ഭക്ഷണം ഒരു മരുന്നാണോ? ആരോഗ്യം നിലനിര്‍ത്താനും രോഗത്തെ അകറ്റാനും ശേഷിയുള്ളവയാണ് മരുന്ന് എങ്കില്‍ ഭക്ഷണവും മരുന്നാണ്. ഭൂരിഭാഗം പേരിലും കാണുന്ന ടൈപ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മൂന്നു മരുന്നുകളില്‍ ഒന്നാണ് ഭക്ഷണം. വ്യായാമവും രാസമരുന്നുകളുമാണ് മറ്റു രണ്ടെണ്ണം. ഈ മൂന്നു മരുന്നുകളും കൂടിച്ചേരുമ്പോള്‍ മാത്രമേ പ്രമേഹചികിത്സ പൂര്‍ണമാകൂ. ഒഴിവാക്കേണ്ട ഭക്ഷണം ഒഴിവാക്കുക. കഴിക്കേണ്ടവ കഴിക്കുക, സമയത്തു കഴിക്കുക, അളവു നിയന്ത്രിക്കുക. ഭക്ഷണം ഒരു പ്രമേഹമരുന്നായി മാറുന്നത് ഇത്തരം നിബന്ധനകള്‍ പാലിക്കുമ്പോഴാണ്.
ബഹുഭൂരിപക്ഷം ടൈപ് 2 പ്രമേഹരോഗികളിലും ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം രക്തത്തിലെ പഞ്ചസാരനില നിയന്ത്രിച്ചു നിര്‍ത്താം. ഇതിനു ചില ചിട്ടകളും സമയക്രമീകരണവും വേണ്ടിവരും എന്നുമാത്രം. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ രണ്ടു മൂന്നുമാസം കൊണ്ടു തന്നെ ഈ നേട്ടം കൈവരിക്കാനാകും. ക്രമേണ മരുന്നുകളുടെ അളവും കുറച്ചു കൊണ്ടുവരാനാകും. പക്ഷേ, ഷുഗര്‍നില സൂക്ഷ്മമായി നിരീക്ഷിച്ചും ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ചും മാത്രമേ മരുന്നില്‍ മാറ്റം വരുത്താവൂ.
എപ്പോള്‍ കഴിക്കണം?
പ്രമേഹരോഗി വിശക്കുമ്പോഴല്ല വിശക്കാതിരിക്കാനാണ് ഭക്ഷണം കഴിക്കേണ്ടത്. വിശപ്പ് അനുഭവപ്പെടുന്നത് രക്തത്തിലെ ഗൂക്കോസ് നില കുറയുമ്പോഴാണ്. എങ്കില്‍ ഒട്ടും വിശക്കാത്ത വിധം മൂക്കുമുട്ടെ ഭക്ഷണം കഴിച്ചാല്‍ മതിയല്ലോ എന്നാവും പലരും ചിന്തിക്കുക. അതും തെറ്റാണ്. അമിതമായി ഭക്ഷണം ചെന്നാല്‍ പ്രമേഹരോഗിയില്‍ ഷുഗര്‍ നിയന്ത്രണാതീതമായി ഉയരുകയും ചെയ്യും. അതായത് രക്തത്തിലെ പഞ്ചസാരനില കൂടാതെയും കുറയാതെയും നല്ല സന്തുലിതമായി കൊണ്ടു നടക്കുക. അതാണ് പ്രമേഹരോഗി ചെയ്യേണ്ടത്. അതിനുള്ള എളുപ്പമാര്‍ഗം കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി കഴിക്കുകയാണ്. അതിലൂടെ ഷുഗര്‍നില ഏറ്റക്കുറച്ചിലില്ലാതെ നിലനിര്‍ത്താനാകും. വയറു നിറയ്ക്കുവാനല്ല, വിശപ്പ് ശമിപ്പിക്കുവാനാണ് ഭക്ഷണം കഴിക്കേണ്ടത്. ഇടയ്ക്ക് വിശപ്പു തോന്നുന്നുവെങ്കില്‍ വേവിക്കാത്ത പച്ചക്കറികള്‍ യഥേഷ്ടം കഴിക്കുക. വയര്‍ നിറയെ കഴിച്ചാലും കൊഴുപ്പുണ്ടാക്കാത്ത ഭക്ഷണസാധനങ്ങളാണു പച്ചക്കറികള്‍.
സമീകൃതാഹാരം എന്ന മരുന്ന്
ഒരാളുടെ അധ്വാനത്തിനും പ്രായത്തിനും രോഗങ്ങളുള്‍പ്പെടെയുള്ള മറ്റു ഘടകങ്ങള്‍ക്കും അനുസൃതമായി ഊര്‍ജവും മറ്റ് പോഷകമൂല്യങ്ങളും നിത്യേന നല്കുന്ന ഭക്ഷണക്രമത്തെയാണ് സമീകൃതാഹാരം എന്നു പറയുന്നത്. അതിനര്‍ഥം എല്ലാ പ്രമേഹരോഗികള്‍ക്കും ഒരേതരത്തിലുള്ള ഭക്ഷണമല്ല വേണ്ടത് എന്നര്‍ഥം. പ്രമേഹത്തിന്റെ അവസ്ഥ, അതിന്റെ സങ്കീര്‍ണതകള്‍ ഇവയൊക്കെ അനുസരിച്ച് ആഹാരക്രമവും വ്യത്യാസപ്പെടും. അന്നജം എന്ന കാര്‍ബോഹൈഡ്രേറ്റ്സ്, മാംസ്യം, കൊഴുപ്പ് ഇവയാണു ഭക്ഷണത്തിലെ പ്രധാന ഘടകങ്ങള്‍. വിറ്റമിനുകളും ധാതുലവണങ്ങളും മൂലകങ്ങളും നാരുകളും നമുക്കു ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്നു. അന്നജം ഊര്‍ജം പ്രദാനം ചെയ്യുന്നു. പ്രോട്ടീനും ഫാറ്റും ശരീരവളര്‍ച്ചയെ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നു. പ്രമേഹരോഗിയുടെ സമീകൃതാഹാരത്തില്‍ അന്നജം (കാര്‍ബോഹൈഡ്രേറ്റ്) 5060, പ്രോട്ടീന്‍ 1520%, കൊഴുപ്പ് 2530% (അപൂരിത കൊഴുപ്പ് 10% വരെ) ആകാം.
അന്നജം ശരീരത്തില്‍ മധുരം
അന്നജം നമുക്ക് ഊര്‍ജം നല്കുന്നു. ഇത് അളവില്‍ കൂടുതല്‍ ഭക്ഷിച്ചാല്‍ ശരീരത്തിലെ കൊഴുപ്പായി മാറുന്നു. അമിതശരീരഭാരത്തിനും കുടവയറിനും പിന്നീടു പ്രമേഹത്തിനും കാരണമാകുന്നു. ഉദാഹരണത്തിന് നമ്മുടെ പ്രധാന ഭക്ഷണമായ ചോറ്. വയറുനിറയെ ഭക്ഷണം കഴിച്ചു ശീലിച്ചവരായതുകൊണ്ടു പ്രമേഹമുണ്ടെന്നറിഞ്ഞാലും നമ്മള് പതിവു ശൈലി തുടരുന്നു. ചോറ് അധികം ഭക്ഷിച്ചാല്‍ അതു കരളിലും മാംസപേശികളിലും കൊഴുപ്പായി സംഭരിക്കപ്പെടുകയും അമിതശരീരഭാരത്തിനു കാരണമാവുകയും ചെയ്യുന്നു. അന്നജം ശരീരം സ്വീകരിക്കുന്നത് ഗൂക്കോസ് ആയാണ്. അതിനാലാണ് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ ഷുഗര്‍നില ഉയരുന്നത്. നിത്യാഹാരത്തില്‍ അന്നജത്തിന്റെ അളവു കായികാധ്വാനത്തിനനു സരിച്ചാണെങ്കിലും സാധാരണ നിലയില്‍ അന്നജം ഒരു ദിവസം ഒന്ന് ഒന്നര കപ്പ് മതി.
പ്രോട്ടീന്‍
മാംസപേശികളിലെ പ്രധാനഘടകം പ്രോട്ടീനാണ്. ശരീരവളര്‍ച്ചയ്ക്കു സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളെ ബോഡി ബില്‍ഡിങ് ഫൂഡ് എന്നും വിളിക്കും. മാംസ്യാഹാരത്തിലെ പ്രോട്ടീനെക്കാള്‍ പയറുവര്‍ഗങ്ങളില്‍ നിന്നു കിട്ടുന്ന പ്രോട്ടീനാണു ഗുണമേന്മയുള്ളത്. കൂടാതെ നാരുകള്‍ ലഭിക്കുകയും ചെയ്യുന്നു. മോശപ്പെട്ട മാംസ്യാഹാരമാണു മട്ടന്‍, ബീഫ് മുതലായ റെഡ്മീറ്റുകള്‍. ഇവ കൊളസ്ട്രോള്‍ ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കൂട്ടുന്നു.
പ്രതിരോധത്തിന് നാരുകള്‍
ഇലക്കറികളില്‍ നാരുകള്‍ സമൃദ്ധമാണ്. ശരീരത്തിലേക്കു നാരുകള്‍ വലിച്ചെടുക്കപ്പടുന്നില്ല എങ്കിലും ഇവയ്ക്ക് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. നാരുകള്‍ കുടലിന്റെ സങ്കോചത്തിനു സഹായിക്കുകയും മലബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രമേഹത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്ന ഇന്‍ക്രിറ്റിന്‍ ഹോര്‍മോണുകളെ ക്രമപ്പെടുത്തുന്നതിനും സഹായിക്കും. പയര്‍ വര്‍ഗങ്ങള്‍ തൊലിയോടെ ഉപയോഗിച്ചാല്‍ ധാരാളം നാരുകള്‍ ലഭിക്കും. ഉണങ്ങിയ പയര്‍ വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ചാല്‍ വിറ്റമിന്‍ സി ധാരാളമായി ഉല്പാദിപ്പിക്കപ്പെടും. ഇവ അമിതമായി വേവിക്കുവാന്‍ പാടില്ല. പ്രമേഹരോഗിയുടെ ആഹാരത്തില്‍ എല്ലാ നേരവും കുറേശെ ഏതെങ്കിലും പയര്‍ ഉള്‍ക്കൊള്ളിക്കണം.
കൊഴുപ്പ് അദൃശ്യമായും
നാം കഴിക്കുന്ന സമീകൃതാഹാരത്തില്‍ 1525% വരെ അദൃശ്യകൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി, ആഹാരത്തിനനുസരിച്ചു ശാരീരിക അധ്വാനം ഇല്ലാത്തത്, മാംസ്യാഹാരം ധാരാളം കഴിക്കുന്നത്, വെളിച്ചെണ്ണയുടെ അമിത ഉപയോഗം ഇതെല്ലാം കൊളസ്ട്രോള്‍ കൂട്ടും. പ്രത്യേകിച്ച് ചീത്തകൊളസ്ട്രോളായ എല്‍ഡിഎല്‍ കൂടുതലുള്ള പ്രമേഹരോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസത്തെ അനുവദനീയമായ എണ്ണയുടെ തോത് മൂന്നു ടീസ്പൂണ്‍ ആണ്. അല്ലെങ്കില്‍ ഒരു മാസം അര കിലോ എണ്ണയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. മാത്രമല്ല ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. പൂരിതകൊഴുപ്പമ്ളങ്ങള്‍ ധാരാളമടങ്ങിയ വെളിച്ചെണ്ണയെക്കാള്‍ നല്ലത് അപൂരിത കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയ സണ്‍ഫ്ളവര്‍ ഓയില്‍, ഒലിവ് ഓയില്‍, തവിടെണ്ണ തുടങ്ങിയവയാണ്. ഒമേഗാ ഫാറ്റി ആസിഡ് രക്തത്തിലെ കൊളസ്ട്രോളിന്റെ ഒരു ഘടകമായ ട്രൈഗിസറൈഡ്സിന്റെ അളവു കുറയ്ക്കുന്നു. അയല, മത്തി മുതലായ മീനുകളില്‍ അതു ധാരാളമുണ്ട്.
പച്ചക്കറികളും പഴങ്ങളും
ഇവയെ നമുക്ക് മൂന്നായി തിരിക്കാം. ഇലക്കറികള്‍, കിഴങ്ങുവര്‍ഗം, മറ്റു പച്ചക്കറികളും പഴങ്ങളും.
ഇലക്കറികള്‍: ചീര, മുരിങ്ങയില, ഉലുവയില, കാബേജ്, പുതിനയില എന്നിങ്ങനെ ഇലക്കറികള്‍ നിരവധി. വിറ്റമിന്‍ എയുടെ മുന്‍ഗാമിയായ ബീറ്റാകരോട്ടിന്‍ ഇവയില്‍ ധാരാളമുണ്ട്. അവയിലുള്ള ബി. കോംപ്ളക്സ് വിറ്റമിനുകള്‍ പ്രമേഹസങ്കീര്‍ണതകളിലൊന്നായ ഞരമ്പുരോഗത്തെ ചെറുക്കും.
കിഴങ്ങുവര്‍ഗങ്ങള്‍: കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാച്ചില്, കാരറ്റ് തുടങ്ങിയവയാണ്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം ഒഴിവാക്കാം. മറ്റുള്ളവ പ്രമേഹരോഗി കഴിക്കുന്നുണ്ടെങ്കില്‍ ഒപ്പം കഴിക്കുന്ന ധാന്യത്തിന്റെ അളവു കുറയ്ക്കണം.
മറ്റു പച്ചക്കറികള്‍: തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, വഴുതന, വെള്ളരിക്ക, പടവലം, മത്തന്‍ മതലായവയില്‍ വിറ്റമിനുകളും ലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ ചിലതു വേവിക്കാതെ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. പ്രമേഹരോഗി പതിവായി അധികം വേവിക്കാത്ത ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നുണ്ടെങ്കില്‍ ധാതുലവണങ്ങളുടെയും വിറ്റമിനുകളുടെയും കുറവു നികത്താന്‍ സാധിക്കുന്നു.
പഴവര്‍ഗങ്ങള്‍: മത്തപ്പഴങ്ങളായ പപ്പായ, മാങ്ങ, വാഴപ്പഴങ്ങള്‍, ചക്ക മുതലായവ ധാരാളം കഴിക്കുന്ന ശീലം നമ്മുടെ ഇടയിലുണ്ട്. പ്രമേഹരോഗി ഇങ്ങനെ ചെയ്യുവാന്‍ പാടില്ല. മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം മിതമായ അളവില്‍ കഴിക്കാം. ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എണ്ണക്കുരുക്കള്‍ മുതലായവ പ്രമേഹരോഗികള്‍ ഒഴിവാക്കണം. ഇവ നല്കുന്ന പോഷകങ്ങള്‍ വില കുറഞ്ഞ ഇലക്കറികളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും കിട്ടുമെന്നുള്ളപ്പോള്‍ വിലകൂടിയ ഇവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യം ഇല്ല. ഭക്ഷണരീതി കര്‍ശനമായി പാലിച്ചിട്ടും ചില രോഗികളില്‍ പ്രമേഹത്തെ പിടിച്ചുനിര്‍ത്തുവാന്‍ കഴിയാത്തതിനുകാരണം അവര്‍ ഇത്തരം പഴങ്ങളും മറ്റും ഇടയ്ക്കിടയ്ക്കു കഴിക്കുന്നതാണ്.
ബേക്കറിഭക്ഷണം
ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊഴുപ്പ് ട്രാന്‍സ്ഫാറ്റ് അഥവാ ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ മോശപ്പെട്ട ഇനത്തില്‍പ്പെട്ട കൊഴുപ്പാണ്. ഇതു പ്രമേഹത്തിനു മാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. ഏതൊരു പ്രമേഹരോഗിക്കും ആഹാരനിയന്ത്രണത്തിന് കുടുംബാംഗങ്ങളുടെ സഹകരണം ആവശ്യമാണ്. രോഗിയുടെ ഭക്ഷണക്രമം വീട്ടിലെ മറ്റുള്ളവരും സ്വീകരിക്കണം. ഇവിടെ പരാമര്‍ശിച്ച പ്രകാരമുള്ള സമീകൃതഭക്ഷണം വെറും ഭക്ഷണമല്ല. പ്രമേഹനിയന്ത്രണത്തിനുള്ള മരുന്നുതന്നെയാണ്. പ്രമേഹപാരമ്പര്യമുള്ള കുടുംബങ്ങളില്‍ തലമുറകളിലേക്ക് ഈ രോഗം കൈമാറാതിരിക്കുവാനുള്ള മുന്‍കരുതല്‍ കൂടിയാണീ മരുന്ന്.
ടൈപ് 2 പ്രമേഹമുള്ള അമിതവണ്ണക്കാരില്‍ പ്രമേഹം ആരംഭിച്ച് നാലുവര്ഷത്തിനുള്ളിലാണെങ്കില് കര്‍ശനമായ ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹത്തിനു മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങിപ്പോകാം. രണ്ടുവര്‍ഷം മുമ്പ് ഇംഗണ്ടിലെ ന്യൂകാസില്‍ സര്‍വകലാശാല ഗവേഷണാടിസ്ഥാനത്തില്‍ തെളിയിച്ച ഇക്കാര്യം ശരിയാണെന്നു സ്ഥാപിക്കുന്ന നിരവധി അനുഭവങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. അമിതവണ്ണമുള്ളവരിലെ കരളിലും പാന്‍ക്രിയാസിലും അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് അവരില്‍ പ്രമേഹത്തിനു കാരണമാകാം.
അങ്ങനെയുള്ളവരില്‍ ഏതാണ്ട് പട്ടിണിക്കു സമാനമായ ഡയറ്റ് (1500 കാലറി മുതല്‍ 2000 കാലറി വരെ ഭക്ഷണം വേണ്ട സ്ഥാനത്ത് ഭക്ഷണത്തിന്റെ അളവു കുറച്ച് 600800 കാലറിയായി വെട്ടിക്കുറയ്ക്കുന്നതാണ്. ന്യൂ കാസില്‍ ഡയറ്റ്). ഇത് ഏതാണ്ട് അഞ്ചുമുതല്‍ 10 ആഴ്ചവരെ തുടരേണ്ടിവരും. എന്നാല്‍ വെറും പതിനൊന്നു ദിവസം ഈ ഡയറ്റു തുടര്‍ന്നപ്പോള്‍ തന്നെ തന്റെ പ്രമേഹാവസ്ഥ മാറിയെന്ന് അവകാശപ്പെട്ട റിച്ചാര്‍ഡ് ഡൗട്ടി എന്ന ഇംഗീഷുകാരന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് മാധ്യമശ്രദ്ധ നേടിയിരുന്നു. ഒരു ഡോക്ടറുടെ നിരീക്ഷണത്തില്‍ ഭക്ഷണം കുറയുമ്പോഴും പോഷകങ്ങള്‍ കുറയാതെ വേണം ഈ ഡയറ്റു സ്വീകരിക്കാനെന്നു ഗവേഷകര്‍ നിര്‍ദേശിക്കുന്നുണ്ട്. ന്യൂകാസില്‍ ഡയറ്റില്‍ പട്ടിണിമേഖലയിലേക്ക് (സ്റ്റാര്വേഷന് മോഡ്) ശരീരം മാറുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് പരമാവധി ഉപയോഗിക്കപ്പെടും.
ഈ സമയത്ത് ആദ്യം ശരീരം വിനിയോഗിക്കുന്നത് ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പാണ്. പലരിലും പ്രമേഹ കാരണമാകുന്ന കരളിലേയും പാന്‍ക്രിയാസിലേയും കൊഴുപ്പ് മാറ്റപ്പെടുമ്പോള്‍ പ്രമേഹം വരുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് രോഗി എത്തും എന്നതാണ് ഗവേഷകരുടെ യുക്തി. തുടര്‍ന്ന് ആരോഗ്യകരമായ ഡയറ്റും വ്യായാമവും മുഖേന വണ്ണം കൂടാതെ നോക്കിയാല്‍ അവര്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രമേഹത്തെ മാറ്റിവെയ്ക്കാന്‍ കഴിയും.
കടപ്പാട് : ഡോ. അനുപമ നായര്‍
പ്രമേഹരോഗികള്‍ക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതല്‍ പായസം കുടിച്ചാല്‍ മരുന്നു കൂടുതല്‍ കഴിച്ചാല്‍ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന 25 സംശയങ്ങളുടെ കൃത്യമായ ഉത്തരങ്ങള്‍ മനസിലാക്കാം.
1. ഭക്ഷണത്തിലെ അപാകതകൊണ്ട് പ്രമേഹം വരാമോ? പ്രമേഹവും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ?
വരാം. കാലറി കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കോളകള്‍ പോലുള്ള പാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങള്‍ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ശരീരത്തില്‍ കൊഴുപ്പടിയുന്നതുമൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കേണ്ടതു വളരെ പ്രധാനമാണ്. ഇതു ജീവിത ശൈലീരോഗങ്ങളായ അമിതവണ്ണം മുതല്‍ പ്രമേഹം വരെ ഒഴിവാക്കാന്‍ സഹായിക്കും.
2. ഭക്ഷണനിയന്ത്രണം കൊണ്ടു പ്രമേഹനിയന്ത്രണം എത്രത്തോളം സാധിക്കാം?
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണരീതി. ഭക്ഷണനിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കണം. കൂടുതല്‍ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് പ്രമേഹനിയന്ത്രണത്തിനു മാത്രമല്ല വിശപ്പു നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.
3. പ്രമേഹ പൂര്വാവസ്ഥയായ പ്രീഡയബറ്റിസുള്ളവര് ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാം?
ഭക്ഷണക്രമം ഒരു സുപ്രധാന പങ്ക് വഹിക്കുന്നതു പ്രീഡയബറ്റിസ് ഘട്ടത്തിലാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില്‍ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം. കൂടുതല്‍ ഊര്‍ജമുള്ള കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ചുവന്നമാംസം ഒഴിവാക്കുക. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണത്തിന്റെ ഉപയോഗം കുറയ്ക്കുക. ഷുഗര്‍ഫ്രീ ഉപയോഗിക്കുന്നവര്‍ അത് ഒഴിവാക്കുന്നതും പ്രീഡയബെറ്റിക് ഘട്ടത്തില്‍ വളരെ നല്ലതാണ്.
4. പ്രമേഹമുള്ളവര്‍ മധുരം ഒഴിവാക്കണമോ? പകരം തേന്‍, ശര്‍ക്കര എന്നിവ ഉപയോഗിക്കാമോ? പഴങ്ങള്‍ കഴിക്കാമോ?
പ്രമേഹം വന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മധുരം കഴിക്കാന്‍ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈന്‍ഡ് ഷുഗര്‍ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്. തേന്‍, ശര്‍ക്കര തുടങ്ങിയവയിലും മധുരം ഉണ്ട്. മാത്രമല്ല, തേനില്‍ പഞ്ചസാരയെക്കാള്‍ കുറച്ചു കൂടുതല്‍ അന്നജം അടങ്ങിയിട്ടുണ്ട്. ഏതു മധുരമായാലും അത് എത്ര അളവില്‍ കഴിക്കുന്നു എന്നതാണു പ്രധാനം. തേനായാലും ശര്ക്കരയായാലും സുരക്ഷിതമല്ലെന്നര്‍ഥം. പ്രതിദിനം 100 ഗ്രാം പഴവര്‍ഗം പ്രമേഹരോഗി കഴിക്കണമെന്നു നിര്‍ദേശമുണ്ട്. ഏതു പഴവര്‍ഗം വേണമെങ്കിലും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഓരോ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. 100 ഗ്രാമില്‍ കൂടരുതെന്നു മാത്രം. എന്നാല്‍ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ നിര്‍ത്തണം.
5. പ്രമേഹരോഗിയുടെ ഭക്ഷണക്രമം എങ്ങനെയാവണം? എത്രവട്ടം ഏതളവില്‍ കഴിക്കണം?
ഭക്ഷണക്രമത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു കൃത്യസമയം, മറ്റൊന്നു ഭക്ഷണത്തിന്റെ അളവ്. മൂന്നു നേരം മാത്രം ഭക്ഷണം കഴിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്ന ശീലം. എന്നാല്‍ പ്രമേഹമുള്ളവര്‍ അളവു നിയന്ത്രിച്ചു മൂന്നു നേരം ഭക്ഷണം കഴിക്കുകയും ഇടനേരത്ത് ലഘുഭക്ഷണം ഉള്‍പ്പെടുത്തുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം തടയാന്‍ ഇത് വളരെ സഹായകമാണ്. മധുരം ഒഴിവാക്കുന്നതിനൊപ്പം കൊഴുപ്പിന്റെ നിയന്ത്രണവും ഭക്ഷണത്തില്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ സാലഡായോ, സൂപ്പായോ ദിവസവും ഉള്‍പ്പെടുത്തുക. ഒരു പഴവര്‍ഗം ഇടനേരത്ത് ഉള്‍പ്പെടുത്തുക. മട്ടന്‍, ബീഫ്, പോര്‍ക്ക് എന്നീ ചുവന്ന മാംസം ഒഴിവാക്കുക.
6. എന്താണ് ഷുഗര്‍ഫ്രീ? അവ സുരക്ഷിതമാണോ?
ഷുഗര്‍ഫ്രീ എന്നാല്‍ പഞ്ചസാരയില്ലാത്തത് എന്നാണ്. പക്ഷേ, പഞ്ചസാരയ്ക്കു പകരമുള്ള മധുരം ചേര്‍ത്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അവയിലും ഊര്‍ജമുണ്ട്. ഷുഗര്ഫ്രീയുടെ അമിത ഉപയോഗം ശരീരഭാരം കൂട്ടാനും പ്രമേഹം, ഹൃദ്രോഗം, മെറ്റാബോളിക് സിന്‍ഡ്രോം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ളതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗം വളരെ നിയന്ത്രിക്കണം.
7. ചോറുണ്ടാക്കുമ്പോള്‍ ഒന്നിലേറെ തവണ തിളപ്പിച്ചുവാര്ത്താല് പ്രമേഹരോഗിക്ക് നല്ലതാണോ?
ഒന്നിലേറെ തവണ ചോറു തിളപ്പിച്ചു വാര്‍ത്താല്‍ കാര്‍ബോഹൈഡ്രേറ്റ്സ് കുറയും. അതാണ് പ്രമേഹരോഗിക്ക് നല്ലതാണ് എന്ന അഭിപ്രായം വരുന്നത്. പക്ഷേ, അരിയിലുള്ള പോഷകങ്ങള്‍ ഇതുവഴി നഷ്ടമാകും. ഒന്നിലേറെ തവണ വാര്‍ത്ത ചോറു പ്രമേഹരോഗി കഴിക്കണമെന്നില്ല. അളവു നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
8. ഗോതമ്പ് അരിയേക്കാള്‍ നല്ലതാണോ?
അരിയിലും ഗോതമ്പിലുമുള്ള അന്നജത്തിന്റെ (കാര്‍ബോഹൈഡ്രേറ്റ്സ്) അളവ് ഏകദേശം ഒരുപോലെയാണ.് പക്ഷേ, ഗോതമ്പില്‍ അരിയെക്കാളും നാരംശം (ഫൈബര്‍) കൂടുതലുള്ളതിനാല്‍ സാവധാനമേ ദഹിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഗോതമ്പു കഴിക്കുമ്പോള്‍ വയറുനിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകും. സാവധാനമേ വിശക്കുകയുമുള്ളൂ. അതിനാലാണ് പ്രമേഹരോഗികള്‍ക്ക് ഗോതമ്പ് പ്രിയപ്പെട്ടതാകുന്നത്. എന്നാല്‍ ഡയബെറ്റിസ് രോഗി ഗോതമ്പ് തന്നെ കഴിക്കണം എന്നു നിര്‍ബന്ധമില്ല. നല്ല തവിടുള്ള അരിക്കും സമാനമായ ഗുണമുണ്ട്. ഏതു ധാന്യമായാലും അളവു കുറച്ചു കഴിക്കുക.
9. മധുരം കൂടുതല്‍ കഴിക്കുന്ന ദിവസം മരുന്നിന്റെ അളവു കൂട്ടിയാല്‍ പോരേ?
അശാസ്ത്രീയമായി മരുന്നിന്റെ അളവ് കൂട്ടുന്നതു തെറ്റാണ്. അത് അപകടമുണ്ടാക്കും. മരുന്നിന്റെ അളവ് കൂടിപ്പോയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു തീരെ താഴ്ന്നു പോകാനും സാധ്യതയുണ്ട്. മധുരം കഴിക്കുമ്പോള്‍ അതിനൊപ്പം കഴിക്കുന്ന മറ്റുഭക്ഷണങ്ങളുടെ അളവു കുറയ്ക്കുക. മധുരം മാത്രം കഴിക്കുന്ന അവസരത്തില്‍ അതിന്റെ അളവില്‍ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തഭക്ഷണം കഴിക്കുന്ന സമയത്തു ബ്ളഡ്ഷുഗര്‍ പരിശോധിക്കുകയും വേണം.
10. ഇന്‍സുലിനും മരുന്നും ഉപയോഗിക്കുന്നവര്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഓരോ പ്രമേഹരോഗിയും ഡോക്ടറോ ഡയറ്റീഷ്യനോ നിര്‍ദേശിക്കുന്ന ചിട്ടയായ ഭക്ഷണക്രമം ശീലമാക്കണം. ഭക്ഷണത്തിന്റെ അളവിലോ, സമയത്തിലോ ഉള്ള മാറ്റം ബ്ളഡ്ഷുഗറില് വ്യതിയാനം വരുത്തും. ഇന്‍സുലിനും മരുന്നുകളും ഉപയോഗിക്കുന്നവര്‍ കഴിവതും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കണം. മാത്രമല്ല ഇന്‍സുലിന്‍ ഭക്ഷണത്തിന് എത്രസമയം മുമ്പ് എടുക്കണം എന്നതു കൃത്യമായി മനസിലാക്കണം. ഇന്‍സുലിന്‍ എടുത്തശേഷം സമയത്തു ഭക്ഷണം കഴിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ബ്ളഡ്ഷുഗര്‍ താഴ്ന്നു പോകാനിടയുണ്ട്.
11. ടൈപ് 1 പ്രമേഹം ബാധിച്ച കുട്ടികള്‍ ഭക്ഷണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഓരോ ടൈപ്പ്1 കുട്ടിയും അവരുടെ പ്രായത്തിനാവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുത്തി വേണം ഭക്ഷണക്രമം തയാറാക്കാന്‍. ബ്ളഡ്ഷുഗര്‍ വളരെ കുറഞ്ഞു പോകുന്ന ഹൈപ്പോഗൈസീമിയ ടൈപ്പ്1 കുട്ടികളില്‍ സാധാരണമാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തില്‍ അമിതമായി എണ്ണ പലഹാരങ്ങള്‍, ബേക്കറി ആഹാരങ്ങള്‍ മുതലായവ ഉപയോഗിക്കരുത്. മാത്രമല്ല ഓരോ ഭക്ഷണത്തിലുമുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ അളവിനു പ്രാധാന്യം നല്കി വേണം ഭക്ഷണക്രമം തീരുമാനിക്കാന്‍. ഒരു ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ സഹായം തേടുക.
12. കഴിക്കുന്ന ഭക്ഷണവും ഗൂക്കോസ് നിലയും തമ്മില്‍ ബന്ധമുണ്ടോ?
പരിശോധനാഫലം മാറുമോ? ഭക്ഷണത്തിന്റെ അളവ്, സമയം, ഗൈസീമിക് ഇന്‍ഡക്സ്, പോഷകങ്ങളുടെ അളവ്, പാകം ചെയ്യുന്ന രീതി തുടങ്ങി പല ഘടകങ്ങളും രക്തത്തിലെ പഞ്ചസാരനിലയെ ബാധിക്കും. ഒരു ഭക്ഷണപദാര്‍ഥം എത്ര വേഗത്തിലാണ് ബ്ളഡ്ഷുഗര്‍ കൂട്ടുന്നത് എന്ന് കണക്കാക്കുന്നതു ഗൈസീമിക് ഇന്ഡക്സിലൂടെയാണ്. ഗൈസീമിക് ഇന്‍ഡക്സ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പ്രമേഹരോഗി വളരെ നിയന്ത്രിച്ച് ഉപയോഗിക്കുക. മധുരം പോലുള്ള റിഫൈന്‍ഡ് ഷുഗര്‍ കഴിച്ചാല്‍ 1520 മിനിറ്റിനുള്ളില്‍ രക്തത്തിലെ പഞ്ചസാരനില വ്യത്യാസപ്പെടാം. എന്നാല്‍ ധാന്യങ്ങള്‍, നാരടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിച്ചാല്‍ ഒന്നര രണ്ടു മണിക്കൂറുകള്‍ക്കുശേഷം രക്തത്തിലെ പഞ്ചസാരനിലയില് വ്യതിയാനം ഉണ്ടാകും. ധാന്യങ്ങള്‍ക്കൊപ്പം പയര്‍പരിപ്പ് വര്‍ഗങ്ങളോ നാരടങ്ങിയ മറ്റു ഭക്ഷണമോ ഉപയോഗിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയിലെ ഏറ്റക്കുറച്ചിലുകള്‍ കുറവായിരിക്കും. അതിനാല്‍ ധാന്യങ്ങളും പയറുപരിപ്പ് വര്‍ഗങ്ങളും പച്ചക്കറികളും പഴങ്ങളുമടങ്ങിയ സമീകൃതമായ ഭക്ഷണശൈലിയാണു പ്രമേഹരോഗിക്കും വേണ്ടത്.
13. നാരുകള്‍ കൂടിയ ഓട്സു പോലുള്ള ഭക്ഷണം പ്രമേഹരോഗിക്ക് നല്ലതാണോ? പാചകത്തില്‍ ശ്രദ്ധിക്കേണ്ടവ?
ഓട്സ് പോലെ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഓട്സിലുള്ള സോല്യൂബിള്‍ ഫൈബറായ ബീറ്റാഗൂക്കന് ഭക്ഷണാനന്തരം ഗൂക്കോസ് രക്തത്തില്‍ കലരുന്നതു സാവധാനത്തിലാക്കുകയും രക്തത്തിലെ കൊളസ്ട്രോളും മറ്റു കൊഴുപ്പുകളും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓട്സ് വളരെ കുറച്ചു സമയം മാത്രമേ വേവിക്കാവൂ. (ഏകദേശം അഞ്ചുമിനിറ്റ്) കൂടുതല്‍ വേവുമ്പോള്‍ ഗൈസീമിക്സ് ഇന്‍ഡക്സ് ഉയരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകുകയും ചെയ്യും. ഏതെങ്കിലും നേരത്തെ ആഹാരത്തിനു പകരമായിട്ടാണ് ഓട്സ് ഉപയോഗിക്കുന്നതെങ്കില്‍ 50 ഗ്രാം ഓട്സ് കാച്ചിയതിനെക്കാള് നല്ലത് ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ, ഇഡ്ഡലി തുടങ്ങിയവയാണ്. ഓട്സ് വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ കുറച്ച് ഉലുവപ്പൊടി, സോയാമാവ് ഇവ ചേര്‍ത്താല്‍ പോഷകസമൃദ്ധമാക്കാം.
14. പ്രമേഹപാരമ്പര്യമുള്ള ഒരാള്‍ ഭക്ഷണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രമേഹപാരമ്പര്യമുള്ളര് ചെറുപ്പം മുതല്ക്കേ ജീവിതശൈലിയില്‍ മാറ്റംവരുത്തേണ്ടതാണ്. സമീകൃതാഹാരവും വ്യായാമവും വഴി പ്രമേഹം വരുന്നതു തടയാനോ താമസിപ്പിക്കാനോ സാധിക്കും. ഊര്‍ജം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച പഴച്ചാറുകള്‍, കോളകള്‍, കൊഴുപ്പടങ്ങിയ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കണം. നാരുകള്‍ ധാരാളമടങ്ങിയ മുഴുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരിയായ ശരീരഭാരം നിലനിര്‍ത്തുക. വ്യായാമം ശീലമാക്കിയാല്‍ ഇന്‍സുലിന്റെ ഉല്പാദനത്തെ ഉത്തേജിപ്പിക്കാം.
15. ഭക്ഷണം നിയന്ത്രിച്ചാല്‍ മരുന്ന് മാറ്റാമോ?
പ്രമേഹത്തിന്റെ ആദ്യഘട്ടത്തില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും. പ്രമേഹം പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഭക്ഷണത്തിനും വ്യായാമത്തിനും വലിയ പങ്കുണ്ട്. അന്നജം കുറഞ്ഞതും നാരുകള്‍ ധാരാളമടങ്ങിയതുമായ ഭക്ഷണം കൃത്യസമയത്തുതന്നെ കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണം. വ്യായാമം ചെയ്തു ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തണം. എന്നാല്‍ ഭക്ഷണം നിയന്ത്രിച്ചതുകൊണ്ടു മാത്രമായില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ തുടങ്ങുകയോ നിര്‍ത്തുകയോ ചെയ്യാവൂ.
16. പ്രമേഹരോഗിക്ക് പാചകത്തിനു സുരക്ഷിതമായി ഉപയോഗിക്കാവുന്ന എണ്ണ?
ഏത് എണ്ണ എന്നതിനെക്കാള്‍ പ്രധാനം എത്ര അളവ് എന്നതിലാണ്. പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ എണ്ണയുടെ അളവ് വളരെ കുറവായിരിക്കണം. ഒരു ദിവസം വേണ്ട എണ്ണയുടെ അളവു മൂന്നു മുതല്‍ നാലു ടീസ്പൂണ്‍ വരെയാണ്. പാം ഓയില്‍, വനസ്പതി തുടങ്ങിയവ ഒഴിവാക്കണം. തവിടെണ്ണ, സൂര്യകാന്തി എണ്ണ, നിലക്കടലഎണ്ണ, വെളിച്ചെണ്ണ തുടങ്ങിയ പലതരം എണ്ണകള്‍ ഉപയോഗിക്കുക. ദീര്‍ഘകാലം ഒരേ എണ്ണ മാത്രം ഉപയോഗിച്ചാല്‍ നമുക്കാവശ്യമായ പോഷകാനുപാതം ലഭിക്കില്ല. അതിനാല്‍ രണ്ടോ മൂന്നോതരം എണ്ണകള്‍ പല കറികള്‍ക്കായി അളവു വളരെ കുറച്ച് ഉപയോഗിക്കാം.
17. ഭക്ഷണത്തിന്റെ കാലറി നിയന്ത്രണം പ്രമേഹരോഗിക്ക് എത്രത്തോളം അനിവാര്യമാണ്?
പ്രമേഹരോഗിക്കു ഭക്ഷണത്തില്‍ കാലറി അഥവാ ഊര്‍ജ നിയന്ത്രണം അനിവാര്യമാണ്. പ്രമേഹരോഗമുള്ള പുരുഷന്മാര്ക്ക് (കായികാധ്വാനം കുറഞ്ഞവര്‍) ഒരു ദിവസത്തേക്കു 14001600 കാലറി ഊര്‍ജം മതി. സ്ത്രീകള്‍ക്ക് 1200 കാലറി ഭക്ഷണവും. കഴിക്കുന്ന ഭക്ഷണത്തിലെ ഊര്‍ജത്തിന്റെ അളവ് അധികമായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊഴുപ്പായ ട്രൈഗിസറൈഡിന്റെ അളവും കൂടും. ഇത് അമിതവണ്ണത്തിലേക്കും, മറ്റു പ്രമേഹസങ്കീര്ണതകളിലേക്കും നയിക്കും. പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ കോംപ്ളക്സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ തവിടുകളയാത്ത ധാന്യങ്ങളും പഞ്ഞപ്പുല്ല്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തണം. മൊത്തത്തില്‍ ശരീരത്തിനു വേണ്ട കാലറിയെ മൂന്നായി പകുത്തോ (33% പ്രഭാതഭക്ഷണം +ഇടനേരം, 33% ഉച്ചഭക്ഷണം, 33% നാലുമണി പലഹാരം+അത്താഴം) അഞ്ചു തവണയായോ ആഹാരം ചെറിയ അളവില്‍ കഴിക്കണം.
18. പ്രമേഹരോഗി ഉപവസിക്കാമോ? എന്തുകൊണ്ട്?
പ്രമേഹരോഗി ഉപവസിക്കാന്‍ പാടില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉപവാസം നിര്‍ബന്ധമായും അനുഷ്ഠിക്കുന്നവരുണ്ട്. അതിനുമുമ്പു ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. . പ്രമേഹം നിയന്ത്രണവിധേയമായിരിക്കണം. . ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോകുന്നവര്‍ ഉപവസിക്കരുത്. . ടൈപ്പ്1 പ്രമേഹമുള്ളവര്‍ തീര്‍ത്തും ഉപവസിക്കരുത്. . ഇന്‍സുലിന്‍ എടുക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് മരുന്നിന്റെ ഡോസില്‍ മാറ്റം വരുത്തുക. . വൃക്കരോഗികളും ഡയാലിസിസ് ചെയ്യുന്നവരും പാടില്ല. ഉപവാസം എടുക്കുന്നവര്‍ അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്ന തവിടോടുകൂടിയ ധാന്യങ്ങളും ഒപ്പംതന്നെ പയറുവര്‍ഗങ്ങളും പച്ചക്കറികളും ഉപവസിക്കുന്നതിനു മുമ്പു കഴിക്കുക. ഉപവാസം അവസാനിപ്പിക്കുമ്പോള്‍ ആദ്യം പഴങ്ങള്‍ കഴിച്ചതിനു ശേഷം മറ്റു ഭക്ഷണം കഴിക്കാം.
19. ഗര്ഭകാലപ്രമേഹമുള്ളവര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഗര്‍ഭകാല പ്രമേഹരോഗികളില്‍ പലര്‍ക്കും ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ചിലര്‍ക്ക് ഇന്‍സുലിന്‍ ആവശ്യമായി വരും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രണം തെറ്റാതെ കൊണ്ടുപോകുകയും എന്നാല്‍ കുട്ടിയുടെ വളര്‍ച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ട എല്ലാ പോഷകങ്ങളും ലഭ്യമാക്കുകയും ചെയ്യണം. സാധാരണ സമയത്തു വേണ്ടതിലും 350 കിലോ കലോറി ഊര്‍ജവും 18 ഗ്രാം കൂടുതല്‍ പ്രോട്ടീനും ഈ സമയത്തു ലഭ്യമാക്കണം. ആയതിനാല്‍ മധുരവും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ധാരാളം പാലും (പാട മാറ്റിയത്) പാല് ഉല്പന്നങ്ങളും ഉപയോഗിക്കണം. മുട്ട, മീന്‍/മാംസം ഇവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുളപ്പിച്ച പയറുവര്‍ഗങ്ങളും പച്ചക്കറി സലാഡും അധികമായി കഴിക്കണം. പഴവര്‍ഗം 150 മുതല്‍ 200 ഗ്രാം വരെ ഉള്‍പ്പെടുത്താം. ഗര്‍ഭകാലത്തു പ്രമേഹമുള്ളവരില്‍, 510 വര്‍ഷത്തിനുശേഷം പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഭക്ഷണനിയന്ത്രണവും, വ്യായാമവും വഴി ആരോഗ്യകരമായ ജീവിതശൈലി പാലിക്കണം.
20. കിഴങ്ങുവര്‍ഗങ്ങളുടെ കാര്യത്തില്‍ പ്രമേഹരോഗി സ്വീകരിക്കേണ്ട നിലപാട്?
കിഴങ്ങുവര്‍ഗങ്ങള്‍ പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ മിതമായി ഉള്‍പ്പെടുത്താം. മറ്റു പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോള്‍ കിഴങ്ങുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ അളവു വളരെ കൂടുതലാണ്. എന്നാല്‍ ചേന, ചേമ്പ് തുടങ്ങിയവയില്‍ ഫൈറ്റോ ഈസ്ട്രജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആര്‍ത്തവവിരാമത്തിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും, മധുരക്കിഴങ്ങ്, ചേന തുടങ്ങിയവയില്‍ ക്രോമിയവും നാരുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ ഇവ മിതമായി മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. ഏതെങ്കിലും സമയത്തെ ആഹാരത്തിനു പകരമായോ അഥവാ ചോറിന്റെ അളവു കുറച്ച് അതിന്റെ കൂടെയോ കിഴങ്ങുവര്‍ഗങ്ങള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങളുടെ കൂടെ പ്രോട്ടീന്‍ അടങ്ങിയ പയറുവര്‍ഗങ്ങളോ, മീനോ, മാംസമോ ഉള്‍പ്പെടുത്തിയാല്‍ ഊര്‍ജത്തിന്റെ ആഗിരണം സാവധാനമാക്കാം.
21. പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ തുടങ്ങിയ രോഗി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ അമിതരക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ള രോഗികള്‍ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പിന്റെ അളവു പരമാവധി മൂന്നുഗ്രാം ആക്കുകയും സോഡിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ (പുറത്തു നിന്നും വാങ്ങുന്ന പലഹാരങ്ങളില്‍ മൃദുവാകാന്‍ വേണ്ടി സോഡാപ്പൊടി ചേര്‍ക്കും. ഇതു രക്തസമ്മര്‍ദം കൂടാന്‍ കാരണമാകും) അച്ചാര്‍, വിവിധതരം പപ്പടങ്ങള്‍, ഉണക്കമീന്‍ തുടങ്ങിയവ ഒഴിവാക്കണം. രക്തത്തിലെ ചീത്ത കൊളസ്ട്രോളുകളുടെ അളവ് കൂടാനുള്ള സാധ്യത ഉള്ളതിനാല്‍ എണ്ണയുടെയും തേങ്ങയുടെയും അളവു പരമാവധി കുറയ്ക്കുകയും മുട്ടയുടെ മഞ്ഞ, ബീഫ്, മട്ടണ്‍, ഓര്‍ഗന്‍ മീറ്റ്സ് (അവയവമാംസം) തുടങ്ങിയവ നിയന്ത്രിക്കുകയും വേണം. കൊഴുപ്പിനെ പുറത്തു കളയുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. വൃക്കരോഗമായ നെഫ്രോപ്പതി ആരംഭിച്ചവര്‍, യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് ശ്രദ്ധിച്ച് ഭക്ഷണത്തില്‍ പ്രോട്ടീനളവ് കുറയ്ക്കണം. നല്ല പ്രോട്ടീനുകളടങ്ങിയ മത്സ്യം, മുട്ട, പാല്, തൈര്, കോഴിയിറച്ചി എന്നിവ കുറഞ്ഞ അളവില്‍ ഉപയോഗിക്കാം.
22. പ്രമേഹരോഗിയുടെ ദാഹം ശമിപ്പിക്കാന്‍ നല്ല പാനീയം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പ്രമേഹരോഗികള്‍ക്കു ദാഹം കൂടുതലായിരിക്കുന്നതിനാല്‍ ഇടനേരങ്ങളില്‍ ഊര്‍ജം കുറഞ്ഞ പാനീയങ്ങളോ പഴങ്ങളോ കഴിക്കാം. മോരും വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, നെല്ലിക്കാ ജ്യൂസ്, പുതിനാ നാരങ്ങാജ്യൂസ് തുടങ്ങിയവ നല്ലതാണ്. നാരുകള്‍ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ പഴച്ചാറുകള്‍ ഒഴിവാക്കി പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. പേരയ്ക്ക, പപ്പായ, ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ ചെറിയ അളവില്‍ (100150 ഗ്രാം) ദിവസേന ഉപയോഗിക്കാം.
23. പൊറോട്ടയും ഗോതമ്പു പൊറോട്ടയും?
പൊറോട്ട പ്രമേഹരോഗിക്കു മാത്രമല്ല ആര്‍ക്കും അഭികാമ്യമല്ല. ഗോതമ്പിനെ സംസ്കരിച്ചു നാരുകള്‍ മുഴുവന്‍ നീക്കം ചെയ്തെടുക്കുന്നതാണു മൈദ. ബി വിറ്റമിനുകളും ഇതില്‍ കുറവാണ്. ആഹാരത്തില്‍ നാരുകള്‍ കുറയുമ്പോള്‍ രക്തത്തിലെ ഗൂക്കോസിന്റെ അളവു കൂടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ കാലറി നിയന്ത്രണം ആവശ്യമാണ്. ഗോതമ്പുപൊറോട്ടയിലാകട്ടെ ധാരാളം എണ്ണ ഉപയോഗിക്കേണ്ടി വരികയും മൃദുവാകാന്‍ സോഡാപ്പൊടി ചേര്‍ക്കുകയും ചെയ്യും. പൊറോട്ട കഴിക്കുന്നതു മൂലം കൂടുതല്‍ കൊഴുപ്പും ഊര്‍ജവും ശരീരത്തില്‍ എത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുകയും രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയും കൂട്ടും. അതുകൊണ്ടു ഗോതമ്പുപൊറോട്ടയും മൈദ പൊറോട്ടയും നല്ലതല്ല.
24. പ്രമേഹമരുന്നുകള്ക്ക് പ്രതിപ്രവര്ത്തനമുള്ള ഭക്ഷ്യവസ്തുക്കളുണ്ടോ? അവ എങ്ങനെ നിയന്ത്രിക്കണം?
പ്രമേഹമരുന്നിനൊപ്പം സ്ട്രസ് പഴങ്ങള്‍ (ഓറഞ്ച്, മൂസംബി, നാരങ്ങാവെള്ളം) കഴിക്കരുത് പ്രമേഹ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഫോളിക് ആസിഡ്, വിറ്റമിന്‍ ബി 12 എന്നിവ കുറയ്ക്കുന്നതിനു കാരണമാകുന്നതിനാല്‍ മുട്ട, പാല്, നട്സ്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മെറ്റ്ഫോമിന്‍ തുടങ്ങിയ മരുന്നുകളുടെ ശരിയായ ഫലം ലഭിക്കണമെങ്കില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും കൂടിയേ തീരൂ.
25. ഗൈസീമിക് ഇന്‍ഡക്സ് നോക്കി ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ്?
രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുത്താനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഗൈസീമിക് ഇന്‍ഡക്സ് എന്നു പറയാം. ഉയര്‍ന്ന ഗൈസീമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണസാധനങ്ങള്‍ ഗൂക്കോസിന്റെ അളവിനെ പെട്ടെന്നു വര്‍ധിപ്പിക്കും. മാത്രമല്ല ആഹാരത്തിന്റെ ആഗിരണതോതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിര്‍ണയിക്കുന്നു. ഗൈസീമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണം വേണം പ്രമേഹരോഗി തിരഞ്ഞെടുക്കാന്‍. കൂടുതല്‍ വേവിക്കുന്നതും കഞ്ഞി, കുറുക്ക് തുടങ്ങിയ രൂപത്തിലുള്ളതുമായ ഭക്ഷണങ്ങളുടെ ഗൈസീമിക് ഇന്‍ഡക്സ് കൂടുതലായിരിക്കും. ഗൈസീമിക് ഇന്‍ഡക്സ് 55 ഓ അതില്‍ കുറവോ ഉള്ള ഭക്ഷ്യവസ്തുക്കളാണ് കുറഞ്ഞ ഗൈസീമിക് ഇന്‍ഡക്സ് ഭക്ഷണങ്ങള്‍. ഇലക്കറികള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, മധുരം കുറഞ്ഞ പഴങ്ങള്‍, ചേന തുടങ്ങിയവ ഈ ഗണത്തിലുള്ളവയാണ്. 5669 വരെയുള്ളയാണ് മിതമായവ. ബ്രൌണ്‍ റൈസ്, ബസ്മതിറൈസ് എന്നിവ അതിനുദാഹരണമാണ്. 70ഓ അതിലധികമോ ഗൈസീമിക് ഇന്‍ഡക്സ് ഉള്ളവ പ്രമേഹരോഗികള്‍ക്ക് നന്നല്ല. ഉദാ: വൈറ്റ് റൈസ്, ബ്രഡ്, കോണ്‍ഫ്ളെക്സ്, ഏത്തയ്ക്ക, തണ്ണിമത്തന്, കപ്പ, ഉരുളക്കിഴങ്ങ്, മാമ്പഴം. സപ്പോട്ട തുടങ്ങിയവ.
കടപ്പാട് : ഗീതു സനല്‍
പ്രമേഹം മലയാളിക്ക് അതീവ പരിചിതമായ രോഗമാണെങ്കിലും അവനവനു പ്രമേഹം ഉണ്ട് എന്ന് ആദ്യമായി അറിയുമ്പോള്‍ മുതല്‍ തന്നെ മിക്കവരും കഠിനമായ മാനസികാഘാതത്തിന് അടിമപ്പെടുന്നു. മാനസികപിരിമുറുക്കം, ദേഷ്യം, ആകാംക്ഷ, കുറ്റബോധം, ഭയം, വിഷാദം എന്നീ ഭാവങ്ങള്‍ പ്രമേഹരോഗികളില്‍ തുടക്കം മുതലേ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കണ്ടുവരുന്നു. ഈ രോഗങ്ങള്‍ കൊണ്ട് പ്രമേഹം വരാനുള്ള സാധ്യത പോലെ തന്നെയാണ് പ്രമേഹം വഴി ഈ രോഗങ്ങള്‍ വരുന്നതും. പഠനങ്ങള്‍ തെളിയിക്കുന്നതു പ്രമേഹരോഗികളില്‍ 2030 ശതമാനം പേര്‍ക്കും വിഷാദരോഗം ബാധിക്കുന്നു എന്നതാണ്. രോഗത്തിന്റെ ഭാഗമായി ഈ മാറ്റങ്ങള്‍ രോഗി പോലും അറിയാതെ സംഭവിക്കുന്നു. അതിനാല്‍ വിഷാദപ്രശ്നങ്ങള്‍ക്കും മറ്റും ചികിത്സ കിട്ടാതെ പോവുകയും ചെയ്യും. പ്രമേഹവും രോഗിയുടെ മനസ്സും പരസ്പരം വേര്‍പെടുത്തിയെടുക്കാന്‍ പറ്റാത്ത ഒന്നായതുകൊണ്ടു നമുക്ക് ഈ വസ്തുതകളെ മറ്റു ചില വീക്ഷണങ്ങളിലൂടെ പരിശോധിക്കാം.
മനസ്സിളകിയാല്‍ പ്രമേഹം
മാനസികസമ്മര്ദങ്ങളും പിരിമുറുക്കങ്ങളും ഇല്ലാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. വലിഞ്ഞു മുറുകിയ മനസ്സുമായിട്ടാണ് മിക്കവരുടേയും ദൈനംദിന ജീവിതം മുന്നോട്ടു പോകുന്നതുതന്നെ. ഇന്നത്തെ സാഹചര്യത്തില്‍ നേടങ്ങള്ക്കായുള്ള പരക്കംപാച്ചിലില്‍ നമുക്കു നഷ്ടപ്പെടുന്നത് മനഃശാന്തിയും മാനസികാരോഗ്യവുമാണ്. ജോലിയിലുള്ള ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കല്‍, കൃത്യസമയത്തു ചെയ്തു തീര്‍ക്കല്‍, ജോലിയിലെ അമിതഭാരം, മേലധികാരികളുടെ സമ്മര്‍ദം ഇവയെല്ലാം പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. കുടുംബപാരമ്പര്യമുള്ളവരിലും അമിതവണ്ണമുള്ളവരിലും ഇത്തരം സമ്മര്‍ദം ചെറുപ്രായത്തില്‍ തന്നെ പ്രമേഹം പിടിപെടാനുള്ള സാധ്യതകള്‍ കൂട്ടുന്നു. മാനസിക പിരിമുറുക്കം ഇന്‍സുലിന്‍ എതിരായി പ്രവര്‍ത്തിക്കുന്ന രാസവസ്തുക്കളുടെ അളവില്‍ വര്‍ധനവുണ്ടാക്കുകയും ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ മാനസിക സമ്മര്‍ദം പെട്ടെന്ന് ഒഴിഞ്ഞുപോകാത്ത ഒന്നായതിനാല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രമേഹത്തിലേക്ക് ഒരാളെ വലിച്ചു കൊണ്ടുപോകുന്നു.
പ്രമേഹം മൂലം മാനസികപ്രശ്നങ്ങള്‍
പ്രമേഹമുള്ളവരില്‍ ഏതാണ്ട് 30 ശതമാനത്തോളം പേരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്്. നിരാശയും വിഷാദവും താല്പര്യക്കുറവും ഉള്‍പ്പെടെയുള്ള വിവിധ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ പ്രമേഹരോഗിക്ക് നാലിരട്ടി കൂടുതലാണെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
വിഷാദരോഗം ചിലപ്പോള്‍ താല്‍ക്കാലികമാകാം. മറ്റു ചിലരില്‍ വന്നും പോയുമിരിക്കാം. അവരില്‍ സന്തോഷക്കുറവും താല്പര്യമില്ലായ്മയും ദുഃഖവും കൂടും. ന്യൂറോട്രാന്‍ സ്മിറ്ററുകളുടെ രക്തത്തിലുള്ള വ്യതിയാനമാണ് ഈ അവസ്ഥകളുണ്ടാക്കുന്നത്. ഈ വ്യതിയാനത്തിന് പ്രമേഹം ഒരു കാരണക്കാരനോ ഉല്പ്രേരകമോ ആയി പ്രവര്‍ത്തിക്കാം. ഇതിനെ പ്രത്യേകമായി ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ പ്രമേഹചികിത്സയുടെ തന്നെ താളം തെറ്റും. ഔഷധങ്ങളിലൂടെയും കൌണ്സലിങ്ങിലൂടെയും വളരെ ഫലപ്രദമായി ഇതിനെ ചികിത്സിക്കുമ്പോള്‍ പ്രമേഹനിയന്ത്രണവും ഫലപ്രദമാകും.
മനസ്സിനും ചികിത്സവേണം
പ്രമേഹത്തെക്കുറിച്ചുള്ള ഭയം, ജീവിതരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആകാംക്ഷ, അത് മനസ്സില്‍ സൃഷ്ടിക്കുന്ന ദേഷ്യം, പ്രതികൂലമായ ഗൃഹാന്തരീക്ഷം, നിയന്ത്ര ണത്തിനു വേണ്ട ചിട്ടകള്‍ ശരിയാകുന്നില്ല എന്ന തോന്നല്‍, എന്നിവയൊക്കെ പ്രമേഹനിയന്ത്രണത്തെ കാര്യമായി ബാധിക്കുന്നു. ഇവരില്‍ കാണുന്ന ഉത്സാഹക്കുറവ്, ഓര്മ ക്കുറവ്, താല്പര്യക്കുറവ് എന്നിവയും രോഗത്തെ നിയന്ത്രിക്കുന്നതിന് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു പ്രമേഹരോഗി കേള്‍ക്കുന്നതുതന്നെ, കാല്‍മുറിച്ച് മാറ്റിയതും കാഴ്ച നഷ്ടപ്പെട്ടതും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചുപോയതുമായ സംഭവങ്ങള്‍ മാത്രമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട.
ജീവിതത്തെ സ്നേഹിക്കുക
ഒരു പരിധി വിട്ടു പോയാല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലേക്കു പോകാതിരിക്കാന്‍ ഒരു പ്രമേഹരോഗി മനസ്സുവെച്ചാല്‍ സാധിക്കും. തനിക്കുണ്ടാകുന്ന മാനസികമായ സുഖമില്ലായ്മകള്‍ പ്രമേഹം ഏല്‍പ്പിക്കുന്ന ആഘാതങ്ങളാവാം എന്ന തിരിച്ചറിവാണ് രോഗിക്ക് ആദ്യം വേണ്ടത്. അതു മനസ്സിലാക്കിയാല്‍ സജീവമായ ഒരു ജീവിത ശൈലിയിലൂടെയും വിശ്രാന്തിമാര്ഗങ്ങളിലൂടെയും അതിനെ അതിജീവിക്കാനും അങ്ങനെ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താനും കഴിയും.രാവിലത്തെ നടത്തം, വ്യായാമം, നല്ല പുസ്തകപാരായണം, നല്ല സംഗീതം ആസ്വദിക്കല്‍, തോട്ടപ്പണി, മറ്റു ഹോബികള്‍ എല്ലാം മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഉപകാരപ്പെടും. പ്രമേഹത്തിനാവശ്യമായ എല്ലാ നിയന്ത്രണങ്ങളോടും കൂടി ജീവിതം പരമാവധി ആസ്വദിക്കാന്‍ തയാറാവുക. പ്രമേഹം ജീവിതത്തില്‍ ഒന്നും നഷ്ടപ്പെടുത്തുന്നില്ല. കൂടുതല്‍ നല്ല ജീവിതചര്യകള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്ന നിലയില്‍ പ്രമേഹത്തെ പോസിറ്റീവായി കാണുക.
വിശ്രാന്തിക്ക് മെഡിറ്റേഷന്‍
പ്രമേഹരോഗി ദിവസം ഒരു നേരമെങ്കിലും ബോധപൂര്‍വമായ റിലാക്സേഷന് സമയം കണ്ടെത്തണം. ഫലപ്രദമായി ചെയ്യാവുന്ന ഒരു റിലാക്സേഷന് ടെക്നിക്കാണ് മെഡിറ്റേഷന്‍ എന്ന ധ്യാനം. നടു നിവര്‍ത്തി, തല ഉയര്‍ത്തിപ്പിടിച്ച് സൌകര്യപ്രദമായ രീതിയില്‍ സ്വസ്ഥമായി ഇരിക്കുക. നന്നായി ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് കണ്ണടച്ചിരിക്കുക. അപ്പോള്‍ മറ്റെല്ലാ ചിന്തകളും ഒഴിവാക്കി നമ്മുടെ നെഞ്ചിലും വയറ്റിലും വരുന്ന ഉയര്‍ച്ചയും താഴ്ചയും മാത്രം ശ്രദ്ധിക്കുക. ശ്രദ്ധ കേന്ദ്രീകരിക്കാനായി ശ്വാസോച്ഛ്വാസം എണ്ണാവുന്നതാണ്. തനിക്കു പ്രിയപ്പെട്ട എന്തെങ്കിലും പദം ഉരുവിട്ടുകൊണ്ടേയിരിക്കലും ശ്രദ്ധമാറിപ്പോവാതിരിക്കാന് നന്നായിരിക്കും. മന്ത്രജപ രീതിയും സ്വീകരിക്കാം. അല്ലെങ്കില്‍ ഒന്നുമുതല്‍ പത്തുവരെ മെല്ലേ എണ്ണിക്കൊണ്ടേയിരിക്കുമ്പോള് ശ്രദ്ധ മാറിപ്പോയെങ്കില്‍ വീണ്ടും ഒന്നില്‍ നിന്നും തുടങ്ങുക. ഏകദേശം 20 മിനിറ്റ് ഈ രീതിയില്‍ തുടര്‍ന്നാല്‍ കണ്ണു തുറന്നു മെല്ലെ പരിസരബോധം വീണ്ടെടുത്ത് സമയമെടുത്ത് കൊണ്ട് എഴുന്നേല്ക്കുക. മനസിനും ശരീരത്തിനും സുഖം കൈവരുന്നത് മനസ്സിലാക്കാം.
കടപ്പാട് : ശ്യാം സുന്ദര്‍
പൊതുവേ ഏറ്റവും ലളിതമായി ചെയ്യാവുന്ന നടത്തം പോലുള്ള വ്യായാമങ്ങളാണ് പ്രമേഹരോഗികളോട് നിര്‍ദേശിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ പിടിച്ചുനിര്‍ത്താന്‍ ഏറ്റവും മികച്ചത് അപ്പര്‍ ബോഡി വ്യായാമങ്ങള്‍ എന്ന മേല്‍ ശരീരവ്യായാമങ്ങളാണ്. ശരീരത്തിലെ താരതമ്യേന വളരെ കുറച്ചുമാത്രം വ്യായാമം ലഭിക്കുന്ന ഭാഗമാണു ശരീരത്തിന്റെ മേല്‍ പകുതി ഇതിനു കാരണം, ദൈനംദിന ജീവിതത്തില്‍ ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഭൂമിയില്‍ ഗുരുത്വാകര്‍ഷണത്തിനെതിരായി നിവര്ന്നുനില്ക്കാനും സഞ്ചരിക്കാനുമെല്ലാം ശരീരത്തിന്റെ അരക്കെട്ടിനു താഴേക്കുള്ള കീഴ്പകുതിയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പക്ഷേ, ആധുനിക മനുഷ്യനാകട്ടെ നില്ക്കുന്നതും നടക്കുന്നതും കുറവായതിനാല്‍ കൊഴുപ്പുകൂടി ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ദുര്‍മേദസ്, കൊളസ്ട്രോള്‍, ഹൃദ്രോഗം, ചിലതരം കാന്‍സറുകള്‍, സന്ധിരോഗങ്ങള്‍ മുതലായവയ്ക്ക് അടിമപ്പെടേണ്ടിവരുന്നു. കാലുകളും മുകള്ശരീരവും തമ്മില്‍ പേശികളുടെ കാര്യത്തില്‍ ഘടനാപരമായും പ്രവര്‍ത്തനശേഷിയിലും വ്യത്യാസമുണ്ട്.
പേശികളറിഞ്ഞു വ്യായാമം
മനുഷ്യപേശികളെ പ്രവര്‍ത്തനക്ഷമതയുടെയും കാര്യശേഷിയുടെയും അടിസ്ഥാനത്തില്‍ പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ തരംതിരിക്കാം. കൂടുതല്‍ കാര്യക്ഷമത ഉള്ളവയാണ് ടൈപ്പ് 1 പേശീതന്തുക്കള്‍. ഇവ താരതമ്യേന സാവധാനം പ്രവര്‍ത്തിക്കുകയും ഓക്സീകൃത ഊര്‍ജോല്‍പാദനത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാല്‍ ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചുമാത്രം ഇന്ധനം (ഗൂക്കോസ്, ഫാറ്റി ആസിഡ് മുതലായവ) മതിയാവും. അതായത് ഇത്തരം പേശികള്‍ക്ക് ആയാസമുണ്ടാക്കുന്ന നടത്തം പോലുള്ള വ്യായാമം ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രം ഗൂക്കോസും കൊഴുപ്പുമേ ഊര്‍ജമായി മാറുകയുള്ളൂ എന്നര്‍ഥം. തന്മൂലം തന്നെ മറ്റു പേശികളെ അപേക്ഷിച്ച് ഇവയ്ക്കു പെട്ടെന്നു ക്ഷീണം വരില്ല. ലോവര്ബോഡിയിലെ കാല്‍വണ്ണയിലെ പേശികളില്‍ 80 ശതമാനവും തുടയിലെ പേശികള്‍ 50 ശതമാനവും ഇത്തരത്തിലുള്ളതാണ്.
ടൈപ്പ് 1 പേശികളെക്കാള്‍ കുറഞ്ഞ കാര്യക്ഷമതയാണ് ടൈപ്പ് 2 പേശികള്‍ക്കുള്ളത്. എന്നാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും കൂടുതല്‍ ശക്തി ഉല്പാദിപ്പിക്കുകയും ചെയ്യും. ഇവ കൂടുതലായും ഗൂക്കോസും കൊഴുപ്പും വിനിയോഗിച്ചാണ് ശക്തിനേടുന്നത്. അതുമൂലം അവയുടെ രക്തത്തിലെ അളവു കുറയും. വേഗം ക്ഷീണിക്കുകയും ചെയ്യും. മേല്‍ ശരീരത്തിന്റെ മുഖ്യഭാഗങ്ങളായ നെഞ്ചിലെയും തോളിലെയും വയറിലെയും പേശീതന്തുക്കളില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളവയാണ്. ചുരുക്കി പറഞ്ഞാല്‍ ഈ പേശികള്‍ ഉപയോഗപ്പെടുത്തുന്ന മേല്‍ശരീരവ്യായാമങ്ങള്‍ പ്രമേഹരോഗിക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതെങ്ങനെയെന്ന് മനസിലായിക്കാണുമല്ലോ.
നടത്തവും വേണം
സമാന്തര ചികിത്സകളായി പ്രചാരം നേടിയ മധുരചികിത്സയോടൊപ്പവും അല്ലാതെയും വ്യായാമത്തിലൂടെ പ്രമേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തുനിയുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ടു പരാജയപ്പെടുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. നടത്തവും കാലുകളുടെ വ്യായാമവും തീരെ കുറച്ചാല്‍ കാലുകളുടെ പേശീഘടന മാറും. അതുകൊണ്ടു തന്നെ മേല്ശരീരവ്യായാമം ചെയ്യുന്നതോടൊപ്പം കാലുകളുടെ വ്യായാമവും മിതമായ തോതില്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.
വ്യായാമം തുടങ്ങുമ്പോള്‍
വ്യായാമം ചെയ്യാന്‍ വേണ്ടി പൊതുവെ വില കൂടിയ തരം ഉപകരണങ്ങള്‍ വാങ്ങണമെന്നില്ല. ശക്തി വര്‍ധിപ്പിക്കാന്‍ വേണ്ടി രണ്ടു ഡംബലുകള്‍ ഉണ്ടെങ്കില്‍ നന്ന്. വ്യായാമം തുടങ്ങുമ്പോള്‍ വാം അപ്, അവസാനിപ്പിക്കുമ്പോള്‍ കൂള്‍ഡൌണ്‍ മുതലായവ നല്ലതാണ്. വാംഅപ്നായി അഞ്ചോ പത്തോ തവണ കൈകള്‍ വശങ്ങളിലേക്കും മുന്നിലേക്കും മുകളിലേക്കും നിവര്‍ത്തുകയും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയും ആവാം. കഴുത്തു സാവധാനം ഇരുവശങ്ങളിലൂടെയും വട്ടം കറക്കുന്നതും നല്ലതാണ്. അതുപോലെതന്നെ പാദങ്ങളും കാലുകളും വശങ്ങളിലേക്കും മുന്‍പിന്‍ ഭാഗങ്ങളിലേക്കും അകറ്റുകയും പൂര്‍വാവസ്ഥയില്‍ വരികയും ചെയ്യുക. മുട്ടുകള്‍ മടക്കാതെ തന്നെ സാവകാശം കുനിഞ്ഞു (പരമാവധി) നിവരുക. വശങ്ങളിലേക്കും ഇങ്ങനെ ചെയ്യാവുന്നതാണ്. എന്നാല്‍ വേദന വരുന്ന രീതിയില്‍ ഇവ ചെയ്യരുത്.
ഈ വ്യായാമങ്ങള്‍ ചെയ്യാം
വയറിനും പുറത്തും വശങ്ങളിലുമുള്ള പേശികള്‍ക്ക് വേണ്ടി ചെയ്യേണ്ട ചില മേല്‍ശരീരവ്യായാമങ്ങള്‍ എങ്ങനെ ചെയ്യണമെന്നറിയാം.
വായുവില്‍ സൈക്കിള്‍ ചവിട്ടുക
മലര്‍ന്നു കിടന്നശേഷം കാലുകള്‍ പൊക്കിയും കൈകള്‍ ശരീരത്തിനിരുവശത്തും തറയിലുറപ്പിച്ചും സാങ്കല്പിക സൈക്കിള്‍ ചവിട്ടുക. നാലഞ്ചുതവണയോ കൂടുതലോ സൌകര്യം പോലെ ചെയ്ത ശേഷം കുറച്ചു സെക്കന്‍ഡുകള്‍ വിശ്രമിച്ചു വീണ്ടും ആവര്‍ത്തിക്കുക.
കാലുയര്ത്തല്
പായയില്‍ മലര്‍ന്നു കിടന്നു കൈകള്‍ വശങ്ങളില് വച്ചു കാലുകള്‍ രണ്ടും നേരെ ശരീരത്തിന് 90 ഡിഗ്രി ലംബമാക്കി ഉയര്‍ത്തുക. കാല്‍മടമ്പ് മുകളിലോട്ട് ഉയര്‍ന്നു നില്‍ക്കണം. പത്തു സെക്കന്‍ഡ് അങ്ങനെ വച്ചശേഷം സാവകാശം കാലുകള്‍ താഴ്ത്തി പൂര്‍വസ്ഥിതിയില്‍ വരിക. ഇതു പത്തോ ഇരുപതോ പ്രാവശ്യം ആവര്‍ത്തിക്കാം.
തലയുയര്‍ത്തല്‍
മലര്‍ന്നു കിടന്നു കാലുകള്‍ നിവര്‍ത്തി കൈകള്‍ ശരീരത്തിനിരുവശവും ഉറപ്പിച്ചശേഷം സാവകാശം തലയും കഴുത്തും തോളിന്റെ മുകള്‍ഭാഗവും തറയില്‍ നിന്നുയര്‍ത്തി പത്തു സെക്കന്‍ഡ് നില്‍ക്കുകയും പിന്നീട് പൂര്‍വസ്ഥിതിയിലേക്കു വരികയും ചെയ്യുക. ഇതും സൗകര്യപൂര്‍വം പത്തോ അധികമോ തവണ ആവര്‍ത്തിക്കുക.
ശരീരം തിരിക്കല്‍
വശങ്ങളിലെ പേശികള്‍ക്കു വേണ്ടി ചെയ്യാവുന്നതാണിത്. മുട്ടുകള്‍ മടക്കി പാദങ്ങള്‍ തറയിലുറപ്പിച്ചു കിടക്കുക. ഓരോ വശത്തെയും തോള് പൊക്കി ശരീരം (അരക്കെട്ടിനു മുകള്‍ വരെ) മറുവശത്തേക്കു തിരിക്കുക. പത്തു സെക്കന്‍ഡിനു ശേഷം തിരികെ വന്നു മറുവശത്തേക്ക് ഇത് ആവര്‍ത്തിക്കുക. ഇങ്ങനെ പത്തു പ്രാവശ്യം ചെയ്യുക.
പുഷ്അപ്
നിലത്തു കമിഴ്ന്നു കാലുകളും കൈകളും തോളകലത്തില്‍ കുത്തിവച്ചു താഴുകയും പൊങ്ങുകയും ചെയ്യുക. ഇങ്ങനെ സൗകര്യപൂര്‍വം പലതവണ ആവര്‍ത്തിക്കുക. മികച്ച ഒരു മേല്ശരീരവ്യായാമമാണ് പുഷ് അപ്.
ഡംബല്‍ വ്യായാമങ്ങള്‍
പ്രമേഹരോഗി ചെയ്യേണ്ട മേല്‍ ശരീരവ്യായാമങ്ങളില് വളരെ ലളിതവും പ്രയോജനപ്രദവുമാണ് ഡംബല്‍ വ്യായാമങ്ങള്‍. ഒരു ജോഡി ഒരേതൂക്കമുള്ള ഡംബലുകളാണ് ഇതിനാവശ്യം. ഓരോരുത്തരുടെയും കായിക പരിമിതിക്കും ശക്തിക്കും അനുയോജ്യമായി രണ്ടു കിലോയില്‍ തുടങ്ങി അഞ്ചു കിലോ വരെ പടിപടിയായി ഭാരം കൂട്ടിക്കൊണ്ടുവരാവുന്നതാണ്.
ഒരു ബെഞ്ചില്‍ മലര്‍ന്നു കിടക്കുക. ബെഞ്ചിനിരുവശത്തുമായി വച്ചിട്ടുള്ള ഒരേ തൂക്കമുള്ള രണ്ടു ഡംബലുകള്‍ കൈയിലെടുത്ത് കൈകള്‍ ഇരുവശങ്ങളിലേക്കും നിവര്‍ത്തി വച്ചു കൈമുട്ടു മടക്കാതെ രണ്ടു വശങ്ങളില് നിന്നും നേരെ മുന്‍ഭാഗത്തേക്കു മുകളിലേക്കുയര്‍ത്തുക. വീണ്ടും സാവധാനം വശങ്ങളിലേക്കുതന്നെ താഴ്ത്തുക. ഇങ്ങനെ അഞ്ചോ പത്തോ തവണയില്‍ തുടങ്ങി ഇരുപത്തഞ്ചോ മുപ്പതോ തവണ സൗകര്യംപോലെ ചെയ്യാം.
ഇനി കൈകള്‍ രണ്ടും ബെഞ്ചിനോടടുപ്പിച്ച് അരക്കെട്ടിനു സമാന്തരമായി മുകളിലേക്കുയര്ത്തിക്കൊണ്ടുവന്ന് വീണ്ടും താഴ്ത്തുക. ഇതും സൗകര്യം പോലെ പലതവണ ആവര്‍ത്തിക്കുക.
ഡംബലുകളുമായി കൈകള്‍ മുട്ടുമടക്കി നെഞ്ചിനിരുവശത്തും ഉയര്‍ത്തിനിര്‍ത്തുക. എന്നിട്ടു മുട്ടുകള്‍ നിവര്‍ത്തി നേരെ മുകളിലേക്കുയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. പലതവണ ആവര്‍ത്തിക്കുക.
ഇനി എണീറ്റിരിക്കുക. ഒരു മിനിറ്റു വിശ്രമത്തിനുശേഷം കൈമുട്ടുകള്‍ മൃദുവായി തുടയില്‍ സപ്പോര്‍ട്ടു ചെയ്തശേഷം മുട്ടുമടക്കി തോളിനഭിമുഖമായി ഡംബല്‍ ഉയര്‍ത്തുകയും വീണ്ടും കൈ നിവര്‍ത്തുകയും ചെയ്യുക. ഇതും ആവര്‍ത്തിക്കുക. ഇതു മറ്റേ കൈയിലും ചെയ്യുക. ഇനി ബെഞ്ചില്‍ കമിഴ്ന്നു കിടക്കുക. നേരത്തെ മലര്‍ന്നു കിടന്ന് ആദ്യം ചെയ്തപോലെ ഡംബലുകള്‍ രണ്ടും കൈകള്‍ നിവര്‍ത്തി വശങ്ങളിലേക്കു പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഇതാവര്‍ത്തിക്കുക. ഇതു തന്നെ ശരീരത്തിനു സമാന്തരമായി മുന്പോട്ടും പിന്പോട്ടും പലതവണ ചെയ്യുക.
നിലത്തു നിവര്‍ന്നു നില്ക്കുക. ഡംബലുകള്‍ കൈമുട്ടു മടക്കി തലയ്ക്കിരുവശത്തും തോളിനു സമാന്തരമായി കൊണ്ടുവരിക. ഇനി മുട്ടു നിവര്‍ത്തി തലയ്ക്കിരുവശത്തുകൂടി മേല്പോട്ടുയര്ത്തുകയും താഴ്ത്തുകയും ചെയ്യുക. ഇതു പലതവണ ആവര്‍ത്തിക്കുക. കുറച്ചു സെക്കന്‍ഡുകളോ ഒരു മിനിറ്റോ വിശ്രമിച്ചശേഷം വീണ്ടും കൈമുട്ടുകള്‍ മടക്കി ഡംബലുകള്‍ രണ്ടും രണ്ടു തോളിനും മുന്‍വശത്തായി കൊണ്ടുവരിക. ഇനി മുട്ടു നിവര്‍ത്തി തറയ്ക്കു സമാന്തരമായി മുന്നോട്ടു തള്ളുകയും വീണ്ടും മുട്ടുമടക്കി പൂര്‍വസ്ഥിതിയിലേക്കു വരികയും ഇതുതന്നെ പലകുറി ആവര്‍ത്തിക്കുകയും ചെയ്യുക.
വീണ്ടും ചെറിയ ഇടവേളയ്ക്കു ശേഷം ഡംബലുകള്‍ ശരീരത്തിന് ഇരുവശത്തും തുടകള്‍ക്ക് അടുപ്പിച്ച് തൂക്കിപിടിക്കുക. ഇനി കൈമുട്ടുകള്‍ മടക്കാതെ തന്നെ കൈകള്‍ സമാന്തരമായി മുന്‍വശത്തേക്കു തോളുയരത്തില്‍ ഉയര്‍ത്തുക. പത്തു സെക്കന്‍ഡ് അങ്ങനെ പിടിച്ച ശേഷം താഴ്ത്തി പൂര്വസ്ഥാനത്തെത്തിക്കുക. പലതവണ ഇതാവര്‍ത്തിക്കുക. ഇനി ഒരേ ഡംബല്‍ തന്നെ രണ്ടു കൈകൊണ്ടും തലയ്ക്കു പിന്നിലായി കുത്തനെ പിടിച്ചു പലതവണ മേല്പോട്ടുയര്ത്തുകയും താഴ്ത്തുകയും ചെയ്യുക. രണ്ടു കൈകളിലും ഡംബലുകള്‍ എടുത്തശേഷം കാലുകള്‍ തോളകലത്തില്‍ അകത്തിവച്ചശേഷം 90 ഡിഗ്രി ഇരുവശങ്ങളിലേക്കും തിരിയുന്നതും നല്ലതാണ്. എല്ലാ ഡംബല്‍ വ്യായാമങ്ങളും കുറച്ചെണ്ണത്തില്‍ തുടങ്ങി സാവകാശം എണ്ണം സൌകര്യമായി കൂട്ടിക്കൊണ്ടുവരികയാണ് ഉത്തമം.
ലോവര്‍ബോഡി വ്യായാമങ്ങള്‍
നടത്തം പോലെയുള്ള കീഴ്ശരീര വ്യായാമങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യണം. കാലുകളിലെ പേശികള്‍ക്ക് നല്ല വ്യായാമം കിട്ടുന്ന മറ്റു ചില വ്യായാമങ്ങള്‍ കൂടി അറിയാം.
സാങ്കല്പിക കസേര
കാലുകള്‍ തോളകലത്തില്‍ അകറ്റി നിര്‍ത്തി കൈകള്‍ രണ്ടും ഭൂമിക്ക് സമാന്തരമായി മുന്നോട്ടു നിവര്‍ത്തി 10 മുതല്‍ 30 തവണ വരെ സാങ്കല്പിക കസേരയില്‍ ഇരിക്കുകയും നിവരുകയും ചെയ്യുക. കാല്‍മുട്ടു തേയ്മാനമുള്ളവര്‍ ഇതു ചെയ്യരുത്. അങ്ങനെയുള്ളവര്‍ ഒരു കസേരയില്‍ ഇരുന്നശേഷം കാലുകള്‍ രണ്ടും ഭൂമിക്കു സമാന്തരമായി പൊക്കി പത്തുസെക്കന്‍ഡ് വയ്ക്കുക. പാദങ്ങള്‍ പത്തുതവണ കീഴ്പോട്ടും മേല്പോട്ടും വട്ടത്തിലും ചലിപ്പിക്കുക. വീണ്ടും കാലുകള്‍ താഴ്ത്തി അഞ്ചു സെക്കന്‍ഡിനു ശേഷം ഇതാവര്‍ത്തിക്കുക. ഇങ്ങനെ പല തവണ ചെയ്യുക.
നിന്നിടത്തുതന്നെയുള്ള ഓട്ടം
നടക്കാനും ജോഗിങ്ങിനുമൊന്നും സൌകര്യമില്ലാത്തവര്ക്കു വ്യായാമം ചെയ്യുന്നിടത്തു തന്നെ ജോഗിങ്ങിന്റെ ഭാഗികഗുണം ലഭിക്കുന്ന സ്പോട്ട് റണ്ണിങ് നടത്താം. നിന്നിടത്തുനിന്നു മുന്നോട്ടു പോകാതെ കാലുകളും കൈകളും ഓടുന്ന രീതിയില്‍ ചലിപ്പിച്ച് ഇരുകാലുകളിലും മാറിമാറി ചെറുതായി ചാടിയോടുക. പാദങ്ങള്‍ക്കു പരിക്കുപറ്റാതിരിക്കാന് വേണ്ടി ഇതു ചെയ്യുമ്പോള്‍ സ്പോര്‍ട്സ് ഷൂ ധരിക്കുന്നതാണുത്തമം. എന്നാല്‍ റോപ്പ് ജംപിങ് (സ്കിപ്പിങ്) പോലുള്ള വ്യായാമങ്ങള്‍ പാദരോഗങ്ങളുള്ള പ്രമേഹരോഗികള്‍ ഒഴിവാക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
നമുക്ക് ആസ്വാദ്യകരമായ വിധത്തിലും തീവ്രതയിലും വീണ്ടും ചെയ്യാനുള്ള ആഗ്രഹമുണ്ടാവുന്ന വിധത്തില്‍ മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവൂ. എങ്കിലേ അതു തുടര്‍ന്നുകൊണ്ടു പോകാനും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയുമുള്ളൂ.
രോഗങ്ങള്‍ ഉള്ളപ്പോഴും വല്ലാതെ ക്ഷീണം തോന്നുമ്പോഴും വ്യായാമം ഒഴിവാക്കാം.
വ്യായാമം ചെയ്യുന്നതിനു മുമ്പ് ഇന്‍സുലിനോ മരുന്നുകളോ ഉപയോഗിക്കരുത്. കാരണം പഞ്ചസാരയുടെ അളവു കുറഞ്ഞു ബോധം നഷ്ടപ്പെടാം.
ചെറുതായി (ബിസ്കറ്റോ മറ്റോ) കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതു നല്ലതാണ്.
പ്രധാന ഭക്ഷണശേഷം വ്യായാമം ഒഴിവാക്കണം.
വ്യായാമം ആദ്യമായി തുടങ്ങുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
മാറി മാറി പരീക്ഷിക്കാം
വ്യായാമവും നടത്തവും തീരെ ഇല്ലാത്തവരില്‍ കാലിലെ പേശികള്‍ പോലും കാര്യമക്ഷമത കുറഞ്ഞ മേല്ശരീരപേശികളെ പോലെ ആയി മാറും. ഇതു മൂലമാണു തീരെ വ്യായാമമില്ലാതിരിക്കുന്ന പ്രമേഹരോഗികള്‍ നടത്തം തുടങ്ങുന്ന ആദ്യകാലങ്ങളില്‍ രക്തത്തില്‍ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവു നന്നായി കുറയുന്നത്. കുറച്ചുകാലം കഴിയുമ്പോള്‍ അത്രതന്നെ ഫലപ്രാപ്തി ഇക്കാര്യത്തില്‍ കാണാതെ വരുന്നതും. അതിനാല്‍ അമിതവ്യായാമം ഒഴിവാക്കുന്നതും നടത്തവും പുഷ്അപ് പോലുള്ള മേല്‍ശരീരവ്യായാമങ്ങള്‍ (വ്യത്യസ്ത പേശീഗ്രൂപ്പുകള്) മാറിമാറി പരീക്ഷിക്കുന്നതും കഠിനമായ വ്യായാമത്തിന് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള കൊടുക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും.
മസില്ടോണും പ്രമേഹവും
പേശികളുടെ സ്ഥായിയായ ദൃഢതയെയാണു മസില് ടോണ്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ വിശ്രമിക്കുമ്പോള്‍തന്നെ മസില് ദൃഢമായിരിക്കുകയും അല്ലാത്തവരില്‍ മൃദുവായിരിക്കുകയും ചെയ്യുമെന്നതു സാമാന്യമായ അറിവാണല്ലോ. പേശീതന്തുക്കള്‍ വിശ്രമാവസ്ഥയിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ദൃഢത അനുഭവപ്പെടുന്നത്. തന്മൂലം ഇത്തരം പേശികള്‍ വിശ്രമവേളകളിലും ഗൂക്കോസിനെ (ഗൈക്കോജന്ഗൂക്കോസ് തന്മാത്രകളാല്‍ നിര്മിതമായത്) ഉപയോഗപ്പെടുത്തി രക്തത്തില്‍ ഗൂക്കോസിന്റെ അളവ് അമിതമായി ഉയരാതെ നോക്കാം. പ്രമേഹരോഗികള്‍ മിതമായെങ്കിലും നിത്യവ്യായാമം ചെയ്യേണ്ടതിന്റെയും മസില്‍ടോണ്‍ വര്‍ധിപ്പിക്കേണ്ടതിന്റെയും ആവശ്യം ഇതില്‍ നിന്നു മനസിലാവുമല്ലോ. രക്തത്തിലെ ഗൂക്കോസിന്റെ അളവു നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിനു ഭാഗികമായി മരുന്നിന്റെ ഫലം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാവും. എന്നാല്‍ വലിയതോതില്‍ പ്രമേഹമുള്ളവരിലും ദീര്‍ഘനാളായി രോഗമുള്ളവരിലും മരുന്നിനുപകരമാവാന് വ്യായാമത്തിനാവില്ലെങ്കിലും മരുന്നുകളുടെ അളവ് നിയന്ത്രിക്കാന്‍ ഇതുപകരിക്കും.
നാലരകോടി പ്രമേഹരോഗികളുള്ള ഇന്ത്യയില്‍ പാദപ്രശ്നങ്ങള്‍ കാരണം ഒരുവര്‍ഷം കാല് മുറിച്ചു മാറ്റേണ്ടിവരുന്നവരുടെ എണ്ണം അമ്പതിനായിരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടവിധം നിയന്ത്രിക്കാത്തവരിലാണ് പാദരോഗങ്ങള്‍ കൂടുതല്‍ കാണുന്നത്. ഇത്തരം പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് ഏറിയും കുറഞ്ഞുമിരിക്കും. അതു വേണ്ടവിധം ശ്രദ്ധിക്കാതെപോയാല്‍ രക്തക്കുഴലുകളെ ദോഷകരമായി ബാധിച്ച് പാദരോഗങ്ങള്‍ക്ക് തുടക്കമിടും. ഇതോടൊപ്പംപുകവലിക്കുകയും കൂടി ചെയ്യുന്ന പ്രമേഹരോഗികളില്‍ ഞരമ്പു സംബന്ധമായ രോഗങ്ങള്‍ വളരെ വേഗം ബാധിക്കാം. ഈ ഞരമ്പു പ്രശ്നങ്ങളാണ് പിന്നീട് കണ്ണുകളേയും വൃക്കകളേയും പാദങ്ങളെയും ബാധിക്കുന്ന മാരകരോഗങ്ങളായി മാറുന്നത്.
ആദ്യലക്ഷണങ്ങള്‍
ഏതാണ്ട് 15 ശതമാനം പ്രമേഹരോഗികള്‍ക്കും പാദപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഒരു പഠനം പറയുന്നു. കാലിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകളുടെ ആദ്യ സൂചനകള്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടാന്‍ വൈകരുത്. പാദങ്ങളിലും കാലുകളിലും സൂചികൊണ്ടു കുത്തുന്നതു പോലുള്ള വേദനകള്‍ പാദപ്രശ്നങ്ങളുടെ ഒരു പ്രധാന ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടും. ഈ സമയത്ത് മിക്കവരും ചൂടുപിടിച്ചും മറ്റും വേദനയും തരിപ്പും മാറ്റാന്‍ ശ്രമിക്കും. ഇതുചെയ്യുന്നത് രോഗം കൂടുതല്‍ ഗുരുതരമോ സങ്കീര്‍ണമോ ആക്കാനേ സഹായിക്കൂ.പ്രമേഹരോഗി ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും മുമ്പുതന്നെ രോഗസാധ്യത മനസിലാക്കാനും രോഗം വരാതെ നോക്കാനുമുള്ള ചികിത്സ, പരിശോധനാ സംവിധാനങ്ങള്‍ ഇന്നുണ്ട്.
ന്യൂറോപ്പതിയുടെ മരവിപ്പ്
പ്രമേഹരോഗിയില്‍ പാദരോഗം കൂടുന്നതിന് വിവിധകാരണങ്ങളുണ്ട്. അതില്‍ ഒരു പ്രധാന കാരണമാണ് ഡയബെറ്റിക് ന്യൂറോപതി. പ്രമേഹരോഗം നീണ്ടുനില്‍ക്കുന്തോറും അത് ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കി ഞരമ്പുകളുടെ ശേഷിക്കുറവ് അഥവാ ന്യൂറോപതി എന്ന അവസ്ഥയില്‍ എത്തുന്നു. മരവിപ്പുമൂലം വേദന, ചൂട്, തണുപ്പ് ഇതൊന്നും തിരിച്ചറിയാനാവില്ല. അതുകൊണ്ടുതന്നെ കാലു മുറിഞ്ഞാലോ, കാലില്‍ വ്രണങ്ങള്‍ രൂപപ്പെട്ടാലോ ഒന്നും ഇവര്‍ അറിയില്ല. രോഗം വഷളാവാനും കാലു മുറിക്കാനുമൊക്കെ ഇടയാക്കുന്നത് ഒരു പരിധി വരെ ഈ അവസ്ഥയാണ്. പാദത്തിന്റെയും വിരലുകളുടെയും ആകൃതി വരെ മാറ്റും ഈ അസുഖം.
ഞരമ്പുകളുടെ ശേഷിക്കുറവുമൂലം പാദത്തില്‍ തഴമ്പോ, കുരുക്കളോ ഉണ്ടാകാനും സാധ്യതകൂടുതലാണ്. ഒപ്പം പാദത്തിനടിയില്‍ സാധാരണമല്ലാത്ത സമ്മര്‍ദകേന്ദ്രങ്ങളും രൂപം കൊള്ളാം. ഇങ്ങനെയുണ്ടാകുന്ന ചെറിയ രൂപ മാറ്റങ്ങള്‍പോലും പിന്നീട് വüലിയ വ്രണങ്ങള്‍ക്കു കാരണമാകാം. രോഗപ്രതിരോധ ശക്തി പ്രമേഹരോഗികള്‍ക്ക് പൊതുവെ കുറവാണ്. ഇതുമൂലം വ്രണങ്ങള്‍ മാരകമാവാം. നന്നായി ചികിത്സിച്ചാല്‍ പോലും മുറിവു കരിയാന്‍ അസാധാരണമാം വിധം കാലതാമസം ഉണ്ടായെന്നും വരാം. ചില രോഗികളില്‍ കാല് മുറിച്ചുമാറ്റേണ്ടിവരും. ഉചിതമായ ചികിത്സ കിട്ടാതെ പോയാല്‍ ചിലപ്പോള്‍ മരണകാരണവുമാകാം. അതുകൊണ്ടാണ് കാലില്‍ പരുക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
രക്തയോട്ടം കുറയുമ്പോള്‍
പ്രമേഹം ശരീരത്തിലെ രക്തചംക്രമണത്തെ കാര്യമായി ബാധിക്കാറുണ്ട്. അതിന്റെ ഭാഗമായി കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും. കാലിലേക്കും പാദത്തിലേക്കുമുള്ള രക്തക്കുഴലുകള്‍ സങ്കോചിച്ച് അങ്ങോട്ടൊഴുകുന്ന രക്തത്തിന്റെ അളവു കുറയ്ക്കും. തല്‍ഫലമായി ആ ഭാഗത്തേക്കു രക്തത്തില്‍കൂടി ചെല്ലുന്ന ഓക്സിജനും പോഷകാംശങ്ങളും കുറയും. ഫലമോ? മുറിവുകള്‍ ഉണങ്ങാന്‍ വൈകുകയും ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയും ചെയ്യാം.
എങ്ങനെ പാദം രക്ഷിക്കാം?
നിസാരമായ മുറിവുപോലും പ്രമേഹരോഗികളില്‍ ഗുരുതരമാകും. അതുകൊണ്ടു തന്നെ മുറിവുണ്ടാകാതെ നോക്കുന്നതാണ് പരമപ്രധാനം. അതിനുള്ള ഏറ്റവും നല്ല ഉപായം നല്ല പാദരക്ഷകള്‍ തന്നെ. മിക്കപ്പോഴും പ്രമേഹപാദസംരക്ഷണത്തിന് ഇണങ്ങുന്ന പാദരക്ഷകളല്ലേ രോഗികള്‍ ധരിക്കുന്നത്. പാദത്തിലേക്ക് എന്തെങ്കിലും തറച്ചോ മറ്റോ മുറിവു ണ്ടാകുന്നതു പോലെ തന്നെ അപകടകരമാണ് ഉചിതമല്ലാത്ത പാദരക്ഷകള്‍ അണിയുന്നതുമൂലമുണ്ടാകുന്ന ഉരഞ്ഞുപൊട്ടലും പൊള്ളലും. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പാദങ്ങള്‍ക്ക് മുറിവുണ്ടാക്കാത്ത മികച്ച പാദരക്ഷകള്‍ കൂടിയേ കഴിയൂ.പാദത്തിലെ എല്ലുകള്‍ മുഴച്ചു നില്ക്കുന്ന ഭാഗങ്ങളില്‍ അധികമര്‍ദം വരാത്ത രീതിയിലുള്ള പാദരക്ഷകള്‍ ധരിക്കണം. പ്രമേഹരോഗികളുടെ പാദസംരക്ഷണത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയ പാദരക്ഷകള്‍ ഇന്നു ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവ ഉപയോഗിക്കു ന്നത് പാദത്തില്‍ മുറിവുണ്ടാകുന്നതു തടയാന്‍ സഹായിക്കും.പ്രമേഹരോഗിക്ക് വൈകുന്നേരങ്ങളില്‍ കാലില്‍ നീരുണ്ടാകുന്നത് (ന്യൂറോപ്പതിക് എഡിമ) സാധാരണമാണ്. അതിനാല്‍ വൈകുന്നേരം വേണം പാദരക്ഷ തിരഞ്ഞെടുക്കാന്‍. മറ്റു സമയങ്ങളില്‍ തിരഞ്ഞെടുക്കുന്ന പാദരക്ഷകള്‍ വൈകുന്നേരം വലിഞ്ഞുമുറുകാനും പാദത്തില്‍ ഉരഞ്ഞ് മുറിവുണ്ടാകാനും കാരണമായെന്നു വരാം.മുറിവുകളോ വ്രണങ്ങളോ ഒക്കെ പാദത്തില്‍ ഉണ്ടായി ഒന്നു രണ്ടു ദിവസത്തിനുശേഷവും കരിഞ്ഞു തുടങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിപ്പിക്കാന്‍ മടിക്കരുത്. മുറിവുണ്ടായി അതു വ്രണമായാല്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ മുറിച്ചു നീക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ വഴങ്ങണം. അല്ലെങ്കില്‍ കൂടുതല്‍ ഭാഗം പിന്നീടു മുറിച്ചുമാറ്റേണ്ടി വരാം.
പാദരോഗം വരാതിരിക്കാന്‍
പതിവായി ചെറുചൂടുവെള്ളത്തില്‍ കാല് കഴുകി വൃത്തിയാക്കി വയ്ക്കുന്നതും പാദം സൂക്ഷ്മമായി പരിശോധിച്ച് മുറിവോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതും പാദരോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.ചൂടു കൂടുതലുള്ള വെള്ളത്തില്‍ കഴുകുകയോ അതില്‍ പാദം മുക്കിവയ്ക്കുകയോ ചെയ്യരുത്. പാദം എപ്പോഴും നല്ലതുപോലെ തുടച്ചു വൃത്തിയാക്കി വെക്കണം പ്രത്യേകിച്ചു വിരലുകളുടെ ഇടയ്ക്കുള്ള സ്ഥലം. ഈ സ്ഥലത്തു ടാല്‍കം പൌഡര്‍ ഇട്ടു നനവു തട്ടാതെ സൂക്ഷിക്കണം. പാദത്തിന്റെ മുകളിലും അടിയിലും സ്കിന്‍ ലോഷനോ ക്രീമോ പുരട്ടി മാര്‍ദവം നഷ്ടപ്പെടാതെ സൂക്ഷിക്കുക. വിരലുകളുടെ ഇടയില്‍ പുരട്ടരുത്. വീട്ടിനകത്തുപോലും സ്കോസും ഷൂസുമിട്ടേ നടക്കാവൂ.കൂടുതല്‍ സമയം ഇരിക്കുമ്പോള്‍ കാല് പൊക്കിവയ്ക്കുന്നതും ദിവസം രണ്ടുമൂന്നു വട്ടം പാദങ്ങള്‍ ചുഴറ്റി വ്യായാമം ചെയ്യുന്നതും നല്ലതാണ്. പാദത്തിലേക്കുള്ള രക്തയോട്ടം അതു വര്‍ധിപ്പിക്കും. ഡോക്ടറുമായി ആലോചിച്ച് ഒരു വ്യായാമമുറ ക്രമീകരിക്കുന്നത് പാദസംരക്ഷണത്തിനു മാത്രമല്ല പ്രമേഹരോഗ നിയന്ത്രണത്തിനും അത്യന്താപേക്ഷിതമാണ്. നടപ്പ്, ഡാന്‍സ്, നീന്തല്‍, സൈക്കിള്‍ ചവിട്ട് എല്ലാം പാദത്തിനു നല്ലതാണ്.പ്രത്യേകം ശ്രദ്ധിക്കുക, പുകവലിക്കരുത്. പുകവലി കാലിലേക്കുള്ള രക്തഒഴുക്കിനെ തടയും. പാദരോഗം വിളിച്ചുവരുത്തും. ഏറ്റവും താഴെയുള്ള ഭാഗമാണു പാദം എന്നതുകൊണ്ട് ഏറ്റവും പ്രാധാന്യം കുറഞ്ഞ ഭാഗമാകുന്നില്ല. അതിലുണ്ടാകുന്ന ഒരു ചെറിയമുറിവ് ജീവന് തന്നെ അപഹരിച്ചേക്കാം.
കാല് മിനുസമായാല്
കാലിലെ രോമങ്ങള്‍ പൊഴിഞ്ഞു പോകുന്നതും ചര്‍മം കൂടുതല്‍ മിനുസമുള്ളതായി മാറുന്നതും പാദങ്ങളിലും കാലുകളിലും രക്തയോട്ടം കുറയുന്നതിന്റെ സൂചനയാണ്. ഒപ്പം ചര്‍മത്തില്‍ കറുത്ത പുള്ളികള്‍ പ്രത്യക്ഷപ്പെടാനും ഇടയുണ്ട്. കാലിലും പാദങ്ങളിലുമുണ്ടാകുന്ന മരവിപ്പ്, തരിപ്പ്, സൂചികൊണ്ടു കുത്തുന്നതുപോലുള്ള വേദന, ചെറിയ ദൂരം നടക്കുമ്പോള്‍ തന്നെ പാദങ്ങളിലും കാലുകളിലും ഉണ്ടാകുന്ന വേദന തുടങ്ങിയവ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തണം. ഈ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ പോഡിയാട്രി വിദഗ്ധന്റെ സഹായത്തോടെ പാദപരിശോധന നടത്തി രോഗസാധ്യതയില്ലെന്ന് ഉറപ്പാക്കണം.
കടപ്പാട് : ഡോ ഹരീഷ് കുമാര്‍
ഭക്ഷണരീതികളിലും ജീവിതശൈലിയിലും മാറ്റം വരുത്തിയിട്ടും പ്രമേഹം വരുതിയിലാകുന്നില്ലെങ്കില്‍ പ്രമേഹരോഗികള്‍ക്ക് മരുന്നു കഴിക്കേണ്ടിവരും. പനിക്കും തലവേദനയ്ക്കും മരുന്നു കഴിക്കുന്ന പോലെ രോഗം വേഗം മാറും, ഉടന്‍ മരുന്നു നിര്‍ത്താം എന്നു പ്രതീക്ഷിക്കരുത്. ജീവിതകാലം മുഴുവന്‍ ചിലപ്പോള്‍ പ്രമേഹമരുന്നുകള്‍ ഉപയോഗിക്കേണ്ടി വന്നുവെന്നു വരാം. മരുന്നുകള്‍ കഴിച്ചതുകൊണ്ടോ ഇന്‍സുലിന്‍ എടുത്തതു കൊണ്ടോ മാത്രം പ്രമേഹ ചികിത്സ കൃത്യമാകണമെന്നില്ല. മറിച്ച് മരുന്നുകളുടെ പരമാവധി ഫലം ലഭിക്കാന്‍ അവ കഴിക്കേണ്ട വിധം, ഉപയോഗിക്കേണ്ട രീതികള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലെ മാറ്റങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവയെപ്പറ്റി രോഗിക്ക് നല്ല ധാരണയും വേണം.
പ്രമേഹ മരുന്ന്
രക്തത്തിലെ ഗൂക്കോസിന്റെ അമിതമായ അളവാണ് പ്രമേഹം. ഗൂക്കോസിന്റെ അളവിനെ ക്രമപ്പെടുത്തുന്ന ശരീരത്തിലെ ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ഇന്‍സുലിന്റെ അളവോ പ്രവര്‍ത്തനക്ഷമതയോ കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരനില ക്രമാതീതമാകും. ചില പ്രമേഹ ഔഷധങ്ങള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമ്പോള്‍ മറ്റുള്ളവ ഉല്പാദനശേഷി കൂട്ടുന്നു. ഇന്‍സുലിന്‍ നേരിട്ട് രക്തത്തിലേക്ക് കുത്തിവെയ്പിലൂടെയും മറ്റും എത്തിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ടൈപ് 1 പ്രമേഹമെന്ന കുട്ടിക്കാലം മുതലാരംഭിക്കുന്ന പ്രമേഹത്തില്‍, ഇന്‍സുലിന്‍ ഉല്പാദനം ശരീരത്തില്‍ തീരെയില്ലാത്തതിനാല് ദിവസം രണ്ടോ മൂന്നോ തവണ ഇന്‍സുലിന്‍ കുത്തിവെയ്ക്കേണ്ടി വരും.
പ്രമേഹമരുന്നുകളുടെ പ്രവര്‍ത്തനരീതി അറിഞ്ഞിരുന്നാല്‍ അത് രോഗിക്ക് കൂടുതല്‍ ഗുണം ചെയ്യും. ഉദാഹരണത്തിന് ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന മെറ്റ്ഫോമിന്‍ എന്ന ഗുളിക കഴിക്കുന്നവര്‍ വ്യായാമം ചെയ്യുന്നത് നല്ലതായിരിക്കും. ചിട്ടയായ വ്യായാമവും ആഹാരക്രമവും കൊണ്ട് അമിതവണ്ണവും തൂക്കവും കുറയ്ക്കുന്നത് ഇന്‍സുലിന്‍ സന്തുലനത്തിന് സഹായിക്കും. മരുന്നുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചറിയുന്നത് പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് സള്‍ഫണിലൂറിയാസ് ഗണത്തില്‍ പെടുന്ന ഗൈബന്ക്ളമൈഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍സുലിന്‍ ഉത്പാദനം ക്രമാതീതമായി വര്‍ധിക്കും. ഈ മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികള്‍ കൃത്യസമയത്ത് ആഹാരം കഴിച്ചില്ലെങ്കില്‍ പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ വരാം. അതിനാല്‍ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയുന്നത് നല്ലതാണ്.
കഴിക്കേണ്ട സമയം
മരുന്നുകള്‍ കഴിക്കേണ്ട കൃത്യമായ സമയം വളരെ പ്രധാനപ്പെട്ടതാണ്. ചില മരുന്നുകള്‍ ആഹാരത്തിനുമുമ്പുതന്നെ കഴിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഇന്‍സുലിന്‍ അളവ് കൂട്ടുന്ന ഗിമിപെറൈഡ് പോലുള്ള മരുന്നുകള്‍. അകാര്‍ബോസ് പോലുള്ള മരുന്നുകളാകട്ടെ ആഹാരത്തോടൊപ്പം കഴിക്കേണ്ടവയാണ്. ആഹാരത്തിന്റെ ദഹനസമയം കൂട്ടാനായി ആമാശയത്തിലെ ദഹനഎന്സൈമുകളുടെ ഉത്പാദനം നിയന്ത്രിക്കും. ഇവയുടെ ഉപയോഗത്തിലൂടെ ആഹാരത്തിനു ശേഷം പെട്ടെന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ധന നിയന്ത്രിക്കാന്‍ കഴിയും. ഇന്‍സുലിന്‍ എടുക്കുന്ന കാര്യത്തിലും ഈ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. പരമ്പരാഗതരീതിയില്പെട്ട പല ഇന്‍സുലിനുകളും ആഹാരത്തിന് അരമണിക്കൂര്‍ മുമ്പ് എടുക്കുമ്പോള്‍ ചിലതരം പുതിയ ഇന്സുലിനുകള് ആഹാരത്തിന് തൊട്ടുമുമ്പ് എടുക്കേണ്ടവയാണ്.
ഇണങ്ങുന്ന മരുന്ന്
മെറ്റ്ഫോമിന്‍, ഗിപ്റ്റിന്സ് മുതലായവയുടെ ഉപയോഗം പഞ്ചസാരനില അപകടകരമായി കുറയ്ക്കില്ല. എന്നാല്‍ ഇന്‍സുലിന്‍ ഉപയോഗം ഹൈപ്പോഗൈസീമിയയിലേക്ക് എത്തിക്കാം. അതിനാല്‍ ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നവര്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഹൈപ്പോഗൈസീമിയ ഉണ്ടാക്കാത്തതരം മരുന്നുകള്‍ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് ആഹാരകാര്യത്തില്‍ അത്രതന്നെ സമയനിഷ്ഠ വേണ്ടി വരുന്നില്ല. അഭിഭാഷകര്‍, എക്സിക്യൂട്ടീവുകള്‍ തുടങ്ങി തിരക്കേറിയ ജീവിതശൈലിയുള്ളവര്‍ ഹൈപ്പോഗൈസീമിയ ഉണ്ടാക്കാത്ത മരുന്നുകള്‍ വേണം സ്വീകരിക്കാന്‍. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ആശങ്കപ്പെടുന്നവരുണ്ട്. എന്നാല്‍ പല പ്രമേഹമരുന്നുകള്ക്കും അവയുടെ യഥാര്‍ഥ ഉപയോഗത്തിനു പുറമേ മറ്റ് പല ഗുണഫലങ്ങളും കാണാറുണ്ട്. ഉദാഹരണമായി മെറ്റ്ഫോമിന്‍ എന്ന മരുന്ന് പഞ്ചസാര കുറയ്ക്കുന്നതിനു പുറമേ അമിത തൂക്കവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ പ്രമേഹം രക്തക്കുഴലുകളില്‍ വരുത്താവുന്ന ജീര്‍ണതകളെ കുറയ്ക്കാനും സഹായിക്കുന്നു.
പാര്‍ശ്വഫലങ്ങള്‍
മുമ്പു പറഞ്ഞ ഹൈപ്പോഗൈസീമിയ വരാതെ നോക്കുകയെന്നതാണ് പ്രമേഹമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. മരുന്നിന്റെ അമിത ഉപയോഗം, അമിത വ്യായാമം, സമയത്ത് ആഹാരം കഴിക്കാതിരിക്കുക എന്നിവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയ്ക്കും. ഇങ്ങനെ സംഭവിച്ചാല്‍ അമിതമായ വിയര്‍പ്പ്, വിശപ്പ്, അസ്വസ്ഥത, താളം തെറ്റിയ ഹൃദയമിടിപ്പ് തുടങ്ങി ബോധക്ഷയവും ചിലപ്പോള്‍ മരണം തന്നെയും സംഭവിച്ചേക്കാം. ഹൈപ്പോഗൈസീമിയയ്ക്ക് ഏറ്റവും പ്രധാന കാരണക്കാര്‍ ഇന്‍സുലിനും സള്‍ഫണിലൂറിയാസ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുമാണ്. ഇവ ഉപയോഗിക്കുന്ന രോഗികള്‍ കൃത്യസമയത്ത് ആഹാരം കഴിക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. ഗൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ശരീരഭാരം കൂട്ടുന്നവയാണ്. എന്നാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ക്രമമായ ആഹാരവും വ്യായാമവും ശരീരഭാരം കൂടുന്നത് തടയുന്നു. വളരെ വ്യാപകമായി ഉപയോഗിക്കുന്ന പയോഗിറ്റാസോണ് മരുന്നും പാര്‍ശ്വഫലങ്ങളില്‍ നിന്ന് മുക്തമല്ല. ഈ മരുന്ന് സ്ത്രീകളില്‍ അമിതഭാരത്തിന് ഇടയാക്കും. കാലുകളിലെ നീര്‍ക്കെട്ടിനും എല്ലുകള്‍ ഒടിയുന്നതിനും വഴിതെളിക്കും. ബ്ളാഡര് കാന്‍സറിനു കാരണമാകുന്നു എന്നതിനാല്‍ ഇടക്കാലത്ത് ഈ മരുന്ന് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഈ നിരോധനം അടുത്ത കാലത്ത് പിന്‍വലിച്ചു. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ.
എങ്ങനെ കഴിക്കണം?
ഗുളികകള്‍ സമയാസമയങ്ങളില്‍ കഴിച്ചാല്‍ പോരേ എന്നാണ് പല രോഗികളുടെയും വിചാരം. എന്നാല്‍ ഇതു വാസ്തവമല്ല. അകാര്‍ബോസ് പോലെ ചില മരുന്നുകള്‍ ഭക്ഷണത്തിനൊപ്പം കഴിക്കേണ്ടതാണ്. മറ്റു ചില വകഭേദങ്ങള്‍ ചവച്ചരച്ചു കഴിക്കേണ്ടവയും നാക്കിനടിയില്‍ വച്ച് കഴിക്കേണ്ടവയും ഒരു ഗാസ് വെള്ളത്തിനൊപ്പം കഴിക്കേണ്ടവയുമാണ്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അതേപടി പിന്തുടരുക. ഒരു നേരം പോലും മുടങ്ങാതെ മരുന്നു കഴിക്കുക എന്നത് പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഒരു ദിവസം രാവിലത്തെ ഭക്ഷണത്തോടൊപ്പമുള്ള മരുന്ന് മുടങ്ങിയാല്‍ തന്നെ ബ്ളഡ്ഷുഗര്‍ നില ഉയരാന്‍ തുടങ്ങും. ഉച്ചഭക്ഷണത്തോടും രാത്രിഭക്ഷണത്തോടും ഒപ്പമുള്ള മരുന്നും ഒഴിവാക്കിയാല്‍ ഷുഗര്ലെവല് നിയന്ത്രണാതീതമാകും. അതിനു ശേഷം ദിവസങ്ങളോളം ചിട്ടയായ മരുന്നും ഭക്ഷണവും പിന്തുടര്ന്നാലേ പൂര്‍വസ്ഥിതിയിലെത്താന്‍ സാധിക്കൂ. മരുന്നു കഴിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഹൃദ്രോഗം, വൃക്ക, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോള്‍ ഡെഗൂഡെക്ക് പോലെ 36 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമതയുള്ള മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ തന്നെ കൃത്യമായ അളവില്‍ കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതാണ് അഭികാമ്യം.
ഇന്‍സുലിന്‍ എടുക്കാം
ഇന്‍സുലിന്‍ കുത്തിവെയ്പ് വേണ്ടിവരുന്നവരുടെ എണ്ണം കൂടിവരികയാണ്. പരമ്പരാഗത ഇന്സുലിനുകള്ക്കു പകരം ഇപ്പോള്‍ ജിഎല്‍പി1 പോലെയുള്ള ആധുനിക ഇന്സുലിനുകളുടെ ഉപയോഗം സാര്‍വത്രികമായിട്ടുണ്ട്. കുത്തിവയ്പ് എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ നീളത്തിലുള്ള സൂചികള്‍ വേദന കുറയ്ക്കുന്നതിനൊപ്പം പേശികള്‍ക്കു മുറിവേല്പിക്കുകയുമില്ല. പേശികളില്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കപ്പെട്ടാല്‍ പെട്ടെന്ന് തന്നെ ശരീരം അതിനെ സ്വാംശീകരിക്കുകയും ഹൈപ്പോഗൈസീമിയ എന്ന അവസ്ഥയില്‍ എത്തുകയും ചെയ്യും. അതേപോലെ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇന്ജക്ഷന് എടുത്തുകൊണ്ടിരുന്നാല്‍ അവിടെ കൊഴുപ്പടിഞ്ഞുകൂടി ലൈപോഹൈപ്പര്ട്രഫി എന്ന അവസ്ഥയുണ്ടായി ഇന്‍സുലിന്‍ ശരീരം വലിച്ചെടുക്കാത്ത സ്ഥിതിവരും. അതുമൂലം ഇന്‍സുലിന്‍ എടുത്തതിനു ശേഷവും രക്തത്തിലെ പഞ്ചസാരനില ഉയര്‍ന്നു നിന്നേക്കാം. അതിനാല്‍ ദിവസേന ഇന്ജക്ഷന് എടുക്കുന്ന സ്ഥാനം മാറ്റാന്‍ മറക്കരുത്.
മരുന്നു ഫലിക്കുന്നുണ്ടോ? പ്രമേഹരോഗികള്‍ക്ക് പഞ്ചസാരനില കൂടുന്ന അവസ്ഥയില്‍ അധികവിശപ്പ്, തൂക്കം നഷ്ടപ്പെടല്‍, അണുബാധയ്ക്കുള്ള സാധ്യത എന്നിവ സാധാരണമാണ്. എന്നാല്‍ പഞ്ചസാരനില നോര്‍മല്‍ ആകുന്നതോടു കൂടി ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണ് പതിവ്. എങ്കില്‍ക്കൂടി ഇടവേളകളില്‍ ലാബറട്ടറിയില്‍ കൂടിയുള്ള പരിശോധന ഒഴിവാക്കരുത്. എച്ച്ബിഎ എല്സിഎന്ന രക്തപരിശോധനയിലൂടെ മൂന്നുമാസത്തെ ഗൂക്കോസ് നിലയുടെ തോത് ബോധ്യമാകും. ഈ ടെസ്റ്റിന്റെ മൂല്യം ഏഴുശതമാനത്തില്‍ കുറവെങ്കില്‍ ബ്ളഡ്ഗൂക്കോസ് ലെവല്‍ നിയന്ത്രണ വിധേയമാണെന്ന് മനസിലാക്കാം. പ്രത്യേകകാരണമൊന്നും കൂടാതെ ഈ ടെസ്റ്റിന്റെ വാല്യൂ ഏഴു ശതമാനത്തില്‍ കൂടുകയാണെങ്കില്‍ സിജിഎംഎസ് എന്ന ടെസ്റ്റ് ചെയ്യാവുന്നതാണ്. ഇതുവഴി ഒരു ദിവസം 288 തവണ ഗൂക്കോസ് നില എന്ന കണക്കില്‍ മൂന്ന് ദിവസത്തേക്ക് ഗൂക്കോസ് ലെവല്‍ അറിയാന്‍ സാധിക്കും. ഉണര്‍ന്നിരിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ, ജോലി ചെയ്യുമ്പോഴോ ഉള്ള ഗൂക്കോസ് ലെവലിന്റെ ഏറ്റക്കുറച്ചിലുകള്‍ ഈ ടെസ്റ്റില്‍ നിന്നു മനസിലാക്കാന്‍ സാധിക്കും. ചുരുക്കത്തില്‍ പ്രമേഹരോഗികള്‍ തങ്ങള്‍ക്കു കഴിക്കേണ്ട മരുന്നുകളുടെ അളവ്, കഴിക്കേണ്ട സമയം, എന്നിവയെപ്പറ്റി തികച്ചും ബോധവാന്മാരായിരിക്കണം. അതേപോലെ തങ്ങള്‍ക്കു കിട്ടുന്ന വിവരങ്ങളുടെ ആധികാരികതയെപ്പറ്റിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിലൂടെയോ കേട്ടുകേള്വിയിലൂടെയോ ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ വിശ്വസിച്ച് ആധികൊള്ളേണ്ടെന്നു സാരം.
ഗൂക്കോമീറ്റര്‍ ഉപയോഗിക്കാം
കേവലം ജിജ്ഞാസ കാരണം ഗൂക്കോമീറ്റര്‍ ഉപയോഗിച്ച് ഓരോ മണിക്കൂറിലും ഷുഗര്‍ ലെവല്‍ അളക്കുന്നവരുണ്ട്. ഇതില്‍ തെറ്റൊന്നുമില്ലെങ്കിലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിനെപ്പറ്റി അമിതമായ ഉത്കണ്ഠ അത്ര നല്ലതല്ല. പ്രത്യേകിച്ചും ഒരു മരുന്ന പുതിയതായി കഴിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കില്‍. പഞ്ചസാരയുടെ അളവ് സാധാരണ ഗതിയിലാകാന്‍ അല്പം താമസിച്ചേക്കാം. എന്നാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന് പതിവായി അധികഡോസില്‍ എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ദിവസവും നാലോ അഞ്ചോ തവണയോ അതില്‍ കൂടുതലോ ഗൂക്കോസ് ലെവല്‍ നോക്കേണ്ടി വന്നേക്കാം. ഇവിടെയും ഒരു ഡോക്ടറുടെ നിര്‍ദേശം വളരെ പ്രധാനപ്പെട്ടതാണ്. ഗുളിക കഴിക്കുന്നവരെ അപേക്ഷിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് ബ്ളഡ്ഷുഗര്‍ ലെവല്‍ കൂടുതല്‍ തവണ പരിശോധിക്കേണ്ടി വന്നേക്കാം. വീട്ടില്‍ പരിശോധിക്കുന്നതിനേക്കാള്‍ കൃത്യത ലാബിലെ പരിശോധനകള്‍ക്കായിരിക്കും. പക്ഷേ, സൗകര്യം ഗൂക്കോമീറ്റര്‍ തന്നെയാണ്.
കടപ്പാട് : ഡോ. എ. ജി. ഉണ്ണികൃഷ്ണന്
ആയുര്‍വേദശാസ്ത്രപ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തില്‍ കാണപ്പെടും. ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ടമേഹം, ശുക്ളമേഹം, ലാലാമേഹം, ശനൈര്‍മേഹം, സികതാമേഹം, ശീതമേഹം, സാന്ദ്രമേഹം ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങള്‍ പത്തുവിധത്തിലുണ്ട്.ഇതു കൂടാതെ മഞ്ജിഷ്ഠാമേഹം, നീലമേഹം, കാളമേഹം, ഹരിദ്രാമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിങ്ങനെ പിത്തപ്രധാനങ്ങളായമേഹങ്ങള്‍ ആറും വസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിങ്ങനെ വാതപ്രധാനമായ മേഹങ്ങള്‍ നാലു വിധത്തിലും കണ്ടുവരുന്നു. അതിനാല്‍ത്തന്നെ ശാസ്ത്രീയമായ ആയുര്‍വേദചികിത്സയ്ക്ക് വിദഗ്ധമായ രോഗനിര്‍ണയം അത്യാവശ്യമാണ്.
മേല്പറഞ്ഞ വിഭാഗങ്ങളില്‍ ചികിത്സ അസാധ്യമായി സംഹിതകള്‍ കരുതുന്ന മധുമേഹത്തോടാണു നാം ആധുനിക ശാസ്ത്രത്തില്‍ പറയുന്ന പ്രമേഹം എന്ന രോഗത്തിന് ഏറെ സാമ്യം. അതിനാല്‍ത്തന്നെ പ്രമേഹചികിത്സ ഏറെ സൂക്ഷിച്ചു ചെയ്യേണ്ടതും കൃത്യമായ വൈദ്യനിര്‍ദേശപ്രകാരം ദീര്‍ഘകാലം ശീലി ക്കേണ്ടതുമാണ്. ബലവാനായ രോഗിക്കു വമനം, വിരേചനം തുടങ്ങിയ ശോധന പ്രയോഗങ്ങള്‍ക്ക് ശേഷമാണ് ശമന ചികിത്സ വിധിക്കുന്നത്. എങ്കിലും വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്ന ചില ലഘു പ്രയോഗങ്ങള്‍ ചുവടെ നല്കുന്നു.
ലഘു പ്രയോഗങ്ങള്‍.
1 പച്ചമഞ്ഞള്‍, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേര്‍ത്ത് രാവിലെ വെറുവയറ്റില്‍ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൌണ്‍സ് നീരില്‍ രണ്ട് ടീസ്പൂണ്‍ വരട്ടുമഞ്ഞളിന്റെ പൊടി ചേര്‍ത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേര്‍ത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റില്‍ സേവിക്കുന്നതും ഗുണകരമാണ്.
2 തേറ്റാമ്പരല്‍ നാല്അഞ്ച് എണ്ണം വെള്ളത്തില്‍ ഒരു രാത്രി ഇട്ടുവച്ചിരുന്നു രാവിലെ കടഞ്ഞെടുത്ത മോരിലരച്ച് സേവിക്കുന്നതു പ്രമേഹശമനീയമാണ്.
3 ചിറ്റമൃതിന്റെ നീര് 25 മില്ലിതേന് ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതു പ്രമേഹം ശമിപ്പിക്കും.
4 ഏകനായകത്തിന്‍വേര് (പൊന്‍കുരണ്ടി, തേറ്റമ്പരല്‍ എന്നിവ തുല്യ അളവില്‍ പൊടിച്ചു രണ്ടു ടേബിള്‍ സ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുന്നത് പ്രമേഹശമനത്തിന് ഉത്തമമാണ്.
5 ഏകനായകവും പച്ചമഞ്ഞളും (20 ഗ്രാം) പുളിക്കാത്ത മോരില്‍ തുല്യമായ അളവിലരച്ച് രണ്ട് നേരം കഴിച്ചാല്‍ പ്രമേഹത്തിന് ശമനമുണ്ടാവും.
6 പുളിയരിത്തൊണ്ട്, നെല്ലിക്ക ഇവ കഷായം വച്ച് 50 മി ലീ വീതം ഒരു ടീസ്പൂണ്‍ ഞവരഅരിയുടെ തവിടു ചേര്‍ത്ത് രണ്ടു നേരം സേവിച്ചാല്‍ പ്രമേഹരോഗം തടയാം.
7 മുരിക്കിന്റെ തൊലി അരച്ച് (20 ഗ്രാം) മോരിലോ തേനിലോ ചേര്‍ത്ത് സേവിക്കുന്നതു ഹിതമാണ്.
8 അഞ്ചു കൂവളത്തില അരച്ചുരുട്ടി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതു പ്രമേഹം നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു.
9 ത്രിഫല, മഞ്ഞള്‍, ഞാവല്‍ത്തൊലി, നാല്പാമരത്തൊലി, നീര്‍മാതളത്തൊലി, ചെറൂളവേര്, പാച്ചോറ്റിത്തൊലി ഇവ ഒന്നിച്ചോ അല്ലെങ്കില്‍ ഇവയില്‍ ലഭ്യമായ മൂന്നു മരുന്നുകള്‍ തുല്യ അളവില്‍ ഏകനായകവുമായി ചേര്‍ത്തോ കഷായം വച്ചു കഴിച്ചാല്‍ പ്രമേഹം ശമിക്കും.
10 കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്. (തേന്‍ ചേര്‍ക്കേണ്ട യോഗങ്ങളില്‍ വിശ്വാസയോഗ്യമായ ചെറുതേന്‍ ആണ് ഉപയോഗിക്കേണ്ടത്).
പഥ്യം ഏതു വിധം?
ഏറ്റവും പഥ്യമായത് ശരിയായ വ്യായാമമാണ്. ചെരുപ്പും കുടയുമില്ലാതെ സന്യാസിയെപ്പോലെ ജിതേന്ദ്രിയനായി ദിവസവും നൂറുയോജന കാല്‍നടയായി യാത്ര ചെയ്താല്‍ പ്രമേഹശമനമുണ്ടാവുമെന്നു ചക്രദത്തം അനുശാസിക്കുന്നു. ദിവസവും 45 മിനിറ്റ് നേരത്തെ കൈവീശിക്കൊണ്ടു വേഗത്തിലുള്ള നടത്തം ധാരാളം രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.ആഹാരത്തിലാകട്ടെ മോര്, ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന രസം (എണ്ണയും തേങ്ങയും ചേര്‍ക്കാത്തത്), നെല്ലിക്ക, മഞ്ഞള്‍, പടവലം, മലര് എന്നിവ കൂടുതലായി കഴിക്കാം. എള്ള്, ഭൂമി, സ്വര്‍ണം ഇവയുടെ ദാനം, കിണര്‍, കുളം, തണ്ണിര്‍പന്തങ്ങള്‍ ഇവയുടെ നിര്‍മാണം എന്നിവയും ഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്നു.
നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ
പകലുറക്കം, വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ ഒഴിവാക്കണം. തൈര്, നെയ്യ്, മത്സ്യം, മാംസം, പഞ്ചസാര, ശര്‍ക്കര, അരച്ചുണ്ടാക്കിയ ആഹാരം, പൂവന്‍പഴം, തേങ്ങ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും ആഹാരത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.
ശരീരത്തില്‍ വിറ്റമിന്‍ ഡിയുടെ അളവ് കുറഞ്ഞിരിക്കുന്നത് പ്രമേഹം പിടിപെടാ നുള്ള സാധ്യത വര്‍ധിപ്പിക്കുകയും രോഗി കളില്‍ പ്രമേഹനിയന്ത്രണം ഫലപ്രദമ ല്ലാതാക്കുകയും ചെയ്യുമെന്നതാണ് സമീ പകാലത്തുണ്ടായ ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ശരീരത്തില്‍ രൂപംകൊള്ളുന്ന വിറ്റമിനാണ് ഡി.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയില്‍ നടന്ന ഗവേഷണമാണ് വിറ്റമിന്‍ ഡിയും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തതയോടെ സ്ഥാപിച്ചത്. ഡോ ക്ളൌഡിയ ഗാഗ്നോണിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പ്രമേഹമില്ലാത്ത 5200 പേരുടെ രക്തത്തിലെ വിറ്റമിന്‍ ഡി നില രേഖപ്പെടുത്തി. തുടര്‍ന്ന് അഞ്ചുവര്‍ഷ ത്തിനുശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ അവരില്‍ 200 പേര്‍ക്കു പ്രമേഹമുള്ളതായി കണ്ടെത്തി. ആദ്യപരിശോധനയില്‍ വിറ്റമിന്‍ ഡിയുടെ അളവില്‍ കുറവു കണ്ടവരാണ് പ്രമേഹരോഗി കളായവരില്‍ ഭൂരിഭാഗവും എന്നതാണ് പഠനത്തിന്റെ കാതല്‍. വിറ്റമിന്‍ ഡിയുടെ കുറവ് രക്തത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നതായും അതാണ് പ്രമേഹകാരണമായതെന്നും അവര്‍ വിലയിരുത്തി.
വിറ്റമിന്‍ ഡി കുറഞ്ഞുനില്‍ക്കുന്ന രോഗികളില്‍ പ്രമേഹനിയന്ത്രണം ബുദ്ധിമുട്ടേറിയതാണെന്ന് ഡോ ചാന്ദ്നി പറയുന്നു. പഠനത്തില്‍ സൂചിപ്പിക്കുന്ന പോലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറയുന്നതു തന്നെയാകും അതിന്റെയും കാരണം. അതുപോലെ സമീപകാലത്ത് പ്രമേഹവുമായി ബന്ധപ്പെട്ടുള്ള ഏതു ശാസ്ത്രസമ്മേളനത്തില്‍ പങ്കെടുത്താലും വിറ്റമിന്‍ ഡിയും പ്രമേഹവും തമ്മിലുള്ള ബന്ധം ചൂടേറിയ ചര്‍ച്ചാവിഷയമായി മാറുന്ന കാഴ്ച കാണാമെന്ന് ഡോ ഹരീഷ് കുമാര്‍ പറയുന്നു. പല ഡോക്ടര്‍മാരും വിറ്റമിന്‍ ഡി സപ്ളിമെന്റ് പ്രമേഹരോഗികള്‍ക്കു നല്‍കിത്തുടങ്ങിയിട്ടുമുണ്ട്. പക്ഷേ, പ്രമേഹം വരുത്തുന്ന തിലും പ്രമേഹനിയന്ത്രണം തടസപ്പെടുത്തുന്നതിലും വിറ്റമിന്‍ ഡിയുടെ പങ്ക് ശാസ്ത്രീയമായി തെളിയി ക്കപ്പെട്ടിരിക്കുന്നു. പക്ഷേ, പുറമെ നിന്നും ഡി വിറ്റമിന്‍ നല്കുന്നതു കൊണ്ട് പ്രമേഹത്തിന്റെ കാര്യത്തില്‍ ഗുണമുണ്ടാകുമെന്നത് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
വെള്ളത്തില്‍ ലയിക്കുന്ന വിറ്റമിനുകള്‍ അല്പം കൂടുതല്‍ കഴിച്ചാലും ശരീരം മൂത്രം വഴി പുറന്തള്ളും. എന്നാല്‍ വിറ്റമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന വിറ്റമിനാണ്. ശരീരത്തില്‍ അമിതമായി ചെന്നാല്‍ പുറന്തള്ളപ്പെടില്ല. അത് ശാരീരികമായ പല പ്രശ്നങ്ങള്‍ക്കും വഴിവെച്ചേക്കാമെന്ന് ചിക്കാഗോയില്‍ പ്രവര്‍ത്തിക്കൂന്ന ഫാമിലി ഫിസിഷ്യനായ ഡോ റോയ് പി തോമസ് പറയുന്നു. വിദേശത്തേക്ക് കുടിയേറിയ മലയാളികള്‍ അധികം സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ വിറ്റമിന്‍ ഡി കുറവ് കാര്യമായി അനുഭവിക്കുന്ന വരാണ്. പ്രമേഹത്തിന്റെ കാര്യത്തിലും അവര്‍ മുന്നിലാണ്. പ്രമേഹരോഗികള്‍ക്ക് ചെറിയ വീഴ്ചയിലും അസ്ഥി പൊട്ടുന്നു. അതിന്റെ പ്രധാനകാരണവും വിറ്റമിന്‍ ഡിയുടെ കുറവാണെന്നു ഡോക്ടര്‍ പറയുന്നു.
അതിനോടു യോജിച്ചുകൊണ്ട് ഡോ ചാന്ദ്നി പറയുന്നത് പ്രകൃതിദത്തമായ രീതിയില്‍ വിറ്റമിന്‍ ഡി ശരീരത്തില്‍ കുറയാതെനോക്കണമെന്നാണ്. മലയാളികളില്‍ വിറ്റമിന്‍ ഡി കുറവാണ്. വെയിലുകൊള്ളു ന്ന ശീലമില്ല. രാവിലെയും വൈകുന്നേരവും ശരീരത്തില്‍ സൂര്യപ്രകാശമേല്ക്കുകയും പാല്, ചെറുമത്സ്യങ്ങള്‍, ഫിഷ്ലിവര്‍ ഓയില്‍ തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തുകയും ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാം. വിറ്റമിന്‍ മരുന്നായി കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരമാകണം.
ആറുമണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍
ദിവസം ആറുമണിക്കൂറെങ്കിലും സുഖനിദ്ര ലഭിക്കാത്തവര്‍ സൂക്ഷിക്കുക. നിങ്ങളെ പ്രമേഹം കാത്തിരിക്കു ന്നു. പ്രമേഹരോഗികളും ചുരുങ്ങിയത് ആറുമണിക്കൂര്‍ ഉറങ്ങണം. അല്ലെങ്കില്‍ അത് പ്രമേഹനിയന്ത്രണ ത്തെ ബാധിക്കുമെന്നാണ് ഇംഗണ്ടിലെ ബുഫാലോ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഉറക്കത്തെ പതിവായി നിയന്ത്രിക്കുന്നവരില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്പാദനം അസാ ധാരണമാം വിധം വര്‍ധിക്കുന്നുവെന്നും അവര്‍ കലോറി കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുമെ ന്നും പഠനം പറയുന്നു. ഉറക്കം കുറയുമ്പോള്‍ ഗൂക്കോസ്ടോളറന്സ് കുറയുന്നതായും കോര്‍ട്ടിസോളിന്റെ അമിതോല്പാദനം മൂലം ഹൃദയസ്പന്ദന നിരക്കില്‍ മാറ്റം വരുന്നുവെന്നും പ്രമേഹ പൂര്‍വാവസ്ഥയിലുള്ള 91 പേരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഉറക്കം കുറയുന്നവരില്‍ പ്രമേഹസാധ്യത മാത്രമല്ല ഹൃദ്രോഗമുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്ന ങ്ങള് ഉടലെടുക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പ്രമേഗരോഗിക്ക് ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനുമൊപ്പം നല്ല ഉറക്കവും ഉറപ്പുവരുത്തണമെന്നു ചുരുക്കം.
അമ്മ കൊഴുപ്പുകൂട്ടിയാല് കുട്ടിക്കു പ്രമേഹം
ഗര്‍ഭിണി രണ്ടാളിന്റെ ഭക്ഷണം കഴിക്കണം എന്നാണ് നമ്മുടെ നാട്ടിലെ ചൊല്ല്. അതുകൊണ്ട് ഗര്‍ഭിണി ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് അമിതമായി കൊഴുപ്പ് കലര് ന്ന ഭക്ഷണം കഴിക്കുന്നത് പിറക്കാന്‍ പോകുന്ന കുഞ്ഞിനു ഭാവിയില്‍ പ്രമേഹസാധ്യത വ്യക്തമായതോ തില്‍ കൂട്ടുമെന്ന് ജേര്‍ണല്‍ ഓഫ് ഫിസിയോളജി പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തില്‍ പറയുന്നു. അമ്മയ്ക്ക് അമിതവണ്ണമോ പ്രമേഹമോ ഇല്ലെങ്കില്‍ പോലും ഈ ഒറ്റക്കാര്യം കുട്ടിയുടെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമത്രേ. ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന അമിതകൊഴുപ്പ് കുഞ്ഞിന്റെ ശരീരത്തിലെ ഗൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ജീനിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തും. കുഞ്ഞ് വളരുമ്പോള്‍ കരളിലെ കോശങ്ങള്‍ സാധാരണയിലും കവിഞ്ഞനിലയില് ഗൂക്കോസ് ഉല്പാദിപ്പിക്കുമെന്നും അതു പ്രമേഹമായി പരിണമിക്കുമെന്നാണ് കണ്ടെത്തല്‍. പക്ഷേ ഈ ഗവേഷണത്തിന്റെ പ്രധാന പരിമിതി. എലികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനം എന്നതാണ്.
എലികളില്‍ നടത്തിയ പഠനമാണ് ഇതെങ്കിലും മനുഷ്യനില്‍ ഇതു സംഭവിക്കാനുള്ള സാധ്യത തള്ളിക്കള യാനാവില്ലെന്നാണ് കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്ററിലെ ഡയബറ്റോളജിസ്റ്റ് ഡോ വര്‍ഗീസ് ചെമ്മനം പറയുന്നത്. നമ്മുടെ നാട്ടിലെ അമ്മമാരുടെ ഭക്ഷണത്തില്‍ കൊഴുപ്പിന്റെയും ഫാസ്റ്റ്ഫുഡി ന്റെയും അതിപ്രസരമുണ്ട്. മുമ്പ് പ്രായമേറിയവരില്‍ മാത്രം കണ്ടിരുന്ന ടൈപ് 2 ഡയബെറ്റിസ് ഇന്ന് 10 വയസു പ്രായമുള്ള കുട്ടികളില്‍ പോലും കണ്ടു തുടങ്ങിയിരിക്കുന്നു. പാരമ്പര്യവും കുട്ടികളുടെ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയ്ക്കും പുറമേ ഈ പഠനറിപ്പോര്ട്ടിലുള്ളതുപോലെ അമ്മയുടെ ഗര്‍ഭകാല ഭക്ഷണത്തിനെയും സംശയിക്കാം. എന്തുതന്നെയായാലും പൂരിതകൊഴുപ്പുകള്‍ ഭക്ഷണത്തില്‍ കുറച്ച് പോഷകസമൃദ്ധമായ ഭക്ഷണം വേണം അമ്മമാര്‍ കഴിക്കാന്‍.
കടപ്പാട് : സന്തോഷ് ശിശുപാല്‍
ദിവസവും 600 കാലറി ആഹാരം കഴിച്ച് എട്ടാഴ്ച കൊണ്ട് പ്രമേഹത്തെ തോല്പിക്കാം. പ്രമേഹം വന്നാല്‍ നിയന്ത്രിക്കാമെന്നല്ലാതെ പൂര്‍ണമായും മാറ്റാനാകില്ല എന്ന ധാരണ ഇനി തിരുത്താം. ലോക മെമ്പാടും കോടിക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്ന അത്ഭുകതണ്ടെത്തലാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ സമ്മേളനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്നവരിലുണ്ടാകുന്ന പ്രമേഹം പൂര്‍ണമായും (ടൈപ്പ് 2 ഡയബറ്റിസ്) പൂര്‍ണമായും ചികിത്സിച്ചു മാറ്റാം എന്നാണു ന്യു കാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. ഈ ചികിത്സകയിലുമുണ്ട് ഒരു അപൂര്‍വത. മരുന്നില്ല. കര്‍ശനമായ വ്യായാമങ്ങളുമില്ല. ഭക്ഷണം നിയന്ത്രിച്ചുള്ള ചികിത്സ മാത്രം.
എട്ടാഴ്ചത്തെ കഠിന ഭക്ഷണ നിയന്ത്രണത്തിനുശേഷം 11 രോഗികളില്‍ ഏഴുപേരും പ്രമേഹത്തില്‍ നിന്നും പൂര്‍ണമായി മുക്തരായി. മാത്രമല്ല, ഇവര്‍ക്കു പിന്നീട് സാധാരണ ആഹാരം കഴിക്കുകയുമാകാം. ഡയബറ്റിസ് യു. കെയുടെ ധനസഹായത്തോടെ നടന്ന ഈ പഠനം ഈയിടെ പ്രബന്ധമായി അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷ ന്റെ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ കുട്ടികളിലുണ്ടാകുന്ന ടൈപ്പ് 1 പ്രമേഹത്തിന് ഈ ഭക്ഷണചികിത്സ പ്രയോജനം ചെയ്യില്ല എന്ന കാര്യവും എടുത്തുപറഞ്ഞുകൊള്ളട്ടെ.
ടൈപ്പ് 2
ലോകമെമ്പാടുമായി ഏതാണ്ട് 350 ദശലക്ഷം ഡയബറ്റിസ് രോഗികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ 90 ശതമാനം പേരും ടൈപ്പ് 2 രോഗികളാണ്. ടൈപ്പ് 2 പ്രമേഹം പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. പ്രായമാകുമ്പോള്‍ വരുന്നത്, മുതിര്‍ന്നവരില്‍ വരുന്നത്, പൊണ്ണത്തടി മൂലം വരുന്നത് എന്നിങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ (ഗൂക്കോസ്) അളവുകൂടി നില്ക്കുക എന്നതാണു രോഗം ശരീരത്തിലെ ഈ ഗൂക്കോസിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതു ഹോര്‍മോണായ ഇന്‍സുലിനാണ്. ആമാശയത്തിന്റെ അടിയിലായുള്ള പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ആണ് ഇന്‍സുലിന്‍ നമ്മുടെ ശരീരത്തില്‍ ഉല്പാദിപ്പിക്കുന്നത്. ഡയബറ്റിസ് രോഗികളില്‍ ഇന്‍സുലിന്റെ ഉല്പാദനവും അതുപോലെ അതിന്റെ കൃത്യമായ ഉപയോഗവും എപ്പോഴും തടസ്സപ്പെട്ടാണിരിക്കുന്നത്. അക്കാരണത്താല്‍ രക്തത്തിലെ ഗൂക്കോസ് കോശങ്ങളിലേക്ക്് ഊര്‍ജമായി കയറ്റി സംഭരിക്കാനാകാതെ വരുന്നു. തന്മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും കൂടി നില്ക്കുന്നു. അമിതവണ്ണമുള്ളരില്‍ കൊഴുപ്പു താരതമ്യേന കൂടുതലാണെന്നതിനാല്‍ ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാനാകാതെ വരുന്നു. ഈ അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം.
കൊഴുപ്പാണു വില്ലന്‍
ടൈപ്പ് 2 പ്രമേഹകാരണങ്ങളില് പാരമ്പര്യവും ജനിതകകാരണങ്ങളും പിണഞ്ഞുകിടക്കുന്നുണ്ട്. പ്രമേഹം ക്രമേണയാകും കടന്നു വരിക. 45 വയസ്സിനുശേഷമുള്ളവര്ക്കു ടൈപ്പ്2 പ്രമേഹസാധ്യത എപ്പോഴും കൂടുതലാണ്. അമിതവണ്ണവും വ്യായാമക്കുറവും അശാസ്ത്രീയ ഭക്ഷണരീതിയുമൊക്കെ പ്രമേഹത്തിനു കാരണമാണ്. കൂടാതെ വളരെ മെലിഞ്ഞവരിലും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാം. ഇതു പക്ഷേ വളരെ പ്രായം ചെന്നവരിലാകും ഉണ്ടാകുക എന്നുമാത്രം .എച്ച് ഡി എല്‍ കൊളസ്ട്രോള്‍ 35 mg/dl ല്‍ താഴെ ഉള്ളവരിലും ഉയര്‍ന്ന ട്രൈഗിസറൈഡ് ഉള്ളവരിലും ഉയര്‍ന്ന 250 mg/dl ല്‍ കൂടുതല്‍ ഉള്ളവരിലും പ്രമേഹസാധ്യത പൊതുവേ കൂടുതലായിരിക്കും.(ഇന്‍സുലിന്റെ കുറവും അഭാവവും ഉണ്ടാക്കുന്ന പ്രമേഹമാണു കുട്ടികളിലെ ടൈപ്പ് 1 ഡയബറ്റിസ്. കൗമാരക്കാരെയും യൗവനത്തിലുള്ളവരെയുമൊക്കെ ബാധിക്കുന്നതും ടൈപ്പ് 1 പ്രമേഹമാണ്. ഇതിന് ഇന്‍സുലിന്‍ അല്ലാതെ മറ്റു ചികിത്സയില്ല.
പുതുപുത്തന്‍ ആഹാരചികിത്സ
ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കാണ് ഈ ഭക്ഷണനിയന്ത്രണ ചികിത്സ പ്രയോജനം ചെയ്യുന്നത്. ദിവസം വെറും 600 കാലറി മാത്രമടങ്ങുന്ന ഭക്ഷണരീതിയാണ് അവലംബിക്കേണ്ടത്. എട്ടാഴ്ചയാണ് ഈ ചികിത്സ. ഭക്ഷണം എന്നാല്‍ ഡയറ്റ് ഡ്രിങ്സും (വേണ്ട പോഷകങ്ങളടങ്ങിയ ജ്യൂസ് ) അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും മാത്രമേ കാണു. ഏതു ഭക്ഷണമായാലും 1000 കാലറിയില്‍ താഴെയുള്ള ഭക്ഷണത്തില്‍ ശരീരത്തിനുവേണ്ടത്ര വിറ്റമിനുകളോ, മിനറലുകളോ ഫാറ്റി ആസിഡോ വേണ്ടത്ര കാണുകയില്ല. അതിനാല്‍ ഇവയെല്ലാം ഈ ഡയറ്റ് ഡ്രിങ്സില്‍ ഉള്‍പ്പെടുത്തേണ്ടിവരും. അല്ലാതെ എട്ടാഴ്ച പിടിച്ചുനില്‍ക്കാനാവില്ല.
ദിവസം വെറും 600 കാലറി എന്നു പറയുമ്പോള്‍ അതിതീവ്രമായ ഡയറ്റിങ് (ക്രാഷ് ഡയറ്റ്) ആണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. എങ്കിലും പ്രമേഹം പൂര്‍ണമായും സുഖപ്പെടും എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. ചികിത്സയ്ക്ക് ഒരു മരുന്നും വേണ്ട. ഭക്ഷണനിയന്ത്രണം തുടങ്ങി ഒരാഴ്ച കഴിയുമ്പോഴേക്കും പ്രഭാത ഭക്ഷണത്തിനു മുമ്പുള്ള ഗ്ലൂക്കോസ്നില സാധാരണ നിലയിലെത്തും. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ അളവു കൂട്ടും. എട്ടാഴ്ച കഴിയുമ്പോഴേക്കും ഇതു സാധാരണ നിലയില്‍ (പ്രമേഹം ഇല്ലാത്ത ആളിന്റേതുപോലെ) ആയിത്തീരും മൂന്നു മാസങ്ങള്‍ക്കു ശേഷവും ഈ നില തുടരും. പ്രമേഹം സുഖപ്പെട്ട രോഗികള്‍ക്ക് പിന്നീടങ്ങോട്ടു സാധാരണ ഭക്ഷണം കഴിക്കാനാവും. എങ്കിലും ഒരു കരുതല്‍ എപ്പോഴും നന്നായിരിക്കുമെന്നാണു ഗവേഷകര്‍ ഉപദേശിക്കുന്നത്.
കാലറി കുറഞ്ഞാല്‍
ന്യു കാസില്‍ സര്‍വകലാശാലയിലെ റോയി ടെയ്ലര് ആണ് ഈ ചികിത്സയുടെ ഉപജ്ഞാതാവ്. അമിത വണ്ണം കുറയ്ക്കാനായി സാധാരണ ചെയ്യാറുള്ള സ്റ്റൊമക് സ്റ്റേപ്ളിങ് ആന്‍ഡ് ബാരിയാട്രിക് ശസ്ത്ര ക്രിയ നടത്തിയവരില്‍ ടൈപ്പ്2 പ്രമേഹം അപ്രത്യക്ഷമാകുന്ന തായി അദേഹം നിരീക്ഷിക്കുകയുണ്ടായി. സര്‍ജറി ചെയ്ത രോഗികളില്‍ ഹോര്‍മോണ്‍ വ്യത്യയാനം മൂലമാണ് ഇതു സംഭവിക്കുന്നത് എന്നാണു കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയായിരിക്കില്ല, കാലറി കുറയ്ക്കല്‍ ഇവരില്‍ വളരെ അധികമായി ഉണ്ടാകുന്നതു കാരണം പാന്‍ക്രിയാസിലും കരളിലും ഉള്ള കൊഴുപ്പു മാറ്റപ്പെടുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്ന് അദേഹം എംആര്‍ഐ സ്കാന്‍ ഉപയോഗിച്ചു കണ്ടുപിടിച്ചു. അങ്ങനെയാണു കാലറി കുറച്ചാല്‍ പ്രമേഹം പൂര്‍ണമായും സുഖപ്പെടുത്താം എന്നു മനസ്സി ലാക്കിയത്. ദിവസം വെറും 600 കാലറി മാത്രം ഉപയോഗിക്കുമ്പോള്‍ എട്ട് ആഴ്ചകഴിയുമ്പോഴേക്കും പാന്‍ക്രിയാസിലെ കൊഴുപ്പു മുഴുവനും മാറും ഇന്‍സുലിന്‍ നന്നായി ഉല്പാദിപ്പിക്കപ്പെട്ട് പുറത്തോട്ടു തടസ്സമില്ലാതെ വരും. അങ്ങനെ പ്രമേഹരോഗി എന്നന്നേക്കുമായി സുഖം പ്രാപിക്കും.
പ്രത്യേകം ശ്രദ്ധിക്കാന്‍
നിലവിലുള്ള ചിന്താഗതികളെ മാറ്റിമറിക്കുന്നതാണ് ഈ കണ്ടെത്തല്‍ എങ്കിലും ദീര്‍ഘകാലടിസ്ഥാന വ്യതിയാനങ്ങള്‍ ഇനിയും മനസിലാക്കേ ണ്ടിയിരിക്കുന്നു. ഒരു ഡോക്ടറുടെ നിര്‍ദേശമോ മേല്‍നോട്ടമോ കൂടാതെ ഈ ക്രാഷ് ഡയറ്റ് എടുക്കരുത്.
കടപ്പാട് : ഡോ ടൈറ്റസ് ശങ്കരമംഗലം
1 പ്രമേഹരോഗി യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രമേഹരോഗി യാത്രപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവിധകാര്യങ്ങളുണ്ട്. പല രോഗികള്‍ക്കും മരുന്നു മുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. അതിനാല്‍ ആവശ്യമായ മരുന്നും ഇന്‍സുലിനുമൊക്കെ കരുതിയി രിക്കണം. കൂടാതെ ഒരു പ്രമേഹരോഗി തിരിച്ചറിയല്‍ കാര്‍ഡ് രോഗി കൈവശം വയ്ക്കുന്നത് അത്യാവശ്യമാണ്. അതില്‍ പ്രമേഹരോഗിയുടെ പേരും മേല്‍വിലാസ വും ഫോണ്‍ നമ്പരും മൊബൈല്‍ നമ്പരും കഴിക്കുന്ന മരുന്നുകളുടെ പേരും എഴുതിയിരിക്കണം. കൂടാതെ ഹൈപ്പോഗൈസീമിയ ഉണ്ടാകുന്ന രോഗിയാണോ? രക്തഗ്രൂപ്പ്, ചികിത്സിക്കുന്ന ഡോക്ടറുടെ പേരും നമ്പരും ഒക്കെ ഈ കാര്‍ഡില്‍ കുറിച്ചിടണം. പെട്ടെന്നു പഞ്ചസാരയുടെ അളവു കുറഞ്ഞ് അബോധാ വസ്ഥയിലേക്കു പോകുന്ന ഹൈപ്പോഗൈസീമിയ എന്ന സ്ഥിതിവിശേഷമുണ്ടായാല്‍ സഹയാത്രികര്‍ക്ക് ഇദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും ആശുപത്രിയില്‍ എത്തിച്ചാല്‍ വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയുമാണ് ഈ വിവരങ്ങള്‍.കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകാതെ വരുന്നത് യാത്രയില്‍ പതിവാണ്. അതിനാല്‍ കൈവശം ബിസ്കറ്റോ പഴങ്ങളോ കരുതുന്നതും ഏറെ നല്ലതാണ്.
2 പ്രമേഹരോഗി മദ്യപിക്കുന്നതില്‍ തെറ്റുണ്ടോ?
തെറ്റുണ്ട്. മിക്ക പ്രമേഹരോഗികളിലും കാണുന്ന പ്രശ്നമാണു ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പടിഞ്ഞു കരളിന്റെ വലുപ്പം കൂടുന്ന അവസ്ഥയാണിത്. തുടക്കത്തില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു ശരിപ്പെടുത്താവുന്നതേയുള്ളൂ. പക്ഷേ, ശ്രദ്ധിക്കാതെ വിട്ടാല്‍ മഹോദരമെന്ന ലിവര്‍ സിറോസിസായി പരിണമിക്കാം. മദ്യപാനികളിലും ഇതുതന്നെയാണു സംഭവിക്കുന്നത്.പ്രമേഹരോഗി മദ്യപാനികൂടി യാണെങ്കില്‍ ലിവര്‍സിറോസിസ് സാധ്യത പലമടങ്ങാവും. അതുകൊണ്ടു പ്രമേഹരോഗി മദ്യം പൂര്‍ണമായും ഒഴിവാക്കുക തന്നെ വേണം. ബിയറില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം മാത്രമല്ല പഞ്ചസാരയുടെ സാന്നിധ്യവുമുണ്ട്. അതിനാല്‍ പ്രമേഹരോഗി ബിയര്‍ ഒട്ടും കഴിക്കരുത്.
3 പ്രമേഹം ബാധിച്ചവര്‍ക്ക് വിശപ്പു കൂടുതലാണോ? ഇതെങ്ങനെ തടയാം?
വിശപ്പു പൊതുവെ പ്രമേഹരോഗികളില്‍ കൂടുതലായിരിക്കും. നാരിന്റെ അംശം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പ്രത്യേകിച്ചും പച്ചക്കറികളും മറ്റും കൂടുതല്‍ കഴിച്ചും സംഭാരം, വെള്ളം എന്നിവ വേണ്ടത്ര കുടിക്കുന്നതും നല്ലതാണ്. കൂടുതല്‍ ഭക്ഷണം ഒരുമിച്ചു കഴിക്കാതെ പലതവണയായി കഴിക്കുന്നതും അമിതവിശപ്പു കുറയ്ക്കാന്‍ മാത്രമല്ല ഷുഗര്‍ നിയന്ത്രണത്തിനും നല്ലതാണ്.
4 ഭക്ഷണനിയന്ത്രണത്തിന് ലളിതമായ ഒരു മാര്‍ഗരേഖ പറയാമോ?
പ്രമേഹരോഗി ശര്‍ക്കര, തേന്‍, പഞ്ചസാര, കല്‍ക്കണ്ടം, മധുരമുള്ള ബേക്കറി സാധനങ്ങള്‍, ലഡു, ജിലേബി, പായസം, ഐസ്ക്രീം എന്നിവ തീര്‍ത്തും വര്‍ജിക്കണം. എന്നാല്‍ സാധാരണ കഴിക്കാറുള്ള അരിഭക്ഷണം, ഗോതമ്പ്, മുത്താറി, ധാരാളം പച്ചക്കറികള്‍, മത്സ്യം, പാട നീക്കിയ പാല് എന്നിവ വ്യക്തിയുടെ പ്രായത്തിനും തൂക്കത്തിനും അനുസരിച്ചു കഴിക്കാവുന്നതാണ്. അധികം പഴുക്കാത്തപഴങ്ങളില് ഏതെങ്കിലുമൊരു പഴം ദിവസവും കഴിക്കാവുന്നതാണ്. മധുരം കഴിക്കണമെങ്കില്‍ കൃത്രിമമായ കാലറിയില്ലാത്ത മധുരം മിതമായ തോതില്‍ ഉപയോഗിക്കാവുന്നതാണ്. മരുന്നുകടകളിലും മറ്റും ഇവ ലഭ്യമാണ്.
പ്രമേഹവും വേദനയും
5 പെരിഫറല്‍ ന്യൂറോപ്പതി എന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടോ?
പെരിഫറല്‍ ന്യൂറോപ്പതി എന്നു പറയുന്ന വേദനയോ, മരവിപ്പോടുകൂടിയ ഒരു പ്രത്യേക അവസ്ഥയോ പ്രമേഹരോഗിയുടെ കൈകാലുകളെ ചിലപ്പോള്‍ ബാധിക്കാറുണ്ട്. പാദങ്ങളില്‍ ചുട്ടുനീറ്റലും അനുഭവപ്പെടും. ചില സന്ദര്‍ഭങ്ങളില്‍ വേദന അറിയുവാനുള്ള ശക്തി നഷ്ടപ്പെട്ടു പോകും. വിരലുകളിലും പിന്നീടു പാദത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് അനുഭവപ്പെടാം. തല്‍ഫലമായി കാലിലുണ്ടാകുന്ന മുറിവുകള്‍, പൊള്ളലുകള്‍ എന്നിവ കണ്ടു മാത്രം മനസിലാക്കേണ്ട അവസ്ഥ സംഭവിക്കുന്നു. പലപ്പോഴും കണ്ടുപിടിക്കുമ്പോഴേക്കും പാദങ്ങള്‍ക്കു ദോഷകരമായ രീതിയില്‍ മുറിവുകള്‍ നിയന്ത്രണാതീതവുമായി തീരുന്നു. വേദന അനുഭവപ്പെടാത്ത പ്രശ്നത്തിനും മരുന്നു ഫലപ്രദമാണ്. ബി1, ബി2, ബി6 എന്നിവ അടങ്ങിയ ബി കോംപ്ളക്സ് മരുന്നുകളും ഗുണം ചെയ്യും.
6 അണുബാധ കൂടുതല്‍ ബാധിക്കുമെന്നു പറയുന്നത് ശരിയാണോ?
ശരിയാണ്. പ്രമേഹരോഗിക്ക് അണുബാധകള്‍ കൂടാം. ചര്‍മത്തിലും മൂത്രാശയത്തിലും ശ്വാസകോശത്തിലുമൊക്കെ അണുബാധ കൂടാന്‍ അനിയന്ത്രിതമായ പ്രമേഹം ഒരു പ്രധാന കാരണമാണ്. പ്രമേഹം നിയന്ത്രിക്കുകയാണ് ഇതു പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. കാരണം രക്തത്തിലെ ഉയര്‍ന്ന ഗൂക്കോസ് നില രോഗാണുക്കള്‍ക്കു പറ്റിയ മാധ്യമമാണ്. അതും അണുബാധയുണ്ടാകാനുള്ള സാധ്യത കൂട്ടും. കൂടാതെ പ്രമേഹം പ്രതിരോധശക്തി കുറയ്ക്കുകയും ചെയ്യും. അതിനാല്‍ പ്രമേഹ രോഗി അണുബാധ സാധ്യതയുള്ള സാഹചര്യങ്ങള്‍ (രോഗികളെ സന്ദര്‍ശിക്കുന്നതുപോലുള്ള) കുറയ്ക്കുകയും സാധിക്കുമെങ്കില്‍ ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ക്ക് വാക്സിനുകള്‍ എടുക്കുന്നതും നല്ലതാണ്.
7 പ്രമേഹം മൂലം വയറിളക്കം ഉണ്ടാകുമോ?
വയറിളക്കം പ്രമേഹരോഗികളില്‍ ഉണ്ടാകുമ്പോള്‍ അത് അണുബാധ മൂലമോ അല്ലെങ്കില്‍ ചെറുകുടലിന്റെയും വന്കുടലിന്റെയും ചലനഗതിയിലെ മാറ്റം കൊണ്ടോ ആകാം. പ്രമേഹം കൊണ്ടുണ്ടാകുന്ന ചെറുകുടലിന്റെയും വന്കുടലിന്റെയും അനിയന്ത്രിതമായ ചലനമാണ് (ഡയബെറ്റിക് ഗ്യാസ്ട്രോപെരേസിസ്) ഇതിനു കാരണം. അനിയന്ത്രിതമായ പ്രമേഹമാണ് ഇതിനു വഴിവയ്ക്കുന്നത്. പ്രമേഹം നിയന്ത്രണവിധേയമാകുമ്പോള്‍ രോഗശമനവും ഉണ്ടാകും. പ്രോബയോട്ടിക് ഇനത്തില്‍പ്പെട്ട വിറ്റമിന്‍ പോലുള്ള ഗുളികകളും ലാക്ടോബാസിലസ് അടങ്ങിയ മരുന്നുകളും ഇതു തടയാന്‍ ഫലപ്രദമാണ്. 8 പ്രമേഹരോഗിയില്‍ അമിതവിയര്‍പ്പു കണ്ടാല്‍? പ്രമേഹത്തിന്റെ സങ്കീര്‍ണതയായ ഓട്ടോണമിക് ന്യൂറോപ്പതിയുടെ ലക്ഷണമായി അമിതവിയര്‍പ്പ് കാണാറുണ്ട്. പ്രമേഹം ബാധിച്ചുകഴിഞ്ഞശേഷം മുമ്പില്ലാത്തവിധം വിയര്‍പ്പു കണ്ടാല്‍ രോഗ സാധ്യത സംശയിക്കാം. പ്രമേഹം നിയന്ത്രണവിധേയമാകുമ്പോള്‍ പ്രശ്നം മാറും. ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തു ണ്ടാകുന്ന അമിതവിയര്‍പ്പ് ഓട്ടോണമിക് ന്യൂറോപ്പതിയുടെ ഒരു ലക്ഷണമാണ്.
9 മറ്റു മരുന്നുകള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ ഗൂക്കോസ് നില കൂടുമോ?
ചില മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരനില ഉയരാന്‍ കാരണമാകാറുണ്ട്. ശ്വാസംമുട്ടല്‍, അലര്‍ജി, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കു കഴിക്കുന്ന സ്റ്റിറോയ്ഡ് ഗുളികകള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു വര്‍ധിപ്പിക്കാം. ശരീരത്തിന്റെ ഭാരവും കുറയാം. ഇത്തരം മരുന്നുകള്‍ നിര്‍ത്തുന്നതോടെ പ്രമേഹാവസ്ഥ മാറാറുണ്ട്. എന്നാല്‍ ദീര്‍ഘകാലം സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിച്ചവരില്‍ പ്രമേഹം തുടര്‍ന്നേക്കാം.വൃക്കരോഗികള്‍ക്കുള്ള ചില ഗുളികകളും പഞ്ചസാരയുടെ തോതു വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരം പുതിയ അവയവത്തെ തിരസ്കരിക്കാതിരിക്കാന്‍ നല്കുന്ന മരുന്നുകളും പ്രമേഹമുണ്ടാക്കും. ഈ സാഹചര്യങ്ങളില്‍ മറ്റു മരുന്നുകള്‍ക്കൊപ്പം പ്രമേഹ മരുന്നുകള്‍ കൂടി ഉപയോഗിക്കേണ്ടിവരും.
10 അമിതവണ്ണം കുറയ്ക്കുന്നത് എത്രത്തോളം നല്ലതാണ്?
പ്രമേഹരോഗികളില്‍ അമിതവണ്ണം കുറയ്ക്കുന്നതിലൂടെ പ്രമേഹം നിയന്ത്രണം എളുപ്പമാക്കാം എന്നതുമാത്രമല്ല ഹൃദ്രോഗമുള്‍പ്പെടെയുള്ള അനുബന്ധരോഗങ്ങളുടെ സാധ്യതയും കുറയ്ക്കാനാകും. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ടൈപ് 2 പ്രമേഹത്തിനു പ്രധാന കാരണം ഇന്‍സുലിന്‍ റസിസ്റ്റന്സായതുകൊണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. അമിതവണ്ണം ഈ അവസ്ഥയുടെ സാധ്യത കൂട്ടുന്നു. വണ്ണം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഇതിനെ മറികടക്കാന്‍ അത്യാവശ്യമാണ്.
11 പ്രമേഹരോഗിയില്‍ മലബന്ധം കൂടാന്‍ ഇടയുണ്ട്. ശരിയാണോ?
ഏതാണ്ട് നാലിലൊന്നു പ്രമേഹ രോഗികളിലും മലബന്ധം സ്ഥിരം പ്രശ്നമായി കാണാറുണ്ട്. പ്രായമേറുന്തോറും ഈ പ്രശ്നം കൂടാം. നാരുകുറഞ്ഞ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരിലും തൈറോയ്ഡ് ഹോര്‍മോണ്‍ നില ഉയര്‍ന്നു നില്‍ക്കുന്നവരിലും മലബന്ധം കാണാറുണ്ട്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരില്‍ നാഡീതകരാറുകളുണ്ടാകാം. അവരിലും മലബന്ധസാധ്യത കൂടും. നാരിന്റെ അംശം കൂടിയ ഭക്ഷണം ധാരാളം കഴിക്കുന്നത് ഇതിന്റെ നല്ല പരിഹാരമാണ്. രക്തത്തിലെ ഷുഗര്‍നില നല്ല നിയന്ത്രണത്തിലാകുമ്പോള്‍ മലബന്ധത്തിനും ആശ്വാസം കാണാറുണ്ട്. മലബന്ധം കുറയ്ക്കാനുള്ള മരുന്നുകളും ഫലപ്രദമാണ്. അതുപോലെ ചെറിയ പഴങ്ങള്‍ (വാഴപ്പഴങ്ങള്‍) മിതമായി കഴിക്കാം.
12 അറിയാതെ മൂത്രം പോകുന്ന പ്രശ്നം പ്രമേഹം മൂലമാണോ?
ദീര്‍ഘകാലം പ്രമേഹമുള്ളവരില്‍ അറിയാതെ മൂത്രം പോകല്‍, മൂത്രം പൂര്‍ണമായി പോകാതിരിക്കല്‍, ദുര്‍ബലമായി മൂത്രം പോകല്‍ മുതലായ പ്രശ്നങ്ങള്‍ കാണാറുണ്ട്. യൂറിനറി ബ്ളാഡറിനെ നിയന്ത്രിക്കുന്ന ഞരമ്പുകളെ പ്രമേഹം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ന്യൂറോജെനിക് ബ്ളാഡര് എന്ന പ്രശ്നമാണ് ഇതിനു കാരണം. ബ്ളാഡര് നിറയുന്ന വിവരം തലച്ചോറിനെ ധരിപ്പിക്കുന്ന നാഡികളുടെ പ്രവര്‍ത്തനപരാജയമാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. ഇതിനു പരിഹാരം നിര്‍ദേശിക്കാന്‍ ന്യൂറോളജിസ്റ്റിന്റെ സഹായവും വേണ്ടിവരും.പ്രമേഹ രോഗികളില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും കൂടുതല്‍ കാണാറുണ്ട്. നാല്പതു വയസുകഴിഞ്ഞ പ്രമേഹരോഗികളായ പുരുഷന്മാര് പ്രോസ്റ്റേറ്റ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം.
13 കിടക്കയില്‍ നിന്നും പെട്ടെന്ന് എഴുന്നേല്ക്കുമ്പോള് തലകറക്കം?
എഴുന്നേല്‍ക്കുമ്പോഴുള്ള തലകറക്കം പെട്ടെന്ന് രക്തസമ്മര്‍ദത്തിലുണ്ടാകുന്ന മാറ്റം കൊണ്ടാണ്. പോസ്റ്റുറല്‍ ബി പി എന്നാണ് ഇതിനെ വിളിക്കുക. പെട്ടെന്ന് എഴുന്നേല്ക്കുമ്പോള് തലച്ചോറിലേക്ക് വേണ്ടത്ര രക്തം എത്തുന്ന വിധത്തില്‍ രക്തസമ്മര്‍ദം ഇല്ലാതിരിക്കുമ്പോഴാണ് താല്‍ക്കാലികമായി ഈ തലകറക്കം അനുഭവപ്പെടുന്നത്. പത്തുവര്‍ഷത്തിലേറെയായി പ്രമേഹരോഗം അനുഭവപ്പെടുന്നവരില്‍ പ്രത്യേകിച്ചും പ്രായമേറിയവരില്‍ ഈ പ്രശ്നം കൂടുതലായി കാണാറുണ്ട്. സാവധാനത്തില്‍ എഴുന്നേല് ക്കുന്നതും കാലുകളില്‍ ഇലാസ്റ്റിക് സപ്പോര്‍ട്ടിങ് സോക്സ് ഉപയോഗിക്കുന്നതും നല്ലതാണ്. കൂടുതല്‍ ഗൌരവമായി അനുഭവപ്പെടുന്നവര്‍ കട്ടിലിന്റെ തലഭാഗം അര മുക്കാല്‍ അടി ഉയര്‍ത്തിവെയ്ക്കാം. പ്രമേഹരോഗിയില്‍ ഓട്ടോണമിക് ന്യൂറോപ്പതി എന്ന പ്രശ്നത്തിന്റെ ആരംഭത്തില്‍ തന്നെ ഈ പ്രശ്നം കണ്ടുതുടങ്ങാം. അവസ്ഥ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തി ചികിത്സ തേടണം.
മുട്ടുവേദനയുള്ളപ്പോള്‍ വ്യായാമം
14മുട്ടുവേദനയുള്ളപ്പോള്‍ നടത്തം ഉള്‍പ്പെടെയുള്ള വ്യായാം സാധ്യമാകാതെ വരും. അപ്പോള്‍?
ശരിയാണ്. പ്രായമേറിയ പല പ്രമേഹരോഗികള്‍ക്കും മുട്ടുവേദന മൂലം കൂടുതല്‍ ദൂരം നടക്കാന്‍ കഴിയില്ല. അവര്‍ക്ക് വ്യായാമങ്ങളില്‍ ഏറ്റവും നല്ലത് നീന്തല്‍ ആണ്. പക്ഷേ, അത് മിക്കവര്‍ക്കും പ്രായോഗികമാവില്ല. അത്തരക്കാര്‍ക്ക് കുറച്ച് ഉയരത്തിലിരുന്നു കാലുകള്‍ മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുന്നതും ദിവസവും (20 മിനിറ്റ് നേരം) വളരെ നല്ലതാണ്. അതുപോലെ ഇരുന്നുകൊണ്ടു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങളും പരിശീലിക്കാവുന്നതാണ്.
15. വിശപ്പു കുറയുന്ന അവസ്ഥയും സംഭവിക്കാറുണ്ടോ?
ശരിയാണ്. ചില പ്രമേഹരോഗികളില്‍ വിശപ്പു കുറയുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ദഹനത്തിനു സഹായിക്കുന്ന ആഗ്നേയഗ്രന്ഥിയിലെ ചില എന്‍സൈമുകളുടെ ഉല്പാദനം കുറയുമ്പോള്‍ അങ്ങനെ സംഭവിക്കാം. അതിനു പരിഹാരമായി പാന്‍ക്രിയാറ്റിക് എന്‍സൈമുകള്‍ അടങ്ങിയ മരുന്നുകള്‍ നല്ലതാണ്. കൂടാതെ ഡോം പെരിഡോണ്‍ പോലുള്ള മരുന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതും ഫലപ്രദമാണ്.
16. അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കുന്നത് നല്ലതാണോ?
അഞ്ചാറു തവണ വയറുനിറയെ ഭക്ഷിക്കാമെന്നു മോഹം വേണ്ട. സാധാരണ മൂന്നു നേരം കഴിക്കുന്ന ഭക്ഷണം ഒരു പ്രമേഹരോഗിക്ക് അഞ്ചോ ആറോ അതില്‍ കൂടുതലോ തവണകളായി കഴിക്കാം. അതായത് ഒരു ദിവസം ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരാതെ അത് പലതവണയായി കഴിക്കുന്നുവെന്നു മാത്രം. കൂടുതല്‍ ഭക്ഷണം ഒരുമിച്ചു കഴിക്കുമ്പോള്‍ രക്തത്തില്‍ ഗൂക്കോസ് അളവ് കൂടുതല്‍ ഉയര്‍ന്നു നില്ക്കും. ഇടവേള കൂടുമ്പോള്‍ ഗൂക്കോസ് നില കുറഞ്ഞുപോകാനും ഇടയുണ്ട്. ഗൂക്കോസ് നിലയിലെ ഈ ചാഞ്ചാട്ടം പ്രമേഹരോഗിക്ക് നന്നല്ല. മറിച്ച് ഭക്ഷണം ചെറിയ അളവില്‍ പല നേരമായി കഴിക്കുമ്പോള്‍ ഗൂക്കോസ് അളവ് അമിതമായി ഉയരാതെയും താഴാതെയും നില്ക്കും. ഗൂക്കോസ് നിയന്ത്രണം കൂടുതല്‍ കാര്യക്ഷമവുമാകും.
17. പ്രമേഹ രോഗി ഹെല്‍ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടതിന്റെ ആവശ്യം?
സാധാരണ നിലയില്‍ ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ കിടക്കുന്ന രോഗികള്ക്കേ ഹെല്‍ത് ഇന്‍ഷുറന്‍സിന്റെ ക്ളെയിം ലഭിക്കൂ. പ്രമേഹരോഗികളില്‍ മിക്കവരും രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുപോലൊരു അവസ്ഥ ഉണ്ടാകില്ല. അതുകൊണ്ട് പ്രമേഹരോഗികളില്‍ മിക്കവരും ഇന്‍ഷുറന്‍സിനോട് പ്രത്യേകതാല്പര്യം കാണിക്കാറില്ല. പക്ഷേ, ഇന്നത്തെ നിലയ്ക്കു തുടര്‍ച്ചയായി മൂന്നുകൊല്ലം ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമായിരുന്നശേഷമേ പ്രമേഹരോഗിക്കു ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും ആനുകൂല്യം ലഭിക്കുകയുള്ളൂ. അതുകൊണ്ട് എത്രയും നേരത്തെ പ്രമേഹരോഗി ഇന്‍ഷുറന്‍സില്‍ അംഗമാകണം. പ്രമേഹം മറ്റ് സങ്കീര്‍ണ രോഗങ്ങളിലേക്കുള്ള പടിവാതിലാണെന്ന കാര്യവും മറക്കേണ്ട. അതിനാല്‍, എല്ലാ പ്രമേഹരോഗികളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് അത്യാവശ്യമാണ്. 18. പ്രമേഹം വരാതിരിക്കാന്‍ എപ്പോള്‍ മുതല്‍ ശ്രമം തുടങ്ങണം? ടൈപ് 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്ര പ്രായോഗികമല്ല. എന്നാല്‍ സാധാരണ കാണുന്ന ടൈപ് 2 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് നല്ല ഫലം ഉണ്ട്. പ്രമേഹം വരാതിരിക്കാനുള്ള ശ്രമം നവജാതശിശുക്കളില്‍ ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. പ്രമേഹം പാരമ്പര്യമായിട്ടുള്ള കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കു പശുവിന്പാല് കൊടുക്കാതിരിക്കുന്നതു പ്രമേഹത്തെ അകറ്റാന്‍ സഹായിക്കും എന്നു ശാസ്ത്രീയ പഠനങ്ങള്‍ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. അതുപോലെ പൊണ്ണത്തടി, ദുര്‍മേദസ് എന്നിവ കൂടാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. കൂടാതെ 30 വയസു കഴിയുന്നതു മുതല്‍ ഏതൊരാളും രക്തപരിശോധന നടത്തി പ്രമേഹം പൂര്വാവവസ്ഥയില് എത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം. പ്രമേഹപൂര്വാവസ്ഥയാണെന്നു കണ്ടാല്‍ വിദഗ്ധ നിര്‍ദേശമനുസരിച്ച് ഭക്ഷണം നിയന്ത്രിച്ച് ഭാരം കുറച്ച് വ്യായാമം ചെയ്ത് പ്രമേഹം വരാതെ നോക്കാം.
പ്രമേഹരോഗികളിലുണ്ടാകുന്ന ലൈംഗികപ്രശ്നങ്ങള്‍, പ്രത്യേകിച്ചും, ശേഷിക്കുറവ് പലപ്പോഴും തെറ്റിദ്ധരിക്ക പ്പെടുകയോ അവഗണിക്കുകയോ ചെയ്യു ന്ന ഒരു പ്രശ്നമാണ്. നാണം കൊണ്ടും പുറത്തുപറയാനുള്ള മടികൊണ്ടും ലൈംഗികശേഷിക്കുറവ്, പലരും ചികിത്സിക്കു ന്ന ഡോക്ടര്‍മാരില്‍ നിന്നുപോലും ഒളിച്ചുവെയ്ക്കും. പ്രമേഹത്തിനു മരുന്ന് നല്കുന്ന ഡോക്ടര്‍മക്ക് ഇതു പരിഹരി ക്കാനാകുമോയെന്ന സംശയത്തില്‍ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നവരും നിരവധി.ഇത്തരം അബദ്ധധാരണകള്‍ വച്ചുപുലര്‍ത്തി യഥാവിധി ചികിത്സ തേടാതിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളിലേക്കാവും രോഗിയെ കൊണ്ടെത്തിക്കുക. മാനസിക സംഘര്‍ഷം മുതല്‍ കുടുംബബന്ധങ്ങള്‍ ആടിയുലയുന്ന സ്ഥിതിയില്‍ വരെയെത്തും കാര്യങ്ങള്‍. എന്നാല്‍ അറിയുക, ഈ നിശബ്ദത ആവശ്യമില്ല. യാഥാര്‍ഥ്യബോധത്തോടെ ചികിത്സ തേടിയാല്‍ ഈ പ്രശ്നം പരിഹരിക്കാനാകും.
ഉദ്ധാരണംകുറഞ്ഞാല്
ഉദ്ധാരണശേഷിക്കുറവാണ് പുരുഷന്മാരില് പ്രമേഹവുമായി ബന്ധപ്പെട്ടു കണ്ടുവരുന്ന ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനം. ലിംഗം വേണ്ടത്ര ഉദ്ധരിച്ചു കിട്ടാത്ത അവസ്ഥയായി ഈ ശേഷിക്കുറവിനെ കാണാം. പ്രമേഹരോഗികളായ പുരുഷന്മാരില് 35 മുതല്‍ 50 ശതമാനം വരെ പേരില്‍ ഈ പ്രശ്നം കാണാറുണ്ട്. അതോടൊപ്പം താത്പര്യമില്ലായ്മ, ശീഘ്രസ്ഖലനം തുടങ്ങിയ തകരാറുകളും കാണാം. എന്നാല്‍, ഇതെല്ലാം പ്രമേഹം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല എന്നുകൂടി അറിഞ്ഞിരിക്കണം. ലൈംഗികമായി ഉത്തേജി ക്കപ്പെടുമ്പോള്‍ ലിംഗത്തിലെ നാഡീധമനികളും രക്തഅറകളും സ്വയമേ വികസിച്ച് അതിലേക്കു കൂടുതല്‍ രക്തത്തെ ഉള്‍ക്കൊള്ളാന്‍ തയാറാകുന്നു. ഈസമയം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ലിംഗത്തിലേക്ക് കൂടുതല്‍ രക്തം ഒഴുകിയെത്തും. ഇത്തരത്തില്‍ രക്തം എത്തുന്നതോടെ അവയവത്തിനു ദൃഢതയും മികച്ച ഉദ്ധാരണവും ലഭിക്കുന്നു.
തടസം രണ്ടു വിധത്തില്‍
പ്രമേഹരോഗികളില്‍ ഉദ്ധാരണത്തകരാറ് ഉണ്ടാകുന്നത് പ്രധാനമായും രണ്ടുവിധത്തിലാണ്. അതിലൊന്ന് രോഗം മൂര്‍ഛിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി നീണ്ടകാലത്തേക്ക് ഉയര്‍ന്നു നില്ക്കുന്നതു വഴി നാഡീവ്യവസ്ഥയില്‍ തകരാര്‍ സംഭവിക്കുന്നതാണ്. മറ്റൊന്ന് നാഡീവ്യവസ്ഥ ശരിയായ വിധത്തിലായിരിക്കുമ്പോള് ലിംഗത്തി ലെ രക്തഅറകള്ക്ക് ശരിയാംവിധം രക്തം എത്താതിരി ക്കുകയാണ്. ഈ രണ്ടു സാഹചര്യങ്ങളിലും അവയവത്തിനു ആവശ്യത്തിനു ഉദ്ധാരണം ലഭിക്കില്ല. അതുമൂലം ലൈംഗികബന്ധം ശരിയാംവിധം നടക്കാതിരിക്കുകയും ചെയ്യുന്നു.
ഉത്തേജക മരുന്നുകള്‍
ദീര്‍ഘകാല അനിയന്ത്രിത പ്രമേഹത്തിന്റെ ഭാഗമായി ഉദ്ധാരണശേഷി നഷ്ടപ്പെട്ടവര്‍ക്ക് അതു വീണ്ടെടുക്കാനായി നല്കുന്ന ചികിത്സകള്‍ക്ക് പരിധിയുണ്ട്. വയാഗ്ര പോലുള്ള ലൈംഗികോത്തേജന ശേഷിയുള്ള ഔഷധങ്ങള്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ ഉതകുന്നു. നാഡീവ്യവസ്ഥകളെ ഉത്തേജിപ്പിക്കുന്നതിലൂടെ രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഉദ്ധാരണം സാധ്യമാക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാനാണ് ഇവ സഹായിക്കുക. പക്ഷേ, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അനുവാദം തേടിയിരിക്കണം. പൊതുവെ പറയുമ്പോള്‍ ഉത്തേജന ഔഷധങ്ങളില്‍ പലതും സുരക്ഷിതമാണെങ്കിലും ഓരോന്നിനും അതിന്റേതായ പാര്‍ശ്വഫലങ്ങള്‍ കാണാതിരിക്കില്ല. ഹൃദ്രോഗം പോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കണം. എന്തായാലും ഉദ്ധാരണം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള ഇത്തരം ഔഷധങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം നല്ലതല്ല.
പ്രമേഹരോഗികളില്‍ ഉദ്ധാരണശേഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ മരുന്ന് ഫലപ്രദമാകുന്നത് വളരെ ചെറിയൊരു ശതമാനത്തിലേ ഉള്ളൂ. കൂടുതല്‍ കേസുകളിലും മറ്റു മാര്‍ഗങ്ങള്‍ തേടി പോകേണ്ടി വരും. കൃത്രിമ അവയവം മുതല്‍ സംഭോഗത്തിനു തൊട്ടുമുമ്പ് ലിംഗത്തിലേക്കു നേരിട്ട് കുത്തിവയ്ക്കുന്ന ചില പ്രത്യേകതരം മരുന്നുകള്‍ വരെ ഉപയോഗപ്പെടുത്തിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് സംതൃപ്ത മായ ലൈംഗികബന്ധം സാധ്യമാക്കിയെടുക്കുക. രോഗിയെ പരിശോധിച്ച് രോഗാവസ്ഥ നിര്‍ണയിച്ച ശേഷം ഡോക്ടര്‍മാര്‍ തന്നെയാണ് ഏതാണ് ഉചിതമെന്നു തീരുമാനിച്ച് നിര്‍ദേശിക്കുന്നത്.
സ്ത്രീകളുടെ രോഗാവസ്ഥ
ലൈംഗികമായ രോഗാവസ്ഥ പുരുഷന്മാരിലെന്നതുപോലെ സ്ത്രീകളിലും കാണപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഡോക്ടറോടു പോലും തുറന്നു പറയുകയോ ചികിത്സ തേടുകയോ ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകളും പിന്നോട്ടാണ്. ഭാഗ്യവശാല്‍ പുരുഷന്മാരില് കാണപ്പെടുന്നതു പോലെ അത്ര ഗുരുതരമായ ലൈംഗിക പ്രശ്നങ്ങളൊ ന്നും പ്രമേഹരോഗവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കില്ലെന്നു പറയാം. ലൈംഗികാവയവത്തിനുള്ളിലെ നനവ് നഷ്ടപ്പെടുന്നതാണ് പ്രമേഹ ബാധിതരായ സ്ത്രീകളില്‍ കൂടുതലും കണ്ടുവരുന്ന പ്രശ്നം. യഥാസമയത്ത് ഇതു തുറന്നു പറയുകയോ ചികിത്സ തേടുകയോ ചെയ്യാതിരുന്നാല്‍ ദുരിതപൂര്‍ണവും വേദനാജനകവുമായ സംഭോഗത്തിലൂടെ ലൈംഗിക താല്പര്യം തന്നെ നഷ്ടപ്പെടും.
പലപ്പോഴും സ്ത്രീകളില്‍ പ്രമേഹരോഗം കണ്ടുപിടിക്കുന്നതു തന്നെ ഇത്തരം ഒരവസ്ഥയിലാണ്. പ്രമേഹത്തിനു യഥാവിധി ചികിത്സ നിര്‍ദേശിക്കുകയും രോഗി അതു കൃത്യമാ യി പാലിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു തുടങ്ങും.പ്രമേഹരോഗമുള്ള സ്ത്രീകളില്‍ യോനി വരള്‍ച്ച പരിഹരിക്കാന്‍ വിവിധതരം ജെല്ലികളെയാണ് ആശ്രയിക്കാനാകുക. ഇത്തരം ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജിയോ മറ്റോ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ തേടണം. യാതൊരു കാരണ വശാലും വെളിച്ചെണ്ണയോ അതുപോലെ വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ഓയിലുകളോ ലൂബ്രിക്കന്റായി ഉപയോഗിക്കരുത്. ജനനേന്ദ്രിയത്തില്‍ ഉണ്ടþകുന്ന ഫംഗസ് ബാധയും തുടര്‍ന്നുണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമാണ് മറ്റൊരു പ്രശ്നം. ഇവയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഇന്നു ലഭ്യമാണ്. അതിനൊപ്പം പ്രമേഹ നിയന്ത്രണമാണ് ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ഒറ്റമൂലി എന്നു കൂടി ഓര്‍ത്താല്‍ നല്ലത്.
മരുന്നുകളെ സൂക്ഷിക്കുക
പ്രമേഹരോഗി കഴിക്കുന്ന ചില മരുന്നുകള്‍ ചിലപ്പോള്‍ ലൈംഗികശേഷിയെ പ്രതികൂലമായി ബാധിച്ചെന്നുവരാം. പ്രത്യേകിച്ചും ബിപി കുറയ്ക്കാനായി കഴിക്കുന്ന ബീറ്റാ ബ്ളോക്കര്‍ ഗണത്തില്‍പെട്ട മരുന്നുകളാണ് പ്രധാന വില്ലന്മാര്. ഈ മരുന്നുകള്‍ തകരാറുണ്ടാക്കുന്നതായി കണ്ടാല്‍ അവയുടെ ഡോസ് കുറയ്്ക്കുകയോ ആവശ്യമെങ്കില്‍ നിര്‍ത്തി മറ്റു മരുന്നുകള്‍ കഴിക്കാനോ ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.
ആഗ്രഹങ്ങളെ കെട്ടഴിച്ചു വിടാന്‍
പ്രമേഹം യഥാവിധി നിയന്ത്രിച്ചു നിര്‍ത്താനായില്ലെങ്കില്‍ അതു സംതൃപ്തമായ ലൈംഗിക ജീവിതത്തെ കൂടി ബാധിക്കുമെന്ന് തിരിച്ചറിയണം. രോഗത്തിന്റെ കാഠിന്യമാണ് യഥാര് ഥത്തില് വില്ലനായെത്തുന്നത്. അത് മനസിലാക്കി പരിശ്രമിച്ചാല്‍ രോഗത്തെ വരുതിക്ക് നിര്‍ത്താം. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികതാല്‍പര്യ ക്കുറവുകളോ ഉദ്ധാരണശേഷിയില്ലായ്മയോ മറ്റു പ്രശ്നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ അതു ഡോക്ടറുമായി പങ്കുവയ്ക്കണം.ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ രോഗനിയന്ത്ര ണവും ചികിത്സയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോയാല്‍ പ്രമേഹരോഗി കളുടെ കരുത്തിന് തളര്‍ച്ച സംഭവിക്കില്ല.
ഉദ്ധാരണം : ആദ്യമേ ജാഗ്രത
പ്രമേഹരോഗിക്ക് രോഗത്തിന്റെ തീവ്രതയനുസരിച്ച് ഏതു സമയത്തും ഉദ്ധാരണത്തകരാറ് സംഭവി ക്കാം.ഉദ്ധാരണക്കുറവ് എന്ന പ്രശ്നം ഉടന്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തി ചികിത്സ ആരംഭിച്ചാ ല്‍ ഇതിനു പരിഹാരമുണ്ടാവുകയും ഉദ്ധാരണശേഷി പൂര്‍ണമായി വീണ്ടെടുക്കാനു മാവും.എന്നാല്‍ പ്രമേഹം വേണ്ടവിധം ചികിത്സിക്കാതെ രക്തത്തിലെ പഞ്ചസാര കാലങ്ങളോളം ഉയര്‍ന്നിരുന്നാല്‍ ഉദ്ധാരണത്തിനു സഹായിക്കുന്ന നാഡികള്‍ക്ക് കാര്യമായ “ക്ഷതം സംഭവിക്കും. അവരില്‍ നാഡീവ്യവസ്ഥ യ്ക്കു ണ്ടാകുന്ന തകരാറിനു വിദഗ്ധ ചികിത്സ തന്നെ വേണ്ടിവരും. ചികിത്സ പൂര്‍ണമായി വിജയിക്കാനു ള്ള സാധ്യതയും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തുകയാ ണ് ഉദ്ധാരണ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.
അവസാനം പരിഷ്കരിച്ചത് : 7/14/2020
കൂടുതല്‍ വിവരങ്ങള്‍
ഡയബറ്റിസ് അഥവാ പ്രമേഹം ഇന്ത്യയില്‍ ഒന്നു മുതല്‍ മൂ...
പ്രമേഹത്തിന് പഴയ മരുന്നുകളുമുണ്ട്, പുതിയ മരുന്നുകള...
പ്രമേഹവും വൃക്ക പരാജയവും