ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും അവഗണിക്കപ്പെടുന്നുവെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. നിസ്സാരമായ അസ്വാസ്ഥ്യങ്ങള്‍ക്കുപോലും പുരുഷന്മാര് വൈദ്യസഹായം തേടിയെത്തുമ്പോള്‍ മാരകമായ അസുഖങ്ങള്‍ക്ക് അടിമപ്പെട്ട സ്ത്രീകള്‍ പലരും വേണ്ട ചികിത്സ തക്കസമയത്ത് ലഭിക്കാതെ മൃതിയുടെ കരാളഹസ്തത്തില്‍ അമര്‍ന്നുപോകുന്നു. ഹൃദ്രോഗം പുരുഷന്മാരെ മാത്രം വേട്ടയാടുന്ന രോഗാതുരയാണെന്നും അത് സ്ത്രീകളെ സാധാരണ ബാധിക്കാറില്ലെന്നുമുള്ള മിഥ്യാധാരണയ്ക്കു വിരാമമിട്ടത്, 1999ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് പ്രസിദ്ധീകരിച്ച മാര്‍ഗരേഖകള്‍ പ്രകാശിതമായപ്പോഴാണ്.
സ്ത്രീകളെ അകാലമരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന വില്ലന്‍ സ്തനാര്‍ബുദമല്ല, ഹൃദ്രോഗമാണെന്നും, അതിനെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക നടപടി കാലേക്കൂട്ടി ആരംഭിക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശം ഉണ്ടായി. ഇതോടെ ഹൃദ്രോഗത്തിന്റെ തിക്തഫലങ്ങളെപ്പറ്റിയുള്ള സ്ത്രീകളുടെ അവബോധം 1999ലെ 30 ശതമാനത്തില്‍നിന്ന് 2009ല്‍ 54 ശതമാനമായി. തല്‍ഫലമായി സ്ത്രീകളിലെ ഹൃദ്രോഗാനന്തര മരണനിരക്ക് 1980നെ അപേക്ഷിച്ച് 2007 ആയപ്പോള്‍ മൂന്നിലൊന്നായി. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്ത് പ്രതിവര്‍ഷം 9.1 ദശലക്ഷം സ്ത്രീകള്‍ ഹൃദയധമനീരോഗങ്ങള്‍മൂലം മരണപ്പെടുന്നു. ഇത് അര്‍ബുദം, ക്ഷയരോഗം, എയ്ഡ്സ്, മലേറിയ എന്നീ മഹാമാരികള്‍മൂലം ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലാണെന്നോര്‍ക്കണം. ലോകത്താകമാനമുള്ള 35 ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരമാണ് മൃത്യുവിനിരയാകുന്നത്.
സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലെ സ്ത്രീകളിലാണ് പുരുഷന്മാരെപ്പോലെ ഹൃദയധമനീരോഗങ്ങള്‍മൂലമുള്ള മരണസാധ്യത കൂടുതലായി കാണുന്നത്. ഇത് ഗര്‍ഭാനന്തര രോഗങ്ങള്‍മൂലമുള്ള മരണസംഖ്യയെക്കാള്‍ വളരെ കൂടുതലാണുതാനും. 1990ലെ കണക്കുമായി താരമ്യപ്പെടുത്തുമ്പോള്‍ 2020 ആകുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി ഉയരുമെന്ന് പ്രവചിക്കുന്നു. ഏതൊക്കെ വംശത്തിലോ വര്‍ഗത്തിലോ ഗോത്രത്തിലോ സംസ്കാരത്തിലോ പെട്ടവരുമായി താരതമ്യപ്പെടുത്തിയാലും ഹൃദ്രോഗാനന്തര മരണം പുരുഷന്മാരെക്കാള് സ്ത്രീകളില്‍ത്തന്നെയാണ് കൂടുതല്‍.
ഹാര്‍ട്ട് അറ്റാക്കിനുശേഷം പെട്ടെന്നുണ്ടാകുന്ന മരണസംഖ്യ നോക്കിയാല്‍ സ്ത്രീകള്‍ (52%) പുരുഷന്മാരെക്കാള് (42%) മുന്‍നിരയില്‍ത്തന്നെ. അറ്റാക്കിനുശേഷം മൂന്നില്‍ രണ്ടു സ്ത്രീയും ഇതിന്റെ സങ്കീര്‍ണതകള്‍ അനുഭവിച്ച് ജീവിതം നയിക്കുന്നു. ഋതുവിരാമത്തിനുമുമ്പ് സുലഭമായുള്ള സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രോജന്റെയും മറ്റും പരിരക്ഷകൊണ്ട് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള് സാധാരണ 10 വര്‍ഷം കഴിഞ്ഞാണ് ഹൃദ്രോഗം ഉണ്ടാകുന്നത് എന്നതും, ഹൃദ്രോഗകാരണങ്ങള്‍ തേടിയുള്ള ബൃഹത്തായ പല ഗവേഷണങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കിയില്ല എന്നതും സ്ത്രീകളിലെ ഹൃദ്രോഗ തീവ്രതയെ തെറ്റായി വ്യാഖ്യാനിക്കാന്‍ അവസരം നല്കി. സ്ത്രീകളിലെ ഹൃദ്രോഗതീവ്രത അളക്കുന്നതിന് പ്രധാന മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടിരുന്നത്. "ഫ്രാമിങ്ങാം റിസ്ക് സ്കോറും" "റെയ്നോള്‍ഡ്സ് റിസ്ക് സ്കോറു"മാണ്. ഫ്രാമിങ്ങാം റിസ്ക് സ്കോര്‍ 20 ശതമാനത്തില്‍ അധികരിച്ചാല്‍ ഹൃദ്രോഗസാധ്യത അപായനിലയിലെത്തുന്നു.
25,000 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ "വിമന്‍സ് ഹെല്‍ത്ത് സ്റ്റഡി"യില്നിന്ന് രൂപംകൊണ്ട "റെയ്നോള്‍ഡ്സ് റിസ്ക് സ്കോര്‍" ഹൃദ്രോഗതീവ്രത അനാവരണം ചെയ്യുന്ന കാര്യത്തില്‍ "ഫ്രാമിങ്ങാം റിസ്ക് സ്കോറി"നെക്കാള്‍ മെച്ചപ്പെട്ടതാണ്. ഹൃദ്രോഗതീവ്രതയുടെ സൂചകങ്ങളായ "എച്ച്എസ്സിആര്‍പി" , പാരമ്പര്യം ഇവ ഉള്‍പ്പെടുത്തിയുള്ള "റെയ്നോള്‍ഡ്സ് റിസ്ക് സ്കോര്‍" കൂടുതല്‍ സൂക്ഷ്മതയോടെ ഹൃദ്രോഗസാധ്യത കണ്ടുപിടിക്കുന്നു. സ്ത്രീലിംഗത്തിന്റെ സവിശേഷതകള്‍ക്ക് പ്രത്യേക പരിഗണന നല്കി ഡി അഗസ്റ്റിനോ മുന്നോട്ടുവച്ച തത്വസംഹിതകളും ഇത്തരുണത്തില്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. പ്രായം, കൊളസ്ട്രോള്‍, സാന്ദ്രതകൂടിയ എച്ച്ഡിഎല്‍, ഡിസ്റ്റോളിക് പ്രഷര്‍, പുകവലി, പ്രമേഹം ഈ ഘടകങ്ങള്‍ക്കും പ്രധാന്യം നല്‍കിയാണ് ഡി അഗസ്റ്റിനോ തന്റെ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തിയതും
. അധികരിച്ച പൊതുവായ കൊളസ്ട്രോളും സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ കൊളസ്ട്രോളും താരതമ്യേന പ്രായംകുറഞ്ഞ സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പ്രായഭേദമെന്യേ സ്ത്രീകളെ രോഗാതുരമാക്കുന്ന പ്രതിഭാസങ്ങളാണ് കുറഞ്ഞ എച്ച്ഡിഎല്‍ഉം കൂടിയ ട്രൈപ്ലിസ്റ്റൈഡുകളും. ഈ അറിവൊക്കെ ഉണ്ടായിട്ടും പുരുഷന്മാരിലാണ് കൂടുതല്‍ പ്രാധാന്യം കൊടുത്ത് കൊളസ്ട്രോള്‍ പരിശോധനാ വിധേയമായതും ചികിത്സിക്കപ്പെട്ടതും. സ്ത്രീകളിലെ ചികിത്സാഫലങ്ങളെ വിലയിരുത്തിയ പഠനങ്ങളായ "ഹേര്‍സി"ല്‍ (HERS) 90 ശതമാനവും "വൈസി"ല്‍ (WISE)) 76 ശതമാനവും വിവിധ കൊളസ്ട്രോള്‍ ഉപഘടകങ്ങള്‍ സമുചിതമായി നിയന്ത്രണവിധേയമായില്ല.
പ്രായം,പാരമ്പര്യം, വര്‍ധിച്ച കൊളസ്ട്രോള്‍, പുകവലി, അമിതരക്തസമ്മര്‍ദം, ആര്‍ത്തവവിരാമം തുടങ്ങിയവയെല്ലാം കാലാന്തരങ്ങളില്‍ സ്ത്രീകളെ രോഗാതുരമാക്കുന്നു.
ഹൃദ്രോഗമുണ്ടാകുന്നതിന് പ്രായം ഏറ്റവും ശക്തമായ അപകടഘടകമാണെന്ന് പലതരം പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ ഹാര്‍ട്ട് അറ്റാക്ക് പുരുഷന്മാരെക്കാള് 10 വര്‍ഷം താമസിച്ചാണ് സ്ത്രീകളില്‍ ഉണ്ടാകുന്നത്. എന്നാല്‍ 60കഴിഞ്ഞ സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത വിസ്ഫോടനാത്മകമായി വര്‍ധിക്കുകയാണ്. 45നും 64നും ഇടയ്ക്ക് വയസ്സുള്ള സ്ത്രീകളില്‍ എട്ടിലൊന്ന് എന്ന കണക്കിനും, 65 കഴിഞ്ഞവര്‍ക്ക് മൂന്നിലൊന്ന് എന്ന തോതിലും ഹൃദ്രോഗം ഉണ്ടാകുന്നു. ലോകജനസംഖ്യ പ്രതിവര്‍ഷം 30 ദശലക്ഷംവച്ച് വര്‍ധിക്കുകയാണ്. 2025ല്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 73 വയസ്സാകും. ഇത് 1950ലെ കണക്കിനേക്കാള്‍ (48 വര്‍ഷം) 50 ശതമാനം കൂടുതലാണ്. ഇതുകാരണം ഇപ്പോഴുള്ള വയോധികരുടെ എണ്ണം (65നുമേല്‍) 390 ദശലക്ഷത്തില്‍നിന്ന് 2025ല്‍ 800 ദശലക്ഷമാകും. വയോധികരില്‍ മൂന്നില്‍ രണ്ടുപേരും പാവപ്പെട്ട രാജ്യങ്ങളിലാകും.
ജനിതകമായ പ്രവണത സ്ത്രീകളില്‍ ഒരു സ്വതന്ത്രമായ ആപത്ഘടകംതന്നെ. അച്ഛനോ അമ്മയ്ക്കോ അവരുടെ സഹോദരങ്ങള്‍ക്കോ ചെറുപ്പത്തിലേ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് അടിമപ്പെടാനുള്ള സാധ്യത ഏറുന്നു. സ്ത്രീകള്‍ക്ക് 65 വയസ്സിനു മുമ്പും പുരുഷന്മാര്ക്ക് 55 വയസ്സിനുമുമ്പും ഹൃദയാഘാതം ഉണ്ടായാല്‍ ഇക്കൂട്ടര്‍ക്ക് പാരമ്പര്യ പ്രവണത പ്രബലമാണ്.
പ്രത്യേകിച്ച് 65 വയസ്സിനുമേലുള്ള സത്രീകളില്‍ വര്‍ധിച്ച കൊളസ്ട്രോള്‍ ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിതന്നെ. ഫ്രാമിങ്ങാം പഠനത്തില്‍ 265 മില്ലിഗ്രാം ശതമാനത്തില്‍ കൂടുതല്‍ പൊതുവായ കൊളസ്ട്രോളുള്ള സ്ത്രീകളില്‍ 205 ഉള്ളവരെക്കാള്‍ മൂന്നുമടങ്ങ് കൂടുതലായി ഹൃദ്രോഗസാധ്യത കണ്ടു. ചുരുക്കത്തില്‍ കൊളസ്ട്രോള്‍ ഒരുശതമാനം കൂടിയപ്പോള്‍ ഹൃദയാഘാതം രണ്ടു ശതമാനം വര്‍ധിച്ചു. അമേരിക്കയിലെ 50 ശതമാനത്തിലധികം സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ 200 മില്ലിഗ്രാമില്‍ കൂടുതലുണ്ട്. 35 ശതമാനംപേര്‍ക്കും അപകടകാരിയായ ചീത്ത എല്‍ഡിഎല്‍ 130ല്‍ കൂടുതലുണ്ട്. 13 ശതമാനം പേര്‍ക്കും നല്ല എച്ച്ഡിഎല്‍ 40ല്‍ കുറവാണ്. അറുപത്തഞ്ചു കഴിഞ്ഞ സ്ത്രീകളില്‍ ട്രൈഗ്ലിസറൈഡുകളുടെ ആധിക്യവും നല്ല എച്ച്ഡിഎലിന്റെ അപര്യാപ്തതയും ഹൃദ്രോഗസാധ്യത പതിന്മടങ്ങാക്കുന്നു. 20 വയസ്സു തികഞ്ഞ സ്ത്രീകളില്‍ പൊതുവായ കൊളസ്ട്രോളും എച്ച്ഡിഎല്‍ഉം കൃത്യമായി സ്ക്രീന്‍ ചെയ്യണം.
സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യങ്ങളില്‍ പുരുഷന്മാരെക്കാള് കുറവാണ് സ്ത്രീകള്‍ പുകവലിക്കുന്നതെങ്കിലും ഈ പ്രവണത സ്ത്രീകളില്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. "പാസീവ് സ്മോക്കിങ്ങി"ന് അടിമപ്പെടുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗങ്ങളാല്‍ മരണപ്പെടാനുള്ള സാധ്യത 15 ശതമാനമാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് സ്ട്രോക്കിനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് രണ്ടുമടങ്ങാണ്. ഇക്കൂട്ടരില്‍ പ്രഷറും അനിയന്ത്രിതമാകുന്നു. 60 ശതമാനം ഹാര്‍ട്ട്അറ്റാക്കും 21 ശതമാനം ഹൃദ്രോഗാനന്തര മരണവും പുകവലിയുടെ തിക്തഫലമാണ്. 15-24 സിഗരറ്റ്വരെ വലിക്കുന്ന സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 2.4 മടങ്ങാണെങ്കില്‍, 25 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നവരില്‍ ഏഴുമടങ്ങാണ്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന പുകവലിക്കാരില്‍ ഹൃദ്രോഗവും പ്രഷറും വളരെ കൂടുന്നു.
വ്യായാമമില്ലാത്ത ജീവിതം ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിയാണ്. "നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസി"ന്റെ കണക്കുപ്രകാരം 39 ശതമാനം വെളുത്തവര്‍ഗക്കാരായ സ്ത്രീകളും 52 ശതമാനം കറുത്തവരും സ്ഥിരമായ വ്യായാമപദ്ധതികളില്‍ ഏര്‍പ്പെടുന്നില്ല. വ്യായാമം ചെയ്യാനുള്ള വൈമുഖ്യം കൂടുതലും പാവപ്പെട്ടവരില്‍ത്തന്നെ. ഊര്‍ജസ്വലമായ വ്യായാമം പ്രഷറും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കുന്നു. അസ്ഥികളുടെ അടിസ്ഥാന സാന്ദ്രത വര്‍ധിപ്പിക്കുന്നു. മാനസികാരോഗ്യം സന്തുലിതമാക്കുന്നു. ചെറുതായ വ്യായാമമുറകള്‍പോലും ശരീരത്തില്‍ അത്ഭുത പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു. "നേഴ്സസ് ഹെല്‍ത്ത് സ്റ്റഡി"യില്‍ പങ്കെടുത്ത, ആഴ്ചയില്‍ മൂന്നുപ്രാവശ്യം 30-45 മിനിറ്റ് വ്യായാമം ചെയ്തവരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 50 ശതമാനം കുറയ്ക്കാന്‍ സാധിച്ചു.
മലയാളികളുടെ ഭക്ഷണശൈലി വികലമായിക്കൊണ്ടിരിക്കുകയാണ്. എന്തും എപ്പോഴും കഴിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഭക്ഷിക്കുന്ന സംസ്ഥാന ം കേരളമാണ്. ഒരുദിവസം 5000 ടണ്‍ മാംസമാണ് മലയാളി അകത്താക്കുന്നത്. കോഴിയിറച്ചിയുടെ ഉപഭോഗത്തില്‍ അത്ഭുതകരമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 1990ല്‍ മൊത്തം മാംസ ഉപഭോഗത്തിന്റെ ആറുശതമാനം മാത്രമായിരുന്നു കോഴിയിറച്ചിയുടെ അളവ്. 2011 ആയപ്പോഴേക്കും 45 ശതമാനമായി വര്‍ധിച്ചു. "ഭക്ഷണഭ്രാന്തു"മൂലം 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍പ്പോലും കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമാകുന്നു. കേരളം കൊഴുപ്പില്‍ മുങ്ങുന്ന അവസ്ഥ വന്നിരിക്കുന്നു. കേരളത്തില്‍ത്തന്നെ കൊഴുപ്പ് അധികമുള്ള ഭക്ഷണം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ജില്ല എറണാകുളമാണ്. എറണാകുളത്ത് 60 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് കണക്കില്‍ക്കവിഞ്ഞ കൊളസ്ട്രോളുണ്ട്. ഇന്ത്യയിലെ 11 നഗരങ്ങളില്‍ നടന്ന പഠനത്തില്‍ അമിതഭാരമുള്ളവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള നഗരമായി എറണാകുളം തെരഞ്ഞെടുക്കപ്പെട്ടു. 50 വയസ്സു കഴിഞ്ഞ മലയാളിസ്ത്രീകള്‍ക്ക് (77 ശതമാനം) അപകടകാരിയായ കൊളസ്ട്രോളിന്റെ തോതും കുതിച്ചുകയറുകയാണ്.
ഋതുവിരാമംവരെ പ്രകൃതിയുടെ പ്രത്യേക സംരക്ഷണയിലുള്ള സ്ത്രീകള്‍ ആ ഘട്ടം കടക്കുന്നതോടെ ഹൃദ്രോഗത്തിന്റെ പിടിയിലമരുന്നത് കൂടുതലായും കൊഴുപ്പിന്റെ ആധിക്യംകൊണ്ടാണ്. ഇത് പ്രധാനമായും ഭക്ഷണശൈലിയിലെ അപാകംകൊണ്ടും വ്യായാമക്കുറവുമൂലവുമാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും, പ്രകൃതിയുടെ നാരുകളടങ്ങുന്ന ധാന്യങ്ങള്‍, മത്സ്യം ഇവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും കഴിക്കണം. ഭക്ഷണത്തില്‍ പൂരിത കൊഴുപ്പിന്റെ അളവ് 10 ശതമാനത്തിലും കൊളസ്ട്രോളിന്റെ തോത് 300 മില്ലിഗ്രാമിലും കുറയണം. കറിയുപ്പിന്റെ ഉപയോഗം 2-3 ഗ്രാമില്‍ അധികരിക്കരുത്.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ 42 ശതമാനം ആളുകള്‍ക്ക് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ട്. ഇവ സാമ്പത്തികമായി ഉയര്‍ന്നതും താഴ്ന്നതുമായ എല്ലാ രാജ്യങ്ങളിലും കാണുന്ന പ്രതിഭാസംതന്നെ. 2015 ആകുന്നതോടെ ലോകത്ത് 230 കോടി പേര്‍ക്ക് അമിതവണ്ണവും 700 ദശലക്ഷം പേര്‍ക്ക് ദുര്‍മേദസ്സും ഉണ്ടാകുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. 2025ല്‍ ഇന്ത്യയിലെ 24 ശതമാനം ആളുകളും അധികവണ്ണം ഉള്ളവരാകും. പൊണ്ണത്തടിയുള്ള 60 ശതമാനം പേര്‍ക്ക് പ്രമേഹവും 40 ശതമാനം പേര്‍ക്ക് രക്താതിമര്‍ദവും ഉണ്ടാകുന്നു. 60 വയസ്സു കഴിഞ്ഞ ഭൂരിഭാഗം സ്ത്രീകള്‍ക്കും കേരളത്തില്‍ അമിതവണ്ണമുണ്ട്. സ്ത്രീകളില്‍ 30 ശതമാനം അധികഭാരം ഉണ്ടാകുമ്പോള്‍ ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുള്ള മരണസാധ്യത 3.3 മടങ്ങാവുന്നു. ചെറുപ്പക്കാരിലെ ഹൃദ്രോഗസാധ്യത വിലയിരുത്തിയ വിഖ്യാതപഠനമായ "കാര്‍ഡിയ"യില്‍ പങ്കെടുത്ത 1321 സ്ത്രീകളില്‍ 16.3 ശതമാനത്തിനും കുറഞ്ഞ ബിഎംഐയും, 73.9 ശതമാനംപേര്‍ക്ക് വര്‍ധിച്ച ബിഎംഐയും കണ്ടു.
പ്രമേഹം പുരുഷന്മാരെക്കാള് രൂക്ഷമായി സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു. പ്രമേഹബാധിതരായ പുരുഷന്മാര്ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 2-3 മടങ്ങാകുമ്പോള്‍, സ്ത്രീകളില്‍ ഇത് 3-7 മടങ്ങാണ്. കൂടാതെ ഹൃദ്രോഗാനന്തര മരണത്തിന്റെ കാര്യത്തിലും സ്ത്രീകള്‍തന്നെ മുന്നില്‍. സ്ത്രീകളില്‍ ചെറിയ ധമനികളാണ് (മൈക്രോവാസ്കുലര്‍) അധികമായി രോഗാതുരമാകുന്നത്. പ്രസിദ്ധമായ "ഫ്രാമിങ്ങാം സ്റ്റഡി", "നേഴ്സസ് ഹെല്‍ത്ത് സ്റ്റഡി" തുടങ്ങിയ ഗവേഷണങ്ങളില്‍ പ്രമേഹരോഗികളായ സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നും സ്ട്രോക്കിനെത്തുടര്‍ന്നും ഉള്ള മരണസംഖ്യ ഏഴിരട്ടിയായി കണ്ടു. കഴിഞ്ഞ മൂന്നുദശകങ്ങളിലെ പഠനങ്ങളുടെ വെളിച്ചത്തില്‍ ഹൃദ്രോഗാനന്തര മരണസാധ്യത പ്രമേഹരോഗികളായ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്.
അമിതരക്തസമ്മര്‍ദം പൊതുവെ പുരുഷന്മാരെക്കാള് കൂടുതലായി സ്ത്രീകള്‍ക്കുതന്നെയാണ് ഉണ്ടാകുന്നത്. 50 വയസ്സു കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രഷര്‍ വര്‍ധിച്ച രീതിയില്‍ കണ്ടുവരുന്നു. 65 വയസ്സു കഴിഞ്ഞ 80 ശതമാനം സ്ത്രീകള്‍ക്കും വര്‍ധച്ച രക്തസമ്മര്‍ദമുണ്ട്. പ്രഷറിന് കര്‍ശനമായ ചികിത്സ നടത്തിയപ്പോള്‍ വയോധികരായ 52 ശതമാനം സ്ത്രീകളിലും സ്ട്രോക്ക് 36 ശതമാനവും ഹൃദ്രോഗം 25 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു. ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ 1990നു മുമ്പു നടന്ന പഠനങ്ങളാണ് ഹോര്‍മോണ്‍ പുനരുത്ഥാനചികിത്സ സ്ത്രീകളില്‍ 4-50 ശതമാനംവരെ ഹൃദ്രോഗം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് തെളിവുകള്‍ നിരത്തി പ്രസ്താവിച്ചത്. സ്ത്രീകള്‍ ആര്‍ത്തവവിരാമംവരെ പ്രകൃതിയുടെ പ്രത്യേക സംരക്ഷണത്തിലാണ്. ഗര്‍ഭം ധരിക്കുകയും കുട്ടികളെ വളര്‍ത്തുകയും ഒക്കെ ചെയ്യേണ്ടതുകൊണ്ട് പ്രകൃതി അവര്‍ക്കു നല്കിയ പ്രത്യേക വരദാനമാണിത്. ഋതുവിരാമത്തിനുമുമ്പ് സുലഭമായുള്ള സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രോജനും മറ്റും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിച്ച് ഹൃദ്രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നു. എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോളാണ്. എന്നാല്‍ ഋതുവിരാമം കഴിഞ്ഞ് സ്ത്രൈണഹോര്‍മോണുകളുടെ ഉല്‍പ്പാദനം നില്ക്കുമ്പോള് അവര്‍ക്ക് ഹൃദ്രോഗസാധ്യത കുത്തനെ കൂടുന്നു. ഈ കാരണത്താലാണ് ആര്‍ത്തവവിരാമം കഴിഞ്ഞ് ഹോര്‍മോണുകള്‍ കൊടുത്തുകൊണ്ട് ഗവേഷണങ്ങള്‍ നടത്തിയത്.
എന്നാല്‍ 1998നുശേഷം നടന്ന പല ബൃഹത്തായ ഗവേഷണങ്ങളും ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ നല്‍കുന്നതിനെതിരെ വിധിയെഴുതി. ഈ പഠനങ്ങളില്‍ ഉള്‍പ്പെട്ടവരില്‍ ഹൃദ്രോഗം കുറയ്ക്കുന്നതിനു പകരം വര്‍ധിക്കുകയാണ് ഉണ്ടായത്. മാത്രമല്ല, ഗവേഷണത്തിനു വിധേയരായവരില്‍ സ്തനാര്‍ബുദവും സ്ട്രോക്കും കൂടുതലായി കണ്ടു. ചിലരില്‍ ഗര്‍ഭാശയ ക്യാന്‍സറും കാണുകയുണ്ടായി. ഇക്കാരണങ്ങളാല്‍ ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ പ്രയോജനകരമല്ലെന്നു തെളിയുന്നു. സ്ത്രീകള്‍ക്ക് കൊറോണറി ധമനികളിലെ ജരിതാവസ്ഥമൂലമുള്ള ഹൃദ്രോഗം മാത്രമല്ല, മറ്റു രോഗാവസ്ഥകളും ഉണ്ടെന്നോര്‍ക്കണം. വാതപ്പനിമൂലമുള്ള വാല്‍വുകളുടെ അപചയം, ജന്മജാത ഹൃദ്രോഗം ഇവയ്ക്കെല്ലാം തക്കതായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അകാലമരണത്തിന് കാരണമാകുകതന്നെ ചെയ്യും. അതുപോലെ ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന "പെരിപ്പാര്‍ട്ടം കാര്‍ഡിയോമയോപ്പതി"യും അപകടകാരിതന്നെ.
കടപ്പാട് : ഡോ. ജോര്‍ജ് തയ്യില്‍
അവസാനം പരിഷ്കരിച്ചത് : 5/14/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍