത്തേക്ക് ചരിച്ചുവയ്ക്കുക. ക്രോസിന് സിറപ്പ് നല്‍കേണ്ടത് കുട്ടിയുടെ വയസും തൂക്കവും അനുസരിച്ചാണ്. സി.പി.എം. (ക്ലോര്‍ ഫിനറമില് മാലിയേറ്റ്) ഗുളിക പ്രായമായ കുട്ടികളുടെ മൂക്കൊലിപ്പ് തടയാന്‍ ഉപയോഗിക്കുന്നു.
വയറിളക്കം
ആറുമാസത്തിനും ഒന്നരവയസിനുമിടയിലുള്ള കുട്ടികള്‍ക്കാണ് വയറിളക്കം കൂടുതല്‍ കണ്ടുവരുന്നത്. ചെറിയ പനിയും ഛര്‍ദ്ദിയുമാണ് ആദ്യലക്ഷണം. ദിവസം 4-5 മുതല്‍ 10-20 തവണ അയഞ്ഞ മലശോധന ഉണ്ടാവണം. അടിയന്തിരചികിത്സ ചെയ്യേണ്ട രോഗാവസ്ഥയാണിത്.
റോട്ടോ വൈറസ്, കോളി കാസൈലാ ബാക്ടര്‍, ഷിഗല്ല, സല്‍മോണല്ല, യെര്സിയ എന്നീ ബാക്ടീരിയകള്‍ വയറിളക്കത്തിന് കാരണമാകുന്നു. അമീബ, ജിയാര്ഡിയോ എന്നീ ഏകകോശവര്ഗങ്ങളും വയറിളക്കത്തിന് കാരണമാകുന്നു. ഇത്തരം വയറിളക്കം രക്തവും കഫവും കലര്‍ന്നതായിരിക്കും.
ചികിത്സാവിധികള്‍
പുനര്‍ജലീകരണ പാനിയ ചികിത്സ (oral rehydreation therapy) നല്കുന്നു. ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ല. പെക്ടിനും കയോലിനും ചേര്‍ന്ന പെക്ടോകാസ് കുടലില്‍ നിന്നും ദ്രാവകത്തിന്റെ അംശം വലിച്ചെടുത്ത് കൂടുതല്‍ കട്ടിയുള്ള മലമുണ്ടാക്കുന്നതിന് സഹായിക്കുന്നു.
പ്രതിവിധികള്‍
ഭക്ഷണപദാര്‍ത്ഥങ്ങള്‍ അടച്ചുവയ്ക്കുക, കിണറുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക, കോളറയ്ക്കെതിരെയുള്ള കുത്തിവയ്പ് നടത്തുന്നതും നല്ലതാണ്.
ടൈഫോയിഡ്
പ്രധാന ജലജന്യരോഗമാണ് ടൈഫോയ്ഡ്. മഴക്കാലത്താണ് ഇത് വര്‍ധിക്കുന്നത്. ടൈഫോയ്ഡ് രണ്ട് തരത്തിലുണ്ട്. (1) സല്‍മോണല്ല പാരാടൈഫി. രോഗിയുടെ മലമൂത്രവിസര്ജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ഏഴുദിവസം വെള്ളത്തിലും 70 ദിവസം അഴുക്കുജലത്തിലും ജീവനോടിരിക്കും. ജലത്തിലൂടെയും ഈച്ചകളിലൂടെയുമാണ് ടൈഫോയ്ഡ് പകരുന്നത്. രോഗം മാറിയാലും ചിലരുടെ മലത്തില്‍ രോഗാണു കാണാറുണ്ട്.
പിത്തഗ്രന്ഥികളിലാണ് രോഗാണു പെറ്റുപെരുകുന്നത്. ശരീര പരിശോധന, രക്തപരിശോധന എന്നിവയിലൂടെ രോഗം നിര്‍ണയിക്കുന്നു. ശുചിത്വത്തിനു പ്രാധാന്യം നല്കി ടൈഫോയ്ഡിന്റെ അപകടാവസ്ഥ കുറയ്ക്കാം. മൂന്നുനാല് ആഴ്ച നീണ്ടുനില്‍ക്കുന്ന പനിയാണ് പ്രധാന ലക്ഷണം. ജൂലൈ മുതല്‍ സെപ്തംബര്‍വരെയുള്ള കാലയളവിലാണ് ടൈഫോയ്ഡ് ബാധ കൂടുതല്‍ വ്യാപകമാകുന്നത്.
പരിസരശുചിത്വം, മാലിന്യനിര്‍മാര്‍ജനം, ശുദ്ധജലം മാത്രം ഉപയോഗിക്കല്‍, ഭക്ഷണപദാര്‍ത്ഥം, കാര്യക്ഷമത, എരിവ് നിറഞ്ഞ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക, മൂന്നുനേരമുള്ള കുത്തിവയ്പ് എന്നിവ ടൈഫോയ്ഡ് ഇല്ലാതാക്കാനുള്ള പ്രധാന കാരണങ്ങളാണ്.
എലിപ്പനി
ജന്തുജന്യരോഗങ്ങളിലൊന്നാണ് എലിപ്പനി അഥവാ ലെപ്ടോ സ്പൈറോസിസ്. രോഗാരംഭത്തില്‍ വൈറല്‍പ്പനിയുമായി സാമ്യമുള്ള എലിപ്പനി കുട്ടികളെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നു. ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് എലിപ്പനി കൂടുതലും കണ്ടുവരുന്നത്. സ്പൈറോറ്റിക് വിഭാഗത്തില്‍പ്പെട്ട ലെപ്റ്റോസ് വൈറ ഇക്ടെറോ ഹെമവോ പിയേ എന്ന രോഗാണുവാണ് രോഗകാരണം.
എലിപ്പനി രോഗാണു പ്രധാനമായും വസിക്കുന്നത് എലികളിലും വളര്‍ത്തുമൃഗങ്ങളിലും ആണ്. ജന്തുക്കളുടെ മൂത്രത്തിലൂടെ അണുവിസര്‍ജനം മാസങ്ങളോ വര്‍ഷങ്ങളോ തുടര്‍ന്നേക്കാം. വെള്ളത്തിലും അമ്ലതകുറഞ്ഞ മണ്ണിലും, അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കാത്ത ജലത്തിലും രോഗാണുക്കള്‍ ദീര്‍ഘകാലം നിലനില്ക്കുന്നു.
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിക്കുന്നത് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലെ ശ്ലേമസ്തരങ്ങളിലൂടെയും ശരീരത്തിലെ മുറിവുകളിലൂടെയുമാണ്. ജലാശയങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരിലാണ് എലിപ്പനി കൂടുതലും കണ്ടുവരാറുള്ളത്. 10 വയസിനും 40 വയസിനും ഇടയിലുള്ളവരില്‍ രോഗം കണ്ടുവരുന്നു.
ഒന്നോ, രണ്ടോ ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണം കണ്ടുവരുന്നു. വൃക്ക, കരള്‍, ശ്വാസകോശം, ആമാശയം, ചെറുകുടല്‍, ത്വക്ക് എന്നിവിടങ്ങളിലാണ് രോഗം ബാധിക്കാറുള്ളത്. പനി, തലവേദന, ഛര്‍ദി, പേശിവേദന, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍.
ലാബ് ടെസ്റ്റിംഗ്, ദേഹപരിശോധന എന്നിവയിലൂടെ രോഗം തിരിച്ചറിയുന്നു. രോഗാവസ്ഥ മൂര്‍ച്ഛിച്ചാല്‍ ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തിന് തടസം വരും.
നഗ്ലീരിയ ഫൗള്‍റി
തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അസുഖമാണ് (brain eating)നഗ്ലീരിയ ഫൗള്‍റി. ഇത് ശുദ്ധജലത്തില്നിന്നും അഴുക്കുജലത്തില്‍ നിന്നും കുട്ടികളിലേക്ക് വേഗം പകരുന്നു. പൈപ്പ് ജലത്തിലൂടെയും നീന്തല്കുളത്തിലൂടെയും ബാധിക്കുന്നു. അമീബ എന്ന ഫംഗസാണ് ഇതിന് കാരണം.
മരുന്നിന്റെ അലര്‍ജി
സള്ഫാമെത്ത് ട്രിംതോപ്രിം, എല്ലാത്തരം അലര്‍ജിക്കും ഉപയോഗിക്കുന്ന മരുന്നാണെങ്കിലും സള്ഫാമെത്തക്സോലി ചില കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്നു. ത്വക്കിന് പുറത്ത് പാടുകള്‍, വയറിളക്കം, മനംപുരട്ടല്‍, ഉറക്കം തൂങ്ങുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍
അലര്‍ജി
കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് അലര്‍ജി രോഗം. അലര്‍ജിക്ക് കാരണമായ പദാര്‍ത്ഥത്തെ അലര്‍ജന്‍ എന്നുവിളിക്കുന്നു. അലര്‍ജി കാരണം ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ നിരവധിയാണ്. വീടുമായി ബന്ധപ്പെട്ടു പൊടിപടലങ്ങള്‍, പുക, പൂമ്പൊടി, ഭക്ഷണപദാര്‍ത്ഥങ്ങള്‍, ചിലതരം ചെടികളുടെ ഇലകള്‍, പ്രാണികളുടെയും പക്ഷികളുടെയും അവശിഷ്ടങ്ങള്‍ എന്നിവ അലര്‍ജിക്ക് കാരണമാണ്. അലര്‍ജി ആസ്ത്മയ്ക്ക് കാരണമാകുന്നു. കുട്ടികള്‍ മറ്റുള്ളവരുമായി സഹവസിക്കുന്നതിലൂടെയും അലര്‍ജി ഉണ്ടാകുന്നു.
ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ ചൊറിച്ചില്‍, മുക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മല്‍, ഘ്രാണശക്തി, നീരിരിറക്കം, ഒച്ചയടപ്പ്, രുചിക്കുറവ്, കൂര്‍ക്കംവലി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. തുടക്കത്തിലെ ചികിത്സിച്ചുമാറ്റേണ്ട രോഗങ്ങളാണിവ. അലര്‍ജി കുട്ടികളെ പലതരത്തിലാണ് ബാധിക്കുന്നത്. ആഹാരപദാര്‍ഥങ്ങള്‍, ഇഞ്ചക്ഷന്, മരുന്നിന്റെ ഉപയോഗം എന്നിവ ത്വക്കിനെ ബാധിക്കുന്ന അലര്‍ജിയാണ്. അലര്‍ജി വിവിധതരത്തിലുണ്ട്.
നേത്രത്തിലെ അലര്‍ജി, ചെവിയിലെ അലര്‍ജി, മൂക്കിലെ അലര്‍ജി, നഗ്ലീരിയ ഫൗള്‍റി, മൂത്രാശയസംബന്ധമായ അലര്‍ജി, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, വേനല്‍ക്കാലത്തുണ്ടാകുന്ന അലര്‍ജി, വയറിളക്കം, ആഹാരപദാര്ത്ഥങ്ങളോടുള്ള അലര്‍ജി, മരുന്നുപയോഗിക്കുന്നതുകൊണ്ടുള്ള അലര്‍ജി, കുട്ടികളില്‍ പാംപേഴ്സ് ഉപയോഗിക്കുന്നതുകൊണ്ടുള്ള അലര്‍ജി, ഇഞ്ചക്ഷന്റെ അലര്‍ജി.
കുഞ്ഞുങ്ങള്‍ പിച്ചവച്ചു തുടങ്ങുമ്പോള്‍ മുതല്‍ അച്ഛനമ്മമാരുടെ ടെന്‍ ഷന് അവരുടെ പൊക്കവും തൂ ക്കവും സംബന്ധിച്ചാണ്.
"ഇവള്‍ക്ക് ഇത്രയേ പൊക്കം വയ്ക്കൂ... അമ്മയ്ക്കും പൊക്കം കുറവല്ലേ" പിച്ച വച്ചു തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞിന്റെ ഉയരത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ തീരുമാനമെടുത്തു കഴിയും. അതു കേള്‍ക്കുന്നതോടെ അമ്മയുടെ ടെന്‍ഷന്‍ ഇരട്ടിയാകും.
അച്ഛനോട് പരാതി പറഞ്ഞാലോ അതിനും കിട്ടും ശകാരം. പലപ്പോഴും അമ്മമാര്‍ വ്യാകുലപ്പെടുന്നത് തീര്‍ത്തും നിസ്സാരമായ ചില പ്രശ്നങ്ങളുടെ പേരിലാണ്.
1 - 3 മാസം വരെ
കുഞ്ഞിന് ഓരോ മാസവും 700 മുതല്‍ 900 ഗ്രാം വരെ തൂക്കം വര്‍ധിക്കും. നാല് മാസം പൂര്‍ത്തിയാകുമ്പോഴേക്കും കൈകുത്തി തലയുയര്‍ത്താനാകും. ഇതോടെ കഴുത്തിന്റെ ബലം വര്‍ധിച്ചുതുടങ്ങും. കൈവിരലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യും. കൈ വായിലേക്ക് കൊണ്ടുവരും.
ചെറിയ സാധനങ്ങള്‍ കൈയില്‍ പിടിക്കും. അടുത്തുനില്ക്കുന്നവരുടെ മുഖത്തുനോക്കും. ചലിക്കുന്ന വസ്തുക്കളെ മാറി മാറി നോക്കും. ശബ്ദം കേള്‍ക്കുന്നിടത്തേക്ക് തലതിരിച്ചു നോക്കും. മറ്റുള്ളവരെ നോക്കി ചിരിക്കും. കളിയും കളിപ്പിക്കലും ഇഷ്ടപ്പെടും.
4 -7 മാസം വരെ
വശങ്ങളിലേക്ക് ഉരുണ്ടുമറിയും. ആദ്യം പിടിച്ചും പിന്നീട് പിടിക്കാതെയും ഇരിക്കും. തുടര്‍ന്ന് കാലില്‍ ശരീരത്തിന്റെ ബലം കൊടുക്കുന്നു. ഒരു കൈയില്‍നിന്ന് അടുത്ത കൈയിലേക്ക് സാധനങ്ങള്‍ മാറ്റും. പേരു വിളിക്കുമ്പോള്‍ ശ്രദ്ധിക്കും.
വേണ്ടെന്ന് തലകൊണ്ട് ആംഗ്യം കാണിക്കുന്നു. ശബ്ദം കേട്ട് തിരിച്ച് ശബ്ദമുണ്ടാക്കുന്നു. സന്തോഷവും വിഷമവും ശബ്ദംകൊണ്ട് അറിയിക്കും. അടുത്തുള്ളവരുമായി കളിക്കാന്‍ ഇഷ്ടപ്പെടുന്നു. കണ്ണാടിയിലെ പ്രതിരൂപം ഇഷ്ടപ്പെടുന്നു.
8 - 12 മാസം വരെ
പേരു വിളിക്കുമ്പോള്‍ സഹായമില്ലാതെ എഴുന്നേറ്റിരിക്കും. വയര്‍ നിലത്തുറപ്പിച്ചിഴയും. കൈയും കാല്‍മുട്ടും കുത്തി ഇഴയുന്നു. മെല്ലെ പിടിച്ചെഴുന്നേറ്റു നില്ക്കും.
അല്പനേരം പിടിക്കാതെ നില്ക്കും. രണ്ടുമൂന്നു ചുവട് തനിയെ നടക്കും. സംസാരിക്കാന്‍ ശ്രമിക്കും. "അമ്മ, അച്ഛ" പറയും. കൈയിലുള്ളവ കുലുക്കുകയും നിലത്തെറിയുകയും ചെയ്യും. ആംഗ്യങ്ങള്‍ അനുകരിക്കും.
പാലോ വെള്ളമോ ഗ്ലാസില്‍നിന്നു കുടിക്കാന്‍ ശീലിക്കും. തലചീകുന്നു. ഫോ ണ് ഡയല് ചെയ്യും. അപരിചിതരുടെ മുമ്പില്‍ വിതരണവും ഉത്കണ്ഠയും പ്രകടിപ്പിക്കുന്നു.
അച്ഛനോ അമ്മയോ വിട്ടുപോകുമ്പോള്‍ കരയുന്നു. മറ്റുള്ളവരെ അനുകരിക്കും. പേടിച്ച് കരയും. വിരലുകൊണ്ട് ആഹാരമെടുത്ത് കഴിക്കും. വസ്ത്രങ്ങളിടാന്‍ സ്വയം സഹായിക്കുന്നു.
തൂക്കവും ഉയരവും
പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ താരതമ്യേന തൂക്കവും ഉയരവും അല്പം കുറവായിരിക്കും. ഓരോ പ്രായത്തിലും പൊക്കവും തൂക്കവും വ്യത്യാസപ്പെട്ടിരിക്കും.
1. ജനിക്കുമ്പോള്‍ തൂക്കം 2 1/2 മുതല്‍ 3 1/2 കിലോ വരെ
2. മൂന്നാം മാസത്തില്‍ തൂക്കം 5 1/3 കിലോവരെ, ഉയരം 59 സെന്റീമീറ്റര്‍.
3. ആറാം മാസത്തില്‍ തൂക്കം 7 കിലോവരെ, ഉയരം 65 സെന്റീമീറ്റര്‍.
4. ഒന്‍പതാം മാസത്തില്‍ തൂക്കം 8 കിലോവരെ, ഉയരം 69 സെന്റീമീറ്റര്‍.
5. ഒരു വയസില്‍ തൂക്കം 9 കിലോ വരെ, ഉയരം 74 സെന്റീമീറ്റര്‍.
6. രണ്ടു വയസില്‍ തൂക്കം 11 കിലോവരെ, ഉയരം 84 സെന്റീമീറ്റര്‍.
7. മൂന്നു വയസില്‍ തൂക്കം 12 കിലോവരെ, ഉയരം 90 സെന്റീമീറ്റര്‍.
8. നാലു വയസില്‍ തൂക്കം 14 കിലോവരെ, ഉയരം 96 സെന്റീമീറ്റര്‍.
9. അഞ്ചു വയസില്‍ തൂക്കം 17 കിലോവരെ, ഉയരം 104 സെന്റീമീറ്റര്‍.
10. ആറു വയസില്‍ തൂക്കം 19 കിലോവരെ, ഉയരം 114 സെന്റീമീറ്റര്‍.
11. ഏഴു വയസില്‍ തൂക്കം 21 കിലോവരെ, ഉയരം 119 സെന്റീമീറ്റര്‍.
12. എട്ടു വയസില്‍ തൂക്കം 23 കിലോവരെ, ഉയരം 124 സെന്റീമീറ്റര്‍.
13. ഒന്‍പതു വയസില്‍ തൂക്കം 25 കിലോവരെ, ഉയരം 130 സെന്റീമീറ്റര്‍.
14. പത്തു വയസില്‍ തൂക്കം 27 കിലോവരെ, ഉയരം 137 സെന്റീമീറ്റര്‍.
1. 6 -8 ആഴ്ച തിരിച്ചറിഞ്ഞു ചിരിക്കുന്നു.
2. 12- 6 ആഴ്ച കഴുത്ത് ഉറയ്ക്കുന്നു.
3. 4 -ാം മാസം കമിഴ്ന്നു വീഴുന്നു
4. 5 - 6 മാസം മടിയില്‍ സഹായത്തോടെ ഇരിക്കുന്നു, കൊടുക്കുന്ന വസ്തുക്കള്‍ പിടിക്കുന്നു. 6-ാം മാസം കസേരയില്‍ ചാരി ഇരിക്കുന്നു, ആടുന്ന വസ്തുക്കള്‍ പിടിച്ചെടുക്കുന്നു.
5. 7-8 മാസം സഹായമില്ലാതെ ഇരിക്കുന്നു.
6. 10 -ാം മാസം മുട്ടുകുത്തി ഇഴയുന്നു.
7. 11 - ാം മാസം പിടിച്ചുനില്ക്കുന്നു.
8. 12 - ാം മാസം സഹായമില്ലാതെ നടന്നുതുടങ്ങുന്നു.
9. 12 - 14 മാസം സഹായമില്ലാതെ ഓടിനടക്കുന്നു.
10. 2 വയസ് കോണിപ്പടി കയറുന്നു. രണ്ടുകാലും ഒരു പടിയില്‍വച്ച് വച്ച് കോണിപ്പടി കയറുന്നു.
11. 3 വയസ് ഒരു കാല് ഒരു പടിയില്‍വച്ച് കോണിപ്പടി കയറുന്നു. തനിയെ വസ്ത്രം ഇടാനും അഴിക്കാനും പഠിക്കുന്നു.
1. മൂന്നാഴ്ച പ്രായമാകുമ്പോള്‍ തന്നെ നോക്കി സംസാരിക്കുന്ന അമ്മയെ കുഞ്ഞ് ശ്രദ്ധിച്ചു തുടങ്ങും.
2. ഒരു മാസത്തിനും ഒന്നരമാസത്തിനും ഇടയില്‍ അമ്മയെ നോക്കി ചിരിക്കും.
3. രണ്ടു മാസത്തോടെ കുഞ്ഞിന്റെ തൊട്ടടുത്തു കാട്ടുന്ന നിറമുള്ള വസ്തുക്കളെ മാറിമാറി നോക്കും.
4. മൂന്നു മാസമാകുന്നതോടെ അമ്മയെ തിരിച്ചറിയുകയും, ചിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യും.
5. ആറാം മാസത്തില്‍ കൈതാങ്ങി നിലത്തിരിക്കും.
6. ഏഴാം മാസത്തില്‍ സഹായമില്ലാതെ ഇരിക്കും.
7. എട്ടാം മാസത്തോടെ ഇഴയാന്‍ ആരംഭിക്കും.
8. ഒന്‍പതാം മാസമാകുമ്പോള്‍ എഴുന്നേല്ക്കാന് ശ്രമിക്കും.
9. പത്താം മാസത്തില്‍ പിടിച്ചെഴുന്നേല്ക്കാന് ശ്രമിക്കും.
10. ഒരു വയസാകുമ്പോള്‍ സഹായമില്ലാതെ അല്പനേരം എഴുന്നേറ്റ് നില്ക്കാനാകും.
11. 11 -15 മാസത്തിനിടയില്‍ പരസഹായമില്ലാതെ നടക്കാന്‍ പഠിക്കും.
12. പതിനഞ്ചുമാസം കഴിയുമ്പോള്‍ കുട്ടി കോണിപ്പടികള്‍ ഇഴഞ്ഞ് കയറാന്‍ ശ്രമിക്കും.
13. ഒന്നരവയസില്‍ ചായപ്പെന്‍സില്‍കൊണ്ട് കുത്തിക്കുറിക്കും.
14. രണ്ടു വയസില്‍ നെടുകെയും കുറുകെയുമുള്ള വരയിടാനാവും. മൂന്നുവയസില്‍ വൃത്തം വരയ്ക്കാന്‍ തുടങ്ങും.
15. മൂന്നു വയസിനും നാലു വയസിനുമിടയില്‍ ഒരാളുടെ തലയും കൈകാലുകളും വരയ്ക്കാനാകും.
ഈ പറഞ്ഞതിലെല്ലാം ചെറിയ വ്യത്യാസം മുമ്പോട്ടോ പുറകോട്ടോ ഉണ്ടാവാം. എന്നാല്‍ ഒന്നരവയസായിട്ടും നടക്കാത്ത കുട്ടിയെ ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കണം.
പ്രത്യേകം ശ്രദ്ധിക്കാന്‍..
1. ഒന്നര രണ്ട് മാസം പ്രായമുള്ളപ്പോള്‍ ശബ്ദം കേള്‍പ്പിക്കുന്നിടത്തേക്ക് കുഞ്ഞ് മുഖം തിരിച്ച് നോക്കാതിരിക്കുന്നത്.
2. മൂന്ന്, നാല് മാസമായിട്ടും ആളെ കണ്ടാലും കളിപ്പാട്ടം കണ്ടാലും പ്രത്യേകം ശ്രദ്ധിക്കുന്നില്ലെങ്കില്‍.
3. നാലഞ്ച് മാസമായിട്ടും അമ്മ മടിയിലിരുത്തുമ്പോള്‍ തല നിവര്ത്തിപ്പിടിക്കുന്നില്ലെങ്കില്.
4. ഒന്‍പതാം മാസമായിട്ടും പരസഹായമില്ലാതെ ഇരിക്കാന്‍ കഴിയുന്നില്ലെങ്കില്‍.
5. പത്ത് മാസമായിട്ടും ആവര്‍ത്തിച്ച് ശബ്ദമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍.
6. ഒന്നര വയസായിട്ടും തനിയെ നടക്കാന്‍ കഴിയുന്നില്ലെങ്കില്‍.
7. ഒന്നേമുക്കാല്‍ വയസായിട്ടും ഒരു വാക്കുപോലും സംസാരിക്കുന്നില്ലെങ്കില്‍.
8. രണ്ടേകാല്‍ വയസായിട്ടും രണ്ടുമൂന്ന് വാക്കുചേര്‍ത്ത് സംസാരിക്കാനായില്ലെങ്കില്‍.
9. നാല് വയസായിട്ടും വ്യക്തമായി മനസിലാകുന്ന രീതിയില്‍ സംസാരിക്കുന്നില്ലെങ്കില്‍.
മേല്‍ സൂചിപ്പിച്ചതുപോലെയുള്ള പോരായ്മകള്‍ ഉള്ളപ്പോള്‍ കുഞ്ഞിനെ ആറാമത്തെ ആഴ്ചയിലും ആറാമത്തെ മാസത്തിലും പത്താമത്തെ മാസത്തിലും ഒന്നരവയസിലും മൂന്നുവയസിലും ഒരു വിദഗ്ദ്ധ ചികിത്സകനെക്കൊണ്ട് പരിശോധിപ്പിക്കണം.
കടപ്പാട്:ഡോ. സി.കെ ജയകുമാര്‍
കടപ്പാട്:മംഗളം
അവസാനം പരിഷ്കരിച്ചത് : 5/25/2020
കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്...
കുഞ്ഞുങ്ങളുടെ വളർച്ചയും ജീവിത രീതികളും ആയി ബന്ധപ്പ...