অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വായ്‌നാറ്റം (Bad Breath) മൂലം നിങ്ങൾ അസ്വസ്ഥരാണോ?

വായ്‌നാറ്റം (Bad Breath) മൂലം നിങ്ങൾ അസ്വസ്ഥരാണോ?

എന്താണ് വായ്‌നാറ്റം?

വായിൽ നിന്ന് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള ദുർഗന്ധം വമിക്കുന്ന അവസ്ഥയാണിത്. വൈദ്യശാസ്ത്രപരമായി ഇതിനെ ഹലിറ്റോസിസ് (halitosis) എന്നു പറയുന്നു. ഫെറ്റർ ഒറിസ്, ഓറൽ മാൽഓഡർ, ഫെറ്റർ എക്സ് ഓറെ തുടങ്ങിയ പേരുകളുമുണ്ടിതിന്.

വായ്നാറ്റം മൂലമോ വായ്നാറ്റം ഉണ്ടോ എന്ന സംശയം മൂലമോ നമ്മിൽ പലരും ചില സാഹചര്യങ്ങളിൽ അസ്വസ്ഥരാവാറുണ്ട്. ഏകദേശം 50 ശതമാനം ആളുകൾ തങ്ങൾക്ക് വായ്നാറ്റം ഉണ്ടെന്നാണ് കരുതുന്നത്. തങ്ങൾക്ക് വായ്നാറ്റം ഇല്ലെങ്കിൽ കൂടി അതെ കുറിച്ച് അമിതമായ ഉത്കണ്ഠ വച്ചുപുലർത്തുന്നവരാണ് ചിലർ. എന്നാൽ, മറ്റു ചിലർക്കാവട്ടെ വായ്നാറ്റം ഉണ്ടെങ്കിലും അതേക്കുറിച്ച് അറിവുണ്ടായിരിക്കില്ല. വായ്നാറ്റത്തെക്കുറിച്ച് സ്വയം വിലയിരുത്തുന്നത് പ്രയാസമായതിനാൽ നിങ്ങൾ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ചോദിച്ചു മനസ്സിലാക്കുന്നതായിരിക്കും ഉത്തമം.

വായ്‌നാറ്റത്തിനു കാരണമെന്താണ്?

ബന്ധപ്പെട്ട 90 ശതമാനം കേസുകളിലും വായക്കുള്ളിൽ (intra-oral) തന്നെയുള്ള പ്രശ്നങ്ങളാണ് വായ്നാറ്റത്തിനു കാരണമാവുന്നത്. ബാക്കിയുള്ള കേസുകളിൽ ഇതിന് വായയുമായി ബന്ധമുണ്ടാവില്ല (extra-oral). വായിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പല്ലിലും നാവിലും ബാക്ടീരിയകളുടെ സാന്നിധ്യം സൃഷ്ടിക്കും. ബാക്ടീരിയകൾ ഭക്ഷണപദാർത്ഥങ്ങൾ വിഘടിപ്പിക്കുമ്പോൾ ദുർഗന്ധമുള്ള ചില വാതകങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രധാനമായും അതിവേഗം വാതകമായി മാറുന്നതും ദുർഗന്ധമുള്ളതുമായ സൾഫർ സംയുക്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

വായ്നാറ്റത്തിനു കാരണമാകാവുന്ന ചില ഘടകങ്ങൾ;

    ദന്തശുചിത്വം പാലിക്കാതിരിക്കൽ:

    ദിവസവും നന്നായി ബ്രഷ് ചെയ്യാതിരുന്നാലോ പല്ലുകളുടെ ഇട വൃത്തിയാക്കാതിരുന്നാലോ അല്ലെങ്കിൽ ഭക്ഷണത്തിനു ശേഷം വായ ശുചിയാക്കാതിരുന്നാലോ ഭക്ഷണാവശിഷ്ടങ്ങൾ വായിൽ തങ്ങാനിടയാവും. ദന്തശുചിത്വം പാലിക്കാതിരുന്നാൽ പല്ലുകളിൽ ബാക്ടീരിയകൾ പ്ലേഖ് (plaque) എന്ന പാട സൃഷ്ടിക്കുകയും അത് മോണയ്ക്ക് അസ്വസ്ഥത (gingivitis) സൃഷ്ടിക്കുകയും ചെയ്യും. പ്ലേഖ് പല്ലിനും മോണയ്ക്കുമിടയിലേക്ക് വളരാനുള്ള സാഹചര്യവുമുണ്ടായേക്കാം (periodontitis). നാക്കിന്റെ ഉപരിതലത്തിലും ബാക്ടീരിയകൾ വളർന്നേക്കാം. ഇത് ദുർഗന്ധത്തിനു കാരണമാവുന്നു. കൃത്രിമ പല്ലുകളാാണ് ഉപയോഗിക്കുന്നതെങ്കിലും അവ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ ബാക്ടീരിയ വളർച്ചയ്ക്കും വായ്നാറ്റത്തിനും കാരണമായേക്കാം.

    ഭക്ഷണം:

    പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണ പദാർത്ഥങ്ങൾ വായ്നാറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, ചില പച്ചക്കറികൾ, ചില കറിക്കൂട്ടുകൾ തുടങ്ങിയവയും വായ്നാറ്റത്തിനു കാരണമാവുന്നു.

    പുകവലിയും പുകയില ഉല്പന്നങ്ങളും:

    പുകവലിക്കുന്നവർ പുകയിലയുടെ ദുഷിച്ച ഗന്ധം പേറുന്നവരായിരിക്കും. പുകവലിക്കാർക്കും പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കും വായ്നാറ്റത്തിന്റെ മറ്റൊരു കാരണമായ മോണരോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

    വായിലെ അണുബാധ:

    കേടുവന്ന പല്ലുകൾ, മോണരോഗം, വായിലെ വ്രണം, പല്ലു പറിക്കുന്നതും വായിൽ നടത്തിയ ശസ്ത്രക്രിയമായും ബന്ധപ്പെട്ട് വായിലുണ്ടാകാവുന്ന മുറിവുകൾ തുടങ്ങിയവയും വായ്നാറ്റത്തിനു കാരണമായേക്കാം.

    വായ വരൾച്ച:

    വായ വരളുന്നതും വായ്നാറ്റത്തിനു കാരണമാവുന്നു. വായിൽ ഉത്പാദിപ്പിക്കുന്ന ഉമിനീർ വായ വൃത്തിയാക്കുന്നതിനൊപ്പം വായ്നാറ്റത്തിനു കാരണമായേക്കാവുന്ന പദാർത്ഥങ്ങളെയും നീക്കംചെയ്യുന്നു. എന്നാൽ, വായ വരൾച്ച (dry mouth) യുള്ളവർക്ക് ഉമിനീർ ഉത്പാദനം കുറവായതിനാൽ വായ വരളുകയും വായ്നാറ്റത്തിനു കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിലും വായ വരളാം, വായ തുറന്നു വച്ച് ഉറങ്ങുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. ഇതു കൂടാതെ, ചില മരുന്നുകളുടെ ഉപയോഗവും വായ വരൾച്ചയ്ക്കും തുടർന്ന് വായ്നാറ്റത്തിനും കാരണമായേക്കാം.

    തൊണ്ടയുടെയും മൂക്കിന്റെയും അവസ്ഥ:

    ടോൺസിൽസ് അണുബാധയുണ്ടെങ്കിൽ (tonsillitis) അതിൽ ബാക്ടീരിയയുടെ ഒരു പാളി ഉണ്ടായേക്കാം. ചിലപ്പോൾ ടോൺസിലുകളിലെ ചെറിയ കല്ലുകൾ ബാക്ടീരിയകൾ കൊണ്ട് പൊതിഞ്ഞിരിക്കും. ഇത് ദുർഗന്ധമുണ്ടാവാൻ കാരണമാവാം.

    മറ്റു പ്രശ്നങ്ങൾ:

    ചില രോഗങ്ങളും മെറ്റാബോളിസത്തിലെ ക്രമക്കേടുകളും ചില രാസവസ്തുക്കളുടെ ഉത്പാദനത്തിനും അതുവഴി ദുർഗന്ധത്തിനും കാരണമായേക്കാം. വയറ്റിലുള്ള ആഹാരം തിരികെ അന്നനാളത്തിലേക്ക് എത്തുന്ന ( gastro-oesophageal reflux disease) രോഗമുള്ളവരിൽ ഭക്ഷണം ചീയുന്നതു കാരണം വായ്നാറ്റം ഉണ്ടാകുന്നു.

 

വായ് നാറ്റത്തെ എങ്ങനെ തരംതിരിച്ചിരിക്കുന്നു?

A. ജനുവിൻ ഹലിറ്റോസിസ്

1. ശരീരശാസ്ത്രപരമായ കാരണങ്ങൾ (ഫിസിയോളജിക്കൽ):

ഇവിടെ രോഗങ്ങളല്ല പ്രശ്നം. ഭക്ഷണ പദാർത്ഥങ്ങൾ ചീയുന്നതു മൂലമാണ് ദുർഗന്ധമുണ്ടാവുന്നത്. നാക്കിനു പിന്നിൽ നിന്നായിരിക്കും ദുർഗന്ധമുണ്ടാവുന്നത്.

2. രോഗലക്ഷണശാസ്ത്രപരമായ കാരണങ്ങൾ (പതോളജിക്കൽ)

    വായയുമായി ബന്ധപ്പെട്ട കാരണങ്ങൾ:

    വായയിൽ ഉണ്ടാവുന്ന എന്തെങ്കിലും രോഗം മൂലമോ വായ വരൾച്ചയോ മോണ പഴുപ്പോ മൂലമോ.

    വായയുമായി ബന്ധമില്ലാത്ത കാരണങ്ങൾ:

    ദുർഗന്ധത്തിനു കാരണം മൂക്കിലോ തൊണ്ടയിലോ ശ്വാസനാളത്തിലോ ഉള്ള രോഗമായിരിക്കാം. ചില കേസുകളിൽ ഇത് പ്രമേഹം, കരൾ രോഗങ്ങൾ മുതലായവ കാരണം ശ്വാസകോശത്തിൽ നിന്ന് പുറത്തുവരുന്ന രാസ ഗന്ധമാവാം.

B. സ്യൂഡോ – ഹലിറ്റോസിസ്

മറ്റുള്ളവർക്ക് വായ്നാ‌റ്റം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഒരാൾ തനിക്ക് വായ്നാറ്റം ഉണ്ടെന്ന് ശക്തമായി വിശ്വസിക്കുകയും പരാതിപ്പെടുകയും ചെയ്യുന്ന അവസ്ഥ.

C. ഹലിറ്റോഫോബിയ

ഒരാൾ വായ്നാറ്റത്തിനോ സ്യൂഡോ ഹലിറ്റോസിസിനോ (വായ്നാറ്റമുണ്ടെന്ന അബദ്ധ ധാരണ) ചികിത്സ തേടിയിട്ടും തന്റെ അസുഖം മാറിയിട്ടില്ല എന്ന് കരുതുന്ന അവസ്ഥ. ഇവിടെ വായ്നാറ്റം ഉണ്ടെന്നുള്ളതിന് ഒരു തെളിവും കാണില്ല.

എങ്ങനെ വായ്നാറ്റത്തിൽ നിന്ന് രക്ഷനേടാം?

നിങ്ങൾക്ക് വായ്നാറ്റമുണ്ടെന്ന് കണ്ടെത്തിയാൽ അതിന്റെ കാരണമാവണം ആദ്യം കണ്ടെത്തേണ്ടത്. കൂടുതൽ കേസുകളിലും വായ്നാറ്റത്തിനു കാരണം വായയ്ക്കുള്ളിലുള്ള പ്രശ്നങ്ങളായതിനാൽ ഒരു ദന്തരോഗ വിദഗ്ധനെ സന്ദർശിക്കുന്നത് ഗുണകരമായിരിക്കും.

ഫിസിയോളജിക് ഹലിറ്റോസിസും (Physiologic halitosis) ഓറൽ പതോളജി ഹലിറ്റോസിസും (oral pathology halitosis) സ്യൂഡോ ഹലിറ്റോസിസും (Pseudo-halitosis) ഒരു ദന്തരോഗ വിദഗ്ധനു കൈകാര്യം ചെയ്യാവുന്നതാണ്. വായയുമായി ബന്ധമില്ലാത്ത രോഗം മൂലമുള്ള വായ്നാറ്റം (Extra-oral pathologic halitosis) ഒരു ഫിസിഷ്യനു ചികിത്സിക്കാൻ കഴിയും. എന്നാൽ, ഹലിറ്റോ ഫോബിയയുടെ (Halitophobia) ചികിത്സക്ക് ഒരു മനോരോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.

    നാവ് വൃത്തിയാക്കൽ:

    ഫിസിയോളജിക്കൽ ഹലിറ്റോസിസിനു പ്രധാന കാരണം നാവിന്റെ പിൻ ഭാഗമാണ്. ഇവിടെ അഴുക്ക് അടിയുന്നതു കാരണമാവാം വായ്നാറ്റമുണ്ടാവുന്നത്. ഈ കേസുകളിൽ നാവ് വൃത്തിയാക്കുന്നതാണ് ഫലപ്രദം. ചെറിയ ടംഗ് ബ്രഷുകൊണ്ടോ കുട്ടികളുടെ ടൂത്ത് ബ്രഷുകൊണ്ടോ മൃദുവായി വൃത്തിയാക്കാനാണ് ശുപാർശചെയ്യുന്നത്. മുതിർന്നവരുടെ ടൂത്ത് ബ്രഷും ടംഗ് ക്ലീനറും നാവ് വൃത്തിയാക്കാൻ ഉപയോഗിക്കാം. എന്നാൽ മൃദുവായി വേണമെന്ന് മാത്രം. നാവിന്റെ ഉപരിതലത്തിന് കേടുവരുമെന്നതിനാൽ അമർത്തി ഉരയ്ക്കരുത്.

    ദന്തസംരക്ഷണപരമായ മാർഗങ്ങൾ:

    വായുടെ പ്രശ്നമാണ് വായ്നാറ്റത്തിനു കാരണമെങ്കിൽ ദന്തരോഗ വിദഗ്ധനെ സന്ദർശിച്ച് ചികിത്സ തേടേണ്ടതാണ്. നിങ്ങളുടെ ദന്തരോഗ വിദഗ്ധൻ ഇനി പറയുന്ന കാര്യങ്ങൾ ശുപാർശ ചെയ്തേക്കാം;

    പല്ലിനുള്ള ചികിത്സ:

    പ്ലേഖ് നീക്കംചെയ്യാൻ നിങ്ങളുടെ ഡോക്ടർ പല്ല് ക്ലീൻ ചെയ്തേക്കാം. കേടുവന്ന പല്ലുകൾ മാറ്റിവയ്ക്കാൻ ഉപദേശിച്ചേക്കാം. മോണരോഗമുണ്ടെങ്കിൽ അതിനായി മോണരോഗ വിദഗ്ധനെ സന്ദർശിക്കാനുള്ള ശുപാർശയും നൽകിയേക്കാം
    മൗത്ത് വാഷുകളും ടൂത്ത്പേസ്റ്റും:

    പല്ലിൽ ബാക്ടീരിയ വളരുന്നതു കാരണമാണ് വായ്നാറ്റം ഉണ്ടാകുന്നതെന്ന് കണ്ടെത്തിയാൽ ആന്റിമൈക്രൊബിയൽ (സിങ്ക്, ക്ലോറെക്സിഡൈൻ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള) മൗത്ത് വാഷുകളോ ടൂത്ത് പേസ്റ്റുകളോ ശുപാർശ ചെയ്തേക്കാം.

വായ്നാറ്റം എങ്ങിനെ തടയാം

വായ്നാറ്റം തടയാൻ നിരവധി മാർഗങ്ങളുണ്ട്;

    ദിവസം രണ്ടു തവണ ബ്രഷ് ചെയ്യുക:

    ആഹാരാവശിഷ്ടങ്ങളും പ്ലേഖും നിക്കംചെയ്യാൻ ദിവസവും രണ്ട് തവണ ബ്രഷ് ചെയ്യണം. രാത്രി കിടക്കുന്നതിനു മുമ്പ് ബ്രഷ് ചെയ്യുന്നത് പ്രധാനമാണ്. കാരണം ഇത് പല്ലിൽ നിന്നും ആഹാരാവശിഷ്ടങ്ങൾ നീക്കംചെയ്യുകയും രാത്രിയിലെ ബാക്ടീരിയ വളർച്ച കുറയ്ക്കുകയും ചെയ്യുന്നു.

    നാവ് വൃത്തിയാക്കുക:

    ടൂത്ത് ബ്രഷിനൊപ്പമുള്ള ടംഗ് സ്ക്രാപറോ ടംഗ് ക്ലീനറോ ഉപയോഗിച്ച് നാവ് മൃദുവായി ഉരച്ച് വൃത്തിയാക്കുക. നാവിൽ കട്ടിയുള്ള പാടയുണ്ടെങ്കിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്.

    ഭക്ഷണത്തിനു ശേഷം വായ വൃത്തിയായി കഴുകുക.

    പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഒഴിവക്കാൻ ഇതു സഹായിക്കും.

    പല്ലിട വൃത്തിയാക്കുക:

    പല്ലിട വൃത്തിയാക്കുന്നത് ഭക്ഷണാവശിഷ്ടങ്ങളും പ്ലേഖും നീക്കംചെയ്യാൻ സഹായിക്കും. ദിവസവും പല്ലിട വൃത്തിയാക്കിയില്ലെങ്കിൽ വായ്നാറ്റമുണ്ടാവാനുള്ള സാധ്യത കൂടും.

    വായ നനവുള്ളതായി സൂക്ഷിക്കുക:

    വായ വരളാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. മധുരമില്ലാത്ത ച്യൂയിംഗവും മറ്റും ചവയ്ക്കുന്നത് വായ നനവുള്ളതായി സൂക്ഷിക്കാൻ സഹായിക്കും.

    പുകവലിയും പുകയിലയുല്പന്നങ്ങളും ഒഴിവാക്കുക:

    പുകവലി വായ്നാറ്റത്തിനും വരണ്ട വായയ്ക്കും കാരണമാവുന്നു. പുകയിലയുല്പന്നങ്ങളുടെ ഉപയോഗവും വായ വരണ്ടതാക്കുന്നു.

    ഭക്ഷണത്തിൽ മാറ്റംവരുത്തൽ:

    വായ്നാറ്റമുണ്ടാക്കുന്നതും പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക, ഇവ ബാക്ടീരിയകൾ കൂടുതലായി വളരാൻ കാരണമാവും.

    കൃത്രിമ പല്ലുകൾ വൃത്തിയാക്കുക:

    നിങ്ങൾ കൃത്രിമ പല്ല് ഉപയോഗിക്കുന്നുണ്ടെങ്കിൽ ദന്ത ഡോക്ടർ നിർദേശിക്കുന്ന വൃത്തിയാക്കൽ സാമഗ്രി ഉപയോഗിച്ച് അത് ദിവസവും വൃത്തിയാക്കണം.

    കൃത്യമായി ദന്തരോഗ വിദഗ്ധനെ സന്ദർശിക്കുക:

    വർഷത്തിൽ രണ്ട് തവണയെങ്കിലും ദന്തരോഗ വിദഗ്ധനെ സന്ദർശിച്ച് പരിശോധനയ്ക്ക് വിധേയരാവുന്നത് ദന്തരോഗവും വായ്നാറ്റവും അകറ്റാൻ സഹായിക്കും.

വായ്‌നാറ്റം; ശ്രദ്ധിക്കപ്പെടാത്ത കാരണങ്ങളും പരിഹാരവും (Treating Bad Breath)

ഉച്ഛ്വാസ വായുവിൽ ദുർഗന്ധം കലർന്നിരിക്കുന്ന അവസ്ഥയാണ് വായ്‌നാറ്റം. ഫെറ്റർ ഒറിസ്, ഓറൽ മാൽഓഡർ, ഫെറ്റർ എക്സ് ഓറെ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.

പല്ലുമായി ബന്ധപ്പെട്ട കാരണങ്ങളാലും മറ്റ് ചില രോഗാവസ്ഥകൾ മൂലവും വായ്‌നാറ്റം ഉണ്ടാകാം.

വായ്‌നാറ്റത്തിന്റെ കൂടുതൽ അറിയപ്പെടാത്ത കാരണങ്ങളും അത് എങ്ങനെ നിയന്ത്രിക്കാം എന്നതുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

സൾഫർ സംയുക്തങ്ങളായ ഡൈമീഥൈൽ സൾഫൈഡും ഹൈഡ്രജനും വായിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനുള്ള കാരണങ്ങളാണ്. ബാഷ്പീകരിച്ചുപോകുന്ന സൾഫർ സംയുക്തങ്ങളിൽ 90% ഇവയാണ്.

വായ്‌നാറ്റത്തിന്റെ കൂടുതലായി അറിയപ്പെടാത്ത കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

    പോസ്റ്റീരിയർ ടംഗ് ഫ്ളോറ:

    ദിവസവും പല്ല് ശരിയായ രീതിയിൽ വൃത്തിയാക്കുന്നവരും വായ്‌നാറ്റം മൂലം ബുദ്ധിമുട്ടുന്നെങ്കിൽ അതിനു കാരണം നാവിന്റെ പിൻഭാഗമായിരിക്കും. നാവിന്റെ പിൻഭാഗം ഒരു പ്ളാസ്റ്റിക് സ്പൂൺ ഉപയോഗിച്ച് ചുരണ്ടി നോക്കിയാൽ ഒട്ടിപ്പിടിക്കുന്ന രീതിയിലുള്ള ദുർഗന്ധമുള്ള ഒരു ആവരണം ഇളകി വന്നേക്കാം. ചില അവസരങ്ങളിൽ ഇതിന് മഞ്ഞ നിറമായിരിക്കും. മിക്കവാറും മൂക്കിനു മുകൾ ഭാഗത്തു നിന്ന് സ്ഥിരമായുള്ള ഒലിപ്പുണ്ടാകുന്നതായിരിക്കും ഇതിനു കാരണം. തുടക്കത്തിൽ ഇതിന് ദുർഗന്ധമുണ്ടായിരിക്കില്ല എന്നാൽ സൂക്ഷ്മാണുക്കൾ ധാരാളമായി ചീഞ്ഞളിയാൻ തുടങ്ങുന്നതോടെ ദുർഗന്ധം വമിച്ചു തുടങ്ങും.

    വയറ് : ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് (ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന അമ്ലം തെറ്റായ ദിശയിൽ അന്നനാളത്തിൽ എത്തുന്ന അവസ്ഥ) പോലെയുള്ള വയറിനെ ബാധിക്കുന്ന രോഗങ്ങൾ ഉദര രസങ്ങളുടെ ദുർഗന്ധം വമിപ്പിക്കാൻ കാരണമായേക്കാം.

 

വായയുടെ ദുർഗന്ധം നിയന്ത്രിക്കാനുള്ള ചില മാർഗങ്ങൾ

ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ചവയ്ക്കുന്നതിലൂടെ താൽക്കാലികമായി വായ്‌നാറ്റത്തെ നിയന്ത്രിക്കാൻ സാധിക്കും;

    ഏലയ്ക്ക

    ശതകുപ്പ

    പെരും‌ജീരകം

    ഗ്രാമ്പൂ

    കറുവാപ്പട്ട

    പാർസ്ളി ഇല

    പാൽ:

    ഒരു സ്പൈസി ആഹാരത്തിനു ശേഷം വായിൽ നിന്ന് വെള്ളുള്ളിയുടെ ഗന്ധം ഇല്ലാതാക്കണമെങ്കിൽ ഒരു ഗ്ളാസ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള മറ്റ് ഉൽപ്പന്നങ്ങളും വെള്ളവും കുടിച്ചാൽ മതിയാകും. വെള്ളുത്തുള്ളി കഴിക്കുന്നതിനു മുമ്പ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള ഉത്പന്നങ്ങളും വെള്ളവും കുടിക്കുന്നത് അതിന്റെ ഗന്ധം ഇല്ലാതാക്കാൻ കൂടുതൽ ഫലപ്രദമായ വഴിയാണെന്ന് ഒരു പഠനത്തിൽ പറയുന്നുണ്ട്.

    ചുംബിക്കൽ:

    സൂക്ഷ്മാണുക്കളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി വായ്നാറ്റം ഇല്ലാതാക്കാനുള്ള മറ്റൊരു വഴിയാണ് നിങ്ങൾ പങ്കാളിയുമായി ചുംബനത്തിൽ ഏർപ്പെട്ട് നല്ല ബാക്ടീരിയകളെ വായിലെത്തിക്കുന്നത് എന്ന് ഡോ. സീമന്തിനി ദേശായി (എം ഡി) അഭിപ്രായപ്പെടുന്നു. 10 സെക്കൻഡ് നീളുന്ന ഒരു ചുംബനത്തിലൂടെ ഏകദേശം 80 ദശലക്ഷം ബാക്ടീരിയകൾ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് നെതർലഡിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കടപ്പാട്-http:www.modasta.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate