অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്യാന്‍സര്‍ വരാതിരിക്കാന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

ക്യാന്‍സര്‍ വരാതിരിക്കാന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

  1. ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  2. എന്താണു ക്യാന്‍സര്‍
  3. ക്യാന്‍സര്‍ വരാതെ നോക്കാം
  4. നിത്യേന വ്യായാമം
  5. നിറമുള്ള പഴങ്ങള്‍ കഴിക്കാം
  6. പൊണ്ണത്തടി
  7. ഉച്ചവെയിലിനെ ഒഴിവാക്കാം
  8. ദിവസം 20 മിനിറ്റ് ധ്യാനം
  9. പരിസ്ഥിതി മലിനമാക്കരുത്
  10. പാന്‍മസാല
  11. പുകവലിയും നിഷ്ക്രിയ പുകവലിയും ഒഴിവാക്കുക
  12. മദ്യം
  13. വായ പരിശോധിക്കുക
  14. മാംസഭക്ഷണം കുറയ്ക്കുക
  15. എണ്ണയില്‍ വറുത്തവ നന്നല്ല
  16. ഫാസ്റ്റ് ഫുഡ് ഒഴിവാക്കാം
  17. പൂപ്പല്‍
  18. ഉപ്പിലിട്ടവ കുറയ്ക്കുക
  19. പെയ്ന്റും ആസ്ബെസ്റ്റോസും
  20. മൊബൈല്‍ ഫോണ്‍ അത്യാവശ്യത്തിനു മാത്രം
  21. റേഡിയേഷന്‍ പരിശോധന
  22. മാമോഗ്രാം
  23. പാപ്സ്മിയര്‍
  24. പുരുഷന്മാര്‍ക്കു പി. എസ്. എ
  25. വാക്സിനേഷന്‍

ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാന്‍സര്‍ എന്ന അര്‍ബുദം. ഇതൊരു പുതിയ രോഗമല്ല. അതിപുരാതനകാലം മുതല്‍ക്കേ ഈ രോഗമുണ്ടായിരുന്നു. മാരകമായ മുഴ എന്നര്‍ത്ഥം വരുന്ന കാര്‍സിനോമ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് കാന്‍സര്‍ എന്ന പദം രൂപപ്പെട്ടത്.

എന്നാല്‍ മരണത്തിന്റെ വ്യാപാരിയാണു കാന്‍സര്‍ എന്ന ധാരണ ഇന്നു മാറിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയാണു കാന്‍സര്‍ എന്ന അന്ധവിശ്വാസവും മാറിവരുന്നു. പ്രാരംഭദശയില്‍ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ ഈ രോഗത്തെ വരുതിയിലാക്കാന്‍ കഴിയും. ഏതൊരു രോഗമായാലും മൂര്‍ധന്യാവസ്ഥയില്‍ അപകടകാരിയാണ്. അതുപോലെ തന്നെയാണു കാന്‍സറും. നിര്‍ഭാഗ്യവശാല്‍ വളരെ വൈകി മാത്രമേ കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നുള്ളു എന്നതാണ് ഈ രോഗം ഒരു കീറാമുട്ടിയായി മാറാനുള്ള കാരണം.

എന്താണു ക്യാന്‍സര്‍

കോശങ്ങള്‍ കൊണ്ടാണു ജീവനുള്ള എല്ലാ വസ്തുക്കളും നിര്‍മിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. ഈ കോശങ്ങളുടെ വളര്‍ച്ച, വിഭജനം , പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകള്‍ ആണ്. ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അഥവാ മ്യൂട്ടേഷന്‍ മൂലം കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുകയും ആ കോശസമൂഹം ഉള്‍പ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്നു എവിടെയാണോ ക്രമാതീതമായ ഈ വളര്‍ച്ചയുണ്ടാകുന്നത് അതാണു കാന്‍സര്‍.

ഈ കാന്‍സര്‍ കോശങ്ങള്‍ക്കു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും (മെറ്റാസ്റ്റാസിസ്) ഉണ്ട്. ഏകദേശം 200 ല്‍ പരം കാന്‍സറുകള്‍ ഇന്നു കണ്ടെത്തിയിട്ടുണ്ട്. ഒാരോ കാന്‍സറിനുമുള്ള കാരണം, ജനിതക രാസിക പ്രത്യേകതകള്‍, വളര്‍ച്ചാനിരക്ക് ചികിത്സയോടുള്ള പ്രതികരണം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.

ക്യാന്‍സര്‍ വരാതെ നോക്കാം

ഏതാണ്ട് 80 ശതമാനം കാന്‍സറിന്റെയും കാരണങ്ങള്‍ നമുക്കറിയാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനായാല്‍ കാന്‍സറുകളില്‍ ഭൂരിഭാഗവും വരാതെ നോക്കാന്‍ നമുക്കാവും. പുകയില, തെറ്റായ ഭക്ഷണക്രമം അമിതവണ്ണം , വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകള്‍ തുടങ്ങിയ കാന്‍സര്‍ വര്‍ധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. ചുരുക്കിപറഞ്ഞാല്‍ ഇന്നു കാണുന്ന കാന്‍സര്‍ രോഗങ്ങളില്‍ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ വരാതെ നോക്കുന്നത് . അതിനായി കാന്‍റിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് നമ്മള്‍ മനസിലാക്കണം.  കാന്‍സര്‍ പ്രതിരോധത്തിനു നമുക്ക് പ്രാവര്‍ത്തികമാക്കാവുന്ന 25ല്‍ പരം അറിവുകളാണ് ഇവിടെ പങ്കിടുന്നത്. ഇവയില്‍ പലതും അതീവ ലളിതമാണ്. പക്ഷേ ഏറെ ഗുണപ്രദവും.

നിത്യേന വ്യായാമം

പതിവായി വ്യായമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പല കാന്‍സറുകളും തടയാന്‍ അതൊരു ഫലപ്രദമായ മാര്‍ഗം കൂടിയാണ്. വ്യായാമത്തിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാര്‍ബുദം , ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ആഴ്ചയില്‍ എല്ലാ ദിവസവും ചെയ്യാന്‍ കഴിയാത്തവര്‍ അഞ്ചു ദിവസമെങ്കിലും മുടങ്ങാതെ ചെയ്യണം. വ്യായാമം എന്നു പറഞ്ഞാല്‍ ജിമ്മില്‍ പോകണമെന്നില്ല. വേഗത്തിലുള്ള നടത്തം, എയ്റോബിക്സ്, നൃത്തം, ജോഗിങ്ങ്, സൂര്യനമസ്കാരം, യോഗ , വീട്ടില്‍ വച്ചു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങള്‍, എന്നിവയൊക്കെ ആവാം.

നിറമുള്ള പഴങ്ങള്‍ കഴിക്കാം

വിവിധ വര്‍ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മാറി മാറി ഉപയോഗിക്കുന്നതു ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങള്‍ ശരീരത്തിനു ലഭിക്കും. പച്ചക്കറികളില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ അതു കാന്‍സര്‍ പ്രതിരോധത്തിനുതകും . ഈ ഇലക്കറികള്‍ മലബന്ധം തടയാനും അമ്ളത കുറയ്ക്കാനും സഹായിക്കുന്നവയാണ്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന അന്റി ഒാക്സിഡന്റുകള്‍ പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുണ്ട്. മാത്രമല്ല ദഹനവ്യവസ്ഥയിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഈ ആഹാരരീതി പ്രയോജനകരമാണ്. ദിവസേന ഒരു നേരമെങ്കിലും പച്ചയായപച്ചക്കറികള്‍ കൊണ്ടുള്ള സാലഡ്ശീലമാക്കണം. മാങ്ങ, ചക്കപ്പഴം, നെല്ലിക്ക, പപ്പായ, വാഴപ്പഴം, സപ്പോട്ട, കൈതച്ചക്ക, പേരയ്ക്ക തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായ പഴങ്ങള്‍ ഉപയോഗിച്ചാല്‍ അതു കടുംബബജറ്റിനെ കാര്യമായി ബാധിക്കുകയുമില്ല. തക്കാളി , കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, ചീര ,മുരിങ്ങയില തുടങ്ങി വിവിധയിനങ്ങളിലുള്ള ഇലക്കറികളും പച്ചക്കറികളും ആകെയുള്ള ഭക്ഷണത്തിന്റെ പകുതിയെങ്കിലും ഉണ്ടാവണം. അതായത് ദിവസവും 500 മുതല്‍ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഇവയൊക്കെ നന്നായി കഴുകി കീടനാശിനി വിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ മറക്കേണ്ട.

പൊണ്ണത്തടി

ശരീരത്തിന് അമിതമായി തൂക്കം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടി നില്‍ക്കുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ഭക്ഷണനിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും തൂക്കം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നിശ്ചിത കാലയളവിനുള്ളില്‍ കുറഞ്ഞില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടുക. മെറ്റബോളിക് തകരാറുകള്‍ കണ്ടുപിടിക്കാനുള്ള പരിശോധനകളും നടത്തേണ്ടി വരും.

ഉച്ചവെയിലിനെ ഒഴിവാക്കാം

അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ശരീരത്തില്‍ പതിക്കുന്നതാണു ത്വക്ക് കാന്‍സറിനു കാരണം. നമ്മുടെ നാട്ടില്‍ ഈ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പല പാശ്ചാത്യ രാജ്യങ്ങളിലും സാധാരണമായ കാന്‍സറാണിത്. തടയാന്‍ കഴിയുന്ന കാന്‍സറാണിത് എന്നതാണ് പ്രാധാന കാര്യം. നട്ടുച്ചവെയിലത്തു കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതിനു കഴിഞ്ഞല്ലെങ്കില്‍ തന്നെ അധിക സമയം ഉച്ചവെയില്‍ ചര്‍മത്തില്‍ വീഴാതിരിക്കാന്‍ നോക്കണം. കുട ഒരു സംരക്ഷണകവചമാക്കാം. സണ്‍ പ്രൊട്ടക്ക്ഷന്‍ ഫാക്ടര്‍ കൂടുതലുള്ള സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടി പുറത്തിറങ്ങിയാല്‍ അള്‍ട്രാവയലറ്റ് രശ്മികളെ ഒരു പരിധി വരെ തടയാം. മേലാകെ മൂടുന്ന വസ്ത്രം, സണ്‍ഗാസ്, തൊപ്പി എന്നിവയൊക്കെ മറ്റു ചില മാര്‍ഗങ്ങളാണ്.

ദിവസം 20 മിനിറ്റ് ധ്യാനം

ശരീരത്തിനെയും മനസ്സിനെയും സന്തുലനരേഖയില്‍ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയാണു ധ്യാനം. കാന്‍സര്‍ ഒരു സൈക്കോസൊമാറ്റിക് (മനോ ശരീരജന്യ) രോഗമായി കൂടി പലപ്പോഴും വിലയിരുത്തപ്പെടുന്നതിനാല്‍ ധ്യാനം തീര്‍ച്ചയായും ഗുണകരമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വൈകാരികസംഘര്‍ഷങ്ങള്‍ കുറയ്ക്കാനും അതുവഴി കോശങ്ങള്‍ക്കു സ്വാസ്ഥ്യം നല്‍കാനും ധ്യാനം സഹായിക്കും. ധ്യാനിക്കാന്‍ മതവിശ്വാസമൊന്നും വേണമെന്നില്ല. ശ്വാസോച്ഛ്വാസത്തില്‍ത്തന്നെ മനസ്സുറപ്പിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ധ്യാനാവസ്ഥയിലേക്കു പോകാന്‍ കഴിയും. ധ്യാന വിശ്രാന്തിയിലൂടെ ലഭിക്കുന്ന നല്ല ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും കാന്‍സര്‍ പ്രതിരോധത്തിനു സഹായിക്കും.

പരിസ്ഥിതി മലിനമാക്കരുത്

ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം , കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കില്‍ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം. വാഹനങ്ങളുടെയും ഫാക്ടറികളുടെയും രാസവിഷപ്പുകയില്‍ നിന്നു കഴിയുന്നത്ര അകന്നു നില്‍ക്കുക. പ്ളാസ്റ്റിക് പോലുള്ള വസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിന്‍ വാതകം ഏറെ അപകടകാരിയാണ്. അതിനാല്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കാതിരിക്കാനും അതിന്റെ പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജൈവ രാസ മാലിന്യങ്ങളെ വേര്‍തിരിച്ച് ശ്രദ്ധയോടെ വേണം സംസ്കരിക്കാന്‍

പാന്‍മസാല

പുകയിലയും പാക്കും ആസക്തിയുണ്ടാക്കുന്ന രാസവസ്തുക്കളും ചേര്‍ത്തു പാക്കറ്റിലാക്കുന്ന പാന്‍ ഇല്ലാത്ത ലഹരിമസാലയാണ് പാന്‍മസാല. ഒരുപക്ഷേ പാന്‍ അഥവാ വെറ്റിലയുണ്ടായിരുന്നെങ്കില്‍ പുകയില, പാക്ക് എന്നിവയുടെ ദോഷഫലങ്ങള്‍ ചെറിയ അളവിലെങ്കിലും കുറച്ചേനെ. കുറച്ചുനാളത്തേ ഉപയോഗം കൊണ്ടുതന്നെ ഈ ശീലത്തിനടിമയാവുന്ന കുട്ടികളും യുവാക്കളും മരണപ്പൊതിയാണു മോണയ്ക്കിടയില്‍ വച്ചു നുണഞ്ഞിറക്കുന്നത്. ആദ്യഘട്ടത്തില്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന പേരിലുള്ള പേശീചലനരാഹിത്യം ഉണ്ടാവുകയും ക്രമേണ അതു കാന്‍സറായി പരിണമിക്കുകയും ചെയ്യും. വദനാര്‍ബുദം സാധാരണഗതിയില്‍ മദ്യവയസ്സു കഴിഞ്ഞവരിലാണു കണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചെറുപ്പക്കാരിലും വായിലെ കാന്‍സര്‍കണ്ടു തുടങ്ങിയിരിക്കുന്നതു വലിയൊരു അപകടത്തിന്റെ സൂചനയാണ്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ടു കേരള സര്‍ക്കാര്‍ പാന്‍മസാല നിരോധിച്ചതു നല്ല കാര്യമാണ്. നാക്ക്, കവിള്‍, അണ്ണാക്ക് എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിച്ചു ജീവിതത്തിന്റെ വസന്തകാലം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ നോ പാന്‍ മസാല എന്ന ബോര്‍ഡ് മനസ്സിന്റെ ഭിത്തിയില്‍ തൂക്കിയിടുക.

പുകവലിയും നിഷ്ക്രിയ പുകവലിയും ഒഴിവാക്കുക

കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്നായി അരനൂറ്റാണ്ടുമുമ്പേ തന്നെ കണ്ടുപിടിക്കപ്പെട്ട വില്ലനാണു പുവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൌബ്ദപേടകം, മൂത്രാശയം, വൃക്ക, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിലെ കാന്‍സറുകളില്‍ പുകയില പ്രധാന ഹേതുവാണ്. ഒരറ്റത്തു തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയുമെന്നാണ് പുകവലിക്കാരെക്കുറിച്ചു ഒരു മഹാന്‍ പറഞ്ഞത്. യാതൊരു ഗുണവുമില്ലാത്ത ഈ ദുശീലം ഉപേക്ഷിക്കുന്നതോടെ കാന്‍സറിനുള്ള സാധ്യതയും കുറയുന്നു. ഇതുവരെ പുകവലി ശീലമില്ലാത്തവര്‍ അതൊരിക്കലും തുടങ്ങാതിരിക്കുക പുകവലി ശീലമുള്ളവര്‍ ഇന്നുതന്നെ ഉപേക്ഷിക്കുക. 191 ല്‍ ബ്രീട്ടിഷ് മെഡിക്കല്‍ ജേണലിലാണു പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന പുകവലിക്കാരല്ലാത്ത സ്ത്രീകളില്‍ ശ്വാസകോശ കാന്‍സര്‍ കാണുന്നു എന്ന റിപ്പോര്‍ട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം നടന്ന വിവിധ പഠനങ്ങള്‍ ഈ കണ്ടെത്തല്‍ സ്ഥിരികരിച്ചിട്ടുണ്ട്. ഇതു കൂടാതെ പാരാനേസല്‍ സൈനസ് കാന്‍സര്‍ , സ്തനാര്‍ബുദം എന്നിവയും ഇത്തരം സ്ത്രീകളില്‍ കൂടുതലായി കണ്ടെത്തി. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മുന്നിലിരുന്നു പുകക്കതിന പൊട്ടിക്കുന്ന മുതിര്‍ന്നവര്‍ ഒാര്‍ക്കുക അവര്‍ക്കു നിങ്ങള്‍ കൊടുക്കുന്നതു ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയാണ്.

മദ്യം

മദ്യം അമിതമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം, ശബ്ദപേടകാര്‍ബുദം, അന്നനാളകാന്‍സര്‍, കരള്‍ കാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. മദ്യത്തോടൊപ്പം പുകവലിശീലം കൂടിയുണ്ടെങ്കില്‍ അപകടസാധ്യത പിന്നെയും കൂടുന്നു. വെള്ളത്തില്‍ ലയിക്കാത്ത ചില പുകയില രാസികങ്ങള്‍ മദ്യത്തില്‍ ലയിക്കുകയും പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമാണ് കാരണം. മദ്യം സ്ഥിരമായി കഴിക്കുന്നവരില്‍ കണ്ഠനാളത്തിന്റെയും അന്നനാളത്തിന്റെയും സ്തരത്തില്‍ ചില വ്യതിയാനങ്ങളും ഉണ്ടാവും. അമിത മദ്യപാനികളില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവര്‍ സിറോസിസ് പിന്നീട് കാന്‍സറിലേക്കും നയിച്ചേക്കാം.

വായ പരിശോധിക്കുക

ഇടയ്ക്കൊക്കെ നല്ല വെളിച്ചമുള്ള സ്ഥലത്തുവച്ചു കണ്ണാടിയിലൂടെ സ്വന്തം വായ നിരീക്ഷിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണ്. വായിലെ വെളുത്ത പാടുകള്‍ , ചുവന്നപാടുകള്‍, തടിപ്പുകള്‍, വ്രണങ്ങള്‍ , പല്ലിന്റെ ഉരസല്‍, പല്ലെടുത്തശേഷം കരിയാത്ത വ്രണങ്ങള്‍ , പൂപ്പല്‍ബാധ എന്നിവയൊക്കെ സ്വയം നോക്കി മനസ്സിലാക്കാന്‍ സാധിക്കും. . എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്. രണ്ടു മാസത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു പരിശോധന നടത്തണം. എരിവും ചൂടുമുള്ള ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതും ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.

മാംസഭക്ഷണം കുറയ്ക്കുക

ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയ ചുവന്ന മാംസം കഴിയുന്നത്ര കുറയ്ക്കുക. ഇവയില്‍ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ അതുവന്‍കുടല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുമത്രേ. ഇതു ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാന്‍സറിനു കളമൊരുക്കും. ചിക്കന്‍, മത്സ്യം മുട്ടയുടെ വെള്ള, പയറുവര്‍ഗങ്ങള്‍ എന്നിവ മാംസ്യത്തിന്റെ ആവശ്യം നിറവേറ്റും. ഇവയൊക്കെ കൊഴുപ്പു കുറച്ചു പാചകം ചെയ്യണമെന്നുമാത്രം. ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്തതും കരിഞ്ഞതുമായ മാംസം കഴിവതും ഒഴിവാക്കണം

എണ്ണയില്‍ വറുത്തവ നന്നല്ല

ആഹാരത്തിലൂടെ അകത്തുചെല്ലുന്ന കൊഴുപ്പ് എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും നന്ന്. ഉപ്പേരി, പര്‍പ്പടകം, മെഴുക്കുപുരട്ടി , വറുത്ത മീന്‍ വറുത്ത ഇറച്ചി , മുട്ടയുടെ മഞ്ഞക്കരു, പൊറോട്ട, ചിലയിനം ബേക്കറിപലഹാരങ്ങള്‍ തുടങ്ങിയവ കാന്‍സര്‍ സാധ്യത കൂട്ടുന്ന തരത്തിലുള്ള കൊഴുപ്പു kകൂടൂതല്‍ ഉള്ളവയാണ്. ഇതൊക്കെ വളരെ കുറഞ്ഞ അളവില്‍ വല്ലപ്പോഴും മാത്രമേ കഴിക്കാവൂ. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവിലും വ്യത്യാസം വരും. സ്തനാര്‍ബുദം , എന്‍ഡോമെട്രിയല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കാം

കേരളത്തെ കീഴടക്കിക്കഴിഞ്ഞ ഭക്ഷണമായ പൊറോട്ടയില്‍ നിന്നു ചപ്പാത്തിയിലേക്കു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാരുകള്‍ ഒട്ടുമില്ലാത്ത മൈദയും അമിതമായ അളവില്‍ എണ്ണയും ചേര്‍ത്തുണ്ടാക്കുന്ന പൊറോട്ട രുചികരമാണെങ്കിലും പോഷകസമൃദ്ധമല്ല. തന്നെയുമല്ല അതു ദഹിക്കാനും പ്രയാസമാണ്. ഇതോടൊപ്പം ഉന്നത ഊഷ്മാവില്‍ ആവര്‍ത്തിച്ചു തിളപ്പിച്ച എണ്ണയില്‍ അജിനോമോട്ടോയും വര്‍ണവസ്തുക്കളുമൊക്കെ പുരട്ടി പൊരിച്ചെടുക്കുന്ന കോഴിയും കൂടിയുണ്ടെങ്കില്‍ സംഗതി കുശാലാകുമെങ്കിലും അത് ആരോഗ്യകരമായ ഒരു ഭക്ഷണശീലമല്ല. വല്ലപ്പോഴും പൊറോട്ടയും ചിക്കനും കഴിക്കാം. എന്നാല്‍ നിത്യഭക്ഷണമാക്കുന്നതു നന്നല്ല. ചിക്കന്‍ മാത്രമല്ല ബീഫ് ഫ്രൈയും മട്ടന്‍ഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും.

പൂപ്പല്‍

പൂപ്പല്‍ ബാധിച്ച ഭക്ഷണം യാതൊരു കാരണവശാലും കഴിക്കരുത്. അച്ചാറില്‍ പൂപ്പല്‍ കണ്ടാല്‍ ഒന്നിളക്കിയെടുത്തു വിളമ്പിയാണ് നമ്മുടെ കണ്ണില്‍ ചില ഹോട്ടലുകള്‍ പൊടിയിടുന്നത്. നിലക്കടല, ജിലേമ്പി, ലഡു, ബ്രഡ്, ഉപ്പേരി , കേക്ക് ബേക്കറി പലഹാരങ്ങള്‍ , അച്ചാറുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ പൂപ്പല്‍ ബാധിക്കുന്നവയാണ്. പലപ്പോഴും ഇവയില്‍ പൂപ്പലുണ്ടോ എന്നു ശ്രദ്ധിക്കാതെ കഴിക്കുന്നവരുണ്ട്. ഭക്ഷ്യവിഷബാധമൂലമുള്ള വയറിളക്കവും ഛര്‍ദിയും മാത്രമല്ല പ്രശ്നം. പൂപ്പലില്‍ നിന്നുള്ള അഫ്ളാടോക്സിന്‍ എന്ന വിഷവസ്തു കരള്‍ കാന്‍സറിനും കാരണമാണ്.

ഉപ്പിലിട്ടവ കുറയ്ക്കുക

ഒരു സ്പൂണ്‍ അച്ചാറുണ്ടെങ്കില്‍ അഞ്ചിടങ്ങഴി ചോറു കഴിക്കുന്നവര്‍ കാണും. എരിവും പുളിയും ഉപ്പും എണ്ണയും മസാലയും ചേര്‍ന്ന ഈ രുചിക്കൂട്ട് ഉപ്പിന്റെ സമുദ്രമാണ്. അച്ചാറുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ജനസമൂഹങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് ഇത് ആമാശയം, കുടല്‍ എന്നിവിടങ്ങളിലെ കാന്‍സര്‍സാധ്യത വര്‍ധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഉപ്പിട്ടുണക്കിയ മത്സ്യവും അമിതമായി കഴിക്കരുത്. നിരന്തരം ഇത്തരം ഉപ്പില്‍പ്പൊതിഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതു മൂലം ബി.പി കൂടുകയും ദഹനേന്ദ്രിയത്തിലും തൊണ്ടയ്ക്കുള്ളിലും പ്രശ്നങ്ങളുണ്ടാവുകയും ചെയ്യാം.

അണുബാധകളില്‍ നിന്ന് അകന്നുനില്ക്കുക

ഹെപ്പറ്റൈറ്റിസ് വൈറസ് കരള്‍ കാന്‍സറിനും ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഗര്‍ഭാശയഗളകാന്‍സറിനും കാരണമാകുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാതെ സൂക്ഷിച്ചാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അര്‍ബൂദം ഒഴിവാക്കാം. സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിലൂടെ പുരുഷന്മാരില്‍ നിന്നു സ്ത്രീകളിലേക്കു പകരുന്ന വൈറസാണു ഹ്യൂമന്‍ പാപ്പിലോമ വൈറസ്. അണുബാധയുണ്ടായതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണു സ്ത്രീകളില്‍ ഗര്‍ഭാശയകാന്‍സര്‍ പ്രത്യക്ഷപ്പെടുക. പുരുഷന്‍മാരില്‍ ഈ വൈറസ് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. അണുബാധകള്‍ ഉണ്ടായാല്‍ ചികിത്സകള്‍ ചെയ്ത് പൂര്‍ണമായി മാറ്റാന്‍ ശ്രദ്ധിക്കണം.

ഹോര്‍മോണ്‍ സന്തുലനം തകിടം മറിക്കരുത്

സ്ത്രീപുരുഷന്മാര്‍ ആവശ്യത്തിനും അനാവശ്യത്തിനും ഹോര്‍മോണ്‍ ചികിത്സനടത്തി താല്‍ക്കാലിക സൌഖ്യം നേടുന്നതു പതിവായിരിക്കുന്നു. ആര്‍ത്തവം മാറ്റിവയ്ക്കാന്‍ ഇടയ്ക്കിടെ ഹോര്‍മോണ്‍ ഗുളിക കഴിക്കുന്ന സ്ത്രീകളും മസ്സില്‍ പെരുപ്പിക്കാന്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്ന പുരുഷന്മാരും ഉണ്ട്. അമിതമായും അനവസരത്തിലും ഹോര്‍മോണ്‍ ഉപയോഗിക്കുന്നതുമൂലം സ്വാഭാവികമായ ഹോര്‍മോണ്‍ സന്തുലനം തകരാറിലാവുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്തനാര്‍ബുദമായും ടെസ്റ്റേസ്റ്റിറോണ്‍ ഹോര്‍മോണ്‍ പ്രോസ്റ്റേറ്റ് കാന്‍സറുമായും ബന്ധമുള്ള ഹോര്‍മോണുകളാണ്. ഹോര്‍മോണുകളെക്കുറിച്ചു വ്യക്തമായി അറിവുള്ള ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരന്നുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

പെയ്ന്റും ആസ്ബെസ്റ്റോസും

തൊഴിലിടങ്ങളിലെ അപകടകാരികളായ രാസവസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഗ്യാസോലിന്‍, ബെറിലിയം, വിനൈല്‍ ക്ളോറൈഡ്, നിക്കല്‍ ക്രോമേറ്റ് , ആഴ്സനിക്, ആസ്ബെസ്റ്റോസ് തുടങ്ങിയവയൊക്കെ അര്‍ബുദകാരികളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. തൊഴിലിടങ്ങളില്‍ ഈ വസ്തുക്കളില്‍ നിന്നു സുരക്ഷ ലഭിക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ എടുക്കണം. സ്പ്രേ പെയ്ന്റിങ് ഉള്‍പ്പെടെ പെയ്ന്റുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരും വേണ്ട സുരക്ഷകള്‍ സ്വീകരിച്ചു വേണം അവ ചെയ്യാന്‍

മൊബൈല്‍ ഫോണ്‍ അത്യാവശ്യത്തിനു മാത്രം

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാധ്യതകൂടുമോ എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. ചില പഠനങ്ങളില്‍ ഈ സാധ്യത ശരിയാണെന്നു സ്ഥാപിക്കുമ്പോള്‍ മറ്റു ചില പഠനങ്ങള്‍ ഇതു നിരാകരിക്കുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗം കുട്ടികളില്‍ പരമാവധി കുറയ്ക്കണം. നീണ്ടു നില്‍ക്കുന്ന കോളുകള്‍ക്ക് ഹെഡ്സൈറ്റ് അടക്കമുള്ള ഹാന്‍ഡ്സ്ഫ്രീ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് റേഡിയേഷന്‍ കുറയ്ക്കും. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ വിപുലമായ പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സംശയ്ത്തിന്റെ ആനുകൂല്യം നല്‍കി നമുക്കു സെല്‍ഫോണ്‍ ഉപയോഗത്തിന്റെ തോതു കുറയ്ക്കാം. മണിക്കൂറുകളോളം നീണ്ടുപോകുന്ന ദീര്‍ഘസംഭാഷണങ്ങള്‍ക്കായി സെല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൊച്ചുകുട്ടികളില്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കണം

റേഡിയേഷന്‍ പരിശോധന

ഒരേ സമയം രക്ഷകനും ശിക്ഷകനുമാണ് റേഡിയേഷന്‍ അഥവാ അണുവികിരണം. കാന്‍സറിനു കാരണമായ റേഡിയേഷന്‍ തന്നെയാണു കാന്‍സര്‍ ചികിത്സിക്കാനും ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സി. ടി. സ്കാന്‍ ഉള്‍പ്പെടെയുള്ള റേഡിയേഷന്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. സി.ടി. സ്കാന്‍, എക്സ്റേ എന്നിവ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുക. എനിക്കൊരു തലവേദനയുണ്ട് ഡോക്ടറേ ഒരു സി ടി സ്കാന്‍ ചെയ്യണം എന്ന മട്ടിലുള്ള അഭ്യര്‍ഥനകള്‍ വേണ്ട. അധികമായാല്‍ അമൃതൃം വിഷം എന്ന തത്വം ഇവിടെ ഒാര്‍ക്കേണ്ടതാണ്.

മാമോഗ്രാം

ഇടയ്ക്കിടെ 40 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ രണ്ടു വര്‍ഷത്തിലൊരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഇടവേളകളിലോ മാമോഗ്രാം ചെയ്യണം. സ്തനങ്ങളില്‍ കണ്ണുകൊണ്ടു കാണാനോ,സ്പര്‍ശിച്ചറിയാനോ സാധ്യമല്ലാത്ത അതിസൂക്ഷ്മമായ മുഴകള്‍ നേരത്തേ കണ്ടെത്താന്‍ മാമോഗ്രാം സഹായിക്കും.

പാപ്സ്മിയര്‍

മുപ്പതു വയസ്സുകഴിഞ്ഞ പ്രസവിച്ച സ്ത്രീകള്‍ രണ്ടുവര്‍ഷത്തിലൊരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയത്തോ പാപ്സ്മിയര്‍ പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗള കാന്‍സര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കണ്ടുപിടിക്കാന്‍ ഈ ലളിതമായ പരിശോധന സഹായിക്കും. നേരത്തേയറിഞ്ഞാല്‍ ഈ അര്‍ബുദത്തെ സുരക്ഷിതമായി അതിജീവിക്കാം

പുരുഷന്മാര്‍ക്കു പി. എസ്. എ

മൂത്രതടസം, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിന്റെ ഭാഗമായ മറ്റുബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവപ്പെടുന്ന പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പി. എസ്. എ ടെസ്റ്റ് ചെയ്യണം. പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തേ തന്നെ കണ്ടുപിടിക്കാന്‍ ഈ പരിശോധന സഹായിക്കും

വാക്സിനേഷന്‍

ഗര്‍ഭാശയഗള കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന പ്രതിരോധ കുത്തിവെയ്പ് സാധ്യമാണ്. ഈ കാന്‍സറിനു കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനുള്ളതാണ് ഈ വാക്സിന്‍. അതിലൂടെ കാന്‍സറിനേയും പ്രതിരോധിക്കാം. പക്ഷേ ഈ വൈറസ് ബാധ ഉണ്ടായിക്കഴിഞ്ഞാല്‍ വാക്സിന്‍ കൊണ്ട് പ്രയോജനമില്ല. ഒമ്പതിനും 26നും ഇടയിലുള്ള സ്ത്രീകളിലാണ് ഇതുപയോഗിക്കുന്നത്. മൂന്നു മാത്രകളായി നല്‍കുന്ന ഇതിന്റെ പ്രതിരോധശേഷി നാലുവര്‍ഷത്തോളമാണ് കാന്‍സര്‍ ചികിത്സാരംഗത്ത് പല വാക്സിനുകളും നിലനില്‍ക്കുന്നുണ്ടെങ്കിലും അവയൊക്കെ തന്നെ കാന്‍സര്‍ രോഗികള്‍ക്ക് രോഗവ്യാപനം തടയുന്നതിനും മറ്റുമായി നല്‍കുന്നവയാണ്.

ഡോ. ജയകൃഷ്ണന്‍

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate