অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളുടെ വളർച്ചയും സ്വഭാവ രൂപീകരണവും

കുട്ടികളുടെ ദുസ്വഭാവങ്ങള്‍ക്ക് പിന്നില്‍

ചില രക്ഷിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തെ തെറ്റിദ്ധരിക്കുന്നവരാണ്. സത്യത്തില്‍ കുട്ടികളുടെ ദുസ്വഭാവങ്ങള്‍ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ട്. അവര്‍ മാതാപിതാക്കളുടെ ശകാരം കേള്‍ക്കുന്നതിനായി മനപ്പൂര്‍വ്വം കാരണങ്ങളുണ്ടാക്കില്ല. ഇത്തരത്തിലുള്ള ചില കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഏറെ ശല്യക്കാരാകും. എന്നാല്‍ ശിശുക്കളിലെയും കുട്ടികളിലെയും ദുസ്വഭാവങ്ങള്‍ മിക്കവാറും പ്രായത്തിന്‍റെ ഭാഗമായിരിക്കുകയും, ക്രമേണ അത് മെച്ചപ്പെട്ട് വരികയും ചെയ്യും. ചെറിയ കുട്ടികളില്‍ ഇത്തരം സ്വഭാവം കാണുമ്പോള്‍ ശരിയായ പ്രശ്നം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക. കുട്ടികളില്‍ ആക്രമണ സ്വഭാവം കാണുമ്പോള്‍ അവരെ നിരീക്ഷിച്ച് കാരണം കണ്ടെത്തുക. അത്തരം ചില കാരണങ്ങളിതാ.

1. ജിജ്ഞാസ - ചെറിയ കുട്ടികള്‍ ശല്യക്കാരാകുന്നതിനുള്ള ഒരു കാരണമാണിത്. അവര്‍ ചുറ്റുപാടും ഉള്ളതിനെക്കുറിച്ചെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്ന് കണ്ടെത്താനായി ശ്രമിക്കുകയും, എല്ലായിടത്തും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യും.

2.വികാരപ്രകടനം - ചില കാര്യങ്ങള്‍ തങ്ങള്‍ക്ക് താങ്ങാനാവാതെ വരുമ്പോള്‍ കുട്ടികള്‍ ഒച്ചയിടുകയോ അലറുകയോ ചെയ്യും. അവര്‍ ഇത്തരത്തില്‍ തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതാണ്.

3. ഉള്‍പ്രേരണ - മിക്ക കുട്ടികള്‍ക്കും തങ്ങളുടെ ഉള്‍പ്രേരണകളെ നിയന്ത്രിക്കാനാവില്ല. ഇത് അവരുടെ സ്വഭാവത്തില്‍ പ്രകടമാകും. തീര്‍ച്ചയായും കുട്ടികള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ശരിയായി നിയന്ത്രിക്കാനാവില്ല. ഇക്കാരണത്താല്‍ അവര്‍ തങ്ങളുടെ കോപവും അസന്തുഷ്ടിയും ശബ്ദമുയര്‍ത്തി പ്രകടമാക്കും.

4. സ്വാതന്ത്ര്യം - തങ്ങളെ അടക്കി നിര്‍ത്തുന്നതായി തോന്നുന്നതിനാല്‍ മാത്രം ചില കുട്ടികള്‍ കൂടുതല്‍ മുന്നോട്ട് പോവുകയും ചില പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുകയും ചെയ്യും. അവര്‍ നിയന്ത്രണങ്ങളോട് ഏറ്റുമുട്ടാന്‍ ഇഷ്ടപ്പെടുന്നവരാണ്.

ശാഠ്യക്കാരായ കുട്ടികളെ കൈകാര്യം ചെയ്യാം

ദുശ്ശാഠ്യക്കാരായ കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. പല രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ പ്രതീക്ഷയും സഹിഷ്ണുതയും നഷ്ടപ്പെട്ട് പോവുകയും ചെയ്യും. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാം നശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്. അത്തരം സ്വഭാവത്തെ വെറുക്കുന്നുവെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ അവര്‍ അസ്വസ്ഥമായ സ്വഭാവമുള്ളവരാണെന്ന് കണ്ടെത്താനാവും. കുട്ടി ചിലത് പറയാന്‍ ശ്രമിക്കുകയാണെങ്കിലും അത് സ്വീകാര്യമായ രീതിയിലല്ല. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാനുള്ള ചില വഴികള്‍ അറിയുക.

1. ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക - സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എന്തോ പറയാന്‍ ശ്രമിക്കുകയും നിങ്ങള്‍ അത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അത് അവഗണിച്ചാല്‍ പ്രവൃത്തിയുടെ തീവ്രത വര്‍ദ്ധിച്ച് വരും.

2. പ്രതികരണം വേണ്ട - ആക്രോശം കൊണ്ടോ, അടി കൊണ്ടോ ഇത്തരം കുട്ടികളെ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത് സാഹചര്യം വഷളാക്കുകയേ ഉള്ളൂ. കുട്ടി ഇരട്ടി ശബ്ദം വെയ്ക്കുകയും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

3. സഹിഷ്ണുത - കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും വ്യതിചലിപ്പിച്ച് സംസാരിക്കാന്‍ ശ്രമിക്കുക. സാന്ദര്‍ഭികമായി ഒരു മിഠായിയോ ചേക്കലേറ്റോ നല്കി തണുപ്പിക്കാന്‍ ശ്രമിക്കാം. എന്നാല്‍ ഇതൊരു ശീലമാക്കി മാറ്റരുത്.

4. ഉപദേശവും പ്രേരണയും - കുട്ടിയുടെ വഴക്കിന്‍റെ ശക്തി കുറയുമ്പോള്‍ അത്തരം സ്വഭാവം മോശമാണെന്ന് കുട്ടിയെ ബോധവത്കരിക്കാന്‍ ശ്രമിക്കുക. ഇത്തരം പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ ദോഷഫലങ്ങളുണ്ടാകുമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.

കുട്ടികള്‍ ജങ്ക്‌ഫുഡ്‌ കഴിച്ചാല്‍.

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ പോലും ജങ്ക് ഫുഡുകള്‍ക്ക് പകരം പോഷകപ്രദമായ ആഹാരങ്ങള്‍ നല്കണം. ജങ്ക് ഫുഡുകള്‍ ഉപദ്രവകരമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ അവരെ ബോധവത്കരിക്കുകയും ഉപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും വേണം. ജങ്ക് ഫുഡുകള്‍ കുട്ടികള്‍ക്ക് എങ്ങനെയാണ് ദോഷകരമാകുന്നത് എന്ന് നോക്കാം.

1. അമിതവണ്ണം - അടുത്ത കാലത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് കുട്ടികളിലെ അമിത വണ്ണത്തിനുള്ള പ്രധാന കാരണം ജങ്ക് ഫുഡുകളാണ്. വ്യായാമങ്ങളില്ലാത്ത ജീവിത ശൈലി രണ്ടാം സ്ഥാനത്ത് മാത്രമേ വരുന്നുള്ളൂ. ഇത് മനസിലാക്കിയ ശേഷവും കുട്ടികള്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ നല്കുകയാണെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം അപകടത്തിലാണ്. 2. പോഷകങ്ങളില്ല - ജങ്ക് ഫുഡുകള്‍ കൊണ്ട് കുട്ടിയുടെ വയര്‍ നിറച്ചാല്‍ പിന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ സ്ഥലമുണ്ടാകില്ല. കുട്ടികളെ ജങ്ക് ഫുഡുകള്‍ കഴിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനുള്ള ഒരു കാരണമാണിത്.

3. അടിമത്തം - നിങ്ങള്‍ അടിമപ്പെട്ടിരിക്കുന്നത് പോലെ നിങ്ങളുടെ കുട്ടിയും ജങ്ക് ഫുഡുകള്‍ക്ക് അടിമപ്പെടുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ആദ്യം നിങ്ങള്‍ മാതൃക കാണിച്ച് കൊടുക്കുക. അത് കുട്ടികളെ ഈ കെണിയില്‍ വീഴാതെ സംരക്ഷിക്കും.

4. രോഗപ്രതിരോധശേഷി കുറയുന്നു - പോഷകങ്ങളുടെ ലഭ്യത കുറയുകയും പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്സിനുകളാല്‍ നിങ്ങളുടെ ശരീരം നിറയുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയും. ഇത് തന്നെ കുട്ടികളെയും ബാധിക്കും. ഇക്കാരണത്താല്‍ കുട്ടികള്‍ക്ക് എന്താണ് കഴിക്കാന്‍ നല്കുന്നത് എന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക.

പഠനം കുട്ടിയ്‌ക്ക്‌ ഭാരമാകുന്നുവോ ?

നിങ്ങളുടെ കുട്ടി അമിതഭാരം ചുമക്കുന്നുണ്ടോ? കുട്ടികള്‍ക്ക് വിശ്രമവും ആവശ്യമാണ്. അവര്‍ റിലാക്സ് ചെയ്ത ഒരു ജീവിതവും അര്‍ഹിക്കുന്നുണ്ട്. നിങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ശ്വാസമെടുക്കാന്‍ പോലും സാധിക്കാത്തവിധം തിരക്കുള്ളതാക്കുന്നുവെങ്കില്‍ രണ്ടാമതൊന്ന് കൂടി ചിന്തിക്കുക.

1. സ്കൂള്‍ സമയത്തിന് ശേഷം കുട്ടികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ഭാരമാണ് ഹോം വര്‍ക്ക്. അതിന്‍റെ അളവ് കൂട്ടുന്നത് അവരുടെ തിരക്ക് വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ കുട്ടിക്ക് ഇത്തരത്തില്‍ വളരെ തിരക്കുള്ളതായി കണ്ടാല്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക.

2. കുട്ടിക്ക് ക്ഷീണമുള്ളതായും സ്കൂളില്‍ നിന്ന് മടങ്ങി വരുന്നത് അവശതയോടെ ആണെന്നും കണ്ടാല്‍ കുട്ടി വിഷമം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.

3. പെട്ടന്ന് പഠന കാര്യങ്ങളില്‍ പിന്നോക്കം പോകുന്നതായി കണ്ടാല്‍ കുട്ടിയുടെ ദൈനംദിന പരിപാടികള്‍ നോക്കുകയും തിരക്കേറിയ ഷെഡ്യൂളാണോയെന്ന് പരിശോധിക്കുകയും ചെയ്യുക.

4. കുട്ടി ഉത്സാഹമില്ലാതെ, സദാസമയവും വിഷാദത്തോടെ നടക്കുന്നതായി കണ്ടാല്‍ തന്‍റെ ജോലികള്‍ ചെയ്ത് ക്ഷീണിതനാണെന്ന് മനസിലാക്കാം.

5. കുട്ടി ഇടക്കിടക്ക് തലവേദനയും ശരീരവേദനയും ഉണ്ടെന്ന് പറയാറുണ്ടെങ്കില്‍ ഷെഡ്യൂള്‍ പരിശോധിക്കുകയും ഭാരം അല്പം കുറയ്ക്കുകയും ചെയ്യുക.

കുട്ടികളുടെ മധുരപ്രേമം കുറയ്ക്കാം
നിങ്ങളുടെ കുട്ടി പഞ്ചസാര പ്രിയനാണോ? കുട്ടികളുടെ മധുരത്തോടുള്ള അമിത താല്പര്യം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് ശ്രദ്ധയോടെ പദ്ധതി ആസൂത്രണം ചെയ്യാം. രക്ഷിതാക്കള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണെങ്കില്‍ പഞ്ചസാരയോടുള്ള അടിമത്തം തടയാനാവും. നിങ്ങളുടെ കുട്ടി എന്താണ് കഴിക്കുന്നത് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ കുട്ടി പഞ്ചസാരക്ക് അടിമപ്പെട്ട് പോകുന്നതില്‍ അത്ഭുതമില്ല. കുട്ടിയുടെ മധുരത്തോടുള്ള അമിത താല്പര്യം കുറയ്ക്കാനുള്ള ചില വഴികള്‍ അറിഞ്ഞിരിക്കുക.

1. ചെറിയ അളവില്‍ മധുരം - മധുരം പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് കുട്ടിക്ക് നല്ലത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. എന്നാല്‍ ഇത് മറ്റെവിടെയെങ്കിലും നിന്ന് മധുരം കഴിക്കാന്‍ അവര്‍ക്ക് പ്രേരണയാകും. മധുരപലഹാരങ്ങള്‍ ചെറിയ അളവില്‍ പ്രത്യേക അവസരങ്ങളില്‍ മാത്രം നല്കുക.

2. ഉപയോഗിക്കുന്ന അളവ് - മധുരത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതിന് അളവ് നിയന്ത്രിക്കുക. അല്ലെങ്കില്‍ കുട്ടി വൈകാതെ മധുരത്തിന് അടിമപ്പെട്ട് പോകും.

3. ഭക്ഷണ ശീലങ്ങള്‍ - കുട്ടികളുടെ മൂഡ് മാറ്റം വരുത്താനായി മധുരം നല്കരുത്. കുട്ടി അസ്വസ്ഥനായിരിക്കുമ്പോള്‍ അല്പം മധുരം നല്കുന്നത് അവനെ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നാകും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇത് ഇമോഷണല്‍ ഈറ്റിങ്ങ് എന്ന ദുശ്ശീലത്തിന് കാരണമാകും.

4.നല്ല രക്ഷിതാവാകുക - കുട്ടികള്‍ നിങ്ങളെ അനുകരിക്കാന്‍ ശ്രമിക്കും എന്നത് ഓര്‍മ്മിക്കുക. അതിനാല്‍ അവരുടെ മുന്നില്‍ നിന്ന് മധുരം കഴിക്കരുത്. അത് അവര്‍ക്ക് പ്രലോഭനമാകും. 

5.ബോധവത്കരണം - പഞ്ചസാര അമിതമായി ഉപയോഗിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക. ഇത് ക്രമേണ ദോഷം സംബന്ധിച്ച് അവര്‍ക്ക് ബോധ്യം നല്കും.

കുട്ടികളുടെ സ്‌ട്രെസ് കുറയ്ക്കാം

ഇന്നത്തെ കുട്ടികള്‍ക്ക് പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സമയത്തുള്ള സമ്മര്‍ദ്ധം ചെറുതല്ല. എന്നാല്‍ ഇവിടെയെത്തുന്നതിന് മുമ്പ് തന്നെ സ്കൂളിന് ശേഷമുള്ള ക്ലാസ്സുകളും, പാഠ്യേതര പ്രവര്‍ത്തനങ്ങളുമൊക്കെയായി നിരന്തരമായ സമ്മര്‍ദ്ധങ്ങള്‍ കുട്ടിക്കുണ്ടാക്കുകയും അവരെ ക്ഷീണിപ്പിക്കുകയും ചെയ്യും. കുട്ടിയുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

1. വിജയങ്ങള്‍ക്കായി കുട്ടിയില്‍ ഏറെ സമ്മര്‍ദ്ധമുണ്ടാക്കരുത്. കുട്ടി കഷ്ടപ്പാടനുഭവിക്കുന്നതായി കണ്ടാല്‍ സഹിഷ്ണുത പുലര്‍ത്തുകയും ആക്ഷേപവും ശകാരവും ഒഴിവാക്കുകയും ചെയ്യുക.

2. ചിലപ്പോള്‍ നിങ്ങളുടെ കുട്ടിക്ക് ആത്മവിശ്വാസം നല്കേണ്ടതായി വരും. പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ കുട്ടിയെ ഏറെ സഹായിക്കും.

3. കുട്ടി ആദ്യ തവണത്തെ ശ്രമത്തില്‍(രണ്ടാമത്തേതോ, മൂന്നാമത്തേതോ, നാലാമത്തേതോ ആയാലും) വിജയിക്കാതിരുന്നാലും അത് ലോകാവസാനം പോലെ കരുതേണ്ടതില്ല. എല്ലാവരും മറ്റൊരു അവസരം അര്‍ഹിക്കുന്നു. അത് നല്കുന്നതില്‍ ഉദാരത കാണിക്കുക.

4. കുട്ടിക്ക് താല്പര്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധിക്കരുത്. നിങ്ങള്‍ക്ക് പിയാനോ ഇഷ്ടമായിരുന്നു എന്ന് കരുതി നിങ്ങളുടെ കുട്ടികള്‍ക്ക് അതിനോട് താല്പര്യമുണ്ടാകണമെന്നില്ല. ഗിറ്റാറോ, ഡ്രമ്മോ ആണ് അവര്‍ പഠിക്കാനാഗ്രഹിക്കുന്നതെങ്കില്‍ അതിന് അനുവദിക്കുക. ചെയ്യുന്നത് ആസ്വദിക്കുമ്പോള്‍ കുട്ടിക്ക് അത് അത് ഒരു ജോലി പോലെ തോന്നില്ല.

5. കുട്ടിക്കൊപ്പം കാര്യങ്ങള്‍ ചെയ്യുക. അത് പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതോ, വൈകുന്നേരം മ്യൂസിയം സന്ദര്‍ശിക്കുന്നതോ ഒക്കെയാവാം. ചിലപ്പോള്‍ ദിനചര്യകളിലെ മാറ്റമായിരിക്കും അവര്‍ക്ക് പുനര്‍ജ്ജീവന്‍ നല്കുന്നത്.

അച്ഛനുമമ്മയും ലാപ്‌ടോപ്പിനു മുന്നില്‍, മക്കളോ

മാതാപിതാക്കള്‍ പുതിയ ഗാഡ്ജെറ്റുകളെക്കുറിച്ചും സോഷ്യല്‍ മീഡിയകളെക്കുറിച്ചും മനസിലാക്കുകയും അവ ഉപയോഗിക്കാനും തുടങ്ങുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ പല മാറ്റങ്ങളുമുണ്ടാവുന്നത് മനസിലാക്കാനാവും. അത്തരം അഞ്ച് കാര്യങ്ങള്‍ മനസിലാക്കുക.

1. അവര്‍ "എന്ത്, എങ്ങനെ, എന്തുകൊണ്ട്" എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി നിങ്ങളെ അല്പം കൂടുതല്‍ ശല്യപ്പെടുത്തും.

2. മുമ്പ് നിങ്ങള്‍ മാതാപിതാക്കളോട് അപ്ഡേറ്റാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടാവും. എന്നാലിപ്പോള്‍ അവര്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കും. അവര്‍ നിങ്ങളുടെ സുഹൃത്തുക്കളെയും ചേര്‍ക്കുകയും, അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവാകുകയും ചെയ്യേണ്ടി വരും. പക്ഷേ ഇത് ചെയ്യാന്‍ നിങ്ങള്‍ തന്നെയാണ് ആവശ്യപ്പെട്ടത്.

3. അവര്‍ തങ്ങളുടെ മനസിലുള്ളതെല്ലാം അപ്‍ലോഡ് ചെയ്യും. അതില്‍ നിങ്ങളുടെ സ്റ്റാറ്റസിലും, ചിത്രത്തിലും കമന്‍റ് ചെയ്യുന്നതുമുള്‍പ്പെടും. അഭിപ്രായങ്ങള്‍ "കൊള്ളാം" എന്ന് തുടങ്ങി ശല്യപ്പെടുത്തുന്ന തരത്തില്‍ വരെയാകാം. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മീഡിയം വിര്‍ച്വലാണെന്ന കാര്യം മറന്ന് പോകരുത്. സമകാലികമായ കാര്യങ്ങളെ സംബന്ധിച്ച പോസ്റ്റുകള്‍ കാണുമ്പോള്‍ അവര്‍ അത് സംബന്ധിച്ച് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയോ, ട്വീറ്റ് ചെയ്യുകയോ, തങ്ങളുടെ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും സന്ദേശങ്ങളയക്കുകയോ, പ്രഥാന കാര്യങ്ങളില്‍ അധികാരികള്‍ക്ക് മെയിലുകള്‍ അയക്കുക വരെ ചെയ്യും.

4. തങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്നവയെ സംബന്ധിച്ച് അവര്‍ വളരെ ഗൗരവത്തോടെ സംസാരിക്കും. അത് ഓഫറുകള്‍ സംബന്ധിച്ചോ വ്യാജ സന്ദേശങ്ങള്‍ സംബന്ധിച്ചോ ആകാം. വിവരങ്ങള്‍ വേര്‍തിരിച്ച് മനസിലാക്കാന്‍ അവര്‍ അല്പം സമയമെടുക്കും.

5. ഗൗരവകരമായ ഒരു കാര്യം എന്നത് ചിലപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ അവഗണിക്കും എന്നതാണ്. വളരുന്ന ഘട്ടത്തിലുള്ള ചെറിയ കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കളുടെ ഈ അവഗണന ആശങ്കപ്പെടുത്തുന്നതാണ്.

കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ് കൊടുക്കുമ്പോള്‍..

കുട്ടികള്‍ക്ക് അണുബാധയ്ക്ക് സാധ്യതയേറെയാണ്. ഇത് ചികിത്സിച്ചു മാറ്റാന്‍ മിക്കവാറും ആന്റിബയോട്ടിക്‌സ് സഹായം തേടേണ്ടിയും വരും. ആന്റിബയോട്ടിക്‌സ് കുട്ടികള്‍ക്കു നല്‍കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കുട്ടികളില്‍ ഉണ്ടാക്കുന്ന പരിണിതഫലങ്ങളും പലതാണ്. കുട്ടികള്‍ക്ക് ആന്റിബയോട്ടിക്‌സ നല്‍കുമ്പോഴറിയേണ്ട ചില കാര്യങ്ങള്‍ ഇതാ,

ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന അളവിലുള്ള ഡോസ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഇതില്‍ കൂടുതല്‍ നല്‍കുന്നത് ലിവറടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചേക്കും.

അസുഖം മാറിയാലും ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഒരു ഡോസ് മുഴുവനായും കൊടുക്കുക. ഇടയ്ക്കു നിര്‍്ത്തിയാല്‍ പിന്നീട് ആ മരുന്ന് കൊടുക്കുമ്പോള്‍ ഫലമുണ്ടാകില്ല. കാരണം ശരീരം അതിനെതിരായ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടാകും.

ആന്റിബയോട്ടിക് അസുഖം മാറാനാണെങ്കിലും ശരീരത്തിലെ ആറോഗ്യകരമായ ബാക്ടീരിയകളെ ചില ഘട്ടത്തില്‍ ബാധിച്ചേക്കാം.

പല കുട്ടികളിലും ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ വയറിളക്കം കണ്ടുവരാറുണ്ട്. ഇവ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക്കിനൊപ്പം വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നതാണ് പരിഹാരം.

പെന്‍സിലിന്‍ പോലുള്ള ചില ആന്റിബയോട്ടിക്കുകള്‍ ചില കുട്ടികളില്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ചില കുട്ടികളില്‍ വയറുവേദന വരുത്താറുണ്ട്. ഇതെക്കുറിച്ചു കുട്ടി പറയുകയാണെങ്കില്‍ അവഗണിയ്ക്കാതെ ഡോക്ടറുടെ നിര്‍ദേശം തേടുക Show Thumbnail

കൗമാരക്കാര്‍ ഒളിക്കുന്നതെന്ത്?

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ നിരവധി കാര്യങ്ങള്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. സ്വഭാവികമായും കുട്ടികള്‍ ഒളിച്ച് വെയ്ക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് മാതാപിതാക്കള്‍ ഏറെ ആശങ്കപ്പെടുകയും ചെയ്യും. സാങ്കേതികവിദ്യയുടെ പുരോഗതിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അതേ സമയം തന്നെ ചില മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം രഹസ്യങ്ങളുണ്ടെന്ന് അറിയുകയുമില്ല.

ബന്ധങ്ങള്‍

കുട്ടികള്‍ക്ക് ചില ബന്ധങ്ങളുണ്ടാവുന്നത് സ്വഭാവികമാണ്. കുടുംബത്തെയും സമൂഹത്തെയും ഭയക്കുന്നതിനാല്‍ അവര്‍ ഇത് മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. പണ്ട് കാലം മുതലേ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ച് വെക്കുന്ന ഒരു കാര്യമാണ് ഇത്.

രഹസ്യ പാര്‍ട്ടികള്‍

മാതാപിതാക്കള്‍ സ്ഥലത്തില്ലാത്തപ്പോള്‍ കുട്ടികള്‍ സന്തുഷ്ടരാവുകയും സുഹൃത്തുക്കള്‍ക്കൊപ്പം രഹസ്യമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഏറെ കൗമാരക്കാരും ഇഷ്ടപ്പെടുന്ന കാര്യമാണിത്.

ക്ലാസ്ഒഴിവാക്കല്‍
പല കാരണങ്ങളാലും കൗമാരപ്രായക്കാര്‍ ക്ലാസ്സില്‍ പോകാതിരിക്കുന്നത് സാധാരണമായ കാര്യമാണ്. ഇക്കാര്യം മാതാപിതാക്കള്‍ അറിയുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇക്കാരണത്താല്‍ കുട്ടികളുടെ സ്കൂളിന് പുറത്തുള്ള പരിപാടികളെ സംബന്ധിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.
ചാറ്റിങ്ങ്
സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ എല്ലാവര്‍ക്കും മൊബൈല്‍ ഫോണുണ്ട്. ചാറ്റിങ്ങും സാധാരണമാണ്. മിക്ക കുട്ടികളും തങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കും.

ചില സുഹൃത്തുക്കള്‍

ചില സുഹൃത്തുക്കള്‍ നല്ലവരല്ല എന്ന് മാതാപിതാക്കള്‍ പറയാറുണ്ടാവും. എന്നാല്‍ ആ സൗഹൃദം ഉപേക്ഷിക്കുക കുട്ടികളെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമായിരിക്കും. അത്തരം സാഹചര്യത്തില്‍ ആ വ്യക്തിയുമായുള്ള ബന്ധം കുട്ടികള്‍ മറച്ച് വെയ്ക്കും.

ദുശ്ശീലങ്ങള്‍

പുതിയതെന്തും പരീക്ഷിച്ച് നോക്കാനുള്ള മനോഭാവമുള്ളവരാണ് കൗമാരക്കാര്‍. ഇന്ന് അനേകം കുട്ടികള്‍ പുകവലിക്കും, മദ്യത്തിനും, മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടവരാണ്. എന്ത് വിലകൊടുത്തും കുട്ടികള്‍ ഇക്കാര്യം മാതാപിതാക്കളില്‍ നിന്ന് മറച്ച് വെയ്ക്കും. കുട്ടികളെ ശരിയായി മനസിലാക്കുന്നതിന് മതിയായ സമയം അവരോടൊപ്പം ചെലവഴിക്കുക.

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്.

പച്ചക്കറികള്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനുള്ള മിക്കവാറും പോഷകങ്ങള്‍ ഇതില്‍ നിന്നും ലഭ്യവുമാണ്. എന്നാല്‍ സാധാരണയായി കുട്ടികള്‍ പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയ്ക്കും. ഇത് പല മാതാപിതാക്കളേയും വിഷമിപ്പിയ്ക്കുന്ന കാര്യവുമാണ്. കാരണം ചെറുപ്പത്തിലേ ഈ ശീലമില്ലെങ്കില്‍ വലുതാകുമ്പോഴും ഇവ കഴിയ്ക്കാന്‍ മടിയുണ്ടാകും. കുട്ടികളെക്കൊണ്ടു പച്ചക്കറികള്‍ കഴിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് ചപ്പാത്തിയ്ക്കുള്ളില്‍ വച്ച് ചപ്പാത്തി റോള്‍ ആയി കൊടുക്കാം.
പാസ്തയും നൂഡില്‍സുമെല്ലാം കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളാണ്. ഇവയ്‌ക്കൊപ്പം പ്ച്ചക്കറികള്‍ വേവിച്ചു ചേര്‍ത്തു നല്‍കാം.

വറുത്ത സാധനങ്ങള്‍ സാധാരണ കുട്ടികള്‍ക്കിഷ്ടമാണ്. അല്‍പം ഒലീവ് ഓയിലില്‍ പച്ചക്കറികള്‍ പതുക്കെ വറുത്തെടുക്കാം. അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്തു രുചികരമാക്കാം. ഒലീവ് ഓയില്‍ ആരോഗ്യകരവുമാണ്.

പച്ചക്കറികള്‍ വേവിച്ചരച്ചു സൂപ്പാക്കാം. ഇതില്‍ അല്‍പം ബട്ടറും കുരുമുളകുപൊടിയും ചീസ് ക്യൂബുകളും വറുത്ത ഉരുളക്കിഴങ്ങുമെല്ലാം ചേര്‍ത്ത് നല്‍കാം.

ബര്‍ഗര്‍, സാന്റ്‌വിച്ച് എന്നിവ കുട്ടികള്‍ക്കു പ്രിയങ്കരമാണ്. ഇവയുടെ ഉള്ളില്‍ വേവിച്ച പച്ചക്കറികള്‍ നിറച്ച് വീട്ടില്‍ തയ്യാറാക്കി നല്‍കാം.

പച്ചക്കറികള്‍ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ആകര്‍ഷകമായ രൂപങ്ങളില്‍ നല്‍കുക. ഇത് കുട്ടികളില്‍ കൗതുകം വളര്‍ത്തിുകയും ഭക്ഷണം കഴിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കുട്ടികള്‍ക്കു മാതൃകയായി മുതിര്‍ന്നവരും ഇവ കഴിച്ചു കാണിയ്ക്കുക. തീന്‍മേശയില്‍ ഇവ സ്ഥിര വിഭവമായി കൊണ്ടുവരികയും വേണം. ഇതേ രീതിയില്‍ പച്ചക്കറികള്‍ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി കുട്ടികളില്‍ ബോധ്യമുണ്ടാക്കാന്‍ കഴിയും.

കുട്ടികള്‍ രക്ഷിതാക്കളോട് പറയാത്തത് !
പല രക്ഷിതാക്കളും വിചാരിക്കുന്നത് തങ്ങളുടെ കുട്ടികള്‍ സകല കാര്യങ്ങളും തങ്ങളോട് പറയാറുണ്ടെന്നാണ്. എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയുള്ള കാര്യമാണ്. കുട്ടികള്‍ ഒരിക്കലും തങ്ങളുടെ മാതാപിതാക്കളോട് പറയാത്ത ചില കാര്യങ്ങള്‍ അറിയുക.

1.നിങ്ങള്‍ അവര്‍ക്ക് വേണ്ടി വാങ്ങുന്ന വസ്ത്രങ്ങള്‍ അവരിഷ്ടപ്പെടുന്നില്ല - നിങ്ങളുടെ ഫാഷന്‍ ബോധം കുട്ടികളുടേതുമായി ചേരുന്നതല്ല. എന്നാല്‍ മാതാപിതാക്കള്‍ സമ്മാനമായി വസ്ത്രങ്ങള്‍ നല്കുമ്പോള്‍ 80കളിലെ സിനിമകളിലേത് പോലെയുള്ള നയം സ്വീകരിക്കുക. ബില്‍ ആവശ്യപ്പെടുകയും തന്ത്രപരമായി അത് മാറ്റുകയും ചെയ്യുക. മാതാപിതാക്കള്‍ ആ വസ്ത്രത്തെപ്പറ്റി ചോദിച്ചാല്‍ പ്രത്യേക അവസരങ്ങളില്‍ മാത്രം ഉപയോഗിക്കാനായി സൂക്ഷിച്ച് വെച്ചിരിക്കുകയാണെന്ന് തട്ടിവിടുക.

2. പഴ്സില്‍‌ നിന്ന് പണമെടുക്കുക - നിങ്ങള്‍ക്ക് പണം ആവശ്യം വരുമ്പോള്‍ നങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങുകയും പറയാന്‍ മറന്ന് പോവുകയും ചെയ്യുന്നതല്ല ഇത്. നിങ്ങള്‍ മാതാപിതാക്കളുടെ പഴ്സില്‍ നിന്ന് പണം അവരോട് പറയാതെ എടുക്കാറുണ്ടെങ്കില്‍ അത് മേലില്‍ ചെയ്യില്ല എന്ന് സ്വയം ഉറപ്പ് നല്കുക.

3. കള്ളക്കണക്കുകള്‍ - ഒരു കാപ്പി കുടിച്ചതിന് 1000 രൂപയെന്നൊക്കെ പറയുമ്പോള്‍ മിക്ക അമ്മമാരും നിങ്ങള്‍ക്ക് കോഫി ഷോപ്പില്‍ നിന്ന് കുടിക്കുന്നതിന് പകരം വീട്ടില്‍ നിന്ന് കുടിച്ചാല്‍ പോരേ എന്ന് ചോദിക്കും. എന്നാല്‍ നിങ്ങള്‍ കോഫി ഷോപ്പുകളില്‍ പോകുന്ന സമയങ്ങളുണ്ടാകും. നിങ്ങള്‍ കോഫിക്കും സാന്‍ഡ് വിച്ചിനുമൊക്കെ ചെലവാക്കിയ പണം അവര്‍ പചലരക്ക് കടയിലെ ഷോപ്പിംഗിന് ഉപയോഗിച്ചേനെ.

4. ചുംബനം - മാതാപിതാക്കളോട് സെക്സിനെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. എന്നാല്‍ അനാവശ്യ കാര്യങ്ങളാല്‍ അവര്‍ക്ക് ഭാരം ഉണ്ടാക്കേണ്ടതില്ല. നിങ്ങളുടെ മാതാപിതാക്കള്‍ സന്ധ്യകഴിഞ്ഞ് പുറത്ത് പോകാന്‍ അനുവദിക്കണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡേറ്റിംഗ് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക.

5. മദ്യപാനം - എല്ലാ മാതാപിതാക്കളും വിചാരിക്കുന്നത് തങ്ങളുടെ മക്കള്‍ പരിധിക്കപ്പുറം പോകില്ല എന്നാണ്. പ്രത്യേകിച്ച് മദ്യത്തിന്‍റെയും പുകവലിയുടെയും കാര്യത്തില്‍. എന്നാല്‍ ഒരവസരം കിട്ടിയാല്‍ ചെറുപ്പക്കാര്‍ അത് ആഘോഷിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങള്‍ അധികമായി മദ്യപിക്കാറുണ്ടെങ്കില്‍ അത് വീട്ടില്‍ വെളിപ്പെടുത്തേണ്ടതില്ല.

6. മാതാപിതാക്കളുടെ അഭാവത്തിലെ ആഘോഷം - മിക്ക കുട്ടികളും തങ്ങളുടെ മാതാപിതാക്കള്‍ ഏതാനും ദിവസം സ്ഥലത്തില്ലാതെ വരുന്നത് ഇഷ്ടപ്പെടുന്നവരാണ്. അത് അവര്‍ക്ക് സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള അവസരമാണ്. എന്നാല്‍ നിങ്ങള്‍ക്കും അവര്‍ക്കും നല്ലത് നിങ്ങള്‍ മാതാപിതാക്കള്‍ പോകുന്നതും നോക്കിയിരിക്കുകയാണ് എന്ന് അറിയാതിരിക്കുകയാണ്

ഡിഫ്തീരിയയില്‍ നിന്നും കുട്ടിയെ രക്ഷിക്കൂ

ഡിഫ്തീരിയ രോഗത്തെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. മലയാളത്തില്‍ തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയ സാധാരണയായി കുട്ടികളിലാണ് കണ്ടുവരുന്നത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള കുട്ടികളിലാണ് ഇത് ഉണ്ടാകുന്നത്. എന്നാല്‍ പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം അഞ്ചു വയസ്സിന് മുകളിലുമായിട്ടുണ്ട്. കൊറൈനി ബാക്ടീരിയം ഡിമിഫ്തീരിയ എന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഇത് തൊണ്ടയിലാണ് പെരുകുന്നത്. രോഗം പകരാന്‍ പല വഴികളുമുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ... രോഗം പകരുന്ന വഴികള്‍ സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകള്‍മൂലം അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെ പകരാം. രോഗം പകരുന്ന വഴികള്‍ രോഗി ഉപയോഗിച്ച ഗ്ലാസുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്

ചിലരില്‍ രോഗാണുബാധ പുറമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ല. ഇവരെ രോഗാണുവാഹകര്‍ എന്ന് വിളിക്കുന്നു. രോഗികള്‍ 24 ആഴ്ചവരെ രോഗം പരത്തുമ്പോള്‍ രോഗാണുവാഹകര്‍ മാസങ്ങളോളം രോഗാണുവിനെ മറ്റുള്ളവരിലേക്ക് പകര്‍ത്തും. ഒരു രോഗിക്കുചുറ്റും ഇരുപതോളം രോഗാണുവാഹകര്‍ ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്. ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ദരിദ്രസാഹചര്യങ്ങളിലും ഈ രോഗം പകരാന്‍ സാധ്യ ത കൂടുതലാണ്.

കുട്ടികളെ ബഹുമാനം പഠിപ്പിയ്‌ക്കൂ

കുഞ്ഞുനാളില്‍ പഠിപ്പിയ്‌ക്കുന്ന പാഠങ്ങളും ശീലങ്ങളുമെല്ലാം കുട്ടി വളര്‍ന്ന്‌ മുതിര്‍ന്നയാളായി മാറുമ്പോള്‍ ജീവിതത്തില്‍ പ്രതിഫലിയ്‌ക്കും. ഇതുകൊണ്ടുതന്നെ കുട്ടിയെ ചെറുപ്പത്തില്‍ നല്ല പാഠങ്ങള്‍ പഠിപ്പിയ്‌ക്കുകയെന്നത്‌ വളരെ പ്രധാനവുമാണ്‌. ചെറുപ്പത്തില്‍ കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ്‌ ബഹുമാനമെന്നത്‌. ഇതില്‍ മുതിര്‍ന്നവരെ ബഹുമാനിയ്‌ക്കാനുളള പാഠങ്ങള്‍ പ്രധാനം. പ്രത്യേകിച്ചു മാതാപിതാക്കളേയും പ്രായമായവരേയും.

മറ്റുള്ളവരുടെ വസ്‌തുക്കളെ വില വയ്‌ക്കാനും ബഹുമാനിയ്‌ക്കാനും കുട്ടികളെ പഠിപ്പിയ്‌ക്കേണ്ടതും അത്യാവശ്യം. ഇത്‌ മറ്റുള്ളവരുടെ സാധനങ്ങള്‍ നശിപ്പിയ്‌ക്കാതിരിയ്‌ക്കാനുള്ള പാഠം കുട്ടികള്‍ക്കു നല്‍കും. മറ്റുള്ളവരോട്‌ നന്ദി പറയാനുള്ള ശീലവും കുട്ടികളെ പഠിപ്പിയ്‌ക്കണം. തെറ്റുകള്‍ക്ക്‌ സോറി പറയേണ്ടതിന്റെ പ്രധാന്യവും കുട്ടികള്‍ക്കു പഠിപ്പിയ്‌ക്കു കൊടുക്കുക തന്നെ വേണം. സമയത്തിന്റെ വില നിങ്ങളുടെ കുട്‌ിടയെ പഠിപ്പിച്ചു കൊടുക്കുക. ഇത്‌ വളരെ പ്രധാനമാണ്‌

ചീത്ത സ്പര്‍ശനത്തെക്കുറിച്ച് കുട്ടി അറിയട്ടെ..

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. നിഷ്‌കളങ്കത ചൂഷണം ചെയ്യാന്‍ എളുപ്പമാണെന്നതു തന്നെ കാരണം. സ്‌കൂളുകളിലും എന്തിന് സ്വന്തം വീട്ടില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥ. പലപ്പോഴും തങ്ങളുടെ നേര്‍ക്കു നടക്കുന്ന പീഡനങ്ങളെക്കുറിച്ചു കുട്ടികള്‍ അജ്ഞരായിരിയ്ക്കും. ആളുകളുടെ തെറ്റായ സ്പര്‍ശനം ശരിയായി മനസിലാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞെന്നു വരില്ല. ഇതായിരിയ്ക്കും പലപ്പോഴും ദുഷ്ടന്മാര്‍ക്ക് വളമാകുന്നതും. കുട്ടികളെ പീഡനങ്ങളില്‍ നിന്നും രക്ഷിയ്ക്കാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് പ്രധാനമായും വേണ്ടത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ     ഷെയര്‍   ട്വീറ്റ്   ഷെയര്‍   അഭിപ്രായം (0)   മെയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. നിഷ്‌കളങ്കത ചൂഷണം ചെയ്യാന്‍ എളുപ്പമാണെന്നതു തന്നെ കാരണം. സ്‌കൂളുകളിലും എന്തിന് സ്വന്തം വീട്ടില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥ. പലപ്പോഴും തങ്ങളുടെ നേര്‍ക്കു നടക്കുന്ന പീഡനങ്ങളെക്കുറിച്ചു കുട്ടികള്‍ അജ്ഞരായിരിയ്ക്കും. ആളുകളുടെ തെറ്റായ സ്പര്‍ശനം ശരിയായി മനസിലാക്കാന്‍ കുട്ടികള്‍ക്കു കഴിഞ്ഞെന്നു വരില്ല. ഇതായിരിയ്ക്കും പലപ്പോഴും ദുഷ്ടന്മാര്‍ക്ക് വളമാകുന്നതും. കുട്ടികളെ പീഡനങ്ങളില്‍ നിന്നും രക്ഷിയ്ക്കാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് പ്രധാനമായും വേണ്ടത്. കുട്ടികളെ അവരുടെ ശരീരഭാഗങ്ങളെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്താം. ഏതെല്ലാം ഭാഗങ്ങളില്‍ മറ്റുള്ളവര്‍ സ്പര്‍ശിയ്ക്കരുതന്നെ കാര്യം ബോധ്യപ്പെടുത്താം. തന്റെ ശരീരഭാഗത്തു സ്പര്‍ശിയ്ക്കുന്നത് തെറ്റായ ഉദ്ദേശത്തോടെയാണെന്നു തിരിച്ചറിയുന്ന കുട്ടിയ്ക്ക് ഇതിനെ എതിര്‍ക്കാനും ഇത്തരം നീക്കത്തില്‍ നിന്നും രക്ഷപ്പെടാനുമുള്ള കഴിവുണ്ടാകും ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഏതെല്ലാം വിധത്തില്‍ പ്രതികരിയ്ക്കണമെന്നും ഇതേക്കുറിച്ചു മുതിര്‍ന്നവരോടു പറയാന്‍ മടിയ്‌ക്കേണ്ടെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികള്‍ക്കുണ്ടാക്കി കൊടുക്കണം. അപരിചിതരുമായി സൗഹാര്‍ദം വേണ്ടെന്ന കാര്യവും അപരിചിതര്‍ തങ്ങളോട് അടുപ്പം കാണിയ്ക്കുന്നുണ്ടെങ്കില്‍ ഇത് വീട്ടില്‍ പറയാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കുക.

കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാം

കുഞ്ഞുങ്ങളുടെ ഭാര കുറവും വളര്‍ച്ച കുറവും പല മാതാപിതാക്കളെയും വിഷമിപ്പിക്കാറുണ്ട്‌. ലോക ആരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഈ ഗ്രോത്ത്‌ ചാര്‍ട്ട്‌ ഉപയോഗിച്ച്‌ നിങ്ങളുടെ കുഞ്ഞിന്റെ അവസ്ഥ എന്താണന്ന്‌ മനസ്സിലാക്കുക. ചിലപ്പോള്‍ ആവശ്യമില്ലാത്ത ഉത്‌കണ്‌ഠയായിരിക്കും ഇത്‌, കുഞ്ഞുങ്ങള്‍ക്ക്‌ അറിയാം എന്ത്‌ എപ്പോള്‍ കഴിക്കണമെന്ന്‌. എന്നിരുന്നാലും മറ്റു കുഞ്ഞുങ്ങളെപ്പോലെ നിങ്ങളുടെ കുഞ്ഞിന്‌ ചിലപ്പോള്‍ വളര്‍ച്ച ഉണ്ടാവില്ല. പാരമ്പര്യം ഒരു പ്രധാന കാരണമാണ്‌. അച്ഛന്‌ ,അമ്മയ്‌ക്ക്‌ , അല്ലെങ്കില്‍ രണ്ടു പേര്‍ക്കും കുട്ടിക്കാലത്ത്‌ ശരീര ഭാരം കുറവായിരുന്നു എങ്കില്‍ കുട്ടിയിലും ഇത്‌ പ്രകടമാകും. രണ്ട്‌ വയസ്സ്‌ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഓരോ വര്‍ഷവും 1.5 കിലോ മുതല്‍ 3 കിലോ വരെ ഭാരം കൂടും. എന്നാലും അമിതമായി പ്രതീക്ഷിക്കരുത്‌. കുഞ്ഞുങ്ങള്‍ കൊഴുത്തുരുണ്ടു വരാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക. കുഞ്ഞുങ്ങള്‍ക്ക്‌ കഴിക്കുന്നതില്‍ തകരാറുണ്ടെങ്കില്‍ ,ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ചില കുഞ്ഞുങ്ങള്‍ ഉത്സാഹക്കൂടുതലുള്ളവരോ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉള്ളവരോ ആയിരിക്കും. അതിനാല്‍ കഴിക്കുന്നതിനനുസരിച്ച്‌ അവരുടെ ശരീരത്തിന്‌ ഭാരം ഉണ്ടായിരിക്കില്ല. പല മാതാപിതാക്കാളും വരുത്തുന്ന പിഴവുകളില്‍ ഒന്നാണ്‌ കുഞ്ഞിന്റെ ഭാരം കൂട്ടുന്നതിനായി മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നല്‍കുക എന്നത്‌. ഇത്‌ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള അവരുടെ വിശപ്പ്‌ കുറയ്‌ക്കും എന്നല്ലാതെ മറ്റ്‌ ഗുണങ്ങള്‍ ഒന്നും നല്‍കില്ല. കുഞ്ഞിന്റെ വിശപ്പ്‌ നശിപ്പിക്കാതെ തന്നെ പതിവ്‌ ഭക്ഷണത്തിലൂടെ അവര്‍ക്ക്‌ അധിക കലോറി നല്‍കുകയാണ്‌ വേണ്ടത്‌. കുഞ്ഞുങ്ങളുടെ ശരീര ഭാരം കൂട്ടുന്നതിന്‌ അധിക കലോറി നല്‍കാന്‍ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ്‌ ഇവിടെ പറയുന്നത്‌. കൊഴുപ്പടങ്ങിയ പാലും തൈരും കുഞ്ഞിന്‌ നല്‍കുക. പാലില്‍ നിന്നും വെണ്ണ നീക്കരുത്‌. ഈ അധിക കൊഴുപ്പ്‌ കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കും. കുഞ്ഞിന്‌ നല്‍കുന്ന പരിപ്പിലും പച്ചക്കറികളിലും അല്‍പം വെണ്ണ, നെയ്യ്‌, ഒലീവ്‌ എണ്ണ എന്നിവ ചേര്‍ക്കുക. പിസ്സ, പാസ്‌ത,സാന്‍ഡ്‌ വിച്ച്‌ എന്നിവയില്‍ പാല്‍ക്കട്ടി ചേര്‍ത്തു നല്‍കുക. സൂപ്പ്‌, ജാം സാന്‍ഡ്‌വിച്ച്‌, ഉരുളക്കിഴങ്ങ്‌ അരച്ചത്‌ എന്നിവയില്‍ വെണ്ണ ചേര്‍ത്ത്‌ നല്‍കുക. കാരറ്റ്‌ ഹല്‍വ, പായസം പോലെ കൊഴുപ്പ്‌ കൂടിയ ആരോഗ്യദായകങ്ങളായ മധുരപലഹാരങ്ങള്‍ നല്‍കുക കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ അണ്ടിപരിപ്പ്‌ ഉള്‍പ്പെടുത്തുക. ബാദം, കശുവണ്ടിപരിപ്പ്‌ തുടങ്ങിയവ ധാന്യങ്ങള്‍ക്കൊപ്പം നല്‍കുക. ഇടയ്‌ക്കിടെ ഉണക്കമുന്തിരി നല്‍കുക. ഇഡ്ഡലിക്കും ദോശയ്‌ക്കും ഒപ്പം നിലക്കടല അല്ലെങ്കില്‍ തേങ്ങ ചമ്മന്തി നല്‍കുക. ചവയ്‌ക്കുന്നത്‌ എളുപ്പമാക്കാന്‍ അണ്ടിപരിപ്പുകള്‍ നന്നായി പൊടിച്ച്‌ നല്‍കണം . ഉരുളക്കിഴങ്ങുപോലെ അന്നജം ധാരാളം അടങ്ങിയ പച്ചക്കറികള്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സസ്യേതര ഭക്ഷണങ്ങളും കഴിക്കുമെങ്കില്‍ മുട്ടയും കോഴിയിറച്ചിയും നല്‍കുക. കുഞ്ഞിന്റെ ആഹാരം പോഷക സമ്പുഷ്ടമാകാന്‍ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കുക. എല്ലാ ദിവസവും ഒരേ ആഹാരം തന്നെ കൊടുക്കാതിരിക്കുക. ഇതിനെല്ലാം പുറമെ കുഞ്ഞുങ്ങളുടെ ആഹാര സമയം രസകരമാക്കുക. ഭക്ഷണം നല്‍കല്‍ കുട്ടിയും നിങ്ങളും തമ്മിലുള്ള യുദ്ധമായി മാറാതെ നോക്കുക. പാത്രത്തില്‍ ഉള്ളതെല്ലാം തീര്‍ക്കാന്‍ കുഞ്ഞുങ്ങളെ നിര്‍ബന്ധിക്കരുത്‌. ജങ്ക്‌ഫുഡില്‍ നിന്നും ജ്യൂസില്‍ നിന്നും കുഞ്ഞിന്‌ വേണ്ട കലോറി പൂര്‍ണമായി ലഭിക്കില്ല എന്ന്‌ മനസ്സിലാക്കുക. സ്വഭാവവും ശീലവും ഭക്ഷണ ശേഷം വെള്ളം കുടിക്കുക, കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടിക്കരുത്‌. വെള്ളം കുടിച്ച്‌ വയര്‍ നിറഞ്ഞാല്‍ പിന്നീട്‌ ഒന്നും കഴിക്കില്ല. ജ്യൂസും പാലും ദിവസം മുഴുവന്‍ ധാരാളം കുടിക്കുന്നതിനാല്‍ പല കുട്ടികള്‍ക്കും ആഹാരം കഴിക്കാനുള്ള വിശപ്പ്‌ ഉണ്ടാകാറില്ല. ഭക്ഷണത്തിന്റെയും ,ലഘുഭക്ഷണത്തിന്റെയും സമയം ക്രമീകരിക്കുക. ഭക്ഷണ സമയം വളരെ പ്രധാനപ്പെട്ടതാണന്ന്‌ കുഞ്ഞുകള്‍ മനസ്സിലാക്കണം. കാറിലും സ്‌ട്രോളറിലും ഇരുന്ന്‌ കഴിക്കുന്നത്‌ നന്നായി കഴിക്കണമെന്ന്‌ തോന്നല്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കില്ല. കാറിലും മറ്റും അച്ഛനമ്മമാര്‍ സൂക്ഷിക്കുന്ന ലഘുഭക്ഷണങ്ങള്‍ പോഷകം കുറഞ്ഞവയായിരിക്കും. കുഞ്ഞിനൊപ്പം ഇരുന്ന്‌ ആഹാരം നല്‍കുക. ആഹാരം കഴിക്കുന്ന രീതി നല്ലതാണെങ്കില്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ ആഹാരം കഴിക്കും. ഭക്ഷണം നല്‍കുമ്പോള്‍ ടിവി ഓഫ്‌ ചെയ്യുക. മുതിര്‍ന്ന കുട്ടികളും ആളുകളും ടെലിവിഷന്‌ മുമ്പില്‍ ഇരുന്ന്‌ മനസ്സറിയാതെ ആഹാരം കഴിക്കും, പല ചെറിയ കുട്ടകളും ടെലിവിഷന്‌ മുമ്പില്‍ ഇരുന്നാല്‍ ഇത്തരത്തില്‍ അമിതമായി കഴിക്കാറുണ്ട്‌. കുഞ്ഞിന്‌ ശരിയായ വ്യായാമം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. ശരിയാണ്‌ വ്യായാമം കൂടുതല്‍ കലോറി ദഹിപ്പിക്കും, എന്നാല്‍ നന്നായി കഴിക്കാനുള്ള വിശപ്പ്‌ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കാന്‍ ഇതിന്‌ കഴിയും. ഭക്ഷണങ്ങള്‍ക്കിടയില്‍ ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങള്‍ നല്‍കുക. കുഞ്ഞുങ്ങളുടെ വയറ്‌ വളരെ ചെറുതാണ്‌ അതിനാല്‍ ഓരോ പ്രാവശ്യം ഭക്ഷണം കഴിക്കുമ്പോഴും അവരുടെ പോഷകആവശ്യത്തിന്‌ അനുസൃതമായി കഴിക്കാന്‍ കഴിയണം എന്നില്ല. ലഘുഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ഊര്‍ജനിലയും മാനസിക നിലയും മെച്ചപ്പെടുത്തും. കിടക്കുന്നതിന്‌ മുമ്പ്‌ എന്തെങ്കിലും ലഘുഭക്ഷണം നല്‍കുക. ആരോഗ്യദായകങ്ങളായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലഘുഭക്ഷണമാണ്‌ നല്‍കുന്നതെങ്കില്‍ ഉറങ്ങുന്ന സമയത്ത്‌ കോശങ്ങള്‍ രൂപീകരിക്കാന്‍ ഇതിലെ പോഷകങ്ങള്‍ സഹായിക്കും. പഞ്ചസാര ഒഴിവാക്കുക, അങ്ങനെയെങ്കില്‍ കുഞ്ഞുങ്ങളുടെ ഉറങ്ങാനുള്ള ശേഷിയെ ഇത്‌ ബാധിക്കില്ല. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നത്‌ ശരീര ഭാരം കൂടേണ്ടവരില്‍ മാത്രമല്ല അല്ലാത്ത പല കുഞ്ഞുങ്ങളിലും ഫലപ്രദമാകാറുണ്ട്‌. ആരോഗ്യദായകങ്ങളായ കലോറി അടങ്ങിയിട്ടുള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എന്റെ കുട്ടികളുടെ സുഹൃത്തുക്കള്‍ ഇടയ്‌ക്കിടെ വീട്ടില്‍ വരുമ്പോള്‍ ഫ്രിഡ്‌ജിലോ ഫ്രീസറിലോ അവര്‍ക്ക്‌ പറ്റയത്‌ എന്തെങ്കിലും ഉണ്ടോ എന്ന്‌ ചോദിക്കാറാണ്ട്‌;മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പോഷക സമ്പുഷ്ടമായത്‌ എന്തെങ്കിലും.

അമ്മ അറിയാന്‍.

അമ്മയുടെ ജോലിയും ഉത്തരവാദിത്വത്തവും വലുതാണ്. നാളത്തെ പൗരനെ നല്ല വഴിയ്ക്കു നടത്താനുള്ള പ്രഥമ ഉത്തരവാദിത്വം അമ്മയ്ക്കാണെന്നു തന്നെ പറയാം. തന്റെ കുട്ടികള്‍ക്ക് ഏറ്റവും നല്ല അമ്മയായിരിയ്ക്കുകയെന്നതാണ് ഓരോ അമ്മമാരുടേയും ആഗ്രഹം. എന്നാല്‍ ഇതത്ര എളുപ്പമല്ല. നല്ല അമ്മയാകാന്‍ നിങ്ങള്‍ അറിയേണ്ട, ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കുട്ടികളെക്കുറിച്ച് ഓരോ അമ്മയ്ക്കുമുണ്ടാകും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും. ഇത് സ്വാഭാവികം. എന്നാല്‍ ഇത് അതിരു വിടാതിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുക. ആഗ്രഹം അതിരു കടക്കുമ്പോള്‍ ഇതിനായി കുട്ടിയെ നിര്‍ബന്ധിയ്ക്കുകയും നിങ്ങളുടെ മനസില്‍ തന്നെ അശാന്തി വലിച്ചിടുകയുമായിരിയ്ക്കും ഫലം. കുഞ്ഞിന് അല്ലെങ്കില്‍ കുട്ടിയ്ക്ക് ഒന്നും അറിയില്ലെന്ന ധാരണ വേണ്ട. ചില സന്ദര്‍ഭങ്ങളിലെങ്കിലും നിങ്ങളുടെ കുട്ടിയായിരിയ്ക്കും ശരി. കുട്ടിയാണെന്നു കരുതി അവരുടെ വാക്കുകള്‍ക്കു വില കൊടുക്കാതിരിയ്ക്കരുത്. അവരുടെ അഭിപ്രായങ്ങള്‍ക്കു വില കല്‍പ്പിയ്ക്കാതിരിയ്ക്കരുത്.

നിങ്ങളുടെ കുട്ടി അടുത്ത വീട്ടിലെ കുട്ടിയെ പോലെയാകണമെന്നില്ല. ഇതുകൊണ്ടുതന്നെ അടുത്ത വീട്ടിലെ അമ്മയെ അനുകരിയ്ക്കാന്‍ നിങ്ങള്‍ ശ്രമിയ്‌ക്കേണ്ട. നിങ്ങളുടെ കുട്ടിയെ മനസിലാക്കി അതിനനുസരിച്ച അമ്മയായി മാറുക. അതുപോലെ നിങ്ങളുടെ കു്ട്ടിയെ അയലത്തെ കുട്ടിയുമായി താരമത്യപ്പെടുത്താതിരിയ്ക്കുക. കുട്ടികളുടെ ഭാഗത്തു തെറ്റുകള്‍ വരുന്നതു സ്വാഭാവികം. എന്നാല്‍ ഈ തെറ്റുകള്‍ നിങ്ങളുടെ ഭാഗത്തും തെറ്റുകള്‍ വരുത്തരുത്. അതായത് ഇതിന് കുട്ടിയെ ശിക്ഷിയ്ക്കാതെ നല്ല രീതിയില്‍ കാര്യങ്ങള്‍ പറ്ഞ്ഞു മനസിലാക്കുക.

മക്കളോട്‌ കടുംപിടുത്തം വേണ്ട

മക്കളെ വരച്ചവരയില്‍ നിര്‍ത്തുന്ന രക്ഷകര്‍ത്താവാണോ നിങ്ങള്‍? 'അടിയാത്‌ പിള്ള പഠിയാത്‌' എന്ന ചൊല്ലില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ആളാണോ നിങ്ങള്‍? നിയന്ത്രണങ്ങള്‍ ഏറുന്തോറും കുട്ടികളില്‍ വാശിയും കൂടുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഈ മേഖലയിലെ വിദഗ്‌ദ്ധര്‍ ഇക്കാര്യം ശരിവയ്‌ക്കുകയും ചെയ്യുന്നു. കുട്ടികള്‍ രക്ഷകര്‍ത്താക്കളുടെ പെരുമാറ്റും നിരീക്ഷിക്കുകയും അവ അനുകരിക്കുകയും ചെയ്യുന്നത്‌ സാധാരണയാണ്‌. വീട്ടില്‍ അച്ഛനും അമ്മയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത്‌ കുട്ടികളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കും. ഇത്‌ കുട്ടികളുടെ മാനസികാരോഗ്യത്തെ പോലും നശിപ്പിക്കാന്‍ സാധ്യതുയുണ്ട്‌.
മാതാപിതാക്കള്‍ കുട്ടികളോട്‌ സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറിയില്ലെങ്കില്‍, അവരോടൊപ്പം മനസ്സിലെ ഭയവും ഉത്‌കണ്‌ഠയും വളരും. ഇത്തരം കുട്ടികള്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കലും സുരക്ഷിതബോധം ഉണ്ടാകില്ല. മാതാപിതാക്കള്‍ എന്തുകൊണ്ട്‌ കടുംപിടുത്തക്കാരിയിക്കൂട എന്ന്‌ പരിശോധിക്കുകയാണിവിടെ. അമിതനിയന്ത്രണവും അച്ചടക്കത്തോടെ വളര്‍ത്തുന്നതും രണ്ടാണെന്ന്‌ ഓര്‍ക്കുക. അമിതനിയന്ത്രണം കുട്ടികളില്‍ ഭയം സൃഷ്ടിക്കും. അച്ചടക്കം അവരെ അനുസരണ ശീലമുള്ള നല്ല പൗരന്മാരാക്കി മാറ്റും. ഭയന്ന്‌ ജീവിക്കുന്നു: നിങ്ങള്‍ കടുംപിടുത്തക്കാരനായ രക്ഷകര്‍ത്താവ്‌ ആണെങ്കില്‍ നിങ്ങളുടെ കുട്ടിയെ ഭയം വിട്ടൊഴിയില്ല. സ്വന്തം വീട്ടില്‍ ഒരുകുട്ടി ഭയന്ന്‌ ജീവിക്കുന്നത്‌ എന്തുതന്നെയായാലും ഗുണകരമല്ല. എന്തുകാര്യത്തിനും നിങ്ങളുടെ അടുത്ത്‌ വരാമെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തുക. വലിയ ദോഷം: കടുത്ത ചിട്ടകളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്‌. ബലൂണ്‍ പൊട്ടുമ്പോള്‍ അവര്‍ തികച്ചും പുതിയൊരു മനുഷ്യനായി മാറും. ഈ മാറ്റം അവരെ നാശത്തിലേക്കായിരിക്കും നയിക്കുക. തങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയാതെ പോയ എല്ലാം അവര്‍ ചെയ്യും. അത്‌ വലിയ ദോഷത്തിലേക്കായിരിക്കും നിങ്ങളുടെ കുട്ടികളെ കൊണ്ടുചെന്നിത്തിക്കുക.

കുട്ടികള്‍ക്കു വേണ്ട പ്രധാന വൈറ്റമിനുകള്‍

വളരുന്ന പ്രായമാണ് കുട്ടികളുടേത്. ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് കുട്ടികള്‍ക്ക് വിവിധ വൈറ്റമിനുകള്‍ അത്യാവശ്യവുമാണ്. വൈറ്റമിനുകളുടെ കുറവ് കുട്ടിയുടെ വളര്‍ച്ചയെ എല്ലാതരത്തിലും ബാധിയ്ക്കാം. കുട്ടിയുടെ തൂക്കം ആരോഗ്യകരമായി വര്‍ദ്ധിപ്പിയ്ക്കാം കുട്ടികള്‍ക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട വൈറ്റമിനുകള്‍ ഏതെല്ലാമെന്നറിയൂ,

കുട്ടികളിലെ കോശവളര്‍ച്ചയ്ക്കും എല്ലുകളുടെ ശരിയായ ഘടനയ്ക്കുമെല്ലാം വൈറ്റമിന്‍ എ വളരെ പ്രധാനമാണ്. നല്ല ചര്‍മത്തിനും കണ്ണുകളുടെ ആരോഗ്യത്തിനുമെല്ലാം ഇവ സഹായിക്കുന്നു. പാലുല്‍പന്നങ്ങള്‍, മുട്ട, ക്യാരറ്റ്, ചേന തുടങ്ങിയവയില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി എന്നത് ബി 2, ബി 3, ബി 6, ബി 12 എന്നിങ്ങനെ പോകുന്നു. ഇവ നാഡീവ്യൂഹത്തിനും ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനുമെല്ലാം വളരെ പ്രധാനമാണ്. ചിക്കന്‍, മീന്‍, പാല്‍, മുട്ട, സോയാബീന്‍സ് എന്നിവ ഇത്തരം വൈറ്റമിനുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങളാണ്. വൈറ്റമിന്‍ സി ആര്‍ബിസി, എല്ലുകള്‍, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കു പ്രധാനമാണ്. ഇവ കുട്ടികള്‍ക്ക് പ്രതിരോധശേഷി നല്‍കാനും ഏറെ പ്രധാനപ്പെട്ടതാണ്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒരു പ്രധാന വൈറ്റമിനാണ്. ഇവ പ്രതിരോധശേഷിയ്ക്കും ഇന്‍സുലിന്‍ ഉല്‍പാദനത്തിനുമെല്ലാം സഹായിക്കുകയും ചെയ്യും. പാലുല്‍പന്നങ്ങള്‍, മീന്‍ എന്നിവയും സൂര്യപ്രകാശവുമെല്ലാം വൈറ്റമിന്‍ ഡി ലഭ്യമാക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ഇ അണുബാധകള്‍ തടയാന്‍ ഏറെ പ്രധാനമാണ്. ശരീരത്തിലെ രക്തക്കുഴലുകള്‍ തുറക്കാനും രക്തപ്രവാഹം വേണ്ട വിധത്തില്‍ നടക്കാനും ഇത് സഹായിക്കും. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നട്‌സ് എന്നിവയെല്ലാം വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്

കുട്ടിക്കോപം നിയന്ത്രിക്കാം!

കുട്ടികളുടെ കോപം നിയന്ത്രിക്കുക എന്നത് എല്ലാ മാതാപിതാക്കളും നേരിടുന്ന ഒരു തലവേദനയാണ്. കുട്ടികളുടെ സ്വഭാവത്തിലെ ഒരു ഘട്ടമാണ് കോപം. അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കോപാകുലരായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. കുട്ടികള്‍ കോപത്തോടെയിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ചെയ്യാതിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കൂ.

1. വൈകാരികത ഒഴിവാക്കുക - കുട്ടികള്‍ കോപിച്ചിരിക്കുന്ന അവസരത്തില്‍ അവരെ വൈകാരികമായ രീതിയില്‍ സമീപിക്കരുത്. കോപമുള്ള അവസരത്തില്‍ അതിനോട് അനുയോജ്യമായി പ്രതികരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കില്ല. അതിനാല്‍ വൈകാരികമായ സമീപനം ഒഴിവാക്കുകയാണ് ഉചിതം.

2. ശാരീരികമായ നിയന്ത്രണം - ചില അവസരങ്ങളില്‍ കുട്ടികളുടെ കോപം മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുത്തും. ശാരീരികമായി അടക്കിയിരുത്താന്‍ ശ്രമിക്കുന്നത് അവരുടെ കോപം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ, കുറയ്ക്കാന്‍ സഹായിക്കുകയില്ല.

3. അസഭ്യവാക്കുകള്‍ - മാതാപിതാക്കള്‍ ഒരു മാതൃക നല്കേണ്ടത് അനിവാര്യമാണ്. കുട്ടി ദേഷ്യത്തോടെയിരിക്കുമ്പോള്‍ അസഭ്യവാക്കുകള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ കുട്ടികളുടെ മനോഭാവത്തില്‍ ശക്തമായ മാറ്റത്തിനിടയാക്കും.

4. യുക്തിസഹമല്ലാത്ത അനുമാനങ്ങള്‍ - കുട്ടികളുടെ കോപം സംബന്ധിച്ച് മാതാപിതാക്കള്‍ പലപ്പോഴും ചില അനുമാനങ്ങളിലെത്തും. അത്തരം യുക്തിസഹമല്ലാത്ത കണ്ടെത്തലുകളിലേക്ക് പോകുന്നത് കോപത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം മനസിലാക്കാന്‍ സഹായിക്കില്ല.

5. ഭീഷണി - കുട്ടി കോപാകുലനാവുമ്പോള്‍ അവനെ ഭീഷണിപ്പെടുത്തുന്നത് ഒരു വിഡ്ഡിത്തമാണ്. കാര്യങ്ങളെ സമാധാനപരമായി കണ്ട് രക്ഷാകര്‍ത്താവെന്ന നിലയില്‍ കുട്ടിക്ക് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുക. ഭീഷണി കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

കുട്ടികളെ പഠിപ്പിയ്‌ക്കൂ, ഇത്തരം മര്യാദകള്‍

ചൊട്ടയിലെ ശീലം ചുടല വരെ എന്നൊരു ചൊല്ലുണ്ട്‌. ഇത്‌ കുട്ടികളുടെ കാര്യത്തില്‍ മുഴുവനായ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കേണ്ടതാണ്‌. കാരണം ചെറുപ്പത്തില്‍ ലഭിയ്‌ക്കുന്ന ശീലങ്ങളായിരിയ്‌ക്കും ജീവിതാവസാനം വരെ ഇവര്‍ പിന്‍തുടരുക. കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങള്‍, മര്യാദകള്‍ ഉണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ, 

പ്ലീസ്‌ ഒരു സാധനം ആവശ്യപ്പെടുമ്പോള്‍ പ്ലീസ്‌ എന്നു പറയാന്‍ അവരെ പഠിപ്പിയ്‌ക്കുക. എളിമയോടൊപ്പം അടിസ്ഥാന മര്യാദയും കൂടിയാണിത്‌.

താങ്ക്യൂ പ്ലീസ്‌ എന്നതിനോടൊപ്പം താങ്ക്യൂ പറയാനും അവരെ പഠിപ്പിയ്‌ക്കുക. ഇതും അടിസ്ഥാന മര്യാദ തന്നെ.

മുതിര്‍ന്നവര്‍ സംസാരിയ്‌ക്കുമ്പോള്‍ മുതിര്‍ന്നവര്‍ സംസാരിയ്‌ക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിയ്‌ക്കാതിരിയ്‌ക്കുകയെന്നത്‌ ഇവരെ പഠിപ്പിയ്‌ക്കേണ്ട മറ്റൊരു കാര്യമാണ്‌.

മോശം അഭിപ്രായം മറ്റുള്ളവരെപ്പറ്റിയുള്ള മോശം അഭിപ്രായം അവരുടെ മുന്നില്‍ പറയാതിരിയ്‌ക്കാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കണം.

കമന്റുകള്‍ മറ്റുള്ളവരെ പറ്റി കമന്റുകള്‍ പറയാതിരിയ്‌ക്കാനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കുന്നത്‌ നല്ലതാണ്‌. ഇത്‌ ഭാവിയില്‍ ഇവര്‍ പാലിയ്‌ക്കേണ്ട നല്ലൊരു ശീലവുമാണ്‌

കുട്ടികളെ ഉറക്കാനുള്ള വഴികള്‍

പഠിക്കാനും പ്രവര്‍ത്തിക്കാനുമായി മറ്റൊരു ദിവസത്തെ നേരിടാനുള്ള ഊര്‍ജത്തോടും ബലത്തോടും എല്ലാ ദിവസവും നമ്മളെ എഴുനേല്‍ക്കാന്‍ ഉറക്കം അനുവദിക്കുന്നു. കുട്ടികളെ സംബന്ധിച്ച്‌ ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്‌: ഓര്‍മ്മകളും തിരിച്ചറിയല്‍ സംബന്ധിച്ചുള്ള പ്രവര്‍ത്തികളും എകീകരിക്കുന്നതില്‍ സ്വപ്‌നങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. വളര്‍ച്ച ഹോര്‍മോണുകള്‍ സ്രവിപ്പിക്കുന്നത്‌ ഉയര്‍ത്തുകയും ചെയ്യും. ഉറക്കത്തിന്‌ അര്‍ഹിക്കുന്ന പ്രാധാന്യം നമ്മള്‍ നല്‍കുക തന്നെ വേണം പ്രായത്തിനനുസരിച്ച്‌ കുട്ടികള്‍ക്കാവശ്യമുള്ള ഉറക്കത്തിന്റെ സമയം വ്യത്യസ്‌തമായിരിക്കും. സ്‌കൂളില്‍ പോകുന്നതിന്‌ മുമ്പുള്ള പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ ദിവസം10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്‌. ഒമ്പത്‌ വയസ്സ്‌ പ്രായത്തില്‍ 10 മണിക്കൂര്‍ വരെ ഉറക്കം ആവാം. പലര്‍ക്കും ഉറക്കം ഇല്ലാതാവുമെങ്കിലും യൗവനാരംഭത്തോടെ എട്ടിനും ഒമ്പതിനും ഇടയ്‌ക്ക്‌ മണിക്കൂറുകള്‍ ഉറക്കം വേണം. മോശമായ ഉറക്ക ശീലങ്ങള്‍ കുട്ടികളുടെ ഉറക്കത്തിന്‌ തടസ്സം സൃഷ്ടിക്കാറുണ്ട്‌. ഇതിന്റെ പരിണിത ഫലം വളരെ പ്രതികൂലമായിരിക്കും. അമിതോസ്‌താഹം, അസ്വസ്ഥത, വികാരങ്ങളെ നിയന്ത്രിക്കാന്‍ പ്രയാസം, അമിത ആവേശം എന്നിവയെല്ലാം ഉറക്കമില്ലായ്‌മ മൂലം കുട്ടികളുണ്ടാകാം. അതിനാല്‍ ശ്രദ്ധിക്കുക. നല്ല ഉറക്കം ശീലിക്കുക, ആസ്വദക്കുക

സ്ഥിരം സമയക്രമം പാലിക്കുക എല്ലാ ദിവസവും എഴുനേല്‍ക്കുന്നതിന്‌ പതിവ്‌ സമയക്രമം പാലിക്കുന്നന്നത്‌ വളരെ പ്രധാനമാണ്‌. ഇത്‌ മൂലം ആവശ്യമായ വിശ്രമം ലഭിക്കുകയും ശരീരത്തിന്‌ ഇത്‌ ശീലമാവുകയും ചെയ്യും. സ്വപ്‌നങ്ങള്‍ പതിവാകും സമയക്രമം സ്ഥിരമാകുന്നതോടെ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഉറങ്ങാന്‍ അല്‍പം താമസിച്ചാലും കുട്ടികള്‍ക്ക്‌ പ്രശ്‌നമില്ലാതാകും.

ഉറക്കം ഒരു ആചാരം

ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ഒരു ആചാരം പോലെയാണ്‌. ചൂടുവെള്ളത്തില്‍ ഒരു കുളി, അല്‍പം സംഗീതം, പൈജാമ ധരിക്കല്‍, അടുത്ത ദിവസത്തേക്കുള്ള വസ്‌ത്രങ്ങള്‍ തയ്യാറാക്കി വയ്‌ക്കല്‍, പല്ല്‌ തേപ്പ്‌ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടും

ഉറങ്ങുന്നതിന്‌ മുമ്പ്‌

ഉറങ്ങുന്നതിന്‌ മുമ്പ്‌ കഥ വായിക്കുന്നത്‌ കുട്ടികളുടെ ആയാസം കുറയ്‌ക്കുകയും കൂടുതല്‍ സുഖപ്രദമായ ഉറക്കം നല്‍കുകയും ചെയ്യും. ഉറങ്ങുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വീഡിയോ ഗെയിം, ടെലിവിഷന്‍, ആഹാരം , കഫീന്‍ കഴിക്കല്‍ തുടങ്ങി അവരെ ആവേശം കൊള്ളിക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കുക.

ബെഡ്‌റൂം ഉറക്കത്തിന്‌

ശരീര താപം കുറച്ച്‌ വിശ്രമം നല്‍കുന്ന ഇരുണ്ട ശാന്തമായ മുറികള്‍ വേണം ഉറങ്ങാന്‍ തിരഞ്ഞെടുക്കാന്‍. ശബ്ദങ്ങള്‍ ഒഴിവാക്കുക, ആശ്വാസം നല്‍കുന്ന നിറങ്ങള്‍ ഉപയോഗിക്കുക, സുഖപ്രദമായ മെത്ത ഉപയോഗിക്കുക. കമ്പ്യൂട്ടര്‍ പോലുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ബെഡ്‌റൂമില്‍ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

ലളിതമായ അത്താഴം

ലളിതമായ അത്താഴമാണ്‌ നല്ലത്‌ , എന്ന്‌ കരുതി ഉറങ്ങാറാകുമ്പോഴേക്കും വിശക്കരുത്‌. ഉറങ്ങുന്നതിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ അത്താഴം നല്‍കുക. കിടക്കുന്നതിന്‌ മുമ്പ്‌ ഒരു ഗ്ലാസ്സ്‌ ചൂട്‌ പാല്‍ നല്‍കുന്നത്‌ ശരീരത്തിന്റെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കും.


ഉറക്കത്തെ ചൂഷണം ചെയ്യരുത്‌

നീണ്ട ചെറുമയക്കങ്ങള്‍( 30 മിനുട്ട്‌ ധാരാളമാണ്‌), ആവശ്യമുള്ളതിലും കൂടുതല്‍ സമയം കിടക്കയില്‍ ചെലവഴിക്കല്‍ എന്നിവ ഒഴിവാക്കുക. ആവശ്യമുള്ളത്ര സമയം ഉറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ എഴുനേല്‍ക്കണം. എങ്കിലേ ദിവസം ആസ്വദിക്കാന്‍ കഴിയൂ. ഉറങ്ങേണ്ട സമയത്ത്‌ ഉറങ്ങുക പഠിത്തം, ടിവി കാണല്‍, ഹോം വര്‍ക്‌ എന്നിവയ്‌ക്കായി ഉറക്കം ഒഴിവാക്കരുത്‌.

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate