অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡിഫ്തീരിയ എന്ന മാരകരോഗം

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗംബാധിച്ചവരുടെ തൊണ്ടയിൽ കാണുന്നവെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടയ്ക്ക് മൃഗങ്ങളുടെ തോലുമായുള്ള സാമ്യത്തിൽ നിന്നാണ് ഈവാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയാരാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ പൊരുതാൻ ആയുധങ്ങളില്ലാതിരുന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു.

1883-ൽ എഡ്വിൻ ക്ലെബ്സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ൽ ഫെഡറിക്ക് ലോഫ്ലർ ഇതിനെപരീക്ഷണശാലയിൽ വളർത്തിയെടുത്തു. അതിനാൽ ഈ രോഗാണു ക്ലെബ്സ്-ലോഫ്ലർ ബാസില്ലസ് എന്നറിയപ്പെടുന്നു.

എഡ്വിൻ ക്ലെബ്സ് (1834 – 1913) വോൺ ബെറിംഗ് (1854 – 1917) ഫെഡറിക്ക് ലോഫ്ലർ (1852 – 1915)

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിൻ വികസിപ്പിച്ചത്. അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയസമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. 1901 ൽ വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽസമ്മാനം ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, “ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ഡിഫ്തീരിയക്കെതിരായ യുദ്ധം ഇനി മുമ്പത്തെപ്പോലെ ഏകപക്ഷീയമായിരിക്കില്ല. ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്”.
ആ വാക്സിൻ ഉപയോഗിച്ചുതുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു. 1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിക്കുകയും പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത രോഗമായിരുന്നു ഡിഫ്തീരിയ. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആ വർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നുമാത്രമല്ല, ഒരു മരണം പോലും ഉണ്ടായുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിതരാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗം ഭീകരരൂപം പ്രാപിച്ച് സംഹാരതാണ്ഡവമാടിയിട്ടുണ്ട്. 1980-കളുടെ അവസാനത്തിൽ സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപേക്ഷ വന്നു. 1990-95 കാലയളവിൽ ഒന്നര ലക്ഷം പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയുംചെയ്തു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനുംപേരു കേട്ട കേരളത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതിവേഗം മുന്നോട്ടു കുതിക്കുന്നമലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ നാലുകുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്. ഇപ്പോൾ കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും രോഗം വ്യാപിച്ചിരിക്കുന്നു. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമോയെന്ന  ഭീതിയിലാണ്.
സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്നസ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറംജില്ലയിലെ ചില പ്രദേശണ്ടളിൽ) 3 – 5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽനിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗപ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ്എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായിചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്നരീതി (എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ) ആദ്യമായി പരീക്ഷിച്ചത് ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനായിരുന്നു, 1885 ൽ.
രോഗാണുവിൽ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്സിൻ. ഇത് വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.

ഡിഫ്തീരിയ ബാധിച്ച രോഗിയുടെ തൊണ്ടയിൽ രൂപപ്പെട്ട പാട.

ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്സിൻ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.
ഇതു കൂടാതെ ഡിഫ്തീരിയ പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ (നാഡികളുടെ) പ്രവർത്തനത്തെയാണ്. തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാൽ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാൻ പറ്റാതെ ശ്വാസനാളത്തിൽ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മൂക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോൾ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗിപൂർണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ തകരാറിലാവുമ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ പറ്റാതാകുന്നു. അനേക നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാൽ മേൽ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കുതന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ അടുത്തത് എന്നനിലക്ക്. മാസങ്ങൾ വേണ്ടിവരും പൂർണ്ണമായും രോഗമുക്തി നേടാൻ. മരണസാധ്യത 10%ൽ കൂടുതലാണ്.
ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെപാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റിടോക്സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂർവ്വമായ സ്ഥിതിക്ക് ഈ മരുന്ന് അധികം മരുന്നുകമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്. ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞുകഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ ഉള്ളപ്പോൾ. 90%ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെകുറവാണ്. ഇന്ന് കേരളത്തിലെ കുട്ടികളിൽ കുത്തിവെപ്പ് ശതമാനം 80 നു മുകളിലാണെങ്കിലും മുതിർന്നവർ കൂടിയുൾപ്പെടുന്ന സമൂഹം പരിഗണിക്കുമ്പോൾ ഇതു എത്രയോ താഴെയായിരിക്കും. കാരണം DPT എന്നകുത്തിവെപ്പ് എടുത്തു തുടങ്ങിയത് എഴുപതുകളിൽ മാത്രമാണ്.  അതിനാൽ ഇതു വ്യാജപ്രചരണങ്ങളിൽ വിശ്വസിച്ചു കുത്തിവെപ്പ് എടുക്കാത്ത ആളുകൾ കൂടുതലുള്ള മലപ്പുറം, കോഴിക്കോട്, കാസറഗോഡ്, വയനാട്, പാലക്കാട് ജില്ലകളുടെ മാത്രം പ്രശ്നമായി കാണാൻ പറ്റില്ല.

ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നരവയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈരോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻപറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റിനിർത്താൻ പറ്റും.

അങ്ങിങ്ങായി ഒന്നോ രണ്ടോ കേസുകൾ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ നാം പിന്നോക്കംപോവുകയാണെന്ന സൂചന. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പ്രശ്നം കൈവിട്ടുപോകും, നിയന്ത്രണാതീതമാകും, മുമ്പ് സോവിയറ്റ് യൂനിയനിൽ സംഭവിച്ചതു പോലെ.
DPT എന്ന ട്രിപ്പിൾ വാക്സിൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1970-കളിലാണ്. അതിന് മുമ്പ് ജനിച്ചവർക്ക് ഈരോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. അതിനാൽ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുമ്പോൾ മുതിർന്നവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനസ്സിലാക്കേണ്ടത് അനേകം പേരിൽ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്. അതിനാൽ ഇത് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. ബാലിശമായ വരട്ടു വാദങ്ങൾപറഞ്ഞ് കുത്തിവെപ്പിനെ എതിർക്കുന്നവർക്ക് നാം വഴങ്ങാൻ പാടില്ല. ബോധവൽക്കരണവും നിയമപരമായ നിഷ്കർഷയും കൊണ്ടു മാത്രമേ ഈ അപകടകരമായ അവസ്ഥയിൽ നിന്നുംനമുക്ക് രക്ഷപ്പെടാൻ കഴിയൂ.

ഡോ. മോഹൻ ദാസ് നായർ, ശിശുരോഗ വിഭാഗം, ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി.

പകർച്ചവ്യാധികളും പ്രതിരോധകുത്തിവെപ്പുകളും

മനുഷ്യ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം മനുഷ്യനും രോഗങ്ങളും തമ്മിലുള്ള യുദ്ധമാണ്. ആദ്യകാലങ്ങളിൽ പൂർണ്ണമായും പ്രകൃതിക്ക് കീഴ്പ്പെട്ട് ജീവിച്ചിരുന്ന ഘട്ടത്തിൽ “survival of the fittest ” എന്നതായിരുന്നു നിയമം. പിന്നീട് കൃഷി ആരംഭിച്ചപ്പോളാണ് മനുഷ്യർ കൂട്ടമായി താമസിക്കാൻ തുടങ്ങുന്നത്. പകർച്ചവ്യാധികൾ മനുഷ്യരാശിയെ കൊന്നൊടുക്കാൻ തുടങ്ങിയതും അന്നു തന്നെ.

ആദ്യമാദ്യം ദൈവകോപം കൊണ്ടാണെന്നാണ് ഇതൊക്കെ സംഭവിക്കുന്നതെന്നു വിചാരിച്ച് പ്രാർത്ഥനയും ബലിയും മറ്റും കൊണ്ട് തടയാനാണ് ശ്രമിച്ചത്. ഇത് ഒരു തരത്തിലും ഉപകാരപ്പെട്ടില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.അക്കാലത്ത് ഏറ്റവും അധികം മനുഷ്യ ജീവൻ അപഹരിച്ച രോഗങ്ങളായിരുന്നു, വസൂരി, പ്ലേഗ്, ഡിഫ്തീരിയ തുടങ്ങിയവ.

എഡ്വേഡ് ജന്നർ

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ചിലർ സൂക്ഷ്മമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. കറവക്കാർക്ക് വരുന്ന താരതമ്യേന നിരുപദ്രവകരമായ ഗോവസൂരി (Cowpox) ബാധിച്ചവർക്ക് പീന്നീട് വസൂരി വരില്ല എന്ന് ഇന്ത്യക്കാരും ചൈനക്കാരും മനസ്സിലാക്കിയിരുന്നു. ഇന്ത്യയിൽ നിന്നായിരിക്കാം, ഈ അറിവ് ഇംഗ്ലണ്ടിലും എത്തി. ഇതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച എഡ്വേർഡ് ജന്നർ എന്ന മഹാൻ ഗോവസൂരി വന്ന ഒരാളിൽ നിന്നും അതിലെ സ്രവം എടുത്ത് ഒരു കുട്ടിക്ക് കുത്തിവെക്കുകയും, അതിനു ശേഷം വസൂരി വന്നവരിലെ സ്രവം ആ കുട്ടിക്ക് കുത്തിവെച്ചിട്ടും അവന് വസൂരി വരുന്നില്ല എന്ന് തെളിയിക്കുകയും ചെയ്തു. ഇന്നത്തെ കാലത്താണെങ്കിൽ അപകടകരം, ക്രൂരം എന്നൊക്കെ വിശേഷിപ്പിക്കുമായിരുന്ന ഈ പരീക്ഷണത്തിലൂടെയാണ് അനേകകോടി ജനങ്ങളെ മരണത്തിൽ നിന്നും, അന്ധത, വൈരൂപ്യം എന്നിവയിൽ നിന്നും രക്ഷിച്ച, വസൂരി എന്ന രോഗത്തെത്തന്നെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയ വസൂരിക്കെതിരായ കുത്തിവെപ്പിന്റെ ആവിർഭാവം. അതും രോഗാണുക്കളെ കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പ്. ജനങ്ങളെ കുറെയൊക്കെ നിർബന്ധിച്ചു തന്നെ കുത്തിവെച്ചതിലൂടെയാണ് വസൂരി നിർമ്മാർജ്ജനം സാധ്യമായത് എന്ന് മുതിർന്ന ആൾക്കാർക്കെങ്കിലും ഓർമ്മ കാണും.

പേപ്പട്ടി കടിച്ചാൽ മരണം സുനിശ്ചിതമായിരുന്നു പണ്ട് കാലത്ത്. ലൂയി പാസ്ചർ ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. പേയിളകി മരിച്ച മൃഗങ്ങളുടെ തലച്ചോറ് ഉണക്കിയും, പൊടിച്ചും, പുകയിട്ടും അതിലെ രോഗകാരണമായ വസ്തുക്കളെ നിർവീര്യമാക്കി ഒരു വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം മുഴുമിച്ചിരുന്നില്ല.

ലൂയി പാസ്ചർ

അപ്പോളാണ്ജോസഫ് മീസ്ചർ എന്ന ബാലനെ പേപ്പട്ടിയുടെ കടിയേറ്റ് രക്തമൊലിക്കുന്ന അവസ്ഥയിൽ അവന്റെ അമ്മ പാസ്ചറുടെ അടുത്ത് കൊണ്ടുവന്നത്. വാക്സിന്റെ ഫലപ്രാപ്തിയിലോ സുരക്ഷിതത്വത്തിലോ യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും ആ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി പാസ്ചർ ആ കുട്ടിക്ക് വാക്സിനേഷൻ നടത്തി. അത്ഭുതമെന്നു പറയട്ടെ, ആ കുട്ടി രക്ഷപ്പെട്ടു. പിന്നീടു പാസ്ചറുടെ മരണശേഷം അദ്ദേഹത്തിന്റെ ശവകുടീരത്തിന്റെ കാവൽക്കാരനായി മാറിയ ജോസഫ് മീസ്ചർ ജർമ്മൻ സൈന്യം പാസ്ച്ചറുടെ ശവകുടീരം നശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിനു തയ്യാറാകാതെ മരണം വരിച്ചു എന്നത് ഒരു കെട്ടുകഥ മാത്രമാകാം. എന്നാൽ ലക്ഷക്കണക്കിനാളുകൾ ഇന്ന് അവരുടെ ജീവന് പാസ്ചറോട് കടപ്പെട്ടിരിക്കുന്നു എന്നത് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല.

വേനൽക്കാലത്ത് സംഹാര താണ്ഡവമാടിയിരുന്ന പോളിയോ രോഗത്തെ പേടിച്ച് തണുപ്പുകാലത്തെന്ന പോലെ വീട്ടിൽ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. ഓടിക്കളിച്ചു നടന്നിരുന്ന കുട്ടികൾ ഒരു പനിയെത്തുടർന്ന് കൈകാൽ തളർന്ന്, ശ്വസിക്കാൻ കഴിയാതെ മാസങ്ങളോളം “Iron Lung” എന്ന പ്രാകൃത വെൻറിലേറ്ററിൽ കഴിഞ്ഞ്, സ്ഥിരമായ വൈകല്യങ്ങൾ പേറി ശിഷ്ടജീവിതം തള്ളി നീക്കേണ്ടി വന്നതും നിസ്സഹായരായി നോക്കി നിൽക്കാനേ പറ്റിയിരുന്നുള്ളൂ. 1950 കൾവരെ ഇതായിരുന്നു അവസ്ഥ. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് എന്ന (പോളിയോ ബാധിതനായ) അമേരിക്കൻ പ്രസിഡന്റ് സമാഹരിച്ച ഫണ്ടും പ്രചോദനവും ജോനാസ് സാൽക്ക് എന്ന ശാസ്ത്രജ്ഞനെ പോളിയോ വാക്സിൻ കണ്ടു പിടിക്കുന്നതിന് പ്രാപ്തനാക്കി. കോടിക്കണക്കിന് ഡോളർ പേറ്റന്റിലൂടെ വാരിക്കൂട്ടാൻ  കഴിയുമായിരുന്ന കണ്ടുപിടുത്തം. എന്നാൽ അതിനു തയ്യാറാകാതെ കുറഞ്ഞ വിലക്ക് വാക്സിൻ ലഭ്യമാക്കി തന്റെ കണ്ടുപിടുത്തത്തിന്റെ പ്രയോജനം പൂർണ്ണമായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സാൽക്ക് ചെയ്തത്. അതിനുശേഷം നടന്ന കാര്യങ്ങൾ നമുക്കറിയാം. പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തു നിന്നും പോളിയോ തുടച്ചു നീക്കി. രാഷ്ട്രീയമായ അസ്ഥിരത കാരണം, രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മാത്രമേ ഇന്ന് പോളിയോ ഉള്ളൂ.

വസൂരി, റാബീസ് എന്നിവയ്ക്കുള്ള മുൻകാല വാക്സിനുകൾ ഒട്ടും സുരക്ഷിതമായിരുന്നില്ല. എന്നിട്ടും, രോഗം വന്നാലുള്ള അവസ്ഥ നേരിട്ടു മനസ്സിലാക്കിയ ജനങ്ങൾ അവ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ വർഷങ്ങളായുള്ള ഗവേഷണങ്ങളിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ഇന്നത്തെ വാക്സിനുകൾ അതീവ സുരക്ഷിതമാണ്. മുൻകാലങ്ങളിലെക്കാൾ ഫലപ്രദവും. കാലം മുന്നോട്ടു പോയപ്പോൾ പല സാംക്രമിക രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. മെച്ചപ്പെട്ട ജീവിത സാഹചര്യം, രോഗം എങ്ങനെ പകരുന്നു, എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നൊക്കെയുള്ള അറിവ്, മെച്ചപ്പെട്ട ചികിൽസ എന്നിവ വാക്സിനുകളോടൊപ്പം ഈ മാറ്റത്തിന് കാരണമാണ്. കൺമുന്നിൽ രോഗത്തിന്റെ കാഠിന്യം അനുഭവവേദ്യമല്ലാതാകുന്ന ഇന്നത്തെ സാഹചര്യത്തിൽ വാക്സിനുകൾ തന്നെ ആവശ്യമുണ്ടോ എന്ന ചിന്ത ഉയർന്നു തുടങ്ങി. വളരെ അപൂർവ്വവും ലഘുവുമായ  പാർശ്വഫലങ്ങളെപ്പോലും പെരുപ്പിച്ചു കാട്ടി വാക്സിനുകൾക്കെതിരെ പലരും പ്രചരണം തുടങ്ങി. ഇത്തരക്കാർ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. നല്ല ചികിൽസാ സംവിധാനങ്ങളോ രോഗപ്രതിരോധ മാർഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്ത് (100-120 വർഷം മുമ്പ്) മനുഷ്യന്റെ ശരാശരി ആയുസ്സ് കേവലം 30 വയസ്സായിരുന്നു. ഇന്നത് 70-ൽ എത്തി നിൽകുന്നു. വാക്സിനുകളുടെ കൂടി സംഭാവനയായി നേടിയ ആയുസ്സ് അനുഭവിച്ച് കൊണ്ടാണ് ഇന്ന് പലരും വാക്സിനുകളേ വേണ്ട എന്ന് പറയുന്നത്. ഇത്തരക്കാരുടെ ശ്രമഫലമായി സാധാരണ ജനങ്ങൾ കബളിപ്പിക്കപ്പെട്ടതിന്റെ പരിണിത ഫലമാണ് ഇന്ന് നമ്മുടെയിടയിൽ പടർന്നു പിടിക്കുന്ന ഡിഫ്തീരിയ… നൂറ്റാണ്ടുകൾ പുറകിലേക്ക് പോവുകയാണോ നമ്മൾ !!!

ഡോ. മോഹൻ ദാസ് നായർ, ശിശുരോഗ വിഭാഗം, ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി

ഡിഫ്തീരിയാമരണങ്ങളും യുക്തിഹീനനിലപാടുകളും

 

മൂന്നരപ്പതിറ്റാണ്ടോളം വരുന്ന ചികിത്സാനുഭവത്തിനിടയ്ക്ക് ഏറ്റവും ദുഖകരമായ ദിനങ്ങളിൽ ചിലതാണിയീടെ വന്നു ചേർന്നിരിയ്കുന്നത്. 1983- 84 കാലത്താണ് അവസാനമായി ഞാനൊരു ഡിഫ്തീരിയ രോഗിയെ കാണുന്നത്.ഞാൻ പ്രാക്റ്റീസ് ചെയ്യാനരംഭിച്ച ആദ്യവർഷങ്ങളിൽ ബിരുദബിരുദാനന്തര പഠനകാലത്തൊക്കെ ഡിഫ്തീരിയയും ടെറ്റനസും വില്ലൻചുമയുമൊക്കെ സധാരണമായിരുന്നു. ഇവയ്ക്കൊക്കെയായുള്ള പ്രത്യേക വാർഡുകൾ ഉണ്ട്. ആശുപത്രികളിലെത്തുന്ന ഇത്തരം രോഗികൾ ഭാഗ്യം പോലെ തിരിച്ചുപോയെന്നിരിയ്ക്കും, അല്ലെങ്കിൽ മരണത്തിനു കീഴടങ്ങും. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇതായിരുന്നു സ്ഥിതി. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഡിഫ്തീരിയക്കെതിരായ പ്രതിസിറം (ആന്‍റിസിറം) വികസിപ്പിയ്ക്കുന്നത്. താമസിയാതെ ഇതിനെ ആധാരമാക്കി പ്രതിരോധവാക്സിനും നിലവിൽ വന്നു. അധികം വൈകാതെ മാരകരോഗങ്ങളായ വില്ലൻചുമയ്ക്കും ടെറ്റനസിനുമെതിരായുള്ള വാക്സിനുകളും ആവിഷ്കൃതമായി. ഇതെല്ലാം കൂട്ടിച്ചേർത്ത് ട്രിപ്പ്ൾവാക്സിൻ (ഡി പി ടി) നിലവിൽവരുന്നത് 1940കളോടെയാണ്.

ഡിഫ്ത്തീരിയ ബാധിച്ച കുട്ടി. (വിക്കിപ്പീഡിയയോട് കടപ്പാട്)

എന്നാൽ ഇത് നമ്മുടെ നാട്ടിലെത്താൻ പിന്നെയും സമയമെടുത്തു. 1977 ൽ വസൂരിനിർമ്മാർജ്ജനം പൂർത്തീകരിച്ച ആവേശത്തിൽ ലോകാരോഗ്യസംഘടന മൂന്നാം ലോകരാജ്യങ്ങളിലെ കുട്ടികളുടെ രക്ഷയെക്കരുതി ഒരു സാർവത്രിക വാക്സിൻ പരിപാടി ആവിഷ്ക്കരിക്കുകയും ഇന്ത്യയും അതിൽ ഭാഗഭാക്കാകുകയും ചെയ്തു. പരിപാടി ആരംഭിച്ചെങ്കിലും ഇതിന് ആവേഗം നേടാനായത് എണ്‍പതുകളുടെ മദ്ധ്യത്തോടെ മാത്രമാണ്. അന്നും ഇന്നും പ്രാക്റ്റീസ് ചെയ്യുന്ന കരുനാഗപ്പള്ളിയിലും വാക്സിൻ സംബന്ധിച്ച കുപ്രചരണങ്ങൾക്കും വാക്സിൻ വിരോധത്തിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഹൈടെക് ആശുപത്രികളുടെ വ്യാപനത്തിനു മുമ്പായിരുന്നതിനാലാകാം ജനങ്ങൾക്ക് ഞങ്ങൾ ഡോക്റ്റർമാരിൽ തികഞ്ഞ വിശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ വാക്സിന്‍റെ ഗുണവും അനിവാര്യതയും ബോദ്ധ്യപ്പെടുത്താൻ വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. മതവിശ്വാസവും പ്രശ്നമായിരുന്നില്ല. ആൾദൈവങ്ങളും പ്രകൃതിചികിത്സകരും എന്നുവേണ്ട എല്ലാ കാപട്യങ്ങളും മൊട്ടിട്ടു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

ഇന്ന് സ്ഥിതിയാകെ മാറി. ഇന്നത്തെ ചുറ്റുപാടിൽ വസൂരി നിർമ്മാർജ്ജനംപോലും നാം നേടിയെടുക്കുമായിരുന്നു എന്നു തോന്നുന്നില്ല. വാക്സിനുകളോടുള്ള വിയോജിപ്പിനും അതിനെ അവമതിക്കാനുള്ള ശ്രമങ്ങൾക്കും വാക്സിനുകളോളം തന്നെ പഴക്കമുണ്ടെന്നു പറയാം. ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പരിമിതികൾ മൂലം ആദ്യകാലത്ത് വാക്സിൻ പലതരം അപകടങ്ങൾക്കും കാരണമായിരുന്നു എന്നതുകൊണ്ട് ഈ ഭയവും വിയോജിപ്പും അസ്ഥാനത്തായിരുന്നു എന്നു പറയാനാവില്ല. ഇങ്ങനെ പ്രശ്നസങ്കീർണ്ണമായ

വസൂരി ബാധിതന്റെ മുഖം. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്ത ദുരിതം. (കടപ്പാട് – വിക്കിപ്പീഡിയ)

വസൂരി വാക്സിനുപയോഗിച്ചാണ് നാം ആ രോഗത്തെ കീഴ്പ്പെടുത്തിയത്. ഒരാൾ വാക്സിന്‍റെ പാർശ്വഫലങ്ങൾക്ക് കീഴടങ്ങിയാലും അനേകായിരങ്ങൾ മരണത്തില്‍നിന്നും അന്ധതയിൽ നിന്നും രക്ഷ നേടുമല്ലോ എന്നു ചിന്തിക്കാനുള്ള വിവേകം അന്നുള്ളവർ കാണിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വാക്സിനുകൾ തികച്ചും സുരക്ഷിതമായി. നിയന്ത്രണങ്ങൾ കർക്കശവുമായി. അതിനു ശേഷമുണ്ടായിട്ടുള്ളവാക്സിൻ സംബന്ധിയായ അഹിതപ്രതികരണങ്ങളെല്ലാംതന്നെ നിർമ്മാണപ്പിഴവോ കൈകാര്യം ചെയ്യലിലെ അനവധാനതയോ മൂലമുണ്ടായിട്ടുള്ളവയാണ്. എന്നാൽ അതും ഇക്കഴിഞ്ഞ മൂന്നു മൂന്നരപ്പതിറ്റാണിനിടയ്ക്കു കാര്യമായുണ്ടായിട്ടില്ല. എറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമായി കണക്കാക്കുന്ന വിമാനയാത്രയേക്കാൾ സുരക്ഷിതം എന്നും വേണമെങ്കിൽ പറയാം!
എന്നാൽ ഏറെ വിചിത്രമായ കാര്യം തീവ്രമായ വാക്സിൻ വിരുദ്ധപ്രചാരണങ്ങളും ആളിക്കത്തുന്ന വികാരപ്രകടനങ്ങളും ഇക്കാലത്താണുണ്ടായിട്ടുള്ളത് എന്നതാണ്. എണ്‍പതുകളുടെ തുടക്കത്തോടെ വില്ലൻചുമ വാക്സിനായിരുന്നു ആദ്യം ആക്രമണങ്ങൾക്ക് ശരവ്യമായത്. വാക്സിൻ എടുക്കാൻ തുടങ്ങുന്ന ശൈവത്തിൽത്തന്നെ പ്രകടമാകാനിടയുള്ള ജനിതകരോഗങ്ങളെല്ലാം വാക്സിൻ മൂലമുണ്ടായതെന്നു പറഞ്ഞ് ടീ വി പരിപാടികളും കോടതി വ്യവഹാരങ്ങളുമുണ്ടായി. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനേക്കാൾ ഉദ്വേഗസൃഷ്ടിയും വാർത്താക്ഷമതയും മുഖ്യമായിക്കണ്ട മാധ്യമങ്ങൾ ഇതെല്ലാം ഏറ്റുപിടിച്ചു. ഫലം ദുരന്തപൂർണ്ണമായിരുന്നു. അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലുമൊക്കെ വാക്സിൻ സ്വീകാര്യത കൂപ്പുകുത്തി. കുട്ടികൾ ധാരാളമായി മരിയ്ക്കാൻ തുടങ്ങി. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ അണിനിരന്ന ഈ ‘വിവാദ’ത്തിനവസാനം കാണാൻ ബ്രിട്ടനിലെ ഒരു കോടതിയും വിഖ്യാതനായ ഒരു ജഡ്ജുമാണ് (സർ സ്റ്റ്യുവർട് സ്മിത്) കാരണമായത് എന്നത് അദ്ഭുതാദരങ്ങളോടെ ഓർത്തുപോകുകയാണ്.

ഇതുകൊണ്ടൊന്നും വാക്സിൻ വിവാദങ്ങളുടെ ആധുനികയുഗം അവസാനിച്ചില്ല. ഗവേഷകർ പുതിയ മേച്ചില്‍പ്പുറങ്ങൾ തേടിയിറങ്ങി. അങ്ങനെയിരിക്കെ ബ്രിട്ടനിലെ റോയല്‍ഫ്രീ ഹോസ്പിറ്റലിൽ സർജനായിരുന്നു ആന്‍ഡ്രു വേക്ഫീൽഡ് എം എം ആർ വാക്സിനിലുള്ള അഞ്ചാംപനി ഘടകമാണ് ഓട്ടിസമെന്ന മസ്തിഷ്ക്കരോഗമുണ്ടാക്കുന്നതെന്ന സിദ്ധാന്തവുമായി 1998ൽ രംഗപ്രവേശം ചെയ്തു. വ്യക്തമായ കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒന്നാണ് ഓട്ടിസം. ജനിതകാരണങ്ങളാണിന്ന് ഗൌരവപൂർവ്വം ചർച്ച ചെയ്യപ്പെടുന്നത്. ഓട്ടിസം ബാധിച്ചവരുടെ കേസു വാദിച്ചിരുന്ന റിച്ചാർഡ് ബാർ എന്ന അഭിഭാഷകനും അദ്ദേഹത്തിന്‍റെ സ്ഥാപനവും എം എം ആർ പഠനത്തിനായി ബ്രിട്ടനിലെ ലീഗൽ സർവീസ് കമ്മീഷനെ സമീപിയ്ക്കുകയും അവർ മൂന്നുകോടി അമേരിക്കൻ ഡോളർ ഇതിനായി അനുവദിയ്ക്കുകയും ചെയ്തു. ഇതിൽ 2 കോടി കമ്പനി സ്വന്തമാക്കി, ബാക്കി ‘ഗവേഷകർക്കായി ‘ വീതിച്ചുകൊടുത്തു. എട്ടുലക്ഷം ഡോളർ കരസ്ഥമാക്കിയ വേക്ഫീൽഡിന് ഓട്ടിസത്തിന്‍റെ കാരണം കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ചുറ്റുവട്ടത്തുള്ള ലാബറട്ടറികളെയും ഗവേഷകരെയുമൊക്കെ കൂട്ടുചേർത്ത്, എല്ലാ നൈതികമൂല്യങ്ങളെയും തൂത്തെറിഞ്ഞ് കുട്ടികളിൽ അനാവശ്യവും അപകടകരവുമായ പരിശോധനകൾ നടത്തി ഗവേഷണപ്രബന്ധം തയ്യാറാക്കി. പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ ലാൻസെറ്റ് ഇതു പ്രസിദ്ധീകരിയ്ക്കുയും ചെയ്തു. ഓട്ടിസത്തിനു കാരണം തേടിയവർക്ക് ആനന്ദലബ്ദ്ധിയ്ക്കിനിയെന്തുവേണ്ടൂ എന്ന അവസ്ഥയായി! ആന്‍ഡ്രു വേക്ഫീൽഡ് മാതാപിതാക്കളുടെയും പുത്തന്‍ഗവേഷകരുടെയുമൊക്കെ ആരാധനാപാത്രവുമായി.
പക്ഷെ വേക്ഫീൽഡിന്‍റെഈ ആനന്ദാതിരേകം അധികം നീണ്ടുനിന്നില്ല. സൺഡെ റ്റൈംസിൽ പ്രവർത്തിച്ചിരുന്ന ബ്രയാൻ ഡിയർ എന്ന ബ്രിട്ടീഷ് പത്രപ്രവർത്തകന്റെ അന്വേഷണങ്ങൾ കള്ളികളെല്ലാം വെളിച്ചത്തുകൊണ്ടുവന്നു. മുൻകൂട്ടി നിശ്ചയിച്ച ഫലം കണ്ടെത്താൻ വേണ്ടി നടത്തിയ കൂലിഗവേഷണത്തിന്‍റെയും മറ്റു നിരവധി നിക്ഷിപ്ത താല്പര്യങ്ങളുടെയും വിവരങ്ങൾ ഓരോന്നായി വെളിവായി. വക്കീൽക്കമ്പനിയിൽനിന്നും പണംപറ്റുക മാത്രമല്ല മറ്റൊരു ‘സുരക്ഷിത’ അഞ്ചാംപനി വാക്സിനായി റോയൽ ഫ്രീ ആശുപത്രിയോടൊപ്പം കൂട്ടു പേറ്റന്‍റ് അപേക്ഷകനുമായിരുന്നു ഇയാൾ. എന്തിനേറെ, കാര്യങ്ങളെല്ലാം വെളിവായതോടെ ബ്രിട്ടനിലെ ജനറൽ മെഡിക്കൽ കൌൺസിലിൽ നിന്നു വേക്ഫീൽഡിന്‍റെ പേരും വെട്ടിമാറ്റപ്പെട്ടു. പിന്നെ അയാളെക്കാണുന്നത് തന്‍റെ പുതിയ ചികിത്സാരീതികളുമായി അമേരിക്കയിൽ കൂട്ടു കാപട്യക്കാരുമായിച്ചേർന്നു കുട്ടികളെ കൊല്ലുന്ന ചികില്‍സാവ്യവസായ സംരംഭങ്ങളിലാണ്.

ഇതിൽ രസകരമായ കാര്യം പഠനങ്ങളിലെങ്ങും അഞ്ചാംപനി വൈറസ്സുകൾ എങ്ങനെ ഓട്ടിസമുണ്ടാക്കും എന്ന് തെളിയിക്കാനദ്ദേഹത്തിനായില്ല എന്നതാണ്. തന്‍റെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹം മുന്നോട്ടു വച്ച ഒരു ഊഹം മാത്രമായിരുന്നു അത്. ഈ വിഷയം ഇത്രയും വിശദമായി പ്രദിപാദിച്ചത് ഇന്നും നമ്മുടെ മെഡിക്കൽ കോളെജ് പ്രഫസ്സർകൂടിയായ ഡോക്ടർ മുതൽ ആയുർവേദാചാര്യനും ശാസ്ത്രലേഖകരും വരെ ഇതൊക്കെ ആവർത്തിച്ചു കാണുന്നതുകൊണ്ടാണ്.

ഇല്ലാത്ത വസ്തുതകളെ മുൻനിർത്തി നടത്തുന്ന അപവാദ വ്യവസായം കേരളത്തിലും ചില മാദ്ധ്യമങ്ങളുടെ റേറ്റിങ്ങ് കൂട്ടുന്നുണ്ടാകണം. അതാണല്ലോ അവരിൽ ചിലരൊക്കെ തെറ്റെന്നു തെളിഞ്ഞ ആരോപണങ്ങൾ ആവർത്തിയ്ക്കുന്നതും അവർക്കു പിന്തുണയേകുന്നവരെ ആദർശവാദികളായി കൊണ്ടാടുന്നതും. ഇവിടെ പ്രധാന പ്രശ്നം അതല്ല. ഈ ആരോപണങ്ങൾ വഴിയും അതിനുകിട്ടുന്ന പ്രചാരണങ്ങൾവഴിയും സാധാരണക്കാരായ ഒട്ടേറെപ്പേർആശയക്കുഴപ്പത്തിലാകുകയും വാക്സിനിൽ നിന്നൊഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. സധാരണക്കാരെ സംബന്ധിച്ച് വിവാദവിഷയം പെന്‍റാവാലന്‍റാണോ റൂബല്ലയാണോ, ഓട്ടിസമാണൊ എന്നൊന്നും നോക്കാനായെന്നു വരില്ല. വാക്സിനുകൾ എന്തോ കുഴപ്പം പിടിച്ചതാണ്, വെറുതേ അതൊക്കെയെടുത്ത് പൊല്ലാപ്പുകൾ വരുത്തി വയ്ക്കേണ്ട എന്നു തീരുമാനിച്ചാൽ അവരെ കുറ്റം പറയാനാകില്ലല്ലോ.

കൺജനിറ്റൽ റൂബല്ല സിന്‍ഡ്രോം

കാര്യങ്ങൾ അങ്ങനെയല്ല എന്നു വിശദീകരിയ്ക്കാൻ നമ്മുടെ മുഖ്യധാരമാദ്ധ്യമങ്ങൾ വേണ്ടത്ര ശ്രമം നടത്തുന്നില്ല. വാക്സിനുകളുടെ ശാസ്ത്രം ആർക്കും പരിശോധിക്കാവുന്ന, വിലയിരുത്താവുന്ന തരത്തിൽ പുസ്തകങ്ങളായും ആനുകാലികങ്ങളായും ലഭ്യമാണ്. എന്നിട്ടും വ്യക്തിനിഷ്ട അഭിപ്രായങ്ങൾക്കുമാത്രം പരിഗണന കൊടുക്കുന്ന രീതി അവലംബിക്കുന്നതാണു പ്രശ്നം രൂക്ഷമാക്കുന്നത്.

വാക്സിനുകൾകൊണ്ടു തടയാവുന്ന രോഗങ്ങളിൽ പലതും തടയാനേ കഴിയൂ, ചികില്‍സിച്ചു മാറ്റാനാവില്ല, അല്ലെങ്കിൽ എളുപ്പമല്ല. അതുമല്ലെങ്കിൽ കാര്യമായ ചെലവും അവശിഷ്ടഫലങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. വാക്സിൻ പരിപാടി പരാജയപ്പെട്ടിടത്തെ ദുരന്താനുഭവങ്ങൾക്ക് ഉദാഹരണങ്ങൾ അനവധിയാണ്. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് തൊണ്ണൂറുകളിൽ അതുവരെ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന പല റിപ്പബ്ലിക്കുകളിലും വാക്സിനേഷൻ കുറഞ്ഞതിന്റെ ഭാഗമായുണ്ടായ ഡിഫ്തീരിയ ബാധ. ലക്ഷക്കണക്കിനുപേർക്കു രോഗവും നിരവധി മരണങ്ങളും ഇതുമൂലമുണ്ടായി. ആന്‍ഡ്രു വേക്ഫീൽഡിന്‍റെ ‘പഠനഫലങ്ങളെ’ത്തുടർന്ന് ബ്രിട്ടനിലും വാക്സിൻ സ്വീകാര്യത നിലംതൊടുകയും ദശാബ്ദങ്ങൾക്കിടെ ആദ്യമായി അവിടെ അഞ്ചാംപനി മരണമുണ്ടാകുകയും ചെയ്തു. ഡിഫ്തീരിയയുടെ അണുക്കൾ സമൂഹത്തിൽ എല്ലായ്പ്പോഴുമുണ്ടായിരിയ്ക്കും, മിക്കവരുടെയും തൊണ്ടയിൽ ഇതു കാണാം. അനുകൂല സാഹചര്യങ്ങളിൽ അവ രോഗമുണ്ടാക്കും. ഇതിന്‍റെ അണുക്കളുണ്ടാക്കുന്ന ചില വിഷപദാർത്ഥങ്ങൾ നാഡീകോശങ്ങളെയും ഹൃദയകോശങ്ങളെയുമൊക്കെ ബാധിച്ചാണ് അപകടമുണ്ടാക്കുന്നത്. വിഷാംശങ്ങൾ ഈ കോശങ്ങളുമായി ബന്ധിച്ചാൽ ഔഷധപ്രയോഗമൊന്നും ഫലിച്ചെന്നു വരില്ല. പിന്നെ രോഗം ചുരുക്കമായതുകൊണ്ട് ഇത്തരം ഔഷധത്തിന്‍റെ ലഭ്യതയും  ഒരു പ്രശ്നമാണ്. ഇതൊക്കെ രോഗം ബാധിച്ച കുട്ടിയുടെ മരണത്തിലേയ്ക്കാണ് അനിവാര്യമായും ചെന്നെത്തുക.

വില്ലൻ ചുമ ബാധിച്ച കുട്ടി (കടപ്പാട് – വിക്കിപ്പീഡിയ)

ഇതുപോലെതന്നെയാണ് ടെറ്റനസ് രോഗവും. അതിന്‍റെയും വിഷവസ്തുക്കൾ പേശീനാഡീസംയോഗസ്ഥാനങ്ങളിൽ സംയോജിച്ചാൽ ഔഷധപ്രയോഗം ചെയ്താലും 50 ശതമാനം വരെ മരണസാദ്ധ്യതയുള്ളതാണ്. നവജാതരിലാകുമ്പോൾ ഇത് 90-100 ശതമാനം വരെയാകും. വില്ലൻചുമയും ഇങ്ങനെ ചികില്‍സിച്ചാൽ മാത്രമേ കുറെയെങ്കിലും ഫലം കിട്ടൂ. അല്ലെകിൽ രണ്ടു മൂന്നു മാസം നിലനില്‍ക്കുന്ന ചുമയായിരിയ്ക്കും ഫലം. ഇതും നവജാതരിൽ വന്നാൽ ഉയർന്ന മരണനിരക്കുള്ളതാണ്. അഞ്ചാംപനിയും ഇതിനൊരപവാദമല്ല. അമേരിക്കയിൽ ക്രിസ്തുമതത്തിന്റെ ചില അവാന്തര വിഭാഗങ്ങളില്‍പ്പെട്ട, വാക്സിന്‍വിരുദ്ധസമീപനം സ്വീകരിയ്ക്കുന്ന സമൂഹങ്ങളിൽ സമീപകാലത്തും ഈ രോഗം രൂക്ഷമായി കാണപ്പെടുകയും മരണങ്ങൾക്കു കാരണമാകുകയും ചെയ്തിട്ടുണ്ട്. അതായത് പ്രതിരോധം ചികില്‍സയേക്കാൾ ഫലപ്രദമെന്ന ആപ്തവാക്യത്തെ എന്തുകൊണ്ടും അന്വർത്ഥമാക്കുന്ന രോഗങ്ങളാണിവ.
രോഗാണുക്കളും ഒരർത്ഥത്തിൽ പ്രകൃതിയുടെ ഭാഗം തന്നെയാണല്ലോ. ആർക്കതു ഗൌരവതരമാകും ആർക്കു മരണവും സങ്കീർണ്ണതകളുമുണ്ടാക്കും എന്നൊന്നും പ്രവചിക്കാനാകില്ല. അതുകൊണ്ടാണ് നാം നിയന്ത്രിതരോഗമുണ്ടാക്കി പ്രതിരോധം സൃഷ്ടിക്കുന്നത്. ഇത്രമാത്രമാണ് വാക്സിനുകൾ ചെയ്യുന്നത്. വാക്സിനുകളെക്കാൾ സ്വഭാവികമായി (natural) മറ്റൊന്നില്ല എന്നുതന്നെ പറയാം. പ്രകൃതിദത്തവസ്തുക്കളെ പാകപ്പെടുത്തിമാത്രമേ  മനുഷ്യനുപയോഗിയ്ക്കുന്നുള്ളൂ എന്നോർക്കണം. നാം ഉപയോഗിക്കുന്ന സസ്യജന്തുജന്യങ്ങളായ എല്ലാ ഭക്ഷ്യ വസ്തുക്കളും മനുഷ്യന്റെ സൃഷ്ടിയാണ്. ഇന്നത്തെ പഴങ്ങൾക്കും പച്ചക്കറികൾക്കും അവയുടെ പ്രകൃതിദത്ത മുന്‍ഗാമികളുമായി പല അർത്ഥത്തിലും സാമ്യമില്ല. നമ്മുടെ വളർത്തുമൃഗങ്ങളും കാട്ടിലേയ്ക്കഴിച്ചുവിട്ടാൽ നിലനില്‍ക്കില്ല. പ്രകൃതിയെ നമുക്കനുകൂലമാക്കി മാറ്റുന്ന പ്രക്രിയയുടെ മറ്റൊരുദാഹരണം മാത്രമാണ് വാക്സിനുകൾ എന്നു വിശദീകരിയ്ക്കാനാണിവിടെ ശ്രമിച്ചത്. രോഗപ്രതിരോധത്തിനു അണുക്കൾ വീര്യവത്താകണമെന്നില്ല ശോഷിതമായാലും മതി, ജീവനുള്ളവ വേണ്ട മൃതമായലും മതി, മൃതമോ ശോഷിതമോ ആയ അണുക്കൾതന്നെ വേണമെന്നില്ല അവയുടെ ചില ഘടകങ്ങൾ മതി എന്നൊക്കെയുള്ള കണ്ടെത്തലുകളാണ് വാക്സിൻ എന്ന ആശയത്തിലേക്കെത്തിച്ചതും അതു പ്രായോഗികമായി നടപ്പാക്കിയതും. അണുക്കളെ ശോഷിപ്പിക്കുന്നതിലും മൃതമാക്കുന്നതിലും അങ്ങനെയുണ്ടാക്കുന്ന വാക്സിനുകളെ കേടാകാതെ സൂക്ഷിച്ചു വെയ്ക്കുന്നതിലും ചില രാസികങ്ങൾ സൂക്ഷ്മമായ അളവിൽ ചേർക്കുന്നുണ്ടെന്നത്  വാസ്തവമാണ്. അങ്ങനെ നാം ഉപയോഗിക്കുന്ന ഫോർമാലിനും ഈതൈൽ മെർക്കുറിയുമൊക്കെ വാക്സിനുകളിൽ മാത്രം കാണുന്നതല്ല. ചില പ്രത്യേക തൊഴിൽ വിഭാഗങ്ങളിലുള്ളവർ നിത്യേനയെന്നോണം കൈകാര്യം ചെയ്യുന്നവയാണിവ. ഇവരില്‍ക്കാണാത്ത പ്രതികരണങ്ങൾ ഇവ അതിസൂക്ഷ്മമായിച്ചേരുന്ന വാക്സിനുകൾ  സൃഷ്ടിക്കേണ്ടതില്ലല്ലോ. പിന്നെ ആധുനിക വൈദ്യത്തിലെ ഔഷധങ്ങളും വാക്സിനുകളും സുരക്ഷിതത്വവും ഫലപ്രാപ്തിയും വിലയിരുത്താൻ വേണ്ട നാലു ഘട്ടങ്ങളിലൂടെയുള്ള നിഷ്കൃഷ്ടപരിശോധനകൾക്കുശേഷം മാത്രം രോഗികളിൽ പ്രയോഗിക്കാനനുമതി ലഭിക്കുന്നവയുമാണ്. മാത്രമല്ല ഇങ്ങനെ അനുമതി കിട്ടിയവതന്നെ വിപണനാനന്തര വിലയിരുത്തലുകൾക്ക് (post marketing surveillance) വിധേയവുമാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ അവ പിന്‍വലിക്കപ്പെടുകയാണു പതിവ്. ഇതിനും ധാരാളം ഉദാഹരണങ്ങളുണ്ട്.

വാക്സിനുകൾക്കെതിരായി വന്നിട്ടുള്ള വിമർശനങ്ങളെല്ലാം വിലയിരുത്തുക ഈ ലേഖനത്തിന്റെ പരിധിയ്ക്കത്തുനിന്നുകൊണ്ടു സാധിക്കുന്നതല്ല. രണ്ടുകാര്യങ്ങൾ മാത്രം പരാമർശിയ്ക്കാൻ ശ്രമിയ്ക്കുകയാണ്. ഒന്നാമതായി കേരളത്തിൽ 2011ൽ നിലവിൽ വന്ന പെന്‍റാവാലന്‍റ് വാക്സിനെക്കുറിച്ചാണ്. ഏറെ നാളായി മറ്റു രാജ്യങ്ങളിലും ഇന്ത്യയില്‍ത്തന്നെ സ്വകാര്യമേഖലയിലും വ്യാപകമായ ഉപയോഗാനുഭവംകൊണ്ടു സുരക്ഷിതമെന്നു തെളിഞ്ഞ ഈ വാക്സിൻ ഇന്ത്യയിൽ രോഗാവസ്ഥ സംബന്ധിച്ചുള്ള പഠനങ്ങളുടെ പിന്‍ബലത്തിൽ വാക്സിൻ സംബന്ധിച്ചുള്ള സങ്കേതിക ഉപദേശകസമിതിയുടെ നിർദ്ദേശപ്രകാരമണ് കേരളത്തിലും തമിഴ് നാട്ടിലും ആദ്യമായി നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ നടപ്പാക്കാനരംഭിച്ച് ഏതാനും ദിവസത്തിനകം തന്നെ എതിർപ്പുകൾ ഉയർന്നു വരാൻ തുടങ്ങി. വാക്സിൻ ലഭിച്ച കുട്ടികളിലുണ്ടായ, എന്നാൽ വാക്സിനുമായി ബന്ധിപ്പിക്കാൻ ഒരു തെളിവുമില്ലാതിരുന്ന, മരണങ്ങളെ മുന്‍നിർത്തിയായിരുന്നു ഈ കോലാഹലങ്ങൾ. കേരളത്തിൽ പ്രതിദിനം ഒരുവയസ്സില്‍ത്താഴെ പ്രായമുള്ള 16-17 കുട്ടികളാണ് വിവിധ കാരണങ്ങളാൽ മരിയ്ക്കുന്നത്. ഇതിൽ മിക്കവരും വാക്സിൻ ലഭിച്ചവരായിരിയ്ക്കുമല്ലൊ. ഇവയെ വാക്സിനുകളുമായി ബന്ധിപ്പിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും അതു പഠിയ്ക്കുന്നതിനു നിയുക്തമായ സമിതിക്കു കണ്ടെത്താനായില്ല. ഈ ആരോപണങ്ങൾ കഴിഞ്ഞ രണ്ടുകൊല്ലമായി ആവർത്തിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അമ്മയാകാൻ പോകുന്ന ഏതൊരു സ്ത്രീയെയും ഉത്ക്കണ്ഠപ്പെടുത്തുന്ന ഒന്നായിരിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യവും ആയുസ്സും. അതുറപ്പാക്കാനാകുന്ന നിരവധി ഇടപെടലുകൾ ഇന്നു വൈദ്യശാസ്ത്രത്തിനു സ്വായത്തമാണ്. ഗർഭിണിയാകുന്നതിനു മുന്‍പുതന്നെ ഫോളിക് ആസിഡ് എന്ന ബി വിറ്റാമിൻ ഉപയോഗിച്ചു തുടങ്ങുക, അയഡിൻ ദൌർലഭ്യമുള്ളിടങ്ങളിൽ അതു നല്കുക മുതലയവ പ്രധാനമാണ്. പ്രമേഹവും രക്താതിസമ്മർദ്ദവുമൊക്കെ നേരത്തേകണ്ടെത്തി ചികില്‍സിക്കുക, ഗർഭിണികളിൽ അതീവ ഗുരുതരമാകാനിടയുള്ള സാംക്രമികരോഗങ്ങളായ ഇന്‍ഫ്ളുവന്‍സയ്ക്കും മഞ്ഞപ്പിത്തത്തിനുമൊക്കെ എതിരായി വാക്സിനെടുക്കുക, നവജാതശിശുവിനു രോഗബാധയുണ്ടാകാതിരിപ്പാനുള്ള ടെറ്റനസ് വാക്സിൻ എടുക്കുക ഒക്കെ ഇതില്‍പ്പെടും. ഗർഭസ്ഥശിശുവിനു അന്ധതയും ബധിരതയും  ബുദ്ധിമാന്ദ്യവും ഹൃദ്രോഗങ്ങളുമുണ്ടാക്കാൻ പോന്ന മറ്റൊന്നാണ് റൂബല്ല. ഗർഭാവസ്ഥയിൽ ഈ രോഗം വന്നാൽ ശിശുവിനുണ്ടാകാനിടയുള്ള കൺജനിറ്റൽ റൂബല്ല സിന്‍ഡ്രോമിന്‍റെ ലക്ഷണങ്ങളാണിവ. ഈ വാക്സിൻ പക്ഷെ നേരത്തേ എടുക്കണം. ഗർഭിണികൾക്കിതെടുക്കാനാവില്ല, അങ്ങനെ എടുക്കുന്നതുകൊണ്ട് പ്രയോജനവുമില്ല. അപ്പോൾ അതെടുക്കേണ്ടത് കൌമാരപ്രായത്തിലാണ്. അതവർക്കു തീരുമാനിയ്ക്കാനായെന്നു വരില്ല. രക്ഷാകർത്താക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിന്റെ ഉത്തരവാദിത്വം ആരോഗ്യപ്രവർത്തകർക്കാണ്. മാദ്ധ്യമങ്ങളിലൂടെയും നേരിട്ടും വിപരീതോപദേശം നല്‍കുന്ന ഡോക്ടർമാർ അക്ഷന്ത്യവ്യമായ അപരാധമാണ് ചെയ്യുന്നത്. അവിടെ ഒരു വർഷം പത്തുപേർക്കേ രോഗം വരുന്നുള്ളു എന്നൊക്കെയുള്ള സ്ഥിതിവിവരക്കണക്കുമായി വരുന്നത് ക്രൂരവുമാണ്. ഒന്നാമത്തെ കാര്യം, അതു വസ്തുതാധിഷ്ഠിതമല്ല എന്നതാണ്. രണ്ടാമതായി, പൂർണ്ണലക്ഷണസംയുതമായ ഓരോ റൂബല്ല സിന്‍ഡ്രോമിനും വളരെയധികം അന്ധത, ബധിരത, ഹൃദ്രോഗം എന്നിവ മാത്രമായുണ്ടാകാമെന്നതിന് നിരവധി പഠനങ്ങളുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ മുഴുവൻ വാക്സിൻ വിരുദ്ധപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ച ഒരു പത്രസ്ഥാപനം പറയുന്നു, നമ്മുടെ ശാസ്ത്രബോധത്തിനു തിരുത്തൽ വേണമെന്ന്! തിരുത്താൻ കിട്ടിയ ഒരവസരംപോലും ഉപയോഗപ്പെടുത്താത്ത ഈ നിലാപാടിലെന്താത്മാർത്ഥയാണുള്ളത്. ഇവിടെ ഡിഫ്തീരിയയ്ക്കു മരുന്നു കിട്ടാനില്ല എന്ന പരിദേവനവും അവരുടേതായുണ്ട്. വാക്സിൻ വിരുദ്ധശക്തികൾക്ക് കരുത്തേകുന്നതിൽ സംഭാവന നല്‍കിയ വ്യക്തിയെ അവർ കൂട്ടും പിടിച്ചു. മരുന്നില്ലാ എന്നതുകൊണ്ട് വാക്സിനില്ലാ എന്നു ധരിയ്ക്കരുത്. രോഗബാധിതർക്കു കൊടുക്കുന്ന പ്രത്യൌഷധമാണില്ലാത്തത്. അടുത്തകാലത്തൊന്നും പെന്‍റാവലന്‍റ് ഉൾപ്പടെയുള്ള അടിസ്ഥാനവാക്സിനുകളുടെ ലഭ്യത ഒരു പ്രശ്നമായി വന്നിട്ടില്ല. ഇന്നു നമുക്കാവശ്യം ഈ  മരണങ്ങൾ ഇനിയും ആവർത്തിയ്ക്കാതെ നോക്കുക എന്നതാണ്. അതിനു ശാസ്ത്രത്തിന്‍റെ പിന്‍ബലത്തോടെയുള്ള പ്രചരണങ്ങൾ മാത്രം അവലംബിയ്ക്കുക.

ഡോ.പി എൻ എൻ പിഷാരോടി. എഫ് ഐ ഏ പ

(ഇന്ത്യൻ അക്കാദമി ഓഫ് പീഡിയട്രിക്സിന്‍റെ കേരളാഘടകത്തിന്‍റെ മുൻ പ്രസിഡണ്ട്.)

കടപ്പാട്-luca.co.in

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate