വിശപ്പല്ലാത്ത ഒരു വികാരം മനുഷ്യര്‍ക്കുണ്ടോ ? ഹൈദ്രോസ് സംശയിച്ചു. വയറല്ലാത്ത ഒരു അവയവം മനുഷ്യര്‍ക്കില്ല എന്ന ശാസ്ത്രം അവന് സ്വയം പഠിച്ചു. ഭക്ഷണമല്ലാത്ത ഒരു വസ്തു ലോകത്തില്ലെന്നവന് മനസ്സിലാക്കി. അവന്റെ ജീവിതം വിശപ്പും വയറും ഭക്ഷണവുമായി ഒരു കൊടിയുടെ മൂന്നു നിറങ്ങള്‍ പോലെ അസ്തിത്വം പൂണ്ടുനിന്നു.
സ്മാരകശിലകള്‍ എന്ന പ്രശസ്ത നോവലില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള കുറിച്ചിട്ട വരികള്‍. അതിപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. അതു പറയാം.
കേരളത്തിലെ വര്‍ത്തമാനകാല ജീവിതരീതികള്‍ കാണുമ്പോള്‍ സംശയം-വയറല്ലാത്ത ഒരു അവയവം മലയാളികള്‍ക്കില്ലേ എന്ന്. അവയവങ്ങള്‍ പലതും വേറെയുമുണ്ട്. എന്നാല്‍ ആളുകള്‍ ഏറ്റവും 'സ്നേഹിക്കുന്ന' അവയവം വയറ് തന്നെയാണ്. അത് മിക്കവാറുമാളുകളില്‍ തെളിഞ്ഞു കാണാനുമുണ്ട്. കുടവയറായി. മലയാളികളുടെ അടയാളമായി മാറുകയാണ് കുടവയര്‍ .
വയര്‍ മുന്നില്‍ നടക്കും. ആള് പിറകെ എത്തും. അതൊരു പതിവു കാഴ്ചയായി മാറുന്നു. ചാടിയ വയറുമായി നടക്കുന്നവരില്‍ ആണുങ്ങളുണ്ട്. അതുപോലെ പെണ്ണുങ്ങളുമുണ്ട്. ചെറുപ്പത്തില്‍ തന്നെ ചാടിയ വയറുമായി നടക്കുന്ന ഇത്രയധികം ആളുകള്‍ കേരളത്തില്‍ അല്ലാതെ ലോകത്ത് വേറെ എവിടെയും ഉണ്ടാകാനിടയില്ല.
വയറ് ചാടുക എന്നത് ഒരു സൗന്ദര്യപ്രശ്നമായി കാണുന്നവരുണ്ട്. രൂപഭംഗി നഷ്ടമാകുമോ എന്ന് ആശങ്കപ്പെടുന്നവര്‍. എന്നാല്‍ അറിയുക. കാതലായ വിഷയം അതല്ല. കുടവയര്‍ ഒരു സിഗ്നലാണ്. റെഡ് സിഗ്നല്‍. പ്രമേഹം അരികിലെത്തി എന്ന മുന്നറിയിപ്പാണത്. ജീവിതരീതികള്‍ ശരിയല്ല, ഭക്ഷണ ശീലങ്ങള്‍ ശരിയല്ല എന്നാണ് ഓരോ കുടവയറും വിളിച്ചു പറയുന്നത്. ശരീരത്തിന്റെ അനുപാതം ആദ്യം തെറ്റുന്നത് വയറിലാണ്. കുടവയര്‍ മാത്രമാവില്ല ഇത്തരമാളുകളുടെ പ്രശ്നം. വണ്ണം കൂടുതലുണ്ടാവും. ഭാരക്കൂടുതലുമുണ്ടാകും. അമിതവണ്ണം, അമിത ഭാരം എന്നീ കാര്യങ്ങളില്‍ കേരളീയര്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുകയാണ്.
എങ്ങനെയാണ് തടി കൂടുന്നത്. വയര്ചാടുന്നത്. അതറിയാന്‍ ഏതെങ്കിലും ഹോട്ടലുകളില്‍ കയറി കുറച്ചു നേരം ചുറ്റിലും കണ്ണോടിച്ചാല്‍ മതി. കാര്യങ്ങള്‍ വ്യക്തമാവും. ആളുകള്‍ക്ക് ഭക്ഷണത്തോട് എന്തൊരു കൊതിയാണ്. ആര്‍ത്തിയാണ്. പലതരം ഭക്ഷണങ്ങള്‍ വാങ്ങിക്കുന്നു. ആസ്വദിച്ച് കഴിക്കുന്നു. മിക്ക ഭക്ഷണവും കൊഴുപ്പും കലോറിയും കൂടിയതാവും. നോണ്‍വെജിനോട് പ്രിയം കൂടുതലാണ്. പ്രത്യേകിച്ചും ഇറച്ചിവിഭവങ്ങളോട്. അതില്‍ വറുത്തത് ഉണ്ടാവും. വരട്ടിയത് ഉണ്ടാവും. പൊരിച്ചതുണ്ടാകും. ഏറെനേരം ഭക്ഷണത്തോട് മല്ലിടുന്നു. കുറെ അകത്താക്കുന്നു. ഭക്ഷണത്തിലൂടെ ഒരു ദിവസം കിട്ടേണ്ട കലോറി ഒരുനേരം കൊണ്ട് അകത്തെത്തുന്ന സ്ഥിതി. ആധുനിക ജീവിതരീതികള്‍ കാണുമ്പോള്‍ തിരിച്ചറിയുന്ന സത്യമുണ്ട്. ഭക്ഷണത്തോടുള്ള നമ്മുടെ സമീപനം മാറി. ഭക്ഷണ സംസ്കാരം തന്നെ മാറി. ഹോട്ടല്‍ നിന്നും ഭക്ഷണം കഴിക്കുന്നതില്‍ മാത്രമല്ല ഈ മാറ്റം. വീടുകളിലെ ഭക്ഷണവും വീടുകളില്‍ എത്തുന്ന പാര്‍സലുകളും എല്ലാം ഭക്ഷണ രീതിയിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. രുചിമാത്രം നോക്കി നിയന്ത്രണമില്ലാതെ ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നവരും അപകടത്തിലേക്കാണ് ചാടുന്നത്. മധുരവും മൈദയും അപകടകാരികളാണ്. രണ്ടും ഒന്നിച്ചുചേര്‍ന്നാല്‍ പറയാനുമില്ല. ബേക്കറി പലഹാരങ്ങളില്‍ ഈ രണ്ടുഘടകങ്ങളാണ് പ്രധാനമായും ഒത്തുചേരുന്നത്. കലോറി ഒരുപാട് വരുന്നവയാണ് ഇത്. എന്നാല്‍ കിട്ടുന്നത് ശൂന്യകലോറിയും. ഗുണമൊന്നുമില്ല. തടിയെ ഇത് വല്ലാതെ പരിപോഷിപ്പിക്കുകയും ചെയ്യും.
ഫാസ്റ്റ്ഫുഡ് കടകളാണ് മറ്റൊരു അപകടമേഖല. സായാഹ്നങ്ങളില്‍ ഫാസ്റ്റ്ഫുഡ് കടകളും റസ്റ്റോറന്റുകളും ആളുകളെ കൊണ്ട് നിറയുകയാണ്. കൊഴുപ്പും കലോറിയും നിറഞ്ഞ ഭക്ഷണങ്ങളാണ് ഇവിടങ്ങളില്‍ നിന്നും അകത്താക്കുന്നത്. ഭക്ഷണത്തിന്റെ ബാലന്‍സ് തെറ്റാന്‍ ഈ ഒരുനേരത്തെ സ്പെഷ്യലുകള്‍ മതിയാകും.
പ്രലോഭനങ്ങളുടെ നടുവിലാണ് ആളുകള്‍. ഭക്ഷണത്തില്‍ വൈവിധ്യതയുടെ വലിയൊരു ലോകമുണ്ടിപ്പോള്. ഇഷ്ടമുള്ളത് വാങ്ങാം. കഴിക്കാം. പണ്ട് സാമ്പത്തികം വലിയ തടസമായിരുന്നു പലര്‍ക്കും. ഇന്നതില്ല. മോശമല്ലാത്ത സാമ്പത്തിക നിലയുണ്ട് മിക്കവാറുമാളുകള്‍ക്ക്. അതുകൊണ്ട് സമൃദ്ധമായി കഴിക്കാം. ആധുനിക ഭക്ഷണങ്ങള്‍ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാകുന്നു. നാട് മാറുകയാണ്. നാട്ടുപ്രകൃതി ഇല്ലാതാവുന്നു. നഗരവത്കരണം കൂടിക്കൂടി വരുന്നു. അതിനര്‍ഥം കൂടുതല്‍ ആളുകള്‍ നഗരം ഒരുക്കുന്ന പ്രലോഭനങ്ങളുടെ ലോകത്ത് എത്തിപ്പെടുന്നു എന്നാണ്.
ഭക്ഷണം വിശപ്പ് മാറ്റാനാണ്. ശരീരത്തിന് ആവശ്യമായ പോഷണം കിട്ടാനാണ്. എന്നാല്‍ ആളുകളെ നയിക്കുന്ന ചിന്തകള്‍ ഇതൊന്നുമല്ല. രുചി നോക്കി കഴിക്കുക, കൊതി മാറ്റുക, ഭക്ഷണം കഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുക എന്നൊക്കെയായി. ഭക്ഷണം കഴിക്കല്‍ വലിയ ആഘോഷമായി. ആര്‍ഭാടമായി. ആഹാരം കഴിക്കുന്നതില്‍ കുറച്ച് ഒതുക്കം വേണം. മിതത്വം വേണം. അടുക്കുംചിട്ടയും വേണം. ഇതൊക്കെ നഷ്ടപ്പെടുന്നു എന്നതാണ് ആധുനിക ഭക്ഷണ രീതികള്‍ക്ക് പിറകെ പോകുന്നവരില്‍ കാണുന്ന പൊതു സ്വഭാവം. ജീവിതവും ജീവിതപരിസരവും മാറിയതിന്റെ തെളിവാണിതൊക്കെ.
ദേഹമനങ്ങാതെ ജീവിതം
തീറ്റ കൂടുന്നു എന്നത് ഒരു കാര്യം. അതോടൊപ്പം കാതലായ മറ്റൊരു പ്രശ്നവുമുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടമുള്ളപ്പോഴൊക്കെ തിന്നുന്നവര്ക്കും യാതൊരു വ്യായാമവും ഇല്ല. ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന വ്യായാമം മാത്രമേയുള്ളൂ പലര്‍ക്കും. പണ്ട് ശരീരത്തിന് വ്യായാമം കിട്ടാന്‍ കുറെ വഴികളുണ്ടായിരുന്നു. ഇന്നില്ല. ജീവിതരീതികളും ചുറ്റുപാടുകളും മാറി. യന്ത്രവത്കൃതമായി പലതും. ഇതേതുടര്‍ന്ന് അലസജീവിതം നയിക്കുകയാണ് ആളുകള്‍. ശരീരം ഇളകില്ല. ചെറിയദൂരം പോലും നടക്കില്ല. വാഹന സൗകര്യങ്ങള്‍ ഒരുപാടു കൂടിയതോടെ നടക്കാനുള്ള സന്ദര്‍ഭങ്ങള്‍ കുറയുകയും ചെയ്തു. തടിയനങ്ങാതെ ഇരിക്കാനാണ് മിക്കവര്‍ക്കും താത്പര്യം. സമയം കിട്ടുമ്പോഴും ടി.വിക്കും കമ്പ്യൂട്ടറിനും മുന്നിലാണ് സമയം ചെലവഴിക്കുന്നത്. ദേഹമനങ്ങാതെ ചെയ്യുന്ന ജോലിയാണ് മിക്കവാറുമാളുകള്‍ക്ക്.
ഊര്‍ജം ചെലവഴിക്കാതാകുമ്പോള്‍ കൊഴുപ്പ് അടിഞ്ഞടിഞ്ഞ് ശരീരം വീര്‍ക്കുന്നു. തടി ഒതുക്കാന്‍ പ്രയാസമാവുന്നു. വയര്‍ ചാടുന്നു. തടികൂടുമ്പോള്‍ മടികൂടുന്നു. പിന്നെ നടക്കാന്‍ പോലും പ്രയാസവുമാകുന്നു. ഇങ്ങനെ അമിത ഭക്ഷണം കഴിക്കുകയും വ്യായാമം കിട്ടാതിരിക്കുകയും ചെയ്യുന്ന ശരീരം പ്രമേഹം പോലുള്ള രോഗത്തിന് കടന്നുവരാന്‍ അനുകൂല സാഹര്യം ഒരുക്കുന്നു.
സംഭവിക്കുന്നത് ഇതാണ്. പണം ചെലവഴിച്ച് പലതും തിന്നുന്നു. കുടിക്കുന്നു. അപ്പോള്‍ തടി ചെലവില്ലാതെ കൂടുന്നു. കുറെ കഴിഞ്ഞ് പണം ചെലവഴിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നു. രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നു. മത്സരാധിഷ്ഠിത ലോകത്ത് മനസ്സമ്മര്‍ദം വളരെയധികമാണ് എന്നതും പരിഗണിക്കേണ്ട വിഷയമാണ്. കേരളം പ്രമേഹത്തിന്റെ തലസ്ഥാനമായി മാറിയതിനു പിറകിലെ പ്രധാന കാര്യം നമ്മുടെ ജീവിതശൈലിയില്‍ വന്നുചേര്‍ന്ന ഇത്തരം മാറ്റങ്ങളാണ്. പിഴവുകളാണ്. ടൈപ്പ് 2 പ്രമേഹമാണ് പകര്‍ച്ചവ്യാധി എന്നപോലെ നാട്ടില്‍ വ്യാപകമാവുന്നത്. ടൈപ്പ് 2 പ്രമേഹം ശക്തമായ പാരമ്പര്യ സ്വഭാവം കാട്ടാറുണ്ട്. ഒരുതലമുറയില്‍ രോഗമുണ്ടെങ്കില്‍ അടുത്ത തലമുറയിലേക്കും ഇത് വരാം. അച്ഛനും അമ്മയ്ക്കും പ്രമേഹം ഉണ്ടെങ്കില്‍ മക്കള്‍ക്ക് രോഗം വരാന്‍ 50 ശതമാനം വരെ സാധ്യത. അങ്ങനെയിരിക്കെ പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്ന ജീവിതശൈലികൂടി സ്വീകരിച്ചാല്‍ എന്തുചെയ്യും. വംശപരമായും പ്രമേഹ സാധ്യത കൂടിയ ജനവിഭാഗമാണ് ഇവിടെയുള്ളത്.
ആദ്യം പരിഭവം പിന്നെ കലഹം
പ്രമേഹം ഒരു സുപ്രഭാതത്തില്‍ തലപൊക്കുകയല്ല. രോഗം അകത്ത് ഒളിഞ്ഞിരിപ്പുണ്ടാകും. അത് തെളിഞ്ഞുവരാന്‍ കുറച്ചുകാലമെടുക്കും. രോഗം വന്നാല്‍ ശരീരം അതിന്റെ പരിഭവങ്ങള്‍ കാണിക്കും. പക്ഷേ തെളിഞ്ഞുകാണില്ല. പ്രമേഹം പിന്നീട് ശരീരവുമായി പിണങ്ങിപിരിയും. കലഹിക്കും. അതു ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളിലും കാണാനുമുണ്ടാകും. അപ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുക.
വളരെ പ്രകടമായ ലക്ഷണങ്ങള്‍ ആരംഭത്തില്‍ കാണിക്കില്ലെന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ സ്വഭാവമാണ്. അതിനാല്‍ പ്രമേഹം ഉള്ളകാര്യം മിക്കവാറുമാളുകള്‍ അറിഞ്ഞെന്നുവരില്ല. വീട്ടുകാരും തിരിച്ചറിയണമെന്നില്ല. വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതിരിക്കും. ചെറിയ ലക്ഷണങ്ങളെയാകട്ടെ ആരും വകവെക്കാറുമില്ല. എനിക്ക് പ്രമേഹമൊന്നും വരില്ല എന്നാണ് ഓരോരുത്തരും വിചാരിക്കുക. പ്രമേഹം ഉണ്ടെന്ന് തിരിച്ചറിയുന്നതുവരെ അങ്ങനെയേ പറയൂ. അപ്പോഴെല്ലാം ശരീരത്തിന് ക്ഷതം ഏല്ക്കുന്നുണ്ടാകും. നമ്മള് അറിയില്ലെന്നു മാത്രം. പ്രമേഹം ഉണ്ടെന്ന് അറിയാതെ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട് കേരളത്തില്‍. വീട്ടില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ കൂടി മുന്‍കൂട്ടി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാറില്ല.
സാധാരണക്കാരിലും ചെറുപ്പക്കാരിലും
കേരളത്തില്‍ പ്രമേഹം കൂടുന്നു എന്നു മാത്രം കണ്ടാല്‍ പോര. ഇതോടൊപ്പം വളരെ സൂക്ഷിക്കേണ്ട രണ്ടു മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രമേഹത്തിന് പ്രായം കുറയുന്നു എന്നതാണ് ഒന്ന്. രോഗം ഇടത്തരക്കാരെയും പാവങ്ങളെയും ബാധിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം.
പെന്ഷന് പറ്റിയവരിലാണ് പണ്ട് ടൈപ്പ് 2 പ്രമേഹം കൂടുതലും കണ്ടിരുന്നത്. ആ സ്ഥിതിയൊക്കെ മാറി. 30 ന് താഴെയാണോ പ്രായം എങ്കില്‍ ടൈപ്പ് 1 പ്രമേഹം ആയിരിക്കും. 40 ന് മുകളിലാണോ ടൈപ്പ് 2 ആയിരിക്കും എന്നൊക്കെ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ടൈപ്പ് 2 പ്രമേഹം വരാന്‍ പ്രായം ആകണമെന്നുമില്ല. ചെറുപ്പക്കാരിലും ടൈപ്പ് 2 പ്രമേഹം വരാമെന്നായി. അതാണ് നാട്ടില്‍ ഉണ്ടായ വലിയ മാറ്റം. ഞെട്ടിപ്പിക്കുന്ന തരത്തില്‍ 20 വയസ്സില്‍ ടൈപ്പ് 2 പ്രമേഹം പ്രത്യക്ഷപ്പെടുന്ന സ്ഥിതിയും വന്നെത്തിക്കഴിഞ്ഞു.
കുളനട മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ രജിസ്റ്റര്‍ ചെയ്ത 25,000 ല്‍ പരം പ്രമേഹരോഗികളില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് രോഗികളില്‍ 42 ശതമാനം പേരും 45 - വയസ്സിന് മുമ്പ് പ്രമേഹം വന്നവരാണെന്നാണ്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. 45 വയസ്സിന് മുമ്പ് പ്രമേഹം വരുന്ന ഒരാള്‍ മുപ്പതോ, നാല്പതോ വര്‍ഷം പ്രമേഹവുമായി ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. പ്രമേഹത്തിന്റെ പില്ക്കാല സങ്കീര്‍ണ്ണതകളെല്ലാം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വര്‍ദ്ധിക്കും. ചെറുപ്പത്തില്‍ തന്നെ പ്രമേഹം വരുന്ന ഒരാള്‍ക്ക് അമ്പതോ, അറുപതോ വയസ്സാകുമ്പോഴേക്ക് പലതരം സങ്കീര്‍ണതകള്‍ വരാം. ഇതു സാമ്പത്തികമായും സാമൂഹികമായും കുടുംബപരമായും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതുമാത്രമല്ല. ചെറുപ്പത്തില്‍ വരുന്ന പ്രമേഹം 55 വയസ്സിനുശേഷം വരുന്ന പ്രമേഹത്തേക്കാള്‍ അപകടകാരിയാണ്. ഇവരില്‍ പ്രമേഹം നിയന്ത്രണത്തില്‍ കൊണ്ടുവരാനും ബുദ്ധിമുട്ടാണ്. പ്രമേഹസങ്കീര്‍ണതകള്‍ വരാനുള്ള സാധ്യതയും അവ നേരത്തേവരാനുള്ള സാധ്യതയും ഇക്കൂട്ടരില്‍ കൂടുതലായി കണ്ടുവരുന്നു.
പണ്ട് സമ്പന്നരെ ബാധിക്കുന്ന രോഗമാണിത് എന്നാണ് കരുതിയിരുന്നത്. ഇന്ന് സ്ഥിതി മാറി. നഗരവത്കരണം കൂടുകയും ജീവിത സാഹചര്യങ്ങള്‍ മാറുകയും ചെയ്തപ്പോള്‍ പ്രമേഹത്തിന് സാമ്പത്തിക വലിപ്പചെറുപ്പം ഇല്ലാതായി. പ്രമേഹം കുറച്ചുകാലം മുമ്പുവരെ നഗരത്തിന്റെ മാത്രം പ്രശ്നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. നാട്ടിന്‍പുറങ്ങളിലും രോഗം വ്യാപകമായി. മധ്യതിരുവിതാംകൂറിലെ വെണ്മണി പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ 2007 ല്‍ നടത്തിയ പഠനം ഇതിന് തെളിവാണ്. പത്തനംതിട്ടയിലെ കുളനട മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും അച്യൂതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിലെ പ്രൊഫ.ഡോ. രാമന് കുട്ടിയുടെയും നേതൃത്വത്തിലാണ് പഠനം നടന്നത്. 14.6 ശതമാനം ആളുകളില്‍ പ്രമേഹം ഉണ്ടെന്ന്് പഠനത്തില്‍ തിരിച്ചറിഞ്ഞു.
ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടിയുണ്ട്. 5.1 ശതമാനമാളുകള്‍ പ്രമേഹപൂര്വാസ്ഥയില് ഉണ്ടായിരുന്നു. അതായത് പ്രമേഹബാധിതരും ആസന്ന ഭാവിയില്‍ പ്രമേഹരോഗികളാകാന്‍ സാധ്യതയുള്ളവരും കൂടി 20 ശതമാനം പേര്. 35 ശതമാനം പേര്‍ക്ക് അമിതവണ്ണമുള്ളവരാണെന്നും 75 ശതമാനം പേര് കുടവയറുള്ളവരാണെും പഠനം രേഖപ്പെടുത്തി. ഈ ഘടകങ്ങള്‍ പ്രമേഹസാധ്യതയിലേക്കു നയിക്കുന്നവയാണ്.
വരാതെ നോക്കാം വന്നാല്‍ പിരിഞ്ഞുപോകില്ല
'ആരോഗ്യകരമായി ജീവിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹം വരാതിരിക്കാനും വന്നാല്‍ നിയന്ത്രിക്കാനും ജീവിതം ഹെല്‍ത്തി ആവണം.
പ്രമേഹം വരാതെ നോക്കുക എന്നത് പ്രധാനമാണ്. കാരണം ഈരോഗം വന്നാല്‍ വിട്ടുപോകില്ല. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത അസുഖമാണത്. പ്രമേഹം രക്തത്തില്‍ നിറയ്ക്കുന്നത് മധുരമാണെങ്കിലും അത് നുകരാനാവില്ല. പിന്നീടത് വേദനിപ്പിക്കുകയും ചെയ്യും. കഠിനമായി. ഓര്‍ക്കുക, അത് പലരുടെയും മുന്നിലെത്തി മധുരമായി ചിരിച്ചുനില്പുണ്ട്. ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ അതിനെ അകറ്റിനിര്‍ത്തണം. പ്രമേഹത്തിന് തൊട്ടുമുമ്പുള്ള പ്രി -ഡയബറ്റിസ് എന്ന അവസ്ഥയില്‍ എത്തിയ ലക്ഷങ്ങള്‍ നമുക്കിടയിലുണ്ട്. ജീവിതശീലങ്ങളിലെ പിഴവുകളാണ് പകര്‍ച്ചവ്യാധി എന്ന പോലെ പ്രമേഹം ഇത്ര വ്യാപകമാവാന്‍ കാരണം. അമിതവണ്ണം, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണ രീതികള്‍, വ്യായാമമില്ലായ്മ എന്നിവയാണ് ഇതിന് പ്രധാന കാരണം.
നല്ല ഭക്ഷണ ശീലങ്ങള്‍ പിന്തുടരുക, ആവശ്യത്തിന് മിതമായി മാത്രം ഭക്ഷണം കഴിക്കുക, നിത്യവും ചിട്ടയായി വ്യായാമം ചെയ്യുക എന്നീ കാര്യങ്ങളിലൂടെ തന്നെ പ്രമേഹത്തെ തടയാനാകും. ചുരുങ്ങിയത് രോഗം വരുന്നതിനെ ഏറെ ദീര്ഘിപ്പിക്കാനെങ്കിലും കഴിയും. അമിതവണ്ണവും ഭാരവും കുടവയറുമൊക്കെ കുറുക്കുന്നതു വഴി മാത്രം പ്രമേഹസാധ്യത 70 ശതമാനത്തോളം കുറയ്ക്കാനാവും.
പ്രമേഹം വന്നാല്‍ അതിന് പരിഹാരം കാണണം. പ്രായശ്ചിത്തം ചെയ്യണം. കൃത്യമായ ചികിത്സ തേടുക, തെറ്റായ ജീവിതശീലങ്ങള്‍ മാറ്റുക എന്നതില്‍ ശ്രദ്ധിച്ചേ തീരൂ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാറ്റുക, ശരീരത്തിന് വ്യായാമം നല്‍കുക എന്നതൊക്കെയാണ് പ്രമേഹം വന്നവര്‍ ചെയ്യേണ്ട പ്രായശ്ചിത്തം. പ്രമേഹ രോഗിയുടെ ഭക്ഷണതീതികളെ കുറിച്ച് ഒട്ടേറെ തെറ്റുദ്ധാരണകളുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഭക്ഷണം നിഷേധിക്കുകയല്ല വേണ്ടത്. ഓരോരുത്തര്‍ക്കും യോജിച്ച വിധത്തില്‍ നല്ല ഭക്ഷണം ക്രമപ്പെടുത്തി നല്‍കുകയാണ് ചെയ്യുന്നത്.
നിയന്ത്രിച്ചില്ലെങ്കില്‍ ആപത്ത്
അനിയന്ത്രിതമായ പ്രമേഹം അനവധി രോങ്ങള്ക്ക് വഴിയൊരുക്കും. ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, വൃക്കരോഗം, കാഴ്ച നഷ്ടമാകുന്ന റെറ്റിനോപതി, നാഡികളെ തളര്‍ത്തുന്ന ന്യൂറോപതി, കാല് മുറിച്ചു മാറ്റേണ്ടി വരുന്ന പാദരോഗം, ലൈംഗിക പ്രശ്നങ്ങള്‍ അങ്ങനെ അനവധി രോഗങ്ങള്‍. പലതും ജീവനുഭീഷണിയാകുന്നവയാണ്. കേരളത്തിലും ഹാര്‍ട്ട് അറ്റാക്ക്, വൃക്കരോഗങ്ങള്‍ എന്നിവ ഇത്രയധികം വര്‍ധിക്കുന്നതിന് പിറകിലെ മുഖ്യകാരണം പ്രമേഹമാണ്. കേരളത്തില്‍ മുതിര്‍ന്നവരില്‍ 15 മുതല്‍ 20 ശതമാനം പ്രമേഹമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നുവെച്ചാല്‍ അത് 50 ലക്ഷത്തോളം ആളുകള്‍ വരും. പ്രമേഹം ഉള്ള മഹാഭൂരിഭാഗത്തിനും രോഗം നിയന്ത്രിക്കാനാവുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. പ്രമേഹം ഉയര്‍ത്തുന്ന വെല്ലുവിളി ഇതില്‍ നിന്നും വ്യക്തമാണ്.
പ്രമേഹം ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല. സമൂഹത്തിന് അതുണ്ടാക്കുന്ന ചിലവ് ഉയര്‍ന്നതാണ്. അത് കുത്തനെ ഉയരുകയുമാണ്. വ്യക്തിക്കും, കുടുംബത്തിനും, സമൂഹത്തിനും, സ്റ്റേറ്റിനും അത് വലിയ ബാധ്യതയുണ്ടാക്കുന്നു. പ്രമേഹം ഉണ്ടാക്കുന്ന അപകടത്തില്‍ നിന്നു സമൂഹത്തെ രക്ഷിക്കാന്‍ കൂടുതല്‍ ബോധവത്കരണത്തിലൂടെ മുന്നോട്ടുപോവുക എന്നതാണ് മുന്നിലുള്ള വഴി.
chathothranjith@gmail.com
രണ്‍ജിത്ത് ചാത്തോത്ത്
കടപ്പാട് :മാതൃഭൂമി ആരോഗ്യമാസിക
തേക്ക് തോട്ടങ്ങള്‍ പിന്നിട്ട് ഉള്ക്കാടിന്റെ നിഗൂഢതയിലേക്ക് ആ വഴി നീണ്ടു... മണ്ണും ചെളിയും കല്ലും നിറഞ്ഞ ദുര്‍ഘടമായ വനപാത.. വഴി എന്നു പറയാന്‍ ചിലയിടങ്ങളില്‍ ജീപ്പിന്റെ ചക്രച്ചാലുകള്‍ മാത്രം. മഴ നനഞ്ഞ പാതയില്‍ പലയിടങ്ങളിലും ജീപ്പ് ചക്രങ്ങള്‍ ചെളിയില്‍ നിയന്ത്രണമില്ലാതെ തെന്നിനീങ്ങി. വഴിയില്‍ കാട്ടാനകളുടെ ഗന്ധം നിറഞ്ഞു.. എപ്പോള്‍ വേണമെങ്കിലും മുന്നില്‍ ആനക്കൂട്ടങ്ങളെ കണ്ടേക്കാം.. വളവുകളില്‍ കാട്ടാനകളെ ഓര്‍മ്മിപ്പിക്കുന്ന പാറക്കൂട്ടങ്ങളും... കരുളായി വനമേഖലയില്‍ പ്രാക്തന ഗോത്രവര്‍ഗവിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്ന മാഞ്ചീരിയിലേക്കുള്ള വഴിയാണിത്.
മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത മലയോരഗ്രാമമായ കരുളായില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട് മാഞ്ചീരിയിലേക്ക്.
യാത്ര ഏറെദൂരവും ഉള്വനത്തിലൂടെത്തന്നെ. ദുര്‍ഘടമായ പാത ചെന്നെത്തുന്നത് കാട്ടിനുള്ളിലെ മലഞ്ചെരുവിലാണ്. അവിടെ കരിമ്പുഴയുടെ തീരത്ത് ഏതാനും കോണ്‍ക്രീറ്റ് വീടുകള്‍...സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയവയാണ് ഈ വീടുകള്‍. എന്നാല്‍ വീടുകളിലേറെയും ഒഴിഞ്ഞുകിടക്കുകയാണ്. ആള്‍താമസമുള്ള വീടുകളുടെ മുകളില്‍ ചെറിയൊരു കൂരകൂടി കാണാം. മുളയും പ്ലാസ്റ്റിക് ഷീറ്റുംമെല്ലാം ഉപയോഗിച്ച് നിര്‍മ്മിച്ചവയാണിത്. ഈ കൂര കോളനിവാസികള്‍ തന്നെ കെട്ടിയുണ്ടാക്കുന്നതാണ്. സുരക്ഷിതമായ ഒരു മുന്‍കരുതല്‍. കാട്ടാനക്കൂട്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വരാം. അപ്പോള്‍ മുളയുടെ ഏണിവഴി അവര്‍ മുകളിലേക്ക് കയറും. കാട്ടാനകള്‍ എത്തുമ്പോള്‍ സുരക്ഷിതമായി കഴിയാനാണ് വീടിന് മുകളിലെ ഈ കൂരയെന്ന് ഇവര്‍ പറയുന്നു.
ഉള്‍ക്കാട്ടിലെ ഈ കോളനിയിലാണ് സുഭാഷുള്ളത്. മാഞ്ചീരി കോളനിയിലെ ചാത്തിയുടെയും പരേതനായ താളിപ്പുഴ മാതന്റെയും മകന്. 21 വയസ്സുണ്ട് സുഭാഷിന്. ബാല്യത്തില്‍ തന്നെ ടൈപ്പ് 1 പ്രമേഹത്തോട് പോരാടേണ്ടിവന്ന ആദിവാസി യുവാവ്. ഉള്‍ക്കാട്ടിലെ ദരിദ്രമായ ജീവിത സാഹചര്യങ്ങളെ മാത്രമല്ല സുഭാഷിന് തോല്പ്പിക്കാനുള്ളത്, വര്‍ഷങ്ങളായി പിടിമുറുക്കിയ പ്രമേഹത്തെക്കൂടിയാണ്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ചോലനായ്ക്ക വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ പ്രമേഹബാധിതനാണ് സുഭാഷ്.
പ്രമേഹത്തെ തിരിച്ചറിഞ്ഞ്
ആറാം ക്ലാസുവരെ സുഭാഷ് സ്കൂളില്‍ പോയിരുന്നുവെന്ന് അമ്മ ചാത്തി പറയുന്നു. മഞ്ചേരിയില്‍ പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്കുള്ള സ്കൂളിലായിരുന്നു പഠനം. അവിടെ താമസിച്ചുപഠിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അതിനിടയിലാണ് സുഭാഷിന്റെ ശരീരം ക്ഷീണിച്ചുതുടങ്ങിയത്. കടുത്ത ക്ഷീണവും അവശതയും തുടര്‍ച്ചയായി വന്നതോടെ പഠനം മുടങ്ങി. അതോടെ പുറംലോകത്തുനിന്ന് സുഭാഷ് വീണ്ടും ഉള്‍ക്കാട്ടിലെത്തി. പിന്നെ ജീവിതം വീട്ടിനുള്ളില്തന്നെയായി. മറ്റു കുട്ടികളെ പോലെ ഓടിനടക്കാനും മലകയറാനും ഒന്നും കഴിയാതെ ക്ഷീണിതനായി. ആദ്യമൊക്കെ പച്ചമരുന്നായിരുന്നു നല്‍കിയിരുന്നതെന്ന് ചാത്തി പറഞ്ഞു. പക്ഷേ, ക്ഷീണത്തിന് കുറവുണ്ടായില്ല. ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് പ്രമേഹമാണെന്ന് തിരിച്ചറിഞ്ഞത്-കുട്ടികളില്‍ കാണുന്ന ടൈപ്പ് 1 പ്രമേഹം. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്ത സ്ഥിതി. ഇത് പരിഹരിക്കാന്‍ ഇന്‍സുലിന്‍ കൃത്യമായി കുത്തിവെക്കണമെന്നും വേറെ വഴിയൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതനുസരിച്ച് നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലുമായി പലതവണ ചികിത്സ നടത്തിയെന്ന് ചാത്തി പറഞ്ഞു. ഇതെല്ലാം പറയുമ്പോള്‍ അമ്മയുടെ അടുത്ത് ചെറുചിരിയോടെ സുഭാഷ് ഇരുന്നു.
ചികിത്സയുടെ നാളുകള്‍
ടൈപ്പ് 1 പ്രമേഹമാണെന്ന് നിര്‍ണയിച്ചതു മുതല്‍ ഇന്‍സുലിന്‍ നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ കാട്ടിലെ കോളനിയില്‍ ചികിത്സ തേടുക ഏറെ പ്രയാസമായിരുന്നു. നിരന്തരം ഗ്ലൂക്കോസ് നില പരിശോധിക്കുകയും ഇന്‍സുലിന്‍ നല്കുകയുമെല്ലാം വലിയ പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും പ്രമേഹം നിയന്ത്രണം മറികടന്ന് സുഭാഷിനെ അവശനാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഒരു തവണ സുഭാഷ് എത്തിയത് ടൈപ്പ് 1 പ്രമേഹത്തിന്റെ സങ്കീര്‍ണതകളിലൊന്നായ ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന അവസ്ഥയുമായാണെന്ന് നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലെ ഡോ. കാജാ ഹുസൈന് പറഞ്ഞു. രക്തത്തില്‍ ഇന്‍സുലിന്റെ കുറവ് കാരണം ഗ്ലൂക്കോസ് നില ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് കീറ്റോഅസിഡോസിസ്. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ചികിത്സയിലൂടെ രോഗം വീണ്ടും നിയന്ത്രണത്തിലായതോടെ അവര്‍ വീണ്ടും കോളനിയിലേക്ക് മടങ്ങി. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും സുഭാഷ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തി. അപ്പോഴാണ് ടി.ബിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പ്രമേഹം നിയന്ത്രണം തെറ്റിച്ചപ്പോള്‍ പിന്നെയും പലതവണ ദുര്‍ഘടപാതകള്‍ താണ്ടി സുഭാഷ്് നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലെത്തി.
മകനുവേണ്ടി
ടൈപ്പ് 1 പ്രമേഹമായതിനാല് എന്നും ഇന്‍സുലിന്‍ കുത്തിവെക്കണം. അതുമുടക്കാനാവില്ല. എന്നാല്‍ ഉള്‍ക്കാട്ടില്‍ എങ്ങനെ ഇന്‍സുലിന്‍ കിട്ടും! ചികിത്സ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകും? സാധാരണയായി രോഗം വന്നാലും മരുന്ന് കഴിക്കാന്‍ ചോലനായ്ക്കരില്‍ പലരും മടികാണിക്കാറാണ് പതിവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കാടുമായി ഇണങ്ങിക്കഴിയുന്നവരാണ് ഇവര്‍. അതുകൊണ്ട് ആസ്പത്രിയിലെ കിടത്തിച്ചികിത്സയും പുറംലോകത്തുള്ളവരുമായി കൂടികലര്‍ന്നുള്ള ജീവിതവുമെല്ലാം ഇപ്പോഴും അവര്‍ക്ക് പ്രയാസമാണ്. ഈ സാഹചര്യത്തില്‍ കൃത്യമായി ഇന്‍സുലിന്‍ കുത്തിവെക്കല്‍ വെല്ലുവിളിയായി. എല്ലാ ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലെത്തി കുത്തിവെപ്പ് നല്‍കുക എന്നത് എളുപ്പമായിരുന്നില്ല. അങ്ങോട്ടേക്കുള്ള യാത്രതന്നെ പ്രധാന കാരണം. എന്നാല്‍ മകന് വേണ്ടി ഇന്‍സുലിന്‍ കുത്തിവെക്കുന്നത് പഠിക്കാന്‍ അമ്മ തീരുമാനിച്ചു. നഴ്സുമാരാണ് ഇന്‍സുലിന്‍ കുത്തിവെക്കേണ്ടത് എങ്ങനെയാണെന്ന് ചാത്തിയെ പഠിപ്പിച്ചുകൊടുത്തത്. അതുവരെ സിറിഞ്ചും മരുന്നും എന്താണെന്ന് അറിയാത്ത ചാത്തി ഇന്‍സുലിന്‍ ജീവന് രക്ഷാ ഔഷധമാണെന്ന് തിരിച്ചറിഞ്ഞു. സിറിഞ്ചില്‍ ഇന്‍സുലിന്‍ എത്രയെടുക്കണം, എപ്പോള്‍ കുത്തിവെപ്പു നല്‍കണം എന്നൊക്കെ പഠിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കി. മകന്റെ ടൈപ്പ് 1 പ്രമേഹനിയന്ത്രണത്തിന്റെ ചുമതല അതുവരെ കാട്ടില്‍ മാത്രം ഒതുങ്ങിയിരുന്ന അമ്മ ഏറ്റെടുത്തു. വര്‍ഷങ്ങളായി എല്ലാ പരിമിതികളെയും അതിജീവിച്ച് ദിവസവും രാവിലെയും വൈകീട്ടും മകന് ചാത്തി ഇന്‍സുലിന്‍ കുത്തിവെക്കുന്നു.
മരുന്ന് സൂക്ഷിക്കാന്‍ തെര്‍മോക്കോള്‍ ബോക്സ്
കരുളായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും ട്രൈബല്‍ മൊബൈല്യൂണിറ്റിലെയും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മാഞ്ചീരികോളനിയില്‍ പരിശോധനയ്ക്കായി എത്തും. വനവിഭവങ്ങള്‍ കൈമാറാന്‍ ഉള്‍ക്കാട്ടില്‍ നിന്ന് ഇവര്‍ മാഞ്ചീരിയില്‍ ഒത്തുചേരുന്ന ബുധനാഴ്ചകളിലാണ് മെഡിക്കല്‍ സംഘവും എത്താറുള്ളത്. ആ സമയത്ത് മൂന്ന് മാസത്തേക്ക് വേണ്ട ഇന്‍സുലിനും സൂചിയുമെല്ലാം സുഭാഷിന് നല്‍കും. മരുന്നും സിറിഞ്ചുമെല്ലാം സൂക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് തെര്‍മോക്കോള്‍ ബോക്സ് നല്‍കിയിട്ടുണ്ട്. ഈ ബോക്സിലാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഇന്‍സുലിനും സിറിഞ്ചുമെല്ലാം സൂക്ഷിക്കുന്നത്.
ചൂടുകൂടുതലുള്ള സ്ഥലത്ത് ഇന്‍സുലിന്‍ സൂക്ഷിച്ചാല്‍ അതിന്റെ പ്രവര്‍ത്തക്ഷമത കൂറയും. ഉള്‍ക്കാടായതിനാല്‍ ചൂട് താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ മരുന്നുകള്‍ തെര്‍മോക്കോള്‍ ബോക്സില്‍ സൂക്ഷിക്കാനും ബുദ്ധിമുട്ട് നേരിടാറില്ല. മരുന്ന് തീര്‍ന്നാല്‍ ആ വിവരം കോളനിയില്‍നിന്ന് പുറംലോകത്ത് വരുന്നവരിലൂടെ അറിയിക്കാറുണ്ടെന്ന് കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്് ഐ. അജി ആനന്ദ് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലെത്തി സുഭാഷിന്റെ രക്തം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട ഇന്‍സുലിന്റെ അളവ് അടയാളപ്പെടുത്തി നല്‍കും.ആ അളവ് അനുസരിച്ചാണ് ഇന്‍സുലിന്‍ നല്‍കുക. എന്നാല്‍ ചിലപ്പോള്‍ ഭക്ഷണത്തിലേയോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ഗ്ലൂക്കോസ് നിലയില്‍ പെട്ടെന്ന് മാറ്റം വരാം. അത്തരത്തില്‍ ഗ്ലൂക്കോസ് നില താളംതെറ്റിയ ഘട്ടങ്ങളില്‍ സുഭാഷിനെയും കൊണ്ട് വനപാതകള്‍ താണ്ടി ആസ്പത്രിയിലെത്തേണ്ടി വരാറുണ്ട്.
വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് ഇന്‍സുലിന്‍ കുത്തിവെപ്പ്. വൃത്തിയായി സൂചിയും സിറിഞ്ചുമെല്ലാം സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയും പഴുപ്പുമുണ്ടാകാന് സാധ്യത കൂടുതലാണ്. എന്നാല്‍ സുഭാഷിന് ഇന്സുലിന്കുത്തിവെച്ച ഇടത്ത് പഴുപ്പോ മറ്റ് പ്രയാസങ്ങളോ ഉണ്ടായിട്ടില്ലെന്ന് ട്രൈബല്‍ മൊബൈല്‍ ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ഷിജിന് പാലാടന്‍ പറയുന്നു.
ഗോതമ്പ് ഭക്ഷണം
പ്രമേഹബാധിതര്‍ക്ക് ഭക്ഷണകാര്യത്തില്‍ ചിട്ടകള്‍ വേണം. എങ്കില്‍ മാത്രമേ രോഗം ഫലപ്രദമായി നിയന്ത്രിച്ചു മുന്നോട്ടുപോകാനാകൂ. സുഭാഷിന് ഗോതമ്പ് ഭക്ഷണം നല്‍കാറുണ്ടെന്ന് ചാത്തി പറഞ്ഞു. കരുളായിയില്‍ വന്ന് ഗോതമ്പ് പൊടിവാങ്ങും. രാവിലെയും രാത്രിയും ചപ്പാത്തി ഉണ്ടാക്കും. ഉച്ചയ്ക്ക് ചോറാണ് കൊടുക്കുക. മതിയായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് പോഷക നിര്‍ണയ പഠനം തുടങ്ങിയിട്ടുണ്ടെന്ന് അജി ആനന്ദ് പറഞ്ഞു.
പുറംലോകത്തെത്താനും ചെലവേറെ
അടിയന്തിരഘട്ടത്തില്‍ ചികിത്സ ആവശ്യമായി വന്നാല്‍ ഇവര്‍ക്ക് കരുളായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തണം. എന്നാല്‍ അവിടെയെത്താന്‍ 20 കിലോമീറ്റോളം സഞ്ചരിക്കണം. ഉള്‍ക്കാട്ടിലെ ഈ യാത്രയ്ക്ക് ആയിരത്തിലേറെ രൂപ ജീപ്പ് വാടകയാകും. കൂടുതല്‍ ചികിത്സ ആവശ്യമായി വന്നാല്‍ നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലെത്താന്‍ മാഞ്ചീരിയില്നിന്ന് മുപ്പത് കിലോമീറ്ററിലേറെ യാത്രചെയ്യണം. ഓരോ തവണയും യാത്രയ്ക്ക് മാത്രം വലിയ തുക ചെലവ് വരുന്നുണ്ട്. എന്നാല്‍, കാട്ടാനകള്‍ വഴിയിലുണ്ടെങ്കില്‍ കൃത്യസമയത്ത് പുറംലോകത്ത് എത്തുകതന്നെ പ്രയാസം.
സങ്കീര്‍ണതകള്‍ ഒട്ടേറെ
ടൈപ്പ് 1 പ്രമേഹനിയന്ത്രണത്തിന് നിരന്തര രക്തപരിശോധനയും നിരീക്ഷണവും ആവശ്യമാണ്. എന്നാല്‍ ഉള്‍ക്കാട്ടിലെ പരിമിതികള്‍ക്ക് നടുവില്‍ ഇതെല്ലാം പലപ്പോഴും വേണ്ടവിധത്തില്‍ സാധിക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അനുസരിച്ച് കൃത്യമായ അളവിലാകണം ഇന്‍സുലിന്‍ നല്‍കേണ്ടത്. അല്ലെങ്കില്‍ ക്രമേണ രോഗസങ്കീര്‍ണതകള്‍ വന്നുചേരും. ഇക്കാര്യങ്ങളെല്ലാം അറിയുന്ന നാട്ടില്‍ ജീവിക്കുന്നവര്‍ പോലും പലപ്പോഴും പ്രമേഹരോഗ നിയന്ത്രണത്തില്‍ വീഴ്ചവരുത്തുന്നുണ്ട്. ആ സാഹചര്യത്തില്‍ കാട്ടിനുള്ളില്‍ ഈ കുടുംബം ഇതെല്ലാം എങ്ങിനെ കൃത്യതയോടെ ചെയ്യുമെന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.
ഇന്‍സുലിന്‍ കോളനിയിലെത്തിച്ചു നല്‍കുന്നുണ്ടെങ്കിലും ആരോഗ്യകേന്ദ്രത്തിലെ സ്റ്റോക്ക് തീര്‍ന്നാല്‍ ഇവര്‍ക്ക് പുറമേനിന്ന് വാങ്ങേണ്ടിവരും. ഐ.ടി.ഡി.പി. ഫണ്ടില്‍നിന്ന് മരുന്നിനും മറ്റുമുള്ള തുക നല്‍കുമെങ്കിലും ഫണ്ടിന്റെ അപര്യാപ്തത വന്നാല്‍ അതും മുടങ്ങും.
ടി.ബി. നിയന്ത്രണത്തിനുള്ള ചികിത്സയുടെ കാര്യവും ഇതുപോലെതന്നെ. ടി.ബി. മാറാന്‍ മരുന്നു കഴിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യത പുലര്‍ത്തുന്ന കാര്യം സംശയമാണ്. ടി.ബിക്ക് കൃത്യമായ അളവില്‍ മരുന്നു കഴിച്ചില്ലെങ്കില്‍ അണുക്കള്‍ മരുന്നിനെ മറികടക്കുന്ന അവസ്ഥയിലെത്തും. ഇത്രയേറെ സങ്കീര്‍ണതകളുടെ നടുവിലൂടെയാണ് സുഭാഷ് പ്രമേഹത്തെ നിയന്ത്രിച്ച് മുന്നോട്ടു പോകുന്നത്...
സി.സജില്‍
കടപ്പാട് : മാതൃഭൂമി ആരോഗ്യമാസിക
പ്രമേഹം ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ്. ഹൃദ്രോഗം, ഞരമ്പു രോഗങ്ങള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍, കാലിലെ ഉണങ്ങാത്ത വ്രണങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയെല്ലാം പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാകാന്‍ സാധ്യതയുള്ള അസുഖങ്ങളാണ്.
അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് പ്രമേഹരോഗികളിലെ ദന്ത രോഗങ്ങള്‍. ദന്താരോഗ്യം മികച്ചതല്ലെങ്കില്‍ പ്രമേഹരോഗികള്‍ക്ക് മറ്റു പല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്.
മോണരോഗം, പൂപ്പല്‍, വായ്പുണ്ണ്, ഭക്ഷണത്തിന് രുചിയില്ലായ്മ, പെരിയോ ഡോണ്ന്റെറ്റിസ്, നാവിലുണ്ടാകുന്ന തരിപ്പ്, വേദന എന്നിവ പ്രമേഹരോഗികളില്‍ ഏറിവരാന്‍ കാരണം ദന്തസംരക്ഷണത്തില്‍ സംഭവിക്കുന്ന അശ്രദ്ധ കൂടിയാണ്.
ഈ രോഗങ്ങള്‍, പ്രത്യേകിച്ച് മോണരോഗം യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ പല്ലുകള്‍ ഇളകിപ്പോകാന്‍ വരെ കാരണമാകും. ദന്തരോഗങ്ങള്‍ ഉള്ളിടത്തോളം കാലം പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താനും ബുദ്ധിമുട്ടാണ്. പ്രമേഹ രോഗമുള്ളവരുടെ ഉമിനീരിലും ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കും. അതിനാല്‍ത്തന്നെ അണുക്കള്‍ വളരെ വേഗം വ്യാപിക്കാനും ദന്തരോഗങ്ങള്‍ വളരെപ്പെട്ടെന്ന് മൂര്‍ച്ഛിക്കാനും കാരണമാകും. ചില പ്രമേഹരോഗികളില്‍ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞു പോകാം. അത്തരം സാഹചര്യത്തില്‍ വായിലും നാക്കിലും പുണ്ണുകളും വ്രണങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉമിനീരിന്റെ അളവു കുറയുന്നതിനാല്‍ വേദനയും കൂടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ദിവസം രണ്ടു നേരം ബ്രഷ് ചെയ്യുക. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
* മൃദുവായ നൈലോണ്‍ ബ്രിസില്സോടു കൂടിയ, ഉരുണ്ട അഗ്രമുള്ള ബ്രഷുകളാണ് ഉത്തമം. ഓരോ വ്യക്തിക്കും ഉപയോഗിക്കാന്‍ കഴിയുന്ന ബ്രഷും പേസ്റ്റും ദന്തിസ്റ്റിനോട് തന്നെ ചോദിക്കുന്നതാണ് നല്ലത്.
* ബ്രഷ് ചെയ്യുമ്പോള്‍ വേദനയോ മോണയില്‍ നിന്നോ പല്ലില്‍ നിന്നോ ചോരയോ വരുന്നുവെങ്കില്‍ ഉടന്‍ ദന്തിസ്റ്റിനെ കാണുക.
* പല്ലിനും നാവിലുമുണ്ടാകുന്ന രോഗങ്ങള്‍ പ്രമേഹവുമായി ബന്ധപ്പെട്ടതാവാം എന്നോര്‍ക്കുക. ചെറിയ ദന്തരോഗങ്ങള്‍ പോലും ഗൗരവ പൂര്‍വ്വം ശ്രദ്ധിക്കുക
* ദന്തിസ്റ്റിനോട് പ്രമേഹത്തിന്റെ കാര്യവും കഴിക്കുന്ന മരുന്നുകളും പറയുക.
* ദന്തിസ്റ്റിനെ കാണുമ്പോള്‍ കഴിയുന്നതും രാവിലെ തന്നെ കാണാന്‍ ശ്രമിക്കുക. രാവിലത്തെ ഭക്ഷണത്തിന് ശേഷം കാണുന്നതാവും ഉത്തമം.
* ഏതെങ്കിലും വിധത്തിലുള്ള ശസ്ത്രക്രിയ പല്ലിലോ വായിലോ നടത്തുന്നുവെങ്കില്‍ അതിനു തൊട്ടു മുന്‍പായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. അളവു കൂടുതലാണെങ്കില്‍ അത് നിയന്ത്രണ വിധേയമാകുന്നതു വരെ പല്ലെടുക്കുന്നതും വായിലെ ശസ്ത്രക്രിയയുമെല്ലാം ഒഴിവാക്കുക.
* ദന്തിസ്റ്റ് നിര്‍ദ്ദേശിക്കുന്നുവെങ്കില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പു തന്നെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക. അത് രോഗാണുബാധ തടയാന്‍ സഹായിക്കും.
* പ്രമേഹരോഗികള്‍ എല്ലാ ആറുമാസം കൂടുമ്പോഴും ദന്തിസ്റ്റിനെ കണ്ട് പരിശാധന നടത്തണം.
* കൃത്രിമപ്പല്ല് ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍ അവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
* പുകവലി ഉപേക്ഷിക്കുക. പുകയിലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ പല്ലിനും വായിലെ മൃദു ചര്‍മ്മത്തിനും വളരെ ദോഷകരമാണ്.
പ്രമേഹം ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ്. ഹൃദ്രോഗം, ഞരമ്പു രോഗങ്ങള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍,...
# പാര്‍വതി കൃഷ്ണ
പ്രമേഹത്തെ നേരിടാന്‍ 10 തീരുമാനങ്ങള്‍ നമുക്കെടുക്കാം.
1.മുടങ്ങാതെയുള്ള രക്ത പരിശോധന
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് രോഗം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. ഈ അളവ് കൂടുതലായാലും നന്നേ കുറവായാലും അപകടകരമാണ്. ഭക്ഷണത്തിന് മുന്‍പുള്ള ഗ്ലൂക്കോസ്നില 80ല്‍ കുറയരുത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെവരെ ബാധിക്കും. തീരേ ഊര്‍ജമില്ലാതെ തോന്നുക, കൈകാലുകളുടെ പേശികള്‍ക്ക് തളര്‍ച്ച, വിയര്‍പ്പ്, ബോധം നഷ്ടപ്പെടുക ഇവ ഹൈപ്പോഗ്ലൈസീമിയ എന്ന ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 120ല്‍ കൂടിയാല്‍ ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാം. ഇത് നീണ്ടുനിന്നാല്‍ വൃക്കകള്‍, കണ്ണ്, നാഡികള്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും.
ഇത്തരം പ്രശ്നങ്ങളിലേക്ക് രോഗാവസ്ഥ പോകുന്നുണ്ടോ എന്നറിയാന്‍ ഭക്ഷണത്തിന് മുന്‍പും കഴിച്ചതിന് രണ്ടുമണിക്കൂറിന് ശേഷവും രക്തപരിശോധന നടത്തണം. ഭക്ഷണശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് 140വരെയാണ് സുരക്ഷിതം.
2. ഹീമോഗ്ലോബിന്‍ പരിശോധന
വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഹീമോഗ്ലോബിന്‍ അളവ്(ഒയഅ1ര) പരിശോധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എല്ലായിപ്പോഴും ആരോഗ്യകരമായ അളവിലാണോ എന്നറിയാനാണ് ഈ പരിശോധന. ഈ അളവ് 7ല്‍ കുറഞ്ഞിരിക്കണം.
3. പതിവായും സമയത്തിനും മരുന്ന്
കൃത്യസമയത്ത് മറക്കാതെ മരുന്നുകഴിക്കുകയാണ് പ്രമേഹരോഗികള്‍ ചെയ്യേണ്ട പ്രധാന കാര്യം. ഒരു നേരത്തെ ഗുളിക കഴിക്കാന്‍ മറന്നുപോയാല്‍ അടുത്ത തവണ രണ്ടെണ്ണം ഒന്നിച്ചുകഴിക്കുന്നവരുണ്ട്. ഇത് ഗുണകരമല്ല. പ്രത്യേക എന്‍സൈമുകളുമായി പ്രത്യേക സമയത്ത് പ്രവര്‍ത്തിക്കേണ്ടവയാണ് പ്രമേഹ മരുന്നുകള്‍. ഇവ സമയംതെറ്റി കഴിക്കുന്നത് രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കും.
4.വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക
പ്രമേഹം വേണ്ടരീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. നാരുകളടങ്ങിയതും പൊട്ടാസിയവും മറ്റ് ധാതുക്കളടങ്ങിയതുമായ ഭക്ഷണം ശീലമാക്കണം. വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പരിശോധനകളും(ലെൃൗാ മഹയൗാശി, രൃലമശേിശില ലേേെ) നടത്താവുന്നതാണ്.
5. കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുക
പ്രമേഹരോഗികള്‍ക്ക് ചീത്ത കൊളസ്ട്രോളി(ഘഉഘ)ന്റെ അളവ് കൂടാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥ ഹൃദയധമനികള്‍ക്ക് കട്ടികൂടാനും അതുവഴി ഹൃദ്രോഗമുണ്ടാകാനും ഇടവരുത്തും. മധുരം, വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണ് പോം വഴി. പകരം മത്സ്യം, തവിടോടുകൂടിയ ധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ശീലമാക്കണം.
6.ശരിയായ ക്രമത്തിലുള്ള ഭക്ഷണം
ഒറ്റയടിക്ക് കുറേയധികം ഭക്ഷണം പ്രമേഹരോഗികള്‍ക്ക് അശാസ്യമല്ല. മൂന്ന് നേരത്തെ പ്രധാന ഭക്ഷണത്തിനിടയില്‍ രണ്ട്മൂന്ന് മണിക്കൂര്‍ ഇടവിട്ട് ലഘുഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മൈദപോലുള്ള സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ഓട്സ്, മുത്താറി, ഗോതമ്പ് ഇവയാകാം. ദിവസം 25ഗ്രാം നാര് എങ്കിലും ഭക്ഷണത്തിലൂടെ ഉള്ളിലെത്തണം. തോലുരിച്ച കോഴിയിറച്ചി, ചെറു മീനുകള്‍, മുട്ടയുടെ വെള്ള, അധികം കൊഴുപ്പടങ്ങാത്ത തൈര്, പാട നീക്കിയ പാല് ഇവ കഴിക്കണം. ഇലക്കറികള്‍ ധാരാളമായി കഴിക്കാം, പഴവര്‍ഗങ്ങള്‍ രണ്ടെണ്ണത്തിലധികമാകരുത്.
7. വ്യായാമം
പതിവായുള്ള വ്യായാമമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും ആവശ്യം. ദിവസം ചുരുങ്ങിയത് 30 മിനിറ്റ് വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവുമായാല്‍ നന്നായി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. അതിനോടൊപ്പം നല്ല മനോനില നിലനിര്‍ത്താനും വ്യായാമം സഹായിക്കും.
8.ഭാരം കുറയ്ക്കുക
ശരീരഭാരം കൂടുന്നത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബോഡി മാസ് ഇന്‍ഡക്സാണ് ആരോഗ്യകരമായ ഭാരം കണ്ടെത്താനുള്ള മാര്‍ഗം. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം(സ്ക്വയര്‍ ) കൊണ്ട് ഹരിക്കണം. ഇങ്ങനെ കിട്ടുന്ന സംഖ്യ 18.5 ല്‍ കുറയാനോ 25ല്‍ കൂടാനോ പാടില്ല. പ്രമേഹം വരുന്നതിനുമുന്പുള്ള ശരീരഭാരത്തിന്റെ 10ശതമാനമെങ്കിലും കുറയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
9.പാദങ്ങളുടെ സംരക്ഷണം
പ്രമേഹരോഗികള്‍ക്ക് കാലിന് വൃണമുണ്ടായാല്‍ ഉണങ്ങാന്‍ കാലതാമസമുണ്ടാകും. ഇത് കാല് മുറിച്ചുകളയുന്ന അവസ്ഥയിലേക്കുവരെ എത്താം. പ്രമേഹം വര്‍ധിച്ച് നാഡികളുടെ സംവേദനം കുറയുന്ന അവസ്ഥയില്‍ കാലിലെ മുറിവോ വേദനയോ അറിയാതെ പോകുന്നതും സാധാരണമാണ്. ഇക്കാരണത്താല്‍ അനുയോജ്യമായ പാദരക്ഷ ഉപയോഗിക്കുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പ്രധാനമാണ്.
10. പുകവലി ഒഴിവാക്കുക
പുകവലി ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്നതിനാല്‍ സ്വതവേ ഹൃദ്രോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികള്‍ക്ക് ഈ ദുശ്ശീലം അപകടകരമാണ്. പുകവലി ശീലമുള്ളവര്‍ ക്രമേണ ഇത് കുറച്ച് പൂര്‍ണമായി നിര്‍ത്തണം.
നിശബ്ദ കൊലയാളി എന്ന പേരിലാണ് വൈദ്യശാസ്ത്ര രംഗത്ത് പ്രമേഹം അറിയപ്പെടുന്നത്. അതിനു കാരണം മറ്റൊന്നുമല്ല. പുറത്തു കാണത്തക്ക ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ അവ നമ്മുടെ ഓരോ അവയവങ്ങളെയും ബാധിക്കും. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേക്കും അവ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ താറുമാറാക്കിയിരിക്കും. കണ്ണുകള്‍, വൃക്കകള്‍, നാഡീവ്യൂഹം, ഹൃദയം ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടും.
അതുകൊണ്ട് തന്നെ പ്രമേഹം വളരെ നേരത്തെ കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും, മറ്റു സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. മാത്രമല്ല, ചികിത്സകള്‍ തിരഞ്ഞെടുക്കുന്നതിനും, മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും, മരുന്നിന്റെ അളവുകള്‍ നിര്‍ണ്ണയിക്കുന്നതിനും ഒരു ഡോക്ടറെ സഹായിക്കുന്നത് പ്രമേഹ പരിശോധനകളാണ്. രോഗമുള്ളവര്‍ മാത്രമല്ല, രോഗസാധ്യത ഉള്ളവരും വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനകള്‍ നടത്തി തങ്ങള്‍ക്കു രോഗമില്ല എന്ന് ഉറപ്പുവരുത്തണം.
രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. നാം കഴിക്കുന്ന അന്നജം വിഘടിച്ചു ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകോശങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനും ബാക്കി ഗ്ലുക്കോസ് ഗ്ലൈക്കൊജെന്‍ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നതിനും ഇന്‍സുലിന്‍ സഹായിക്കുന്നു.
ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്ത അവസ്ഥയെ ടൈപ്പ് 1 പ്രമേഹമെന്നും ഇന്‍സുലിന്‍ ഉണ്ടായിട്ടും ശരീരത്തിന് അത് ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയെ ടൈപ്പ് 2 പ്രമേഹമെന്നും തരം തിരിച്ചിരിക്കുന്നു. ഈ അവസ്ഥകളില്‍ രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടുകയും അവ മൂത്രത്തില്‍ കൂടി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ജെസ്റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ് എന്നറിയപ്പെടുന്നു.
പ്രമേഹ ലക്ഷണങ്ങള്‍
അമിത ദാഹം, അമിതവിശപ്പ്, അമിത മൂത്രവിസര്‍ജനം ഇവ മൂന്നുമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രമേഹ ലക്ഷണങ്ങള്‍. ഇത് കൂടാതെ വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, ശരീരം ക്ഷീണിക്കുക,ജനനേന്ദ്രിയത്തില്‍ തുടര്‍ച്ചയായി ഫംഗസ് അണുബാധ, ഉണങ്ങാന്‍ താമസിക്കുന്ന മുറിവുകള്‍ തുടങ്ങിയവയും നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. കുറച്ചുകൂടി ഗുരുതരമായ അവസ്ഥയില്‍ വിരലുകളിലെ തരിപ്പ്, മോണവീക്കം, മങ്ങിയ കാഴ്ച, കണ് തടങ്ങളിലും കാലുകളിലും നീര്, സ്പര്‍ശന ശേഷിക്കുറവ് തുടങ്ങിയവയും പ്രകടമാകും.
ഗ്ലൂക്കോസ് മാത്രമായി പരിശോധിക്കുവാന്‍ കഴിയാതിരുന്ന കാലത്ത് എല്ലാ ഷുഗറുകളും ഒരുമിച്ചു പരിശോധിക്കേണ്ട വിദ്യകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, പല ഷുഗറുകളില്‍ ഒന്നായ ഗ്ലൂക്കോസ് മാത്രമായി പരിശോധിക്കുവാന്‍ ഇന്ന് ലാബുകളില്‍ സാധിക്കും. എങ്കിലും ഇന്നും പരിശോധനകളുടെ പേരിലെ ബ്ലഡ് ഷുഗര്‍ എന്ന പ്രയോഗം അങ്ങനെ തന്നെ നിലനില്ക്കുന്നു. പ്രമേഹ രോഗ നിര്‍ണ്ണയത്തിനായി ലാബുകളില്‍ സാധാരണയായി ചെയ്യുന്ന ചില പരിശോധനകള്‍ നമുക്ക് പരിചയപ്പെടാം.
ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍ (FBS)
തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ നേരം ഭക്ഷണം കഴിക്കതെയിരുന്നതിനു ശേഷം ചെയ്യുന്ന പരിശോധനയാണ് ഇത്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, ഫാസ്റ്റിങ്ങ് പ്ലാസ്മ ഗ്ലൂക്കോസ്. ഡയബറ്റിസ്, പ്രീഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുമ്പുള്ള അവസ്ഥ എന്നിവ കണ്ടെത്താന്‍ ഇതാണ് കൂടുതല്‍ ഉത്തമം. 70110 ാഴ /റഹ എന്നതാണ് ഇതിന്റെ നോര്‍മല്‍ റേഞ്ച്.
ഗ്ലൂക്കോസ് ശരീരത്തില്‍ ശേഖരിച്ചിരിക്കുന്നത് ഗ്ലൈക്കൊജെന്‍ എന്ന രൂപത്തിലാണ്. എട്ടു മണിക്കൂര്‍ ശരീരത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ കോശങ്ങള്‍ക്ക് ഊര്‍ജം നല്കുവാന് വേണ്ടി കരളില്‍ ശേഖരിച്ചിരിക്കുന്ന ഗ്ലൈക്കൊജെന്‍ തിരിച്ച് ഗ്ലൂക്കോസ് ആയി രക്തത്തില്‍ കലരുന്നു .
പ്രമേഹം ഇല്ലാത്ത ഒരാളില്‍ ഇത് 70110 ാഴ /റഹ എന്ന അളവിനുള്ളില്‍ നില്ക്കുവാന് ഇന്‍സുലിന്‍ സഹായിക്കും . 100 നും 120 നും ഇടയിലാണെങ്കില്‍ പ്രീഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുമ്പുള്ള അവസ്ഥയാണ്. എന്നാല്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാത്തവരില്‍ ഗ്ലൂക്കോസിന്റെ അളവ് 120 ല്‍ കൂടുതലായിരിക്കും. രണ്ടു ദിവസം രക്തം പരിശോധിക്കുമ്പോള്‍ ഗ്ലൂക്കോസ് 126 ാഴ/റഹ ല്‍ കൂടുതലാണെങ്കില്‍ ഇവര്‍ പ്രമേഹ രോഗികളാണ്.
ഇതോടൊപ്പം മൂത്രവും പരിശോധിക്കാം. അസുഖമില്ലത്തവരില് മൂത്രത്തില്‍ ഗ്ലൂക്കോസ് കാണില്ല.
പോസ്റ്റ് പ്രാണ്ടിയല് ബ്ലഡ് ഷുഗര്‍ (PPBS)
അന്നജം അടങ്ങിയ ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ എന്ന കൃത്യമായി ഇടവേളയില്‍ ചെയ്യുന്ന പരിശോധനയാണ് ഇത്. ചില ആളുകളില്‍ ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍ നോര്‍മല്‍ ആണെങ്കിലും ഭക്ഷണശേഷം സ്ഥിതി മാറാറുണ്ട്. ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ പാന്‍ക്രിയാസില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപെടുന്ന ഇന്‍സുലിന്‍ ഗ്ലൂക്കോസിനെ ഗ്ലൈക്കൊജെന്‍ ആക്കി മാറ്റുവാന്‍ സഹായിക്കും. എന്നാല്‍ പ്രമേഹ രോഗികളില്‍ ഈ പ്രക്രിയ കൃത്യമായി നടക്കാത്തതിനാല്‍ അവരിലെ ബ്ലഡ് ഗ്ലൂക്കോസ് ഉയര്‍ന്നു തന്നെ നില്ക്കും.
രണ്ടു മണിക്കൂറിനു ശേഷം ബ്ലഡ് ഗ്ലൂക്കോസ് തിരികെ ഫാസ്റ്റിങ്ങ് ലെവലില്‍ എത്തണം എന്നാണു കണക്ക്. ഭക്ഷണശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ബ്ലഡ് ഗ്ലൂക്കോസിന്റെ നോര്‍മല്‍ നില 140 ാഴ/റഹ ല്‍ താഴെയായിരിക്കും . 140200 ാഴ/റഹ പരിധിയിലാണെങ്കില്‍ പ്രമേഹസാധ്യതയുണ്ടെന്നു പറയാം. 200 നു മുകളിലാണെങ്കില്‍ നിങ്ങള്‍ പ്രമേഹ രോഗിയാണ്. രക്തം എടുക്കുന്നതിനോടൊപ്പം മൂത്രവും പരിശോധിക്കണം. പ്രമേഹമില്ലാത്തവരില്‍ ഒരു സമയത്തും മൂത്രത്തില്‍ ഗ്ലൂക്കോസ് ഉണ്ടാകാന്‍ പാടില്ല.
റാന്‍ഡം ബ്ലഡ് ഷുഗര്‍ (RBS)
എപ്പോള്‍ ഭക്ഷണം കഴിച്ചു എന്നത് കണക്കിലെടുക്കാതെ ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന പരിശോധനയാണ് ഇത്. എപ്പോള്‍ ചെയ്താലും രക്തത്തില്‍ ഗ്ലുക്കൊസിന്റെ അളവ് 200 ാഴ/റഹ താഴെയായിരിക്കണം. അല്ലെങ്കില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുന്നില്ല എന്ന് തന്നെ മനസ്സിലാക്കാം. 140200 ാഴ/റഹ ആണെങ്കില്‍ മറ്റു പരിശോധനകള്‍ നടത്തി പ്രമേഹമില്ലെന്നു ഉറപ്പു വരുത്തണം. 200 ാഴ/റഹ ല്‍ കൂടുതലാണെങ്കില്‍ പ്രമേഹം തന്നെ. എന്നാല്‍ ഞആട പ്രമേഹ ചികിത്സയ്ക്കുള്ള ആധികാരിക അളവായി എടുക്കാറില്ല.
ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍ ( HbA1C )
പ്രമേഹ പരിശോധനയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഒരു പരിശോധനയാണ് ഇത്. കഴിഞ്ഞ മൂന്നു മാസം നിങ്ങളുടെ ബ്ലഡ് ഗ്ലൂക്കോസ് നിയന്ത്രണത്തിലായിരുന്നോ എന്ന് കണ്ടെത്തുവാന്‍ ഈ പരിശോധന സഹായിക്കും. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഗ്ലൂക്കൊസിനെയാണ് ഇവിടെ കണ്ടെത്തുന്നത്.പ്രമേഹ നിയന്ത്രണത്തില്‍ നിങ്ങള്‍ വിജയിക്കുന്നുണ്ടോ എന്നും നിങ്ങളുടെ പ്രമേഹ നിയന്ത്രണ മാര്‍ഗങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്നും ഈ പരിശോധനയിലൂടെ അറിയാം.
ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് (OGTT)
ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലൂക്കോസ് 126ാഴ/റഹ ല്‍ കൂടുതല്‍ ഉള്ളവരിലും ഗര്‍ഭിണികളിലും ചെയ്യുന്ന പരിശോധനയാണ് ഇത്. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ കണ്ടു പിടിക്കപ്പെട്ടില്ലെങ്കില്‍ ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഇത് കൂടാതെ, ഹൈപോഗ്ലൈസീമിയ, അഥവാ രക്തത്തിലെ ഗ്ലൂക്കോസ് കുറഞ്ഞ അവസ്ഥ കണ്ടു പിടിക്കുവാനും ഈ പരിശോധന സഹായിക്കും.
പരിശോധനയ്ക്ക് മുന്‍പുള്ള മൂന്നു ദിവസം 150ാഴ അന്നജം ലഭ്യമാകുന്ന ഭക്ഷണം കഴിക്കണം. പരിശോധനാ ദിവസം രാവിലെ ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലൂക്കോസും മൂത്രവും പരിശോധിക്കും. അതിനു ശേഷം 75 ാഴ ഗ്ലൂക്കോസ് വെള്ളത്തില്‍ കലക്കി കുടിക്കുക. പിന്നീട് നിശ്ചിത സമയത്ത് വീണ്ടും രക്തവും മൂത്രവും പരിശോധിക്കുന്നു. രണ്ടു മണിക്കൂറിനു ശേഷവും രക്തത്തിലെ ഗ്ലൂക്കോസ് 200 നു മുകളിലാണെങ്കില്‍ നിങ്ങള്‍ പ്രമേഹ രോഗിയാണ്.രോഗമില്ലാത്തവരില്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് ഉണ്ടായിരിക്കില്ല.
ഗ്ലൂക്കോമീറ്റര്‍
ഒരു തുള്ളി രക്തം വിരല്‍തുമ്പില്‍ നിന്ന് കുത്തിയെടുത്ത് പരിശോധനാ സ്ട്രിപ്പില്‍ ഒഴിച്ച് പരിശോധിക്കുന്ന രീതിയാണ് ഗ്ലൂക്കോമീറ്ററില്‍ ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പിലെ രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി ഗ്ലൂക്കോസിന്റെ അളവ് അറിയാന്‍ സാധിക്കും.വീടുകളിലിരുന്നു തന്നെ രക്തം പരിശോധിക്കുവാന്‍ ഇവ സഹായിക്കുമെങ്കിലും തെറ്റുകള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ലാബുകളില്‍ പരിശോധിച്ച് ലഭിക്കുന്ന റിസള്‍ട്ട് ആണ് കൂടുതല്‍ ആധികാരികം.
പ്രമേഹ മൂത്ര പരിശോധന
സാധാരണ ഗതിയില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് 180 ാഴ/റഹ ല്‍ കൂടുമ്പോള്‍ മാത്രമേ അത് മൂത്രത്തില്‍ കൂടെ പുറന്തള്ളപ്പെടുകയുള്ളൂ. പ്രമേഹമില്ലാത്തവരില്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കാണുകയില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ബ്ലഡ് ഗ്ലൂക്കോസ് നോര്‍മല്‍ ആണെങ്കിലും മൂത്രത്തില്‍ ഗ്ലൂക്കോസ് കാണാറുണ്ട്. ഇതിനെ റീനല്‍ ഗ്ലൈക്കോസൂറിയ എന്ന് വിളിക്കുന്നു.
അതുകൊണ്ട് തന്നെ നേരത്തെയുള്ള പ്രമേഹ നിര്‍ണ്ണയത്തിന് രക്ത പരിശോധനയാണ് കൂടുതല്‍ ഉത്തമം. കടുത്ത പ്രമേഹ രോഗികളില്‍ മൂത്രത്തിലെ അസടോണ് പരിശോധിക്കാറുണ്ട്. മൂത്രത്തിലെ മൈക്രോ ആല്ബുമിന് പരിശോധിക്കുന്നത് വൃക്കകളുടെ തകരാറുകള്‍ നേരത്തെ തന്നെ കണ്ടു പിടിക്കുന്നതിനു സഹായിക്കും.
അനുബന്ധ പരിശോധനകള്‍
രക്തത്തിലെയും മൂത്രത്തിലെയും ഗ്ലൂക്കോസിന്റെ അളവ് അറിഞ്ഞത് കൊണ്ട് മാത്രമായില്ല. പ്രമേഹ തീവ്രത അറിയുവാന്‍ മറ്റു പല അനുബന്ധ പരിശോധനകളും ആവശ്യമായി വന്നേക്കാം. ഹൃദയത്തിന്റെയും, വൃക്കകളുടെയും, കണ്ണുകളുടെയും അവസ്ഥകള്‍ അറിയുവാനുള്ള പരിശോധനകള്‍, കാലിലേക്കുള്ള രക്തയോട്ടം അറിയുവാനുള്ള പരിശോധനകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഡയബെറ്റീസ് പാനല്‍ എന്ന പേരില്‍ രക്ത്തത്തിലെ കൊളസ്ട്രോള്‍ ഘടകങ്ങള്‍, ക്രിയാട്ടിനിന്‍, യുറിയ തുടങ്ങിയവ പരിശോധിക്കുന്നത് ഇതിന്റെ ഭാഗമായാണ്.
പ്രമേഹം കണ്ടെത്തുവാനും, ഇല്ലെന്നു ഉറപ്പു വരുത്തുവാനും, രോഗം ഉള്ളവരില്‍ അത് നിയന്ത്രണത്തില്‍ ആണോ എന്ന് അറിയുവാനും പ്രമേഹ പരിശോധനകള്‍ അത്യാവശ്യമാണ്. പ്രമേഹ പരിശോധനകള്‍ കൃത്യമായി ചെയ്യുന്നത് രോഗം നേരത്തെ കണ്ടെത്തുവാനും നിയന്ത്രിക്കുവാനും സഹായിക്കും.
കടപ്പാട് ആശ ദാസ്
ശുചിത്വമുള്ള പാദങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പാദസംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കേണ്ടത് തന്നെയാണ്. പ്രമേഹ ചികിസ്തയില് മസ്തിഷ്കം, കണ്ണ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് നല്കുന്ന അതേ പ്രാധാന്യം പാദങ്ങള്‍ക്കും നല്‍കണം.
രോഗത്തിന്റെ ആരംഭദശയില്‍ അത്ര അധികം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും, പിന്നീട് കാല് മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ (ഗില്ലറ്റിന് ആംപ്യുട്ടേഷനന്‍) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നതാണ് പാദങ്ങളുടെ പ്രശ്നങ്ങള്‍.
പ്രമേഹവും പാദരോഗങ്ങളും
പ്രമേഹത്തെ തുടര്‍ന്ന് നാഡികള്‍ നശിക്കുന്നതിനാല്‍ കാലുകളില്‍ സ്പര്‍ശനശേഷി കുറയുന്നു. ഇത് കാരണം, പാദങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടായാല്‍ പോലും അവ രോഗിയുടെ ശ്രദ്ധയില്‍ പെടാതെ പോകും. കാലുകളിലേയ്ക്കും പാദങ്ങളിലേക്കുമുള്ള രക്തചംക്രമണം താരതമ്യേന കുറവായതിനാല്‍ ശ്വേതാണുക്കള
ശുചിത്വമുള്ള പാദങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം പാദസംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കേണ്ടത് തന്നെയാണ്. പ്രമേഹ ചികിസ്തയില് മസ്തിഷ്കം, കണ്ണ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് നല്കുന്ന അതേ പ്രാധാന്യം പാദങ്ങള്‍ക്കും നല്‍കണം.
രോഗത്തിന്റെ ആരംഭദശയില്‍ അത്ര അധികം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും, പിന്നീട് കാല് മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ (ഗില്ലറ്റിന് ആംപ്യുട്ടേഷനന്‍) പോലെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നതാണ് പാദങ്ങളുടെ പ്രശ്നങ്ങള്‍.
പ്രമേഹവും പാദരോഗങ്ങളും
പ്രമേഹത്തെ തുടര്‍ന്ന് നാഡികള്‍ നശിക്കുന്നതിനാല്‍ കാലുകളില്‍ സ്പര്‍ശനശേഷി കുറയുന്നു. ഇത് കാരണം, പാദങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടായാല്‍ പോലും അവ രോഗിയുടെ ശ്രദ്ധയില്‍ പെടാതെ പോകും. കാലുകളിലേയ്ക്കും പാദങ്ങളിലേക്കുമുള്ള രക്തചംക്രമണം താരതമ്യേന കുറവായതിനാല്‍ ശ്വേതാണുക്കളുടെ കുറവുമൂലം മുറിവുകള്‍ സുഖപ്പെടുവാന്‍ കാലതാമസമെടുക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാകയാല്‍ മുറിവുകളില്‍ അണുബാധയുണ്ടാകുവാനുള്ള സാധ്യതയും കൂടുതലാണ്. ക്രമേണ ഇത് ഡയബെറ്റിക് ഗാന്ഗ്രീന് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ലോകത്താകെയുള്ള കണക്കെടുത്താല്‍ ഓരോ മുപ്പതു സെക്കന്‍ഡിലും പാദരോഗങ്ങളുടെ ഗുരുതരാവസ്ഥ കാരണം ഒരു പ്രമേഹരോഗിയുടെ കാല് മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ നടക്കുന്നുണ്ട്. ഇത് ഈ രോഗത്തിന്റെ ഭീകരത എത്രയെന്നു വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പാദശുശ്രൂഷ അഥവാ ഡയബെറ്റിക് പോഡിയാട്രി എന്ന ഒരു പ്രത്യേകവിഭാഗം തന്നെ പ്രമേഹരോഗചികിത്സയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രമേഹരോഗികളില്‍ പാദസംരക്ഷണവും പ്രതിരോധപാദശുശ്രൂഷയും ഒരുപോലെ പ്രധാനമാണ്. രാത്രി കിടക്കുന്നതിനു മുമ്പ് പാദങ്ങള്‍ കഴുകി ഉണക്കണം.ഓരോ പാദത്തിന്റെയും അടിവശം തനിച്ചോ അല്ലെങ്കില്‍ മറ്റൊരാളിന്റെ സഹായത്തോടു കൂടിയോ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം. മുറിവുകളോ,ചതവുകളോ ഉണ്ടെങ്കില്‍ അവ നേരത്തെ തന്നെ കണ്ടെത്തുവാനും ചികിത്സ തേടുവാനും ഇത് സഹായിക്കും.
വീടിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും എല്ലായ്പ്പോഴും പാദരക്ഷകള്‍ ധരിക്കുക. കൃത്യമായ അളവിലുള്ള പാദരക്ഷകള്‍ തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കാല് നഖങ്ങള്‍ മുറിക്കുമ്പോള്‍ നേരെ തന്നെ വെട്ടുന്നതാണ് ഉത്തമം. ഇല്ലെങ്കില്‍ നഖങ്ങളുടെ അറ്റം വിരലിന്റെ ഇരു വശങ്ങളിലേക്കും ആഴ്ന്നിറങ്ങി മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. എണ്ണമയമുള്ള ലേപനങ്ങള്‍ പുരട്ടുന്നത് ചൊറിച്ചില്‍ മൂലം തൊലി പൊട്ടുന്നത് തടയാന്‍ സഹായിക്കും.
മഴക്കാലത്ത് പാദങ്ങള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണം. നനഞ്ഞ പാദങ്ങള്‍ എത്രയും പെട്ടന്ന് തന്നെ തുടച്ചു ഉണക്കേണ്ടാതാണ്. ഇല്ലെങ്കില്‍ അവ പൂപ്പല്‍ ബാധയ്ക്കു ഇടയാക്കും. നനഞ്ഞതോ ഈര്‍പ്പമുള്ളതോ ആയ സോക്സുകള്‍ യാതൊരു കാരണവശാലും ധരിക്കരുത്.
ദിവസേന ഒരു നിശ്ചിത സമയം പാദസംരക്ഷണത്തിനായി നീക്കി വെയ്ക്കുവാന്‍ കഴിഞ്ഞാല്‍ പ്രമേഹവുമായി ബന്ധപ്പെട്ട പാദങ്ങളുടെ പല പ്രശ്നങ്ങളും ഒഴിവാക്കുവാന്‍ സാധിക്കും.
കടപ്പാട് ആശ ദാസ്
കേരളത്തിലെ ക്ഷയരോഗികളില്‍ പകുതിയോളം പേര്‍ക്കും പ്രമേഹം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ജീവിതശൈലീരോഗങ്ങളും പകര്‍ച്ചവ്യാധികളും...
കേരളത്തിലെ ക്ഷയരോഗികളില്‍ പകുതിയോളം പേര്‍ക്കും പ്രമേഹം ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ജീവിതശൈലീരോഗങ്ങളും പകര്‍ച്ചവ്യാധികളും മലയാളികളുടെ ആരോഗ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തെ നമ്മള് എങ്ങനെയാണ് നേരിടാന്‍ പോകുന്നത്
*പ്രമേഹ നിയന്ത്രണത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുക
*ക്ഷയരോഗ നിയന്ത്രണ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക
*പ്രമേഹ നിയന്ത്രണത്തിനും ക്ഷയരോഗ നിയന്ത്രണത്തിനുമുള്ള പദ്ധതികളെ പരമാവധി ഏകോപിപ്പിക്കുക
*ക്ഷയരോഗികളില്‍ പ്രമേഹമുണ്ടോ എന്നും തിരിച്ചും അറിയാന്‍ പരിശോധനകളും നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തുക
*പ്രമേഹമുള്ള ക്ഷയരോഗികളില്‍ ഉന്നത നിലവാരമുള്ള ചികിത്സ ഉറപ്പാക്കുക. ഇതൊക്കെയാണ് ആലോചിക്കേണ്ടത്
പകരുന്ന ക്ഷയം. പകരാത്ത പ്രമേഹം. രണ്ട് വ്യത്യസ്തതരം രോഗങ്ങള്‍. ഇവ രണ്ടും ചേര്‍ന്ന് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയൊരു വെല്ലുവിളി ഉയര്‍ത്തുകയാണിപ്പോള്‍. ഒറ്റയ്ക്കുതന്നെ വലിയ ആഘാതം ഏല്പിക്കാന് കെല്പുള്ള രോഗങ്ങളാണിവ. അപ്പോള്‍ അവ കൂട്ടുചേര്ന്നാലുള്ള സ്ഥിതി പറയണോ? പ്രമേഹവും ടി.ബി.യും ഒരുമിച്ചു വരുന്നു എന്നതും ഈ കൂട്ടുകെട്ട് അപകടകരമാംവിധത്തില്‍ വര്‍ധിച്ചുവരുന്നു എന്നതും വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു. കേരളത്തിലെ ടി.ബി. രോഗികളില്‍ ഏതാണ്ട് 40 ശതമാനത്തിലധികം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് ലോകാരോഗ്യസംഘടന നടത്തിയ സര്‍വേ പറയുന്നത്. നമ്മുടെ നാട്ടില്‍ ക്ഷയരോഗികളില്‍ പകുതിപേര്‍ക്കും പ്രമേഹവുമുണ്ട് എന്ന് പറയാവുന്ന ഒരു സാഹചര്യം വന്നുചേരുകയാണ്.
പ്രമേഹവും ക്ഷയവും ഉണ്ടെന്ന കാര്യം തിരിച്ചറിയാതെയാണ് ഒരുപാട് ആളുകള്‍ ജീവിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. പ്രമേഹം തിരിച്ചറിയാന്‍ വൈകുന്നതുപോലെ കൂടെ ക്ഷയം ഉണ്ടെന്ന കാര്യവും വൈകിയാണ് പലരും തിരിച്ചറിയുന്നതും.
കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ഇക്കാര്യത്തില്‍ രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണ് ഡബ്ല്യു.എച്ച്.ഒ. നല്‍കിയിരിക്കുന്നത്. നാടിന്റെ പുരോഗതിയെപ്പോലും പിറകോട്ടു പിടിച്ചുവലിക്കാന്‍ ശേഷിയുള്ള പ്രശ്നമാണിത്.
25 ലക്ഷത്തിലധികം പ്രമേഹരോഗികള്‍ കേരളത്തില്‍ ഉണ്ടെന്നാണ് വിദഗ്ധപക്ഷം. പകര്‍ച്ചവ്യാധി അല്ലാത്ത പ്രമേഹം, പകര്‍ച്ചവ്യാധിയേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന അസാധാരണ സാഹചര്യമാണിവിടെയുള്ളത്. വര്‍ഷംതോറും നൂറുകണക്കിന് പുതിയ ക്ഷയരോഗികളെ കണ്ടെത്തുന്നുമുണ്ട് നമ്മുടെ നാട്ടില്‍. 2011-ല്‍ കേരളത്തില്‍ 26,121 ആളുകളാണ് ക്ഷയത്തിന് ചികിത്സ തേടിയത്. 2012 ജനവരി മുതല്‍ സപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 19,458 ക്ഷയ രോഗികള്‍ ചികിത്സയിലുണ്ട്. ഇത് പുതുക്കിയ ക്ഷയരോഗ നിര്‍മാര്‍ജനപദ്ധതി (ആര്.എന്‍.ടി.സി.പി.) പ്രകാരമുള്ള കണക്കുകളാണ്. സ്വകാര്യ ചികിത്സ തേടുന്നവര്‍ വേറെയുമുണ്ടാകും. രോഗം തിരിച്ചറിയപ്പെടാത്തവര്‍ ഇതിനുപുറമേയും.
ഭയക്കണം, മരുന്നിനു വഴങ്ങാത്ത അണുക്കളെ
ക്ഷയരോഗത്തിനുള്ള ആന്റിബയോട്ടിക്ക് മരുന്നുകള്‍ക്കെതിരെ അണുക്കള്‍ പ്രതിരോധശേഷി നേടാറുണ്ട്. മള്‍ട്ടി ഡ്രഗ്ഗ് റെസിസ്റ്റന്റ് ടി.ബി. (എം.ഡി.ആര്. ടി.ബി.) എന്നാണിത് അറിയപ്പെടുന്നത്. അപകടകരമായ അവസ്ഥയാണിത്. എം.ഡി.ആര്. ടി.ബി. വന്നവരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടുന്ന രോഗവും എം.ഡി.ആര്. ടി.ബി. തന്നെയായിരിക്കും എന്നത് ആപത്ത് വെളിപ്പെടുത്തുന്നു. കേരളത്തില്‍ എം.ഡി.ആര്. ടി.ബി.ക്ക് ചികിത്സ തേടുന്നവരില്‍ 30 ശതമാനത്തോളം പ്രമേഹരോഗികളാണ്. പ്രമേഹവും ടി.ബി.യും ഉള്ളവരില്‍ എം.ഡി.ആര്. ടി.ബി. ക്ക് സാധ്യത കൂടുതലുമാണ്. കേരളത്തില്‍ എം.ഡി.ആര്. ടി.ബി. വരുന്നവരുടെ എണ്ണവും കൂടി വരുന്നതായാണ് ടി.ബി. സെല്ലില്‍ നിന്നുള്ള വിവരം.
പ്രമേഹം ഉള്ളവര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയുണ്ട്. പ്രമേഹം ഉണ്ടെങ്കില്‍ ക്ഷയരോഗ മരുന്നുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. സാധാരണനിലയില്‍ ക്ഷയരോഗ ചികിത്സ ആറ് മാസക്കാലമാണ്. രോഗം പൂര്‍ണമായും ഭേദമാവുകയും ചെയ്യും. എന്നാല്‍, പ്രമേഹം ഉള്ളവരില്‍ ക്ഷയം ആറുമാസം കൊണ്ട് ഭേദമായിക്കൊള്ളണമെന്നില്ല. കുറച്ചുകാലംകൂടി നീളും. പ്രമേഹമുള്ള ക്ഷയരോഗികളില്‍ സാധാരണ ക്ഷയരോഗികള്‍ക്ക് നല്‍കാറുള്ള കാറ്റഗറി 1 ചികിത്സ പലപ്പോഴും പരാജയപ്പെടാറുമുണ്ട്. അപ്പോള്‍ രണ്ടാംനിര ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടിയും വരും. അതിനാല്‍ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണ്ടിവരുന്നു.
പ്രമേഹത്തോടൊപ്പം ചേര്‍ന്നുള്ള പുതിയ ആക്രമണം ക്ഷയരോഗ നിയന്ത്രണത്തിന്റെ കാര്യത്തില്‍ നാം ഇതുവരെ നേടിയ പുരോഗതിയെ പിറകോട്ടടിപ്പിക്കാന്‍ കെല്പുള്ളതാണ്.
പ്രതിരോധശേഷി കുറയുമ്പോള്‍
ക്ഷയരോഗം കാലങ്ങളായി നമ്മുടെ നാട്ടിലുണ്ട്. എല്ലാകാലത്തും ഒരേപോലെ നില്‍ക്കുകയും വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് ക്ഷയം. ക്ഷയരോഗമുള്ള ഒരാള്‍ രോഗിയായിത്തുടര്ന്നാല് സമൂഹത്തിനാകെ അത് ഭീഷണിയായിത്തീരുന്നു. ഒരു ക്ഷയരോഗിയില്‍ നിന്ന് ഒരുവര്‍ഷം കൊണ്ട് ശരാശരി 10 മുതല്‍ 15 വരെ ആളുകള്‍ക്ക് രോഗം പകര്‍ന്നുകിട്ടാം. ക്ഷയരോഗം ഇല്ലെങ്കിലും ക്ഷയരോഗാണുക്കളുമായി ജീവിക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഏതാണ്ട് 40 ശതമാനത്തോളം ആളുകളില്‍ അണുബാധയുണ്ടെന്നാണ് അനുമാനം. ക്ഷയരോഗമുണ്ടാക്കുന്ന ബാക്ടീരിയ ഉള്ളില്‍ കടന്നാലും എല്ലാവരിലും രോഗബാധയായി മാറണമെന്നില്ല. സാമാന്യം പ്രതിരോധശേഷിയുള്ള ആളുകളില്‍ ഈ അണു നിഷ്ക്രിയമായി ഒതുങ്ങിക്കഴിയും. ലേറ്റന്റ് ടി.ബി. എന്നാണിത് അറിയപ്പെടുന്നത്. ഇത് ഉള്ളവരില്‍ പിന്നീട് ക്ഷയരോഗം വരാനുള്ള സാധ്യത ഏറേയാണ്. രോഗപ്രതിരോധശേഷി കുറയുമ്പോള്‍ ക്ഷയരോഗാണുക്കള്‍ക്ക് വീര്യം കൈവരുന്നു. ഒടുവില്‍ രോഗബാധയുണ്ടാക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി കുറയ്ക്കുന്ന രോഗങ്ങള്‍ ഉള്ളവരില്‍ ക്ഷയരോഗബാധ വളരെക്കൂടുതലായി കാണുന്നതിന്റെ കാരണം ഇതാണ്. എച്ച്.ഐ.വി. ബാധ ഇത്തരത്തില്‍ ഒന്നാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മറ്റൊരുരോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ നില ദീര്‍ഘകാലം അനിയന്ത്രിതമായി കൂടിനില്ക്കുമ്പോള് അത് പ്രതിരോധസംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു.
വേണം
ക്രോസ് റഫറന്‍സ്
എച്ച്.ഐ.വി.യും ക്ഷയവും തമ്മിലുള്ള കൂട്ടുകെട്ടിനെ നേരിടുന്നതുപോലെ ഈ പ്രശ്നത്തെയും സമീപിക്കാന്‍ പല രാഷ്ട്രങ്ങളും തീരുമാനിച്ചുകഴിഞ്ഞു. ക്ഷയത്തിന്റെയും എച്ച്.ഐ.വി.യുടെയും കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ ക്രോസ് റഫറന്‍സ് പരിശോധന ഏര്‍പ്പെടുത്തുക എന്നതാണ് ഇതില്‍ പ്രധാനം. പ്രമേഹം ഉള്ളവര്‍ക്ക് ക്ഷയം ഉണ്ടോ എന്നും ക്ഷയം ഉള്ളവരില്‍ പ്രമേഹം ഉണ്ടോ എന്നും അറിയാനാണ് ഇത്തരത്തില്‍ പരിശോധന വേണമെന്ന് പറയുന്നത്. എച്ച്.ഐ.വി.- ക്ഷയം എന്നിവയുടെ കാര്യത്തില്‍ ഇത് ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ടിപ്പോള്‍. ക്ഷയത്തിന്റെയും പ്രമേഹത്തിന്റെയും കാര്യത്തിലും ഇത്തരം പരിശോധനകള്‍ പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. പ്രമേഹ നിയന്ത്രണത്തിനും ക്ഷയരോഗ നിയന്ത്രണത്തിനുമുള്ള പദ്ധതികളെ പരമാവധി ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ലോക രാഷ്ട്രങ്ങളോട് സംഘടന ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തിന് എന്തൊക്കെ ചെയ്യാനാവും എന്ന് അലോചിച്ച് ആവിഷ്കരിക്കേണ്ടതുണ്ട്.
ക്ഷയരോഗ നിയന്ത്രണത്തിന് സംവിധാനം ഉണ്ട്. പുതുക്കിയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതി (ആര്.എന്‍.ടി.സി.പി.) ഇവിടെ താരതമ്യേന ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍, പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തില്‍ നമുക്ക് യാതൊരു പദ്ധതികളും ഇല്ല. ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടാന്‍ ലോക രാജ്യങ്ങളെല്ലാം പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്.
കടപ്പാട് രണ്‍ജിത്ത് ചാത്തോത്ത്
അവസാനം പരിഷ്കരിച്ചത് : 6/10/2020
ഡയബറ്റിസ് അഥവാ പ്രമേഹം ഇന്ത്യയില്‍ ഒന്നു മുതല്‍ മൂ...
കൂടുതല്‍ വിവരങ്ങള്‍
ആരോഗ്യകരമായ ഡയറ്റും വ്യായാമവും മുഖേന വണ്ണം കൂടാതെ ...
പ്രമേഹവുമായിട്ടു ബന്ധപ്പെട്ട വിവരങ്ങള്‍