കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ക്യാന്‍സര്‍. ലുക്കീമിയ, ലിംഫോമ, കാര്സ്നോമ, സാര്‍ക്കോമ എന്നിവ വിവിധതരം ക്യാന്‍സറുകളാണ്. ക്യാന്‍സര്‍ ഏതുതരം കോശത്തില്നിന്നുല്ഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം.ക്യാന്‍സര്‍ ആരംഭിക്കുന്ന അവയവത്തില്‍ വളര്‍ന്ന് സമീപത്തുള്ള ഭാഗങ്ങളിലേക്കും പടര്‍ന്ന് ആ അവയവത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതിനെ പ്രൈമറി സൈക്ക് എന്നു പറയുന്നു. രക്തത്തിലൂടെയും ലിംഫാറ്റിലൂടെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരുകയും ചെയ്യുന്നതിനെ സെക്കന്‍ഡ്സ് എന്നു പറയുന്നു. അവിടെയും കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയിലൂടെ ആ ഭാഗത്തെ പ്രവര്‍ത്തനരഹിതമാക്കുന്നു. അതുകൊണ്ടാണ് ക്യാന്‍സര്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിക്കണമെന്നുപറയുന്നത്.
പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ക്യാന്‍സറുകള്‍ തടയാനാകും. ശ്വാസകോശാര്‍ബുദം, കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവ ഉദാഹരണം. പുകയില വര്‍ജിക്കുകയാണെങ്കില്‍ കേരളത്തില്‍ പുരുഷന്മാരിലെ ക്യാന്‍സറിന്റെ 50 ശതമാനവും തടയാനാകും.
കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയുമാണ് സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, വന്‍കുടലിലെ ക്യാന്‍സര്‍ എന്നിവയ്ക്കു കാരണം. കൊഴുപ്പുകുറഞ്ഞതും നാരുള്ളതുമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴം, പച്ചക്കറി, ചീര എന്നിവയ്ക്ക് ഒരുപരിധിവരെ ക്യാന്‍സറിനെ തടയാനുള്ള കഴിവുണ്ട്. ലൈംഗിക ശുചിത്വമില്ലായ്മയാണ് ഗര്‍ഭാശയ ക്യാന്‍സറുണ്ടാക്കുന്ന വൈറസിനു (എച്ച്പിവി വൈറസ്)കാരണം. ലൈംഗിക ശുചിത്വത്തിലൂടെ ഈ വൈറസിന്റെ പകര്‍ച്ച തടയാം. കേരളത്തില്‍ പുരുഷന്മാരില് കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് ശ്വാസകോശാര്‍ബുദവും കഴുത്തിലെയും തൊണ്ടയിലെയും ക്യാന്‍സറും. സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ട് പ്രധാന ക്യാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയ ക്യാന്‍സറും. ഇതില്‍ ശ്വാസകോശ ക്യാന്‍സര്‍ ഒഴിച്ചുള്ള മൂന്നു ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ കഴിയും.
സ്തനാര്‍ബുദം പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. പരിശോധന എന്നാല്‍ സ്വന്തം സ്തനത്തെക്കുറിച്ച് സ്വയം ധാരണയുണ്ടാക്കലാണ്. എന്നാലേ സ്തനത്തിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിയാനാകൂ. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഡോക്ടറെ കണ്ട് മാമോഗ്രാം എന്ന പ്രത്യേക എക്സറേ പരിശോധന നടത്തണം. അള്‍ട്രാ സൗണ്ട് ഉപയോഗിച്ചും എംആര്‍ഐ ഉപയോഗിച്ചുമുള്ള മാമോഗ്രാം പരിശോധന ലഭ്യമാണ്.
25 വയസ്സിനും 40 വയസ്സിനുമിടയ്ക്കുള്ള സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തുകയും മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം (അള്‍ട്രാസൗണ്ട് ഉപയോഗിച്ചുള്ളത്) പരിശോധന നടത്തുകയും വേണം. സ്തനാര്‍ബുദം പ്രാരംഭദശയില്‍ കണ്ടുപിടിച്ചാല്‍ ഗുണം പ്രധാനമായും രണ്ടാണ്. ഒന്ന്: ഇത് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. രണ്ട്: സ്തനം പൂര്‍ണമായി നീക്കം ചെയ്യാതെ രോഗം വന്ന ഭാഗം മാത്രം മുറിച്ചു മാറ്റിയാല്‍മതി.
ഗര്‍ഭാശയഗള ക്യാന്‍സറിന്റെ പ്രാരംഭലക്ഷണങ്ങളാണ് ലൈംഗിക ബന്ധത്തിനുശേഷമുള്ള രക്തംപോക്ക്, മാസമുറക്കിടയ്ക്കുള്ള വിട്ടുവിട്ടുള്ള രക്തംപോക്ക്, വെള്ളപോക്ക്, നടുവേദന എന്നിവ. ഈ ലക്ഷണങ്ങളുള്ളവര്‍ക്ക് പാഫ്സ്മാന്‍ എന്ന ലളിതമായ പരിശോധനയിലൂടെ ക്യാന്സറാണോ അല്ലയോ എന്ന് ഉറപ്പുവരുത്താം.
ക്യാന്‍സറുണ്ടാക്കുന്ന അവസ്ഥ മാത്രമല്ല, ക്യാന്‍സറിനു മുമ്പുള്ള അവസ്ഥകളും കണ്ടെത്തി ചികിത്സിച്ച് ക്യാന്‍സര്‍ തടയാനാകും. കോള്‍ഡോസ്കോപി പോലുള്ള ലഘുപരിശോധനകളും ലഭ്യമാണ്. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര് തീര്‍ച്ചയായും പ്രോസ്റ്റീവ് ക്യാന്‍സറില്ലെന്ന് ഉറപ്പുവരുത്താന്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണം. വര്‍ഷത്തിലൊരിക്കല്‍ പിഎഫ്എ പരിശോധനയും വിദഗ്ധ ഡോക്ടറെക്കൊണ്ടുള്ള പരിശോധനയും കൊണ്ട് ഇതറിയാം.
വന്‍കുടലിലെ ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാം. സീക്വല്‍ ഒകല്‍ ബ്ലഡ് ടെസ്റ്റ് അഥവാ മലത്തിലൂടെ രക്തം പോകുന്നതു കണ്ടത്തിയാല്‍ ഈ രോഗം പ്രാരംഭദശയില്‍ ചികിത്സിച്ച് ഭേദമാക്കാം. കോള്‍ഡോസ്കോപി പോലുള്ള പരിശോധനയും ലഭ്യമാണ്. വായ്ക്കകത്തെ ക്യാന്‍സറും പ്രാരംഭദശയില്‍ കണ്ടുപിടിക്കാം. വെള്ളപ്പാണ്ട്, വേദനയില്ലാത്ത വ്രണം എന്നിവ ക്യാന്‍സറിന്റെ ലക്ഷണമാവാം. ഉടനെ വിദഗ്ധ ഡോക്ടറെ സമീപിക്കണം.
സമൂഹം ഇപ്പോഴും ക്യാന്‍സര്‍ ഒരു ശാപമോ പാപമോ ഒക്കെയായി കാണുന്നു. ഇനി ഇതില്‍നിന്നു മോചനമില്ലെന്നും രോഗി ശ്രദ്ധിക്കാത്തതുകൊണ്ടുവന്ന രോഗമാണെന്നും ഇനി വരുംതലമുറയ്ക്കും വരാന്‍ സാധ്യതയുണ്ടെന്നുംവരെ ധരിക്കുന്നവരുണ്ട്. നല്ല വിദ്യാഭ്യാസമുള്ളവര്‍പോലും ക്യാന്‍സര്‍ ഒരു പാരമ്പര്യ രോഗമായി കാണുന്നവരാണ്. പാരമ്പര്യഘടകം അഞ്ചുമുതല്‍ പത്തുശതമാനംവരെ മാത്രമാണ്. ക്യാന്‍സര്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്ന അസുഖമല്ല. ഇതിന്റെ കാരണങ്ങള്‍ സമഗ്രമായി തെളിയിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ പരിസ്ഥിതിമലിനീകരണം, രാസവസ്തുക്കള്‍, വൈറസ്, ജീവിതശൈലി, പാരമ്പര്യം എന്നിവ കാരണങ്ങളാണ്.
ക്യാന്‍സര്‍ വന്നാല്‍ പിന്നെ മരണം എന്ന പഴയധാരണയും ഏകദേശം മാറിയെങ്കിലും ഇന്നും അങ്ങനെ കരുതുന്നവരുണ്ട്. രോഗിയും കുടുംബവും സമൂഹവുംരോഗം വന്നാല്‍ രോഗിയോട് മറച്ചുവെയ്ക്കേണ്ട കാര്യമില്ല. അവരെ സാവധാനം പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.രോഗത്തെ നേരിടാന്‍ പ്രാപ്തരാക്കുകയാണു വേണ്ടത്. അവരെ ഒറ്റപ്പെടുത്തരുത്. ഒറ്റയ്ക്കല്ല; കൂടെയുണ്ട് എന്ന ബോധമാണ് കുടുംബാംഗങ്ങളും സമൂഹവും അവര്‍ക്കു നല്‍കേണ്ടത്.
രോഗം വന്ന വിദ്യാര്ഥിക്കാണെങ്കില് ചികിത്സാസമയത്തും രോഗംമാറിയശേഷവും സ്കൂളില്‍ പഠനത്തിലും കായികപ്രവര്ത്തനത്തിലും പഴയതുപോലെ ഏര്‍പ്പെടാനാകുമോ? ജോലി ചെയ്യുന്നവര്‍ക്കാണെങ്കില്‍ പഴയതുപോലെ ഓഫീസില്‍ ഏതു ജോലിയും ചെയ്യാനാകുമോ? ഇങ്ങനെ പോകുന്നു രോഗിയുടെ സംശയങ്ങള്‍. ഇവര്‍ക്ക് ശരിയായ തിരിച്ചറിവു നല്കി അവരെ ശുഭപ്രതീക്ഷയുള്ളവരാക്കുകയും കൂടെയുണ്ടെന്ന് ഉറപ്പാക്കുകയുമാണ് കുടുംബത്തിന്റെ കടമ. രോഗിക്ക് സഹതാപം ആവശ്യമില്ല. മറിച്ച് അവരുടെ വിഷമത്തില്‍ കൂടെ നില്‍ക്കുകയും സഹായിക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തില്‍ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കാണു വഹിക്കാനുള്ളത്.
ആദ്യം ആശയും ആശങ്കവും ഇടകലര്‍ന്ന്: പരിശോധന റിപ്പോര്‍ട്ട് ശരിയായിരിക്കില്ല എന്ന ആശ്വാസവും ശരിയാണെങ്കിലോ എന്ന ആശങ്കയുമാണ് ആദ്യം രോഗിക്കും കുടുംബത്തിനും.
മരവിപ്പ് : രോഗം സ്ഥിരീകരിച്ചാല്പിന്നെ മനസ്സ് മരവിപ്പായിരിക്കും കുറച്ചു സമയത്തേക്ക്.
ഉല്‍ക്കണ്ഠ: രോഗം സ്ഥിരീകരിച്ചാല്‍ പിന്നെ അതു മാറുമോ, ചികിത്സാ ചെലവ് താങ്ങാനാകുമോ, കുടുംബത്തിന്റെ കാര്യം എന്താകും എന്ന ഉല്‍ക്കണ്ഠ അലട്ടും.
ദേഷ്യം: രോഗിക്ക് സ്വാഭാവികമായിതന്നെ വിഷമവും ദേഷ്യവും വരാം. സന്ദര്‍ശകരുടെ അനാവശ്യ ചോദ്യങ്ങളും സഹതാപ പ്രകടനങ്ങളുമൊക്കെ കൂടി ഇത് ഇരട്ടിയാക്കാറുണ്ട്. രോഗമാണെന്നു കേട്ടാലുടന്‍ അവരുടെ ബാധ്യതകളെക്കുറിച്ചും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുമാണ് ചിലരുടെ ചോദ്യം. അത് സഹതാപത്തേക്കാള്‍ ഉപദ്രവമായി മാറും.
യാഥാര്‍ഥ്യം: പിന്നീടാണ് രോഗി യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നത്. ചികിത്സയും മറ്റും ഈ സന്ദര്‍ഭത്തിലാണ്. രോഗി കടന്നുപോകുന്ന സങ്കീര്‍ണമായ ഈ നാലു ഘട്ടങ്ങളെക്കുറിച്ചും കുടുംബവും കൂടെനിന്ന് പരിചരിക്കുന്നവരും സമൂഹവും മനസ്സിലാക്കണം. ഭയപ്പെടുത്തലും മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയുകയുമല്ല; മറിച്ച് സന്ദര്‍ഭമറിഞ്ഞ് കൂടെനില്‍ക്കലാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കടമ.
ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍: ചില സന്ദര്‍ശകര്‍ രോഗവിവരങ്ങള്‍ രോഗിയോടു തന്നെയോ രോഗിയുടെ മുന്നില്‍വച്ച് പരിചാരകരോടൊ ചോദിക്കുന്നതുകേള്ക്കാം. ഉദാ: രോഗി ഏതു സ്റ്റേജിലാണ് രോഗമെന്നു ചോദിക്കുന്ന സന്ദര്‍ശകരും ബന്ധുക്കളുമുണ്ട്. അതൊഴിവാക്കണം.അസുഖം സ്ഥിരീകരിക്കുമ്പോള്‍ തന്നെ മക്കളുടെ ഭാവി, കുടുംബത്തിന്റെ ഭാവി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പലരുംരോഗിയോടൊ രോഗിയുടെ ബന്ധുക്കളോടൊ സംസാരിക്കുന്നത്. നല്ല ചികിത്സയും മാനസിക പിന്തുണയും നല്കി രോഗം മാറ്റിയെടുക്കുന്നതിനു ആദ്യ പരിഗണന നല്‍കണം. ഭയപ്പെടുത്തല്‍ ആവശ്യമില്ലാത്തതാണെന്നു തിരിച്ചറിഞ്ഞ് ഭാവി ജീവിതത്തെക്കുറിച്ച് പ്രായോഗികമായി ചിന്തിച്ച് നല്ല നിര്‍ദേശങ്ങളും പ്രതീക്ഷയുംരോഗിയ്ക്ക് നല്കി ആത്മവിശ്വാസം കൂട്ടാന്‍ കുടുംബം ശ്രദ്ധിക്കണം.
രോഗം വന്നതിനുശേഷം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംപോലും രോഗിയെ കൈവിടുന്ന അവസ്ഥ പല സന്ദര്‍ഭങ്ങളിലും കാണാം. കഴിയുന്നത്ര കൂടെനിന്ന് സഹായിക്കണം; എന്നാല്‍, സഹതപിക്കരുത്. സഹതപിച്ചും അനാവശ്യ സംസാരവും കൊണ്ട് രോഗിയെ വിഷമിപ്പിക്കുന്നതിലും നല്ലത് അകന്നു നില്‍ക്കുന്നതാണ്. ചികിത്സക്കുശേഷമാണ് മറ്റൊരു പ്രതിസന്ധി ഘട്ടം. വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എന്നാണ് ചില രോഗികള്‍ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
രോഗംമാറി ജോലിസ്ഥലത്തുംസ്കൂളുകളിലും എത്തുന്നവരുടെ പ്രശ്നങ്ങളും നിസാരമല്ല. ചികിത്സാ സമയത്തു കൂടെനിന്നവര്‍പോലും പലതിരക്കിനിടയിലും രോഗിയെ മറക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. രോഗംമാറി ക്ലാസിലെത്തുന്ന കുട്ടിയെ ഒന്നുകില്‍ രോഗി എന്നു കരുതി പല പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍നിന്നും കളികളില്ിന്നും മാറ്റിനിര്‍ത്തും. കുട്ടിയെ ഇതു വിഷമിപ്പിക്കും. എന്നാല്‍ അവനു ശാരീരികമായി കഴിയുന്ന എല്ലാ കളികളിലും പങ്കെടുപ്പിക്കാം. കുറച്ചുനാളത്തേക്ക് പരീക്ഷകള്‍ക്കും മറ്റും കൂടുതല്‍ സമയം ആവശ്യമെങ്കില്‍ കൊടുക്കാം; ഒന്നില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട കാര്യമില്ല.
തൊഴിലിടങ്ങളിലും പലപ്പോഴും ഇത്തരം വിവേചനം കാണിക്കാറുണ്ട്. അവരെ മാറ്റിനിര്‍ത്തി ഉദ്യോഗക്കയറ്റംവരെ തടയാറുണ്ട്. അതിന്റെ ആവശ്യമില്ല. ഇതു മാറാരോഗമല്ല. പകരുന്നതുമല്ല. സാവധാനം അവര്‍ എല്ലാ ജോലികളിലേക്കും തിരിച്ചെത്തുകയാണെന്നു മനസ്സിലാക്കി അവര്‍ക്ക് തുല്യ പരിഗണന നല്കുകയാണു വേണ്ടത്.
ക്യാന്‍സര്‍ ചികിത്സയില്‍ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കും പ്രധാന പങ്കുണ്ടെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അറിയാത്തതോ അറിഞ്ഞിട്ടും സൗകര്യപൂര്‍വം മറക്കുന്നതോ ആയ ഒന്നാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക്. ഈ പങ്ക് കാര്യക്ഷമമായി നിര്‍വഹിക്കപ്പെടുകയാണെങ്കില്‍ മറ്റേതു രോഗചികിത്സയും പോലെ ക്യാന്‍സര്‍ ചികിത്സാകാലവും വലിയ ബുദ്ധിമുട്ടില്ലാതെ തരണംചെയ്യാം.
കടപ്പാട്: ഡോ. വി പി ഗംഗാധരന്
ആദ്യഘട്ടത്തിൽത്തന്നെ ചികിത്സ തേടുന്ന 80 ശതമാനം പേർക്കും രോഗം മാറാറുണ്ട്. സംസ്ഥാനത്ത് വർഷം പുതുതായി 50,000 അർബുദ രോഗികളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്.
കോഴിക്കോട്: അർബുദം പിടിപെട്ടാൽ ജീവിതം തീർന്നെന്ന ആശങ്കകൾ ഇനി ധൈര്യമായി മാറ്റിവെക്കാം. കേരളത്തിൽ അർബുദം പിടിപെട്ട 50 ശതമാനത്തോളം പേരും ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന്റെ (ആർ.സി.സി.) കണക്ക്.
ആദ്യഘട്ടത്തിൽത്തന്നെ ചികിത്സ തേടുന്ന 80 ശതമാനം പേർക്കും രോഗം മാറാറുണ്ട്. സംസ്ഥാനത്ത് വർഷം പുതുതായി 50,000 അർബുദ രോഗികളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിൽ 16,000 ത്തോളം പേരും ചികിത്സതേടിയെത്തുന്നത് ആർ.സി.സി.യിൽ. ഇനി പ്രതീക്ഷാനിർഭരമായ ചില കാര്യങ്ങൾ:
● ബ്രിട്ടനിൽ അർബുദം വന്നശേഷം അതിജീവിക്കുന്നവർ 60 ശതമാനം. മുന്നിൽ സ്ത്രീകൾ
● 2015-ൽ അമേരിക്കയിൽ അർബുദം ഭേദമായവർ 1.55 കോടി.
● അർബുദചികിത്സയിൽ വൻമുന്നേറ്റം. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവയിൽ വലിയ മാറ്റങ്ങൾ. ഇതോടെ, പാർശ്വഫലങ്ങൾ കുറഞ്ഞു
● അർബുദകോശങ്ങളെ മാത്രം കണ്ടെത്തി നശിപ്പിക്കുന്ന ടാർഗറ്റഡ് തെറാപ്പി പോലുള്ള ചികിത്സാരീതികൾ വന്നു
● ജീൻ തെറാപ്പി, ട്യൂമർ വാക്സിൻസ്, ലേസർ തെറാപ്പി, വിത്തുകോശ ചികിത്സ എന്നിവ ഭാവിയിൽ വഴിത്തിരിവാകും
എണ്ണം കണ്ട് ഞെട്ടേണ്ട
2015-ൽ ഇന്ത്യയിൽ അർബുദം ബാധിച്ച് മരിച്ചത് ഏഴുലക്ഷത്തോളം പേർ. മുന്‍പും ഏതാണ്ട് ഇതേതോതിൽ അർബുദം ഉണ്ടായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തിരിച്ചറിയാൻ മാർഗങ്ങൾ കുറവായിരുന്നു. ഇപ്പോൾ അർബുദം കൃത്യമായി തിരിച്ചറിഞ്ഞ് രജിസ്റ്റർ ചെയ്യപ്പെടുന്നു. അതിനാൽ എണ്ണത്തിൽ വർധന പെട്ടെന്ന് അനുഭവപ്പെടും. ജനസംഖ്യ കൂടുന്നതിനനുസരിച്ച് അർബുദബാധിതരുടെ എണ്ണം കൂടുന്നതും സ്വാഭാവികം.
നേരത്തേ അറിയാം, ചികിത്സിക്കാം
അർബുദം തിരിച്ചറിയാൻ വൈകുന്നതാണ് രോഗത്തെ മാരകമാക്കുന്നത്. അർബുദം തിരിച്ചറിയാൻ ഒട്ടേറെ അവസരങ്ങൾതൊട്ടടുത്തുതന്നെയുണ്ട്
● തിരുവനന്തപുരം ആർ.സി.സി.: ഡിറ്റക്ഷൻ സെന്ററിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നിർണയക്യാമ്പ്.
ഫോൺ: 0471-2442541
● തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ക്യാന്പുകൾ നടത്താറുണ്ട്. ഫോൺ: 0490 2355881, 2357881
● മലബാർ കാൻസർകെയർ സൊസൈറ്റിയുടെ കണ്ണൂർ തെക്കി ബസാറിലെ രോഗനിർണയകേന്ദ്രം. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സഞ്ചരിക്കുന്ന ടെലിമെഡിസിൻ യൂണിറ്റ് സഞ്ജീവനിയും ഉണ്ട്. ഫോൺ: 9447035309
● ആർ.സി.സി.യുടെ കീഴിലുള്ള ഏർളി കാൻസർ ഡിറ്റക്ഷൻ സെന്ററുകൾ: എറണാകുളം കലൂർ. ഫോൺ-0484-2347531
● പാലക്കാട്, കഞ്ചിക്കോട്. ഫോൺ: 0491-2566124
● കൊല്ലം, ചവറ. ഫോൺ: 9747110149
മാറാരോഗികൾക്ക് മാത്രമല്ല പരിചരണം
അർബുദബാധിതർക്ക് പരിചരണവുമായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററുകൾ എല്ലാ പഞ്ചായത്തുകളിലുമുണ്ട്. അതതിടത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാൽ മാത്രം മതി.
കൂടാതെ 200 സർക്കാറിതര സന്നദ്ധസംഘടനകളും പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നു. ചികിത്സകൊണ്ടു കാര്യമില്ലാത്തവർക്ക് മാത്രമേ പരിചരണം ലഭിക്കുള്ളൂവെന്ന ധാരണ തെറ്റാണെന്ന് കോഴിക്കോട് മെഡിക്കൽകോളേജിലെ പാലിയേറ്റീവ് വിഭാഗം ഡയറക്ടർ ഡോ. സുരേഷ് പറയുന്നു. രോഗത്തിന്റെ ആദ്യഘട്ടത്തിൽ ഉള്ളവർക്കും പാലിയേറ്റീവ് പരിചരണം ലഭ്യം.
ഭാരമാകില്ല, ചികിത്സ
അർബുദബാധിതർക്ക് കൈത്താങ്ങായി ഒട്ടേറെ സർക്കാർ പദ്ധതികളുണ്ട്.
● കാൻസർ സുരക്ഷാ പദ്ധതി: 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആർ.സി.സി.യിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആസ്പത്രികളിലും സൗജന്യ ചികിത്സ.
● സുകൃതം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ.
● കാരുണ്യ ബെനവലന്റ് ഫണ്ട്: മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് രണ്ടുലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം
● പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് പൂർണമായും സൗജന്യ ചികിത്സ
● ചിസ് പ്ലസ്: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ് പ്ലസ് കാർഡുള്ളവർക്ക് 70,000 രൂപവരെ സൗജന്യ ചികിത്സ
● രാഷ്ട്രീയ ആരോഗ്യനിധി: കേന്ദ്രസർക്കാർ പദ്ധതി: നഗര-ഗ്രാമ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടുലക്ഷം രൂപ വരെ
നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്‍സര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന അസുഖങ്ങള്‍ പലതും ഹാര്‍ട്ട് അറ്റാക്കിനെക്കാള്‍ ലളിതവും, ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്.
മനുഷ്യശരീരത്തിലെ ഓരോ അവയവും അനേകം കോശങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കോശങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം ഇവയുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. കൂടാതെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നതിനും ഇത് കാരണമാകുന്നു. ഫലമോ, അവയവങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. കോശങ്ങളിലെ ഡി.എന്‍.എ. എന്ന പ്രധാന വസ്തുവിലുണ്ടാകുന്ന കേടുമൂലമാണ് ഇത് സംഭവിക്കുന്നത്. ഇങ്ങിനെ കേടു വന്ന ഡി.എന്‍.എ. ഉള്ള കോശം കാന്‍സര്‍ കോശങ്ങളായി മാറുന്നു. കാന്‍സര്‍ കോശങ്ങള്‍ പെറ്റുപെരുകി നിശ്ചിത സമയം കഴിഞ്ഞാല്‍ അവ രക്തത്തില്‍ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ രക്തത്തിലൂടെ എത്തിചേരുകയും രോഗം മറ്റു ഭാഗങ്ങളില്‍ വരുന്നതിനിടയാകുകയും ചെയ്യുന്നു.
കാരണങ്ങള്‍
പുകയില, മദ്യം, ചില രാസപദാര്‍ത്ഥങ്ങള്‍, അന്തരീക്ഷ മലിനീകരണം, റേഡിയേഷന്, അണുപ്രസരണം എന്നിവയാണ്. കാന്‍സറിന് കാരണങ്ങളാകുന്നത്. ഇവ ശരീരത്തിലെ കോശങ്ങളിലെ ഡി.എന്‍.എ.യെ ബാധിക്കുന്നു.
പ്രായം
പ്രായം കൂടുംതോറും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് കാരണം ശരീരത്തിലേ കോശങ്ങള്‍ക്ക് കേടുപറ്റുന്നത് വര്‍ദ്ധിക്കാന്‍ പ്രായം ഇടയാക്കുന്നതുക്കൊണ്ടാണ്.
ജീവിത രീതി-ഭക്ഷണം
കൊഴുപ്പുകൂടിയ ഭക്ഷണ രീതി പ്രധാനമായും മാംസ ഭക്ഷണം കൂടുതലായുള്ള ഭക്ഷണ രീതി, വ്യായാമം കുറവുള്ള ജീവിത രീതി തുടങ്ങിയവ പ്രധാനമായും പൊണ്ണത്തടിയുണ്ടാകുന്നതിനും കാന്‍സറുണ്ടാകുന്നതിനും സാധ്യത വര്‍ധിപ്പിക്കുന്നു.
അണുപ്രസരണം അഥവാ റേഡിയേഷന്
അന്തരീക്ഷത്തിലെ റേഡിയേഷന് - വെയിലധികം കൊള്ളുന്നത്.
അന്തരീക്ഷ മലിനീകരണം
രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായവ.
അണുബാധ
ചിലയിനം വൈറല്‍ രോഗം - പ്രധാനമായും മഞ്ഞപ്പിത്തം ഉണ്ടാകുന്ന ഹൈപ്പറൈറ്റിസ് - ബി, ഹൈപ്പറൈറ്റിസ്-സി-വൈറസ് എന്നിവ.
പ്രതിരോധ ശക്തിയിലുള്ള കുറവ്
എയ്ഡ്സ്, അവയവവം മാറ്റിവെച്ചവര്‍ (ഉദാ: വൃക്ക മാറ്റിവെച്ചവര്‍)
ശരീരത്തിന്റെ ജനിതക സ്വഭാവം - ചിലയാളുകളിലെ ശരീരത്തിലെ കോശങ്ങള്‍ വളരെ പെട്ടെന്നു കേടുവരാന്‍ സാധ്യതയുള്ളതാണ്. ഇത് അയാളുടെ കോശങ്ങളിലെ ജനതിക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ചെറുപ്പത്തിലേ കാന്‍സര്‍ ഉണ്ടാകാം.
ഒന്നിലധികം ഇത്തരം ഘടകങ്ങള്‍ ഒരു വ്യക്തിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് പലപ്പോഴാണ് കാന്‍സര്‍ രൂപാന്തരപ്പെട്ട് വരുന്നത്.
നേരത്തെ കണ്ടുപിടിക്കാമോ?
കാന്‍സര്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പായിതന്നെ ചിലതരം കാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ഇതിന് സ്ക്രീനിംഗ് എന്നാണ് പറയുന്നത്. ഇതിനുള്ള സൗകര്യം എല്ലാ പ്രധാന ആസ്പത്രികളിലും ലഭ്യമാണ്.
കാന്‍സര്‍ വരുന്നത് തടയാന്‍ കഴിയുമോ?
ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുകയാണെങ്കില്‍ കാന്‍സര്‍ വരാതെ നോക്കാന്‍ സാധിക്കും.
* പുകയില തീര്‍ത്തും വര്‍ജ്ജിക്കുക. പുകയിലയുടെ പുക ശ്വസിക്കാതിരിക്കുക.
* മദ്യം ഉപയോഗിക്കാതിരിക്കുക.
* പച്ചക്കറികള്‍ ധാരാളം അടങ്ങിയ ഭക്ഷണ രീതി ശീലിക്കുക, മാംസം, കൊഴുപ്പുകൂടിയവ ഒഴിവാക്കുക.
* പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* ചിട്ടയായി വ്യായാമം ശീലിക്കുക.
* മാനസിക പിരിമുറുക്കം കുറയ്ക്കുക.
* അന്തരീക്ഷ മലിനീകരണം കുറഞ്ഞ ചുറ്റപാടില്‍ ജീവിക്കുക.
* പ്രതിരോധ കുത്തിവെപ്പ് എടുക്കുക, ഹൈപ്പറ്ററ്റിസ് ബി, ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് ബാധ എന്നിവക്കെതിരെയുള്ള കുത്തിവെപ്പ് ചെറുപ്പത്തില്‍ എടുക്കുക.
ജീവിത രീതിയും കാന്‍സറും
ചില പ്രത്യേക ജീവിത രീതികള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കാന്‍സറുകളില്‍ 50 ശതമാനത്തിലധികം പുകയില കൊണ്ടുണ്ടാകുന്നതാണ്.
* പുകയില ഉപയോഗം - പുകവലി, മുറുക്ക് പുകയില അടങ്ങിയ ചൂയിംഗം, പാന്‍മസാല എന്നിവ പ്രധാനകാരണങ്ങളാണ്.
* മദ്യപാനം
* കൊഴുപ്പുകൂടിയ ഭക്ഷണം
* വ്യായമക്കുറവ്
* മാനസിക പിരിമുറുക്കം
* കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങള്‍
ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?
കാന്‍സറിന് മാത്രമായിട്ടുള്ള രോഗലക്ഷണം ഇല്ല. കാന്‍സര്‍ പിടിപ്പെട്ടിരിക്കുന്ന അവയവങ്ങളുടെ പ്രവൃത്തിയില്‍ ഉണ്ടാകുന്ന മാറ്റം രോഗലക്ഷണങ്ങളായി അനുഭവപ്പെടുന്നു. ഇവ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. എന്നിരുന്നാലും താഴെപറയുന്ന രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.
* വിശപ്പില്ലാഴ്മ - ശരീരം മെലിഞ്ഞുവരിക അല്ലെങ്കില്‍ തൂക്കം കുറയുക.
* തുടര്‍ച്ചയായ പനി
* ക്ഷീണം
* വേദന
* വിട്ടുമാറാത്ത ചുമ
* രക്ത സ്രാവം
* ഉണങ്ങാത്ത വ്രണങ്ങള്‍
* ശരീരത്തിലെവിടെയെങ്കിലും ഉള്ള മുഴകള്‍
* മലബന്ധം അല്ലെങ്കില്‍ കൂടുതല്‍ അയഞ്ഞുള്ള ശോധന
* തൊലിയില്‍ മറുകിലുള്ള വ്യത്യാസം
ചികിത്സ എന്തെല്ലാം?
കാന്‍സറിന് ഇന്ന് വളരെ ഫലപ്രദമായ ചികിത്സയുണ്ട്. ഏകദേശം 50 ശതമാനത്തിലധികം കാന്‍സറും ഇന്ന് ചികിത്സിച്ച് പരിപൂര്‍ണ്ണമായി സുഖപ്പെടുത്താം. കാന്‍സറിന് ഇന്ന് നിലവിലുള്ള ചികിത്സാ രീതികള്‍.
* സര്‍ജറി
* റേഡിയേഷന്
* കീമോതെറാപ്പി
കാന്‍സര്‍ വന്ന ഭാഗം നീക്കം ചെയ്യുന്ന രീതിയാണ് സര്‍ജറി, അസുഖം വന്ന ഭാഗത്തിലെ കോശങ്ങളെ റേഡിയേഷന് രശ്മികള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുന്ന രീതിയാണ് റേഡിയേഷന്. ശരീരത്തിലെവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ ഉണ്ടെങ്കില്‍ അവയെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന ചികിത്സയാണ് കീമോതെറാപ്പി. ഏറ്റവും ആധുനികമായ ചികിത്സാരീതികള്‍ ഈ മൂന്ന് സമ്പ്രദായത്തിലും ലഭ്യമാണ്. ഒരു രോഗിക്ക് മൂന്ന് സമ്പ്രദായങ്ങളും തനിച്ചോ അല്ലെങ്കില്‍ ഒരുമിച്ചോ നല്‍കാവുന്നതാണ്. ഇത് തീരുമാനിക്കുന്നത് ചികിത്സയില്‍ വൈദഗ്ദ്യമുള്ള ഓങ്കോളജിസ്റ്റാണ്.
കണ്ടുപിടിച്ചാല്‍ എന്തുചെയ്യണം?
* ഭയപ്പെടാതിരിക്കുക
* പരിഭ്രമിയ്ക്കാതിരിക്കുക
* ചികിത്സ വളരെ ഫലപ്രദമായ കാലഘട്ടമാണിത്.
* രോഗം കണ്ടുപിടിച്ച ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.
* മറ്റു ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നതിനു മുമ്പ് കാന്‍സര്‍ ചികിത്സിക്കുന്ന ഒരു വിദഗ്ധനുമായി ചികിത്സാ രീതികളെപ്പറ്റി വിശദമായ ചര്‍ച്ച ചെയ്യുക
* ചികിത്സയുടെ ഫല പ്രാപ്തിയില്‍ വിശ്വസിക്കുക
* ചികിത്സയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റി ഭയക്കാതിരിക്കുക
* ചികിത്സ സംബന്ധിച്ച് വിദഗ്ധരുടെ ഉപദേശങ്ങള്‍ മാത്രം സ്വീകരിക്കുക
ഡോ. നാരായണന്‍കുട്ടി വാര്യര്‍, എം.ബി.ബി.എസ്., എം.ഡി (Inter. Med.),
ഡി.എം. (Med. Oncology), മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്
കാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
പുകയില ഉപയോഗം
വര്‍ഷംതോറും പുകയില ഉപയോഗം മൂലം 50 ലക്ഷം ആളുകളാണു മരിക്കുന്നത്. ഇതില്‍ത്തന്നെ മൂന്നിെലാരു ഭാഗം കാന്‍സര്‍ മൂലമാണ്. തടയാവുന്ന കാന്‍സര്‍ മരണങ്ങളില്‍ 60 ശതമാനവും പുകയില കാരണമാണ്. ഇതില്‍ത്തന്നെ പ്രധാനം ശ്വാസകോശ കാന്‍സറാണ്. വായ, സ്വനപേടകം, ആഗേ്നയഗ്രന്ഥി, വൃക്ക, മൂത്രസഞ്ചി എന്നിവയിലുണ്ടാകുന്ന കാന്‍സറുകളും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അകത്തേക്കു വലിക്കുന്ന പുകപോലെത്തന്നെ പുറത്തേക്കു വിടുന്ന പുകയും ദോഷകരമാണ്. അത് ശ്വസിക്കുന്നയാള്ക്ക് കാന്‍സര്‍ സാധ്യതയുണ്ട്. സിഗരറ്റോ ബീഡിയോ കത്തുമ്പോഴുണ്ടാകുന്ന പുകയില്‍ നാല്പതോളം കാന്സര്ജന്യ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.
മദ്യപാനം
പലതരം കാന്‍സറുകളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ മദ്യത്തിന്റെ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏറ്റവും അടുത്ത കാലത്തായി നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ 15 നും 49 നും ഇടയ്ക്കുള്ള പുരുഷന്മാരില് 45 ശതമാനവും മദ്യം ഉപയോഗിക്കുന്നതായാണ് കണ്ടത്. ഇത് ആശങ്കാജനകമാണ്.
അമിതവണ്ണം
ഹൃദ്രോഗം, തളര്‍വാദം, പ്രമേഹം എന്നിവ പോലെ പലതരം കാന്‍സറുകളും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂരിത കൊഴുപ്പുകളും ട്രാന്‍സ്-ഫാറ്റി ആസിഡുകളും പഞ്ചസാരയും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അര മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുക എന്നിവയാണ് ഇതു തടയാനുള്ള വഴി. ലോകജനസംഖ്യയുടെ 60 ശതമാനം ആളുകളും കൃത്യമായി വ്യായാമം ചെയ്യുന്നില്ല.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, തളര്‍വാദം, സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ നിത്യേനയുള്ള വ്യായാമം ഒരു പരിധിവരെ സഹായിക്കും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കുക, ശരീരത്തിലെ കൊഴുപ്പിന്റെയും രക്തസമ്മര്ദത്തിന്റെയും അളവ് കുറയ്ക്കുക, ശരീരത്തിലെ നിരോക്സീകാരികളുടെ അളവ് വര്‍ധിപ്പിക്കുക തുടങ്ങിയവയിലൂടെയാണ് ഇത് സാധിക്കുന്നത്.
കാന്‍സര്‍ ഉണ്ടാക്കുന്ന അണുബാധകള്‍
ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകള്‍ ലിവര്‍ കാന്‍സറിന് കാരണമാവുന്നു. അതുപോലെ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയഗള കാന്‍സറിനും മറ്റ് മാരക രോഗങ്ങള്‍ക്കും കാരണമാവുന്നു. പല തരത്തിലുള്ള ലിംഫോമകള് എപ്സ്റ്റീന് ബാര്‍ എന്ന വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്താര്‍ബുദം ഹ്യൂമന്‍ റ്റി സെല്‍ വൈറസുമായും കാപോസി സാര്‍ക്കോമ ഹ്യൂമന്‍ ഹെര്‍പ്സ് വൈറസ് എട്ടുമായും ബന്ധപ്പെട്ടിരിക്കുന്നു.
ആമാശയ കാന്‍സറിന് ഹെലിക്കോബാക്ടര് പൈലോറി എന്ന ബാക്ടീരിയയുമായി ബന്ധമുള്ളതു പോലെ മൂത്രാശയ സംബന്ധമായ കാന്‍സറുകള്‍ ഷിസ്റ്റോസോമ ഹെമറ്റോബിയം എന്ന പരാദവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഹെപ്പറ്റൈറ്റിസ്
രോഗബാധിതനായ ആളുമായുള്ള സമ്പര്‍ക്കം മൂലം രക്തത്തിലൂടെയും മറ്റ് ശരീര സ്രവങ്ങളിലൂടെയുമാണ് ഇതു പകരുന്നത്. ഇന്ത്യയില്‍ 40 ദശലക്ഷം ഹെപ്പറ്റൈറ്റിസ് ബി വാഹകരുണ്ട്. ഇവരില്‍ 25 ശതമാനം പേര്‍ക്ക് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞവയെല്ലാം തന്നെ ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് നല്കുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെ തടയാന്‍ സാധിക്കുന്നതാണ്.
ഹെപ്പറ്റൈറ്റിസ് സി വൈറസും ക്രോണിക് ഹെപ്പറ്റൈറ്റിസിനും കരള്‍ കാന്‍സറിനും കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് സി ക്ക് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ചിട്ടില്ല.
ഹ്യൂമണ്‍ പാപ്പിലോമ വൈറസ്
ഹ്യൂമണ്‍ പാപ്പിലോമ വൈറസ് സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണു പകരുന്നത്. എച്ച്.പി.വി. ബാധിച്ച മിക്ക ആളുകളിലും(70 മുതല്‍ 80 ശതമാനം വരെ) ഒന്നു മുതല്‍ രണ്ടുവരെ വര്‍ഷം കൊണ്ട് അത് നശിച്ചുപോകാറുണ്ട്. ഒരു ശതമാനത്തില്‍ താഴെ സ്ത്രീകളില്‍ മാത്രമേ ഈ വൈറസ് ബാധ ഗര്‍ഭാശയഗള കാന്‍സറായി മാറുന്നുള്ളൂ.
വര്‍ഷംതോറും 5.2 ലക്ഷത്തിലധികം സ്ത്രീകള്‍ ഗര്‍ഭാശയഗള കാന്‍സര്‍(സെര്‍വിക്കല്‍ കാന്‍സര്‍) മൂലം മരിക്കാനിട വരുന്നു. ഇത് 2030 ആകുേമ്പാഴേക്ക് ഇരട്ടിയാവാനാണ് സാധ്യത. നൂറിലധികം തരം ഹ്യൂമണ്‍ പാപ്പിലോമ വൈറസുകളുണ്ട്. ഇതില്‍ പ്രധാനം എച്ച്.പി.വി. 16, എച്ച്.പി.വി.-18 എന്ന രണ്ടുതരം വൈറസുകളാണ്. ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധ കുത്തിവെപ്പിലൂടെ വളരെ ഫലപ്രദമായി തടയാം. ഇതിനായി രണ്ടുതരം വാക്സിനുകള്‍ ഇന്ന് ലഭ്യമാണ്. ഈ കുത്തിവെപ്പ് എടുക്കേണ്ടത് 9നും 13നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ്. നിര്‍ദേശാനുസരണം പരിശോധനകള്‍ തുടരേണ്ടതുമാണ്.
കുത്തിവെപ്പ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍
1. വാക്സിന് വില കൂടുതലാണ്
2. ഇന്ത്യയിലെ കൗമാരക്കാരില്‍ ഇത്തരം പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നത് പലതരത്തിലുള്ള സദാചാരപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
9നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷകര്ത്താക്കള്ക്കിടയില് നടത്തിയ പ്രാഥമിക പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് എച്ച്.പി.വി. വൈറസിനെക്കുറിച്ച് അവരില്‍ ഏറിയ പങ്കും അജ്ഞരാണെന്നാണ്. എന്നാല്‍, ഈ വാക്സിന് കൗമാരക്കാര്‍ക്ക് സുരക്ഷിതമായ ലൈംഗിക സ്വാതന്ത്ര്യം നല്കാനാവുമെന്ന തെറ്റായ ധാരണയുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വാക്സിനേഷന് വ്യാപകമാക്കുന്നതിനു മുമ്പ് എച്ച്.പി.വി.യെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.
ഡോക്ടറേ... എനിക്ക് ജീവനുണ്ടല്ലോ അല്ലേ... കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഫോണില്‍ വിളിച്ച് സംസാരം തുടങ്ങിയത് ഈ ചോദ്യത്തോടെ ആയിരുന്നു.
എന്താ മോളേ ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം...
ഡോക്ടര്‍ അപ്പോള്‍ പത്രമൊന്നും വായിക്കാറില്ലേ... കാന്‍സര്‍ വന്നാല്‍ ആരും അഞ്ചു വര്‍ഷത്തിലധികം ജീവിച്ചിരിക്കില്ലെന്നല്ലേ ഇപ്പോള്‍ പത്രത്തിലൊക്കെയുള്ളത്. എനിക്കാണെങ്കില്‍ ചികില്‍സ കഴിഞ്ഞിട്ട് ഇപ്പോള്‍ എട്ടു വര്‍ഷമാകുന്നു...
കാന്‍സര്‍ സെന്റര്‍ തുടങ്ങരുത്, കാന്‍സറിന് ചികില്‍സയില്ല, അഥവാ ചികില്‍സിച്ചാലും ആരും അഞ്ചു വര്‍ഷത്തിനപ്പുറം ജീവിക്കില്ല... എന്നു തുടങ്ങി, കാന്‍സര്‍ ഭീതി പെരുപ്പിക്കുന്നതും കാന്‍സര്‍ ചികിത്സ മണ്ടത്തരമാണ് എന്നു സ്ഥാപിച്ചെടുക്കാനുമൊക്കെയുള്ള ചില ശ്രമങ്ങള്‍ പത്രവാര്‍ത്തകളായി വരുന്നതിനെക്കുറിച്ച് പലരും പറയുന്നുണ്ടായിരുന്നു.
കാന്‍സര്‍ എന്നല്ല, ഏതു രോഗത്തിന്റെ കാര്യത്തിലും മനുഷ്യര്‍ക്ക് ഒരു നിസ്സഹായതയുണ്ടല്ലോ. രോഗം ബാധിക്കുന്ന മുഴുവന്‍ പേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ ആര്‍ക്കും കഴിയാറില്ല. കാന്‍സര്‍ എന്നല്ല, ഏതു രോഗത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ. പനി വന്ന് മരിക്കുന്നവര്‍ എത്ര പേരാണ്. ഒരസുഖവും വന്നില്ലെന്നു കരുതി ആരും മരിക്കാതിരിക്കില്ലല്ലോ. അപ്പോള്‍ പിന്നെ, എന്തായാലും മരിക്കും പിന്നെ ജീവിക്കുന്നതെന്തിന് എന്ന് ചോദിക്കുന്നതു പോലെയേ ഉള്ളൂ കാന്‍സറിന് ചികിത്സിക്കുന്നതെന്തിന് എന്ന് ചോദിക്കുന്നത്.
കാന്‍സര്‍ എന്നല്ല, ഏത് രോഗത്തിന്റെ കാര്യത്തിലായാലും, ശാസ്ത്രീയമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമാനുഗതമായി ചെയ്യുന്ന ഒരു കാര്യമാണ് ചികിത്സ. ഏതു രോഗത്തിനു ചികത്സിക്കുന്നതിന്റെയും ലക്ഷ്യം രോഗം ഭേദമാക്കുക എന്നതു തന്നെ. കാന്‍സറുകള്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.
കാന്‍സര്‍ ആശുപത്രികള്‍ തുടങ്ങരുത്, കാന്‍സര്‍ വന്നാല്‍ ചികില്സിക്കരുത്, എന്നൊക്കെ പൊതുവേദികളില്‍ പറയുകയും കാന്‍സര്‍ വന്നാല്‍ പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ എത്ര വലിയ മനുഷ്യദ്രോഹമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുകയേയില്ല.
അന്‍പതോ എഴുപത്തഞ്ചോ കൊല്ലം മുമ്പ് മനുഷ്യവംശത്തിനാകെ മഹാഭീതിയായിരുന്ന പല രോഗങ്ങളെയും പൂര്‍ണമായി ഇല്ലാതാക്കാന്‍ തന്നെ കഴിഞ്ഞിട്ടുണ്ട് ആധുനിക വൈദ്യശാസ്ത്രത്തിന്.
10 വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ വളരെ മികച്ച ചികില്‍സകളാണ് കാന്‍സറുകളും ഹൃദ്രോഗവും ബി.പി.യും പ്രമേഹവും ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഇന്നുള്ളത്. അപസ്മാരം പോലുള്ള രോഗങ്ങള്‍ സര്‍ജറിയിലൂടെ പൂര്‍ണമായി ഭേദമാക്കാന്‍ കേരളത്തില്‍ തന്നെ കഴിയുന്നു. കൈ പോയവരുടെ കൈ മാറ്റി വെയ്ക്കുന്നു, ഹൃദയമോ കരളോ വൃക്കകളോ ഒക്കെ പ്രവര്‍ത്തന ശേഷിയില്ലാതായാല്‍ മാറ്റിവെച്ച് ആളുകള്‍ ജീവിക്കുന്നു. എന്തിനാണ് അതൊക്കെ ചെയ്യുന്നത്, കുറേ വര്‍ഷം കഴിഞ്ഞാല്‍ മരിച്ചു പോകില്ലേ എന്നു ചോദിച്ചാല്‍ അതിന് മറുപടിയില്ല.
മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാരുടെ അടുത്തേക്കും ആശുപത്രികളിലേക്കും പോകരുത്, ചില ഒറ്റമൂലികളും സൂത്രചികിത്സകളുമുണ്ട്, അവയാണ് നല്ലത് എന്നാണ് വേറൊരു വാദം.
മോഡേണ്‍ മെഡിസിന് പോലെ തന്നെ ആളുകള്‍ ആശ്രയിക്കുന്ന വിവിധ ചികിത്സാരീതികളുണ്ട്. ഓരോ ചികിത്സാരീതിക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ടാകും. മോഡേണ്‍ മെഡിസിനില്‍ ഇപ്പോള്‍ ഇല്ലാത്ത ചില സമ്പ്രദായങ്ങള്‍ മറ്റ് വൈദ്യസമ്പ്രദായങ്ങളില്‍ കണ്ടെന്നും വരാം. ഏതു സമ്പ്രദായമാണ് നല്ലത്, ഏതാണ് ചീത്ത എന്ന് ചോദിക്കുന്നത് ചേട്ടനാണോ നല്ലത് ചേച്ചിയാണോ നല്ലത് എന്ന് ചോദിക്കുന്നതു പോലെ ഒരു തമാശ മാത്രമായിരിക്കും.
സമ്പ്രദായം ഏതായാലും അസുഖം ഭേദമാവുക എന്നതാണ് പ്രധാനം. മോഡേണ്‍ മെഡിസിന്റെ കാര്യത്തില്‍ പരീക്ഷണനിരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൃത്യമായ ചില പ്രോട്ടോകോളുകളും രീതിശാസ്ത്രങ്ങളും ഉണ്ടായിരിക്കും.
ഓരോ ദിവസവുമെന്ന പോലെ ചികിത്സയുടെ കാര്യത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്.
ഒരു ശാസ്ത്രീയ പിന്‍ബലവുമില്ലാത്ത അവകാശ വാദങ്ങള്‍ ഉന്നയിച്ച് പാവം രോഗികളെ ചികിത്സയില്‍ നിന്ന് മാറ്റിക്കൊണ്ടു പോകുന്നത് ക്രൂരത നിറഞ്ഞ ഒരു കാര്യമാണെന്നു മാത്രമേ പറയാനുള്ളൂ. എന്നാല്‍, ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ അവകാശവാദങ്ങള്‍ മുഴക്കി ആളുകളെ വഴി തെറ്റിക്കുന്നവരോട് ക്ഷമിക്കാനാവില്ല.
രോഗദുരിതങ്ങള്‍ കൊണ്ടു കഷ്ടപ്പെടുന്ന ആളുകളെ ചെറിയ പ്രലോഭനങ്ങള്‍ കൊണ്ട് വശീകരിക്കാനാവും. ജീവിതം മഹത്തായതാണെന്നും കുറച്ചു നാളാണെങ്കില്‍ പോലും സുഖമായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അതിനു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല എന്നും കരുതുന്നതു കൊണ്ടാണ് മികച്ച ചികിത്സ തന്നെ ആളുകള്‍ക്കു നല്‍കണം എന്ന് നമ്മള് ആഗ്രഹിക്കുന്നത്. അതിനു വേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കുന്നതും.
കഴിഞ്ഞ ദിവസം ആലുവയില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയി. പത്തു വര്‍ഷം മുമ്പ് കാന്‍സര്‍ ചികിത്സ കഴിഞ്ഞ് പോയ സ്ത്രീയാണ്. അവര്‍ക്ക് വയ്യാതായി ഇരിപ്പായിരുന്നു. മകളുടെ കല്യാണം ഒരു വശത്ത് നടക്കുമ്പോള്‍ അമ്മ അടുത്തൊരു മുറിയില്‍ വിശ്രമത്തിലാണ്. ഞങ്ങള്‍ ചെന്ന് അവരെ നിര്‍ബന്ധിച്ച് എഴുന്നേല്പിച്ച് കല്യാണച്ചടങ്ങു നടക്കുന്ന പന്തലിലേക്ക് കൊണ്ടു ചെന്നു.
വേദിയില്‍ കയറി വധൂവരന്മാര്ക്ക് മധുരം നല്കിയ ശേഷം തിരിഞ്ഞു നിന്ന് അവര്‍ വിങ്ങിക്കരഞ്ഞു. ഞങ്ങളോട് അവര്‍ പറഞ്ഞു ഇനി എനിക്ക് സമാധാനമായി മരിക്കാം ഡോക്ടര്‍. ജീവിതം അങ്ങനെയൊക്കെയാണ്. ചില വൈകാരികതകളും സ്നേഹബന്ധങ്ങളും മൂല്യങ്ങളും വിശ്വാസപ്രമാണങ്ങളുമൊക്കെയാണ് അതിനെ മഹത്തരമാക്കുന്നത്. അച്ഛനെ ചികിത്സിക്കാന്‍ കൊണ്ടു വന്ന ഒരു മകന് പറഞ്ഞത്, ഒരു ദിവസമെങ്കില്‍ ഒരു ദിവസം അച്ഛന് സുഖമായി ജീവിക്കണം എന്നായിരുന്നു. സുഖമായി ഒരു ദിവസം കൂടുതല്‍ ജീവിക്കുന്നതിന് എന്തു വില നല്കാന് കഴിയും?
കാന്‍സര്‍ ആശുപത്രികള്‍ തുടങ്ങരുത്, കാന്‍സര്‍ വന്നാല്‍ ചികില്സിക്കരുത്, എന്നൊക്കെ പൊതുവേദികളില്‍ പറയുകയും കാന്‍സര്‍ വന്നാല്‍ പിന്നെ എന്തു ചെയ്തിട്ടും കാര്യമില്ല എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ എത്ര വലിയ മനുഷ്യദ്രോഹമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുകയേയില്ല. എല്ലാ വര്‍ഷവും ഫിബ്രവരിയിലെ രണ്ടാം ഞായറാഴ്ച എറണാകുളത്ത് ഒരു സംഗമം നടക്കാറുണ്ട്.
കാന്‍സര്‍ വന്ന് ഭേദമായി സുഖമായി ജീവിക്കുന്നവരുടെ ഒരു കൂട്ടംചേരലാണത്. ഏപ്രിലിലെ മൂന്നാം ഞായറാഴ്ച കളിക്കൂട്ടം എന്ന സംഗമത്തില്‍ രോഗം ഭേദമായ കുട്ടികളുടെ സംഗമവുമുണ്ട്. മനുഷ്യരെ സ്നേഹിക്കാന്‍ കഴിവുള്ള ആര്‍ക്കും അവിടെ വന്ന് ഈ രോഗത്തെക്കുറിച്ചും രോഗമുക്തിയെക്കുറിച്ചും രോഗമുക്തി നേടിയവരുടെ മനോഭാവത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കാനാവും.
ഓരോരുത്തരുടെയും രോഗത്തെയും ചികിത്സയെയും കുറിച്ചുള്ള ശാസ്ത്രീയ രേഖകളും നമുക്കുണ്ട്.
എത്രയോ രോഗങ്ങളടങ്ങിയ ഒരു കൂട്ടത്തെ പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. അക്കൂട്ടത്തില്‍ മുക്കാല്‍ പങ്ക് കാന്‍സറുകളും പൂര്‍ണമായി ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്നവയാണ്.
കാന്‍സര്‍ എന്നത് ഒരൊറ്റ രോഗമാണ് എന്ന മട്ടിലാണ് പലരും പറയുന്നത്. എത്രയോ രോഗങ്ങളടങ്ങിയ ഒരു കൂട്ടത്തെ പൊതുവായി പറയുന്ന പേരാണ് കാന്‍സര്‍. അക്കൂട്ടത്തില്‍ മുക്കാല്‍ പങ്ക് കാന്‍സറുകളും പൂര്‍ണമായി ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്നവയാണ്.
രോഗം ഭേദമായാലും, ആദ്യത്തെ അഞ്ചു വര്‍ഷം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി രോഗം വീണ്ടും വരുന്നില്ല എന്ന് ഉറപ്പാക്കണം. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വരാനുള്ള സാധ്യത തീരെക്കുറവാണ്. അല്ലാതെ, എന്തായാലും അഞ്ചുവര്‍ഷം വരെയേ ഉള്ളൂ എന്നു പ്രചരിപ്പിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യദ്രോഹമാണ്.
ഏതു കാന്‍സറും പ്രതിരോധിക്കുകയും അഥവാ വന്നാല്‍ ഏറ്റവും നേരത്തേ കണ്ടെത്തുകയുമാണ് കൂടുതല്‍ പ്രധാനം. രോഗം നേരത്തേ കണ്ടെത്താനുള്ള സ്ക്രീനിങ് സൗകര്യങ്ങള്‍ ഇന്നുണ്ട്. നമ്മുടെ രോഗികളില്‍ ബഹുഭൂരിപക്ഷവും വളരെ വൈകി മാത്രം രോഗം കണ്ടെത്തുന്നവരാണ്. അതു കൊണ്ടു തന്നെ ചികിത്സ കുറച്ചു കൂടി ബുദ്ധിമുട്ടുള്ളതായേക്കും.
കാന്‍സര്‍ വരാതിരിക്കുകയാണ് വേണ്ടത് എന്നു പറയുന്നവരോട് ആര്‍ക്കാണ് വിയോജിപ്പ്! കാന്‍സര്‍ എന്നല്ല, ഏതു രോഗവും വരാതെ നോക്കുകയാണ് പ്രധാനം. അതിനു തക്ക ജീവിതശൈലി സ്വീകരിക്കണം.
എന്നാല്‍, എത്ര ശ്രമിച്ചാലും പ്രതിരോധിക്കാന്‍ കഴിയാത്ത ചില കാന്‍സറുകളുണ്ട്. അവയോട് തല്ക്കാലം നമുക്ക് ഒന്നും ചെയ്യാനാവില്ല. ചികിത്സിക്കുക തന്നെ ഗതി.
രോഗം വന്നാല്‍ ചികിത്സിക്കരുത്. ചികിത്സിച്ചിട്ട് കാര്യമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള ഒരു വലിയ ദോഷം, ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമുള്ള ചിലരെങ്കിലും അതിനു മടിച്ചേക്കാം എന്നതാണ്. അതിനാല്‍, പൊതുസമൂഹത്തോട് ഉത്തരവാദിത്വമുള്ളവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം, അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുകയും കഷ്ടപ്പെടുന്ന മനുഷ്യരെ ഉപദ്രവിക്കുന്ന തരം പ്രചാരണങ്ങള്‍ നടത്താതിരിക്കുകയും ചെയ്യുക എന്നതാണ്.
ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ശ്രദ്ധിക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. വിഷമയമായ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിനെതിരായ പ്രചാരണം, ചികിത്സാച്ചെലവും മരുന്നു വിലയും കൂടുന്നതിനെതിരായ പ്രതിരോധങ്ങള്‍, കഷ്ടപ്പെടുന്നവരെയും വേദനിക്കുന്നവരെയും ആശ്വസിപ്പിക്കാനുള്ള ചില യത്നങ്ങള്‍.
വേദനിക്കുന്ന ഒരു പാവം മനുഷ്യന്റെ കൈയിലൊന്നു പിടിച്ച് സ്നേഹത്തോടെ പറയുന്ന ഒരു വാക്കിന്റെ വില, വിഷമിക്കരുത് വേഗം സുഖപ്പെടും എന്നൊരാശ്വാസം പകരുന്നതിന്റെ വില... അത് ഒന്നു വേറെയാണ്. നമ്മുടെയൊക്കെ ജീവിതത്തെ സാര്‍ഥകമാക്കുന്നത് അത്തരം ചില സ്നേഹ സംവേദനങ്ങളാണ്.
ചികിത്സാചെലവില്‍ ഇന്നും കേരളത്തില്‍ ഒന്നാംസ്ഥാനം കാന്‍സര്‍ എന്ന 'ഭീകരനു' തന്നെ. കാന്‍സറിനെ ആരംഭദശയില്‍ തി രിച്ചറിയുന്നതില്...
ചികിത്സാചെലവില്‍ ഇന്നും കേരളത്തില്‍ ഒന്നാംസ്ഥാനം കാന്‍സര്‍ എന്ന 'ഭീകരനു' തന്നെ. കാന്‍സറിനെ ആരംഭദശയില്‍ തി രിച്ചറിയുന്നതില് വരുന്ന വീഴ്ചയാണ് ഈ അപഖ്യാതിയുടെ മുഖ്യഹേതു. ഉയര്‍ന്ന ചികിത്സാ ചെലവ് വഹിക്കുന്ന വ്യക്തിക്കും കുടുംബത്തി നും ഒടുവില്‍ രോഗിയുടെ ചലനമറ്റ ശരീരം ത ന്നെയാണ് തിരിച്ചുകിട്ടുന്നത്. മരുന്നുകമ്പനികളുടെ അനാരോഗ്യകരമായ ലാഭക്കൊതി മുതല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിഷേ ധമനോഭാവം വരെയുള്ള ഘടകങ്ങള്‍ കാന്‍സര്‍ ചികിത്സയുടെ ചെലവ് ഗണ്യമായി കൂട്ടുന്നു. ചി കിത്സാരീതികളുടെ പുനക്രമീകരണവും സമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണയും കിട്ടിയാല്‍ കാന്‍സര്‍ ചികിത്സാചെലവുകള്‍ ഗണ്യമായ തോതില്‍ കുറച്ചുകൊണ്ടുവരാനാവും.
ഉയര്‍ന്ന ചികിത്സാചെലവ്
ഇന്ത്യയിലെ ആദ്യത്തെ പത്ത് 'ദരിദ്ര - മാരകരോഗ'ങ്ങളില്‍ ഒന്നാണ് കാന്‍സര്‍. വികസിത രാഷ്ട്രങ്ങളില്‍ മാരകരോഗങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനമാണ് കാന്സറിന്േറത്. റേഡിയോ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നീ മൂന്നുവിഭാഗങ്ങളിലായി ചികിത്സാരീതികള്‍ ഒതുങ്ങുന്നു. ഈ മൂന്നു ചികിത്സാരീതികള്‍ക്കും വ്യത്യസ്തവും ഉയര്‍ന്നതുമായ പ്രതിഫലമാണ് കേരളത്തിലങ്ങോളമിങ്ങോളം ഈടാക്കുന്നത്. ഒരുനേരം കഴിക്കാനുള്ള മരുന്നിന് 22 രൂപ മു തല്‍ 315 രൂപവരെ വ്യത്യസ്ത നിരക്കുകളാണുള്ളത്. ചിലപ്പോള്‍ ഇതിലും എത്രയോ അധികമായിരിക്കും ചെലവ്. ചിലര്‍ക്ക് കുറച്ചുകാലം ചികിത്സ തുടരാനുള്ള സാമ്പത്തികസ്ഥിതിയുണ്ടാവും. വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളാണ് ഇടത്തരക്കാരുടെ ആശ്രയം. എന്നാല്‍ ഇതിനൊന്നും സാധിക്കാത്തവര്‍ക്ക് ലഭിക്കുന്നത് 'മുട്ടുചികിത്സ' മാത്രം.
ചെലവ് കൂട്ടുന്ന ഘടകങ്ങള്‍
1. ബോധവത്കരണത്തിന്റെ അഭാവം: തുടക്കത്തില്‍തന്നെ കാന്‍സര്‍രോഗം കണ്ടെത്തുന്നതില്‍ പറ്റുന്ന വീഴ്ചകളാണ് ചികിത്സാചെലവ് കൂട്ടുന്ന കാരണങ്ങളില്‍ പ്രധാനം. ചികിത്സ തേടുന്നവരില്‍ 90 ശതമാനം പേരിലും കാന്‍സര്‍ അ ന്തിമഘട്ടത്തിലുള്ളതാണ്. മരണഭയമുള്ള രോഗി യും കുടുംബവും ഏറ്റവും ഉയര്‍ന്ന ചികിത്സതന്നെ തേടുന്നു. കിടപ്പാടം വിറ്റും കടമെടുത്തുമുള്ള ചികിത്സയ്ക്കൊടുവില്‍ രോഗി മരണത്തില്‍തന്നെ ചെന്നെത്തുന്നു. ചില ഘട്ടങ്ങളില്‍ ഭേദപ്പെട്ടുവെന്നു തോന്നിക്കുന്ന രോഗം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു, ചെലവും കൂടുന്നു.
സന്നദ്ധസംഘടനകളുടെ സഹായത്തോടെ കാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ മിക്കയിടത്തും നടക്കുന്നുണ്ടെങ്കിലും പങ്കാളികളാവുന്ന ജനങ്ങളുടെ എണ്ണം വിരളമാണ്. കാന്‍സര്‍ ബാ ധിച്ചിട്ടുണ്ടെന്ന് അറിവുള്ള 'രോഗി'കള്‍ മാത്രമാ ണ് മിക്ക ക്യാമ്പുകളിലും എത്തുന്നത്. ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും വീഴ്ചകളുണ്ടാവുന്നു. ഒടുവില്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗി ഡോക്ടറുടെ അടുത്തെത്തും. ബോധവത്കരണത്തിന്റെ അഭാവത്തെയാണ് ഇത് കാണിക്കുന്നത്. മരുന്നുകമ്പനികളുടെ അനാരോഗ്യ മത്സരങ്ങളും ആതുരരംഗത്തു നിന്നുള്ള സര്‍ക്കാരിന്റെ പിന്‍വാങ്ങലും ചികിത്സാചെലവ് കൂട്ടുന്നതില്‍ പങ്കുവഹിക്കുന്നു.
2. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അഭാവം: പാശ്ചാത്യരാജ്യങ്ങളില്‍ പ്രതിരോധ പ്രവര് ത്തനങ്ങള്ക്കാണ് കാന്‍സര്‍ ചികിത്സയില്‍ പ്ര ഥമസ്ഥാനം. എന്നാല്‍ നമ്മുടെ നാട്ടില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതിനാല്‍ രോഗം, ചികിത്സ, മരണം എന്ന ചാക്രിക വലയത്തില്‍ തന്നെയാ ണ് ഇന്ത്യന്‍ കാന്‍സര്‍ ചികിത്സാരംഗം. കാന്‍ സര് ചികിത്സാരംഗത്ത് വളരെയേറെ പുരോഗതി നാം കൈവരിച്ചിട്ടുണ്ട്. കീമോതെറാപ്പിയും ശ സ്ത്രക്രിയയും മിക്ക ജില്ലകളിലെയും സര്ക്കാ ര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. റേഡിയേഷന് സൗകര്യങ്ങളും വര്‍ധിച്ചുവരുന്നു. സ്വാ ഭാവികമായും കുറയേണ്ട ചികിത്സാചെലവ് പക്ഷേ, കൂടുന്നുവെന്ന സത്യം നമ്മെ ഞെട്ടിക്കുന്നു.
രോഗത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാനോ ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനോ അതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാ നോ സര്‍ക്കാര്‍ തലത്തിലും സ്ഥാപനതലത്തി ലും പ്രവര്‍ത്തനം നടക്കുന്നില്ല. പഠനങ്ങള്‍ നടത്താതെയുള്ള ആസൂത്രണവും ആവശ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയുള്ള ചെലവിടലും കാന്‍സര്‍ ചികിത്സാരംഗത്തെ മറ്റൊരു വെള്ളാനയാക്കുന്നു.
3. മരുന്നുകമ്പനികളുടെ അനാരോഗ്യപ്രവണതകള്‍: കാന്‍സര്‍ മരുന്നിന്റെ യഥാര്‍ഥ വി ലയെത്രയാണ്? ചികിത്സ തേടിയ രോഗിക്കോ ഫാര്‍മസിസ്റ്റിനോ മെഡിക്കല്‍ റെപ്പുമാര്ക്കോ ഉത്തരം നല്കാനാവുന്നില്ല. ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്നിന് ഒരു വില ഈടാക്കുന്ന കമ്പനിയെ മറികടക്കാന്‍ മറ്റൊരു കമ്പനി ആയിരത്തില്‍പ്പരം രൂപ കുറച്ചുകൊണ്ട് മരുന്നു നല്കാന് തയ്യാറാവുന്നു. കമ്പനികള്‍ ഈടാക്കുന്ന ഉ യര്‍ന്ന വില യാഥാര്‍ഥ്യമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനുപുറമെ വിദേശ കമ്പനികള്‍ ഇടനിലക്കാര്‍ മുഖേന കാന്‍സര്‍ മരുന്നുകള്‍ കേരളത്തിലെ മെഡിക്കല്‍ ഷാപ്പുകളില്‍ നേരിട്ടെത്തിച്ചു വില്‍ക്കുന്നു. തോന്നിയ വിലക്കാണെന്നു മാത്രം. ഇതിനാകട്ടെ ബില്ലും മറ്റു രേഖകളും നല്‍കാറുമില്ല. വിറ്റുപോകാത്ത മരുന്നുകള്‍ അവര്‍ തന്നെ തിരിച്ചെടുക്കാറുമുണ്ട്.
പ്രതിവിധികള്‍
1. രോഗനിര്‍ണയം നേരത്തെ: കാന്‍സര്‍ ചികിത്സയുടെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ നേരത്തേ തന്നെയുള്ള രോഗനിര്‍ണയം കൊണ്ട് സാധിക്കും. രോഗനിര്‍ണയ ക്യാമ്പുകള്‍ വ്യാപകമായി സംഘടിപ്പിക്കുകയാണ് പറ്റിയ മാര്‍ഗം. ക്യാമ്പുകള്‍ വെറും പ്രകടനങ്ങളായി മാറുന്ന ഇന്നത്തെ അവസ്ഥ മാറ്റേണ്ടതുണ്ട്. അതുപോലെത്തന്നെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കണം. കാന്‍സര്‍ നിര്‍ണയ മൊബൈല്‍ യൂണിറ്റ് വഴി വീടുവീടാന്തരം കയറി പരിശോധന നടത്തേണ്ട ഘട്ടം ഉണ്ടായാല്‍ അതും ചെയ്യണം.
കേരളത്തില്‍ ചികിത്സ തേടുന്ന കാന്‍സര്‍ രോഗികളില്‍ 90 ശതമാനവും രോഗം അന്തിമഘട്ടത്തിലെത്തിയവരാണ്. തിരു വനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ശക്തമായ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനുശേഷം കേരളത്തില്‍ രോഗചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ പ്രാദേശിക അസന്തുലനം ഉണ്ടായി. കൊച്ചി മുതല്‍ തിരുവനന്തപുരം വരെയുള്ള മേഖലകളില്‍ അന്തിമഘട്ടത്തില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം 90 ശതമാനത്തില്‍ നിന്ന് 50-60 ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ കൊച്ചിക്കു വടക്ക് മലബാറില്‍ ഇപ്പോഴും 90 ശതമാനം രോഗികളും അന്തിമഘട്ട രോഗികളാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് മലബാര്‍ കാന്‍സര്‍ സൊസൈറ്റി തീവ്രമായ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടും ഈ പ്രവണത കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. വായിലെ ക്യാന്‍സറാണ് ഈ മേഖലയില്‍ പ്രധാനം. ബോധവല്‍ക്കരണത്തിനുശേഷവും പുകയില ഉപയോഗം നിര്‍ത്താന്‍ ഇവിടുത്തുകാര്‍ സന്നദ്ധരല്ല.
2. കാന്‍സര്‍ മരുന്നുകള്‍ പ്രത്യേക പട്ടികയില്‍: കാന്‍സര്‍ ഔഷധങ്ങള്‍ക്ക് സ ബ്സിഡി ഏര്‍പ്പെടുത്തി അവയെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ട അടിയന്തിരകടമ. ഈ മരുന്നുകള്‍ക്കു മേലുള്ള വില്‍പ്പനനികുതി എടുത്തുകളഞ്ഞും സര്‍ക്കാരിന് ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാനാവും. സംസ്ഥാന ആരോഗ്യവകുപ്പിനു മുന്നില്‍ പലവുരു ഈ നിര്‍ദേശം വന്നെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
3. രോഗികളുടെ വര്‍ഗീകരണം: പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായോ സൗജന്യനിരക്കിലോ ചികിത്സ ലഭ്യമാക്കാന്‍ അത്തരം രോഗികളെ വേര്‍തിരിച്ചറിയേണ്ടതുണ്ട്. വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ മിക്കപ്പോഴും വെറും തട്ടിപ്പുവിദ്യകള്‍ മാത്രമാണ്. രോഗിയെയും അയാളുടെ ബന്ധുക്കളെയും സദാ നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍ ഈ വര്‍ഗീകരണം സാധ്യമാവും. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഈ രീതി വിജയകരമായി പരീക്ഷിക്കുന്നുണ്ട്. ഇത്തരം രോഗികള്‍ക്ക് സ്ഥാപനംവഴി ചികിത്സാ സൗകര്യവും സര്‍ക്കാര്‍ വഴി സൗജന്യ മരുന്നുകളും നല്കാന് കഴിയണം.
4. പഠനവും പ്രതിരോധവും: കാന്‍സര്‍ ചികിത്സയില്‍ പുതുആശയങ്ങള്‍ ഉടലെടുക്കുന്നതിനായി നിരന്തരമുള്ള ഗവേഷണം ആവശ്യമാണ്. ഇതിന്റെ അടിസ്ഥാ നത്തിലുള്ള ആസൂത്രണവും വേണം. കാന്സര്ജന്യ വസ്തുക്കളുടെ ഉല്‍പ്പാദനവും ഉപഭോഗവും കുറച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കണം.
5. പാലിയേറ്റീവ് കെയര്‍: രോഗം അന്തിമഘട്ടത്തിലെത്തിയശേഷം മാത്രം ചികി ത്സയ്ക്കെത്തുന്നവര്ക്ക് രോഗശമനത്തിനുപകരം വേദനയില്ലാത്ത ദിവസങ്ങള്‍ നല്കുവാനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി കാന്‍സര്‍ ചികിത്സാസ്ഥാപനങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം. ആസൂത്രണ മില്ലാതെ കളയുന്ന പണം ഇത്തരം പ്രായോഗിക പദ്ധതികള്‍ക്കായി നീക്കിവെക്കണം.
6. മറ്റു മുന്‍കരുതലുകള്‍: കാന്‍സറിനു ഹേതുവാകുന്ന പുകവലി, മദ്യപാനം, മുറുക്ക്, കൗമാരവിവാഹം, കൗമാര ലൈംഗികബന്ധങ്ങള്‍, ആവര്‍ത്തിച്ചുള്ള പ്ര സവങ്ങള്‍, അന്തരീക്ഷമലിനീകരണം എന്നിവയ്ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് കാന്‍സറിനെതിരെയുള്ള പോരാട്ടം. രോഗി - ഡോക്ടര്‍ - സമൂഹം എന്നീ ഘടകങ്ങളുടെ സമഗ്രമായ പ്രവര്‍ത്തനത്തിലൂടെ കാന്‍സറിന്റെ ചികിത്സാചെലവ് കുറയ്ക്കാനാവും. പഞ്ചായത്ത് തലത്തിലുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷൂറന്‍സിനെപ്പറ്റി ഇനിയും ഗൗരവമായ ചര്‍ച്ച പോലും നടന്നിട്ടില്ല. ചികിത്സാചെലവ് കുറയ്ക്കാന്‍ സമൂഹം അതിന്‍േറതായ പങ്ക് വഹിക്കേണ്ടിയിരിക്കുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മുഹമ്മദ് ഇക്ബാല്‍, സി.എസ്. പത്മകുമാര്‍
മലബാര്‍ കാന്‍സര്‍ സെന്റര്‍ (എം.സി.സി), തലശ്ശേരി
തയ്യാറാക്കിയത്
കെ. സജീവന്
കാന്‍സര്‍ ഇന്ന് മരണത്തിന്റെ പര്യായമല്ല. അതീവ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ, പാര്‍ശ്വഫലങ്ങള്‍ 'കുറവായ ടാര്‍ജറ്റഡ് തെറാപ്പി' എന്നിവമൂലം ഇന്ന് മിക്ക കാന്‍സറുകളെയും കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.നല്ലൊരു ശതമാനം രോഗികള്‍ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നു.
പക്ഷേ, കാന്‍സര്‍ വിമുക്തരെ അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. കാന്‍സര്‍ വീണ്ടും വരുമോ എന്നതാണ് മിക്കവരുടേയും ഭയം. അതുപോലെ തന്നെ കാന്‍സര്‍ സര്‍ജറി മൂലമുണ്ടായ വൈകല്യങ്ങളും വൈരൂപ്യങ്ങളും ചിലരുടെ ആത്മവിശ്വാസം നശിപ്പിക്കുന്നുണ്ട്. ചികിത്സ പൂര്‍ത്തിയായെങ്കിലും കാന്‍സര്‍ മാറിയെന്നു വിശ്വസിക്കാതെ കടുത്ത വിഷാദത്തിലേക്കു വീഴുന്നവരും കുറവല്ല. ചികിത്സമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മറ്റുചിലരുടെപ്രശ്നം. വ്യക്തിബന്ധങ്ങളിലും സാമൂഹികബന്ധങ്ങളിലും ആഘാതമേല്‍പ്പിക്കാന്‍ കാന്സറിനുകഴിയും.
പഴയതുപോലെ സ്നേഹവും കരുതലും അംഗീകാരവും ലഭിക്കുമോ എന്ന ആശങ്കയുള്ളവരുമുണ്ട്. സമൂഹത്തിന്റെ അതിരുകടന്ന സഹതാപം അസഹനീയമായിത്തോന്നുന്ന കാന്‍സര്‍ രോഗികളെയും നമുക്കുകാണാം. ഇതിനൊക്കെപ്പുറമെയാണ് ശാരീരികമായ അനാരോഗ്യം. കാന്‍സര്‍ വീണ്ടും വരാതിരിക്കാനുള്ള ജീവിതശൈലിയെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും സംശയമുള്ളവരുമുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ തുടര്‍പരിശോധന സഹായിക്കും. ചികിത്സിച്ച ആശുപത്രിയുമായി ബന്ധപ്പെട്ട് ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരില് ഉത്കണ്ഠയും വിഷാദവും കുറവാണ്. കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയെങ്കിലും എന്നേക്കുമായി ആശുപത്രിയെ ഉപേക്ഷിക്കാന്‍ പാടില്ല. തുടര്‍ പരിശോധനയ്ക്കു വിധേയരാവുകയും ഇപ്പോള്‍ ചികിത്സയിലിരിക്കുന്നവരുമായി സംസാരിക്കുകയും ചെയ്യുന്നത് ഇരുകൂട്ടര്‍ക്കും പ്രയോജനകരമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന തീയ്യതിയില്‍തന്നെ തുടര്‍പരിശോധനയ്ക്ക് എത്തേണ്ടതുണ്ട്. രോഗത്തിന്റെ പുനരാഗമനസാധ്യത വിലയിരുത്താനും പ്രതിരോധിക്കാനുമൊക്കെ ഈ സന്ദര്‍ശനം സഹായിക്കും.
രോഗ വിമുക്തിക്കുശേഷമുള്ള വൈകാരികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഡോക്ടറോടും മറ്റ് വിദഗ്ധരോടും സംസാരിക്കാനും സംശയനിവാരണം നടത്താനും ഈ തുടര്‍സന്ദര്‍ശനങ്ങള്‍ പ്രയോജനപ്പെടും. ചികിത്സ ലഭിച്ച ആശുപത്രിയില്‍ത്തന്നെ വേണം തുടര്‍പരിശോധനയ്ക്കും പോകുവാന്‍. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ മറ്റാസ്പത്രികളില് പോകേണ്ടിവന്നാല്‍ രോഗത്തെക്കുറിച്ചും നേടിയ ചികിത്സയെക്കുറിച്ചുമൊക്കെയുള്ള ഒരു റിപ്പോര്‍ട്ട് കരുതേണ്ടതാണ്. രോഗവിമുക്തരായ ധാരാളം പേര്, വര്‍ഷത്തിലൊരിക്കല്‍ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ സന്ദര്‍ശനത്തിനായി ഇപ്പോഴും വരുന്നുണ്ട്. കാന്‍സര്‍ വിമുക്തര്‍, മറ്റ് രോഗചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കുമ്പോള്‍ നേരത്തെ കാന്‍സറുണ്ടായിരുന്നു എന്ന കാര്യം മറച്ചുവെക്കരുത്.
രോഗിയായതിനുശേഷം ബന്ധുക്കളും സുഹൃത്തുക്കളും കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കുന്നതായാണ് മിക്കരോഗികളുടേയും അനുഭവം. എന്നാല്‍, മിത്രങ്ങളായി കരുതിയിരുന്നവര്‍ വഴിമാറിനടക്കുന്ന അനുഭവമുള്ളവരുമുണ്ട്. ഇത് ലോകസ്വഭാവമാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് കാന്‍സര്‍ചികിത്സ കഴിഞ്ഞ ഒരാളുടെ മനസ്സില്‍ ഉണ്ടാകേണ്ടത്.
കാന്‍സര്‍ വീണ്ടും വരാതിരിക്കാന്‍ കൃത്യമായ ഭക്ഷണക്രമം നിര്‍ദേശിക്കാന്‍ കഴിയില്ലെങ്കിലും പൊതുവായ ആരോഗ്യവും പ്രതിരോധശേഷിയും വര്‍ധിക്കുന്നതിനുള്ള ജീവിതക്രമം സ്വീകരിക്കുന്നതിലൂടെ അര്‍ബുദ പുനരാഗമനത്തിനുള്ള സാധ്യത കുറക്കാന്‍ കഴിയും. കൊഴുപ്പും ഉപ്പും കുറഞ്ഞ നാരുകള്‍ അധികമുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് അഭികാമ്യം. ആഹാരത്തില്ഏറിയപങ്കും പഴങ്ങളും പച്ചക്കറികളുമായിരിക്കണം. വെള്ളരി, കുമ്പളങ്ങ, ചീര, മത്തന്‍, തക്കാളി, മുരിങ്ങയില തുടങ്ങിയവ ധാരാളം ഉപയോഗിക്കുക. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ പുതിയൊരു പഴം, പുതിയൊരു പച്ചക്കറി, പുതിയൊരു ധാന്യം എന്നിവ വാങ്ങാന്‍ ശ്രമിക്കുക. അതിസൂക്ഷ്മപോഷകങ്ങളുടെ അഭാവം പരിഹരിക്കാന്‍ ഇതുപകരിക്കും.
പ്രോട്ടീന്‍ വേണ്ടത്ര കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൊഴുപ്പുനീക്കിയ പാല്, പാലുല്‍പ്പന്നങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ നല്ല മാംസ്യസ്രോതസ്സുകളാണ്. പുകയില, മദ്യം എന്നീശീലങ്ങള് ഉണ്ടായിരുന്നെങ്കില്‍ അവ നിശ്ശേഷം വര്‍ജിക്കുക, ഈ ശീലങ്ങള്‍ കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശരീരഭാരം ശരിയായ അനുപാതത്തില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അമിതമായി ഭാരംകൂടുകയോ കുറയുകയോ ചെയ്യരുത്. ദിവസേന, ചെറുവ്യായാമങ്ങളോ നടത്തമോ ശീലിക്കണം.
കാന്‍സര്‍ ചികിത്സയിലിരിക്കുന്നവര്‍, കാന്‍സര്‍ വിമുക്തിക്കുശേഷം ജീവിതവിജയം നേടിയവരുടെ കഥകള്‍ തേടിപ്പിടിച്ചുവായിക്കണം. ഇനിയും ഒരുപാടുകാതം നടക്കാനുണ്ട് എന്ന ശുഭചിന്തയോടെ പുതിയലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് അതുസാക്ഷാത്ക്കരിക്കാന് മെയ്യും മനസ്സും ഉഴിഞ്ഞുവെക്കുമ്പോള്‍ രോഗത്തെക്കുറിച്ച് ഓര്‍ക്കാന്‍ നേരം കാണില്ല. അതുകൊണ്ടുതന്നെ രോഗിയെ രോഗവും മറക്കുന്നു.
സുരേന്ദ്രന് ചുനക്കര
പി.ആര്.ഒ.,
റീജ്യണല്‍ കാന്‍സര്‍ സെന്റര്‍,
തിരുവനന്തപുരം.
അർബുദ കോശങ്ങളെ എക്സ്-റേ, ഗാമാ-റേ മുതലായ രശ്മികൾ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സയാണു റേഡിയേഷൻ ചികിത്സ. ഈ ചികിത്സ ഓപ്പറേഷനു മുൻപോ, പിൻപോ തനിച്ചോ നൽകി വരുന്നു. രോഗം കാൻസറാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതോടെ മരണം ഉറപ്പായി എന്ന് കരുതുന്നവർ നമ്മുടെ നാട്ടിൽ ഇപ്പോഴും കുറവല്ല. ഈ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും പൊതു സമൂഹത്തിൽ നിലനിൽക്കുന്ന അജ്ഞത തന്നെയാണ് ഇതിന് കാരണം. കാൻസർ രോഗത്തിന് വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നവയാണ് ഭൂരിഭാഗം കാൻസർ രോഗങ്ങളും.
ചികിത്സ മൂന്ന് വിധം
കാൻസർ ചികിത്സ പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്. ശസ്ത്രക്രിയ, റേഡിയേഷൻ ചികിത്സ, കീമോതെറാപ്പി എന്നിവയാണവ. കാൻസർ ബാധിച്ച കോശങ്ങളെ മുറിച്ചുമാറ്റിക്കൊണ്ടുള്ള ചികിത്സയാണ് ശസ്ത്രക്രിയ. അയണീകരിക്കപ്പെട്ട രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണ് റേഡിയേഷൻ ചികിത്സ അഥവാ റേഡിയോതെറാപ്പി. ഈ ചികിത്സകൾ ഒറ്റയ്ക്കോ ചിലപ്പോൾ സംയോജിപ്പിച്ചോ വേണ്ടി വന്നേക്കാം. കാൻസർ രോഗത്തിന്റെ സ്വഭാവവും വ്യാപ്തിയും കോശങ്ങളുടെ പ്രത്യേകതയും രോഗിയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ഏത് തരത്തിലുള്ള ചികിത്സ വേണമെന്ന് നിശ്ചയിക്കുന്നത്.
ഏതെങ്കിലും ഒരു പ്രത്യേക അവയവത്തിൽ ഒതുങ്ങി നിൽക്കുന്ന കാൻസറിന്റെ ചികിത്സയ്ക്കാണ് റേഡിയേഷനും ശസ്ത്രക്രിയയും പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പല അവയവങ്ങളിലും ബാധിച്ചതോ, കീമോതെറാപ്പിയുടെ കൂടെയോ, ശസ്ത്രക്രിയയ്ക്ക് മുമ്പോ പിന്നോ നൽകാറുണ്ട്. കാൻസർ ബാധിച്ച ഭാഗം, കാൻസർ കോശങ്ങളുടെ സ്വഭാവവും വ്യാപ്തിയും, രോഗിയുടെ ആരോഗ്യനില എന്നിവ കണക്കിലെടുത്താണ് റേഡിയേഷന്റെ അളവും ചികിത്സാ കാലയളവും നിശ്ചയിക്കുന്നത്.
ഈ ചികിത്സ നൽകുമ്പോൾ ചികിത്സ നൽകുന്ന മുറിയിൽ രോഗി തനിച്ചായിരിക്കും എന്നാൽ പുറത്തുനിന്ന് രോഗിയെ നിരീക്ഷിക്കുന്നതിന് സംവിധാനങ്ങളുണ്ട്. ഈ ചികിത്സ കഴിഞ്ഞു പുറത്തിറങ്ങുന്ന രോഗിയുടെ ശരീരത്തിൽ നിന്നും റേഡിയേഷൻ പ്രസരിക്കുകയില്ല. അവർക്ക് മറ്റുള്ളവരുമായി ഇടപഴകുന്നതിന് തടസമില്ല. ഓരോ ദിവസവും ഈ ചികിത്സയ്ക്കായി 2-5 മിനിറ്റുകൾ മാത്രമേ വേണ്ടി വരികയുള്ളൂ. ഇപ്രകാരം ദിവസവുമുള്ള ചികിത്സ (ആഴ്ചയിൽ ശനി , ഞായർ ഒഴികെ) മൂന്ന് മുതൽ ആറാഴ്ച വരെ നീണ്ടു നിൽക്കും.
സാധാരണ കോശങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വളരുന്ന അർബുദ കോശങ്ങളിൽ അയണീകരിക്കപ്പെട്ട രശ്മികൾ പതിപ്പിക്കുമ്പോൾ കൂടുതൽ നാശം സംഭവിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റേഡിയേഷൻ കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
റേഡിയേഷൻ ആധുനിക രീതികൾ
റേഡിയേഷൻ ചികിത്സയെ ടെലിതെറാപ്പി, ബ്രാക്കി തെറാപ്പി, ഇന്റേണൽ തെറാപ്പി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരത്തിൽ നിന്നും കുറച്ച് അകലെ വച്ചിരിക്കുന്ന റേഡിയോ ആക്ടീവ് രശ്മികൾ പുറപ്പെടുവിക്കുന്ന മെഷീൻ ഉപയോഗിച്ചുള്ള ചികിത്സയെ ടെലിതെറാപ്പി എന്ന് പറയുന്നു. ടെലി കൊബാൾട്ട് മെഷീനും ലീനിയർ ആക്സിലറേറ്ററും ഇതിനായി ഉപയോഗിക്കുന്നു. റേഡിയേഷൻ സ്രോതസ് കാൻസർ ബാധിച്ചിട്ടുള്ള അവയവത്തിനുള്ളിൽ കടത്തിവച്ചോ, ചേർത്തുവച്ചോ ഉള്ള ചികിത്സയെ ബ്രാക്കി തെറാപ്പി എന്ന് പറയുന്നു. ഗർഭാശയഗള കാൻസർ, കവിൾ, നാക്ക്, ചുണ്ട് എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഇത്തരം ചികിത്സ നൽകിവരുന്നു.
റേഡിയേഷൻ പ്രസരിപ്പിക്കുന്ന മരുന്നുകൾ ശരീരത്തിലേയ്ക്ക് കടത്തിവിട്ടുകൊണ്ടുള്ള ചികിത്സയെ ഇന്റേണൽ തെറാപ്പി അഥവാ ന്യൂക്ലിയർ മെഡിസിൻ തെറാപ്പി എന്നു പറയുന്നു. തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാൻസറിന് നൽകുന്ന റേഡിയോ-അയഡിൻ ചികിത്സ ഇതിന് ഉദാഹരണമാണ്. 1950 വരെ കിലോ വോൾട്ടേജ് എക്സ്-റേ മെഷീൻ ഉപയോഗിച്ചുള്ള ചികിത്സ പ്രചാരത്തിൽ ഉണ്ടായിരുന്നു. ശക്തി കുറഞ്ഞ ഇത്തരം റേഡിയേഷന് ധാരാളം പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് അത് ഫലപ്രദമായിരുന്നില്ല.
എന്നാൽ അറുപതുകളിലും എഴുപതുകളിലും റേഡിയേഷൻ ഉൽപാദിപ്പിക്കുന്ന കോബോൾട്ട് മെഷിൻ സാർവത്രികമായി എന്നാൽ ആധുനിക കാലഘട്ടത്തിൽ എത്തിയ ലീനിയർ ആക്സിലേറ്ററുകൾ റേഡിയേഷൻ ചികിത്സയിൽ വിപ്ലകരമായ മാറ്റങ്ങൾക്ക് വഴി വെച്ചു. ലീനിയർ ആക്സിലറേറ്റുകൾ ചികിത്സയുടെ ഫലമായുള്ള പാർശ്വഫലങ്ങൾ കുറയ്ക്കുവാനും സഹായിച്ചു. പിന്നീട് അൾട്രാ സൗണ്ട് സ്കാൻ, സി ടി സ്കാൻ, എംആർഐ സ്കാൻ, പെറ്റ് സ്കാൻ, ന്യൂക്ലിയർ സ്കാൻ എന്നീ നൂതന സ്കാനറുകൾ ഉപയോഗിച്ച് കാൻസർ ബാധിച്ച കോശങ്ങളുടെ വ്യാപ്തി കൃത്യമായി മനസിലാക്കുവാനായി. ഇത് റേഡിയേഷൻ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചു.
ത്രിമാന കൺഫോർമൽ റേഡിയേഷൻ തെറാപ്പി( 3D-CRT) ഇന്റിൻസ്റ്റിക് മോഡുലേറ്റഡ് റേഡിയേഷൻ തെറാപ്പി (IMRT), ഇമേജ് ഗൈഡഡ് റേഡിയേഷൻ െതറാപ്പി (IGRT), റെസ് പിറേറ്ററി ഗേറ്റിങ് എന്നീ ചികിത്സകൾ ലീനിയർ ആക്സിലേറ്ററുകൾ വഴി രോഗികൾക്ക് ലഭിക്കുന്നു.
ഡോ. ടി കെ പദ്മനാഭൻ എം. ഡി
സീനിയർ കൺസൾട്ടന്റ്,
റേഡിയേഷൻ ഓങ്കോളജി
കിംസ് കാൻസർ സെന്റർ
അർബുദമെന്ന വിപത്തിന്റെ നിഴലിലാണ് ഇപ്പോഴും നാം വസിക്കുന്ന ലോകം. ശാസ്ത്ര സാങ്കേതിക തലത്തിൽ കൈവരിച്ച നേട്ടങ്ങളിലൂടെ നാം നേടിയെടുത്ത ചികിത്സാ രീതികളും രോഗപ്രതിരോധ മാർഗ്ഗങ്ങളുമായി അർബുദത്തിനെതിരായ പോരാട്ടങ്ങൾ മുന്നേറിക്കഴിഞ്ഞു
ലോകത്ത് അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. എന്നാൽ മുപ്പത് ശതമാനം കാൻസർ രോഗങ്ങളും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും അപകടകരമായ ഘടകങ്ങൾ ഒഴിവാക്കിയും തടയുവാൻ സാധിക്കും. രോഗം തുടക്കത്തിലേ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിൽ ഒന്ന് കാൻസർ രോഗങ്ങളും ഭേദമാക്കുവാൻ കഴിയും എന്നതാണ് വസ്തുത.
ജീവിതത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തച്ചുടയ്ക്കുന്ന ഒരു രോഗം. ആധുനിക മനുഷ്യന്റെ ഈ രോഗപ്പേടിയെ ഗവേഷണങ്ങളിലൂടെയും നൂതന ചികിത്സാ രീതികളിലൂടെയും മറികടക്കുവാൻ ശ്രമിക്കുകയാണ് വൈദ്യശാസ്ത്ര ലോകം. അർബുദത്തെ കീഴടക്കാം. അർബുദത്തിനു വേണ്ട ചികിത്സകളെ ആത്മവിശ്വാസത്തോടെ സമീപിക്കാം. കാൻസർ ചികിത്സയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായെന്നുള്ളതാണ് ഏറ്റവും വലിയ വസ്തുത. കാൻസർ ബാധിച്ച ശരീര ഭാഗത്തിനോ അവയവത്തിനോ കോട്ടം തട്ടാതെയുള്ള ശസ്ത്രക്രിയകളാണ് ഇതിൽ ഏറ്റവും പ്രധാനം. സ്തനാർബുദം ബാധിച്ചവർക്ക് സ്തനം നീക്കം ചെയ്യാതെ അവ നിലനിർത്തിക്കൊണ്ടുതന്നെ മികച്ച ചികിത്സ ലഭിക്കുന്നു. ചികിത്സയുടെ ഭാഗമായി ശരീരത്തിൽ വലിയ പാടുകൾ ഇല്ലാതെ തന്നെ ശസ്ത്രക്രിയകൾ നടത്താം. വായിലെ കാൻസർ ചികിത്സയ്ക്കുവേണ്ടി നാക്ക് മുറിക്കേണ്ടിവരുന്ന സാഹചര്യവും നിലവിലില്ല.
ജീവിത നിലവാരം ഉയർത്തിക്കൊണ്ടുള്ളതാണ് മറ്റൊരു രീതി. രോഗിയുടെ ശാരീരിക, മാനസിക, ആത്മീയ തലങ്ങളെക്കൂടി ഉൾപ്പെടുത്തുന്ന ചികിത്സ ഇതിന്റെ ഭാഗമാണ്. ഇവയൊക്കെ രോഗം വന്നതിനുശേഷമുള്ള ചികിത്സാരീതികളാണ്. എന്നാൽ രോഗബാധയ്ക്ക് മുൻപുതന്നെ ഒരാൾക്ക് രോഗത്തിനുള്ള സാധ്യത സ്ഥരീകരിക്കാം. സ്ക്രീനിങ് (മുൻകൂർ പരിശോധന) ആണ് ഇതിനുള്ള ഫലപ്രദ മാർഗം, ചില അർബുദങ്ങൾ സ്ക്രീനിങ്ങിലൂടെ കണ്ടെത്തി തടയാം. അർബുദബാധയുള്ളവരുടെ കുടുംബാംഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഒഴിവാക്കുന്നതും പാരമ്പര്യമായി അർബുദ രോഗം വരുന്നത് തടയും.
ഇനി ബാഹ്യലക്ഷണങ്ങളിലൂടെയും രോഗസാധ്യത സ്ഥിരീകരിക്കാം. ചിലപ്പോൾ കൃത്യസമയത്തെടുക്കുന്ന കുത്തിവയ്പ്പു പോലും നിങ്ങളെ അർബുദബാധയിൽ നിന്ന് രക്ഷിക്കാം. ഹെപ്പറ്റൈറ്റിസ് ബി, സി കുത്തിവയ്പ് കരളിനെ ബാധിക്കുന്ന കാൻസറിൽ നിന്ന് രക്ഷിക്കും. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഗർഭാശയഗള കാൻസർ പ്രതിരോധിക്കാനും നിലവിൽ കുത്തിവയ്പ്പുണ്ട്. 12 വയസിനുശേഷം ഈ കുത്തിവയ്പ്പെടുക്കാം. മാമോഗ്രാം വൻകുടൽ അർബുദങ്ങൾ നേരത്തെ തിരിച്ചറിയാനും ഗർഭാശയ മുഖത്തിലെ കാൻസറിന്റെ കാലേക്കൂട്ടിയുള്ള രോഗനിർണയത്തിനും ആധുനിക വൈദ്യശാസ്ത്രം നൽകിയ സംഭാവനകൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഇത്തരം ചികിത്സകൾക്ക് വലിയ ചെലവുമില്ല
അർബുദവും കാരണങ്ങളും
രാജ്യത്ത് ഓരോ വർഷവും പത്ത് ലക്ഷം പേരാണ് അർബുദബാധിതരാകുന്നത്. 2020ഓടുകൂടി കാൻസർ ബാധിതരുടെ എണ്ണത്തിൽ 15ശതമാനം വർധനവ് ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആധുനിക ജീവിത ശൈലികൾക്കും, ഭക്ഷണ രീതി, പുകവലി മറ്റി ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ പലതരത്തിലുള്ള അർബുദങ്ങൾക്ക് വഴി തെളിക്കുന്നു.40 കാൻസറുകൾക്കും കാരണമാകുന്നത് പുകയിലയുടെയും ലഹരി പദാർഥങ്ങളുടെയും ഉപയോഗമാണ്. തലയിലും കഴുത്തിലും ബാധിക്കുന്ന കാൻസർ, അന്നനാളത്തിൽ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. വൃത്തി ഹീനമായ ജീവിത സാഹചര്യം ഗർഭാശയഗള കാൻസറിന് കാരണമാകുന്നു. ശുചിത്വം നിലനിർത്താൻ ശ്രമിക്കുന്ന ജീവിത ശൈലിയായതുകൊണ്ട് ഗർഭാശയ കാൻസർ കേരളത്തിൽ നാലിൽ ഒന്നായി കുറഞ്ഞു. മദ്യപാനവും, അണുബാധയ്ക്കും, വൈറൽ ഹെപ്പറ്റൈറ്റീസുമാണ് കരളിനെ ബാധിക്കുന്ന കാൻസറിനുള്ള പ്രധാന കാരണങ്ങൾ. സ്തനാർബുദം, കൊളോൺ കാൻസർ, യൂട്ടെറൈൻ കാൻസർ എന്നിവയ്ക്കുള്ള പ്രധാന കാരണം ജീവിത ശൈലിയിലെ പ്രശ്നമാണ്. ലക്ഷത്തിൽ 35 സ്ത്രീകൾക്ക് ഓരോ വർഷവും കേരളത്തിൽ സ്തനാർബുദം പിടിപെടുന്നു എന്നുള്ളതാണ് വസ്തുത.
അർബുദത്തെ പ്രതിരോധിക്കാം
കാൻസർ തടയുന്നതിനുള്ള പ്രധാനമായ രണ്ട് വഴികൾ വരാതെ പ്രതിരോധിക്കുകയും പരിശോധനകളിലൂടെ രോഗം മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുകയുമാണ് വേണ്ടത്. കാൻസറിന് ജീവിതശൈലിയുമായി ബന്ധമില്ല എന്ന ധാരണ മാറിയതോടെ രോഗപ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം കൈവന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലി വഴി കാൻസറിനെ പ്രതിരോധിക്കാം ഫലപ്രദമായ രോഗപ്രതിരോധ ജീവിത ശൈലിയിലൂടെ മൂന്നിലൊരു കാൻസറിനെയും ഒഴിവാക്കാനാകുമെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വായ, ശ്വാസകോശം, സ്തനം എന്നിവയിലെ കാൻസറുകൾ ദുശ്ശീലങ്ങൾ ഒഴിവാക്കിയും ജീവിത ശൈലി പരിഷ്കരിക്കുകയും ചെയ്താൽ വലിയൊരു പരിധിവരെ അകറ്റി നിർത്താനാകും. രോഗം പരിശോധനകളിലൂടെ മുൻകൂട്ടി കണ്ടെത്തുകയാണ് രണ്ടാമത്തെ വഴി. ശരിയായ സമയത്തെ രോഗ നിർണയത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും തിരിച്ചു പിടിക്കുന്നത് പലപ്പോഴും ജീവിതം തന്നെയായിരിക്കും. എത്രയും നേരത്തെ രോഗ നിർണയം നടത്തുക എന്നതിന് ചികിത്സാ വിജയത്തിൽ പ്രാധാന്യമേറെയാണ്. രോഗം താരതമ്യേന എളുപ്പത്തിൽ ഭേദമാക്കാം എന്നതിനു പുറമേ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തുന്നത് സഹായിക്കും. സ്തനാർബുദം, ഗർഭാശയഗള കാൻസർ, ത്വക്കിലെ കാൻസർ, വായിലെ കാൻസർ, വൻകുടലിലെ കാൻസർ, കുട്ടികളിലെ ചിലതരം കാൻസറുകൾ എന്നിവ ലക്ഷണങ്ങളിലൂടെ മുൻകൂട്ടി കണ്ടെത്താനാകും.
തവിടുള്ള ഭക്ഷണം ശീലമാക്കുക
മാംസാഹാരം കുറയ്ക്കുക
ബീറ്റ്റൂട്ട്, കാരറ്റ്, ചക്ക, ബ്രോക്കോളി, തക്കാളി, പയർ വർഗങ്ങൾ തുടങ്ങിയവയോടൊപ്പം ചീര, കാബേജ് തുടങ്ങിയ ഇലക്കറികൾ ധാരാളം ഉപയോഗിക്കുക.
പച്ചക്കറികൾ അധികം വേവിക്കാതെ കഴിക്കുന്നതും അത്യുത്തമം
∙ കേരളത്തിന്റെ തനതു മസാലക്കൂട്ടുകൾ(മഞ്ഞൾ, ഇഞ്ചി, ജീരകം, കുരുമുളക്) ഉപയോഗിക്കുക. ധാരാളം നാരുകളടങ്ങിയ ധാന്യങ്ങൾ ഉൾപ്പെടുത്തുക.
സാധാരണയായി കാണുന്ന വിവിധതരം അർബുദങ്ങൾ
∙ സ്തനാർബുദം
∙ ഗർഭാശയമുഖ അർബുദം(സെർവിക് കാൻസർ)
∙ ആമാശയ അർബുദം
∙ ഹെഡ് & നെക്ക് കാൻസർ(പുകവലി, ലഹരി പദാർഥം എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്നത്, പ്രധാനമായും പുരുഷന്മാരിൽ കാണുന്നവ) പുരുഷന്മാരിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്
∙ ഓറൽ കാവിറ്റി കാൻസർ
∙ തൈറോയിഡിനെ ബാധിക്കുന്ന കാൻസർ
∙ രക്താർബുദം
ഡോ. ജയപ്രകാശ് മാധവൻ
സീനിയർ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ
എന്താണ് സ്തനാർബുദം?
സ്തനങ്ങളിലെ കോശങ്ങളിൽ ഉണ്ടാകുന്ന മാരകമായ മുഴകളാണ് സ്തനാർബുദം. അനേകം കാൻസർ കോശങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഈ മുഴകൾ വളരുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.. സമീകൃതമായ ആഹാരശീലത്തിലൂടെ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കാം
∙ ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക
∙ ഫൈബർ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ശീലമാക്കുക
∙ ഉപയോഗിച്ചതും സംസ്ക്കരിച്ചതുമായ ധാന്യങ്ങളുടെയും മാവുകളുടെയും പഞ്ചസാരയുടെയും ഉപയോഗം പരിമിതപ്പെടുത്തുക.
പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ചിക്കൻ, മത്സ്യം, ബീൻസ്, മുട്ട എന്നിവ ധാരാളം കഴിക്കുക.
∙ റെഡ് മീറ്റിന്റെ ഉപയോഗം ഒഴിവാക്കുക
∙ കൊഴുപ്പ് കുറഞ്ഞ ആഹാരം ശീലമാക്കുക
∙ ധാരാളം ജലവും പഴങ്ങളുടെ ജ്യൂസും കുടിക്കുക
∙ മിതമായ ഭക്ഷണക്രമീകരണം ശീലമാക്കുക
∙ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക
∙ പുകവലി പൂർണമായി ഉപേക്ഷിക്കുക
സ്തനാർബുദം തടയുന്നതിനുള്ള വ്യായാമങ്ങൾ
∙ യോഗയും ധ്യാനവും
∙ ജോഗിങ്
∙ നീന്തൽ
∙ നടത്തം
∙ പൂന്തോട്ട പരിപാലനം
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വ്യായാമ രീതികൾ തിരഞ്ഞെടുക്കുക
സ്തനാർബുദത്തെ എങ്ങനെ അഭിമുഖീകരിക്കും
∙ ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണുകയും, ചികിത്സിക്കുന്ന ഡോക്ടർ, ഡയറ്റീഷൻ എന്നിവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.
∙ നിങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം തന്നെ ആശുപത്രിയുടെയും പൂർണ പിന്തുണ ഉണ്ടെന്നുള്ളത് മറക്കാതിരിക്കുക
∙ കൂടുതൽ താൽപര്യവും സന്തോഷവും നൽകുന്ന കാര്യങ്ങളിൽ വ്യാപൃതരാകുക
∙ നിങ്ങളുടെ വിശ്വസ്തരുടെയും, പ്രശ്നങ്ങൾ മനസിലാക്കുകയും പിൻതുണയ്ക്കുകയും ചെയ്യുന്നവരുടെയും ഒപ്പം കൂടുതൽ സമയം ചെലവഴിക്കുക
∙ നിങ്ങൾക്ക് മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സന്നദ്ധ സംഘടനകളുടെ സേവനം തേടാവുന്നതാണ്.
ഡോ.ചെറിയാൻ തമ്പി
അസോസിയേറ്റ് കൺസൾട്ടന്റ്
മെഡിക്കൽ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ
സസ്യാഹാരികൾക്ക് പൊതുവെ അർബുദം കുറവായാണ് കാണപ്പെടുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും അർബുദ സാധ്യത വളരെ കുറയ്ക്കുന്നു. നമ്മുടെ നാട്ടിൽ കാണുന്ന പേരയ്ക്കയും തണ്ണിമത്തനും മുന്തിരങ്ങയും ഓറഞ്ചും സവാളയുമൊക്കെ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ഇവ നിത്യഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് അർബുദ സാധ്യത കുറയ്ക്കും. പഴവർഗ്ഗങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ സി ഇ, ബീറ്റാ കരോട്ടിൻ മുതലായവ കാൻസർ പ്രതിരോധ പോഷകങ്ങളാണ്.
ഉയർന്ന തോതിലുള്ള അവശിഷ്ടമുണ്ടാക്കുന്ന ഭക്ഷണമാണ് (ഹൈ റെസിഡ്യൂ) ഭക്ഷണമാണ് ഉത്തമം. ഭക്ഷ്യനാരുകൾ (ഫൈബർ) ധാരാളമടങ്ങിയ സസ്യാഹാരം തന്നെയാണ് അതിൽ മുമ്പൻ. ഫാസ്റ്റ് ഫുഡ് ധാരാളമുപയോഗിച്ചു വരുന്ന പല പാശ്ചാത്യ രാജ്യങ്ങളിലും കുടലിലെ കാൻസർ സാധാരണമാണ്. ഈ രോഗികളിൽ മിക്കവരും മലശോധന വല്ലപ്പോഴും മാത്രം ഉള്ളവരുമായിരുന്നു. ആഹാരം ദഹിച്ചശേഷം പുറത്തുപോകാൻ ഒന്നുമില്ലാത്ത ഭക്ഷണമായിരുന്നു അവർ കഴിച്ചിരുന്നതും. എന്നാൽ നമ്മുടെ ആഹാരത്തിൽ ദഹിക്കാതെ ശേഷിക്കുന്ന ഭക്ഷ്യനാരുകൾ ദഹനപാതയിലെ മാലിന്യങ്ങളെ തുടച്ചുമാറ്റാനും പുറന്തള്ളാനും ആഹാരഘടകങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സഹായിക്കും. ഈ പ്രവർത്തനങ്ങളിലൂടെ കുടലിലെ അർബുദ സാധ്യത തടയും.
കാൻസർ പ്രതിരോധിക്കാം
ഇന്ത്യയിൽ കാണുന്ന ക്യാൻസറിൽ പത്ത് മുതൽ പതിനഞ്ച് ശതമാനത്തോളം ഭക്ഷണമോ ഭക്ഷണരീതിയിലെ അപാകതയോ കൊണ്ടുണ്ടാകുന്നവയായി സംശയിക്കപ്പെടുന്നുണ്ട്. വികസിത രാജ്യങ്ങളിലാകട്ടെ മൂന്നിലൊന്ന് പങ്കും ഇത്തരത്തിലുള്ളതാണ്. വികസിത രാജ്യങ്ങളുടേതിന് സമാനമാവുകയാണ് കേരളവും. ഭക്ഷണമുൾപ്പെടുന്ന ജീവിതശൈലിയിലെ അപാകത മാത്രം പരിഹരിച്ചാൽ ഏതാണ്ട് നാൽപത് ശതമാനത്തോളം കാൻസർ രോഗങ്ങളും നമുക്ക് പ്രതിരോധിക്കാം.
ഡോ. ബോബൻ തോമസ്
മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം
കാൻസർ ശസ്ത്രക്രിയ
കാൻസർ ചികിത്സയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശസ്ത്രക്രിയ. കാൻസർ ശസ്ത്രക്രിയ വളരെയധികം പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് നാമിപ്പോൾ. കാൻസർ ശസ്ത്രക്രിയ എന്നു കേൾക്കുമ്പോൾ, കാൻസർ ബാധിച്ച അവയവം മുഴുവൻ നീക്കം ചെയ്യലാണെന്നും, അതിലൂടെ രോഗി വിരൂപനാക്കപ്പെടുമെന്നുമാണ് പലരുടെയും മനസിൽ തോന്നുന്ന കാര്യം. പക്ഷേ ഇപ്പോൾ കൂടുതലായും ഓർഗൻ കൺസർവേഷൻ അഥവാ അവയവം നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയാണ് ചെയ്തുവരുന്നത്. ഉദാഹരണത്തിന് സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന സ്തനാർബുദം പണ്ട് കാലത്ത് മാസെക്ടമി(സ്തനം മുഴുവനായി നീക്കം ചെയ്യുന്നത്) യിലൂടെയാണ് ചികിത്സിച്ചിരുന്നത്. എന്നാൽ ഇന്ന് സ്തനങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയകൾ കൂടുതൽ പ്രചാരത്തിലായി. മാസ്റ്റെക്ടമിയുമായി താരതമ്യം ചെയ്യുമ്പോൾ രോഗം വീണ്ടും വരുവാനുള്ള സാധ്യത ഒട്ടും കൂടുതലല്ലായെന്നുള്ളതിന് പഠനങ്ങളുടെ പിൻബലമുണ്ട്. സ്തനാർബുദം ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ എല്ലാവരും ഭയക്കുന്ന ഒരു കാര്യമാണ് ലിംഫെഡിമ(കൈയ്യിലെ നീര്) പണ്ടത്തെ ശസ്ത്രക്രിയ രീതിയിൽ രോഗികൾക്ക് കൈകളിൽ ഭയാനകമായ രീതിയിൽ നീര് വന്ന് വിങ്ങുമായിരുന്നു ഇതിന്റെ കാരണം കക്ഷത്തിലെ കഴലകൾ (ലിംഫെഡിമ) നീക്കം ചെയ്യുന്നതായിരുന്നു. എന്നാൽ ശസ്ത്രക്രിയ ടെക്നിക് പുരോഗമിച്ചതിന്റെ ഫലമായി ലിംഫെഡിമ വരാതെ തന്നെ കക്ഷത്തിലെ കഴലകൾ നീക്കം ചെയ്യുവാൻ സാധിക്കും. കഴിഞ്ഞ കുറേ വർഷത്തെ എന്റെ അനുഭവത്തിൽ, ബ്രസ്റ്റ് കൺസർവേഷൻ ശസ്ത്രക്രിയ ചെയ്തവരിലും മാസ്റ്റെക്ടമി ചെയ്തവരിലും വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ലിംഫെഡിമ വന്നിട്ടുള്ളു. അവർക്കു തന്നെ മറ്റ് പല കാരണങ്ങളിലാണ് അത് ഉണ്ടായത്.
ഓർഗൻ കൺസർവേഷൻ ശസ്ത്രക്രിയയുടെ നേരെ വിപരീതമായ മറ്റൊരു പുരോഗതി കാൻസർ ശസ്ത്രക്രിയയിൽ വന്നിട്ടുണ്ട്. അത് ചില അവയവങ്ങളിൽ വരുന്ന കാൻസർ മുഴുവനായി നീക്കം ചെയ്യാനാവില്ലെന്നും, അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അനവധി സങ്കീർണ്ണത ഉണ്ടാകുമെന്നും, രോഗിയുടെ ജീവനു തന്നെ അപകടമാകുമെന്നും മുമ്പ് വിചാരിച്ചിരുന്നു. എന്നാൽ ശരീരഘടന കൂടുതൽ കൂടുതൽ മനസിലാക്കപ്പെടുകയും അതിനനുസൃതമായി സർജറി ടെക്നിക്കുകൾ പുരോഗമിക്കുകയും ചെയ്തതോടുകൂടി മുകളിൽ പറഞ്ഞത് വെറും മിഥ്യാധാരണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തൈറോയിഡ് സർജറി. രോഗം ബാധിച്ച് തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കം ചെയ്യാൻ ശ്രമിച്ചാൽ പാരാതൈറോയിഡ് ഗ്രന്ഥികൾക്കും സ്വനപേടകത്തെ നിയന്ത്രിക്കുന്ന ഞരമ്പിനും ക്ഷതമുണ്ടാകുമെന്നും അതുകൊണ്ട് ടോട്ടൽ തൈറോടെക്ടമി ചെയ്യാൻ ശ്രമിക്കരുതെന്നുമാണ് മുൻപ് പഠിച്ചിരുന്നത്. ഈ ധാരണ തെറ്റാണെന്നും യാതൊരു സങ്കീർണ്ണതയും ഇല്ലാതെ ടോട്ടൽ തൈറോടെക്ടമി ചെയ്യാൻ സാധിക്കുമെന്നും ഉള്ളത് ഒരു യാഥാർഥ്യമാണ്. ഇതിനകം 700-ൽ അധികം ടോട്ടൽ തൈറോടെക്ടമി കഴിഞ്ഞ കുറേ വർഷത്തിനിടയ്ക്ക് ഞാൻ ചെയ്തിട്ടുണ്ട്. ഒരാൾക്ക് പോലും ഹൈപ്പോപാരാ തൈറോയിഡിസമോ ഞരമ്പുകൾക്ക് തകരാറോ ഉണ്ടായിട്ടില്ല.
മറ്റൊരു പ്രധാനപ്പെട്ട ചോദ്യം കാൻസർ ചികിത്സ ആരു ചെയ്യുമെന്നുള്ളതാണ്. സാധാരണ സർജൻസ് ചെയ്യുന്നതിനേക്കാൾ മെച്ചപ്പെട്ട ഫലപ്രാപ്തിയും ജീവിതദൈർഘ്യവും ലഭിക്കുന്നത് കാൻസർ സർജനോ, കാൻസർ സർജറിയിൽ പരിശീലനം ലഭിച്ചോ ആളോ ചെയ്യുമ്പോഴാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ള കാര്യമാണ്. ആധുനിക കാൻസർ ശസ്ത്രക്രിയ വിഭാഗങ്ങളിൽ തലയിലും കഴുത്തിലും ശ്വാസകോശത്തിലും സ്തനങ്ങളിലും ബാധിക്കുന്ന അർബുദത്തിനും തലച്ചോറിലെ ട്യൂമറിനും ശസ്ത്രക്രിയകൾ പതിവായി ചെയ്യുന്നുണ്ട്.
ഡോ അക്വിബ് ഷേയ്ക്
കൺസൽട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ
കാൻസർ എന്ന രോഗത്തെപ്പറ്റി നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ ബി.സി. 420-ലേയ്ക്ക് പോകണം.അക്കാലത്താണ് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്, ഞണ്ട് എന്നർത്ഥം വരുന്ന ‘കാർസിനോസ്’, കാർസിനോമ എന്നീ ഗ്രീക്ക് പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്.
ഒരു ട്യൂമറിന്റെ പരിശോധനയിൽ, എല്ലാ വശങ്ങളിലേയ്ക്കും വ്യാപിച്ച് കിടക്കുന്ന ഞരമ്പുകൾ ഞണ്ടിന്റെ കാലുകൾ പോലെയാണ് അദ്ദേഹത്തിന് തോന്നിയത്. ഇതാവാം അദ്ദേഹത്തിന് ഞണ്ടിനെ ഈ രോഗവുമായി ബന്ധിപ്പിക്കാൻ പ്രചോദനമായത്. ബി.സി 25-ന് ശേഷമാണ് സെൽസസ് എന്ന വൈദ്യശാസ്ത്രജ്ഞൻ ഞണ്ട് എന്ന ഗ്രീക്ക് പദമായ കാർസിനോസിനെ ലാറ്റിനിലേയ്ക്ക് തർജ്ജമ ചെയ്ത് കാൻസർ എന്ന വാക്കിന് രൂപം നൽകിയത്.
ആദ്യകാലങ്ങളിൽ ഈ രോഗം മറ്റുള്ളവരിലേയ്ക്ക് പകരുന്ന ഒരു വിഷമായാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. അക്കാലത്ത് കാൻസറിനെപ്പറ്റി നിരവധി തെറ്റി:ധാരണകൾ പടർന്നിരുന്നു. ഇന്നും ജനങ്ങളിൽ ഭീതിയും അതിലുപരി നിരവധി മിഥ്യാധാരണകളും നിലനിൽക്കുന്നതിനാലാകാം കാൻസർ എന്ന രോഗം ഇത്രത്തോളം വളർന്നത്. ഈ രോഗത്തെ കൂടുതലായി അടുത്ത് അറിയുകയും പൂർണ്ണമായ അറിവ് നേടുകയും ചെയ്താൽ മാത്രമേ നമുക്ക് ഈ മഹാവ്യാധിയെ പിടിച്ചുകെട്ടുവാൻ സാധിക്കുകയുള്ളു. പ്രമേഹവും രക്തസമ്മർദ്ദവും പോലെ ഒരിക്കൽ വന്നാൽ എന്നും കൂടെ ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സയേക്കാൾ ഫലപ്രദമായ രീതികൾ കാൻസർ ചികിത്സയ്ക്ക് ഇന്നുണ്ട്. ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണത്തിനൊപ്പം തന്നെയുണ്ട് അത് പൂർണ്ണമായി ഭേദമായവരുടെ എണ്ണവും. കാൻസർ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ അവരാരും തന്നെ ഇക്കാര്യം സമൂഹവുമായി പങ്കുവെയ്ക്കാൻ തയാറാകാറില്ല.
മറ്റ് അസുഖങ്ങളെപ്പോലെതന്നെ നമുക്ക് കാൻസറിനെയും ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. രോഗം തുടക്കത്തിൽതന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിലൊന്ന് കാൻസറുകളും ഭേദമാക്കാൻ കഴിയും എന്നുള്ളതാണ് വസ്തുത. ഇതിനായി നമ്മുടെ ചികിത്സാരംഗത്ത് വന്നിട്ടുള്ള മുന്നേറ്റങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. സർജറി, റേഡിയേഷൻ,കീമോതെറാപ്പി എന്നീ ചികിത്സാരംഗങ്ങളിൽ വൈദ്യശാസ്ത്രം വളരെയധികം മുന്നേറിക്കഴിഞ്ഞു.
കാൻസർ ചികിത്സയിൽ കീമോതെറാപ്പിയുടെ മുന്നേറ്റം അർബ്വുദ കോശങ്ങളെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധങ്ങൾ ഗുളികയായോ കുത്തിവയ്പ്പായോ നൽകുന്ന ചികിത്സാരീതിയാണ് കീമോതെറാപ്പി. ഇന്ന് ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചികിത്സാവിഭാഗവും ഈ മരുന്ന് ചികിത്സ തന്നെയാണ്. എന്നാൽ കാൻസർ കോശങ്ങൾക്കൊപ്പം സാധാരണ കോശങ്ങളും നശിക്കുമെന്നതാണ് കീമോതെറാപ്പിയുടെ പാർശ്വഫലം. സാധാരണ കോശങ്ങളുടെ നാശം കുറയ്ക്കുന്നതിനായി കീമോതെറാപ്പി ചികിത്സയിൽ അടുത്ത കാലത്തായി പല മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
ഇത്തരം കീമോതെറാപ്പി മരുന്നുകൾ കാൻസർ രോഗികളിലേയ്ക്ക് കടന്ന് പാർശ്വഫലങ്ങൾ കുറച്ച് രോഗം ശമിപ്പിക്കുന്നവയാണ്. ഇവയിലൊന്നാണ് നാനോ-ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന കീമോതെറാപ്പി മരുന്നുകൾ. കാൻസർ കോശങ്ങളിൽ എത്തുന്ന മരുന്ന് നാനോ കവചത്തിൽ നിന്നും പുറത്തേയ്ക്ക് വരികയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ഇമ്മ്യൂണോ തെറാപ്പി
അടുത്ത കാലങ്ങളിലായി പ്രാധാന്യം നേടുന്ന ചികിത്സാരീതിയാണ് ഇമ്മ്യൂണോ തെറാപ്പി. ഇത്തരത്തിലുള്ള ഒരു വാക്സിൻ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കാൻസറിന് ഉപയോഗിച്ചുവരുന്നുണ്ട്. കാൻസർ ചികിത്സ പരാജയപ്പെടുന്നതിന്റെ ഒരു കാരണം കാൻസറിന്റെ മൂലകോശങ്ങൾ നശിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ്. സാധാരണയായി ഇത്തരം കോശങ്ങൾ മരുന്നുകളോട് പ്രതികരിക്കാത്തവയാണ്. അത് മറികടക്കാനുള്ള ഗവേഷണങ്ങൾ ധാരാളമായി നടന്നുവരികയാണ്.
ടാർഗെറ്റെഡ് തെറാപ്പി
സാധാരണ കീമോതെറാപ്പിയെ അപേക്ഷിച്ച് ടാർഗെറ്റെഡ് തെറാപ്പിയിൽ മരുന്നുകൾ കൂടുതലായും കാൻസർ കോശങ്ങളെ മാത്രമേ നശിപ്പിക്കുകയുള്ളു. ഇത്തരത്തിൽ ആദ്യമായി പ്രയോഗത്തിൽ വന്നത് ക്രോണിക് മൈലോയിഡ് ലൂക്കേമിയയ്ക്ക് ഉപയോഗിക്കുന്ന ഇമാറ്റിനിബ് എന്ന മരുന്നായിരുന്നു.ശ്വാസകോശാർബുദം, ലിംഫോമ, സ്തനാർബുദം എന്നിവയുടെ ചികിത്സയിൽ ടാർഗെറ്റെഡ് തെറാപ്പി കാര്യമായ ഫലം നൽകുന്നുണ്ട്. മോണോക്ലോണൽ ആന്റിബോഡീസ് വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ കണ്ടുപിടിത്തമാണ് ഈ ചികിത്സയിൽ വന്ന മറ്റൊരു പ്രധാനപ്പെട്ട നേട്ടം. ഈ ആന്റിബോഡികൾ കാൻസർ കോശങ്ങളിൽ ഒട്ടിപ്പിടിക്കുകയും ശരീരത്തിലെതന്നെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് അവയെ കൂട്ടുപിടിക്കുന്നതിനും നശിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തക്കുഴലുകൾ പുതുതായി ഉണ്ടാകുന്നത് തടയുന്നതുമൂലം ട്യൂമറിന്റെ തുടർന്നുള്ള വളർച്ച തടയുകയോ ട്യൂമർ നശിക്കുന്നതിനു തന്നെ കാരണമാകുകയോ ചെയ്യുന്നു. ഇത്തരം മരുന്നുകൾ രക്താർബുദത്തിനും സ്തനാർബുദ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്.
ഡോ. ബോബൻ തോമസ്
മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്
കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം
അവസാനം പരിഷ്കരിച്ചത് : 6/20/2020
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കൂടുതല്‍ വിവരങ്ങള്‍
ഗര്‍ഭാശയ ഭിത്തിയിലെ പേശികളില്നിന്നുണ്ടാകുന്ന അമിത...
അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് കാന്‍സര്‍