অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പതിവായി ശീലിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍

പതിവായി ശീലിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍

ആമുഖം

'ശരീരം നിര്‍മിക്കപ്പെടുന്നത് ആഹാരത്തില്‍നിന്നാണ്. രോഗങ്ങളുണ്ടാകുന്നതും ആഹാരത്തില്‍നിന്നുതന്നെ'. ചരകസംഹിതയിലെ പ്രസക്തമായൊരു ശ്ളോകത്തിന്റെ അര്‍ഥമാണിത്.  ദഹനേന്ദ്രിയ വ്യവസ്ഥ (ജഠരാഗ്നി) മലിനീകരിക്കുന്നതും മന്ദീഭവിക്കുന്നതുമായതരത്തിലുള്ള ആഹാര–പാനീയങ്ങള്‍ ഒരു വ്യക്തി ഉപയോഗിച്ചുകൂടാ എന്നും നിര്‍ദേശിച്ചിരിക്കുന്നു.

അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ തേരുപോലെ, നഗരം പോലെ, ദീപം പോലെ ശരീരത്തെ സൂക്ഷിക്കണമെന്നും ഹിതമായ ആഹാര–വിഹാരങ്ങള്‍ ശീലിക്കുന്നത് ശരീരസംരക്ഷണകാര്യത്തില്‍ സുപ്രധാനമാണെന്നും അങ്ങനെയല്ലാതെയുള്ളവരെ അകാലത്തില്‍ മരണവും എല്ലാക്കാലത്തും രോഗങ്ങളും ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. തേരാളി തേരിന്റെ ചക്രങ്ങളില്‍ എണ്ണയിട്ടും പൊടിപടലങ്ങള്‍ തുടച്ചുമാറ്റിയും സംരക്ഷിക്കുന്നതിനാല്‍ തേര് ദീര്‍ഘനാള്‍ ഉരുളുവാന്‍പ്രാപ്തമായിരിക്കും. ഒരു നഗരം സൂക്ഷിക്കുന്നത് നഗരാധിപനാണ്. (ഇക്കാലത്ത് മേയര്‍ അഥവാ പുരാധിപന്‍) നഗരത്തിന്റെ മുക്കും മൂലയും വൃത്തിയാക്കണം, പാതകള്‍ സഞ്ചാരയോഗ്യമാക്കണം, നഗരവാസികള്‍ക്ക് സമാധാനമായും സ്വസ്ഥമായും കഴിയണം. വൃത്തിയുള്ള എണ്ണ ഒഴിച്ചു തിരിയിട്ട് കത്തിച്ച ദീപം പ്രാണികളുടെയും കാറ്റിന്റെയും ഉപദ്രവമില്ലാതിരുന്നാല്‍ അതിലുള്ള എണ്ണ വറ്റുംവരെ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെ വിവിധ ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട് ആഹാരത്തെക്കുറിച്ച് സുദീര്‍ഘമായ വിവരണങ്ങളാണ് ആയുര്‍വേദഗ്രന്ഥങ്ങളിലുള്ളത്. ആഹാരം, നിദ്ര, ബ്രഹ്മചര്യം എന്നീ മൂന്നുകാര്യങ്ങളെ ശരീരത്തെ താങ്ങിനിര്‍ത്തുന്ന ഉചസ്തംഭങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

നാം സാധാരണയായി ഉപയോഗിക്കുന്ന ആഹാരദ്രവ്യങ്ങളെ ഓരോന്നായി വിശകലനം ചെയ്തുകൊണ്ടുള്ള അധ്യായങ്ങളുണ്ട്. അതില്‍ പതിവായി നാം ഉപയോഗിച്ചിരിക്കണം എന്ന് അനുശാസിക്കുന്ന ആഹാരദ്രവ്യങ്ങള്‍ താഴെപ്പറയുന്നവയാണ്. ഇവയെ 'ആദര്‍ശഭോജനം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പതിവായി ശീലിക്കുക എന്നതുകൊണ്ട് നിത്യവും ശീലിക്കുക എന്ന് അര്‍ഥമാകുന്നില്ല. പക്ഷെ ഇവ നമ്മുടെ തീന്‍മേശയിലെ വിഭവങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് സാരം. ചെന്നെല്ലരി, ഗോതമ്പ്, ബാര്‍ലി, ഞവരയരി, ജാംഗലമാംസം, നീരാരല്‍, അടപതിയന്‍ കിഴങ്ങ്, ഇരുവേലി, മുള്ളങ്കി, ചീര, കടുക്ക, നെല്ലിക്ക, മുന്തിരിങ്ങ, പടവലം, ചെറുപയര്‍, പഞ്ചസാര, നെയ്യ്, മഴവെള്ളം, പാല്‍, തേന്‍, മാതളപ്പഴം, ഇന്തുപ്പ് എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയൊക്കെയേ ആകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്നില്ല. ആരോഗ്യത്തെ നിലനിര്‍ത്തുവാന്‍ പര്യാപ്തമായതേതും ഉള്‍പ്പെടുത്താമെന്നും അഥവാ ഏതെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അവയെ ശമിപ്പിക്കുവാന്‍ സഹായിക്കുന്നതേതൊക്കെയുണ്ടോ അതും ആഹാരത്തില്‍ ഉള്‍പ്പെടുത്തിക്കൊള്ളൂ എന്നാണ് ഉപദേശം. തന്റെ ആരോഗ്യത്തിന് അഹിതമായതേത് എന്ന് ഓരോവ്യക്തിക്കും കൃത്യമായി അറിയാമല്ലോ. പക്ഷെ രുചി അന്വേഷിച്ചുപോകുമ്പോള്‍ ഈ തെരഞ്ഞെടുപ്പ് ഒക്കെ അപ്രസക്തമാവുന്നു എന്നതാണ് വാസ്തവം. ഫാസ്റ്റ്ഫുഡ്, ടിന്‍ഫുഡ്, അജിനോമോട്ടോ പോലെ ആരോഗ്യത്തിന് ഹാനികരമായവ ചേര്‍ത്തുള്ളവയൊക്കെ ആഹാരമാക്കുന്നവര്‍ യഥാര്‍ഥത്തില്‍ അവരവരുടെ രസനയുടെ (നാവ്) തൃപിത്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ആയുര്‍വേദം പറയുന്നത് ജിതേന്ദ്രിയനായിരിക്കുക എന്നാണ്. അതായത് ഇന്ദ്രിയങ്ങളുടെ സുഖകാംക്ഷയെ തൃപ്തിപ്പെടുത്തുവാന്‍ തുനിയാതെ ആരോഗ്യത്തിന് പറ്റിയതേതെന്ന് മനസ്സിലാക്കി അവയില്‍ രുചികണ്ടെത്തുക എന്നര്‍ഥം. ഏത് ആഹാരദ്രവ്യത്തെയും (ഉദാ: കയ്പ് രസമുള്ള പാവയ്ക്ക) പാചകത്തിലൂടെ സ്വാദ്യകരമാക്കാനാവും.

ഫ്രീറാഡിക്കുകളെ ചെറുക്കാന്‍ ആന്റിഓക്സിഡന്റുകള്‍ തിരയുന്ന ശാസ്ത്രലോകത്തിനുമുമ്പില്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ആദര്‍ശ ഭോജനദ്രവ്യങ്ങള്‍ യുക്തമായ മറുപടിയായിരിക്കും.


എന്താണ് ഫ്രീറാഡിക്കല്‍?

സ്വതന്ത്രറാഡിക്കല്‍ രസതന്ത്രം radical chemistry ആധുനിക ശാസ്ത്രരംഗം സജീവമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓക്സിജന്‍ പ്രാണവായുവാണ്. അതേ ഓക്സിജന്‍ ഒരു പിടി രോഗങ്ങള്‍ക്ക് കാരണമാകുന്നതിന്റെ വൈചിത്യ്രം ഫ്രീറാഡിക്കല്‍ സിദ്ധാന്തത്തിലൂടെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യനാശകകാര്യത്തില്‍ ഫ്രീറാഡിക്കല്‍ ആയിട്ടുവരുന്നത് നേസന്റ് ഓക്സിജനും തുടര്‍ന്ന് ഒറ്റയായുള്ള ഇലക്ട്രോണുകളോടുകൂടിയ ഓക്സിജന്‍ ആറ്റവുമാണ്. ജോഡിയായി നില്‍ക്കാന്‍ ഇലക്ട്രോണ്‍ ലഭിക്കുന്നതുവരെ ഫ്രീറാഡിക്കല്‍ ശരീരത്തില്‍ ദ്രുതസഞ്ചാരം നടത്തുന്നു. ഈ സഞ്ചാരം ശരീരത്തിലെ മൃദുവും കഠിനവുമായ ഭാഗങ്ങളെ തകര്‍ക്കുന്ന രീതിയില്‍ ശക്തിമത്തായിരിക്കും. (നേസന്റ് ഓക്സിജന്‍ എന്നാല്‍ പ്രാരംഭഘട്ട ഓക്സിജന്‍.) നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ ശരീരാന്തര്‍ഗതമായ പരിണാമഫലമായി 1–4%  ഫ്രീറാഡിക്കല്‍ ശരീരത്തിനുള്ളില്‍ ആവിര്‍ഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് അതിലും വര്‍ധിച്ച് ഉണ്ടായി വരുന്നത് ശരീരത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ദഹന പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന ഒരു സമാന്തര ഉല്‍പ്പന്നം എന്നതിലുപരി രോഗാണുക്കളെയോ, ശരീരത്തിനുള്ളില്‍ കടക്കുന്ന സൂക്ഷ്മപദാര്‍ഥങ്ങളെയോ വിഴുങ്ങുന്ന (Phagocytosis) ശരീരത്തിന്റെ കോശ സംവിധാനപ്രവര്‍ത്തനത്തിന്റെ ഫലമായും ഫ്രീറാഡിക്കലുണ്ടായിക്കൊണ്ടിരിക്കുന്നു. ഇതുകൂടാതെ ടിഷ്യുകളിലും ശരീരാന്തര്‍ഗത ദ്രവങ്ങളിലുമുള്ള  zanthine oxidase (C5H4N4O2), Aldehyde Oxidase (CHO)എന്നിങ്ങനെയുള്ള ചില എന്‍സൈമുകള്‍) ചില എന്‍സൈമുകള്‍ ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ നഷ്ടപ്പെടുന്നവിധത്തില്‍ സൂപ്പര്‍ ഓക്സൈഡുകള്‍ ഉണ്ടാക്കുന്നതുവഴിയും സ്വതന്ത്രറാഡിക്കലുകള്‍ ജന്മംകൊള്ളുന്നുണ്ട്. പുകവലി, മാനസികപിരിമുറുക്കം, കൊഴുപ്പ് അധികരിച്ച ഭക്ഷണം, കീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍, ഫാസ്റ്റ് ഫുഡ്, മലിനമായ ഭക്ഷണവും വെള്ളവും, മദ്യം, മയക്കുമരുന്ന് എന്നിവയൊക്കെ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. ഈ ഒരു സ്ഥിതിയിലാണ് 1–4%ത്തില്‍ നിന്നും അധിക അളവില്‍ സ്വതന്ത്ര റാഡിക്കലുകള്‍ ശരീരത്തില്‍ രൂപംകൊള്ളുന്നത്.

ക്യാന്‍സര്‍, ഹൃദയധമനീ രോഗങ്ങള്‍, പ്രമേഹം, വന്ധ്യത, വൃക്കരോഗങ്ങള്‍, തിമിരം, അകാലവാര്‍ധക്യം, കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ വൈറല്‍ രോഗബാധയ്ക്കാധാരമായ രോഗപ്രതിരോധ ശേഷിക്കുറവ് എന്നിങ്ങനെ നൂറില്‍പ്പരം രോഗങ്ങള്‍ ഫ്രീറാഡിക്കല്‍ മുഖാന്തിരം സംഭവിക്കുന്നതാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏറെ ക്ഷതങ്ങള്‍ക്ക് വിധേയമാകുന്നതു തലച്ചോറാണ്. അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇതുകാരണമാകുന്നുണ്ട്. നേസന്റ് ഓക്സിജന്‍ ഹൈഡ്രജനുമായി ചേര്‍ന്നുണ്ടാകുന്ന റിയാക്റ്റീവ് ഓക്സിജന്‍ സ്പീഷീസ് മൂലം കോശങ്ങളില്‍വിഷരൂപം toxicwaste ഉടലെടുക്കുന്നതുകൊണ്ടുകൂടിയാണ് ഇത്രയധികം രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നതത്രെ. സ്വതന്ത്ര റാഡിക്കലുകള്‍ കോശഭിത്തികളെ തകര്‍ത്ത് മൈറ്റോ കോണ്‍ഡ്രിയയെ ശിഥിലമാക്കുന്നു. ഈ ശൈഥില്യംമൂലം മൈറ്റോ കോണ്‍ഡ്രിയ സ്വതന്ത്രമായിവളരുവാന്‍ ആരംഭിക്കുന്നു. ഈ വളര്‍ച്ചയാണ് ക്യാന്‍സര്‍.

നോക്കൂ, ഒരു ശ്രദ്ധയുമില്ലാതെ, തോന്നുന്നതൊക്കെ വലിച്ചു വാരിത്തിന്നുന്നവര്‍ എങ്ങനെയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുവെന്ന്. തേരുപോലെ, നഗരംപോലെ, ദീപംപോലെ ശരീരത്തെ സൂക്ഷിക്കുന്ന വിധത്തിലാവണം ആഹാരം എന്ന ആയുര്‍വേദമതം എത്ര അര്‍ഥവത്തായിരിക്കുന്നു.

സ്വതന്ത്ര റാഡിക്കലുകളെ സ്ഥിര സ്ഥിതിയിലാക്കുവാന്‍ പകരം ഇലക്ട്രോണ്‍ ശരീരത്തില്‍ രൂപപ്പെടുത്തുകമാത്രമേ പോംവഴിയുള്ളൂ. നിരോക്സീകരണകാരികള്‍ അഥവാ ആന്റി ഓക്സിഡന്റുകള്‍ ഉപയോഗിക്കുക എന്നതുവഴിയാണ് ഇത് സാധിക്കുക. സ്വതന്ത്ര റാഡിക്കലുകളെ നിര്‍മാര്‍ജനം ചെയ്ത് മൈറ്റോ കോണ്‍ഡ്രിയയെ രക്ഷപ്പെടുത്തുന്നത് എന്ന പ്രതീകാത്മകഭാവനയില്‍ ഇവയെ ഫ്രീ റാഡിക്കല്‍ സ്കാവഞ്ചേഴ്സ് എന്ന് ശാസ്ത്രലോകം വിളിപ്പേരു നല്‍കിയിട്ടുണ്ട്. ലയനസ്വഭാവം കണക്കിലെടുത്ത് ജലത്തില്‍ ലയിക്കുന്നത്, കൊഴുപ്പില്‍ ലയിക്കുന്നത് എന്നിങ്ങനെ  ആന്റി ഓക്സിഡന്റുകളെ തരം തിരിച്ചിട്ടുണ്ട്. ജലത്തില്‍ ലയിക്കുന്നവ കോശങ്ങള്‍, രക്തം, പ്ളാസ്മ എന്നിവയിലെ ഓക്സിഡന്റുകളെ ഇല്ലാതാക്കുന്നു. കൊഴുപ്പില്‍ ലയിക്കുന്നവ ഫ്രീ റാഡിക്കലുകള്‍ക്കെതിരെ കോശങ്ങളെയും കോശസ്തരങ്ങളെയും സംരക്ഷിക്കുന്നു.

താഴെപ്പറയുന്നവയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണവിശേഷമുണ്ടെന്ന് ആധുനിക രസതന്ത്രം മനസ്സിലാക്കിയിട്ടുണ്ട്.
മിനറല്‍സ്–കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ്, അയണ്‍, വിറ്റിമിന്‍സ് – എ, സി, ഇ, കെ. എലിമെന്റ്സ് – സിങ്ക്.

ഇനി നമുക്ക് ആദര്‍ശ ഭോജനത്തില്‍ പറഞ്ഞിട്ടുള്ള ദ്രവ്യങ്ങളില്‍ മേല്‍പ്പറഞ്ഞ ആന്റി ഓക്സിഡന്റ് ഗുണമടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.

ചെന്നല്ലരി – വിറ്റാമിന്‍ സി, ബി കോംപ്ളക്സ്, സ്റ്റാര്‍ച്ച്. ഗോതമ്പ് – സിങ്ക്. ഞവര അരി – വൈറ്റമിന്‍ സി, ബി കോംപ്ളക്സ്. ചീര – അയണ്‍, കാത്സ്യം, ബി കോംപ്ളക്സ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി. മുള്ളങ്കി (റാഡിഷ്) – അയണ്‍, വിറ്റാമിന്‍ സി. പടവലങ്ങ – അയണ്‍, കാത്സ്യം, വിറ്റാമിന്‍ എ, ഇ. ചെറുപയര്‍ – സിങ്ക്, സിംപിള്‍ പ്രോട്ടീന്‍സ്. കരിമ്പിന്‍ പഞ്ചസാര – ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ്. മുന്തിരിങ്ങ – കാത്സ്യം, ഫോസ്ഫറസ്, അയണ്‍. നെയ്യ് – സിങ്ക് ഉള്‍പ്പെടെയുള്ള അപൂര്‍വ എലിമെന്റ്സ്, അയണ്‍, ഫാറ്റ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ. തേന്‍ – അപൂര്‍വ എലിമെന്റ്സും മിനറലുകളും അയണ്‍, ഷുഗര്‍, (ഫാക്ടോസ്). പാല്‍ – കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി. മഴവെള്ളം – നൈട്രേറ്റ്സ്, മിനറല്‍സ്, റഡ്യൂസിങ്ങ് ഏജന്റ്സ്. ജംഗലമാംസം–അധികം തണുപ്പും ഈര്‍പ്പവുമില്ലാത്ത ദേശങ്ങളിലെ. ഈ മാംസങ്ങളില്‍ അടങ്ങിയിരിക്കുന്നത് – കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയണ്‍, മജ്ജ അല്ലെങ്കില്‍  കാത്സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി കോംപ്ളക്സ്. ചുരുക്കത്തില്‍ ആയുര്‍വേദം പ്രസ്താവിച്ചിരിക്കുന്ന ആദര്‍ശഭോജനം തികച്ചും ആന്റി ഓസ്സിഡന്റുകളാല്‍ സമൃദ്ധമാണെന്നര്‍ഥം.

ഇനി ആയുര്‍വേദം ആഹാരത്തിന് ശുപാര്‍ശ ചെയ്യുന്ന മറ്റ് ചില ഇനങ്ങളെക്കൂടി പരിശോധിക്കാം. ആഹാര പദാര്‍ഥങ്ങള്‍ വറുത്തുകഴിക്കാന്‍ ഏറ്റവും ഉത്തമം വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയില്‍ ഉള്ളടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍–വിറ്റമിന്‍ ഇ, ഉരുളക്കിഴങ്ങില്‍ കാത്സ്യം, ഫോസ്ഫറസ്, അയണ്‍, കാര്‍ബോ ഹൈഡ്രേറ്റ്സ്. മരച്ചീനിയില്‍ കാത്സ്യം, ഫോസ്ഫറസ്, അയണ്‍, കാര്‍ബോ ഹൈഡ്രേറ്റ്സ്. മുരിങ്ങയിലയില്‍ അയണ്‍, കാത്സ്യം, വിറ്റമിന്‍ എ, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ. പച്ചമുളകില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി ഇവയും സ്ഥിര ഭക്ഷണമോ ഭക്ഷണത്തിലെ ചേരുവയോ ആക്കാന്‍ ശ്രദ്ധിക്കണം. കിണര്‍ വെള്ളത്തിലും നീരുറവകളിലും, എല്ലാത്തരം കനികളിലും ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറമുള്ള പച്ചക്കറി ഇനങ്ങളും കായ്കനികളും ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്.

പാരമ്പര്യ രീതിയനുസരിച്ചുള്ള പാചകത്തിനുപകരം പുതിയ സമ്പ്രദായത്തിലെ പാചകംവഴി ഉണ്ടാക്കുന്ന ആഹാര ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്ര റാഡിക്കലുകള്‍ ഉണ്ടാക്കുന്നതായി പഠനറിപ്പോര്‍ട്ടുണ്ട്. ആത്രേയഭദ്രകാപ്യീയം എന്ന അധ്യായത്തില്‍ ആധുനിക ഫ്രീറാഡിക്കല്‍ തിയറിക്ക് സമരസപ്പെടുന്ന കണ്ടെത്തലുണ്ട്. 
അതിങ്ങനെ–

'ദേഹധാതുക്കള്‍ക്ക് വിപരീതമായി ശരീരത്തില്‍ പ്രാപിക്കുന്ന ദ്രവ്യങ്ങള്‍ ദേഹ ധാതുക്കളോട് ചേര്‍ന്ന് വിരുദ്ധഗുണത്തെ ഉണ്ടാക്കുന്നു. ചില ദ്രവ്യങ്ങള്‍ ദേഹ ധാതുക്കള്‍ക്ക് വിരുദ്ധമായ ഗുണമുള്ളതുകൊണ്ടും ചില ദ്രവ്യങ്ങള്‍ സംയോഗം കൊണ്ട് (തമ്മില്‍ ചേര്‍ക്കുന്നതുകൊണ്ട്) വിരുദ്ധമായും വേറെ ചിലത് ദേശം, കാലം മാത്ര (അളവ്) ഇവ കൊണ്ട് വിരുദ്ധമായും ചില ദ്രവ്യങ്ങള്‍ പ്രകൃത്യാതന്നെ വിരുദ്ധഗുണമുള്ളവയായതിനാലും ഇങ്ങനെ സംഭവിക്കുന്നു. (ചരകസംഹിത, ആത്രേയഭദ്രകാപ്യീയം. 81)' ഈ കാഴ്ചപ്പാടിലാണ് വിരുദ്ധാഹാരങ്ങളെക്കുറിച്ചുള്ള ആയുര്‍വേദ വിശകലനം. അവ എന്തൊക്കെയെന്ന് പിന്നാലെ വിശദമാക്കാം. വിരുദ്ധാഹാരങ്ങളെപ്പോലെ, ശീലിക്കാന്‍ പാടില്ലാത്ത മറ്റുചില ആഹാരപദാര്‍ഥങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. അവ എപ്പോള്‍, എങ്ങനെ, ഏതവസരത്തിലാണ് ശരീരത്തിന് വിരുദ്ധമായിത്തീരുന്നതെന്ന വിശദീകരണങ്ങളും കൌതുകകരമാണ്.

ഡോ. കെ ജ്യോതിലാല്‍

(തിരുവനന്തപുരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് റിട്ടയഡ് പ്രൊഫസറാണ് ലേഖകന്‍)

അവസാനം പരിഷ്കരിച്ചത് : 6/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate