കാൻസർ ചികിത്സയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശസ്ത്രക്രിയ. കാൻസർ ശസ്ത്രക്രിയ വളരെയധികം പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ. കാൻസർ ശസ്ത്രക്രിയ എന്നു കേൾക്കുമ്പോൾ, കാൻസർ ബാധിച്ച അവയവം മുഴുവൻ നീക്കം ചെയ്യലാണെന്നും, അതിലൂടെ രോഗി വിരൂപനാക്കപ്പെടുമെന്നുമാണ് പലരുടെയും മനസിൽ തോന്നുന്ന കാര്യം. പക്ഷേ ഇപ്പോൾ കൂടുതലായും ഓർഗൻ കൺസർവേഷൻ അഥവാ അവയവം നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയാണ് ചെയ്തുവരുന്നത്. ഉദാഹരണത്തിന് സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന സ്തനാർബുദം പണ്ട് കാലത്ത് മാസെക്ടമി(സ്തനം മുഴുവനായി നീക്കം ചെയ്യുന്നത്) യിലൂടെയാണ് ചികിത്സിച്ചിരുന്നത്. എന്നാൽ ഇന്ന് സ്തനങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയകൾ കൂടുതൽ പ്രചാരത്തിലായി. മാസ്റ്റെക്ടമിയുമായി താരതമ്യം ചെയ്യുമ്പോൾ രോഗം വീണ്ടും വരുവാനുള്ള സാധ്യത ഒട്ടും കൂടുതലല്ലായെന്നുള്ളതിന് പഠനങ്ങളുടെ പിൻബലമുണ്ട്. സ്തനാർബുദം ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ എല്ലാവരും ഭയക്കുന്ന ഒരു കാര്യമാണ് ലിംഫെഡിമ(കൈയ്യിലെ നീര്) പണ്ടത്തെ ശസ്ത്രക്രിയ രീതിയിൽ രോഗികൾക്ക് കൈകളിൽ ഭയാനകമായ രീതിയിൽ നീര് വന്ന് വിങ്ങുമായിരുന്നു ഇതിന്റെ കാരണം കക്ഷത്തിലെ കഴലകൾ (ലിംഫെഡിമ) നീക്കം ചെയ്യുന്നതായിരുന്നു. എന്നാൽ ശസ്ത്രക്രിയ ടെക്നിക് പുരോഗമിച്ചതിന്റെ ഫലമായി ലിംഫെഡിമ വരാതെ തന്നെ കക്ഷത്തിലെ കഴലകൾ നീക്കം ചെയ്യുവാൻ സാധിക്കും. കഴിഞ്ഞ കുറേ വർഷത്തെ എന്റെ അനുഭവത്തിൽ, ബ്രസ്റ്റ് കൺസർവേഷൻ ശസ്ത്രക്രിയ ചെയ്തവരിലും മാസ്റ്റെക്ടമി ചെയ്തവരിലും വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ലിംഫെഡിമ വന്നിട്ടുള്ളു. അവർക്കു തന്നെ മറ്റ് പല കാരണങ്ങളിലാണ് അത് ഉണ്ടായത്.
ഓർഗൻ കൺസർവേഷൻ ശസ്ത്രക്രിയയുടെ നേരെ വിപരീതമായ മറ്റൊരു പുരോഗതി കാൻസർ ശസ്ത്രക്രിയയിൽ വന്നിട്ടുണ്ട്. അത് ചില അവയവങ്ങളിൽ വരുന്ന കാൻസർ മുഴുവനായി നീക്കം ചെയ്യാനാവില്ലെന്നും, അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അനവധി സങ്കീർണ്ണത ഉണ്ടാകുമെന്നും, രോഗിയുടെ ജീവനു തന്നെ അപകടമാകുമെന്നും മുമ്പ് വിചാരിച്ചിരുന്നു. എന്നാൽ ശരീരഘടന കൂടുതൽ കൂടുതൽ മനസിലാക്കപ്പെടുകയും അതിനനുസൃതമായി സർജറി ടെക്നിക്കുകൾ പുരോഗമിക്കുകയും ചെയ്തതോടുകൂടി മുകളിൽ പറഞ്ഞത് വെറും മിഥ്യാധാരണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തൈറോയിഡ് സർജറി. രോഗം ബാധിച്ച് തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കം ചെയ്യാൻ ശ്രമിച്ചാൽ പാരാതൈറോയിഡ് ഗ്രന്ഥികൾക്കും സ്വനപേടകത്തെ നിയന്ത്രിക്കുന്ന ഞരമ്പിനും ക്ഷതമുണ്ടാകുമെന്നും അതുകൊണ്ട് ടോട്ടൽ തൈറോടെക്ടമി ചെയ്യാൻ ശ്രമിക്കരുതെന്നുമാണ് മുൻപ് പഠിച്ചിരുന്നത്. ഈ ധാരണ തെറ്റാണെന്നും യാതൊരു സങ്കീർണ്ണതയും ഇല്ലാതെ ടോട്ടൽ തൈറോടെക്ടമി ചെയ്യാൻ സാധിക്കുമെന്നും ഉള്ളത് ഒരു യാഥാർഥ്യമാണ്. ഇതിനകം 700-ൽ അധികം ടോട്ടൽ തൈറോടെക്ടമി കഴിഞ്ഞ കുറേ വർഷത്തിനിടയ്ക്ക് ഞാൻ ചെയ്തിട്ടുണ്ട്. ഒരാൾക്ക് പോലും ഹൈപ്പോപാരാ തൈറോയിഡിസമോ ഞരമ്പുകൾക്ക് തകരാറോ ഉണ്ടായിട്ടില്ല.
മറ്റൊരു പ്രധാനപ്പെട്ട ചോദ്യം കാൻസർ ചികിത്സ ആരു ചെയ്യുമെന്നുള്ളതാണ്. സാധാരണ സർജൻസ് ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട ഫലപ്രാപ്തിയും ജീവിതദൈർഘ്യവും ലഭിക്കുന്നത് കാൻസർ സർജനോ, കാൻസർ സർജറിയിൽ പരിശീലനം ലഭിച്ചോ ആളോ ചെയ്യുമ്പോഴാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള കാര്യമാണ്. ആധുനിക കാൻസർ ശസ്ത്രക്രിയ വിഭാഗങ്ങളിൽ തലയിലും കഴുത്തിലും ശ്വാസകോശത്തിലും സ്തനങ്ങളിലും ബാധിക്കുന്ന അർബുദത്തിനും തലച്ചോറിലെ ട്യൂമറിനും ശസ്ത്രക്രിയകൾ പതിവായി ചെയ്യുന്നുണ്ട്.
ഡോ അക്വിബ് ഷേയ്ക്
കൺസൽട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ
അർബുദമെന്ന വിപത്തിന്റെ നിഴലിലാണ് ഇപ്പോഴും നാം വസിക്കുന്ന ലോകം. ശാസ്ത്ര സാങ്കേതിക തലത്തിൽ കൈവരിച്ച നേട്ടങ്ങളിലൂടെ നാം നേടിയെടുത്ത ചികിത്സാ രീതികളും രോഗപ്രതിരോധ മാർഗ്ഗങ്ങളുമായി അർബുദത്തിനെതിരായ പോരാട്ടങ്ങൾ മുന്നേറിക്കഴിഞ്ഞു
ലോകത്ത് അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. എന്നാൽ മുപ്പത് ശതമാനം കാൻസർ രോഗങ്ങളും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും അപകടകരമായ ഘടകങ്ങൾ ഒഴിവാക്കിയും തടയുവാൻ സാധിക്കും. രോഗം തുടക്കത്തിലേ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിൽ ഒന്ന് കാൻസർ രോഗങ്ങളും ഭേദമാക്കുവാൻ കഴിയും എന്നതാണ് വസ്തുത.
ജീവിതത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തച്ചുടയ്ക്കുന്ന ഒരു രോഗം. ആധുനിക മനുഷ്യന്റെ ഈ രോഗപ്പേടിയെ ഗവേഷണങ്ങളിലൂടെയും നൂതന ചികിത്സാ രീതികളിലൂടെയും മറികടക്കുവാൻ ശ്രമിക്കുകയാണ് വൈദ്യശാസ്ത്ര ലോകം. അർബുദത്തെ കീഴടക്കാം. അർബുദത്തിനു വേണ്ട ചികിത്സകളെ ആത്മവിശ്വാസത്തോടെ സമീപിക്കാം. കാൻസർ ചികിത്സയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായെന്നുള്ളതാണ് ഏറ്റവും വലിയ വസ്തുത. കാൻസർ ബാധിച്ച ശരീര ഭാഗത്തിനോ അവയവത്തിനോ കോട്ടം തട്ടാതെയുള്ള ശസ്ത്രക്രിയകളാണ് ഇതിൽ ഏറ്റവും പ്രധാനം. സ്തനാർബുദം ബാധിച്ചവർക്ക് സ്തനം നീക്കം ചെയ്യാതെ അവ നിലനിർത്തിക്കൊണ്ടുതന്നെ മികച്ച ചികിത്സ ലഭിക്കുന്നു. ചികിത്സയുടെ ഭാഗമായി ശരീരത്തിൽ വലിയ പാടുകൾ ഇല്ലാതെ തന്നെ ശസ്ത്രക്രിയകൾ നടത്താം. വായിലെ കാൻസർ ചികിത്സയ്ക്കുവേണ്ടി നാക്ക് മുറിക്കേണ്ടിവരുന്ന സാഹചര്യവും നിലവിലില്ല.
ജീവിത നിലവാരം ഉയർത്തിക്കൊണ്ടുള്ളതാണ് മറ്റൊരു രീതി. രോഗിയുടെ ശാരീരിക, മാനസിക, ആത്മീയ തലങ്ങളെക്കൂടി ഉൾപ്പെടുത്തുന്ന ചികിത്സ ഇതിന്റെ ഭാഗമാണ്. ഇവയൊക്കെ രോഗം വന്നതിനുശേഷമുള്ള ചികിത്സാരീതികളാണ്. എന്നാൽ രോഗബാധയ്ക്ക് മുൻപുതന്നെ ഒരാൾക്ക് രോഗത്തിനുള്ള സാധ്യത സ്ഥരീകരിക്കാം. സ്ക്രീനിങ് (മുൻകൂർ പരിശോധന) ആണ് ഇതിനുള്ള ഫലപ്രദ മാർഗം, ചില അർബുദങ്ങൾ സ്ക്രീനിങ്ങിലൂടെ കണ്ടെത്തി തടയാം. അർബുദബാധയുള്ളവരുടെ കുടുംബാംഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഒഴിവാക്കുന്നതും പാരമ്പര്യമായി അർബുദ രോഗം വരുന്നത് തടയും.
ഇനി ബാഹ്യലക്ഷണങ്ങളിലൂടെയും രോഗസാധ്യത സ്ഥിരീകരിക്കാം. ചിലപ്പോൾ കൃത്യസമയത്തെടുക്കുന്ന കുത്തിവയ്പ്പു പോലും നിങ്ങളെ അർബുദബാധയിൽ നിന്ന് രക്ഷിക്കാം. ഹെപ്പറ്റൈറ്റിസ് ബി, സി കുത്തിവയ്പ് കരളിനെ ബാധിക്കുന്ന കാൻസറിൽ നിന്ന് രക്ഷിക്കും. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും നിലവിൽ കുത്തിവയ്പ്പുണ്ട്. 12 വയസിനുശേഷം ഈ കുത്തിവയ്പ്പെടുക്കാം. മാമോഗ്രാം വൻകുടൽ അർബുദങ്ങൾ നേരത്തെ തിരിച്ചറിയാനും ഗർഭാശയ മുഖത്തിലെ കാൻസറിന്റെ കാലേക്കൂട്ടിയുള്ള രോഗനിർണയത്തിനും ആധുനിക വൈദ്യശാസ്ത്രം നൽകിയ സംഭാവനകൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഇത്തരം ചികിത്സകൾക്ക് വലിയ ചെലവുമില്ല
അർബുദവും കാരണങ്ങളും
രാജ്യത്ത് ഓരോ വർഷവും പത്ത് ലക്ഷം പേരാണ് അർബുദബാധിതരാകുന്നത്. 2020ഓടുകൂടി കാൻസർ ബാധിതരുടെ എണ്ണത്തിൽ 15ശതമാനം വർധനവ് ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആധുനിക ജീവിത ശൈലികൾക്കും, ഭക്ഷണ രീതി, പുകവലി മറ്റി ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ പലതരത്തിലുള്ള അർബുദങ്ങൾക്ക് വഴി തെളിക്കുന്നു.40 കാൻസറുകൾക്കും കാരണമാകുന്നത് പുകയിലയുടെയും ലഹരി പദാർഥങ്ങളുടെയും ഉപയോഗമാണ്. തലയിലും കഴുത്തിലും ബാധിക്കുന്ന കാൻസർ, അന്നനാളത്തിൽ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. വൃത്തി ഹീനമായ ജീവിത സാഹചര്യം ഗർഭാശയഗള കാൻസറിന് കാരണമാകുന്നു. ശുചിത്വം നിലനിർത്താൻ ശ്രമിക്കുന്ന ജീവിത ശൈലിയായതുകൊണ്ട് ഗർഭാശയ കാൻസർ കേരളത്തിൽ നാലിൽ ഒന്നായി കുറഞ്ഞു. മദ്യപാനവും, അണുബാധയ്ക്കും, വൈറൽ ഹെപ്പറ്റൈറ്റീസുമാണ് കരളിനെ ബാധിക്കുന്ന കാൻസറിനുള്ള പ്രധാന കാരണങ്ങൾ. സ്തനാർബുദം, കൊളോൺ കാൻസർ, യൂട്ടെറൈൻ കാൻസർ എന്നിവയ്ക്കുള്ള പ്രധാന കാരണം ജീവിത ശൈലിയിലെ പ്രശ്നമാണ്. ലക്ഷത്തിൽ 35 സ്ത്രീകൾക്ക് ഓരോ വർഷവും കേരളത്തിൽ സ്തനാർബുദം പിടിപെടുന്നു എന്നുള്ളതാണ് വസ്തുത.
അർബുദത്തെ പ്രതിരോധിക്കാം
കാൻസർ തടയുന്നതിനുള്ള പ്രധാനമായ രണ്ട് വഴികൾ വരാതെ പ്രതിരോധിക്കുകയും പരിശോധനകളിലൂടെ രോഗം മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുകയുമാണ് വേണ്ടത്. കാൻസറിന് ജീവിതശൈലിയുമായി ബന്ധമില്ല എന്ന ധാരണ മാറിയതോടെ രോഗപ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം കൈവന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലി വഴി കാൻസറിനെ പ്രതിരോധിക്കാം ഫലപ്രദമായ രോഗപ്രതിരോധ ജീവിത ശൈലിയിലൂടെ മൂന്നിലൊരു കാൻസറിനെയും ഒഴിവാക്കാനാകുമെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വായ, ശ്വാസകോശം, സ്തനം എന്നിവയിലെ കാൻസറുകൾ ദുശ്ശീലങ്ങൾ ഒഴിവാക്കിയും ജീവിത ശൈലി പരിഷ്കരിക്കുകയും ചെയ്താൽ വലിയൊരു പരിധിവരെ അകറ്റി നിർത്താനാകും. രോഗം പരിശോധനകളിലൂടെ മുൻകൂട്ടി കണ്ടെത്തുകയാണ് രണ്ടാമത്തെ വഴി. ശരിയായ സമയത്തെ രോഗ നിർണയത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും തിരിച്ചു പിടിക്കുന്നത് പലപ്പോഴും ജീവിതം തന്നെയായിരിക്കും. എത്രയും നേരത്തെ രോഗ നിർണയം നടത്തുക എന്നതിന് ചികിത്സാ വിജയത്തിൽ പ്രാധാന്യമേറെയാണ്. രോഗം താരതമ്യേന എളുപ്പത്തിൽ ഭേദമാക്കാം എന്നതിനു പുറമേ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തുന്നത് സഹായിക്കും. സ്തനാർബുദം, ഗർഭാശയഗള കാൻസർ, ത്വക്കിലെ കാൻസർ, വായിലെ കാൻസർ, വൻകുടലിലെ കാൻസർ, കുട്ടികളിലെ ചിലതരം കാൻസറുകൾ എന്നിവ ലക്ഷണങ്ങളിലൂടെ മുൻകൂട്ടി കണ്ടെത്താനാകും.
തവിടുള്ള ഭക്ഷണം ശീലമാക്കുക
മാംസാഹാരം കുറയ്ക്കുക
ബീറ്റ്റൂട്ട്, കാരറ്റ്, ചക്ക, ബ്രോക്കോളി, തക്കാളി, പയർ വർഗങ്ങൾ തുടങ്ങിയവയോടൊപ്പം ചീര, കാബേജ് തുടങ്ങിയ ഇലക്കറികൾ ധാരാളം ഉപയോഗിക്കുക.
പച്ചക്കറികൾ അധികം വേവിക്കാതെ കഴിക്കുന്നതും അത്യുത്തമം
∙ കേരളത്തിന്റെ തനതു മസാലക്കൂട്ടുകൾ(മഞ്ഞൾ, ഇഞ്ചി, ജീരകം, കുരുമുളക്) ഉപയോഗിക്കുക. ധാരാളം നാരുകളടങ്ങിയ ധാന്യങ്ങൾ ഉൾപ്പെടുത്തുക.
സാധാരണയായി കാണുന്ന വിവിധതരം അർബുദങ്ങൾ
∙ സ്തനാർബുദം
∙ ഗർഭാശയമുഖ അർബുദം(സെർവിക് കാൻസർ)
∙ ആമാശയ അർബുദം
∙ ഹെഡ് & നെക്ക് കാൻസർ(പുകവലി, ലഹരി പദാർഥം എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്നത്, പ്രധാനമായും പുരുഷന്മാരിൽ കാണുന്നവ) പുരുഷന്മാരിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്
∙ ഓറൽ കാവിറ്റി കാൻസർ
∙ തൈറോയിഡിനെ ബാധിക്കുന്ന കാൻസർ
∙ രക്താർബുദം
ഡോ. ജയപ്രകാശ് മാധവൻ
സീനിയർ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ
എന്താണ് സ്തനാർബുദം?
സ്തനങ്ങളിലെ കോശങ്ങളിൽ ഉണ്ടാകുന്ന മാരകമായ മുഴകളാണ് സ്തനാർബുദം. അനേകം കാൻസർ കോശങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഈ മുഴകൾ വളരുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.. സമീകൃതമായ ആഹാരശീലത്തിലൂടെ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കാം
∙ ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക
∙ ഫൈബർ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ശീലമാക്കുക
∙ ഉപയോഗിച്ചതും സംസ്ക്കരിച്ചതുമായ ധാന്യങ്ങളുടെയും മാവുകളുടെയും പഞ്ചസാരയുടെയും ഉപയോഗം പരിമിതപ്പെടുത്തുക.
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ചിക്കൻ, മത്സ്യം, ബീൻസ്, മുട്ട എന്നിവ ധാരാളം കഴിക്കുക.
∙ റെഡ് മീറ്റിന്റെ ഉപയോഗം ഒഴിവാക്കുക
∙ കൊഴുപ്പ് കുറഞ്ഞ ആഹാരം ശീലമാക്കുക
∙ ധാരാളം ജലവും പഴങ്ങളുടെ ജ്യൂസും കുടിക്കുക
∙ മിതമായ ഭക്ഷണക്രമീകരണം ശീലമാക്കുക
∙ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക
∙ പുകവലി പൂർണമായി ഉപേക്ഷിക്കുക
സ്തനാർബുദം തടയുന്നതിനുള്ള വ്യായാമങ്ങൾ
∙ യോഗയും ധ്യാനവും
∙ ജോഗിങ്
∙ നീന്തൽ
∙ നടത്തം
∙ പൂന്തോട്ട പരിപാലനം
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വ്യായാമ രീതികൾ തിരഞ്ഞെടുക്കുക
സ്തനാർബുദത്തെ എങ്ങനെ അഭിമുഖീകരിക്കും
∙ ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണുകയും, ചികിത്സിക്കുന്ന ഡോക്ടർ, ഡയറ്റീഷൻ എന്നിവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.
∙ നിങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം തന്നെ ആശുപത്രിയുടെയും പൂർണ പിന്തുണ ഉണ്ടെന്നുള്ളത് മറക്കാതിരിക്കുക
∙ കൂടുതൽ താൽപര്യവും സന്തോഷവും നൽകുന്ന കാര്യങ്ങളിൽ വ്യാപൃതരാകുക
∙ നിങ്ങളുടെ വിശ്വസ്തരുടെയും, പ്രശ്നങ്ങൾ മനസിലാക്കുകയും പിൻതുണയ്ക്കുകയും ചെയ്യുന്നവരുടെയും ഒപ്പം കൂടുതൽ സമയം ചെലവഴിക്കുക
∙ നിങ്ങൾക്ക് മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സന്നദ്ധ സംഘടനകളുടെ സേവനം തേടാവുന്നതാണ്.
ഡോ.ചെറിയാൻ തമ്പി
അസോസിയേറ്റ് കൺസൾട്ടന്റ്
മെഡിക്കൽ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ
സസ്യാഹാരികൾക്ക് പൊതുവെ അർബുദം കുറവായാണ് കാണപ്പെടുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും അർബുദ സാധ്യത വളരെ കുറയ്ക്കുന്നു. നമ്മുടെ നാട്ടിൽ കാണുന്ന പേരയ്ക്കയും തണ്ണിമത്തനും മുന്തിരങ്ങയും ഓറഞ്ചും സവാളയുമൊക്കെ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ഇവ നിത്യഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് അർബുദ സാധ്യത കുറയ്ക്കും. പഴവർഗ്ഗങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ സി ഇ, ബീറ്റാ കരോട്ടിൻ മുതലായവ കാൻസർ പ്രതിരോധ പോഷകങ്ങളാണ്.
ഉയർന്ന തോതിലുള്ള അവശിഷ്ടമുണ്ടാക്കുന്ന ഭക്ഷണമാണ് (ഹൈ റെസിഡ്യൂ) ഭക്ഷണമാണ് ഉത്തമം. ഭക്ഷ്യനാരുകൾ (ഫൈബർ) ധാരാളമടങ്ങിയ സസ്യാഹാരം തന്നെയാണ് അതിൽ മുമ്പൻ. ഫാസ്റ്റ് ഫുഡ് ധാരാളമുപയോഗിച്ചു വരുന്ന പല പാശ്ചാത്യ രാജ്യങ്ങളിലും കുടലിലെ കാൻസർ സാധാരണമാണ്. ഈ രോഗികളിൽ മിക്കവരും മലശോധന വല്ലപ്പോഴും മാത്രം ഉള്ളവരുമായിരുന്നു. ആഹാരം ദഹിച്ചശേഷം പുറത്തുപോകാൻ ഒന്നുമില്ലാത്ത ഭക്ഷണമായിരുന്നു അവർ കഴിച്ചിരുന്നതും. എന്നാൽ നമ്മുടെ ആഹാരത്തിൽ ദഹിക്കാതെ ശേഷിക്കുന്ന ഭക്ഷ്യനാരുകൾ ദഹനപാതയിലെ മാലിന്യങ്ങളെ തുടച്ചുമാറ്റാനും പുറന്തള്ളാനും ആഹാരഘടകങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സഹായിക്കും. ഈ പ്രവർത്തനങ്ങളിലൂടെ കുടലിലെ അർബുദ സാധ്യത തടയും.
കാൻസർ പ്രതിരോധിക്കാം
ഇന്ത്യയിൽ കാണുന്ന ക്യാൻസറിൽ പത്ത് മുതൽ പതിനഞ്ച് ശതമാനത്തോളം ഭക്ഷണമോ ഭക്ഷണരീതിയിലെ അപാകതയോ കൊണ്ടുണ്ടാകുന്നവയായി സംശയിക്കപ്പെടുന്നുണ്ട്. വികസിത രാജ്യങ്ങളിലാകട്ടെ മൂന്നിലൊന്ന് പങ്കും ഇത്തരത്തിലുള്ളതാണ്. വികസിത രാജ്യങ്ങളുടേതിന് സമാനമാവുകയാണ് കേരളവും. ഭക്ഷണമുൾപ്പെടുന്ന ജീവിതശൈലിയിലെ അപാകത മാത്രം പരിഹരിച്ചാൽ ഏതാണ്ട് നാൽപത് ശതമാനത്തോളം കാൻസർ രോഗങ്ങളും നമുക്ക് പ്രതിരോധിക്കാം.
ഡോ. ബോബൻ തോമസ്
മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം
അർബുദ കോശങ്ങളെ എക്സ്-റേ, ഗാമാ-റേ മുതലായ രശ്മികൾ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സയാണു റേഡിയേഷൻ ചികിത്സ. ഈ ചികിത്സ ഓപ്പറേഷനു മുൻപോ, പിൻപോ തനിച്ചോ നൽകി വരുന്നു. രോഗം കാൻസറാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതോടെ മരണം ഉറപ്പായി എന്ന് കരുതുന്നവർ നമ്മുടെ നാട്ടിൽ ഇപ്പോഴും കുറവല്ല. ഈ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും പൊതു സമൂഹത്തിൽ നിലനിൽക്കുന്ന അജ്ഞത തന്നെയാണ് ഇതിന് കാരണം. കാൻസർ രോഗത്തിന് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നവയാണ് ഭൂരിഭാഗം കാൻസർ രോഗങ്ങളും.
ചികിത്സ മൂന്ന് വിധം
കാൻസർ ചികിത്സ പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്. ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി എന്നിവയാണവ. കാൻസർ ബാധിച്ച കോശങ്ങളെ മുറിച്ചുമാറ്റിക്കൊണ്ടുള്ള ചികിത്സയാണ് ശസ്ത്രക്രിയ. അയണീകരിക്കപ്പെട്ട രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണ് റേഡിയേഷൻ ചികിത്സ അഥവാ റേഡിയോതെറാപ്പി. ഈ ചികിത്സകൾ ഒറ്റയ്ക്കോ ചിലപ്പോൾ സംയോജിപ്പിച്ചോ വേണ്ടി വന്നേക്കാം. കാൻസർ രോഗത്തിന്റെ സ്വഭാവവും വ്യാപ്തിയും കോശങ്ങളുടെ പ്രത്യേകതയും രോഗിയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ഏത് തരത്തിലുള്ള ചികിത്സ വേണമെന്ന് നിശ്ചയിക്കുന്നത്.
ഏതെങ്കിലും ഒരു പ്രത്യേക അവയവത്തിൽ ഒതുങ്ങി നിൽക്കുന്ന കാൻസറിന്റെ ചികിത്സയ്ക്കാണ് റേഡിയേഷനും ശസ്ത്രക്രിയയും പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പല അവയവങ്ങളിലും ബാധിച്ചതോ, കീമോതെറാപ്പിയുടെ കൂടെയോ, ശസ്ത്രക്രിയയ്ക്ക് മുമ്പോ പിന്നോ നൽകാറുണ്ട്. കാൻസർ ബാധിച്ച ഭാഗം, കാൻസർ കോശങ്ങളുടെ സ്വഭാവവും വ്യാപ്തിയും, രോഗിയുടെ ആരോഗ്യനില എന്നിവ കണക്കിലെടുത്താണ് റേഡിയേഷന്റെ അളവും ചികിത്സാ കാലയളവും നിശ്ചയിക്കുന്നത്.
ഈ ചികിത്സ നൽകുമ്പോൾ ചികിത്സ നൽകുന്ന മുറിയിൽ രോഗി തനിച്ചായിരിക്കും എന്നാൽ പുറത്തുനിന്ന് രോഗിയെ നിരീക്ഷിക്കുന്നതിന് സംവിധാനങ്ങളുണ്ട്. ഈ ചികിത്സ കഴിഞ്ഞു പുറത്തിറങ്ങുന്ന രോഗിയുടെ ശരീരത്തിൽ നിന്നും റേഡിയേഷൻ പ്രസരിക്കുകയില്ല. അവർക്ക് മറ്റുള്ളവരുമായി ഇടപഴകുന്നതിന് തടസമില്ല. ഓരോ ദിവസവും ഈ ചികിത്സയ്ക്കായി 2-5 മിനിറ്റുകൾ മാത്രമേ വേണ്ടി വരികയുള്ളൂ. ഇപ്രകാരം ദിവസവുമുള്ള ചികിത്സ (ആഴ്ചയിൽ ശനി , ഞായർ ഒഴികെ) മൂന്ന് മുതൽ ആറാഴ്ച വരെ നീണ്ടു നിൽക്കും.
സാധാരണ കോശങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വളരുന്ന അർബുദ കോശങ്ങളിൽ അയണീകരിക്കപ്പെട്ട രശ്മികൾ പതിപ്പിക്കുമ്പോൾ കൂടുതൽ നാശം സംഭവിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റേഡിയേഷൻ കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
റേഡിയേഷൻ ആധുനിക രീതികൾ
റേഡിയേഷൻ ചികിത്സയെ ടെലിതെറാപ്പി, ബ്രാക്കി തെറാപ്പി, ഇന്റേണൽ തെറാപ്പി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരത്തിൽ നിന്നും കുറച്ച് അകലെ വച്ചിരിക്കുന്ന റേഡിയോ ആക്ടീവ് രശ്മികൾ പുറപ്പെടുവിക്കുന്ന മെഷീൻ ഉപയോഗിച്ചുള്ള ചികിത്സയെ ടെലിതെറാപ്പി എന്ന് പറയുന്നു. ടെലി കൊബാൾട്ട് മെഷീനും ലീനിയർ ആക്സിലറേറ്ററും ഇതിനായി ഉപയോഗിക്കുന്നു. റേഡിയേഷൻ സ്രോതസ് കാൻസർ ബാധിച്ചിട്ടുള്ള അവയവത്തിനുള്ളിൽ കടത്തിവച്ചോ, ചേർത്തുവച്ചോ ഉള്ള ചികിത്സയെ ബ്രാക്കി തെറാപ്പി എന്ന് പറയുന്നു. ഗർഭാശയഗള കാൻസർ, കവിൾ, നാക്ക്, ചുണ്ട് എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഇത്തരം ചികിത്സ നൽകിവരുന്നു.
റേഡിയേഷൻ പ്രസരിപ്പിക്കുന്ന മരുന്നുകൾ ശരീരത്തിലേയ്ക്ക് കടത്തിവിട്ടുകൊണ്ടുള്ള ചികിത്സയെ ഇന്റേണൽ തെറാപ്പി അഥവാ ന്യൂക്ലിയർ മെഡിസിൻ തെറാപ്പി എന്നു പറയുന്നു. തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാൻസറിന് നൽകുന്ന റേഡിയോ-അയഡിൻ ചികിത്സ ഇതിന് ഉദാഹരണമാണ്. 1950 വരെ കിലോ വോൾട്ടേജ് എക്സ്-റേ മെഷീൻ ഉപയോഗിച്ചുള്ള ചികിത്സ പ്രചാരത്തിൽ ഉണ്ടായിരുന്നു. ശക്തി കുറഞ്ഞ ഇത്തരം റേഡിയേഷന് ധാരാളം പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് അത് ഫലപ്രദമായിരുന്നില്ല.
എന്നാൽ അറുപതുകളിലും എഴുപതുകളിലും റേഡിയേഷൻ ഉൽപാദിപ്പിക്കുന്ന കോബോൾട്ട് മെഷിൻ സാർവത്രികമായി എന്നാൽ ആധുനിക കാലഘട്ടത്തിൽ എത്തിയ ലീനിയർ ആക്സിലേറ്ററുകൾ റേഡിയേഷൻ ചികിത്സയിൽ വിപ്ലകരമായ മാറ്റങ്ങൾക്ക് വഴി വെച്ചു. ലീനിയർ ആക്സിലറേറ്റുകൾ ചികിത്സയുടെ ഫലമായുള്ള പാർശ്വഫലങ്ങൾ കുറയ്ക്കുവാനും സഹായിച്ചു. പിന്നീട് അൾട്രാ സൗണ്ട് സ്കാൻ, സി ടി സ്കാൻ, എംആർഐ സ്കാൻ, പെറ്റ് സ്കാൻ, ന്യൂക്ലിയർ സ്കാൻ എന്നീ നൂതന സ്കാനറുകൾ ഉപയോഗിച്ച് കാൻസർ ബാധിച്ച കോശങ്ങളുടെ വ്യാപ്തി കൃത്യമായി മനസിലാക്കുവാനായി. ഇത് റേഡിയേഷൻ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചു.
ത്രിമാന കൺഫോർമൽ റേഡിയേഷൻ തെറാപ്പി( 3D-CRT) ഇന്റിൻസ്റ്റിക് മോഡുലേറ്റഡ് റേഡിയേഷൻ തെറാപ്പി (IMRT), ഇമേജ് ഗൈഡഡ് റേഡിയേഷൻ െതറാപ്പി (IGRT), റെസ് പിറേറ്ററി ഗേറ്റിങ് എന്നീ ചികിത്സകൾ ലീനിയർ ആക്സിലേറ്ററുകൾ വഴി രോഗികൾക്ക് ലഭിക്കുന്നു.
ഡോ. ടി കെ പദ്മനാഭൻ എം. ഡി
സീനിയർ കൺസൾട്ടന്റ്,
റേഡിയേഷൻ ഓങ്കോളജി
കിംസ് കാൻസർ സെന്റർ
കാൻസർ എന്ന രോഗത്തെപ്പറ്റി നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ ബി.സി. 420-ലേയ്ക്ക് പോകണം.അക്കാലത്താണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്, ഞണ്ട് എന്നർത്ഥം വരുന്ന ‘കാർസിനോസ്’, കാർസിനോമ എന്നീ ഗ്രീക്ക് പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്.
ഒരു ട്യൂമറിന്റെ പരിശോധനയിൽ, എല്ലാ വശങ്ങളിലേയ്ക്കും വ്യാപിച്ച് കിടക്കുന്ന ഞരമ്പുകൾ ഞണ്ടിന്റെ കാലുകൾ പോലെയാണ് അദ്ദേഹത്തിന് തോന്നിയത്. ഇതാവാം അദ്ദേഹത്തിന് ഞണ്ടിനെ ഈ രോഗവുമായി ബന്ധിപ്പിക്കാൻ പ്രചോദനമായത്. ബി.സി 25-ന് ശേഷമാണ് സെൽസസ് എന്ന വൈദ്യശാസ്ത്രജ്ഞൻ ഞണ്ട് എന്ന ഗ്രീക്ക് പദമായ കാർസിനോസിനെ ലാറ്റിനിലേയ്ക്ക് തർജ്ജമ ചെയ്ത് കാൻസർ എന്ന വാക്കിന് രൂപം നൽകിയത്.
ആദ്യകാലങ്ങളിൽ ഈ രോഗം മറ്റുള്ളവരിലേയ്ക്ക് പകരുന്ന ഒരു വിഷമായാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. അക്കാലത്ത് കാൻസറിനെപ്പറ്റി നിരവധി തെറ്റി:ധാരണകൾ പടർന്നിരുന്നു. ഇന്നും ജനങ്ങളിൽ ഭീതിയും അതിലുപരി നിരവധി മിഥ്യാധാരണകളും നിലനിൽക്കുന്നതിനാലാകാം കാൻസർ എന്ന രോഗം ഇത്രത്തോളം വളർന്നത്. ഈ രോഗത്തെ കൂടുതലായി അടുത്ത് അറിയുകയും പൂർണ്ണമായ അറിവ് നേടുകയും ചെയ്താൽ മാത്രമേ നമുക്ക് ഈ മഹാവ്യാധിയെ പിടിച്ചുകെട്ടുവാൻ സാധിക്കുകയുള്ളു. പ്രമേഹവും രക്തസമ്മർദ്ദവും പോലെ ഒരിക്കൽ വന്നാൽ എന്നും കൂടെ ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സയേക്കാൾ ഫലപ്രദമായ രീതികൾ കാൻസർ ചികിത്സയ്ക്ക് ഇന്നുണ്ട്. ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണത്തിനൊപ്പം തന്നെയുണ്ട് അത് പൂർണ്ണമായി ഭേദമായവരുടെ എണ്ണവും. കാൻസർ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ അവരാരും തന്നെ ഇക്കാര്യം സമൂഹവുമായി പങ്കുവെയ്ക്കാൻ തയാറാകാറില്ല.
മറ്റ് അസുഖങ്ങളെപ്പോലെതന്നെ നമുക്ക് കാൻസറിനെയും ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. രോഗം തുടക്കത്തിൽതന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിലൊന്ന് കാൻസറുകളും ഭേദമാക്കാൻ കഴിയും എന്നുള്ളതാണ് വസ്തുത. ഇതിനായി നമ്മുടെ ചികിത്സാരംഗത്ത് വന്നിട്ടുള്ള മുന്നേറ്റങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. സർജറി, റേഡിയേഷൻ,കീമോതെറാപ്പി എന്നീ ചികിത്സാരംഗങ്ങളിൽ വൈദ്യശാസ്ത്രം വളരെയധികം മുന്നേറിക്കഴിഞ്ഞു.
കാൻസർ ചികിത്സയിൽ കീമോതെറാപ്പിയുടെ മുന്നേറ്റം അർബ്വുദ കോശങ്ങളെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധങ്ങൾ ഗുളികയായോ കുത്തിവയ്പ്പായോ നൽകുന്ന ചികിത്സാരീതിയാണ് കീമോതെറാപ്പി. ഇന്ന് ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചികിത്സാവിഭാഗവും ഈ മരുന്ന് ചികിത്സ തന്നെയാണ്. എന്നാൽ കാൻസർ കോശങ്ങൾക്കൊപ്പം സാധാരണ കോശങ്ങളും നശിക്കുമെന്നതാണ് കീമോതെറാപ്പിയുടെ പാർശ്വഫലം. സാധാരണ കോശങ്ങളുടെ നാശം കുറയ്ക്കുന്നതിനായി കീമോതെറാപ്പി ചികിത്സയിൽ അടുത്ത കാലത്തായി പല മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
ഇത്തരം കീമോതെറാപ്പി മരുന്നുകൾ കാൻസർ രോഗികളിലേയ്ക്ക് കടന്ന് പാർശ്വഫലങ്ങൾ കുറച്ച് രോഗം ശമിപ്പിക്കുന്നവയാണ്. ഇവയിലൊന്നാണ് നാനോ-ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന കീമോതെറാപ്പി മരുന്നുകൾ. കാൻസർ കോശങ്ങളിൽ എത്തുന്ന മരുന്ന് നാനോ കവചത്തിൽ നിന്നും പുറത്തേയ്ക്ക് വരികയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ഇമ്മ്യൂണോ തെറാപ്പി
അടുത്ത കാലങ്ങളിലായി പ്രാധാന്യം നേടുന്ന ചികിത്സാരീതിയാണ് ഇമ്മ്യൂണോ തെറാപ്പി. ഇത്തരത്തിലുള്ള ഒരു വാക്സിൻ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കാൻസറിന് ഉപയോഗിച്ചുവരുന്നുണ്ട്. കാൻസർ ചികിത്സ പരാജയപ്പെടുന്നതിന്റെ ഒരു കാരണം കാൻസറിന്റെ മൂലകോശങ്ങൾ നശിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ്. സാധാരണയായി ഇത്തരം കോശങ്ങൾ മരുന്നുകളോട് പ്രതികരിക്കാത്തവയാണ്. അത് മറികടക്കാനുള്ള ഗവേഷണങ്ങൾ ധാരാളമായി നടന്നുവരികയാണ്.
ടാർഗെറ്റെഡ് തെറാപ്പി
സാധാരണ കീമോതെറാപ്പിയെ അപേക്ഷിച്ച് ടാർഗെറ്റെഡ് തെറാപ്പിയിൽ മരുന്നുകൾ കൂടുതലായും കാൻസർ കോശങ്ങളെ മാത്രമേ നശിപ്പിക്കുകയുള്ളു. ഇത്തരത്തിൽ ആദ്യമായി പ്രയോഗത്തിൽ വന്നത് ക്രോണിക് മൈലോയിഡ് ലൂക്കേമിയയ്ക്ക് ഉപയോഗിക്കുന്ന ഇമാറ്റിനിബ് എന്ന മരുന്നായിരുന്നു.ശ്വാസകോശാർബുദം, ലിംഫോമ, സ്തനാർബുദം എന്നിവയുടെ ചികിത്സയിൽ ടാർഗെറ്റെഡ് തെറാപ്പി കാര്യമായ ഫലം നൽകുന്നുണ്ട്. മോണോക്ലോണൽ ആന്റിബോഡീസ് വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ കണ്ടുപിടിത്തമാണ് ഈ ചികിത്സയിൽ വന്ന മറ്റൊരു പ്രധാനപ്പെട്ട നേട്ടം. ഈ ആന്റിബോഡികൾ കാൻസർ കോശങ്ങളിൽ ഒട്ടിപ്പിടിക്കുകയും ശരീരത്തിലെതന്നെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് അവയെ കൂട്ടുപിടിക്കുന്നതിനും നശിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തക്കുഴലുകൾ പുതുതായി ഉണ്ടാകുന്നത് തടയുന്നതുമൂലം ട്യൂമറിന്റെ തുടർന്നുള്ള വളർച്ച തടയുകയോ ട്യൂമർ നശിക്കുന്നതിനു തന്നെ കാരണമാകുകയോ ചെയ്യുന്നു. ഇത്തരം മരുന്നുകൾ രക്താർബുദത്തിനും സ്തനാർബുദ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്.
ഡോ. ബോബൻ തോമസ്
മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം
കാൻസർ ചികിത്സയിലെ സാന്ത്വന പരിചരണത്തിന്റെ വ്യാപ്തി ഇന്ന് വളരെ വലുതാണ്. മരണശയ്യയിലാകുന്ന രോഗിക്ക് മാത്രമല്ല ഇന്ന് സാന്ത്വന ചികിത്സയുടെ പ്രയോജനം ലഭിക്കുന്നത്. രോഗം കാൻസറാണെന്ന് തിരിച്ചറിയുന്ന സമയം മുതൽ സാന്ത്വന പരിചരണത്തിന്റെ കൈത്താങ്ങ് രോഗിക്ക് ലഭിക്കുന്നു. രോഗം കണ്ടെത്തി ആദ്യ നാളുകളിൽ ഏറ്റവും കൂടുതൽ മാനസിക പിന്തുണ ആവശ്യമായി വരുന്നത്. കാൻസർ ചികിത്സയ്ക്കിടയിൽ ഉണ്ടാകുന്ന വേദന നിയന്ത്രിക്കുന്നതിനും പാർശ്വ ഫലങ്ങൾ തടയുന്നതിനും സാന്ത്വന ചികിത്സ അത്യാവശ്യമാണ്. കാൻസർ ബാധിച്ചതിനുശേഷവും എല്ലാ മനുഷ്യരെയും പോലെ ക്രിയാത്മകവും അർഥവത്തായതുമായ ഒരു ജീവിതം നയിക്കുവാൻ സാന്ത്വന ചികിത്സ രോഗിയെ സഹായിക്കുന്നു. സാന്ത്വന ചികിത്സയെയും വേദന നിയന്ത്രിക്കുന്ന പല മരുന്നുകളെയും പറ്റിയുള്ള അജ്ഞത ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അവയെപ്പറ്റിയുള്ള യാഥാർഥ്യത്തിലേക്ക്.
മിഥ്യ 1 : വേദന അനിവാര്യമാണ്. അത് ഒഴിവാക്കാൻ സാധ്യമല്ല. നമുക്ക് ഒന്നു നോക്കാം.
യാഥാർഥ്യം: ഏതു രോഗാവസ്ഥയിലാണെങ്കിലും രോഗി വേദന അനുഭവിച്ചേ മതിയാകൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്. രോഗി വേദന അനുഭവിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഒഴിവാക്കാനും സ്വസ്ഥത നൽകാനും സാധിക്കുന്ന ഒരുപാടു കാര്യങ്ങൾ ചെയ്യുവാനും സാധിക്കും. ഏത് രോഗാവസ്ഥയിലാണെങ്കിൽപ്പോലും വേദന നിയന്ത്രിക്കുവാനുള്ള മരുന്ന് ഉപയോഗിച്ചും അല്ലാതെയുള്ള സൗകര്യങ്ങൾ സാന്ത്വന ചികിത്സ വഴി ഇന്ന് ലഭ്യമാണ്.
മിഥ്യ 2 : വേദനയെ ഗൗനിക്കണ്ട. അത് തനിയെ പൊയ്ക്കോളും.
യാഥാർഥ്യം: ശരീരത്തിലുള്ള മുറിവുകളുടെയോ ദോഷകരമായ മാറ്റങ്ങളുടെയോ പരിണിത ഫലമാണ് വേദന. വേദനയ്ക്ക് കാരണമാകുന്ന ശരീരഭാഗത്ത് ഞരമ്പുകൾക്കിടയിലെ നാഡിയെയും ശരീരഭാഗങ്ങളെയും ഉദ്ദീപിക്കുകയും അങ്ങനെ വേദന അനുഭവപ്പെടുവാൻ ആരംഭിക്കുന്നു. ഈ വേദന നീണ്ടു നിന്നാൽ അത് ഉറങ്ങിക്കിടക്കുന്ന അടുത്ത ഞരമ്പുകളെക്കൂടി തട്ടിയുണർത്തി അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇങ്ങനെ വേദന മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ അനുവദിച്ചാൽ വേദനയുടെ കാഠിന്യവും വ്യാപ്തിയും വർധിക്കാനിട വരുത്തുന്നു. ദീർഘകാലം വേദന നിയന്ത്രിക്കാതെ കഴിയുന്ന സ്വതവേ നിശബ്ദരും കിടക്കകളിൽചുരുണ്ടു കിടക്കുന്നവരുമായി മാറുന്നു. ഇവർ വേദനയുമായി പൊരുത്തപ്പെട്ടു എന്ന് തോന്നിയേക്കാമെങ്കിലും സത്യം അതല്ല. ഒന്ന് കരയാനോ ഒച്ചവയ്ക്കാനോ ആകാത്തവിധം അവരുടെ കരുത്ത് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
മിഥ്യ 3 : വേദന സംഹാരിയെക്കാൾ നല്ലത് വേദന സഹിക്കുന്നതാണ്.
യാഥാർഥ്യം: വേദനയുണ്ടാകുമ്പോൾ കൂടുതൽ സ്ട്രെസ് അനുഭവപ്പെടുകയും കൂടുതൽ സ്ട്രെസ് ഹോർമോണുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് ഭീഷണിയാവുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വഴിവെയ്ക്കുകയും ചെയ്യുന്നു. വേദന അനുഭവിക്കുന്നവർ സാധാരണ നിഷ്ക്രിയരും., ചുരുണ്ടുകൂടി ഇരിക്കുന്നവരോ, കിടക്കുന്നവരോ ആയി മാറുന്നു. ഇത് പേശികളെയും എല്ലുകളെയും തളർത്തുകയും ചെയ്യുന്നു. യഥാർഥത്തിൽ കിടന്ന കിടപ്പിലാകുന്ന മിക്ക രോഗികൾക്കും കാരണമാകുന്ന മതിയായ സാന്ത്വന പിരിചരണത്തിന്റെയും മരുന്നുകളുടെയും അഭാവം മൂലമാണ്.
മിഥ്യ 4: വേദന സംഹാരികൾ അപകടകാരികൾ ആണ്. അതുകൊണ്ട് അവ ഒഴിവാക്കേണ്ടതാണ്
യാഥാർഥ്യം: ശരീരത്തിലെ രക്തസമ്മർദ്ദമോ ഷുഗറിന്റെ അളവോ നിയന്ത്രിക്കുന്ന ഗുളികകളെ നാം ഒരിക്കലും സംഹാരികൾ എന്നു വിളിക്കാറില്ല. എന്നാൽ വേദന നിയന്ത്രിക്കുന്ന മരുന്നുകളെ നാം പെയ്ൻ കില്ലേഴ്സ് എന്നു വിശേഷിപ്പിക്കുന്നു. ഇത് സാന്ത്വന ചികിത്സയോടും മരുന്നുകളോടുമുള്ള നമ്മുടെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു മരുന്നും ഒരു രോഗമില്ലാതെയോ അല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെയോ കഴിക്കുവാൻ പാടുള്ളതല്ല. എന്നാൽ ഏതെങ്കിലും ആരോഗ്യ പ്രശ്നത്തിന് മരുന്ന് കഴിക്കാതിരിക്കുന്നതും ശരീരത്തിന് ഹാനികരമാണ്. രോഗിയുടെ വേദന നിയന്ത്രിക്കാതിരിക്കുന്നത് രോഗിയുടെ ശരീരത്തിനും മനസിനും ദോഷകരമാണ് എന്ന യാഥാർഥ്യം നാം മനസിലാക്കുന്നു. സന്തോഷകരമായ അർഥമുള്ള ക്രിയാത്മകമായ ഒരു ജീവിതത്തിന് സാന്ത്വന ചികിത്സയും വേദനയ്ക്കുള്ള മരുന്നുകളും സഹായകമാകും. ചികിത്സയുടെ ഭാഗമായി മരുന്നുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ നിർബന്ധമായും പെയ്ൻ പാലിയേറ്റീവ് മെഡിസിൻ വിഭാഗങ്ങളുടെ നിർദ്ദേശം അനുസരിക്കേണ്ടതാണ്.
മിഥ്യ 5 : വേദന അസഹീനമാകുമ്പോൾ മാത്രമേ മരുന്നുകൾ കഴിക്കേണ്ട ആവശ്യമുള്ളു
യാഥാർഥ്യം: വേദനയെ ഗൗനിക്കാതിരിക്കുമ്പോൾ ഉറപ്പായും അത് കുറെയധികം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. രക്തസമ്മർദ്ദവും ഷുഗറും നിയന്ത്രിക്കുന്നതുപോലെ തന്നെ വേദനയ്ക്കുള്ള ചികിത്സ മുഴുവൻ സമയവും ലഭിക്കേണ്ടതാണ്
മിഥ്യ 6: മരിക്കുന്ന രോഗികൾക്ക് നൽകുന്നതാണ് മോർഫിൻ, അത് രോഗികളെ തളർത്തിക്കിടത്തുകയും അടിമകളാക്കുകയും ചെയ്യുന്നത് അപകടകാരിയായ മരുന്നാണ്.
യാഥാർഥ്യം: ലോകത്തെ എല്ലാ ഭാഗത്തും വേദനയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന മോർഫിൻ മരുന്നുകളെ ശേഷി നിർണ്ണയിക്കുന്ന അടിസ്ഥാന മാനദണ്ഡമാണ്. മോർഫിൻ രോഗികളെ വേദനയിൽ നിന്് ആശ്വാസം നൽകുന്നതിന് ഏതവസ്ഥയിലുള്ള രോഗത്തിനാണെങ്കിലും സഹായിക്കുന്നു. മോർഫിൻ ഒരു ഒറ്റമൂലിയല്ല. വേദന നിയന്ത്രിക്കുന്നതിന് മോർഫിൻ ഒറ്റയ്ക്കോ അല്ലെങ്കിൽ മറ്റ് വേദനയ്ക്കുള്ള മരുന്നുകളുടെ കൂടെയോ ഉപയോഗിക്കുന്നു. വേദന നിയന്ത്രിക്കുവാൻ മോർഫിൻ മതിയായ അളവിൽ നൽകുന്നത് ഒരിക്കലും സഡേഷനു കാരണമാകില്ല. മോർഫിൻ ഉപയോഗിക്കുന്ന രോഗികൾക്ക് രോഗം ഭേദമാകുന്നതനുസരിച്ച് സാവധാനം അതിന്റെ ഉപയോഗം നിർത്താവുന്നതാണ്. എന്നാൽ ചികിത്സിച്ചു ഭേദമാകാനാകാത്ത അസുഖങ്ങൾക്ക് വേദനയിൽ നിന്ന് രോഗിക്ക് ആശ്വാസം നൽകുന്നതിന് മോർഫിൻ ഉപയോഗം തുടരാവുന്നതാണ്.
ഡോ. ബിജു രാഘവൻ
കൺസൽട്ടന്റ്-പെയ്ൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ
കിംസ് കാൻസർ സെന്റർ
സ്തനാർബുദം
ആഗോള തലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാൽ പൂർണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാർബുദം. സ്തനത്തിൽ തടിപ്പ്, മുഴ സ്തനത്തിലോ മുഴയിലോ വേദന, സ്തന ചർമ്മത്തിൽ വ്യത്യാസം, സ്തനത്തിന്റെ മൃദുലതയിലെ വ്യത്യാസം, മുലക്കണ്ണിൽ പൊട്ടൽ, മുലക്കണ്ണ് ഉള്ളിലേക്ക് വലിയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങളിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാർബുദം കണ്ടെത്തുവാനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിലൂടെയും രോഗം കണ്ടെത്താവുന്നതാണ്.
ഗർഭാശയഗള കാൻസർ
മുൻകൂട്ടി തിരിച്ചറിഞ്ഞു പ്രതിരോധിക്കാവുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ(സെർവിക്കൽ കാൻസർ). സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാൻസറാണിത്. ഗർഭാശയഗളത്തിലെ കോശങ്ങളിലുമാകുന്ന മാറ്റമാണ് കാൻസറിന് കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിന് പത്ത് പതിനഞ്ച് വർഷം മുൻപ് തന്നെ കാൻസറിന് കാരണമാകുന്ന കോശമാറ്റങ്ങൾ ഗർഭാശയഗളത്തിൽ നടക്കും. അതുകൊണ്ട് സ്ക്രീനിങ്ങിലൂടെ കോശമാറ്റങ്ങൾ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും.
ലൈംഗികബന്ധത്തിനുശേഷം രക്തസ്രാവമുണ്ടാവുക, ആർത്തവങ്ങൾക്കിടയ്ക്കുള്ള സമയത്തെ രക്തം പോക്ക് എന്നിവ ഗർഭാശയഗള കാൻസറിന്റെ ലക്ഷണമാകാം. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഗർഭാശയഗള കാൻസർ ആണോയെന്നറിയാൻ സ്ക്രീനിങ് നടത്തണം.
പാപ് സ്മിയറാണ് ഗർഭാശയഗള കാൻസറിന്റെ പ്രധാന സ്ക്രീനിങ് പരിശോധന, വേദനയോ പാർശ്വഫലങ്ങളോ ഇല്ലാത്തതും വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്നനേത്രങ്ങൾകൊണ്ട് ഗർഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യപടി. പിന്നീട് ഗർഭാശയ മുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങൾ സ്പാറ്റുല എന്ന ഉപകരണം കൊണ്ടു ശേഖരിച്ച് പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോ എന്ന് നോക്കുന്നു.
പാപ് സ്മിയറിൽ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാൽ കോൾപ്പോസ്കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗർഭാശയഗള കാൻസറിന് കാരണമാകുന്ന എച്ച് പി വി വൈറസ് ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗിക ജീവിതം തുടങ്ങി രണ്ട് വർഷം മുതൽ പാപ്സ്മിയർ നടത്താം. ആദ്യ മൂന്നു വർഷത്തിൽ എല്ലാ പ്രാവശ്യവും, തുടർന്ന് 65 വയസുവരെ 3 വർഷത്തിലൊരിക്കലും പരിശോധന നടത്തേണ്ടതാണ്
പ്രോസ്റ്റേറ്റ് കാൻസർ അറിയാം
പുരുഷന്മാരിൽ കണ്ടുവരുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രായം കൂടുന്നത് ഈ കാൻസറിനുള്ള സാധ്യത സ്വാധീനിക്കാം. മൂത്രമൊഴിക്കുന്നതിലുള്ള പ്രശ്നങ്ങളാണ് പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമായി കാണുന്നത്,. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്ത വേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങൾ വിലയിരുത്തിയ ശേഷം ശാരീരിക പരിശോധന, രക്തപരിശോധന, സ്കാനിങ്, ബയോപ്സി എന്നിവ ചെയ്യും.
നാൽപത് കഴിഞ്ഞാൽ പി എസ് എ ടെസ്റ്റ് എന്ന് പറയുന്ന രക്ത പരിശോധന നടത്താവുന്നതാണ്. ഉയർന്ന പി എസ് എ അളവ് എപ്പോഴും കാൻസറിന്റെ സൂചനയാകണമെന്നില്ല. പി എസ് എ ഫലത്തോടൊപ്പം പി എസ് എ അളവ് നാലു നാനോഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ കാൻസർ നിർണയ പരിശോധനകൾ നടത്താറുണ്ട്. നാൽപത് വയസിനുശേഷം എല്ലാ പുരുഷന്മാരും വർഷത്തിലൊരിക്കൽ പി എസ് എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.
കൊളോറെക്ടൽ കാൻസർ
വൻകുടലിലും മലാശയത്തിലുമുണ്ടാകുന്ന കാൻസറുകളും (കൊളോറെക്ടൽ കാൻസർ) ലക്ഷണങ്ങളിലൂടെ മുൻകൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോവുക, മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നിലനിൽക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാൻസറുകളുടെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ നീണ്ടു നിന്നാൽ ഡോക്ടറെ സമീപിക്കണം. കുടുംബത്തിലാർക്കെങ്കിലും വൻകുടലിൽ മുഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പത്ത് വയസിനു മുൻപേ മറ്റ് അംഗങ്ങളും സ്ക്രീനിങ് തുടങ്ങണം. മലത്തിൽ രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കൽ ഒക്കൾട്ട് ബ്ലഡ് ടെസ്റ്റ് (എഫ് ഒ ബി) കോളനോസ്കോപ്പി എന്നീ പരിശോധനകളാണ് സ്ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയിൽ എഫ് ഒ ബി വർഷം തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാൻസറുകൾ കണ്ടുവരുന്നത് എന്നതുകൊണ്ട് നാൽപത് വയസ് മുതൽ ഇത്തരം സ്ക്രീനിങ് വിധേയരാകേണ്ടതാണ്.
ശ്വാസകോശ കാൻസർ
ശ്വാസകോശ കാൻസറിന്റെ കാര്യത്തിൽ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങൾ പ്രകടമാകൂ എന്തുകൊണ്ടു തന്നെ മുൻകൂട്ടി തിരിച്ചറിയൽ പ്രയാസകരമാണ്. പക്ഷേ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ചെസ്റ്റ് എക്സ്-റേയിലൂടെ രോഗസാധ്യത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവർ, ആസ്ബറ്റോസ്, ചില രാസവസ്തുക്കൾ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലിയിലേർപ്പെടുന്നവർ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങൾ ഇല്ലെങ്കിലും സി ടി സ്കാൻ പരിശോധനയ്ക്ക് വിധേയരാകുന്നത് നല്ലതാണ്. മൂന്നാം ലോകരാഷ്ട്രങ്ങളിൽ കണ്ടെത്തപ്പെടുന്ന എൺപത് ശതമാനം കാൻസറുകളും ഗുരുതരാവസ്ഥയിലെത്തിയതിന് ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളിൽ 70-90 ശതമാനവും മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കിൽ പൂർണമായി സുഖപ്പെടുത്താനാകും എന്നതൊരു ദുഃഖസത്യമാണ്. അതുകൊണ്ടു തന്നെ സ്പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തിൽ ഫാമിലി ഡോക്ടർ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വർഷാവർഷമുള്ള പരിശോധനകളിൽ നിങ്ങൾക്കാവശ്യമുള്ള കാൻസർ സ്ക്രീനിങ്ങുകൾ ഉൾപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുൻകൂട്ടി തിരിച്ചറിയാനും, വേണ്ടസമയത്ത് ചികിത്സ തുടങ്ങാനും പരിശീലനം ലഭിച്ച കുടുംബ ഡോക്ടർക്ക് എളുപ്പം കഴിഞ്ഞേക്കാം. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാർബുദം തടയുന്നതിന് സഹായിക്കും.
ഈ കാൻസറുകൾ ലക്ഷണങ്ങളിലൂടെ അറിയാം
നാസോഫാരിങ്സ്: മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേൾവിക്കുറവ്, കഴുത്തിന് മുകൾവശത്തായി മുഴകളും വീക്കവും
ലാരിങ്സ്: തുടർച്ചയായ് ഒച്ചയടപ്പ് (രണ്ട് മാസത്തിൽ കൂടുതൽ)
ആമാശയം: മുകൾ വയറ്റിൽ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം
സ്കിൻ മെലനോമ: കൃത്യമായ അരികുകളില്ലാതെ പടർന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകൾ, ചൊറിച്ചിലുള്ളതോ, രക്തം വരുന്നതോ ആയ തടിപ്പുകൾ
മറ്റ് ത്വക്ക് കാൻസറുകൾ: ത്വക്കിലെ സുഖമാകാത്ത പാടുകളോ വ്രണങ്ങളോ .
മൂത്രാശയ കാൻസർ: വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തിൽ രക്തം കാണപ്പെടുക
ടെസ്റ്റിക്കുലർ കാൻസർ: ഏതെങ്കിലും ഒരു വൃഷ്ണത്തിലുണ്ടാകുന്ന തടിപ്പ്.
തൈറോയിഡ് കാൻസർ: കഴുത്തിലെ വീക്കം
തലച്ചോറിലെ ട്യൂമർ: തുടർച്ചയായ തലവേദന, ഛർദ്ദി, അപസ്മാരം, ബോധക്ഷയം
ഈ ലക്ഷണങ്ങൾകൊണ്ടു മാത്രം കാൻസർ ഉറപ്പിക്കാനാവില്ല. പക്ഷേ ലക്ഷണങ്ങൾ കാൻസറിന്റേതല്ല എന്ന് ഉറപ്പ് വരുത്തണം
ഡോ. ഇ ഗ്രേസ് ഷേർളി
റേഡിയേഷൻ ഓങ്കോളജിസ്റ്റ്,
കിംസ് കാൻസർ സെന്റർ
ലോകാരോഗ്യസംഘടനയുടെ ഒടുവിലത്തെ കണക്കുകൾ പ്രകാരം സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന അർബുദങ്ങളുടെ മുൻനിരയിലാണ് സ്തനം, ഗർഭാശയം എന്നീ ശരീരഭാഗങ്ങളിലുണ്ടാവുന്നവ. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഓരോ വർഷവും ഈ ക്യാൻസറുകൾക്ക് കീഴ്പ്പെടുന്നത്. ഈ കണക്കുകൾ പരിശോധിച്ചാൽ വികസിത രാജ്യങ്ങളും മറ്റുള്ളവയും തമ്മിൽ പലതരത്തിലുള്ള അർബുദങ്ങളുടെ എണ്ണത്തിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ കാണാവുന്നതാണ്. ഇതിന് പ്രധാന കാരണം ഈ കാൻസറുകൾ ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള പരിശോധനകൾ കൃത്യമായ കാലയളവിൽ ചെയ്യാനുള്ള സൗകര്യം ജനങ്ങളിലെത്തിക്കാൻ വികസിത രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നതാണ്. ഇവിടെ പ്രാധാന്യമുള്ള വസ്തുത, ക്യാൻസർ ഘട്ടങ്ങളായി പുരോഗമിക്കുന്ന അസുഖമായതിനാൽ എത്രയും നേരത്തേ കണ്ടെത്തുന്നോ, അത്രയും എളുപ്പത്തിൽ അത് ചികിത്സക്ക് വിധേയമാക്കി ആരോഗ്യാവസ്ഥ വീണ്ടെടുക്കാൻ സാധിക്കുന്നു എന്നതാണ്.
ഇവിടെയാണ് കിംസ് ഹോസ്പിറ്റലിന്റെ ‘സഖി’ എന്ന പ്രതിരോധ ക്ലിനിക് പ്രസക്തമാകുന്നത്. പ്രതിരോധത്തിനും, സ്വയം പരിശോധനക്കും ആരംഭഘട്ടത്തിൽ തന്നെ വൈദ്യസഹായം തേടുന്നതിനും സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട സ്ത്രീകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതാണ് സഖി. സ്തനാർബുദവും ഗർഭാശയഗള ക്യാൻസറുമായി ബന്ധപ്പെട്ട പരിശോധനകൾക്കും ,പ്രതിരോധനടപടികൾക്കുമാണ് സഖി ഊന്നൽ നൽകുന്നത്. മറ്റേത് രോഗത്തെയും പോലെ, ഒരുപക്ഷേ, അതിനേക്കാളെല്ലാമുപരി മുൻകരുതലുകൾക്കും കൃത്യമായ പരിശോധനകൾക്കും പരമ പ്രാധാന്യമുള്ള ഒന്നാണ് ക്യാൻസർ. നമ്മുടെ സമൂഹം ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ അനേകായിരം ജീവനുകൾ അകാലത്തിൽ പൊലിയുന്നത് ഒഴിവാക്കാൻ നമുക്ക് കഴിയും. സഖി ക്ലിനിക്കിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂന്നിക്കൊണ്ട് കിംസ് ഹോസ്പിറ്റൽ ലക്ഷ്യമിടുന്നതും അതുതന്നെയാണ്.സഖിയുടെ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അറിയാൻ വിളിക്കൂ: 828991146
ഡോ. ധന്യ ദിനേശ്
കൺസൾട്ടന്റ് ഗൈനക്, ഓങ്കോളജി സർജൻ
കിംസ് കാൻസർ സെന്റർ
കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ എല്ലായിടത്തും ഉണ്ടാകാം. എന്നാൽ ഏറ്റവും സുരക്ഷിതമെന്നു നമ്മൾ വിശ്വസിക്കുന്ന നമ്മുടെ തന്നെ വീട്ടിൽ കാൻസറിനു കാരണമായേക്കാവുന്ന ഘടകങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന, കാൻസർ ക്ഷണിച്ചു വരുത്തുന്ന ആറു സാധനങ്ങൾ ഇവയാണ്
1. ക്ലീനിങ് സാധനങ്ങൾ
വൃത്തിയാക്കുന്നതിനായി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുപൊടി, അണുനാശിനികൾ തുടങ്ങിയവയിൽ ഫിലോൾസ്, ട്രോക്ലോസൻ, ടെട്രാക്ലോറോഎതിലീൻ തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ എൻഡോക്രെയിൽ സിസ്റ്റത്തെ ബാധിക്കുകയും ഹോർമോണുകളുടെ അസംതുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കെമിക്കലുകൾ ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.
2. കാനിലടച്ച ആഹാരം
ആഹാരസാധനങ്ങൾ പാക്ക് ചെയ്തു വരുന്ന കാനുകൾക്കുള്ളിൽ ബിസ്ഫിനോൾ എ(ബിപിഎ) എന്ന പ്ലാസ്റ്റിക് കൊണ്ട് ചെറിയ ഒരു ആവരണമുണ്ട്. ബിപിഎ ഹോർമോണുകളുടെ അസംതുലനാവസ്ഥ ഉണ്ടാക്കുകയും ഇതുമൂലം ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസർ സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ ബിപിഎ പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്നവും ഉണ്ടാക്കുന്നുണ്ട്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം പോലുള്ള രോഗങ്ങളിലേക്കും ഇതു നയിക്കുന്നുണ്ട്.
3. വിഷം കലർന്ന പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇവ എത്രത്തോളം സുരക്ഷിതമാണെന്ന് കഴിക്കുന്നതിനു മുൻപ് നിങ്ങൾ ചിന്തിക്കാറുണ്ടോ? കീടനാശിനികളും കെമിക്കൽ വളങ്ങളും ചേർത്താണ് ഇവ പലപ്പോഴും നമുക്കു മുന്നിൽ എത്താറുള്ളത്. കെമിക്കൽ വളങ്ങളായ ഡിഡിടി, നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്നിവ സാധാരണയായി എല്ലാവരും ഉപയോഗിച്ചു പോരുന്നുമുണ്ട്. ഇവയാകട്ടെ കാൻസർ സാധ്യത കൂട്ടുന്നവയാണ്. അതിനാൽത്തന്നെ യാതൊരുവിധ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ വീട്ടിൽ തന്നെ കൃഷിചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
4. പാചകപാത്രങ്ങൾ
നോൺസ്റ്റിക് പാനുകൾ പോലുള്ള പാത്രങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. പോളി ടെട്രാഫ്ലൂറോ എത്ലീൻ എന്ന കോട്ടിങ് നോൺസ്റ്റിക് പാത്രങ്ങളിൽ കാണപ്പെടുന്നുണ്ട്. ഉയർന്ന താപനിലയിൽ ചൂടാകുമ്പോൾ ഇതിൽ നിന്നും വിഷമയമായ പുക വരുന്നുണ്ട്. ഈ കോട്ടിങ് കാൻസർ ഉണ്ടാക്കുന്നതും പുകയാകട്ടെ ഗർഭിണികൾക്ക് അപകടം പിടിച്ചതുമാണ്.
5. സൗന്ദര്യവർധകങ്ങൾ
സൗന്ദര്യവർധകങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ നാം എപ്പോഴും ഒരുപടി മുന്നിലാണ്. പൗഡർ, ബോഡി ലോഷൻ, കോസ്മെറ്റിക്കുകൾ, സ്പ്രേ, ഡിയോഡറന്റുകൾ, ലിപ്സ്റ്റിക് തുടങ്ങി നാം ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ ഫ്താലേറ്റ് (phthalates), ട്രൈക്ലോസാൻ, പാരാബെൻസ് തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്ന കെമിക്കലുകളാണ്.
6. മൈക്രോവേവ് അവ്ൻ
മൈക്രോവേവുകളുടെ സഹായത്തോടെ ഭക്ഷണം ചൂടാകുകയും പാകപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് മൈക്രോവേവ് അവ്നിലുള്ളത്. ഇവയിൽ നിന്നുള്ള റേഡിയേഷനുകൾ ൻസറിലേക്കു നയിക്കുമെന്നു പറയപ്പെടുന്നുണ്ട്. എന്നാൽ പല പഠനങ്ങളും ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്തു തന്നെ ആയാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട കാര്യമുണ്ടാകുന്നില്ല.
കടപ്പാട് : മലയാള മനോരമ
അവസാനം പരിഷ്കരിച്ചത് : 6/22/2020
ജീവിതശൈലി രോഗങ്ങളില്പ്പെടുന്ന ക്യാന്സര് വളരെ സു...
കൂടുതല് വിവരങ്ങള്
ഹൃദ്രോഗം കഴിഞ്ഞാല് ഏറ്റവുമധികം പേരുടെ ജീവനെടുക്കുന...
ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലിക...