പുതിയതായി ഉദ്ഭവിച്ച് നിയന്ത്രണമില്ലാതെ വളരുന്ന ശരീര കോശങ്ങള്‍ (neoplastic growth) മൂലം രൂപീകൃതമാവുന്ന മുഴ അഥവാ വീക്കം. കോശങ്ങള്‍ വിഭജിക്കുകയും വര്‍ധിക്കുകയും ചെയ്യുന്നത് ജൈവ പ്രക്രിയയുടെ ഭാഗമാണ്. എന്നാല്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമില്ലാതെ അനിയന്ത്രിതമായി കോശങ്ങള്‍ വിഭജിക്കുമ്പോഴാണ് ട്യൂമറുകളുണ്ടാവുന്നത്. അനിയന്ത്രിതമായ ഇത്തരം കോശ വിഭജനത്തിനിടയാക്കുന്ന ചോദന എന്തെന്നു വ്യക്തമല്ല.
ട്യൂമറിന് രണ്ട് അടിസ്ഥാന ഘടകങ്ങളുണ്ട്. ട്യൂമര്‍ കോശങ്ങളടങ്ങുന്ന പാരന്‍കൈമയും (മൃദുകല) ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ചയെ പുഷ്ടിപ്പെടുത്തുവാന്‍ പര്യാപ്തമായ സ്ട്രോമയും (സന്ധാനകലകളും നാളികളും ഉള്ള ആധാരചട്ടക്കൂട്). പാരന്‍കൈമയാണ് ട്യൂമറിന്റെ ജീവ സ്വഭാവം നിര്‍ണയിക്കുന്നത്.
ട്യൂമറുകള്‍ രണ്ടു വിധത്തിലുണ്ട്, ലഘു (benign) ട്യൂമറുകളും മാരക (mlignant) ട്യൂമറുകളും. മാരക ട്യൂമറുകളാണ് കാന്‍സര്‍ അഥവാ അര്‍ബുദം. ലഘു ട്യൂമറുകള്‍ക്കും മാരക ട്യൂമറുകള്‍ക്കും മധ്യേ സ്വഭാവമുള്ള ട്യൂമറുകളുമുണ്ട്. ഏതു കലയിലാണോ ട്യൂമര്‍ ഉത്ഭവിക്കുന്നത് ആ ശരീരകലയേയും ട്യൂമറിന്റെ സൂക്ഷ്മ ഘടനയേയും കണക്കിലെടുത്തുകൊണ്ടുള്ള മറ്റൊരു വിഭജന (histopathological classification)വുമുണ്ട്. ശരീരത്തിന്റെ ആവരണ കല(epithelium)കളിലെ ട്യൂമറുകള്‍ (ഉദാ: അന്നപഥത്തിന്റെയും ഗ്രന്ഥികളുടെയും ആവരണം) ഇത്തരത്തിലുള്ളതാണ്. മറ്റൊന്ന് ശരീരാവയവങ്ങളെ ബന്ധിക്കുന്ന സന്ധാന കലകളെ(connective tissues) (ഉദാ: അസ്ഥി, തരുണാസ്ഥി, സ്നായു) ബാധിക്കുന്നട്യൂമറുകളാണ്.
ട്യൂമറിന്റെ സ്വഭാവമുള്ള ഒരു വളര്‍ച്ചയെ കോശ നാമത്തോട് 'ഓമ' ('oma') എന്ന പ്രത്യയം ചേര്‍ത്താണ് വ്യവഹരിക്കാറുള്ളത്. ആവരണ കലകളിലെ ലഘു ട്യൂമറുകളെ പാപ്പിലോമ (papilloma) എന്നും ഗ്രന്ഥികളിലെ ലഘു ട്യൂമറുകളെ അഡിനോമ (adenoma) എന്നും പറയുന്നു. ആവരണ കലകളിലെ എല്ലാ മാരക ട്യൂമറുകളും കാര്‍സിനോമ (carcinoma) ആണ്. സന്ധാനകലകളിലെ ലഘുട്യൂമറുകള്‍ക്ക് കോശനാമത്തോടൊപ്പം 'ഓമ' എന്ന പ്രത്യയം നല്കുമ്പോള് (ഉദാ: തന്തുകലകളിലെ ഫൈബ്രോമ, തരുണാസ്ഥിയിലെ കോണ്‍ഡ്രോമ) മാരകട്യൂമറുകള്‍ കോശനാമത്തോടൊപ്പം സാര്‍കോമ എന്നുകൂടി ചേര്‍ത്താണ് അറിയപ്പെടുന്നത്. ഉദാ: ഫൈബ്രോ സാര്‍കോമ, കോണ്‍ഡ്രോ സാര്‍കോമ. ചില ട്യൂമറുകളില്‍ (ഉദാ: അണ്ഡാശയത്തിലും വൃഷണത്തിലും ഉണ്ടാവുന്ന ട്യൂമറുകളില്‍) അസ്ഥി, പേശി, ഗ്രന്ഥി, ആവരണകല എന്നിങ്ങനെ പലതരം കോശങ്ങളുണ്ട്. ഇങ്ങനെ വിവിധ തരത്തില്‍ കലകളുള്ള ട്യൂമറുകളെ പരാമര്‍ശിക്കാന്‍ കോണ്‍ഡ്രോ മിക്സോ - ഫൈബ്രോ സാര്‍കോമ പോലെയുള്ള സംയുക്ത പദങ്ങളാണ് ഉപയോഗിക്കുന്നത്.
മാരകമായ അര്‍ബുദ ട്യൂമറുകള്‍ ശീഘ്രഗതിയിലാണ് വളരുന്നത്. മറ്റു കോശങ്ങളിലേക്ക് അവ വളരെ വേഗത്തില്‍ വ്യാപിക്കുന്നു. അര്‍ബുദ കോശങ്ങള്‍ പൂര്‍ണമായും വ്യാവര്‍ത്തനം ചെയ്തവയല്ല. ഇത്തരം അവികസിത കോശങ്ങള്‍ (anaplastic cells)ക്ക് ഇരുണ്ട നിറവും അസാമാന്യ വലുപ്പവും ഉണ്ടായിരിക്കും. ഇവയുടെ കോശകേന്ദ്രം വലുതും ക്രമരഹിതവുമായിരിക്കും. രക്തസ്രാവമുണ്ടാകുന്നതും കോശങ്ങള്‍ മൃതമാവുന്നതും സാധാരണമാണ്. അര്‍ബുദ ട്യൂമറുകള്‍ പൂര്‍ണമായും ആവരണം ചെയ്യപ്പെടാത്തതിനാല്‍ അവ സമീപ കലകളിലേക്ക് വ്യാപിക്കുന്നു. മാത്രമല്ല, ശാഖാചംക്രമണവും (metastasis) നടക്കുന്നു. അതായത് ട്യൂമറിന്റെ ചെറു ഭാഗങ്ങള്‍ വേര്‍പെട്ട് രക്തത്തിലൂടെയും ലസികയിലൂടെയും വിദൂര ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. സമീപത്തുള്ള രക്ത ധമനികളില്‍ നിന്ന് പോഷണം നേടുന്ന ഈ അനുജാത ട്യൂമറുകള്‍ പ്രഥമ ട്യൂമറില്‍ നിന്ന് വ്യതിരിക്തമായി വളരുന്നു. പിന്നീട് ഇവ സ്വന്തം രക്തചംക്രമണ സംവിധാനങ്ങള്‍ (സ്ട്രോമ) വികസിപ്പിക്കുന്നു. അര്‍ബുദ ട്യൂമറുകള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ താരതമ്യേന പ്രാരംഭ ഘട്ടങ്ങളിലേ സാധിക്കുകയുള്ളു.
കോശങ്ങളുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്ന സംവിധാനങ്ങളുടെ (കോശ പ്രവൃദ്ധി, വ്യാവര്‍ത്തനം, ഗുണധര്‍മങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ കോശഘടകങ്ങളുടെ) അഭാവമാണ് ട്യൂമര്‍ കോശങ്ങളുണ്ടാവുന്നതിനു കാരണം. ഈ പ്രക്രിയകളെ നിയന്ത്രിക്കുന്ന ജീനുകളിലുണ്ടാവുന്ന ഉല്പരിവര്ത്തന (mutation)മാണ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നത്. തത്ഫലമായി സാമാന്യ കോശഘടന, സംവിധാനം, ഗുണധര്‍മം എന്നിവയൊക്കെ നഷ്ടമാവുന്നു. കോശപ്രതലത്തിലുള്ള ആസഞ്ജന ഗ്രാഹികള്‍ (adhesion receptors) എന്ന തന്മാത്രകളാണ് കോശങ്ങള്‍ തമ്മില്‍ പറ്റിപിടിപ്പിക്കുന്നതും കോശഘടനയും മറ്റും നിയന്ത്രിക്കുന്ന സിഗ്നലുകള്‍ കോശത്തിനക ത്തേക്ക് അയക്കുന്നതും. അര്‍ബുദ കോശങ്ങളില്‍ ആസഞ്ജന ഗ്രാഹികള്‍ നിഷ്ക്രിയമാകുന്നതുമൂലം ട്യൂമറില്‍ നിന്ന് കോശങ്ങള്‍ വേര്‍പെടുന്നു. പിന്നീട് രക്തത്തിലൂടെയോ ലസികയിലൂടെയോ ഉള്ള സഞ്ചാരമധ്യേ ആസഞ്ജന ഗ്രാഹികള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുകയും കോശങ്ങള്‍ ശരീരത്തിന്റെ മറ്റെവിടെയെങ്കിലും പറ്റിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെയാണ് അര്‍ബുദ കോശങ്ങളുടെ ശാഖാചംക്രമണം സംഭവിക്കുന്നത്. അര്‍ബുദ ട്യൂമറുകള്‍ വ്യാപിക്കുന്നതിനു ചില എന്‍സൈമുകളുടെ പ്രവര്‍ത്തനവും ഒരു പ്രധാന ഘടകമാണ്. ആവരണകലകള്‍ക്കുള്ളിലേയ്ക്ക് ട്യൂമറുകള്‍ക്ക് സംക്രമിക്കാന്‍ ഈ കലകള്‍ ലയിപ്പിക്കുന്ന എന്‍സൈമുകള്‍ ആവശ്യമാണ്. ട്യൂമര്‍ കോശങ്ങള്‍ തന്നെ സ്രവിക്കുന്ന മെട്രിക്സ് മെറ്റാലോ പ്രോട്ടിനേസ് എന്ന എന്‍സൈം ഇത്തരത്തിലുള്ളതാണ്. കോശങ്ങളുടെ വളര്‍ച്ചാ ഘടകമായ പോളിപെപ്റ്റൈഡുകള്‍ സാധാരണ കോശ ബാഹ്യമായി ഉത്പാദിപ്പിക്കപ്പെട്ട ശേഷം കോശപ്രതലത്തില്‍ ബന്ധിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ട്യൂമര്‍ കോശങ്ങളാകട്ടെ വളര്‍ച്ചാഘടകത്തെ സ്വയം ഉത്പാദിപ്പിക്കുന്നതു മൂലം നിരന്തര വളര്‍ച്ചയ്ക്കും പ്രവൃദ്ധിക്കും വിധേയമാകുന്നു. മാത്രമല്ല വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ജീനുകള്‍ ട്യൂമര്‍ കോശങ്ങളില്‍ കാണുകയുമില്ല.
ട്യൂമറിന്റെ ഉദ്ഭവം, വികാസം, വൃദ്ധി, അര്‍ബുദരൂപം ആര്‍ജിക്കല്‍, ശാഖാ ചംക്രമണം എന്നിവയൊക്കെ കൃത്യമായ കോശ സാഹചര്യങ്ങളില്‍ സംഭവിക്കുന്ന പടിപടിയായുള്ള പ്രക്രിയകളാണ്. ഈ പ്രക്രിയകളെ അനുകൂലമായ വിധത്തില്‍ വ്യതിചലിപ്പിക്കുക വഴി അര്‍ബുദ ചികിത്സയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ സാധ്യമാകും
മാരകമായതും അല്ലാത്തതുമായ ട്യൂമറുകള്‍ അഥവാ മുഴകള്‍ക്കു നിദാനങ്ങളായ വൈറസുകള്‍. പഠനവിധേയമാക്കപ്പെട്ട മിക്ക ജന്തുസ്പീഷീസിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.
ട്യൂമര്‍ വൈറസുകളെ ഡി ഓക്സിറൈബോന്യൂക്ലിയിക് ആസിഡ് (DNA) വൈറസുകള്‍ എന്നും റൈബോന്യൂക്ലിയിക് ആസിഡ് (RNA) വൈറസുകള്‍ എന്നും രണ്ടിനങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട്. വൈറസുകളുടെ ജനിതകഘടനയിലുള്ള ന്യൂക്ലിയിക് ആസിഡ് ഇനങ്ങളെ ആധാരമാക്കിയാണ് ഇപ്രകാരം വര്‍ഗീകരിച്ചിരിക്കുന്നത്. പുള്ളിപ്പുലി തവളകളില്‍ ലൂക്കെ റീനല്‍ അഡിനോ കാര്‍സിനോമ എന്നയിനം കാന്‍സര്‍ രോഗത്തിനു നിദാനമായ വൈറസുകള്‍, കന്നുകാലികളിലും മനുഷ്യരിലും തൊലിപ്പുറത്ത് ഉണ്ടാകുന്ന അരിമ്പാറ പോലുള്ള ചിലയിനം ചെറിയ ട്യൂമറുകളുണ്ടാക്കുന്ന പാപ്പിലോമ വൈറസുകള്‍, സിമിയന്‍ വൈറസ് 40, അഡിനോവൈറസ് 12, പോളിയോമ വൈറസ് എന്നിവ
ഡി എന്‍ എ ട്യൂമര്‍ വൈറസുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയില്‍ സിമിയന്‍ വൈറസ് 40 സ്വന്തം നൈസര്‍ഗിക ആതിഥേയജീവികളായ റിസസ് കുരങ്ങുകളില്‍ രോഗങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ഹാംസ്റ്ററുകളില്‍ (hamsters) മാരകട്യൂമറുകള്‍ക്ക് കാരണമായിത്തീരാറുണ്ട്. അഡിനോ വൈറസ് 12 എന്നയിനം മനുഷ്യരില്‍ നേരിയ തോതിലുള്ള ശ്വാസകോശരോഗങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളു. എന്നാല്‍ ചുണ്ടെലികളിലും മറ്റും മാരകട്യൂമറുകള്‍ ഇവ സൃഷ്ടിക്കാറുണ്ട്. ഗിനിപ്പന്നികള്‍, മുയലുകള്‍, എലികള്‍ എന്നിവയില്‍ കാണപ്പെടുന്ന വിവിധയിനം മാരകട്യൂമറുകള്‍ക്കു നിദാനം ഈ ഇനം അഡിനോ വൈറസുകളാണ്.
പക്ഷികളില്‍ രക്താര്‍ബുദ രോഗമുണ്ടാക്കുന്ന വൈറസുകള്‍, പാമ്പിനങ്ങളില്‍ കാണപ്പെടുന്ന മിക്സോ ഫൈബ്രോമ വൈറസുകള്‍, കോഴിവര്‍ഗങ്ങളില്‍ ട്യൂമറുകളുണ്ടാക്കുന്ന റൌസ് സാര്‍ക്കോമ വൈറസുകള്‍, എലികളിലെ രക്താര്‍ബുദ- സാര്‍ക്കോമ വൈറസുകള്‍, ചുണ്ടെലികളിലെ സ്തന അഡിനോകാര്‍സിനോമ വൈറസുകള്‍, കുരങ്ങുകളിലെ മാസോണ്‍ ഫൈസര്‍ സ്തന ട്യൂമര്‍ വൈറസുകള്‍, ആള്‍കുരങ്ങിനമായ ഗിബ്ബണുകളില്‍ രക്താര്‍ബുദമുണ്ടാക്കുന്ന വൈറസുകള്‍ എന്നിവ ആര് എന്‍ എ വൈറസുകള്‍ക്ക് ഉദാഹരണങ്ങളാണ്.
ട്യൂമര്‍ വൈറസുകളെപ്പറ്റി ആദ്യതെളിവുകള്‍ വെളിപ്പെടുത്തിയത് 1908-ല്‍ വി. എല്ലര്‍മാന്‍, എ. ബാങ്ങ് എന്നീ ശാസ്ത്രകാരന്മാരാണ്. കോഴിക്കുഞ്ഞുങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഇവര്‍ ട്യൂമര്‍ വൈറസുകളെപ്പറ്റി മനസ്സിലാക്കിയത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പി. റൗസ് എന്ന ശാസ്ത്രകാരന് ഇവയെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ രംഗത്തെത്തിച്ചതോടെ ട്യൂമര്‍ വൈറസ് പഠനശാഖയുടെ അടിത്തറ ഉറയ്ക്കുകയും ചെയ്തു.
ട്യൂമര്‍ വൈറസുകള്‍ മനുഷ്യരില്‍ കാണപ്പെടുന്ന മാരകങ്ങളായ ചിലയിനം ട്യൂമറുകള്‍ക്കും കാരണക്കാരാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മനുഷ്യരുടെ ലസികാഗ്രന്ഥികളെ ബാധിക്കാറുള്ള ബര്‍ക്കിറ്റ്സ് ലിംഫോമ, നാസാ-ഗ്രസനി കാര്‍സിനോമ എന്നീ രോഗങ്ങള്‍ക്കു നിദാനം എപ്സ്റ്റീന് - ബാര്‍ (Epstein-Barr) ഇനം ട്യൂമര്‍ വൈറസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുഹ്യഭാഗങ്ങളില്‍ ഉണ്ടാവുന്ന സെര്‍വൈക്കല്‍ കാര്‍സിനോമയ്ക്ക് ഹെര്‍പ്പെസ് സിപ്ലെക്സ് ടൈപ്പ്-2 ഇനം വൈറസുകള്‍ ആണു കാരണക്കാര്‍. അതുപോലെ തന്നെ ചിലയിനം കരള്‍ രോഗങ്ങള്‍, രക്താര്‍ബുദങ്ങള്‍, സ്തനാര്‍ബുദങ്ങള്‍ എന്നിവയും ട്യൂമര്‍ വൈറസുകള്‍ മൂലമാണ് ഉണ്ടാവുന്നതെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സസ്യങ്ങളിലും ചില അധിവളര്‍ച്ചകള്‍ക്കു ചിലയിനം ട്യൂമര്‍ വൈറസുകള്‍ ആണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില ബാക്ടീരിയങ്ങളുമായി ചേര്‍ന്നാണ് ഇവ രോഗമുണ്ടാക്കാറുള്ളത്. സസ്യങ്ങളിലെ 'ക്രൗണ്‍ ഗാള്‍' പോലുള്ള രോഗങ്ങള്‍ ഇതിനുദാഹരണമാണ്.
അവസാനം പരിഷ്കരിച്ചത് : 6/20/2020
കൂടുതല്‍ വിവരങ്ങള്‍
അർബുദം-വിവരങ്ങൾ
ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലിക...
ജീവിതശൈലി രോഗങ്ങളില്‍പ്പെടുന്ന ക്യാന്‍സര്‍ വളരെ സു...