സ്ത്രീയുടെ പ്രത്യുല്പാദന വ്യവസ്ഥയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന അവയവങ്ങളാണ് ഗര്‍ഭാശയവും അണ്ഡാശയങ്ങളും. ആവശ്യാനുസരണം ശക്തമായി ചുരുങ്ങാനും വികസിക്കാനും കഴിയുന്ന പേശിനിര്മിതമായ ഒരു സഞ്ചിയാണ് ഗര്‍ഭാശയം. ചുരുങ്ങിയിരിക്കുന്ന അവസ്ഥയില്‍ ഏകദേശം മൂന്നിഞ്ച് നീളവും രണ്ടിഞ്ച് വണ്ണവും ഗര്ഭാശയത്തിനുണ്ടാകും. മൂന്ന് പാളി സ്തരങ്ങള്‍ കൊണ്ടാണ് ഗര്‍ഭാശയം നിര്‍മിച്ചിരിക്കുന്നത്. അടിവയറ്റില്‍ മൂത്രസഞ്ചിക്ക് പിന്നില്‍ മുകള്‍ഭാഗത്തായാണ് ഗര്‍ഭാശയത്തിന്‍െറ സ്ഥാനം. ഗര്‍ഭാശയത്തിന്‍െറ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന ഒന്നര ഇഞ്ചോളം വലുപ്പമുള്ള അണ്ഡാശയങ്ങളാണ് ഈസ്ട്രജന്, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ പ്രധാന ഉല്പാദക കേന്ദ്രം.വയറുവേദനയും മൂത്ര തടസ്സവുമായി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് ശേഷം ഗര്‍ഭപാത്രത്തില്‍ മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. ക്യാന്‍സര്‍ ആയിരിക്കുമോ എന്നാണ് മിക്ക ആളുകളുടേയും ഭയം. ഗര്‍ഭാശയ ഭിത്തിയിലെ പേശികളില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ മുഴകളാണ് ഫൈബ്രോയ്ഡുകള്‍. ഇങ്ങനെയുണ്ടാകുന്ന 98% മുഴകളും ക്യാന്‍സര്‍ ആയിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഫൈബ്രോയ്ഡിന്റെ വേദനയും മറ്റുലക്ഷണങ്ങളും ഒന്നും തന്നെയില്ലാത്ത 100 സ്ത്രീകളില്‍ സ്കാനിംഗ് പരിശോധന നടത്തിയാല്‍ അവരില്‍ പകുതിയോളം അല്ലെങ്കില്‍ പകുതിയില്‍ ഏറെ സ്ത്രീകളിലും ഇതുപോലെ ചെറിയൊരു ഫൈബ്രോയ്ഡെങ്കിലും കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം ചെറിയ മുഴകളെ പേടിക്കേണ്ടതില്ല.
നല്ളൊരു ശതമാനം സ്ത്രീകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫൈബ്രോയ്ഡ് എന്ന ഗര്‍ഭാശയ മുഴകള്‍. ഗര്‍ഭാശയ ഭിത്തിയിലെ പേശികളില്നിന്നുണ്ടാകുന്ന അമിതവളര്ച്ചകളാണ് മുഴകളായി മാറുന്നത്. വളരെ അപൂര്‍വമായി മാത്രമേ മുഴകള്‍ അര്‍ബുദമായി പരിണമിക്കാറുള്ളൂ.
ഗര്‍ഭാശയത്തിന്‍െറ ഭിത്തിക്കുള്ളില്‍ ഒതുങ്ങിനില്ക്കുന്ന തരത്തിലുള്ളവ, ഗര്‍ഭാശയത്തിന് അകത്തും പുറത്തും രൂപപ്പെടുന്നവ, തണ്ടോടുകൂടിയവ എന്നിങ്ങനെ ചെറുതും വലുതുമായി പലതരം മുഴകള്‍ ഉണ്ടാകാറുണ്ട്.
ഈസ്ട്രജന് ഹോര്‍മോണിന്‍െറ അതിപ്രസരം ഗര്‍ഭാശയ മുഴകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താറുണ്ട്.
*പ്രസവിക്കാത്ത സ്ത്രീകള്‍
*വളരെ നേരത്തേ തന്നെ ഋതുമതിയായവര്‍
*അമിതവണ്ണമുള്ളവര്‍
*പാരമ്പര്യമായി ഗര്‍ഭാശയമുഴകള്‍ ഉള്ളവര്‍
*വന്ധ്യതയുള്ളവര് തുടങ്ങിയവരില്‍ ഗര്‍ഭാശയ മുഴകള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. ആര്‍ത്തവവിരാമശേഷം ഗര്‍ഭാശയമുഴകള്‍ ചുരുങ്ങുന്നതും പുതുതായി ഉണ്ടാകാത്തതും ഈസ്ട്രജന് ഹോര്‍മോണിന്‍െറ അഭാവംകൊണ്ടാണ്. ഈസ്ട്രജന്‍െറ പ്രഭാവം ഇല്ലാത്തതിനാല്‍ ബാല്യത്തില്‍ പെണ്‍കുട്ടികളിലും ഗര്‍ഭാശയമുഴകള്‍ കാണാറില്ല.
നല്ളൊരു പങ്ക് സ്ത്രീകളിലും പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഫൈബ്രോയ്ഡ് സൃഷ്ടിക്കാറില്ല. ഗര്‍ഭാശയ മുഴകളുടെ എണ്ണം, സ്ഥാനം, വലുപ്പം ഇവക്കനുസരിച്ച് പ്രകടമാകുന്ന പ്രശ്നങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
പൊതുവെ ആര്‍ത്തവസമയത്തെ അമിതരക്തസ്രാവം, അടുപ്പിച്ചുള്ള ആര്‍ത്തവം, ഇടക്കിടെ മൂത്രമൊഴിക്കണമെന്ന അവസ്ഥ, കടുത്ത ആര്‍ത്തവവേദന, ബന്ധപ്പെടുമ്പോള്‍ വേദന എന്നിവ ചിലരില്‍ കാണുന്നു. അമിത രക്തസ്രാവം വിളര്ച്ചക്കുമിടയാക്കാറുണ്ട്.
ഗര്‍ഭാശയത്തിന്‍െറ അകത്തേക്ക് വളരുന്ന മുഴകള്‍, പഴുപ്പ് കലര്‍ന്ന സ്രവങ്ങള്‍, നീണ്ടുനില്‍ക്കുന്ന രക്തസ്രാവം എന്നിവ കടുത്ത വേദനക്കിടയാക്കും. രക്തം കലര്‍ന്ന വെള്ളപോക്കും ഇവരില്‍ കാണും.
ഗര്‍ഭാശയത്തിന്‍െറ പുറത്തേക്ക് തള്ളിനില്ക്കുന്ന മുഴകള്‍ സാധാരണഗതിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. എന്നാല്‍, ഗര്‍ഭാശയ ഭിത്തിക്കുള്ളില്‍ വളരുന്ന മുഴകള്‍ രക്തസ്രാവത്തോടൊപ്പം തുടര്‍ച്ചയായി ഗര്‍ഭം അലസുന്നതിനും ഇടയാക്കും. നടുവേദനയും ശക്തമായ കാല്‍കഴപ്പും ഇവരില്‍ കാണും.
ദീര്‍ഘനാള്‍ മൂത്രനാളത്തെ ഞെരുക്കുന്ന മുഴകള്‍ വൃക്കരോഗത്തിനിടയാക്കാറുണ്ട്. കൂടാതെ മൂത്രസഞ്ചിയുടെ മേല്‍ അമര്‍ന്നിരിക്കുന്ന മുഴകള്‍ മൂത്രതടസ്സമോ ഇടക്കിടെ മൂത്രമൊഴിക്കണമെന്ന അവസ്ഥയോ സൃഷ്ടിക്കാറുണ്ട്.
മുഴകളുള്ളവര്‍ ഗര്‍ഭിണിയാകുമ്പോള്‍ ഗര്‍ഭാശയം വളരുന്നതോടൊപ്പം മുഴകള്‍ക്കും 20 ശതമാനത്തോളം വലുപ്പ വര്‍ധന ഉണ്ടാകും. ഒപ്പം മുഴകള്‍ പരന്ന് മൃദുവാകാറുമുണ്ട്. ഗര്‍ഭത്തിന്‍െറ ആദ്യ ആഴ്ചകളില്‍ അലസിപ്പോകാനും ചിലപ്പോള്‍ മുഴകള്‍ ഇടയാക്കാറുണ്ട്. പ്ളാസന്റക്ക് ആവശ്യമുള്ളത്ര ആഴ്ന്നിറങ്ങാന്‍ കഴിയാത്തതാണിതിന് കാരണം. മുഴകളുടെ സ്ഥാനത്തിനനുസരിച്ച് കുഞ്ഞിന്‍െറ കിടത്തത്തില്‍ മാറ്റങ്ങളുണ്ടാകാം. പ്രസവാനന്തരമുള്ള അമിത രക്തസ്രാവത്തിനും മുഴകള്‍ കാരണമാകാറുണ്ട്. അപൂര്‍വമായി ഗര്‍ഭകാലത്ത് വേദനകളും മുഴകള്‍ മൂലം ഉണ്ടാകാറുണ്ട്.
ഗര്‍ഭാശയത്തില്‍ ഭ്രൂണം ഒട്ടിപ്പിടിക്കാനുള്ള സാധ്യത കുറക്കുക, ഗര്‍ഭാശയത്തില്‍ ഭ്രൂണത്തിന്‍െറ ചലനം, ബീജത്തിന്‍െറ ചലനം ഇവയെ തടസ്സപ്പെടുത്തുക ഇവ വഴിയാണ് മുഴകള്‍ വന്ധ്യതക്കിടയാക്കുന്നത്.
തണ്ടോടുകൂടിയ മുഴകള്‍ തണ്ടില്‍ ചുറ്റി ശക്തമായ വേദനക്കിടയാക്കുക, ആന്തരിക രക്തസ്രാവം ഉണ്ടാവുക, വലിയ മുഴകളുടെ കേന്ദ്രഭാഗത്തേക്ക് രക്തം ലഭിക്കാതെ വേദനയുണ്ടാവുക തുടങ്ങിയവ സങ്കീര്ണതക്കിടയാക്കുന്നു. പെട്ടെന്നുണ്ടാകുന്ന വലുപ്പമുള്ള മുഴകള്‍ അര്‍ബുദമല്ളെന്ന് ഉറപ്പാക്കുകയും വേണം.
മുഴകളുടെ വലിപ്പത്തെ കുറക്കുന്നതോടൊപ്പം രക്തസ്രാവത്തെ കുറച്ചും വേദന കുറച്ചും വിളര്‍ച്ച ഒഴിവാക്കിയുമാണ് ഒൗഷധങ്ങള്‍ പ്രവര്‍ത്തിക്കുക. നീര്‍മാതളം, മുന്തിരി, മുക്കൂറ്റി, ചെറൂള, മഞ്ചട്ടി, നിലപ്പന, ശതാവരി, അശോകം, നാഗകേസരം, പാച്ചോറ്റി, ജീരകം ഇവ നല്ല ഫലം തരും. ഒൗഷധങ്ങള്ക്കൊപ്പം വസ്തി, ഉത്തരവസ്തി, അഭ്യംഗം, പിചു തുടങ്ങിയ വിശേഷ ചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് വേണ്ടിവരും. മന$സംഘര്‍ഷം കുറക്കുന്നതോടൊപ്പം ഇലക്കറികള്‍ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണശീലങ്ങള്‍, വിശ്രമം, ലഘുവ്യായാമങ്ങള്‍ ഇവ ഉള്‍പ്പെട്ട ജീവിതശൈലീ ക്രമീകരണങ്ങളും ഗര്‍ഭാശയ മുഴകളെ ഒഴിവാക്കാന്‍ അനിവാര്യമാണ്.
കടപ്പാട് : ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)
അവസാനം പരിഷ്കരിച്ചത് : 6/29/2020
കൂടുതല്‍ വിവരങ്ങള്‍
കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ക...
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന...